തുറന്നെഴുത്തിന്റെ പുസ്തകം
കഥാകൃത്തും നോവലിസ്റ്റുമായ യു.കെ. കുമാരൻ എഴുത്തു ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടു. ആ എഴുത്തു ജീവിതത്തിന്റെ വിവിധ അടരുകളെക്കുറിച്ചും കൃതികളെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യു.കെ. കുമാരന്റെ സര്‍ഗാത്മകജീവിതം അമ്പതു വര്‍ഷം പിന്നിട്ടു. ‘വലയം’, ‘എഴുതപ്പെട്ടത്’, ‘ഒരിടത്തുമെത്താത്തവര്‍’, ‘തക്ഷന്‍കുന്ന് സ്വരൂപം’ ഉള്‍പ്പെടെയുള്ള നോവലുകളും ‘പുതിയ ഇരിപ്പിടങ്ങള്‍’,...
Your Subscription Supports Independent Journalism
View Plansകഥാകൃത്തും നോവലിസ്റ്റുമായ യു.കെ. കുമാരൻ എഴുത്തു ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടു. ആ എഴുത്തു ജീവിതത്തിന്റെ വിവിധ അടരുകളെക്കുറിച്ചും കൃതികളെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യു.കെ. കുമാരന്റെ സര്‍ഗാത്മകജീവിതം അമ്പതു വര്‍ഷം പിന്നിട്ടു. ‘വലയം’, ‘എഴുതപ്പെട്ടത്’, ‘ഒരിടത്തുമെത്താത്തവര്‍’, ‘തക്ഷന്‍കുന്ന് സ്വരൂപം’ ഉള്‍പ്പെടെയുള്ള നോവലുകളും ‘പുതിയ ഇരിപ്പിടങ്ങള്‍’, ‘അച്ഛന് ഉറങ്ങുന്നില്ല’, ‘വീട് സംസാരിക്കുന്നു’ തുടങ്ങിയ കഥാസമാഹാരങ്ങളും ‘ഓരോ വിളിയും കാത്ത്’, ‘മലര്‍ന്നു പറക്കുന്ന കാക്ക’, ‘എല്ലാം കാണുന്ന ഞാന്‍’ തുടങ്ങിയ നോവലെറ്റുകളും വ്യത്യസ്തമായ പ്രമേയസ്വീകരണങ്ങളാല് അനുവാചകരെ ആകര്‍ഷിച്ചവയാണ്. ഗ്രാമീണജീവിതത്തിന്റെ ഇഴയടുപ്പം പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ മാനസിക ജീവിതത്തിന്റെ സങ്കീര്‍ണതകളും സാമൂഹികാവസ്ഥയുടെ വിഹ്വലതകളും അവതരിപ്പിക്കുന്നുണ്ട്.
പത്രപ്രവര്‍ത്തനത്തിലും സാംസ്കാരിക ജീവിതത്തിലും യു.കെ. കുമാരന് കടന്നുപോയ വഴികള്‍ രേഖപ്പെടുത്തുന്ന രണ്ടു കൃതികളും നമുക്ക് ലഭിച്ചിട്ടുണ്ട്. 'ഇരുപത്തിമൂന്നാം വയസ്സില്‍ ജനിച്ച ഒരാള്‍', 'ഏകാകിയുടെ അക്ഷരയാത്ര' എന്നിവയാണ് അവ. യു.കെയിലെ പത്രപ്രവര്‍ത്തകന്റെ ജനനം മുതലുള്ള ജീവിതമാണ് ‘ഇരുപത്തിമൂന്നാം വയസ്സില്‍ ജനിച്ച ഒരാള്‍’ പറയുന്നത്.
ബിരുദപഠനത്തിനുശേഷം പത്രപ്രവര്‍ത്തനം പഠിക്കാന്‍ കൊച്ചിയില്‍ എത്തുന്ന യു.കെയെ സഹായിക്കുന്നത് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എ.കെ. ആന്റണിയാണ്. കോണ്‍ഗ്രസിന്റെ യുവജനനേതാവ് സി.എച്ച്. ഹരിദാസിന്റെ കത്തുമായാണ് യു.കെ. കുമാരന് ആന്റണിയെ കാണുന്നത്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തോടുള്ള മതിപ്പ് മനസ്സില്‍ ഉണ്ടാകുമ്പോള്‍തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യവും യു.കെ. കുമാരനിലെ സാമൂഹികപ്രവര്‍ത്തകനെ സ്വാധീനിക്കുന്നുണ്ട്.
എല്ലാ ഇടപെടലുകളും സത്യസന്ധമായിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് യു.കെ എന്ന ചെറുപ്പക്കാരന് മുന്നോട്ടുനീങ്ങുന്നത്. കെ.പി.സി.സി ഓഫിസില്‍ താമസത്തിനു സ്വന്തമായി മുറി ലഭിക്കുന്നതോടെ വളരെയധികം ആശ്വാസം തോന്നുന്നു. എന്നാല്‍, തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ ചില വിയോജിപ്പുകള്‍ ഉണ്ടെന്ന് ആന്റണിയോട് തുറന്നുപറയാനും യു.കെ തയാറാവുന്നു. കെ.പി.സി.സി ഓഫിസില്‍ മുറി കിട്ടിയ ഉടന്‍തന്നെ കോണ്‍ഗ്രസിനോടുള്ള തന്റെ നിലപാട് ആന്റണിയെ തിരക്കിട്ട് അറിയിക്കുകയാണ്. യു.കെ എന്ന ചെറുപ്പക്കാരന്റെ എടുത്തുചാട്ടം മനസ്സിലാക്കിയ ആന്റണി ‘‘അത് ഞാന്‍ ചോദിച്ചില്ലല്ലോ’’ എന്ന സരസമായ മറുപടിയാണ് നല്‍കുന്നത്.
സ്ഥിതിസമത്വം എന്ന ആശയത്തോടുള്ള ചായ്വാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആഭിമുഖ്യത്തിന് കാരണമായി യു.കെ കണ്ടിരുന്നത്. എന്നാല്‍, അവരുടെ അയവില്ലാത്ത ചട്ടക്കൂടും അവസരവാദപരമായ ചില നിലപാടുകളും ഏകാധിപത്യരീതിയും തനിക്ക് യോജിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഒരു തിരുത്തല്‍ശക്തി എന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള പ്രസക്തി ഏറെയാണെന്നും വിലയിരുത്തുന്നു. ഇടതുപക്ഷത്തെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്നതിനോടും യു.കെക്ക് താല്പര്യമില്ല. യഥാർഥ മാനവിക പക്ഷത്ത് നില്ക്കുന്ന എല്ലാവരും ഇടതുപക്ഷക്കാരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
‘വീക്ഷണം’ വാരിക രൂപത്തില്‍ ഇറങ്ങുന്ന കാലത്ത് അതില്‍ ദേശീയ രാഷ്ട്രീയവും സമകാലിക കേരള രാഷ്ട്രീയവും ചര്‍ച്ചചെയ്യുമായിരുന്നു. സാമൂഹിക വിഷയങ്ങള്‍ ആസ്പദമാക്കി ‘അക്തേയന്‍’ എന്ന തൂലികാനാമത്തില്‍ പംക്തി തുടങ്ങാന്‍ യു.കെക്ക് സാധിച്ചതും പത്രപ്രവര്‍ത്തനരംഗത്തേക്കുള്ള പുതിയ കാല്‍വെപ്പായിരുന്നു. യു.കെയുടെ പംക്തിയിലെ ലേഖനങ്ങളെ ‘ദേശാഭിമാനി’ വിമര്‍ശിച്ചതും ചര്‍ച്ചയായിരുന്നു. ഡി. വിവേകാനന്ദന് ആയിരുന്നു ‘വീക്ഷണ’ത്തിന്റെ എഡിറ്റര്‍. കെ.വി.കെ. വാരിയര്‍, മാധവന്‍മാഷ് തുടങ്ങിയവരായിരുന്നു പ്രധാന അണിയറ ശില്പികള്. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ പ്രസിലാണ് അച്ചടിച്ചിരുന്നത്. രാമായണം മുന്‍നിര്‍ത്തിയുള്ള നാടകത്രയത്തിലൂടെ ശ്രദ്ധേയനായ ശ്രീകണ്ഠന്നായരുമായുള്ള പരിചയം സൗഹൃദമായി വളരുന്നതും വീക്ഷണം വഴിയാണ്. കോണ്‍ഗ്രസുകാര്‍ നല്ല വായനക്കാര്‍ ആവണമെന്ന അഭിപ്രായം എ.കെ. ആന്റണിക്കുണ്ടായിരുന്നു. അതിന്റെ ഫലമായി പല പുസ്തകങ്ങളും കെ.പി.സി.സി പുറത്തിറക്കി. ഗാന്ധിജിയുടെ ഇന്ത്യ, നെഹ്റുവിന്റെ സോഷ്യലിസ്റ്റ് സങ്കല്പം, ജനാധിപത്യം ഇന്ത്യയില്‍ എന്നിവ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ വിറ്റഴിഞ്ഞു.
എം.വി. ദേവന്റെ ചിത്രവുമായി വീക്ഷണം വാരികയുടെ പ്രത്യേക ലക്കം ഇറങ്ങിയതും യു.കെയുടെ ഓര്‍മകളിലെ ആഹ്ലാദം നിറഞ്ഞ അധ്യായങ്ങളില്‍ ഒന്നാണ്. ഹാന്‍ഡ് മെയ്ഡ് പേപ്പറില്‍ പ്രിന്റ് ചെയ്യുക എന്നത് യു.കെയുടെ ആശയംതന്നെയായിരുന്നു. കടലാസ് സംഘടിപ്പിക്കാന്‍ കണ്ണൂരില്‍ പോയതും രാഷ്ട്രീയ കൊലപാതകത്തിന്റെ ഭാഗമായുള്ള ഹര്‍ത്താലില്‍ കുടുങ്ങിയതും വേറിട്ട ഓര്‍മയാണ്.
എം.കെ. സാനു, ഡോ. തോമസ് മാത്യു, കെ. അയ്യപ്പപ്പണിക്കര്‍, ഡോ. എം. ലീലാവതി, എം. കൃഷ്ണന്‍നായര്‍, സി.ആര്. ഓമനക്കുട്ടന് തുടങ്ങിയവര്‍ ‘വീക്ഷണ’വുമായി സഹകരിച്ചിരുന്നു. വീക്ഷണം ദിനപത്രം ആരംഭിച്ചതോടെ വാരിക തീര്‍ത്തും സാംസ്കാരിക പ്രസിദ്ധീകരണമായി മാറ്റാന്‍ തീരുമാനിച്ചതും ആന്റണിയായിരുന്നു. സി.പി. ശ്രീധരന് പത്രത്തിന്റെ എഡിറ്ററായി വന്ന കാലം വീക്ഷണം വാരിക കളറില്‍ അച്ചടിക്കാന്‍ തുടങ്ങിയതും പുതിയ കാല്‍വെപ്പായിരുന്നു.
‘വീക്ഷണം’: പ്രഭാവവും അസ്തമയവും
അടിയന്തരാവസ്ഥയുടെ കാലത്താണ് ‘വീക്ഷണം’ വാരിക സാംസ്കാരിക പ്രസിദ്ധീകരണമായി രൂപംപ്രാപിക്കുന്നത്. 1976 നവംബറില്‍. അതിനു മുമ്പ് രാഷ്ട്രീയ, ആനുകാലിക സംഭവങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്ന വാരിക ‘വീക്ഷണം’ ദിനപത്രമായി മാറിയിരുന്നു. 1976 ഫെബ്രുവരിയിലാണ് പത്രം തുടങ്ങുന്നത്. അതോടെ എല്ലാതരം ആശയങ്ങളുടെയും സമ്മേളനമായ ‘വീക്ഷണം’ വാരിക പുറത്തിറങ്ങുകയായിരുന്നു. വൈവിധ്യമാര്‍ന്ന ആശയങ്ങളുടെ സങ്കലനം എന്ന ആന്റണിയുടെ നിര്‍ദേശം നടപ്പാക്കാന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന നിലയില്‍ പരിശ്രമിച്ചതായി യു.കെ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പപ്പണിക്കര്‍, എം. കൃഷ്ണന്‍നായര്‍, ജി.എന്‍. പണിക്കര്‍, പെരുമ്പടവം ശ്രീധരന്, അക്കിത്തം, ആറ്റൂര്‍ രവിവർമ, ജി. കുമാരപ്പിള്ള, കെ.ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്, തിക്കോടിയന്, യു.എ. ഖാദര്‍, എം.ജി.എസ്. നാരായണന്, പി. വത്സല എന്നിവരെയൊക്കെ ‘വീക്ഷണ’വുമായി സഹകരിപ്പിക്കാന്‍ സാധിച്ചു. ആദ്യലക്കത്തില്‍ ജി. ശങ്കരക്കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, എം.കെ. സാനു, പെരുമ്പടവം ശ്രീധരന്, കെ.പി. വിജയന്, എന്‍.പി. മുഹമ്മദ്, കെ.ജെ. നളിനി, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരെയാണ് അണിനിരത്തിയത്.
അടിയന്തരാവസ്ഥയെ നേരിട്ട് എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രചനകള്‍, പ്രത്യേകിച്ച് ലേഖനങ്ങള്‍ ‘വീക്ഷണ’ത്തില്‍ നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണ് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ആന്റണിക്ക് ഉണ്ടായിരുന്നത്. അത് ശരിയാണെന്ന് യു.കെ. കുമാരനും തോന്നിയിരുന്നു. എന്നാല്‍ കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യ കൃതികളില്‍ അടിയന്തരാവസ്ഥ നിഴലിക്കുന്നത് എങ്ങനെയായാലും അത് പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ല എന്നതായിരുന്നു നിലപാട്. ആനന്ദിന്റെ ‘ശവഘോഷയാത്ര’ എന്ന നാടകം വീക്ഷണം വാരികയിലാണ് ആദ്യം വെളിച്ചംകാണുന്നത്.
ബാലചന്ദ്രന് ചുള്ളിക്കാട് ‘ഹിരണ്യം’ എന്ന നോവലെറ്റുമായി എത്തിയത് യു.കെയുടെ ഓർമയിലുണ്ട്. ജോർജ് ജോസഫ് കഥയുമായി എത്തിയതിലും ഒരു കൗതുകമുണ്ട്. കഥാകൃത്തിന്റെ പേര് നുണ്ണന്‍ എന്നാണ് എഴുതിയിരുന്നത്. അത് അമ്മ വിളിക്കുന്ന പേരായിരുന്നു. കഥയുടെ കര്‍ത്താവിന്റെ യഥാർഥ പേര് യു.കെ ചോദിച്ചറിയുകയും എഴുതുകയുമായിരുന്നു. പഴയതും പുതിയതുമായ തലമുറയിലെ എഴുത്തുകാര്‍ ‘വീക്ഷണം’ വാരികയില്‍ സമ്മേളിച്ചത് വലിയ വിജയമായിരുന്നു. വി.പി. ശിവകുമാര്‍, ടി.വി. കൊച്ചുബാവ, ഗ്രേസി, രഘുനാഥ് പലേരി, പായിപ്ര രാധാകൃഷ്ണന്, പി.കെ. പാറക്കടവ്, കെ.ജി. രഘുനാഥന്, കെ.വി. മോഹന്‍കുമാര്‍, വി.ആര്. സുധീഷ്, സി. അയ്യപ്പന്, എന്‍.ടി. ബാലചന്ദ്രന് എന്നിങ്ങനെ അന്നത്തെ പുതുതലമുറക്കാര് ‘വീക്ഷണ’ത്തില്‍ അണിനിരന്നിരുന്നു. യു.എ. ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകളുടെ ആവിര്‍ഭാവവും അനുഭവിക്കാന്‍ ‘വീക്ഷണ’ത്തിന് സാധിച്ചു. ചുരുക്കത്തില്‍ മലയാള സാഹിത്യത്തിന്റെ പരിച്ഛേദം അവതരിപ്പിക്കാന്‍ വീക്ഷണം വാരികക്ക് സാധിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലേറി കെ. കരുണാകരന് മുഖ്യമന്ത്രിയായെങ്കിലും രാജന്‍കേസുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജിവെക്കേണ്ടിവന്നു. പകരം എ.കെ. ആന്റണി മുഖ്യമന്ത്രിയായി. അതോടെ കെ.പി.സി.സി പദവി അദ്ദേഹം ഒഴിഞ്ഞു. ഇതോടെ ‘വീക്ഷണ’ത്തിന്റെ ദുര്‍ഗതി ആരംഭിച്ചു. നേതാക്കള്‍ക്ക് കുറച്ചെങ്കിലും താല്പര്യം ഉണ്ടായിരുന്നത് പത്രത്തിലായിരുന്നു. അവരുടെ പ്രസ്താവനയും ഫോട്ടോയും വരുമെന്നതിനാല്‍. വാരികയെ ആരും ഗൗരവമായി എടുത്തില്ല. അത് ഒരു അധികചെലവായാണ് പിന്നീട് വന്നവര്‍ കണ്ടത്. കളര്പേജുകള് ഒഴിവാക്കാനും ബ്ലാക്ക് ആൻഡ് വൈറ്റ് മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു ആദ്യം. അങ്ങനെയുള്ള നിര്‍മിതി തികച്ചും അനാകര്‍ഷകമായിരുന്നു. തുറന്നുനോക്കാന്‍പോലും തോന്നിയില്ല എന്നാണ് യു.കെ പറയുന്നത്. പ്രിന്റ് ചെയ്തത് ആരും വാങ്ങാതെ കെട്ടിക്കിടന്നു. പിന്നെ ഏതാനും ആഴ്ചകള്‍ മാത്രമേ വാരികക്ക് ആയുസ്സുണ്ടായുള്ളൂ. നാലു വര്‍ഷത്തെ പ്രഭാവകാലത്തിനുശേഷം വീക്ഷണം വാരിക അകാലചരമമടയുന്നതില് യു.കെ. കുമാരനെപ്പോലുള്ള ചിലര്‍ മാത്രമേ വേദനിച്ചിരിക്കുകയുള്ളൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിദ്ധീകരണത്തിന് രാഷ്ട്രീയത്തിന് അതീതമായി സാംസ്കാരികമേഖലയില്‍ ഇടപെടാന്‍ സാധിക്കും എന്നതിന്റെ ഉദാഹരണമായിരുന്നു വീക്ഷണം വാരികയെന്ന് യു.കെ. കുമാരന് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആന്റണിയും അടിയന്തരാവസ്ഥയും
അടിയന്തരാവസ്ഥ അതിന്റെ സൗമ്യമായ നിര്‍വചനങ്ങളില്‍നിന്ന് കുതറിമാറി പലപ്പോഴും ഭീതിപ്പെടുത്തുന്ന അവസ്ഥയിലേക്കു നയിക്കുന്നു എന്ന തോന്നല്‍ ഉണ്ടായി എന്ന് യു.കെ. കുമാരന് രേഖപ്പെടുത്തുന്നുണ്ട്. ചില അധികാരകേന്ദ്രങ്ങള്‍ സവിശേഷമായ ആധിപത്യം പുലര്‍ത്തുന്നു എന്ന തോന്നല്‍ ശക്തമായിരുന്നു. ഇതേ വിചാരം എ.കെ. ആന്റണിക്കും ഉണ്ടായിരുന്നുവെന്നാണ് യു.കെ സാക്ഷ്യപ്പെടുത്തുന്നത്. എ.ഐ.സി.സി ഗുവാഹതി സമ്മേളനത്തില്‍ അടിയന്തരാവസ്ഥയോടുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് ഏകപക്ഷീയമായും അധികാരി എന്ന നിലയിലും പെരുമാറുന്ന ഒരു വിഭാഗം കോണ്‍ഗ്രസില്‍ ഉണ്ടായി എന്നാണ് യു.കെയുടെ നിരീക്ഷണം.
രാഷ്ട്രീയനേതാവ് എന്ന നിലയില്‍ ആന്റണിയുടെ മറ്റു ചില സവിശേഷതകളും യു.കെ. കുമാരന് നിരീക്ഷിക്കുന്നുണ്ട്. ഒരു കാര്യവും നിയമവിരുദ്ധമായി ചെയ്യരുത് എന്ന നിര്‍ബന്ധബുദ്ധി ആന്റണിക്കുണ്ട്. തന്നെ കേന്ദ്രീകരിച്ച് അനുയായികളുടെ വൃന്ദം ഉണ്ടാവുന്നത് അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മറ്റൊരു തൊഴില്‍കേന്ദ്രം എന്ന നിലയില്‍ കണ്ടിരുന്നവര്‍ കോണ്‍ഗ്രസില്‍ ഏറെയായിരുന്നു. പ്രത്യയശാസ്ത്രമോ അതിന്റെ വിശ്വാസ്യതയോ സത്യസന്ധതയോ പ്രശ്നമാക്കാത്തവരായിരുന്നു അക്കൂട്ടര്‍. അതില്‍ ആന്റണി ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്താന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് എ.കെ. ആന്റണി പരിപാടിയില്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു. കെ. കരുണാകരനുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായാണ് ഇന്ദിര ഗാന്ധി ബിഷപ്പുമാരെ കണ്ടത്. തനിക്കതില്‍ ഒരു റോളുമില്ലെന്ന് ആന്റണി മനസ്സിലാക്കുകയായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന പ്രതിനിധി എന്ന നിലയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെ നിയോഗിക്കുകയാണ് ആന്റണി ചെയ്തത്. സ്വന്തം വ്യക്തിത്വത്തെ കാത്തുസൂക്ഷിക്കുന്ന ആന്റണിയെയാണ് യു.കെ ഇവിടെ കാണുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന് ജനാധിപത്യ സംവിധാനത്തോടോ സംവാദാത്മകമായ രീതിയോടോ ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല എന്ന വസ്തുതയും വരികള്‍ക്കിടയിലൂടെ പറയുന്നു. വീക്ഷണം വാരിക നിര്‍ത്തിയതോടെ ദിനപത്രത്തില്‍ യു.കെക്ക് ജോലി തുടരാമായിരുന്നു. എന്നാല്‍, മികച്ച സാംസ്കാരിക പ്രസിദ്ധീകരണമായ വാരികയുടെ അകാല അന്ത്യം ‘വീക്ഷണ’ത്തില്‍നിന്ന് വിടപറയാനുള്ള മാനസികാവസ്ഥയിലേക്കാണ് നയിച്ചത്.
കൗമുദിക്കാലം
‘വീക്ഷണം’ വിട്ടശേഷം ‘കേരള കൗമുദിയി’ലാണ് പത്രപ്രവര്‍ത്തനജീവിതം തുടരുന്നത്. തൃശൂര്‍ ജില്ല ലേഖകന്‍ എന്ന നിലയില്‍ മികച്ച തുടക്കമായിരുന്നു. കൗമുദിയില്‍ എം.എസ്. മധുസൂദനന് ചീഫ് എഡിറ്ററായ കാലമായിരുന്നു അത്. എം.എസ്. മണിയും എം.എസ്. ശ്രീനിവാസനും പത്രനടത്തിപ്പില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ കാനായി കുഞ്ഞിരാമന് ചുവര്‍ചിത്രം രചിച്ചതിന്റെ വാര്‍ത്ത പ്രത്യേക സ്റ്റോറിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് യു.കെയുടെ റിപ്പോര്‍ട്ടിങ് ജീവിതത്തിലെ തുടക്കമായിരുന്നു. ആദിവാസി കോളനിയിലെ മൂപ്പന്റെ കഥ അവതരിപ്പിച്ചതും പുതുമയോടെയാണ്. നൂറ് വയസ്സ് പിന്നിട്ടിട്ടും ജരാനരകള്‍ ബാധിക്കാത്ത മൂപ്പന് ഒരു അത്ഭുതമായിരുന്നു. മനോരമ ഓഫിസില്‍ ജോയി ശാസ്താംപടിക്കലിനെ കാണാന്‍പോയപ്പോള്‍ കേട്ട സംഭാഷണശകലത്തില്നിന്നാണ് മൂപ്പന്റെ സ്റ്റോറി യു.കെയുടെ മനസ്സില്‍ തട്ടുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ജാഗ്രതയോടെയാണ് യു.കെ മൂപ്പനെ കാണാന്‍ പോകുന്നത്. മൂപ്പന്റെ ഫോട്ടോ എടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫര്‍ എങ്ങനെയോ തരപ്പെടുത്തുകയായിരുന്നു. ഫോട്ടോ എടുത്താല്‍ മരണം സംഭവിക്കും എന്ന വിശ്വാസമായിരുന്നു ഇതിനു പിന്നില്‍. ഏതാനും ദിവസം കഴിഞ്ഞ് മൂപ്പന് മരിച്ചത് ഒട്ടൊരു അവിശ്വാസത്തോടെയാണ് യു.കെ കേട്ടത്.
ഇപ്രകാരം വാര്‍ത്തയുടെ ലോകത്തുള്ള ജാഗ്രതകളും കൗതുകങ്ങളും മറ്റും യു.കെ പങ്കുവെക്കുന്നുണ്ട്. പിന്നീട് കോഴിക്കോട് യൂനിറ്റ് തുടങ്ങിയപ്പോള്‍ അവിടേക്ക് മാറ്റം കിട്ടി. ബ്യൂറോയില്‍ മികച്ചൊരു ടീമിനെ നയിക്കാന്‍ സാധിച്ചു എന്നാണ് വിലയിരുത്തുന്നത്. പിന്നീട് ഡെസ്കിലേക്ക് മാറി. പത്രത്തിന്റെ തലപ്പത്തുള്ളവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം കൗമുദിയിലെ പത്രപ്രവര്‍ത്തനജീവിതം സുഖകരമല്ലാതായി. യൂനിറ്റ് ചീഫ് ആയിരുന്ന യു.കെയെ ഒരു സുപ്രഭാതത്തില്‍ അവിടെനിന്ന് മാറ്റുകയാണ്. പുതിയ തസ്തിക നല്‍കിയതുമില്ല. ഇതോടെ യു.കെ കൗമുദിയോട് വിടപറയുന്നു. പത്രസ്ഥാപനത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന പലതരം സംഘര്‍ഷങ്ങളും പിന്നിട്ടാണ് യു.കെ പടിയിറങ്ങുന്നത്. 27 വര്‍ഷക്കാലമാണ് അദ്ദേഹം കൗമുദിയില്‍ ജോലി ചെയ്തത്. മൂന്നു വര്‍ഷത്തിനിടെ നാലു പ്രമോഷനുകള്‍ നല്കി യു.കെയെ പ്രോത്സാഹിപ്പിച്ച കമ്പനി ഒടുവില്‍ ഇരിക്കാന്‍ കസേരപോലും ഇല്ലാത്ത അവസ്ഥയിലെത്തിച്ചതായി യു.കെ പറയുന്നുണ്ട്.
പിന്നീട് ‘വീക്ഷണ’ത്തില്‍ പുനഃപ്രവേശനം ഉണ്ടായെങ്കിലും അത് നിരർഥകമായിരുന്നുവെന്ന് യു.കെ തന്നെ പറയുന്നു. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിര്‍ബന്ധം ‘വീക്ഷണ’ത്തിന്റെ രണ്ടാം വരവില്‍ ഉണ്ടായിരുന്നു. എന്നാല്‍, മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് പ്രോത്സാഹനമൊന്നും ഉണ്ടായില്ല. കോഴിക്കോട്ട് വാരാന്തപ്പതിപ്പിന്റെ ചുമതല നോക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും പലപ്പോഴും വാരാന്തപ്പതിപ്പ് കോഴിക്കോട്ട് പ്രിന്റ് ചെയ്യാത്ത അവസ്ഥയായി. ഓഫിസിലെ അന്തരീക്ഷവും സുഖകരമായിരുന്നില്ല. ആര്‍ക്കും ഒരു ഉത്തരവാദിത്തവും ഇല്ലാത്ത അവസ്ഥ. അതോടെ വലിയ താമസം കൂടാതെ ‘വീക്ഷണ’ത്തിലേക്കുള്ള തിരിച്ചുവരവിനും അവസാനമായി. പത്രപ്രവര്‍ത്തനം എന്ന ദൗത്യം പൂര്‍ണമായി നിര്‍ത്തി എഴുത്തിന്റെ ലോകത്തേക്ക് തിരിയുന്ന യു.കെയെയാണ് പിന്നീട് കാണുന്നത്.
എഴുത്ത് എന്ന സ്വകാര്യ അനുഭവം
‘ഏകാകിയുടെ അക്ഷരയാത്ര’ എന്ന കൃതിയില്‍ സാഹിത്യജീവിതം ചര്‍ച്ച ചെയ്യപ്പെടുന്നു. സത്യസന്ധമായും ലളിതമായും ജീവിതം പറയാനാണ് യു.കെ ശ്രമിക്കുന്നത്. യു.കെ. കുമാരന് എന്ന എഴുത്തുകാരന് എങ്ങനെ രൂപപ്പെട്ടു എന്ന് ഈ കൃതിയില്‍ വ്യക്തമാക്കപ്പെടുന്നുണ്ട്. അതേസമയം, എഴുത്തുകാരന് എന്ന നിലക്കുള്ള നിലപാടുകളും സമീപനങ്ങളും മറ്റും തുറന്നുപറയുകയും ചെയ്യുന്നു.
മലബാറിലെ പയ്യോളി എന്ന ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന യു.കെക്ക് സാഹിത്യതാല്പര്യം പാരമ്പര്യമായി കിട്ടിയതല്ല. എഴുത്തും വായനയും അറിയാത്ത ഒരു തലമുറയുടെ പ്രതിനിധികളാണ് യു.കെയുടെ അച്ഛനും അമ്മയും. അച്ഛന് കഷ്ടിച്ച് പേരെഴുതാന്‍ അറിയാം. പേരിന്റെ ആദ്യാക്ഷരം ചേര്‍ത്ത് ഒപ്പിടാനും അച്ഛന് പഠിച്ചുവെച്ചിട്ടുണ്ട്. അമ്മക്കാകട്ടെ അതും വശമില്ല. എന്നാല്‍, നിത്യജീവിതത്തില്‍ ഈ പോരായ്മ അവരെ തെല്ലും അലട്ടിയിരുന്നില്ല. കാരണം അക്ഷരലോകത്ത് തിളങ്ങിയില്ലെങ്കിലും ജീവിതത്തിന്റെ നന്മയും മൂല്യങ്ങളും അവര്‍ സ്വായത്തമാക്കിയിരുന്നു.
വായനയിലൂടെയും എഴുത്തിലൂടെയും സാഹിത്യമണ്ഡലത്തില്‍ എത്തിപ്പെടുന്ന തന്റെ ജീവിതം യാദൃച്ഛികതകള്‍ നിറഞ്ഞതായിരുന്നുവെന്ന് യു.കെ. കുമാരന് പറയുന്നു. കോളജില്‍ പഠിക്കുന്നതിന് അച്ഛനുണ്ടായിരുന്ന എതിര്‍പ്പും പിന്നീട് പത്രപ്രവര്‍ത്തനം പഠിക്കാന്‍ പുറപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന വൈമനസ്യവും ഓര്‍ക്കുന്നുണ്ട്. എന്നാല്‍, എല്ലായിടത്തും യു.കെ എന്ന മകന് ജയിക്കുകയായിരുന്നു. അക്ഷരം പഠിക്കാത്ത അച്ഛന് തന്റെ ആദ്യ നോവലായ ‘വലയം’ കൈയിലെടുത്ത് നോക്കുന്ന ചിത്രം വികാരവിവശതയോടെ അദ്ദേഹം സ്മരിക്കുന്നുണ്ട്.
എഴുതാനുള്ള അഭിവാഞ്ഛ നേരത്തേ ഉണ്ടായിരുന്നുവെങ്കിലും അത് മറ്റാരെയും അറിയിക്കാതെ ഒരു സ്വകാര്യ നിധിയെന്നപോലെ താലോലിക്കാനാണ് മറ്റു പല എഴുത്തുകാരെയുംപോലെ യു.കെയും ആഗ്രഹിച്ചത്. എഴുത്തിന്റെ ആലോചന വരുന്നതിന് എത്രയോ മുമ്പുതന്നെ യു.കെ വായനയുടെ ലോകത്ത് ആകൃഷ്ടനായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍തന്നെ വായനയുടെ ലഹരി അദ്ദേഹത്തെ ബാധിച്ചിരുന്നു. സുഹൃത്തായ ശ്രീധരന്റെ ഇളയച്ഛന് നല്കിയ പുസ്തകങ്ങളിലൂടെയാണ് ബഷീറിന്റെയും കേശവദേവിന്റെയും മറ്റും കൃതികള്‍ യു.കെ വായിക്കുന്നത്. വീട്ടില്‍ പക്ഷേ, വായന എന്നാല്‍ പാഠപുസ്തക പാരായണം മാത്രമായിരുന്നു. പുസ്തകം സംഘടിപ്പിക്കാന്‍ വായനശാലയില്‍ പോയതിന്റെ പേരില്‍ അച്ഛന്റെ വിചാരണക്ക് വിധേയനാവേണ്ടി വന്ന അനുഭവവും യു.കെ വിവരിക്കുന്നുണ്ട്.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഗുരുവായൂരപ്പന് കോളജിലാണ് പഠനം തുടര്‍ന്നത്. കോളജിലെ അന്തരീക്ഷവും സുഹൃത്തുക്കളുടെ സാന്നിധ്യവും യു.കെയെപോലുള്ള യുവാവിന് വളരാന്‍ ഏറെ സഹായകമായിരുന്നു. ലൈബ്രറിയില്‍നിന്ന് ധാരാളം പുസ്തകങ്ങളെടുത്ത് വായിക്കാന്‍ സാധിച്ചത് ഗുണംചെയ്തു. അപ്പോഴും ഉള്ളിന്റെയുള്ളില്‍ എഴുത്ത് ഒരു കൗതുകമായി വളരുന്നുണ്ടായിരുന്നു. കവിതയാണ് ആദ്യം എഴുതിത്തുടങ്ങിയത്. പിന്നീട് രാഷ്ട്രീയനേതാവും മന്ത്രിയുമൊക്കെയായി മാറിയ എ.സി. ഷണ്മുഖദാസിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ധര്‍മചക്രം’ എന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യമായി കവിത പ്രസിദ്ധീകരിക്കുന്നത്. എഴുതിത്തുടങ്ങിയത് കവിതയാണെങ്കിലും തന്റെ തട്ടകം കഥയാണെന്ന് വൈകാതെ തിരിച്ചറിയുകയായിരുന്നു.
എഴുത്തിന്റെയും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും ആദ്യത്തെ കളരി ഗുരുവായൂരപ്പന് കോളജ് പഠനകാലംതന്നെയായിരുന്നു. കോളജില്‍ ഒരു സാഹിത്യവേദിക്ക് രൂപംനല്കുകയും ചർച്ചകള്‍ സംഘടിപ്പിക്കുകയുംചെയ്തു. എം.എന്‍. കാരശ്ശേരി യു.കെയുടെ സതീർഥ്യനായിരുന്നു. ഹാഫിസ് മുഹമ്മദും അക്കാലത്ത് അവിടെയുണ്ട്. സാഹിത്യസംരംഭങ്ങളില്‍ കാരശ്ശേരി എന്ന എന്‍. മൊഹിയുദ്ദീന്‍ ആയിരുന്നു വലിയ കൂട്ട്. കോളജില്‍ ആര്‍ട്സ് ഡേ ഫെസ്റ്റിവലിന്റെ ഭാഗമായി ചലനം എന്ന പേരില്‍ കഥ എഴുതുന്നതും യു.കെ അനുസ്മരിക്കുന്നുണ്ട്. സ്വകാര്യമായ കഥയെഴുത്ത് മത്സരത്തിന് എത്തിയപ്പോള്‍ ഒന്നാം സമ്മാനം നേടുകയുണ്ടായി. ചെന്നൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അന്വേഷണം മാസികയില്‍ കഥ വെളിച്ചംകണ്ടതും പ്രോത്സാഹനജന്യമായ അനുഭവമായി മാറി.
‘കേസരി’ വാരിക നടത്തിയ കഥാമത്സരത്തിലും മാഹിയിലെ ഒരു ക്ലബ് നടത്തിയ മത്സരത്തിലും ഒന്നാം സമ്മാനം നേടാന്‍ കഴിഞ്ഞത് കഥാകൃത്ത് എന്ന നിലയില്‍ യു.കെക്ക് ആത്മവിശാസം പകര്‍ന്നു. ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പില്‍ കഥ വന്നതും പഠനകാലത്തുതന്നെ. കാരശ്ശേരിയുടെ പ്രേരണയാലാണ് ‘ചന്ദ്രിക’യില്‍ പോയി കഥ നല്‍കിയത്.
പത്രലോകത്തേക്കുള്ള യു.കെയുടെ വരവിന്റെ ചെറിയ അടയാളംതന്നെയായിരിക്കണം അദ്ദേഹം കോളജ് യൂനിയന്റെ സ്റ്റുഡന്റ് എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ട സംഭവം. മത്സരരംഗത്ത് എസ്.എഫ്.ഐയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും യു.കെ തിരഞ്ഞെടുക്കപ്പെട്ടു. കോളജ് മാഗസിന് ഗൗരവം മുറ്റിയ നല്ല പ്രസിദ്ധീകരണമായിത്തീരണമെന്ന് യു.കെ ആഗ്രഹിച്ചിരുന്നുവെങ്കിലും പരമ്പരാഗതമായ സമ്പ്രദായത്തില്‍നിന്ന് അതിനെ മുന്നോട്ടു കൊണ്ടുപോവാന്‍ സാധിച്ചില്ല.
1991ല്‍ യു.ഡി.എഫ് സർക്കാര്‍ അധികാരത്തിലേറിയ സമയത്താണ് യു.കെ ആദ്യമായി സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ അംഗമാവുന്നത്. ഡോ. കെ.എം. തരകന് പ്രസിഡന്റും സി.പി. ശ്രീധരന് വൈസ് പ്രസിഡന്റും പായിപ്ര രാധാകൃഷ്ണന് സെക്രട്ടറിയുമായിരുന്ന ഭരണസമിതിയാണ് ഉണ്ടായിരുന്നത്. എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുക, ക്യാമ്പുകള്‍ സംഘടിപ്പിക്കുക എന്നിവയായിരുന്നു അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. അവാര്‍ഡ് പലപ്പോഴും വിവാദത്തിന് വഴിവെക്കും. ആത്മകഥാ വിഭാഗത്തില്‍ കെ. കല്യാണിക്കുട്ടിയമ്മയുടെ ‘വഴിയോരത്തെ മണിദീപങ്ങള്‍’ എന്ന കൃതിക്ക് പുരസ്കാരം നല്കാന് തീരുമാനിച്ചു. കെ. കല്യാണിക്കുട്ടിയമ്മ ജീവിച്ചിരിപ്പുണ്ടോ എന്നൊരു സംശയം ആരോ ഉന്നയിച്ചതോടെ പ്രശ്നമായി. എന്നാല്‍, അവര്‍ തൃശൂരില്‍തന്നെ താമസിക്കുന്നതായി പിന്നീട് കണ്ടെത്തി. സ്വന്തം വീട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വാടകക്ക് കൊടുക്കുകയും പിന്നീട് പാര്‍ട്ടി ആ വീട് സ്വന്തമാക്കുകയും ചെയ്തതോടെ ഒരു ചായ്പില്‍ കഴിഞ്ഞുകൂടുകയായിരുന്നു എഴുത്തുകാരി. 1994ല്‍ എം.പി. നാരായണപ്പിള്ളയുടെ ‘പരിണാമം’ എന്ന നോവലിനാണ് അക്കാദമി അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് തുക ട്രഷറിയില്‍ അടച്ച് രസീത് തന്നാല്‍ മതി എന്ന വിചിത്രമായ ആവശ്യം അദ്ദേഹം ഉന്നയിച്ചതോടെ അക്കാദമി വെട്ടിലായി. അത്തരമൊരു കീഴ്വഴക്കം ഉണ്ടായിരുന്നില്ല. ഒടുവില്‍ അവാര്‍ഡ് റദ്ദാക്കുകയായിരുന്നു. അതിന്റെ പേരില്‍ സുകുമാര്‍ അഴീക്കോട് തനിക്ക് ലഭിച്ച പുരസ്കാരങ്ങളും വിശിഷ്ടാംഗത്വവും തിരിച്ചേല്പിച്ച സംഭവവും അരങ്ങേറി. അക്കാദമിയാണോ ശരി എം.പി. നാരായണപ്പിള്ളയാണോ ശരി എന്ന ചോദ്യം ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ് എന്ന് യു.കെ പറയുന്നു.
എം.ടി. വാസുദേവന്‍ നായര്‍ അക്കാദമി പ്രസിഡന്റായിരുന്ന കാലം യു.കെ ഓര്‍ക്കുന്നുണ്ട്. കെ.എല്‍. മോഹനവർമയായിരുന്നു സെക്രട്ടറി. ടി.എം. ജേക്കബ് സാംസ്കാരിക വകുപ്പ് കൈകാര്യംചെയ്തിരുന്ന കാലം. അക്കാദമിക്ക് ഭരിക്കുന്ന പാര്‍ട്ടിയോട് ഒരു വിധേയത്വവും ഉണ്ടായിരിക്കില്ലെന്ന എം.ടിയുടെ ധീരമായ പ്രഖ്യാപനം ആത്മവിശ്വാസം പകരുന്നതായിരുന്നു. തുടര്‍ന്ന് വന്ന ഇടതു സര്‍ക്കാര്‍ ചില അസ്വാരസ്യങ്ങള്‍ക്ക് ഇടനല്കി. മോഹനവർമയെ മാറ്റാന്‍ നീക്കമുണ്ടായി. എം.ടിക്ക് അത് സ്വീകാര്യമായിരുന്നില്ല. ഏതായാലും മോഹനവർമ രാജിവെച്ച് പ്രതിസന്ധി ഒഴിവാക്കി. സൈന്ധവലിപി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ഇലവുംതട്ട സ്വദേശി രാമന്റെ ആവശ്യം പരിഗണിച്ച സര്‍ക്കാര്‍, തുക സാഹിത്യ അക്കാദമി വഴി നല്‍കണമെന്ന നിര്‍ദേശവും പ്രശ്നങ്ങളുണ്ടാക്കി. അക്കാദമി അംഗീകരിക്കുന്ന പ്രോജക്ടുകള്‍ക്കാണ് പണം നല്‍കുക പതിവ്. അതിന് വിപരീതമായി തുക വിനിയോഗിക്കുന്നത് അക്കാദമിയുടെ സ്വയംഭരണാവകാശം തകര്‍ക്കുന്നതിന് തുല്യമാണെന്ന വാദവും ഉയര്‍ന്നു. ഏതായാലും പ്രശ്നം അങ്ങനെ തേഞ്ഞുമാഞ്ഞുപോയി.
എന്‍.പി. മുഹമ്മദ് അക്കാദമി പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ യു.കെ. കുമാരന് അവസരം ലഭിച്ചു. കേരള കൗമുദിയില്‍ റെസിഡന്റ് എഡിറ്ററായിരുന്നു അക്കാലത്ത് എന്‍.പി. മുഹമ്മദ്. യു.കെ. കുമാരന് ഡെസ്ക് ചീഫും. ഗ്രാമീണജീവിതവുമായി എഴുത്തുകാര്‍ കൂടുതല്‍ അടുക്കണമെന്ന ആശയം മുന്‍നിര്‍ത്തി വടകര അരൂരിലും പത്തനംതിട്ടയിലെ വെണ്ണികുളം, കോഴിക്കോട്ടെ മുക്കത്തും തിരുവനന്തപുരത്തെ വേളിയിലും ക്യാമ്പ് നടത്തിയത് ഇക്കാലത്താണ്. വളരെ സൗഹാർദപരമായിരുന്നു എന്‍.പി. മുഹമ്മദിന്റെ ഇടപെടലെന്ന് യു.കെ ഓര്‍മിക്കുന്നു. തന്റെ തീരുമാനങ്ങള്‍ അടിച്ചേല്പിക്കാന് എന്‍.പി. മുഹമ്മദ് ഒരിക്കലും ശ്രമിച്ചിരുന്നില്ല. മറ്റുള്ളവരുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ മടിയുമുണ്ടായിരുന്നില്ല. എന്‍.പിക്കുശേഷം വന്ന അക്കാദമി പ്രസിഡന്റായ യൂസഫലി കേച്ചേരിയുടെ ചില നിലപാടുകളും വിവാദമായി. മാധവിക്കുട്ടിയുടെ തറവാട് ഭൂമി അക്കാദമിക്ക് നല്‍കുന്നതാണ് വിവാദമായത്. ഏറ്റെടുക്കുന്ന ഭൂമിയില്‍ സര്‍പ്പക്കാവും ഉള്‍പ്പെട്ടത് ചര്‍ച്ചയായപ്പോള്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം എടുത്തിട്ടില്ല എന്നായിരുന്നു പ്രസിഡന്റിന്റെ നിലപാട്. വൈസ് പ്രസിഡന്റായ യു.കെക്ക് അത് എതിര്‍ക്കേണ്ടിവന്നു. അക്കാദമി അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട ചില പിഴവുകളും അക്കാലത്ത് ഉണ്ടായി എന്നാണ് യു.കെ പറയുന്നത്. നിലവാരമില്ലാത്ത കൃതികള്‍ക്ക് പുരസ്കാരം നല്കുന്ന സാഹചര്യം ഉണ്ടായതും പോരായ്മയായി എന്നാണ് യു.കെയുടെ വിലയിരുത്തല്‍.
പുരസ്കാരങ്ങള്ക്കിടയിലെ തിരസ്കാരങ്ങള്‍
‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവലിന് നിരവധി പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായെങ്കിലും പഠനങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന കിട്ടാതെ പോയി എന്നൊരു പരിഭവം യു.കെ വെച്ചുപുലര്‍ത്തുന്നു. കേരളീയതക്ക് പ്രാധാന്യം കൊടുത്ത ഈ രചനക്ക് അത്തരത്തിലുള്ള പഠനമോ വിലയിരുത്തലോ മാധ്യമലോകത്തുനിന്ന് ഉണ്ടായില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ പരാമര്‍ശിക്കുന്ന കൃതികള്‍ ചര്‍ച്ചയായപ്പോഴും തക്ഷന്‍കുന്നിനെ ആരും കണ്ടില്ല. അതിലെ മതനിരപേക്ഷമായ ജീവിതവും സന്ദര്‍ഭങ്ങളും പലരും കാണാതെ പോയി. എന്നാല്‍, വയലാര്‍ അവാര്‍ഡും ചെറുകാട് അവാര്‍ഡും യുവകലാസാഹിതിയുടെ പുരസ്കാരവും അതിനെ തേടിയെത്തിയപ്പോള്‍ യു.കെ സംതൃപ്തനായി. സാഹിത്യ അക്കാദമി അവാര്‍ഡ് പരിഗണനാപരിധിയുടെ അവസാനഘട്ടത്തിലാണ് ലഭിക്കുന്നത്. അതിനു പിന്നില്‍ ചില ചരടുവലികള്‍ ഉണ്ടായി എന്നാണ് യു.കെ കരുതുന്നത്. ഇത്തരത്തിലുള്ള പരിഭവങ്ങള്‍ യു.കെ പങ്കുവെക്കുമ്പോള്‍ എഴുത്തുകാരന്റെ നിർമലമായ മനസ്സിലെ സുതാര്യമായ ചില ചിത്രങ്ങള്‍ നാം കാണുന്നു എന്നു മാത്രം കരുതിയാല്‍ മതി.
ചില വിയോഗങ്ങള്‍ സൃഷ്ടിച്ച വേദനയും പുസ്തകം പങ്കുവെക്കുന്നു. കൗമാരകാലത്തെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ജി.കെ. ശ്രീധരന്, പുസ്തകപ്രസാധകനും സഹൃദയനുമായ ആര്.വി. കുമാരന്, കഥാകൃത്തുക്കളും അടുത്ത സുഹൃത്തുക്കളുമായ ടി.വി. കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍ എന്നിവരുടെ വിയോഗം യു.കെക്ക് വലിയ ആഘാതമായിരുന്നു. ഒ.വി. വിജയന് സ്മാരക സമിതിയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോള്‍ യു.കെയെ ഏറ്റവും കൂടുതല്‍ സഹായിച്ചത് സെക്രട്ടറി പി.കെ. നാരായണനായിരുന്നു. ആത്മാർഥതയുടെ പര്യായമായിരുന്ന നാരായണന് അർബുദം ബാധിച്ച് മരിച്ചത് യു.കെക്ക് വലിയ പ്രഹരമായി. ഒ.വി. വിജയന് സ്മാരകത്തിന് സ്ഥലം കണ്ടെത്തുകയും ചുറ്റുമതില്‍ കെട്ടുകയും ചെയ്ത സമയത്തായിരുന്നു നാരായണന്റെ വിയോഗം. പിന്നീട് യു.കെ സമിതി പ്രസിഡന്റായി തുടര്‍ന്നില്ല. സാഹിത്യത്തിന്റെ വളര്‍ച്ചക്കായി പ്രതിഫലേച്ഛയില്ലാതെ അഹോരാത്രം കഷ്ടപ്പെടുന്ന അങ്കണം സാഹിത്യവേദിയുടെ ആര്.ഐ. ഷംസുദ്ദീന്, ബംഗളൂരുവിലെ മിനിമാസിക നടത്തിയിരുന്ന അരവി എന്ന അരവിന്ദന് എന്നിവരെയും യു.കെ ഓര്‍ക്കുന്നുണ്ട്.
♦