മാമുക്കോയച്ചിരിയിലെ, കരച്ചിലിലെ ലോക മലയാളി
ഏപ്രിൽ 26ന് വിടപറഞ്ഞ, മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയയെ ഒാർക്കുകയാണ് ഇൗ ലേഖനം. സിനിമാ ഇൻഡസ്ട്രി എങ്ങനെയാണ് ഈ നടനെ ഉപയോഗപ്പെടുത്തിയത്? മാമുക്കോയ എന്നും എപ്പോഴും മലയാള സിനിമയിലെ വിളക്കുലോഹമായിരുന്നോ?മാമുക്കോയ അഭിനയിച്ച ഒരു ഫ്രഞ്ച് സിനിമയുണ്ട്. കോളനിക്കാല മലബാറിലെ ഒരു തൊഴിലാളിക്കഥാപാത്രത്തെയാണ് അദ്ദേഹം ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. മാർകുസ് ഇംഹൂഫ് സംവിധാനം ചെയ്ത ‘Flammen in paradise’ൽ (1997) സിനിമ പ്രദർശനത്തിന്റെ...
Your Subscription Supports Independent Journalism
View Plansഏപ്രിൽ 26ന് വിടപറഞ്ഞ, മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയയെ ഒാർക്കുകയാണ് ഇൗ ലേഖനം. സിനിമാ ഇൻഡസ്ട്രി എങ്ങനെയാണ് ഈ നടനെ ഉപയോഗപ്പെടുത്തിയത്? മാമുക്കോയ എന്നും എപ്പോഴും മലയാള സിനിമയിലെ വിളക്കുലോഹമായിരുന്നോ?
മാമുക്കോയ അഭിനയിച്ച ഒരു ഫ്രഞ്ച് സിനിമയുണ്ട്. കോളനിക്കാല മലബാറിലെ ഒരു തൊഴിലാളിക്കഥാപാത്രത്തെയാണ് അദ്ദേഹം ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. മാർകുസ് ഇംഹൂഫ് സംവിധാനം ചെയ്ത ‘Flammen in paradise’ൽ (1997) സിനിമ പ്രദർശനത്തിന്റെ ഭാഗമായി കാളവണ്ടിക്കാരനായി ജോലിചെയ്യുന്ന തൊഴിലാളിയാണ് മാമുക്കോയ. ഫ്രഞ്ച് മിഷനറിക്കൊപ്പം കവലകളിലും അങ്ങാടികളിലും ചന്തകളിലും െപ്രാജക്ടറുമായി (സിനിമയും സിനിമാ െപ്രാജക്ടറും 1895ൽ കണ്ടുപിടിച്ചു) പോയി സുവിശേഷ പ്രവർത്തനത്തിന്റെ ഭാഗമായുള്ള സിനിമാ പ്രദർശനങ്ങളിൽ സ്ക്രീൻ പിടിച്ചു നിൽക്കുന്നയാളാണ് മാമുക്കോയ. സിനിമ തുടങ്ങുമ്പോൾ ഭാസ്കരനായിരുന്ന മാമുക്കോയയെ ജോസഫാക്കാൻ മിഷനറി പിന്നീട് ശ്രമിക്കുന്നുണ്ട്. നാട്ടുകാരെ മതം മാറ്റാൻ ആലിൻചുവട്ടിലെ പ്രതിഷ്ഠ വെറും കല്ലാണെന്ന് സ്ഥാപിക്കാനുള്ള മിഷനറിയുടെ പ്രവർത്തനങ്ങൾ സംഘർഷമുണ്ടാക്കുന്നു. അങ്ങനെയൊരവസരത്തിൽ ചന്തയിൽ സിനിമാ പ്രദർശനം നടക്കുമ്പോൾ ജനക്കൂട്ടം മാമുക്കോയയുടെ ൈകയിലുള്ള സ്ക്രീൻ വലിച്ചുകീറുന്നു.
സ്ക്രീൻ രക്ഷപ്പെടുത്താനുള്ള മാമുക്കോയയുടെ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു. തൊഴിലിൽനിന്നും പുറത്താക്കപ്പെടുന്ന ഒരു സിനിമാ തൊഴിലാളിയുടെ കഠിനവേദന ഒരു നിമിഷം മാമുക്കോയയുടെ മുഖത്ത്് മിന്നിമറയുന്നത് കാണാം. അപ്പോൾ അയാൾ കഥാപാത്രത്തെ മറന്ന് സിനിമാ സ്ക്രീൻ രക്ഷിക്കാൻ കഴിയാത്തതിൽ ദുഃഖിക്കുകയാണോ എന്ന് ഒരിട തോന്നിപ്പോകും. സിനിമയുടെ എല്ലാ ചേരുവകളുടെയും അംശങ്ങളുടെയും അർഥങ്ങൾ മനസ്സിലാക്കിയ ഒരു നടന് തിരശ്ശീലയുടെ പ്രാധാന്യം വിസ്മരിക്കാൻ കഴിയില്ലല്ലോ. ആ സിനിമ കണ്ടതിൽ ഇന്ന് ഓർമയിൽ അവശേഷിക്കുന്നത് വലിച്ചു കീറപ്പെട്ട സ്ക്രീനുമായി നിൽക്കുന്ന ഭാസ്കരൻ എന്ന ജോസഫിന്റെ (മാമുക്കോയ) മുഖമാണ്. ആ നിൽപിൽ മാമുക്കോയ എന്ന നടന്റെ ജീവിതത്തിന്റെ ഉള്ളടക്കം നിലക്കാതെ സ്പന്ദിക്കുന്നുണ്ട്. കാരണം ആ രംഗത്ത് സ്ക്രീൻ, െപ്രാജക്ടർ, സിനിമ എന്നീ സിനിമക്കാരന്റെ മൂന്ന് ഓക്സിജൻ സിലിണ്ടറുകളുണ്ട്.
മാമുക്കോയ കഥാപാത്രങ്ങൾ എങ്ങനെ തുടർന്നു, ഏതു വിധേനയെല്ലാം അവ സാമൂഹിക യാഥാർഥ്യങ്ങളെക്കുറിച്ച് സംസാരിച്ചു, അങ്ങനെ സ്വന്തം നിലയിലുള്ള വിമർശനം സാധ്യമാക്കി? നാലു സിനിമകളും അതിലെ മാമുക്കോയ കഥാപാത്രങ്ങളും ഇതിനുള്ള ഉത്തരങ്ങൾ എളുപ്പത്തിൽ തരുന്നു. കേരളത്തിന്റെ ’ഗൾഫ് കണക്ഷൻ’ വലിയൊരു പാഠപുസ്തകമായി മുന്നിൽ നിവരുന്ന അനുഭവംകൂടി ഈ ചിത്രങ്ങൾ നൽകുന്നു. ആ സിനിമകളിലേക്കു നോക്കാം. 1987ലെ ‘നാടോടിക്കാറ്റ്’ (സത്യൻ അന്തിക്കാട്), ‘ഗുരു ശിഷ്യൻ’ (1997– ശശി ശങ്കർ), ‘ദുബായ്’ (2001– ജോഷി), ‘പെരുമഴക്കാലം’ (2004, കമൽ) എന്നീ സിനിമകളാണവ. മലയാളിയുടെ ഗൾഫ് ജീവിതത്തിന്റെ നാലു യഥാർഥ മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന ഈ കഥാപാത്രങ്ങൾ കേരളത്തിന്റെയും ലോക മലയാളിയുടെയും ജീവിതത്തിന്റെ നേർച്ചിത്രങ്ങളായി മാറുന്നു.
‘നാടോടിക്കാറ്റ്’ ഇനി പറയേണ്ടതില്ലാത്തവിധം അതിപ്രശസ്തമായ സിനിമയാണ്. ഉരുവിൽ ആളുകളെ (കാലിഫോർണിയയിലേക്ക് പോകുന്ന ഉരു നിങ്ങക്കുവേണ്ടി ദുൈബ കടപ്പുറം വഴി തിരിച്ചുവിടുകയാണെന്ന മാമുക്കോയ കഥാപാത്രത്തിന്റെ വിഖ്യാത പ്രസ്താവന ആർക്കും എളുപ്പത്തിൽ മറക്കാനാവില്ല) അനധികൃതമായി ഗൾഫിലേക്ക് കടത്തുന്ന കഥാപാത്രമാണ് സിനിമയിലെ ഗഫൂർ എന്ന മാമുക്കോയ കഥാപാത്രം. ദുൈബയിൽ എത്തിയാൽ അസ്സലാമു അലൈക്കും, വ അലൈക്കുമുസ്സലാം എന്നു പറയാനും കാണുന്ന ആരോടും ഗഫൂർക്ക ദോസ്ത് എന്ന് പരിചയപ്പെടുത്താനും ദാസനോടും വിജയനോടും മാമുക്ക കഥാപാത്രം ചട്ടംകെട്ടുന്നുമുണ്ട്.
’70കളുടെ മധ്യത്തോടെ കേരളത്തിലാരംഭിച്ച, പിന്നീട് പതിറ്റാണ്ടുകൾ തുടർന്ന പതിനായിരക്കണക്കിന് വിസ തട്ടിപ്പുകളിലേക്കാണ് ഗഫൂറും അദ്ദേഹത്തിന്റെ ദോസ്തുക്കളും സിനിമയിൽ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ദാസനും വിജയനും മദ്രാസിൽ അറബി വേഷത്തിൽ ചെന്നിറങ്ങുന്നതോടെ ആ ഗൾഫ് അധ്യായം സിനിമയിൽ അവസാനിക്കുന്നു. എന്നാൽ മലയാളി ജീവിതത്തിൽ വിസ, ഏജന്റ്, തട്ടിപ്പ് തുടങ്ങിയ തുടർ പ്രതിഭാസങ്ങൾ എേത്രയാ തവണ ആവർത്തിക്കപ്പെട്ടു. ‘നാടോടിക്കാറ്റി’ന്റെ ആദ്യ പരസ്യം പത്രത്തിൽ വന്ന ഒരു വെള്ളിയാഴ്ച അതേ പത്രത്തിൽ 140 പേരെ ഒരു ഏജന്റ് വിസ തട്ടിപ്പിനിരയാക്കിയ വാർത്തയുമുണ്ടായിരുന്നു. ആ ഇരകൾ ബോംബെയിൽ നരക ദിവസങ്ങൾ തള്ളിനീക്കുകയും പണം നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുകയുമായിരുന്നു. ‘നാടോടിക്കാറ്റ്’ കണ്ടിറങ്ങുമ്പോൾ ഗഫൂർ നമുക്കെല്ലാമൊപ്പമുണ്ടെന്ന് തോന്നിച്ചത് ഗൾഫ് ചതികളുടെ അസംഖ്യം നേർക്കഥകൾ കൂടിയായിരുന്നു.
ഗഫൂർ പത്രവാർത്തയിലെ കഥകളിലെപ്പോലുള്ള ഒരു വിസ ഏജന്റായിരുന്നില്ല. അയാൾ 1960കളുടെ മധ്യത്തിലും 70കളുടെ തുടക്കത്തിലും ചാവക്കാടും പരിസരങ്ങളിലും (ഗൾഫ് കുടിയേറ്റ പഠിതാക്കൾ 80കളിൽ തന്നെ ചാവക്കാടിനെ മിനി ഗൾഫ് എന്ന് വിളിച്ചുതുടങ്ങിയിരുന്നു) പ്രവർത്തിച്ചിരുന്ന ഉരു മനുഷ്യക്കടത്ത് ഏജന്റിന്റെ കുപ്പായമാണണിഞ്ഞത്. സിനിമ പുറത്തുവരുന്ന കാലത്ത് ഉരുവിലെ (പത്തേമാരി) മനുഷ്യക്കടത്ത് അവസാനിച്ചിട്ട് എത്രയോ കാലം കഴിഞ്ഞിരുന്നു. പേക്ഷ ഗഫൂർ ഉരുവിൽ നിന്നും കൈ പിൻവലിക്കുന്നില്ല. ഗൾഫ് ചതിയിൽ കാലഗണന വാസ്തവത്തിൽ പ്രധാനമല്ല. കാരണം, ഏറിയും കുറഞ്ഞും എല്ലാ കാലത്തും അതു തുടർന്നു. അതായത് ഗൾഫിലേക്ക് എന്നുപറഞ്ഞാൽ മലയാളി എങ്ങനെയും പോകാൻ തയാറായിരുന്ന കാലത്തെ ഉരുവിനെയാണ് (ആ മാനസികാവസ്ഥയെയാണ്) മാമുക്കോയയിലൂടെ സിനിമ പ്രതിനിധാനം ചെയ്തത്.
നമ്മുടെ ഗൾഫ് തൊഴിൽ പ്രവാസത്തിലെ ചതികളുടെയും പണത്തട്ടിപ്പുകളുടെയും വ്യാജ ഏജന്റുമാരുടെയും വലിയ ഒരു നിരയുടെ കഥ, ഒരു സങ്കീർണതയുമില്ലാതെ, പ്രത്യേകിച്ച് ആലോചനകളൊന്നുമില്ലാതെ ഗൾഫ് എന്നുപറഞ്ഞ് ഏതൊരു പ്രബുദ്ധ മലയാളിയെയും പറ്റിക്കാമായിരുന്ന കാലമാണ് മാമുക്കോയയിലൂടെ ’നാടോടിക്കാറ്റി’ൽ പുറത്തുവന്നത്. ആ സിനിമ കണ്ട് പൊട്ടിപ്പൊട്ടിച്ചിരിച്ച എല്ലാവരും സ്വന്തം വീട്ടിലെ ഒരാൾക്കോ അതിൽ കൂടുതലാളുകൾക്കോ പറ്റിയ ‘ഗൾഫ് ട്രാജഡികളെ’ ഓർക്കുകയല്ല, ചിരിച്ചു മറക്കുകയാണ് ചെയ്തത്. ആ ചിരിച്ചു മറക്കൽ എല്ലാ കാലത്തുമുള്ള നമ്മുടെ ഗൾഫ് തൊഴിൽ പ്രവാസത്തിലെ പ്രധാന അധ്യായമാണ്. ഇന്ന് ആ സിനിമ കാണുമ്പോൾ ഒരുപക്ഷേ, ഗഫൂർ എന്ന കഥാപാത്രം മാത്രം പലരുടെയും മനസ്സുകളിൽ അവശേഷിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഗൾഫ് യാത്രാവഞ്ചനകളുടെ ഓർമകളുമായിത്തന്നെയായിരിക്കും. ആ നിലയിൽ, അങ്ങനെയൊരു ഊന്നലിൽ ‘നാടോടിക്കാറ്റോ’ ഗഫൂറോ അയാളുടെ ദോസ്തുക്കളോ നിർഭാഗ്യവശാൽ പഠിക്കപ്പെട്ടില്ല.
ഈ സിനിമയിൽ ഗഫൂർ പ്രത്യക്ഷപ്പെടുന്നത് നമ്മുടെ കടലോരത്താണ്. ഗൾഫിലല്ല. എന്നാൽ പത്തു വർഷം കഴിഞ്ഞ് മാമുക്കോയ ‘ഗുരുശിഷ്യനി’ൽ പ്രത്യക്ഷപ്പെടുന്നത് ഗൾഫിൽനിന്നും അവധിക്ക് നാട്ടിലെത്തിയ ‘ഓൺ ലീവ് പ്രവാസി’ ആയാണ്. കുതിരവട്ടം പപ്പുവാണ് മാമുക്കോയയുടെ ബാപ്പയായി അഭിനയിക്കുന്നത്. ഭാര്യയും മക്കളുമായി നാട്ടിലെ വീട്ടുമുറ്റത്ത്് കാറിലിറങ്ങുന്ന (കാറിനു മുകളിൽ ടിപ്പിക്കൽ ഗൾഫ് പെട്ടികൾ കയറിട്ട് കെട്ടിവെച്ചിട്ടുണ്ട്) മാമുക്കോയയെ ആദ്യം കാണുന്നത് ഉമ്മയാണ്. തൊട്ടുപിന്നാലെ ബാപ്പ എത്തുന്നു. മകനെ പിതാവ് കെട്ടിപ്പിടിക്കുന്നു. അതിനിടയിലേക്ക് ഒരാനയുടെ ചിന്നംവിളി കടന്നുവരുന്നു (വീട്ടുവളപ്പിലെ ഒരു മരത്തിൽ ആനയെ കെട്ടിയിട്ടുണ്ട്). ഇതെന്താണെന്ന മകന്റെ ചോദ്യത്തിന് ബാപ്പയുടെ മറുപടി: ആന. നീ ഗൾഫിൽ ഒട്ടകത്തെ കണ്ടു കണ്ട് നിനക്കിപ്പോൾ ആനയെ കണ്ടാൽ തിരിച്ചറിയാൻ കഴിയാതെയായി: അബൂബക്കർ എന്നാണ് ആനയുടെ പേര്. മകൻ ഗൾഫിൽനിന്നും അയച്ചുകൊടുത്ത കാശുകൊണ്ടാണ് ബാപ്പ ആനയെ വാങ്ങിയത്. മാത്രവുമല്ല, മൂപ്പർ ഒരു രണ്ടാം കെട്ടിനും ശ്രമിക്കുന്നുണ്ട്. ഗൾഫുകാരുടെ പണം ഏതെല്ലാം വഴികളിൽ പാഴാക്കപ്പെട്ടു എന്നതിലേക്കുള്ള സൂചനകൂടിയാണ് അബൂബക്കർ എന്ന് പേരുള്ള ഈ ആന. ഈ ആനയുടെ ജാതി സർട്ടിഫിക്കറ്റും അതുവഴി പൗരത്വവും തെളിയിക്കാൻ പിന്നീട് പൊലീസ് ആവശ്യപ്പെടുന്നുണ്ട്. അബൂബക്കർ എന്ന് ഒരാനക്ക് പേരിടാനാകില്ല എന്നതാണ് സ്ഥലം എസ്.ഐയുടെ യുക്തി. (പൗരത്വം തെളിയിക്കേണ്ട ഇക്കാലത്ത് ഈ ആനക്കഥ ഇന്ന് പലതരം പൊളിറ്റിക്കൽ സിഗ്നിഫയറായും പ്രവർത്തിക്കുന്നു – മഹാ തല്ലിപ്പൊളിയായ ഒരു സിനിമക്കുപോലും ചില നേരങ്ങളിൽ പൊളിറ്റിക്കലി കറക്ടാവാൻ അവസരം കിട്ടും!).
മാമുക്കോയയുടെ കഥാപാത്രം ഈ ആനക്കഥ പറയാൻ, അത്തരത്തിലൊരു ഗൾഫ് പണ ധൂർത്തിന്റെ പല മോഡലുകളെ വിമർശിക്കാൻ മാത്രമായാണ് സിനിമയിൽ വരുന്നത്. മറ്റൊന്നിനുമല്ല. ആ സിനിമയുടെ കഥാഗതി മറ്റൊരു വഴിക്കാണ് മുന്നോട്ടുപോകുന്നത്.
വീണ്ടും നാലു വർഷം കഴിയുമ്പോൾ ‘ദുബായി’യിൽ മാമുക്കോയ വരുന്നു. ഇക്കുറി അദ്ദേഹത്തിന്റെ കഥാപാത്രം ദുൈബയിൽ അബ്ര, ക്രീക്ക്്് പരിസരങ്ങളിലെ മാർക്കറ്റുകളിൽ കയറ്റിറക്ക് ജോലികൾ ചെയ്യുന്ന ഒരു അടിത്തട്ട് തൊഴിലാളിയായാണ്. ആ ബിഗ് ബജറ്റ് തട്ടുപൊളിപ്പൻ സിനിമയിലെ നായകൻ മമ്മൂട്ടിയായിരുന്നു. ആ സിനിമയിലെ നായകൻ വിസ്മരിക്കപ്പെടുകയും മാമുക്കോയയുടെ കഥാപാത്രം ഓർമകളിൽ അവശേഷിക്കുകയും ചെയ്യുന്നു. അതിനുള്ള കാരണം അയാൾ പാസ്പോർട്ട് വിൽക്കുകയോ (നമ്മുടെ ഗൾഫ് തൊഴിൽ പ്രവാസത്തിൽ ‘തലവെട്ടി’ പാസ്പോർട്ടുകളുടെ കാലമുണ്ടായിരുന്നു. ഫോട്ടോ മാറ്റി ഒട്ടിച്ചുള്ള പാസ്്പോർട്ട് ‘ആൾമാറാട്ടങ്ങൾ’. പാസ്പോർട്ട് വിൽക്കുക, പണയം വെക്കുക തുടങ്ങിയ പ്രതിഭാസം ഉണ്ടാകുന്നതും ഇങ്ങനെയാണ്. ഈ മാമുക്കോയ കഥാപാത്രം ആ കാലത്തിന്റെ വക്താവു കൂടിയാണ്). തന്റെ നാട്ടിലേക്കുള്ള വിമാനടിക്കറ്റിന്റെ പണം കൂടി മകളുടെ വിവാഹെച്ചലവിന് വീട്ടിലെത്തിക്കാനാണ് അയാൾ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് അറിയപ്പെടാത്ത പിതാക്കൻമാർ (മാതാക്കളും) ഗൾഫ് തൊഴിൽ പ്രവാസ ചരിത്രത്തിലുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം ‘ദുബായി’യിലെ ഇടിയും കുത്തും വെടിവെപ്പും നഗ്നമേനികളുമൊന്നും ഇന്ന് അവശേഷിക്കാത്തതും മാമുക്കോയയുടെ കഥാപാത്രം ഒരുകാലത്തെ ഗൾഫിലെ അടിത്തട്ട് തൊഴിലാളിയെക്കുറിച്ച് ഇന്നും ഉറക്കെ സംസാരിക്കുന്നതും.
നാലാമത്തെ ഗൾഫ് ചിത്രം മൂന്നു വർഷം കഴിഞ്ഞു വരുന്ന ‘പെരുമഴക്കാലം’. സിനിമയിലെ മാമുക്കോയ കഥാപാത്രം ജീവിക്കുന്നത് കേരളത്തിലാണ്. ഗൾഫിലല്ല. അദ്ദേഹം അവതരിപ്പിച്ച അനശ്വര കഥാപാത്രം ഈ സിനിമയിലാണെന്ന് കരുതുന്ന എത്രയോ േപ്രക്ഷകരുണ്ട് (പിന്നീട് ഈ അടുത്തകാലത്ത് ‘കുരുതി’യാണ് അദ്ദേഹത്തെ സ്ഥിരം ഫോർമുലകളിൽനിന്നും മോചിപ്പിച്ചത്). മാമുക്കോയതന്നെ സ്വയം അങ്ങനെ കരുതിയിരുന്നു. തന്റെ സിനിമകൾ, കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിൽനിന്നും മാറിനിൽക്കാറുള്ള ഈ നടൻ (അഭിനയിച്ച മിക്ക സിനിമകളും താൻ കാണാറില്ലെന്നും കാണികളുടെ പ്രതികരണങ്ങൾ കേട്ട് ജയപരാജയങ്ങൾ നിശ്ചയിക്കാറാണ് പതിവെന്നും ജഗദീഷുമായുള്ള ഒരു വിഡിയോ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്). ജീവചരിത്രത്തിൽ ഏറ്റവും കൂടുതലായി സംസാരിക്കുന്നത് ‘പെരുമഴക്കാലത്തെ’ക്കുറിച്ചാണ്.
മാമുക്കോയ (താഹ മാടായി) എന്ന ജീവചരിത്രത്തിൽ ഇങ്ങനെ വായിക്കാം: മോളെ വേദനക്ക് മുമ്പില് നിസ്സഹായനായി നിക്ക്ന്ന ഒരു ബാപ്പയായിര്ന്ന് ‘പെരുമഴക്കാല’ത്തിൽ ഞാൻ. കണ്ണീരിലും മഴേത്തും നനഞ്ഞു കുതിർന്ന സങ്കടങ്ങളുടെ പെരുമഴയായിര്ന്നല്ലോ ആ സിനിമ. ആ സിനിമയില് അഭിനയിക്കുന്നതു വരെ എനിക്കുറപ്പുണ്ടായിരുന്നില്ല അത്തരമൊരു തീക്ഷ്ണമായ അനുഭവത്തിലൂടാണ് കടന്ന് പോവേണ്ടത്ന്ന്. റസാക്കും കമലും സിനിമേന്റെ കഥ പറഞ്ഞപ്പോ ഞാൻ ബേജാറായി. എന്റെ കോലത്തിലും ഖൽബിലും തറച്ച പോലൊരു വേഷായിരുന്ന് അത്. അഭിനയിക്ക്ന്ന സമയത്തൊക്കെ ഞാൻ നിസ്സഹായനായ ഒരു ബാപ്പ മാത്രമായിരുന്ന്. മറ്റൊന്നും ഓർമയുണ്ടായിരുന്നില്ല. ഈ ദുനിയാവിലെ ഒരു കാര്യത്തെക്കുറിച്ചും അപ്പൊ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. മോളെ പുതിയാപ്ല അറബിനാട്ടില് വെച്ച് ആരെയോ കൊന്നിരിക്ക്ന്ന്. കൊല്ലപ്പെട്ടത് മലയാള്യാണ്. പുതിയാപ്ലാനെ വധശിക്ഷക്ക് വിധിക്കാൻ പോവ്വാണ്. കൊല്ലപ്പെട്ടയാളുടെ ഭാര്യ മാപ്പു നല്കിയാ വധശിക്ഷയിൽനിന്ന് രക്ഷപ്പെടാം. അതു മാത്രമേ ഇനി വഴിയുള്ളൂ. ഖൽബ് പൊട്ടിക്കരയ്യല്ലാണ്ടെ ആ ബാപ്പക്ക് എന്തുചെയ്യാൻ കഴിയും. മോളോടൊപ്പം അയാളും മഴപോലെ കരഞ്ഞു. ജീവിതത്തില് ഒരാൾക്ക് ഒരിക്കല് മാത്രംചെയ്യാൻ കഴിയ്ന്ന വേഷമാണ് ‘പെരുമഴക്കാല’ത്തിലെ ആ ബാപ്പ.
അതിസങ്കീർണമായ മലയാളിയുടെ ഗൾഫ് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ (ഗൾഫിലും കേരളത്തിലും) ഈ നാലു സിനിമകളിലൂടെ (ഗൾഫ് പശ്ചാത്തലവും ബന്ധവും വരുന്ന മറ്റു മാമുക്കോയ ചിത്രങ്ങളുമുണ്ട്, പേക്ഷ അവക്ക് ഇത്രയും പ്രാധാന്യമുള്ളതായി തോന്നിയിട്ടില്ല) മാമുക്കോയ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. രണ്ടെണ്ണം കോമഡി. രണ്ടെണ്ണം ഗൗരവത്തിലും. ആ കഥാപാത്രങ്ങൾ ആഴത്തിലുള്ള ഒരു ഗവേഷണ പ്രബന്ധത്തിന് ഒരുപേക്ഷ, കണ്ടെത്താൻ കഴിയാത്ത എല്ലാ ഗൾഫ് സങ്കീർണതകളെയും അകത്തും പുറത്തും ഒരേ പോലെ ഉൾക്കൊണ്ടു. കഥാപാത്രങ്ങൾ മനുഷ്യാനുഭവങ്ങളിലൂടെ മലയാളി ചരിത്രത്തിന്റെ താളുകൾ മറിച്ചു കാണിക്കുകയായിരുന്നു. ഈ കഥാപാത്രങ്ങൾ, തിരക്കഥകൾ, സംഭാഷണങ്ങൾ എന്നിവ ഉണ്ടാക്കിയ സംവിധായകരും മറ്റും പതുക്കെ പതുക്കെ മറവിയിലാഴുന്നു. ഈ സിനിമകളിലെ നായകനും നായികയും വിസ്മരിക്കപ്പെടുന്നു. പക്ഷേ, മാമുക്കോയ കഥാപാത്രം അതിജീവിക്കുന്നു. ഇതെല്ലാം സിനിമയിൽ സാധ്യമാക്കിയത് താനാണെന്ന് കാണികളെ ബോധ്യപ്പെടുത്താൻ ആ നടന് കഴിഞ്ഞു. സാമൂഹിക സത്യങ്ങളെ തൊടുമ്പോൾ അഭിനയത്തിന് അനിവാര്യമായ ജീവിതഗന്ധം അദ്ദേഹം കോഴിക്കോടൻ തെരുവുകളിലെ നാടകജീവിതത്തിൽനിന്നും എന്നേ സ്വായത്തമാക്കിയിരുന്നു.
‘നാടോടിക്കാറ്റ്’ കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം തൊഴിലില്ലായ്മ എന്ന യാഥാർഥ്യത്തെ (ഗൾഫ് ആയിരുന്നു നമ്മുടെ തൊഴിലില്ലായ്മയുടെ യഥാർഥ സേഫ്റ്റി വാൽവ്) അഭിസംബോധന ചെയ്തുകൊണ്ട് 1989ൽ ‘റാംജി റാവു സ്പീക്കിങ്’ (സിദ്ദീഖ്, ലാൽ) വരുന്നു. തൊഴിലവസരങ്ങൾ വലിയതോതിൽ സൃഷ്ടിക്കാൻ കഴിയാത്ത സ്വകാര്യമേഖലയും, സർക്കാർ റിക്രൂട്ട്മെന്റ് നിരോധം നിലനിൽക്കുകയും ചെയ്ത കേരളത്തിൽനിന്നാണ് ആ സിനിമ ഉണ്ടാകുന്നത്. പെങ്ങളുടെ വിവാഹത്തിനായി കരുതിവെച്ച പണമാണ് സിനിമയിലെ ബാലകൃഷ്ണന് (സായികുമാർ) ഹംസക്കോയ (മാമുക്കോയ) കടമായി കൊടുത്തിരിക്കുന്നത്. ബാലകൃഷ്ണന് അങ്ങനെ കടംവാങ്ങി മുങ്ങിനടക്കേണ്ടിവരുന്നത് തൊഴിലില്ലായ്മകൊണ്ടാണ്. അതേ സിനിമയിലെ ഗോപാലകൃഷ്ണന്റെ (മുകേഷ്) ‘കമ്പിളിപ്പുതപ്പും’ തൊഴിലില്ലായ്മയിൽനിന്നുതന്നെ ഉയരുന്ന മറ്റൊരു നിസ്സഹായ മുദ്രാവാക്യമാണ്. 1980ൽ തമിഴിൽ കെ. ബാലചന്ദർ സംവിധാനംചെയ്ത ‘വരും മയിൽ നിറം ശിവപ്പ്’ പോലെ ഒരു സിനിമയുടെ (ചവറുകൾക്കിടയിൽനിന്നും ചീഞ്ഞ ആപ്പിൾ പെറുക്കി ഭക്ഷിക്കുന്ന കമലഹാസൻ കഥാപാത്രം ഈ സിനിമയിലാണ്) തീക്ഷ്ണതയിലുള്ള സിനിമയല്ല ‘റാംജിറാവു’. ‘റാംജി റാവു’വിൽ മാമുക്കോയ കഥാപാത്രം ഇങ്ങനെ പറയുന്നു: ഞാൻ വെള്ളിയാഴ്ച വരും, എന്റെ കൂടെ പത്തു പതിനഞ്ചു പേരും കാണും. അന്നെ തല്ലാനോ കൊല്ലാനോ അല്ല ആളെക്കൂട്ടി വരുന്നത്. നീ അന്ന് പണം തന്നില്ലെങ്കിൽ ഞാനിവിടെക്കിടന്ന് മയ്യത്താവും. എന്റെ മയ്യത്ത് കൊണ്ടുപോകാനാണ് ആളെക്കൂട്ടി വരുന്നത്: നിസ്സഹായതയെ ഇമ്മട്ടിൽ അഭിനയിച്ച് സാക്ഷാത്കരിക്കുക എല്ലാ നടൻമാർക്കും സാധ്യമാകണമെന്നില്ല. രണ്ടുതരം നിസ്സഹായതകൾ ഇവിടെ ഏറ്റുമുട്ടുന്നു. തൊഴിലില്ലാത്തവന്റെയും കടം കൊടുത്തവന്റെയും (ചന്ദ്രലേഖ അടക്കമുള്ള സിനിമകൾ വരുന്ന ബ്ലേഡുകാരനായ മാമുക്കോയ കഥാപാത്രങ്ങളുമായി ഹംസക്കോയക്ക് ബന്ധമില്ല. കൈവായ്പ കൊടുത്ത് കുടുങ്ങിപ്പോയ ഒരാളെയാണ് മാമുക്കോയ ‘റാംജി റാവുവിൽ’ പ്രതിനിധാനംചെയ്യുന്നത്).
മാമുക്കോയ കഥാപാത്രങ്ങളെ ഇമ്മട്ടിൽ സാമൂഹിക സംവാദത്തിന് സംവിധായകർ ഉപയോഗപ്പെടുത്തിയത് എന്തുകൊണ്ടാകും? ഹാസ്യനടൻ എന്നനിലയിലുള്ള ൈകയടിക്കുവേണ്ടിയായിരിക്കുമോ? ആയിരിക്കാം. എന്നാൽ, അങ്ങനെയൊരാൾ എപ്പോഴും നമുക്ക് ചുറ്റുമുണ്ട് എന്നതായിരിക്കില്ലേ യഥാർഥ കാരണം? അല്ലെങ്കിൽ ഇത്തരം ഭാവപ്പകർച്ചക്ക് ഈ നടന് അനുനിമിഷം കഴിയുമെന്ന് സിനിമാ വ്യവസായം മനസ്സിലാക്കിയതുകൊണ്ടോ?
സിനിമാ ഇൻഡസ്ട്രി എങ്ങനെയാണ് ഈ നടനെ ഉപയോഗപ്പെടുത്തിയത്? മാമുക്കോയ എന്നും എപ്പോഴും മലയാള സിനിമയിലെ വിളക്കുലോഹമായിരുന്നു. നായകനും നായികക്കും കഥക്കും അതിലെ പ്രകൃതിക്കും ഒക്കെ കടന്നുപോകാനുള്ള സിനിമാ നാളിയിലെ വിളക്കുലോഹം. വെൽഡിങ് പണിക്കാർക്ക് വിളക്കു ലോഹത്തിന്റെ പ്രാധാന്യം നന്നായി അറിയാം. സിനിമയിൽ ഇക്കാര്യമറിയാവുന്ന സംവിധായകരാണ് മാമുക്കോയ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. ആ കഥാപാത്രങ്ങൾ അനിവാര്യരായിരുന്നു. അവരില്ലായിരുന്നെങ്കിൽ സിനിമക്ക് ഒരിഞ്ച് മുന്നോട്ടു പോകാനാകുമായിരുന്നില്ല. വിളക്കുലോഹം വളരെക്കുറച്ച്, ചിലപ്പോൾ ഒന്നോ രണ്ടോ തരി അളവിലൊക്കെയാണ് ഉപയോഗിക്കുക. (ഒരു പിഞ്ച് വരെ). പേക്ഷ, ആ രണ്ടു തരി ഇല്ലെങ്കിൽ വലിയൊരു ലോഹനിർമിതിയുടെ പണി പൂർത്തിയാക്കാനാവില്ല. ‘റാംജിറാവു സ്പീക്കിങ്ങി’ലെ ‘ബാലസ്ണാ’ എന്നു വിളിച്ചുകൊണ്ട് പാഞ്ഞുവരുന്ന ആ മാമുക്കോയ കഥാപാത്രം ഇല്ലെങ്കിലും ആ സിനിമ സാധ്യമാകുമായിരുന്നില്ലേ? ആയാൽത്തന്നെയും വിളക്കുലോഹമില്ലാത്ത ഒരു ലോഹനിർമിതിയുടെ വളവ് തീർച്ചയായും ആ സിനിമക്കുണ്ടാകുമായിരുന്നില്ലേ? അങ്ങനെ, ഒഴിച്ചുകൂടാനാകാത്ത ഒരു കഥാപാത്രം എന്ന നിലയിൽ, അതില്ലെങ്കിൽ അപൂർണമാകും എന്ന പ്രതിഭാസത്തിന്റെ പേരാണ് മാമുക്കോയ. ഭൂരിഭാഗം മാമുക്കോയ ചിത്രങ്ങളിലും ഈ ഘടകം, ഇൻഎവിറ്റബിലിറ്റി, എന്ന ചേരുവ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, ആ സിനിമകൾ പലതും ഇന്ന് ആവർത്തിച്ച് കാണുമ്പോൾ ഒരു കാര്യം മനസ്സിലാക്കാം. അതിൽ അതിജീവിച്ചു നിൽക്കുന്നത് വിളക്കുലോഹമെന്ന് കരുതി സംവിധായകരും സിനിമാവ്യവസായവും ആവർത്തിച്ചുപയോഗിച്ച മാമുക്കോയ എന്ന നടനാണ്. താഴേക്കു നോക്കി നടന്നാൽ ഒരിക്കലും മഴവില്ല് കാണാനാകില്ലെന്ന ചാർളി ചാപ്ലിന്റെ വാചകം ഒരുപക്ഷേ, ഈ നടനെ സ്വാധീനിച്ചിരിക്കണം. അതുകൊണ്ട് എത്ര ചെറിയ വേഷമാണെങ്കിലും ആകാശച്ചെരുവിലെ മഴവില്ല് സ്വന്തമാക്കാൻ അഭിനയത്തിൽ എല്ലായ്പോഴും അദ്ദേഹം ശ്രദ്ധിച്ചു. അതിജീവിച്ചുെകാണ്ടേയിരിക്കുന്ന ഒരു നടനെ അതുകൊണ്ടാണ് മാമുക്കോയയിൽ ഇന്ന് കാണികൾക്ക് തിരിച്ചറിയാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്നത്. ആ കഥാപാത്രങ്ങൾ പല സന്ദർഭങ്ങളിൽ സമകാലികത ഉൾക്കൊണ്ട് വളർന്നുകൊണ്ടേയിരിക്കുന്നുമുണ്ട്. നായകനും നായികയും വളർച്ച മുരടിക്കുമ്പോൾ സഹനടൻ എന്നുപോലും സാങ്കേതികമായി വിളിക്കാൻ കഴിയാത്ത മാമുക്കോയ കഥാപാത്രങ്ങൾ ദൈനംദിനം എന്നുപേരിട്ട് വിളിക്കാവുന്ന മണ്ണിൽ നിത്യവും വീണുമുളക്കുന്ന വിത്തുകളെ ഓർമിപ്പിക്കുന്നു.
മാമുക്കോയയുടെ തഗ് ലൈഫ് വിഡിയോകൾ ദൈനംദിനം എന്ന സത്യത്തെ ശക്തമായി പ്രതിനിധാനം ചെയ്യുന്നു. അവ വാസ്തവത്തിൽ ‘മാമുക്കോയ മാല’ എന്നു പേരിട്ട് വിളിക്കേണ്ടതുമാണ്. ‘‘ഒരു ചായ, കഴിക്കാൻ എന്തു വേണം’’ എന്ന ചായക്കടക്കാരന്റെ ചോദ്യത്തിന് ‘‘ചായ കഴിക്കാനുള്ളതല്ലേ, അല്ലാതെ കയ്യും കാലും കഴുകാനുള്ളതല്ലല്ലോ’’ എന്ന മാമുക്കോയ ഡയലോഗ് തഗ് ലൈഫിലെ ഒരു പാസ്വേഡ് ആയാണ് ഇന്ന് പ്രവർത്തിക്കുന്നത്. ആ ഡയലോഗ് പഴയതാണ്. പക്ഷേ, അതിന്റെ പേരിൽ മാമുക്കോയക്ക് തഗൻമാർ സമ്മാനിക്കുന്ന സ്വർണച്ചങ്ങലയുള്ള കൂളിങ് ഗ്ലാസും നീളൻ സിഗരറ്റും ഇന്നത്തേതാണ്, ഏറ്റവും പുതിയ തലമുറയുടെ സമ്മാനവുമാണ്. ഇതിനെക്കുറിച്ച് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: കോവിഡ് കാലത്താണ് ഇങ്ങനെയുള്ള സാധനങ്ങൾ കൂടുതലായി ഇറങ്ങാൻ തുടങ്ങിയത്. ഒരു കോമ്പലപോലെ, മാലപോലെ പല സിനിമകളിൽനിന്നുള്ള രംഗങ്ങളും ഡയലോഗുകളും കോർത്തിണക്കിയുള്ള വിഡിയോകൾ. ഇവ ഉണ്ടാക്കുന്നവരെക്കുറിച്ച് ഞാൻ അന്വേഷിച്ചു. 20-25 വയസ്സുള്ള ചെറുപ്പക്കാരാണ്. അതായത് അവർ ജനിക്കുന്നതിനു മുമ്പുള്ള കഥാപാത്രങ്ങളെയാണ് ഇങ്ങനെ അവതരിപ്പിക്കുന്നത്. ആ കഥാപാത്രങ്ങൾ വിജയിച്ചു, ഇന്നും വിജയിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമായാണ് ഞാനിതിനെ കാണുന്നതും മനസ്സിലാക്കുന്നതും: ഈ നിരീക്ഷണം തലമുറകൾ മറികടന്ന് വരുന്ന തന്റെ കാണികളെ തിരിച്ചറിഞ്ഞ ഒരു നടന്റെ വാക്കുകളാണ്. തന്റെ ഭാഷ ഇമ്മട്ടിൽ സ്വീകരിക്കപ്പെടുന്നതിന്റെ ആഹ്ലാദവും ആ വാക്കുകൾ പങ്കുവെക്കുന്നുമുണ്ട്. ഗാരി ബാല്ലിംഗെർ അഭിനയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ: കൂടുതൽ വ്യക്തിപരമാകുമ്പോൾ, അത് വളരെക്കൂടുതൽ ലോകത്തിന്റേതുമാകുന്നു: നടന് അത്യാവശ്യമുള്ള എല്ലാവരിലേക്കും എത്താനുള്ള ആ വ്യക്തിപരത മാമുക്കോയയിലുണ്ട്. അതുകൊണ്ടു കൂടിയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പല തലമുറകളിലൂടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ആ കഥാപാത്രങ്ങളിൽ അങ്ങനെയൊരു ‘പോയന്റ് ഓഫ് റഫറൻസ്’ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
തഗ് ലൈഫ്, പഴയ സിനിമകളുടെ ഇക്കാലത്തെ എഡിറ്റിങ് മേശകൾകൂടിയാണ്. രണ്ടര മണിക്കൂറോളമുള്ള സിനിമകൾ കണ്ടുകഴിഞ്ഞ്്് മാമുക്കോയ മാത്രമുള്ള തഗ് വിഡിയോകൾ മാത്രം അവശേഷിക്കുന്നു. പുതിയ തലമുറ ഇന്ന് പഴയ സിനിമകളിൽ നടത്തുന്ന എഡിറ്റിങ്ങിൽ എന്തു ബാക്കിയാകുന്നു എന്നതിലേക്കുകൂടി ഈ തഗൻമാർ നമ്മെ കൊണ്ടുപോകുന്നു.
വൈക്കം മുഹമ്മദ് ബഷീർ എന്ന യൂനിവേഴ്സിറ്റിയിലെ പഠനം, എസ്.കെ. പൊറ്റെക്കാട്ടിന്റെ ലോകഭൂപടവുമായുള്ള നടത്തം, കോഴിക്കോട്ടെ നാടകജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനം, കോഴിക്കോട് അബ്ദുൽ ഖാദർ, എം.എസ്. ബാബുരാജ് എന്നിവരുമായി ബന്ധപ്പെട്ട സംഗീതത്തിന്റെ നേരനുഭവങ്ങൾ. പല ജന്മങ്ങൾക്കാവശ്യമായ അറിവും അനുഭവവും ഇവരിൽനിന്നാണ് മാമുക്കോയയിൽ ലയിച്ചുചേരുന്നത്. വലിയ മനുഷ്യരുമായുള്ള സമ്പർക്കം എന്നാണ് മാമുക്കോയ ഇതിനെ വിശേഷിപ്പിക്കുന്നത്. എല്ലായ്പോഴും കൂടെയുണ്ടായിരുന്ന പുസ്തകങ്ങളും അദ്ദേഹത്തെ സഹായിച്ചു, സ്വാധീനിച്ചു. അനശ്വരത കലയിലാണെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിച്ചത് ജീവിതാനുഭവങ്ങൾ തന്നെ.
ഒരു മലബാർ ലിബറൽ മുസ്ലിമിന്റെ എല്ലാ പ്രതിസന്ധികളെയും അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്. ഹലാൽ/ഹറാം ദ്വന്ദ്വങ്ങളെ, പ്രത്യേകിച്ചും കല ഹറാമാണെന്ന (പാട്ടുപോലെ ഹറാമായ മറ്റൊന്നില്ല എന്ന് ഇന്നും വയള് നടത്തുന്നവർ മാമുക്കോയ ജീവിച്ച സ്ഥലങ്ങളിൽ ഈ 21ാം നൂറ്റാണ്ടിലും സജീവമാണ്. മത ‘നവോത്ഥാനക്കാരാ’ണ് ഈ വാദക്കാർ എന്ന മാറ്റം മാത്രമാണ് നൂറ്റാണ്ടു മാറിയപ്പോൾ ഉണ്ടായത്!) വാദത്തെ അദ്ദേഹം ശക്തമായി നേരിട്ടു. ശരീഅത്ത് വിമർശനവും നടത്തി. പ്രത്യേകിച്ചും പിന്തുടർച്ചാ സ്വത്തവകാശ പ്രശ്നത്തിൽ. ഇതേ വിഷയത്തിൽ പഴയ കോഴിക്കോടൻ നാടകവേദിയിൽ ആവിഷ്കരിക്കപ്പെട്ട നാടകത്തിനുള്ള ‘മതവിധി’ മാമുക്കോയ തേടുന്നത് സി.എൻ. അഹമ്മദ് മൗലവിയിൽനിന്ന്. സി.എൻ പറഞ്ഞു: തീർച്ചയായും നിർബന്ധമായും ഈ നാടകം കളിക്കണം: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഖബർ വൃത്തിയാക്കി അവിടെനിന്ന് അദ്ദേഹത്തെ അനുസ്മരിക്കുന്ന മാമുക്കോയയെയും അദ്ദേഹത്തിന്റെ ആത്മകഥയിൽ/ ജീവചരിത്രത്തിൽ നമുക്ക് കാ ണാം. ബഷീറിൽനിന്നുള്ള സൂഫി സ്വാധീനവും അദ്ദേഹത്തിൽ തീർച്ചയായുമുണ്ടായിരുന്നു. പല കടവുകളിലൂടെ നീന്തി തന്റെ സ്വന്തം കടവിൽ എത്തിച്ചേരാനുള്ള ദിശാബോധവും ആത്മവിശ്വാസവും ഈ കലാകാരനിൽ എന്നും പ്രവർത്തിച്ചു.
ഓക്സ്ഫഡിൽ പോയ അനുഭവം അദ്ദേഹം ഒരഭിമുഖത്തിൽ പങ്കുവെക്കുന്നു: അവിടെയുള്ള മലയാളികളാണ് എന്നെ കൊണ്ടുപോയത്. അതിവിശാലമായ ഒാക്സ്ഫഡ് ലൈബ്രറി ഹാളിലൂടെ പുസ്തകങ്ങൾ കണ്ടു നടക്കുകയായിരുന്നു. അതാ, അപ്പോൾ ഒരിടത്ത് എന്റെ പുസ്തകം ‘മാമുക്കോയ’ ഇരിക്കുന്നു. ഞാനത് നോക്കിനിൽക്കുമ്പോൾ ലൈേബ്രറിയൻ എന്റെ അടുത്ത് വന്നു. ഞാനയാളോട് പുസ്തകം ചൂണ്ടിക്കാട്ടി പറഞ്ഞു, അത് ഞാനാണ്. ലൈേബ്രറിയൻ പുസ്തകമെടുത്ത്് എന്നെ നോക്കും. വീണ്ടും പുസ്തകത്തിലേക്കു നോക്കും. ഒടുവിൽ അത് ഞാൻ തന്നെയെന്ന് അയാൾ സ്ഥിരീകരിച്ചു. പിന്നെ പെട്ടെന്ന് ചായയും ബിസ്കറ്റും വരുന്നു. എന്നെ സൽക്കരിക്കുന്നു. ഒാക്സ്ഫഡ് ലൈബ്രറി പല ഗിഫ്റ്റുകളും തരുന്നു. അതുതന്നെയുണ്ടായിരുന്നു ഒരു പെട്ടിക്ക് കൊണ്ടുവരാൻ: ലോക മലയാളിയായിത്തീർന്ന മാമുക്കോയയെയാണ് ഈ സന്ദർഭത്തിൽ നമ്മൾ കണ്ടുമുട്ടുന്നത്. മലയാളി ഉള്ള എല്ലായിടങ്ങളിലും മറ്റൊരു ലോക മലയാളിയായി മാമുക്കോയ സഞ്ചരിച്ചുകൊണ്ടിരുന്നു. ഈ ലേഖനം എഴുതുന്നതിനു മുമ്പ് 16 രാജ്യങ്ങളിൽ കഴിയുന്ന മലയാളികളോട് മാമുക്കോയയെക്കുറിച്ച് ചോദിച്ചപ്പോൾ അവർ എല്ലാവരും പറഞ്ഞതിന്റെ ഉള്ളടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു: അയാൾക്കൊപ്പം ഞങ്ങൾ ചിരിച്ചു. പിന്നീട് അയാൾക്കൊപ്പം തന്നെ കരഞ്ഞു: ലോക മലയാളിയുടെ ചിരിയിലും കരച്ചിലിലും മാമുക്കോയ ഉണ്ട് കേരളത്തിലേക്ക് തന്നെ മടങ്ങിവരണമെന്ന് കരുതുകയും അതിന് ഒരിക്കലും പറ്റാതിരിക്കുകയും ചെയ്യുന്ന ആ ലോകമലയാളിയെ ‘ദുബായി’യിലെ അബ്രയിലെ മാമുക്കോയ കഥാപാത്രത്തിൽ നാം കാണുന്നു. കേരളത്തിലായിരിക്കുമ്പോഴും ഗൾഫിലെ നീതിക്കുവേണ്ടി ജീവിക്കുന്ന കഥാപാത്രമായി ‘പെരുമഴക്കാല’ത്തിലും കാണുന്നു. അതാണ് മലയാളി ജീവിതത്തിലെ പ്രധാന പാലങ്ങളിലൊന്ന്. അതുകൊണ്ട് ഏതു മലയാളിക്കും അയാൾ അവതരിപ്പിച്ച കഥാപാത്രങ്ങളെ ആഴത്തിൽ, സുതാര്യമായി സ്വീകരിക്കാനാകും. അതിനാവാത്തവരുണ്ടെങ്കിൽ അവരിലെ മലയാളി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. മലയാളിയുടെ ലോകങ്ങളിലെ മായ്ക്കാൻ കഴിയാത്ത അനുഭവങ്ങളിലൊന്നാണ് മാമുക്കോയ എന്ന നടൻ. ആ ലോകം കൂടി ചേർന്നാണ് നാമെല്ലാവരും ലോക മലയാളികളായിത്തീർന്നത്.
മാമുക്കോയ ഭാഷയെക്കുറിച്ച് ഏറ്റവും മൗലികമായ നിരീക്ഷണം സോഷ്യൽ മീഡിയയിലാണ് കണ്ടത്: നമുക്കെല്ലാം ഓരോ മലയാളമുണ്ട്. നമുക്കുള്ളിൽതന്നെ എന്നും മാറുന്ന മലയാളം. മാമുക്കോയ പറഞ്ഞത് നമ്മൾ തമ്മിലുള്ള പല മലയാളങ്ങൾക്ക് പുറമെയുള്ള പരുപരുത്ത ഓമനത്തമുള്ള ഒരു മലബാറി മലയാളമായിരുന്നു. കോയിക്കോടൻ കുസൃതി മലയാളം. മാമുക്കോയയുടെ ചിരിയും ഒരു മലയാളമായിരുന്നു –യു. അജിത്. മാമുക്കോയയുടെ ചിരി ഒരു മലയാള മൊഴിതന്നെ എന്ന ഈ നിരീക്ഷണം പ്രധാനപ്പെട്ടതാണ്. ചിരി മാത്രമല്ല, കരച്ചിലും നാം നിർവഹിക്കുന്നത് ഭാഷകൊണ്ടുതന്നെയാണല്ലോ.
പല ഭാഷകളെന്നപോലെ, പല നാടുകളിലെ കരച്ചിലിലും ചിരിക്കും വിഭിന്നതകളുണ്ട്. ആ ഭാഷ ആഴത്തിലും പരപ്പിലും മാമുക്കോയ ഉൾക്കൊണ്ടു, മറ്റുള്ളവരിലേക്കു പകർന്നു. ചിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കരയുക എന്നതും എന്ന് നമ്മെ ഓർമിപ്പിച്ചു. മനുഷ്യജീവിതത്തിന്റെ യഥാർഥ ബൈനറി ചിരി/ കരച്ചിലാണെന്നും അതു മനസ്സിലാക്കാതെ ചിരിക്കുകയും കരയുകയും ചെയ്യരുതെന്നും എല്ലാ കാലത്തേക്കും വേണ്ടി മാമുക്കോയ നിത്യവും നിരന്തരവുമായി നമ്മെ ഓർമിപ്പിക്കുന്നു. ആ ബൈനറി മാത്രമേ യഥാർഥജീവിതത്തിന്റെ ഉള്ളടക്കമാകുന്നുള്ളൂവെന്നും ആ കലാജീവിതം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.