ആസ്പെക്ട് റേഷ്യോ -2
ജീവിതത്തിൽ അവിസ്മരണീയമായ നിമിഷങ്ങൾ ഒാരോരുത്തർക്കുമുണ്ട്. ‘പാഥേയം’ എന്ന സിനിമയിലേക്ക് ഒരു കാർ ഷൂട്ടിങ്ങിന് വിട്ടുകിട്ടുമോ എന്നറിയാൻ ഒരു ഡോക്ടറുടെ വീട്ടിലേക്ക് പോകുന്നതാണ് ഇൗ ഒാർമ. കഴിഞ്ഞ മാധ്യമം വാർഷികപ്പതിപ്പിൽ എഴുതിയ ഒാർമക്ക് മറ്റൊരു തുടർച്ച.
1993 മേയ്-ജൂണ്‍.
ലോകത്തുള്ള മുഴുവന്‍ കാറുകളിലും അത് നിര്‍മിച്ച കാലം മുതൽക്കുള്ളതില് ഒരെണ്ണം തന്റെ വീടിനു മുന്നില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ച ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹമൊരു ഡോക്ടറാണ്. നഗരത്തിലെ ഏറ്റവും മുന്തിയ മാനസികാരോഗ്യ ആശുപത്രിയുടെ തലവന്‍. അദ്ദേഹത്തിന്റെ പേരെഴുതിെവച്ച ബോര്‍ഡില്‍ നേടിയ ബിരുദങ്ങള്‍ അനവധി. ഞാന്‍ ആ ബോര്‍ഡിനു മുന്നില്‍ നിൽക്കുകയാണ്. ധാരാളം മരങ്ങള്‍ നിറഞ്ഞ് കാടുപോലെ തോന്നിക്കുന്നയിടത്ത് ബ്രഹ്മാണ്ഡംപോലെയൊരു വീട്. പഴയകാലത്തെ ഓട് മേഞ്ഞത്.
മുറ്റത്തേക്ക് ഇറക്കിയ ഒരു വരാന്ത അതിനൊരു ചാര്. ചരല്‍മണ്ണ് വിരിച്ച മുറ്റത്തുനിന്നു മൂന്നുപടി കയറി വേണം വരാന്തയിലെത്താന്‍. പക്ഷേ, ആ പടികള്‍ ഒരു ചെറിയ വിന്‍ഡോ ഗേറ്റ് െവച്ച് അടച്ചിട്ടുണ്ട്. അതുകൊണ്ട് അനുവാദം ഇല്ലാതെ ആര്‍ക്കും ആ വരാന്തയിലേക്കു പോലും കയറാനാവില്ല. വീട്ടുമുറ്റത്ത് നിറയെ പൂച്ചകളുണ്ട്. അവപോലും വരാന്തയുടെ ചുവട്ടിലെ തിണ്ണയിലേ കിടക്കൂ.
പൂച്ചകള്‍ക്ക് പല നിറങ്ങളുണ്ടായിരുന്നു. വെളുപ്പിനും കറുപ്പിനുമപ്പുറം ചാരനിറമുള്ളതും തവിട്ടു നിറമുള്ളതും പിന്നെ വേറെ ഒരിടത്തും കണ്ടിട്ടില്ലാത്ത ചുവന്ന രോമങ്ങള്‍ ശരീരത്ത് പലഭാഗത്തായിട്ടും വാലില്‍ തവിട്ടും കറുപ്പും വെളുപ്പും നിറങ്ങളായി ഒരെട്ടുപത്തു പൂച്ചകളുടെ ഒരു സംഘവും വരാന്തയില്‍ സര്‍ക്കസ് കൂടാരത്തിലെ മൃഗസദസ്സുപോലെ അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. ഒരു ബെല്ലടിച്ചിട്ട് ഞാന്‍ കാത്തുനിൽക്കാന് തുടങ്ങിയിട്ട് ആരും വന്നില്ലെങ്കിലും പൂച്ചകളുടെ സര്‍ക്കസ് എന്റെ ക്ഷമയില്ലായ്മയെ അകറ്റിക്കളഞ്ഞിരുന്നു.
ഞാന്‍ പതുക്കെ മുറ്റത്തേക്ക് ഒന്നിറങ്ങി. ചരല് നിറഞ്ഞ മുറ്റം. അതിനതിരിട്ടുകൊണ്ട് കുറ്റിമുല്ല. അതില്‍ നിറയെ തളിരിലകള്‍. തുമ്പികള്‍ അതിനുമുകളിലായി പറക്കുന്നുണ്ട്. ചാരനിറമുള്ള തുമ്പികള്‍ വൈകുന്നേരത്തെ വെയിലില്‍ വെള്ളിപോലെ തിളങ്ങി. അവയുടെ പറക്കല്‍ ഒരരഞ്ഞാണം വലിച്ചുകൊണ്ടുപോകുന്നതുപോലെ തോന്നിച്ചു. അവക്ക് പിന്നിലായി ഞാന്‍ മുറ്റത്ത് നടന്നു.
അപ്പോഴും ആരെങ്കിലും എന്റെ വരവ് അറിയുന്നുണ്ടാവുമോ എന്നറിയാനായി ഞാന്‍ തലതിരിച്ചു നോക്കിക്കൊണ്ടിരുന്നു. ആ വീട്ടില്‍ ഞാന്‍ കയറിയത് ആരെങ്കിലും കാണുകയോ ചോദിക്കുകയോ ചെയ്യുന്നില്ലെന്ന് ഓര്‍ത്ത് ഞാന്‍ തുമ്പികള്‍ക്ക് പിറകെ നീങ്ങി. തുമ്പികള്‍ പറന്നുചെന്നത് ഒരു വലിയ ആലയിലേക്കായിരുന്നു. മുകളില്‍ ടാര്‍പോളിന്‍കൊണ്ട് മൂടിയതും വശങ്ങളില് പച്ചനിറത്തിലുള്ള ഷീറ്റ് കൊണ്ട് പൊതിഞ്ഞതുമായ ഒരാല.
അതിനകത്ത് നിറയെ കാറുകളായിരുന്നു. മെർസിഡസ് 300 എസ്.എല്‍, ഷെവര്‍ലെ ബെല്‍ എയര്‍, ഫോര്‍ഡ് മസ്റ്റാങ്, പ്രീമിയര്‍ പത്മിനി, ഫിയറ്റ് ബെലയ്ല, ഡോഡ്ജ് ഷര്ഗര്, ഫോര്‍ഡ് തണ്ടര്‍ബേര്‍ഡ്, കാഡിലാക് എല്ഡൊരാഡൊ, ഫോര്‍ഡ് റോഡ്സ്റ്റേര്, വോക്സ്വാഗന്, ബീറ്റ്ല്‍, ഷെവര്‍ലെ കോര്‍വെറ്റെ, ഇമ്പാല, ബെന്റ്ലെ, വില്ലീസ് ജീപ്പ്. ഒാരോന്നും വൃത്തിയായും ഇപ്പോള്‍ ഷോറൂമില്‍നിന്നും ഇറക്കിക്കൊണ്ടുവന്നതുപോലെ സുന്ദരമായതുമായി സൂക്ഷിച്ചിരിക്കുന്ന ഇരുപത്തിയാറു കാറുകള്‍. ഓരോന്നിന്റെയും പേര് ഞാന്‍ വായിച്ചു. മുമ്പ് കേട്ടിട്ടുണ്ടെങ്കിലും അവയൊന്നുംതന്നെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.
കൈയിലൊരു കാമറയുണ്ടായിരുന്നുവെങ്കില് എല്ലാ കാറുകളുടെയും ഫോട്ടോ എടുക്കാമായിരുന്നു. ഇത്രയധികം പുരാതനവും ഗാംഭീര്യം നിറഞ്ഞതുമായ കാറുകളുടെ ഒരു ശേഖരം, ഒരു വിന്റേജ് മ്യൂസിയം, ഞാന്‍ ആദ്യമായി കാണുകയായിരുന്നു. ഇതില്‍ ഒരു കാര്‍ ആണ് എനിക്ക് വേണ്ടത്. അത് എന്റെ കൈയില്‍ വേണുവേട്ടന് തന്ന ഫോട്ടോയിലൂടെ ഞാന്‍ കണ്ടെത്തി. ഫിയറ്റ് ബെലയ്ല 1936. ഈ കാറാണ് പമേല റൂക്സിന്റെ ‘മിസ് ബെറ്റീസ് ചില്‍ഡ്രന്‍’ എന്ന സിനിമയില്‍ അഭിനയിച്ചത്. ഇതേ കാറുതന്നെയാണ് ഭരതേട്ടന് സംവിധാനം ചെയ്യുന്ന ‘പാഥേയം’ എന്ന സിനിമയിലേക്ക് വേണ്ടതും. ഈ കാറു ഷൂട്ടിങ്ങിനായി വിട്ടുകിട്ടുമോ എന്നറിയാനായിരുന്നു ഞാന്‍ ആ വീട്ടിലേക്ക് കയറിവന്നതും ബെല്ലടിച്ചതും.
ഗാരേജില്‍നിന്നും മടങ്ങി ഞാന്‍ വീടിന്റെ വരാന്തയില്‍ ചെന്ന് ഒന്നുകൂടി ബെല്ലമര്‍ത്തി. അന്നേരം വീടിന്റെ ഏതു ഭാഗത്ത് നിന്നെന്നറിയാതെ ഒരു ചെറുപ്പക്കാരന് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അങ്ങനെതന്നെയാണ് പറയേണ്ടത്. ഒരു വാതിലും തുറക്കാതെ ഒരു ദിശയില്നിന്നുമല്ലാതെ അയാള്‍ പൊട്ടിമുളക്കുകയായിരുന്നു. രണ്ടു കണ്ണുകളും രണ്ട് ദിശയിലേക്കായ അയാള്‍ എന്നെ നോക്കുകയാണെന്ന് ഞാന്‍ വിചാരിച്ചു. അയാളുടെ നോട്ടം എന്റെ നേരെയെന്ന് കരുതി ഞാന്‍ ചോദിച്ചു: ഡോക്ടറെ കാണാന്‍ വന്നതാ... വരാന്‍ പറഞ്ഞിരുന്നു. ഡോക്ടര്‍ എത്തിയിട്ടില്ലേ?..
ചെറുപ്പക്കാരന് എന്തോ ഒന്ന് പറഞ്ഞു. അതെനിക്ക് മനസ്സിലായില്ല. ഞാന്‍ വീണ്ടും ഡോക്ടര്‍ വരാന്‍ താമസിക്കുമോ എന്നാവര്‍ത്തിച്ചു. അയാള്‍ കൈ കാണിച്ച് എന്നെ ആലയുടെ മറുദിശയിലേക്ക് കൂട്ടി. ഞാന്‍ അയാള്‍ക്ക് പിന്നാലെ നടന്നു. വീടിന്റെ വരാന്തയും അതിനു തൊട്ടടുത്തായി കുറ്റിമുല്ല അതിരിട്ട് ഒരു ചെറു ഇടവഴിപോലെ. അതിലൂടെ അയാള്‍ക്ക് പിന്നില്‍. പെട്ടെന്ന് പൂച്ചകള്‍ ചാടിയിറങ്ങി അയാള്‍ക്ക് പിന്നാലെ, എന്നെയും അയാളെയും അകറ്റിനിർത്തിക്കൊണ്ട് ഒരു ജാഥപോലെ. വീടിന്റെ മറുഭാഗത്ത് വീട്ടില്‍നിന്നും വിട്ട് ഒരു മുറി. അയാള്‍ അതിനകത്തേക്ക് കയറി. ഞാന്‍ കയറാന്‍ തുടങ്ങിയതും അയാളെന്നെ തടഞ്ഞ് ഒരു ശബ്ദമുണ്ടാക്കി. ഇവിടെ നിന്നാല്‍ മതിയെന്നാണ് അയാള്‍ പറഞ്ഞത് എന്ന് ആംഗ്യംകൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞു.
അയാള്‍ അകത്ത് കയറി വേറെ ഒരു മുറിയുടെ വാതില്‍ തുറന്നു മറഞ്ഞു. അന്നേരം ഒരാണിന്റെ മുഴക്കമുള്ള ശബ്ദം ഞാന്‍ കേട്ടു. എനിക്ക് സമാധാനമായി, ഡോക്ടര്‍ അകത്തുണ്ട്. അദ്ദേഹം ആരുടെയോ രോഗവിവരം അന്വേഷിക്കുകയാണെന്ന് ഞാന്‍ മനസ്സില്‍ കരുതി. ഞാന്‍ പടിക്കെട്ടിനു താഴെ നിന്നു. തുറന്നിട്ട വാതിലിലൂടെ ഞാന്‍ അകത്തേക്ക് നോക്കി. അകത്തെ ആ മുറിയില്‍ അമ്പതിനടുത്ത് പ്രായമുള്ള ഒരു സ്ത്രീയും പത്തുപതിനേഴ് വയസ്സുള്ള ഒരു പയ്യനും ഇരിക്കുന്നുണ്ടായിരുന്നു. അവന് അവര്‍ക്ക് മുന്നിലെ ചെറുമേശയിലെ പുസ്തകങ്ങള്‍ വലിച്ച് താഴേക്കിടുകയും ആ സ്ത്രീ അതെടുത്ത് യഥാസ്ഥാനത്ത് വെക്കുകയും ചെയ്യുന്നത് ആവര്‍ത്തിച്ചു. ഇടക്ക് അവരെന്നെ നോക്കുന്നുണ്ടായിരുന്നു. എന്തോ അരുതാത്തത് ചെയ്യുന്നതുപോലെയൊരു ഭാവം അവരുടെ കണ്ണില്‍ കണ്ടു. ഞങ്ങളെ വഴക്കു പറയല്ലേ എന്നവര്‍ പറയാതെ പറയുന്നതുപോലെ.
ഞാനത് കാണണ്ടയെന്ന് കരുതി അവരുടെ കണ്‍വെട്ടത്തുനിന്നും മാറി. ചെറുപ്പക്കാരന് കയറിപ്പോയ വാതില്‍ എനിക്ക് കാണാവുന്ന രീതിയില്‍ ഞാന്‍ നിന്നു. പയ്യന് ഉച്ചത്തില്‍ എന്തോ പറയുന്നത് ഞാന്‍ കേട്ടു. അമ്മ അവനെ സമാധാനിപ്പിക്കുന്നു. അവര്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഒരുപാട് നേരമായി കാത്തിരിക്കുന്നതിന്റെ അസ്വസ്ഥത ആ പയ്യനുണ്ടെന്ന് അവന്റെ ശബ്ദത്തില്‍ വ്യക്തം. തിരിച്ചുപോകാമെന്ന് അവന് ഇടക്കിടക്ക് പറയുന്നു. ഇപ്പോ ആവും, ഇപ്പോ ആവും എന്ന് അമ്മ ആവര്‍ത്തിക്കുന്നുമുണ്ട്. അകത്തേക്ക് കയറിയ ചെറുപ്പക്കാരന് എന്താണ് വരാത്തതെന്ന ചിന്ത എന്നെയും അക്ഷമനാക്കി. അതുകൊണ്ട് തന്നെ പടികയറി ഞാന്‍ വാതിലിനടുത്ത് ചെന്ന് ആ അമ്മയെ നോക്കി.
‘‘അകത്തേക്ക് പോയ ആ ആള് ഇപ്പോ വരൊ...’’
ആ സ്ത്രീ എന്റെ ചോദ്യത്തിനു യാതൊരു മറുപടിയും വാക്കുകൊണ്ടോ ഭാവംകൊണ്ടോ കാണിച്ചില്ല. പയ്യന് എന്തോ ഉച്ചത്തില്‍ പറയാനാഞ്ഞതും അവര്‍ അവന്റെ വാ പൊത്തി. എന്നെ അവര്‍ തീര്‍ത്തും അവഗണിച്ചതുപോലെ എനിക്ക് തോന്നി.
ഞാന്‍ വീണ്ടും മുറ്റത്തേക്കിറങ്ങി നിന്നു. പൂച്ചകള്‍ ഇപ്പോള്‍ ഞങ്ങളിങ്ങോട്ടുവന്ന വഴിയില്‍ പ്രത്യക്ഷപ്പെട്ടു. അവയെന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു. അഞ്ചു പൂച്ചകള്‍. അവ എന്റെ കാലിനടുത്ത് വന്നു. പിന്നെ എന്നെ ചുറ്റിനടന്നു. പതുക്കെ അവ എന്റെ മുന്നില്‍ നിന്ന് മുന്നോട്ടായി നീങ്ങി. ഏറ്റവും മുന്നില്‍ പോകുന്നവന് ഒന്ന് തിരിഞ്ഞുനിന്ന് എന്നെ നോക്കി. എന്താ വരുന്നില്ലേ എന്ന് എന്നോട് ചോദിക്കുന്നതുപോലെയായിരുന്നു ആ നോട്ടം. ഞാന്‍ വാതിലിനടുത്തേക്ക് ചെന്നു കയറി നോക്കിയപ്പോള്‍ അകത്ത് ആ സ്ത്രീയെയും പയ്യനെയും കണ്ടില്ല. എനിക്ക് ഒട്ടൊരാശങ്ക തോന്നി. ഞാന്‍ വന്നപ്പോള്‍ ഡോക്ടര്‍ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. അവരാരും ഇറങ്ങിപ്പോകുന്നത് ഞാന്‍ കണ്ടില്ല. അല്ലെങ്കില്‍ ഡോക്ടര്‍ സംസാരിച്ചത് വീട്ടിലുള്ളവരോടായിരിക്കുമോ... അകത്തേക്ക് കയറിപ്പോയ ആ ചെറുപ്പക്കാരന് എന്താണ് പുറത്തേക്ക് വരാത്തത്..? ഞാന്‍ ഇവിടെതന്നെ കാത്തുനിന്നാല്‍ മതിയോ എന്നനവധി ചിന്തകള്‍ മനസ്സിലേക്ക് വന്നു.
പൂച്ചകള്‍ എന്റെ മുന്നില്‍നിന്നും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി കരഞ്ഞു. അവ അക്ഷമരായി എന്നെ വിളിക്കുകയാണെന്ന് എനിക്ക് തോന്നി. ഞാന്‍ പതുക്കെ കാല് നീട്ടിെവച്ചതും പൂച്ചകള്‍ മുന്നോട്ട് നടന്നു. ഞാന്‍ അവക്ക് പിന്നിലായും. വീടിന്റെ മുന്നിലെ വാതിലിനടുത്ത് ചെന്ന് കാത്തിരിക്കാം എന്നെനിക്ക് തോന്നി. പതുക്കെ വെളിച്ചം മാഞ്ഞുതുടങ്ങി. പുറത്തേക്ക് ആരും വരുന്നില്ലല്ലോ, ഡോക്ടറെ കാണാതെ മടങ്ങേണ്ടിവരുമോ എന്നൊരാധി എന്നെ മൂടി. ഞാന്‍ ഒന്നുകൂടി പുറത്തെ ബെല്ലടിച്ചു.
ബെല്‍ശബ്ദം ദൂരെയെവിടെയോ മുഴങ്ങി തിരിച്ചുവന്നു. ആരും വന്നില്ല. വാതില്‍ തുറന്നില്ല. ഞാന്‍ വീണ്ടും നേരത്തേ ചെന്നുനിന്ന തുറന്ന മുറിയുടെ ഭാഗത്തേക്ക് നടന്നു. അതിന്റെ വാതില്‍ അടച്ചിരുന്നു അപ്പോഴേക്കും. ആരെയും അവിടെ കണ്ടതുമില്ല.
അവിടെയിരുന്ന സ്ത്രീയും പയ്യനും ഏതുവഴിയിലൂടെയാണ് തിരിച്ചിറങ്ങിപ്പോയിരിക്കുകയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. വീടിനെ പതുക്കെ ഇരുട്ട് വിഴുങ്ങിത്തുടങ്ങിയിരുന്നു. മുമ്പ് കണ്ട പൂച്ചകളെ മുന്‍വശത്തെ വരാന്തയില്‍ ഇപ്പോള്‍ കാണാനുമില്ല. പെട്ടെന്ന് കാറുകള്‍ സൂക്ഷിക്കുന്ന ആലയിലും വീടിനു മുകളില്‍ മേഞ്ഞ ഓടിനുമീതെ വളഞ്ഞുനിൽക്കുന്ന ഒരു പൈപ്പിലും ബള്‍ബുകള്‍ കത്തി.
ഇനിയും ഇവിടെയിങ്ങനെ കാത്തിരിക്കുന്നതില്‍ അർഥമെന്ത് എന്നാലോചിച്ച് ഞാന്‍ വാതിലിനരികിലെ ബെല്ലില്‍ മൂന്നാലുവട്ടം അമര്‍ത്തി. ഒടുവില്‍ ആരും വന്ന് വാതില്‍ തുറക്കില്ലെന്ന് ഉറപ്പിച്ച് പടിയിറങ്ങിയതും പെട്ടെന്ന് വാതില്‍ തുറന്നു. അതൊരു സ്ത്രീ ആയിരുന്നു. തടിച്ച് വെളുത്ത് കാഴ്ചയില്‍ ഗാംഭീര്യം തോന്നിക്കുന്ന ഒരു സ്ത്രീ. വാതില്‍ തുറന്നതുകണ്ടതും ഞാന്‍ അവരുടെയടുത്തേക്ക് തിരിഞ്ഞുനിന്നു പടികയറാന്‍ ശ്രമിച്ചു. ആ നിമിഷം അവര്‍ പറഞ്ഞു: ഇന്നിനി ആരെയും കണ്‍സൽട്ട് ചെയ്യുന്നില്ല. പിന്നെ വിളിക്കൂ... എന്ന് പറഞ്ഞ് അവര്‍ വാതില്‍ അടച്ചു.
ഇനിയെന്ത് എന്നാലോചിച്ച് ഒരു നിമിഷത്തിനുശേഷം ഞാന്‍ തിരിച്ചുനടന്നു. പോകാന്‍ നേരം ഞാന്‍ കാറുകളുടെ അരികില്‍ ചെന്നു നിന്നു. ഇനി ആരോടാണ് ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുക എന്നൊരു വിചാരം എനിക്കുണ്ടായി. പുറത്ത് റോഡില്‍ എത്തിയതും മെന്റല്‍ ഹോസ്പിറ്റലിനു മുന്നിലെ വലിയ ഗേറ്റിനു മറുപുറത്തെ ടെലിഫോണ്‍ ബൂത്തില്‍ കയറി ഞാന്‍ ‘പാഥേയം’ സിനിമയുടെ നിര്‍മാതാവ് ജയകുമാറേട്ടനെ വിളിച്ചു.
–‘‘ചേട്ടാ വേണുവേട്ടന് പറഞ്ഞ ഡോക്ടറുടെ വീട്ടില്‍ പോയിരുന്നു, കാണാന്‍ കഴിഞ്ഞില്ല...’’
‘‘അതെന്ത്...’’
–‘‘ശരിക്കും ഒരു മെന്റലോസ്പിറ്റലില്പെട്ടപോലെ ആയിരുന്നു അത്. ഒരുതരം രാവണന് കോട്ട... കുറേ കാറൊക്കെയുണ്ട്. അത് കിട്ടണംച്ചാ കൊറച്ച് മെനക്കെടേണ്ടി വരും...’’
–‘‘നാളെ ഒന്നുകൂടി ശ്രമിക്കൂ... ഭരതേട്ടനാ കാര്‍ കിട്ടിയാല്‍ നന്നാവുംന്നാ പറഞ്ഞത്. അധികമൊന്നും ഓടിക്കില്ലാ എന്ന് പറഞ്ഞോളൂ... നെടുമുടിയുടെ വീട്ടിനു മുന്നില്‍ ആ കാര്‍ കിടക്കും, ആരെങ്കിലും ഇമ്പോര്‍ട്ടന്റ് ഗസ്റ്റ് വന്നാ ഒന്ന് കയറ്റി ഒരു റൗണ്ട് ഓടിക്കും. അത്രയേ വേണ്ടൂ എന്ന് ഡോക്ടറോട് പറയണം. മധു എങ്ങനെയെങ്കിലും അതൊന്ന് ശരിയാക്ക്. ഭരതേട്ടന് അതിലൊരു ക്രെയ്സ് കണ്ടിട്ടുണ്ട്...’’
–ശ്രമിക്കാം. ആ ഡോക്ടറുടെ രീതി എന്താന്ന് ഒരു പിടിയും കിട്ടുന്നില്ല. അവിടെ ഇള്ളോരേം മനസ്സിലാവിണില്ല...
–നാളെ വിളിക്കുമ്പോ ഒരു പോസിറ്റീവ് റിപ്ലേ ഉണ്ടാക്കാന്‍ പറ്റ്വോന്ന് നോക്കൂ...
രാവിലെ ഞാന്‍ ആശുപത്രിയിലെ നമ്പറില്‍ ഡോക്ടറെ വിളിച്ചു.
‘‘ഹളോ...’’
‘‘സര്, ഞാന്‍ മധുപാലാണ്... ഇന്നലെ ഡോക്ടര്‍ പറഞ്ഞിട്ട് ഞാന്‍ കാണാന്‍ വന്നിരുന്നു...’’
‘‘പറയൂ മധുപാല്‍... എന്താണ് കാര്യം..?’’
‘‘ഡോക്ടര്‍, ഷൂട്ടിന്റെ കാര്യത്തിനായി ഡോക്ടറുടെ ഒരു കാര്‍ വേണമെന്ന് വിളിച്ച് പറഞ്ഞിരുന്നു. അപ്പോള്‍ ഡോക്ടര്‍ സംസാരിക്കാന്‍വേണ്ടി ഇന്നലെ വന്നോളാന്‍ പറഞ്ഞിരുന്നു. ഇന്നലെ ഞാന്‍ ഡോക്ടറുടെ വീട്ടില്‍ വന്നിരുന്നു...’’
‘‘എപ്പോള്‍... ഞാന്‍ അവിടെ ഉണ്ടായിരുന്നല്ലോ... ആകെ രണ്ട് പേഷ്യന്റ്സ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ... മധുപാല്‍ വന്നില്ലല്ലോ...’’
‘‘സാര്‍ ഇന്നു ഞാന്‍ വന്നോട്ടേ... എനിക്ക് സാറിനെ കാണണം... ഒരു തീരുമാനം ഭരതേട്ടനോട് പറയണം...’’
‘‘ആരാണ് ഭരതന്... അദ്ദേഹത്തോട് എന്ത് തീരുമാനമാണ് പറയേണ്ടത്..?’’
‘‘ഭരതേട്ടന് സംവിധായകനാണ്... മൂപ്പരോട് കാറിന്റെ കാര്യം പറയണം... ഇംഗ്ലീഷ് പടത്തില്‍ ഉപയോഗിച്ച ഒരു കാര്‍ സാറിന്റെ ആയിരുന്നല്ലോ, അത് ഞങ്ങടെ ഒരു മലയാള പടത്തില്‍ ഉപയോഗിക്കാന്‍വേണ്ടി ചോദിച്ചിരുന്നു. ഇംഗ്ലീഷ് പടത്തിന്റെ ക്യാമറാമാന് വേണുവേട്ടനാണ് സാറിന്റെ നമ്പര്‍ തന്നത്...’’
‘‘ഓ... വേണു... ഹീ ഈസ് മൈ ഫ്രന്റ്... മധുപാല്‍ വൈകുന്നേരം വീട്ടിലേക്ക് വന്നോളൂ... വീട് അറിയാമല്ലോ... സെൻട്രല്‍ സ്കൂള്‍ ഗ്രൗണ്ടിന്റെ സൈഡിലെ റോഡില്‍ ആദ്യം കാണുന്ന വലിയ ഗെയ്റ്റ്...’’
‘‘അറിയാം സാര്‍... എത്ര മണിക്ക് വരണം സാര്‍...’’
‘‘കൃത്യം ഒരു ഫോര്‍ തര്ട്ടിക്ക് വന്നോളൂ... ഞാന്‍ ഉണ്ടാവും... വീടിന്റെ ലെഫ്റ്റ് സൈഡില്‍ എന്റെ കണ്‍സൽറ്റിങ് റൂം ഉണ്ട്. അങ്ങോട്ട് വന്നാല്‍ മതി...’’
പിന്നെ ഒന്നും പറയാതെ ഫോണ്‍ ഹാങ് ആയി.
ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. ഞാന്‍ വൈകുന്നേരം നാലരമണിക്കു തന്നെ ഡോക്ടറുടെ വീടെത്തി. കണ്‍സൽട്ടിങ് റൂം തുറന്നുകിടക്കുന്നു. എത്തിയ വിവരം അറിയിക്കുവാന്‍ അവിടെ ബെല്‍ വല്ലതുമുണ്ടോയെന്ന് നോക്കി. ഒന്നും കാണാത്തതുകൊണ്ട് വാതിലില്‍ മുട്ടി, അന്നേരം അകത്ത് നിന്നും കമിന് എന്നൊരു മുഴക്കം കേട്ടു. ഞാന്‍ വാതില്‍ തുറന്നു. അകത്ത് ഡോക്ടര്‍ ഇരിക്കുന്നു. അരോഗദൃഢഗാത്രന്‍, തിളക്കമുള്ള മുഖം. വേണ്ടി വന്നാല്‍ ഒരു സിനിമയില്‍ ഒക്കെ അഭിനയിപ്പിക്കാന്‍ ഉതകുന്നത്. ഞാന്‍ അപരിചിതത്വമില്ലാതെ അകത്ത് ഡോക്ടറുടെ മുന്നിലെ കസേരയിലിരിക്കുവാന്‍ തുനിഞ്ഞു.
ആ നിമിഷംതന്നെ ഡോക്ടറുടെ ചോദ്യം: ‘‘ആരാ...?’’
ഞാന്‍ ഒന്നു പതറി. ഇരിക്കാന്‍ നീക്കിയ കസേരയിൽനിന്നും പിടി വിട്ടു. ‘‘സോറി ഡോക്ടര്‍... വരാന്‍ പറഞ്ഞിരുന്നു, മധുപാല്‍...’’
‘‘യെസ്... ഇരിക്കൂ...’’
ഞാന്‍ ഇരുന്നു.
‘‘മിസ്റ്റര്‍ മധുപാലിനു എന്താണ് വേണ്ടത്...’’
ഞാന്‍ വേണുവേട്ടന് തന്ന കാറിന്റെ ഫോട്ടോ കാണിച്ചു. ഡോക്ടര്‍ അത് വാങ്ങി നോക്കി.
‘‘ഓ ഈ കാര്‍ ഇതെന്റെ ഫേവറിറ്റ് ആണ്... ഇടക്ക് വല്ലപ്പോഴും ഞാന്‍ നഗരത്തിലേക്ക് ഓടിക്കാറുണ്ട്. പക്ഷേ നമ്മുടെ റോഡുകളൊന്നും ഇപ്പോള്‍ ഒട്ടും വെഹിക്ക്ള്‍ ഫ്രന്റിലി അല്ല. ഈ കാര്‍ ഞാന്‍ പാലസില്‍നിന്നും വാങ്ങിയതാണ്. ഒരുപാട് എമിനന്റ്സ് സഞ്ചരിച്ച കാര്‍... മിസ്റ്റര്‍ മധുപാല്‍ ഇത് വാങ്ങാന്‍ ഉദ്ദേശിക്കുകയാണോ... നെവര്‍... ഞാനിത് വിൽക്കില്ല...’’
‘‘സാര്‍ ഇതൊരു ഷൂട്ടിങ് പര്പ്പസിനുവേണ്ടി ചോദിക്കുകയാണ്... ഞങ്ങള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. മമ്മൂട്ടി സാര്‍ ആണ് ഹീറോ. നെടുമുടി വേണു, ഭരത് ഗോപി ഒക്കെയുണ്ട്. നെടുമുടി സാറിന്റെ വീടിന്റെ പോര്‍ട്ടിക്കോയില്‍ വെറുതെ ഒരു അലങ്കാരത്തിന് ഇടാന്‍ വേണ്ടിയാണ് ഈ കാര്‍ ഉപയോഗിക്കുന്നത്... ജസ്റ്റ് ഒരു ഷോ പീസ്... അങ്ങനെ ഓടിക്കുകയൊന്നുമില്ല. ഏതെങ്കിലും ഒരു സീനില്‍ ചിലപ്പോള്‍ വേണ്ടിവന്നാല്‍ ആ ബംഗ്ലാവിന്റെ ഗാര്‍ഡനില്‍ ചിലപ്പോള്‍ മാത്രം ഒരു റൗണ്ട് എടുത്തേക്കും.... പറയുമ്പോള്‍ സാറിനോട് എല്ലാം പറയണമല്ലോ...’’
ആ നേരം ഡോക്ടര്‍ക്ക് ഒരു ഫോണ്‍ വന്നു. ജസ്റ്റ് എ മിനിറ്റ് എന്നു പറഞ്ഞ് അദ്ദേഹം ഫോണെടുത്തു. അപ്പുറത്ത് ആരോ ഒരാളുടെ മെന്റല്‍ കണ്ടീഷന്സിനെക്കുറിച്ച് അന്വേഷിക്കുകയും അടുത്ത ദിവസം കാണിക്കുവാന്‍ കൊണ്ടുവരണമെന്നും പിന്നെ അതുവേണ്ട, ചില മരുന്നുകള്‍ കഴിച്ചിട്ട് കൊണ്ടുവന്നാല്‍ മതിയെന്നും അതിനനുസരിച്ച് തീരുമാനം എടുക്കാമെന്നും വിളിച്ച ആളെ കരയരുത് എന്നൊക്കെ പറഞ്ഞ് കുറെ സമാധാനിപ്പിച്ച് ഫോണ്‍ െവച്ചു. എന്നിട്ട് എനിക്ക് നേരെ തിരിഞ്ഞു. ‘‘പറയൂ, മധുപാലിന് എന്താ വേണ്ടത്...?’’
‘‘സാര്‍ ബെലയ്ല ഫിയറ്റ് 1936 കാര്‍...’’
‘‘മിസ്റ്റര്‍ മധുപാല്‍ ആ കാര്‍ കണ്ടിട്ടുണ്ടോ...’’
‘‘യെസ് ഡോക്ടര്‍, ഇന്നലെ ഇവിടെ വന്നപ്പോള്‍ ഞാന്‍ ആ കാറുകളുടെ ഗാരേജ് കണ്ടിരുന്നു. എല്ലാം ഇപ്പോ ഷോറൂമില്നിന്നിറക്കിയപോലെ...’’
‘‘യെസ് അതാണ്... അതുകൊണ്ടുതന്നെയാണ് ഞാന്‍ അതിനകത്തേക്ക് ആരെയും കയറ്റാത്തത്... പിന്നെ നിങ്ങള്‍ എങ്ങനെ അതിനകത്ത് കയറി...’’
‘‘ഇല്ല സാര്‍, ഞാന്‍ ഗാരേജിനു പുറത്ത് നിന്നാണ് അതൊക്കെ കണ്ടത്... അതിന്റെ ഗ്ലാസ് ഡോര്‍ തുറന്നതേയില്ല സാര്‍...’’
‘‘ഗുഡ്... അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ നിങ്ങളോട് സംസാരിക്കില്ലായിരുന്നു...’’
ഞാന്‍ ഒന്നു ചിരിച്ചു. പിന്നെ അൽപനേരം എന്നെ തന്നെ നോക്കിയിരുന്നു. കാറുകളുടെ ഒരു ആൽബം എനിക്ക് നേരെ കാണിച്ചു. ലോകത്തുള്ള പല കാറുകളുടെയും വിശദമായ വിവരണമുള്ള ഒരാൽബം. ഞാനത് മറിച്ചുനോക്കി. അതിനിടയില്‍ ഡോക്ടര്‍ ആരെയോ വിളിക്കാനായി ഫോണിന്റെ ഡയല് കറക്കി. അപ്പുറത്ത് ആരോ എടുത്തു. അയാളോട് ബാക്ക് യാര്‍ഡ് തുറന്നിടാന്‍ നിർദേശം കൊടുത്തു. ഫോണ്‍ െവച്ചതും എന്നോട് പറഞ്ഞു: ‘‘മിസ്റ്റര്‍ മധുപാല്‍ പ്ലീസ്...ഐ കാന്‍ ഷോ യൂ സംതിങ്... കം...’’
ഡോക്ടര്‍ക്കൊപ്പം ഞാന്‍ എഴുന്നേറ്റു. അദ്ദേഹം ഇരുന്നിരുന്ന ഭാഗത്ത് ഒരു കര്ട്ടന് മാറ്റി. അവിടെ ഒരു വാതില്‍. അത് തുറന്ന് അപ്പുറത്തേക്ക് കയറി. പിറകെ ഞാനും. അതൊരു ഇടനാഴിയിലേക്കായിരുന്നു. ചെറിയ വെളിച്ചം മാത്രം. ആ ഇടനാഴിക്കപ്പുറത്ത് ഒരു വാതില്‍, അത് തുറന്ന് വിശാലമായ ഒരു ഹാളിലേക്ക്. അതിനകത്ത് നിറയെ പഴയകാലത്തെ കൊട്ടാരങ്ങളിലൊക്കെ കാണുന്നതും കുഞ്ചാക്കോ സിനിമകളില്‍ കണ്ടിരുന്ന രാജകീയ സിംഹാസനങ്ങളും ഇരിപ്പിടങ്ങളും കൃത്യമായി ഒരു രാജസദസ്സുപോലെ ഒരുക്കിയിരുന്നു. ആ ഹാളില്‍ എവിടെ നിന്നെന്നറിയാതെ സിത്താറും തബലയും ചേര്‍ന്ന സംഗീതം കേള്‍ക്കാം. ഞാനത് ശ്രദ്ധിച്ചു എന്നു കണ്ടതും ഡോക്ടര്‍ പറഞ്ഞു: ഇത് ബുദ്ധാദിത്യ മുഖര്‍ജിയുടെ കണ്സെർട്ടാണ്... രാഗ് ദര്‍ബാരി... ഈ ഹാളില്‍ ഇതെപ്പോഴും ഉണ്ടാവും...
ഹാളില്‍നിന്നും ഡോക്ടര്‍ പുറത്തേക്ക് നീങ്ങി. അവിടെ ഒരു ഭാഗത്ത് കുറെ രാജകീയവും അലങ്കാരങ്ങള്‍ ഉള്ളതുമായ കസേരകളും വലിയ തീന്മേശകളും ചെറുമേശകളും ഉണ്ടായിരുന്നു. ചിലതെല്ലാറ്റിന്റെയും കാലുകളും മുകള്‍ഭാഗത്ത് ചിലയിടങ്ങള്‍ അടർന്നുപോയതുമായിരുന്നു. ഏതോ ആശാരിമാര് വന്ന് അതൊക്കെ നന്നാക്കുന്നുണ്ട് എന്നും കാണാമായിരുന്നു.
‘‘സാര്‍ ഇത് എവിടെയെങ്കിലും എക്സിബിഷനു കൊടുക്കാറുണ്ടോ... എല്ലാം ഇങ്ങനെ പെര്‍ഫക്റ്റ് ആക്കിവക്കുന്നു...’’
‘‘ദിസ് ഇസ് മൈ പാഷന് മിസ്റ്റര്‍ മധുപാല്‍... ആന്റിക് സൂക്ഷിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇതൊന്നും ഞാന്‍ ഉണ്ടാക്കിയതല്ല. ആരോ ഒരിക്കല്‍ നിർമിച്ചത്. അതെല്ലാം ഇന്നും കേടുവരാതെ സൂക്ഷിക്കുന്ന ഒരു കസ്റ്റോഡിയന്‍ മാത്രമാണ് ഞാന്‍... പൂർവകാലം മറന്ന് നമുക്കൊരു ജീവിതം ഉണ്ടാകരുത്. മനസ്സില്‍ എല്ലാം കാണാനും കേള്‍ക്കാനും അതൊക്കെ സൂക്ഷിച്ചുെവക്കുവാനും നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ നമുക്ക് ജീവിക്കാനാവൂ. ഒരിക്കലും ഓര്‍ക്കരുതേ എന്നു കരുതുന്ന വൃത്തികെട്ട അനുഭവങ്ങളെ മാത്രം നാം മറന്നു കളയണം. ഇല്ലെങ്കില്‍ അശുഭചിന്തകള്‍ നമ്മളുടെ ജീവിതം ഇല്ലാതാക്കും...’’
ഡോക്ടറുടെ പ്രഭാഷണത്തിനു കാതോര്‍ത്ത് ഞാന്‍ അദ്ദേഹത്തിനു പിന്നിലായി നടന്നുകയറിയത് മറ്റൊരു ഇടനാഴിയിലേക്ക് തന്നെയായിരുന്നു. ചുമരു നിറയെ വാള് ലൈറ്റ്സ് ഘടിപ്പിച്ചതുകൊണ്ടുതന്നെ സൂര്യവെളിച്ചംപോലെ പ്രകാശം. ചുവരില്‍ പല ദേശത്തുനിന്നുള്ള ക്ലോക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു. അവയില്‍നിന്നും നിര്‍ത്താതെയുള്ള ബെല്ശബ്ദവും സംഗീതവും. ഏതെല്ലാമോ സമയങ്ങളില്‍ അവ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സമയമെന്നത് ആരുടെയും കൈപ്പിടിയിലല്ല എന്ന് ഡോക്ടര്‍ എന്റെ ചെവിക്കരികെ പറഞ്ഞതുപോലെ എനിക്ക് തോന്നി. അതൊരു നെടുനീളന്‍ ഇടനാഴിയായിരുന്നു. ശബ്ദം കേട്ട് അതില്‍നിന്നു രക്ഷപ്പെടാനാണ് എനിക്ക് തോന്നിയത്. ക്ലോക്കുകളുടെ നിര അവസാനിക്കുന്നേയില്ല. ലോകത്ത് കണ്ടിരുന്ന പല വാള് ക്ലോക്കുകളുടെയും അപൂർവ ശേഖരത്തിന്റെ ചുവര് അവസാനിപ്പിക്കുന്നതിനു മുന്നെ ഇടനാഴിയുടെ ഒരു വളവിനടുത്തുള്ള മറ്റൊരു വാതിലിലൂടെ ഡോക്ടര്‍ നടന്നു. പിന്നില്‍ ഇടനാഴിയില്‍ ക്ലോക്കുകള്‍ മണി മുഴക്കിക്കൊണ്ടേയിരുന്നു.
ആ വാതില്‍ തുറന്നു കയറിയത് ഒരു നടുമുറ്റത്തേക്കായിരുന്നു. അതില്‍ നിറയെ പലനിറത്തിലുള്ള റോസാപുഷ്പങ്ങള്‍ വിടര്‍ന്ന് നിൽക്കുന്ന മണ്‍ചട്ടികള്‍. പനിനീര്‍പ്പൂക്കളുടെ ഒരു പൂങ്കാവനം. ആ നടുമുറ്റവും അതിന്റെ ചുറ്റുമുള്ള വരാന്തയിലൂടെയും നടന്നുപോകുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ഇതൊന്നും എന്റെയല്ല. ഇതിന്റെ കസ്റ്റോഡിയന്‍ എന്റെ വാമഭാഗമാണ്. അവര്‍ക്ക് ഒരുപാട് സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. നടുമുറ്റത്തെ വരാന്തയിലെ ചുവരില്‍ ഗംഭീരമായ ഒരലമാരയില് ആ സമ്മാനങ്ങളൊക്കെ നിരത്തിെവച്ചിരുന്നു. പൂക്കളുടെ സുഗന്ധം അവിടത്തെ കാറ്റിലുണ്ടായിരുന്നു.
ഇരുള് നിറഞ്ഞതും വെളിച്ചമുള്ളതുമായ ഇടനാഴികളും മുറികളും കടന്നുപോകുമ്പോള്‍ ഒരു മുറിയില്‍ ജാസ് സംഗീതം കേട്ട് ഞാന്‍ ആ മുറിയുടെ വാതിലിലൊന്ന് തൊട്ടു തള്ളി. ഒരു പൂ വിടരുന്നതുപോലെ ആ വാതില്‍ തുറന്നു. അകത്ത് നീലവെളിച്ചം. മുറിയുടെ നടുവില്‍ കൊതുകുവലയാല് അലംകൃതമായ ഒരു കട്ടില്. കൊതുകുവലയുടെ നൂലില്‍ നീലവെളിച്ചം മിന്നുന്നു. ആരും മുമ്പ് കിടന്നിട്ടില്ലാത്തപോലെ കട്ടില് അത്രമേല്‍ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഒരു അതിഥി വരുമെന്ന പ്രതീക്ഷ ആ കട്ടിലിനുള്ളതുപോലെ പോപുലര്‍ സംഗീതത്തിന്റെ അലകള്‍ അതുറപ്പിക്കുന്നു.
ആരും ആ സംഗീതം അവസാനിപ്പിക്കുകയില്ല എന്നാ മുറി നമ്മളോട് പറയുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ സങ്കടത്തിന്റെ സ്വരംപോലെ സംഗീതത്തിന്റെ നിലയില്ലാക്കയങ്ങളില്നിന്നും ഉടലെടുത്ത പ്രത്യേക ഈണം, ഇത് മകന്റെ മുറിയാണെന്ന് ഡോക്ടര്‍ പറഞ്ഞു. അവന് വരുമ്പോള്‍ മാത്രം തുറക്കുന്ന മുറി. അതിനും രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ആ വീട്ടിലെ പല മുറികള്‍ക്കും കയറാനും ഇറങ്ങിപ്പോകാനും പല വാതിലുകള്‍ ഞാന്‍ കണ്ടു. പൗരാണിക കാലത്തെ വീടുകള്‍ എപ്പോഴും സ്വകാര്യതയേക്കാള്‍ കൂടുതല്‍ എല്ലാവരും ഒന്നിച്ച് എന്ന ഒരു ചിന്തയോടെ കഴിഞ്ഞിരുന്നു എന്നുറപ്പിക്കുകയായിരുന്നു. ഏതെല്ലാമോ വഴികളിലൂടെ നടന്ന് ഞങ്ങള്‍ വന്നുകയറിയത് ഡോക്ടറുടെ സന്ദര്‍ശകമുറിയിലേക്ക് തന്നെയായിരുന്നു.
‘‘ഇരിക്കൂ...’’
ഇക്കണ്ട കാഴ്ചയൊക്കെ ഇങ്ങനെയൊരു വീട്ടില്‍ ഒരു മനശ്ശാസ്ത്രവിദഗ്ധന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതിനൊരുപാട് കാലത്തെ പ്രയത്നവും വകയിരുത്തലുമൊക്കെ ഉണ്ടായതും ഒരത്ഭുതം കാണുന്നതുപോലെ ഞാനറിഞ്ഞു. ഇനിയെന്തു പറഞ്ഞാണ് ഞാന്‍ ഡോക്ടറോട് കാര്യങ്ങള്‍ തുടങ്ങേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. കാരണം, ഈ വീട്ടിലെ പുരാവസ്തുക്കൾ മറ്റൊരാളുടെ ഗാലറിയിലേക്കോ ആരുടെയെങ്കിലും സ്വകാര്യ ആസ്തിയിലേക്കോ മാറ്റുകയില്ലെന്ന് എനിക്ക് ഉറപ്പായി. വേണുവേട്ടന് ഡോക്ടറുടെ സുഹൃത്തായതുകൊണ്ട് മാത്രമാവും ആ കാര്‍ ഷൂട്ടിങ്ങിനു കൊടുത്തത്. എന്നാല്‍, എന്റെ ഗ്രൂപ്പിന് അങ്ങനെയൊരു സൗഹൃദം ഇല്ലാത്തതുകൊണ്ടുതന്നെ കാര്‍ കിട്ടാന്‍ സാധ്യതയുണ്ടോയെന്ന് എനിക്ക് ഒട്ടും ഉറപ്പിക്കുവാന്‍ കഴിഞ്ഞില്ല.
നടക്കാന്‍ സാധ്യതയില്ലാത്തത് എന്ന് ജയകുമാറേട്ടനോട് പറയാമെന്ന് കരുതി ഞാന്‍ എഴുന്നേൽക്കാന് തുനിഞ്ഞു. അതറിഞ്ഞിട്ടെന്നപോലെ ഡോക്ടര്‍ ഇരിക്കാന്‍ എന്നോട് കൈ കാണിച്ചു. ഇനിയെന്തിനാണ് ഞാനിവിടെ ഇരിക്കുന്നതെന്ന് സങ്കടപ്പെട്ടു. ഒരു നല്ല സിനിമയുടെ ഭാഗമാകുവാന്‍ സാധിക്കുന്നതും അതിനായി ചില ജോലികള്‍ ഏൽപിക്കുന്നതും അത് നടത്തിയെടുക്കുമ്പോള്‍ എനിക്ക് അവിടെയൊരു ഇരിപ്പിടം കിട്ടുന്നതും എന്റെ ഭാവിക്ക് ഗുണകരമാവുന്നതെന്നു ഞാന്‍ കരുതിയെങ്കിലും ഡോക്ടറുടെയടുത്ത് ഞാന്‍ എത്തിയത് വൃഥാവിലാവുമെന്ന് എന്റെ മനസ്സ് പറഞ്ഞു. ഭരതേട്ടനെപ്പോലെ ലോകമംഗീകരിക്കുന്ന ഒരു ചലച്ചിത്രകാരന്റെയൊപ്പം കൂടാന്‍ കഴിയുന്നത് ഒരു ഭാഗ്യമെന്ന് വിചാരിക്കുന്നത് അവസാനിക്കുന്നു. ഡോക്ടര്‍ എന്ത് പറയുമെന്നറിയാനായി ഞാന്‍ കാത്തിരുന്നു.
‘‘മിസ്റ്റര്‍ മധുപാല്‍ ഇവിടെ കണ്ടതൊക്കെ എന്റെ സ്വകാര്യാഹങ്കാരമാണ്. ആരെയും കാണിക്കുവാനോ ഏതെങ്കിലും ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, മിസ്റ്റര്‍ മധുപാലിനെ കണ്ടപ്പോള്‍ നിങ്ങളുടെ ആവശ്യം അംഗീകരിക്കാമെന്ന് എനിക്ക് തോന്നുന്നു. ആയതിനാല്‍ കാര്‍ ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരാം. എന്നാല്‍, അതെങ്ങനെയാണ് നിങ്ങള്‍ കൊണ്ടുപോകുന്നതെന്നും തിരിച്ചുകൊണ്ടുവരുന്നതുവരെ അതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കുമെന്നും എനിക്ക് ഒരു എഗ്രിമെന്റ് സൈന്‍ ചെയ്ത് തരണം.’’
അതു കേട്ടതും എനിക്കാശ്വാസമായി. കാര്‍ ഷൂട്ടിനു കിട്ടുമല്ലോ. എത്രയും പെട്ടെന്ന് ജയകുമാറേട്ടനെ വിളിച്ചു പറയാന്‍ ഞാന്‍ ഡോക്ടറുടെ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് തടഞ്ഞുകൊണ്ട് ഡോക്ടര്‍ പറഞ്ഞു: മിസ്റ്റര്‍ മധുപാല്‍, ഞാന്‍ മുഴുവനും പറഞ്ഞുതീര്‍ന്നില്ല...
‘‘സാറു പറയുന്ന കണ്ടീഷന്‍സൊക്കെ െവച്ച് എഗ്രിമെന്റ് സൈന്‍ ചെയ്തുതന്നാല്‍ പോരേ..? അത് ചെയ്യാം സാര്‍.’’
‘‘എന്റെ കണ്ടീഷന്‍സൊക്കെ ഞാന്‍ പറഞ്ഞുതീര്‍ന്നില്ലല്ലോ...’’
‘‘ഇനിയെന്താണ് സാര്‍...’’ ഒട്ടൊരാധിയോടെ ഞാന്‍ ചോദിച്ചു.
‘‘നമ്പര്‍ വണ്‍, കൊണ്ടുപോകുന്ന കാര്‍ അമ്പതു ലക്ഷത്തിനു ഇന്‍ഷുർ ചെയ്യണം. നമ്പര്‍ ടു, കാര്‍ ഇവിടെനിന്നും ഓടിച്ചുകൊണ്ടു പോകുവാന്‍ പാടില്ല. അത് കൃത്യമായി ട്രാന്‍സ്പോര്‍ട്ട് ചെയ്യണം. യൂ കാന്‍ യൂസ് എ ലോറി. നമ്പര്‍ ത്രീ, കാറിനൊപ്പം എന്റെ മൂന്നുപേര്‍ അങ്ങോട്ട് വരും. അവരുടെ എല്ലാ കാര്യവും ഈ കാര്‍ ഉപയോഗിച്ച് തിരിച്ചെത്തുന്നതുവരെ നിങ്ങള്‍ ഏൽക്കണം. നമ്പര്‍ ഫോര്‍, അവിടെ അതായത് നിങ്ങളുടെ പ്രെമിസിസില് കാര്‍ ഓടിക്കുന്നുവെങ്കില്‍ അത് എന്റെ ഡ്രൈവര്‍ ആയിരിക്കും. ആയതിന് അയാളെ നിങ്ങള്‍ക്ക് അഭിനയിപ്പിക്കാം ആസ് എ ഡ്രൈവര്‍. അതിന് അയാള്‍ക്ക് കൃത്യമായി ബാറ്റ കൊടുക്കണം. അത് വേറെ ആണ്. നമ്പര്‍ ഫൈവ് ആൻഡ് ലാസ്റ്റ് കണ്ടീഷന്‍, ഈ കാര്‍ ഇവിടെനിന്ന് കൊണ്ടുപോകണമെങ്കില്‍ അത് എത്ര ദിവസത്തേക്ക് വേണമെന്ന് തീരുമാനിച്ച് കാര്‍ ഇവിടെനിന്നും കയറ്റുന്നതുമുതല്‍ തിരിച്ചെത്തുന്നതുവരെ ദിവസം കണക്കാക്കി ഒരു ദിവസത്തിന് ഒന്നരലക്ഷം രൂപ വാടകയായി തരണം. അത് ദിവസം കണക്കാക്കി അതിന്റെ ഫിഫ്റ്റി പെര്‍സന്റ് അഡ്വാന്‍സ് തരികയും വേണം. ഇത്രയും കണ്ടീഷന്‍സ് നിങ്ങള്‍ക്ക് ആക്സപ്റ്റ് ചെയ്യാമെങ്കില്‍ എഗ്രിമെന്റ് എഴുതാം...’’
ഇത്രയേറെ കണ്ടീഷന്‍സ് വെച്ച് ഈ കാര്‍ കൊണ്ടുപോകാന്‍ ജയകുമാറേട്ടന്‍ തയാറാവുമോയെന്ന് ഞാനൊന്നാലോചിച്ചു.
‘‘സാര്‍, ഞാന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറോട് ഒന്ന് സംസാരിക്കട്ടേ...’’
‘‘തീര്‍ച്ചയായും സിനിമ നിങ്ങളുടേതാണ്. അതിന്റെ കാര്യം തീരുമാനിക്കുന്നതും നിങ്ങളാണ്. ഒന്നുമാത്രം ഞാന്‍ പറയുന്നു, കാര്‍ എന്റേതാണ്. അതങ്ങനെ അലക്ഷ്യമായി ഞാന്‍ സൂക്ഷിക്കുന്നതല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലായല്ലോ... ഇനി നിങ്ങള്‍ക്ക് പോകാം...’’
പിന്നെയൊന്നും പറയാതെ ഒരു ചെറു അനക്കംപോലുമില്ലാതെ ഡോക്ടര്‍ എഴുന്നേറ്റു. ഒപ്പം ഞാനും. പുറത്തേക്ക് ഞാന്‍ ഇറങ്ങിയതും എനിക്ക് പിന്നില്‍ ഇന്നലെ ഡോക്ടറുടെ ഭാര്യ വാതില്‍ കൊട്ടിയടച്ചതുപോലെ അടക്കപ്പെട്ടു. പുറത്ത് പതുക്കെ സന്ധ്യ വിരിഞ്ഞതിന്റെ പൂമണം നിറഞ്ഞു.
ജയകുമാറേട്ടനും ഭരതേട്ടനും എന്തു പറയുമെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇത്രയേറെ കടുത്ത തീരുമാനങ്ങള്‍ ഡോക്ടര്‍ പറയുകയാണെങ്കില്‍ അവര്‍ കാര്‍ വേണ്ടെന്ന് തീരുമാനിക്കുമോ... മെന്റല്‍ ഹോസ്പിറ്റലിനു മുന്നിലെ ടെലിഫോണ്‍ ബൂത്ത് അടച്ചുകിടക്കുകയായിരുന്നു. ഇനിയിവിടെനിന്നും ശാസ്തമംഗലത്തേക്ക് ചെന്നാലേ ഒരു ബൂത്ത് കിട്ടൂ. ഒരു ഓട്ടോ കിട്ടാനായി ഞാന്‍ കാത്തുനിന്നു.
ആ സമയം എന്റെ അരികില്‍ കപ്പടാ മീശയുള്ള കറുത്ത് കാഴ്ചക്ക് വെമ്പായം തമ്പിയെപ്പോലുള്ള ഒരാള്‍ വന്നു നിന്നു.
‘‘അനിയനെ ഇന്നലെയും ഇവടെ കണ്ടല്ലോ... എന്തരെടപാട്...’’
‘‘ഞാന്‍ രാമചന്ദ്രന് ഡോക്ടറെ കാണാന്‍ വന്നതാ. മൂപ്പര്ടെ അവടെ കൊറെ കാര്‍ ണ്ട്... അതിലൊരെണ്ണം കിട്ട്വോന്നറിയാന്‍ വന്നതാ...’’
‘‘അവരു തരും കെട്ടാ... വലിയ കുടുംബക്കാരാ... മക്കക്കറിയോ... പൂത്ത കാശുള്ളോര്... മക്കള്‍ കേട്ടതൊക്കെ തരും... അല്ല എന്തരിന് ആ കാറ്...’’
‘‘അതൊരു ഷൂട്ടിങ്ങിനാ...’’
‘‘ഒള്ളതാ... അപ്പോ തരും കെട്ടാ...’’
അയാള്‍ പറഞ്ഞ വാക്കും കേട്ട് ഞാന്‍ ഓട്ടോയില്‍ കയറി. ജൂണില്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ കാറിന്റെ കാര്യം ഒരു തീരുമാനമായാല്‍ മതി.