പ്രണയവിഷാദങ്ങളുടെ മഹാനദി
ജനലക്ഷങ്ങളെ ലത മേങ്കഷ്കറുടെ പാട്ടുകൾ പലതരം വികാരവിക്ഷോഭങ്ങളിലാഴ്ത്തിയെന്നത്വാസ്തവമാണ്. പ്രണയം, വിരഹം എന്നിങ്ങനെ വികാരങ്ങളുടെ പലതരം നദികളിൽ മുക്കിയ ആ ഗാനാലാപന രീതികളെക്കുറിച്ച് എഴുതുകയാണ് കവിയും എഴുത്തുകാരിയുമായ ലേഖിക.
''നമ്മുടെ പ്രണയം അനശ്വരമാണ്
എങ്കിലും എെന്‍റ മനസ്സ് ചകിതമാകുന്നതെന്തേ...''
അസ്ലി നഖ്ലിയിൽ (1962)
ലത മങ്കേഷ്കർ പാടിയ ഗാനം
2018ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുതിയ ഗായകരുടെ ഒരു കുറവായി ലത മങ്കേഷ്കർ സൂചിപ്പിച്ചത് അവരുടെ ഗാനങ്ങളിലെ അച്ചടക്കത്തിെന്‍റ അപര്യാപ്തതയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും സുശിക്ഷിതത്വവും മിതത്വവുമുള്ള ആലാപനശൈലികൊണ്ട് ശ്രദ്ധേയയായ ഗായികക്ക് ഇത്തരെമാരു തോന്നലുണ്ടായതിൽ അത്ഭുതമില്ല. ശുദ്ധതയും തെളിച്ചവും സുതാര്യതയുമുള്ള ആ സ്വരം, ഇന്ത്യയുടെ നവദേശീയതയുടെ ആധികാരികമായ ശബ്ദമായിരുന്നല്ലോ. ''ഏ മേരേ വതൻ കേ ലോഗോ'' എന്ന തന്‍റെ അതിപ്രശസ്തമായ ഗാനം ഇന്ത്യ-ചൈന യുദ്ധത്തിലെ വിധവകൾക്കായി ധനസമാഹരണം നടത്തുന്നതിനുൾപ്പെടെയുള്ള വേദികളിൽ ആലപിച്ച്, ദേശീയത എന്ന ആശയേത്താടുള്ള കൂറ് നിരന്തരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു അവർ. ഈ നവദേശീയ ചിന്തക്കൊപ്പം ചുവടുെവച്ച ഇന്ത്യൻ ചലച്ചിത്രങ്ങളിലെ ആദർശ നായികമാർക്ക് ലതയുടേതല്ലാത്ത ഒരു സ്വരം സങ്കൽപിക്കാൻ പ്രയാസമായിരുന്നു.
അതിലളിതവും ആയാസരഹിതവുമെങ്കിലും, വൈകാരികതയുടെ ആഴങ്ങൾ ഒളിപ്പിച്ച ആ സ്വരം സിനിമാ സംഗീതത്തിലെ പ്രണയഭാവത്തെ നിർവചിക്കുകയും നവീകരിക്കുകയും ചിലപ്പോഴെങ്കിലും മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ആലാപനത്തിലെ അടക്കമായിരുന്നു ലതയുടെ സിനിമാഗാനങ്ങളുടെ മുഖമുദ്ര; ഒരു പരിധിക്കപ്പുറത്തേക്ക് ഒരു വാക്കുപോലും തുളുമ്പി വീഴാത്ത, ഒരു വാക്കിൽപ്പോലും പാരവശ്യത്തിെന്‍റ ഇടർച്ചയില്ലാത്ത ഗാനങ്ങൾ. അവരുടെ ഗാനങ്ങളിൽ ഏറ്റവും ജനപ്രിയമായ ''ലഗ് ജാ ഗലേ'' (വോ കോൻ ഥീ, 1964) ഈ ആലാപനശൈലിയുടെ ഒരു പാഠപുസ്തകമാണ്. വികാരതീവ്രതയുള്ളതാണ് രാജാ മെഹ്ദി അലി ഖാെന്‍റ വരികൾ. സാധനയും മനോജ് കുമാറുമാണ് ഗാനരംഗത്ത്. എന്നെ ആലിംഗനം ചെയ്യൂ, ഈ രാത്രി അധികം നീണ്ടില്ലെങ്കിലോ എന്നു പറയുന്ന നായിക, ആ ക്ഷണത്തെ അടുത്ത തലത്തിലേക്കെത്തിക്കുന്നത് അഥവാ ഇനി ഈ ജന്മത്തിൽ നമുക്ക് കണ്ടുമുട്ടാനായില്ലെങ്കിലോ എന്ന വരികൾകൊണ്ടാണ്. പ്രണയത്തിെന്‍റ ദുഃഖാന്ത്യം, അത് ചലച്ചിത്രത്തിലുണ്ടായാലും ഇല്ലെങ്കിലും, ഈ ഗാനത്തിലുണ്ട്. അതിനെ ഒരു അനിവാര്യതയായിക്കണ്ട്, തികഞ്ഞ നിർമമതയോടെയാണ് ലത ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ സാധനയുടെ പ്രണയപൂർവമായ നോട്ടങ്ങളുടെ ചില പൂത്തിരിവെളിച്ചങ്ങൾപോലും കടന്നുചെല്ലാതെ, അണയുമെന്നുറപ്പുള്ള ഇരുട്ടിലെ മെഴുതിരിപോലെ അതീവശാന്തമായി എരിയുന്ന ഗാനത്തിന്, ലതയുടെ നിമ്നോന്നതങ്ങളില്ലാത്ത ആലാപനം പകർന്നു നൽകുന്ന ജീവൻ ചെറുതല്ല. അത് അവരുടെ ഏതാണ്ട് എല്ലാ പ്രണയഗാനങ്ങളുടെയും മായാമുദ്രയായി മാറുന്നതു കാണാം.
മറുവശത്ത്, വികാരത്തള്ളിച്ചയും പ്രസരിപ്പുമുള്ള സ്വരവുമായി ലതയുടെ സഹോദരി ആശാ ഭോസ്ലെ നിറഞ്ഞുനിന്ന കാലംകൂടിയായിരുന്നല്ലോ അത്. ഉന്മാദിനികളായ, പ്രണയത്തെ കെട്ടഴിച്ചുവിട്ട നായികമാരും വാമ്പുകൾ എന്ന ഓമനപ്പേരിലറിയപ്പെട്ട വശീകരണസമർഥകളായ യുവതികളും ആശയുടെ ലഹരി തുളുമ്പുന്ന സ്വരത്തിൽ പാടിയേപ്പാൾ, ലതയുടെ ആലാപനം ആ ഗാനങ്ങളുണ്ടാക്കിയ ചലനങ്ങളിൽനിന്ന് മാറിനിന്നു. ''ആയിയേ മെഹ്റുബാ'' എന്ന് ആശയിലൂടെ പാടിയ മധുബാലയും, ''പ്യാർ കിയാ തോ ഡർനാ ക്യാ'' എന്ന് മുഗൾ-ഇ-ആസമിൽ ലതയിലൂടെ പാടിയ മധുബാലയും എത്രയോ വ്യത്യസ്തരായിരുന്നു. സ്നേഹിക്കാൻ ഭയപ്പെടുന്നതെന്തിന്, സ്നേഹിച്ചല്ലേയുള്ളൂ, മോഷ്ടിച്ചില്ലേല്ലാ, നമ്മുടെ സ്നേഹത്തെ ഒരിക്കലും നിശ്ശബ്ദമാക്കാനാവില്ല എെന്നാക്കെയുള്ള സുധീരമായ വരികൾേപാലും ലതയുടെ ആലാപനത്തിൽ ഒരു പരിധിവിട്ട് ആവേശഭരിതമാകാതെപോകുന്നതു കാണാം, ആ കഥയുടെ ദുരിതാന്ത്യം ആ വരികൾക്കുള്ളിൽ അവർ ഒരു ഭാവമായി ചേർത്തുെവച്ചിട്ടുണ്ട്.
പ്രണയവിഷാദങ്ങളുടെ നീലനദി
ലതയുടെ ആലാപനത്തിൽ നായികമാർ ഉടലിൽനിന്ന് മോചിപ്പിക്കപ്പെട്ടവരായി, അഴകളവുകളിലേക്ക് തിരിച്ചുെവച്ച കാമറക്കണ്ണുകളിൽനിന്ന് അവരുടെ വൈകാരികത ആത്മാവിെന്റ ഏതൊക്കെയോ തലങ്ങളിൽ നിരന്തരം സഞ്ചരിച്ചു. പ്രണയത്തിൽ സ്വയം മറന്നുള്ള ഉന്മാദങ്ങൾ അവർക്ക് അന്യമായിരുന്നു. നശ്വരതയെക്കുറിച്ചുള്ള ചിന്ത ഓരോ നിമിഷവും വേട്ടയാടിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ അനിശ്ചിതത്വം എല്ലാത്തരം വൈകാരികാവേശങ്ങളിൽനിന്നും അവരെ മാറ്റിനിർത്തി. ''രെയ്നാ ബീത് ജായേ'' എന്ന ഗാനത്തിലെ പ്രകടമായ വിഷാദം, ''ആജ് ഫിർ ജീനേ കീ തമന്നാ ഹേ'' എന്ന വഹീദാ റാെന്‍റ പ്രസരിപ്പിലേക്കു കൂടി പടർന്നുകയറുന്നത് കാണാതെ പോവാനാവില്ല. ജീവിതത്തിെന്‍റ പ്രതീക്ഷകളെക്കുറിച്ച്, കൊടുങ്കാറ്റുപോലെ പറക്കാൻ തോന്നുന്നതിനെക്കുറിച്ച്, ചുറ്റും പൂക്കളെക്കുറിച്ച്, പാടുന്നതിനിടയിലും ലതയുടെ ആലാപനം ആ സ്വപ്നങ്ങളെ ഭൂമിയിലേക്ക് നങ്കൂരമിട്ടു നിർത്തുന്നുണ്ട്. പ്രണയത്തിലൂടെ പുതിയൊരു ലോകം കണ്ടെത്തിയ ആ പെൺകുട്ടിയുടെ ആഹ്ലാദം സ്ഥായിയായിരുന്നില്ല എന്ന് ചിത്രം പിന്നീട് പറയുന്നുമുണ്ടല്ലോ.
രുദാലിയിലെ ഇതിഹാസസമാനമായ ഗാനം ''ദിൽ ഹൂം ഹൂം കരേ''യിലും പ്രണയത്തിെന്‍റ ഈ നിർമമത്വം കാണാം. ഒരു തുള്ളി കണ്ണുനീർ മിഴികളിലൂടെ ഒഴുകിയിറങ്ങുമ്പോഴും, നിലാവ് വിരഹതപ്തമായ ഉടലിനെ പൊള്ളിക്കുമ്പോഴും, നിസ്സഹായതയോടെ ഓർമകളിലേക്ക് ഒതുങ്ങിക്കൂടുകയാണവൾ- നീ സ്പർശിച്ച ശരീരത്തെ മറച്ചുവെക്കാം, ഈ മനസ്സിനെ ഞാനാർക്കു കാട്ടിക്കൊടുക്കാനാണ് എന്ന ചോദ്യത്തോടെ. ശരീരത്തിെന്‍റ സ്മരണകളെക്കാൾ ആത്മാവിനേറ്റ മുറിവുകളെയാണ് അവൾ താലോലിക്കുന്നത്. ഉടലിെന്‍റ ആഘോഷങ്ങളെന്നപോലെ വേദനകളും ആ നായികമാർക്ക് വിഷയമാകാത്ത പോലെ. എെന്‍റ ചിന്തകളിൽ നീ കടന്നുവരുമ്പോൾ, എെന്‍റയുടൽ സുഗന്ധപൂരിതമാകുന്നുവെന്ന് പറയുമ്പോഴും (തേരാ ബിനാ ജിയാ ജാനേ നാ) ആ ഉടലിനെ പ്രണയമില്ലാതെ താങ്ങാൻ പ്രയാസമാണെന്നുകൂടി അവൾ കൂട്ടിച്ചേർക്കുന്നുണ്ട്.
പ്രണയവും പ്രതീക്ഷകളും വിരഹവുമെല്ലാം കൂടിക്കലരുന്ന മാസ്റ്റർപീസാണ് ''തേരേ ബിനാ സിന്ദഗി''. ദീർഘകാലത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടുന്ന പ്രണയികൾ, അവർക്കിടയിലെ വീണ്ടെടുപ്പും അനിശ്ചിതത്വവും... വളരെ സങ്കീർണമായ ഈ വൈകാരികപരിസരത്തെ, ഭാവസാന്ദ്രമായ വരികളെ, ആലാപനത്തിെന്‍റ ആഴംകൊണ്ടാണ് ലത ഉൾെക്കാള്ളുന്നത്. നിെന്‍റ കണ്ണുകളിലും മിഴിനീരിെന്‍റ നനവുണ്ടല്ലോയെന്നു ചേർത്തുനിർത്തുമ്പോൾ, നീ കൂടെയുണ്ടെങ്കിൽ എനിക്ക് ലക്ഷ്യങ്ങളില്ലാതാവില്ലല്ലോയെന്ന് ആഹ്ലാദിക്കുമ്പോൾ, നീ പറഞ്ഞാൽ ഈ രാത്രി അവസാനിക്കാതിരിക്കും, ഈ ചന്ദ്രനെ ഒന്നു തടഞ്ഞുനിർത്തൂവെന്ന് വികാരവതിയാകുമ്പോൾ, അഗാധമായ ആ ശബ്ദസമുദ്രത്തിലെ ചെറിയ ഓളങ്ങൾ മാത്രമായി പ്രകടമാകുന്ന ആ ഭാവങ്ങൾ കേൾവിക്കാരെ എത്രമാത്രം പിടിച്ചുലച്ചുവെന്നതിന് ആ ഗാനത്തിെന്‍റ ജനപ്രീതി തന്നെ തെളിവ്.
'അനാമിക'യിലെ ഗാനത്തിൽ (കുച്ഛ് ദിൽ നേ കഹാ) പറയും പോലെ, ഹൃദയത്തെ ശമിപ്പിക്കാൻ ശേഷിയുള്ള ചില കള്ളത്തിളക്കങ്ങളെ, മായക്കാഴ്ചകളെ നിർമമമായി കണ്ടവരായിരുന്നു ആ സ്ത്രീകൾ. ഇങ്ങനെയും ചിലത് സംഭവിക്കുന്നു എന്നു തിരിച്ചറിയുന്നവർ. ഹൃദയം ഇന്നു പറയുന്നതും കേൾക്കുന്നതുമാകുമോ നാളെ കേൾക്കുന്നത് എന്ന അനിശ്ചിതത്വത്തെക്കുറിച്ച് ബോധ്യമുള്ളവർ. ശർമിളാ ടാഗോറിെന്‍റ പക്വമായ മുഖവും ആഴമുള്ള കണ്ണുകളും ആ ഗാനത്തെ പൂർണമാക്കി. മൊട്ടുകളോട് ആരു േചാദിക്കുന്നു, അവർ കരയുകയാണോ ചിരിക്കുകയാണോ എന്ന് ജീവിതവിഷാദത്തെ ഒരു തത്ത്വശാസ്ത്രത്തിെന്റ ഗംഭീര നെടുവീർപ്പിൽ ഒതുക്കിക്കളയുന്നു അവർ. പൊട്ടിച്ചിരിയോ പൊട്ടിക്കരച്ചിലോ അവിടെയില്ല. വസ്ത്രാഞ്ചലത്തിൽ മുഖമമർത്തി ഞാൻ കരഞ്ഞുകൊണ്ടിരുന്നു എന്ന് ''തേരേ ബിനാ സിന്ദഗി''യിൽ പാടുമ്പോഴും, അവൾ ആ കരച്ചിലിെന്‍റ മറുകരയിലാണ്. നിെന്‍റ കണ്ണിൽ നനവുണ്ടോയെന്ന് പ്രണയിതാവിനോട് ചോദിക്കുന്ന തരത്തിൽ സമനിലയും കരുതലും നേടിയെടുത്തവളാണ്.
പ്രിയപ്പെട്ടവനേ, നിന്നെ ഞാൻ നക്ഷത്രലോകത്തേക്ക് കൊണ്ടുേപാകാമെന്ന് ആശ പാടുമ്പോൾ, ഹൃദയത്തിൽ നിന്നെയിരുത്തി, ഇരു കണ്ണുകളുമടച്ച്, ഞാൻ പൂജചെയ്യുമെന്ന് ആത്മാവിലേക്കു തന്നെ സഞ്ചരിക്കുകയാണ് ലത. ജീവിതം ഒരു പ്രണയഗാനമാണെന്ന്, ചിലത് നഷ്ടപ്പെടുത്തിയാലേ ചിലത് നേടാനാവൂ എന്ന്, നീയാകുന്ന നദിയുടെ തീരമാണ് ഞാനെന്ന്, ആഴമുള്ള കൽപനകളിലാണ് അവർ സ്വയം അടയാളപ്പെടുത്തുന്നത്. പ്രണയത്തിനു പിന്നാലെ സഞ്ചരിച്ച് പരിത്യക്തരും അലൗകികരുമാകുന്ന ആശാെന്‍റ നായികമാരെ ഓർമിപ്പിക്കുന്നുണ്ട് ലതയുടെ ഗാനങ്ങളിലെ സ്ത്രീകൾ. വേദന ജീവിതത്തിെന്‍റയും സ്നേഹത്തിെന്റയും അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അതിനു വാതിൽ തുറന്നുെകാടുക്കുന്നവർ.
തൊണ്ണൂറുകൾക്കു ശേഷമുള്ള ഗാനങ്ങളിൽ മുൻപത്തേതുപോലെ അവർ തിളങ്ങാത്തത് ശബ്ദസൗകുമാര്യത്തിെന്‍റ നഷ്ടംകൊണ്ടു മാത്രമായിരുന്നില്ല. ''സരാ സാ ബൂം ലൂം മേ'' എന്ന പരിണാമം ആശാ ഭോസ്ലെക്ക് എളുപ്പമായിരുന്നപ്പോൾ ''ദീദീ തേരാ ദേവർ ദീവാനാ''യിൽ ലതക്ക് അത് പ്രയാസകരമായിരുന്നു. ഒരു ഗായികയുടെ നൈപുണ്യത്തിെന്‍റ അളവുകോൽ എന്നതിനപ്പുറം, അവർ പ്രതിനിധാനംചെയ്ത ഗാനസംസ്കാരത്തിെന്റയും തലമുറയുടെയും ഹംസഗീതംകൂടിയായിരുന്നു അത്. ''ജിയാ ജലേ''യിൽ ആലാപനത്തിെന്‍റ മാസ്മരികതകൊണ്ടു വിസ്മയിപ്പിച്ചെങ്കിലും, പ്രീതി സിന്‍റയുടെ കുട്ടിത്തം വിടാത്ത രൂപത്തിൽ ആ സ്വരം ഏച്ചുകെട്ടലായിത്തന്നെ നിന്നു. ശരീരത്തിെന്‍റ ആഹ്ലാദങ്ങളെക്കുറിച്ച്, വേദനയുടെ സുഖമുള്ള സ്ഫുലിംഗങ്ങളെക്കുറിച്ച്, അവർ പാടിയത് വളരെ വിരളമായിരുന്നല്ലോ. അതിനു ശ്രമിച്ചേപ്പാഴൊക്കെ വരികളുടെ ലഹരിക്കപ്പുറം ഭജനുകളിൽ കേട്ടു ശീലിച്ച ഒരു സാത്വികതയാണ് നിറഞ്ഞത്. കേജാളിനോ ശിൽപാ ഷെട്ടിക്കോ ഊർമിളക്കോ ജൂഹിക്കോ വേണ്ടി അധികം പാടിയില്ല ലത. പുതിയ സംഗീതത്തോടുള്ള തന്‍റെ അനിഷ്ടം അഭിമുഖങ്ങളിൽ അവർ മറച്ചുപിടിച്ചതുമില്ല. ഇന്ത്യൻ സിനിമയുടെ സ്വപ്നമായിരുന്ന, കുലീനത്വമുള്ള ആദർശവനിതകൾ അരങ്ങൊഴിഞ്ഞതിനൊപ്പം ഒരു സ്വരം കൂടി അപ്രസക്തമാകുന്നുവെന്ന സ്വാഭാവിക പരിണതിക്കപ്പുറം, അതിനാരും പ്രാധാന്യം നൽകിയതുമില്ല. എത്രയോ ദശാബ്ദങ്ങളിൽ അവർ ഈ ഭൂമിയിൽ പാടിനിറച്ചതെല്ലാം ബാക്കിയുണ്ടല്ലോ.
മാറിമറിഞ്ഞ നായികാസങ്കൽപത്തിെന്‍റയോ ചലച്ചിത്രത്തിലെ വാർപ്പുമാതൃകകളുടെയോ ഒരു തിലോദകമായിട്ടല്ല, പ്രണയത്തിെന്‍റ ആത്മനിഷ്ഠമായ സൗന്ദര്യത്തിെന്‍റ അഗാധതയിലാണ് ലതയെ വീണ്ടും വീണ്ടും കേൾക്കുന്നത്. നായികമാർക്ക് ചലച്ചിത്രത്തിലുള്ള പ്രാധാന്യം ചെറുതോ വലുതോ ആവട്ടെ, അവരുടെ ആത്മാവിെന്റ സ്വരമായി മാറുകയായിരുന്നു ആ ഗായിക. യൗവനത്തിെന്‍റ ആരവങ്ങളൊഴിഞ്ഞ്, ജീവിതത്തെ മറ്റൊരു കോണിൽനിന്ന് നോക്കിക്കാണുേമ്പാൾ, അക്ഷരങ്ങളെ ഒരു നെടുവീർപ്പുകൊണ്ടുപോലും അലോസരപ്പെടുത്തരുത് എന്ന കരുതലോടെയുള്ള ലതയുടെ ഗാനങ്ങൾ ഓർമ വരും. ഒരിക്കൽ അനാവശ്യമെന്നു തോന്നിയ ആ അച്ചടക്കം, ജീവിതത്തിെന്‍റ എത്ര സൂക്ഷ്മതലങ്ങളെയാണ് അടയാളപ്പെടുത്തുന്നത് എന്ന്, ഒരു ചെറിയ നീട്ടലോ കുറുക്കലോ മതിയായിരുന്നേല്ലാ ആ പ്രതിഭക്ക് ഒരു വൈകാരികപ്രപഞ്ചം മുഴുവൻ അടയാളപ്പെടുത്താൻ എന്ന് വിസ്മയിക്കും. അനശ്വരമാണ് പ്രണയമെന്ന് പറഞ്ഞുറപ്പിക്കുമ്പോഴും ഹൃദയം ചകിതമാകുന്നതെന്തെന്ന് വീർപ്പുമുട്ടുന്ന മനുഷ്യരെ വീണ്ടും വീണ്ടും കണ്ടുമുട്ടും. ഗാനത്തിെന്‍റ ശാന്തമഹാസമുദ്രത്തിന് സ്വസ്തി.