മാൾവയിലെ കാറ്റിൽ അലിഞ്ഞ ചെമ്പകഗന്ധം
കൈകൾ ആകാശത്തേക്കുയർത്തി ഒരു നർത്തകന്റെ അംഗവിക്ഷേപങ്ങളോടെ പാടിയ ഒരു ഗായകനുണ്ടായിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിൽ. കുമാർ ഗന്ധർവ. പാരമ്പര്യ വഴിയിൽനിന്ന് മാറിനടന്ന കലാകാരൻ. ശാസ്ത്രീയ സംഗീതത്തിൽനിന്ന് നാടോടിസംഗീതത്തിലേക്കും പ്രകൃതിയിലേക്കും സഞ്ചരിച്ച പാട്ടുകാരൻ. കുമാർ ഗന്ധർവയുടെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾക്കും സംഗീതദർശനങ്ങൾക്കും പ്രസക്തി ഏറെയുണ്ട്. കർണാടകയിലെ ബെൽഗാമിൽ ജനിച്ച ശിവപുത്ര സിദ്ധരാമയ്യ കൊംകലി...
Your Subscription Supports Independent Journalism
View Plansകൈകൾ ആകാശത്തേക്കുയർത്തി ഒരു നർത്തകന്റെ അംഗവിക്ഷേപങ്ങളോടെ പാടിയ ഒരു ഗായകനുണ്ടായിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിൽ. കുമാർ ഗന്ധർവ. പാരമ്പര്യ വഴിയിൽനിന്ന് മാറിനടന്ന കലാകാരൻ. ശാസ്ത്രീയ സംഗീതത്തിൽനിന്ന് നാടോടിസംഗീതത്തിലേക്കും പ്രകൃതിയിലേക്കും സഞ്ചരിച്ച പാട്ടുകാരൻ. കുമാർ ഗന്ധർവയുടെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾക്കും സംഗീതദർശനങ്ങൾക്കും പ്രസക്തി ഏറെയുണ്ട്.
കർണാടകയിലെ ബെൽഗാമിൽ ജനിച്ച ശിവപുത്ര സിദ്ധരാമയ്യ കൊംകലി എന്ന കുട്ടിയുടെ പാട്ടു കേട്ട് ലിംഗായത്തുകാരനായ സന്യാസിയാണ് അവനെ കുമാർ ഗന്ധർവ എന്ന് വിളിച്ചത്. കുമാറിന്റെ അച്ഛൻ സിദ്ധരാമയ്യ കൊംകലി സംഗീതാസ്വാദകനും ഉസ്താദ് അബ്ദുൽ കരീം ഖാന്റെ ആരാധകനുമായിരുന്നു. പന്ത്രണ്ടാം വയസ്സിൽതന്നെ കുമാർ സംഗീതസദസ്സുകളിലെ സ്ഥിരം സാന്നിധ്യമായി. പ്രയാഗ് സംഗീത സമിതിയുടെ കച്ചേരിയിൽ കുമാർ പാടുന്നത് കേട്ട് ഉസ്താദ് ഫയാസ് ഖാൻ പറഞ്ഞു: ‘‘എനിക്ക് എന്തെങ്കിലും സമ്പാദ്യമുണ്ടായിരുന്നെങ്കിൽ അതെല്ലാം ഞാൻ ഈ കുട്ടിയെ സംഗീതം പഠിപ്പിക്കാൻ ചെലവഴിക്കുമായിരുന്നു.’’ ഇതേ വർഷം കുമാർ ഗന്ധർവ കൊൽക്കത്തയിൽ എത്തിയപ്പോൾ സൈഗളിന്റെ ദേവദാസ് (1936) പുറത്തിറങ്ങിയ സമയമായിരുന്നു. സൈഗളിന്റെ പാട്ടുകൾ പാടി ബംഗാളി സംഗീതാസ്വാദകരെയും കൈയിലെടുത്തു. ആവേശത്തിൽ കാണികൾ സ്റ്റേജിലേക്ക് നോട്ടുകൾ എറിഞ്ഞു. സ്റ്റേജിൽ പാറിനടന്ന നോട്ടുകൾ എടുത്ത് ആ പന്ത്രണ്ടുകാരൻ തന്റെ കീശയിൽ തിരുകി.
വലിയ സംഗീതജ്ഞന്മാരെ അനുകരിച്ചുകൊണ്ടായിരുന്നു കുമാർ ഗന്ധർവയുടെ തുടക്കം. ബോംെബയിൽ നടന്ന ഒരു സ്വകാര്യ സംഗീത കച്ചേരിയിൽ പാടാൻ ക്ഷണിക്കപ്പെട്ട കുമാർ ഗന്ധർവ അവിടെ സന്നിഹിതരായ ഉസ്താദ് അബ്ദുൽ കരീംഖാൻ, ഉസ്താദ് ഫയാസ് ഖാൻ, പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂർ, സവായി ഗന്ധർവ, കേസർബായി കേർക്കർ എന്നിവരുടെ ശൈലി അനുകരിച്ചു പാടി. സദസ്സിലുള്ള അവർ അത് നന്നായി ആസ്വദിക്കുകയും പാട്ടുകാരനെ അഭിനന്ദിക്കുകയും ചെയ്തു. ഓരോ ഗായകരുടെ ശൈലിയും അവന് മനഃപാഠമായിരുന്നു. അത് കേവലം അനുകരണമായിരുന്നില്ല. മറിച്ച് സംഗീതത്തോടുള്ള അവന്റെ ആദരവ് പ്രകടിപ്പിക്കലായിരുന്നു.
പണ്ഡിറ്റ് വി.ഡി. പലൂസ്കറിന്റെ ശിഷ്യനും മഹാരാഷ്ട്രയിലെ മിറാജിലുള്ള ഖയാൽ ഗായകനുമായ ബി.ആർ. ദിയോധറിന്റെ കീഴിലാണ് സംഗീതപഠനത്തിന് അവസരം കിട്ടിയത്. ദിയോധർ പേരെടുത്ത ഗായകനൊന്നുമായിരുന്നില്ല. പക്ഷേ, സംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ഗ്വാളിയോർ ഘരാനയിലാണ് പഠിച്ചതെങ്കിലും ഒരു ഘരാനയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു.
പൂർണമായും വ്യക്തിവൈഭവത്തിന്റെ വക്താവായിരുന്നു ദിയോധർ. എല്ലാ ഘരാനകളിൽനിന്നും ശൈലികൾ സ്വീകരിക്കുകയും തന്റേതായ രീതിയിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഇത് പുതിയ പാതകൾ വെട്ടിത്തുറക്കാൻ ശിഷ്യന് പ്രചോദനമായി. ദിയോധർ ചെലുത്തിയ സ്വാധീനമായിരിക്കാം ഒന്നിൽതന്നെ ഒതുങ്ങിനിൽക്കാതെ വിവിധ ഘരാനകളുടെ ശൈലികൾ സ്വാംശീകരിക്കാനും സ്വന്തമായൊന്നു വികസിപ്പിച്ചെടുക്കാനും കുമാർ ഗന്ധർവയെ പ്രാപ്തനാക്കിയത്.
1941 മുതൽ 1946 വരെയുള്ള കാലയളവിൽ കുമാർ ഗന്ധർവ തന്റെ യഥാർഥ ശബ്ദവും ശൈലിയും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഘരാനകളുടെ വഴിയേ പോകേണ്ട എന്ന് ആ യുവഗായകൻ തീരുമാനിച്ചിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഇരുട്ടിൽ വെളിച്ചം തേടിയുള്ള യാത്ര പോലെയായിരുന്നു അത്. ഒരുദിവസം ഭിംപലാസി രാഗത്തിൽ ഖയാൽ പാടിയപ്പോഴാണ് തന്റെ ശൈലിയും സ്വരവും തിരിച്ചറിഞ്ഞത്. ഒരുപാട് നാളായുള്ള സന്ദേഹത്തിന് അങ്ങനെ വിരാമമായി. ദിയോധറിന്റെ കീഴിൽ പഠിക്കുന്ന കാലത്താണ് സഹപാഠിയായ ഭാനുമതി കോൺസിനെ പ്രേമിച്ച് വിവാഹം കഴിച്ചത്. പ്രണയസാക്ഷാത്കാരം അവരുടെ ജീവിതത്തിന് പുതിയ ഊർജം പകർന്നു. ഗായകൻ എന്ന നിലയിൽ ജീവിതത്തിന്റെ ഗ്രാഫ് ഉയർന്നു തുടങ്ങിയ നാളുകളിലാണ് ക്ഷയരോഗത്തിന്റെ രൂപത്തിൽ ഒരു ദുരന്തം കുമാറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
സംഗീത ജീവിതം അവസാനിച്ചെന്ന് തോന്നിച്ച ഘട്ടം. ശുദ്ധവായുവും വരണ്ട കാലാവസ്ഥയുമുള്ള ഒരു പ്രദേശത്തേക്ക് താമസം മാറാൻ ഡോക്ടർമാർ നിർദേശിച്ചു. അതിനായി മധ്യപ്രദേശിലെ മാൾവ പ്രദേശത്തെ ദേവാസ് എന്ന സ്ഥലം തിരഞ്ഞെടുത്തു. രോഗം പൂർണമായി ഭേദമാകുന്നതുവരെ പാടരുതെന്ന് വിലക്കുണ്ടായിരുന്നു. ഭാര്യ ഭാനുമതി അധ്യാപികയായി ജോലി ചെയ്തു കുടുംബം നോക്കി. ക്രമേണ സുഖം പ്രാപിച്ചുവെങ്കിലും ശ്വാസകോശങ്ങളിലൊന്ന് തകരാറിലാവുകയും നീക്കം ചെയ്യേണ്ടിവരുകയും ചെയ്തു.
പാടാൻ വിലക്കുണ്ടായിരുന്നെങ്കിലും ഉള്ളിലെ സംഗീതത്തിന്റെ കടൽ അശാന്തമായിരുന്നു. തന്റെ ആന്തരികലോകത്ത് പാടുകയും സംഗീതത്തെയും തത്ത്വചിന്തയെയും കുറിച്ചുള്ള ആലോചനകളിൽ മുഴുകുകയും ചെയ്തു. മാൾവ പ്രദേശത്തെ സംഗീതം സൂക്ഷ്മമായി നിരീക്ഷിച്ചു. അലഞ്ഞു നടക്കുന്ന നാടോടികളുടെ സംഗീതം കുമാർ ഗന്ധർവയുടെ ഉള്ളിലെ ദാർശനികനെ ഉണർത്തി. ക്ലാസിക്കൽ സംഗീതം നാടോടി സംഗീതത്തിന്റെ പരിഷ്കരിച്ച രൂപമാണ് എന്ന സിദ്ധാന്തത്തിലേക്ക് അത് നയിച്ചു. അദ്ദേഹത്തിന്റെ സംഗീതസങ്കൽപങ്ങളിൽ കാതലായ മാറ്റങ്ങൾ അതുണ്ടാക്കി. നാടോടി ഈണങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ രാഗങ്ങൾ സൃഷ്ടിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിൽ അതൊരു പുത്തൻ പരീക്ഷണമായിരുന്നു.
പാടാതിരുന്ന ഏഴു വർഷക്കാലം ഈ ചിന്തയുടെ വിടരലുകളാണ് കുമാറിന്റെ ഉള്ളിൽ സംഭവിച്ചത്. നീണ്ട ഏഴുവർഷത്തെ മൗനത്തിനുശേഷം കുമാർ വേദിയിൽ പാടിയപ്പോൾ കേട്ടിരുന്നവർ വിസ്മയിച്ചു. അവർ അതുവരെ കേട്ട കുമാർ ഗന്ധർവയായിരുന്നില്ല. ശൈലിയിലും വലിയ മാറ്റം വന്നിരിക്കുന്നു. ഒറ്റ ശ്വാസകോശംകൊണ്ട് പാടുന്ന അത്ഭുത മനുഷ്യൻ എന്നാണ് സംഗീതലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാൽ, പാരമ്പര്യവാദികൾ കുമാറിന്റെ ആലാപനത്തെ പറ്റി കടുത്ത വിമർശനം ഉയർത്തി. ക്ലാസിക്കൽ സംഗീതത്തെ നാടോടി സംഗീതം കലർത്തി നശിപ്പിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. രാഗവിസ്താരം ശുദ്ധമല്ലെന്നും ഗായകൻ രാഗഘടനയെ തെല്ലും മാനിക്കുന്നില്ല എന്നും ബന്ദിഷിലെ പദങ്ങളെ തനിക്ക് തോന്നിയതുപോലെ വളച്ചൊടിക്കുന്നു എന്നൊക്കെയായിരുന്നു മറ്റു പരാതികൾ. പക്ഷേ, വിമർശകർപോലും സമ്മതിച്ചുപോകുന്ന ഒരു കാര്യമുണ്ട്. അത് ഗായകന്റെ സർഗാത്മകതയുടെ ഊർജപ്രവാഹമാണ്. സംഗീതത്തിലെ ഈ നൂതന പരീക്ഷണത്തെ ഇഷ്ടപ്പെട്ടവർ അദ്ദേഹത്തെ ഹിന്ദുസ്ഥാനി സംഗീതത്തിലെ അവാന്ത് ഗാർഡ് പ്രസ്ഥാനത്തിന്റെ നേതാവ് എന്ന് വാഴ്ത്തി.
സംഗീതനിരൂപകരിൽ ഒരു വിഭാഗത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും കുമാർ ഗന്ധർവയുടെ തിരിച്ചുവരവ് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. പക്ഷേ ഒരു ദുരന്തത്തെ അതിജീവിച്ച അദ്ദേഹത്തെ മറ്റൊരു ദുരന്തം കാത്തുകിടപ്പുണ്ടായിരുന്നു. രണ്ടാമത്തെ പ്രസവത്തിൽ ഭാനുമതി മരിച്ചു. തന്നെ വീണ്ടും പാട്ടിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവന്ന സഖിയുടെ വിയോഗം അദ്ദേഹത്തെ തളർത്തി. ഈ സമയത്താണ് ശിഷ്യയായ വസുന്ധരാദേവി കുമാറിന്റെ താളംതെറ്റിപ്പോയ ജീവിതത്തിലേക്ക് രക്ഷകയായി എത്തിയത്. അവർ തന്റെ സംഗീതസ്വപ്നങ്ങൾ മാറ്റിവെച്ച് ഗുരുവിന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചു. ജീവിതത്തെ ഗ്രസിച്ചുനിൽക്കുന്ന ശൂന്യതയെ ഒരു പരിധിവരെ മറികടക്കാൻ വസുന്ധരയുടെ സാന്നിധ്യം കരുത്തേകി.
പണ്ഡിറ്റ് ഓംകാർ ഠാക്കൂറിന്റെ പാരമ്പര്യമായിരുന്നു ആലാപനത്തിൽ കുമാർ ഗന്ധർവ പിന്തുടർന്നത്. ശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾ, വൈകാരികമായ ഉള്ളടക്കത്തിലുള്ള ശ്രദ്ധ എന്നിവ ഓംകാർനാഥ് ഠാക്കൂറിന്റെ ശൈലിയെ അനുസ്മരിപ്പിച്ചു. ഖയാൽ ആലാപനത്തിൽ കുമാർ പിന്തുടർന്നത് പതിവ് രീതിയായിരുന്നില്ല. രാഗത്തിന്റെ പുതുമയുള്ളതും സ്വതന്ത്രവുമായ സാധ്യതകളെ അന്വേഷിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ രാഗം നഗ്നമാണ്. അതിനെ ഉടുപ്പ് അണിയിക്കൽ സംഗീതജ്ഞന്റെ ജോലിയാണ്.
രാഗത്തെ വികസിപ്പിക്കാനും അതിനെ പുതിയ ആകാശത്തിലേക്ക് പടർത്താനും അദ്ദേഹം ശ്രമിച്ചു. ഒറ്റ ശ്വാസകോശത്തിന്റെ പരിമിതി രാഗങ്ങളെ അതിന്റെ മന്ദ്രസ്ഥായിയിൽ വിസ്തരിക്കൽ പ്രയാസമേറിയതാക്കി. അതുകൊണ്ട് മധ്യസ്ഥായിയിലേക്ക് ചുവട് മാറ്റി. ചെറുതും ദ്രുതവുമായ താനുകൾ പാടുന്നതിൽ മികച്ചുനിന്നു. മധ്യലയ ഖയാലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കുമാർ ഗന്ധർവ ശ്രീ, കല്യാണി, പൂരിയ ധനശ്രീ, ഗൗരി ബസന്ത്, സൊഹിനി തുടങ്ങിയ രാഗങ്ങൾ ഉജ്ജലമായി അവതരിപ്പിച്ചു.
കുമാർ ഗന്ധർവയുടെ ഭജനുകൾ അനാദൃശമാണ്. കബീർ, സൂർദാസ്, മീരാഭായി, തുക്കാറാം എന്നിവരുടെ ഭജനുകൾ ആസ്വദിച്ചു പഠിച്ചശേഷമാണ് പാടിയിരുന്നത്. അവയിലെ തത്ത്വചിന്തയും കാൽപനികതയും സ്വാംശീകരിച്ചിരുന്നു. അതുകൊണ്ട് അവക്ക് യോജിച്ച ഭാവവും താളവും ഉപയോഗിക്കാൻ സാധിച്ചു. ഭക്തിയേക്കാൾ അവയിലെ തത്ത്വചിന്തയാണ് അദ്ദേഹം പ്രതിഫലിപ്പിക്കാൻ ശ്രമിച്ചതെന്ന് തോന്നുന്നു. അതിലൂടെയുള്ള സഞ്ചാരം ഉളവാക്കുന്ന സൗന്ദര്യാനുഭൂതി ശ്രോതാവിന് ആനന്ദം നൽകുന്നു. ‘‘സുൻ താ ഹെ ഗുരു ഗ്യാനി’’ എന്ന കബീർ വാണി കുമാർ ഗന്ധർവ ആദ്യമായി കേട്ടത് യാചകനായി വന്ന ഒരു നാടോടി ഗായകന്റെ ചുണ്ടിൽനിന്നാണ്. മാൾവയിൽ ഇത്തരം നാടോടി ഗായകരുടെ പാട്ടുകൾ സ്ഥിരമായി കേട്ടതുകൊണ്ടായിരിക്കാം മരത്തണലിൽ ഇരുന്നു പാടുന്ന ഒരു നാടോടി ഗായകനായാൽ മതിയെന്ന് ഒരഭിമുഖത്തിൽ കുമാർ ഗന്ധർവ പറഞ്ഞത്.
കബീറിന്റെ തന്നെ ‘‘അവധൂതാ ഗഗന് ഘട്ടാ ഗഹരായേരേ’’, ‘‘ഉഡ് ജായെഗാ ഹൻസ് അകേലാ’’, ‘‘ഘട്ട് ഘട്ട് മേം പഞ്ചി ബോൽത്താ’’, വസുന്ധര കൊംകലിയുടെ ഒപ്പം പാടിയ ‘‘യുഗേന യുഗേന ഹം യോഗി’’ എന്നിവയെല്ലാം ശ്രോതാവിനെ ആലാപനത്തിന്റെ വേറിട്ട സൗന്ദര്യം അനുഭവിപ്പിക്കുന്നു. ഭജൻ പാടുന്നതിൽ അദ്ദേഹം ഒരു ട്രെൻഡ്സെറ്റർ തന്നെ ആയിരുന്നു. കിശോരി അമോങ്കർ, മാലിനി രജുൽക്കർ, വീണ സഹസ്ര ബുധെ എന്നിവർ കുമാർ ഗന്ധർവയുടെ ഭജൻ ആലാപനശൈലിയിൽ ആകൃഷ്ടരായവരാണ്.
പരീക്ഷണതൽപരത കുമാർ ഗന്ധർവയുടെ സംഗീതത്തിന്റെ മുഖമുദ്രയാണെന്ന് പറയാം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നമ്മുടെ സംഗീതം കെട്ടിനിൽക്കുന്ന ജലാശയമാകുന്നത് പരീക്ഷണങ്ങളുടെ അഭാവംകൊണ്ടാണ്. വെറും ഉപരിപ്ലവമായ പരീക്ഷണമല്ല. ധിഷണയെ സർഗാത്മകതയിലേക്ക് കടത്തിവിട്ടാണ് അത് സാധ്യമാക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സാധാരണയായി ഒരു ഗായകന്റെ രാഗാലാപനം പലപ്പോഴും ഒരേ രീതിയിലായിരിക്കും. എന്നാൽ, കുമാർ ഒരേ രാഗംതന്നെ ഓരോ തവണ അവതരിപ്പിക്കുമ്പോഴും വ്യത്യസ്തമാണ്. വേറിട്ട ശ്രമങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ടാവാം കർണാട്ടിക് സംഗീതത്തിലെ വിമതസ്വരമായ എം.ഡി. രാമനാഥന്റെ കച്ചേരി കേൾക്കാൻ കുമാർ ഗന്ധർവ കലാക്ഷേത്രയിൽ പോയത്. എം.ഡി.ആറിന്റെ കാലിൽ നമസ്കരിച്ചുകൊണ്ടായിരുന്നു അന്ന് ആ പാട്ടുകാരനോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
ഒരു സംഗീതകാരന്റെ ഏറ്റവും വലിയ സമ്പത്ത് ശിഷ്യഗണങ്ങളാണ്. അവരാണ് ഗുരുവിന്റെ പൈതൃകത്തെ മുന്നോട്ടു ചലിപ്പിക്കുന്നത്. കുമാർ ഗന്ധർവയുടെ ശൈലിയുടെ പ്രത്യേകതകൊണ്ടാവാം അതിനെ പകർത്തിവെക്കാൻ പ്രശസ്തരായ ശിഷ്യരൊന്നും ഇല്ലാതെ പോയത്. ഭാര്യ വസുന്ധര കൊംകലിക്കും മകൾ കലാപിനി കൊംകലിക്കും അദ്ദേഹത്തിന്റെ പിന്തുടർച്ച അവകാശപ്പെടാൻ കഴിയില്ല. എന്നാൽ, ആദ്യ ഭാര്യയിലെ മകൻ മുകുൽ ശിവപുത്ര കുമാർ ഗന്ധർവയുടെ പാരമ്പര്യത്തെ മുന്നോട്ടു നടത്താൻ പ്രാപ്തനാണ്. ഭാര്യയുടെ മരണവും വ്യക്തിജീവിതത്തിലെ ചില പ്രയാസങ്ങളും മുകുലിന്റെ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ മഹാഗായകനായ അച്ഛന്റെ മകൻ എന്ന പദവി അദ്ദേഹത്തിന് ഒരു ഭാരമായി തോന്നിയിരിക്കാം.
അമിത മദ്യപാനവും അലച്ചിലും ദിനചര്യയാക്കി മാറ്റിയ മുകുലിനെ സുഹൃത്തുക്കൾ മദ്യാസക്തി വിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട് യാചകനായി അലയുന്നത് കണ്ടപ്പോൾ ചിലർ തിരിച്ചറിഞ്ഞു വീണ്ടും ചികിത്സാകേന്ദ്രത്തിൽ എത്തിച്ചു. ജീവിതവിരക്തിയുടെ കടൽ ഏറക്കുറെ നീന്തിക്കയറിയപ്പോൾ അദ്ദേഹം പൊതുവേദികളിൽ വീണ്ടും സജീവമായി. കുമാർ ഗന്ധർവ പാടി അനശ്വരമാക്കിയ ‘‘ജമുന കിനാരെ മെരെ ഗാവ്’’ മുകുൽ ശിവപുത്ര പാടുന്നത് ആവേശത്തോടെയാണ് യൂട്യൂബിൽ സംഗീതപ്രേമികൾ സ്വീകരിച്ചത്. ശുഭ മുദ്ഗൽ, മധുപ് മുദ്ഗൽ, സത്യശീൽ ദേശ് പാണ്ഡെ, വിജയ് സർദേശ് മുഖ് എന്നീ ശിഷ്യരിലൂടെയാണ് കുമാർ ഗന്ധർവയുടെ സംഗീതപാരമ്പര്യം ഇപ്പോൾ മുന്നോട്ടുപോകുന്നത്. മുകുൾ ശിവപുത്രയുടെ മകൻ ഭുവനേഷ് കൊംകലിയും പുതിയ തലമുറയിൽ ഏറെ പ്രതീക്ഷകൾ നൽകുന്നു.
അറുപത്തെട്ടാം വയസ്സിലാണ് കുമാർ ഗന്ധർവ വിടവാങ്ങിയത്. 1992 ജനുവരി 12ന്. അധികം പരീക്ഷണങ്ങൾക്ക് വിധേയമാകാത്ത ഹിന്ദുസ്ഥാനി സംഗീതത്തിൽ പാരമ്പര്യത്തെ പുനർനിർമിച്ച ഈ ഗായകൻ അവശേഷിപ്പിച്ചു പോയ ഇടങ്ങൾ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നിട്ടില്ല. 1970കളിൽ കബീർ വാണികളെ ഹിന്ദുസ്ഥാനി സംഗീതത്തിൽ ആദ്യമായി അവതരിപ്പിച്ചത് കുമാർ ഗന്ധർവയായിരുന്നു. അവ ഈയൊരു കാലത്ത് കേൾക്കുമ്പോൾ അതിന്റെ പ്രസക്തി വളരെ വലുതാണെന്ന് മനസ്സിലാക്കാം. സമകാലിക ഇന്ത്യയിൽ വർഗീയതക്കെതിരെ കബീർ കവിതകൾ ഉപയോഗിക്കാൻ ഗായികയും ഡോക്യുമെന്ററി സംവിധായികയുമായ ശബ്നം വിർമാനിക്ക് പ്രചോദനമായതും കുമാർ ഗന്ധർവയുടെ കബീർ പാട്ടുകളാണ്.
Koi sunta hai-Journey with Kumar and Kabir എന്ന ഡോക്യുമെന്ററിയിൽ കുമാർ ഗന്ധർവ പാടി അനശ്വരമാക്കിയ കബീർ വാണികളിലൂടെ സഞ്ചരിക്കുന്നുണ്ട് സംവിധായിക. കബീറിനെ കുറിച്ചുതന്നെ അവർ സംവിധാനംചെയ്ത ഹദ് അൻഹദ് എന്ന മറ്റൊരു ഡോക്യുമെന്ററിയിൽ നാടോടിസംഗീതത്തിലൂടെ പ്രചാരത്തിലുള്ള രാമനെയും ഇന്ത്യയിൽ രാഷ്ട്രീയ ആയുധമാക്കപ്പെട്ട രാമനെയും അന്വേഷിച്ചു പോകുന്നു. മാൾവയിലെ നാടോടി ഗായകരുടെ ചുണ്ടിലുള്ള കബീർ വാണികൾ നേരത്തേ തന്നെ കുമാർ ഗന്ധർവ പകർത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയായിരുന്നു ശബ്നം വിർമാനിയും ചെയ്തിരുന്നത്.
കുമാർ ഗന്ധർവക്കു നേരെ വന്നിട്ടുള്ള വിമർശനങ്ങൾക്ക് സുഹൃത്തും സരോദ് വാദകനുമായ ഉസ്താദ് അംജദ് അലിഖാൻ മറുപടി പറഞ്ഞിട്ടുണ്ട്. മാസ്റ്റർ ഓൺ മാസ്റ്റേഴ്സ് എന്ന പുസ്തകത്തിൽ അംജദ് അലിഖാൻ എഴുതി: ‘‘എന്റെ അഭിപ്രായത്തിൽ പാരമ്പര്യത്തെ ഏറെ ആദരിച്ച വ്യക്തിയാണ് അദ്ദേഹം. പാരമ്പര്യത്തെ പിന്തുടരുക എന്ന് പറഞ്ഞാൽ ഗുരുമുഖത്തുനിന്ന് കിട്ടിയത് ഒരു മാറ്റവും വരുത്താതെ മുന്നോട്ടുകൊണ്ടുപോവുക എന്നതല്ല. കുമാർജി വിശ്വസിച്ചിരുന്നത് പാരമ്പര്യം എന്നാൽ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയാണെന്നും അതിൽ രണ്ടുതവണ ഇറങ്ങിയാലും വെള്ളം മാറിക്കൊണ്ടിരിക്കും എന്നുമാണ്. അദ്ദേഹം ഘരാനക്ക് എതിരായിരുന്നു എന്ന ധാരണയും ശരിയല്ല. നേരെമറിച്ച് അദ്ദേഹം പല ഘരാനകളുടെയും ആരാധകനായിരുന്നു. ഘരാനകളുടെ തനി പകർപ്പ് സ്വീകരിക്കുന്നതും ഒരു ഘരാന മറ്റൊന്നിന്റെ മേൽ ആധിപത്യം കാണിക്കുന്ന പ്രവണതയോടുമാണ് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചത്.’’