Begin typing your search above and press return to search.
proflie-avatar
Login

പിളർപ്പി​ന്റെ കാലവും ബിമൽ മിത്രയുടെ നോവലും

പിളർപ്പി​ന്റെ കാലവും   ബിമൽ മിത്രയുടെ നോവലും
cancel

ഗോപാല​ന്റെ വരജീവിതത്തിലെ വഴിത്തിരിവ് എന്നു വിശേഷിപ്പിക്കാവുന്ന ഒരു സംഭവം ഉണ്ടാകുന്നത് ആ ദിവസങ്ങളിലാണ്. ഒരുദിവസം കാമ്പിശ്ശേരിയെ കാണാനായി കട്ടിമീശയും കണ്ണടയും വെച്ച നീണ്ടു മെലിഞ്ഞ ഒരു മനുഷ്യൻ ‘ജനയുഗം’ ഓഫിസിലെത്തി. കുറേ നേരം അവരിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഗോപാലൻ അതൊന്നും ശ്രദ്ധിക്കാതെ അവിടെ മാറിയിരുന്ന് വരച്ചുകൊണ്ടിരുന്നു. കാമ്പിശ്ശേരി പെട്ടെന്നാണ് ഗോപാലനെ അടുത്തേക്ക് വിളിച്ചത് -ആർട്ടിസ്​റ്റ്​ ​േഗാപാല​ന്റെ ജീവിതകഥ തുടരുന്നു.1964. ഇന്ത്യയും കേരളവും രാഷ്ട്രീയമായി ഇളകി മറിയുകയായിരുന്ന നാളുകൾ. കമ്യൂണിസ്റ്റ് പാർട്ടിയുടെ നെടുകെയുള്ള പിളർപ്പ് ഒരു യാഥാർഥ്യമായിത്തീരുന്നത്...

Your Subscription Supports Independent Journalism

View Plans
ഗോപാല​ന്റെ വരജീവിതത്തിലെ വഴിത്തിരിവ് എന്നു വിശേഷിപ്പിക്കാവുന്ന ഒരു സംഭവം ഉണ്ടാകുന്നത് ആ ദിവസങ്ങളിലാണ്. ഒരുദിവസം കാമ്പിശ്ശേരിയെ കാണാനായി കട്ടിമീശയും കണ്ണടയും വെച്ച നീണ്ടു മെലിഞ്ഞ ഒരു മനുഷ്യൻ ‘ജനയുഗം’ ഓഫിസിലെത്തി. കുറേ നേരം അവരിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഗോപാലൻ അതൊന്നും ശ്രദ്ധിക്കാതെ അവിടെ മാറിയിരുന്ന് വരച്ചുകൊണ്ടിരുന്നു. കാമ്പിശ്ശേരി പെട്ടെന്നാണ് ഗോപാലനെ അടുത്തേക്ക് വിളിച്ചത് -ആർട്ടിസ്​റ്റ്​ ​േഗാപാല​ന്റെ ജീവിതകഥ തുടരുന്നു.

1964. ഇന്ത്യയും കേരളവും രാഷ്ട്രീയമായി ഇളകി മറിയുകയായിരുന്ന നാളുകൾ. കമ്യൂണിസ്റ്റ് പാർട്ടിയുടെ നെടുകെയുള്ള പിളർപ്പ് ഒരു യാഥാർഥ്യമായിത്തീരുന്നത് ആ ദിവസങ്ങളിലാണ്. അതിനു തൊട്ടുപിന്നാലെ തന്നെ രാജ്യത്തെയാകെ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട് ജവഹർലാൽ നെഹ്റുവി​ന്റെ വേർപാട് സംഭവിച്ചു. വിശ്വമാനവികതയുടെയും വിശാല ഇടതുപക്ഷത്തി​ന്റെയും രാഷ്ട്രീയത്തിൽ വിശ്വാസമർപ്പിച്ച ഏതൊരാളെയുംപോലെ ഗോപാലനെയും, ഈ രണ്ട് സംഭവങ്ങൾ –നെഹ്റുവി​ന്റെ മരണവും കമ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പും വല്ലാത്തൊരു ആഘാതമേൽപിക്കാതെയിരുന്നില്ല.

പാർട്ടിയിലെ പിളർപ്പ് രണ്ടു വിഭാഗങ്ങളെയും പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന ശത്രുക്കളാക്കിമാറ്റി. സംസ്ഥാനത്തുടനീളമുള്ള പാർട്ടി ഓഫിസുകളും പാർട്ടിയുടെ ഉടമസ്ഥതയിലുള്ള മറ്റ് വസ്തുവകകളുമൊക്കെ സ്വന്തം അധീനതയിലാക്കാൻ ഇരുകൂട്ടരും മുന്നിട്ടിറങ്ങി. ഔദ്യോഗിക വിഭാഗമായ സി.പി.ഐ ആയിരുന്നു മറുവിഭാഗത്തെ അപേക്ഷിച്ച്, കൊല്ലം ജില്ലയിലാകമാനവും ടൗണിൽ പ്രത്യേകിച്ചും അണികളും ആൾബലവും കൂടുതലുണ്ടായിരുന്ന പാർട്ടി. മറ്റു പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ കരുത്തും വീര്യവും കൂടുതലുണ്ടായിരുന്ന മറുപക്ഷക്കാർ കെ.പി.ആർ. ഗോപാല​ന്റെ നേതൃത്വത്തിൽ പാർട്ടി മുഖപത്രങ്ങളിലൊന്നായ ‘ദേശാഭിമാനി’ പിടിച്ചെടുത്തിരുന്നു.

എന്നാൽ, കോഴിക്കോട് സംഭവിച്ചതുപോലെ പത്രാധിപ സമിതിയിൽനിന്നോ തൊഴിലാളികളുടെ കൂട്ടത്തിൽനിന്നോ ഒറ്റയൊരാൾപോലും ‘ഇടതുപക്ഷ’ത്തേക്കു പോയില്ല. എങ്കിലും ‘ജനയുഗ’ത്തിൽ ബലം പ്രയോഗിച്ച് കയറാൻ അവർ മുതിർന്നേക്കുമോ എന്ന ഒരാശങ്കകൊണ്ട് സി.പി.ഐയുടെ ജില്ല സെക്രട്ടറി കെ.എസ്. ആനന്ദ​ന്റെ നിർദേശമനുസരിച്ച് കടപ്പാക്കടയുള്ള യുവജന വിദ്യാർഥിപ്രവർത്തകരുടെ ഒരു സംഘം മുളകുപൊടി കലക്കിയ വെള്ളവും മറ്റായുധങ്ങളുമൊക്കെ സംഭരിച്ച് ‘ജനയുഗ’ത്തിന് കവചം തീർത്തു. അവരുടെ നേതാവായ സുമുഖനായ ഒരു ചെറുപ്പക്കാരനെ ഗോപാലൻ അങ്ങനെയാണ് പരിചയപ്പെടുന്നത്.

രാത്രി മുഴുവനും കണ്ണിലെണ്ണയൊഴിച്ചതുപോലെ ഉറക്കമിളച്ച് ‘ജനയുഗ’ത്തിനു കാവലിരിക്കുന്ന അയാൾ, ഉച്ചക്ക് കാമ്പിശ്ശേരി ഉച്ചഭക്ഷണത്തിനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ ചീഫ് എഡിറ്ററുടെ മുറിയിലേക്കു വരും. അവിടെ കിടക്കുന്ന ബെഞ്ചിൽ കിടന്നുറങ്ങാനായിട്ടാണ് ആ വരവ്. ‘ജനയുഗ’ത്തി​ന്റെ പ്രസിൽ ജോലി ചെയ്തിരുന്ന അയാളുടെ വീറും ചുണയുമുള്ള പെരുമാറ്റവും പാർട്ടിയോടും ‘ജനയുഗ’ത്തോടുമുള്ള അതിരറ്റ കൂറുമൊക്കെ ഗോപാലന് ഇഷ്ടമായി. പിൽക്കാലത്ത് ‘ജനയുഗ’ത്തിന്റെ പ്രസ് സൂപ്രണ്ടും മാനേജരുമൊക്കെയായിരുന്ന ‘ജനയുഗം’ സതീശനുമായി ഗോപാല​ന്റെ ആജീവനാന്ത സൗഹൃദം തുടങ്ങുന്നത് അങ്ങനെയാണ്.

കടപ്പാക്കടയിലുള്ള ജനയുഗം ഓഫിസ് കെട്ടിടത്തി​ന്റെ താഴത്തെ നിലയിലുള്ള നീണ്ട ഹാൾ മുറിയാണ് അന്ന് ദിനപത്രത്തി​ന്റെ ഡെസ്ക്. അതി​ന്റെ ഒരറ്റത്ത് ഹാഫ് ഡോർകൊണ്ട് മറച്ച മുറിയിലാണ് ചീഫ് എഡിറ്റർ കാമ്പിശ്ശേരിയുടെ ഇരിപ്പ്. തൊട്ടടുത്തുതന്നെയാണ് ഗോപാലന് ഇരുന്നു വരക്കാനുള്ള കസേരയും മേശയുമൊക്കെ ഇട്ടുകൊടുത്തത്. കാമ്പിശ്ശേരിയെ കാണാനായി എത്തുന്ന, ജീവിതത്തി​ന്റെ നാനാതുറകളിൽപെട്ട മനുഷ്യരെയൊക്കെ കാണുന്നുണ്ടെങ്കിലും നിശ്ശബ്ദനായി ത​ന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവിടെയിരിക്കാനാണ് ഗോപാലനിഷ്ടപ്പെട്ടത്.

ഇടക്ക് കാമ്പിശ്ശേരി വിളിച്ചാൽ മാത്രം തലയുയർത്തി നോക്കും. അടുത്തേക്ക് ചെന്ന് മാറ്റർ വാങ്ങിച്ച് തിരികെ സീറ്റിലേക്ക് വരും. ചിത്രങ്ങൾ വരക്കുക മാത്രമല്ല, കറുപ്പിലും വെളുപ്പിലുമച്ചടിക്കുന്ന കവർ പേജിനു വേണ്ടി ഫോട്ടോ തിരഞ്ഞെടുത്ത് ചെറിയ മിനുക്കുപണികൾ നടത്തി സുന്ദരമാക്കുന്നതും ചില അവസരങ്ങളിൽ ഫോട്ടോക്കു പകരം ഇലസ്ട്രേഷനുകൾ വരക്കുന്നതും വാരികക്കുള്ളിലുള്ള പേജുകൾ ലേ ഔട്ട് ചെയ്യുന്നതുമൊക്കെ ഗോപാല​ന്റെ ചുമതലയിലായി. കാമ്പിശ്ശേരി സ്നേഹവാത്സല്യങ്ങളോടെ ‘‘അളിയാ’’ എന്ന് സംബോധന ചെയ്തുകൊണ്ടാണ് നിർദേശങ്ങൾ നൽകിയിരുന്നത്.

‘ജനയുഗം’ ദിനപത്രത്തി​ന്റെ ഡെസ്‌ക്കിലിരിക്കുന്ന ആരും തന്നെ ചില്ലറക്കാരായിരുന്നില്ല. പത്രത്തി​ന്റെ പ്രിന്റർ ആൻഡ് പബ്ലിഷർ തെങ്ങമം ബാലകൃഷ്ണൻ, 1957ലെ മന്ത്രിസഭയിലെ അംഗമായിരുന്ന ടി.എ. മജീദ്, തിരുകൊച്ചി/ കേരള നിയമസഭകളിൽ അംഗമായിരുന്ന പന്തളം പി.ആർ. മാധവൻ പിള്ള, ആയിടക്ക് രാജ്യസഭാംഗത്വത്തിൽനിന്ന് വിരമിച്ച പി.എ. സോളമൻ എന്ന സോളമനാശാൻ,വിദ്യാർഥി ഫെഡറേഷ​ന്റെ വലിയ നേതാവായിരുന്ന ആന്റണി തോമസ് എന്നിവരൊക്കെ പാർട്ടിയുടെ സംസ്ഥാനത്തെ അറിയപ്പെടുന്ന സി.പി.ഐ നേതാക്കൾ കൂടിയായിരുന്നു. പത്രാധിപ സമിതിയിലെ മറ്റൊരംഗമായിരുന്ന കെ. ഗോവിന്ദപ്പിള്ള ലോകയുവജന സംഘടനയുടെ ഉപാധ്യക്ഷ സ്ഥാനമൊഴിഞ്ഞ ഉടൻതന്നെ ‘ജനയുഗ’ത്തിലേക്ക് മടങ്ങിവന്നു.

ചെറുകഥാകൃത്തുകൂടിയായ ആര്യാട് ഗോപി, ഇഗ്നേഷ്യസ് കാക്കനാടൻ തുടങ്ങിയവരും പത്രാധിപസമിതിയിലുണ്ടായിരുന്നു. 40കളുടെ ഒടുവിൽ പത്രം തുടങ്ങിയപ്പോൾ മുതൽ കൊല്ലം ലേഖകനായിരുന്ന വി. ലക്ഷ്മണൻ തന്നെയായിരുന്നു തുടർന്നും ആ ചുമതലയിൽ. തിരുവനന്തപുരത്ത് സി.ആർ.എൻ. പിഷാരടിയും. പാർട്ടിയുടെ കൊല്ലത്തെ പ്രധാന നേതാക്കളിലൊരാളായിരുന്ന പി.ഒ. സ്‌പെൻസറുടെ സഹോദരൻ പി.ഒ. ജോർജ് ആയിരുന്നു മാനേജർ. ഇവരെല്ലാം ഒറ്റ മനസ്സോടെ നടത്തിയ പ്രയത്നത്തി​ന്റെ ഫലമായി 1950കൾ തൊട്ടുതന്നെ ‘ജനയുഗം’ കൊല്ലത്തെ ഒന്നാമത്തെ പത്രമായി മാറി. സംസ്ഥാനത്ത് മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനത്തും. വാരികയുടെ സർക്കുലേഷനും നാൾക്കുനാൾ കുതിച്ചുയർന്നു.

സംസ്ഥാനത്തെ പൊലീസ് മേധാവിയും ഐ.ജിയുമായ വി.പി. നായരെക്കുറിച്ച് അദ്ദേഹത്തി​ന്റെ മേലധികാരി അയച്ച ഒരു കത്തി​ന്റെ ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരിച്ചതി​ന്റെ പേരിൽ ‘ജനയുഗം’-‘നവജീവൻ’ പത്രങ്ങളുടെ ലേഖകൻമാരും പത്രാധിപന്മാരും അറസ്റ്റിലായത് ആയിടക്കാണ്. ‘ജനയുഗ’ത്തി​ന്റെ തിരുവനന്തപുരം ലേഖകനായ സി.ആർ.എൻ. പിഷാരടി, പത്രാധിപർ കാമ്പിശ്ശേരി, പ്രിന്റർ ആൻഡ്​ പബ്ലിഷർ തെങ്ങമം, കമ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ല കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന ‘നവജീവൻ’ ദിനപത്രത്തി​ന്റെ പ്രിന്റർ ആൻഡ് പബ്ലിഷർ കെ.കെ. വാര്യർ എം.പി, പത്രാധിപർ ടി.കെ.ജി നായർ, തിരുവനന്തപുരം ലേഖകനായ കെ.വി.എസ് ഇളയത് എന്നിവരെയാണ് ആർ. ശങ്കറി​ന്റെ സർക്കാർ അറസ്റ്റ് ചെയ്ത് 110 മണിക്കൂർനേരം ലോക്കപ്പിലടച്ചത്. രാഷ്ട്രീയരംഗത്ത് ഒരുപാട് കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തെക്കുറിച്ച് ഒരു അനുഭവപരമ്പര പിന്നീട് പിഷാരടി ‘ജനയുഗം’ വാരികയിലെഴുതി. ഗോപാലനാണ് അതിന് ആരെയും ആകർഷിക്കുന്ന ടൈറ്റിൽ തയാറാക്കിയത് –‘‘110 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ’’.

ഗോപാല​ന്റെ വരജീവിതത്തിലെ വഴിത്തിരിവ് എന്നു വിശേഷിപ്പിക്കാവുന്ന ഒരു സംഭവം ഉണ്ടാകുന്നത് ആ ദിവസങ്ങളിലാണ്. ഒരുദിവസം കാമ്പിശ്ശേരിയെ കാണാനായി കട്ടിമീശയും കണ്ണടയുംവെച്ച നീണ്ടുമെലിഞ്ഞ ഒരു മനുഷ്യൻ ‘ജനയുഗം’ ഓഫിസിലെത്തി. കുറേ നേരം അവരിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഗോപാലൻ അതൊന്നും ശ്രദ്ധിക്കാതെ അവിടെ മാറിയിരുന്ന് വരച്ചുകൊണ്ടിരുന്നു. കാമ്പിശ്ശേരി പെട്ടെന്നാണ് ഗോപാലനെ അടുത്തേക്ക് വിളിച്ചത്. എന്നിട്ട് സന്ദർശകനു നേരെ തിരിഞ്ഞിട്ട് പറഞ്ഞു.

 

കാക്കനാടൻ -‘വസൂരി’എഴുതുന്ന നാളിൽ,എം.എൻ. സത്യാർഥി

‘‘ഇതേ ഞങ്ങടെ ആർട്ടിസ്റ്റാ, ഗോപാലനെന്നാ പേര്. നോവലി​ന്റെ പടമൊക്കെ വരക്കുന്നയാൾ ഗോപാലനാ. സത്യാർഥി ഒരു കാര്യം ചെയ്യ്. അങ്ങോട്ടു ചെന്നിരുന്ന് ഗോപാലനോട് കഥ മുഴുവനും വിസ്തരിച്ചൊന്നു പറഞ്ഞുകൊടുക്ക്. അയാള് കഥാപാത്രങ്ങളെ ഒക്കെ ഒന്നു നല്ലവണ്ണം മനസ്സിലാക്കട്ടെ.’’ ഇതു പറഞ്ഞിട്ട് കാമ്പിശ്ശേരി പുറത്തേക്ക് പോകുകയുംചെയ്തു.

വന്നയാൾ ഗോപാല​ന്റെ അടുത്തു വന്നിരുന്നു. എന്നിട്ട് കാമ്പിശ്ശേരിക്ക് കൊടുക്കാൻ കൊണ്ടുവന്ന മാറ്ററിനെ കുറിച്ച് സംസാരിച്ചു. ബിമൽ മിത്ര എന്നൊരു ബംഗാളി എഴുത്തുകാര​ന്റെ നോവലിന് താൻ തയാറാക്കിയ തർജമയാണ്. ഇരുപതാം നൂറ്റാണ്ടി​ന്റെ ആരംഭ നാളുകൾ മുതൽ വർത്തമാനകാലം വരെ നീണ്ടുനിൽക്കുന്ന സംഭവബഹുലമായ ഒരു കാലഘട്ടത്തിൽ, സ്വാതന്ത്ര്യ സമരവും അധികാരക്കൈമാറ്റവുമൊക്കെ പശ്ചാത്തലമായി അരങ്ങേറുന്ന കഥയുടെ ബംഗാളി ഭാഷയിലുള്ള പേര് ‘കൊറി ദിയെ കിൻലാം’ എന്നാണ്.

മലയാളത്തിൽ പൈസക്കു വാങ്ങി എന്നൊക്കെ അർഥം വരും. ബംഗാളിയിൽ മാത്രമല്ല, ഇന്ത്യൻ സാഹിത്യ രംഗത്തുതന്നെ ചലനങ്ങൾ സൃഷ്ടിച്ച നോവൽ രണ്ട് ഭാഗങ്ങളായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. സത്യാർഥി എന്ന സവിശേഷമായ പേരുള്ള ആ മനുഷ്യൻ തുടർന്ന് ഗോപാലന് നോവലി​ന്റെ കഥ വിശദമായി പറഞ്ഞുകൊടുത്തു. തെളിച്ചമുള്ള വാങ്മയ ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ദീപാങ്കുരൻ, അമ്മ, ലക്ഷ്മിയേട്ടത്തി, ചിറ്റപ്പൻ, കിരണൻ, അഘോരനപ്പൂപ്പൻ, ദാത്താർ ബാബു, സുവ്രത ബാബു, ശംഭു, നയനരഞ്ജിനി ദാസി, ഘോഷാൽ, വിസ്തിയേട്ടത്തി, ചന്നണി... ഇങ്ങനെ കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്രതന്നെയുണ്ട്.

ദീപാങ്കുരൻ എന്ന നിർധനനായ ബാലൻ പഠിച്ചു മിടുക്കനായി വളർന്ന് ഒരു ‘മനുഷ്യനായി’ മാറുന്ന കഥ... പരിസരം മറന്നു കേട്ടുകൊണ്ടിരുന്ന ഗോപാലനെ ആകർഷിച്ചത് ഈ പറഞ്ഞ കഥാപാത്രങ്ങളൊന്നുമല്ല. ദീപുവി​ന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സമാശ്വാസവും പിന്നീട് നൊമ്പരവും ഒടുവിൽ ദുരന്തവുമെല്ലാമായിത്തീരുന്ന സതി എന്ന പെൺകുട്ടിയാണ്. കഥ കേട്ട് എത്രയോ നേരം കഴിഞ്ഞിട്ടും സതി ഗോപാല​ന്റെ ഉള്ളിൽനിന്ന് ഇറങ്ങിപ്പോയതേയില്ല...

ഗോപാലനോട് കഥ പറഞ്ഞ ആ വ്യക്തി പഞ്ചാബിൽ ജനിച്ച ഒരു മലയാളിയാണെന്നതും, ഭഗത് സിങ്ങി​ന്റെ തീവ്രവാദി പ്രസ്ഥാനത്തിൽ ചേർന്ന് വിപ്ലവ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സാഹസികനാണെന്നതും അറസ്റ്റ് ചെയ്യപ്പെട്ട് അന്തമാനിലെ സെല്ലുലാർ ജയിലിലേക്കു കൊണ്ടുപോകുന്ന വഴി ബ്രിട്ടീഷ് പൊലീസി​ന്റെ കൈകളിൽനിന്നു രക്ഷപ്പെട്ട് ഒളിവിൽ പോയതും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ വീറുറ്റ സഖാവായിത്തീർന്നതും, സ്വാതന്ത്ര്യലബ്ധിക്കുശേഷം അഭയാർഥിയായി ഇന്ത്യയിലെത്തിയതും പിന്നീട് കേരളത്തിലേക്ക് വന്ന് കുടുംബസമേതം കോഴിക്കോട് താമസമുറപ്പിച്ചതും... ഇങ്ങനെയൊക്കെയുള്ള എം.എൻ. സത്യാർഥിയുടെ വീരകഥകൾ ഗോപാലൻ വിശദമായി മനസ്സിലാക്കുന്നത് പിന്നീടാണ്.

 

ബിമൽ മിത്രയുടെ ‘വിലക്കു വാങ്ങാം’ നോവലിന്​ ആർട്ടിസ്​റ്റ്​ ഗോപാലൻ വരച്ച ചിത്രങ്ങൾ

‘വിലക്ക് വാങ്ങാം’ എന്ന് നാമകരണംചെയ്ത ആ ബംഗാളി നോവലി​ന്റെ ലോകത്തായിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ ഗോപാലൻ. ‘ഇലസ്ട്രേറ്റഡ് വീക്കിലി’യിലും മറ്റും വരുന്ന കൽക്കത്തയുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ പലതും പരിശോധിച്ചു. സത്യജിത് റായിയുടെയും ഘട്ടക്കി​ന്റെയുമൊക്കെ ബംഗാളി സിനിമകൾ കാണാൻ അന്ന് അവസരം കുറവാണല്ലോ. അതിൽനിന്നൊക്കെയുള്ള സ്റ്റില്ലുകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. ബംഗാളിലെ മനുഷ്യരുടെ, പ്രത്യേകിച്ച് അവിടത്തെ സ്ത്രീകളുടെ മുഖം, തലമുടി കെട്ടുന്ന രീതി, വസ്ത്രധാരണശൈലി... ഇവയൊക്കെ സൂക്ഷ്മമായി പഠിച്ചു.

ലക്ഷ്മിയേട്ടത്തിയും സതിയും ജ്യേഷ്ഠത്തിയും അനുജത്തിയുമാണെങ്കിലും രണ്ടുപേരുടെയും മുഖങ്ങൾ ഒരുപോലെയാകരുത്. അതുപോലെ കൗമാരപ്രായക്കാരായ ദീപാങ്കുരനും കിരണനും കാഴ്ചയിൽ വ്യത്യസ്തരാകണം. പ്രധാന കഥാപാത്രങ്ങളുടെ ക്ലോസപ്പുകളാണ് ആദ്യം വരച്ചത്. ഗോപാല​ന്റെ മനസ്സിൽ ആദ്യമേ തെളിഞ്ഞുവന്ന മുഖവും രൂപവും സതിയുടേതാണ്. വർഷങ്ങൾക്കുമുമ്പ് എറണാകുളത്തെ സെന്റ് തെരേസാസ് കോളജിൽ ബോർഡെഴുതാനായി ചെന്നപ്പോൾ അവിടെവെച്ചു കണ്ട ആ മുഖം –ഓർമകളിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത, കണ്ണുകൾ കൂർപ്പിച്ചുള്ള ആ നോട്ടം. സതി ചിറ്റപ്പ​ന്റെ വീടി​ന്റെ ഗേറ്റിന് മുന്നിൽനിന്നുകൊണ്ട് ദീപുവിനെ നോക്കുന്ന ചിത്രത്തിൽ ഗോപാലൻ പകർത്തിയത് അതേ നോട്ടമാണ്. സതി നിൽക്കുന്ന വീട്ടുപടിക്കലുള്ള ആ ഗേറ്റ് ഗോപാലൻ വരച്ചത് സെന്റ് തെരേസാസ് കോളജി​ന്റെ എതിർഭാഗത്തുള്ള ഗവൺമെന്റ് ഗസ്റ്റ് ഹൗസി​ന്റെ ഗേറ്റ് പണ്ട് കണ്ട ഓർമയിൽനിന്നാണ്.

സതി എത്തിപ്പെടുന്ന അവസ്ഥയെ സൂചിപ്പിക്കാൻ ഒരു ചുഴിയിൽ അകപ്പെട്ടതുപോലെയാണ് ഒരിക്കൽ ആ കഥാപാത്രത്തെ വരച്ചത്. സതിയെ വരക്കുമ്പോഴൊക്കെ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ആ മുഖത്തി​ന്റെ യഥാർഥ ഉടമ ഈ പടമൊന്ന് കണ്ട് പ്രതികരിച്ചിരുന്നെങ്കിൽ... പക്ഷേ, ആഗ്രഹിച്ച ആൾ മാത്രം എന്തുകൊണ്ടോ ആ ചിത്രങ്ങൾ ഒരിക്കലും കണ്ടില്ല.

‘വിലക്കു വാങ്ങാം’ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഒന്നാമത്തെ ലക്കം മുതൽതന്നെ വായനക്കാരുടെ അഭൂതപൂർവമായ പ്രതികരണമുണ്ടായി. ബിമൽ മിത്രയുടെ ഹൃദയസ്പർശിയായ കഥാ സന്ദർഭങ്ങളും സവിശേഷമായ പാത്രസൃഷ്ടിയും, മൂലകൃതിയുടെ യശസ്സ് ഒരുപടികൂടി ഉയർത്താൻ സഹായിക്കുന്ന സത്യാർഥിയുടെ പരിഭാഷയും അതിനെല്ലാമുപരിയായി ഗോപാലൻ വരച്ച ചിത്രങ്ങളും –എല്ലാം കൂടി ‘ജനയുഗം’ വായനക്കാരുടെയിടയിൽ ഒരു പ്രകമ്പനംതന്നെ സൃഷ്ടിച്ചു.

ആരാണ് ഈ ചിത്രങ്ങളൊക്കെ ഇങ്ങനെ വരക്കുന്ന ആർട്ടിസ്റ്റ് ഗോപാലൻ എന്നന്വേഷിച്ചുകൊണ്ടുള്ള കത്തുകൾ സ്ഥിരമായി വരാൻ തുടങ്ങി. ബിമൽ മിത്രക്കും സത്യാർഥിക്കും മാത്രമല്ല, ചിലർ സതിക്കും ദീപാങ്കുരനും വരെ നേരിട്ട് കത്തുകളെഴുതി. നോവലിനോടുള്ള വായനക്കാരുടെ അതിരുകടന്ന ആവേശം കണ്ട് കാമ്പിശ്ശേരി പുതിയൊരു പദ്ധതിക്കു രൂപംനൽകി. ഓരോ ലക്കത്തിലും കൊടുക്കേണ്ട കഥാസംഗ്രഹം – ‘കഥ ഇതുവരെ' തയാറാക്കാൻ വായനക്കാരെ തന്നെ ഏൽപിച്ചു. വെറും സാധാരണക്കാരായ വായനക്കാർ മാത്രമല്ല, പ്രമുഖരായ എഴുത്തുകാർ വരെ ‘കഥ ഇതുവരെ’ എഴുതാൻ ഉത്സാഹം കാണിച്ചു.

തപാലിൽ അയച്ചുകിട്ടുന്ന ‘വിലക്കു വാങ്ങാമി​’ന്റെ മാറ്റർ ഗോപാല​ന്റെ കൈയിൽ കിട്ടിയാലുടനെ അതു തട്ടിപ്പറിച്ചുകൊണ്ടുപോകാനെത്തുന്ന ഒരാളുണ്ടായിരുന്നു: ആന്റണി തോമസ്. ഡെസ്കിൽ തന്നെയിരുന്നോ വൈ.എം.സി.എയിലുള്ള ത​ന്റെ മുറിയിലേക്ക് കൊണ്ടുപോയോ വായിച്ചിട്ട് തിരിച്ചുകൊണ്ടുവന്നേൽപിക്കുമ്പോൾ ആന്റണി തോമസ് ചിലപ്പോൾ ആ അധ്യായത്തിലെ സന്ദർഭത്തെക്കുറിച്ച് സൂചിപ്പിക്കും. ഗോപാലന് വരക്കാനുള്ള പ്രചോദനത്തിനുവേണ്ടിയാണ്.

‘‘നി​ന്റെ ആ സതിയുണ്ടല്ലോ ഗോപാലാ, എന്തൊരു കണ്ണുകളാ അവളുടേത്.’’ ആന്റണി കൂടക്കൂടെ പറയുമായിരുന്നു.

ആയിടക്കാണ് കാമ്പിശ്ശേരിയുടെ ഉത്സാഹത്തിലും നേതൃത്വത്തിലും ഒരു പ്രസാധക സ്ഥാപനം ആരംഭിക്കുന്നത് –ജനയുഗം ബുക്സ്. 1963ൽ തോപ്പിൽ ഭാസിയുടെ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റിന് മുന്നിൽ നാടകപ്രവർത്തകർ നടത്തിയ സത്യഗ്രഹത്തിന് നേരേയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് പൊലീസ് മന്ത്രിക്ക് കെ.പി.എ.സി സുലോചനയെഴുതിയ തുറന്ന കത്ത്, കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്ന് തോപ്പിൽ ഭാസി വികാരനിർഭരമായ ഭാഷയിലെഴുതിയ ലഘുലേഖ ‘തെളിവിലെ യാഥാർഥ്യങ്ങൾ’, സി.ആർ.എൻ പിഷാരടിയുടെ ‘പൊലീസ് കസ്റ്റഡിയിൽ 101 മണിക്കൂർ’ എന്നിവയൊക്കെ ‘ജനയുഗം’ പബ്ലിക്കേഷൻസി​ന്റെ പേരിൽ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു.

കേരളത്തിൽ അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധന സ്ഥാപനങ്ങൾ സാഹിത്യ പ്രവർത്തക സഹകരണ സംഘവും തൃശൂർ കറന്റ് ബുക്സുമാണ്. കമ്യൂണിസ്റ്റുകാരായ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നത് കൂടുതലും പാർട്ടിയുടെ സ്ഥാപനമായ പ്രഭാത് ബുക്ക് ഹൗസാണ്. കൊല്ലത്തെ എം.എസ് ബുക്ക് ഡിപ്പോയും കാളിദാസ കലാകേന്ദ്രത്തി​ന്റെ ട്രഷറർകൂടിയായ എൻ. വേലപ്പൻ നായരുടെ മോഡേൺ ബുക്‌സുമാണ് വയലാർ, ഒ.എൻ.വി, തിരുനല്ലൂർ, പുതുശ്ശേരി രാമചന്ദ്രൻ തുടങ്ങിയവരുടെ കവിതകളും പാട്ടുകളും തോപ്പിൽ ഭാസിയുടെയും വൈക്കത്തി​ന്റെയുമൊക്കെ നാടകങ്ങളും മറ്റും പുറത്തുകൊണ്ടുവന്നിരുന്നത്. ആ സ്ഥാപനങ്ങൾക്കെല്ലാം വെല്ലുവിളി ഉയർത്തിക്കൊണ്ടായിരുന്നു ജനയുഗം ബുക്സി​ന്റെ വരവ്.

1964 ഒക്ടോബർ ഏഴിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ എസ്.എ. ഡാങ്കെ കൊല്ലത്ത് ജനയുഗം ബുക്സ് ഉദ്ഘാടനംചെയ്തു. ശ്രീകുമാരൻ തമ്പിയുടെ ‘കുട്ടനാട്’ എന്ന നോവൽ, വൈക്കം ചന്ദ്രശേഖരൻ നായരുടെ നാടകങ്ങളായ ‘തണ്ണീർപ്പന്തൽ’, ‘കുറ്റവും ശിക്ഷയും’, ‘കടന്നൽക്കൂട്’, സത്യാർഥി രചിച്ച ഭഗത് സിങ്ങിനെയും മറ്റു രക്തസാക്ഷികളെയും കുറിച്ചുള്ള കൃതി തുടങ്ങിയ പുസ്തകങ്ങൾ ജനയുഗം ബുക്സ് പ്രസിദ്ധീകരിച്ചു. ഇവയുടെയെല്ലാം പുറംചട്ട രൂപകൽപന ചെയ്തത് ഗോപാലനാണ്. സി.ജെ. തോമസും ജേക്കബ് ഫിലിപ്പും ശങ്കരൻകുട്ടിയുമൊക്കെ എൻ.ബി.എസിനുവേണ്ടി ചെയ്ത കവർചിത്രങ്ങളെക്കാൾ ഒട്ടും പിറകിലായിരുന്നില്ല അവയൊന്നും.

 

‘ജനയുഗ’ത്തിലൂടെ വായനക്കാരുടെ മനസ്സുകീഴടക്കിയ ‘വിലക്കു വാങ്ങാം’ പുസ്തകരൂപത്തിൽ ഇറക്കിക്കൊണ്ട് ജനയുഗം ബുക്സ് വലിയൊരു കുതിച്ചുചാട്ടം നടത്തി. നോവൽ വാരികയിൽ വന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് പുസ്തകങ്ങളും പുറത്തിറങ്ങിയത്. 1966ലെ റിപ്പബ്ലിക് ദിനത്തിനും മേയ് ദിനത്തിനുമായി പുറത്തുവന്ന രണ്ടു ഭാഗങ്ങൾക്ക് വായനക്കാരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണം ലഭിച്ചു. അതി​ന്റെ ഒരു പ്രധാന കാരണം ഗോപാലൻ പുസ്തകത്തിനുവേണ്ടി വരച്ച കവർച്ചിത്രങ്ങളായിരുന്നു.

നേരത്തേ വാരികയിൽ നോവൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോൾ ഗോപാലൻ ഒരു സാഹസം കാണിച്ചിരുന്നു. പത്തു രൂപാ നോട്ട് അതേപടി വളരെ സൂക്ഷ്മമായി പകർത്തിക്കൊണ്ട് ഒരു ചിത്രം വരച്ചു. അതുകണ്ട് കാമ്പിശ്ശേരി ചോദിക്കുകയും ചെയ്തു ‘‘എന്നെ ജയിലിൽ പറഞ്ഞയയ്ക്കുമോ ഗോപാലാ?’’ എന്ന്. നോട്ടി​ന്റെ ചിത്രം വരക്കുന്നതോ പകർത്തുന്നതോ ശിക്ഷാർഹമായ കുറ്റകൃത്യമായിട്ടാണ് അന്ന് കണക്കാക്കപ്പെട്ടിരുന്നത്. കള്ളനോട്ടടിക്കാർ ധാരാളമുള്ള കാലം. അങ്ങനെ ഒരു ചോദ്യം ചോദിച്ചെങ്കിലും അടുത്ത ലക്കത്തിൽത്തന്നെ പുതിയ അധ്യായത്തോടൊപ്പം നോട്ടി​ന്റെ ആ ചിത്രം കൊടുക്കാൻ കാമ്പിശ്ശേരി തയാറായി.

വായനക്കാരുടെയും സഹപ്രവർത്തകരുടെയുമൊക്കെ അഭിനന്ദനങ്ങൾ നേടിയ ഒരുകൂട്ടം പത്തു രൂപാ നോട്ടുകളുടെ ആ ചിത്രമാണ് ചുവപ്പ്, നീല എന്നീ രണ്ടു വ്യത്യസ്ത നിറങ്ങളുടെ പശ്ചാത്തലത്തിൽ കറുപ്പിലും വെളുപ്പിലുമായി ‘വിലക്കു വാങ്ങാ’മി​ന്റെ രണ്ട് ഭാഗങ്ങളുടെ പുറംചട്ടകളിൽ പ്രത്യക്ഷപ്പെട്ടത്. 17.50 രൂപാ വിലയുള്ള ഒന്നാം ഭാഗവും 12.50 രൂപ വിലയുള്ള രണ്ടാം ഭാഗവും നല്ലതുപോലെ വിറ്റഴിക്കപ്പെട്ടതോടെ ജനയുഗം ബുക്സ് പ്രസാധനരംഗത്ത് കാലുറപ്പിച്ചു. ആർട്ടിസ്റ്റ് ഗോപാലൻ പുതിയ കർമമേഖലയിലും പേരെടുത്തു.

വ്യത്യസ്തമായ മറ്റൊരു ലോകത്തേക്ക് കാലെടുത്തുവെക്കുന്നതും ആ നാളുകളിൽതന്നെയാണ്. കെ.പി.എ.സിയുടെ പുതിയ നാടകമായ ശരശയ്യയുടെ പരസ്യത്തിലും നോട്ടീസിലും കൊടുക്കാൻ വേണ്ടി ടൈറ്റിൽ എഴുതാൻ നിയുക്തനായത് ഗോപാലനാണ്. പാർട്ടിയുടെ ഭിന്നിപ്പിനുശേഷം കെ.പി.എ.സി പുതിയ നാടകവുമായി എത്തുമ്പോൾ ആ വരവ് വിളിച്ചറിയിക്കുന്നത് ആരെയും ആകർഷിക്കുന്ന രീതിയിലാകണമെന്ന് അന്ന് സമിതിയുടെ പ്രസിഡന്റായിരുന്ന കാമ്പിശ്ശേരിക്ക് നിർബന്ധമുണ്ടായിരുന്നു. ഗോപാലൻ അത് വ്യത്യസ്തമാക്കുകയുംചെയ്തു. ഒരു ശരത്തി​ന്റെ മുകളിലായിട്ടാണ് നാടകത്തി​ന്റെ പേര് എഴുതിവെച്ചത്.

പുതിയതായി കൈവെച്ച മറ്റൊരു മേഖല കുട്ടികൾക്കുള്ള ചിത്രകഥയാണ്. പി. നരേന്ദ്രനാഥി​ന്റെയും മാലിയുടെയുമൊക്കെ ബാലസാഹിത്യത്തിനു വേണ്ടി വരച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ചിത്രങ്ങളിലൂടെ കഥ മുഴുവനും വരച്ചു കാണിക്കുന്നത്. ഉത്തങ്കൻ എന്ന പുരാണകഥയുടെ വര ഗോപാലന്റേതും വരികൾ കാമ്പിശ്ശേരിയുടേതുമായിരുന്നു. കാർട്ടൂണിസ്റ്റ് തോമസ് വരച്ച ചുപ്രനും മന്ത്രവാദിയും, യേശുദാസി​ന്റെ ചന്തു തുടങ്ങിയവയൊക്കെ ബാലവായനക്കാർക്കുവേണ്ടി ‘ജനയുഗം’ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കുവേണ്ടി ആവിഷ്കരിച്ച ആദ്യത്തെ പുരാണ ചിത്രകഥയായിരുന്നു മഹാഭാരതത്തിൽനിന്നുള്ള ഈ ഏട്.

‘ജനയുഗ’ത്തി​ന്റെ സർക്കുലേഷനിൽ വലിയൊരു കുതിച്ചു ചാട്ടം സംഭവിച്ചുകൊണ്ടിരുന്ന ആ നാളുകളിൽ കാമ്പിശ്ശേരി കുറച്ചൊരു കൈവിട്ട കളിക്കു മുതിർന്നു. കമ്യൂണിസ്റ്റ് പാർട്ടിയും ‘ജനയുഗ’വുമായി ഉറ്റബന്ധം പുലർത്തുന്ന കുടുംബമാണ് കാക്കനാടൻമാരുടേത്. എം.എൻ. ഗോവിന്ദൻ നായരും പി.കെ. വാസുദേവൻ നായരുമൊക്കെ ഒരു ക്രിസ്ത്യൻ മതപ്രചാരകനായ ജോർജ് കാക്കനാടൻ ഉപദേശിയുടെ കൊട്ടാരക്കരയുള്ള വീട്ടിൽ ഒളിവിലിരുന്ന നാളുകളിൽ തുടങ്ങിയതാണ് ആ ബന്ധം. കാക്കനാട​ന്റെ മൂത്ത പുത്രനായ ഇഗ്നേഷ്യസും മൂത്തമകളുടെ ഭർത്താവ് പി.എ. സോളമനും അന്ന് ‘ജനയുഗ’ത്തി​ന്റെ പത്രാധിപസമിതിയിലുണ്ട്. റെയിൽവേയിൽ ജോലിയുമായി ഡൽഹിയിലായിരുന്ന രണ്ടാമത്തെ മകനും അറിയപ്പെട്ടു തുടങ്ങിയ എഴുത്തുകാരനുമായ ജോർജ് കാക്കനാടൻ കൊല്ലത്തേക്ക് മടങ്ങിവന്ന് സ്ഥിരതാമസമായത് ആയിടക്കാണ്.

 

‘ജനയുഗ’ത്തിലെ ഒരു സ്ഥിരം സന്ദർശകനായിരുന്ന കാക്കനാടനെ ഗോപാലന് പരിചയപ്പെട്ടപ്പോൾതന്നെ ഇഷ്ടമായി. ദീർഘകാലത്തെ സൗഹൃദമുള്ളതുപോലെയുള്ള അടുപ്പത്തോടെയാണ് പെരുമാറ്റം. കാമ്പിശ്ശേരി വിളിക്കുന്നതുപോലെ അളിയാ എന്നേ വിളിക്കൂ. ഒ.വി. വിജയൻ, എം. മുകുന്ദൻ, എം.പി. നാരായണപിള്ള തുടങ്ങിയവരോടൊപ്പം ആധുനിക എഴുത്തുകാരുടെ കൂട്ടത്തിലെ പ്രമുഖനായി മാറിക്കഴിഞ്ഞിരുന്ന കാക്കനാടൻ കാമ്പിശ്ശേരിയുടെ ആവശ്യപ്രകാരം ‘ജനയുഗ’ത്തിന് ഒരു നോവലെഴുതിക്കൊടുത്തു –‘വസൂരി’. തൊട്ടുപിന്നാലെ ‘കേരളശബ്ദ’ത്തിൽ ‘ഏഴാം മുദ്ര’യും വരാൻ തുടങ്ങി.

കാക്കനാടനുവേണ്ടി ഗോപാലൻ പിൽക്കാലത്ത് ധാരാളം വരച്ചിട്ടുണ്ടെങ്കിലും ‘വസൂരി’യിലായിരുന്നു തുടക്കം. ഗോപാലൻ വരക്കുമ്പോൾ പലപ്പോഴും കാക്കനാടൻ അടുത്തുതന്നെ ഇരിപ്പുണ്ടാകും. ‘‘ഞാൻ മനസ്സിൽ കണ്ടതുപോലെയുള്ള രൂപങ്ങൾ നീയിതെങ്ങനെ അതേപടി വരയ്ക്കുന്നു ഗോപാലാ?’’ എന്ന് അത്ഭുതംകൂറും.

‘വസൂരി’ സൃഷ്ടിച്ച കോളിളക്കം അത്ര ചെറുതൊന്നുമായിരുന്നില്ല. കാക്കനാട​ന്റെ വിരൽപാട് തെളിഞ്ഞുകണ്ട നോവലിലെ ഒരു പ്രധാനഭാഗം അമ്മായിയമ്മയും മരുമകനും തമ്മിലുള്ള അഗമ്യഗമനമായിരുന്നു. ജാനമ്മയും കൃഷ്ണൻകുട്ടിയും തമ്മിലുള്ള ശാരീരികമായ അടുപ്പത്തെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന വരകളായിരുന്നു ഗോപാലന്റേത്. ദീപാങ്കുരനും സതിക്കുമിടയിലുള്ള അലൗകികമായ ബന്ധത്തെ വരകളിലൂടെ മനോഹരമായി ആവിഷ്കരിച്ച ഗോപാലൻ അതിന് കടകവിരുദ്ധമായി ലൈംഗികത വല്ലാതെ പ്രസരിക്കുന്ന ചിത്രങ്ങളാണ് ‘വസൂരി’ക്കുവേണ്ടി വരച്ചത്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ അകത്തളങ്ങളിൽ നോവലും അതി​ന്റെയൊപ്പം വരാറുള്ള ചിത്രങ്ങളും വലിയ ചർച്ചാ വിഷയമായി. പാർട്ടിയുടെ ഒരു പ്രസിദ്ധീകരണത്തിൽ അതും ‘ജനയുഗം’ പോലെ, കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹത്തിൽ ഏറ്റവും സ്വീകാര്യത നേടിയിരുന്ന ഒരു വാരികയിൽ അങ്ങനെയൊരു എഴുത്തും വരയും വരുന്നത് സങ്കൽപിക്കാൻപോലും കഴിയില്ലായിരുന്നു സഖാക്കൾക്ക്.

‘‘കാക്കനാടൻ അങ്ങനെയൊക്കെ എഴുതി, കാമ്പിശ്ശേരി അതുകൊടുക്കുകയും ചെയ്തു... അത്രയും സമ്മതിക്കാമെന്ന് വെച്ചാൽത്തന്നെ, ആ ഗോപാലൻ എന്താ ഈ വരച്ചു വെച്ചിരിക്കുന്നത്?’’ കാമ്പിശ്ശേരിയും തെങ്ങമവും പന്തളം പി.ആറും സോളമനാശാനുമൊക്കെ അംഗങ്ങളായ പാർട്ടിയുടെ സംസ്ഥാന കൗൺസിലിൽ ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു. അപ്പോഴേക്കും നോവലി​ന്റെ പത്തു-പന്ത്രണ്ട് അധ്യായങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. വീക്കിലിയുടെ പ്രചാരം ഓരോ ആഴ്ചയും വെച്ച് കുതിച്ചുയരുകയാണ്. ചൂടുപിടിച്ച ചർച്ചകൾക്കും ക്ഷോഭപ്രകടനങ്ങൾക്കുമൊടുവിൽ, സി. അച്യുത മേനോൻ സെക്രട്ടറിയായ സ്റ്റേറ്റ് കൗൺസിൽ നോവലി​ന്റെ പ്രസിദ്ധീകരണം നിർത്തിവെക്കാൻതന്നെ തീരുമാനമെടുത്തു.

‘വസൂരി’യുടെ കാര്യത്തിൽ കാമ്പിശ്ശേരി പാർട്ടിയുടെ തീരുമാനം അനുസരിച്ചെങ്കിലും അധികം വൈകാതെ മറ്റൊരു പ്രശ്നത്തിൽ പത്രാധിപരുടെ ദൃഢനിശ്ചയത്തി​ന്റെ മുന്നിൽ പാർട്ടിക്ക് വഴങ്ങേണ്ടി വന്നു. ‘ജനയുഗം’ ഒരു സിനിമാ പ്രസിദ്ധീകരണം തുടങ്ങുന്ന കാര്യത്തിലായിരുന്നു അത്. ഗോപാല​ന്റെ കൂടി സഹായത്തോടെയാണ് കാമ്പിശ്ശേരി പാർട്ടി നേതാക്കളെ ബോധ്യപ്പെടുത്തി അതിനുള്ള സമ്മതം നേടിയെടുത്തത്.

 

അന്ന് മലയാളത്തിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന ചലച്ചിത്ര പ്രസിദ്ധീകരണം കോട്ടയത്തുനിന്നും പുറത്തിറങ്ങിയിരുന്ന സിനിമാ മാസികയാണ്. കെ. ബാലകൃഷ്ണൻ ഉൾപ്പെടെ പലരും ഈ രംഗത്ത് പയറ്റിനോക്കിയെങ്കിലും അവരുടെയൊക്കെ സംരംഭങ്ങൾ അൽപായുസ്സുക്കളായിരുന്നു. സിനിമാരംഗത്ത് ഒരുപാട് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളുമുണ്ടായിരുന്ന കാമ്പിശ്ശേരി അതൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് നിലവാരമുള്ള ഒരു ചലച്ചിത്ര പ്രസിദ്ധീകരണം ആരംഭിക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ എതിരഭിപ്രായമുള്ളവർക്കാണ് കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് മേൽക്കൈയുണ്ടായിരുന്നത്. പാർട്ടിയുടെ സംസ്ഥാന കൗൺസിലിൽ കാമ്പിശ്ശേരിയും തോപ്പിൽ ഭാസിയും സിനിമാ വാരികക്കുവേണ്ടി വാദിച്ചെങ്കിലും ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ മുന്നോട്ടുപോയി.

ചലച്ചിത്ര പ്രസിദ്ധീകരണരംഗം പാർട്ടിക്ക് പറ്റിയ മേഖലയല്ല എന്നായിരുന്നു എതിർക്കുന്നവരുടെ അഭിപ്രായം. ഒരുദിവസം കാമ്പിശ്ശേരി പാർട്ടിക്കമ്മിറ്റി കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് മടങ്ങിവന്നയുടനെ ഗോപാലനെ വിളിച്ചു.

‘‘ഗോപാലൻ ഒരു കാര്യം ചെയ്യ്. ‘ബ്ലിറ്റ്സി’​ന്റെ സൈസിൽ ഒരു ഡമ്മിയുണ്ടാക്ക്. അതിൽ ഞാൻ പറയുന്നതുപോലെ കുറെ പംക്തികളുമൊക്കെ വെച്ച് ലേ ഔട്ട് ചെയ്ത് ഒന്നുകാണിക്ക്. പെട്ടെന്നുതന്നെ വേണം.’’

ഒട്ടും വൈകാതെ ഗോപാലൻ പണി ആരംഭിച്ചു. പ്രശസ്ത താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും മറ്റും ചിത്രങ്ങൾ, സിനിമകളുടെ ചിത്രീകരണത്തി​ന്റെ ദൃശ്യങ്ങൾ, ഹോളിവുഡ്, ഹിന്ദി, തമിഴ് സിനിമകളിൽനിന്നുള്ള രംഗങ്ങൾ... ഒപ്പം കാമ്പിശ്ശേരി എഴുതിക്കൊടുത്ത ചില തലക്കെട്ടുകളും... ഇതെല്ലാം ചേർത്ത് ഏറെ ആകർഷകവും കലാപരവുമായ രീതിയിൽ ഒരു ഡമ്മി തയാറാക്കി. പ്രമുഖ താരങ്ങളടക്കമുള്ളവരെഴുതുന്ന പുതുമയും വൈവിധ്യവുമുള്ള ധാരാളം പംക്തികൾ അതിൽ സ്ഥാനം പിടിച്ചിരുന്നു. അടുത്ത ദിവസംതന്നെ കാമ്പിശ്ശേരി ഡമ്മിയുംകൊണ്ട് തിരുവനന്തപുരത്ത് പാർട്ടി ഓഫിസിലേക്കു പോയി. തിരികെ വരുമ്പോൾ ആളാകെ ഉത്സാഹവാനായിരുന്നു.

‘‘അളിയൻ തയാറാക്കിയ ഡമ്മി നേതാക്കൻമാർക്കെല്ലാം ഇഷ്ടപ്പെട്ടു കേട്ടോ. എത്രയും വേഗം ഇറക്കിക്കൊള്ളാനാ പറഞ്ഞിരിക്കുന്നത്.’’ ഗോപാലൻ സന്തോഷത്തോടെ ചിരിച്ചു.അടുത്ത ലക്കം ‘ജനയുഗ’ത്തിൽ പുതിയ പ്രസിദ്ധീകരണത്തി​ന്റെ വരവ് അറിയിച്ചുകൊണ്ട് ഗോപാലൻ ഡിസൈൻ ചെയ്ത പരസ്യമുണ്ടായിരുന്നു.

‘‘പ്രസിദ്ധ നടിയായ ഷീലാ രംഗരാജൻ ആദ്യമായി ത​ന്റെ ആത്മകഥയെഴുതുന്നു: ‘ഞാൻ കടന്നുപോന്ന വഴികൾ’

കൊട്ടാരക്കര ശ്രീധരൻ നായരുടെ ലേഖന പരമ്പര ‘ഞാനും അഭിനയത്തിലെ ഞാനും’

‘ഫ്ലാഷ് ബാക്ക്’ –പ്രേംനസീറി​ന്റെ പംക്തി

തോപ്പിൽ ഭാസി സ്ഥിരമായി കൈകാര്യംചെയ്യുന്ന ചോദ്യോത്തര പംക്തി കുറേ ഉത്തരങ്ങളോടെ സത്യൻ ഉദ്ഘാടനംചെയ്യുന്നു.

‘സിനിരമ’യിൽ നിങ്ങൾ തുടക്കം മുതൽതന്നെ വായിച്ചു തുടങ്ങുക!

പ്രഥമ ലക്കം1967 ഫെബ്രുവരി 2ന് പ്രസിദ്ധീകരിക്കും!

ഉന്മേഷം നൽകുന്ന ഫലിതങ്ങൾ, പഠനാർഹമായ ലേഖനങ്ങൾ, ചലച്ചിത്ര വാർത്തകൾ, നാടകാദി കലാനിരൂപണങ്ങൾ, പുതുമയുള്ള നല്ല വാർത്തകളും...

‘സിനിരമ’ ദ്വൈവാരിക. എഡിറ്റർ കാമ്പിശ്ശേരി കരുണാകരൻ.’’

(തുടരും)

News Summary - weekly culture biography