ആയെ മേരെ വദൻ കേ ലോഗോ
ഫെബ്രുവരി ആറിന് വിടപറഞ്ഞ അതുല്യ ഗായിക ലത മേങ്കഷ്കർ എങ്ങനെയൊക്കെയാണ് നമ്മുടെ സംഗീതലോകത്തും ആസ്വാദകർക്കിടയിലും ഒാർക്കപ്പെടുക? എന്തായിരുന്നു ആ സംഗീതത്തിന്റെ വേറിട്ട സത്യങ്ങൾ?
ഇന്ത്യയുടെ വിശാലമായ പരപ്പിൽ ഗംഗപോലെ, അതിന്റെ സിരാപടലങ്ങളിൽ സംഗീതവുമായി ജനഹൃദയത്തിൽ അലിഞ്ഞുചേർന്ന പേരാണ് ഒരു സാധാരണ ഗായകന്റെ മകളായി മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച ലത മേങ്കഷ്കർ. ശ്രുതിയും ലയവുമാണ് ഇന്ത്യൻ സംഗീതത്തിെന്റ ആത്മാവ്. ഇവയുടെ അവിശ്വസനീയമായ മേളനമാണ് ലതാജിയുടെ സംഗീതമെന്ന് എല്ലാവരും വിശ്വസിക്കുന്നു. കേവലം ഒരു സിനിമാ ഗായികയായി മാത്രം ലതാജിയെ കാണാൻ കഴിയില്ല, അവർ തലമുറകളെ കീഴടക്കിയ സംഗീതാർഥമാണ്. എന്തും ഏതും വഴങ്ങുന്ന ശബ്ദം. ഇത്രയും അനുഗൃഹീതമായ ശബ്ദം മറ്റൊരു ഗായികക്കും കിട്ടിയിട്ടുണ്ടാകില്ലെന്ന് ആരാധകരെല്ലാം വിശ്വസിക്കുന്ന, അങ്ങനെ അനുഭവിപ്പിക്കാൻ കഴിയുന്ന അപൂർവ സാന്നിധ്യം. അത് നാം വിശ്വസിക്കുന്ന ഗുരുപരമ്പരയുടെ തുടർച്ചയായി ഇന്ത്യൻ സംഗീതത്തിൽ ദർശിക്കാൻ കഴിയുന്ന ഒരപൂർവതയാണ്.
സിനിമയിലെ നായികാ നായകന്മാരുടെ സാന്നിധ്യവും ഗാനത്തിന്റെ മഹിമയും മറ്റുമാണ് ഗായകരെ ജനങ്ങളിൽ പ്രതിഷ്ഠിക്കുന്നതെന്ന പതിവു പല്ലവിയല്ല ലതാജിയുടെ കാര്യത്തിൽ സംഗീതജ്ഞൻ ടി.എം. കൃഷ്ണ നിരീക്ഷിക്കുന്നത്;
ഏതെങ്കിലും പ്രമുഖ നടിയുടെ ശബ്ദത്തോടുള്ള സാമ്യം, അവരുടെ മാനറിസത്തിനു ചേരുന്ന ആലാപനശൈലി ഇങ്ങനെ പലതും ചേരുേമ്പാഴാണ് ഗായികയുടെ ശബ്ദം സിനിമയോടു ചേരുന്നത് എന്ന പൊതു നിരീക്ഷണത്തിന്റെ പരിധിയിൽ ലതാജി വരില്ല. ലതാജിയുടെ ഗാനംകേട്ട് അഭിനയിക്കുേമ്പാൾ ഏതൊരു അഭിനേത്രിയുടെയും കഴിവ് ഇരട്ടിക്കുകയാണ് ചെയ്യുക. കാരണം, അത്രത്തോളം വികാരഭാവമാണ് അവർ പാട്ടിൽ ചേർത്തുവെക്കുക. ഒാരോ സെക്കൻഡിലും വികാരം ഉൗർന്നിറങ്ങുന്ന ആലാപനം എന്നാണ് കൃഷ്ണയുടെ നിരീക്ഷണം. അക്ഷരാർഥത്തിൽ ഇത് ശരിയുമാണ്.
കാരണം ഒരു ഗാനത്തോടുള്ള സമീപനമാണ് മുഖ്യം. പാട്ടിന്റെ വരികൾ പൂർണമായും മനസ്സിലാക്കി അതിലേക്ക് സംഗീതസംവിധായകന്റെ ഇൗണത്തെ വികാരഭാവേത്താടെ ഇണക്കി അതിനെ മെറ്റാരു വികാരശിൽപമാക്കുക എന്ന അപൂർവ സൃഷ്ടിവൈഭവമാണ് ലതാജിയുടെ ഗാനം. അവരുടെ മനസ്സിൽ നിറഞ്ഞുതുളുമ്പുന്ന രാഗവികാരം അതിലേക്ക് അനുഭൂതിദായകമായി പകർന്നുകൊടുക്കാൻ വരദാനമായി കിട്ടിയ ശബ്ദത്തിന്റെ ഭാവപൂർണിമയാണ് നാലു തലമുറയെ വിസ്മയിപ്പിക്കാൻ അവർക്ക് കഴിഞ്ഞത്. അതിന് എത്രയോ ഉദാഹരണങ്ങൾ...
ലതാജി കഴിഞ്ഞാൽ ഇന്ത്യ കണ്ട വലിയ ഗായികമാരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ എസ്. ജാനകിയും പി. സുശീലയുമാണ്. ഇവർ രണ്ടുപേരും ലതാജിയുടെ പാട്ടുകൾ പാടി പഠിച്ചാണ് ഗാനരംഗേത്തക്ക് വരുന്നത്. അന്നത്തെ സംഗീത തലസ്ഥാനമായിരുന്ന മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ഗായികയായിരുന്നു സുശീല. അവർ അവിടെനിന്ന് പിരിഞ്ഞ് സിനിമയിൽ സജീവമാകാനായി പോകുേമ്പാൾ അവിടേക്ക് വന്നത് എസ്. ജാനകിയായിരുന്നു. അവിടെ അന്ന് നടത്തിയ സെലക്ഷനിൽ ജാനകി പാടിയത് ലതാജിയുടെ അനശ്വരഗാനമായ ''രസ്കി ബല്മാ...'' ഇൗ ഒറ്റ ഗാനം കേട്ടതോടെ കമ്മിറ്റി ജാനകിയെ തിരഞ്ഞെടുത്തു. അത്ര ഭാവതീവ്രമായ ഗാനം. അത് ആലപിക്കാൻ ലതാജിയുടെ എത്ര പാട്ടുകൾ അവർ പാടിപ്പഠിച്ചു. അക്കാലംമുതൽ ഇേന്നാളം ഇന്ത്യൻ ഗായികമാരുടെ പാഠപുസ്തകം ലതാജി മാത്രമാണ്. ഇങ്ങനെ ജനങ്ങളെ സ്വാധീനിക്കാൻ േവണ്ടത് അവിശ്വസനീയമായ പ്രതിഭാവിലാസമല്ലാതെ മറ്റെന്താണ്. നാൽപതുകളിലും അമ്പതുകളിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ സിനിമകൾ അപൂർവമാേയ ഇറങ്ങിയിട്ടുള്ളൂ. അന്നൊക്കെ ഇന്ത്യയുടെ എല്ലാ ഭാഗത്തും ഹിന്ദി സിനിമകളായിരുന്നു പ്രദർശിപ്പിക്കപ്പെട്ടത്. അന്നത്തെ സിനിമകളും ഗാനങ്ങളും ജനങ്ങൾ വിസ്മയത്തോടെ സ്വീകരിച്ചു. ആകാശവാണിയിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ലതാജിയുടെയും റഫിയുടെയും മറ്റും ഗാനങ്ങൾ അലയടിച്ചു. അതിൽ ആകൃഷ്ടരാകാത്ത ഒരാളും ഉണ്ടായിരുന്നില്ലെന്ന് പറയാം, മഹാഗായകർ തൊട്ട് സാധാരണക്കാർവരെ.
യേശുദാസും ലതാജിയുടെ പാട്ടുകളിൽ ആകൃഷ്ടനായാണ് ഗാനരംഗത്തേക്ക് വരുന്നത്. സിനിമയിൽ പ്രശസ്തനായശേഷം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം എന്നത് ലതാജിയുമൊത്ത് ഒരു പാട്ട് പാടുക എന്നതായിരുന്നു. എന്നാൽ അത് ഒരിക്കൽ മാത്രമേ സാധിച്ചിട്ടുള്ളൂ. അതും കിഷോർ കുമാറിനൊപ്പം പാട്ടിന്റെ ഒരു ഭാഗം മാത്രം പാടാൻ.
'ചെമ്മീൻ' ഇറങ്ങുേമ്പാൾ മലയാളത്തിലേക്ക് ലതാജിയെ ക്ഷണിക്കാൻ രാമു കാര്യാട്ടിനും സലിൽ ചൗധരിക്കുമൊപ്പം ബോംബെയിൽ േപായത് യേശുദാസായിരുന്നു. ലതാജിക്ക് പാട്ടു പറഞ്ഞുകൊടുക്കാനുള്ള അവസരം അന്ന് വലിയ ഭാഗ്യമായി ഏറ്റെടുക്കുകയായിരുന്നു യേശുദാസ്. ''കടലിനക്കരെ േപാണോരേ'' എന്ന ഗാനം യഥാർഥത്തിൽ ലതാജിക്ക് പാടാനായി സലിൽ ചൗധരി ട്യൂൺ ചെയ്തതാണ്. അത് ആദ്യം യേശുദാസ് പാടി റെക്കോഡ് ചെയ്ത് അതിന്റെ സ്പൂളുമായാണ് പോയത്. എന്നാൽ മലയാളം വഴങ്ങിെല്ലന്ന് പറഞ്ഞ് ആ ക്ഷണം അവർ നിരസിക്കുകയായിരുന്നു. പിന്നീട് സലിൽദായുടെതന്നെ സംഗീതത്തിൽ ലതാജി മലയാള ഗാനം പാടിയപ്പോൾ അത് മലയാളത്തിന്റെ സൗഭാഗ്യമായി. വലിയ സംഗീതപ്രാധാന്യമുള്ള ഗാനമല്ലാതിരുന്നിട്ടും അതിൽ അവരുടെ ആലാപനം ചേർന്നതോടെ ഗാനം മറ്റൊരു തലത്തിലേക്കുയർന്നതായി ഗാനനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. തനിക്ക് ഒട്ടും വഴങ്ങാത്ത ഭാഷയായിട്ടും അതിന്റെ വരികളുടെ അർഥം ചോദിച്ച് മനസ്സിലാക്കി, എഴുതിയ വയലാറിനെ നമിച്ചിട്ടാണ് അവർ പാടിയത്. അതായിരുന്നു എക്കാലത്തും ലതാജിയുടെ സമർപ്പണം. ഒരു പാട്ടിൽതന്നെ ഇങ്ങനെ സമർപ്പിക്കാൻ കഴിയുന്ന അപൂർവം ഗായകരോ ഗായികമാരോ മാത്രമേ നമുക്കുള്ളൂ. എഴുപതു കഴിഞ്ഞശേഷം അവർ പാടിയ രുദാലയിലെയും രംഗദേ ബസന്തിയിലെയും ഗാനങ്ങൾ പുതുതലമുറക്ക് എന്നും മാതൃകയാണ്, 'വളയോസെ' എന്ന തമിഴിലെ ഇളയരാജ ഗാനവും അങ്ങനെ.
കൃഷ്ണയുടെ നിരീക്ഷണംപോലെ ഗാനത്തിന്റെ ഒാരോ അണുകൂപത്തിലും വികാരം സന്നിവേശിപ്പിക്കാനുള്ള കഴിവ്. അത് വന്നു വീഴുന്നത് ഹൃദയത്തിലാഴ്ന്നിറങ്ങുന്ന ശബ്ദ സൗകുമാര്യത്തിലേക്കെന്നത് ആർക്കും പകരംവെക്കാനാവാത്ത അനുഗ്രഹം.
സിനിമാ ഗാനങ്ങളിൽ ശബ്ദത്തിന്റെ ഭംഗി, വികാരഭാവം, മാധുര്യം ഇതൊക്കെ പ്രധാനമാണ്, സംഗീതത്തിലുള്ള കാര്യമായ അറിവിനെക്കാളുപരി. അതൊക്കെ കൃത്യമായി സന്നിവേശിപ്പിക്കാൻ അവർക്ക് കഴിയുന്നു പാട്ടുകളിൽ. ധാരാളം ഗുരുക്കന്മാരിൽനിന്ന് ക്ലാസിക്കൽ സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും അെതാന്നും അളവിൽകവിഞ്ഞ് ചേർക്കാതിരിക്കാനുള്ള സൂക്ഷ്മതയാണ് ലതയുടെ ആലാപനത്തിന്റെ പ്രത്യേകത. തന്റെ സംഗീതത്തിലെ അറിവ് എന്താണെന്നുപോലും സ്വയമറിയാതെ പാട്ടിെന്റ വികാരത്തിൽ, അതെന്തുതരത്തിലുള്ളതായാലും അതിൽ അലിഞ്ഞിറങ്ങാനുള്ള അപൂർവമായ സിദ്ധി.
ഒരു തരത്തിൽ പറഞ്ഞാൽ ഇൗ മഹാരാജ്യത്തെ മൂന്നാല് തലമുറകളെ എങ്ങനെ പാടണം എന്ന് പഠിപ്പിച്ച മഹാഗുരുവാണവർ. അവർ സൃഷ്ടിച്ചെടുത്ത ആ ഗാനമോഡലിൽ അലിഞ്ഞിരിക്കുകയാണ് ഇത്രയും തലമുറയിലെ ഗാനങ്ങൾ. ഒടുവിൽ ശ്രേയ േഘാഷാൽ പാടുേമ്പാഴും നമ്മൾ പറയുന്നു ലതാജിയെപ്പോലെ എന്ന്.
ഇന്ത്യൻ ഗാനങ്ങളുടെ എക്കാലത്തെയും വലിയ റോൾമോഡൽ അങ്ങനെ ലതാജിതന്നെയാകുന്നു. ''ആയെ മേരെ വദൻ കോ'' എന്ന ഗാനം േകട്ട് ജവഹർലാൽ നെഹ്റു കരഞ്ഞുപോയത് വാർത്തയായിരുന്നു. ലക്ഷക്കണക്കിന് ആരാധകർ അവരുടെ പാട്ടുകേട്ട് കണ്ണീരണിഞ്ഞിട്ടുണ്ട്. ഇന്നും തുടരുന്നു. ഇന്ത്യ വിഭജിക്കും മുമ്പ് പാടിത്തുടങ്ങിയ അവർ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ മൊത്തം ഗായികയായിരുന്നു. പാകിസ്താൻ മുൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭുേട്ടാ പറഞ്ഞിട്ടുണ്ടേത്ര; കശ്മീർ നിങ്ങളെടുത്തിട്ട് ലതയെ ഞങ്ങൾക്ക് തരൂ എന്ന്. ഇതിനെക്കാൾ വലിയ സംഗീതസാക്ഷ്യമുണ്ടോ?
അതിർത്തി ഭേദിച്ച ആ നാദം സംഗീതം ആഗോളമാണെന്ന പ്രസ്താവനക്ക് ജീവൻ നൽകി എന്നാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സ പ്രതികരിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പറയുന്നു; ആ 'സുർ സമ്രഗി'യുടെ വിയോഗത്തോടെ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ സംഗീത അരങ്ങിൽ വിള്ളലുണ്ടായിരിക്കുന്നു എന്ന്. ഇന്ത്യയുടെ ആഗോളസംഗീതത്തിന്റെ പ്രതിരൂപം അങ്ങനെ എക്കാലത്തും ലതാജിതന്നെയായിരിക്കും.