ജി.പി. രാമചന്ദ്രൻ 'ദ കശ്മീർ ഫയൽസ്' എന്ന ഫിലിമിനെക്കുറിച്ച്
'ദ കശ്മീർ ഫയൽസ്' കൃത്രിമമായ ചലച്ചിത്ര കൗശലം ആണെന്നാണ് നദാവ് ലാപിഡ് വിശദീകരിച്ചത്. എന്നാൽ വിവാദങ്ങളോ തർക്കങ്ങളോ സിനിമകളിൽ വരാൻ പാടില്ല എന്നല്ല
53ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ അന്താരാഷ്ട്ര ജൂറി പ്രസിഡന്റ് നദാവ് ലാപിഡ് നടത്തിയ പരാമർശങ്ങളിലൂടെ ഇഫി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഫെസ്റ്റിവൽ; ഫിലിം ഫെസ്റ്റിവലുകളുടെ ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യയുടെ സംസ്കാര/രാഷ്ട്രീയ/സിനിമ ചരിത്രത്തിൽതന്നെ അസാധാരണ സ്ഥാനം കൈവരിച്ചിരിക്കുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 15 സിനിമകളുടെ കൂട്ടത്തിൽ 14ഉം പരിഗണിക്കപ്പെടാൻ യോഗ്യമാണെന്നും എന്നാൽ, കശ്മീർ ഫയൽസ് എന്ന സിനിമ വിലകുറഞ്ഞ പ്രചാരവേല മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഗോവ പോലെ ലോക സിനിമ രംഗം ശ്രദ്ധിക്കുന്ന ഒരു ഫെസ്റ്റിവലിൽ ഈ സിനിമ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു എന്നാണദ്ദേഹം ചോദിച്ചത്. കേന്ദ്രമന്ത്രിയടക്കം വേദിയിലുണ്ടായിരുന്നു.
കശ്മീർ ഫയൽസ് കൃത്രിമമായ ചലച്ചിത്ര കൗശലം (സിനിമാറ്റിക് മാനിപുലേഷൻ) ആണെന്നാണ് നദാവ് ലാപിഡ് വിശദീകരിച്ചത്. ശബ്ദത്തിന്റെയും ഇമേജുകളുടെയും ഉപയോഗം, ദൃശ്യങ്ങൾ നിർമിച്ചെടുത്തത്, നല്ലവരാരാണെന്നും ചീത്തയാരാണെന്നുമുള്ള വേർതിരിക്കൽ, എന്നിവയെല്ലാം പ്രശ്നഭരിതമാണ്. അതിസങ്കീർണവും സങ്കടകരവുമായ സംഭവങ്ങളാണ് സിനിമയുടെ അടിസ്ഥാനം. അപ്പോൾ, നമ്മൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. കൂടുതൽ വിവേകമുള്ളവരാവേണ്ടിയിരിക്കുന്നു. വിവാദങ്ങളോ തർക്കങ്ങളോ സിനിമകളിൽ വരാൻ പാടില്ല എന്നല്ല ലാപിഡ് പറയുന്നത്. അദ്ദേഹം തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളിലും വിവാദങ്ങളും തർക്കങ്ങളും ഉണ്ടാവാറുണ്ട്. കാൻ, ബെർലിൻ പോലുള്ള ലോകത്തെ പ്രമുഖ മേളകളിൽ ഉന്നത പുരസ്കാരങ്ങൾ നേടിയ ചലച്ചിത്രകാരനാണ് നദാവ് ലാപിഡ്. ഗോവ മേളയിലും മുമ്പ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. സാമുവേൽ മാവോസ്, അരി ഫോൾമാൻ, അമോസ് ഗിതായ്, യോസാഫ് സെഡാർ, ഇറാൻ കോലിറിൻ തുടങ്ങി ഇസ്രായേലിലെ പ്രമുഖ ചലച്ചിത്രകാരന്മാരുടെ നിരയിൽപെട്ടയാളാണ് നദാവ് ലാപിഡ് എന്ന് ചലച്ചിത്രനിരീക്ഷകൻ അമൽദാസ് പറയുന്നു. ബെർലിനിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ലാപിഡിന്റെ സിനോനിംസ്, ഇസ്രായേലിലെ ദുസ്സഹ രാഷ്ട്രീയാന്തരീക്ഷം താങ്ങാതെ നാടുവിടുന്ന വ്യക്തിയുടെ കഥയാണ്. ഇസ്രായേലിലെ ഗ്രാമപ്രദേശങ്ങളിൽ സ്വന്തം സിനിമ കാണിക്കാൻ പോകുന്നതിനിടയിൽ ഭരണകൂടത്തിന്റെ അധീശ ശാസനകൾ ഏറ്റുവാങ്ങേണ്ടിവരുന്ന 'അഹെദ്സ് നീ' 26ാമത് ഐ.എഫ്.എഫ്.കെയിൽ (കേരളം) പ്രദർശിപ്പിച്ചിരുന്നു.
കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപെട്ട ഡോകുമെന്ററി സംവിധായകൻ സഞ്ജയ് കാക്ക് അൽ ജസീറയിലെഴുതിയ ലേഖനത്തിൽ കശ്മീർ ഫയൽസിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: 'സത്യമെന്ന സിനിമയുടെ അവകാശവാദത്തിന് ലഭിച്ച അംഗീകാരവും ഈ സത്യങ്ങൾ ഇത്രകാലവും മൂടിവെക്കപ്പെട്ടിരുന്നെന്ന് ചൂണ്ടിക്കാണിക്കലുമായിരുന്നു ഈ സിനിമക്ക് നിക്ഷേപിക്കപ്പെട്ട രാഷ്ട്രീയ മൂലധനം. വലിയ തോതിൽ ആശങ്കയും അരക്ഷിതാവസ്ഥയും പരത്തി ഹിന്ദു സമുദായത്തിലെ ചില പ്രധാനപ്പെട്ട വ്യക്തികൾ കൊല്ലപ്പെട്ട 1989ന്റെ പകുതി മുതൽക്കുള്ള മാസങ്ങളിൽ, രാഷ്ട്രീയ പ്രവർത്തകരും പൊലീസുകാരും സർക്കാർ ജീവനക്കാരും ഉൾപ്പെടെ ധാരാളം മുസ്‍ലിംകളും കൊല്ലപ്പെട്ടു. അക്കാലത്തെ രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായിരുന്നു അതെല്ലാം. കശ്മീർ വംശഹത്യ എന്നതിൽ കുറഞ്ഞതൊന്നും സംഭവിച്ചിട്ടില്ല എന്ന അവകാശവാദങ്ങളുടെയും അവ്യക്തതകളുടെയും ഇടയിലൂടെയാണ് കശ്മീർ ഫയൽസ് കടന്നുവരുന്നത്. ഇതിൽ അവകാശപ്പെടുന്ന തെളിവുകൾ ഇരകളുടെ ആദ്യതലമുറയിലെ 700 പേരിൽനിന്ന് വാമൊഴിയായി ശേഖരിച്ചതാണെന്ന് പറയപ്പെടുന്നു. ചലച്ചിത്ര നിർമാതാക്കളുടെ താൽപര്യ പ്രകാരം 'ആധികാരികതയുള്ള' ചരിത്രകാരന്മാരിൽനിന്നും അക്കാദമിഷ്യരിൽനിന്നും ഭരണകർത്താക്കളിൽനിന്നും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുമാണ് അത് പുനഃപരിശോധിച്ചിരിക്കുന്നത്. ഈയൊരു കാരണം കൊണ്ടാണ് ഈ സിനിമയുടെ അവതാരകൻ 'ഈ സിനിമ ചരിത്രപരമായ സംഭവങ്ങളുടെ യാതൊരു കൃത്യതയും അവകാശപ്പെടുന്നില്ല' എന്നു പറഞ്ഞപ്പോൾ യാതൊരു അത്ഭുതവും തോന്നാതിരുന്നത്. വലതുപക്ഷം വിശേഷിപ്പിക്കുന്ന കശ്മീരിലെ സത്യം ഇത് മാത്രമാണെന്ന് ഒരു മൂന്ന് പതിറ്റാണ്ട് കാലത്തേക്കെങ്കിലും തോന്നിപ്പിക്കാൻ ദ കശ്മീർ ഫയൽസിന് ശേഷിയുണ്ട്. പലർക്കും ഭയാനകമായ ദുരിതങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും മിക്ക കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളെയും അവരുടെ മുസ്‍ലിംകളായ അയൽക്കാർ വഞ്ചിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാനായത്. ചില വസ്തുവകകൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തെങ്കിലും മിക്ക ക്ഷേത്രങ്ങളിലും വീടുകളിലും ഇതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, പലതും അവഗണനയിൽ നശിക്കുകയും ചെയ്തു. മാധ്യമങ്ങളിലെയും ഉദ്യോഗസ്ഥരിലെയും പൊലീസിലെയും ചില ഘടകങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങളിൽ അശ്രദ്ധ കാണിച്ചിട്ടുണ്ടാകുമെങ്കിലും സിനിമ സൂചിപ്പിക്കുന്നതുപോലെ പണ്ഡിറ്റുകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നിട്ടില്ല. വസ്തുതകളുടെ അവശിഷ്ടങ്ങൾക്ക് അപ്പുറത്തുനിന്ന് കശ്മീരിനെക്കുറിച്ചുള്ള സത്യങ്ങൾ പ്രകോപനപരമായ കെട്ടുകഥകളുമായി കലർത്തി നിർമിച്ചതിലൂടെ ദ കശ്മീർ ഫയൽസ് വലിയ അജണ്ടയുടെ സൂചനയാണ് നൽകുന്നത്. ആത്യന്തികമായി 1990കളിലെ കശ്മീരിന്റെ ചരിത്രപരമായ ഒരു രേഖ സ്ഥാപിക്കുന്നതിനോ പലായനത്തിലായിരുന്ന ഒരു സമൂഹത്തിന്റെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനോ അല്ല കശ്മീർ ഫയൽസ്. പകരം കശ്മീരി മുസ്‍ലിം എന്ന പൈശാചികവത്കരണത്തിലൂടെയുള്ള ആഖ്യാനം അനുരഞ്ജനം കൂടുതൽ ദുഷ്കരമാക്കുന്നു. കശ്മീരി പണ്ഡിറ്റുകളുടെ മഹത്തായ ഭൂതകാലത്തേക്കുള്ള തിരിച്ചുവരവ് എന്ന ആശയവുമായി ബന്ധിപ്പിച്ച് കശ്മീരിന്റെ 700 വർഷത്തെ സങ്കീർണമായ ചരിത്രം ഒഴിവാക്കി ഹിന്ദു മാതൃരാജ്യമെന്ന വിത്ത് പാകുന്ന രാഷ്ട്രീയ പദ്ധതി നടപ്പാക്കുന്നു. കുടിയെഴിപ്പിക്കലിന്റെയും അധിവാസത്തിന്റെയും ഇടയിലുള്ള ഒരു ആശയമാണത്. അതാണ് ഈ സിനിമയിലെ സത്യത്തെ അപകടകരമാക്കുന്നത്'.
അന്താരാഷ്ട്ര മേളകളിൽ രൂക്ഷമായ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടുണ്ട്. ചലച്ചിത്രമേളകളുടെ ചരിത്രംതന്നെ അതിസങ്കീർണമാണ്. വെനീസിലാണ് ലോകത്താദ്യത്തെ ചലച്ചിത്രമേള തുടങ്ങിയത്, അത് ഫാഷിസ്റ്റ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ കാലത്ത്. വിയറ്റ്നാം യുദ്ധത്തിനെതിരായ ലോകസമാധാന പ്രസ്ഥാനത്തിനനുകൂലമായും അറുപതുകളിലെ വിദ്യാർഥി കലാപത്തോട് ഐക്യപ്പെട്ടും കാനിൽ ഗൊദാർദ് അടക്കമുള്ളവർ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. ഹെൻ്റി ലാംഗ്ലോയ്സിനെ പാരിസിലെ സിനിമാത്തെക്കിൽനിന്ന് പുറത്താക്കിയ ഫ്രഞ്ച് സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചും കാൻ മേളയിൽ പ്രതിഷേധങ്ങൾ നടന്നു. ഇത് കാണിക്കുന്നത്, സിനിമക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ–സാംസ്കാരിക സംഘർഷങ്ങൾ ചലച്ചിത്രമേളകളിലും പ്രതിഫലിക്കുമെന്നാണ്. അത്തരത്തിൽ ഒരു പ്രതിഫലനമായി ഗോവയിലെ നദാവ് ലാപിഡിന്റെ പ്രതികരണത്തെ കണക്കിലെടുക്കേണ്ടതാണ്. ഇന്ത്യയുടെ ജനാധിപത്യ സംസ്കാരത്തെ ഇനിയുള്ള കാലത്തും നിലനിർത്തണമെന്ന് ആഗ്രഹമുള്ളവർക്ക് അത് പരിശോധിക്കുകയും തിരുത്താനുള്ള നടപടികൾ ഏറ്റെടുക്കുകയും ചെയ്യുകയല്ലാതെ മറ്റു നിവൃത്തിയില്ല.
ജി.പി. രാമചന്ദ്രൻ
ചലച്ചിത്രനിരൂപകൻ