'മാറ്റം അനവധി, ഉൾക്കാമ്പോ?; മധുപാൽ മലയാളത്തിലെ ന്യൂജെൻ സിനിമകളെ വിശകലനം ചെയ്യുന്നു
മാധ്യമം വാർഷികപ്പതിപ്പ് 2019 പ്രസിദ്ധീകരിച്ചത്
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ടെക്നോളജിയിലും അതിെനാപ്പം കഥപറയുന്ന രീതിയിലുമെല്ലാം സമൂലമായ പൊളിച്ചെഴുത്ത് നടന്ന കാലമായിരുന്നു പോയവർഷങ്ങൾ. നെഗറ്റിവ് ഫിലിമിൽ പകർത്തിയിരുന്ന സിനിമ 2006 മുതൽ ഡിജിറ്റൽ ലോകത്തേക്ക് പതിയെ കാൽെവപ്പ് നടത്തി. അത് 2008 ആയപ്പോഴേക്കും പൂർണമായി, പുതുയുഗത്തിലേക്ക് പ്രവേശിച്ചു. സിനിമയിലുണ്ടായിട്ടുള്ള മാറ്റങ്ങളെ വിലയിരുത്തുമ്പോൾ മലയാള സിനിമയെ 2008ന് മുമ്പും പിമ്പും എന്ന രീതിയിൽ വേണം വിലയിരുത്താൻ. സിനിമ കാണുന്നതിന് ഫിലിം കാണുക എന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. ഫിലിം ഇല്ലാത്ത, അഭ്രപാളികളില്ലാത്ത സ്ക്രീനിൽ കാണുന്ന സിനിമയാണ് ഇപ്പോഴുള്ളത്. അത്രയേറെ മാറ്റമാണ് പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത്. ഫിലിമിൽ സിനിമ ഷൂട്ടു ചെയ്യുന്നതിനാൽ നിർമാണ ചെലവ് പലർക്കും താങ്ങാനാവുന്നതിലും മുകളിലായിരുന്നു. എന്നാൽ ഡിജിറ്റലൈസേഷനോടെ നിർമാണ ചെലവ് കുറഞ്ഞു. ചെലവേറിയ സിനിമയിൽനിന്ന് ചെലവു കുറഞ്ഞ സിനിമയിലേക്കുള്ള മാറ്റം, ഒരുപറ്റം യുവാക്കളെ സിനിമയിലേക്ക് വരാൻ േപ്രരിപ്പിച്ചു.
2004ലാണ് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ആദ്യമായി ഒരു സിനിമയുടെ ചിത്രീകരണം മലയാളത്തിൽ നടക്കുന്നത്. അത് രാജീവ് അഞ്ചൽ സംവിധാനം െചയ്ത 'മെയ്ഡ് ഇൻ യു.എസ്.എ'യായിരുന്നു. മികച്ച കാമറയും മറ്റും ഉപയോഗിച്ച് ചിത്രീകരിച്ചുവെങ്കിലും കേരളത്തിൽ എഡിറ്റിങ്ങും മറ്റും അന്നും പഴയ ടെക്നോളജിയിലായിരുന്നു. അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ ഹൈ െഡഫനിഷൻ ടെലിവിഷൻ കാമറയിൽ ഫിലിം ലെൻസ് ഉപയോഗിച്ച് ചിത്രീകരിച്ച സിനിമ ഡിജിറ്റൽ ഫോർമാറ്റിെൻറ സാധ്യതകൾ ഉപയോഗിക്കുകയായിരുന്നു. പക്ഷേ, ആ ചിത്രവും ഇന്ത്യയിൽ പോസ്റ്റ് െപ്രാഡക്ഷനു ശേഷം ഫിലിമിലേക്ക് മാറ്റിയാണ് പ്രദർശനത്തിനെത്തിച്ചത്. കാരണം, ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ സിനിമ കാണിക്കാനുള്ള സാധ്യത ഇവിടെ ഉണ്ടായിരുന്നില്ല. എന്നാൽ, എച്ച്.ഡി കാമറ വലിയൊരു വിപ്ലവംതന്നെയായാണ് ആദ്യം പരസ്യചിത്രീകരണത്തിനും പിന്നീട് സിനിമയിലേക്കും ആയി ഉപയോഗിക്കപ്പെട്ടത്. 2008നുശേഷം ഡിജിറ്റലൈസേഷെൻറ എല്ലാ സാധ്യതയും ഉപയോഗിച്ചുള്ള സിനിമാ നിർമാണമാണ് നടന്നത്. അനുദിനം ടെക്നോളജിയിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടേയിരുന്നു. ഇതെല്ലാം മലയാള സിനിമാ വ്യവസായത്തിലും നടപ്പാക്കപ്പെട്ടു. പിന്നീടുള്ള കാലം ന്യൂജെൻ സിനിമകളുടേതുകൂടിയായി മാറി. ആധുനിക സംവിധാനത്തിലേക്ക് തിയറ്റർകൂടി മാറിയതോടെ എല്ലാം മാറിമറിഞ്ഞു. ലോകമെമ്പാടും സിനിമകൾ ആധുനിക സംവിധാനത്തിലേക്ക് മാറിയതിെൻറ മാറ്റൊലികൾ മലയാളസിനിമയിലും മുഴങ്ങിയെന്നു പറയാം. ലോക സിനിമയെ അടുത്തറിയാനും പുതിയ പുതിയ ആശയങ്ങൾ പഠിക്കാനും പകർത്താനും മലയാളികൾക്കും അവസരം ലഭിച്ചത് യൂ ട്യൂബിെൻറയും മറ്റും വ്യാപനത്തോടെയാണ്. ഇതും പുതിയ ജനറേഷനെ സിനിമയോട് കൂടുതൽ അടുപ്പിക്കാൻ ഇടയാക്കിയെന്നതാണ് മറ്റൊരു വസ്തുത.
സമ്പൂർണ ഡിജിറ്റൽ സംവിധാനം നടപ്പായതോടെ ഫിലിം ബോക്സുകൾ അപ്രത്യക്ഷമായി, യു.എഫ്.ഒ, ക്യൂബ് തുടങ്ങിയ സാങ്കേതിക വിദ്യകൾ സിനിമയുടെ റിലീസിങ്ങിനായി വിനിയോഗിക്കാൻ തുടങ്ങിയതോടെ സിനിമയുടെ ഗുണനിലവാരത്തിലും സാരമായ വ്യതിയാനങ്ങൾ ഉണ്ടായി. ഇതോടൊപ്പം വന്ന മറ്റൊരു മാറ്റം തീർത്തും ഫ്രഷ് എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളുള്ള സിനിമകൾ, അതും പരമ്പരാഗതമായ തീമുകൾ ഉപേക്ഷിക്കപ്പെട്ടു. ഇത് മറ്റു ഭാഷകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒട്ടേറെ വ്യത്യസ്തമായ ആശയങ്ങൾ മലയാളത്തിൽ സിനിമയാക്കപ്പെട്ടു.
സിനിമയിൽ ഡിജിറ്റലൈസേഷൻ വന്നതോടെ ഷൂട്ടിങ് ലൊക്കേഷനിൽ മോണിറ്ററിൽ വിഷ്വൽസ് കാണുകയും ആവശ്യമെങ്കിൽ സീനുകൾ മാറ്റി ഷൂട്ടു ചെയ്യുകയും ആവാമെന്നായി. ഇത് സിനിമയെ ദൃശ്യപരമായി കൂടുതൽ മികവുറ്റതാക്കി മാറ്റാൻ സഹായിച്ചു.
കഥാപാത്രങ്ങളുടെയും അവർ നിൽക്കുന്ന ചുറ്റുപാടുകളുടെയും പൂർണമായ അന്തരീക്ഷ സൃഷ്ടിക്കായി സിങ് സൗണ്ട് എന്ന രീതി വിദേശത്താണ് ആദ്യം ആരംഭിച്ചത്. എന്നാൽ വൈകാതെ സിങ് സൗണ്ട് എന്ന ആശയം മലയാളത്തിലും എത്തി. അതോടെ മലയാള സിനിമ നിർമാണത്തിലെ പാരമ്പര്യ രീതികൾ മാറി. സിനിമ കൂടുതൽ നിലവാരമുള്ള അവസ്ഥയിലേക്ക് എത്തി.
എഡിറ്റിങ് ആണ് സിനിമയുടെ നട്ടെല്ല്. നല്ല എഡിറ്റിങ് ടേബ്ളിൽ പെട്ടില്ലെങ്കിൽ സിനിമയുടെ കാമ്പ് നഷ്ടപ്പെടും. എന്നാൽ, ഡിജിറ്റലൈസേഷൻ വന്നതോടെ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയായി എഡിറ്റിങ് ജോലി. വെട്ടി ഒട്ടിച്ചിരുന്ന സിനിമകളുടെ കാലം മാറിയതോടെ സംവിധായകന് ഓരോ ദിവസവും ഷൂട്ടു ചെയ്യുന്ന സീനുകൾ എഡിറ്റ് ചെയ്ത് നോക്കാനും ആവശ്യമെങ്കിൽ മാറ്റി ഷൂട്ടു ചെയ്യാനും പറ്റുന്ന രീതിയിലേക്ക് രംഗം മാറി. വലിയ മുതൽമുടക്കോടെ രൂപകൽപന ചെയ്ത എഡിറ്റിങ് കൺസോളുകൾപോലും സംവിധായകൻ താമസിക്കുന്ന മുറിയിലേക്ക് ലാപ്ടോപ്പിലെ നൂതനമായ സോഫ്റ്റ് വെയറിലൂടെ മാറ്റപ്പെട്ടു. ഒപ്പം കാമറക്കണ്ണുകൾ പരമ്പരാഗത ശൈലിയിൽനിന്ന് മാറി, കാമറക്കാഴ്ചകൾക്ക് പുതുനിറവും ഭംഗിയും വർധിച്ചു. സിനിമ നിർമിക്കാൻ ഉപയോഗിക്കുന്ന കാമറയുടെ സ്വഭാവം തന്നെ മാറി. സിനിമയിലുണ്ടായ മറ്റൊരു പ്രധാന മാറ്റമായിരുന്നു ഇത്.
'ചാപ്പാ കുരിശ്' എന്ന ചിത്രം ഷൂട്ട് ചെയ്തത്, കാനൻ 7ഡിയിലായിരുന്നു. ഒരു സ്റ്റിൽ കാമറയിൽ സിനിമ ഷൂട്ടു ചെയ്യാമെന്നുള്ള തിരിച്ചറിവ് മലയാളത്തിൽ പിന്നെയും വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്.
ഒരു സിനിമയുണ്ടാക്കാൻ സ്റ്റിൽ കാമറയോ എന്ന രീതിയിൽ ചോദ്യങ്ങളുയർന്നു എന്നാൽ ഫൈവ് –ഡി കാമറയിൽപോലും വേണമെങ്കിൽ സിനിമ ചിത്രീകരിക്കാമെന്നായി പുതിയ ടെക്നോളജിയുടെ വളർച്ച. ചെലവുകൾ ചുരുക്കി സ്റ്റിൽ കാമറ ഉപയോഗിച്ചും സിനിമ ചിത്രീകരിക്കാം എന്ന ചിന്ത ന്യൂജെൻ സിനിമാ പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. സ്വന്തമായി കാമറ വാങ്ങി സിനിമ ഷൂട്ട് ചെയ്യുന്ന അവസ്ഥയിലേക്കുവരെ പലരും എത്തി. അതു പിന്നീട് മൊബൈൽ ഫോൺ കാമറയിൽവരെ ദൃശ്യം പകർത്തുന്ന രീതിയിലുമായി.
ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിച്ചതുകൊണ്ടുമാത്രം സിനിമ വ്യത്യസ്തമാവുമായിരുന്നില്ല. ഒട്ടേെറ സിനിമകൾ പഴയ തീമും പുതിയ ടെക്നോളജിയും ഉപയോഗിച്ച് നിർമിക്കപ്പെട്ടു. സിനിമയുടെ ടോട്ടാലിറ്റിയിലും വളരെ വേഗം മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.
അതുകൊണ്ടാണ് വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായി സിനിമയെടുക്കുകയും ചെയ്യുന്ന ഒരു സംഘം യുവ സിനിമാ പ്രവർത്തകർ മലയാളത്തിലും വേരുറപ്പിക്കുന്നത്. ആഷിക് അബുവിെൻറ 'സാൾട്ട് & പെപ്പർ', 2011ൽ പുറത്തിറങ്ങിയ രാജേഷ് പിള്ളയുടെ 'ട്രാഫിക്', ലിജിൻ ജോസിെൻറ 'ൈഫ്രഡേ' തുടങ്ങിയ ചിത്രങ്ങൾ ഉണ്ടാക്കിയ നവബോധത്തിൽനിന്നാണ് ഒട്ടേറെ പുതുനാമ്പുകൾ ഉണർന്നത്.
സ്വകാര്യ ഉടമസ്ഥതയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ കേരളത്തിൽ ഒട്ടേറെയുണ്ടായി, സിനിമയെ അടുത്തറിയാനും ആഴത്തിൽ പഠിക്കാനും തയാറാവുന്ന പുതുതലമുറയുടെ എണ്ണം വർധിപ്പിച്ചു. അതോടൊപ്പം മലയാള സിനിമയിലും വ്യത്യസ്തത പുലർത്തുന്ന തിരക്കഥകളും ഉണ്ടായിത്തുടങ്ങി.
ഒരുപക്ഷേ, അൺയൂഷ്വൽ എന്നു പറയാവുന്ന കഥാസന്ദർഭമാണ് ആഷിക് അബുവിെൻറ '22 ഫീമെയിൽ കോട്ടയം' എന്ന ചിത്രം ചർച്ച ചെയ്തത്. 2012ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ന്യൂജെൻ സിനിമകളുടെ തുടർച്ചയായിരുന്നു. അഭിനേതാക്കളുടെ കാര്യത്തിലും വലിയ മാറ്റങ്ങളുണ്ടായ സമയമായിരുന്നു അത്. കാലം ആവശ്യപ്പെട്ട മാറ്റം ഉൾക്കൊണ്ടുകൊണ്ട് സിനിമയിലേക്ക്് വന്ന ചെറുപ്പക്കാരായ നവസിനിമാ താരങ്ങൾ ഈ മാറ്റത്തിെൻറ ഉൗർജം ഏറ്റെടുത്തു എന്നു വേണം അനുമാനിക്കാൻ. ന്യൂജെൻ സിനിമകൾക്ക് ന്യൂജെൻ തിരക്കഥകളും കൂടിയേ തീരുമായിരുന്നുള്ളൂ, ആകർഷകമായ തിരക്കഥകളും കഥകളും എഴുതപ്പെട്ടതുകൊണ്ടാണ് അസാധാരണം എന്നു വിശേഷിപ്പിക്കുന്ന സിനിമകൾ ഉണ്ടായത്.
കഥകൾ കേട്ട് തിരക്കഥകൾ സംഘം ചേർന്ന് എഴുതുന്നത് മലയാളത്തിൽ പതിവായി. കഥാപാത്രങ്ങൾ സന്ദർഭത്തിനനുസരിച്ച് സംഭാഷണങ്ങൾ വളരെ യാഥാർഥ്യത്തോടെ പറയുന്ന രീതിയാണ് പിന്നീടുണ്ടായത്. സ്വിറ്റുവേഷൻ എങ്ങനെ സംവദിക്കുന്നു, കടന്നുപോവുന്നു എന്നൊക്കെ ആക്ടർ തീരുമാനിക്കുന്നു. റിയലിസ്റ്റിക്ക് രീതികളോട് ന്യൂജെൻ സംവിധായകർ കാണിച്ച താൽപര്യവും, അഭിനേതാക്കളുടെ സ്വാഭാവികതയോടെയുള്ള അഭിനയവും ഇതെല്ലാം ചേർന്നപ്പോൾ മലയാള സിനിമയിൽ അടിമുടി മാറി. ഒരു ദിവസത്തെ സംഭവം, ഒരു മണിക്കൂറിൽ സംഭവിച്ചത് എന്നിങ്ങനെയായി മാറി കഥകൾ. 'ൈഫ്രഡേ' എന്നത് ഒറ്റ ദിവസം സംഭവിച്ച കഥയാണ്. പരീക്ഷണ സിനിമകൾക്ക് േപ്രക്ഷകരിൽനിന്ന് ലഭിച്ച വർധിച്ച പിന്തുണയാണ് മലയാള സിനിമയുടെ എല്ലാ മാറ്റങ്ങൾക്കും കാരണമെന്നുവേണം പറയാൻ.
സൗണ്ട് ഡിസൈനിങ്ങിലുണ്ടായ പുരോഗതിയും ഇക്കാലത്തെ മറ്റൊരു വലിയ മാറ്റമാണ്. ലൈവ് റെക്കോഡിങ് എന്നത് സിനിമയെ കൂടുതൽ േപ്രക്ഷകരിലേക്ക് എത്തിക്കാൻ സഹായിച്ചു. തിയറ്ററുകളിലെ ശബ്ദ സജ്ജീകരണങ്ങളും മറ്റും ഇന്ന് ലോക നിലവാരത്തിലേക്ക് ഉയർന്നുതുടങ്ങി. ഡോൾബിയിൽനിന്നും അറ്റ്മോസ് സൗണ്ട് സിസ്റ്റം വരെ ആവുന്നു, ദൃശ്യവും ശബ്ദവും ചേർന്നു പുതിയൊരു കാഴ്ചയുടെ ലോകമാണ് ഉണ്ടാവുന്നത്.
എെൻറ രണ്ടാമത്തെ ചിത്രം 'ഒഴിമുറി' പ്രദർശനത്തിനെത്തുന്നത് 2012ലാണ്. ന്യൂജെൻ സിനിമകൾ മലയാളത്തിൽ ശക്തിപ്രാപിക്കുന്ന സമയത്താണ് 'ഒഴിമുറി'യെന്ന പീരിയോഡിക്ക് സിനിമ എത്തുന്നത്. ഒരു കാലത്ത് സ്ത്രീകൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തെയും സാമൂഹിക ചുറ്റുപാടുകളെയുംകുറിച്ച് രേഖപ്പെടുത്തുക എന്നതായിരുന്നു 'ഒഴിമുറി'യിലൂടെ ലക്ഷ്യമിട്ടത്. സാങ്കേതിക വിദ്യയുടെ എല്ലാ മാറ്റങ്ങളും ഉപയോഗപ്പെടുത്തിയ ചിത്രമായിരുന്നു 'ഒഴിമുറി'. ഇവിടെ മാറ്റങ്ങൾ സംഭവിക്കുേമ്പാൾതന്നെ പരമ്പരാഗത രീതിയിലുള്ള സിനിമകളും തുടർന്നു. ടെക്നോളജിയിലെ മാറ്റങ്ങൾക്കനുസരിച്ച് സിനിമാ വ്യവസായവും വളർന്നു. ബ്രഹ്മാണ്ഡ ചിത്രങ്ങൾ മലയാളത്തിലും നിർമിക്കാമെന്ന അവസ്ഥ കൈവന്നു. ഇത്തരത്തിൽ നിർമിക്കപ്പെട്ട ആദ്യത്തെ മലയാള സിനിമയാണ് 2009ൽ പുറത്തിറങ്ങിയ 'കേരളവർമ്മ പഴശ്ശിരാജാ.'
ചരിത്ര സിനിമകൾ വലിയ ബജറ്റിൽ നിർമിക്കുകയെന്നത് മലയാളത്തിൽ പതിവുണ്ടായിരുന്നില്ല. ബ്ലാക് ആൻഡ് വൈറ്റ് യുഗത്തിൽ കുറെയധികം ചരിത്ര സിനിമകൾ പിറവിയെടുത്തിരുന്നു. എന്നാൽ, മിക്ക ചിത്രങ്ങളും മദിരാശിയിലെ കൂറ്റൻ സെറ്റുകളിൽ പിറവികൊണ്ടവയായിരുന്നു. സ്റ്റുഡിയോകളിൽനിന്നും സിനിമ പുറത്തിറങ്ങിയതിനു ശേഷം നിർമിക്കപ്പെട്ട ചരിത്ര സിനിമ എന്ന നിലയിലാണ് പഴശ്ശിരാജാ എന്ന ചിത്രത്തെ നോക്കിക്കാണുന്നത്. ഇൗ സിനിമ കേരളത്തിനു വെളിയിലും മാർക്കറ്റ് കണ്ടെത്തി.
വിദേശ സിനിമകൾ ഒട്ടേറെ മലയാളി സംവിധായകരെ പ്രചോദിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഒട്ടേറെ വിദേശ ചിത്രങ്ങൾ അതേപടി കോപ്പിയടിക്കപ്പെട്ടിരുന്നു. ഒരു സീൻപോലും മാറ്റാതെ പകർത്തിയ ചിത്രങ്ങൾ ഇവിടെ സൂപ്പർ ഹിറ്റായി ഓടിയിട്ടുമുണ്ട്. ചില ടെലിവിഷൻ ചാനലുകൾ മലയാളത്തിലേക്ക് കോപ്പിയടിക്കപ്പെട്ട സിനിമകളുടെ ഒറിജിനൽ സീൻ ബൈ സീൻ കാണിക്കുന്ന േപ്രാഗ്രാം പോലും ആരംഭിച്ചു. എന്നാൽ ഇന്ന് ആ രീതി മാറി. ഏതെങ്കിലും വിദേശ ചിത്രത്തിെൻറ തീം കടംകൊള്ളുന്നുവെങ്കിൽ അത് വ്യക്തമായി പറയാൻ തയാറാവുന്ന രീതി ഇന്ന് എല്ലാ സംവിധായകരും സിനിമക്കു മുമ്പ് ടൈറ്റിലിൽ കാണിക്കുന്നുണ്ട്. പ്രചോദനം ഉൾക്കൊള്ളുന്ന കാര്യങ്ങൾ തുറന്നു പറയാൻ മനസ്സുള്ള ഒരു തലമുറയെയാണ് നാം കാണുന്നത്.
മലയാളത്തിൽ ന്യൂെജൻ സിനിമ തരംഗമായി മാറുകയും അതിനു വലിയ സ്വീകാര്യത കിട്ടുകയുമൊക്കെ ചെയ്തുവെങ്കിലും സാമൂഹിക വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളുമൊക്കെ കൈകാര്യംചെയ്യുന്നതിൽ ന്യൂജെൻ സംവിധായകർ ഏറെ പിന്നാക്കം പോയി എന്നുവേണം അനുമാനിക്കാൻ. ഐ.വി. ശശി, ടി. ദാമോദരൻ ടീം ഒക്കെ പോലുള്ള ഒരു കൂട്ടുകെട്ടോ അവർ കൈകാര്യം ചെയ്തതുപോലുള്ള സാമൂഹിക മൂല്യമുള്ള കഥകളോ ഈ പത്തുവർഷത്തിനിടയിൽ സിനിമയിലൂടെ ചർച്ചകളായിട്ടില്ല. ടി.വി. ചന്ദ്രനെപോലുള്ള സംവിധായകർ നേരത്തേ ചില രാഷ്ട്രീയ- സാമൂഹിക വിഷയങ്ങൾ നേരിട്ടല്ലാതെ തെൻറ സിനിമകളിലൂടെ വലിയ താരങ്ങളെ ഉപയോഗിച്ച് പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അത്തരം രീതികൾ ഇന്ന് ഉണ്ടാവുന്നില്ല എന്നത് ആശാവഹമല്ല.
രാഷ്ട്രീയം പറയേണ്ടതില്ല, ഭരണകൂട ഭീകരത പറയേണ്ടതില്ല എന്ന് സിനിമയിൽ നിയമങ്ങളുണ്ടാക്കിയതുകൊണ്ടൊന്നുമല്ല അത്തരം സിനിമ സംഭവിക്കാത്തത്. പൊളിറ്റിക്കലിയുള്ള അന്വേഷണങ്ങൾ ഇവിടെ നടക്കുന്നില്ല എന്നതുകൊണ്ടാണ്. എന്നാൽ, രാഷ്ട്രീയ നേതാക്കളെയോ രാഷ്ട്രീയ പ്രവർത്തകരെയോ എതിരാളികളായി പ്രഖ്യാപിച്ചുകൊണ്ട് അതത് കാലത്തെ ഭരണസംവിധാനത്തിെൻറ ചേരിതിരിവുകൾക്കനുസരിച്ച് കഥയുണ്ടാക്കുകയും അതിനെ ചലച്ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. 2012ൽ പുറത്തുവന്ന '22 ഫീമെയിൽ കോട്ടയം', 'ഉസ്താദ് ഹോട്ടൽ', 'ൈഫ്രഡേ', 'അയാളും ഞാനും തമ്മിൽ', 'ട്രിവാൻഡ്രം ലോഡ്ജ്', 'തട്ടത്തിൻ മറയത്ത്' തുടങ്ങി 'മൈ ബോസ്', 'ഡാ തടിയാ' എന്നീ ചിത്രങ്ങൾ േപ്രക്ഷകരെ ആകർഷിച്ച സിനിമകളായിരുന്നു. ഇവയൊക്കെ കൈകാര്യംചെയ്ത വിഷയങ്ങൾ വളരെ വ്യത്യസ്തവുമായിരുന്നു എന്നും കാണാം. ഇവയിലൊന്നും ഒളിഞ്ഞുപോലും രാഷ്ട്രീയം കൈകാര്യം ചെയ്തതായി കാണുന്നില്ല.
'തലപ്പാവും' രാഷ്ട്രീയവും
2008ലാണ് എെൻറ ആദ്യചിത്രമായ 'തലപ്പാവ്' റിലീസ് ചെയ്യുന്നത്. സംഭവകഥയെ അടിസ്ഥാനമാക്കി തയാറാക്കിയ തിരക്കഥ. സാമൂഹികനീതിക്കായി പോരാടി രക്തസാക്ഷിത്വം വരിച്ച ഒരു മനുഷ്യസ്നേഹിയുടെ കഥ. ഭരണകൂട ഭീകരതയുടെ ഇരയായി രക്തസാക്ഷിത്വം വഹിക്കേണ്ടിവന്ന ഒട്ടേറെ മനുഷ്യസ്നേഹികളെ നമുക്കറിയാം. അത്തരം പോരാട്ടങ്ങളെല്ലാം ചരിത്രത്തിൽ ഇടംപിടിച്ചിട്ടുമുണ്ട്. ഇസങ്ങളുടെ മേൽവിലാസങ്ങൾ നൽകി ഇത്തരം പോരാട്ടങ്ങളെ ജനവിരുദ്ധമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും പല സ്ഥലങ്ങളിലും നടന്നിട്ടുമുണ്ട്. തലപ്പാവ് എന്നത് അധികാരത്തിെൻറ അടയാളമാണ്. തലപ്പാവ് നഷ്ടപ്പെട്ട പൊലീസുകാരനാണ് രാമചന്ദ്രൻ നായർ. അദ്ദേഹം തെൻറ ഔദ്യോഗിക ജീവിതത്തിൽ അനുഭവിച്ച പീഡകൾ ഒരു ദിവസം സമൂഹത്തോട് വിളിച്ചുപറഞ്ഞതോടെയാണ് വയനാട്ടിൽ പൊലീസ് മുൻകൂട്ടി തയാറാക്കിയ ഗൂഢാലോചനയായിരുന്നു നക്സൽ വർഗീസ് കൊലചെയ്യപ്പെട്ടതെന്ന് നമ്മൾ അറിയുന്നത്.
നിഷേധിക്കപ്പെട്ട നീതിക്കുവേണ്ടി, പോരാടി മരിച്ച വർഗീസിെൻറ ജീവിതം, മേലാളന്മാരുടെ ആജ്ഞ നിറവേറ്റാൻ മാത്രം വിധിക്കപ്പെടുന്ന സാധാരണ പൊലീസുകാരെൻറ അന്തഃസംഘർഷങ്ങൾ എന്നിവയാണ് 'തലപ്പാവ്' എന്ന ചിത്രത്തിെൻറ ആത്്മാവ്. രാമചന്ദ്രൻ നായർ എന്ന പൊലീസുകാരെൻറ തുറന്നുപറച്ചിലിലൂടെ ജനമറിഞ്ഞ ഒരു കൊടുംക്രൂരതയെക്കുറിച്ച് പറയാനാണ് 'തലപ്പാവ്' ശ്രമിച്ചത്. നക്സലൈറ്റായാൽ അയാളെ കൊല്ലാം എന്ന ഒരു വ്യവസ്ഥ അന്ന് ഉണ്ടാക്കിയെടുത്തതും പൊലീസും സർക്കാറുമായിരുന്നു. പൊതുജനത്തിന് അയാൾ കൊലചെയ്യപ്പെടേണ്ട ആളായിരുന്നില്ല.
കഥപറയുന്ന രീയിൽതന്നെ സമൂലമായ മാറ്റം ആ ചിത്രത്തിെൻറ തിരക്കഥയിൽ കൊണ്ടുവന്നിരുന്നുവെങ്കിലും അന്ന് അത്തരം രീതിയിലുള്ള കഥാഖ്യാനം മലയാളത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ േപ്രക്ഷകർ അത്തരം ചിത്രത്തെ ആർട്ട് ചിത്രത്തിെൻറ ലേബലിൽ മാറ്റിനിർത്തി. അത് ആർട്ട് ഫിലിമായിരുന്നോ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അതിൽ ആർട്ടുണ്ട്, ഒപ്പം ഹൃദയത്തുടിപ്പും ഉണ്ടായിരുന്നു എന്നു മാത്രം. എന്നിട്ടും ഇന്നും ആ ചിത്രം ടെലിവിഷനിൽ സംേപ്രഷണം ചെയ്യുമ്പോഴും രാഷ്ട്രീയമായ ഇടപെടലുകൾ ആവശ്യമായ േട്രാളുകളിലൂടെയും നിരന്തരം ചർച്ചചെയ്യപ്പെടുന്നു എന്നത് ഈ കഥ േപ്രക്ഷകമനസ്സിൽ നിലനിൽക്കുന്നു എന്നതുകൊണ്ടാണ്. ഒരുപക്ഷേ, 'തലപ്പാവ്' ഇക്കാലത്താണ് റിലീസ് ചെയ്തിരുന്നതെങ്കിൽ ആ ചിത്രത്തിനോടുള്ള േപ്രക്ഷകരുടെ പ്രതികരണം മറ്റൊരു തരത്തിലാവുമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പുതിയ സംവിധായകരുടെ പരിമിതികൾ
മലയാള സിനിമയിൽ മാറ്റത്തിന് തിരികൊളുത്തിയ സംവിധായകരിൽ ഐ.വി. ശശിയെയും കെ.ജി. ജോർജിനെയും നമുക്ക് മറക്കാനാവില്ല. ഏത് വിഷയത്തെയും കൈകാര്യം ചെയ്യാൻ കെൽപ്പുണ്ടായിരുന്ന സംവിധായകരായിരുന്നു അവർ. അതുപോലെ ബ്രാൻഡായി മാറാൻ പുതിയ തലമുറയിലെ സംവിധായകർക്ക് കഴിയുമോ?
ഐ.വി. ശശി എന്ന പേര് മാത്രം കണ്ട് സിനിമ കാണാൻ കയറുന്ന േപ്രക്ഷകസമൂഹം മലയാളത്തിലുണ്ടായിരുന്നു. ഇന്ന് അത്തരത്തിലൊരു സംവിധായകൻ മലയാളത്തിൽ ഇല്ല. തുടരെ തുടരെ സിനിമ ചെയ്യുകയെന്നതല്ല നല്ലൊരു സംവിധായകെൻറ ലക്ഷണം. ചെയ്യുന്ന സിനിമകൾ വ്യതിരിക്തതയോടെ നിലനിൽക്കുക എന്നുതന്നെയാണ്. അത്തരം സംവിധായകരുടെ എണ്ണം വിരലിലെണ്ണാവുന്നതായി മാറി. കാലത്തെ അതിജീവിച്ച് ചലച്ചിത്ര പ്രവർത്തനം എന്നത് ആധുനികകാലത്ത് ചർച്ചകളിൽ മാത്രമായി അവശേഷിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. ന്യൂജെൻ സംവിധായകർക്കെല്ലാം സ്വന്തം ഇടം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ടോ? അത്തരമൊരു പരിശോധനയും ഇതോടൊപ്പം നടത്തേണ്ടതുണ്ട്.
150ൽ കൂടുതൽ സംവിധായകർ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വന്നുപോയിട്ടുണ്ട്. അവരൊക്കെ വളരെ വ്യത്യസ്തമായ സബ്ജക്ടാണ് സിനിമക്കായി കണ്ടെത്തിയിരുന്നതും. എന്നിട്ടും അവരിൽ ഭൂരിഭാഗവും എവിടേക്ക് പോയ്മറഞ്ഞു?
എന്തുകൊണ്ടാണ് ആഷിക് അബു, ദിലീഷ് പോത്തൻ, ലിജോ ജോസ് െപല്ലിശ്ശേരി, രാജീവ് രവി, മഹേഷ് നാരായണൻ എന്നിവരിൽ മാത്രമായി പുതുതലമുറ നിലനിൽക്കുന്നു. മറ്റു സംവിധായകരൊന്നും കൊള്ളാത്തവരാണെന്നല്ല ഇതിലൂടെ പറഞ്ഞുവരുന്നത്.
സിനിമാ േപ്രക്ഷകർ അവരുടെ മനസ്സിൽ അടയാളപ്പെടുത്തുന്ന പേരായി ഇവർക്കു മാറാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്, മാറാൻ ആർക്കൊക്കെ കഴിയുന്നുണ്ട് എന്നതാണ് മലയാളം പരിശോധിക്കേണ്ടത്. പുതുതായി സിനിമയിലേക്ക് കടന്നുവന്ന പലരും അവർക്ക് അവരുടേതായ ഐഡൻറിറ്റി ഉണ്ടാക്കാൻ പറ്റിയിട്ടുണ്ടോ... ഇവരുടേതായ ചിത്രങ്ങൾ പിന്നീട് വന്നിട്ടുണ്ടോ... എന്നിവയും അന്വേഷിക്കേണ്ടതാണ്. സിനിമയിൽ സുരക്ഷിതമായ ഇടങ്ങൾ പലപ്പോഴും വളരെ കുറച്ചുപേരിൽ മാത്രമായി ഒതുങ്ങുന്നതായി തോന്നിയിട്ടുണ്ട്. നേടിയെടുത്തവർ നന്നായി അധ്വാനിച്ച് നേടിയെടുത്തതാണ്. എന്തുകൊണ്ടാണ് നല്ല സിനിമയുമായി എത്തിയിട്ടും ചില യുവ സംവിധായകർക്ക് അതിന് കഴിയാതെ പോവുന്നത് എന്നാണ് പരിശോധിക്കേണ്ടത്.
പത്തുവർഷത്തിനിടയിൽ വന്ന മലയാളസിനിമ സംവിധായകരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ലിജോ ജോസ് െപല്ലിശ്ശേരി തന്നെയാണ്. 'ആമേൻ' മുതൽ 'അങ്കമാലി ഡയറീസ്', 'ഈ.മ.യൗ' എന്നീ ചിത്രങ്ങൾ വരെ എടുത്തുനോക്കൂ, ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിെൻറ നിലപാടുകൾ വ്യക്തമാണ്.
ലിജോ െപല്ലിശ്ശേരിയും 'ആമേനും'
'നായകൻ', 'സിറ്റി ഓഫ് ഗോഡ്' എന്നീ സിനിമകളിലൂടെ അധോലോക കഥകളുമായി ചലച്ചിത്ര ഭാഷക്ക് അന്നുവരെ കണ്ടതിൽനിന്നും നൂതനമായ ഒരു വ്യാഖ്യാനം 2013ൽ പുറത്തിറങ്ങിയ 'ആമേൻ' എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് നൽകിയ ഉണർവ് ഒരു സിനിമ പ്രവർത്തകനെന്ന നിലയിൽ അത്ഭുതക്കാഴ്ചയാണ്. കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ, ലൊക്കേഷൻ എന്നിവ അത്രയേറെ േപ്രക്ഷകനെ സ്വാധീനിച്ചു. കുമരങ്കരിയെന്ന ഗ്രാമം, പൗരാണിക നസ്രാണി സമൂഹം അധിവസിക്കുന്ന ആ ഗ്രാമത്തിലെ പൗരാണിക പാരമ്പര്യം പേറുന്ന പള്ളി, ആ പള്ളിയെ ചുറ്റിപ്പറ്റിയുള്ള ജീവിതം, അവർക്കുമേലെ പള്ളിവികാരിക്കുള്ള അധീശത്വം, സ്പിരിച്വാലിറ്റിയും അൽപം ഫാൻറസിയും ഒക്കെ ചേർന്നുള്ളതാണ് 'ആമേനി'ലെ കഥാ സന്ദർഭം. സോളമൻ എന്ന നായകെൻറ ദൗർബല്യങ്ങൾ, സോളമനെ സ്നേഹിച്ച സൂസന്ന പതിവ് സിനിമകളിലെ നായകനെ അല്ല നാമിവിടെ കാണുന്നത്. പ്രതിയോഗികൾ എല്ലാം ശക്തരും അധികാരസ്ഥാനത്തിരിക്കുന്നവരും. ക്ലാരനെറ്റ് വായനയിൽ പ്രഗല്ഭനാണ് സോളമൻ. ബാൻഡ് മേളത്തിൽ എന്നും മേൽക്കൈയുണ്ടായിരുന്നവരാണ് കുമരങ്കരിക്കാർ. പള്ളിയുടെ കീഴിലുള്ളതാണ് ബാൻഡ് ടീം. ഗ്രാമവും ഗ്രാമത്തിലെ നിഷ്കളങ്കരായ ജനതയും അധികാരവും പണവും അഹങ്കാരവും പ്രതികാരവും എല്ലാം നിരവധി സിനിമകൾക്ക് പ്രമേയമായിരുന്നിട്ടുള്ളതാണ്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായൊരു പ്രമേയമായിരുന്നു 'ആമേനി'ലൂടെ ലിജോ മലയാളികളുമായി പങ്കുെവച്ചത്.
കുമരങ്കരിയെന്ന ഗ്രാമത്തിെൻറ കഥയല്ല, 'ആമേൻ'. വിശ്വാസികളായ ഒരു കൂട്ടം മനുഷ്യരുടെ വിശ്വാസത്തിെൻറയും ആഗ്രഹത്തിെൻറയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഒക്കെ കഥയാണ്. റിയലിസ്റ്റിക്കായി പറഞ്ഞുപോകുന്ന കഥ. ബാൻഡ് സെറ്റിെൻറയും മത്സരങ്ങൾ, ഇത് ആ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങൾ ഒക്കെയാണ് 'ആമേനി'ൽ പറഞ്ഞുപോയ്ത്. അവതരണത്തിലെ പുതുമതന്നെയാണ് 'ആമേൻ' എന്ന ചിത്രത്തെ മികവുറ്റതാക്കി മാറ്റിയതെന്ന് നിസ്സംശയം പറയാം. സംഗീതം, ഫാൻറസി, ഒപ്പം പ്രണയം എന്നിവയെ എത്ര അതിശയകരമായ കൈയടക്കത്തോടെയാണ് 'ആമേനി'ൽ പ്രയോഗിച്ചിരിക്കുന്നത്. ഫാ.വട്ടോളിയും ഫാ.ഒറ്റപ്ലാക്കനും രണ്ട് കാലഘട്ടത്തിെൻറ പ്രതിനിധികളാണ്. സോളമെൻറയും സൂസന്നയുടെയും പ്രണയത്തെ അംഗീകരിക്കാനും അവരെ സഹായിക്കാനും തയാറാവുന്ന വട്ടോളി, ഇവരെ നഖശിഖാന്തം എതിർക്കുന്ന ഒറ്റപ്ലാക്കൻ. കുമരങ്കരിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബാൻഡാണ് അവരുടെ എല്ലാം. ബാൻഡ് മത്സരത്തിലെ പരാജയം എല്ലാവരുടെയും പരാജയം എന്ന നിലയിൽ കണ്ടിരുന്ന ജനത. കലയെ ജീവിതമായി കണ്ടിരുന്ന ഒരു സമൂഹത്തിെൻറ കഥ. മലയാള സിനിമയിൽ മാറ്റത്തിെൻറ കാറ്റായി 'ആമേൻ' മാറിയതും അങ്ങനെയാണ്. ചെറുചെറു കാറ്റുകളിൽ ആടിയുലഞ്ഞ പാരമ്പര്യരീതികൾ പിന്നീട് ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയായിരുന്നു.
ഇതിൽ പലതും കടപുഴകി, പുതിയവ സ്ഥാനം പിടിച്ചു. കണ്ടു തഴമ്പിച്ച ഷോട്ടുകളിൽനിന്നു മാറി 'ആമേനി'ൽ സർൈപ്രസ് ക്ലൈമാക്സ് ആണ് സംവിധായകൻ നൽകുന്നത്.ലിജോ ജോസ് െപല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രവും മാറ്റത്തിെൻറ കാറ്റായിരുന്നു. പുതുമുഖങ്ങളെ മാത്രം കാസ്റ്റ്ചെയ്ത് ശക്തമായ പ്രമേയം വളരെ ഈസിയായി പറഞ്ഞുപോവുന്ന 'അങ്കമാലി ഡയറീസ്', മലയാളത്തിൽ ലിജോ തന്നെ തുടങ്ങിെവച്ച പരീക്ഷണങ്ങളുടെ തുടർവിജയമായിരുന്നു.
മലയാളത്തിലെ സിനിമാതാരങ്ങളിൽ ഏറ്റവും വ്യത്യസ്തമായ വേഷം കൈകാര്യംചെയ്തുകൊണ്ടിരിക്കുന്ന യുവതാരം ഫഹദ് ഫാസിലാണ്. അതിഭാവുകത്വമില്ലാതെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്കാണ് ഈ നടനെ വ്യത്യസ്തനാക്കുന്നത്.
നിവിൻപോളി, ദുൽഖർ സൽമാൻ, ആസിഫ് അലി, സൗബിൻ ഷാഹിർ, ടൊവിനോ തോമസ് തുടങ്ങിയ നായകരും ഹണിറോസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, മംമ്താ മോഹൻദാസ് തുടങ്ങിയ നായികനടിമാരും, ഇക്കാലഘട്ടത്തിൽ സിനിമകളിലെ പ്രതീക്ഷക്കപ്പുറം കഥാപാത്രങ്ങളായി ജീവിച്ചവരാണ്.
മഞ്ജുവാര്യർ എന്ന താരത്തിെൻറ തിരിച്ചുവരവ് ഏറെ ചർച്ചചെയ്യപ്പെട്ട വർഷംകൂടിയാണ് കഴിഞ്ഞുപോയത്. പുരുഷ കേന്ദ്രീകൃതമായ മലയാള സിനിമയിൽ മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ഒരുക്കാൻ സംവിധായകർ ഏറെ പേർ മുന്നോട്ടുവരുന്നതും മലയാളത്തിെൻറ സിനിമാ സംസ്കാരത്തിലുണ്ടായ മാറ്റങ്ങളാണ്. മലയാളത്തിൽ എടുത്തുപറയേണ്ട രണ്ടു താരങ്ങൾ ജയസൂര്യയും ബിജു മേനോനുമാണ്. ഇവർ രണ്ടു പേരും കുറച്ചധികം വർഷങ്ങളായി മലയാള സിനിമയിലുള്ള താരങ്ങളാണ്. എന്നാൽ, ഈ താരങ്ങളെ നമ്മൾ കുറച്ചുകൂടി സീരിയസായി നിരീക്ഷിക്കുന്നത് അവർ അഭിനയജീവിതത്തിൽ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളെ വിലയിരുത്തുന്നതിലൂടെയാണ്. സിനിമയിലുണ്ടായ പുതിയ കാറ്റിനനുസരിച്ച് മാറിയ നടന്മാരാണ് ഇവർ.
'കോക്ടെയിൽ', 'ബ്യൂട്ടിഫുൾ', 'ട്രിവാൻഡ്രം ലോഡ്ജ്' തുടങ്ങി 'ഞാൻ മേരിക്കുട്ടി' വരെയുള്ള സിനിമകൾ ജയസൂര്യയുടെ കരിയറിൽ അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഉണ്ടാക്കിയത്. ആദ്യകാലത്ത് സീരിയസ് വേഷങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ട ജയസൂര്യയുടെ ശക്തമായ ഇടപെടലാണ് കഴിഞ്ഞ കുറച്ചുകാലമായി േപ്രക്ഷകർ കണ്ടത്. വി.പി. സത്യൻ എന്ന ഫുട്ബാളറുടെ കഥ ക്യാപ്റ്റൻ എന്ന പേരിൽ സിനിമയായപ്പോൾ അതിൽ സത്യെൻറ വേഷത്തിലേക്ക് പരിഗണിക്കാൻ സംവിധായകൻ കണ്ടെത്തിയത് ജയസൂര്യയെ ആയിരുന്നു. ജയസൂര്യയെന്ന നടെൻറ അഭിനയജീവിതത്തിലെ നാഴികക്കല്ലായി അത് മാറി. ഒരേ സമയത്ത് ഷാജി പാപ്പനായും ട്രാൻസ്ജെൻഡറായ മേരിക്കുട്ടിയായും അഭിനയിക്കാൻ പ്രാപ്തിയുള്ള നടനായി ജയസൂര്യ. 'ഞാൻ മേരിക്കുട്ടി' ജയസൂര്യയെന്ന നടനെ മലയാളത്തിന് മാറ്റിനിർത്താനാവില്ലെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്. വ്യത്യസ്തമായ സിനിമകൾ, കഥകൾ കഥാപാത്രങ്ങൾ, അത് കണ്ടെത്തുകയും കഥാപാത്രമാവാനുള്ള ഒരു നടൻ എന്ന നിലയിലുള്ള ഒരുക്കങ്ങളും ജയസൂര്യയുടെ വിജയത്തിനു പിന്നിലുണ്ട്.
'വെള്ളിമൂങ്ങ'യെന്ന സിനിമയിലെ അഭിനയത്തിലൂടെ അനായാസമായ അഭിനയശൈലിയുടെ വക്താവായി ബിജു മേനോൻ എന്ന നടൻ മാറി. കൃത്രിമമില്ലാത്ത അഭിനയത്തിെൻറ പുതിയ ശരീരഭാഷ നിർമിക്കാൻ ബിജു തുടങ്ങുന്നതും പിന്നീട് വന്ന ചലച്ചിത്രങ്ങളിലൂടെ ബോക്സോഫിസിൽ കൃത്യമായ ഉയർച്ചകളുള്ള നടനായി അടയാളപ്പെടുത്തുകയും ചെയ്ത കാഴ്ചകളാണ് 'കുഞ്ഞിരാമായണം' മുതൽ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' എന്ന സിനിമകളിലൂടെ സംഭവിച്ചത്.
കഴിഞ്ഞുപോയ പത്തുവർഷങ്ങൾ, ആയിരത്തിലധികം സിനിമകളാണ് മലയാളത്തിലുണ്ടായത്. അതിൽ സൂപ്പർതാര ചിത്രങ്ങളുണ്ട്. തീർത്തും പുതുമുഖങ്ങളെ മാത്രം അണിനിരത്തിയ ചിത്രങ്ങളുണ്ട്. ഇവരിൽ ചിലരൊക്കെ യുവതാരങ്ങളിൽ ശ്രദ്ധേയരായി മാറിയവരുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ മലയാളത്തിൽ എത്തിയ നടന്മാർ ഒരു ഡസനോളമുണ്ട്.
ഷൈൻ നിഗം, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, വിനീത് ശ്രീനിവാസൻ, കാളിദാസ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ആൻറണി പെപ്പേ, സണ്ണി വെയ്ൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിപിൻ ജോർജ്, ഗോകുൽ സുരേഷ്, അർജുൻ അശോക് തുടങ്ങി കുറെപേർ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തിയവരാണ്. ഒപ്പം നിമിഷ സജയൻ, െഎശ്വര്യ ലക്ഷ്മി, രജീഷ വിജയൻ, പ്രയാഗ മാർട്ടിൻ, അനശ്വര രാജൻ എന്നിവരും കാലത്തെ അതിജീവിക്കാനുള്ള പ്രാഗല്ഭ്യവുമായി എത്തിയവരാണ്.
സിനിമ വ്യവസായം വളരെ വ്യത്യസ്തമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗംഭീരമായ ലാൻഡിങ് നടത്തിയ മൂന്ന് നടന്മാരാണ് ജോജുവും സൗബിനും പിന്നെ ചെമ്പനും. മലയാള സിനിമയിൽ നിഴലുപോലെ മാറിനിന്നിരുന്ന ജോജു മാള അപ്രതീക്ഷിതമായാണ് നായകനായി മാറുന്നത്. അതിനായി ജോജു നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കേണ്ടതുതന്നെയാണ്. സൗബിനും സിനിമയോടുള്ള കഠിനമായ ആഗ്രഹംകാരണം, ജീവിതം സിനിമ മാത്രമാണെന്ന് വിശ്വസിക്കുകയും സിനിമയെ അന്വേഷിച്ച് ഇറങ്ങിത്തിരിക്കുകയും ചെയ്ത യുവാവാണ്.
എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് ചെമ്പൻ വിനോദിേൻറത്. സിനിമയിൽ ചിലരുമായുണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദത്തിെൻറ പേരിലാണ് ചെമ്പൻ വിനോദ് സിനിമയിൽ ആദ്യം മുഖം കാണിക്കുന്നത്. എന്നാൽ, വളരെ പെട്ടെന്നു തന്നെ തെൻറ ജീവിതം സിനിമയിലാണെന്ന് തിരിച്ചറിഞ്ഞ ചെമ്പൻ നന്നായി അധ്വാനിച്ചു. ഇന്നു തിരക്കുള്ള നടന്മാരിൽ ഒരാളായി അദ്ദേഹം മാറിക്കഴിഞ്ഞു.
സംവിധായകനായി എത്തി നടനായി മാറിയ ജോയ് മാത്യുവും പ്രതാപ് പോത്തനും മലയാളത്തിൽ വേറിട്ട കഥാപാത്രങ്ങൾ കൈകാര്യംചെയ്യാൻ കെൽപുള്ള നടന്മാരായി മാറിയതും ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിലാണ്. മുരളി ഗോപിയെന്ന അഭിനേതാവിനെയും ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
'മലർവാടി ആർട്ട്സ് ക്ലബ്ബ്'
2010 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കുറെയധികം പുതുമകൾ നൽകിയ വർഷമായിരുന്നു. കുറെയധികം നവസംവിധായകർ വന്നു. അതേപോലെ കുറച്ചധികം പുതുനടന്മാരും വന്നു. എന്നാൽ, അവരിൽ പിന്നീട് നിലനിന്നുകണ്ടത് വിനീത് ശ്രീനിവാസനെയും മലർവാടി കൂട്ടത്തെയും മാത്രമാണ്. വിനീത് ശ്രിനിവാസൻ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു 'മലർവാടി ആർട്ട്സ് ക്ലബ്ബ്'. ഈ ചിത്രം മലയാളത്തിന് പുതിയ നായകനായി നിവിൻ പോളിയെ സംഭാവന ചെയ്തു. നിവിൻ പോളിയെന്ന നടനെ നമ്മൾ പഠിക്കുമ്പോൾ വലിയ വളർച്ചയും വലിയ താഴ്ചയും ഒക്കെ നേരിട്ട നടനാണ് അദ്ദേഹം. എന്നാൽ, 'ആക്ഷൻ ഹീറോ ബിജു'വിലൂടെ അതുവരെ കണ്ട പൊലീസ് വേഷങ്ങളിൽനിന്ന് ഒരു മാറ്റം ഉണ്ടാക്കി. ഇപ്പോൾ കായംകുളം കൊച്ചുണ്ണിപോലുള്ള െഎതിഹാസിക കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതിൽവരെ നിവിൻ എത്തി. യുവതാരങ്ങളിൽ നമ്മെ കുറച്ചുകൂടി അതിശയിപ്പിക്കുന്ന നടൻ ടൊവിനോ തോമസാണ്.
'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന എെൻറ ചിത്രത്തിൽ നായകനായി തീരുമാനിക്കുന്നതിന് േപ്രരകമായ ഘടകവും അതുതന്നെയായിരുന്നു. ഓരോ സിനിമയും ടൊവിനോക്ക് ഒാരോ പുതിയ ജീവിതമെന്നപോലെയാണ്. കഥാപാത്രത്തിനായി അദ്ദേഹം സ്െട്രയിൻ എടുക്കുന്നു. ചെറിയ വേഷങ്ങളിൽ സിനിമയിൽ സാന്നിധ്യമറിയിക്കുകയും അതാരാണെന്ന് േപ്രക്ഷകനെക്കൊണ്ട് ചോദിപ്പിക്കുകയും അഭിനയത്തിെൻറ മേന്മകൊണ്ട് അവരുടെ മനസ്സിൽ ഇടംനേടുകയുമായിരുന്നു. കഥാപാത്രങ്ങളുടെ മനസ്സുകൾകൊണ്ട് നേരിയ മാനറിസങ്ങളോടെ ശരീരഭാഷയിൽ പോലും പൂർണമായും അന്യവത്കരണം നടത്താൻ കഴിയുന്ന പ്രതിഭയാണ് ടൊവിനോ. ഒരു നടൻ അവെൻറ മനസ്സും ശരീരവും സംവിധായകർക്ക് വഴങ്ങിക്കൊടുത്ത് കഥാപാത്രത്തിലേക്ക് സഞ്ചരിക്കുന്നതും ടൊവിനോയിൽ കാണാൻ കഴിയും.
'േപ്രമം'
2015ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ചിത്രം 'േപ്രമം'. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'േപ്രമ'ത്തിൽ നിവിൻ പോളി, വിനയ് ഫോർട്ട്, സായി പല്ലവി, അനുപമ പരമേശ്വരൻ തുടങ്ങിയ താരങ്ങളെയാണ് അണിനിരത്തിയത്. 'േപ്രമം' വിനയ് ഫോർട്ട് എന്ന നടെൻറ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയ സിനിമയാണ്. സംഗീതത്തിെൻറ പിൻബലത്തിൽ ഹിറ്റായി മാറിയ, യുവാക്കൾ ഏറ്റെടുത്ത് വിജയിപ്പിച്ച ചിത്രം. കാമ്പസ് ചിത്രങ്ങൾക്കുവേണ്ട എല്ലാ വിജയ ഫോർമുലയും, കൃത്യമായ ചേരുവയിൽ ഉണ്ടാക്കിയെടുത്ത േപ്രാഡക്റ്റ്. സിനിമാ വ്യവസായത്തിൽ 'േപ്രമം' ഉണ്ടാക്കിയെടുത്ത വിജയം വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയെടുത്തത്. കലാമൂല്യവും കച്ചവട മൂല്യവും ഉണ്ടായിരുന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത യുവസംവിധായകർക്ക് അടുത്തൊരു ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിക്കാത്തതെന്തെന്ന ചോദ്യം 'േപ്രമ'ത്തിെൻറ സംവിധായകന് അടുത്തൊരു സിനിമ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ പ്രസക്തമാണെന്ന് തോന്നുന്നു.
ടെലിവിഷൻ റൈറ്റിനെ (സാറ്റലൈറ്റ് അവകാശം) ആശ്രയിച്ചാണ് മലയാള സിനിമാ ഇൻഡസ്ട്രി നിലനിൽക്കുന്നത്. പലർക്കും തിയറ്റർ ലഭിക്കാത്തതും മാർക്കറ്റിങ്ങിലെ അപാകതകൾ കാരണവും േപ്രക്ഷകരിലേക്ക് സിനിമ എത്തിക്കാൻ കഴിയാതെവരുന്നുണ്ട്. നിരവധി സിനിമകൾ ഇപ്പോഴും ടെലിവിഷൻ റൈറ്റ്സ് വിൽക്കാൻപറ്റാത്ത അവസ്ഥയിലും പെട്ടിരിക്കയാണ്. ഇത്തരത്തിൽ കുരുങ്ങിക്കിടക്കുന്ന സംവിധായകരുടെ എണ്ണവും നാം ഈ അവസരത്തിൽ പരിശോധിക്കണം.
'പുലിമുരുകൻ'
2016ലെ ചിത്രം ഏതാണെന്ന് അർഥശങ്കയില്ലാതെ എല്ലാവരും മറുപടി പറയുന്നത് 'പുലിമുരുകൻ' എന്നാണ്. എന്തുകൊണ്ടാണ് 'പുലിമുരുകൻ' വിജയിക്കുന്നത്? സൂപ്പർ താരങ്ങൾ മാത്രമല്ല, 'പുലിമുരുകെൻറ' വിജയത്തിനു പിന്നിൽ. കോടികൾ മുടക്കി കോടികൾ കൊയ്യുന്ന പതിവ് മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ നമ്മുടെ ഇൻഡസ്ട്രി അത്രയൊന്നും വലുതല്ല എന്ന ബോധമാണ് അതുവരെയുണ്ടായിരുന്നത്. അതാണ് 'പുലിമുരുകൻ' തിരുത്തിയത്. മലയാളി േപ്രക്ഷകർ ആഘോഷപൂർവം ഏറ്റെടുത്ത ചിത്രമാണ് 'പുലിമുരുകൻ'. റിയാലിറ്റിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു സങ്കൽപിത കഥ, അതിഭാവുകത്വം നിറഞ്ഞ കഥാ സന്ദർഭങ്ങൾ, സൂപ്പർ നാച്വറൽ ശക്തിയുള്ള മുരുകെൻറ കാട്ടിലെ വീരശൂര പരാക്രമം. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത കാഴ്ചയായിരുന്നു 'പുലിമുരുകനി'ലേത്, അതും മലയാളി േപ്രക്ഷകർ ഏറ്റെടുത്തു.
തലക്കകത്തു ചിന്തിച്ചുണ്ടാക്കിയ സിനിമയും, തലക്കു മുകളിലൂടെ പോയ കഥകളും ഓടിയിട്ടുണ്ട് എന്നു നാം കാണാതെ പോവരുത്. േപ്രക്ഷകരെ ഒരിക്കലും മിസ് ഗൈഡ് ചെയ്യാൻ ശ്രമിക്കരുത് എന്ന സന്ദേശമാണ് ചില ചിത്രങ്ങൾ ഇതിനിടയിൽ തകർന്നുവീഴാൻ കാരണം. ബോക്സ് ഒാഫിസിൽ പരാജയപ്പെട്ടതുകൊണ്ടുമാത്രം മോശമാണെന്നു വിലയിരുത്താനാവാത്ത ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.
വ്യക്തമായ മാർക്കറ്റിങ് നടത്താത്തതുകൊണ്ടും വ്യക്തമായ റിലീസിങ് സ്ട്രാറ്റജി ഇല്ലാത്തതിെൻറയും പേരിൽ തകർന്നു പോയ സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, പുതുതായി വന്ന സംവിധായകരിൽ പലരും ഒരു ചിത്രം കഴിഞ്ഞ് അടുത്ത ചിത്രത്തിലേക്ക് കയറുമ്പോൾ ശക്തി ശോഷിച്ചു പോവുന്നതും അവർ നിലപാടില്ലാത്തവരായി മാറുന്നതും കാണാം. ഇത്തരത്തിൽ ഇല്ലാതായി പോവുന്ന സംവിധായകരും ഇക്കഴിഞ്ഞ പത്തു വർഷത്തിനിടയിലുണ്ടായിട്ടുണ്ട്. ഒറ്റ ചിത്രത്തോടെ രംഗം മതിയാക്കിയവരും ഏറെയാണ്.
റിയലിസ്റ്റിക് ചിത്രങ്ങൾ
വളച്ചുകെട്ടലുകളില്ലാതെ കാര്യം പറയുകയെന്നതാണ് ഇന്നത്തെ സിനിമ. ഇതുതന്നെയാണ് പത്തുവർഷമായി സിനിമയിലുണ്ടായ പ്രധാന മാറ്റം. റിയലിസ്റ്റിക്ക് സിനിമകൾ വിജയിക്കാനുണ്ടായ പ്രധാന കാരണം അത് േപ്രക്ഷകരുമായി എളുപ്പം സംവദിക്കുന്നു എന്നതാണ്. അതിമാനുഷിക സ്വഭാവമുള്ളവയല്ല കഥാപാത്രങ്ങൾ, അവർ നമ്മളിൽ ഒരാളായി കൂടെനിൽക്കുന്ന രീതിയാണ് അവലംബിക്കുന്നത്. അത്തരം സിനിമകളെ േപ്രക്ഷകർ സ്വീകരിച്ചു. 'ആക്ഷൻ ഹീറോ ബിജു', 'മഹേഷിെൻറ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', രഞ്ജിത്തിെൻറ 'ലീല', 'സ്പിരിറ്റ്', ആർ.എസ്. വിമലിെൻറ 'എന്ന് നിെൻറ മൊയ്തീൻ' തുടങ്ങിയ ചിത്രങ്ങൾ റിയലിസ്റ്റിക് ചിത്രങ്ങളുടെ പട്ടികയിൽ വരും.
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ യഥാതഥമായ ചിത്രീകരണത്തിലൂടെ രമേശൻ എന്ന ക്രിക്കറ്റ് േപ്രമിയായ ഒരു നാട്ടുമ്പുറത്തുകാരെൻറ ജീവിതവും അയാൾ തെൻറ മകനിലൂടെ നേടിയെടുക്കുന്ന സ്വപ്നസാഫല്യവും '1983' എന്ന ചിത്രം വരച്ചു. ഇന്ത്യ ക്രിക്കറ്റിൽ വിജയിയായതിെൻറ ഓർമകളിൽ ജീവിക്കുന്ന രമേശൻ. ജീവിതത്തിൽ ഒട്ടേറെ പ്രാരബ്ധങ്ങളുണ്ട്. അതിനെയെല്ലാം അതിജീവിച്ച് വിജയങ്ങളിലേക്ക് നയിക്കുന്ന കഥ മലയാളി ആസ്വാദകരുടെ പ്രിയചിത്രമായി.
2016ൽ പുറത്തിറങ്ങിയ 'മഹേഷിെൻറ പ്രതികാര'വും 2017ൽ പുറത്തിറങ്ങിയ 'തൊണ്ടി മുതലും ദൃക്സാക്ഷിയും' ഫഹദ് ഫാസിൽ എന്ന അഭിനയ പ്രതിഭയുടെയും ദിലീഷ് പോത്തൻ എന്ന സംവിധായകെൻറയും കരിയറിൽ വലിയ വിജയം സമ്മാനിച്ച ചിത്രമാണ്. മലയാള സിനിമയിൽ 'മഹേഷിെൻറ പ്രതികാരം' നൽകിയത് വലിയ പ്രതീക്ഷകളുമായിരുന്നു. റിയലിസ്റ്റിക് സിനിമയുടെ വിജയമായാണ് 'മഹേഷിെൻറ പ്രതികാര'ത്തെ മലയാളികൾ വിലയിരുത്തിയത്. ഹൈറേഞ്ചിലെ ചെറിയ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തെക്കുറിച്ചുള്ള ചിത്രം എന്നതിനും അപ്പുറം മലയാളിക്ക് അന്നുവരെ പരിചിതമല്ലാതിരുന്ന ഒരു ആഖ്യാന ശൈലിയാണ് 'മഹേഷിെൻറ പ്രതികാരം' സമ്മാനിച്ചത്. അതേ ടീം 'തൊണ്ടിമുതലും ദൃക്സാക്ഷിയി'ലെത്തുമ്പോൾ കുറച്ചുകൂടി റിയലിസ്റ്റിക്കായി മാറി. ഒരു ബസ് യാത്രക്കിടെ സ്വർണത്തിെൻറ താലിമാല മോഷണം പോവുന്നു. മോഷ്ടിച്ചയാളിൽനിന്നും മാല കണ്ടെത്താൻ പൊലീസ് നടത്തുന്ന ശ്രമങ്ങൾ, റിയലിസ്റ്റിക്കായി പറഞ്ഞുപോയ കഥയെയും ആഖ്യാന ശൈലിയെയും മലയാളികൾ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത്. ഫഹദ് ഫാസിലിെൻറ പ്രസാദ് എന്ന കഥാപാത്രവും സുരാജിെൻറ പ്രസാദ് എന്ന കഥാപാത്രവും ശ്രീജയുടെ വേഷത്തിലെത്തിയ നിമിഷ സജയനും എല്ലാം മലയാള സിനിമയിൽ അത്ഭുതകരമായ കാഴ്ചാനുഭവം ഉണ്ടാക്കി.
2017ൽ പുറത്തിറങ്ങിയ 'ടേക് ഓഫ്' എന്ന ചിത്രമാണ് എടുത്തുപറയേണ്ട മറ്റൊരു ചിത്രം. 2014ൽ ഒരു കൂട്ടം മലയാളി നഴ്സുമാർ ഇറാഖിെൻറ തിക്രീത്തിൽ ഭീകരരുടെ തടങ്കലിൽ കഴിയേണ്ടിവന്ന സംഭവത്തെ ഇതിവൃത്തമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'ടേക് ഓഫ്', മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുന്നതായിരുന്നു. പാർവതിയുടെ അഭിനയ ചാതുരി, ഒരു സ്ത്രീ കഥാപാത്രത്തെ മുൻനിർത്തിയും സിനിമ വിജയിപ്പിക്കാൻ സാധിക്കുമെന്ന തിരിച്ചറിവ് ഒക്കെയാണ് 'ടേക് ഓഫ്'.
'എന്ന് നിെൻറ മൊയ്തീൻ' റിയലിസ്റ്റിക്ക് സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. മൊയ്തീൻ–കാഞ്ചനമാരുടെ പ്രണയം പ്രമേയമായ ചിത്രത്തിൽ പൃഥ്വിരാജ്, പാർവതി, ടൊവിനോ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. നഷ്ടപ്രണയത്തിെൻറ കഥ പറഞ്ഞ ഈ ചിത്രം ആർ.എസ്. വിമൽ എന്ന സംവിധായകെൻറ കരിയറിൽ മികച്ച നേട്ടമുണ്ടാക്കിയ ചിത്രമാണ്.
2015ൽ പുറത്തിറങ്ങിയ 'സു.. സു... സുധി വാത്മീക'വും വ്യത്യസ്തമായൊരു ചിത്രമെന്ന നിലയിൽ േപ്രക്ഷകരെ ഏറെ ആകർഷിച്ച ചിത്രമായിരുന്നു. വിക്ക് എന്ന വൈകല്യത്തെ പ്രമേയമാക്കിയുള്ളതാണ് ചിത്രം. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ നായകനായി എത്തിയ ചിത്രത്തിൽ ശിവദ നായർ ആയിരുന്നു നായിക. ഒരു കഥപറയലിെൻറ രീതിയിലാണ് ചിത്രത്തെ ട്രീറ്റ് ചെയ്തിരുന്നത്. ജയസൂര്യ–രഞ്ജിത്ത് കൂട്ടുകെട്ടിൽപിറന്ന 'പുണ്യാളൻ അഗർബത്തീസ്' തൃശൂർ നഗരത്തെ കേന്ദ്രീകരിച്ചുള്ള കഥാസന്ദർഭമാണ് ചർച്ചചെയ്തത്. ജോയ് താക്കോൽക്കാരൻ എന്ന ബിസിനസ്മാൻ ഒട്ടേറെ യാതനകളിലൂടെ പിടിച്ചുനിൽക്കാൻ നടത്തുന്ന ശ്രമം. അഗർബത്തീസിെൻറ സാധ്യതകൾ കണ്ടെത്തിയ ബിസിനസുകാരൻ– ശരാശരി മലയാളി സംരംഭകെൻറ അനുഭവങ്ങളെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു അത്.
2015ലാണ് മമ്മൂട്ടി നായകനായ 'പത്തേമാരി' പ്രദർശനത്തിനെത്തുന്നത്. 1960കളിലെ ഗൾഫ് അധിനിവേശത്തിെൻറ പൊള്ളുന്ന യാഥാർഥ്യങ്ങളാണ് 'പത്തേമാരി'യിലൂടെ സലിം അഹമദ് ചർച്ചചെയ്തത്. കേരളത്തിെൻറ സാമ്പത്തിക ചരിത്രത്തിൽ നിർണായകമായ സ്വാധീനമാണ് ഗൾഫ് ജീവിതം ചെലുത്തിയത്. ലോഞ്ചിൽ കയറി ജീവിതത്തെയും മരണത്തെയും മുഖാമുഖം കണ്ടുള്ള യാത്ര. മലയാളിക്ക് തിരിച്ചറിവിേൻറത് കൂടിയായിരുന്നു 'പത്തേമാരി'. സോഷ്യൽ മൂവ്മെൻറിെൻറ ഭാഗമായി ഇങ്ങനെയുള്ള സിനിമകൾ വല്ലപ്പോഴും സംഭവിക്കുന്നു എന്നതിെൻറ തെളിവാണ് സലിം അഹമദ് എന്ന സംവിധായകനെ അടയാളപ്പെടുത്തുേമ്പാൾ അറിയുന്നത്.
മലയാള സിനിമയുടെ കാരണവരെന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭാധനനായിരുന്നു ജെ.സി. ഡാനിയേൽ. സിനിമക്കായി ജീവിതം മാറ്റിെവച്ച മഹാപ്രതിഭ. ജെ.സി. ഡാനിയേലിെൻറ ചരിത്രം എന്നാൽ അത് മലയാള സിനിമയുടെ ചരിത്രംകൂടിയാവുന്നതും അതുകൊണ്ടാണല്ലോ. ആ മനുഷ്യെൻറ ജീവിതവും സിനിമാ പ്രവർത്തനങ്ങളും രേഖപ്പെടുത്താനായി ഒടുവിൽ നിയോഗം ലഭിച്ചതാവട്ടെ കമൽ എന്ന സംവിധായകനും. ജെ.സി. ഡാനിയേൽ എന്ന പ്രതിഭയെ അറിയാവുന്ന എത്രയെത്ര പേരുണ്ടായിരുന്നു. എന്നാൽ, 2013 വരെ കാത്തിരിക്കേണ്ടിവന്നു ആ സിനിമയെ അഭ്രപാളിയിലേക്കെത്തിക്കാൻ. സെല്ലുലോയിഡിെൻറ വെള്ളിവെളിച്ചത്തിൽ എല്ലാം മറന്ന് മലയാളത്തിന് നൽകിയ സംഭാവനയായിരുന്നു 'സെല്ലുലോയ്ഡ്'. ആദ്യകാല നടിയായ റോസിയുടെ ചരിത്രംകൂടിയായിരുന്നു അത്. ദലിതയായ ഒരു നടിയെ നായികയാക്കിയ ജെ.സി. ഡാനിയേൽ എന്ന നിർമാതാവ് നേരിട്ട പ്രതിസന്ധി. റോസി അനുഭവിച്ച പീഡനങ്ങൾ ഇതൊക്കെയാണ് 'സെല്ലുലോയ്ഡ്' ചർച്ച ചെയ്തത്.
'സെല്ലുലോയ്ഡ്' എന്നത് പരീക്ഷണ ചിത്രമായിരുന്നില്ല. കേവലമായ ചരിത്രാഖ്യാനവുമായിരുന്നില്ല. വ്യക്തിയും കാലവും ഒപ്പം ചരിത്രവും ഒക്കെ ഇടകലർന്നു നിൽക്കുന്ന ചിത്രമെന്നു വേണം 'സെല്ലുലോയ്ഡി'നെ വിലയിരുത്താൻ. ഒരു ബയോഗ്രഫിക് ചിത്രം എന്നതിലപ്പുറം ജെ.സി. ഡാനിയേലിെൻറ സംഭാവനകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുകകൂടിയാണ് സംവിധായകൻ ചെയ്തത്. പൃഥ്വിരാജ്, ശ്രീനിവാസൻ, മംമ്ത മോഹൻദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പുതിയ കാലത്തിെൻറ സിനിമയിൽ തിരക്കഥാകൃത്തിന് എന്താണ് ചെയ്യാനാവുന്നത്? അതിനുള്ള വ്യക്തമായ ഉത്തരം ശ്യാം പുഷ്കരൻ എന്ന തിരക്കഥാകൃത്താണ്.
തിരക്കഥ എഴുതുക എന്നതിനപ്പുറം ഒരു സിനിമക്കാവശ്യമായ ജീവനുള്ള, തീർത്തും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്നതാണ് ശ്യാം പുഷ്കരൻ എന്ന എഴുത്തുകാരൻ ചെയ്യുന്നത്. 'മായാനദി', 'മഹേഷിെൻറ പ്രതികാരം', 'കുമ്പളങ്ങി നൈറ്റ്സ്' തുടങ്ങിയ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് ശ്യാമിനെ കുറിച്ച് പറഞ്ഞത് സത്യമാണെന്ന് മനസ്സിലാവും.
'ബ്യൂട്ടിഫുൾ', 'കോക്ക് ടെയ്ൽ', 'ട്രിവാൻഡ്രം ലോഡ്ജ്' എന്നീ തിരക്കഥയിലൂടെ മലയാള സിനിമയിൽ മികച്ച തിരക്കഥാകൃത്തെന്ന മേൽവിലാസം നേടിയ നടനാണ് അനൂപ് മേനോൻ. ഭാഷകൊണ്ടും രീതികൊണ്ടും പുതിയ കാലത്തിെൻറ ആഖ്യാതാവ് എന്ന് അടയാളപ്പെടുത്താവുന്നതുമുണ്ട്.
'ആമേൻ', 'ഇൗ.മ.യൗ' എന്നീ സിനിമകളിലൂടെ ഏറെ പുതുമയാർന്ന രചനാ രീതി മലയാളി േപ്രക്ഷകരെ പരിചയപ്പെടുത്തിയ തിരക്കഥാകൃത്തുക്കളാണ് പി.എസ്. റഫീക്കും, പി.എഫ്. മാത്യൂസും. ചെറുകഥാകൃത്തുക്കൾ എന്ന നിലയിൽ രണ്ടുപേരും മലയാള സാഹിത്യത്തിൽ സ്വന്തം ഭാഷയുണ്ടാക്കിയവരാണ്.
മലയാളി േപ്രക്ഷകർക്ക് തീർത്തും അപരിചിതമായ ഒരു രചനാരീതിയാണ് 'ഇയ്യോബിെൻറ പുസ്തക'ത്തിലൂടെ ഗോപൻ ചിദംബരനും വ്യത്യസ്തമായ പ്രമേയങ്ങൾ തിരക്കഥകളാക്കിയ എഴുത്തുകാർ എന്ന നിലയിൽ ബോബി–സഞ്ജയ് ടീമും 'ഒഴിമുറി'യിൽ ഭാഷകൊണ്ട് പുതിയ കാഴ്ചയൊരുക്കിയ ജയമോഹനും ചെയ്തത്. പുതിയ തലമുറയിലെ തിരക്കഥാകൃത്തുക്കൾ തികഞ്ഞ വ്യതിരിക്തതയോടെ സിനിമയെ നോക്കിക്കാണുന്നവരാണെന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ജോസഫിെൻറ തിരക്കഥാകൃത്ത് ഷാഹി കബീർ 2018ലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്. തിരക്കഥയുടെ ശക്തി ആ ചിത്രത്തെ എല്ലാ തരത്തിലും മികച്ചതാക്കാൻ സംവിധായകനെ സഹായിക്കുന്നുണ്ട്.
സൂപ്പർ സ്റ്റാറുകളെ വ്യക്തമായി ഉപയോഗിക്കുകയും മലയാള സിനിമയെ മറ്റൊരു കാഴ്ചയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്ത സംവിധായകനാണ് അമൽ നീരദ്. അമൽ കച്ചവടസിനിമയെയും കലാമൂല്യമുള്ള സിനിമയെയും വേർതിരിച്ചിരുന്ന ചില വരമ്പുകൾ ഇല്ലാതാക്കിയ സംവിധായകനാണ്.
ജോമോൻ ടി. ജോൺ, ഷൈജു ഖാലിദ് എന്നിവർ ദേശീയ നിലവാരം പുലർത്തുന്ന ഛായാഗ്രാഹകരാണെന്നാണ് എെൻറ നിഗമനം. ഏത് ചലച്ചിത്ര പ്രവർത്തകരുടെ മുന്നിലും അഭിമാനത്തോടെ പ്രദർശിപ്പിക്കാവുന്നതാണ് ഇവരുടെ കാമറവർക്കുകൾ.
മലയാള സിനിമയെ ബോളിവുഡ് നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയ കാമറാമാനാണ് ലിറ്റിൽ സ്വയംപ് ('വരത്തൻ') എന്നെനിക്കു തോന്നിയിട്ടുണ്ട്.
സമീർ താഹിർ, ഗിരീഷ് ഗംഗാധർ, ഷഹനാദ് ജലാൽ ഷാജി ('പുലിമുരുകൻ'), ജിത്തു ദാമോദരൻ, സുജിത്ത് വാസുദേവ്, അഭിനന്ദൻ രാമാനുജൻ ('ആമേൻ', 'മോശയിലെ കുതിര മീനുകൾ') തുടങ്ങിയ കാമറാമാന്മാരുടെ കാമറ കാഴ്ചകളും മലയാള സിനിമയുടെ നിലവാരം ഉയർത്തി.
കാമറാമാന്മാർ സംവിധായകരായും നിർമാതാക്കളായും മാറുകയും അവരവരുടെ സംഭാവനകൾ മലയാള സിനിമക്ക് ഏറെ മുതൽക്കൂട്ടാവുകയും ചെയ്യുന്നതും ഈ പത്തുവർഷങ്ങൾക്കിടയിൽ നാം കണ്ടു.
മലയാളത്തിലെ നല്ല തിരക്കുള്ള കാമറാമാന്മാരായ സമീർ താഹിറും ഷൈജു ഖാലിദും ചേർന്ന് നിർമിച്ച സക്കറിയ സംവിധാനം ചെയ്ത സിനിമയാണ് 'സുഡാനി ഫ്രം നൈജീരിയ'. ഷൈജു ഖാലിദാണ് ഈ ചിത്രത്തിെൻറ കാമറാമാനായും പ്രവർത്തിച്ചത്. സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമുള്ളവർക്കു മാത്രമേ അത്തരമൊരു സിനിമ നിർമിക്കാനാവൂ. സൗബിൻ ഷാഹിർ എന്ന താരത്തെ മലയാളികൾ തിരിച്ചറിയാൻ 'സുഡാനി ഫ്രം നൈജീരിയ' എന്ന ഒറ്റ ചിത്രം മതിയായിരുന്നു.
ഒരുപക്ഷേ, ആ സിനിമ സംഭവിച്ചില്ലായിരുന്നുവെങ്കിൽ സൗബിൻ എന്ന നടനെ തിരിച്ചറിയാൻ പിന്നെയും സമയമെടുത്തേനേ... സൗബിൻ സംവിധായകെൻറ നടനാണ്. കഥാപാത്രത്തിനനുസരിച്ച് സൗബിനെ മാറ്റിയെടുക്കാൻ കഴിയും, അതുതന്നെയാണ് സൗബിൻ എന്ന നടൻ വളരെ പെെട്ടന്ന് വളർന്നതും.
സിനിമയുടെ മാർക്കറ്റിങ്ങിലുണ്ടായ മാറ്റവും സിനിമയുടെ വിജയത്തിന് സഹായകമാവുന്നുണ്ട്. 'കായംകുളം കൊച്ചുണ്ണി'യുടെയും 'ലൂസിഫറി'െൻറയും 'ഒടിയെൻറ'യുമൊക്കെ വേറിട്ട രീതിയിലുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ പതിവ് പ്രചാരണങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു.
സോഷ്യൽ മീഡിയയെയാണ് സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. പത്തു വർഷംകൊണ്ടുണ്ടായ ഏറ്റവും വലിയമാറ്റവും അതുതന്നെയാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം ഏറ്റവും പെട്ടെന്ന് ജനങ്ങളിലേക്ക് സിനിമയെ എത്തിക്കാൻ കഴിയുന്നുണ്ട്. മലയാളത്തിലെ എക്കാലത്തെയും നിലനിൽപിന് കാരണമായ മമ്മൂട്ടിയും മോഹന്ലാലും കേവല ലോകത്തുനിന്നും ആഗോള ലോകത്തിെൻറ ഐക്കണുകളായി മാറുന്നത് ഇന്നത്തെ ചലച്ചിത്ര വ്യവസായത്തിനു കുതിപ്പേകുകയാണ്. കേരളത്തിലെ പ്രദര്ശനശാലകളില്നിന്ന് രാജ്യത്തിനകത്തും അന്താരാഷ്ട്ര തിരശ്ശീലകളിലും മലയാള സിനിമ പ്രദര്ശനയോഗ്യമാവാൻ കാരണമായതും വലിയ മുതല്മുടക്കിൽ ഇൗ മഹാനടന്മാരെ െവച്ചുള്ള ചലച്ചിത്ര നിര്മാണം സാധ്യമായതുകൊണ്ടാണ്. സിനിമ മാര്ക്കറ്റിെൻറ വ്യാകരണമാണ് ഇപ്പോൾ ഏറെ ചര്ച്ചചെയ്യുന്നത്. ഒറ്റപ്പെട്ട നിര്മാതാക്കളും അവരോടൊപ്പമുള്ള സംഘവും മാത്രമായി വന്നുപോകുന്ന കാഴ്ചക്കപ്പുറം വമ്പൻ കമ്പനികളും അവരുടെ മാര്ക്കറ്റ് തന്ത്രവും മലയാള സിനിമയെ ശ്രദ്ധിച്ച് തുടങ്ങിയിരിക്കുന്നു. ടെക്നോളജി ഇനിയും മാറും, കാലത്തിനനുസരിച്ച് പുതിയ ലോകമുണ്ടാവും. അപ്പോഴും ജനങ്ങളെ ആഹ്ലാദിപ്പിക്കാനും ചിന്തിപ്പിക്കാനുമായി കലാരൂപങ്ങൾ ഉണ്ടാവും. സിനിമയെന്ന ആധുനിക ജനകീയ കല അതിെൻറ സഞ്ചാരംകൊണ്ട് പുതിയ വഴികളുണ്ടാക്കും.