Begin typing your search above and press return to search.
proflie-avatar
Login

യശ്പാൽ, ജയകാന്ത​ൻ, അബ്ബാസ്​, ബിമൽ മിത്ര വരയുടെ ദിനങ്ങൾ

Artist Gopalan
cancel
camera_alt

കെ.​എ. അ​ബ്ബാ​സി​​ന്റെ നോ​വൽ -ആദ്യ ലക്കത്തിലെ വര

‘വിലയ്ക്കു വാങ്ങാം’ നോവലിന്റെ ഗംഭീര വിജയത്തെ തുടർന്ന് ‘ജനയുഗം’ മറുഭാഷാ കൃതികളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. വായനക്കാരെ പിടിച്ചുകുലുക്കിയ നോവലുകൾക്കെല്ലാം രേഖാചിത്രം ആർട്ടിസ്റ്റ്​ ഗോപാല​ന്റെയായിരുന്നു. വരയുടെ തിരക്കിലായി അദ്ദേഹം.

തീരെ ചെറുപ്പം തൊട്ടുതന്നെ ഒരു ഒറ്റയാനെപ്പോലെ ജീവിച്ചുപോന്ന ഗോപാല​ന്റെ സൗഹൃദലോകം വികസിച്ചത് രേഖാചിത്രകാരനായി മാറിയതിനുശേഷമാണ്. ‘കേരളശബ്ദ’ത്തിൽ ചേരുന്ന നാളുകളിൽ പരിചയപ്പെടാനിടയായ ഗോപകുമാർ എന്ന ഗോപൻ മനസ്സുകൊണ്ട് തൊട്ടടുത്തുനിന്ന ഒരാളായിരുന്നു. ‘ജനയുഗം’ വാരികയുടെ ആദ്യലക്കങ്ങളിൽ ഗോപനാണ് ചലച്ചിത്ര നാടക നിരൂപണങ്ങൾ കൈകാര്യം ചെയ്തിരുന്നതും മുഖചിത്രത്തിനുവേണ്ടി ഒന്നാംതരം ചിത്രങ്ങൾ എടുത്തിരുന്നതും. പിന്നീട് ‘ജനയുഗം’ പത്രാധിപ സമിതിയിൽനിന്ന് മാറി കാമ്പിശ്ശേരിയുമായി കൂട്ടുചേർന്ന് ‘റോബി’ എന്നൊരു പ്രസിദ്ധീകരണമാരംഭിച്ചു (കാമ്പിശ്ശേരിയുടെ ഇളയമക​ന്റെ പേരാണ് റോബി). 1962-64 കാലത്ത്, വായിക്കാൻ രസമുള്ള വിഭവങ്ങളുമായി പുസ്തകത്തി​ന്റെ വലുപ്പത്തിൽ പുറത്തിറങ്ങിയ ‘റോബി’ക്കുവേണ്ടി ഗോപാലനും ധാരാളം വരച്ചിരുന്നു.

‘റോബി’ അധികകാലം നടന്നില്ല. കാമ്പിശ്ശേരിയും ഗോപനും ചേർന്ന് കൊല്ലം ടൗണിൽ തുടങ്ങിയ പലചരക്കു കടയും വൈകാതെ നിന്നുപോയി. ധാരാളം ഭൂസ്വത്ത് സ്വന്തമായുണ്ടായിരുന്ന ഗോപൻ ഇടക്കിടക്ക് ജുബ്ബയുടെ കീശ നിറച്ച് പണവുമായി സുഹൃത്തുക്കളെ കാണാനെത്തും. ഏതെങ്കിലും വസ്തു ‘എഴുതിക്കൊടുത്ത’തിന് ശേഷമുള്ള വരവാണ്. പിൽക്കാലത്ത് ഗോപാലൻ വിവാഹം കഴിച്ച ബീനയുടെ ഒരു അടുത്തബന്ധു കൂടിയായിരുന്ന ഗോപകുമാർ 1968ൽ ആകസ്മികമായി ജീവിതത്തോട് വിട പറഞ്ഞുപോയത്, ഗോപാലനടക്കമുള്ള ചങ്ങാതിമാരുടെയെല്ലാം മനസ്സിൽ വല്ലാത്ത നൊമ്പരമുണ്ടാക്കി.

‘ജനയുഗ’ത്തിന്റെ മുഖചിത്രത്തിനുവേണ്ടി ചില അസാമാന്യ ഫോട്ടോകൾ എടുത്തിരുന്ന ഒരു ചെറുപ്പക്കാരനെ ഒരുദിവസം കാമ്പിശ്ശേരിയുടെ മുറിയിൽ വെച്ചുകണ്ട് പരിചയപ്പെട്ടു. ഫോട്ടോഗ്രഫിയോടുള്ള താൽപര്യമാണ് ഗോപാലനെ അയാളിലേക്ക് ആകർഷിച്ചത്. കോഴിക്കോട്ട് ജോലിചെയ്യുന്ന ഒരു സർക്കാർ ജീവനക്കാരനായ ആ യുവാവ് പുനലൂർ സ്വദേശിയാണെന്നും ‘ജനയുഗ’ത്തിന്റെ ബാലപംക്തിയിൽ കവിതകൾ എഴുതി വളർന്നുവന്നയാളാണെന്നും അതിനെല്ലാമുപരി കാമ്പിശ്ശേരിയുടെ ഒരടുത്ത ബന്ധുവാണെന്നും മറ്റും ഗോപാലൻ പിന്നീടാണറിയുന്നത്. അന്ന് സോവിയറ്റ് യൂനിയനിൽ പോയി സിനിമാറ്റോഗ്രഫി പഠിക്കാൻ തയാറെടുക്കുകയായിരുന്നു പുനലൂർ രാജൻ എന്ന ആ യുവാവ്. ഗോപാലനെ പിടിച്ചുനിർത്തി ഒന്നാന്തരം ചില പോർ​െട്രയിറ്റുകൾ എടുക്കുമായിരുന്നു രാജൻ അന്നൊക്കെ.

ഗോപാലൻ ചവറയിൽനിന്നു നേരെ ‘ജനയുഗ’ത്തിൽ ചെല്ലാൻ തുടങ്ങിയശേഷം കാമ്പിശ്ശേരി ഉച്ചഭക്ഷണത്തിനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ ഗോപാലനെയും കൂടെ കൂട്ടുന്നത് പതിവായി. അങ്ങനെ ഒരുദിവസം ചെന്നപ്പോൾ കാമ്പിശ്ശേരി അവിടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. കൊല്ലം എസ്.എൻ കോളജിൽ എം.എക്ക് പഠിക്കുകയാണ്, തോപ്പിൽ ഭാസിയുടെ അനന്തരവനായ ഗോപാലകൃഷ്ണൻ. ആരോടും അധികം സംസാരിക്കാതെ ഒരു മുറിയിൽ ഒതുങ്ങിക്കൂടിയിരുന്ന് പുസ്തകം വായിച്ചുകൊണ്ടിരുന്ന ആ പയ്യൻ കോളജിലെ തീപ്പൊരി വിദ്യാർഥി നേതാവും കോളജ് യൂനിയൻ ചെയർമാനുമൊക്കെയായിരുന്നുവെന്ന് ഗോപാലൻ അന്നറിഞ്ഞിരുന്നില്ല.

ഗോപാലകൃഷ്ണ​ന്റെ ഇളയ സഹോദരി, കൊല്ലത്ത് എസ്.എൻ വിമൻസ് കോളജിൽ ബി.എക്ക് പഠിച്ചിരുന്ന സരസ്വതിയെയും പിന്നീടൊരിക്കൽ കാമ്പിശ്ശേരിയുടെ വീട്ടിൽവെച്ച് കണ്ടിട്ടുണ്ട്. ആയിടെ വിവാഹനിശ്ചയം കഴിഞ്ഞ ആ പതിനെട്ടുകാരി വള്ളിക്കുന്നത്തെ തറവാട്ടു വീടി​ന്റെ വരാന്തയിലിരുന്ന് പരീക്ഷക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ സർപ്പത്തി​ന്റെ കൊത്തേറ്റ് മരിച്ചു. അതിനെക്കുറിച്ചുള്ള കാമ്പിശ്ശേരിയുടെ കണ്ണീർസ്പർശമുള്ള എഴുത്തും ഗോപാലൻ വരച്ച സരസ്വതിയുടെ ചിത്രവും ആ പെൺകുട്ടിയുടെ മുഖചിത്രവുമായിട്ടാണ് 1968 മേയ് മാസത്തിലെ ‘ജനയുഗം വാരിക’ പുറത്തിറങ്ങിയത്.

‘ജനയുഗം’ വഴി കിട്ടിയ ഒരുറ്റ സൗഹൃദങ്ങളിലൊന്നായിരുന്നു ബോംബെയിലെ പ്രമുഖ മലയാളിയും അറിയപ്പെടുന്ന നാടക കൃത്തുമൊക്കെയായ പി.വി. കുര്യാക്കോസുമായി ഉണ്ടായിരുന്നത്. 1960കളുടെ തുടക്കംതൊട്ട് കുര്യാക്കോസ് ‘ജനയുഗ’ത്തിൽ തുടർച്ചയായി നാടകങ്ങൾ എഴുതിപ്പോന്നു. കുടുംബദോഷികൾ, കാൽവരി, കുറ്റവാളി, കുപ്പിക്കല്ലുകൾ... വായനക്കാരുടെ പ്രീതി നേടിയ ഈ നാടകങ്ങൾ പിന്നീട് നാട്ടിലെ പല അമച്വർ സമിതികളും അവതരിപ്പിക്കുന്ന സമയത്ത്, അഭിനേതാക്കളെ നിശ്ചയിക്കുന്ന കാര്യത്തിൽ ഏറെ സഹായകമായത് ഗോപാലൻ ‘ജനയുഗ’ത്തിൽ വരച്ച കഥാപാത്രങ്ങളുടെ രൂപങ്ങളാണ്.

അക്കാലത്ത് ഗോപാലന് ഏറ്റവും മാനസികാടുപ്പം തോന്നിയിരുന്ന മറ്റൊരാൾ ടി.എ. മജീദ് എന്ന മജീദ് സാറാണ്. വൈകീട്ട് അവരൊരുമിച്ചാണ് ഓഫിസിൽനിന്നിറങ്ങുന്നത്. വർക്കലയിലുള്ള വീട്ടിലേക്ക് പോകാൻവേണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്ന വഴിയിൽ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ സംസാരിക്കും. ഒരിക്കൽ മജീദ് സാറി​ന്റെ മകളുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഗോപാലൻ നിറങ്ങളണിയിച്ച് മനോഹരമാക്കിക്കൊടുത്തു. ‘പേർഷ്യ’യിലുള്ള ബന്ധുക്കളാരോ വന്നപ്പോൾ കൊണ്ടുക്കൊടുത്ത ഒരു പോക്കറ്റ് റേഡിയോ ഗോപാലന് സമ്മാനിച്ചുകൊണ്ടാണ് മജീദ് സാർ സന്തോഷം പ്രകടിപ്പിച്ചത്. അക്കാലത്തെ ഒരു അപൂർവ വസ്തുവായിരുന്ന പോക്കറ്റ് റേഡിയോ ചവറയിലെ വീട്ടിൽ കൊണ്ടുചെന്നു പ്രവർത്തിപ്പിച്ചു നോക്കിയപ്പോൾ അതിൽനിന്ന് പൊട്ടലും ചീറ്റലും എരപ്പും മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂവെന്നത് വലിയൊരു നിരാശയായി.

ആർട്ടിസ്​റ്റ്​ ഗോപാല​ന്റെ വിവിധ ചിത്രീകരണങ്ങൾ

മജീദ് സാറിന് മാത്രമല്ല, ഡെസ്‌കിലുള്ള മറ്റെല്ലാവർക്കും ഗോപാലനെ ഇഷ്ടമായിരുന്നു. ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടായിരിക്കും ഒരു വിളിപ്പേരുമുണ്ടായിരുന്നു. ഇടക്ക് ഗോപാലൻ ഡെസ്‌കിലേക്ക് ചെന്നാലുടനെ ആര്യാട് ഗോപി പറയും, ‘‘ങാ, വന്നല്ലോ വിദൂഷകൻ!’’

പക്ഷേ, ചിലപ്പോൾ ഗോപാല​ന്റെ മൂശേട്ടസ്വഭാവം പെട്ടെന്ന് പുറത്തുവരുകയും ചെയ്യും. 1965ലെ ഓണം വിശേഷാൽപ്രതി ചെയ്യുന്ന സമയത്ത് കാമ്പിശ്ശേരി കുറച്ചു ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. തെങ്ങമം ബാലകൃഷ്ണനായിരുന്നു മാറ്ററൊക്കെ കൈകാര്യംചെയ്തിരുന്നത്. പേജുകളെല്ലാം സെറ്റ് ചെയ്തു കഴിഞ്ഞപ്പോൾ അവസാനം കിട്ടിയ മാറ്ററിൽ ചിലതൊന്നും ഉൾക്കൊള്ളിക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നു. പരസ്യം കൂടിപ്പോയതാണ് കാരണം. മാറ്റിവെച്ച കൂട്ടത്തിൽ എൻ.പി. ചെല്ലപ്പൻ നായരുടെ ഒരു കഥയുമുണ്ടായിരുന്നു. ‘കുര്യാക്കോ മകൾ അന്നം’.

ഗോപാലൻ അതിന് വാഷ് ഡ്രോയിങ് സങ്കേതമുപയോഗിച്ച് ചട്ടയും മുണ്ടും ധരിച്ച ഒരു യുവതിയുടെ മനോഹരമായ ഒരു ചിത്രം വരച്ചിരുന്നു. മാറ്ററും പടവും എടുത്തുകൊണ്ട് ഗോപാലൻ ചെന്നപ്പോൾ തെങ്ങമം ‘‘ഇതൊന്നും കൊടുക്കാൻ പറ്റില്ല’’ എന്ന് പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞു. ഗോപാലൻ വിനയത്തോടുകൂടി തന്നെ ഒന്നുകൂടി പറഞ്ഞുനോക്കി. അപ്പോൾ തെങ്ങമം ശബ്ദമുയർത്തി. ഗോപാലന് ദേഷ്യം വന്നത് പെട്ടെന്നാണ്. ത​ന്റെ മേശപ്പുറത്തിരുന്ന റീവ്‌സ് ഇന്ത്യൻ ഇങ്കി​ന്റെ ബോട്ടിലും ബ്രഷുമെല്ലാം കൂടി തട്ടി ദൂരെത്തെറിപ്പിച്ചു കളഞ്ഞിട്ട് അപ്പോൾത്തന്നെ അവിടെനിന്നിറങ്ങി നടന്നു. പുറത്തിറങ്ങി കടപ്പാക്കട ജങ്ഷനിൽ എത്തിയില്ല, അതിനുമുമ്പ് ആരോ വന്നു തോളിൽ പിടിക്കുന്നു.

നോക്കിയപ്പോൾ തെങ്ങമം, ഗോപാലനെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുപോകാൻ വന്നതാണ്. ഒന്നുരണ്ട് പരസ്യങ്ങൾ അടുത്ത ലക്കത്തിലേക്ക് മാറ്റാമെന്ന് പരസ്യ സെക്ഷനിലെ ചെല്ലപ്പൻ പിള്ളയെക്കൊണ്ട് സമ്മതിപ്പിച്ചിട്ട് ആ മാറ്റർ ചിത്രം സഹിതം കയറ്റി. ആ വർഷത്തെ വിശേഷാൽപ്രതിയിൽ വന്ന കഥകളിൽ വായനക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം എൻ.പിയുടേതായിരുന്നു.

ജീവൻ തുടിക്കുന്ന ഇലസ്ട്രേഷനുകളും ടൈറ്റിലുകളുമൊരുക്കിക്കൊണ്ട് ‘ജനയുഗം’ വാരികയുടെ രൂപഭാവങ്ങൾക്ക് ചൈതന്യം പകരുക മാത്രമല്ല ഗോപാലൻ ചെയ്തത്. കാമ്പിശ്ശേരിയുടെ അനുമതിയോടെ പേജുകൾ വ്യത്യസ്തമായി രൂപകൽപന ചെയ്യുന്നതിലും പല പരീക്ഷണങ്ങളും നടത്തിനോക്കി. പണ്ട് ‘കേരളശബ്‌ദ’ത്തിൽ വെച്ച് കെ.എസ്. ചന്ദ്രൻ പറയുമ്പോഴാണ് ലേഔട്ട് എന്ന വാക്ക് ആദ്യമായി ഗോപാലൻ കേൾക്കുന്നത്. ചന്ദ്രൻ സാർ പറഞ്ഞതനുസരിച്ച് ഇലസ്ട്രേറ്റഡ് വീക്കിലി ഉൾപ്പെടെ പല ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെയും പേജുകൾ ഒരുക്കുന്ന രീതി മനസ്സിരുത്തി പഠിച്ചു. ഫോട്ടോകൾ, ടൈറ്റിൽ, ലീഡ് ഇവയുടെ കൃത്യമായ അനുപാതത്തിലുള്ള കോമ്പിനേഷൻ, പേജ് ബാലൻസിങ് തുടങ്ങി ലേഔട്ട് സംബന്ധമായ കാര്യങ്ങളൊക്കെ മനസ്സിലാക്കി.

‘ജനയുഗ’ത്തി​ന്റെ തുറന്നാലുടനെ കാണുന്ന പേജിൽ തന്നെ പ്രയോഗം തുടങ്ങി. മാസ്‌റ്റ് ഹെഡിന് താഴെ ഉപക്രമം എന്ന പേരിൽ കാമ്പിശ്ശേരിയെഴുതുന്ന ചെറിയ കുറിപ്പ് ലെഫ്റ്റ് അലൈൻമെന്റ് ആയിട്ടോ ഒത്തനടുവിലായിട്ടോ കൊടുത്തു. പേജി​ന്റെ ഭൂരിഭാഗവും വൈറ്റ് സ്പേസ് ആയി വെറുതെയിട്ടു. ഇങ്ങനെയൊക്കെ ലേഔട്ട് ചെയ്ത് കാമ്പിശ്ശേരിയെ കാണിച്ചപ്പോൾ ലഭിച്ച പ്രതികരണം പല്ല് പുറമെ കാണിക്കാതെയുള്ള ആ പ്രത്യേക പുഞ്ചിരിയായിരുന്നു. എന്നാൽ, മാനേജർ പി.ഒ. ജോർജ് പുതിയ ലക്കം വാരിക മറിച്ചുനോക്കിയ ഉടൻ തന്നെ ചോദിച്ചു:

‘‘ഇതെന്താടോ കാമ്പിശ്ശേരി എന്നു തൊട്ടാ കവിതയെഴുതാൻ തുടങ്ങിയത്?’’

ലേഔട്ടിലെ അന്നുണ്ടായിരുന്ന പരമ്പരാഗത സമ്പ്രദായങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പിന്നെയും തുടർന്നു. അഞ്ചു സെന്റിമീറ്റർ വീതി വരുന്ന മൂന്നു കോളങ്ങളായി കമ്പോസ് ചെയ്ത പല സൈസിലുള്ള ടൈപ്പുകളും അതിനോടൊപ്പം വ്യത്യസ്ത വലുപ്പങ്ങളിലുള്ള പടങ്ങളുടെ ബ്ലോക്കുകളും കൂടിച്ചേർത്തുവെച്ച്, ഒരു ഇരുമ്പു ചട്ടക്കൂട്ടിൽ ഒതുക്കിക്കൊണ്ട് പേജുകൾ സെറ്റ് ചെയ്യുന്ന അന്നത്തെ ലെറ്റർ പ്രസ് സമ്പ്രദായത്തിന് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. എന്തുതരത്തിലുള്ള പരീക്ഷണങ്ങളും ഏതെല്ലാം രീതിയിൽ വേണമെങ്കിലും ചെയ്യാനായി കാക്കത്തൊള്ളായിരം മാർഗങ്ങളുള്ള, അസാധ്യമായി ഒന്നുമില്ലാത്ത ഡിജിറ്റൽ പ്രിന്റിങ്ങിന്റെ കാലത്തെ പുതിയ തലമുറക്ക് സങ്കൽപിക്കാൻപോലും പറ്റുന്ന ഒന്നല്ല ഇല്ലായ്മകളുടെയും വയ്യായ്മകളുടെയും ആ അച്ചടിഭൂതകാലം.

ഗോപാല​ന്‍റെ വര,തോ​പ്പി​ൽ ഭാ​സി​യു​ടെ അ​ന​ന്തര​വ​ൾ സ​ര​സ്വ​തി,പ്ര​ഭു​ക്ക​ളും ഭൃത്യ​രും

ഗോപാലൻ സമയം കിട്ടുമ്പോഴൊക്കെ പ്രസിലെ പേജ് കമ്പോസ് ചെയ്യുന്നിടത്തേക്കു ചെല്ലും. കമ്പോസിറ്റർമാരുടെ കൂടെത്തന്നെ നിന്നുകൊണ്ട് നോക്കി പഠിക്കും. ‘കേരളശബ്ദ’ത്തിൽ വെച്ചുതന്നെ വി.പി. നായർ പറഞ്ഞതനുസരിച്ച് ക്വയിലോൺ ബ്ലോക്സിൽ പോയി ബ്ലോക്ക് മേക്കിങ്ങിന്റെ പ്രാഥമിക പാഠങ്ങളൊക്കെ മനസ്സിലാക്കിയിരുന്നല്ലോ. ‘ജനയുഗ’ത്തിലെ പ്രസിന്റെ പിറകുവശത്തായി ആരും അങ്ങനെ കടന്നുചെല്ലാത്ത ഇരുണ്ട ഒരു കോണിലായി കറുത്തു മെല്ലിച്ച ഒരു മാണിക്യം മേസ്തിരി ഇരിപ്പുണ്ട്. ബ്ലോക്കി​ന്റെ ഉപയോഗം കഴിഞ്ഞാൽ തടിയിൽനിന്ന് ഫ്രെയിമൊക്കെ ഊരിയെടുത്തുകളയുന്നത് അയാളാണ്.

കമ്പോസിറ്റർ പൊന്നപ്പനായിരുന്നു ഗോപാലൻ ആശ്രയിച്ച മറ്റൊരാൾ. അവരിരുവരുടെയും സഹായത്തോടെ ഇരുമ്പ് ഫ്രെയിമിനുള്ളിൽ ഫോറം സെറ്റു ചെയ്യുന്നതിലും മറ്റും ചില പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് പേജിൽ പല പുതുമകളും വരുത്തി. ഒരു പേജിൽ ഹെഡിങ്ങടക്കമുള്ള മാറ്റർ മുഴുവനും ഒരു വശത്തേക്ക് ചരിച്ച് സവിശേഷമായ രീതിയിൽ വിന്യസിച്ചുകൊണ്ടും പേജി​ന്റെ മാർജിനെ അതിലംഘിച്ച് അങ്ങേയറ്റത്തായി ഫോട്ടോകൾ കൊടുത്തു (flush cut) കൊണ്ടുമൊക്കെ ഗോപാലൻ പരീക്ഷിച്ചുനോക്കിയ പുതിയ പേജ് ഡിസൈൻ, മലയാളത്തിലെ മാഗസിൻ ജേണലിസത്തിൽ തന്നെ ഒരു നവഭാവുകത്വത്തിനാണ് വഴിയൊരുക്കിയത്.

‘വിലയ്ക്കു വാങ്ങാം’ പുസ്തകരൂപത്തിലിറങ്ങിക്കഴിഞ്ഞ് ഒരുദിവസം അന്നത്തെ തപാലിൽ വന്ന കത്തുകളിലൊരെണ്ണം വായിച്ചിട്ട് കാമ്പിശ്ശേരി ഗോപാലനെ അടുത്തേക്ക് വിളിച്ചിട്ടു പറഞ്ഞു:

‘‘ദേണ്ടെ, ബിമൽ മിത്ര എഴുതിയേക്കുന്നു, പുസ്തകത്തിന് ഇയാള് വരച്ച കവറ് ഒരുപാടിഷ്ടമായീന്ന്. ഗോപാല​ന്റെ സതീടത്രേം ഭംഗിയൊള്ള നായികമാരെ വേറെ പരിഭാഷകളിലൊന്നും കണ്ടിട്ടില്ലാന്നും പ്രത്യേകം പറഞ്ഞിട്ടൊണ്ട്.’’

അപ്പോഴേക്കും ‘കടി ദിയെ കിൻലാം’ എന്ന മൂലകൃതിയുടെ പതിനാല് പതിപ്പുകൾ പുറത്തുവന്നുകഴിഞ്ഞിരുന്നു. അതിനുപുറമെ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള വിവർത്തനങ്ങളും വന്നു. അവക്കൊക്കെ വേണ്ടി രാജ്യത്തി​ന്റെ പല ഭാഗങ്ങളിലുള്ള ചിത്രകാരന്മാരും വരച്ച ചിത്രങ്ങളെക്കുറിച്ചാണ് ബിമൽ മിത്ര അങ്ങനെ പറഞ്ഞത്.

‘വിലയ്ക്കു വാങ്ങാ’മി​ന്റെ ഗംഭീരവിജയത്തെ തുടർന്ന് ‘ജനയുഗം’ മറുഭാഷാ കൃതികളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. സമകാലിക ബംഗാളി സാഹിത്യത്തിലെ മറ്റൊരു പ്രമുഖനായ ശങ്കറി​ന്റെ ചൗരംഗി, രാജ്യദ്രോഹിക്കും നിറം പിടിപ്പിച്ച നുണകൾക്കും ശേഷം വേറൊരു യശ്പാൽ നോവലായ 12 മണിക്കൂർ, തമിഴ് സാഹിത്യത്തിൽ ആധുനികതയുടെ വഴിത്താര വെട്ടിത്തുറന്ന ജയകാന്ത​ന്റെ നോവൽ, കെ.എ. അബ്ബാസി​ന്റെ ചലച്ചിത്ര നോവൽ ബോംബെ രാത്രിയുടെ മറവിൽ... ഇതൊക്കെ ഗോപാല​ന്റെ ചിത്രങ്ങളുടെ അകമ്പടിയോടെ ഒന്നിനുപിറകെ ഒന്നായി ‘ജനയുഗ’ത്തിൽ വരാൻ തുടങ്ങി. ‘ജനയുഗം’ വായനക്കാർക്ക് ആഹ്ലാദം പകർന്നുകൊണ്ട് ബിമൽ മിത്രയും വൈകാതെ മടങ്ങിവന്നു. ​െകാൽക്കത്ത നഗരത്തി​ന്റെ പശ്ചാത്തലത്തിൽ അദ്ദേഹം രചിച്ച നോവൽത്രയത്തിലെ രണ്ടാം ഭാഗമായ ‘വിലയ്ക്ക് വാങ്ങാ’മിന് പിന്നാലെ അതിലെ ആദ്യത്തെ നോവൽ എം.എൻ. സത്യാർഥി തന്നെ വിവർത്തനംചെയ്ത് ‘ജനയുഗം’ വായനക്കാരുടെ മുമ്പാകെ എത്തിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടി​ന്റെ ഉത്തരാർധത്തിൽ തുടങ്ങി 1911 വരെയുള്ള ​െകാൽക്കത്തയുടെ ചരിത്രപശ്ചാത്തലത്തിൽ കഥപറയുന്ന ‘സാഹിബ് ബീബി ഔർ ഗുലാം’ എന്ന നോവലി​ന്റെ മലയാള പരിഭാഷക്ക് സത്യാർഥി കൊടുത്ത പേര് ‘പ്രഭുക്കളും ഭൃത്യരും’ എന്നായിരുന്നു. 1962ൽ വിഖ്യാത നടനും സംവിധായകനുമായ ഗുരുദത്ത് നിർമിക്കുകയും നായക വേഷത്തിൽ അഭിനയിക്കുകയും ചെയ്ത, തിരക്കഥാകൃത്ത് അബ്രാർ അൽവിയുടെ സംവിധാനത്തിൽ പുറത്തുവന്ന സാഹിബ് ബീബി ഔർ ഗുലാം എന്ന ചലച്ചിത്രം നോവലിനെക്കാൾ പ്രശസ്തി നേടിയിരുന്നു. ഗുരുദത്ത് (ഭൂതനാഥൻ), മീനാകുമാരി (ഛോട്ടി ബഹു), വഹീദാ റഹ്മാൻ (ജവാമയി) എന്നിവരുടെ അതുല്യമായ അഭിനയവും കൈഫി ആസ്മി-എസ്.ഡി. ബർമൻ ടീം ഒരുക്കിയ ഹൃദയഹാരിയായ ഗാനങ്ങളുമെല്ലാം ചേർന്ന് മലയാളികളുൾപ്പെടെ ധാരാളം പ്രേക്ഷകരുടെ മനസ്സ് വശീകരിച്ചിട്ടുള്ള ആ ചിത്രത്തി​ന്റെ മൂലകൃതി വായിക്കാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.

നോവലി​ന്റെ പ്രസിദ്ധീകരണമാരംഭിച്ച ലക്കം ‘ജനയുഗ’ത്തി​ന്റെ മുഖചിത്രം സിനിമയിൽനിന്ന് ഗോപാലൻ അതേപടി പകർത്തിയ ഒരു ക്ലാസിക് രംഗമായിരുന്നു. മീനാകുമാരി അവതരിപ്പിക്കുന്ന ചെറിയ വധുവി​ന്റെ ചുണ്ടുകളിലേക്ക് റഹ്മാ​ന്റെ ചെറിയ യജമാനൻ മദ്യചഷകം ചേർത്തുപിടിക്കുന്ന ആ വിഖ്യാത നിശ്ചലചിത്രം എല്ലാ സൂക്ഷ്മാംശങ്ങളോടുംകൂടി ഗോപാലൻ കടലാസിലേക്ക് പകർത്തി. അതുവരെ എന്നല്ല അതിനുശേഷവും ഗോപാലൻ വരച്ചിട്ടുള്ള മുഖചിത്രങ്ങളുടെ കൂട്ടത്തിൽ ഏറെ സവിശേഷതകളോടെ വേറിട്ടുനിൽക്കുന്ന ചിത്രമാണ് അത്.

കുര്യാക്കോ മകൾ അന്നം,ജനയുഗം വാരികയുടെ ഒരു കവർ,കേ​ശ​വ​ദേ​വി​ന്റെ നോ​വ​ൽ 'അ​ധി​കാ​ര'​ത്തി​ന്റെ പ​ര​സ്യം

‘പ്രഭുക്കളും ഭൃത്യരും’ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ ‘ജനയുഗ’ത്തിനായി വീണ്ടും വായനക്കാർ കാത്തിരിക്കാൻ തുടങ്ങി. ഗോപാലൻ വരച്ച ചിത്രങ്ങളായിരുന്നു ഇത്തവണയും പ്രധാന ആകർഷണ ഘടകം. പത്തൊമ്പതാം നൂറ്റാണ്ടിലെ ​െകാൽക്കത്താ നഗരവും അവിടത്തെ പ്രഭുകുടുംബങ്ങളിൽപെട്ടവരുടെ വേഷവിധാനങ്ങളും രൂപഭാവങ്ങളുമൊക്കെ വരകളിലൂടെ പുനരാവിഷ്കരിക്കാൻ ഗോപാലന് കടമ്പകളേറെയായിരുന്നു.

‘ഇലസ്ട്രേറ്റഡ് വീക്കിലി’യിൽ തകഴിയുടെ ‘ചെമ്മീനി’ന് നാരായണ മേനോൻ തയാറാക്കിയ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനുവേണ്ടി ഇലസ്‌ട്രേഷൻ നടത്തിയ മാരിയോ മിരാൻഡ കേരളത്തിലെ കടപ്പുറവും മുക്കുവരും എങ്ങനെയിരിക്കുമെന്ന് നേരിട്ടു കാണാനായി കേരളം സന്ദർശിച്ചുവെന്ന് കേട്ടിട്ടുണ്ട്. ഗോപാലനെ ഇതിനുവേണ്ടി കൊൽക്കത്തയിലേക്ക് അയച്ചാലോ എന്ന ചിന്ത ആരുടെയും മനസ്സിൽ തോന്നിയില്ല. കാരണം, ഇതിനോടകം പല കഥകൾക്കും വേണ്ടി ഗേറ്റ് വേ ഓഫ് ഇന്ത്യയും താജ് മഹലും ചാർമിനാറുമൊക്കെ ഒരിക്കൽപോലും നേരിട്ടു കാണാതെ തന്നെ ഗോപാലൻ തികഞ്ഞ യാഥാർഥ്യ പ്രതീതിയോടെ വരകളിലൂടെ പുനഃസൃഷ്ടിച്ചത് അതിശയത്തോടെ എല്ലാവരും കണ്ടിട്ടുള്ളതാണ്.

ഇതൊക്കെ നടക്കുമ്പോഴേക്കും ഗോപാല​ന്റെ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് പ്രവേശിച്ചിരുന്നു. രേഖാചിത്രകലയിൽനിന്ന് ഒരുപാട് ദൂരെനിൽക്കുന്ന ഒരിടമാണെങ്കിലും വര തന്നെ കർമമേഖലയായ മറ്റൊരു ജീവിത സാഹചര്യത്തിലേക്ക് ഗോപാലൻ ആയിടെയാണ് കാലെടുത്തുവെച്ചത്.

‘ജനയുഗ’ത്തിൽനിന്നുള്ള നിയമന ഉത്തരവ് കിട്ടുന്നതിനൊക്കെ മുമ്പ് 1966 ഫെബ്രുവരിയിൽ ഗോപാലൻ വെറുതെ ഒരു സർക്കാർ ജോലിക്ക് അപേക്ഷിച്ചിരുന്നു. അത് യാദൃച്ഛികമായി സംഭവിച്ചതാണ്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഒരു ഡ്രാഫ്റ്റ്സ് മാ​ന്റെ തസ്തികയിലേക്ക് അപേക്ഷിക്കുന്ന നേരത്ത് അവിടെ ഒരു ആർട്ടിസ്റ്റി​ന്റെ പോസ്റ്റിലേക്കും അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പഴയ കൂട്ടുകാരൻ ശിവദാസൻ പിള്ളയുടെ ശ്രദ്ധയിൽപെട്ടു. അതിനാവശ്യമായ യോഗ്യതകളെല്ലാം ഗോപാലനുണ്ടെന്ന് കണ്ട ശിവദാസൻ പിള്ള തന്നെയാണ് അപേക്ഷാഫോറം വാങ്ങിച്ചു പൂരിപ്പിച്ചത്. പണ്ട് കോഴ്സ് പാസായതി​ന്റെ സർട്ടിഫിക്കറ്റ് സേട്ടി​ന്റെ വീട്ടിൽച്ചെന്ന് നാൽപതു രൂപ കൊടുത്ത് വാങ്ങിച്ചു. അയാൾ അതുംകൊണ്ട് കുറെനാളായി ഗോപാലനെയും തിരക്കി നടക്കുകയായിരുന്നു. അപേക്ഷയൊക്കെ അയച്ചെങ്കിലും അതിനെക്കുറിച്ചൊക്കെ മറന്നങ്ങനെയിരിക്കുമ്പോഴാണ് എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവി​ന്റെയും അറിയിപ്പ് കിട്ടുന്നത്. 1967 ജനുവരി മാസത്തിലാണത്.

‘ജനയുഗ’ത്തിൽ വിവരമറിയിച്ചപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു.

‘‘ഇയാളൊന്നു പോയി നോക്കെടോ. ഇനി വേണ്ടാന്ന് വെച്ചാലും ഇവിടെ പണിയുണ്ടല്ലോ. ചുമ്മാ പോയിട്ട് വാ’’ എന്നായിരുന്നു കാമ്പിശ്ശേരിയുടെ അഭിപ്രായം. ഗോപാലൻ ആവശ്യപ്പെട്ടതനുസരിച്ച് ഒരു അനുഭവ പരിചയ സർട്ടിഫിക്കറ്റുമെഴുതി മേശപ്പുറത്ത് വെച്ചിരുന്നു. എന്നാൽ, മറ്റുള്ളവരുടെയാരുടെയും, പ്രത്യേകിച്ച് മാനേജർ ജോർജിന്റെ മുഖത്ത് അത്ര സന്തോഷമുണ്ടായിരുന്നില്ല. ഗോപാലനെപ്പോലെയൊരു ആർട്ടിസ്റ്റ് കൈവിട്ടുപോയാൽ പിന്നെ എന്തുചെയ്യും?

ഇന്റർവ്യൂവി​ന്റെ തലേന്നുവരെ ഗോപാലൻ പോകുന്ന കാര്യത്തിൽ തീരുമാനമൊന്നുമെടുക്കാതെയങ്ങനെയിരുന്നു. വൈകുന്നേരമായപ്പോൾ പതിവില്ലാതെ ലക്ഷ്മണൻ സാറ് (വി. ലക്ഷ്മണൻ) വന്നു വിളിക്കുന്നു. കൊട്ടാരക്കര നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന പടം കുമാർ തിയറ്ററിൽ റിലീസ് ചെയ്തിട്ടുണ്ട്. വരുന്നോ കാണാൻ..?

സിനിമ കാണാനാണോ... ഗോപാലൻ എപ്പോഴും റെഡിയാണ്. ‘ജനയുഗ’ത്തിലുള്ളവർക്ക് തിയറ്ററിൽ ടിക്കറ്റ് ചാർജൊന്നും കൊടുക്കുകയും വേണ്ട. പടത്തി​ന്റെ ഫസ്റ്റ് ഷോ കണ്ടുകഴിഞ്ഞിറങ്ങിയപ്പോൾ നേരം വൈകി. ചവറക്കുള്ള അവസാനത്തെ ബസും പോയിക്കഴിഞ്ഞു. ‘‘ഇന്നിനി പോണ്ട, ഓഫീസിൽ പോയി കിടക്കാമെ’’ന്ന് ലക്ഷ്മണൻ സാർ നിർബന്ധിച്ചിട്ട് ഗോപാലൻ തയാറായില്ല. മുകുന്ദപുരത്തിന് പോകുന്ന ഒരു ഫാസ്റ്റ് പാസഞ്ചറിൽ കയറി ചവറയിൽ ഇറങ്ങിയപ്പോൾ നേരം അർധരാത്രി കഴിഞ്ഞു. ഇനിയിപ്പോൾ രാവിലെ ഒമ്പതു മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന കാര്യം നടപ്പില്ലെന്ന് ഏതാണ്ട് തീർച്ചയായി.

വീട്ടിൽ ചെന്നുകയറുമ്പോൾ പതിവുപോലെ പട്ടി മാത്രം കാത്തിരിപ്പുണ്ട്. അമ്മ അടച്ചുവെച്ചിരിക്കുന്ന ചോറെടുത്ത് കഴിച്ചു. പോകണോ വേണ്ടയോ എന്ന് കുറച്ചുനേരം ആലോചിച്ചു. വെളുപ്പിന് മൂന്നു മണിയായപ്പോൾ വീട്ടിൽനിന്നിറങ്ങി ഹൈവേയിൽ വന്ന് നിന്നപ്പോൾ കണ്ടു, തിരുവനന്തപുരത്തേക്കുള്ള ചുവന്ന ബസ് വരുന്നു. പാളയത്ത് വന്നിറങ്ങിയപ്പോൾ അഞ്ചു മണി. തമ്പാനൂർ വരെ നടന്നെങ്കിലും ലോഡ്ജുകളൊന്നും തുറന്നിട്ടുണ്ടായിരുന്നില്ല. തിരിച്ച് പാളയത്തുവന്ന് ടൗൺ ഹോട്ടലിൽ മുറിയെടുത്തു. എട്ടുമണി കഴിഞ്ഞപ്പോൾ ഒരു ടാക്സി പിടിച്ച് വഞ്ചിയൂരുള്ള ഓഫിസിലേക്ക് ചെന്നു.

പന്ത്രണ്ടു പേരുണ്ടായിരുന്നു പരീക്ഷക്ക്. അവിടെ അപ്രന്റിസായി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുമുണ്ടായിരുന്നു കൂട്ടത്തിൽ. ‘ജനയുഗത്തിലെ ആർട്ടിസ്റ്റ് ഗോപാലനാ’ണ് ആൾ എന്നു തിരിച്ചറിഞ്ഞ ഒരാൾ –അവിടെ ജോലി ചെയ്യുന്ന ഒരു പ്രഭാകരൻ– ഹാർദമായ ഒരു ചിരിയോടെയാണ് സ്വീകരിച്ചത്.

ബി​മ​ൽ മി​ത്ര,ജ​ന​യു​ഗം’ മാ​നേ​ജ​ർ പി.​ഒ. ജോ​ർ​ജ്

കേരളത്തി​ന്റെ ചില സ്ഥിതിവിവരക്കണക്കുകളും മറ്റും ഗ്രാഫി​ന്റെ രൂപത്തിൽ വരക്കാനുണ്ടായിരുന്നു. അതൊന്നും തൊട്ടില്ല. പിന്നെയുണ്ടായിരുന്നത് രണ്ടു പടങ്ങളാണ്. Running Horse ഉം Topioca plantഉം. കുതിരയെ നല്ല ഭംഗിയായി തന്നെ വരച്ചു. വാലൊക്കെ പറത്തി, ഭൂമിയാകെയിളക്കി മറിച്ച് കുളമ്പടികളുയർത്തിക്കൊണ്ട് അതിവേഗം പായുന്ന കുതിര. ഗോപാലൻ വരക്കുന്നത് മുഴുവനും കൗതുകത്തോടെ നോക്കിക്കൊണ്ട്, പരീക്ഷക്ക് മേൽനോട്ടം വഹിക്കാൻ പി.എസ്.സിയിൽനിന്നുവന്ന ഒരു സ്ത്രീ പിറകിൽ നിൽപുണ്ടായിരുന്നു.Topioca plant എന്നുവെച്ചാൽ എന്താണെന്ന് ഗോപാലന് പിടികിട്ടിയില്ല. ഇൻവിജിലേറ്റർക്ക് അത് തൊട്ടു കാണിച്ചുകൊടുത്തുകൊണ്ട് മൗനമായി ആരാഞ്ഞു.

‘ജനയുഗ’ത്തി​ന്റെ കവർ -ഗോപാല​ന്റെ വര,ഗോപാലന്‍റെ മ​റ്റൊരു വര

‘‘ഇതുവരെ മരച്ചീനി കണ്ടിട്ടില്ലേ?’’ എന്നായിരുന്നു അവരുടെ ഒച്ച വളരെ കുറച്ചുള്ള പ്രതികരണം. ആഹാ, ഇത്രേയുള്ളോ? ഞൊടിയിടയിൽ ഇലകളും മൊട്ടും തണ്ടുമൊക്കെയായി കപ്പക്കിഴങ്ങ് കടലാസ് ഷീറ്റിൽ രൂപംകൊണ്ടു. ഈ മായാജാലമൊക്കെ കണ്ട് പരീക്ഷക ആകെ അന്തംവിട്ടു നിൽക്കുകയാണ്.

വരച്ച കടലാസ് മടക്കിവെച്ചിട്ട് അപ്പോൾതന്നെ സ്ഥലംവിട്ടു. ‘എഴുത്തു പരീക്ഷ’യിൽ' ഒന്നാമതായി എന്നറിയിക്കാനായി പ്രഭാകരൻ വന്നുനോക്കിയപ്പോൾ ആളെ അവിടെയെങ്ങും കാണാനില്ല. അവിടെയും ഇവിടെയുമൊക്കെ ഒന്ന് കറങ്ങിയിട്ട് ഉച്ചക്ക് രണ്ടുമണിയായപ്പോൾ പി.എസ്.സി ഓഫിസിലേക്ക് ചെന്നു. ഇന്റർവ്യൂ ബോർഡി​ന്റെ തലപ്പത്ത് അന്ന് പി.എസ്.സിയുടെ ചെയർമാനായിരുന്ന എ.പി. ഉദയഭാനുവായിരുന്നു. വകുപ്പി​ന്റെ അഡീഷനൽ ഡയറക്ടർ ഒരു ഫിലിപ്പോസും, പിന്നെ സബ്ജക്ട് എക്സ്പർട്ട് ആയ വേറെയൊരാളുമായിരുന്നു മറ്റംഗങ്ങൾ.

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണെന്നുള്ള ചോദ്യത്തിനും സംസ്ഥാനത്തി​ന്റെ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകൾ സൂചിപ്പിക്കുന്ന ഗ്രാഫുകൾ കാണിച്ചുകൊണ്ടുള്ള ചില ചോദ്യങ്ങൾക്കുമൊക്കെ ‘‘അറിഞ്ഞുകൂടാ’’ എന്നായിരുന്നു ഒരു കൂസലും കൂടാതെയുള്ള ഉത്തരം. ‘‘ആർട്ടിസ്റ്റുകൾക്ക് കണക്കറിയണമെന്നില്ലല്ലോ’’ എന്നു പറഞ്ഞ് ഉദയഭാനു രക്ഷിച്ചു. വിദഗ്ധ​ന്റെ ചോദ്യങ്ങളെല്ലാം ചിത്രകലയെ സംബന്ധിച്ചുള്ളവയായിരുന്നു. പിക്കാസോ, ഡാവിഞ്ചി, മൈക്കിലാഞ്ചലോ, സാൽവദോർ ദാലി, റെമ്പ്രാൻഡ്... ഓരോരുത്തരുടെയും ശൈലിയുടെയും, അവരുടെ ഫിഗറുകളുടെയുമൊക്കെ പ്രത്യേകതകൾ. ഗോപാലൻ ആവേശത്തോടുകൂടി വാചാലനായാണ് അതെല്ലാം വിവരിച്ചത്. ഇന്റർവ്യൂ ബോർഡ് കൗതുകത്തോടെ കേട്ടിരുന്നു.

ഇന്റർവ്യൂ കഴിഞ്ഞിറങ്ങിയപ്പോൾ മനസ്സിനൊരു തൃപ്തി തോന്നി. ജോലി കിട്ടുമെന്ന് ഏതാണ്ടൊരു പ്രതീക്ഷയും. കുറച്ചുനേരം മ്യൂസിയത്തിൽ വന്നിരുന്ന് കെട്ടിടങ്ങളുടെ സ്കെച്ച് വരച്ചു കൊണ്ടിരുന്നു. സന്ധ്യയായപ്പോൾ കൊല്ലത്തിന് ബസ് കയറി.

കുറച്ചു ദിവസം കഴിഞ്ഞ് നിയമന ഉത്തരവ് കൈയിൽ കിട്ടി. 90-190 സ്കെയിലിലും 125 രൂപ ശമ്പളത്തിലും ആർട്ടിസ്റ്റിന്റെ തസ്തികയിൽ ജോലി. ഒന്നാം റാങ്ക് ഉണ്ടായിരുന്നുവെന്ന് പിന്നീടറിഞ്ഞു. എന്തുചെയ്യണമെന്ന ചോദ്യത്തിന് കാമ്പിശ്ശേരിതന്നെ പരിഹാരം കണ്ടെത്തി.

‘‘സർക്കാരുദ്യോഗമല്ലേ, കളയേണ്ട. ഇയാള് പോയി ജോലിക്ക് ചേര്. ശനിയും ഞായറും ഇങ്ങുപോരേ.’’

ഓർഡർ കൊണ്ടുചെന്ന് മാനേജറെ കാണിച്ചപ്പോഴാണ് പി.ഒ. ജോർജ് പറയുന്നത്, ഗോപാലനെ ഇന്റർവ്യൂവിന് വിടാതിരിക്കാൻവേണ്ടി താനും ലക്ഷ്മണൻ സാറുംകൂടി കളിച്ച കളിയെക്കുറിച്ച്. കുമാർ തിയറ്ററിലെ ‘കുഞ്ഞാലി മരയ്ക്കാർ’.

(തുടരും)

Show More expand_more
News Summary - weekly culture biography