പിന്നോട്ട് നടക്കുന്ന ചലച്ചിത്ര അക്കാദമി
സംസ്ഥാനത്തെ ചലച്ചിത്ര അക്കാദമിയിൽ എന്താണ് നടക്കുന്നത്? അവാർഡുകളും ഫെസ്റ്റിവലുകളും ഇങ്ങനെ തുടർന്നാൽ മതിയോ? ഇഷ്ടക്കാരുടെ വേദിയായി ആരാണ് ചലച്ചിത്ര അക്കാദമിയെ ചുരുക്കുന്നത്? -വിശകലനവും വിമർശനവും.
1998ലാണ് ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് ചലച്ചിത്ര അക്കാദമി ഉണ്ടാകുന്നത്. കേരളത്തിൽ നായനാർ മന്ത്രിസഭയിൽ സാംസ്കാരിക മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനാണ് ചലച്ചിത്ര അക്കാദമി ആരംഭിക്കുന്നത്. ഷാജി എൻ. കരുൺ ആയിരുന്നു ആദ്യ ചലച്ചിത്ര അക്കാദമി ചെയർമാൻ. 1996ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചിരുന്നു. 1998ൽ ചലച്ചിത്ര അക്കാദമിയുടെ രൂപവത്കരണംവരെ ചലച്ചിത്രമേള നടത്തിപ്പ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനായിരുന്നു. ചലച്ചിത്ര അക്കാദമി രൂപംകൊണ്ടതോടെ ചലച്ചിത്രമേളയുടെ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അക്കാദമി നിർവഹിച്ചുതുടങ്ങി. ചലച്ചിത്ര അക്കാദമി രൂപവത്കരിക്കാൻ തുടങ്ങിയത് കൃത്യമായ ചില ലക്ഷ്യങ്ങളോടെയാണ്. ഏതുതരം സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ്, ഏതു തരത്തിലുള്ള സിനിമാ കാഴ്ചയും സംസ്കാരവും സൃഷ്ടിക്കാനാണ് ഒരു ചലച്ചിത്രമേള നടത്തുന്നത് എന്നതൊക്കെ വളരെ പ്രധാനെപ്പട്ട കാര്യങ്ങളാണ്. കേരള ചലച്ചിത്രമേള 25 വർഷം പിന്നിടുേമ്പാൾ ഈ ഉദ്ദേശ്യലക്ഷ്യങ്ങളോട് എത്രമാത്രം നീതിപുലർത്തിയിട്ടുണ്ട്, അല്ലെങ്കിൽ ഈ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് എത്രമാത്രം വ്യതിചലിച്ചിട്ടുണ്ട് എന്ന ഒരു വിലയിരുത്തൽ ആവശ്യമാണ്. അതിനു മുമ്പായി ചലച്ചിത്ര മേളകളുടെ ലോകചരിത്രം ഒന്ന് മനസ്സിലാക്കുന്നത് നന്നാകും.
ചലച്ചിത്രമേളയുടെ ചരിത്രം
ചലച്ചിത്രേമളയുടെ ചരിത്രം 1920കളിൽ നിരവധി രാജ്യങ്ങളിൽ അനുവദിച്ച ഫിലിം സൊസൈറ്റികളിൽനിന്നും സിനി ക്ലബുകളിൽനിന്നുമാണ് തുടങ്ങുന്നത്. ആ സമയത്ത് ലോകമെമ്പാടും ശക്തമായി വളർന്നുകൊണ്ടിരുന്ന ഹോളിവുഡ് സിനിമകളുടെ അതിപ്രസരത്തിൽനിന്നും മേധാവിത്വത്തിൽനിന്നും പ്രാദേശിക സിനിമകളെയും മുഖ്യധാരക്കു പുറത്തുള്ള (നോൺ കമേഴ്സ്യൽ) സിനിമകളെയും ഡോക്യുമെൻററി, അവാന്ത്-ഗ്രേഡ് സിനിമകൾ ഉൾപ്പെടെയുള്ളവയെ നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് വിവിധ രാജ്യങ്ങളിൽ ഫിലിം സൊസൈറ്റികളും സിനി ക്ലബുകളും അനുവദിച്ചത്. ഫ്രാൻസ്, ബ്രസീൽ, ചില ലാറ്റിൻ അമേരിക്കൻ, വെസ്റ്റേൺ യൂറോപ്പ് രാജ്യങ്ങളിൽ ഇത്തരത്തിൽ ഫിലിം സൊസൈറ്റികൾ ചലച്ചിത്ര പ്രദർശനങ്ങളും ചർച്ചകളും കോൺക്ലേവുകളുമൊക്കെ രൂപപ്പെടുത്തിത്തുടങ്ങി.
ലോകത്തിലെ ആദ്യ ചലച്ചിത്രമേള ആരംഭിക്കുന്നത് ഇറ്റലിയിൽ വെനീസ് ചലച്ചിത്രമേളയാണ്. ഫാഷിസ്റ്റ് സ്വേച്ഛാധിപതി ആയിരുന്ന മുസോളിനിയുടെ നേതൃത്വത്തിലാണ് വെനീസ് ചലച്ചിത്രമേള ആരംഭിക്കുന്നത്. 1932ലാണ് നിലവിലുള്ള വെനീസ് ബിനാലെ എക്സിബിഷന് ഒപ്പം ചലച്ചിത്ര പ്രദർശനംകൂടി ഉൾപ്പെടുത്തി വെനീസ് ചലച്ചിത്രമേള എന്ന സങ്കൽപം രൂപംകൊള്ളുന്നത്. 1932 ആഗസ്റ്റിൽ Dr. Jekayl and Mr. Hyde എന്ന ചലച്ചിത്രമാണ് മേളയുടെ ആദ്യ പ്രദർശനമായി നടത്തിയത്. ഏഴു രാജ്യങ്ങളിൽനിന്ന് 24 സിനിമകൾ പ്രദർശിപ്പിച്ച ആദ്യ വെനീസ് ചലച്ചിത്രേമളയുടെ മുദ്രാവാക്യം ഇതായിരുന്നു: ''The Light of Art to Shine over the World of Commerce'' (കച്ചവടലോകത്തിനു മീതെ കലയുടെ വെളിച്ചം തെളിയിക്കുക) ഹോളിവുഡ് സിനിമകളുടെ അതിപ്രസരത്തെ തടയുക എന്നതായിരുന്നു മേളയുടെ ഉദ്ദേശ്യലക്ഷ്യം. പക്ഷേ, മേള പെട്ടെന്നുതന്നെ മുസോളിനി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായുള്ള ഒരു വേദിയാക്കി മാറ്റി. 1935 മുതൽ വെനീസ് മേള എല്ലാ വർഷവും നടത്താൻ തീരുമാനിക്കപ്പെട്ടു. ഫാഷിസ്റ്റ് പ്രൊപഗണ്ട പടർത്തുന്ന സിനിമകൾ പ്രദർശിപ്പിക്കാനും പുരസ്കാരം നൽകുന്ന വേദിയായി മാറ്റാനും വെനീസ് ചലച്ചിത്രമേളയെ മുസോളിനി ഉപയോഗപ്പെടുത്തി. 1938ൽ മുസോളിനിയും ഹിറ്റ്ലറും നേരിട്ടുതന്നെ വെനീസ് ചലച്ചിത്രമേളയുടെ പുരസ്കാര നിർണയത്തിൽ ഇടപെട്ടു. ജൂറിയുടെ തീരുമാനത്തെ മറികടന്ന് മികച്ച ചിത്രത്തിനുള്ള മുേസാളിനി കപ്പ് ഒരു ഇറ്റാലിയൻ ഫാഷിസ്റ്റ് സിനിമക്ക് നൽകി. മുസോളിനിയുടെ മകൻ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന സിനിമയായിരുന്നു അത്. ഇതിൽ പ്രതിഷേധിച്ച് ഫ്രഞ്ച്, ബ്രിട്ടീഷ്, അമേരിക്കൻ ജൂറി അംഗങ്ങൾ മേളയിൽനിന്ന് പിൻവാങ്ങി.
ഇതിനെ തുടർന്നാണ് ഫാഷിസ്റ്റുകളുടെ നിയന്ത്രണമില്ലാത്ത മറ്റൊരു മേള എന്ന ആലോചനയിൽ 1939ൽ ഫ്രാൻസിൽ കാൻസ് ചലച്ചിത്രമേള ആരംഭിക്കുന്നത്. 1939 സെപ്റ്റംബർ ഒന്നു മുതൽ 20 വരെയാണ് ആദ്യ കാൻസ് ചലച്ചിത്രമേള നടത്താൻ ആലോചിച്ചത്. ആഗസ്റ്റ് 31ന് ഓപണിങ് സെറിമണിയും തുടർന്ന് അമേരിക്കൻ ചിത്രമായ 'The Hunchback of Notre Dam' പ്രദർശനം നടക്കുകയും ചെയ്തു. പിറ്റേദിവസം സെപ്റ്റംബർ ഒന്നിന് ജർമൻ സൈന്യം പോളണ്ട് കൈവശപ്പെടുത്തിയ വാർത്തയാണ് വന്നത്. വിവരമറിഞ്ഞതോടെ ചലച്ചിത്രമേള പത്തു ദിവസത്തേക്ക് മാറ്റിവെച്ചു. പക്ഷേ, സ്ഥിതിഗതികൾ വഷളാകുകയും സെപ്റ്റംബർ മൂന്നിന് ഫ്രാൻസും യു.കെയും ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും രണ്ടാം ലോകയുദ്ധം രൂക്ഷമാവുകയും ചെയ്തു. അതോടെ കാൻ ചലച്ചിത്രമേള നിർത്തിവെച്ചു. പിന്നീട് 1946ലാണ് ചലച്ചിത്രമേള പുനരാരംഭിക്കുന്നത്. രസകരമായ വസ്തുത രണ്ടാം ലോകയുദ്ധം കാരണം നിർത്തിവെച്ച വെനീസ് മേളയും പുനരാരംഭിക്കുന്നത് അതേ വർഷത്തിലാണ് -1946ൽ.
പിന്നീട് ലോകമെമ്പാടും നിരവധി ചലച്ചിത്രമേളകൾ രൂപപ്പെടുകയും പ്രശസ്തമാവുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്രേമളയുടെ ചരിത്രം തുടങ്ങുന്നത് കച്ചവടത്തിനുമേൽ കലയുടെ വെളിച്ചം ഉണ്ടാകുക എന്നതും ഹോളിവുഡ് ഉൾപ്പെടെയുള്ള മുഖ്യധാരാ സിനിമകളുടെ മേധാവിത്വത്തിൽനിന്ന് പ്രാദേശിക സിനിമകളെയും പരീക്ഷണസിനിമകളെയും നിലനിർത്തുക എന്നതുമായിരുന്നു. പക്ഷേ, ഫാഷിസ്റ്റ് അധിനിവേശം, സ്വജനപക്ഷപാതം ആദ്യ ചലച്ചിത്രമേള മുതൽ തന്നെ ചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്തു എന്നതാണ് വൈചിത്ര്യം.
ചലച്ചിത്രമേളയുടെ ലോകം, സമകാലിക അവസ്ഥ
ഇന്ന് ലോകമെമ്പാടുമായി പതിനായിരക്കണക്കിന് ചലച്ചിത്രമേളകൾ നടക്കുന്നുണ്ട്. പക്ഷേ, ഇതിൽ പ്രധാനമായും കണക്കാക്കുന്നത് FIAPFെൻറ (International Producers of Film Producers Association) അക്രഡിറ്റേഷനുള്ള ചലച്ചിത്രമേളകൾ മാത്രമാണ്. 27 അംഗ രാജ്യങ്ങളിൽനിന്നുള്ള 34 സിനിമാ സംഘടനകൾ ചേർന്ന ഒരു ഇൻറർനാഷനൽ ഫോറമാണ് FIAPF. ഫിയാപ്ഫിെൻറ അംഗീകാരമുള്ള ചലച്ചിത്രമേളകളാണ് ലോകത്ത് പ്രധാന ചലച്ചിത്രേമളകളായി കണക്കാക്കുന്നത്. ഫിയാപ്ഫ് അംഗീകാരമുള്ള ചലച്ചിത്രമേളകൾ മൂന്നായി തരംതിരിക്കാം.
1. കോംപറ്റീറ്റിവ് സ്പെഷലൈസ്ഡ് ഫീച്ചർഫിലിം
2. കോംപറ്റീറ്റിവ് സ്പെഷലൈസ്ഡ് ഫീച്ചർ ഫിലിം ഫെസ്റ്റിവലുകൾ
3. നോൺ കോംപറ്റീറ്റിവ് ഫിലിം ഫെസ്റ്റിവലുകൾ
താഴെ പറയുന്നവയാണ് ഈ ചലച്ചിത്രമേളകൾ.
ഇതിൽ കേരള ചലച്ചിത്രമേള രണ്ടാമത്തെ കാറ്റഗറിയിലാണ് പെടുന്നത്. കോംപറ്റീറ്റിവ് സ്പെഷലൈസ്ഡ് ഫീച്ചർ ഫിലിം ഫെസ്റ്റിവൽ ഇന്ത്യയിൽനിന്ന് മൂന്ന് ചലച്ചിത്രമേളകൾ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. കൊൽക്കത്ത, മുംബൈ, കേരളം. ഇനി കേരള ചലച്ചിത്രമേള മറ്റു ചലച്ചിത്രമേളകളുമായി വിലയിരുത്തുേമ്പാൾ എവിടെ എത്തിനിൽക്കുന്നു, എന്തൊക്കെയാണ് പോരായ്മകൾ എന്നത് വിലയിരുത്തേണ്ടതുണ്ട്. എന്തുകൊണ്ട് കേരള ചലച്ചിത്രമേള ലോകത്തെ പ്രധാന ചലച്ചിത്രമേളകളിലൊന്നായി ചലച്ചിത്രകാരന്മാർ പരിഗണിക്കുന്നില്ല എന്നത് പരിശോധിക്കേണ്ടതുണ്ട്. 25 വർഷം പിന്നിടുേമ്പാഴും എന്തുകൊണ്ട് കേരള ചലച്ചിത്രമേള ഏഷ്യയിലെ എങ്കിലും പ്രധാനപ്പെട്ട ഒരു മേളയാക്കാൻ സാധിച്ചില്ല എങ്കിൽ അതിെൻറ കാരണം എന്തെന്ന് നമ്മൾ പരിശോധിക്കണം.
കഴിഞ്ഞ അഞ്ചു വർഷം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കാര്യത്തിൽ വളരെ നിരാശാജനകമായ ഒരു കാലയളവ് ആയിരുന്നു. ചലച്ചിത്രമേളയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ തന്നെ അട്ടിമറിക്കപ്പെട്ട ഒരു കാലയളവായിരുന്നു ഇത്. ചലച്ചിത്രമേളകളെ മൊത്തത്തിൽ കച്ചവടവത്കരിക്കുകയും മുഖ്യധാരാ സിനിമയുടെ പ്രദർശനത്തിനുള്ള വേദിയാക്കുകയും മാത്രമല്ല ഉണ്ടായത്. സ്വജനപക്ഷപാതവും ക്രഡിബിലിറ്റി ഇല്ലാത്ത ജൂറി നിയമനങ്ങളും സുതാര്യതയില്ലാത്ത പ്രവർത്തനങ്ങളും ഉൾപ്പെടെ ഒട്ടേറെ പ്രതിലോമ പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വർഷങ്ങൾകൊണ്ട് അക്കാദമി മുന്നോട്ടു കൊണ്ടുപോയ സാംസ്കാരികതയും സിനിമാ സാക്ഷരതയും കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് പിന്നാക്കം നടത്തുകയാണ് ഉണ്ടായത്. ഇവ ഓരോന്നായി എടുത്തുവെച്ച് പരിശോധിക്കേണ്ടതുണ്ട്.
1. സിനിമകളുടെ തിരഞ്ഞെടുപ്പ്
സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി കേരള ചലച്ചിത്രേമളയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യങ്ങളിലൊന്ന് മലയാള സിനിമകളുടെ പ്രോത്സാഹനമാണ്. മുഖ്യധാരയിലുള്ള സിനിമകളുടെ ഒരു പ്രദർശന ഇടമായി ലോകത്ത് ഒരു ചലച്ചിത്രമേളയും വിഭാവനം ചെയ്തിട്ടില്ല. അത് മുഖ്യധാരാ സിനിമകളോടുള്ള വിയോജിപ്പുകൊണ്ടല്ല, മറിച്ച് മുഖ്യധാരയിൽ പെടാത്ത സ്വതന്ത്ര സിനിമകൾക്ക്, പരീക്ഷണാത്മകവും സൗന്ദര്യപ്രധാനവുമായ സിനിമകൾക്ക് പ്രോത്സാഹനം നൽകാൻ വേണ്ടിയാണ് ചലച്ചിത്രമേളകൾ രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ടാണ്. ആ അടിസ്ഥാന ആശയം ചലച്ചിത്ര അക്കാദമി മറന്നുപോയി. മുഖ്യധാരാ സംവിധായകർ ചലച്ചിത്ര അക്കാദമിയിൽ ഇടംപിടിച്ചതോടെ മുഖ്യധാരക്കു പുറത്ത് നിർമിക്കപ്പെടുന്ന സിനിമകളെ പുറന്തള്ളുന്ന ഒരു രീതി മേളയിൽ കടന്നുകൂടി. 2018 മുതലാണ് ഇത് പ്രകടമായി തുടങ്ങിയത്. 2018ലാണ് ചലച്ചിത്രമേളയുടെ നിയമാവലി പരിഷ്കരിക്കാൻ ഒരു കമ്മിറ്റിയെ രൂപവത്കരിച്ചത്. ആ കമ്മിറ്റി നൽകിയ പ്രധാനപ്പെട്ട നാല് നിർദേശങ്ങളുണ്ടായിരുന്നു.
1. കൂടുതൽ മികച്ച സിനിമകൾക്ക് പ്രദർശനസാധ്യത ലഭിക്കാനായി മലയാള സിനിമയുടെ എണ്ണം ഒമ്പതിൽനിന്ന് 14 ആയി ഉയർത്തുക.
2. പുതിയ സംവിധായകർക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കാനായി ആറു സിനിമകൾ പുതുമുഖ സംവിധായകരുടേത് തിരഞ്ഞെടുക്കുക.
3. ലോകത്തെ പ്രധാനപ്പെട്ട FIAPF അംഗീകാരമുള്ള കോംപറ്റീറ്റിവ് ഫീച്ചർ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഇന്ത്യൻ/മലയാള സിനിമകൾ മാസ്റ്റേഴ്സിെൻറ സിനിമകൾ എന്നിവ മലയാളം/ഇന്ത്യൻ സിനിമകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഫെസ്റ്റിവൽ കാലിഡോസ്കോപ് എന്ന പുതിയ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ് (ഏറ്റവും കൂടുതൽ സിനിമകൾ മാത്രം).
4. ഇന്ത്യൻ/മലയാള സിനിമകൾ മത്സരവിഭാഗത്തിലും ഇന്ത്യൻ/ഇടമലയാള വിഭാഗത്തിലും തിരഞ്ഞെടുക്കുന്നത് കേരള പ്രീമിയർ ആയിരിക്കണം. കേരളത്തിൽ തിയറ്റർ റിലീസ് ചെയ്തോ, ഓൺലൈൻ, ഡി.വിഡി ഇറങ്ങിയിട്ടില്ലാത്തതോ ആയ സിനിമകൾ ആയിരിക്കണം.
ഇതിൽ ആദ്യത്തെ മൂന്നു നിർദേശങ്ങൾ നടപ്പിലാക്കിയപ്പോൾ നാലാമത്തെ നിർദേശം പൂർണമായും അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. 2018ൽ കേരള പ്രീമിയർ എന്ന നിർദേശം നടപ്പിലാക്കാതിരുന്നപ്പോൾ നിയമാവലി പരിഷ്കരണ കമ്മിറ്റിയിൽ അംഗമായിരുന്ന ഞാൻ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ നേരിട്ടു പറഞ്ഞത് ഇങ്ങനെയാണ്: കേരള പ്രീമിയർ ഇത്തവണ നടപ്പിലാക്കിയാൽ, ചില സംവിധായകർ ഈ നിയമം അറിയാതെ മുമ്പ് ചിത്രം റിലീസ് ചെയ്തുപോയിട്ടുണ്ട്, അവർക്ക് അവസരം നഷ്ടമാകില്ലേ? അതുകൊണ്ട് അടുത്ത വർഷം മുതൽ നടപ്പിലാക്കാമെന്നാണ്. ഇതുതന്നെയാണ് ഫെസ്റ്റിവലിെൻറ ആർട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞത്. അടുത്ത വർഷം നടപ്പിലാക്കാമെന്ന്. രണ്ടു പേരും പറഞ്ഞത് ഒരു വലിയ കളവായിരുന്നു. അടുത്തവർഷം ഈ കാര്യം വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞത് എക്സിക്യൂട്ടിവ് കമ്മിറ്റി ഈ നിർദേശം തള്ളിക്കളഞ്ഞു എന്നാണ്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ എട്ടു പേരാണ് അംഗങ്ങൾ. ചെയർമാൻ കമൽ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, ചലച്ചിത്ര അക്കാദമി സെക്രട്ടറി, സംവിധായകൻ സിബി മലയിൽ, നിരൂപകൻ വി.കെ. ജോസഫ്, കൾച്ചറൽ സെക്രട്ടറി, ഫിനാൻസ് വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി ട്രഷറർ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. കേരള പ്രീമിയർ ഏർപ്പെടുത്തിയാൽ മുഖ്യധാരാ സിനിമകൾക്ക് കൂടുതലായി ഇടം ലഭിക്കില്ല എന്നതിനാൽ ഈ നിർദേശം തള്ളിക്കളയാനുള്ള ബുദ്ധി എവിടെനിന്നാണ് ഉണ്ടായതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരള പ്രീമിയർ സംബന്ധിച്ച് മലയാളത്തിലെ സ്വതന്ത്ര സിനിമക്കാർ വലിയ തോതിൽ പ്രതിഷേധങ്ങൾ പിന്നീട് ഉയർത്തിയപ്പോഴും അക്കാദമി ഈ കാര്യത്തിൽ പിന്തിരിപ്പൻ നിലപാടാണ് സ്വീകരിച്ചത്. കൂടുതൽ കൂടുതൽ മുഖ്യധാരാ സിനിമകളെ കുത്തിത്തിരുകാൻ വേണ്ടി ''റിലീസ് ചെയ്യുന്നത് ഒരു കുറ്റമാണോ'' എന്ന വിലാപചോദ്യം അക്കാദമി ഉയർത്തുകയും ചെയ്തു.
റിലീസ് ചെയ്യുന്നത് ഒരു കുറ്റമാണോ? ഈ ചോദ്യമാണ് അക്കാദമി ചെയർമാനും എക്സിക്യൂട്ടിവിലെ അംഗങ്ങളും ഉയർത്തുന്നത്. ചലച്ചിത്രമേളകളുടെ സ്വഭാവത്തെപ്പറ്റിയും ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയും പ്രാഥമിക ബോധമുള്ള ആരും ഇത്തരം ഒരു ചോദ്യം മുന്നോട്ടുവെക്കില്ല. റിലീസ് ചെയ്യുന്നത് തീർച്ചയായും ഒരു കുറ്റമല്ല. പക്ഷേ, ചലച്ചിത്രമേളകൾ എന്നത് റിലീസ് ചെയ്ത സിനിമകൾക്കുള്ള ഒരു ഇടമല്ല. മറിച്ച് സിനിമകൾ അതിപ്രാധാന്യത്തോടെ തങ്ങളുടെ ആദ്യ പ്രദർശനം നടത്താനുള്ള ഒരു വേദി എന്ന നിലയിൽ ആ മേള പ്രാധാന്യം അർഹിക്കുകയാണ് വേണ്ടത്. തങ്ങളുടെ സിനിമയുടെ കേരളത്തിലെ ആദ്യ പ്രദർശനം കേരള ചലച്ചിത്രമേളയിലാകണമെന്ന് കരുതി കാത്തിരിക്കുന്ന ഒരു രീതിയാണ് സൃഷ്ടിച്ചെടുക്കേണ്ടത്. ലോകമെമ്പാടുമുള്ള എല്ലാ മേളകളും അത്തരത്തിൽ ചലച്ചിത്രകാരന്മാർ കാത്തിരിക്കുന്ന രീതിയിൽ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അത്രയും നാൾ കാത്തിരിക്കാനോ മേളയിൽ പ്രദർശിപ്പിക്കുന്നതിനേക്കാൾ വലുതാണ് റിലീസ് എന്ന് ചിന്തിക്കുന്നവർക്കോ തങ്ങളുടെ സിനിമ റിലീസ് ചെയ്യാം. കമേഴ്സ്യൽ റിലീസാണ് തങ്ങളുടെ സിനിമക്കു വേണ്ടത് എന്ന് അവർ തീരുമാനിച്ചാൽ അവർ അത് ചെയ്തുകൊള്ളട്ടെ. ചലച്ചിത്രേമളയിൽ പ്രീമിയർ ചെയ്യാൻ താൽപര്യമുള്ളവർ അതിനായി കാത്തിരിക്കുകയും ചെയ്യാം. അതല്ലാതെ ഓൺലൈനിലും ടി.വിയിലും തിയറ്ററിലും ഒക്കെ ഓടിപ്പോയ സിനിമകൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിട്ട് ആർക്കാണ് പ്രയോജനം. കഴിഞ്ഞ മൂന്നു വർഷങ്ങളിലും ഇതേപോലെ റിലീസ് ചെയ്ത സിനിമകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത് ഇരുപതിൽതാഴെ കാണികൾക്കുവേണ്ടി മാത്രമായിരുന്നു എന്നതും ചേർത്തു വായിക്കണം. റിലീസ് ചെയ്യുന്നത് കുറ്റമാണോ എന്ന് ചോദിക്കുകയും കിട്ടിയ സമയത്ത് മുഖ്യധാരാ സിനിമകൾ മേളയിൽ നിറയെ കുത്തിക്കയറ്റി മേളയെ കച്ചവടവത്കരിക്കുകയും ചെയ്ത അക്കാദമി ഇന്ത്യയിലെയും ലോകത്തെയും മറ്റു ചലച്ചിത്രേമളകളുടെ രീതികൂടി കണ്ണുതുറന്ന് കാണണം. അതിനെപ്പറ്റി അറിയില്ലെങ്കിൽ അതൊന്ന് പഠിക്കാൻ ശ്രമിക്കണം. പ്രാദേശിക സിനിമകളെ ആ മേളകൾ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് നോക്കിക്കാണണം. അക്കാദമിയുടെ, മുഖ്യധാരാ സംവിധായകരുടെ അറിവിലേക്കായി കുറച്ച് പ്രധാനപ്പെട്ട ചലച്ചിത്രമേളകളുടെ സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ പ്രീമിയർ മാനദണ്ഡങ്ങൾ ചുവടെ കൊടുക്കുന്നു.
FIAPF കോംപറ്റീറ്റിവ് മേളയിലെ ഗോവ ഒഴികെയുള്ള എല്ലാ മേളകളും വേൾഡ് ടി.വികൾ അല്ലെങ്കിൽ ഇൻറർനാഷനൽ പ്രീമിയർ ആണ് നിബന്ധന.
കേരളമേള ഉൾപ്പെടുന്ന (Competitive Specialized Feature Film Festivals) ഇരുപത്തിരണ്ട് എണ്ണമാണ്. ഈ മേളകളിലെ സിനിമകളുടെ പ്രദർശന മാനദണ്ഡം ഒന്ന് നോക്കാം.
മേൽ സൂചിപ്പിച്ച പട്ടികയിൽനിന്ന് കൃത്യമായി മനസ്സിലാക്കാം. FIAPF അംഗീകാരമുള്ള കേരളമേള ഉൾപ്പെടുന്ന 22 ചലച്ചിത്രമേളകളിൽ കേരളം മാത്രമാണ് ഒരു പ്രീമിയർ നിബന്ധനയുമില്ലാതെ ഓൺലൈനിലും ടി.വിയിലും മൊബൈലിലും ഒക്കെ ധാരാളമായി കാണാൻ കിട്ടുന്ന സിനിമകൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കും തിരഞ്ഞെടുക്കുന്ന തമാശ കാണിക്കുന്ന ഏക ചലച്ചിത്രമേള. അക്കാദമിയിലെ ചില മുഖ്യധാരാ സിനിമക്കാരുടെ അറിവില്ലായ്മയും മുഖ്യധാരാ സിനിമകൾ കൂടുതലായി ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കണമെന്ന ആഗ്രഹവും ഒരു േമളയെ എത്രമാത്രം പിന്നിലേക്കാണ് നടത്തിക്കൊണ്ടുപോയതെന്ന് അവർ ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടാവില്ല.
2. സിനിമകൾ തിരഞ്ഞെടുക്കുന്ന ആളുകൾ
കഴിഞ്ഞ അഞ്ചു വർഷം കേരള ചലച്ചിത്രമേളയിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുന്ന വിവിധ കമ്മിറ്റികൾ ഒന്ന് പരിശോധിച്ചുനോക്കൂ. വളരെ വിചിത്രമാണ്. അക്കാദമിയിലെ ജനറൽ കൗൺസിൽ അംഗങ്ങൾതന്നെ മാറിയും തിരിഞ്ഞും സ്ഥിരം ജൂറി അംഗങ്ങളാവുന്ന വിചിത്ര കാഴ്ചയാണ്. ചലച്ചിത്ര അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ജനറൽ കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ചലച്ചിത്രമേളയുടെയും സംസ്ഥാന ചലച്ചിത്ര അവാർഡിെൻറയും ജൂറികളായി സേവനമനുഷ്ഠിച്ചത്. ഇതിനുമുമ്പ് ഒരു അക്കാദമിയും ഈ അതിക്രമത്തിന് മുതിർന്നതായി കണ്ടിട്ടില്ല. ജൂറികളെ നിശ്ചയിച്ച് കൃത്യമായ മാനദണ്ഡത്തോടെ സിനിമകൾ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്നതാണ് അക്കാദമി ഭരണസമിതി അംഗങ്ങളുടെ ചുമതല. എന്നാൽ, ഈ ഭരണസമിതി അംഗങ്ങൾ സ്വയം ജൂറികളായി ഓരോ കമ്മിറ്റിയിൽ മാറിമാറി സേവനമനുഷ്ഠിക്കുകയും സ്വജനപക്ഷപാതപരമായ ധാരാളം തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്തു. ഈ വർഷം മലയാള സിനിമ തിരഞ്ഞെടുക്കുന്ന ജൂറി എങ്കിൽ അടുത്ത തവണ ഇന്ത്യൻ സിനിമയുടെ ജൂറി, പിന്നീട് ഇൻറർനാഷനൽ സിനിമയുടെ ജൂറി, ഇടക്ക് സംസ്ഥാന അവാർഡ് ജൂറി, ടെലിവിഷൻ ജൂറി ഇങ്ങനെ മാറിമാറി ജൂറി കളിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഭൂരിപക്ഷം ഭരണസമിതി അംഗങ്ങളും ഇതോടൊപ്പം സ്ഥിരം ജൂറികളാകാൻ ചില സ്ഥിരം േവഷക്കാരുമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ മൊത്തം ജൂറി ലിസ്റ്റ് ചലച്ചിത്രമേള, ഡോക്യുമെൻററി മേള, ചലച്ചിത്ര അവാർഡ്, ടെലിവിഷൻ അവാർഡ് ഉൾപ്പെടെ ഒന്ന് എടുത്തുനോക്കൂ. കസേരകളിപോലെയാണ് ചില സ്ഥിരം ആളുകൾ ഓരോ വർഷവും കസേര മാറിമാറി ഇരിക്കുന്ന രീതി.
ജൂറികളുമായി ബന്ധപ്പെട്ട് അക്കാദമി അനുവർത്തിച്ചിരുന്ന പല കാര്യങ്ങളും കഴിഞ്ഞ അഞ്ചു വർഷം അട്ടിമറിക്കപ്പെട്ടു. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന് കേരളത്തിന് പുറത്തുനിന്ന് ജൂറി ചെയർമാൻ എന്നത് പല വർഷങ്ങളിലും അട്ടിമറിച്ചു. കേരള ചലച്ചിത്രമേളയിൽ മലയാള സിനിമകളുടെ തിരഞ്ഞെടുപ്പിന് ജൂറി ചെയർമാൻ ഉൾപ്പെടെ മൂന്നു പേർ കേരളത്തിന് പുറത്തുനിന്നായിരുന്നത് അട്ടിമറിച്ചു. മുഴുവൻ അംഗങ്ങളും മലയാളികൾ. അതിൽതന്നെ ഭൂരിഭാഗവും അക്കാദമി അംഗങ്ങൾ എന്ന രീതിയിലേക്ക് മാറ്റി. ജീവിതത്തിലിന്നേവരെ കേരള ചലച്ചിത്രമേളയുടെ പടിേപാലും ചവിട്ടിയില്ലാത്ത, ചലച്ചിത്രമേള എന്നാൽ ചുക്കാണോ ചുണ്ണാമ്പാണോ എന്നുപോലും തിരിച്ചറിയാത്ത ചില സംവിധായകരെ ചലച്ചിത്രമേളയിലേക്ക് സിനിമകൾ തിരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാന്മാർ വരെയാക്കി. മൊത്തത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സെലക്ഷൻ ജൂറി എന്നത് ഒരു കോമാളിക്കളിയാക്കി മാറ്റി. ഇതിനിടയിലൂടെ തങ്ങൾക്കു വേണ്ടപ്പെട്ട മുഖ്യധാരാ സിനിമകൾ മേളയിൽ കുത്തിക്കയറ്റാൻ വഴിയുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ഈ ചലച്ചിത്ര അക്കാദമി തള്ളിക്കളഞ്ഞ അനേകം സ്വതന്ത്ര സിനിമകളുണ്ട്. പിന്നീട് മലയാള സിനിമയെ ദേശീയമായും അന്തർദേശീയമായും അടയാളപ്പെടുത്തി മലയാളത്തിെൻറ അഭിമാനമായി മാറിയ അത്തരം സിനിമകളെ അക്കാദമിയിലെ ഈ അഭിനവജൂറിമാർ ചലച്ചിത്രമേളയിൽനിന്നും സംസ്ഥാന അവാർഡിൽനിന്നും പുറത്തെറിഞ്ഞിരുന്നു എന്നതുകൂടി മനസ്സിലാക്കുേമ്പാഴാണ് നിലവിലെ ചലച്ചിത്ര അക്കാദമി മലയാളത്തിലെ സ്വതന്ത്ര സിനിമകേളാട് എത്രമാത്രം ദ്രോഹമാണ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലാവുന്നത്.
3. സർക്കാർ ചലച്ചിത്ര അക്കാദമിയിൽനിന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്കുള്ള വഴിമാറൽ
ചലച്ചിത്ര അക്കാദമിയും ചലച്ചിത്രമേളയും ഒരു സർക്കാർ സംരംഭം എന്ന നിലയിൽനിന്ന് വഴിമാറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ രീതിയിലേക്ക് നടന്നുനീങ്ങി എന്നതാണ് മറ്റൊരു യാഥാർഥ്യം. കേരള ചലച്ചിത്രമേള എന്തുകൊണ്ട് മറ്റ് ലോക ചലച്ചിത്രമേളകളുടെ നിലവാരത്തിലേക്ക് എത്തുന്നില്ല എന്ന് പരിശോധിക്കുേമ്പാൾ ഈ ഒരു വ്യക്തികേന്ദ്രീകൃത ഏകാധിപത്യ പ്രവർത്തനങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ല. എത്രയോ വർഷങ്ങളായി ചലച്ചിത്ര അക്കാദമിയിൽ തുടരുന്ന ചില ആളുകൾ ചലച്ചിത്രമേളയെ അവരുടെ വ്യക്തിപരമായ ചടങ്ങുപോലെ ചുരുക്കിയിട്ടുണ്ട്. മലയാള സിനിമക്കോ മലയാളത്തിലെ സംവിധായകർക്കോ ഗുണകരമാകുന്ന രീതിയിൽ ചലച്ചിത്രമേളയെ വളർത്താൻ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ലാത്തതിെൻറ കാര്യം വിശാലമായ രീതിയിൽ നവീന ആശയങ്ങളോടെ മേളയെ വളർത്തുന്നതിനു പകരം ഒരു സ്ഥിരം സംവിധാനത്തിൽ എല്ലാ വർഷവും മേളയെ നടത്തിക്കൊണ്ടുപോകുന്ന അടഞ്ഞ കാഴ്ചപ്പാടാണുള്ളത് എന്നതുകൊണ്ടാണ്. ചലച്ചിത്രമേള തലപ്പത്തു മുതൽ എക്സിക്യൂട്ടിവ് കമ്മിറ്റിയിലും ജനറൽ കൗൺസിലിലും വരെ കുറെപേർ സ്ഥിരം മുഖങ്ങളാണ്. അവരുടെ കൈപ്പിടിയിൽ മാത്രമാണ് ചലച്ചിത്ര അക്കാദമി. ചലച്ചിത്രമേളയെ നവീകരിക്കാനോ മറ്റു ലോകമേളകൾക്കൊപ്പം എത്തിക്കാനോ ഉള്ള ഒരു ശ്രമവും ഇത്രയും വർഷങ്ങളായിട്ടും ഇവർക്ക് നടത്താൻ സാധിച്ചിട്ടില്ല. ചില സ്വജനതാൽപര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് ഇക്കൂട്ടർക്ക് താൽപര്യം. ഇത്രയും കാലത്തെ ചലച്ചിത്രമേള പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്ന ചില സ്വജനപക്ഷപാതങ്ങൾ താഴെപറയുന്ന തരത്തിൽ സംഗ്രഹിക്കാം.
1. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും കൊടുക്കൽ വാങ്ങലുകളും മാത്രം മുൻനിർത്തിയാണ് ചലച്ചിത്രമേളയിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്.
2. ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്രമേളയുടെയും പ്രോഗ്രാമർമാരെ േകരളത്തിലേക്ക് കൊണ്ടുവരാൻ അക്കാദമി ശ്രമിക്കാറില്ല.
3. കേരള ചലച്ചിത്രമേളയിൽ സ്ഥിരമായി സർക്കാർ ചെലവിൽ വരുന്നത് ചില ഇന്ത്യൻ ചലച്ചിത്രമേളകളുടെ പ്രോഗ്രാമർമാരാണ്. ഇത്തരം ഇന്ത്യൻ ചലച്ചിത്രമേളയുടെ ആളുകളെ സ്ഥിരമായി ഇവിടെ കൊണ്ടുവന്നതുകൊണ്ട് മലയാള സിനിമക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. എന്നിട്ടും ഇവരെ എല്ലാ വർഷവും ക്ഷണിച്ചുവരുത്തുന്നതിെൻറ പിന്നിലെ താൽപര്യം എന്താണ്? എന്തുകൊണ്ടാണ് പ്രധാനപ്പെട്ട മേളയുടെ പ്രോഗ്രാമർമാർ കേരള ചലച്ചിത്രമേളയിൽ എത്താത്തത്?
4. പ്രധാനപ്പെട്ട ഏതെങ്കിലും അന്താരാഷ്ട്ര സിനിമാ പ്രസിദ്ധീകരണങ്ങളുടെയോ വാർത്താ ഏജൻസികളുടെയോ പ്രതിനിധികൾ കേരള മേളയിൽ വരാറില്ല. പകരം േജണലിസ്റ്റുകൾ എന്ന പേരിൽ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും മറ്റു ചില സ്ഥലങ്ങളിൽനിന്നും സ്ഥിരമായി ക്ഷണിച്ചുകൊണ്ടുവരുന്ന ആളുകളുണ്ട്. എന്തുകൊണ്ടാണ് ഒരു അന്താരാഷ്ട്ര പ്രസക്തിയുമില്ലാത്ത കുറെ ആളുകൾ ജേണലിസ്റ്റുകൾ എന്ന പേരിൽ സ്ഥിരമായി ഇവിടെ അതിഥികളാവുന്നത്?
5. സെയിൽസ് കമ്പനികൾ, ഡിസ്ട്രിബ്യൂട്ടേഴ്സ്, ബയേഴ്സ് തുടങ്ങിയ പ്രധാനപ്പെട്ട അന്താരാഷ്ട്ര കച്ചവടക്കാർ കേരള ചലച്ചിത്രമേളയിൽ കടന്നുവരാൻ സാഹചര്യം എങ്ങനെയാണ് ഉണ്ടായത്?
6. സെലക്ഷൻ കമ്മിറ്റികളിൽ സ്ഥിരം മുഖങ്ങൾ മാത്രം കടന്നുവരുന്നത് എങ്ങനെയാണ്?
7. കേരള ചലച്ചിത്രമേളക്ക് എത്തുന്ന അന്താരാഷ്ട്ര സിനിമകൾ ചില സ്ഥിരം ഏജൻസികൾ വഴി മാത്രം എത്തുന്നത് എന്തുകൊണ്ടാണ്? പ്രധാന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച നമുക്കൊക്കെ അറിയാവുന്ന പ്രശസ്തമായ ചില ചിത്രങ്ങൾക്കൊപ്പം ആരെയും കേട്ടിട്ടില്ലാത്ത, പ്രധാനപ്പെട്ട ഒരു ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിട്ടില്ലാത്ത ചില സിനിമകൾ ലോക സിനിമാ പാക്കേജിൽ സ്ഥിരം എത്തുന്നതിെൻറ പിന്നിലെ രഹസ്യം എന്താണ്?
ഇങ്ങനെയുള്ള എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ചെന്നുനിൽക്കുന്നത് സ്വജനപക്ഷപാതത്തിലാണ്. എത്രയോ വർഷങ്ങളായി അക്കാദമിയുടെ ഭാഗമായി തുടരുന്ന ചിലരുടെ ദീർഘകാല ബന്ധങ്ങളും താൽപര്യങ്ങളും നടപ്പിലാക്കാനുള്ള ഒരിടമായി ചലച്ചിത്ര അക്കാദമി മാറി. ജനാധിപത്യബോധമോ സുതാര്യതയോ ഇല്ലാത്ത പ്രവർത്തനങ്ങളാണ് ചലച്ചിത്രമേള അക്കാദമിയിൽ ഇന്ന് നടക്കുന്നത്. ചലച്ചിത്രമേളയെ വ്യക്തിതാൽപര്യങ്ങൾക്കുള്ള വേദിയാക്കുക എന്നത് തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് മനസ്സിലാകാത്തത് സാംസ്കാരിക മന്ത്രിമാർക്കും സർക്കാറിനും മാത്രമാണ്.
ഇത്തരം സുതാര്യമല്ലാത്ത, വ്യക്തികേന്ദ്രീകൃതമായ രീതികൾക്ക് ഒരു ഉദാഹരണംകൂടി നൽകാം. 2020ലെ ചലച്ചിത്രമേള തിരുവനന്തപുരം കൂടാതെ മറ്റ് മൂന്നു സ്ഥലങ്ങളിൽകൂടി നടത്താൻ തീരുമാനിച്ചപ്പോൾ FIAPF അംഗീകാരം നഷ്ടപ്പെടുമോ, അവരുടെ അനുമതി ഇതിന് ലഭിച്ചിട്ടുണ്ടോ എന്ന സാങ്കേതികമായ സംശയം ഞാൻ ഉന്നയിച്ചിരുന്നു. അതിന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രതികരിച്ചത്, അത് ഡോ. ബിജുവിനെ ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നാണ്. സർക്കാർ നികുതിപ്പണം കൊടുക്കുന്ന ഏതൊരാളും ചോദിച്ചാൽ മറുപടി പറയേണ്ട ഒരു കസേരയിലാണ് അദ്ദേഹം ഇരിക്കുന്നത് എന്ന ബോധ്യം ഇല്ലാത്തതുകൊണ്ടാവാം ആ മറുപടി വന്നത്. ഏതായാലും മറുപടി വിവരാവകാശപ്രകാരം എടുത്തപ്പോഴാണ് അക്കാദമിയിലെ നടപടിക്രമങ്ങളുടെ നിയമപരമല്ലാത്ത കാര്യങ്ങൾ വ്യക്തമായത്.
വിവരാവകാശം മറുപടി അനുസരിച്ച് 2020ലെ ചലച്ചിത്രമേള തിരുവനന്തപുരത്തിനൊപ്പം മറ്റ് മൂന്നു സ്ഥലങ്ങളിൽ കൂടി നടത്താൻ തീരുമാനമെടുത്തത് എക്സിക്യൂട്ടിവ് കമ്മിറ്റിയോ ജനറൽബോഡിയോ അല്ല. ഇത്ര പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തത് 2020 ഡിസംബർ 26ന് ചേർന്ന ഒരു സബ്കമ്മിറ്റിയാണത്രെ. ഈ കമ്മിറ്റി മിനുട്സ് പിന്നീട് നടന്ന 138ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി സാധൂകരിച്ചു എന്നും പറഞ്ഞിട്ടുണ്ട്. ആ എക്സിക്യൂട്ടിവ് കമ്മിറ്റി ആകട്ടെ നടന്നത് 2021 ജനുവരി 27ാം തീയതിയും. അതായത് ഫെസ്റ്റിവൽ തുടങ്ങുന്നതിന് കേവലം രണ്ടാഴ്ച മുമ്പ്.
ഇനി ഇതിലെ ക്രമരാഹിത്യത്തിലേക്കും സുതാര്യത ഇല്ലായ്മയിലേക്കും വരാം. ചലച്ചിത്രമേള നിലവിലുള്ള രീതിയിൽനിന്ന് മാറ്റണമെങ്കിൽ കേവലം ഒരു സബ്കമ്മിറ്റി അല്ല തീരുമാനിക്കേണ്ടത്. ജനറൽ കൗൺസിലും എക്സിക്യൂട്ടിവ് കമ്മിറ്റിയുമാണ്. അതിലും വിചിത്രമായ മറ്റൊന്നുണ്ട്. നാലിടങ്ങളിൽ മേള നടത്താൻ ഒരു സബ്കമ്മിറ്റി തീരുമാനിച്ചത് ഡിസംബർ 26നാണ്. പക്ഷേ, അതിനും രണ്ടു ദിവസം മുമ്പ് ഡിസംബർ 24ന് മേള നാലിടത്തായി നടത്താൻ അനുമതി ചോദിച്ചുകൊണ്ട് FIAPF മായി ഇ-മെയിൽ ഇടപാട് നടത്തി തീരുമാനിക്കുന്നു. അതായത് ആർട്ടിസ്റ്റ് ഡയറക്ടറും മറ്റു ചിലരും ചേർന്ന് മേള മൂന്നിടത്ത് നടത്താൻ തീരുമാനമാക്കി FIAPFനെയും അറിയിച്ച ശേഷം ഏതോ ഒരു സബ്കമ്മിറ്റി കൂടി (നിയമപരമല്ലാത്ത) തീരുമാനമെടുക്കുന്നു. മേള നാലിടത്ത് നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് നിയമപരമായി എക്സിക്യൂട്ടിവ് കമ്മിറ്റിയാണ്. അതുകൂടി സബ്കമ്മിറ്റി മിനുട്സ് സാധൂകരിക്കുന്നത് ഫെസ്റ്റിവൽ തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പും.
സർക്കാർ നിയോഗിച്ച കമ്മിറ്റികളെ നോക്കുകുത്തികളാക്കി ചില വ്യക്തികൾ തീരുമാനം എടുക്കുന്നതിെൻറ ക്ലാസിക് ഉദാഹരണമാണിത്. ചലച്ചിത്ര അക്കാദമി സർക്കാർ നിയമങ്ങൾ അനുസരിച്ചായിരുന്നില്ല കഴിഞ്ഞ അഞ്ചു വർഷം പ്രവർത്തിച്ചിരുന്നത്. മറിച്ച് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയിൽ ചിലരുടെ വ്യക്തിതാൽപര്യങ്ങൾക്ക് അനുസരിച്ചായിരുന്നു. ചലച്ചിത്ര അക്കാദമിയെ രക്ഷപ്പെടുത്തണമെങ്കിൽ കാലാകാലങ്ങളായി അവിടെ കൂടിയിരിക്കുന്ന കുറച്ചാളുകളെ അടിയന്തരമായി പുറത്താക്കിയാലേ സാധിക്കൂ.
4. ചലച്ചിത്രമേളയുടെ മുഖ്യധാരയിലേക്കുള്ള വഴിമാറൽ
ഇൗ ലേഖനത്തിെൻറ തുടക്കത്തിൽ സൂചിപ്പിച്ചപോലെ ചലച്ചിത്രേമളകളുടെ പരിഗണന ലോകത്തൊരിടത്തും മുഖ്യധാരാ കച്ചവട സിനിമകളല്ല. സിനിമയുടെ പരീക്ഷണങ്ങൾ, രാഷ്ട്രീയം, സാമൂഹികവും വിദ്യാഭ്യാസപരവുമായ ഇടപെടലുകൾ, ക്രാഫ്റ്റിെൻറ പുതുക്കിപ്പണിയൽ, കലയുടെ വേറിട്ട ചിന്തകൾ തുടങ്ങി മുഖ്യധാരക്കും കച്ചവടത്തിനും പുറത്തുള്ള ശ്രമങ്ങളെ പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായുള്ള ഒരു വേദിയായിട്ടാണ് ചലച്ചിത്രമേളകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആ ഒരു സ്വഭാവം കാത്തുസൂക്ഷിക്കാൻ ലോകത്തെ പ്രധാനപ്പെട്ട എല്ലാ ചലച്ചിത്രമേളകളും ശ്രദ്ധിക്കാറുമുണ്ട്. ചലച്ചിത്രമേള എന്നത് ഒരു അക്കാദമിക് സങ്കൽപംകൂടിയാണ്.
ദൗർഭാഗ്യവശാൽ കേരള ചലച്ചിത്രമേള ഇക്കാര്യത്തിൽ പിന്തിരിഞ്ഞു നടക്കുകയാണ് ഉണ്ടായത്. കേരള മേള ഇത്രയേറെ ജനപ്രിയമായത് സാംസ്കാരിക രാഷ്ട്രീയ കലാബോധവുമുള്ള കാണികൾ എത്തിയതുകൊണ്ടാണ്. സ്വതന്ത്ര സിനിമകളുടെ രാഷ്ട്രീയവും കലാപരതയും ചർച്ച ചെയ്യാൻ ഒരുപറ്റം കാണികളെ സൃഷ്ടിച്ചെടുത്ത ഒരു ചലച്ചിത്രമേളയുടെ സ്വഭാവം മുഖ്യധാരാ സിനിമാ സംവിധായകർ അക്കാദമി ചെയർമാന്മാരും അംഗങ്ങളുമായതോടെ പതിയെ മാറ്റിമറിക്കപ്പെട്ടുതുടങ്ങി. കഴിഞ്ഞ അഞ്ചു വർഷം ആ മാറ്റം പ്രകടമായിത്തന്നെ നടപ്പിൽ വരുത്തി. മലയാളത്തിലെ സ്വതന്ത്ര സിനിമാക്കാർക്കൊന്നും തന്നെ പ്രവേശിക്കാനാവാത്ത ഒരിടമായി ചലച്ചിത്ര അക്കാദമി മാറിക്കഴിഞ്ഞു എന്നത് യാഥാർഥ്യമാണ്.
ചലച്ചിത്രമേളയിൽ മുഖ്യധാരാ സിനിമകളെ ആകാവുന്നത്ര കുത്തിത്തിരുകി ആളൊഴിഞ്ഞ തിയറ്ററുകളിൽ പ്രദർശിപ്പിക്കുക എന്നത് സ്ഥിരം ഏർപ്പാടായി മാറി. മറ്റു സ്വതന്ത്ര സിനിമകൾക്ക് വലിയ ആൾത്തിരക്ക് എല്ലാ പ്രദർശനങ്ങൾക്കും ഉണ്ടാകുേമ്പാൾ േമളയിലെ മുഖ്യധാരാ സിനിമകേളാട് കാണികൾ പുറംതിരിഞ്ഞുനിന്നു. കലാമൂല്യമുള്ള സ്വതന്ത്ര സിനിമകൾ കാണാനെത്തിയ കലാസാംസ്കാരികതയുള്ള മേളയുെട കാണികളുടെ ഇരുപത്തിയഞ്ചു വർഷത്തെ വളർച്ചയെ അപഹസിച്ചുകൊണ്ട് ഈ വർഷം അക്കാദമി പുതിയ പരസ്യവാചകങ്ങൾ തയാറാക്കി. ''വരൂ താരങ്ങളോടൊപ്പം സെൽഫി എടുക്കൂ, മേളയിൽ പങ്കാളിയാകൂ'' എന്നൊക്കെയുള്ള പൈങ്കിളി കച്ചവടബുദ്ധി ഉപയോഗിച്ച് ചലച്ചിത്രമേളയുടെ കാണികളെ അപമാനിച്ചു. ചലച്ചിത്രമേളയുടെ ഹോൾഡിങ്ങുകളിൽ ലോകസിനിമകളുടെയും സംവിധായകരുടെയും ചിത്രങ്ങൾക്കു പകരം മന്ത്രിമാരുടെ ചിത്രം പതിപ്പിച്ചതും ഈ അക്കാദമിയാണ്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാറിനു മുമ്പുള്ള വലതുപക്ഷ സർക്കാറിെൻറ അവസാനകാലത്താണ് ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങ് സ്വകാര്യ ചാനൽ ചടങ്ങുകളുടെ താരനിശപോലെ നടത്താൻ ആരംഭിച്ചത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിെൻറ കാലത്ത് അത് പൂർവാധികം മോശമായി ടെലിവിഷൻ ഷോ മട്ടിലാക്കി. ദേശീയ പുരസ്കാരമൊക്കെ നൽകുന്നതുപോലെ ഔദ്യോഗികമായി ഗൗരവപൂർവം ഒരു സംസ്ഥാനം നൽകേണ്ട ആദരവ് കേവലം ആഘോഷ താരമാമാങ്കത്തിലേക്ക് കൊണ്ടെത്തിച്ചത് ഈ അക്കാദമിയാണ്. ഒരുപടികൂടി കടന്ന് പുരസ്കാരം കിട്ടിയവരാണ് ആ ചടങ്ങിലെ പ്രധാന അതിഥികൾ എന്ന വസ്തുതപോലും മറന്ന് ഒരു സൂപ്പർതാരത്തെ പുരസ്കാര വിതരണച്ചടങ്ങിൽ അതിഥിയായി ക്ഷണിച്ച് ആനയിക്കുന്ന രീതിയിൽ താരാരാധന അക്കാദമിക്കും സാംസ്കാരിക വകുപ്പിനും വന്നുപെട്ടതും ഈ കാലത്താണ്. താരാരാധന ഉൾപ്പെടെ സാമ്പ്രദായികമായ എല്ലാ രീതികളെയും മറികടന്നുള്ള സിനിമ സംസ്കാരത്തിനാണ് ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പും ശ്രമിക്കേണ്ടത് എന്നത് മറന്നുകൊണ്ട് ഗ്ലാമറിെൻറയും താരപരിവേഷങ്ങളുടെയും മുഖ്യധാരയുടെയും കെട്ടുകാഴ്ചയാക്കി അക്കാദമിയെ മാറ്റിയ അഞ്ചു വർഷങ്ങളാണ് കടന്നുപോയത്.
5. അക്കാദമിയുടെ തിരിച്ചുവരവിനായി ചെയ്യേണ്ടത്
25 വർഷം മുമ്പ് ഒരു ഇടതുപക്ഷ സർക്കാർ രൂപവത്കരിച്ച ചലച്ചിത്ര അക്കാദമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഇന്ന് പാടേ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിലെ സാംസ്കാരിക വകുപ്പ് ഈ അട്ടിമറിക്കലിന് ഒപ്പം നിൽക്കുകയായിരുന്നു എന്ന് പറയേണ്ടിവരുന്നതിൽ ദുഃഖമുണ്ട്. ഒരു ദീർഘവീക്ഷണവുമില്ലാത്ത അക്കാദമി ഭാരവാഹികൾ മുഖ്യധാരാ സിനിമകളുടെ താരത്തിളക്കത്തിനും ബോധ്യത്തിനും ഒപ്പം ചലച്ചിത്രമേളയെ കച്ചവടവത്കരിച്ചപ്പോൾ അതിന് തടയിടാൻ സാംസ്കാരിക വകുപ്പിന് സാധിച്ചിരുന്നില്ല. കലയും സിനിമയും സംസ്കാരവും തിരികെ കൊണ്ടുവരുക എന്നതാണ് ഇനിയുള്ള സാംസ്കാരിക മന്ത്രിയുടെ ഇടപെടൽ ആവശ്യമായ പ്രധാനപ്പെട്ട ഒന്ന്. ചലച്ചിത്ര അക്കാദമിയെ ശുദ്ധീകരിക്കുക എന്നത് അതിൽ ഏറെ പ്രധാനമാണ്. അതിനായുള്ള ചില നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നു.
1. അക്കാദമി ചെയർമാനെ നിശ്ചയിക്കുേമ്പാൾ മുഖ്യധാരാ സിനിമക്ക് പുറത്ത് ചിന്തിക്കുന്ന ദീർഘവീക്ഷണമുള്ള ഒരാളായിരിക്കണം.
2. ചലച്ചിത്ര അക്കാദമിയിൽ സ്ഥിരമായി നിലനിന്നുപോരുന്ന ഏതാനും ആളുകളുണ്ട്. അവരെ പൂർണമായും ഒഴിവാക്കണം.
3. ആർട്ടിസ്റ്റിക് ഡയറക്ടർ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ജനറൽ കൗൺസിൽ അംഗങ്ങൾ എന്നീ നിലയിൽ സ്ഥിരം മാറിമാറിവരുന്ന മുഖങ്ങളെ പൂർണമായും ഒഴിവാക്കണം. മൊത്തത്തിലുള്ള അഴിച്ചുപണികൊണ്ടു മാത്രമേ ചലച്ചിത്രമേളയുടെ മൂല്യവും മൗലികതയും തിരിച്ചുപിടിക്കാൻ സാധിക്കൂ.
4. ചലച്ചിത്രമേളയോട് അനുബന്ധിച്ച് ഫിലിം മാർക്കറ്റ് അടിയന്തരമായി ആരംഭിക്കണം. തദ്ദേശ സിനിമകളുടെ േപ്രാത്സാഹനത്തിനായി പ്രധാനപ്പെട്ട എല്ലാ ചലച്ചിത്രമേളകേളാടൊപ്പവും ഫിലിം മാർക്കറ്റ് നടക്കാറുണ്ട്. എത്രകാലം നമുക്ക് ഇതിനോട് മുഖംതിരിച്ചു നടക്കാനാവും?
5. ചലച്ചിത്രമേളയിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറി, ചലച്ചിത്ര പുരസ്കാരജൂറി എന്നിവയിൽ കാലാകാലങ്ങളായ സ്ഥിരം വേഷക്കാരെ ഒഴിവാക്കി യോഗ്യതയുള്ള ആളുകളെ നിയോഗിക്കേണ്ടതാണ്. ജൂറി അംഗങ്ങളാകാൻ അടിസ്ഥാന മാനദണ്ഡങ്ങൾ നിശ്ചയിക്കണം.
6. ലോക ചലച്ചിത്രമേളകളുടെ നിലവാരത്തിലെത്താൻ അന്താരാഷ്ട്ര നിലവാരത്തിൽ ചലച്ചിത്രേമള റീഡിസൈൻ ചെയ്യണം.
7. ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ കേരള പ്രീമിയർ ആയിരിക്കണം എന്ന നിർദേശം നടപ്പിലാകണം.
8. ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ടെലിവിഷൻ മെഗാഷോകളുടെ രീതി മാറ്റി േദശീയ പുരസ്കാര വിതരണച്ചടങ്ങുപോലെ ഔദ്യോഗികമായ ചടങ്ങായി മാറ്റണം.
9. ചലച്ചിത്രമേളയുടെ അക്കാദമിക സ്വഭാവം വീണ്ടെടുക്കണം. ഇടക്കാലത്ത് വഴിതെറ്റിപ്പോയ മുഖ്യധാരാ സ്വഭാവത്തിൽനിന്ന് അക്കാദമിക് സ്വഭാവത്തിലേക്ക് ചലച്ചിത്രമേളയെ കൊണ്ടുവരുക എന്നത് ഒരു വലിയ ദൗത്യമാണ്.
10. നമ്മുടെ ചലച്ചിത്രമേള ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക രാജ്യങ്ങൾക്കു മാത്രമായുള്ള മത്സരവിഭാഗമുള്ള ലോകത്തിലെ ഏക ചലച്ചിത്രമേളയാണ്. എന്നിട്ടും ഏഷ്യയിലെയോ ആഫ്രിക്കയിലെയോ ലാറ്റിൻ അമേരിക്കയിലെയോ സംവിധായകരിൽ പലരും ഈ മേളയെപ്പറ്റി കേട്ടിട്ടുപോലും ഇല്ലാത്തതും ഈ മേള പ്രാധാന്യമുള്ള ഒന്നായി കണക്കാക്കാത്തതും എന്തുകൊണ്ടാണ് എന്ന് സ്വയം വിശകലനം ചെയ്താൽ 25 കൊല്ലംകൊണ്ട് നമ്മൾ അന്താരാഷ്ട്ര ചലച്ചിത്രമേള എന്ന നിലയിൽ എത്രമാത്രം പിന്തിരിഞ്ഞു നടന്നു, എവിടെ എത്തി എന്നത് ബോധ്യമാവും.
തിരുത്തുകൾ ആവശ്യമുണ്ട്. പക്ഷേ, അത് അടിക്കടിക്കുള്ള തിരുത്തുകളാണ് ആവശ്യപ്പെടുന്നത്. രോഗം അത്രമേൽ ഗുരുതരമാണ്.