Begin typing your search above and press return to search.
proflie-avatar
Login

അപൂർവ ജീവിതത്തിന്റെ നിറമാർന്ന ചിത്രീകരണം

അപൂർവ ജീവിതത്തിന്റെ നിറമാർന്ന ചിത്രീകരണം
cancel

സുരഭി ലക്ഷ്മി മാല പാർവതിക്കൊപ്പംകവി പി.എൻ. ഗോപീകൃഷ്ണനൊപ്പം തിരക്കഥയെഴുതി ഹരികുമാർ സംവിധാനംചെയ്ത ജ്വാലാമുഖി എന്ന സിനിമ കവികൂടിയായ ലേഖകൻ കാണുന്നു.സംവിധായകൻ ഹരികുമാർ തന്റെ പതിനെട്ടാമത്തെ ഫീച്ചർ ഫിലിം ആയ 'ജ്വാലാമുഖി' ഒരു പ്രൈവറ്റ് സ്ക്രീനിങ്ങിൽ പ്രദർശിപ്പിച്ചു. അങ്ങനെ വളരെ ചെറിയൊരു സദസ്സിലാണ് ഞാൻ 'ജ്വാലാമുഖി' കണ്ടത്; സൂര്യ കൃഷ്ണമൂർത്തിയുടെ തിയറ്ററിൽ. അപൂർവമായൊരു ചലച്ചിത്രാനുഭവമായിരുന്നു അത്. ഒരു അസാധാരണ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു അതിസാധാരണക്കാരിയുടെ സമരങ്ങളുടെയും സംഘർഷങ്ങളുടെയും വ്യത്യസ്തമായ ഒരു ആഖ്യായികയാണ് 'ജ്വാലാമുഖി'. ഒരു സമ്പൂർണമായ ദൃശ്യാനുഭവം എന്ന് ഞാൻ ഈ...

Your Subscription Supports Independent Journalism

View Plans
സുരഭി ലക്ഷ്മി മാല പാർവതിക്കൊപ്പംകവി പി.എൻ. ഗോപീകൃഷ്ണനൊപ്പം തിരക്കഥയെഴുതി ഹരികുമാർ സംവിധാനംചെയ്ത ജ്വാലാമുഖി എന്ന സിനിമ കവികൂടിയായ ലേഖകൻ കാണുന്നു.

സംവിധായകൻ ഹരികുമാർ തന്റെ പതിനെട്ടാമത്തെ ഫീച്ചർ ഫിലിം ആയ 'ജ്വാലാമുഖി' ഒരു പ്രൈവറ്റ് സ്ക്രീനിങ്ങിൽ പ്രദർശിപ്പിച്ചു. അങ്ങനെ വളരെ ചെറിയൊരു സദസ്സിലാണ് ഞാൻ 'ജ്വാലാമുഖി' കണ്ടത്; സൂര്യ കൃഷ്ണമൂർത്തിയുടെ തിയറ്ററിൽ. അപൂർവമായൊരു ചലച്ചിത്രാനുഭവമായിരുന്നു അത്.

ഒരു അസാധാരണ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു അതിസാധാരണക്കാരിയുടെ സമരങ്ങളുടെയും സംഘർഷങ്ങളുടെയും വ്യത്യസ്തമായ ഒരു ആഖ്യായികയാണ് 'ജ്വാലാമുഖി'. ഒരു സമ്പൂർണമായ ദൃശ്യാനുഭവം എന്ന് ഞാൻ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നില്ല. പക്ഷേ, നാം കണ്ടുപരിചയിച്ചിട്ടുള്ള ചിത്രങ്ങളുടെ പശ്ചാത്തലവും കഥാപരിസരവുമല്ല 'ജ്വാലാമുഖി'യുടേത്. ഹരികുമാറിന്റെ മകൾ ഗീതാഞ്ജലി രൂപംനൽകിയ ഒരുശ്മശാനം സൂക്ഷിപ്പുകാരി (വെറും സൂക്ഷിപ്പുകാരിയല്ലല്ലോ അവർ. നടത്തിപ്പുകാരിതന്നെ ആണ്.)യുടെ കഥക്ക് തിരരൂപം നൽകിയിരിക്കുന്നത് സംവിധായകനും കവി പി.എൻ. ഗോപീകൃഷ്ണനും ചേർന്നാണ്. ശ്ലാഘനീയമായ ഒരു തിരക്കഥയാണ് 'ജ്വാലാമുഖി'യുടേത് എന്ന് പറയാതെ വയ്യ.


ഒരു മുത്തശ്ശിയുടെ 'മോണോലോഗ്' ആണ് ചിത്രത്തിന്റെ തുടക്കം. (അത് ഒരൽപം നീണ്ടുപോയെന്നാണ് തോന്നൽ.) അതിനിടെ സിനിമയിലെ കേന്ദ്രകഥാപാത്രമായ ഏയ്ഞ്ചൽ എന്ന ശ്മശാനം സൂക്ഷിപ്പുകാരിയെ നാം പരിചയപ്പെടുന്നു. അവരുടെ വീടും അതിന്റെ പശ്ചാത്തലവും ഒരുക്കിയതിലെ അവധാനത പ്രശംസനീയംതന്നെ. ഏയ്ഞ്ചലിന്റെയും അവളുടെ മക്കളുടെയും അസ്പർശ്യത ആ ദൃശ്യങ്ങൾ ദൃശ്യപ്പെടുത്തുന്നു. ('അതിഥി'യിലെ മണൽപ്പരപ്പിനു മധ്യേ ഉയർന്നുനിന്ന, ആ വീടിനെ ഓർമിപ്പിച്ചു, ഏയ്ഞ്ചലിന്റെ വീട്.)

അവളുടെ ജീവിതം ഒരു ഡോക്യുഫിക്ഷൻ ചിത്രമാക്കാൻ എത്തുന്ന പെൺകുട്ടിയും അവളുടെ സ്നേഹിതനും കൂടിച്ചേർന്നാണ് ഈ കഥയെ മുന്നോട്ട് നയിക്കുന്നത്. ആ പെൺകുട്ടി പറയുന്ന ഒരു കാര്യം പക്ഷേ, ഈ ചിത്രത്തിന്റെ കഥാതന്തുവിനെ ദുർബലപ്പെടുത്തുന്നുവോ എന്ന് സംശയം. അവൾ ഒരിക്കൽ പറയുന്നു: ''ഇത് 40 ശതമാനം റിയാലിറ്റിയും 60 ശതമാനം ഫിക്ഷനും ആണ്.'' അത്തരം ഒരു കണക്കെടുപ്പ് വേണ്ടിയിരുന്നില്ല.

അമ്മയും ഏയ്ഞ്ചലുമായുള്ള ബന്ധത്തിൽ പറഞ്ഞറിയിക്കാനാവാത്ത മറ്റൊരു തലമുണ്ട്. രണ്ട് നിസ്സഹായരായ സ്ത്രീകൾ തമ്മിലുള്ള 'മനസ്സിലാക്ക'ലിന്റെ തലം. അതെല്ലാം നന്നായി ആഖ്യാനം ചെയ്തിട്ടുണ്ട്. ഏയ്ഞ്ചലിന്റെ സാമൂഹികപശ്ചാത്തലം ഒരു അപ്രഖ്യാപിത 'തൊട്ടുകൂടായ്മ'യുടേതാണെന്ന സത്യം കുറേക്കൂടി തറപ്പിച്ചു പറയേണ്ടിയിരുന്നു.

ഏയ്ഞ്ചലിന്റെ മക്കൾക്ക്, വിശേഷിച്ച് മൂത്ത മകൾക്ക്, അമ്മയുടെ അധഃസ്ഥിതത്വംമൂലമുണ്ടാവുന്ന അപമാനം, സാമൂഹിക തിരസ്കരണം: ഇവയെല്ലാം അതിനാടകീയതയില്ലാതെ പറഞ്ഞുെവച്ചിട്ടുണ്ട്. അതുമൂലം സാമൂഹിക അംഗീകാരം ലഭിക്കാൻ അവൾ തേടുന്ന വഴികളിലെ ചതിക്കുഴികളെപ്പറ്റി അവളുടെ അമ്മ അവളെ ഓർമപ്പെടുത്തുകയല്ല ചെയ്യുന്നത്; അവർക്കറിയാവുന്ന ഭാഷയിൽ അവളെ ശകാരിക്കുകയാണ്. ശകാരം ആ പെൺകുട്ടിയെ ഒരിക്കലും അടുക്കാനാവാത്ത തലത്തിലേക്ക് അകറ്റിച്ചമക്കുകയാണ് ചെയ്യുന്നത്. ആ പരിണാമത്തിലും ഒരു 'പ്രെഡിക്റ്റബിലിറ്റി' പ്രശ്നം ഉണ്ട്. അതുകൊണ്ട് മകളുടെ തിരോധാനം ഒരു ക്ലീഷേ ആയിത്തീരുന്നു.

ഏയ്ഞ്ചലിന്റെ ജോലിയുമായി ചേർന്നുള്ള ബന്ധങ്ങൾക്ക് ഇത്തിരികൂടി സ്പെയ്സ് ചിത്രത്തിൽ നൽകിയിരുെന്നങ്കിൽ എന്ന് തോന്നിപ്പോയി. ഭർത്താവിനോട് വിശ്വസ്തയാവാൻ കഴിഞ്ഞില്ലെന്ന് 'പായാരം' പറയുന്ന സ്ത്രീയെ (മാല പാർവതി) ആശ്വസിപ്പിക്കുന്ന ഏയ്ഞ്ചലിന്റെ ചിത്രം മനസ്സിൽ തൊടുന്നതായി. എന്നാൽ തന്റെ ഈ ജോലി വെറുമൊരു ജോലി അല്ലെന്നും ഇതിനായി തന്നെ ദൈവം നിയോഗിച്ചതാണെന്നും ഏയ്ഞ്ചലിനു അവളുടെ പരിമിതമായ ആധ്യാത്മിക ജ്ഞാനത്തിൽനിന്ന് അറിയാം. അതിലൂടെ അവൾ പ്രത്യേകിച്ച് ഒരു 'ശക്തി'യും ആർജിക്കുന്നില്ലല്ലോ. ഈ ജോലിയിൽനിന്ന് രക്ഷപ്പെടുക എന്നൊരു ചിന്തയേ അവളിൽ ഉദിക്കുന്നുമില്ല. അതിന് അവൾക്ക് സമയമില്ല. സ്ഥിരമായി വാടകക്കുടിശ്ശിക തീർക്കാൻ ഓർമപ്പെടുത്തലുമായെത്തുന്ന രാവുണ്ണിയേട്ടൻ, ഒരു വീട് സ്വന്തമാക്കാനുള്ള പരിശ്രമത്തിൽ സർക്കാർ ഫയലുകളിൽ കുരുങ്ങിപ്പോകുന്ന ഏയ്ഞ്ചൽ ദിനങ്ങൾ. മൂത്ത മകൾ അപ്പോഴേക്ക് ഏതാണ്ട് പൂർണമായി അമ്മയിൽനിന്ന് അകന്നുകഴിഞ്ഞിരിക്കുന്നു. അവളറിയുന്നുണ്ടോ വിധിയുടെ കളിക്കളത്തിലെ പരസ്പരവൈരുധ്യങ്ങളാണ് മനുഷ്യജീവിതമെന്ന്? ദേഹിയെ വേർപെടുത്തുന്നിടമാണല്ലോ ശ്മശാനം. എന്നാൽ അവിടത്തെ അമ്മ തന്നെ രണ്ടു പെണ്മക്കളെയും ഏതാണ്ട് തടവിൽ പാർപ്പിച്ചിരിക്കയുമാണ്. അതിലെ ഡയലെക്ടിക്കൽ ബന്ധത്തിനു ഊന്നൽ നൽകിയിരുന്നെങ്കിൽ ചിത്രത്തിന്റെ സന്ദേശത്തിന് ഏറെ വ്യക്തത കൈവരുമായിരുന്നു. ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. അതും നാം കണ്ടറിഞ്ഞ ഒരു വ്യക്തിയുടെ ദുരന്തകഥയുടെ ആവിഷ്കാരമാണ്. ഹൃദയസ്പർശിയായ ഒരു ജീവിതകഥ അയാളുടെ കൈവശം ഉണ്ടായിട്ടും ആ കഥയുടെ ആവിഷ്കാരം പ്രധാന കഥാതന്തുവുമായി വേർപെട്ട് നിൽക്കുന്നു. അതുപോലെ സങ്കൽപത്തിനൊത്ത് ഉയരാൻ കഴിയാത്ത സീക്വൻസുകൾ ആയി, അച്ഛന്റെ മരണശേഷം അവിടെത്തന്നെ നിന്ന് ശണ്ഠ കൂടുന്ന സഹോദരന്മാരുടേത്.

സുരഭി ലക്ഷ്മി മാല പാർവതിക്കൊപ്പം

സുരഭി ലക്ഷ്മി മാല പാർവതിക്കൊപ്പം

ഡോക്യുഫിക്ഷന്റെ രീതിയാണ് അവലംബിച്ചിരിക്കുന്നതെങ്കിലും അൽപംകൂടി പിരിമുറുക്കം വേണ്ടിയിരുന്നയിടങ്ങളിൽ അത് ഉണ്ടായില്ല. പ്രെഡിക്ടബിലിറ്റിയാണ് ഒരു സാധാരണ ചിത്രത്തിന്റെ ദൗർബല്യം. 'ജ്വാലാമുഖി' ഒരു സാധാരണ സിനിമയല്ല. അതുകൊണ്ട് ആ ഒരു ദോഷം കണ്ടില്ലെന്നു പറയാനാവില്ല. ഉദാഹരണം, ഏയ്ഞ്ചലിന്റെ അമ്മയുടെ മരണത്തിനു മുൻപുള്ള സീനുകൾ. അമ്മ പറയുന്നു, അവർക്ക് സൂര്യാസ്തമയം കാണണമെന്ന്. ഏയ്ഞ്ചൽ അവരെ എടുത്തുകൊണ്ടുപോയി അസ്തമയം കാണിക്കുന്നു. അപ്പോൾ അവർ ആവശ്യപ്പെടുന്നു: ''എന്നെ നാളത്തെ ഉദയം കാണിക്കണം, എനിക്ക് ഒരു ബിരിയാണി വാങ്ങിച്ചു തരണം.'' ആവാമെന്ന് ഏയ്ഞ്ചൽ പറയുന്നു. അപ്പോൾത്തന്നെ നമുക്ക് മനസ്സിലാവുന്നുണ്ട്, ഈ സ്ത്രീ പിറ്റേന്ന് ഉണ്ടാവില്ല എന്ന്.

അത്തരം പ്രെഡിക്ടബിലിറ്റി ജീവിതത്തിൽ ഇല്ലല്ലോ. ഏയ്ഞ്ചൽ എന്ന ഒറ്റപ്പെട്ട അമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായതൊന്നും സംഭവിക്കുന്നില്ല. പണക്കാരുടെ മക്കൾക്കൊപ്പം തന്റെ മക്കൾ പഠിക്കാൻ പോകുമ്പോൾ ഏയ്ഞ്ചൽ ഉള്ളിൽ അറിഞ്ഞിരുന്നില്ലേ, അവർ തന്നിൽനിന്ന് എന്നെന്നേക്കുമായി അകന്നുപോകുകയാണെന്ന്. 'ജ്വാലാമുഖി' അപൂർവമായ ഒരു ജീവിതത്തിന്റെ നിറമാർന്ന ചിത്രീകരണമാണ്. നൗഷാദ് ഷെരീഫിന്റെ കാമറ ഈ ചിത്രത്തിന്റെ നിഴലും വെളിച്ചവും നിർണയിക്കുന്നതിൽ വലിയൊരു ഘടകമാണ്. ഇതിലെ കഥാപാത്രങ്ങൾ, ഇവർ ജീവിക്കുന്ന ഇടങ്ങൾ ഇവയെല്ലാം നാം അകലെനിന്ന് മാത്രമാണ് കാണുന്നത്. ഈ ചിത്രം കണ്ടുകഴിയുമ്പോൾ വിറകുകൊള്ളികൾ ഞെട്ടിത്തെറിക്കുന്ന ശബ്ദവും തീനാളങ്ങളുടെ ചൂടും ചിതയടങ്ങിക്കഴിയുമ്പോൾ നീറിക്കത്തുന്ന കനൽമെത്തയുമെല്ലാം നമ്മോടൊപ്പമുണ്ടാവും.

സുരഭി ലക്ഷ്മി എന്ന അതിപ്രഗല്ഭയായ നടി ഏയ്ഞ്ചലിന്റെ ഭാഗം അവിസ്മരണീയമാക്കി എന്ന് പറഞ്ഞാൽ അത് വെറും ക്ലീഷേ ആയിപ്പോകും. നാം കാണുന്ന ഏയ്ഞ്ചലിന്റെ ജീവിതത്തിൽ ചിരി ഇല്ല. അവളുടെ മുഖത്ത് സ്ഥായിയായുള്ള ഭാവം ആശങ്കയും ഭയവും ആണ്. സുരഭിയിൽനിന്ന് ഹരികുമാർ ആ ഭാവദ്വയം ആവോളം ചോർത്തിയിട്ടുണ്ട്. തന്റെ സാന്നിധ്യംകൊണ്ട് അതിശയിപ്പിച്ച മറ്റൊരാൾ പി.കെ. ലീല ആണ്. അമിതാഭിനയത്തിലേക്ക് വഴുതിവീഴാതെ അവർ ആ മുത്തശ്ശിയെ അവതരിപ്പിച്ചു. (കെ.പി.എ.സിയുടെ 'പുതിയ ആകാശം, പുതിയ ഭൂമി'യിൽ ''പാൽക്കുടമൊക്കത്തേന്തിക്കൊണ്ടേ'' എന്ന ഗാനത്തിന് നൃത്തംെവച്ച സുന്ദരിയായാണ് പി.കെ. ലീലയെ എന്റെ തലമുറ ഓർക്കുന്നത്.)

ഇത്തരം ഒരു ചിത്രം നമുക്ക് നൽകാൻ കാണിച്ച ധീരതക്ക് ഹരിക്കു സല്യൂട്ട്!

News Summary - Jwalamukhi Malayalam Movie review