ജാതിയുടെ പേരിൽ തൊഴിൽ നിഷേധം
ഒരുകാലത്ത് മലയാളത്തിെല മുൻനിര രേഖാചിത്രകാരനായിരുന്ന ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതം എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ ലേഖകൻ. വാർഷകപ്പതിപ്പിൽനിന്ന് തുടർച്ചയാണിത്. രണ്ടാം ഭാഗം കഴിഞ്ഞ ലക്കം (1388ൽ) പ്രസിദ്ധീകരിച്ചിരുന്നു.ഒരു രേഖാചിത്രകാരനായിത്തീരുക. ഗോപാലന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്. പത്ര മാസികകൾ വിൽക്കുന്ന കടകളിൽ ചെന്ന് മാസികകളുടെ പേജുകൾ മറിച്ചുമറിച്ച് അവയിലെ രേഖാചിത്രങ്ങൾ നോക്കിനിൽക്കുന്നതായിരുന്നു ഗോപാലന്റെ ഏറ്റവും ഇഷ്ടപ്പെട്ട...
Your Subscription Supports Independent Journalism
View Plansഒരുകാലത്ത് മലയാളത്തിെല മുൻനിര രേഖാചിത്രകാരനായിരുന്ന ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതം എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ ലേഖകൻ. വാർഷകപ്പതിപ്പിൽനിന്ന് തുടർച്ചയാണിത്. രണ്ടാം ഭാഗം കഴിഞ്ഞ ലക്കം (1388ൽ) പ്രസിദ്ധീകരിച്ചിരുന്നു.
ഒരു രേഖാചിത്രകാരനായിത്തീരുക. ഗോപാലന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്. പത്ര മാസികകൾ വിൽക്കുന്ന കടകളിൽ ചെന്ന് മാസികകളുടെ പേജുകൾ മറിച്ചുമറിച്ച് അവയിലെ രേഖാചിത്രങ്ങൾ നോക്കിനിൽക്കുന്നതായിരുന്നു ഗോപാലന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി. ബോംബെയിൽനിന്നിറങ്ങുന്ന ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ പ്രസിദ്ധീകരണമായ ‘ഇലസ്ട്രേറ്റഡ് വീക്കിലി’യിലും ‘ഫിലിംഫെയറി’ലും അവരുടെ ഹിന്ദി സാഹിത്യ മാസികയായ ‘സരിക’യിലും വരുന്ന മാറിയോ മിരാൻഡ, കാവടി, മാലി എന്നിവർ വരച്ചിരുന്ന പടങ്ങൾ, തമിഴ് പ്രസിദ്ധീകരണമായ ‘ആനന്ദവികടനി’ൽ ഗോപുലു വരച്ച പടങ്ങൾ –ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൂപങ്ങളും അവരുടെ പശ്ചാത്തലമായി വരുന്ന അന്തരീക്ഷവും ഗോപാലനെ വല്ലാതെ ആകർഷിച്ചു.
അക്കാലത്ത് ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രം ഒരു ദിനപത്രംപോലെ ബ്രോഡ് ഷീറ്റ് ഫോർമാറ്റിൽ പുറത്തിറക്കിയിരുന്ന ‘സ്ക്രീൻ’ എന്ന ചലച്ചിത്ര പ്രസിദ്ധീകരണം ഗോപാലൻ പതിവായി നോക്കാറുണ്ടായിരുന്നു. ഒരു പേജ് മുഴുവൻ നിറഞ്ഞുനിൽക്കുന്ന സിനിമ പരസ്യങ്ങൾ ‘സ്ക്രീനി’ന്റെ പ്രത്യേകതയായിരുന്നു. താരങ്ങളുടെ ലൈൻ സ്കെച്ചുകളായിരുന്നു ആ പരസ്യങ്ങളുടെ പ്രധാന സവിശേഷത. പിൽക്കാലത്ത് ‘ഷോലെ’ എന്ന ചിത്രത്തിന്റെ വിഖ്യാതമായ ടൈറ്റിൽ ഡിസൈൻ ചെയ്ത പ്രഗല്ഭ കലാകാരൻ സി. മോഹനും അദ്ദേഹത്തിനുപോലും പ്രചോദനം പകർന്ന ഫൈസ് എന്ന അസാമാന്യ രേഖാചിത്രകാരനും തയാറാക്കിയ ലൈൻ സ്കെച്ചുകൾ ഗോപാലൻ ആർത്തിയോടെ നോക്കി പഠിക്കുമായിരുന്നു. ഫൈസ് ഒരിക്കൽ വരച്ച മീനാകുമാരിയുടെ ഒരു രേഖാചിത്രം ഫോട്ടോയെക്കാൾ ഒറിജിനൽ ആയി തോന്നി, ഗോപാലന്.
മലയാളത്തിലേക്ക് വന്നാൽ, ‘മാതൃഭൂമി’യിൽ എം.വി. ദേവൻ വരക്കുന്ന ചിത്രങ്ങളോട് ഗോപാലന് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എ.എസ്. നായരുടെ പാടേ വ്യത്യസ്തമായ വരകളും മനസ്സിൽ ഇടംനേടി (നമ്പൂതിരി മാതൃഭൂമിയിൽ വരച്ചുതുടങ്ങിയിട്ടില്ല, അന്ന്). മലയാള രാജ്യത്തിൽ ശങ്കരൻകുട്ടി വരക്കുന്ന ചിത്രങ്ങൾക്ക് കാവടിയുടെ വരയോട് സാമ്യമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ‘മലയാള മനോരമ’ ആഴ്ചപ്പതിപ്പിൽ വരക്കുന്ന പി.കെ. രാജന്റെ രൂപങ്ങൾക്ക് പെർഫെക്ഷൻ പോരെന്നും തോന്നി.
ഒരുദിവസം കടയിൽ ചെന്ന് പുതിയ ‘ജനയുഗം’ വാരികയെടുത്തു മറിച്ചുനോക്കിയപ്പോൾ ഒരു ചിത്രം കണ്ടു. ജനക്കൂട്ടത്തിന്റെ നടുവിൽ ഒരു നഗ്നയായ സ്ത്രീയെ മുളയുടെ തുമ്പത്ത് തലകീഴായി കെട്ടിത്തൂക്കിയിരിക്കുന്നു. പ്രശസ്ത എഴുത്തുകാരനായ യശ്പാലിന്റെ ‘ഝൂട്ടാ സച്ച്’ എന്ന ഹിന്ദി നോവലിന്റെ, പി.എ. വാര്യർ ചെയ്ത തർജമയായ ‘നിറംപിടിപ്പിച്ച നുണകളി’ൽനിന്നുള്ള ഒരു രംഗമായിരുന്നു അത്. വിഭജനത്തിന്റെ നാളുകളിൽ ഹിന്ദു വർഗീയവാദികൾ മുസ്ലിംകളോട് കാട്ടിയ ക്രൂരത ചിത്രീകരിക്കുന്ന സന്ദർഭമാണ് രാമകൃഷ്ണൻ എന്ന ചിത്രകാരൻ രേഖകളിലൂടെ പകർത്തിയത്. കൊല്ലം എസ്.എൻ കോളജിൽ സയൻസ് അധ്യാപകനായിരുന്നു രാമകൃഷ്ണൻ. ഗോപാലൻ ആ ചിത്രം കുറെയേറെ നേരം നോക്കിനിന്നു. ഒരു രേഖാചിത്രകാരനാകണമെന്ന ആഗ്രഹവും ലക്ഷ്യവും ഏതാണ്ട് മനസ്സിൽ ഉറപ്പിച്ച ഒരു നിമിഷമായിരുന്നു അത്.
ഗോപാലൻ കൊല്ലത്തേക്ക് മടങ്ങിയത് ആലോചിച്ചുറപ്പിച്ച ചില തീരുമാനങ്ങളുമായിട്ടാണ്. ഒരു രേഖാചിത്രകാരനാകണം.അതിനുമുമ്പ് ചിത്രശാലയിൽനിന്ന് വശത്താക്കിയ പാഠങ്ങളിൽ, പ്രത്യേകിച്ച് കളർ വർക്കിൽ പ്രായോഗികമായ പരിശീലനം നേടണം. അതിനു പറ്റിയ ഒരു സ്ഥാപനമുണ്ടായിരുന്നു കൊല്ലം ടൗണിൽ. ഒന്നാന്തരം ഒരു ശിൽപിയും ചിത്രകാരനുമൊക്കെയായ സിനി വി. നാരായണൻ നടത്തുന്ന സിനി ആർട്സ് ആയിരുന്നു അത്. കളർ വർക്കിൽ, അതും ഇനാമൽ പെയിന്റിങ്ങിൽ നാരായണൻ ആളൊരു ‘കാലൻ’ തന്നെയായിരുന്നു. കൊല്ലത്തെ ആസാദ് ഹോട്ടലിലെ ഓരോ മുറിയുടെയും ചുവരിൽ ടെമ്പ്രാ കളറിൽ നാരായണൻ വരച്ച വന്യജീവികളുടെ ചിത്രങ്ങൾ വെച്ചിരുന്നു. ആ കൂട്ടത്തിലെ ഒരു സിംഹത്തിന്റെ രൂപത്തെ കണ്ടാൽ ആരായാലും ആദ്യം ഭയന്ന് ഒന്നു പിറകോട്ട് മാറിപ്പോകും. അത്രക്കുണ്ടായിരുന്നു ഒറിജിനാലിറ്റി!
ചിന്നക്കടയിൽനിന്ന് കല്ലുപാലത്തേക്കും ആൽത്തറ ജങ്ഷനിലേക്കുമൊക്കെ പോകുന്ന വഴിയിൽ, ചാമക്കടയെത്തുന്നതിന് തൊട്ടുമുമ്പ് ഇടതുവശത്തായിട്ടായിരുന്നു സിനി ആർട്സ്. നാരായണനെ കാണാൻ പോയപ്പോൾ ഗോപാലൻ, താൻ വരച്ച ചില ലൈൻ സ്കെച്ചുകൾകൂടി കൈയിലെടുത്തിരുന്നു. പടങ്ങളൊക്കെ സസൂക്ഷ്മം നോക്കിക്കഴിഞ്ഞയുടനെത്തന്നെ നാരായണൻ പറഞ്ഞു:
‘‘നീ എന്റെ കൂടെ നിൽക്ക്.’’
നാരായണന് വഴങ്ങാത്ത ഒരു മേഖലയായിരുന്നു കമേഴ്സ്യൽ ആർട്ട്. എന്നാൽ, പരസ്യം ചെയ്തുകൊടുക്കണമെന്ന ആവശ്യവുമായി ധാരാളം പേർ സമീപിക്കാറുണ്ടായിരുന്നുതാനും. അതൊക്കെ ചെയ്യാൻ പറ്റിയ നല്ല ഒരു ആർട്ടിസ്റ്റിനെ തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഗോപാലന്റെ രംഗപ്രവേശം.
അടുത്ത ദിവസംതൊട്ട് ഗോപാലൻ സിനി ആർട്സിൽ പോയിത്തുടങ്ങി. അലൂമിനിയം ഇൻഡസ്ട്രീസ്, കുണ്ടറ അലിൻഡ്, വിവിധ തുണിക്കടകൾ, റൂബി മിഠായി... പരസ്യങ്ങൾ, ലോഗോകൾ... ഗോപാലൻ വിശ്രമിക്കാതെ പണിയെടുത്ത ദിവസങ്ങളായിരുന്നു അത്.
കൊല്ലത്തെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള പ്രസിദ്ധീകരണങ്ങൾ പ്രതാപികളും പ്രമാണിമാരുമായ ഉണ്ണിച്ചക്കം വീട്ടുകാർ നടത്തുന്ന ‘മലയാള രാജ്യം’ പത്രവും ചിത്രവാരികയുമാണ്. ‘മലയാള രാജ്യം’ സ്ഥാപിച്ച കെ.ജി. ശങ്കർ ദീർഘകാലം രോഗശയ്യയിൽ കിടന്നശേഷം 1950കളുടെ ആദ്യപാദത്തിൽ അന്തരിച്ചു. ഉണ്ണിച്ചക്കം വീട്ടിലെ ഒരു പ്രമുഖാംഗവും തിരുകൊച്ചി നിയമസഭയുടെ മുൻ സ്പീക്കറുമൊക്കെയായ വി. ഗംഗാധരന്റെ മേൽനോട്ടത്തിൽ ഇറങ്ങിയ ‘മലയാള രാജ്യം’ അപ്പോഴും പഴയ പ്രതാപം കൈവിട്ടിരുന്നില്ല. ‘മാതൃഭൂമി’ കഴിഞ്ഞാൽ ഏറ്റവും ആകർഷകമായ കവർചിത്രത്തോടെ പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണം അന്ന് ‘മലയാള രാജ്യ’മായിരുന്നു.
ചിത്രവാരികയുടെ മുഖചിത്രം കളർ ചെയ്യുന്ന ജോലി സിനി ആർട്സാണ് ചെയ്തുകൊണ്ടിരുന്നത്. കറുപ്പിലും വെളുപ്പിലുമെടുത്ത ചിത്രങ്ങളിൽ തികഞ്ഞ യാഥാർഥ്യ പ്രതീതിയോടെ, സ്കിൻ ടോണും (skin tone) വെളിച്ചത്തിന്റെ വിന്യാസവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അങ്ങേയറ്റം സൂക്ഷ്മതയും കൃത്യതയും പാലിച്ചുകൊണ്ട് നിറങ്ങൾ പകരുന്നത് അങ്ങേയറ്റം വൈദഗ്ധ്യത്തോടെ ചെയ്യേണ്ട ഒരു ജോലിയായിരുന്നു. ഗോപാലൻ അത് സധൈര്യം ഏറ്റെടുത്തു. ‘മലയാള രാജ്യ’ത്തിന്റെ പുറംചട്ടകൾക്ക് ഒരു സവിശേഷ ഭംഗിയും ചൈതന്യവും പ്രകടമാണെന്ന് വായനക്കാർ പറയാൻ തുടങ്ങി.
കൊല്ലത്തിന്റെ പ്രധാന ലാൻഡ് മാർക്കായ ചിന്നക്കടയിലെ പ്രസിദ്ധമായ ക്ലോക്ക് ടവർ ഉണ്ണിച്ചക്കം വീട്ടിലെ ഉഗ്രപ്രതാപിയും സർ സി.പിയുടെ ഉറ്റസുഹൃത്തുമൊക്കെയായിരുന്ന കെ.ജി. പരമേശ്വരൻ പിള്ളയുടെ സ്മാരകമാണ്. അക്കാലംതൊട്ടുതന്നെ ആ വീടുമായി ബന്ധപ്പെട്ട ചടങ്ങുകളും മറ്റും ആ പ്രദേശമാകെ കൊണ്ടാടുന്ന ആഘോഷങ്ങളായി മാറാറുണ്ട്. ചിന്നക്കടയിൽനിന്ന് ചാമക്കടയിലേക്ക് പോകുമ്പോൾ ഇടതുവശത്തായി കുറച്ച് അകത്തേക്ക് നടന്നാൽ കാണുന്ന അവരുടെ കുടുംബക്ഷേത്രത്തിലെ ഉത്സവവും അങ്ങനെയൊന്നായിരുന്നു.
ക്ഷേത്രത്തിന് മുന്നിൽ വെക്കാനുള്ള ഗീതോപദേശം വരക്കാറുള്ളത് സിനി നാരായണനാണ്. ചിത്രമെന്നുവെച്ചാൽ അത്ര നിസ്സാരമൊന്നുമല്ല. 10 അടി ഉയരം. 10 x 7 വലുപ്പം. ഗോപാലനാണ് ഇക്കുറി അത് വരക്കുന്നത്. മാജിക് ലാന്റേണിലൂടെ ചിത്രത്തിന്റെ സ്ലൈഡ്, എത്രത്തോളം വലുപ്പത്തിലാണോ വേണ്ടത് അങ്ങനെ വെള്ളത്തുണിയിൽ പ്രൊജക്ട് ചെയ്തിട്ട് അതിന്റെ പുറത്തുകൂടി ഔട്ട് ലൈൻ ഇടാറാണ് സാധാരണ ചെയ്യാറുള്ളത്. ഗോപാലൻ അതിനൊന്നും പോയില്ല. മനസ്സിലുള്ള ഗീതോപദേശ രൂപം നേരിട്ടങ്ങു വരച്ചു. അതു കഴിഞ്ഞ് ഏഴു നിറങ്ങളും ചാലിച്ച് നിറവും കൊടുത്തു.
ചിത്രത്തിന് ആദ്യത്തെ കോട്ട് നിറംകൂടി അടിച്ചുവെക്കാനാണ് നാരായണൻ മാഷ് ആദ്യം പറഞ്ഞത്. ബാക്കി താൻ ചെയ്തോളാം. പയ്യൻ ചെയ്താൽ എത്രകണ്ട് ശരിയാകുമെന്നറിയില്ലല്ലോ. ചിത്രത്തിന്റെ പുരോഗതി നേരിട്ടുകണ്ട് വിലയിരുത്താനായി മാഷ് ഒരുദിവസം വന്നപ്പോൾ ഗോപാലന് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, ചിത്രം കണ്ടുകഴിഞ്ഞ് മാഷിന്റെ പ്രതികരണം ഇതായിരുന്നു: ‘‘ബാക്കികൂടി കളറടിച്ച് നീ തന്നെയങ്ങ് പടം ഫിനിഷ് ചെയ്താൽ മതി.’’
നാരായണൻ മാഷിന്റെ അഭിപ്രായം വിലപ്പെട്ടതായിരുന്നു. എന്നാൽ, ഗോപാലനെ ശരിക്കും പ്രചോദിപ്പിച്ചത് പൊതുജനങ്ങളുടെ പ്രതികരണങ്ങളാണ്. ചിത്രം വരച്ചുകൊണ്ടിരിക്കുന്ന നേരത്ത് ആ പ്രദേശമാകെ കാഴ്ചക്കാരെക്കൊണ്ട് നിറയും. അവിടത്തുകാർ മാത്രമല്ല, അടുത്തുള്ള സ്ഥലങ്ങളിലുള്ളവരും കുറച്ചകലെ നിന്നുള്ളവരും വരെ ഗോപാലന്റെ സൃഷ്ടികർമം കാണാനായി അവിടെയെത്തി, അതു കണ്ടുകൊണ്ട് നിൽക്കും. ഉത്സവം തുടങ്ങിയതോടെ ആളുകളുടെ നിലക്കാത്ത പ്രവാഹമായിരുന്നു.
‘മലയാള രാജ്യ’ത്തിൽ ഇലസ്ട്രേഷൻ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്, ‘ജനയുഗം’ വാരിക വിട്ടുവന്ന ആർട്ടിസ്റ്റ് ശങ്കരൻകുട്ടിയായിരുന്നു. പി. നാരായണൻ നായർ എന്ന സ്വരാജ് മണിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയിരുന്ന ദേശബന്ധു ചിത്രമാസിക എൻ.പി. ചെല്ലപ്പൻ നായരുടെയും സി.എൻ. ശ്രീകണ്ഠൻ നായരുടെയും പത്രാധിപത്യത്തിൻ കീഴിൽ കൂടുതൽ ഊർജസ്വലതയാർജിച്ചപ്പോൾ ശങ്കരൻകുട്ടി അങ്ങോട്ടേക്ക് പോയി. ഇപ്പോഴവിടെ വരക്കാനാളില്ല.
മലയാള രാജ്യത്തിന്റെ മാനേജർ ചെല്ലപ്പൻ പിള്ളക്ക് ഗോപാലനോട് വലിയ വാത്സല്യമായിരുന്നു. ഗീതോപദേശം വരച്ചുകഴിഞ്ഞപ്പോഴേക്ക് അതങ്ങു പതിന്മടങ്ങായി. ഗോപാലന്റെ പ്രതിഭയെക്കുറിച്ച് ഉത്തമബോധ്യവും വന്നു. ഒരിക്കൽ ചെല്ലപ്പൻ പിള്ള ചേട്ടൻ കിളിമാനൂർ കൊട്ടാരത്തിൽ പോയപ്പോൾ ഗോപാലനെയും ഒപ്പം കൂട്ടിയിരുന്നു. ‘മലയാള രാജ്യ’ത്തിന്റെ കവറിൽ കൊടുക്കാനാവശ്യമായ രവിവർമ ചിത്രങ്ങളുടെ ഫോട്ടോ എടുക്കാൻ വേണ്ടിയിട്ടായിരുന്നു അത്. കൊട്ടാരത്തിൽ വലിയ സ്വീകരണമൊക്കെ ലഭിച്ചെങ്കിലും ഒരു കാര്യത്തിൽ ഗോപാലന് വലിയൊരു ഇച്ഛാഭംഗം അനുഭവപ്പെട്ടു. മഹാനായ ചിത്രകാരന്റെ പല വിഖ്യാത ചിത്രങ്ങളും ആദ്യം മോഡലുകളെ നിർത്തി ഫോട്ടോ എടുത്തതിനുശേഷം അതു നോക്കിവരക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു അത്.
‘‘ശങ്കരൻ കുട്ടി പോയി. ഇനി ആ സ്ഥാനം നമുക്ക് ഗോപാലന് കൊടുക്കാ’’മെന്ന് നാരായണൻ മാഷിനോട് ചെല്ലപ്പൻ പിള്ള ചേട്ടൻ പറഞ്ഞ കാര്യം ഗോപാലനറിഞ്ഞപ്പോൾ സന്തോഷംകൊണ്ട് എന്തുചെയ്യണമെന്ന് അറിയാൻ വയ്യാതെയായി. അടുത്ത ദിവസം ഗോപാലനോട് ചെല്ലപ്പൻ പിള്ള നേരിട്ടുതന്നെ കാര്യം പറഞ്ഞു:
‘‘നിനക്ക് ‘മലയാള രാജ്യ’ത്തിൽ ഇലസ്ട്രേറ്റർ ആയിച്ചേരാം. രാവിലെ അമ്പലത്തിലൊക്കെ പോയി നല്ലസമയം നോക്കിയിട്ട് വാ.’’
ഒരു ജ്യോത്സ്യൻ കുറിച്ചുകൊടുത്ത സമയമായ ഒമ്പതര മണിക്ക് ഏതാണ്ട് ഒരു മണിക്കൂർ മുമ്പുതന്നെ കുളിച്ചു കുറിയൊക്കെ ഇട്ട് ഗോപാലൻ സിനി ആർട്സിൽ ഹാജരായി.
‘‘സമയമൊക്കെ നോക്കി മാഷേ’’ എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിച്ചെന്നപ്പോൾ ഒരുന്മേഷവുമില്ലാത്ത മട്ടിൽ നാരായണൻ മാഷ് അവിടെ തലയും കുനിച്ചിരിപ്പുണ്ട്. ഒന്നും മിണ്ടുന്നില്ല.
ഒന്നും മനസ്സിലാകാതെ ഗോപാലൻ മിഴിച്ചങ്ങനെ നിൽക്കുമ്പോൾ മാഷ് കാര്യം പറഞ്ഞു. ‘മലയാള രാജ്യം’ സവർണ പാരമ്പര്യത്തിൽ അഭിമാനംകൊള്ളുന്ന ഒരു സ്ഥാപനമാണ്. അവിടെ കീഴ്ജാതിയിൽപെട്ടവരെ ജോലിക്ക് എടുക്കുന്നതിൽ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്. അതുകൊണ്ട് ഗോപാലന് പകരം ശിവൻ പിള്ള എന്നൊരു ആർട്ടിസ്റ്റിനെ ജോലിക്കെടുക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
മുഖത്തടിയേറ്റതുപോലെ തോന്നി. ഒന്നും മിണ്ടാതെ ഒരിടത്തുമാറിയിരുന്ന് തലേന്ന് നിറംകൊടുക്കാൻ തുടങ്ങിയ ഒരു പടം പൂർത്തീകരിക്കുന്നതിൽ മുഴുകി. ചെല്ലപ്പൻ പിള്ള ചേട്ടൻ പിന്നീട് മാഷിനോട് ഒരു ഐഡിയ പറഞ്ഞതായി അറിഞ്ഞു. ശിവൻ പിള്ളയെ വേണമെങ്കിൽ ജോലിക്ക് എടുത്തോട്ടെ. ഗോപാലന് ‘മലയാള രാജ്യ’ത്തിൽ വരക്കണമെന്നല്ലേ ഉള്ളൂ. അതിന് വഴിയുണ്ടാക്കാം.
അക്കാര്യത്തിൽ ഗോപാലന് സമ്മതമുണ്ടായിരുന്നില്ല. ജാതിയുടെ പേരുപറഞ്ഞ് തനിക്ക് പ്രവേശനം നിഷേധിക്കുന്നിടത്ത് മറ്റൊരു വഴിയെ കയറാൻ താൽപര്യം തീരെയില്ലായിരുന്നു.
അപ്പോൾ സിനി നാരായണൻ ഒരു കാര്യം പറഞ്ഞു. നിനക്ക് വരക്കാൻ പ്രതിഭയുണ്ടെന്നുള്ളത് ശരി. പക്ഷേ, നാളെ സർക്കാറിലോ മറ്റോ ഏതെങ്കിലും ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി കാണിക്കാൻ കൈയിലെന്തെങ്കിലുമുണ്ടോ? അതുകൊണ്ട് നല്ല ഒരു കോഴ്സിന് ചേർന്നിട്ട് പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് വാങ്ങിക്കണം.
അടുത്ത ദിവസംതന്നെ മാഷ് ഗോപാലനെയും കൂട്ടി കച്ചേരിമുക്കിൽനിന്ന് തങ്കശ്ശേരിയിലേക്ക് തിരിയുന്നിടത്തുള്ള ഒരു ഡ്രോയിങ് സ്കൂളിൽ പോയി. മാധവ സേട്ട് എന്നൊരാളാണ് സ്ഥാപനം നടത്തുന്നത്. മദ്രാസ് യൂനിവേഴ്സിറ്റിയുടെ കീഴിൽ നടത്തുന്ന കോഴ്സിൽ, ജ്യോമെട്രിക്കൽ ഡ്രോയിങ്, അനാട്ടമി, പേഴ്സ്പെക്ടിവ് വ്യൂ തുടങ്ങിയ കാര്യങ്ങൾക്ക് പുറമെ ഓയിൽ കളർ, വാട്ടർ കളർ എന്നീ മാധ്യമങ്ങൾ ഉപയോഗിക്കാനും പഠിപ്പിക്കുന്നുണ്ട്.ഇതൊക്കെ കുറെക്കാലമായി ആരും പഠിപ്പിക്കാതെത്തന്നെ ഗോപാലൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് തിരുനെൽവേലിയിൽ വെച്ചായിരുന്നു പരീക്ഷ. ഗോപാലൻ പരീക്ഷയൊക്കെ കൃത്യമായി എഴുതി. സർട്ടിഫിക്കറ്റ് വാങ്ങിക്കാനൊന്നും പോയില്ല. വർഷങ്ങൾക്കു ശേഷം പിന്നീടത് ആവശ്യമായി വന്നുവെന്നത് മറ്റൊരു കഥ.
ഇതൊക്കെ നടക്കുമ്പോഴും ഗോപാലന്റെ വീട്ടിലെ അവസ്ഥ പഴയതുതന്നെ ആയിരുന്നു. അച്ഛന് കാണുന്നതുതന്നെ ചതുർഥിയാണ്. ചേട്ടനുമായി പണ്ടേ മിണ്ടാട്ടമില്ല. പണ്ട് ചേട്ടനാവശ്യപ്പെടുമ്പോൾ വരക്കാൻ ഇരുന്നുകൊടുത്തുകൊണ്ട് ചെറിയ സഹായങ്ങളൊക്കെ ചെയ്തിരുന്ന അനുജത്തി വിവാഹം കഴിച്ചുപോയി. അമ്മയോടാണ് കുറച്ചെങ്കിലും സംസാരിക്കുന്നത്. നാട്ടുകാരുടെ പുച്ഛവും പരിഹാസവും കാണാതിരിക്കാനായി രാത്രി എട്ടുമണി കഴിഞ്ഞിട്ടേ കൊല്ലത്തുനിന്ന് ബസിൽ കയറൂ.
വീട്ടിലെത്തുമ്പോൾ അമ്മ ചോറ് വിളമ്പി അടച്ചുവെച്ചിട്ടുണ്ടാകും. വീട്ടിലെ പട്ടി മാത്രം ഗോപാലന്റെ വരവും കാത്ത് കാതു കൂർപ്പിച്ചിരിപ്പുണ്ടാകും. അവനൊരു പങ്കു കൊടുത്തിട്ട് ബാക്കി കഴിച്ച്, ചെയ്തു തീർക്കേണ്ടത് വല്ലതുമുണ്ടെങ്കിൽ അതും വരച്ചശേഷം കിടന്നുറങ്ങും. രാവിലെ നേരത്തേ എഴുന്നേറ്റ് കൊല്ലത്തേക്കുള്ള ബസ് പിടിക്കും. പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവസങ്ങൾ യാന്ത്രികമായി അങ്ങനെ കടന്നുപോകുമ്പോഴാണ് ഒരുദിവസം ‘ജനയുഗം’ പത്രത്തിൽ ഒരു പരസ്യം കാണുന്നത്.
‘‘കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയവാരിക 1962 ആഗസ്റ്റ് 15ന് ഒന്നാം ലക്കം.
പത്രാധിപർ: ശ്രീ. വി.പി. നായർ
ഉള്ളടക്കത്തിൽ ചിലത്...
സന്ദേശങ്ങൾ: രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, ലോക്സഭ സ്പീക്കർ, എസ്.എ. ഡാങ്കെ തുടങ്ങിയവരുടെ മുപ്പതോളം സന്ദേശങ്ങൾ
കഥ: മുൽക്ക് രാജ് ആനന്ദ്
ലേഖനങ്ങൾ: കെ.പി. കേശവ മേനോൻ, എ.കെ. ഗോപാലൻ എം.പി, സി. നാരായണ പിള്ള, ആർ. സുഗതൻ, രാജകുമാരി അമൃത് കൗർ, പി. കേശവദേവ്, എം.എൻ. കൗൾ (സെക്രട്ടറി, പാർലമെന്റ്), ഡോ. എസ്.കെ. നായർ, അരവിന്ദാക്ഷൻ
പ്രത്യേക പംക്തി: സുപ്രസിദ്ധ വൈദ്യൻ ടി.കെ. നാരായണക്കുറുപ്പ്
കവിത: പന്തളം രാധാമണി
കാർട്ടൂൺ: പാച്ചി അമ്മൂമ്മ എല്ലാ ലക്കത്തിലും നിങ്ങളോട് സംസാരിക്കുന്നു
ഏജൻസി എടുക്കാത്ത കേന്ദ്രങ്ങളിൽനിന്ന് ഉടനെ പണമയക്കുക
മാനേജർ, കേരളശബ്ദം, പി.ബി നമ്പർ 88, കൊല്ലം.