കേരള ക്രൈം ഫയല്‍സ് തിരക്കഥയുടെ പുതുവഴി
പ്രതിയിലേക്ക് നീളുന്ന അന്വേഷണം, സസ്പെൻസും ആകാംക്ഷയും നിറച്ച് അവതരിപ്പിക്കുന്നതിൽ സംവിധായകൻ അഹമ്മദ് കബീറിനൊപ്പം രചയിതാവ് ആഷിക് ഐമറും വിജയിച്ചിട്ടുണ്ട്. കേരള ക്രൈം ഫയലിലേക്ക് എത്തിയ കഥ ആഷിക് ഐമർ പങ്കുവെക്കുന്നു
ഷിജു, പാറയില്‍ വീട്, നീണ്ടകര... വ്യാജ വിലാസത്തിൽ കേരള പൊലീസിനെ വട്ടം ചുറ്റിച്ച ഈ പ്രതിക്കു പിന്നാലെയാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ. മലയാളത്തിൽ ആദ്യമായി ഇറങ്ങിയ വെബ് സീരീസ് ‘കേരള ക്രൈം ഫയല്‍സ് ഷിജു, പാറയില്‍ വീട്, നീണ്ടകര’ ഹോട്ട്സ്റ്റാറില്‍ സൂപ്പർ ഹിറ്റാണ്.
ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് ആകാംക്ഷ നിറച്ച പുതിയ കാഴ്ചാനുഭവം. ഒ.ടി.ടിയുടെ വരവോടെ അന്യഭാഷ വെബ് സീരീസുകൾ കണ്ടു പരിചയിച്ച മലയാളികൾക്ക് കേരള ക്രൈം ഫയല്‍ അതേ നിലവാരത്തിൽ കണ്ടിരിക്കാനാകും. പ്രതിയിലേക്ക് നീളുന്ന അന്വേഷണം, സസ്പെൻസും ആകാംക്ഷയും നിറച്ച് അവതരിപ്പിക്കുന്നതിൽ സംവിധായകൻ അഹമ്മദ് കബീറിനൊപ്പം രചയിതാവ് ആഷിക് ഐമറും വിജയിച്ചിട്ടുണ്ട്. കേരള ക്രൈം ഫയലിലേക്ക് എത്തിയ കഥ ആഷിക് ഐമർ പങ്കുവെക്കുന്നു.
സീൻ-1
സ്കൂൾ പഠനകാലത്ത് നാടകങ്ങൾ എഴുതി അഭിനയിച്ചും സംവിധാനം ചെയ്തുമാണ് ആഷിക് ഐമറിന്റെ കലാരംഗത്തേക്കുള്ള പ്രവേശനം. പതിയെ സിനിമ സ്വപ്നം കണ്ടുതുടങ്ങി. മലപ്പുറം വളാഞ്ചേരിക്കാരന് സിനിമാലോകം അന്ന് ഒരുപാട് ദൂരെയുള്ള മറ്റൊരു ലോകമായിരുന്നു. എന്നാലും ആശ കൈവിട്ടില്ല. കാമറ കൈകാര്യം ചെയ്യുന്നത് പഠിച്ചാൽ കാഴ്ചകൾക്ക് ദൃശ്യതവരും എന്ന് തോന്നിത്തുടങ്ങി. നാട്ടിലെ കല്യാണങ്ങൾക്ക് സ്റ്റുഡിയോ സംഘത്തിനൊപ്പം ലൈറ്റ്ബോയി ആയി പലയിടത്തും പോയി. പിന്നെ കാമറ കൈയിൽ കിട്ടിത്തുടങ്ങി. അങ്ങനെ ആ വിദ്യ പഠിച്ചുവെച്ചു. പിന്നീട് കാഴ്ചകൾക്ക് ഒരു ചതുരാകൃതി കൈവന്നു.
ഡിഗ്രിക്ക് തിരഞ്ഞെടുത്തത് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം. അതോടെ സിനിമ ആവേശം കൂടി. സംവിധായകരോട് അവസരം ചോദിച്ചുനടക്കലായി പിന്നെയുള്ള ജോലി. ഒന്നും ശരിയായിവന്നില്ല. സ്വപ്നങ്ങൾക്കുമേൽ നിരാശയുടെ മൂടുപടം വന്നുമൂടി. ഇതിനിടെ, ചെറിയ ഷോർട്ട് ഫിലിം പരീക്ഷണങ്ങൾ നടത്തി നാട്ടിൽ ഒതുങ്ങി.
അങ്ങനെയിരിക്കെയാണ് നാട്ടുകാരനായ സക്കരിയ സ്വന്തമായി സിനിമ എടുത്തു വൻ വിജയത്തിലെത്തിയത്. അത് വലിയ പ്രചോദനമായി. ആഷിക് ഐമർ പിന്നെ ആർക്കും പിറകെ പോയില്ല, സ്വന്തമായി എഴുത്ത് ആരംഭിച്ചു. അതിനൊരു തിരക്കഥയുടെ രൂപവും വന്നു. ആ കഥ ‘കുഞ്ഞിരാമായണം’ എഴുതിയ ദീപു പ്രദീപിനെ കാണിച്ചു.
സീൻ-2
ആഷിക് ഐമറിൽ ഒരു തിരക്കഥാകൃത്തുണ്ടെന്ന് കഥ വായിച്ച ദീപു പ്രദീപ് ആത്മവിശ്വാസം നൽകി. സംവിധായകൻ അഹമ്മദ് കബീറിനെ ബന്ധപ്പെടുത്തി നൽകുകയും ചെയ്തു. അത് ആഷിക് ഐമറിന്റെ സിനിമയിലേക്കുള്ള വാതിലുമായി. സിനിമ ചർച്ചകൾ സജീവമായി. അതിനൊടുവിൽ ‘ഇൻഷാ അല്ല’ എന്ന പേരിൽ അഹമ്മദ് കബീറും ആഷിക് ഐമറും സിനിമ പ്രഖ്യാപിച്ചു. ഷൂട്ട് തുടങ്ങാനിരിക്കെ കോവിഡും പിറകെ ലോക്ഡൗണും വന്നുവീണു. അതോടെ അത് മുടങ്ങി. കോവിഡ് കാലത്ത് എങ്ങനെ സിനിമ ചെയ്യാം എന്ന ചിന്തയിൽനിന്ന് ആഷിക് ഐമറിന്റെ എഴുത്തിൽ ‘മധുരം’ പിറന്നു. റിലേഷൻഷിപ്പുകളുടെ കഥ പറയുന്ന മധുരം പ്രേക്ഷകർ ഏറ്റെടുത്തു. മധുരത്തിന്റെ വിജയത്തിനു പിറകെ മറ്റൊരു സിനിമ എഴുത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി വെബ് സീരീസ് ഓഫർ എത്തിയത്.
സീൻ-3
അതുവരെ മനസ്സിൽ പോലും ഇല്ലാത്ത ഒന്നായിരുന്നു വെബ് സീരീസ്. പെട്ടെന്ന് ഓഫർ വന്നപ്പോൾ ആദ്യം ഒന്ന് പകച്ചെങ്കിലും ഏറ്റെടുത്തു. 15 ദിവസം ഡെഡ്ൈലൻ വെച്ചാണ് സ്ക്രിപ്റ്റ് ആവശ്യപ്പെട്ടത്. വലിയൊരു പ്രേക്ഷകരെ ആകർഷിക്കുകയും സാധാരണക്കാരെ പിടിച്ചിരുത്തുകയും ചെയ്യുന്ന ഒരു സീരീസാണ് വേണ്ടിയിരുന്നത്. അത് വലിയ വെല്ലുവിളിയായിരുന്നു. സമയം കുറച്ച്, കഥാപാത്രങ്ങൾക്ക് പൂർണത വരുത്തുകയും ലളിതമായ ഒരു കഥ സസ്െപൻസോടെ പറയാനുമാണ് പിന്നെ ശ്രമിച്ചത്. ലൈംഗിക തൊഴിലാളിയുടെ കൊലപാതകവും അത് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്റെ യാത്രയും പൊലീസിൽനിന്ന് വഴുതിമാറുന്ന പ്രതിയുടെ ഒളിവുജീവിതവും വൺലൈനായി മനസ്സിലെത്തി. അതിനെ ഒരുക്കിയെടുത്ത്
ആറു ദിവസങ്ങളിലെ ഫ്രെയിമുകളാക്കി ഒതുക്കി. അഹമ്മദ് കബീർ ആ കഥ ആറ് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലറാക്കി അവതരിപ്പിച്ചപ്പോൾ കാണികളും ത്രില്ലിലായി. വെറും കുറ്റാന്വേഷണ കഥ എന്നതിലപ്പുറം പൊലീസുകാരുടെയും ലൈംഗിക തൊഴിലാളികളുടെയും പ്രതിയുടെ പോലും വ്യക്തിജീവിതങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ചിത്രം പറഞ്ഞുപോകുന്നുണ്ട്.
സീൻ-4
പെരിന്തൽമണ്ണ എം.ഇ.എസ് കോളജിൽ ജേണലിസം അധ്യാപകനായിരിക്കെയാണ് ആഷിക് ഐമറിന്റെ സിനിമ എഴുത്തു പരീക്ഷണങ്ങൾ നടക്കുന്നത്. ആദ്യ രണ്ടു ശ്രമങ്ങൾ വിജയിക്കുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തതോടെ എഴുത്ത് സ്ഥിരമാക്കാനുള്ള തീരുമാനത്തിലാണ്. വലിയൊരു തിയറ്റർ സിനിമയാണ് അടുത്ത ലക്ഷ്യം. അധ്യാപക ജോലി താൽക്കാലികമായി നിർത്തി അതിനായുള്ള തയാറെടുപ്പിലാണിപ്പോൾ. പിതാവ് മുഹമ്മദ് കുട്ടി, മാതാവ് സലീന, സഹോദരങ്ങളായ മുഹ്‌സിന ഷെറിൻ, മിൻഹ ഫാത്തിമ, ഭാര്യ ജിഫ റസാഖ് എന്നിവർ അനേകായിരം പ്രേക്ഷകർക്കൊപ്പം ആഷിക്കിന്റെ കഥകൾക്കായി കാത്തിരിപ്പുണ്ട്. അതുകൊണ്ടുതന്നെ ആഷിക് ഐമറിന് ഇനി എഴുതാതെ വയ്യ, കഥ തുടരും...