കുരിശിലെ ത്യാഗവും ലോകത്തിന്റെ ഹിംസയും: റ്ററന്റിനോ ചലച്ചിത്രങ്ങളിലെ യേശു
വിഖ്യാത അമേരിക്കൻ സംവിധായകൻ ക്വന്റിൻ റ്ററന്റിനോയുടെ സിനിമകളിലെ ഹിംസയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ ത്യാഗാനുഭവവും എന്താണെന്ന്പരിശോധിക്കുകയാണ് ഇൗ പഠനം. ഹിംസയുടെ തുടർച്ചയെ അസ്ഥിരമാക്കുന്ന ദൈവശാസ്ത്രപരമായ ആത്മത്യാഗത്തിന്റെ നിരവധി ഘടകങ്ങള്‍ ആ സിനിമകളിലുണ്ടോ?ക്വന്റിൻ റ്ററന്റിനോ സംവിധാനം ചെയ്ത ഒമ്പതു ചലച്ചിത്രങ്ങളുടെയും ഒരു രംഗത്തിലെങ്കിലും യേശുവിന്റെ...
Your Subscription Supports Independent Journalism
View Plansവിഖ്യാത അമേരിക്കൻ സംവിധായകൻ ക്വന്റിൻ റ്ററന്റിനോയുടെ സിനിമകളിലെ ഹിംസയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ ത്യാഗാനുഭവവും എന്താണെന്ന്പരിശോധിക്കുകയാണ് ഇൗ പഠനം. ഹിംസയുടെ തുടർച്ചയെ അസ്ഥിരമാക്കുന്ന ദൈവശാസ്ത്രപരമായ ആത്മത്യാഗത്തിന്റെ നിരവധി ഘടകങ്ങള്‍ ആ സിനിമകളിലുണ്ടോ?
ക്വന്റിൻ റ്ററന്റിനോ സംവിധാനം ചെയ്ത ഒമ്പതു ചലച്ചിത്രങ്ങളുടെയും ഒരു രംഗത്തിലെങ്കിലും യേശുവിന്റെ ക്രൂശിതരൂപമുണ്ട്. ചില ചലച്ചിത്രങ്ങളില്‍ ഓപണിങ് സീനായിത്തന്നെയും മറ്റു ചില ചലച്ചിത്രങ്ങളില്‍ നിർണായകമായ കഥാവഴിത്തിരിവുകളിലും കുരിശിലേറിയ യേശു കടന്നുവരുന്നു. അതിനിർണായകമായ ഒരു സൂചകമായാണ് റ്ററന്റിനോയുടെ സിനിമാഭൂപടത്തിലെ ഈ ദൃശ്യം. ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തിൽ മാത്രമല്ല, ആധുനികസിനിമയുടെ രാഷ്ട്രീയ ദൈവശാസ്ത്രാനുഭവത്തിന്റെകൂടി ഭാഗമാണ് കാല്‍വരിയിലെ ക്രൂശിതരൂപം. ലോകത്തിലെ ഹിംസകള്‍ക്കെതിരെ ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകയായ ഈ ദൃശ്യത്തിന്റെ ചിഹ്നപരമായ ഇടപെടൽ റ്ററന്റിനോയുടെ ചലച്ചിത്രങ്ങളിൽ വ്യത്യസ്തമായ ഒരു വ്യാഖ്യാനശാസ്ത്രം (hermeneutics) തന്നെ സാധ്യമാക്കുന്നുണ്ട്.
റ്ററന്റിനോയുടെ ചലച്ചിത്രങ്ങളിൽ നിറഞ്ഞുനിൽകുന്ന ഹിംസയുടെ ദൃശ്യഭൂപടവും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ ത്യാഗാനുഭവവും പ്രേക്ഷക കാഴ്ചപ്പാടിലൂടെ വിശകലനംചെയ്യാനുള്ള ശ്രമമാണ് ഈ ലേഖനം. പ്രതിനിധാന പഠനങ്ങൾക്കപ്പുറം സിനിമയെ ദൈവശാസ്ത്രാനുഭവം എന്ന നിലയിൽ സമീപിക്കുന്ന രീതിശാസ്ത്രത്തിന്റെ ഭാഗമാണിത്. വേദവചനങ്ങളും യേശുവിന്റെ ക്രൂശിതരൂപവും മറ്റനേകം ദൈവശാസ്ത്രസങ്കേതങ്ങളും നിറഞ്ഞുനിൽക്കുന്ന ചലച്ചിത്രങ്ങളാണ് റ്ററന്റിനോയുടേത്. പൊതുവേ മതേതരമാധ്യമമായി എളുപ്പത്തിൽ തിരിച്ചറിയുന്ന ഹോളിവുഡിന്റെ ഒത്തനടുവിലാണ് ഈ ദൈവശാസ്ത്രപ്രശ്നമുള്ളത്. ഈ വൈരുധ്യത്തെ പരിഹരിക്കലല്ല, മറിച്ച് അതിന്റെ വ്യാഖ്യാനസാധ്യതകളാണ് ലേഖനത്തിന്റെ അന്വേഷണ വിഷയം.
പ്രേക്ഷകരിൽ പേടിയും ആകാംക്ഷയും മാത്രമല്ല, ഒരു പരിധിയുംകടന്ന് സ്ക്രീനിലേക്ക് നോക്കാന്‍പോലും കഴിയാത്ത തരത്തിലുള്ള അറപ്പും ഓക്കാനവുംകൂടി ഉളവാക്കുന്ന ഹിംസയുടെ ആഖ്യാനതന്ത്രം റ്ററന്റിനോയുടെ ചലച്ചിത്രങ്ങളുടെ പൊതുവായ പ്രത്യേകതയാണ്. എന്നാൽ, റ്ററന്റിനോയുടെ ചലച്ചിത്രങ്ങളിലെ ഹിംസയുടെ സൗന്ദര്യം അതിന്റെ അനിവാര്യതയിൽ മാത്രം കെട്ടികിടക്കുന്നില്ല. മറിച്ച് ഹിംസയുടെ തുടർച്ചയെ അസ്ഥിരമാക്കുന്ന ദൈവശാസ്ത്രപരമായ ആത്മത്യാഗത്തിന്റെ നിരവധി ഘടകങ്ങള്‍ അതില്‍ മുന്തിനിൽക്കുന്നുണ്ട്. ഇതാവട്ടെ, ആത്മീയമായ ത്യാഗാനുഭവങ്ങളുടെ തുടർച്ചയായുള്ള മത-മതേതര അനുഭവങ്ങളുടെ ഹിംസയെ മറികടക്കുന്ന ദൃശ്യാനുഭവത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
റ്ററന്റിനോയുടെ ചലച്ചിത്രങ്ങളെ ചരിത്രപരമായിത്തന്നെ രണ്ടായി തരംതിരിക്കാം. ആദ്യകാല ചലച്ചിത്രങ്ങൾ ക്രൈംഫിക്ഷന്റെ ഘടനയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. റ്ററന്റിനോയുടെ പിൽക്കാല ചലച്ചിത്രങ്ങൾ ഹിസ്റ്റോറിക്കൽ ഫിക്ഷന്റെ ഘടനയാണ് പിന്തുടരുന്നത്. ആദ്യകാല ക്രൈം ഫിക്ഷൻ ചലച്ചിത്രങ്ങളിൽ യേശുവിന്റെ ത്യാഗാനുഭവത്തെ ഒരു നൈതിക സമസ്യയായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, പിൽക്കാല ഹിസ്റ്റോറിക്കൽ ഫിക്ഷനിൽ കൂടുതൽ ഭൗതികമായ പ്രതികാരനീതി മുന്നിട്ടുനിൽക്കുന്നു. ക്രൈസ്തവ ദൈവശാസ്ത്രപ്രശ്നങ്ങളെ നേരിട്ടുതന്നെ അഭിമുഖീകരിക്കുന്നതാണ് റ്ററന്റിനോയുടെ ആദ്യകാല ക്രൈംഫിക്ഷൻ ചലച്ചിത്രങ്ങൾ. എന്നാൽ, പിൽക്കാല ചലച്ചിത്രങ്ങളിൽ ക്രൈസ്തവാനുഭവം പാർശ്വങ്ങളിലേക്കു മാറിനിൽക്കുന്നു എന്നു കാണാം.
റ്ററന്റിനോയുടെ ആദ്യകാല ക്രൈം ഫിക്ഷൻ ചലച്ചിത്രങ്ങൾ കൊല്ലുന്നതിനെക്കാള്‍ കൊല്ലപ്പെടുന്നതിന്റെയും പ്രതികാരത്തേക്കാൾ ത്യാഗത്തിന്റെയും കുരിശിൽ തറക്കപ്പെടുന്നതിന്റെയും ബോധത്തെ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, ഈ ആത്മത്യാഗം ഹിംസയുടെ നിഷേധത്തിലൂടെ അല്ല മറിച്ച്, ഹിംസയുടെ അകത്തളത്തിൽ സാക്ഷാത്കരിക്കപ്പെടുന്ന ഒരു നിലപാടായാണ് തിരിച്ചറിയേണ്ടത്. റ്ററന്റിനോയുടെ ചലച്ചിത്രങ്ങളില്‍ പ്രധാനമായും ആദ്യകാല ചലച്ചിത്രങ്ങളിൽ, ഉയര്‍ത്തിപ്പിടിക്കുന്നത് ലക്ഷ്യസാധൂകരണത്തിന് കരുത്തുനല്കുന്ന പ്രതികാരഹിംസയല്ല, മറിച്ച് പ്രതികാരഹിംസയെ നിഷേധിക്കുന്ന ത്യാഗമാണ്. എന്നാൽ, പിൽക്കാല ഹിസ്റ്റോറിക്കൽ ഫിക്ഷൻ ചലച്ചിത്രങ്ങളിൽ ത്യാഗ നീതി (sacrificial justice) പ്രതികാര നീതിക്കു (vengeful justice) വഴിമാറുന്നു.
ക്രൈം ഫിക്ഷനിലെ ത്യാഗനീതി
പൾപ്പ് ഫിക്ഷൻ (1994), കിൽ ബിൽ (വോള്യം രണ്ട്, 2004 ) ചലച്ചിത്രങ്ങളിലെ ചില സീനുകൾ മാത്രമെടുത്തു റ്ററന്റിനോയുടെ ക്രൈം ഫിക്ഷൻ ഇടപെടലുകളെ പരിശോധിക്കാമെന്നു തോന്നുന്നു. കൊലപാതക പരമ്പരകളിൽ ഏർപ്പെടുന്ന മാഫിയകളുടെയും പ്രഫഷനൽ കില്ലിങ് ഗ്രൂപ്പുകളുടെയും അതിലുൾപ്പെട്ട വ്യക്തികളുടെ പരിവർത്തനത്തിന്റെയും ചരിത്രമാണ് ഈ ക്രൈം ഫിക്ഷൻ ചലച്ചിത്രങ്ങൾ. ഈ ചലച്ചിത്രങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തെ വെളിവാക്കാൻ രണ്ടു സിനിമയിലെയും ചില പ്രത്യേക സീനുകളെ ആദ്യം ചർച്ചക്കെടുക്കാം.
ഒന്ന്: ‘പൾപ്പ് ഫിക്ഷൻ’ ക്രൈംഫിക്ഷൻ ചലച്ചിത്രങ്ങളിലെത്തന്നെ ഒരു വഴിത്തിരിവാണ്. സിനിമയിൽ ജൂൾസ് വിൻഫീൽഡ് (സാമുവൽ ജാക്സൺ) എന്നു പേരുള്ള പ്രഫഷനല്‍ കൊലപാതകിയുടെ വ്യക്തിപരമായ പരിവർത്തനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ഒരു അദൃശ്യശക്തിയാൽ ഉൾവിളികിട്ടിയപോലെ ജൂൾസ് താൻ കൊല്ലാൻ പോകുന്നവരോടു ഹീബ്രു ബൈബിളിൽനിന്നുള്ള ഒരു വചനം (എസക്കിയേൽ 25: 17) വളരെ നാടകീയമായി ഉദ്ധരിക്കുന്നുണ്ട്: “കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർഥതകൊണ്ടും ക്രൂരതകൾകൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽനിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്വരയിൽനിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു. കാരണം, അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെമേൽ അശനിപാതംപോലെ ഞാൻ പ്രഹരമേൽപ്പിക്കും. എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നു.’’
ജൂൾസിന്റെ ഈ വേദഭാഷണം (അതിന്റെ സിനിമാ വ്യാഖ്യാനം വഴിയേ നല്‍കാം) റ്ററന്റിനോ ചലച്ചിത്രങ്ങളിലെ ഹിംസയെക്കുറിച്ചുള്ള മൂന്നു നിലപാടുകളെ കുറിക്കുന്നു.
ഒന്ന്: ഒറ്റനോട്ടത്തിൽ, റ്ററന്റിനോ ചലച്ചിത്രങ്ങളിൽ ഹിംസ ഒരു അതിഭൗതിക ശക്തിപോലെ അതിലെ ഓരോ കഥാപാത്രത്തെയും ഉണ്മാപരമായിത്തന്നെ ചൂഴ്ന്നുനിൽക്കുന്നതാണ്. എന്നാൽ, റ്ററന്റിനോ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങൾ എല്ലാംതന്നെ അവർ നിലനിൽക്കുന്ന ലോകത്തിന്റെ ഹിംസക്ക് എതിരായ വിവിധതരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നവരുമാണ്. ലോകത്തിന്റെതന്നെ വീഴ്ചയും തിന്മയും ഹിംസയും തീര്‍ച്ചയായും ദൈവശാസ്ത്രത്തിന്റെകൂടി കാഴ്ചപ്പാടാണ്.
രണ്ട്: റ്ററന്റിനോ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അവര്‍ ജീവിക്കുന്ന ലോകത്തിന്റെ ഹിംസക്കെതിരെ വിവിധ രീതികളിൽ പ്രതികരിക്കുന്നവരാണ്. ഹിംസ മനുഷ്യാനുഭവത്തിന്റെ മുന്നുപാധിയാണ്. നാം പിറന്നുവീഴുകയും ജീവിക്കുകയും ചെയ്യുന്ന ലോകത്തിനുമേൽ നമ്മുടെ തിരഞ്ഞെടുപ്പ് എന്നതിനപ്പുറം നാം ഹിംസ നിറഞ്ഞ ഒരു ലോകത്തേക്ക് എടുത്തെറിയപ്പെട്ടവരാണ്. ഹിംസയുടെ തിരഞ്ഞെടുപ്പ് എന്നത് ഒരു പരിധിയും കടന്നു നമ്മുടെ ജീവിത തിരഞ്ഞെടുപ്പിന്റെതന്നെ പ്രശ്നമായി മാറുന്നു. ഈ സമസ്യ സിനിമയുടേത് മാത്രമല്ല, ദൈവശാസ്ത്രത്തിന്റേതു കൂടിയാണ്.
മൂന്ന്: റ്ററന്റിനോ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മിക്കവരും അതിനാൽതന്നെ ഹിംസയുടെ തിരഞ്ഞെടുപ്പിൽ വിവിധ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ്. അതിൽ ആദ്യ വിഭാഗം ഹിംസയുടെ കൈകാര്യകർത്താക്കളാണ്. ഹിംസ കൈകാര്യംചെയ്യുന്നവര്‍ എന്ന നിലയിൽ അവര്‍ ഒന്നുകില്‍ ഹിംസയുടെ തുടർച്ച ഉറപ്പുവരുത്തുന്നവരോ അല്ലെങ്കില്‍ അതിന്റെ തുടർച്ചയെ മറികടക്കാൻ ശ്രമിക്കുന്നവരോ ആണ്. രണ്ടാമത്തെ വിഭാഗം ഹിംസ ഏറ്റുവാങ്ങുന്നവരാണ്. ആ നിലയില്‍ അവര്‍ അതിനെ കൂടുതൽ ഹിംസയിലൂടെ മറികടക്കുന്നവരോ അല്ലെങ്കില്‍ ഹിംസയുടെ ഇരകള്‍ ആണെങ്കിലും അതിനെ നിഷേധിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. അതായത് ഹിംസയുടെ കർത്താക്കള്‍ക്കും ഇരകള്‍ക്കും ഒരുപോലെ ഹിംസയെ നിഷേധിക്കാനും സ്ഥാപിക്കാനും റ്ററന്റിനോയുടെ ചലച്ചിത്രങ്ങളില്‍ ഇടമുണ്ട്. വിശ്വാസത്തിനും നന്മക്കും നീതിക്കും സാക്ഷിയാകേണ്ട ജീവിത തിരഞ്ഞെടുപ്പാണിത്. ചുരുക്കിപ്പറഞ്ഞാല്‍, 1) റ്ററന്റിനോയുടെ ചലച്ചിത്രങ്ങള്‍ ലോകത്തെ തന്നെ ഹിംസയായി തിരിച്ചറിയുന്നു. 2) റ്ററന്റിനോയുടെ കാഥാപാത്രങ്ങൾ എല്ലാവരും അവരുടെ ലോകത്തുള്ള ഹിംസയോട് പ്രതികരിക്കുന്നുണ്ട്. 3) റ്ററന്റിനോയുടെ കഥാപാത്രങ്ങള്‍ ലോകത്തിന്റെ ഹിംസയെ തുടരാൻ സഹായിക്കുന്നവരോ അല്ലെങ്കിൽ അതിന്റെ തുടർച്ചയെ അസ്ഥിരപ്പെടുത്തുന്നവരോ ആണ്.
രണ്ട്: രണ്ടായിരത്തിനാലിൽ പുറത്തിറങ്ങിയ റ്ററന്റിനോയുടെ ‘കിൽ ബിൽ’ സീരീസിലെ രണ്ടാമത്തെ സിനിമതന്നെയെടുക്കുക. നേരത്തേ നാം കണ്ട ജൂൾസിന്റെ ഭാഷണത്തെ, ‘കിൽ ബിൽ’ രണ്ടാം ഭാഗത്തിലെ ബിൽ (ഡേവിഡ് കരാഡൈൻ) എന്ന ഒരു കൊലപാതകിയും അയാളെയടക്കം മറ്റു നിരവധി കൊലപാതകങ്ങളിൽ ഏര്‍പ്പെട്ട ബിയാട്രിക്സ് കിഡ്ഡോയും (ഉമ തുർമൻ) തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി പരിശോധിക്കാം.
ബില്ലിന്റെ മുൻ കാമുകികൂടിയാണ് ബിയാട്രിക്സ് കിഡ്ഡോ. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുമുണ്ട്. ബിൽ ഒരു കൊലപാതകിയും അതൊരു തൊഴിലായി സ്വീകരിച്ചയാളും ആയതിനാല്‍ ബിയാട്രിക്സ് കിഡ്ഡോ ബില്ലിൽനിന്ന് ഓടി ഒരു സംഗീതക്കടയുടെ നടത്തിപ്പുകാരന്റെ കൂടെ രക്ഷപ്പെട്ട് ഹിംസയിൽനിന്നകന്നു സ്വസ്ഥതമായൊരു ജീവിതം നയിക്കാൻ പോവുകയാണ്. തന്റെ പേര് മിസിസ് ടോമി പ്ലിംടൺ എന്നാക്കി പുതിയൊരു ജീവിതം തുടങ്ങാനാണ് ബിയാട്രിക്സ് കിഡ്ഡോ ആഗ്രഹിക്കുന്നത്.
സൂപ്പർമാൻ കഥകളുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തോടെയാണ് ബില്ലുമായുള്ള ബിയാട്രിക്സിന്റെ ഹിംസയെക്കുറിച്ചുള്ള സംവാദം ഉരുത്തിരിയുന്നത്. ഹിംസയിലൂടെ ലോകത്തെ രക്ഷിക്കുന്ന അതീന്ദ്രിയ നായകനാണ് സൂപ്പര്മാൻ. സൂപ്പര്മാൻ കഥകളിൽ അൾട്ടർ ഈഗോ ആയി മാറുന്ന കഥാപാത്രമാണ് ക്ലാർക് കെന്റ്. സൂപ്പർമാൻ കഥകളിലെ ക്ലാർക് കെന്റ് മനുഷ്യവംശത്തിന് ഗുണങ്ങള്മാത്രം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യനാണ്. എന്നാൽ, ഇതേ ആൾതന്നെ സൂപ്പര്മാൻ ആവുമ്പോഴാണ് അതിമാനുഷിക ശക്തിയിലൂടെയും ഹിംസയിലൂടെയും ലോകത്ത് നീതി നടപ്പിലാക്കുന്നത്. പ്രഫഷനൽ കൊലപാതകസംഘത്തെ നയിക്കുന്ന ബില്ലിനെ സംബന്ധിച്ചിടത്തോളം, ക്ലാർക് കെന്റ് എന്ന സൂപ്പർമാന്റെ അൾട്ടർ ഇൗഗോ, മനുഷ്യവംശത്തിന്റെ ദുർബലതയുടെ പ്രതിനിധിയാണ്. ഹിംസയിൽ കഴുത്തറ്റം മുങ്ങിയിട്ടും അതിനുമുന്നിൽ ധർമസങ്കടത്തോടെ നിൽക്കുന്ന, ഒരു ദുർബല മനുഷ്യനാണ് ക്ലാർക് കെന്റ്. ബിയാട്രിക്സ് പേര് മാറ്റി മിസിസ് ടോമി പ്ലിംടൺ ആവുന്നതിലൂടെ ധർമസങ്കടങ്ങൾമാത്രം കൈമുതലായുള്ള ഒരു ദുർബലമനുഷ്യനാവാനാണ് ആഗ്രഹിക്കുന്നതെന്നാണ് ബില്ലിന്റെ വിമർശനം. മിസിസ് ടോമി പ്ലിംടൺ ആയി നല്ലൊരു അമ്മയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ബിയാട്രിക്സ് തന്റെ ഉള്ളിലെ കൊലപാതകിയെയും ജീവിതത്തിലെ ഹിംസയെയും വെറുതെ നോക്കിനിൽക്കുന്ന അനേകം മനുഷ്യരെപ്പോലെയാവാൻ ആഗ്രഹിക്കുകയാണ്.
ജൂൾസിന്റെ സംഭാഷണത്തിലെ വേദവാക്യത്തിന്റെ അർഥം ഇവിടെ തെളിഞ്ഞു വരുന്നു. വേദപുസ്തകത്തിലെ ‘എസക്കിയേൽ 25: 17’നെക്കുറിച്ചുള്ള റ്ററന്റിനോയുടെ വ്യാഖ്യാനപ്രകാരം മൂന്നു തരത്തിലുള്ള മനുഷ്യപദവിയാണ് ജൂൾസ് മനുഷ്യരാശിക്ക് നല്‍കുന്നത്: 1) ദുർബലർ, 2) തിന്മയും ശക്തിയും ഉള്ളവർ, 3) കുഞ്ഞാടുകളുടെ വഴികാട്ടി അഥവാ നല്ല ഇടയൻ. ജൂൾസ് എന്ന സാമുവൽ ജോൺസിന്റെ കഥാപാത്രം തിന്മയുടെയും ശക്തിയുടെയും വഴിയിൽനിന്നു മാറി ഒരു നല്ല ഇടയനായി ജീവിക്കുന്നയാളാണ്. ടോമി പ്ലിംടൺ ആയി, നല്ലൊരു അമ്മയായി, അല്ലെങ്കില്‍ ജീവിതം നല്കുന്ന ഒരാളായി മാറാൻ ആഗ്രഹിക്കുന്ന ബിയാട്രിക്സ് തന്റെ പഴയ തൊഴിലായ ഫ്രഫഷനൽ കൊലപാതകി എന്ന അല്ലെങ്കില്‍ ജീവിതം നശിപ്പിക്കുന്ന പദവിയിൽനിന്ന് മാറാനാണ് ശ്രമിച്ചത്. ജൂൾസ് പക്ഷേ, ജീവിതത്തെ നേരിട്ടു അഭിമുഖീകരിക്കുന്ന നല്ല ഇടയനായി മാറാൻ ശ്രമിക്കുമ്പോൾ ബിയാട്രിക്സ് ഒരു ‘ദുർബലമനുഷ്യ’നാവാനാണ് ആഗ്രഹിക്കുന്നത്. ഒരു നല്ല ഇടയന്റെ ജീവിതംപോലും ഹിംസയിൽനിന്നു മുക്തമല്ല എന്ന തിരിച്ചറിവുള്ള ബിയാട്രിക്സ് ദുർബലതയുടെ വഴിയിലൂടെ, സ്വയം ത്യാഗത്തിലൂടെ, ഹിംസയുടെ ലോകത്തെ പാടെ ഉപേക്ഷിക്കാനാണ് ശ്രമിക്കുന്നത്. ലോകത്തിന്റെ ഹിംസയെ ചെറുത്ത് നല്ല ഇടയനായി മരിക്കുന്ന ജൂൾസും ദുർബലതയെ സ്വീകരിച്ചു മുന്നോട്ടുപോകുന്ന ബിയാട്രിക്സും കുരിശിന്റെ വഴിയിലെ രണ്ട് അവസ്ഥകളെയാണ് പ്രതിനിധാനംചെയ്യുന്നത്. ഈ രണ്ട് അവസ്ഥകളിലും ശക്തരുടെ ഹിംസയെ നിഷേധിക്കാനും ത്യാഗത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനുമാണ് ശ്രമങ്ങളുള്ളത്. തീർച്ചയായും ക്രൈസ്തവ ദൈവശാസ്ത്രത്തിലെ ഏറ്റവും മികവാർന്ന പ്രശ്നപരിസരമാണിത്. ഏറ്റവും പരമപ്രധാനമായ കാര്യം, ഹിംസയുടെ ലോകത്തെ മറികടക്കാൻ ശ്രമിക്കുന്ന ബിയാട്രിക്സും ജൂൾസും പുതിയതരത്തിലുള്ള സ്വയംത്യാഗത്തിന്റെ നീതിയാണ് മുന്നോട്ടുവെക്കാൻ ശ്രമിക്കുന്നത് എന്നതാണ്.
ഹിസ്റ്റോറിക്കൽ ഫിക്ഷനിലെ പ്രതികാര നീതി
റ്ററന്റിനോയുടെ ആദ്യകാല ക്രൈം ഫിക്ഷൻ ചലച്ചിത്രങ്ങളിലെ സ്വയംത്യാഗത്തിന്റെ പ്രമേയങ്ങൾ പിന്നീട് വരുന്ന ‘ഇൻഗ്ലോറിയസ് ബാസ്റ്റഡ്സ്’ (2009), ‘ജാങ്കോ അൻചെയിൻഡ്’ (2012), ‘ഹെയ്റ്റ് ഫുൾ എയ്റ്റ്’ (2015), ‘വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്’ (2019) തുടങ്ങിയ ഹിസ്റ്റോറിക്കൽ ഫിക്ഷൻ ചലച്ചിത്രങ്ങളിൽ കാണുന്നില്ല. മാത്രമല്ല, ഈ ചലച്ചിത്രങ്ങളിലുടനീളം പ്രതികാരത്തിന്റെ ഹിംസയാണ് വിസ്തരിച്ചു കടന്നുവരുന്നത്. യേശുവിന്റെ ത്യാഗത്തെ ഹിംസയെ തടയുന്ന തരത്തിൽ വായിക്കാവുന്ന പ്രധാന കഥാപാത്രങ്ങൾ ഈ ചലച്ചിത്രങ്ങളിൽ മുഖ്യ റോളുകളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. എങ്കിലും, റ്ററന്റിനോയുടെ ചലച്ചിത്രങ്ങളും ക്രിസ്ത്യൻ ദൈവശാസ്ത്രവും തമ്മിലെ ബന്ധം മറ്റൊരു രീതിയിൽ അദ്ദേഹത്തിന്റെ പിൽക്കാല ചലച്ചിത്രങ്ങളിൽ ആവര്‍ത്തിക്കുന്നുണ്ടെന്നും അതിനു കാരണമായ പുതിയൊരു പ്രമേയപരിസരം അവിടെ വികസിക്കുന്നുണ്ടെന്നും നിരീക്ഷിക്കാൻ കഴിയും.
യേശുവിന്റെ ത്യാഗം പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വിമോചനത്തിന്റെയും ദൈവശാസ്ത്രമാണ്. ഇതിന്റെ തുടർച്ചയെന്നോണം ക്രൈം ഫിക്ഷൻ സ്വഭാവമുള്ള ചലച്ചിത്രങ്ങളെ മുൻനിർത്തിയാണ് റ്ററന്റിനോ ത്യാഗത്തിന്റെ നീതിയെ കൈകാര്യം ചെയ്തത്. എന്നാൽ, പിന്നീടുള്ള ചലച്ചിത്രങ്ങളില്‍, പാശ്ചാത്യ ആന്തരികചരിത്രത്തിലെ പ്രശ്നകരമായ അധ്യായങ്ങളാണ് റ്ററന്റിനോ കൈകാര്യംചെയ്യുന്നത്. ‘ക്ലാർക്, ഇൻഗ്ലോറിയസ് ബാസ്റ്റഡ്സി’ൽ നാസിസത്തെക്കുറിച്ചും ‘ജാങ്കോ അൻചെയിൻഡി’ലും ‘ഹെയ്റ്റ്ഫുൾ എയ്റ്റി’ലും അമേരിക്കയിൽ നിലനിന്ന അടിമത്ത-വംശീയ വ്യവസ്ഥയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ഒമ്പതാമത്തെയും ഇതുവരെ ഇറങ്ങിയതിൽ അവസാനത്തേതുമായ ‘വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്’ (2019) ഹിസ്റ്റോറിക്കൽ ഫിക്ഷൻ എന്ന നിലയിൽ ഹോളിവുഡിന്റെ തന്നെ ചരിത്രത്തെക്കുറിച്ചുള്ള വേറിട്ട സിനിമയാണ്. സമാനമായ പ്രമേയങ്ങൾ ഈ അവസാന സിനിമയിലും തുടരുന്നുണ്ട്. ക്രൈം ഫിക്ഷനില്നിന്നു ഹിസ്റ്റോറിക്കൽ ഫിക്ഷനിലേക്ക് മാറുമ്പോൾ ചരിത്രത്തിലെ ഇരകളെ അദ്ദേഹം സിനിമാ ഹീറോകളാക്കി മാറ്റുന്നു. ചരിത്രത്തിലെ ഹിംസയോട് സിനിമയിലൂടെ പ്രതികാരം ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രതികാരനീതി മറ്റൊരു രീതിയിൽ ഈ ചലച്ചിത്രങ്ങളിൽ ആവർത്തിക്കുമ്പോഴും അതിന്റെ ദൈവശാസ്ത്രസ്വഭാവം ഏറെ സങ്കീർണമായി തുടരുന്നു.
അഡോൾഫ് ഹിറ്റ്ലറെ കൊന്നും അടിമവ്യാപാരികളെ വേട്ടയാടി നശിപ്പിച്ചും സ്ക്രീനിൽ പ്രതികാരം നിറച്ചു പ്രേക്ഷകന്റെ ഫാന്റസിയെ തൃപ്തിപ്പെടുത്തുന്ന ഈ ചലച്ചിത്രങ്ങൾ പക്ഷേ, വ്യത്യസ്തമായ ഒരു കുറ്റബോധത്തിന്റെ തലത്തിലൂടെയും സഞ്ചരിക്കുന്നുണ്ട്. ‘ഇൻഗ്ലോറിയസ് ബാസ്റ്റഡ്സ്’ എന്ന സിനിമയിൽ നാസികളോട് പ്രതികാരംചെയ്യുന്ന അമേരിക്കൻ സൈനികർ പക്ഷേ നാസികളെപ്പോലെതന്നെയാണ് പെരുമാറുന്നത്. ‘ജാങ്കോ അൻചെയിൻഡ്’ എന്ന സിനിമ പുറത്തിറങ്ങിയത് ബറാക് ഒബാമയുടെ അമേരിക്കന്‍ കാലത്താണ്. ആരാണ് അടിമകളുടെ പുതിയ ഉടമ എന്ന ചോദ്യം സിനിമയുടെ ഭാഗമാണ്. ‘ഇൻഗ്ലോറിയസ് ബാസ്റ്റഡ്സ്’ കാണുമ്പോള്‍, ജോസഫ് ഗീബൽസിന്റെ പ്രൊപഗാൻഡ സിനിമക്ക് കൈയടിക്കുന്ന അതേ കാണികളുടെ പ്രതികാരബോധംതന്നെയാണോ നാസികളെ ഫിക്ഷനിലൂടെ കൊന്നൊടുക്കുമ്പോൾ സമകാലികപ്രേക്ഷകരും അനുഭവിക്കുന്നത് എന്ന പ്രശ്നമുണ്ട്. സിനിമയുടെ ആഹ്ലാദം നല്കുന്ന പ്രതികാരനീതിയുടെ പ്രശ്നമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്. കരുത്തരായ രണ്ട് അടിമകൾ തമ്മിൽ മല്ലടിച്ച് പോരാടുമ്പോൾ അത് കണ്ടു രസിക്കുന്ന പ്രേക്ഷകനായ പ്ലാന്റേഷൻ ഉടമയെ കാണിക്കുന്ന ‘ജാങ്കോ അൻചെയിൻഡ്’, സമാനമായ കാഴ്ചയുടെ പ്രതികാരമാണോ കാണികളില്‍ ‘പ്രതികാര നീതി’യിലൂടെ അനുഭവിപ്പിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. നാസികളുടെ ഹിംസയെയും അടിമത്തവ്യവസ്ഥയുടെ നടത്തിപ്പുകാരെയും മാത്രമല്ല, ഇന്നത്തെ സിനിമാ കാണികളുടെ നീതിബോധത്തെയാണ് ഈ സിനിമ അഭിസംബോധന ചെയ്യുന്നത്. ക്രൈം ഫിക്ഷനിൽ ത്യാഗനീതിയെ ഉയർത്തിപ്പിടിച്ച റ്ററന്റിനോ പക്ഷേ, ഹിസ്റ്റോറിക്കൽ ഫിക്ഷനിൽ പ്രതികാരനീതിയുടെയും ഹിംസയുടെയും ആവർത്തനത്തിന്റെ പ്രശ്നങ്ങളാണ് കൂടൂതൽ ചർച്ചചെയ്യുന്നത് എന്നു പറയാനുള്ള കാരണമിതാണ്.
‘ഇൻഗ്ലോറിയസ് ബാസ്റ്റഡ്സ്’ എന്ന സിനിമയിലെ ബ്രിഡ്ജറ്റ് വോൻ ഹമ്മെസ്മാക്കിന്റെയും ഹ്യൂഗോ സ്റ്റിഗ്ലിസിന്റെയും കഥാപാത്രങ്ങളെത്തന്നെ എടുക്കുക. ജർമനിക്കാരല്ലാത്ത ജൂതൻമാരായിട്ടും ഹിറ്റ്ലർക്കെതിരെ പോരാടാൻ അവർ തീരുമാനിക്കുന്നു. ഹിറ്റ്ലർക്കെതിരായ പോരാട്ടത്തിൽ അവർ പ്രത്യേക ന്യായങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ലെങ്കിലും സ്വയംത്യാഗത്തിലൂടെയാണ് അവരുടെ കഥാപാത്രങ്ങൾ മുന്നോട്ടുപോവുന്നത്. ലോകത്തെ ചൂഴ്ന്നുനിൽക്കുന്ന ഹിംസയോട് വിവിധ രീതിയിൽ പ്രതികരിക്കുന്നവരാണ് റ്ററന്റിനോയുടെ കഥാപാത്രങ്ങൾ.
എന്നാൽ, ക്രൈം ഫിക്ഷനിൽനിന്നു ഹിസ്റ്റോറിക്കൽ ഫിക്ഷനിലേക്ക് എത്തുമ്പോൾ ഹിംസയുടെ തുടർച്ചയെ മറികടക്കുന്ന കാര്യത്തിൽ അശുഭാപ്തിവിശ്വാസം കൂടിവരുന്നുണ്ട്. പൾപ്പ് ഫിക്ഷനിലും ‘കിൽ ബിൽ’ സീരീസിലും ഹിംസയെ മറികടക്കുന്ന ദുർബലരും നല്ല ഇടയരും പ്രധാന കഥാപാത്രങ്ങളായിരുന്നു. എന്നാൽ ‘ഇൻഗ്ലോറിയസ് ബാസ്റ്റഡ്സി’ലും ‘ഡാങ്കോ അൻചെയിൻഡി’ലും നല്ല ഇടയനെ പ്രതിനിധാനംചെയ്യുന്ന കഥാപാത്രങ്ങൾ സിനിമയുടെ പാർശ്വത്തിലേക്ക് മാറ്റിവെക്കപ്പെട്ടു. ഹിംസയെ മറികടക്കുന്നതിലുള്ള അശുഭാപ്തിയാണ് ഈ രണ്ടു ചലച്ചിത്രങ്ങളിലും കൂടുതലായി ചിത്രീകരിക്കപ്പെടുന്നത്. ഹിംസയുടെ ചാക്രികതയെയും തുടർച്ചയെയും ഉറപ്പുവരുത്തുന്ന പ്രതികാരഹിംസ ഈ ചലച്ചിത്രങ്ങളിൽ അധികദൃശ്യത കൈവരിക്കുകയും ത്യാഗനീതി ഓരങ്ങളിലേക്കു തള്ളപ്പെടുകയും ചെയ്തു.
ഡോ. കിങ് ഷൂൾസ് എന്ന സന്ദിഗ്ധത
യേശുവിന്റെ ത്യാഗനീതി ഒരു പശ്ചാത്തലമായും അനുബന്ധമായും തുടരുന്നുവെന്നാണ് ഹിസ്റ്റോറിക്കൽ ഫിക്ഷൻ സ്വഭാവത്തിലുള്ള റ്ററന്റിനോ ചലച്ചിത്രങ്ങളിൽ സംഭവിക്കുന്നത്. പ്രതികാരഹിംസയെ ദൃശ്യമാക്കുമ്പോഴും ത്യാഗനീതിയെ റ്ററന്റിനോ പൂർണമായും ഉപേക്ഷിക്കുന്നില്ല. പകരം അത് പാർശ്വങ്ങളിൽ തുടരുന്നു. ജാങ്കോ അൻചെയിൻഡ് എന്ന സിനിമയിലെ ഡോ. കിങ് ഷൂൾസിന്റെ (ക്രിസ്റ്റോഫ് വാൾട്ട്സ്) ആത്മത്യാഗം കൂടുതൽ വിശദീകരണമർഹിക്കുന്നതിന്റെ കാരണവുമിതാണ്.
യേശുവിന്റെ മാതൃകയിലുള്ള സ്വയംത്യാഗത്തിന്റെ മാര്‍ഗത്തിലൂടെയാണ് ഡോ. ഷൂൾസ് സഞ്ചരിക്കുന്നത്. അടിമമോചനത്തിനായി പോരാടുക മാത്രമല്ല അവരുടെ ജീവിതത്തിൽ സ്വാതന്ത്ര്യം സാക്ഷാത്കരിക്കാൻ അദ്ദേഹം പ്രവർത്തിക്കുന്നു. അടിമകളുടെ പീഡിതാനുഭവത്തോട് അദ്ദേഹം ആഴത്തിൽ താദാത്മ്യപ്പെടുന്നു. ആ വഴിയിൽ മരണം ഏറ്റുവാങ്ങുന്നു. യേശുവിന്റെ ത്യാഗത്തോടുള്ള ഈ കഥാപാത്രത്തിന്റെ സാമ്യത വളരെ വ്യക്തമാണ്. എന്നാൽ, അക്കാലത്ത് വെള്ളക്കാരനായ ഒരു കഥാപാത്രത്തിന്റെ ഇത്തരമൊരു റോളിന്റെ പ്രതിനിധാനപ്രശ്നത്തെക്കുറിച്ച് റ്ററന്റിനോയോട് പത്രപ്രവർത്തകർ ചോദിക്കുന്നുണ്ട്. അടിമകളുടെ പ്രതികാരത്തെക്കുറിച്ചു സംസാരിക്കുമ്പോൾ യേശുവിന്റെ ത്യാഗം ഒരു വെള്ളക്കാരനിലൂടെ കാണിക്കുന്നതിന്റെ കുഴപ്പമാണത്. എന്നാൽ, സിനിമാപ്രേക്ഷകർക്ക് പലരീതിയിൽ അഴിച്ചെടുക്കാവുന്ന ഒരു പ്രശ്നമാണിതെന്നും വിവിധ സാധ്യതകൾ ഈ കഥാപാത്രത്തിനുണ്ടെന്നും അതൊക്കെ പ്രേക്ഷകരിൽനിന്നു കേൾക്കാൻ താനാഗ്രഹിക്കുന്നുവെന്നും അദ്ദേഹം മറുപടി പറയുന്നു. ‘വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്’ (2019) തന്നെ സിനിമയുടെ പാഠത്തെക്കുറിച്ചുള്ള ഒരു അധികവായനയാണ് റ്ററന്റിനോ സങ്കൽപിക്കുന്നത്. റ്ററന്റിനോതന്നെ നൽകാൻ ആഗ്രഹിക്കുന്ന പ്രേക്ഷക (അധിക) വായനാസാധ്യതയുടെ ചില വശങ്ങളാണ് തുടർന്ന് ഈ ലേഖനത്തില്‍ വിശദമാക്കുന്നത്.
രക്ഷപ്പെടുന്ന അടിമകളെ കണ്ടുപിടിക്കുകയും എന്നിട്ട് ഒന്നുകിൽ കൊല്ലുകയോ അല്ലെങ്കിൽ നിയമത്തിനു മുന്നിൽ ഹാജരാക്കുകയോ ചെയ്യുന്ന ഒരാളായിരുന്നു ഷൂൾസ് ആദ്യം. അതോടൊപ്പം അടിമവ്യാപാരത്തിലും അയാൾ ഏർപ്പെട്ടിരുന്നു. എന്നാൽ, അടിമകളുടെ ജീവിതം കണ്ട ഷൂൾസിന്റെ മനസ്സ് പതുക്കെ മാറി. അടിമവ്യവസ്ഥയിലുള്ള തന്റെ പങ്ക് ആഴത്തിൽ തിരിച്ചറിഞ്ഞ ഷൂൾസ് അതിനെതിരെ പോരാടാൻ തീരുമാനിച്ചു. ഓടിപ്പോകുന്ന അടിമകളെ പിടിച്ചു കൊണ്ടുപോയി നിയമം നടപ്പാക്കുന്ന ഒരാളെന്ന നിലയിൽ അടിമവ്യവസ്ഥയിൽ തനിക്ക് പങ്കില്ലെന്നാണ് ഷൂൾസ് കരുതിയിരുന്നത്. നിയമപാലകൻ എന്ന ദൗത്യനിർവഹണം മാത്രമാണ് ഷൂൾസ് ലക്ഷ്യമിട്ടത്. എന്നാൽ, അടിമവ്യവസ്ഥയിൽ നിയമവാഴ്ച എന്നത് മനുഷ്യനെ ഒരു ചരക്കാക്കി വിൽക്കുന്ന വ്യവസ്ഥയുടെ തുടർച്ചയാണെന്ന തിരിച്ചറിവ് ഷൂൾസിനുണ്ടാവുന്നു. അടിമവ്യവസ്ഥ എന്ന ഈ ലോകത്തിന്റെ തിന്മയിൽ തന്റെ പങ്കാളിത്തം തിരിച്ചറിഞ്ഞു നിശ്ശബ്ദനായിരിക്കാൻ ഷൂൾസ് തയാറാവുന്നില്ല. എല്ലാവരും പാപികളാണെന്നു കരുതി നിശ്ശബ്ദമായിരിക്കാൻ തയാറാകാതെ പാപത്തോട് ആത്മത്യാഗത്തിലൂടെ പ്രതികരിക്കാൻ ഷൂൾസ് തയാറാവുന്നു.
എന്തുകൊണ്ട് സിനിമയുടെ അവസാനം ഷൂൾസ് കൊല്ലപ്പെട്ടു എന്നതിന്റെ ഉത്തരവും ഈ മാറ്റത്തിലുണ്ട്. ലോകത്തിന്റെ ഹിംസയോടു പ്രതികരിക്കാൻ ശ്രമിക്കുന്ന നീതിമാൻ സ്വയംത്യാഗത്തിലൂടെ കൊല്ലപ്പെടുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും റ്ററന്റിനോ നൽകുന്നില്ല. ജീവിതം തുടരാൻ പ്രതികാരനീതിക്കു മുന്നിൽ ത്യാഗ നീതി വഴിമാറുന്ന ചിത്രമാണിത്. സിനിമയുടെ അവസാനത്തില്‍, ചിതറിക്കിടക്കുന്ന നിരവധി അടിമവ്യാപാരികളുടെ മൃതദേഹങ്ങള്‍ക്കിടയിലാണ് ഷൂൾസിന്റെ മൃതദേഹവും കിടക്കുന്നത്. അവസാനരംഗത്ത് വിമോചിതനായ ജാങ്കോ ഷൂൾസിന്റെ മൃതദേഹത്തിനരികെ വരുന്നുണ്ട്. തന്റെ മോചനപത്രം മരിച്ചുകിടക്കുന്ന ഷൂൾസിന്റെ കീശയിൽനിന്നു വലിച്ചെടുക്കുന്ന ജാങ്കോ നിർവികാരതയോടെ ഗുഡ് ബൈ (auf wiedersehen എന്നു ജർമൻ ഭാഷയിൽ) എന്നു പറഞ്ഞു കുതിരയോടിച്ചു പോവുന്നു. പശ്ചാത്തലത്തിൽ ‘വെസ്റ്റേൺ’ ചലച്ചിത്രങ്ങളിൽ പൊതുവെ കേൾക്കുന്ന ചാട്ടയടിയുടെ ശബ്ദം മാത്രം ബാക്കിയാവുന്നു.
ക്രൈം ഫിക്ഷനിൽ നേരിട്ടും ഹിസ്റ്റോറിക്കൽ ചലച്ചിത്രങ്ങളിൽ പരോക്ഷമായും കുരിശിലെ ത്യാഗത്തിന്റെ അർഥത്തെക്കൂടിയാണ് റ്ററന്റിനോ മറ്റൊരു രീതിയിൽ പുനരാലോചനക്കു വിധേയമാക്കുന്നത്. ലോകത്തിന്റെ ഹിംസയുടെ മേൽ വിജയംവരിക്കാനുള്ള സ്വയംത്യാഗത്തിന്റെ ഫലപ്രാപ്തിയെ തന്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ ശുഭാപ്തിവിശ്വാസത്തോടെ ഉയർത്തിപ്പിടിച്ച റ്ററന്റിനോ അവസാന ചലച്ചിത്രങ്ങളിൽ സ്വയംത്യാഗത്തിന്റെ വഴിയെക്കുറിച്ചു വാചാലമായ പ്രതീക്ഷകൾ നൽകുന്നില്ല. ക്രൈസ്തവവീക്ഷണത്തിൽനിന്നു മാറി മനുഷ്യരാശിയെക്കുറിച്ചുള്ള ദുരന്തപൂർണമായ അസ്തിത്വദർശനത്തിലേക്കാണ് പ്രതികാരനീതിക്കു പ്രാമുഖ്യം നൽകുന്നതിലൂടെ ഒടുവിൽ റ്ററന്റിനോ സഞ്ചരിക്കുന്നത്. ശക്തനെ ശക്തികൊണ്ടു നേരിടാൻമാത്രം ശ്രമിക്കുന്ന പ്രതികാരനീതിയിൽ അധിഷ്ഠിതമായ കഥാപാത്രങ്ങൾ ദുർബലനെയും നല്ല ഇടയനെയും ഒരിക്കലും ജീവിതം നൽകാൻ സമ്മതിക്കുന്നില്ല. പൾപ് ഫിക്ഷനിലും ‘കിൽ ബിൽ’ സീരീസിലും കണ്ട ജീവിതോന്മുഖമായ ചോയ്സുകൾ പുതിയ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് റ്ററന്റിനോ നൽകുന്നില്ല.
ഹിംസയുടെ ദൃശ്യപരമായ അതിപ്രസരം നിറഞ്ഞ റ്ററന്റിനോ ചലച്ചിത്രങ്ങൾ ഹിംസയുടെ അതിപ്രസരത്തെ മറികടക്കാനുള്ള വഴികളുടെ സാംഗത്യത്തെക്കുറിച്ചുള്ള ആലോചനകളാൽ സമ്പന്നമാണ്. ഹിംസയുടെ അതിപ്രസരത്തെ വിമർശനാത്മകമായി പരിശോധിക്കുമ്പോഴും പ്രതികാരഹിംസയുടെയോ ത്യാഗനീതിയുടെയോ പരിഹാരത്തെ ഏകപക്ഷീയമായി മുന്നോട്ടുവെക്കുന്നില്ല എന്നത് റ്ററന്റിനോ ചലച്ചിത്രങ്ങളെ അന്തിമ വിശകലനത്തിൽ അനിർവചനീയമായൊരു സാമൂഹിക-രാഷ്ട്രീയാനുഭവമാക്കുന്നു. ഇതാവട്ടെ കുരിശിലെ യേശുവിന്റെ ത്യാഗസന്ദേശത്തെ മനുഷ്യാനുഭവത്തിന്റെ തലത്തിൽ പുനരാലോചനക്കു വിധേയമാക്കുന്ന രാഷ്ട്രീയ-ദൈവശാസ്ത്ര ഇടപെടലാണ്.