‘അഹം അഹം’ എന്ന നാടകം
തിയറ്ററിനെക്കുറിച്ച ഒരു ചിന്തയാണ് നിരൂപകനും എഴുത്തുകാരനുമായ ലേഖകൻ മുന്നോട്ടുവെക്കുന്നത്. നമ്മുടെ നാടകരംഗം ഇങ്ങനെ മതിയോ? അനുഭവങ്ങളുടെ രസാത്മകമായ ആവിഷ്കാരങ്ങളാേണാ തിയറ്ററിൽ വരേണ്ടത്? യാഥാസ്ഥിതിക ഭാഷ മാറണോ? എഴുപതുകളുടെ ഒടുവിലും എൺപതുകളുടെ ആദ്യത്തിലുമായി ഏറെ ചർച്ചചെയ്യപ്പെട്ട നാടകമാണ് ‘അഹം അഹം’. ഒരു കേരളമിത്തിന്റെ നാടകാവിഷ്കാരം എന്നനിലയിൽ േപ്രക്ഷകർ അതിനെ സ്വീകരിച്ചു. പെരുന്തച്ഛന്റെ ജീവിതവും കഥയും...
Your Subscription Supports Independent Journalism
View Plansതിയറ്ററിനെക്കുറിച്ച ഒരു ചിന്തയാണ് നിരൂപകനും എഴുത്തുകാരനുമായ ലേഖകൻ മുന്നോട്ടുവെക്കുന്നത്. നമ്മുടെ നാടകരംഗം ഇങ്ങനെ മതിയോ? അനുഭവങ്ങളുടെ രസാത്മകമായ ആവിഷ്കാരങ്ങളാേണാ തിയറ്ററിൽ വരേണ്ടത്? യാഥാസ്ഥിതിക ഭാഷ മാറണോ?
എഴുപതുകളുടെ ഒടുവിലും എൺപതുകളുടെ ആദ്യത്തിലുമായി ഏറെ ചർച്ചചെയ്യപ്പെട്ട നാടകമാണ് ‘അഹം അഹം’. ഒരു കേരളമിത്തിന്റെ നാടകാവിഷ്കാരം എന്നനിലയിൽ േപ്രക്ഷകർ അതിനെ സ്വീകരിച്ചു. പെരുന്തച്ഛന്റെ ജീവിതവും കഥയും എല്ലാ മലയാളികൾക്കുമറിയാം. അച്ഛനും മകനും തമ്മിലുള്ള ബന്ധവും കരവിരുതിലെ വ്യതിയാനവശ്യതയും അപരിചിതമല്ല. എന്നാൽ, പെരുന്തച്ഛൻ കോംപ്ലക്സ് എന്ന മനോഭാവം പ്രധാന കഥാപാത്രത്തിന്റെ സ്വഭാവവിശേഷമായി നാടകകൃത്ത് കൊണ്ടുവരുന്നു. ഇതുമൂലം രൂപപ്പെടുന്ന ഒരു സംഘർഷത്തിന്റെ ആത്മഭാവമാണ് ‘അഹം അഹം’ എന്നുപറയാം.
നമ്മുടെ പ്രഫഷനൽ നാടകരംഗത്ത് ഈ നാടകം വിപുലമായ വ്യതിയാനമുണ്ടാക്കുമെന്ന് പലരും കരുതി. അതിനു പ്രധാനകാരണം, നാടകത്തിലെ ആവിഷ്കാരതന്ത്രവും നവീനസങ്കേതങ്ങൾ പ്രയോജനപ്പെടുത്താനുള്ള താൽപര്യവുമായിരുന്നു. സംഭാഷണങ്ങളാണ് നാടകത്തിന്റെ മൂല്യമെന്ന് വിശ്വസിച്ചിരുന്ന ഒരു ആസ്വാദകസമൂഹം നിലവിലുണ്ട്. സംഭാഷണങ്ങളെ അപനിർമിക്കാനും വൈകാരികമുഹൂർത്തങ്ങളും ധ്വന്യാത്മകമായ ഭാവങ്ങളും കലർത്തി വ്യത്യസ്തമായ ഒരു നാടകഭാഷക്ക് ‘അഹം അഹം’ തുടക്കമിട്ടു എന്നാണ് എന്റെ വിശ്വാസം. നാടൻ വാദ്യമേളങ്ങളായ ഇലത്താളം, മദ്ദളം, ഇടയ്ക്ക എന്നിവയുടെ സമന്വിത ചലനവ്യവസ്ഥയോട് കഥാപാത്രങ്ങളെ ചേർത്തുനിർത്തി ആവിഷ്കരിക്കുന്ന ഒരു പരീക്ഷണവും ഈ നാടകത്തിലുണ്ടായിരുന്നു. ഈ നാടകത്തിന്റെ അവതരണസന്ദർഭങ്ങളിൽ ചെന്നുചേരാനും ആസ്വാദകരുടെ പ്രതികരണമറിയാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. നാടകത്തിന്റെ മൗലികതയായി അവർ ഉന്നയിച്ചത് കോറസിന്റെ ആവിഷ്കാരമാണ്. പാശ്ചാത്യ നാടകവേദിയിലെ ഈ ആവിഷ്കാരരീതി ആദ്യമായി മലയാളത്തിൽ പ്രകടിപ്പിച്ച നാടകം എന്ന രീതിയിലാണ് ‘അഹം അഹം’ നാടകം വിലയിരുത്തപ്പെടേണ്ടത്. മലയാള നാടകസാഹിത്യത്തിലെ ഒരു ചരിത്രം കൂടിയാണിത്.
കോറസ് ഉപയോഗത്തെക്കുറിച്ച് ഒറ്റപ്പെട്ട ചില സംഭാഷണങ്ങളുണ്ടായി എന്നല്ലാതെ ഗൗരവമായ ചർച്ചകളൊന്നും മലയാളത്തിൽ നടന്നില്ല. അതെന്തുകൊണ്ട് എന്ന് ആലോചിക്കേണ്ടതാണ്. പ്രഫഷനൽ നാടകരംഗത്തെ പരീക്ഷണങ്ങളെക്കുറിച്ച് പറയാറുള്ള നമ്മുടെ നാടകവിമർശകരാകട്ടെ, ‘അഹം അഹം’ എന്ന നാടകത്തിന്റെ ഘടനാവിശേഷങ്ങളെ അവഗണിച്ചതായി ചരിത്രം പറയുന്നു. മലയാള നാടക സാഹിത്യചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും പഠനങ്ങളും ഞാൻ പരിശോധിച്ചുനോക്കുകയുണ്ടായി. അതിലൊന്ന് ‘അഹം അഹ’ത്തിന് പ്രത്യേകമായ പ്രാധാന്യം നൽകിയതായി എന്റെ ശ്രദ്ധയിൽപെട്ടില്ല.
ജി. ശങ്കരപ്പിള്ള, വയലാ വാസുദേവൻപിള്ള, കാവാലം നാരായണപ്പണിക്കർ, സി.എൻ. ശ്രീകണ്ഠൻ നായർ എന്നിവരിലേക്ക് നീങ്ങുന്നതായിരുന്നു അന്നത്തെ നാടകവർത്തമാനങ്ങൾ. അവർ കൊണ്ടുവന്ന സങ്കേതങ്ങളും പാരമ്പര്യത്തിൽനിന്നുള്ള വ്യതിയാനങ്ങളും ആഘോഷമാക്കിയവരാണ് നാം. സ്കൂൾ ഓഫ് ഡ്രാമപോലെയുള്ള സ്ഥാപനങ്ങളിലൂടെ പുതിയ നാടകങ്ങൾ അവതരിപ്പിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ നാടകസമീപനവുമായി ‘അഹം അഹ’ത്തിന്റെ രചയിതാവ് പ്രകടിപ്പിച്ച ഭിന്നത എന്തുകൊണ്ട് അനുകൂലമായോ പ്രതികൂലമായോ സംവദിക്കപ്പെട്ടില്ല എന്നത്, നിരൂപണവിഷയമാവേണ്ടതാണ്. ‘തിയറ്ററി’നെ സംബന്ധിച്ച കാഴ്ചപ്പാടുകളും മറ്റും നമുക്ക് അപ്രാപ്യമായിരുന്നു. ഒരു തിയറ്റർ സംസ്കാരം ഇവിടെ രൂപപ്പെട്ടതുമില്ല. പരീക്ഷണങ്ങളും മറ്റു നാടകസങ്കേതങ്ങളുടെ സ്വീകാര്യതയും നാടകത്തെ ആസ്വാദകനിലെത്തിക്കാനുള്ള, അല്ലെങ്കിൽ നാടകത്തെ വിപണിവത്കരിക്കാനുള്ള ഒരാശയമായി മാറ്റി എന്നതാണ് അത്ഭുതം.
പ്രഫഷനൽ നാടകരംഗവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കൂടി ഇവിടെ പരിശോധിക്കേണ്ടിവരുന്നു. അമച്വറിസവും പ്ര ഫഷനലിസവുമാണല്ലോ നമുക്ക് പഥ്യമായ രണ്ടു കാര്യങ്ങൾ. അമച്വറിസം അത്ര പ്രബലമായില്ല. പ്രഫഷനലിസമാകട്ടെ, നാടകത്തിന്റെ ഘടനാവിശേഷങ്ങൾക്കല്ല, ആശയങ്ങളുടെ പ്രചാരണോപാധിയായി മാറുന്ന കാഴ്ചയാണു നാം കണ്ടത്. കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകമാണ് ഓർമയിൽ വരുന്നത്. തോപ്പിൽ ഭാസി ഭാവാത്മക നാടകകൃത്താണ്. എന്നാലദ്ദേഹം കമ്യൂണിസത്തിന്റെ വരവും കമ്യൂണിസം സമൂഹവ്യക്തിജീവിതങ്ങളിലുണ്ടാക്കിയ പരിണാമങ്ങളും പറയാനാണുപയോഗിച്ചത്. അതിൻ തുടർച്ചയായി പ്രഫഷനൽ നാടകവേദി ഇന്നു നിലനിൽക്കുന്നു.
‘അഹം അഹം’ എന്ന നാടകത്തിന്റെ രചയിതാവ് ടി.എം. എബ്രഹാമാണ്. നാടകരംഗത്ത് അവതരണരീതിയിലും വിഷയസ്വീകാര്യത്തിലും വ്യത്യസ്തതകൾ വേണമെന്നാഗ്രഹിച്ച ഒരു നാടകകൃത്ത്. ‘അഹം അഹ’ത്തിന്റെ സംവിധായകനും അദ്ദേഹം തന്നെ. കഥാപാത്രങ്ങൾ ആവിഷ്കരിക്കാൻ ഉതകുന്ന മനസ്സാന്നിധ്യമുള്ള അഭിനേതാക്കളെ തിരഞ്ഞു കണ്ടെത്തുന്നതിലും അദ്ദേഹം വിജയിച്ചു. പെരുന്തച്ഛനായി ഇപ്പോഴത്തെ ചലച്ചിത്രനടൻ ബാബു നമ്പൂതിരിയും പെരുന്തച്ഛന്റെ മകനായി ചിത്രകാരൻ രവീന്ദ്രൻ വലപ്പാടുമാണ് അഭിനയിച്ചത്. ഇത്തരം നിരീക്ഷണങ്ങളും തിരഞ്ഞെടുപ്പുകളും നമ്മുടെ ഇന്നത്തെ പ്രഫഷനൽ നാടകപ്രസ്ഥാനത്തിൽ നടക്കുന്നുണ്ടോ എന്നാലോചിക്കണം. തുറന്നുപറയാം, നമ്മുടെ പ്രഫഷനൽ നാടകവേദി മഹത്തായ ജീർണതയിലൂടെ കടന്നുപോവുകയാണ്.
ലോകത്ത് ഒരെഴുത്തുകാരനും തിയറ്റർ സംസ്കാരം എന്തെന്നറിയുന്ന ഒരു നാടകകൃത്തും വർഷത്തിലൊരിക്കൽ ഒരു നാടകമേ എഴുതാറുള്ളൂ. മലയാളത്തിലെ പ്രഫഷനൽ നാടകകൃത്തുക്കൾ വർഷത്തിൽ 12 നാടകങ്ങളെങ്കിലും എഴുതിക്കൊടുക്കുന്നു എന്നാണ് കേൾക്കുന്നത്. ഇത് സാഹിത്യചരിത്രപരമായ ഒരു ആശങ്കയാണ്. ഒന്നോ രണ്ടോ സ്ത്രീകഥാപാത്രങ്ങളുള്ള നാടകങ്ങൾ ആവശ്യപ്പെടുന്ന നാടകമുതലാളിമാരുടെ അടിമകളായി നാടകകൃത്തുക്കൾ മാറാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. കഴിഞ്ഞ കുറച്ചുകാലങ്ങൾക്കിടയിൽ ഇവർ എഴുതിക്കൊടുത്ത നാടകങ്ങൾ പുസ്തകരൂപത്തിലാക്കിയാൽ എന്തായിരിക്കും അനുഭവം? സംഭാഷണങ്ങളുടെ വ്യതിയാനമില്ലായ്മയും ആവർത്തനസ്വഭാവവും പ്രകടമാക്കുന്ന നമ്മുടെ പ്രഫഷനൽ നാടകങ്ങൾ അവതരണത്തിൽ പുതുമകൾ തേടുന്നില്ല. എൻ.എൻ. പിള്ള മലയാള നാടകസാഹിത്യത്തിൽ നിർമിച്ചെടുത്ത കൗശലവും രംഗപാഠവിശേഷങ്ങളും ഓർത്തെടുക്കുമ്പോൾ, സൗണ്ടിലും ലൈറ്റിലും മാത്രം ശ്രദ്ധിക്കുന്ന ഈ പ്രഫഷനലിസം എത്രമാത്രം അധഃപതിച്ചു എന്ന് അറിയാൻ കഴിയും.
ഈ പശ്ചാത്തലത്തിലാണ് എൺപതുകളിൽ അവതരിപ്പിക്കപ്പെട്ട ഒരു നാടകത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ കൊണ്ടുവന്നത്. ഇപ്പോഴും മലയാളത്തിന്റേതായ ഒരു തിയറ്റർ സംസ്കാരം വികസിച്ചുവരാത്തതിലാണ് എനിക്കുള്ള പരാതി. നിലവിലുള്ള അമച്വറിസത്തെയും പ്രഫഷനലിസത്തെയും പ്രതിരോധിച്ചുകൊണ്ടല്ലാതെ സ്വതന്ത്രമായ ഒരു തിയറ്ററിനെക്കുറിച്ച് ആലോചിക്കാനാകില്ല. ഭാസ കാളിദാസ നാടകങ്ങളും സംസ്കൃതത്തിലും മലയാളത്തിലുമായി ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. നല്ലതുതന്നെ.
അതിന്റെ നിർമാതാക്കളെയും അതിലെ അഭിനേതാക്കളെയും ഞാനാദരിക്കുന്നു. നാടക സാഹിത്യത്തിലെ ഗുരുക്കന്മാരോട് ഇവരെല്ലാം എന്നാണു ചോദിക്കുക, മലയാളത്തിന്റെ സ്വതന്ത്രമായ തിയറ്റർ എന്നാണ് രൂപപ്പെടുക? പാശ്ചാത്യ നാടകവേദിയുമായി ബന്ധപ്പെടുമ്പോൾ ദലിത്-സ്ത്രീവാദ നാടകങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. നാമിപ്പോഴും നാടകത്തിലെ വ്യക്തിസംഘർഷങ്ങൾക്കല്ലാതെ പ്രാധാന്യം കൊടുക്കുന്നതിൽനിന്ന് മോചിതരുമല്ല. അനുഭവങ്ങളുടെ രസാത്മകമായ ആവിഷ്കാരങ്ങളാണ് തിയറ്ററിൽ വരേണ്ടത്. യാഥാസ്ഥിതിക ഭാഷയും മാറണം.