രേഖാചിത്രം
ഒരുകാലത്ത് മലയാളത്തിെല മുൻനിര രേഖാചിത്രകാരനായിരുന്നു ആർട്ടിസ്റ്റ് ഗോപാലൻ. 1940ൽ ജനിച്ച ഇദ്ദേഹം 1962ൽ കെ.എസ്. ചന്ദ്രൻ പത്രാധിപരായിരുന്ന ‘കേരളശബ്ദം’ വാരികയിലൂടെയാണ് രേഖാചിത്ര കലാകാരനായി രംഗപ്രവേശം ചെയ്തത്. 1963 മുതൽ ‘ജനയുഗ’ത്തിൽ 16 വർഷത്തിലേറെ പതിവായി വരച്ചു. ബിമൽ മിത്രയുടെ ‘കടി ദിയെ കിൻലാം’ എന്ന ബംഗാളി നോവലിന്റെ പരിഭാഷയായ ‘വിലയ്ക്കു വാങ്ങാ’മിന് വേണ്ടി വരച്ചുകൊണ്ടാണ് ശ്രദ്ധേയനായത്. 84 വയസ്സിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ ലേഖകൻ....
Your Subscription Supports Independent Journalism
View Plansഒരുകാലത്ത് മലയാളത്തിെല മുൻനിര രേഖാചിത്രകാരനായിരുന്നു ആർട്ടിസ്റ്റ് ഗോപാലൻ. 1940ൽ ജനിച്ച ഇദ്ദേഹം 1962ൽ കെ.എസ്. ചന്ദ്രൻ പത്രാധിപരായിരുന്ന ‘കേരളശബ്ദം’ വാരികയിലൂടെയാണ് രേഖാചിത്ര കലാകാരനായി രംഗപ്രവേശം ചെയ്തത്. 1963 മുതൽ ‘ജനയുഗ’ത്തിൽ 16 വർഷത്തിലേറെ പതിവായി വരച്ചു. ബിമൽ മിത്രയുടെ ‘കടി ദിയെ കിൻലാം’ എന്ന ബംഗാളി നോവലിന്റെ പരിഭാഷയായ ‘വിലയ്ക്കു വാങ്ങാ’മിന് വേണ്ടി വരച്ചുകൊണ്ടാണ് ശ്രദ്ധേയനായത്. 84 വയസ്സിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ ലേഖകൻ. വാർഷികപ്പതിപ്പിൽനിന്ന് തുടർച്ച.
ഗോപാലന് സ്കൂൾ ഫൈനൽ പരീക്ഷക്ക് ഇംഗ്ലീഷിനും മലയാളത്തിനുമൊക്കെ നല്ല മാർക്കുണ്ടായിരുന്നു. കണക്കിന്റെയും ശാസ്ത്രവിഷയങ്ങളുടെയും ഭൂമിശാസ്ത്രത്തിന്റെയുമൊക്കെ പരീക്ഷകളിൽ ഉത്തരത്തിനോടൊപ്പം വരച്ച പടങ്ങൾക്കും കിട്ടിക്കാണും കുറച്ചു മാർക്ക്. കൂടെ പഠിച്ചവരിൽ മിക്കവരും കോളജിൽ ചേർന്നുകഴിഞ്ഞു. കൊല്ലത്തെ ശ്രീനാരായണ കോളജിൽ ഗോപാലനും വേണമെങ്കിൽ അഡ്മിഷൻ കിട്ടാതിരിക്കില്ല. ഫീസ് കൊടുക്കാൻ അച്ഛനൊരുക്കവുമാണ്. എന്നാൽ, ഗോപാലന്റെ ലക്ഷ്യം ഒരു ചിത്രകാരനാകുക എന്നതാണല്ലോ. വെറും ചിത്രകാരനല്ല; പത്രമാസികകളിൽ പടങ്ങളും തലക്കെട്ടുകളുമൊക്കെ വരക്കുന്ന രേഖാചിത്രകാരൻ. അതിന് ഇനിയും ഒരുപാട് സംഗതികൾ പഠിക്കേണ്ടതുണ്ട്.
പറമ്പിൽ തേങ്ങയിടുമ്പോൾ അമ്മ സ്വകാര്യമായി മാറ്റിവെക്കുന്നതിൽനിന്ന് ഒന്നോ രണ്ടോ എണ്ണം മകനു കൊടുക്കാറുണ്ട്. ഈ പൈസ ഉപയോഗിക്കുന്നത് പ്രധാനമായും ഒരു കാര്യത്തിനാണ്. കൊല്ലത്ത് ചിന്നക്കടയിലുള്ള ഒരു ബുക്ക് സ്റ്റാളിൽ ചെന്ന് ഇലസ്ട്രേറ്റഡ് വീക്കിലി, ഫിലിം ഫെയർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളൊക്കെ വാങ്ങും. അതിലെ ചിത്രങ്ങൾ നോക്കാനും ചിത്രകല പഠിക്കാനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കാനുംകൂടിയാണത്. ചിത്രകലയെ സംബന്ധിക്കുന്ന ചില വിദേശ പ്രസിദ്ധീകരണങ്ങൾ കടയിൽ വരുത്താറുണ്ട്. കൈവശം കാശുണ്ടെങ്കിൽ അതും വാങ്ങിക്കും.
ബോംബെയിലെ ജെ.ജെ സ്കൂൾ ഓഫ് ആർട്സിനെക്കുറിച്ചറിഞ്ഞപ്പോൾ മുതൽ അവിടെ ചേർന്നു പഠിക്കണമെന്ന് ഗോപാലന് വലിയ ആഗ്രഹം തോന്നി. ഇലസ്ട്രേറ്റഡ് വീക്കിലിയിൽനിന്നു കിട്ടിയ ഒരു മേൽവിലാസത്തിൽ അപേക്ഷ ഫോറം ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തയച്ചു. കത്തിനോടൊപ്പം ഗോപാലൻ ഒരു പടംകൂടി വരച്ചുവെച്ചിട്ടുണ്ടായിരുന്നു. അക്കാലത്തെ പ്രശസ്ത ഇറ്റാലിയൻ ചിത്രകാരനായ ഫോർച്യൂണിനോ മറ്റാണിയ വരച്ച ഒരു ചിത്രത്തെ നാലു മടങ്ങ് വലുപ്പത്തിൽ പകർത്തിയതാണ് അത്.
മയക്കത്തിലാണ്ടു കിടക്കുന്ന നഗ്നയായ റോമൻ രാജകുമാരി –നൂലുകൊണ്ട് നെയ്ത ഒരു വലകൊണ്ട് അവളുടെ ശരീരം പുതച്ചിട്ടുണ്ട്. ചരിഞ്ഞുകിടക്കുന്ന അവളുടെ നഗ്നശരീരത്തിന്റെ നിമ്നോന്നതങ്ങളിലൂടെ കയറിയും ഇറങ്ങിയും കിടക്കുകയാണ് ആ നൂൽവല. ജെ.ജെ സ്കൂളിൽനിന്ന് അപേക്ഷഫോറം എത്തി. തുറന്നുനോക്കിയപ്പോൾ ഏറ്റവും താഴെ പേനകൊണ്ട് ഇങ്ങനെയെഴുതിയിരിക്കുന്നത് കണ്ടു –Your work has shown great talent. Dean. അതുകണ്ടപ്പോൾ ഗോപാലന് സ്വർഗം കിട്ടിയതുപോലെ തോന്നി. പക്ഷേ, സ്കൂളിൽ ചേരാൻ കഴിഞ്ഞില്ല. ഫീസ് കൊടുക്കാൻ കാശില്ലാത്തതുതന്നെയായിരുന്നു കാരണം.
അതിനിടെ മറ്റൊരു സംഭവമുണ്ടായി. തോമസ് എന്ന ഗോപാലന്റെ ഒരു കൂട്ടുകാരൻ അച്ചൻപട്ടം പഠിക്കാനായി റോമിലേക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ ചെന്നിട്ട് അയാൾ ഗോപാലന് ഒരു പ്രസിദ്ധീകരണം അയച്ചുകൊടുത്തു. ചിത്രകലയെക്കുറിച്ച് ആഴത്തിലും പരപ്പിലും പ്രതിപാദിക്കുന്ന ‘അമേരിക്കൻ ആർട്ടിസ്റ്റ്’ എന്ന പ്രശസ്ത മാസിക. ഗോപാലന്റെ വരക്കാനുള്ള അപൂർവ സിദ്ധിയെക്കുറിച്ചും കൂടുതൽ പഠിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും നന്നായി അറിയാവുന്നതുകൊണ്ടാണ് തോമസ് അങ്ങനെ ചെയ്തത്. ഗോപാലന് അതൊരു നിധിപോലെയായിരുന്നു. അതിൽ കണ്ട പടങ്ങൾ പലതും നോക്കി വരച്ചു.
ഒരു വർഷക്കാലം തുടർച്ചയായി ആ പ്രസിദ്ധീകരണം അയച്ചുകൊടുക്കാനുള്ള ഏർപ്പാട് തോമസ് ചെയ്തിരുന്നു. വാഷിങ്ടൺ സ്കൂൾ ഓഫ് ആർട്സ് എന്നൊരു സ്ഥാപനം നടത്തുന്ന തപാൽ ട്യൂഷനെക്കുറിച്ച് ‘അമേരിക്കൻ ആർട്ടിസ്റ്റി’ൽ വായിച്ചാണറിയുന്നത്. മാസികയിൽ കണ്ട അഡ്രസിൽ ഗോപാലൻ കുറച്ചു പടങ്ങൾ സഹിതം ഒരു അപേക്ഷയയച്ചു. കൃത്യമായി മറുപടിയെത്തി. കോഴ്സിന്റെ കാറ്റലോഗും മൂന്ന് ക്ലാസുകളുടെ പാഠഭാഗങ്ങളും ഒപ്പമുണ്ടായിരുന്നു. ബാക്കി പാഠങ്ങളും ബ്രഷ്, പെയിന്റ് തുടങ്ങിയ പഠന സാമഗ്രികളും അയച്ചുതരണമെങ്കിൽ അഞ്ച് ഡോളർ അടക്കണം. കോഴ്സ് പാസാകുന്നവർക്ക് കിട്ടുന്നത് സ്ഥാപനത്തിന്റെ എംബ്ലം ആലേഖനംചെയ്ത ഒരു സ്വർണനാണയമാണ്.
അമേരിക്കയിലേക്ക് ഡോളർ അയച്ചുകൊടുക്കുന്നത് എങ്ങനെയാണെന്നറിയാനായി, കൊല്ലത്ത് ഫെഡറൽ ബാങ്കിൽ ജോലിചെയ്യുന്ന ഒരു ചവറക്കാരനെ ഗോപാലൻ ചെന്നുകണ്ടു. അയാൾ പറഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലാക്കുന്നത്. ഒരു അമേരിക്കൻ ഡോളർ എന്നുവെച്ചാൽ 26 ഇന്ത്യൻ രൂപയാണ്. അപ്പോൾ അഞ്ച് ഡോളർ അയക്കണമെങ്കിൽ 130 രൂപ വേണം. അയക്കുന്നതിന്റെ ചാർജ് വേറെയും. ഒരു പവൻ സ്വർണത്തിന് 80 രൂപ വിലയുള്ള കാലം. ആരു തരാനാണ് ഇത്രയും വലിയ തുക? അച്ഛനോട് ചോദിക്കുന്ന കാര്യം ആലോചിക്കാൻപോലും വയ്യ.
ഗോപാലൻ ഇന്ത്യൻ ഇങ്കിൽ വരച്ച വീനസിന്റെ ഒരു ലൈൻ സ്കെച്ച് അവർക്ക് അയച്ചുകൊടുത്തു. അതു കിട്ടിയ ഉടൻതന്നെ വാഷിങ്ടൺ സ്കൂൾ ഓഫ് ആർട്സിൽനിന്ന് വേറെ ഒരറിയിപ്പ് വന്നു. നിങ്ങളുടെ ഫീസ് മൂന്ന് ഡോളറായി കുറച്ചിരിക്കുന്നു. ഗോപാലൻ നിസ്സഹായതയോടെ ആ കത്ത് കൈയിൽ പിടിച്ചുകൊണ്ട് കുറച്ചുനേരമിരുന്നു. പിന്നെയാ കാര്യം മനസ്സിൽനിന്നും കളഞ്ഞു.
ഗോപാലന് വരക്കുന്ന കാര്യം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള സംഗതി സിനിമ കാണുന്നതായിരുന്നു. കൊല്ലത്തു ചെന്ന് കുമാറിലും കൃഷ്ണയിലും എസ്.എം.പി പാലസിലും സെനിത്തിലുമൊക്കെ പ്രദർശനത്തിനെത്തുന്ന പുതിയ റിലീസുകൾ മിക്കതും കാണും. അക്കൂട്ടത്തിൽ കണ്ട പുതിയ ഒരു ഹിന്ദി സിനിമ ഒരുപാടാകർഷിച്ചു. ബിമൽ റോയ് സംവിധാനംചെയ്ത മധുമതി ആയിരുന്നു അത്. ദുരന്ത പ്രണയത്തിന്റെയും പുനർജന്മത്തിന്റെയും കഥ പറയുന്ന മധുമതി, ഋത്വിക് ഘട്ടക് (കഥ), രാജേന്ദ്ര സിങ് ബേദി (തിരക്കഥ), ഋഷികേശ് മുഖർജി (എഡിറ്റിങ്) തുടങ്ങിയ പ്രഗല്ഭമതികളുടെ ഒത്തുചേരലിന്റെ സാഫല്യമായിരുന്നു. ശൈലേന്ദ്രയുടെ അതിമനോഹരമായ വരികൾക്ക് മാസ്മരിക സംഗീതം പകർന്ന സലീൽ ചൗധരി, ആ ഗാനങ്ങളാലപിച്ച ലതയും മുകേഷും റഫിയും, എല്ലാത്തിനുമുപരി ദിലീപ് കുമാറിന്റെയും വൈജയന്തിമാലയുടെയും അതിഗംഭീരമായ പെർഫോമൻസ്... ഗോപാലൻ ഏഴുതവണ ആ സിനിമ കണ്ടു. അതിന്റെ ഒരു പ്രധാനപ്രേരണ ദിലീപ് ഗുപ്തയുടെ ഛായാഗ്രഹണമായിരുന്നു.
ചിത്രത്തിന്റെ ഓരോ ഫ്രെയിമും ഗോപാലനെ വല്ലാതെ വശീകരിച്ചു. പ്രത്യേകിച്ച് ‘സുഹാനാ സഫർ’, ‘ആജാരേ പര്ദേശീ’ തുടങ്ങിയ ഗാനരംഗങ്ങളിലെ പ്രകൃതിയുടെ സചേതനമായ സാന്നിധ്യം. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് ‘ഝനക് ഝനക് പായൽ ബാജെ’ എന്ന ചിത്രം കണ്ട് ആവേശംകൊണ്ട് സംവിധായകനായ വി. ശാന്താറാമിന് ഒരു കത്തയച്ചിരുന്നു. അതുപോലെ ഇപ്പോഴും ഒരു കത്തെഴുതണമെന്ന് തോന്നി. അതിനുപിന്നിൽ മറ്റൊരുദ്ദേശ്യംകൂടിയുണ്ടായിരുന്നു. കോട്ടയത്തുനിന്ന് ഇറങ്ങുന്ന സിനിമ മാസികയിൽ കണ്ട ദിലീപ് ഗുപ്തയുടെ അഡ്രസിൽ (25, കോളജ് റോഡ്, ബോംബെ) ഒരു കത്തയച്ചു. അദ്ദേഹത്തിെന്റ കീഴിൽ സഹായിയായി നിന്നുകൊണ്ട് ഫോട്ടോഗ്രഫി പഠിക്കാനുള്ള അവസരം അഭ്യർഥിച്ചുകൊണ്ടായിരുന്നു അത്. ദിലീപ് ഗുപ്ത കൃത്യമായി മറുപടി അയച്ചു.
‘‘ഞാൻ WICAയുടെ മെംബറാണ്. പുറത്തുനിന്ന് സഹായികളെ എടുക്കാൻ അനുവാദമില്ല. അടുത്തവർഷം പുണെയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ പോകുകയാണ്. അവിടെ ചേർന്ന് പഠിക്കൂ.’’
അങ്ങനെ ആ ആഗ്രഹവും പൊളിഞ്ഞു. ഇതെല്ലാം നടക്കുന്നത് പഠിത്തം കഴിഞ്ഞ് ഗോപാലൻ ‘വെറുതേയിരിക്കുന്ന’ 1958-59 കാലത്താണ്. നാട്ടുകാരും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഗോപാലന്റെ വീട്ടുകാരുടെ പറമ്പിൽ കുടികിടക്കുന്ന ദലിത് സമുദായത്തിൽപെട്ട സമപ്രായക്കാരിയായ ഒരു പെൺകുട്ടി എസ്.എൻ കോളജിൽ ചേർന്നിരുന്നു. നാട്ടുകാർ, അത്ഭുതത്തോടെ, അതിനെക്കാൾ പരിഹാസത്തോടെ അന്യോന്യം പറഞ്ഞു:
‘‘കാളിപ്പിള്ളയുടെ മോള് നേരാംവണ്ണം പഠിച്ച് കോളജിൽ പോയി. വേലാം ചോവന്റെ മോൻ ദാണ്ടെ വരക്കാനെന്നും പറഞ്ഞ് തേരാപ്പാരാ നടക്കുന്നു.’’
നാട്ടിൽ ഗോപാലന് ഒരു വിലയുമില്ലാതെയായി. അച്ഛന് ദേഷ്യവും വെറുപ്പും കൂടി. കാണുമ്പോൾ ഈർഷ്യ പ്രകടമാണ്. ഒറ്റക്കാശ് കൊടുക്കില്ല. എങ്കിലും ഒരു സംഗതിയുണ്ട്. വീട്ടിൽ ചേട്ടനും അനുജത്തിയുമെല്ലാം പാടത്തും പറമ്പിലും ജോലിചെയ്യണമെന്ന് നിർബന്ധമാണ്. ഗോപാലൻ മുറിക്കകത്തുനിന്ന് പുറത്തിറങ്ങില്ല. ഇരുന്ന് എന്തെങ്കിലുമൊക്കെ വരച്ചുകൊണ്ടേയിരിക്കും. ഗോപാലൻ ജോലിചെയ്യണമെന്ന് അച്ഛൻ ആവശ്യപ്പെടാറേയില്ല. മാത്രമല്ല, പടം വരക്കാനാവശ്യമായ കടലാസ് കടയിൽനിന്ന് ഇഷ്ടംപോലെ വാങ്ങിക്കുകയും ചെയ്യാം. കടക്കാരൻ അച്ഛന്റെ കൈയിൽനിന്ന് പൈസ വാങ്ങിച്ചോളും.
കൈയിൽ കിട്ടുന്ന പത്രമാസികകളിലൊക്കെ ഗോപാലൻ ആദ്യം നോക്കുന്നത് അതിലെ ഇലസ്ട്രേഷനുകളാണ്. അന്ന് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് തിരുവിതാംകൂർ ഭാഗത്ത് കിട്ടാൻ ബുദ്ധിമുട്ടാണ്. ‘കൗമുദി’യാണ് കൊല്ലത്തും ചവറയിലുമൊക്കെ ഏറ്റവും വായനക്കാരുള്ള പ്രസിദ്ധീകരണം. കൊല്ലത്തുനിന്ന് ‘മലയാളരാജ്യം’ ചിത്രവാരികയും കോട്ടയത്തുനിന്ന് ‘മലയാള മനോരമ’ ആഴ്ചപ്പതിപ്പും ഇറങ്ങുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന ‘ജനയുഗം’ ആഴ്ചപ്പതിപ്പ് ആയിടെയാണ് കൊല്ലത്തുനിന്ന് ആരംഭിച്ചത്. മാതൃഭൂമി ഒഴിച്ചുള്ള പ്രസിദ്ധീകരണങ്ങളെല്ലാം ഗോപാലൻ പതിവായിട്ടല്ലെങ്കിലും കാണാറുണ്ട്. ‘കൗമുദി’ മാത്രമാണ് സ്ഥിരമായി വായിക്കുന്നത്.
പത്രാധിപർക്കുള്ള കത്തുകൾക്ക് കെ. ബാലകൃഷ്ണൻ പറയുന്ന മറുപടി രസംപിടിച്ചു വായിക്കും. ‘കൗമുദി’ രേഖാചിത്രങ്ങളും എഴുതിയ ടൈറ്റിലുകളും പ്രസിദ്ധീകരിക്കാറുണ്ടായിരുന്നത് വിശേഷാൽ പ്രതികളിൽ മാത്രമാണ്. അതൊക്കെ വരക്കുന്നത് വി.എം. ബാലനാണ്. പഠിത്തം കഴിഞ്ഞ് എറണാകുളത്തേക്ക് ചെല്ലാൻ പറഞ്ഞുകൊണ്ടുള്ള ബാലൻ മാഷിന്റെ കത്ത് ഗോപാലന്റെ പക്കൽ ഭദ്രമായിരിപ്പുണ്ട്. ഇനി അതു മാത്രമേ ഒരു വഴിയുള്ളൂ. അമ്മയുടെ സമ്പാദ്യത്തിൽനിന്ന് 100 രൂപ കൊടുത്തു. ചേട്ടനും ഒരു കൂട്ടുകാരനുംകൂടിയാണ് ഗോപാലനെ എറണാകുളത്ത് കൊണ്ടുചെന്നാക്കിയത്. അമ്മ കൊടുത്ത പണത്തിൽനിന്ന് 25 രൂപ അവരങ്ങ് എടുക്കുകയും ചെയ്തു. ബാക്കിയുള്ള 75 രൂപയുമായി ഗോപാലൻ എറണാകുളം ജീവിതം തുടങ്ങി. 1960 ജനുവരി മാസത്തിലായിരുന്നു അത്.
എറണാകുളത്ത് ഷൺമുഖം റോഡിലുള്ള ടി.ബിയുടെ തൊട്ടടുത്തു കിടക്കുന്ന പ്രസ് റോഡിലെ ഒരു രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു ചിത്രശാലയുടെ ആസ്ഥാനം. എൻ.ബി.എസിന്റെ പുസ്തകശാലയാണ് താഴത്തെ നിലയിൽ– പഴയ ബഷീർസ് ബുക്ക്സ്റ്റാൾ. മുകളിൽ, ചിത്രശാല ഓഫിസിന്റെ അടുത്ത് ഗൺ ജേക്കബ് എന്ന ടി. ജേക്കബ് ആൻഡ് കമ്പനി നടത്തുന്ന തോക്ക് വിൽപനശാലയാണ്. ഒരു വിരോധാഭാസം കണക്കെ അതിന്റെ തൊട്ടടുത്തിരിക്കുന്നത് ഗാന്ധിജിയുടെ പടം വെച്ച ഖാദി വസ്ത്രങ്ങളുടെ കടയും. ജേക്കബിന്റെ ഷോപ്പിന്റെ പിറകിലുള്ള നീണ്ട വരാന്തയുടെ ഒരു ഭാഗത്തായി മാസം 15 രൂപ വാടകക്ക് ഗോപാലന്റെ താമസവും ശരിയായി.
അന്ന് ‘മാതൃഭൂമി’, ‘മലയാളരാജ്യം’, ‘ജനയുഗം’, ‘ദേശബന്ധു’, ‘സിനിമാ മാസിക’ തുടങ്ങിയ ആനുകാലികങ്ങളുടെയും എല്ലാ വാർഷിക വിശേഷാൽപ്രതികളുടെയും പുറംചട്ട അച്ചടിച്ചിരുന്നത് ത്രിവർണത്തിലായിരുന്നു; അതുപോലെ, സിനിമ പോസ്റ്ററുകളും. അവയിലേറെയും തയാറാക്കിയിരുന്നത് അന്ന് വി.എം. ബാലന്റെ നേതൃത്വത്തിൽ ചിത്രശാലയാണ്. അതിനാവശ്യമായ സംവിധാനങ്ങളൊക്കെ ചിത്രശാലയിൽ ഉണ്ടായിരുന്നു. കറുപ്പിലും വെളുപ്പിലുമായി കാമറയിൽ പകർത്തിയ, അല്ലെങ്കിൽ കൈകൊണ്ടു വരച്ച ചിത്രത്തിന്റെ ബ്ലോക്കിൽ മഞ്ഞ, ചുവപ്പ്, നീല നിറങ്ങൾ മാറിമാറി ചേർത്തച്ചടിച്ചാണ്, ഒടുവിൽ ത്രിവർണ നിറത്തിൽ ചിത്രങ്ങൾ തയാറാക്കുന്നത്. അതിനാവശ്യമായ നിർദേശങ്ങൾ– കളർ സെപ്പറേഷൻഗൈഡ് തയാറാക്കുന്നത് ആർട്ടിസ്റ്റാണ്– അതിനുവേണ്ടി കളർ സെപ്പറേഷൻ എന്ന സങ്കേതത്തിന്റെയും ബ്ലോക്ക് നിർമാണത്തിന്റെയും അടിസ്ഥാന സിദ്ധാന്തങ്ങളും പ്രായോഗിക വശങ്ങളും പഠിക്കാൻ ചിത്രശാലയിൽ ചിലവഴിച്ച കുറെ മാസങ്ങൾകൊണ്ട് ഗോപാലന് സാധിച്ചു. അതുപോലെ സൈൻ ബോർഡുകൾ തയാറാക്കുന്നതിലും വൈദഗ്ധ്യം നേടി.
1957 എന്ന വർഷത്തിലാണ്, പിന്നീട് ലോകത്തേറ്റവും പ്രചാരം നേടിയ ഹെൽവേട്ടിക്കാ എന്ന ഫോണ്ട് (അക്ഷര രൂപം) നിലവിൽവരുന്നത്. അതുപയോഗിച്ച് ബോർഡുകൾ തയാറാക്കാൻ വൈദഗ്ധ്യമുള്ള ആർട്ടിസ്റ്റുകൾ കേരളത്തിലന്ന് അധികമുണ്ടായിരുന്നില്ല. ഗോപാലൻ ഹെൽവേട്ടിക്കാ ഫോണ്ടിലെഴുതാൻ വളരെ വേഗം പഠിച്ചു. അതുകൊണ്ട് ഉടനെത്തന്നെ ഒരാവശ്യവുമുണ്ടായി.
ഒരുദിവസം, തൊട്ടടുത്തുള്ള സെന്റ് തെരേസാസ് കോളജിലെ രണ്ട് കന്യാസ്ത്രീകൾ ചിത്രശാലയിലേക്ക് കയറിവന്നു. കോളജിലെ ക്ലാസ് മുറികളും സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും വിവിധ വകുപ്പുകളുമടക്കമുള്ള മുറികളുടെ മുന്നിൽവെക്കാൻ ബോർഡുകൾ വേണം. പലതരം ഫോണ്ടുകൾ നോക്കി അതിൽനിന്ന് അവർ തിരഞ്ഞെടുത്തത് ഹെൽവേട്ടിക്കായാണ്. ചിത്രശാലയുടെ മാനേജർ കലേശൻ, അവിടെയൊരിടത്ത് എന്തോ വരച്ചുകൊണ്ടിരുന്ന ഗോപാലനെ ചൂണ്ടിക്കാണിച്ച് സിസ്റ്റർമാരോട് പറഞ്ഞു: ‘‘ഈയിരിക്കുന്ന ഗോപാലൻ നാളെത്തന്നെ വരും. അയാൾ ചെയ്യുന്നതു കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ നമുക്ക് മുഴുവനും ചെയ്യാം.’’ കന്യാസ്ത്രീകൾ സന്തോഷത്തോടെ മടങ്ങിപ്പോയി.
സെന്റ് തെരേസാസ് കോളജിലെ ബോർഡെഴുത്തിന്റെ പണി ഏൽപിച്ചുകിട്ടിയപ്പോൾ, തന്റെ കഴിവ് പരീക്ഷിച്ചുനോക്കാനായി ലഭിച്ച ഒരവസരം എന്ന സന്തോഷമായിരുന്നു ഗോപാലന്. ‘അമ്മമാർ' നടത്തുന്ന, പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ഥാപനമായതുകൊണ്ട് അൽപം ഭയത്തോടെയാണ് കോളജിന്റെ ഗേറ്റ് കടന്ന് അകേത്തക്ക് ചെന്നത്. പെൺകുട്ടികൾ ഒറ്റക്കും കൂട്ടമായും അവിടെയുമിവിടെയുമൊക്കെ നിൽക്കുന്നത് കണ്ടെങ്കിലും ആ ഭാഗത്തേക്ക് ഒന്നു നോക്കുകപോലും ചെയ്തില്ല. പൂർണ ശ്രദ്ധയോടെ ജോലിയിൽത്തന്നെ മുഴുകി.
ആദ്യം പ്രിൻസിപ്പലിന്റെ ബോർഡാണെഴുതിത്തീർത്തത്. മദർ മുറിയിൽനിന്ന് ഇറങ്ങിവന്ന് ബോർഡ് കണ്ടിട്ട് വിടർന്ന ചിരിയോടെ പറഞ്ഞു: ‘‘ബ്യൂട്ടിഫുൾ.’’ ഗോപാലന് അപ്പോഴാണ് ആശ്വാസമായത്. ഇടയിലെപ്പോഴോ ബ്രഷോ ചായമോ എടുക്കാൻ പിറകിലേക്ക് തിരിഞ്ഞപ്പോൾ കണ്ടു, രണ്ടു പെൺകുട്ടികൾ ഗോപാലൻ വരക്കുന്നതും നോക്കിക്കൊണ്ട് അൽപം മാറിയൊരിടത്ത് നിൽക്കുന്നു. അതിലൊരാൾ അതിസുന്ദരിയാണെന്നുതന്നെ പറയണം. കുനുകുനാ ചുരുണ്ട തലമുടി, വിടർന്ന വലിയ കണ്ണുകൾ, ഭംഗിയുള്ള മൂക്ക്, നേർത്ത ചുണ്ട്, വട്ടമുഖം, കൂമ്പിച്ച താടി... ഗോപാലന്റെ മനസ്സിൽ ആ മുഖം ഒറ്റ നിമിഷംകൊണ്ടുതന്നെ ആഴത്തിൽ തറച്ചുകയറി. തികഞ്ഞ ഏകാഗ്രതയോടെ കണ്ണുകൾ കൂർപ്പിച്ച് നിൽക്കുന്ന അവളുടെ മുഴുവൻ ശ്രദ്ധയും ഗോപാലന്റെ വരയിലാണ്. ജോലി ചെയ്യുന്നതിലുള്ള ഗോപാലന്റെ ഉത്സാഹം പെട്ടെന്നങ്ങു കൂടി. ലൈൻ ഇടുന്നതും അക്ഷരങ്ങൾ ഓരോന്നായി എഴുതുന്നതും അതിൽ ചായം നിറക്കുന്നതും ഒക്കെ വളരെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ട് ഒരാൾ അടുത്തുനിൽപുണ്ടെന്ന കാര്യം ഗോപാലന് വല്ലാത്ത പ്രചോദനമേകി.
അടുത്ത ദിവസം പണിസ്ഥലത്തേക്ക് പോകാൻ ഗോപാലന് വലിയ ഉത്സാഹമായിരുന്നു. പ്രതീക്ഷിച്ചതുപോലെ അന്നും അവൾ കൂട്ടുകാരിയോടൊപ്പം വന്നു. സിസ്റ്റർമാരുടെ നിഴൽവട്ടം കണ്ടാൽ മാറിക്കളയും. അവർ പോകുമ്പോൾ പിന്നെയും വരും. മൂന്നാമത്തെ ദിവസവും ഇതാവർത്തിച്ചു. അവളുടെ നിൽപും നോട്ടവും ഒരു മാറ്റവുമില്ലാതെ തുടർന്നു. ആ പെൺകുട്ടിയോട് എന്തെങ്കിലുമൊന്ന് ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സങ്കോചവും ഭയവും കാരണം ചോദ്യങ്ങളെല്ലാം ഉള്ളിലടക്കി. മുഖത്തോടു മുഖം നേരാംവണ്ണം ഒന്നു നോക്കാൻപോലും കഴിഞ്ഞില്ല. പക്ഷേ, ആ അതിമനോഹരമായ മുഖം, അതിന്റെ സകല വിശദാംശങ്ങളോടുംകൂടി ഗോപാലന്റെ ഉള്ളിൽ പതിഞ്ഞുകഴിഞ്ഞിരുന്നു.
നാലാമത്തെ ദിവസം അവളെ കണ്ടില്ല. കൂട്ടുകാരി മാത്രം അൽപനേരം വന്നു നിന്നിട്ട് അങ്ങുപോയി. പിന്നീട് ഗോപാലൻ ജോലിചെയ്ത ഒരുദിവസംപോലും ആ പെൺകുട്ടി വന്നില്ല. കൂട്ടുകാരിയെ പിന്നീടും കാണുന്നുണ്ടെങ്കിലും ഒന്നും ചോദിക്കാൻ ധൈര്യം വന്നില്ല. ഒടുവിൽ പ്രതീക്ഷകളെല്ലാം കെട്ടടങ്ങി. കുറച്ചു ദിവസങ്ങൾകൂടി കഴിഞ്ഞ് ഗോപാലൻ പണി പൂർത്തിയാക്കി അവിടെനിന്ന് പോരുകയും ചെയ്തു. പിന്നീടൊരിക്കൽപോലും ആ അജ്ഞാതയായ പെൺകുട്ടിയെ കാണാൻ ഇടവന്നില്ല. ജീവിതത്തിലെ അത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരുന്നു അത്. ചങ്കിൽ അഗാധമായ മുറിവേറ്റതുപോലെയുള്ള ഒന്ന്.
സന്തോഷകരമായ ചില അനുഭവങ്ങളും അക്കാലത്തുണ്ടായി. സി.ആർ. കേശവൻ വൈദ്യരുടെ ചന്ദ്രിക സോപ്പിന്റെ പരസ്യം അന്ന് ബാലൻ മാഷാണ് ചെയ്തിരുന്നത്. ആയിടെ മദ്രാസിലും ഹൈദരാബാദിലും നടന്ന ചില അഖിലേന്ത്യ പ്രദർശനങ്ങളിൽ ചന്ദ്രികയുടെ പവിലിയനുമുണ്ടായിരുന്നു. ആകർഷകമായ തരത്തിൽ പവിലിയൻ സജ്ജമാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഗോപാലനുമുണ്ടായിരുന്നു ചില ചുമതലകൾ. ഗോപാലനാണ് അതു സംബന്ധിച്ച ചിത്രപ്പണികൾ മുഴുവൻ കൈകാര്യംചെയ്തത്. കേരളം വിട്ട് ദൂരേക്ക് നടത്തിയ ആദ്യത്തെ യാത്രകൾ ഗോപാലൻ നന്നായി ആസ്വദിച്ചു. ചാർമിനാർ ഉൾപ്പെടെ അവിടെക്കണ്ട കാഴ്ചകളും അവിടത്തെ മനുഷ്യരും അവരുടെ വസ്ത്രവിധാനങ്ങളുമൊക്കെ മനസ്സിൽ ശേഖരിച്ചുവെച്ചു, പിന്നീടെപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ എടുത്തുപയോഗിക്കാനായി.
വലിയൊരു സുഹൃദ് വലയമുണ്ടായിരുന്ന ബാലൻ മാഷ് ഒരുദിവസം ഒരു സുഹൃത്തിനെ കാണാൻ പോയപ്പോൾ ഗോപാലനെയും ഒപ്പംകൂട്ടി. കായലിന് അഭിമുഖമായി ഷൺമുഖം റോഡിന്റെ ഒരുഭാഗത്ത് തലയുയർത്തിപ്പിടിച്ചുനിൽക്കുന്ന സീ വ്യൂ ഹോട്ടലിലേക്കാണ് അവർ ചെന്നത്.
ആർ.എസ്.പി നേതാവും പഴയ എം.എൽ.എയുമൊക്കെയായ പ്രാക്കുളം ഭാസി നടത്തുന്ന സീ വ്യൂ അന്ന് കേരളമെമ്പാടുമുള്ള രാഷ്ട്രീയ സാഹിത്യ സാംസ്കാരിക നായകന്മാർ ഒത്തുകൂടുന്ന ഒരു കേന്ദ്രമായിരുന്നു. ഹോട്ടലിന്റെ മുകളിലത്തെ നിലയിലുള്ള വിശാലമായ മുറിയിൽ ചെന്നുകയറിയപ്പോൾ ഗോപാലൻ കണ്ടത് സാക്ഷാൽ കെ. ബാലകൃഷ്ണനെയാണ്. ‘കൗമുദി’ ഓണം വിശേഷാൽ പ്രതിക്കുവേണ്ടി മാറ്റർ സംഘടിപ്പിക്കാനുള്ള, പ്രസിദ്ധമായ പര്യടനത്തിന്റെ ഭാഗമായോ മറ്റോ സീ വ്യൂവിൽ ഒരു രാത്രി തങ്ങാനെത്തിയതാണ് ബാലകൃഷ്ണൻ. കൂടെ പരിവാരങ്ങളുമുണ്ട്. കെ. ബാലകൃഷ്ണന്റെ വലംകൈയായ ബാലൻ മാഷ് എത്തിയതോടെ സംഭവം കൊഴുത്തു. കൗമുദി ബാലകൃഷ്ണന്റെ പേരുകേട്ട ദർബാറിന് ഗോപാലൻ അന്ന് സാക്ഷ്യം വഹിച്ചു.
ഗോപാലന് ഒരുപാട് ആരാധനയുള്ള ഒരു വിഖ്യാത ചിത്രകാരനെ നേരിട്ടു കാണാനും ആ നാളുകളിൽ അവസരം ലഭിച്ചു. റിയലിസ്റ്റിക് ചിത്രകലയുടെയും കലണ്ടർ ആർട്ടിന്റെയും മറ്റും പ്രണേതാവായ എസ്.എം. പണ്ഡിറ്റിനെ കണ്ടത് സീ ലോർഡ് ഹോട്ടലിൽവെച്ചായിരുന്നു. പണ്ഡിറ്റിന്റെ ഒപ്പം അതിസുന്ദരികളായ ചില പെൺകുട്ടികളുമുണ്ടായിരുന്നു. മോഡലുകൾ ആയിരുന്നിരിക്കണം.
സമീപത്തുള്ള ബ്രോഡ് വേ റസ്റ്റാറന്റിലും പിന്നീട് സുഭാഷ് പാർക്കായി മാറിയ പാർക്കിലും മറൈൻ ഡ്രൈവിലെ വിശാലമായ കായൽത്തീരത്തുമൊക്കെ സായാഹ്നങ്ങളിൽ ചെന്നിരിക്കുമ്പോൾ പലതരത്തിലുള്ള മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ആ സമയം വിനിയോഗിച്ചത്. സെന്റ് തെരേസാസ് കോളജിലെയും മഹാരാജാസ് കോളജിലെയും ലോ കോളജിലെയുമൊക്കെ വിദ്യാർഥികൾ, പിന്നീടു വരച്ച യുവാക്കൾക്ക് മാതൃകകളായി. അതുപോലെ തൊഴിലാളികൾ, സാധാരണ മനുഷ്യർ, അപൂർവമായി സ്ത്രീകൾ... മനുഷ്യരുടെ വ്യത്യസ്ത രൂപങ്ങൾ ഗോപാലൻ മനസ്സിൽ പകർത്തി.
എട്ടു മാസക്കാലത്തോളം അമ്മ 50 രൂപ വെച്ച് അയച്ചുതന്നിരുന്നു. പിന്നെയതങ്ങു നിന്നു: ‘‘വേണമെങ്കിൽ അവൻ നടന്നിങ്ങ് വരട്ടെ’’ എന്ന് അച്ഛൻ പറഞ്ഞതായി അറിഞ്ഞു. കുറച്ചുനാൾകൂടി എറണാകുളത്ത് നിൽക്കാൻ ബാലൻ മാഷ് സഹായിച്ചേനെ. പക്ഷേ, ഗോപാലൻ തിരിച്ചുപോകാൻതന്നെ തീരുമാനിച്ചു. അപ്പോഴേക്കും മനസ്സിൽ ഭാവിയെക്കുറിച്ച് കൃത്യമായ ചില പദ്ധതികൾ രൂപപ്പെട്ടുകഴിഞ്ഞിരുന്നു.