Begin typing your search above and press return to search.
proflie-avatar
Login

കാമ്പിശ്ശേരിയുടെ വിടവാങ്ങൽ

കാമ്പിശ്ശേരിയുടെ വിടവാങ്ങൽ
cancel

വരയുടെ ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഗോപാലനെ പ്രേരിപ്പിച്ച ഒരു കൂടിക്കാഴ്ച ആകസ്മികമായി ആയിടെ നടന്നു. എഴുപതുകളുടെ തുടക്കത്തിലെപ്പോഴോ ആണ്. പട്ടത്തെ കൽപന തിയറ്ററിൽ ഏതോ പരിപാടി കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ, ബുൾഗാനിൻ താടിവെച്ച് ബാക്ക് ഓപൺ ഷർട്ട് ധരിച്ച അൽപം ഇരുണ്ട നിറമുള്ള ഒരു മനുഷ്യന് വിതുര ബേബി ഗോപാലനെ പരിചയപ്പെടുത്തിക്കൊടുത്തു. എം.വി. ദേവനായിരുന്നു അത് -ജീവിതകഥ തുടരുന്നു.എൻ.പി. ചെല്ലപ്പൻ നായരുടെ ‘യക്ഷി’ എന്ന കഥക്കുവേണ്ടിയാണ് ഗോപാലൻ അപ്പോൾ വരച്ചുകൊണ്ടിരുന്നത്. കാമമോഹിതയായ ഒരു സർദാറിണിയുടെ ഏതാണ്ട് മുക്കാലും നഗ്നമായ ശരീരത്തിലേക്ക് ചാഞ്ഞുകിടക്കുന്ന ഒരു കൗമാരാതീതപ്രായക്കാരൻ –ഉത്തരേന്ത്യയിൽ...

Your Subscription Supports Independent Journalism

View Plans
വരയുടെ ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഗോപാലനെ പ്രേരിപ്പിച്ച ഒരു കൂടിക്കാഴ്ച ആകസ്മികമായി ആയിടെ നടന്നു. എഴുപതുകളുടെ തുടക്കത്തിലെപ്പോഴോ ആണ്. പട്ടത്തെ കൽപന തിയറ്ററിൽ ഏതോ പരിപാടി കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ, ബുൾഗാനിൻ താടിവെച്ച് ബാക്ക് ഓപൺ ഷർട്ട് ധരിച്ച അൽപം ഇരുണ്ട നിറമുള്ള ഒരു മനുഷ്യന് വിതുര ബേബി ഗോപാലനെ പരിചയപ്പെടുത്തിക്കൊടുത്തു. എം.വി. ദേവനായിരുന്നു അത് -ജീവിതകഥ തുടരുന്നു.

എൻ.പി. ചെല്ലപ്പൻ നായരുടെ ‘യക്ഷി’ എന്ന കഥക്കുവേണ്ടിയാണ് ഗോപാലൻ അപ്പോൾ വരച്ചുകൊണ്ടിരുന്നത്. കാമമോഹിതയായ ഒരു സർദാറിണിയുടെ ഏതാണ്ട് മുക്കാലും നഗ്നമായ ശരീരത്തിലേക്ക് ചാഞ്ഞുകിടക്കുന്ന ഒരു കൗമാരാതീതപ്രായക്കാരൻ –ഉത്തരേന്ത്യയിൽ നടന്ന പ്രമാദമായ ഒരു കൊലപാതകത്തെ ആസ്പദമാക്കി കടുത്ത നിറക്കൂട്ടിൽ മുക്കി എൻ.പി എഴുതിയ, വികാരം തുടിച്ചുനിൽക്കുന്ന കഥയുടെ സത്ത മുഴുവനും ഇന്ത്യൻ ഇങ്കിലൂടെ പകർത്തിവെക്കുകയായിരുന്നു ഗോപാലൻ. പെട്ടെന്ന് പിറകിൽനിന്ന് അശരീരിപോലെയൊരു ശബ്ദം കേട്ടു.

‘‘ആ പെമ്പ്രന്നോരുടെ പൊറത്ത് ഇച്ചിരെ തുണി കൂടെ ഇട്ടേരേ ഗോപാലാ.’’

ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ കാമ്പിശ്ശേരിയാണ്. വരക്കുന്നത് നോക്കിക്കൊണ്ട് കാമ്പിശ്ശേരി പിറകിൽ നിൽപുണ്ടായിരുന്നത് ഗോപാലൻ അറിഞ്ഞില്ല. കൂടുതലൊന്നും പറയാതെ കാമ്പിശ്ശേരിയങ്ങു നടന്നുപോകുകയും ചെയ്തു. പിന്നീടൊരിക്കൽ മറ്റൊരു ഓണപ്പതിപ്പിലേക്ക് പത്മരാജ​ന്റെ ‘ശവവാഹനങ്ങളും തേടി’ എന്ന നോവലിനുവേണ്ടി ശവവണ്ടിയുമായി മുന്നോട്ടുപായുന്ന കുതിരയുടെ ചിത്രം വരച്ചിട്ട് കൊണ്ടുക്കാണിച്ചപ്പോൾ കാമ്പിശ്ശേരി പറഞ്ഞു.

‘‘നല്ല വേഗത്തിലോടുന്ന ആ കുതിരേടെ മൂക്കി​ന്റെ ദ്വാരമൊണ്ടല്ലോ, അതിങ്ങനെ ത്രസിച്ച് വിടർന്നു നിൽക്കുന്നതുപോലെ കാണിച്ചിരുന്നേൽ കൊറച്ചുകൂടി നന്നായേനെ.’’

അഭിനയകലയെക്കുറിച്ച് കാമ്പിശ്ശേരി പലപ്പോഴായെഴുതിയ ലേഖനങ്ങളെല്ലാം കൂടി ചേർത്ത് ‘അഭിനയ ചിന്തകൾ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച സമയം. പുസ്തകത്തി​ന്റെ കവറായി കൊടുക്കാൻ വേണ്ടി ‘കാലം മാറുന്നു’ എന്ന സിനിമയിലെ കാമ്പിശ്ശേരിയുടെ ഒരു ചിത്രം കൊല്ലത്തെ കൽപനാ സ്റ്റുഡിയോയുടെ ഉടമസ്ഥനായ ശ്രീനി 12×10 സൈസിൽ വലുതാക്കിയെടുത്ത് കൊണ്ടുക്കൊടുത്തു. ഗോപാലൻ ആ ചിത്രം വാങ്ങിച്ചുകൊണ്ടുപോയി അടുത്ത ദിവസം തന്നെ ലൈൻ സ്‌കെച്ചായി പകർത്തിക്കൊണ്ടുവന്നു.

സ്കെച്ച് കൈയിലെടുത്തു നോക്കിയ നിമിഷംതന്നെ ‘‘ഫോട്ടോ വേണ്ട ഗോപാലൻ വരച്ച ഈ പടം മതി കവറിന്’’ എന്ന് കാമ്പിശ്ശേരി പ്രഖ്യാപിച്ചു. പുസ്തകത്തിനുവേണ്ടി വേറെയും ചിത്രങ്ങൾ ഗോപാലൻ വരച്ചു. സവിശേഷമായ രീതിയിൽ ഗോപാലൻ വരച്ചുണ്ടാക്കിയ അക്ഷരങ്ങളുടെ ബ്ലോക്കിൽനിന്നാണ് പുസ്തകത്തിലെ ഓരോ അധ്യായവും തുടങ്ങുന്നത്. മലയാളത്തി​ന്റെ പുസ്തകപ്രസാധന ചരിത്രത്തിലെതന്നെ വേറിട്ട സംഭവമായിരുന്നു അത്.

1960കളുടെ അവസാനമായപ്പോഴേക്കും, വരയുടെ ആദ്യകാലങ്ങളിൽ നിഴലിച്ചുകണ്ടിരുന്ന കാവടിയുടെയും മാലിയുടെയുമൊക്കെ സ്വാധീനത്തിൽനിന്നും പൂർണമായി വിടുതൽ നേടിക്കൊണ്ട് സ്വന്തവും സ്വതന്ത്രവുമായ, പക്വതയാർജിച്ച ഒരു ശൈലി ഗോപാലൻ സ്വായത്തമാക്കിയിരുന്നു. നമ്പൂതിരിയുടെയും എ.എസ്. നായരുടെയും വരകളുടെ സുവർണദശയായിരുന്ന ആ നാളുകളിൽ അവരുടേതിൽനിന്നൊക്കെ തീർത്തും വിഭിന്നമായ ഒരു ആവിഷ്കാര സമ്പ്രദായത്തിലൂടെ രേഖാചിത്രരംഗത്ത് തന്റേതായ അടിയുറപ്പുള്ള ഒരു നിലപാടുതറ നിർമിച്ചെടുക്കാൻ ഗോപാലന് സാധിച്ചു. നമ്പൂതിരിയും എ.എസും രൂപപ്പെടുത്തിയെടുത്ത ശൈലീകൃതമായ രചനാസങ്കേതത്തിൽ നിന്ന് വ്യത്യസ്തമായി യഥാതഥമായ ഒരു സമീപനമാണ് ഗോപാലൻ വരയിൽ കൈക്കൊണ്ടിരുന്നത്. എന്നാൽ, കവിതകൾക്കുവേണ്ടി വരക്കുമ്പോൾ ആ റിയലിസ്റ്റിക് ശൈലി തീർത്തുമുപേക്ഷിച്ചുകൊണ്ട് അമൂർത്തമെന്ന് വിളിക്കാവുന്ന രചനാരീതിയാണ് സ്വീകരിച്ചത്.

 

കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ൻ,ആർട്ടിസ്​റ്റ്​ ഗോപാലൻ വരച്ച ‘ബാലയുഗ’ത്തി​ന്റെ ടൈറ്റിൽ

വരയുടെ ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഗോപാലനെ പ്രേരിപ്പിച്ച ഒരു കൂടിക്കാഴ്ച ആകസ്മികമായി ആയിടെ നടന്നു. എഴുപതുകളുടെ തുടക്കത്തിലെപ്പോഴോ ആണ്. പട്ടത്തെ കൽപന തിയറ്ററിൽ ഏതോ പരിപാടി കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ, മുടി പിറ​േകാട്ടു വളർത്തി, ബുൾഗാനിൻ താടിവെച്ച് ബാക്ക് ഓപൺ ഷർട്ട് ധരിച്ച അൽപം ഇരുണ്ടനിറമുള്ള ഒരു മനുഷ്യന് വിതുര ബേബി ഗോപാലനെ പരിചയപ്പെടുത്തിക്കൊടുത്തു. എം.വി. ദേവനായിരുന്നു അത്.

‘‘ഗോപാല​ന്റെ വരകളൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട് കേട്ടോ, നന്നാകുന്നുണ്ട്. എന്നാൽ, ബാക്ക് ഗ്രൗണ്ട് ഡീറ്റെയിൽസ് ഇത്രയും ആവശ്യമുണ്ടോ എന്നാലോചിക്കണം.’’

ദേവൻ മാഷ് പറഞ്ഞ കാര്യം ഗോപാലനെ ഇരുത്തിച്ചിന്തിപ്പിച്ചു. കഥാപാത്രങ്ങളുടെ പശ്ചാത്തലമായി വരുന്ന കാര്യങ്ങളെല്ലാം സകല വിശദാംശങ്ങളോടുംകൂടി വരക്കുന്ന രീതിയായിരുന്നു ഗോപാല​ന്റേത്. ഒരുപാട് പ്രശംസകളോടൊപ്പംതന്നെ അപൂർവം ചിലപ്പോൾ വിമർശനങ്ങളും കിട്ടിയിട്ടുണ്ട്, അതി​ന്റെ പേരിൽ. ഒരിക്കൽ ഒരു പ്രഭാതനേരത്ത് നടക്കുന്ന കഥയുടെ പശ്ചാത്തലമായി സ്കൂളി​ന്റെ സ്റ്റാഫ് റൂം വരച്ചപ്പോൾ ഭിത്തിയിലെ ക്ലോക്കിൽ കാണിച്ചിരിക്കുന്ന സമയം രണ്ടു മണിയോ മറ്റോ ആയിപ്പോയി. തെറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് കത്തുകൾ പലതും വന്നു. കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയാണ് രക്ഷിച്ചത്. ഗവണ്മെന്റ് സ്കൂളുകളിലെ ക്ലോക്കുകൾ ഒന്നും നേരാംവണ്ണം ഓടാറില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സ്കൂൾ അധ്യാപകനായ മന്ത്രി വായനക്കാരുടെ കത്തുകളിലെഴുതി. ഏതായാലും പിന്നീട് ഗോപാലൻ പശ്ചാത്തലത്തിനെക്കാൾ പ്രാധാന്യം കഥാപാത്രങ്ങൾക്ക് നൽകാൻ തുടങ്ങി.

1970ലെ ഫെബ്രുവരിയിൽ ജനയുഗം പ്രസിദ്ധീകരണങ്ങളുടെ ഭാഗമായി കുട്ടികൾക്കുവേണ്ടി ‘ബാലയുഗം’ തുടങ്ങി. ‘ശങ്കേഴ്സ് വീക്കിലി’യിൽനിന്ന് മടങ്ങിയെത്തിയ കാർട്ടൂണിസ്റ്റ് യേശുദാസൻ അപ്പോഴേക്കും ‘ജനയുഗ’ത്തി​ന്റെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിച്ചേർന്നിരുന്നു. ചന്തു എന്ന കുട്ടികളുടെ കാർട്ടൂൺ പംക്തി വാരികയിൽ വർഷങ്ങളായി കൈകാര്യംചെയ്യുന്ന യേശുദാസനെയാണ് ‘ബാലയുഗ’ത്തി​ന്റെ ചുമതലയേൽപിച്ചത്. ഗോപാലൻ തന്നെയാണ്​ ടൈറ്റിൽ തയാറാക്കിയത്​.

കാമ്പിശ്ശേരി വിഭാവനംചെയ്ത വ്യത്യസ്തമായ ഉള്ളടക്കവും ആകർഷകമായ അവതരണവുമെല്ലാംകൊണ്ട് വളരെ വേഗം തന്നെ മലയാളത്തിലെ ഒന്നാമത്തെ ബാലപ്രസിദ്ധീകരണമായി ‘ബാലയുഗം’ വളർന്നു. കുറച്ചുനാൾ കഴിഞ്ഞ് കാർട്ടൂൺ മാസികയായ ‘അസാധു’ ആരംഭിച്ചുകൊണ്ട് യേശുദാസൻ ‘ജനയുഗം’ വിട്ടപ്പോൾ ഗോപാലൻ ‘ബാലയുഗ’ത്തിനുവേണ്ടിയും വരക്കാനാരംഭിച്ചു. പണ്ട് ‘ മാലി ഭാരത’ത്തിലും ‘മനസ്സറിയും യന്ത്ര’ത്തിലും ‘ഉത്തങ്കനി’ലുമൊക്കെ പരീക്ഷിച്ച ലളിതമായ ഒരു ശൈലിയാണ് കുട്ടികൾക്കുവേണ്ടി വരക്കുമ്പോൾ ഗോപാലൻ സ്വീകരിച്ചത്.

പ്രസിദ്ധീകരണത്തിനായി അയച്ചുകിട്ടുന്ന നോവലുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൂടിവന്ന് എല്ലാമൊന്നും വാരികയിൽ കൊടുക്കാൻ നിവൃത്തിയില്ലെന്ന സാഹചര്യമായപ്പോൾ കാമ്പിശ്ശേരി ഒരുപായം കണ്ടെത്തി. നോവലിനുവേണ്ടി മാത്രമായി ഒരു പ്രസിദ്ധീകരണം ആരംഭിക്കുക. 1970ൽ ആരംഭിച്ച ‘ജനയുഗം’ നോവൽപ്പതിപ്പി​ന്റെ ആദ്യലക്കം പുറത്തുവന്നത് ‘സാറാ തോമസി​ന്റെ മുറിപ്പാടുകൾ’ എന്ന കൃതിയുമായാണ്. തുടക്കത്തിൽ തന്നെ വായനക്കാരുടെ ഭാഗത്തുനിന്ന് ലഭിച്ചത് വളരെ നല്ല പ്രതികരണമായിരുന്നു. ഗോപാലൻ വരച്ച ചിത്രങ്ങളായിരുന്നു നോവൽപ്പതിപ്പി​ന്റെ മറ്റൊരാകർഷണ ഘടകം.

കാമ്പിശ്ശേരിയെ കാണാനായി വാരികയുടെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഏജന്റുമാർ വരുമ്പോൾ ഗോപാലൻ അടുത്ത് വരച്ചുകൊണ്ടിരിക്കുന്നുണ്ടാകും. ഏജൻസി എടുത്ത പ്രദേശങ്ങളിൽ ‘ജനയുഗം’ വാരികയുടെ കോപ്പി കൂട്ടിക്കൊടുക്കണമെന്ന് പറയാനാണ് ഈ വരവ്. വീക്കിലിക്ക് ഇത്രയും ആവശ്യക്കാരുള്ളപ്പോൾ കോപ്പി കൂടുതൽ അച്ചടിക്കാനുള്ള തടസ്സമെന്താണെന്ന് ഗോപാലൻ കാമ്പിശ്ശേരിയോട് ചോദിക്കാറുണ്ട്. കാമ്പിശ്ശേരി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയും.

‘‘തൽക്കാലം അത് വേണ്ടെടോ. നമുക്ക് എപ്പോഴും വായനക്കാരുടെയിടയിൽ ഡിമാൻഡ് ഉണ്ടാകണം. ‘ജനയുഗം’ കിട്ടാൻ വേണ്ടി അവരങ്ങനെ ആഗ്രഹിച്ചു നടക്കട്ടെടോ. നമുക്ക് പതുക്കെ പതുക്കെ കോപ്പി കൂട്ടിക്കൊടുക്കാം.’’

ആ ബിസിനസ് ബുദ്ധി ഗോപാലന് ഇഷ്ടമായി. വാരികയുടെ ഉള്ളടക്കത്തിൽ കൈ കടത്താൻ കാമ്പിശ്ശേരി പാർട്ടി നേതാക്കളെയൊന്നും അനുവദിച്ചിരുന്നില്ല. പാർട്ടി സംബന്ധമായ വാർത്തകളും എഴുത്തുകളും കൊടുക്കാൻ സഖാക്കളിൽനിന്ന് സമ്മർദം വരുമ്പോൾ ‘‘നമുക്കതിനൊക്കെയല്ലേ ‘നവയുഗ’മുള്ളത്’’ എന്നു സൗമ്യമായി പറഞ്ഞൊഴിയും.

 

ഗോ​പാ​ല​നും ബീ​ന​യും വി​വാ​ഹ​നാ​ളി​ൽ,ഗോ​പാ​ല​നും ശ്രീ​വ​രാ​ഹം ബാ​ല​കൃ​ഷ്ണ​നും,ഗോ​പാ​ല​ന്റെ അ​മ്മ ജാ​ന​കി, അ​നു​ജ​ത്തി സാ​വി​ത്രി, സാ​വി​ത്രി​യു​ടെ മ​ക്ക​ൾ

ഒരുദിവസം ഗോപാലൻ ‘ജനയുഗ’ത്തിൽ വരയിൽ മുഴുകിയിരിക്കുകയായിരുന്നു. മുകളിലത്തെ നിലയിൽ പത്രാധിപ സമിതിയംഗങ്ങളുടെ യോഗം നടക്കുന്നു. തിരുവനന്തപുരത്തുനിന്ന് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഗോപാലൻ തലയുയർത്തി നോക്കുമ്പോൾ കാമ്പിശ്ശേരി ചട പടാന്ന് പടികൾ ഇറങ്ങിവന്ന് കൊടുങ്കാറ്റു പോലെ പുറത്തേക്ക് പോകുന്നു. സാധാരണ ഉച്ചക്ക് വീട്ടിൽ പോകുമ്പോൾ ഗോപാലനെയും വിളിക്കാറുള്ളതാണ്. ഇപ്പോൾ ചുറ്റുമുള്ള ആരെയും നോക്കുന്നത് പോലുമില്ല.

‘‘ഭരിക്കാൻ കുറച്ചുപേർ, ഭരിക്കപ്പെടാൻ വേറെ കുറേ പേർ’’ എന്നോ മറ്റോ ഉച്ചത്തിൽ തന്നത്താൻ പറഞ്ഞുകൊണ്ടാണ് പോക്ക്.

ഗോപാലൻ അന്തംവിട്ടു നോക്കിയിരിക്കുമ്പോൾ മുകളിലത്തെ നിലയിൽനിന്ന് പെട്ടെന്ന് രണ്ടുപേർകൂടി കുതിച്ചിറങ്ങി വന്നു. പാർട്ടിയുടെ പ്രമുഖരായ രണ്ടു നേതാക്കളാണ്. അവർ കാമ്പിശ്ശേരിയുടെ തൊട്ടുപിന്നാലെ പുറത്തേക്കുപോയി. അൽപനേരം കഴിഞ്ഞപ്പോൾ മൂന്നുപേരുംകൂടി മടങ്ങിവന്നു. കാമ്പിശ്ശേരിയുടെ മുഖത്ത് അപ്പോഴും പ്രസന്നഭാവമുണ്ടായിരുന്നില്ല. മീറ്റിങ്ങിൽ വെച്ച് പാർട്ടി നേതാക്കൾ ‘ജനയുഗം’ പത്രത്തിന്റെയോ വാരികയുടെയോ ഉള്ളടക്കം സംബന്ധിച്ച് നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ചൂടുപിടിച്ച തർക്കങ്ങളാണ്, സ്വതവേ അക്ഷോഭ്യനായ കാമ്പിശ്ശേരി പ്രകോപിതനായി ഇറങ്ങിപ്പോകാനിടയാക്കിയത് എന്നു ഗോപാലന് പിന്നീട് മനസ്സിലായി.

പാർട്ടിയുടെ താത്ത്വികാചാര്യൻകൂടിയായ സി. ഉണ്ണിരാജയെ ദിനപത്രത്തി​ന്റെ ചീഫ് എഡിറ്ററായി നിയോഗിച്ചുകൊണ്ടുള്ള തീരുമാനം വന്നു. കാമ്പിശ്ശേരിയെ മാനേജിങ് എഡിറ്ററായും. കാമ്പിശ്ശേരി മാനേജിങ് എഡിറ്ററായി ചുമതലയേറ്റതിനുശേഷം പുതിയൊരു സമ്പ്രദായത്തിന് തുടക്കം കുറിച്ചു. എല്ലാ മാസവും ഒന്നാം തീയതിയാകുമ്പോൾ ഓരോരുത്തരും ഇരിക്കുന്നിടത്ത് ശമ്പളം ഒരു കവറിലിട്ട് എത്തിച്ചു കൊടുക്കാനുള്ള ഏർപ്പാട് തുടങ്ങിയത് അപ്പോഴാണ്.

പൊതുവെ ആരോടുമങ്ങനെ ക്ഷോഭിക്കാത്ത ആളായിരുന്നു കാമ്പിശ്ശേരി. ഗോപാലനോട് പ്രത്യേകിച്ചും. എന്നാൽ, ചില നേരത്ത് ‘‘ഇങ്ങനായാൽ എങ്ങനാ?’’ എന്ന് നീരസം പ്രകടിപ്പിച്ചുകൊണ്ട് കത്തുകൾ അയക്കുമായിരുന്നു. പലപ്പോഴുമത് ചിത്രങ്ങളും തലക്കെട്ടുകളുമൊക്കെ കൊല്ലത്ത് യഥാസമയം കിട്ടാതെ വരുമ്പോഴായിരുന്നു.

ഗോപാലനെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തിന് ഇരുപത്തിനാല് മണിക്കൂർ തികയാതെ വരുന്ന കാലമായിരുന്നു അന്നൊക്കെ... ഒരിക്കൽ കൂട്ടുകാരുമൊത്ത് ഫസ്റ്റ് ഷോ കാണാൻ പോയിട്ടു വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കാണുന്നത് സുപ്രിയാ ഫിലിംസിൽനിന്ന് ആള് വന്നു കാത്തുനിൽക്കുന്നതാണ്. പിറ്റേന്ന് രാവിലെതന്നെ പത്രങ്ങളിലെത്തിക്കാനുള്ള ‘നദി’യുടെ പരസ്യത്തി​ന്റെ ആർട്ട് വർക്ക് വാങ്ങാനായി എത്തിയതാണ്. ഒരു സെക്കൻഡ് പോലും കളയാതെ ഒരിടത്തു മാറിയിരുന്നു പണി തുടങ്ങി. തോപ്പിൽ ഭാസി, വയലാർ, ദേവരാജൻ, വിൻസെന്റ് എന്നിവരുടെ മുഖങ്ങൾ. പിന്നെ ടൈറ്റിലുകളും. വരച്ചുതീർന്നപ്പോൾ പുലർച്ചെ നാലുമണിയായി.

പലപ്പോഴും ഞായറാഴ്ചകളിൽ രാവിലെ വളരെ നേരത്തേ തന്നെ കൊല്ലത്ത് ‘ജനയുഗം’ ഓഫിസിൽ എത്തിക്കോളാമെന്നേൽക്കും. കാമ്പിശ്ശേരി രാവിലെതന്നെ വന്നുകാത്തിരിക്കുന്നുണ്ടാകും. ഗോപാലൻ വരാൻ വൈകുന്നത് കാണുമ്പോൾ ‘‘ഇന്നെന്തെങ്കിലുമൊക്കെ നടക്കും’’ എന്ന പ്രതീക്ഷയോടെ ഡെസ്‌ക്കിലുള്ളവരും നോക്കിയിരിക്കും. ഒരു പത്തു പതിനൊന്ന് മണിയൊക്കെയാകുമ്പോൾ തിരുവനന്തപുരത്തുനിന്ന് ബസിൽ വന്നു കടപ്പാക്കടയിലിറങ്ങി മെല്ലെ നടന്നോ അല്ലെങ്കിൽ സ്കൂട്ടറോടിച്ചോ ഗോപാലൻ വരുന്നത് കാണാം. പിന്നെക്കാണുന്നത് അതുവരെ അക്ഷമനായി, ദേഷ്യം മുഴുവനും അടക്കിപ്പിടിച്ച് ഇരിക്കുകയായിരുന്ന പത്രാധിപരും ചിത്രകാരനും കൂടി തമാശയൊക്കെ പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് ജോലി ചെയ്യുന്നതാണ്.

തിരുവനന്തപുരത്ത് താവളമുറപ്പിച്ചതിന് ശേഷം ഗോപാല​ന്റെ സൗഹൃദക്കൂട്ടമാകെ പടർന്നു പന്തലിച്ചു. പിൽക്കാലത്ത് പബ്ലിക് റിലേഷൻസ് ഡയറക്ടറായ വി.ആർ. ജയറാം, പ്രിന്റേഴ്സ് ബ്ലോക്സിലെ മോഹൻ, കെ.പി.എ.സി കുറുപ്പ്, നിലമ്പേരൂർ മധുസൂദനൻ നായർ, കറന്റ് ബുക്സ് മാനേജരായ സോമൻ, ചലച്ചിത്ര സംവിധായകൻ എൻ. ശങ്കരൻ നായർ, ഫോട്ടോഗ്രാഫർ ശിവൻ, ശ്രീവരാഹം ബാലകൃഷ്ണൻ, ആകാശവാണിയിലെ എം.ജി. രാധാകൃഷ്ണൻ, കഥാകൃത്ത് മഹാദേവൻ തമ്പി തുടങ്ങി ഒട്ടേറെപ്പേർ വിപുലമായ ആ ചങ്ങാതിക്കൂട്ടത്തിലെ അംഗങ്ങളായിരുന്നു. ദിവസേനയെന്നോണം ഒരുമിച്ചു ‘കൂടുന്നവരാ’ണ് അവരിൽ മിക്കപേരും.

ഇതിനിടയിൽ ഒരുദിവസം ഗോപാലന് നല്ലൊരു അപകടം പിണഞ്ഞു. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തുവെച്ച് മോഹനെ പിറകിലിരുത്തി ഗോപാലൻ ഓടിച്ച ലാമ്പ്രട്ടാ സ്കൂട്ടർ ഒരു കാറുമായി കൂട്ടിമുട്ടി. പിന്നെ സംഭവിച്ചത് ആകാശത്തേക്കുള്ള ഒരു ഗംഭീരൻ സമ്മർസാൾട്ടായിരുന്നു. ഗോപാല​ന്റെ ഇടത്തെ ചെവിയുടെ ഭാഗത്ത് ആഴത്തിൽ മുറിവുണ്ടായി. മോഹ​ന്റെ മൂന്നാല് പല്ലുകൾ നഷ്ടപ്പെട്ടു. സ്കൂട്ടറാകെ തകർന്നു തരിപ്പണമായി. കാറോടിച്ചിരുന്നത് പ്രമുഖ ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമൊക്കെയായ മിനർവാ കൃഷ്ണൻകുട്ടിയായിരുന്നു. ഗോപാലൻ കേസിനും വഴക്കിനുമൊന്നും പോയില്ല. സ്കൂട്ടർ എവിടെപ്പോയെന്നു പിന്നെ തിരക്കാനും മിനക്കെട്ടില്ല.

ആയുർവേദ കോളജിന് താഴെയുള്ള വഴിയിലൊരിടത്തായി സുപ്രിയാ ഫിലിംസി​ന്റെ മാനേജർ ഇ.പി. ഏബ്രഹാമും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലേക്ക്, 1967ന്റെ ഒടുവിലാണ് ഗോപാലൻ താമസം മാറ്റുന്നത്. രണ്ടു വർഷങ്ങൾക്കുശേഷം വിവാഹം കഴിയുന്നതുവരെ പത്മരാജനും കൂട്ടിനുണ്ടായിരുന്നു. പിന്നീടത് വരുന്നവരും പോകുന്നവരുമൊക്കെ വന്നു താമസിക്കുന്ന ഒരു സത്രം പോലെയായി. എല്ലാ നിലയിലും തികഞ്ഞ അരാജക ജീവിതം ജീവിച്ച നാളുകൾ...

 

പ​ത്മ​രാ​ജ​ന്റെ ‘ശ​വവാ​ഹ​ന​ങ്ങ​ളും തേ​ടി’ കഥക്ക്​ വരച്ച ചിത്രം,ആർട്ടിസ്​റ്റ്​ ഗോപാലൻ ‘ജനയുഗ’ത്തിൽ വിവിധ കഥകൾക്കും നോവലുകൾക്കും വരച്ച രേഖാചിത്രങ്ങൾ

ആ വീട്ടിൽ വെച്ച് ദുർമരണം സംഭവിച്ച ഒരു പെൺകുട്ടിയുടെ ‘പ്രേതത്തി​ന്റെ ശല്യ’മുണ്ടെന്ന് വീടു മാറിപ്പോകുമ്പോൾ അവറാച്ച​ന്റെ ഭാര്യ ചെറിയൊരു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, പിന്നെ ആ പ്രേതത്തെ നേരിട്ടൊന്ന് കാണണമെന്ന ആഗ്രഹവുമായിട്ടാണ് ചങ്ങാതിമാർ രണ്ടാളുംകൂടി കേറി താമസമായത്. ആദ്യത്തെ രണ്ടു വർഷങ്ങളിൽ ഒരു പ്രേതത്തി​ന്റെയും ശല്യമുണ്ടായില്ല. പത്മരാജൻ പോയിക്കഴിഞ്ഞ് ഗോപാല​ന്റെ ഓഫിസിൽ ജോലിചെയ്യുന്ന തൃശൂർക്കാരനായ ഒരു കൃഷ്‌ണൻകുട്ടിയും ചവറ ഹൈസ്കൂളിൽ ഒപ്പം പഠിച്ച ശിവദാസൻ പിള്ളയുമൊക്കെയായിരുന്നു കൂട്ടുതാമസക്കാർ. അങ്ങനെയിരിക്കുമ്പോൾ അവർക്ക് വീട്ടിൽ പലപ്പോഴും ഒരു പെൺകുട്ടിയുടെ സാന്നിധ്യം അനുഭവപ്പെടാൻ തുടങ്ങിയത്രെ. ഭയംമൂലം ഗോപാലനൊഴിച്ചുള്ളവർ ആ വലിയ വീട്ടിലെ ഒരൊറ്റ മുറിയിലേക്ക് കിടപ്പ് മാറ്റി.

ഒരു രാത്രിയിൽ ഗോപാലൻ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നപ്പോൾ കട്ടിലി​ന്റെ സമീപത്ത് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ രൂപത്തെ ഒരു മൂടലിലെന്നോണം കണ്ടു. നിലവിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. ചാടിയെണീറ്റ് എങ്ങനെയൊക്കയോ മുറിയുടെ പുറത്തേക്കോടി മറ്റുള്ളവർ കിടക്കുന്ന മുറിയിൽ ചെന്ന് ശ്വാസമെടുക്കാനാകാതെ കിതച്ചുകൊണ്ട് ഒരു കട്ടിലിലേക്ക് വീണു. അങ്ങനെയൊരാൾ ശരിക്കും അവിടെ നിൽപുണ്ടായിരുന്നോ അതോ മനസ്സി​ന്റെ വെറുമൊരു തോന്നലായിരുന്നോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനു മുമ്പോ അതിനുശേഷമോ ഒരിക്കലും അങ്ങനെയൊരു അനുഭവമുണ്ടായിട്ടുമില്ല. ഈ സംഭവം നടന്ന് അധികനാൾ ചെല്ലുന്നതിനുമുമ്പ് ഗോപാലൻ അവിടെനിന്നു താമസം മാറി.

ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത സർക്കാറുദ്യോഗം, ‘ജനയുഗ’മുൾപ്പെടെ പല പ്രസിദ്ധീകരണങ്ങളിൽ ഇലസ്‌ട്രേഷ​ന്റെ ചുമതല, സിനിമയുടെയും ചില സർക്കാർ സ്ഥാപനങ്ങളുടെയും കൂടാതെ, ചില സ്വകാര്യ സ്ഥാപനങ്ങളുടെയുമൊക്കെ പരസ്യം തയാറാക്കുന്ന ജോലി... ഇങ്ങനെ ഒരു മിനിറ്റുപോലും ഒഴിവില്ലാത്ത ജീവിതം, ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ആർട്ടിസ്റ്റ് എന്ന നിലയിൽ കിട്ടുന്ന കണക്കില്ലാത്ത വരുമാനം, നല്ലതും ഒപ്പം അത്ര നല്ലതല്ലാത്തതുമായ കൂട്ടുകെട്ടുകൾ, ഒറ്റയൊരാളുടെ പോലും നിയന്ത്രണത്തിനു വിധേയമല്ലാത്ത, തന്നിഷ്ടപ്രകാരമുള്ള ജീവിതം.... എത്രയും പെട്ടെന്നുതന്നെ ഇതിനൊക്കെയൊരു കടിഞ്ഞാൺ ഇടേണ്ടതുണ്ടെന്ന് കാമ്പിശ്ശേരിക്ക് തോന്നി.

ഗോപാലൻ അന്നൊക്കെ ചവറയിലെ കുടുംബ വീട്ടിൽ പോകാറുള്ളത് വല്ലപ്പോഴുമാണ്. ജോലി കിട്ടിയ കാര്യത്തെക്കുറിച്ച് വീട്ടിലുള്ളവർ അറിയുന്നതുതന്നെ എത്രയോ നാള് കഴിഞ്ഞിട്ടാണ്! ഓണമോ വിഷുവോ വരുമ്പോൾ വീടു വരെപ്പോയി അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും ‘ഉടുപ്പും മുണ്ടും’ വാങ്ങിച്ചുകൊണ്ടുക്കൊടുക്കുന്നതിൽ അവസാനിച്ചിരുന്നു വീടും വീട്ടുകാരുമായുള്ള ബന്ധം.

ഗോപാലൻ തിരുവനന്തപുരത്തേക്ക് പോന്നതിനുശേഷം അനിയത്തിയുടെ ഭർത്താവ് രാമകൃഷ്ണനെ ശ്വാസകോശ സംബന്ധമായ അസുഖം വല്ലാതെ മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടിൽനിന്നു കൊണ്ടുവന്ന് പുലയനാർ കോട്ടയിലെ ടി.ബി സാനറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചവറ തെക്കുംഭാഗം ഹൈസ്കൂളിലെ അധ്യാപകനും വെറുമൊരു ശുദ്ധാത്മാവുമായിരുന്ന അളിയനോട് ഗോപാലന് നല്ല മാനസികാടുപ്പമുണ്ടായിരുന്നു. എന്നിട്ടും ആളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നേരത്ത് ബന്ധുക്കളുടെ കൂട്ടത്തിലൊരാളായി കൂടെച്ചെന്നതിനുശേഷം ആ ഭാഗത്തേക്ക് പോയതേയില്ല. ജോലിത്തിരക്കു തന്നെയായിരുന്നു കാരണം.

ഒരുദിവസം കൊല്ലത്ത് ‘ജനയുഗം’ ഓഫിസിൽനിന്ന് വിതുര ബേബി വിളിച്ചുപറയുമ്പോഴാണ് അളിയൻ മരിച്ചുപോയ വിവരം ഗോപാലനറിയുന്നത്. ഗോപാലനെ തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് ആശുപത്രിയിൽനിന്ന് ‘ജനയുഗ’​േമാഫിസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇടയ്ക്കൊരു പ്രാവശ്യമെങ്കിലും ചെന്ന് അസുഖവിവരം തിരക്കാതിരുന്നതിൽ ഗോപാലന് കടുത്ത കുറ്റബോധം തോന്നി. പറക്കമുറ്റാത്ത രണ്ട് ആൺകുട്ടികളാണ് പെങ്ങൾക്കുള്ളത്. ഷാജഹാനും ഷാനവാസും. ഇനി തനിക്കൊരു വിവാഹവും കുടുംബജീവിതവുമൊന്നും വേണ്ടെന്നും പെങ്ങളുടെയും പിള്ളേരുടെയും കാര്യങ്ങൾ നോക്കിക്കൊണ്ട് ശിഷ്ടജീവിതം ജീവിക്കാമെന്നും അന്ന് മനസ്സുകൊണ്ടുറപ്പിച്ചതാണ്.

അപ്പോഴാണ് ഒരു വിവാഹം കഴിക്കണമെന്നു പറഞ്ഞുകൊണ്ടുള്ള അച്ഛ​ന്റെയും അമ്മയുടെയും കാമ്പിശ്ശേരിയുടെയുമൊക്കെ നിർബന്ധം. കുറച്ചുനാൾ ഓരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിയാൻ നോക്കി. ജോലിയുടെ കാര്യം പറഞ്ഞുകൊണ്ട് കാമ്പിശ്ശേരി എഴുത്തുകളിലൂടെ നീരസം പ്രകടിപ്പിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. കാമ്പിശ്ശേരിയുടെ സ്നേഹപൂർവമുള്ള ശാസനയുടെ മുന്നിൽ കീഴടങ്ങുകയല്ലാതെ ഗോപാലന് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ഒരു വിവാഹാലോചനയൊക്കെ പെട്ടെന്ന് കൊണ്ടുവന്ന് കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടുനീങ്ങാൻ മുൻകൈയെടുത്തതും കാമ്പിശ്ശേരി തന്നെയാണ്.

മാർക്സിസ്റ്റ് നേതാവും മുൻ എം.എൽ.എയുമൊക്കെയായ ഡോ. പി.കെ. സുകുമാര​ന്റെ തറവാടായ വാരാണപ്പള്ളി മധ്യ തിരുവിതാംകൂറിലെ പ്രസിദ്ധ ഈഴവ കുടുംബമാണ്. അവിടത്തെ പുതിയ തലമുറയിൽപ്പെട്ട ബീനയാണ് കാമ്പിശ്ശേരി കണ്ടെത്തിയ പെൺകുട്ടി. പണ്ട്​ ജനയുഗത്തിൽ ചേർന്നപ്പോൾ ഗോപാലന്‍റെ ഉറ്റ സുഹൃത്തായി തീർന്ന, അകാലത്തിൽ വിടപറഞ്ഞ ഗോപകുമാറിന്‍റെ അടുത്ത ബന്ധുകൂടിയാണ്​ ബീന എന്നറിഞ്ഞപ്പോൾ പ്രത്യേക സന്തോഷം.കരുനാഗപ്പള്ളിയിലെ ബീനയു​െട വീടിനു തൊട്ടടുത്തുള്ള, ഗോപന്‍റെ തറവാടുവീടായ കരിച്ചാലിൽ കുടുംബത്തിൽ പണ്ട്​ നാരായണ ഗുരു വന്നാസനസ്ഥനായിരുന്ന ഒരു കളരിത്തറയുണ്ട്​. ഗോപാലന്‍റെ ആഗ്രഹപ്രകാരം അവിടെ വച്ചാണ്​ ചടങ്ങ്​ നടന്നത്​. 1971 നവംബർ 14 ന്​. പിതൃതുല്യനായ കാമ്പശ്ശേരിയാണ്​ ഗോപാലൻെറ കെകളിലേക്ക്​ താലി എടുത്ത്​ കൊടുത്തത്​.

 

ആർട്ടിസ്​റ്റ്​ ഗോപാല​ന്റെ രണ്ട്​ വ്യത്യസ്​തമായ വരകൾ,കാ​ക്ക​നാ​ട​ന്റെ നോ​വ​ൽ ‘എ​ന്റെ ന​ഗ​രം ഒ​രു സ​മ​ര​ക്ക​ഥ’

ഗോപാല​ന്റെ ജീവിതത്തിൽ കൈക്കൊണ്ട ഏറ്റവും നിർണായകമായ തീരുമാനവും ഏറെ ശരിയായ നടപടിയും വിവാഹമായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ സ്വകാര്യജീവിതത്തിൽ മാത്രമല്ല, സർഗപ്രക്രിയയുടെ തിരക്കും സംഘർഷവും നിറഞ്ഞ ലോകത്തിലും സുഗമമായി മുന്നോട്ടുപോകണമെങ്കിൽ ഏറ്റവും ആവശ്യമായിട്ടുള്ളത് അച്ചടക്കവും ഏകാഗ്രതയുമാണ്. ഗോപാലന് അതെല്ലാം കൈവരുന്നത് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതിനു ശേഷമാണ്. ഗോപാല​ന്റെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ അറിയാതെ സംഭവിക്കുകയായിരുന്നു. പേരൂർക്കടയിലേക്ക് താമസം മാറിയതോടെ ആവശ്യക്കാർക്ക് പലർക്കും ഗോപാലനെ ബന്ധപ്പെടാൻ പറ്റാതെയായി. ചില സൗഹൃദങ്ങളൊക്കെ മുറിഞ്ഞുപോയി. പക്ഷേ, പണ്ടുണ്ടായിരുന്ന അരാജകത്വം ഗോപാല​ന്റെ ജീവിതത്തിൽനിന്ന് പാടേ അപ്രത്യക്ഷമായി. അമ്പലമുക്കിനടുത്ത്​ സ്ഥലം വാങ്ങി വീടുപണിയാനുള്ള ഒരുക്കം തുടങ്ങി. തറകെട്ടലിന്​ എത്തിയ കാമ്പിശ്ശേരി ചിരിച്ചു.

1977ന്റെ തുടക്കത്തിലാണ് കാമ്പിശ്ശേരിക്ക് ശാരീരികമായ ചില അസ്വാസ്ഥ്യങ്ങൾ പ്രകടമാകുന്നത്. എന്നും പലതരത്തിലുള്ള അസുഖങ്ങളുടെ സഹയാത്രികനായി ജീവിച്ചുപോന്ന കാമ്പിശ്ശേരി നേരത്തേ രണ്ടു പ്രാവശ്യം മരണത്തി​ന്റെ ഗുഹാമുഖത്തോളം വരെ ചെന്നു മടങ്ങിവന്നതാണ്. ഇത്തവണ ആശുപത്രിയിൽ പോകാനോ ഡോക്ടറെ കാണാനോ കാമ്പിശ്ശേരി കൂട്ടാക്കുന്നുണ്ടായിരുന്നില്ല. ആയിടെ ഒരുദിവസം കാമ്പിശ്ശേരിയോടൊപ്പം വീട്ടിൽച്ചെന്നപ്പോൾ പ്രേമച്ചേച്ചി ഇക്കാര്യത്തെക്കുറിച്ച് ഗോപാലനോട് പരാതി പറഞ്ഞു. ഗോപാലൻ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചപ്പോൾ കാമ്പിശ്ശേരിയുടെ മറുപടി ഇതായിരുന്നു: ‘‘ആശുപത്രിയിൽ ചെന്നുപെട്ടാൽ പിന്നെ അവര് നമ്മളെ അവിടുന്ന് ഒരിക്കലും വിടത്തില്ലെടോ.’’

കുറച്ചുദിവസം കഴിഞ്ഞ് ചങ്ങാതിമാരായ ജി. വിവേകാനന്ദനും ത്രിവിക്രമനുമെല്ലാം ചേർന്ന് പിടിച്ചപിടിയാലേ കാമ്പിശ്ശേരിയെ ഡോ. പൈയുടെയും ഡോ. കൃഷ്ണകുമാറി​ന്റെയുമടുത്തു കൊണ്ടുപോയി. രോഗം ഗൗരവമുള്ളതാണെന്ന് അവരിൽനിന്ന് അറിഞ്ഞയുടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗോപാലൻ എല്ലാ ദിവസവും കാമ്പിശ്ശേരിയെ ആശുപത്രിയിൽ ചെന്നു കാണാറുണ്ടായിരുന്നു.

ഒരുദിവസം ചെന്നപ്പോൾ കാമ്പിശ്ശേരി ഗോപാല​ന്റെയും ഒപ്പമുണ്ടായിരുന്ന കെ.പി.എ.സി കുറുപ്പി​ന്റെയും കൂടെ പുറത്ത് ആശുപത്രിയുടെ മുന്നിൽ കെട്ടിപ്പൊക്കിയിട്ടുള്ള തിട്ടയുടെ മുകളിൽ കുറച്ചുനേരം ചെന്നിരുന്നു. ആരും ഒന്നുമുരിയാടാതെ കുറെ നേരം. അന്നത്തെ ദിവസത്തിനുശേഷം പിന്നീടൊരിക്കലും കാമ്പിശ്ശേരി മുറിയിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല. അടുത്ത ഒരുദിവസം ഗോപാലൻ കാണാൻ ചെന്നപ്പോൾ കടലാസും പേനയും കൈയിലേക്ക് വാങ്ങിച്ച് ‘ജനയുഗ’ത്തി​ന്റെ അടുത്ത ലക്കത്തിൽ കൊടുക്കേണ്ട ഉപക്രമമെഴുതാൻ ശ്രമിച്ചുനോക്കി. വാക്കുകളും വാചകങ്ങളും കിട്ടാതെ പതറിപ്പോകുന്നു. നിരാശയോടെ ശ്രമമുപേക്ഷിച്ചു.

സഹജമായ നർമബോധം ആ പരിക്ഷീണാവസ്ഥയിലും കാമ്പിശ്ശേരി കൈവിട്ടിരുന്നില്ല. പരിശോധനയുടെ ആവശ്യത്തിന് വേണ്ടി മലം എടുക്കാൻ നഴ്സ് വന്നപ്പോൾ ക്ഷീണിച്ച സ്വരത്തിൽ ഭാര്യയോട് പറയുന്നത് കേട്ടു: ‘‘തൽക്കാലം അടുത്ത മുറിയിലുള്ളവരോടൊന്നു മേടിച്ചു കൊടുക്ക്. നമുക്ക് കിട്ടുമ്പോൾ തിരിച്ചുകൊടുക്കാമെന്ന് പറ.’’

 

കെ.പി.എ.സി.യു​ടെ ‘ക​യ്യും ത​ല​യും പു​റ​ത്തി​ട​രു​ത്’ നാ​ട​ക​ത്തി​ന്റെ പ​ര​സ്യം,ആർട്ടിസ്​റ്റ്​ ഗോ​പാ​ല​ന്റെ വരയും എഴുത്തും

1977 ജൂലൈ 27. കാമ്പിശ്ശേരിക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും ആ മരണം ഗോപാലനിൽ ഏൽപിച്ചത് വല്ലാത്തൊരു ആഘാതമാണ്. അച്ഛനും അമ്മയും സഹോദരങ്ങളും ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയുണ്ടായിട്ടും ഒറ്റദിവസംകൊണ്ട് തീർത്തും അനാഥനായതുപോലെ. പിച്ചവെച്ചു നടന്നിരുന്ന തന്നെ ഇത്രയൊക്കെ വളരാനും സ്വന്തം കാലിൽ ഉറച്ചുനിൽക്കാനുമൊക്കെ പ്രാപ്തനാക്കിയ മനുഷ്യ​ന്റെ വേർപാട്... അതുണ്ടാക്കിയ വലിയ ശൂന്യതയെ എങ്ങനെ നേരിടുമെന്ന അനിശ്ചിതത്വം നിറഞ്ഞ മനസോടെയാണ്​ അന്നാ സന്ധ്യക്ക് ഗോപാലൻ വള്ളികുന്നത്തെ കാമ്പിശ്ശേരി തറവാടി​ന്റെ പടിയിറങ്ങിയത്.

(തുടരും)

News Summary - weekly culture biography