ഗോവൻ ചലച്ചിത്ര മേള ബാക്കിവെക്കുന്നതെന്ത്?
മുന്നൊരുക്കത്തിലും സംഘാടനത്തിലും ചില പരിഷ്കാര പ്രക്രിയകളിലൂടെ കടന്നു പോകുമ്പോഴും സിനിമ തിരഞ്ഞെടുപ്പിെന്റ കാര്യത്തിൽ ഗോവൻ ചലച്ചിത്ര മേളയിൽ പരാതികൾ അവസാനിക്കുന്നില്ല. തിയറ്ററിലും ഒ.ടി.ടിയിലും കാണാൻ സാധിക്കാത്ത മികച്ച സിനിമകൾ കാണാനുള്ള വേദി കൂടിയാണ് ചലച്ചിത്ര മേളകൾ. ഗോവയിൽ കഴിഞ്ഞ കാല മേളകളിൽ ലോക ശ്രദ്ധ പതിഞ്ഞ നിരവധി സിനിമകൾ പ്രദർശിപ്പിച്ചിരുന്നങ്കിലും കഴിഞ്ഞ മൂന്നു നാലു മേളകളിലായി സിനിമകളുടെ തെരഞ്ഞെടുപ്പ് വിവാദങ്ങൾക്ക് വഴിമരുന്നിടുന്നതായണ് കണ്ടു വരുന്നത്. കലാമൂല്യമില്ലാത്ത പല സിനിമകളും രാഷ്രടീയ സ്വാധീനങ്ങൾക്ക് വഴങ്ങി മേളയിലെത്തുന്നതായാണ് പരാതി. രാഷ്ട്രീയ മൂലധന താൽപര്യങ്ങളാൽ അനർഹമായി കടന്നുകൂടുന്ന ഇത്തരം ചലച്ചിത്രങ്ങൾ മേളയുടെ ഉദ്ദേശ്യ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുവെന്നതാണ് വസ്തുത. ഇത്തവണത്തെ മേളയിലെ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന സിനിമ പ്രൊപഗണ്ട സിനിമയാണെന്ന വിവാദവും ഉയർന്നു കഴിഞ്ഞു. ഇസ്രയേൽ സ്വദേശിയും ഐ.എഫ്.എഫ്.ഐ ജൂറി അധ്യക്ഷനുമായ നദാവ് ലാപിഡ് തന്നെ കശ്മീർ ഫയൽസിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. മത്സര വിഭാഗത്തിലെ എല്ലാ സിനിമകളും മികച്ചതായിരുന്നുരെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കശ്മീർ ഫയൽസിന്റെ കടന്നുവരവ് അദ്ഭുതപ്പെടുത്തുന്നതായും അഭിപ്രായപ്പെട്ടു.
സാംസ്കാരികമായും ബൗദ്ധികമായും വ്യതിരിക്തമായ ബഹുമുഖങ്ങളായ പ്രേക്ഷക താൽപര്യങ്ങളെയും സംവേദന അഭിരുചികളെയും അഡ്രസ് ചെയ്യപ്പെടണമെന്നതാണ് സെലക്ഷൻ കമ്മിറ്റിയുടെ മുന്നിലുള്ള വെല്ലുവിളി. എന്നാൽ ഈ പ്രശ്നം സമർഥമായി കൈകാര്യം ചെയ്യുന്നതിൽ ഐ.എഫ്.എഫ്.ഐ ഗോവ കഴിഞ്ഞ കുറെ വർഷങ്ങളായി പരാജയപ്പെടുന്നു എന്നതാണ് വസ്തുത. നവ സാമൂഹിക വ്യവസ്ഥിതിയെ വിമർശനാത്മകമായി സമീപിക്കുന്ന സിനിമകളുടെ തിരസ്കാരത്തിന് ഇത്തവണത്തെ ചലച്ചിത്ര മേള ഒന്നാന്തരം ഉദാഹരണമാണ്.
ഇക്കഴിഞ്ഞ നവംബർ 28ന് അവസാനിച്ച മേളയിൽ ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിച്ച 25 ഓളം സിനിമകളിൽ ഗണ വേലിന്റെ ജയ് ഭീം, മലയാളി സംവിധായകൻ പ്രിയനന്ദനന്റെ ഡബാരി കുരുവി എന്നിവയും ചുരുക്കം ചിലതും ഒഴിച്ചാൽ മറ്റുള്ളവ ശരാശരിക്കും താഴെയാണെന്ന് കാണാം. ലോക സിനിമ വിഭാഗത്തിലും പ്രേക്ഷക സ്വീകാര്യമായ സിനിമകളുടെ എണ്ണം വളരെ കുറവായിരുന്നു. ചലച്ചിത്ര രംഗത്ത് ദൃശ്യവത്കരണം കൊണ്ടും ഉള്ളടക്കം കൊണ്ടും അദ്ഭുതപ്പെടുത്തുന്ന തുർക്കി, ലബനൻ, സിറിയ, ഇറാൻ എന്നി രാജ്യങ്ങളിൽ നിന്നടക്കമുള്ള സിനിമകളും വിരളമായിരുന്നു. ഫ്രഞ്ച് സിനിമയായ 'ദ വാനിഷ്ഡ് പ്രസിഡന്റ്' മാറ്റി വെച്ചാൽ രാഷട്രീയം ചർച്ച ചെയ്യുന്ന സിനിമകളും കുറവായി തന്നെ അനുഭവപ്പെട്ടു. പരിസ്ഥിതി സംബന്ധിയായ സിനിമകളിൽ മുൺ മൂൺ ദലാരിയയുടെ ചു മെഡ് നാ യുൽ മെഡ് (no water no village ) എന്ന ഡോക്യുമെന്ററി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതാകട്ടെ ഒറ്റപ്പെട്ട ഹിമ പർവത ജീവിതത്തെ ആഴത്തിൽ സ്പർശിക്കാതെ പോയി. വാർധക്യത്തെയും സാമ്പത്തികാവസ്ഥകളെയും ദൃശ്യവത്കരിച്ച അഖിൽദേവിന്റെ വീട്ടിലേക്ക് എന്ന സിനിമ നിലവാരത്തിന്റെ കാര്യത്തിൽ ശരാശരിക്കും താഴെ പോയി.
ഓരോ വർഷം കഴിയുന്തോറും സിനിമ തെരഞ്ഞെടുപ്പിലുള്ള ഈ അപചയത്തിന്റെ ആഴം കൂടിക്കൂടി വരുന്നതായി കാണാം. മനുഷ്യാവസ്ഥകളുടെ നിസഹായതകളെയും ആകുലതകളെയും ദൃശ്യവത്കരിക്കുന്ന മികച്ച സിനിമകൾ ഇല്ലാത്തതല്ല പ്രശ്നം. അവ മേളയിൽ സ്ഥാനം പിടിക്കാത്തതാണ്. അല്ലെങ്കിൽ ക്യത്യമായ രാഷ്ട്രീയം സംസാരിക്കുന്ന ചലച്ചിത്രങ്ങളെ മനപ്പൂർവം തമസ്കരിക്കുന്നതാണ്. ഇത്തരം സമീപനങ്ങൾ സിനിമ എന്ന മാധ്യമ രൂപത്തെ ഗൗരവത്തിൽ സമീപിക്കുന്ന ചലച്ചിത്ര ആസ്വാദകരെ മേളകളിൽ നിന്ന് അകറ്റി നിർത്താനേ സഹായിക്കൂ.
cft - Unesco വിഭാഗത്തിൽ പ്രദർശിപ്പിച്ച എ ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സ് താരതമ്യേന പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. ബംഗ്ലാദേശ് വിമോചന സമര പശ്ചാത്തലത്തിൽ മതം ഒരു കുടുംബത്തിലും ചുറ്റുവട്ടത്തുമുണ്ടാണ്ടാക്കുന്ന സംഘർഷം പ്രമേയമായി ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്തത് പ്രസിദ്ധ ബംഗ്ലാദേശ് ചലച്ചിത്രകാരനായ അക്രം ഖാൻ ആണ്. കഴിഞ്ഞ വർഷങ്ങളിൽ യുദ്ധത്തിന്റെയും അധിനിവേശത്തിന്റെറയും പലായനത്തിന്റെയും ഇരകളായ മനുഷ്യരുടെ കഥ പറയുന്ന നിരവധി സിനിമകൾ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരുന്നെങ്കിലും ഇത്തവണ അതിനുള്ള ഭാഗ്യം ഉണ്ടായില്ല. ഇന്ത്യൻ പനോരമ നോൺ ഫീച്ചർ വിഭാഗത്തിൽ പ്രാദർശിപ്പിച്ച പൃഥി രാജ് ദാസ് ഗുപ്തയുടെ ക്ലിന്റൺ എന്ന ഹൃസ്വ സിനിമ എങ്ങനെ മേളയിലെത്തി എന്നത് അദ്ഭുതമായി അവശേഷിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ നിന്നെത്തുന്ന ഡെലിഗേറ്റുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് സീറ്റുകൾ മൂഴുവനും പെട്ടെന്ന് റിസർവ്ഡ് ആയി തീർന്നു പോകുന്നത്. എന്നാൽ തിയറ്റർ ഹാളിൽ സീറ്റുകൾ മിക്കതും ഒഴിഞ്ഞുകിടക്കുകയാവും. ഒഴിവുള്ള സീറ്റുകളിൽ തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് കാണികളെ പ്രവേശിപ്പിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാം എന്ന് തോന്നുന്നു. സിനിമയും ചലച്ചിത്ര മേളകളും കൂടുതൽ ജനകീയമാകണമെങ്കിൽ ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ കുറെക്കുടി ജാഗ്രത പുലർത്തണമെന്നു തന്നെയാണ് 53 ാമത് ഐ.എഫ്.എഫ്.ഐ ഗോവ പറഞ്ഞുവെക്കുന്നത്.