Begin typing your search above and press return to search.
proflie-avatar
Login

തമിഴ് മെലഡിയിൽ തെന്നിവീഴുന്ന യാത്രാമയക്കം

jabir nanpakal review
cancel

27ാമത് ഐ.എഫ്.എഫ്.കെയിൽ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം സിനിമയെ കുറിച്ച് എഴുതുന്നു. മേളയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു ഈ നിരൂപണം.

1960കളുടെ ഒടുവിൽ ഖസാക്കിലൂടെ ഒ.വി. വിജയനാണ് മലയാള നോവൽ സാഹിത്യത്തിൽ നവഭാവുകത്വത്തിന് വെളിച്ചം വീശിയ ആദ്യ എഴുത്തുകാരൻ. ഏകദേശം അരനൂറ്റാണ്ടു വേണ്ടി വന്നു ഖസാക്കിലുടെയും മറ്റും മലയാള നോവലാഖ്യാനങ്ങൾ പിന്നിട്ടുപോന്ന ഭാവുകത്വ പകർച്ചയുടെ രചനാ വഴികളെ പുതുക്കി എഴുതാൻ. എസ്. ഹരീഷ് എന്ന സമകാലിക എഴുത്തുകാരൻ 'മീശ' യിലൂടെ മലയാള സാംസ്‌കാരിക ലോകത്തിലേക്ക് ഒരുപാട് വിവാദങ്ങളോടൊപ്പം ആഖ്യാന ഭാവുകത്വത്തിന്റെ നവമാതൃകകൾ കൂടി കൊണ്ടുവരികയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലും ആഖ്യാന ശൈലികൾക്കും ഭാവുകത്വ നവീകരണങ്ങൾക്കും ഇടയായിട്ടുള്ള ഒരുപാട് സൃഷ്ടികൾ അതതു കാലങ്ങളിൽ സൃഷ്ടിക്കപെട്ടിട്ടുണ്ട്. എഴുപതുകളിൽ കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലൂടെ മുളച്ചുപൊന്തിയ സിനിമാ സൊസൈറ്റികൾ ഇത്തരം മാറ്റങ്ങൾക്ക് വലിയതോതിൽ ഇന്ധനമായി മാറി. ചിത്രലേഖ ഫിലിം സോസൈറ്റിയും ഓഡേസയുമൊക്കെ ഇത്തരം സംസ്‍കാരിക മുന്നേറ്റങ്ങളുടെ താങ്ങും തണലുമായി പ്രവർത്തിച്ച ചലച്ചിത്ര മണ്ഡലങ്ങളായിരുന്നു . ബാക്കിപത്രമെന്നോണം കെ. ജി. ജോർജ്, ജോൺ എബ്രഹാം, അരവിന്ദൻ, അടൂർ തുടങ്ങിയവരുടെ സിനിമകൾ അതുവരെ ഉണ്ടായിരുന്ന മലയാള സിനിമയുടെ അതിഭാവുകത്വത്തെയും നാടകീയതയെയും പുതുക്കി എഴുതാൻ കാരണമായി. എഴുപതുകളിൽ തുടക്കം കുറിച്ച ഇത്തരം മലയാള 'ന്യൂ വേവ്' സിനിമകൾ സവർണ ഭാവുകത്വത്തിന്റെയും കൊമേഴ്സ്യൽ സങ്കേതങ്ങളുടെ കൂട്ടുപിടിച്ചു വന്ന മുഖ്യധാര സിനിമകളുടെയും സ്വാധീനത്താൽ ഓഫ്‌ ബീറ്റ് സിനിമകളെന്നോ അവാർഡ് സിനിമകളെന്നോ ഒക്കെയുള്ള ചാപ്പകളോടെ ഫിലിം ഫെസ്റ്റിവലുകളിലും അവാർഡ് ചടങ്ങുകളിലും ഒതുക്കപ്പെട്ടു. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഒരുപിടി യുവസംവിധായകരുടെ ചിറകിലേറി മലയാള മുഖ്യധാരാ സിനിമകളിൽ വ്യവഹരിച്ചിരുന്ന സവർണ ഭാവുകത്വവും അന്നുവരെ ഉണ്ടായിരുന്ന വാണിജ്യ ആഖ്യാനരീതികളുടെ പിന്തുടർച്ചകളും പതിയെ പൊളിച്ചെഴുത്തുകൾക്ക് വിധേയമാക്കപ്പെട്ടു. സവർണ ഇടങ്ങളിൽ നിന്ന് ആദ്യം നഗരങ്ങളിലേക്കും പിന്നീട് ജോഗ്രഫിക്കലി സ്പെസിഫിക്കായ ഗ്രാമ സമൂഹങ്ങളിലേക്കും സിനിമ തിരിച്ചു സഞ്ചരിക്കാൻ തുടങ്ങി. മലയാള സിനിമയുടെ ഈ ഭാവപകർച്ചയുടെ പതാകവാഹകനായി ഏറ്റവും മുന്നിൽ നിൽക്കുന്ന വ്യക്തി ഒരുപക്ഷേ ലിജോ ജോസ് പെല്ലിശ്ശേരിയായിരിക്കും. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ നായകൻ ഇറങ്ങിയ കാലംതൊട്ട് ഇങ്ങോട്ടാണല്ലോ നമ്മുടെ സിനിമ മാറാൻ തുടങ്ങിയത്. പറഞ്ഞു വരുന്നത്, മലയാള നോവൽ സാഹിത്യത്തിന്റെയും സിനിമയുടെയും നവാഭാവുകത്വ മാതൃകകൾ പുതുക്കിപ്പണിത എസ്. ഹരീഷും ലിജോ ജോസ് പെല്ലിശ്ശേരിയും കൈകോർത്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമയെ കുറിച്ചാണ്.

സിനിമയുടെ ശീർഷകം ആദ്യമായി കേട്ടപ്പോൾ എങ്ങനെയോ കൂമൻകാവിലെ മൺപുരയിൽ അനാദിയായ മഴവെള്ളത്തിന്റെ സ്പർശമേറ്റ് ബസ് കാത്തുകിടന്ന രവിയുടെ ചിത്രമാണ് മനസിൽ തെളിഞ്ഞത്. മലയാള സിനിമയുടെ ആഖ്യാന മാറ്റത്തിന്റെ വഴിയിലേക്ക് ഖസാക്ക് തിരിച്ചുവരികയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. എന്നാൽ അത് വ്യാമോഹം മാത്രമാണെന്ന് ടീസറും പോസ്റ്ററുകളും കണ്ടപ്പോൾ തന്നെ വ്യക്തമായിരുന്നു. വേളാങ്കണ്ണിയിൽ നിന്നുള്ള മടക്കയാത്രയുടെ മധ്യത്തിൽ തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിലേക്ക് ബസിറങ്ങി നടക്കുന്ന ജെയിംസിൽ നമുക്ക് കൂമൻകാവിൽ ബസിറങ്ങി ഖസാക്കിലേക്ക് നടന്ന രവിയെ കാണാൻ കഴിയില്ലേ, സുന്ദരത്തിന്റെ തമിഴിലും അള്ളാപിച്ചാ മൊല്ലാക്കയുടെ തമിഴു കലർന്ന മലയാളത്തിലും ദ്രാവിഡ ചരിത്രത്തിന്റെ മലയിറങ്ങി വന്ന ചരിത്രശേഷിപ്പുകൾ കലർന്നിട്ടില്ലേ എന്നൊക്കെ ഒരു കൗതുകത്തിന് ആലോചിക്കാവുന്നതാണ്. എന്നിരുന്നാലും നൻപകലിൽ രവി ഉറങ്ങി കിടക്കുന്നുണ്ടോ എന്ന അതിവായനയുടെ ചോദ്യങ്ങൾ ബാക്കിവെക്കുമ്പോൾ തന്നെ ഒരു ബസ് യാത്രയിൽ ഇളയരാജയുടെ പഴയ മെലഡിyil സമരസപ്പെട്ട് മയക്കത്തിലേക്ക് തെന്നിവീഴുന്ന ഒരനുഭൂതിയുടെ കലാവിഷ്കാരമായി നൻപകൽ നേരത്ത് മയക്കം മാറുന്നു.

ക്യാമറ കൊണ്ട് കലാപമുണ്ടാക്കുന്ന 'കിറുക്കൻ' ആയാണ് ലിജോ ജോസ് പെല്ലിശ്ശേരി പൊതുവിൽ അറിയപ്പെടുന്നത്. എന്നാൽ കലാപം പോലെ തന്നെ കവിതയും തനിക്ക് സാക്ഷാത്കരിക്കാൻ കഴിയുമെന്ന് 'ഈ.മ.യൗ'വിലൂടെ അയാൾ തെളിയിച്ചതിന്റെ അടിവരയിടലായി മാറുകയാണ് നൻപകൽ നേരത്ത് മയക്കം. ചെറുകഥാരൂപങ്ങളിൽ കാണപ്പെടുന്ന നാടകീയ അനുരണനങ്ങളും കവിതയിൽ കാണപ്പെടുന്ന സൗന്ദര്യരൂപങ്ങളും ഒരേയളവിൽ ഇതുപോലെ സമന്വയിപ്പിച്ച മലയാള ദൃശ്യാവിശ്കാരങ്ങൾ വളരെ ചുരുക്കമാണ്. ഒരുപക്ഷേ ജി.അരവിന്ദന്റെ കുമ്മാട്ടി മാത്രമായിക്കും ഇതിനൊരു അപവാദമായി നിലനിൽക്കുന്നത്. ചെറുകഥയെയും നോവലിനെയും പോലെ തിരക്കഥയെ സാഹിത്യശാഖകളുടെ ഒരു ടെക്സ്റ്റ്വൽ ഫോമായി കാണാൻ കഴിയില്ലെന്നാണ് ഒരുവിധം എല്ലാ നിരൂപകരും കരുതുന്നത്. ഒരു സിനിമയുടെ തിരക്കഥ എഡിറ്റിങ് ടേബിളിൽ വരെ മാറ്റേണ്ടി വന്നേക്കാം എന്ന യാഥാർഥ്യം നിലനിൽക്കേ ഇത്‌ ഏറക്കുറെ ശരിയുമാണ്. എന്നാൽ സംവിധായകന്റെ ചിന്താമണ്ഡലങ്ങളോടുകൂടെ കൂട്ടിവായിക്കേണ്ടതുള്ളതുകൊണ്ട് സാക്ഷാത്കരിക്കപ്പെട്ട തിരക്കഥയെ മറ്റു സാഹിത്യശാഖകളോടൊപ്പം ചേർത്തുനിർത്തേണ്ടതുണ്ട് എന്ന് വീണ്ടും പ്രഖ്യാപിക്കുന്ന കലാസൃഷ്ടിയായി മാറുകയാണ് നൻപകൽ.

ഡിസോസിയേറ്റീവ് ഫ്യൂഗ് എന്ന മാനസികാവസ്ഥയുടെ ശാസ്ത്രീയ അടിത്തറയിൽ നിന്നുകൊണ്ട് മുവാറ്റുപുഴക്കാരൻ ജെയിംസിന്റെ തമിഴ്‌നാട്ടുകാരനായ സുന്ദരത്തിലേക്കുള്ള മാനസികസഞ്ചാരത്തെ നമുക്ക് അടയാളപ്പെടുത്താമെങ്കിലും ശാസ്ത്രീയമായ കാര്യകാരണങ്ങളുടെ പ്രതിബദ്ധതക്കുമപ്പുറം ഒരു ഫെയറിടെയ്ൽ റിയലിസത്താൽ വിളക്കിയെടുത്ത കെട്ടുകഥയുടെ സൗന്ദര്യബോധത്തോടെ ഈ സിനിമയെ ഉൾകൊള്ളാനാണ് എനിക്ക് കൂടുതൽ താൽപര്യം.

ലിജോ ജോസ് പെല്ലിശ്ശേരിയും എസ്.ഹരീഷും

ഒരു നാടക ട്രൂപ്പിന്റെ ബസിൽ വേളാങ്കണ്ണിയിലെ തീർത്ഥയാത്രക്ക് ശേഷം നാട്ടിലേക്കു മടങ്ങുകയാണ് ജെയിംസും സംഘവും. യാഥാസ്ഥിതിക മലയാളി കുടുംബസ്ഥന്റെ തമിഴ്നാടിനോടുള്ള അന്യതാബോധവും മെയ്ൽ ഷോവനിസവുമൊക്കെ കൂടിയും കുറഞ്ഞുമൊക്കെ ജെയിംസിൽ പ്രകടമാവുന്നുണ്ട്. യാത്രാമധ്യേ ഉച്ചമയക്കത്തിൽ നിന്നും ഞെട്ടിയുണരുന്ന അദ്ദേഹം തമിഴ്നാട്ടിലെ ഏതോ വിജനമായ ഗ്രാമത്തിലേക്ക് അലക്ഷ്യമായി ഇറങ്ങിനടക്കുന്നിടത്താണ് കഥയ്ക്ക് അസാധാരണത്വം കൈവരിക്കുന്നത്. രണ്ട് കൊല്ലങ്ങൾക്ക് മുമ്പ് വിദൂരതയിലൊരു ചന്തയിലേക്കുള്ള യാത്രക്ക് ശേഷം മടങ്ങിയെത്താത്ത സുന്ദരത്തിന്റെ മാനസിക തലങ്ങളിലേക്ക് പരകായപ്രവേശം നടത്തിയാണ് അയാളുടെ വീട്ടിൽ ജെയിംസ് തന്റെ നടത്തം അവസാനിപ്പിക്കുന്നത്. ഏതോ ഒരു അപരിചിതനിൽ തന്റെ ഭർത്താവിന്റെ അനുരണനങ്ങൾ കണ്ട് സുന്ദരത്തിന്റെ ഭാര്യ പൂങ്കുഴലിയും തന്റെ ഭർത്താവിലെ ആസ്വഭാവികമായ അപരിചിതത്വം കണ്ട് ജെയിംസിന്റെ ഭാര്യയും നിസ്സഹായരായി നിൽകുന്നു. ജെയിംസിന്റെയും സുന്ദരത്തിന്റെയും മാത്രമല്ല അവരുടെ ഭാര്യമാരുടെയും മാനസിക സംഘർഷങ്ങളുടെ സഞ്ചാരമാണ് നൻപകൽ. താൻ മലയാളിയല്ലെന്നും തമിഴ് സംസാരിക്കുകയും ശിവാജി ഗണേശനെ അനുകരിക്കുകയും പാൽ വിറ്റും കൃഷിചെയ്തും കുടുംബം പോറ്റുകയും ചെയ്യുന്ന സുന്ദരമാണെന്ന് ജെയിംസ് തറപ്പിച്ചു പറയുമ്പോഴും സുന്ദരത്തിന്റെ കണ്ണുകാണാത്ത അമ്മയൊഴികെ മറ്റൊരാളും യഥാർഥ്യത്തെ തിരസ്കരിക്കാൻ ശ്രമിക്കുന്നില്ല. ഒരുപക്ഷേ മനുഷ്യന് അവന്റെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്ന കാഴ്ചകളുടെ പരി(ധി/മി)തികൾക്കപ്പുറം വിഹരിക്കുന്ന ഉൾകാഴ്ചകളുടെ പ്രതിനിധിയായിരിക്കാം ജെയിംസിൽ കുടിയേറിയ സുന്ദരത്തിന്റെ ആത്മാവും അതിനെ മടിയിൽ കിടത്തി താലോലിക്കുന്ന അന്ധയായ അമ്മയും.

നേരത്തെ സൂചിപ്പിച്ചതു പോലെ ഇളയരാജയുടെ ഈണത്തിന് എസ്‌പിബിയുടെ മൂളലിന്റെയോ, എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ മലേഷ്യ വാസുദേവന്റെ ശബ്ദത്തിന്റെയോ അകമ്പടിയോടെ കാതുകളിലേക്ക് പ്രവഹിക്കുന്ന പാട്ടുകൾ കേട്ട് മയങ്ങുന്നത് പോലെ സുന്ദരമായ ഈ ദൃശ്വവിഷ്കാരം ഇത്തരം പഴമ പൂത്തുനിൽക്കുന്ന തമിഴ്/മലയാളം പാട്ടുകളാൽ അനാവരണം ചെയ്യപ്പെട്ടു കിടക്കുന്നുണ്ട്. കഥാസന്ദർഭങ്ങളുടെ മനോവികാരം ഊഷ്മളമാക്കാനും സംക്ഷോഭമാക്കാനുമൊക്കെ പഴയ തമിഴ് പാട്ടുകളും സിനിമാ ഡയലോഗുകളും ഉപയോഗിച്ച സൗണ്ട് ഡിസൈൻ വളരെ മികച്ചതായി തോന്നി. കഥയിലെ മാജിക്കൽ റിയലിസത്തിന് കൂട്ടായിക്കൊണ്ട് പ്രേക്ഷകന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയ ഇത്തരം വിന്റേജ് ഗാനങ്ങൾ പടത്തിലുടനീളം കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളെ അടയാളപ്പെടുത്താൻ ഉപയോഗിച്ചിട്ടുണ്ട്. രംഗനാഥ് രവിയും ഫസൽ എ. ബക്കറുമടങ്ങുന്ന ശബ്ദ വിഭാഗം കൈയ്യടികൾ അർഹിക്കുന്നു.

ജെല്ലിക്കെട്ടിൽ പോത്തിന്റെ പിന്നാലെ ഓടിയും ചുരുളിയിൽ പാലം കടന്നുകൊണ്ടും ക്യാമറ കൊണ്ട് കോലാഹലം സൃഷ്‌ടിച്ച സംവിധായകൻ നൻപകലിലേക്കെത്തുമ്പോൾ പൂർണമായും സ്റ്റാറ്റിക് ഷോട്ടുകൾക്കും മിനിമൽ ചലനങ്ങൾക്കും പരിഗണന നൽകുന്നത് കാണാം. സുന്ദരത്തിന്റെ ബോധതലങ്ങളാൽ ഗ്രാമീണ സ്മരണകളെ വീണ്ടെടുക്കുന്ന ജെയിംസിലൂടെയും ജെയിംസിനെ തിരിച്ചുവിളിക്കാൻ ഗ്രാമാന്തരങ്ങളിലൂടെ അലയുന്ന യാത്രാസംഘങ്ങളിലൂടെയും പ്രേക്ഷകനെ കഥാപരിസരത്തേക്ക് ആഗിരണം ചെയ്യാൻ തേനി ഈശ്വറിന്റെ മിനിമൽ ഛായാഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്. തനത് തമിഴ് ഗ്രാമീണതയുടെ മികച്ച ഫ്രെയിമുകൾ പടത്തിലുടനീളം നമുക്ക് കാണാൻ കഴിയും. തിരക്കഥയെ കുറിച്ചോ സംവിധാനത്തെ കുറിച്ചോ മേൽപറഞ്ഞതിൽ കൂടുതൽ ഒന്നും വിവരിക്കേണ്ടതില്ലായെന്ന് തോന്നുന്നു.

കഥാപാത്രങ്ങളുടെ പ്രകടനങ്ങളിലേക്ക് വന്നാൽ യാത്രാസംഘത്തിലെ തീർഥാടകരായും സുന്ദരത്തിന്റെ ഗ്രാമീണവാസികളായും സ്ക്രീനിൽ മിന്നിമറയുന്ന എല്ലാവരും അവരവരുടെ ഭാഗങ്ങൾ വൃത്തിക്ക് ചെയ്തിട്ടുണ്ട്. സുന്ദരത്തിന്റെ അച്ഛൻ വേഷം ചെയ്ത പ്രശസ്ത തമിഴ് നടൻ പൂ റാമും ഭാര്യ പൂങ്കുഴലിയായ് വേഷമണിഞ്ഞ തമിഴ് ബിഗ് ബോസ് ഫെയിം രമ്യാ പാണ്ട്യനും മികച്ചു നിന്നപ്പോൾ ഇപ്പുറത്ത് ജെയിംസിന്റെ മലയാളി ഗാങ്ങിൽ അശോകനും രാജേഷ് ശർമയുമൊക്കെ തങ്ങളുടെ റോളുകളോട് നീതിപുലർത്തി. നൻപകലിലെ പ്രകടനങ്ങൾ വിശകലനം ചെയ്യുമ്പോൾ മുവാറ്റുപുഴക്കാരൻ ജെയിംസായും തമിഴ് നാട്ടുകാരൻ സുന്ദരമായും പരകായപ്രവേശം നടത്തുന്ന മമ്മൂട്ടിയുടെ ഭാവപകർച്ചക്കളെ പ്രശംസിച്ചില്ലെങ്കിൽ അത് പാതകമായി മാറും. തന്റെ അഭിനയജീവിതത്തിൽ ഇനി ആരോടും ഒന്നും തെളിയിക്കാനില്ലാത്ത തരം വൈവിധ്യമാർന്നതും മികച്ചതുമായ എത്രയോ കഥാപാത്രങ്ങൾ ചെയ്ത മഹാനാടനാണ് മമ്മൂട്ടി. എന്നിട്ടും അഭിനയത്തിനോടുള്ള തന്റെ അഭിനിവേശം ഒന്നുകൊണ്ട് മാത്രം വീണ്ടും വീണ്ടും ഇത്തരം മികച്ച പ്രകടനങ്ങൾ വെള്ളിത്തിരയിൽ പകർന്നാടുമ്പോൾ ലിജോയുടെ തന്നെ ആമേൻ എന്ന സിനിമയിൽ പോത്തച്ഛൻ പറയുന്ന ഡയലോഗാണ് ഓർമ വന്നത്. "വിധി പറയുന്നവരുടെ തീരുമാനം എന്താണെന്ന് എനിക്കറിയില്ല; പക്ഷേ ഒന്നെനിക്കറിയാം, ഇതിനു മുകളിൽ ഇനി പോത്തച്ഛന് വായിക്കാനില്ല."

ഒരുപക്ഷേ നൻപകൽ നേരത്ത് മയക്കം സ്മരണകളുടെ കൂടെ മടക്ക യാത്രകളായി പലപ്പോഴും മാറുന്നുണ്ട്. ജെയിംസിലൂടെ ഗ്രാമീണ സ്മൃതികളെ സുന്ദരം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ, ഭർത്താവിന്റെ സ്മരണകളിൽ തേങ്ങലുകളൊതുക്കി ജീവിക്കുന്ന ഭാര്യമായി പൂങ്കുഴലി മാറുന്നുണ്ട്. സാരഥി തിയേറ്റേഴ്‌സിന്റെ ബസിൽ നാടകവേദികളിലേക്കും തീർഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾ ഒരുപക്ഷേ ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ ബാല്യകാല സ്മൃതിപഥങ്ങളുടെ ദൃശ്യസാക്ഷാത്കാരമായിരിക്കും, അദ്ദേഹത്തിന്റെ അച്ഛൻ ജോസ് പെല്ലിശ്ശേരി ചാലക്കുടിയിലെ സാരഥി തിയേറ്റർസിന്റെ ഭാഗമായിരുന്ന കാലത്ത് പിതാവിന്റെ നാടക സംഘത്തോടൊപ്പം നടത്തിയ സഞ്ചാരങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടമായിരിക്കാം സിനിമയിലെ ഈ വേളാങ്കണ്ണി യാത്രയും.

മയക്കത്തെയും ഉണരലുകളെയും നഷ്ടപെടലുകളെയും വീണ്ടെടുക്കലുകളെയും ഇരുധ്രുവങ്ങളുടെ, ഇരുസംസ്കാരങ്ങളുടെ, ഇരുഭാഷകളുടെ കൂടിച്ചേരലുകളാൽ വിളക്കിചേർക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ തീർഥാടനയാത്രക്ക് ഒടുക്കം പ്രേക്ഷകന്റെ മനസിൽ ബാക്കിയാവുന്നത് വേളാങ്കണ്ണിയിലെ ആ ലോഡ്ജിൽ എഴുതി വെച്ച തിരുക്കുറലിന്റെ തിരിച്ചറിവുകളായിരിക്കും. "ഉറങ്ങുവതു പോലും സാകാത്, ഉറങ്ങി വിഴിപ്പത് പോലും പിറപ്പ്." അഥവാ ഉറക്കം മരണത്തിന് തുല്യമാണെങ്കിൽ ഉറക്കത്തിൽ നിന്നുള്ള ഉണർച്ച ജീവിതമാകുന്നു!

Show More expand_more
News Summary - jabir nanpakal review