Begin typing your search above and press return to search.
proflie-avatar
Login

എ​ന്റെ അനുഭവങ്ങൾ, ബോധ്യങ്ങൾ

എ​ന്റെ അനുഭവങ്ങൾ,   ബോധ്യങ്ങൾ
cancel

കീ​ഴാ​ള ജീ​വി​ത​ത്തി​ന്റെ​യും ജീ​വി​ത പ​രി​സ​ര​ങ്ങ​ളു​ടെ​യും തീ​ക്ഷ്​​ണ​മാ​യ അ​നു​ഭ​വ പ​ശ്ചാ​ത്ത​ല​ത്തി​ൽനി​ന്ന്​ നാടകങ്ങൾ സംവിധാനംചെയ്യുന്ന ഉണ്ണി പൂണിത്തുറയുടെ ആത്മഭാഷണത്തി​ന്റെ അവസാന ഭാഗം. ആദ്യ രണ്ട്​ ഭാഗങ്ങൾ ലക്കം 1348ലും പുതുവർഷപ്പതിപ്പിലുമായി പ്രസിദ്ധീകരിച്ചിരുന്നു.ഞാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറുന്ന ഒരു സന്ദര്‍ഭമുണ്ട്. അത് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയോട് ബന്ധപ്പെട്ടാണ്. അതിന്റെ രൂപീകരണകാലത്ത് ഞാനുണ്ട്. അതിന്റെ സെക്രട്ടറി തുഷാര്‍ നിർമൽ സാരഥിയാണ്. ഞങ്ങള്‍ എട്ട് പേർ മനുഷ്യാവകാശ പ്രസ്ഥാനം രൂപീകരിക്കുകയും അതില് മെംബറാകുകയും ചെയ്ത സന്ദര്‍ഭത്തില്‍ തുഷാര്‍...

Your Subscription Supports Independent Journalism

View Plans

കീ​ഴാ​ള ജീ​വി​ത​ത്തി​ന്റെ​യും ജീ​വി​ത പ​രി​സ​ര​ങ്ങ​ളു​ടെ​യും തീ​ക്ഷ്​​ണ​മാ​യ അ​നു​ഭ​വ പ​ശ്ചാ​ത്ത​ല​ത്തി​ൽനി​ന്ന്​ നാടകങ്ങൾ സംവിധാനംചെയ്യുന്ന ഉണ്ണി പൂണിത്തുറയുടെ ആത്മഭാഷണത്തി​ന്റെ അവസാന ഭാഗം. ആദ്യ രണ്ട്​ ഭാഗങ്ങൾ ലക്കം 1348ലും പുതുവർഷപ്പതിപ്പിലുമായി പ്രസിദ്ധീകരിച്ചിരുന്നു.

ഞാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറുന്ന ഒരു സന്ദര്‍ഭമുണ്ട്. അത് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയോട് ബന്ധപ്പെട്ടാണ്. അതിന്റെ രൂപീകരണകാലത്ത് ഞാനുണ്ട്. അതിന്റെ സെക്രട്ടറി തുഷാര്‍ നിർമൽ സാരഥിയാണ്. ഞങ്ങള്‍ എട്ട് പേർ മനുഷ്യാവകാശ പ്രസ്ഥാനം രൂപീകരിക്കുകയും അതില് മെംബറാകുകയും ചെയ്ത സന്ദര്‍ഭത്തില്‍ തുഷാര്‍ നിർമൽ സാരഥിയോട് വഴിവക്കില്‍ ​െവച്ച് ഞാന്‍ പറയുന്നത്, ജീവിതത്തില്‍ ഏറ്റവും വലിയ ഇഷ്ടം മനുഷ്യാവകാശ സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നതായിരുന്നു എന്നാണ്.

ഒരു രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതല്ല. കാരണം രാഷ്ട്രീയക്കാര്‍ എപ്പോഴും മനുഷ്യരുടെ പ്രശ്‌നം പരിഗണിക്കുന്നില്ല. അവര്‍ രാഷ്ട്രീയവിഷയം പരിഹരിക്കുന്നവരാണ്. അതുകൊണ്ട് മനുഷ്യന്‍ എപ്പോഴും പുറത്താണ് നില്‍ക്കുന്നത്. മനുഷ്യാവകാശ പ്രസ്ഥാനത്തില്‍ നില്‍ക്കുക എന്നത് ആഗ്രഹിച്ച കാര്യമാണ്. മാവോവാദികള്‍, ദലിതുകള്‍, സ്ത്രീകള്‍, ട്രാൻസ്ജെൻഡേഴ്സ്, അതിദരിദ്ര ജനവിഭാഗങ്ങളാണ് എപ്പോഴും ആക്രമിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അതിനോടു കൂറ് പുലര്‍ത്തുകയെന്ന കാര്യമെനിക്കുണ്ടായിരുന്നു. മാവോവാദി രാഷ്ട്രീയത്തോടും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോടും യോജിക്കുന്നുണ്ടായിരുന്നെങ്കിലും. മനുഷ്യാവകാശം എന്ന് പറയുന്ന അജണ്ടയെ, നിലപാടിനെ ഞാന്‍ അംഗീകരിച്ചിരുന്നു.

അങ്ങനെയുള്ളൊരു സന്ദര്‍ഭത്തിലാണ് വര്‍ക്കലയില്‍ സോമശേഖരന്‍വധം നടക്കുന്നത്. അയാളൊരു റിട്ട. കേണലാണ്. അത്​ അന്വേഷിക്കാന്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം തയാറായി. 22 പേരടങ്ങുന്ന ഒരു ടീമാണ് അവിടെ പോയത്. ബി.ആര്‍.പി. ഭാസ്‌കർ‍, അഡ്വ. പി.എ. പൗരന്‍ എന്നിവരടങ്ങുന്ന സംഘത്തിൽ ഞാനുമൊരാളായിരുന്നു. അവിടെ ചെല്ലുമ്പോള്‍ കണ്ടത് ഭയാനക കാഴ്ചയാണ്. ഡി.എച്ച്.ആര്‍.എം എന്ന സംഘടനയാണ് വധിച്ചതെന്നും അല്ലെന്നുമുള്ള രണ്ടുപക്ഷ വര്‍ത്തമാനങ്ങളൊക്കെയുണ്ട്. പക്ഷേ, വ്യവസ്ഥാപിതമായി പല ആളുകളും പറയുന്നത് ഡി.എച്ച്.ആര്‍.എമ്മാണ് കൊന്നതെന്നും അവര്‍ കൊലയാളി സ്വഭാവക്കാരാ​െണന്നുമാണ്. അങ്ങനെ പറയുന്നവരുമാണ് അധികം പേരും. വര്‍ക്കല പോകുന്നവിടെ ഒരു തോടുണ്ട്.

നല്ല ആഴമേറിയൊരു തോട്. ഈ തോടിന്റെ അരികില്‍ ഒരു നൂറ് നൂറ്റമ്പത് കുടിലുകളുണ്ട്​. ഈ കുടിലുകള്‍ക്ക് കക്കൂസുകളില്ല. വീട്ടു നമ്പറില്ല. കറൻില്ല, അതിന്റെ അപ്പുറത്ത് കുടികെടപ്പവകാശം കിട്ടിയിട്ടുള്ള മറ്റ് കുടിലുകളുണ്ട്. ഇവർ കുറവ സമുദായത്തില്‍പെട്ട ദലിതുകളാണ്. ഏറ്റവും താഴ്ന്നതരം ജോലികള്‍ ചെയ്യുന്ന ആളുകള്‍ താമസിക്കുന്ന സ്ഥലമാണത്. പെണ്ണുങ്ങള്‍ക്ക് കുളിക്കാന്‍ മാത്രം വീടിനോട് ചേര്‍ന്ന് തുണികൊണ്ട് മറച്ച ഒരു മറപ്പുരയുണ്ട്. ഈ കുടിലുകള്‍ പൊളിച്ചുകളയുക എന്നത് വികസനവുമായി ബന്ധപ്പെട്ട ആവശ്യപദ്ധതിയായിട്ടാണ് വരുന്നത്. ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ പോവുകയാണ് വര്‍ക്കല.

അപ്പോള്‍ ഈ കുടിലുകള്‍ ടൂറിസ്റ്റ് കേന്ദ്രത്തിന് ഒരലങ്കാരമല്ല. ദലിത് കുടിലുകൾ പൊളിച്ചുമാറ്റണം. ഇതാണ് അതിന്റെ ആദ്യത്തെ അജണ്ട. ഡി.എച്ച്.ആർ.എം ഉള്ളതിന്റെ പേരിലാണ് കോളനിക്കാര്‍ ധൈര്യത്തോടെ അവിടെ നിലനില്‍ക്കുന്നത്. ഡി.എച്ച്.ആർ.എമ്മിനെ ഒതുക്കിയാല്‍ ദലിതുകളെ തല്ലി ഓടിക്കാം. അങ്ങനെയാണ് ഈ കൊലപാതകം ആസൂത്രണം ചെയ്യപ്പെടുന്നത്. ഡി.എച്ച്.ആർ.എം അല്ല അത് ചെയ്തത് എന്ന് പറയാന്‍ ഇഷ്ടപ്പെടുന്നൊരാളാണ് ഞാന്‍. എനിക്ക് തെളിവൊന്നുമില്ല. എങ്കിലും അവരല്ല അതിന്റെ ഉത്തരവാദികൾ എന്ന് ഞാന്‍ വിചാരിക്കുന്നു.

വീടുകളുടെ അടുത്തുകൂടി ഇലക്ട്രിക് പോസ്റ്റ് പോയിട്ടുണ്ട്. അവര്‍ക്കുള്ളതല്ല മറ്റെങ്ങോ വിതരണം ചെയ്യാനുള്ള വൈദ്യുതി പോകുന്ന പോസ്റ്റുകളാണ്. അവിടെ ഓരോ പോസ്റ്റിലും ആര്‍.എസ്.എസ് എന്ന് എഴുതിയിട്ടുണ്ട്. അതു കഴിഞ്ഞ് കുറച്ചുകൂടി നടന്നപ്പോള്‍ അടു​െത്താരു പോസ്റ്റില്‍ സി.പി.എം എന്ന് എഴുതിയിട്ടുണ്ട്. പിന്നെ കുറച്ചങ്ങോട്ട് പോകുമ്പോൾ അടുത്ത പോസ്റ്റില്‍ ശിവസേന എന്ന് എഴുതിയിട്ടുണ്ട്. അങ്ങനെ ഓരോ പോസ്റ്റ് അളവില്‍ കുറച്ചധികം വീടുകളെ വളച്ചെടുക്കുന്നു. പോസ്റ്റ് ​െവച്ചാണ് ഇവര്‍ ആളുകളെ പങ്കി​െട്ടടുത്തിരിക്കുന്നത്. ഈ പങ്കി​െട്ടടുക്കപ്പെട്ട ദലിതുകള്‍ അതില്‍നിന്ന് മോചിതരാവുകയും ഡി.എച്ച്.ആര്‍.എം എന്നൊരു സംഘടന രൂപവത്കരിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നത് ചിലർക്ക് അനഭിമതമായി.

അ​ജി​ത് എം. ​പ​ച്ച​നാ​ടനൊപ്പം ഉണ്ണി പൂണിത്തുറ

അ​ജി​ത് എം. ​പ​ച്ച​നാ​ടനൊപ്പം ഉണ്ണി പൂണിത്തുറ

കലാപപ്രശ്‌നം ആരംഭിക്കുന്നത് അവിടെനിന്നാണ്. ചിലര്‍ക്കൊക്കെ ഭയങ്കരമായിട്ട് ഡി.എച്ച്.ആർ.എമ്മിനോട് വിയോജിപ്പ്, എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. ഈ എതിര്‍ക്കുന്ന ആളുകള്‍ ആരാണെന്ന് അന്വേഷിക്കുമ്പോഴാണ് കൂടുതല്‍ നമ്മള്‍ ഞെട്ടിപ്പോകുന്നത്. അതായത്, ഇവിടത്തെ ദലിതരായിട്ടുള്ള സ്ത്രീകൾ ദലിതരല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്തിട്ടുണ്ട്​. ആ പുരുഷന്മാരാണ് അവിടെ താമസിക്കുന്നത്. അവരാണ് ഡി.എച്ച്.ആര്‍.എമ്മിനും ദലിതര്‍ക്കും എതിരായിട്ട് സംസാരിക്കുന്നത്. ഞാന്‍ നേരിട്ട് മനസ്സിലാക്കിയതാണത്. ഇവരാണ് ശത്രുക്കളായിട്ട് വരുന്നത്. ഇത്ര ശക്തമായി ദലിതുകളോട് എതിര്‍ക്കാൻ അവിടെത്തന്നെയുള്ളവർക്ക് എങ്ങനെ പെരുമാറാന്‍ പറ്റുന്നു എന്നു ഞാന്‍ ആലോചിച്ച് നോക്കിയപ്പോള്‍ എനിക്ക് തോന്നി, ഇയാളോട് കുറച്ചുകൂടി ചോദ്യങ്ങള്‍ ചോദിക്കണമെന്ന്.

ഞാന്‍ ചോദിച്ചു; നിങ്ങളുടെ ഭാര്യയുടെ വീടാണല്ലോ ഇത്. അതേ ഇതെന്റെ ഭാര്യയുടെ വീടാന്ന് പറഞ്ഞു. നിങ്ങള്‍ ഭാര്യയെ എങ്ങനെയാ വിവാഹം കഴിച്ചത് എന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, അവള്‍ എന്റെ രണ്ടാം ഭാര്യയാണ്. അപ്പോള്‍തന്നെ എനിക്ക് കാര്യം ക്ലിക്ക് ചെയ്തു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ ഈ സമുദായത്തില്‍പ്പെട്ടതാണോ... അല്ലല്ല ഞാനൊരു നായര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. അപ്പോൾ കാര്യം കൂടുതല്‍ വ്യക്തമായി. മകള്‍ എന്നൊക്കെ അയാള്‍ പറയുന്നുണ്ട്. മകള്‍ നിങ്ങളുടേതാണോ..അല്ലല്ല എന്റെ ഭാര്യയുടെ മകളാണെന്ന്. ഇങ്ങനെയുള്ള ഒരുപാട് ആളുകള്‍ അതിനകത്ത് തമ്പടിച്ചിട്ടുണ്ട്. അവരാണ് ദലിത് വിരുദ്ധത പറയുന്നത്. അങ്ങനെ ദലിതരെ ഒഴിവാക്കുന്ന ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഈ കൊലപാതകത്തെ വിലയിരുത്തേണ്ടതുണ്ട്.

ഞങ്ങൾ അവിടെനിന്ന് മറ്റൊരു കോളനിയിലേക്ക് പോയി. നായാടികൾ എന്ന് വിളിക്കപ്പെടുന്ന ഒരുവിഭാഗം ആദിവാസികൾ താമസിക്കുന്ന കോളനി. ഞങ്ങളെ ഡി.എച്ച്.ആര്‍.എം പ്രവർത്തകർ എന്ന് പറഞ്ഞ് പൊലീസ് കിടത്തി ഉറക്കുന്നില്ല എന്നവർ പറഞ്ഞു. ഈ മനുഷ്യരെ ഒക്കെ എന്തിനാണ് വേട്ടയാടുന്നതെന്ന് നമ്മള്‍ ആലോചിക്കുന്നു. ഇത് കേരളം തന്നെയാണോ എന്ന് അത്ഭുതപ്പെടുന്ന അനുഭവമായിരുന്നു അത്​. അതിനടുത്ത കോളനിയിലേക്ക് അന്വേഷണം നടത്തുന്നതിന് പോകുമ്പോള്‍ ഞങ്ങളുടെ പിന്നാലെ കരഞ്ഞോണ്ട് ഓടിവന്ന ഒരു സ്ത്രീ ‘‘നിങ്ങളുടെ കൂടെ വന്ന ഒരാളെ അവിടെ അടിക്കുന്നു’’ എന്ന് പറഞ്ഞു.

ഞങ്ങള്‍ തിരിഞ്ഞോടി. അടിക്കുന്നവർ, കാവിമുണ്ടുടുത്ത് ചന്ദനംതൊട്ട് ചില അടയാളങ്ങളോടെയാണ് പ്രത്യക്ഷപ്പെട്ടത്. അതില് ഒരു കാക്കി പാന്റും കറുത്ത ഷൂവും കാക്കി സോക്‌സും കാക്കി ഷര്‍ട്ടും പുറമെ ഒരു സാധാരണ ഷര്‍ട്ടും ധരിച്ച ഒരാളുണ്ട്​. പൊലീസാണെന്ന് വ്യക്തം. അയാൾ ഞങ്ങളുടെ നേരെ വളരെ പകതീര്‍ക്കാന്‍ വേമ്പലോടെ നില്‍ക്കുന്ന ഒരാളെ പോലെയാണ് നില്‍ക്കുന്നത്. ഞാന്‍ അയാളുടെ കൈയിലേക്ക് നോക്കി. കൈ ഷര്‍ട്ടിന്റെ പോക്കറ്റോട് ചേര്‍ത്ത് നില്‍ക്കുകയായിരുന്നു. ഇയാളെന്താ ഇങ്ങനെ പിടിച്ചിരിക്കുന്നതെന്ന് നോക്കുമ്പോള്‍ അയാളുടെ ഷര്‍ട്ടിന്റെ ഉള്ളില്‍ ഒരു ഇരുമ്പുവടി. ആളുകളെ തല്ലിക്കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് വന്നിരിക്കുന്നത് എന്നു വ്യക്തമാണ്.

അപ്പോൾ അവിടെ ഉണ്ടായിരുന്ന ഏതോ ചാനലിന്റെ റിപ്പോർട്ടറെ, കണ്ടോ അയാളുടെ ഷര്‍ട്ടിനുള്ളില്‍ ഒരു ഇരുമ്പു വടി കണ്ടോ എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു. അയാൾ അനങ്ങുന്നില്ല. എന്തിന്റെയൊക്കെയോ ഭാഗ്യംകൊണ്ട് അവിടെ അടി നടന്നില്ല. ബി.ആര്‍.പി. ഭാസ്‌കർ ഉള്ളതിന്റെ പേരിലായിരിക്കാം. ഞങ്ങൾ ബി.ആര്‍.പി. ഭാസ്‌കറിന്റെയും പൗരന്റെയും തൊട്ടടുത്ത് നില്‍ക്കുകയും ഓടണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. അടുത്ത കോളനിയില്‍ ചെന്നപ്പോള്‍ അവിടെയും ഇതേ സാഹചര്യംതന്നെ. അതൊരു അനുഭവം.

 

തുഷാർ നിർമൽ സാരഥി,സ്വപ്നേഷ് ബാബു,ജെയ്സൺ സി. കൂപ്പർ

തുഷാർ നിർമൽ സാരഥി,സ്വപ്നേഷ് ബാബു,ജെയ്സൺ സി. കൂപ്പർ

തൃപ്പൂണിത്തുറ-മരട് മിനി ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ഒരു അതിദരിദ്ര ദലിത് കുടുംബത്തെ പൊലീസും മറ്റു സർക്കാർ വകുപ്പുകളും ചേർന്ന് കൊച്ചുവെളുപ്പാൻ കാലത്ത് നിർബന്ധിതമായി കുടിയൊഴിപ്പിക്കാൻ വന്നു. കിടപ്പാടം നഷ്ടപ്പെടുന്ന ആ കുടുംബത്തിന് നഷ്ടപരിഹാരമോ മറ്റു പുനരധിവാസ സംവിധാനങ്ങളോ ഏർപ്പെടുത്താതെ ചെയ്ത ആ അനീതിയെ ഞാൻ ഒറ്റക്ക് ചെറുത്തുനിന്നു. ആ കാരണത്താൽ അയ്യൻകാളി പടയെന്ന് ആരോപിച്ച് എന്നെ പൊലീസ് അറസ്റ്റ് ചെയ്തു. തുഷാര്‍ എന്നെ ജാമ്യത്തിലെടുത്തു.

കളമശ്ശേരിയിലെ ഒരു സർക്കാർ ഓഫിസിലെ ഫയലുകൾ തീയിട്ട് നശിപ്പിക്കപ്പെടുന്നു. മാവോവാദികളാണ് അത് ചെയ്തതെന്ന ബോധ്യത്താൽ തുഷാറും ജയ്​സൺ സി കൂപ്പറും അറസ്റ്റ് ചെയ്യപ്പെടുന്നു. തുഷാറിനെയും കൂപ്പറെയും വിട്ടയക്കണം എന്ന് ആവശ്യപ്പെടുന്ന ഒപ്പ് ശേഖരണത്തില്‍ ഞാനും പങ്കാളിയാകുന്നു. അവർ ആ സംഭവത്തിൽ പങ്കാളികളല്ല എന്ന് എന്നിലെ മനുഷ്യാവകാശ പ്രവർത്തകന് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. പൊലീസ് എന്നെ വിളിപ്പിച്ച് രണ്ട് മണിക്കൂര്‍ ചോദ്യംചെയ്​തു. ആ സമയത്ത്​ എനിക്ക് സംഘടനയുമായി ഒരു ബന്ധവുമില്ല. പൊലീസ് എന്നോട് നിങ്ങള്‍ മീറ്റിങ്ങില്‍ പങ്കെടുത്തിട്ടില്ലേ എന്ന് ചോദിച്ചു. ശരിയാണ് മീറ്റിങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. കാരണം ഞാൻ ഒപ്പുവെച്ചിട്ടുണ്ടല്ലോ. തുഷാറിനെ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പുള്ള ഒടുവിലത്തെ കമ്മിറ്റിയില്‍ ​െവച്ചാണ് ഞാന്‍ സംഘടന വിടുന്നത്.

വാസുവേട്ടനൊക്കെ (ഗ്രോ വാസു ) വിമർശിക്കുന്നതുപോലെ സഖാക്കൾ പലരും വിപ്ലവവും രാഷ്ട്രീയവുമെല്ലാം പറയുമെങ്കിലും പലരുടെയും സഹവാസം മീഡില്‍-അപ്പര്‍ ക്ലാസ് ആളുകളുമായാണ്. രാഷ്ട്രീയത്തില്‍ അവര്‍ ഇടതുപക്ഷ വിപ്ലവ രാഷ്ട്രീയം പറയുമ്പോഴും ജീവിതംകൊണ്ടും അവരുടെ ബന്ധങ്ങള്‍കൊണ്ടും പലരും എപ്പോഴും പെറ്റി ബൂർഷ്വാ തലത്തിലാണ്. നിങ്ങള്‍ എപ്പോഴാണ് പെറ്റിബൂര്‍ഷ്വാ ജീവിതശൈലി അവസാനിപ്പിക്കുന്നത്, അന്നേ നിങ്ങള്‍ക്ക് ശരിയായ മാര്‍ക്സിസ്റ്റുകളാകാന്‍ പറ്റുകയുള്ളൂ എന്നൊരു വിമർശനം ഉന്നയിക്കാറുണ്ടായിരുന്നു. പിന്നെ എന്തിനാണ് ഭരണകൂടത്തിന്റെയും പൊലീസിന്റെയും നോട്ടപ്പുള്ളിയാകുന്നത് എന്ന ഒരു ചിന്ത ഉടലെടുത്തു. അങ്ങനെ മനുഷ്യാവകാശ പ്രസ്ഥാനത്തോട് വിടപറയാന്‍ പ്രേരിപ്പിച്ചു.

ഏതാണ്ട് ഞാന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അതേ സന്ദര്‍ഭത്തില്‍തന്നെയാണ് ‘ഞാറ്റുവേല’യിലേക്ക് മാറുന്നത്. കുറച്ചുകൂടി ‘ഞാറ്റുവേല’യുടെ പ്രത്യേകതയെന്തെന്ന് പറഞ്ഞാല്‍ തനി തൊഴിലാളി വർഗ പശ്ചാത്തലത്തിലുള്ള ആളുകളാണ് ഞാറ്റുവേലയിലുള്ളത്. അതുകൊണ്ടുതന്നെ ജനകീയത കൂടുതലാണ്. രസം എന്നുെവച്ചാല്‍ കമ്യൂൺ ജീവിതംപോലത്തെ ഒരു ജീവിതം ഞാറ്റുവേലക്കാരുടെ അടുത്ത് ചെന്നാല്‍ കാണാന്‍ പറ്റുന്നുണ്ട്. കാരണം, എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് കിടന്നുറങ്ങുന്നു, ഒന്നിച്ച് യാത്രചെയ്യുന്നു. പണവും ചെലവും വ്യക്തിഗതമല്ല; എല്ലാം എല്ലാവർക്കുമുള്ളതാണ്.

എല്ലാവരുംകൂടി ഭയങ്കര സൗഹൃദവും അടുപ്പവും ഒക്കെയുള്ള ഒരു സംഘടനയാണ്. ഞാറ്റുവേല സംഘടനയില്‍ ഞാന്‍ സംതൃപ്തനാണ്. അതുകൊണ്ട് തന്നെ നമുക്കതിനോട് യോജിപ്പാണ്. കാരണം, ഞാറ്റുവേല സെക്രട്ടറി സ്വപ്‌നേഷ് ബാബു ഞങ്ങൾക്ക് ഒരു സഖാവ് മാത്രമല്ല വലിയൊരു ഫ്രണ്ട് കൂടിയാണ്. കുടുംബസുഹൃത്തുക്കള പോലെയാണ്. ഇങ്ങനെ പലപല മാനങ്ങളുമുണ്ട് ഞാറ്റുവേലക്ക്. അവിടെ എനിക്ക് കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന തോന്നലുണ്ടായിരുന്നു. ഞാനിതിലേക്ക് വരുമ്പോള്‍ ജനകീയ വിഷയങ്ങള്‍ പറയുന്ന നാടകങ്ങള്‍ ഉണ്ടാക്കുക, സംഘടനയെ കുറച്ചുകൂടി ജ്വലിപ്പിച്ചുനിര്‍ത്തുക ഇതൊക്കെയായിരുന്നു ദൗത്യം.

പിന്നീടാണ് ഞാറ്റുവേലക്ക് വേണ്ടി ഗാഡ്ഗിൽ റിപ്പോര്‍ട്ട് വേളയിൽ ഒരു നാടകം ചെയ്യാനുണ്ട് എന്ന് എം.എൻ. രാവുണ്ണി നിർദേശം തരുന്നത്. ഞാന്‍ റിപ്പോർട്ട് ഒന്ന് വായിച്ച് അതിനുവേണ്ടി ഒരു നാടകം ഉണ്ടാക്കുകയും ആ നാടകം കളിക്കുകയും ചെയ്തു. അങ്ങനെയുള്ള പ്രവര്‍ത്തനം മാത്രമാണ് ഞാന്‍ ചെയ്തത്. ഞാറ്റുവേല ഒരു സാംസ്‌കാരിക സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തനസജ്ജമാക്കേണ്ടതുണ്ട്. ‘പച്ചിലയും കുഞ്ഞാടുകളും’ എന്നായിരുന്നു ഗാഡ്ഗിൽ റിപ്പോര്‍ട്ട് പരാമര്‍ശിച്ചുള്ള നാടകം. അത് കേരളത്തിന്റെ എല്ലാ ഭാഗത്തും കളിക്കണമെന്നും ആ രാഷ്ട്രീയം, പ്രകൃതി-പരിസ്ഥിതി രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ, ഞാറ്റുവേലക്ക്​ അങ്ങനെയൊരു ദൗത്യമേറ്റെടുക്കാന്‍ എന്തൊക്കെയോ കാരണങ്ങള്‍മൂലം കഴിയാതെ വന്നു. ഞാറ്റുവേലയുടെ മൺസൂൺ നാടക ക്യാമ്പ് ഡയറക്ടറായി പ്രവർത്തിച്ചതും ഓർക്കുന്നു.

പി.ബി. പ്രശാന്ത്,മണർകാട്​ ശശികുമാർ,പി.കെ. വിജയൻ

പി.ബി. പ്രശാന്ത്,മണർകാട്​ ശശികുമാർ,പി.കെ. വിജയൻ

സംഘ്പരിവാറിന്റെ സദാചാര ഗുണ്ടകളായ ഹനുമാൻ സേനയുമായി കോഴിക്കോട്ട് സംഘടിപ്പിച്ച ചുംബനതെരുവ് സമരത്തിൽ കായികമായ ഏറ്റുമുട്ടൽ ഉണ്ടായി. ഫോർട്ട് കൊച്ചി കടപ്പുറത്തെ താലി ചുട്ടെരിക്കൽ സമരം എന്നിവ എടുത്തുപറയേണ്ട ഇടപെടലുകളാണ്. കവി എ.ബി. പ്രശാന്ത് എഴുതി പി.കെ. വിജയൻ ഈണമിട്ട ‘‘ഈ സ്വാതന്ത്ര്യം നുണയാണ്’’ എന്ന ഗാനം അയ്യായിരത്തോളം പ്രതികൾ അച്ചടിച്ച് വിതരണം ചെയ്തു. ആ പാട്ടിപ്പോൾ വിവിധ സമരമുഖങ്ങളിൽ ആലപിക്കപ്പെടാറുണ്ട്. മറ്റൊന്ന് തെരുവിൽനിന്നു സമാഹരിച്ച ജനങ്ങളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ അജിത് എം. പച്ചനാടന്റെ ‘ആഗോളീകരണ കാലത്തെ അടിയാള ക്രിസ്ത്യാനിക്ക് ജാരസന്തതിയുടെ സുവിശേഷം’ എന്ന കവിതാസമാഹാരവും ‘പ്രിയ ഞാൻ പറയുന്നത് നിനക്ക് കേൾക്കാൻ കഴിയുന്നുണ്ടോ?

നമ്മുടെ പാട്ടും പടവും പടക്കോപ്പും ഡിക്ടേറ്റർക്കു നേരെ തൊടുത്തുവെക്കുക’ എന്ന ലേഖനസമാഹാരവും ഞാറ്റുവേല പ്രസിദ്ധീകരിച്ചു. ഞാറ്റുവേല നയപ്രഖ്യാപന വേദിയിൽ കോഴിക്കോട് നളന്ദയിൽ അവതരിപ്പിച്ച സ്വപ്നേഷ് ബാബു എഴുതി സംവിധാനംചെയ്ത നാടകം ‘പിണറായി പാറപ്രത്തുനിന്നും’ എന്ന നാടകവും ഓർക്കുന്നു. പിന്നീട് വിവിധ കാരണങ്ങള്‍കൊണ്ട് ഞാറ്റുവേലയുടെ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങുകയുണ്ടായി. പല കാരണങ്ങളാൽ പ്രവർത്തനം മങ്ങിപ്പോവുന്ന സന്ദര്‍ഭം ഞാറ്റുവേലക്കുണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് ഞാൻ ഞാറ്റുവേല വിടുന്നത്.

നാടകം ചെയ്യാന്‍ മാത്രം ജീവിച്ചിരിക്കുന്ന ഒരാളായിരുന്നു ഞാന്‍. നാടകമല്ല എന്നെ കൈവിട്ടത് നാടക ഗ്രൂപ്പുകളാണ്. അതിന് കാരണം യഥാർഥത്തില്‍ ഞാന്‍ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയമാണെന്ന് ബോധ്യമായി. കാരണം, ഞാന്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലില്ല. മറ്റെന്തെങ്കിലും പ്രബലമായിട്ടുള്ള വ്യവസ്ഥാപിതമായ രാഷ്ട്രീയങ്ങളോടൊന്നും ബന്ധമില്ല. ഞാന്‍ ദലിത് രാഷ്ട്രീയ സംഘടനയിലുമില്ല. ഞാന്‍ പറയുന്ന ദലിത് രാഷ്ട്രീയമാകട്ടെ അത് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയമാണ്​. ആ പാര്‍ശ്വവത്കൃതരോടൊപ്പമാണ് എന്റെ യാത്ര. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ഇടങ്ങള്‍ വളരെ ചെറുതായിപ്പോയി.

എന്റെ ഇടത്തില്‍പെട്ടവര്‍ക്ക് ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ സംഘടനാ രൂപമില്ല. അതുകൊണ്ട് തന്നെ നാടകം ചെയ്യാന്‍ പറ്റുന്നില്ല. എങ്കിലും ഞാന്‍ നാടകം ചെയ്യണമെന്ന് ഇപ്പോഴും നിരന്തരം ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഉള്ളില്‍, ചെയ്യാന്‍ കഴിഞ്ഞതിനെക്കാള്‍ കൂടുതല്‍ ചെയ്യാതിരിക്കുന്ന നാടകങ്ങളും നാടകഘടനകളും ക്രാഫ്റ്റും സ്വപ്‌നങ്ങളുമുണ്ട്. അങ്ങനെ രാഷ്ട്രീയ പാര്‍ട്ടികളില്ലാത്ത ഞാന്‍ നാടകക്കാരനായിട്ടിരിക്കുമ്പോള്‍ പിന്‍ബലമില്ലാത്തതിന്റെ പേരില്‍ എനിക്ക് ഗ്രൂപ്പുകളില്ല, നാടകമില്ല. അപ്പോള്‍ ഞാന്‍ ആ അർഥത്തില്‍ സ്വാഭാവികമായും സാംസ്‌കാരികയിടങ്ങളില്‍നിന്നും സാമൂഹിക ഇടങ്ങളില്‍നിന്നും പുറത്തേക്ക് പോവുകയാണ് ചെയ്തത്. ആ പുറത്തേക്ക് പോക്കില്‍നിന്ന് ഞാന്‍ അനാഥത്വം അനുഭവിക്കുകയാണ്. ഈ അനാഥത്വം ഓവര്‍കം ചെയ്യാനായിട്ടുള്ള ഒരു ഇടം എന്നു പറഞ്ഞാല്‍ എന്റെ വീടാണ്. എന്റെ വീട് കൊച്ചിന്‍ കോർപറേഷനിലാണ്.

വലിയ വില കിട്ടുന്നൊരു ഭൂമിയാണ് എനിക്കുള്ളത്. അതുകൊണ്ട് എന്റെ അനാഥത്വം മാറ്റിയെടുക്കുന്നതിനുവേണ്ടി എന്തെങ്കിലും ഒരുകാര്യം നടത്താന്‍ കഴിയുമോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവിടെയും ഭൂസംബന്ധമായ ചില ഇഷ്യൂകള്‍ എന്റെ കൂടെയുണ്ട്. എനിക്ക് എവിടെയും നിലനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ പക്ഷേ നാടകം ചെയ്‌തേ പറ്റൂ എന്നുള്ളതുകൊണ്ട് തന്നെ ഞാന്‍ പുതിയ നാടകക്കാരെ, പുതിയ നാടകം ചെയ്യുന്ന ആളുകളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ –ഏറ്റവും നല്ല നാടകങ്ങൾ തൊട്ടടുത്തകാലത്ത് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

(ചിത്രങ്ങൾ: സജി പി. സുബ്രഹ്മുണ്യൻ)

News Summary - weekly culture biography