'അയാളും ഞാനും തമ്മില്‍'; പ്രതാപ് പോത്തനെ നടനും സംവിധായകനുമായ മധുപാൽ ഓർക്കുന്നു
I think art, but especially in films, people are trying to confirm their own existences. -Jim Morrison (American singer Poet, Vocalist)
1971ല്‍ ഇരുപത്തിയേഴാമത്തെ വയസ്സില്‍ പ്രശസ്തിയുടെ ഉയരങ്ങളില്‍ നിൽക്കുമ്പോള് അപ്രതീക്ഷിതമായി മരണത്തിന്റെ ഇരുളില്‍ മുങ്ങിയാഴ്ന്നുപോയ അമേരിക്കയില്‍ യുവജനതയുടെ ആരാധനാപാത്രവും പാട്ടുകാരനും എഴുത്തുകാരനുമായ ജിം മോറിസണിന്റെ ഉദ്ധരണി തന്റെ മുഖപുസ്തകത്തില്‍ എഴുതിയിടുമ്പോള്‍ അയാൾ ഓര്‍ത്തിരിക്കില്ല, അത് തന്റെ അവസാനവാക്കുകളാകുമെന്ന്. 43 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ നിരന്തരമായ ഇടവേളകളില്‍ ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചയും അനുഭവിച്ച് ഉള്ളില്‍ ഒരു കടല്‍ ആര്‍ത്തലച്ച് ആഞ്ഞടിക്കുമ്പോഴും നിശ്ശബ്ദമായ ശാന്തതയോടെ അതിനെയെല്ലാം തികച്ചും സാധാരണം എന്നമട്ടില്‍ നേരിട്ട് ജീവിതം അത്രമേല്‍ സന്തോഷവും സങ്കടവും നിറഞ്ഞതെന്ന് അയാൾ പറഞ്ഞിരുന്നു. എല്ലാം എന്റെ തെറ്റുകള്‍ അല്ലെങ്കില്‍ എനിക്ക് അറിയാതെ പോയത് എന്നയാള്‍ സൗഹൃദം സൂക്ഷിച്ച് ഓര്‍ത്തുവെച്ചിരുന്നു. മുമ്പൊരിക്കല്‍ അഭിനയിച്ച പത്മരാജന്റെ 'നവംബറിന്റെ നഷ്ടം' എന്ന സിനിമയില്‍ It's really funny, വിവാഹം എനിക്ക് പറഞ്ഞിട്ടില്ലാത്ത ഒരേര്‍പ്പാടാണെന്ന് എനിക്ക് പണ്ടേ തോന്നിയിരുന്നു, ഒരനുഭവം കൂടി ആയപ്പോള്‍ എന്റെ തോന്നല്‍ ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. നേരു പറഞ്ഞാല്‍ വീണ്ടും ഈ കുരുക്കില്‍ ചാടുന്നത് I can't think about it എന്ന വാചകം കാലത്തിനുമുമ്പേ പറഞ്ഞുവെച്ചതായിപ്പോയി. പരസ്പരം അറിഞ്ഞുള്ള ജീവിതത്തെക്കുറിച്ച് അയാള്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. മനുഷ്യമനസ്സിന്റെ ആഴങ്ങളിലെ ഇരുളും അയാള്‍ക്കറിയാമായിരുന്നു. നേരിട്ടും അല്ലാതെയും അറിഞ്ഞ കാര്യങ്ങളില്‍ ചിലപ്പോഴൊക്കെ അയാള്‍ വ്യാകുലപ്പെട്ടിരുന്നു. ആ ഒരു നിമിഷത്തിനപ്പുറത്തേക്ക് അതെല്ലാം അയാള്‍ ശാന്തമായി അവഗണിച്ചിരുന്നു. മരണം ഒരുനാള്‍ ആരുമറിയാതെ ഒരു പുലര്‍കാല വാര്‍ത്തയായി ആകാശത്തിലേക്കുയരുമ്പോഴും അയാള്‍ ആ ശാന്തമായ മൗനം നിറച്ചിരുന്നു.കമൽ ഹാസനൊപ്പം
മലയാള സിനിമയില്‍ മാറ്റത്തിന്റെയും പുതിയ രംഗഭംഗിയുടെയും ഒരു കാലമായിരുന്നു എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും. ഈ കാലത്തായിരുന്നു അയാള്‍ സിനിമയിലേക്ക് കടന്നുവന്നത്. അയാളഭിനയിച്ചു തുടങ്ങിയ സിനിമകളില്‍ 'തകര'യും 'അഴിയാത്ത കോലങ്ങളും' കണ്ടുകഴിഞ്ഞിട്ടായിരുന്നു അയാളുടെ ആദ്യ സിനിമയായ 'ആരവം' കണ്ടത്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ പ്രീഡിഗ്രി ക്ലാസിലായിരുന്നു. 'തകര'ക്കും 'അഴിയാത്ത കോലങ്ങളി'ലെ ചെറുവേഷത്തിനുമപ്പുറം ഭരതന്റെ 'ആരവ'ത്തിലെ കൊക്കരക്കോ അണ്ണനെന്ന കഥാപാത്രമാണ് മനസ്സിലേക്ക് ആദ്യം എത്തുന്നത്. കണ്ടക്ടറായ ജനാർദനന്റെ നെഗറ്റിവ് ഷെയ്ഡുള്ള ഒരു വേഷം, മരുതെന്ന ആദിവാസിയായ നെടുമുടി വേണു ചേട്ടന് ഒപ്പം ആ മലമടക്കില്‍ ചായക്കടക്കാരിയായ കാവേരി എന്ന പ്രമീളയുടെ വേഷം -ഇവര്‍ക്കൊപ്പം കൊക്കരക്കോയുടെ പൊണ്ടാട്ടിയായ ലളിത ചേച്ചിയും. ഏറെ തഴക്കമുള്ള അഭിനേതാക്കള്‍ക്കൊപ്പം അയാള്‍ ആദ്യമായി ദൃശ്യത്തിലേക്ക് നടന്നുകയറി. അങ്കക്കോഴികളെ മക്കളെപ്പോലെ കരുതുന്ന രണ്ട് കക്ഷങ്ങളിലും അവയെ ചേർത്തുപിടിച്ച് വരുന്ന ആദ്യകാഴ്ച തന്നെ ഒരു പ്രകടനമായിരുന്നു. ഗ്രാമത്തിലെ കുട്ടികളുടെ കളിയാക്കലിനു നടുവില്‍ അവരെ ചീത്തവിളിക്കുന്ന കൊക്കരക്കോ. അയാളുടെ തേമ്പിത്തേമ്പിയുള്ള നടത്തവും മുഖത്ത് മുട്ടയേറ് കിട്ടിയപ്പോഴുണ്ടായ കരച്ചിലും കാവേരി അയാളെ കൊക്കരക്കോ എന്നു വിളിക്കുമ്പോഴുണ്ടാവുന്ന സങ്കടവും ഒരു പുതിയ നടന്റെ വരവറിയിച്ചു. ഒരു തമിഴ് വഴക്കം. അഭിനയിച്ച നാടകങ്ങളും ആ കൂട്ടത്തിലെ ഗ്രാമീണ ജീവിതത്തിന്റെ തിരിച്ചറിവും അയാള്‍ അനുഭവിപ്പിച്ചു. കോഴിപ്പോരിന്റെ യുദ്ധം ചെയ്ത് സമ്പാദിച്ച പണം പിണങ്ങിനിൽക്കുന്ന പൊണ്ടാട്ടിക്ക് കൊടുക്കുമ്പോഴുമൊക്കെ അയാളുടെ അഭിനയരീതികള്‍ തനി നാടന്‍ പകർച്ചകളെന്ന് അടയാളപ്പെടുത്തുന്നു. ഈ മെയ് വഴക്കംതന്നെയാണ് ഭരതന്-പത്മരാജന് കൂട്ടുകെട്ടിലെ തകരയെന്ന നാട്ടുമ്പുറ കഥാപാത്രത്തിലേക്ക് അയാളെ തിരഞ്ഞെടുക്കാന്‍ കാരണമാവുന്നതും. 1979ല്‍ മലയാള സിനിമയുടെ പുതിയ ഭാവുകത്വത്തിന്റെയും രംഗബോധത്തിന്റെയുമെല്ലാം കാഴ്ചയായിരുന്നു തകര. ഈ ചിത്രത്തിന്റെ യഥാതഥമായ വിജയവും കഥാപാത്രത്തിന്റെ വലുപ്പവും മനസ്സിലാവണമെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭരതന് ആ ചിത്രം തമിഴില്‍ 'ആവാരമ്പൂ' എന്ന പേരില്‍ റീമേക്ക് ചെയ്തു. മലയാളത്തില്‍ സുഭാഷിണി തിരസ്കരിച്ച തകര ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്ന കഥാപാത്രത്തെ തമിഴ് സിനിമാപ്രേമികളുടെ അഭിരുചിക്ക് അനുസൃതമായി ശുഭപര്യവസായിയായി അവതരിപ്പിച്ചു എന്നത് മറ്റൊരു കാര്യം.
മലയാളത്തില്‍ അന്നിറങ്ങുന്ന സകല സിനിമാ പ്രസിദ്ധീകരണങ്ങളിലും ഭരതനും പത്മരാജനും ബാലുമഹേന്ദ്രക്കും നെടുമുടി വേണുവിനുമൊപ്പം നിൽക്കുന്ന അയാളുടെ ചിത്രങ്ങളും വാര്‍ത്തകളും അപ്പോഴേക്കും ഏറെ കൗതുകത്തോടെ വായിച്ചു പഠിച്ചിരുന്നു. വായനശാലകളിലെ പുസ്തകങ്ങളിലും അച്ഛന്റെ കൊട്ടകയിലെ സിനിമകളിലും ജീവിതം കണ്ട്, അനുഭവിച്ച് കൂട്ടുകാരോട് കഥപറഞ്ഞുനടക്കുന്ന പ്രായത്തില്‍ അതുവരെ കണ്ട പ്രേം നസീര്‍, മധു, ജയന്, സുകുമാരന്‍, വിന്‍സെന്റ്, സുധീര്‍ തുടങ്ങിയ നടന്മാരില്നിന്നും ഒരുപാട് ഭിന്നമായ ഒരാളുടെ നായകവേഷം പിന്നീടങ്ങോട്ട് അത്ഭുതത്തിന്റെ വാതിലുകള്‍ തുറക്കുകയായിരുന്നു. 'തകര'യിലെ തകരയും 'ആരവ'ത്തിലെ കൊക്കരക്കോയും തനി ഗ്രാമീണവേഷങ്ങള്. ഊട്ടിയിലെ ഇംഗ്ലീഷ് സ്കൂളിലും നഗരത്തിലെ കോളജിലും പഠിച്ച് ജീവിതമറിഞ്ഞ ഒരു ചെറുപ്പക്കാരന് എങ്ങനെയാണ് ഇത്രമാത്രം ഗ്രാമീണനാവുന്നതെന്ന് അറിയാനുള്ള കൊതിയായിരുന്നു 79ല്‍ പാലക്കാട് കല്ലേക്കാട് പൊടിപ്പാറയെന്ന കുന്നിന്‍ചരിവില്‍ 'ലോറി' എന്ന ഭരതന് ചിത്രത്തിന്റെ ചിത്രീകരണം, നിരവധിദിവസം കാത്തുനിന്ന് അയാളെന്ന വിസ്മയം കാണാനാഗ്രഹിച്ചത്. അവിടെയും അയാള്‍ ലോറിത്താവളങ്ങളില് കാണുന്ന ഒരു കിളിയായി ജീവിക്കുകയായിരുന്നു. അച്ഛനൊപ്പം പാലക്കാട് മാര്‍ക്കറ്റില്‍ പലദിവസങ്ങളിലും പോകുന്നതുകൊണ്ട്, അവിടെ ചരക്കിറക്കാനുള്ള ലോറികള്‍ കാത്തുകെട്ടിക്കിടക്കുന്നതിനിടയില് ജീവിക്കുന്ന ലോറി തൊഴിലാളികളെ അടുത്തുനിന്ന് കാണുന്നതുകൊണ്ടും 'ലോറി'യെന്ന സിനിമയിലെ അയാള്‍ക്ക് ആ കൂട്ടത്തില്‍നിന്നും ഒരു വ്യത്യാസവും തോന്നിയിരുന്നില്ല. കഥാപാത്രമാവാനുള്ള ഒരു കരുത്തും കഴിവും അയാള്‍ക്ക് ഉണ്ടായത് പരിചയപ്പെടുന്നതും അറിയുന്നതുമായ മനുഷ്യരെ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടുതന്നെയാണെന്ന് അയാളുമായി പിന്നീടിടപെട്ടപ്പോള് ഞാന്‍ തിരിച്ചറിഞ്ഞു. 'ലോറി'യുടെ ചിത്രീകരണ ഇടവേളകളില്‍ ഒറ്റക്കിരിക്കുന്ന അയാളുടെ അടുത്തുചെന്ന് 'തകര'യും 'ആരോഹണ'വും 'ആരവ'വും 'അഴിയാത്ത കോലങ്ങളും' കണ്ടിട്ടുണ്ടെന്നും അതുവരെ കണ്ട സിനിമകളിലെ ഒരാളല്ല അയാളെന്നും പറഞ്ഞപ്പോള്‍ തകരയുടെ അത്ഭുതം കലര്‍ന്ന കണ്ണുകള്‍ ഞാന്‍ വീണ്ടും കണ്ടു. സിനിമ കാണാനുള്ള എന്റെ ആവേശത്തെ അത്രമേല്‍ സന്തോഷത്തോടെ ഞാന്‍ അയാള്‍ക്കു മുന്നില്‍ നിരത്തുകയായിരുന്നു. അച്ഛനൊരു തിയറ്റര്‍ ഉണ്ടായതുകൊണ്ട് മാറിമാറിവരുന്ന സകല ഭാഷാചിത്രങ്ങളും പലയാവര്‍ത്തി കാണുന്നതിന്റെ കാര്യം പറയുകയായിരുന്നു. കഥ കേള്‍ക്കാനും പറയാനുമായി അയാള്‍ എനിക്കയാളുടെ മേല്‍വിലാസം എന്റെ നോട്ട്ബുക്കില്‍ എഴുതിത്തന്നു. കുറെക്കാലം ഫോട്ടോകളും കത്തുകളും വന്നിരുന്നു. ഒരു സ്നേഹിതന് മറ്റൊരു സ്നേഹിതനെഴുതുന്നതുപോലെ പ്രായവ്യത്യാസമില്ലാത്ത കത്തുകള്‍ വന്നു. ചാമരവും മൂടുപനിയും വരുമയിന്‍ നിറം സിവപ്പും, പന്നീര്പൂക്കളും നവംബറിന്റെ നഷ്ടവും വരെയും ആ കത്തെഴുത്തുകാലം തുടര്‍ന്നു. കണ്ട ചിത്രങ്ങളിലെ ഇഷ്ടപ്പെട്ട സീനുകള്‍ വരെ അന്നൊക്കെ എഴുതി. ഓരോ കത്തിനും മറുകുറിപ്പെത്തുമെന്ന വിശ്വാസം മനുഷ്യരിലുള്ള ഞാന്‍ കണ്ട സത്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. ഒരർഥത്തില്‍ ഞാന്‍ ചലച്ചിത്രത്തിന്റെ ഭാഗമായപ്പോള്‍ എനിക്ക് കിട്ടുന്ന കത്തുകള്‍ക്കെല്ലാം എത്ര തിരക്കിലാണെങ്കിലും മറുപടി എഴുതണമെന്ന് ഞാന്‍ പഠിച്ചത് അയാൾ എനിക്ക് അയച്ച കത്തുകളായിരുന്നു. സ്വാർഥതയില്ലാതെ, കലര്‍പ്പില്ലാതെ മനുഷ്യരെയും സകലജീവനെയും സ്നേഹിക്കാമെന്ന് അയാള്‍ കാണിച്ചുതരുകയായിരുന്നു. പഴയകാലങ്ങളില്‍ ഒരു കത്തെഴുതി മറുകുറിപ്പിനായി കാത്തിരിക്കുമ്പോള്‍ അത് വ്യർഥമാവില്ലെന്ന് അയാള്‍ ബോധിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മരണത്തിനുമുമ്പ് അയാള്‍ എഴുതിയ കുറിപ്പില്‍ ബില്ലുകള്‍ അടച്ചുതീരലാണ് ജീവിതമെന്നും ആ ജീവിതത്തിലെ കലാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് ചലച്ചിത്രമേഖലയില്‍ സ്വന്തം നിലനിൽപ് ഉറപ്പിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു അയാള്‍ പകര്‍ത്തിയത്. ജീവിതത്തിന്റെ അത്ഭുതങ്ങള്‍ കാണുന്നതിനും അറിയുന്നതിനും മുന്നെ ഒരു പാട്ടുകാരന് കുറിച്ച ആ വരികള്‍ പുതിയ കാലത്തിന്റെ സത്യത്തിലേക്ക് ചൂണ്ടുപലകയായി തോന്നുകയും ചെയ്യുന്നു. ആധുനികലോകം എത്രമേല്‍ സ്വന്തം കാര്യങ്ങള്‍ക്കായി മാത്രം പകര്‍ത്തപ്പെടുന്നു എന്നയാള്‍ക്ക് തോന്നിയിരിക്കാം. സാംസ്കാരിക പ്രവര്‍ത്തനമേഖലയില്‍ ചെയ്യുന്നതും അറിയുന്നതുമൊക്കെ സ്വാർഥമായി ചിന്തിക്കുന്ന നിമിഷങ്ങളുണ്ടെന്ന തോന്നലാവാം ചിലപ്പോള്‍ ആ വരികള്‍ പകർത്താന്‍ അയാളെ പ്രേരിപ്പിച്ചത്.
Death is caused by swallowing small amounts of saliva over a long period of time
● George Carlin (Standup Comedian)
സാമ്പ്രദായിക നായകന്റെ സൗന്ദര്യമോ ശരീരശബ്ദമോ ഇല്ലാത്ത ഒരു സാധാരണക്കാരനായുള്ള അവതരണമായിരുന്നു അയാള്‍ പല സിനിമകളിലും കാഴ്ചവെച്ചത്. പ്രണയംപോലും അയാള്‍ പ്രകടിപ്പിക്കുന്നത് അപ്രതീക്ഷിതമായ ഒരു ഞെട്ടലേകിയാണ്. 'അഴിയാത്ത കോലങ്ങള്‍' എന്ന ആദ്യ തമിഴ് ചിത്രത്തില്‍ നാട്ടുമ്പുറത്തേക്ക് ജീന്‍സിട്ട് അയാള്‍ കടന്നുവരുമ്പോഴേ അവിടെയെത്തുന്ന ഒരു അന്യഗ്രഹജീവിയുടെ മട്ട് അയാളേകുന്നുണ്ട്. അത് ശോഭ അവതരിപ്പിച്ച ഇന്ദുമതി എന്ന കഥാപാത്രത്തിലൂടെ വ്യക്തം. കാരക്ടറിന്റെ ഉള്ളറിഞ്ഞ് അയാള്‍ സഞ്ചരിക്കാന്‍ അന്നേ തുടങ്ങിയിരുന്നു. 'ചാമര'ത്തിലേക്കെത്തുമ്പോള്‍ ഈ രീതി കുറെക്കൂടി വ്യക്തവും തീക്ഷ്ണവും സത്യവുമാകുന്ന വഴികള്‍ കണ്ടെത്തുന്നുണ്ട്. പ്രണയം തോന്നിയ കാമുകിയോട് അവരെ കാണുന്ന ഓരോ കാഴ്ചയും സ്വപ്നതുല്യമായ അവസ്ഥകളിലൂടെ കടന്ന് ഒടുവില്‍ സഞ്ചരിച്ചെത്തുന്ന വഴിയുടെ അവസാനം, അവസാനിക്കാത്ത സ്നേഹം നിറച്ച് അവന് അവളെന്നും തന്റേതാകണമെന്നും അവളില്ലാത്ത ഒരു നിമിഷം സ്വപ്നം കാണാന്പോലുമാകില്ലെന്നും പറയുന്നു. എന്നാല്‍, അവള് അവനോട് അവളൊരു അധ്യാപികയാണെന്നും വേറൊരാള്‍ക്കായി അവള് ജീവിക്കുകയാണെന്നും അവരുടെ വഴികള്‍ വേറെയാണെന്നും പറഞ്ഞ് അവനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ദൂരെ അകന്നുനിന്ന് അവളവനെ നിരുത്സാഹപ്പെടുത്തി. എന്നാല്‍, ഒരുനിമിഷത്തെ മൗനത്തിനുശേഷം അകലെനിന്നുകൊണ്ടുതന്നെ സകലപ്രണയവും ഉള്ളില്‍ ഒരു കൊടുങ്കാറ്റുപോലെ ഒളിപ്പിച്ച് അവന് ഉച്ചത്തില്‍ പറഞ്ഞു: സ്റ്റില്‍ ഐ ലവ് യൂ ടീച്ചര്‍... കാമ്പസ് കാലത്തെ ആൺകുട്ടികളുടെ പ്രണയത്തിന്റെ മറ്റൊരു മുഖമായിരുന്നു അയാള്‍. ആ സ്റ്റില്‍ എന്ന വാക്കില്‍ പ്രണയത്തിന്റെ തിരമാല അടിച്ചുയര്ന്നിരുന്നു. അധ്യാപികക്കു പ്രണയലേഖനം കൊടുക്കുന്ന വിനോദ് എന്ന വിദ്യാർഥി വളരെ വലിയൊരു വിപ്ലവവും അന്നേവരെ നിലനിന്നിരുന്ന സകല മാമൂലുകളുടെ ലംഘനവുമായിരുന്നു.
വെള്ളിത്തിരയില്‍ വേറിട്ടൊരു മുഖം എന്നത് അയാള്‍ക്ക് വെറുമൊരു വിശേഷണം മാത്രമായിരുന്നില്ല. ചലനങ്ങളിലും ശരീരഭാഷയിലും സംഭാഷണത്തിലും മറ്റാരും കാണാത്ത എന്തോ ഒന്ന് അയാള്‍ എപ്പോഴും കാത്തുവെക്കാറുണ്ട്. അത് ഈയടുത്തു കണ്ട 'സി.ബി.ഐ 5 ദ ബ്രെയിനാ'യാലും 'പൊൻമഗള് വന്താല്‍', 'ഉയരെ' ഒക്കെ പ്രേക്ഷകസമക്ഷം തന്റെ സ്ക്രീന്‍ പ്രസന്‍സ് വളരെ മനോഹരമായി അവതരിപ്പിക്കുന്നതില്‍ അയാള്‍ക്ക് ഒരു പ്രത്യേക വൈഭവംതന്നെയുണ്ട്. അതെത്ര ചെറിയ വേഷമാണെങ്കിലും അയാളെ നമ്മള് ഓര്‍ക്കും. '22 ഫീമെയില്‍ കോട്ടയം' എന്ന സിനിമയിലെ ഹെഗ്ഡെ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ അയാള്‍ മലയാളത്തിലേക്ക് വീണ്ടും വന്നു. അത് യഥാർഥത്തില്‍ ഒരൊന്നൊന്നര വരവായിരുന്നു. ആ വരവിന്റെ തുടര്‍ച്ചയായിരുന്നു ലാല്‍ജോസിന്റെ 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിലെ ഡോക്ടര്‍ സാമുവല്‍. ക്രൂരനായ ഒരാളില്‍നിന്നും കാരുണ്യത്തിന്റെ രൂപത്തിലേക്കുള്ള മാറ്റം അസാധ്യമായ ഒരു വിവര്‍ത്തനമായിരുന്നു. തന്റെ മുന്‍ഗാമികളായ അഭിനേതാക്കളുടെ ഒരു മാതൃകയും പിന്തുടരാതെ തനിക്ക് മാത്രമായി ഒരു വഴി തെളിയിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അയാളുടെ ആരംഭ കാലത്ത് അയാള്‍ക്കൊപ്പം സഞ്ചരിച്ച രഘുവരനും രവീന്ദ്രനും വിജയ് മേനോനുമൊക്കെ നിര്‍മിച്ച പഥങ്ങളല്ല അയാള്‍ സ്വന്തമാക്കിയത്. സത്യമായും അയാള്‍ക്ക് ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ മാത്രമായിരുന്നു അയാള്‍ മാറിയത്. ചിലപ്പോഴൊക്കെ തുറന്നുപറയുമ്പോള്‍ കാണിച്ച ദേഷ്യമോ ഉച്ചത്തിലുള്ള സംസാരമോ അയാളെ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, മനസ്സിലപ്പോഴും അയാള്‍ കളങ്കമില്ലാതെ പെരുമാറി. ജീവിതത്തില്‍ ശത്രുക്കളുണ്ടായേക്കാം. എന്നാല്‍, അതിനുമപ്പുറം മിത്രങ്ങളെ കാണാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. 'തകര'യിലെ അഭിനയത്തിന് ഒരു ദേശീയ പുരസ്കാരം അയാള്‍ക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, അത് എങ്ങനെയോ നഷ്ടമായി. പക്ഷേ ആദ്യമായി സംവിധാനം ചെയ്ത 'മീണ്ടും ഒരു കാതല്‍ കതൈ' എന്ന ചിത്രത്തിന് ആ വിരുത് (പുരസ്കാരം) ലഭിക്കുകയും ചെയ്തു. ഒരു വഴി അടയുമ്പോള്‍ നൂറുവഴി തുറക്കുമെന്നും ചെയ്ത പ്രവൃത്തികളൊക്കെ ചരിത്രമായി അടയാളപ്പെടുത്തുമെന്നും അയാള്‍ ഉറപ്പിച്ചിരുന്നു.
പുതിയ കാലത്ത് സിനിമകള്‍ സംവിധാനം ചെയ്യണമെന്ന് അയാള്‍ അതിയായി ആഗ്രഹിച്ചിരുന്നു. മരണത്തിന്റെ അവസാനനിമിഷംവരെ ആ സ്വപ്നം അയാള്‍ കണ്ടിരിക്കും. അങ്ങനെയൊന്ന് സംഭവിക്കും എന്നുതന്നെയാണ് അയാളുമായി ബന്ധപ്പെട്ടവരും അയാള്‍ നൽകിയ വാക്കുകളിലും പറഞ്ഞുതന്നത്. കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും ഇതൊക്കെ എന്റെ ചിത്രങ്ങള്‍ക്കാണ് എന്നുപറയുന്ന നിസ്സംഗനായ ഒരു കലാകാരനെ ഞാന്‍ കണ്ടിരുന്നു. വായിച്ച പുസ്തകങ്ങളിലും ലോകപരിചയങ്ങളിലും അയാള്‍ ഒരു വിദ്യാർഥിയെപ്പോലെ കാലത്തിനു മുന്നെ സഞ്ചരിച്ചിരുന്നു. അകത്തേക്കിറക്കുന്ന ഓരോ തരി നീരിലും മരണത്തിന്റെ അരികിലേക്കുള്ള യാത്രയാണെന്ന് അയാള്‍ ഓര്‍ത്തിരുന്നു.
Multiplication is the name of the game and each generation plays the same.
'മീണ്ടും ഒരു കാതല്‍ കതൈ' ചെയ്യാനായി അയാള്‍ തെലുങ്കിലും തമിഴിലും അത്യധ്വാനം ചെയ്തു എന്ന് പറഞ്ഞിരുന്നു. മനസ്സിലുള്ള സംഗതി പുറത്തിറക്കാന്‍ അതാവശ്യമാണെന്ന അയാളുടെ ബോധം തികഞ്ഞ ഒരു കലാകാരന്റേതാണ്. അത്രമേല്‍ അയാള്‍ സ്വയം സമര്‍പ്പിച്ചിരുന്നു. രാധികയും അയാളും ചേര്‍ന്നഭിനയിച്ച് അംഗീകരിപ്പിച്ച ആ ചിത്രം തിരശ്ശീലയില്‍ എത്തിയപ്പോള്‍ ഒരു ബുദ്ധിജീവി പട്ടം കിട്ടി എന്നയാള്‍ ഒട്ടൊരു തമാശയായി പറഞ്ഞു. എന്നാല്‍, കാമ്പസ് പ്രണയത്തിന്റെ കഥപറഞ്ഞ സൂപ്പര്‍ഹിറ്റ് ആയ 'ഡെയ്സി'യും മലയാളത്തിന്റെ പ്രിയകഥാകാരന് എം.ടി. വാസുദേവന്‍ നായരെഴുതിയ 'ഋതുഭേദം' എന്ന തിരക്കഥയും തമിഴില്‍ എക്കാലത്തെയും ടെക്നിക്കല്‍ ഹിറ്റായ കമൽഹാസന് അഭിനയിച്ച 'ബോണ്‍ ഐഡന്റിറ്റി' എന്ന ഹോളിവുഡ് സിനിമ വരുന്നതിനു മുമ്പേ പറഞ്ഞ 'വെട്രിവിഴ'യും നെപ്പോളിയനെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ച എക്കാലത്തെയും ഹിറ്റായ 'ശിവലപ്പേരി പാണ്ടി' എന്ന ബയോപിക് ചിത്രവുമടക്കം പതിമൂന്നോളം ചിത്രങ്ങള്‍ അയാളുടെ മനസ്സ് കാണിച്ചുതന്നു. എന്നാല്‍, ഇനിയും എത്രയോ ബാക്കി അയാള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് എന്ന് അയാളെ അടുത്ത് പരിചയമുള്ളവര്‍ക്ക് മുഴുവനും അറിയാം.
എണ്‍പതുകളിലെ കാമ്പസുകളില്‍ അയാള്‍ പെൺകുട്ടികളുടെ പ്രണയമായിരുന്നു എന്നെനിക്കറിയാം. അക്കാലത്തെ കാമുകന്മാര് കാമുകിമാര്‍ക്ക് മീതെ ആധിപത്യം സ്ഥാപിക്കുന്ന പ്രവണത ഉള്ളവരായിരുന്നു. അത് നേരിയ അളവില്‍ ഇന്നത്തെ കാലത്തും പ്രകടമാണ്. എന്നാല്‍, പെണ്‍കുട്ടികള്‍ക്കൊപ്പം അവരോട് പ്രണയവും സ്നേഹവും ചിലപ്പോൾ ക്ഷമ ചോദിച്ചും കൂടെനിൽക്കുന്ന കാരുണ്യമുള്ള ഒരു കാമുകനായി അയാളുടെ മുഖം അവര്‍ കണ്ടിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ പല പെണ്‍കുട്ടികളും ആണുങ്ങളുടെ പേശീബലത്തെക്കാള് കൂടുതല്‍ ഇഷ്ടപ്പെട്ടത് അവരോടൊട്ടിനിൽക്കുന്ന സ്ത്രൈണത നിറഞ്ഞ പുരുഷശരീരങ്ങളായിരുന്നു. അത് അയാള്‍ക്കുണ്ടായിരുന്നു. അയാളെ, അയാളുടെ ചാടിച്ചാടിയുള്ള നടത്തത്തെ, ഊര്‍ന്നിറങ്ങുന്ന മീശയെ, സ്വര്‍ണഫ്രെയിമുള്ള കണ്ണടയെ, അലസമായി വീഴുന്ന മുടിയിഴകളെ, കൊഞ്ചിക്കൊഞ്ചിയുള്ള വാക്കുകളെ ഒക്കെ പ്രണയിച്ച പെണ്‍കുട്ടികളെ ഞാന്‍ കണ്ടിരുന്നു. അതുവരെ കണ്ട കാമുകന്മാര്ക്കൊന്നും ഇല്ലാത്ത ഒരുപാട് അനക്കങ്ങള്‍ അയാളുടെ കണ്ണുകള്‍ക്കുണ്ടായിരുന്നു. 'സിന്ദൂരസന്ധ്യയ്ക്ക് മൗന'ത്തിലും 'നവംബറിന്റെ നഷ്ട'ത്തിലും 'ചാമര'ത്തിലും 'നെഞ്ചത്തെ കിള്ളാതെ'യിലും 'കൈകേയി'ലും 'ഒന്നു മുതല്‍ പൂജ്യം വരെ'യിലും അയാളനുഭവിപ്പിച്ച പ്രണയത്തിന്റെ നിമിഷങ്ങള്‍ മുമ്പൊരു കാമുകനും പറഞ്ഞിട്ടില്ലാത്ത ഭാവത്തിലായതുതന്നെയാണ് അതിനു കാരണം. മരണംവരെ ആ സ്നേഹം അയാള്‍ നൽകിയിരുന്നു. ആരോടും പരിഭവമില്ലാതെ കിട്ടുന്നതെന്തിലും ശാന്തി കണ്ടെത്തിയ ഒരു മനുഷ്യന്.
എന്റെ രാഷ്ട്രീയനിലപാടുകള്‍ ഒളിച്ചുവെക്കാന്‍ എനിക്ക് താൽപര്യമില്ല. അങ്ങനെ തോന്നുന്നവര്‍ക്ക് എന്നെ എന്ത് ചെയ്യാനൊക്കും. ചിലപ്പോള്‍ സിനിമ ഇല്ലാതാക്കാന്‍ പറ്റുമായിരിക്കും. എന്നാലും എനിക്ക് എന്നോട് സത്യസന്ധമായി ഇരിക്കാന്‍ മാത്രമേ കഴിയൂ. ഇതൊരു സ്റ്റേറ്റ്മെന്റാണ്. ജീവിതത്തില്‍ നിലപാടുകളുള്ള ഒരാള്‍ പറഞ്ഞത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തനിക്ക് മാത്രമായി മാറുന്ന ഒരുകാലത്ത് ചിലയിടങ്ങളിലെങ്കിലും അയാളെപ്പോലെ ചിലരുണ്ടാവുന്നതു തന്നെയാണ് ജീവിതം ഒരു കളിയായി മാറാത്തത്. കളിയറിയുന്നവരുടെ ലോകമാണിത്. സകലതിലും ഒറ്റക്കു നിന്ന് നേട്ടം കൊയ്യാനാഗ്രഹിക്കുന്നവര്‍. എന്നാല്‍, അവര്‍ക്കിടയില്‍ അതത് കാലത്തിറങ്ങുന്ന എല്ലാ പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും പറയാന്‍ ഇനിയും ബാക്കിയുണ്ടെന്ന് ഓര്‍മിപ്പിച്ച ഒരാള്‍ ജീവിച്ചിരുന്നു. പറഞ്ഞ വാക്കുകളും ചെയ്ത കര്‍മങ്ങളുമായി അയാള്‍ ജീവിക്കുകതന്നെ ചെയ്യും. അല്ലെങ്കില്‍ അയാള്‍ കാണിച്ച വഴികളും അയാളുടെ കണ്ണിലെ വെളിച്ചവും ആര്‍ക്കുവേണ്ടിയുള്ളതാണെന്ന് തിരിച്ചറിയാതെ പോകില്ല.