മലയാളിയുടെ വിരലുകൾക്കിടയിലൂടെ ചോരുന്ന ക്ലാസിക്കുകൾ
‘‘കാമറ ഒരു കവിയുടെ ശിരസ്സിൽ സ്ഥിതിചെയ്യുന്ന കണ്ണുകളെപ്പോലെ വർത്തിക്കാതെ മനോഹരമായ ഒരു ചിത്രമുണ്ടാവുകയില്ല’’ ഓർസൻ വെല്ലിസ്2022 അവസാനം ഇറങ്ങിയ ‘മഹാവീര്യർ’ എന്ന ചലച്ചിത്രം ഈയിടെ കാണുമ്പോൾ അതിന്റെ റേറ്റിങ് ശ്രദ്ധിക്കാതിരുന്നില്ല. മോശമാണ്. സാധാരണഗതിയിൽ ചലച്ചിത്രം കാണുന്നതിൽനിന്നും പിന്തിരിപ്പിക്കുന്ന മിക്സഡ് റിവ്യൂകളോ ഇനിയൊരുപക്ഷേ തീരെ...
Your Subscription Supports Independent Journalism
View Plans‘‘കാമറ ഒരു കവിയുടെ
ശിരസ്സിൽ സ്ഥിതിചെയ്യുന്ന
കണ്ണുകളെപ്പോലെ
വർത്തിക്കാതെ മനോഹരമായ
ഒരു ചിത്രമുണ്ടാവുകയില്ല’’
ഓർസൻ വെല്ലിസ്
2022 അവസാനം ഇറങ്ങിയ ‘മഹാവീര്യർ’ എന്ന ചലച്ചിത്രം ഈയിടെ കാണുമ്പോൾ അതിന്റെ റേറ്റിങ് ശ്രദ്ധിക്കാതിരുന്നില്ല. മോശമാണ്. സാധാരണഗതിയിൽ ചലച്ചിത്രം കാണുന്നതിൽനിന്നും പിന്തിരിപ്പിക്കുന്ന മിക്സഡ് റിവ്യൂകളോ ഇനിയൊരുപക്ഷേ തീരെ മോശം അഭിപ്രായങ്ങൾപോലുമോ മറുനാടൻ മലയാളികൾക്ക് ഒരു സിനിമ കാണാതിരിക്കാൻ കാരണമാകാറില്ല. ജീവിതം തേടി കടൽ കടന്നെത്തുന്ന അനേകർക്ക് തങ്ങളെ സ്വന്തം മണ്ണിനോട് ചേർത്തുനിർത്തുന്ന ഘടകങ്ങളിൽ ഏറ്റവും മുകളിലാണ് സിനിമ എന്നതുകൊണ്ടുതന്നെ ഒരു മലയാള ചിത്രം കാണുന്നത് എന്നും സന്തോഷമാണ്.
‘മഹാവീര്യർ’ ഒറ്റയിരിപ്പിനു കണ്ടുകഴിഞ്ഞപ്പോൾ മറ്റേതോ ലോകത്ത് എത്തിയതുപോലെ തോന്നി. അതിനോടൊപ്പം വലിയ ദുഃഖവും. എന്നെയത് പിടിച്ചുകുലുക്കിയത് എന്തുമാതിരിയായിരുന്നു! ആദ്യം ചെയ്ത പ്രവൃത്തി എനിക്ക് വലിയ വിശ്വാസമുള്ള ഒന്നു രണ്ട് പേരോട് ഈ സിനിമയെപ്പറ്റി അഭിപ്രായമാരായലായിരുന്നു. കിട്ടിയത് അത്യന്തം പോസിറ്റിവ് റിവ്യൂകൾ. ഈ സിനിമയെപ്പറ്റി രണ്ടുവാക്ക് കുറിക്കണം എന്ന വിചാരം വന്നപ്പോൾ മലയാള സിനിമ ആസ്വാദകസമൂഹത്തിന്റെ നാൾവഴികൾ ഒന്നോർത്തുനോക്കി.
മലയാള മുഖ്യധാരാ സിനിമാചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ നാം എത്തിച്ചേരുന്നത് ഉത്തരങ്ങളിലേക്കാവില്ല. മറിച്ച്, പ്രസക്തമായ ചില ചോദ്യങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കേണ്ടിവരും. ഏതാണ്ട് മുക്കാൽ നൂറ്റാണ്ടോളം മാത്രം മുതിർച്ചയുള്ളതും എന്നാൽ സാർവത്രികമായതുമായ സിനിമ എന്ന മാധ്യമത്തിന്റെ സ്വാഭാവിക പരിണാമം വിശകലനവിധേയമാക്കുക രസകരമാണ്. അഭ്രപാളിയിൽ തെളിയുന്ന വിസ്മയത്തെ അതിശയത്തോടെ മാത്രം കണ്ടിരുന്ന സാധാരണക്കാരനിൽനിന്നും, സ്വാഭാവികമായ അഭിനയത്തെയും ലൈറ്റിങ്ങിനെയും കാമറയെയും എഡിറ്റിങ്ങിനെപ്പോലും വിമർശിക്കാനുള്ള അറിവും ആർജവവുമുള്ള പ്രേക്ഷകനിലേക്കുള്ള കുതിപ്പ് അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു എന്ന് വേണം പറയാൻ.
‘‘കാലുകൊണ്ട് ട്രക്ക് ചവിട്ടിത്തെറിപ്പിക്കുകയും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ വാളുകൊണ്ട് അരിഞ്ഞിടുകയും പാഞ്ഞു വരുന്ന ട്രെയിനിലെ അനേകം ജീവൻ രക്ഷിക്കാൻ റെയിൽപാലം വലിച്ചു നീക്കിവെക്കുകയും ചെയ്യുന്ന നായകനെ ഉഡുരാജപ്രഭായോഗ്യമായ ജംബൂകസംഗീതത്തിൽ ആറാടിക്കാൻ മടിക്കാത്ത ഉത്കൃഷ്ട സമൂഹമാണ് മലയാളികൾ’’ എന്നു പറഞ്ഞ രസികൻ മിക്ക അന്യഭാഷാ ചിത്രങ്ങളുടെയും നിലവാരമില്ലായ്മയെ മാത്രമല്ല സിനിമാ സാഹിത്യാദി കലാകേന്ദ്രങ്ങളിൽ മലയാളിയുടെ ഉപരിഭാവ ഭ്രമത്തെക്കൂടി പരിഹസിച്ചിട്ടില്ല എന്ന് വിശ്വസിക്കുക വയ്യ!
ചരിത്രത്തിലേക്ക് ഒരു സൂം-ഇൻ
1987 ജൂലൈ 31ന് പ്രണയത്തെയും മഴയെയും മലയാളികളുടെ മനസ്സിൽ ഇഴപിരിയാനാവാത്ത അനുഭവമായി ചേർത്തുെവച്ച ‘തൂവാനത്തുമ്പികൾ’ റിലീസാകുന്നു. തിയറ്ററിൽ തിക്കും തിരക്കും.
ആളുകൾ മണിക്കൂറുകൾ ക്യൂ നിന്ന് ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങിപ്പോകുന്നു. കേബിൾ ചാനലുകളിലെ താരാട്ടുകൾ കേട്ട് ഉറങ്ങുകയും മൊബൈൽ ഫോണിലെ അലാറം കേട്ട് ഉണരുകയും ചെയ്യുന്ന ന്യൂജൻ തലമുറ ഇങ്ങനെയൊക്കെ സങ്കൽപിക്കുന്നതിൽ തെറ്റുപറയാനാവില്ല. എന്നാൽ, യാഥാർഥ്യം എത്രയോ അകലെയാണ്! ബോക്സ് ഓഫിസിൽ അന്ന് തകർന്ന ഈ ചിത്രം പിന്നീട് പ്രണയത്തിന്റെ മധുരോദാത്തമായ ചലച്ചിത്രസങ്കൽപമായി മാറിയത് ഒരു രസികൻ ഐറണി. ‘ഞാൻ ഗന്ധർവ്വൻ’, ‘ദേവദൂതൻ’, ‘ബിഗ് ബി’ തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് മാത്രമല്ല, ‘ഫൈറ്റ് ക്ലബ്’, ‘ഷോ ഷാംഗ് റിഡംപ്ഷൻ’, ‘വില്ലി വോങ്ക ആൻഡ് ദി ചോക്ലറ്റ് ഫാക്ടറി’ മുതലായ അനേകം വിദേശസിനിമകൾക്കും ഇതേ വിധി ഉണ്ടായിട്ടുണ്ട്. പിന്നീട് ഇവ കൾട്ട് സിനിമകളായി പ്രേക്ഷകർതന്നെ സ്വീകരിക്കുകയും ചെയ്തു. അൽപം ഇടവേളയുണ്ടായി എന്നു മാത്രം.
ഇന്നത്തെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ല. റൊമാന്റിക്, കോമഡി, ഫിക്ഷൻ, ആക്ഷൻ എന്നിങ്ങനെ അനേകം ജോണറുകളിൽ ഒട്ടനേകം സിനിമകൾ ദിനംതോറും പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നു. ഡിജിറ്റൽ മാധ്യമത്തിന്റെ സാധ്യതകൾ വർധിച്ചതോടെ ഒ.ടി.ടിയിലൂടെയും, മോഷണവും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ന്യായീകരിക്കപ്പെട്ടതാണ് എന്ന് കരുതുന്ന ആധുനിക ചോരന്മാർക്ക് പൈറസിയിലൂടെയും ഏത് സിനിമയും തിയറ്റർ പ്രദർശനത്തിന് തൊട്ടുപിന്നാലെ കാണാമെന്ന അവസ്ഥയായി. സാമ്പത്തിക ശാസ്ത്രത്തിൽ പറയുമ്പോലെ അധികപ്രദാനം മൂലമുള്ള മൂല്യശോഷണം (Surplus affects the equilibrium) സിനിമക്കും സംഭവിച്ചിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു.
കാലത്തിനു മുമ്പേ സഞ്ചരിക്കുമ്പോൾ
2022 ജൂലൈ 21ന് ‘മഹാവീര്യർ’ എന്ന സിനിമ റിലീസാകുന്നു. തിയറ്ററിൽ സിനിമ കണ്ടിറങ്ങുന്നവരിൽ രണ്ടുപക്ഷം. ചിലർ ആദ്യപകുതിയിലെ നർമ മുഹൂർത്തങ്ങൾ ഒാർക്കുകയും രണ്ടാമത്തെ പാതിയിൽ തീരെ യോജിക്കാത്ത, ആസ്മികമായ കൂട്ടിച്ചേർക്കൽ നടന്നതായി അഭിപ്രായപ്പെടുകയും ചെയ്യുന്നു. ചിലരാകട്ടെ മൗലികമായ സർഗാത്മകത പകർന്നുനൽകിയ അനുഭവത്തിന്റെ ലഹരിയിൽനിന്നും അപ്പോഴും മോചിതരാകുന്നില്ല എന്ന് അഭിപ്രായപ്പെടുന്നു. ആർക്കാണ് തെറ്റിയത്? ഈ അഭിപ്രായങ്ങൾ പഴയകാലത്തെപ്പോലെ ഒരു ചെവിയിലേക്കല്ല. ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ചെവികളിലേക്കാണ് മറിച്ച് ഒരു ചോദ്യമോ തിരുത്തലോ ഇല്ലാതെ ഒഴുകിയെത്തുന്നത്.
സിനിമ തുടങ്ങുമ്പോൾ നമ്മോട് സംവദിക്കുന്നത് കാലമാണ്. കാലം, അഥവാ സമയം ‘‘ആത്മാവിന്റെ രഹസ്യം പ്രാണനിലൊളിപ്പിച്ച് പറന്നുപോയ കിളിയെ അമ്പെയ്തു വീഴ്ത്തി, ഹൃദയം തുരന്ന്, രഹസ്യം തിരഞ്ഞ മഹാവീരന്മാരോട് കാലം ഇപ്രകാരം പറഞ്ഞു...’’
പിന്നെ കാലം പറയുകയാണ്, അധികാര വർഗത്തിന്റെ കഥ. സൂര്യന് താഴെ എന്തും സ്വന്തമാക്കാൻ ഒന്നു വിരൽ ഞൊടിച്ചാൽ മതിയാകുന്ന രാജസ്ഥലികളിൽ പിന്നെയും പിന്നെയും എന്തോ തേടി നീളുന്ന അകാരത്തിന്റെ കരാളഹസ്തം. അധികാരവർഗത്തിന്റെ പിണിയാളുകൾ രാജാവിന്റെ വിചിത്രരോഗത്തിനുള്ള മരുന്നു തേടി പുറപ്പെടുകയാണ്.
മൗനസാക്ഷിയുടെ വിസ്താരം
പിന്നീടങ്ങോട്ട് ഇന്നത്തെ നീതിപീഠത്തിനു മുന്നിൽ നടക്കുന്ന അതിവിചിത്രമായ ഒരു കേസിന്റെ പശ്ചാത്തലം കാണാം. അതിനൊപ്പംതന്നെ സമകാലിക രാഷ്ട്രീയത്തിന്റെ അറപ്പിക്കുന്ന നിഴലുകൾ പരിഹാസത്തിന്റെ ചാട്ടവാറടി കൊള്ളുന്ന ഇടനാഴികളുടെ ചിത്രം വ്യക്തമാണ്. അധ്വാനത്തിന്റെ വിയർപ്പ് പേറുന്ന നാണയത്തുട്ടുകൾ അടുക്കിയടുക്കി വെക്കുന്നവർ! അപ്രതീക്ഷിതമായ ഇരുട്ടടിയായി അധികാരത്തിന്റെ കുളമ്പടിയൊച്ചകൾ സൃഷ്ടിക്കുന്ന പ്രതിധ്വനി കേട്ട് ഞെട്ടിപ്പിടഞ്ഞ് ഒരു നിമിഷംകൊണ്ട് എണ്ണം തെറ്റി, കൂട്ടം തെറ്റി ചിതറുന്ന നാണയങ്ങൾ വാരിക്കൂട്ടി ബാങ്കുകളുടെ നീണ്ട ക്യൂവിൽ നിൽക്കുന്ന സാധാരണക്കാരനെ നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി നോക്കൂ! നിയമത്തിൽ തെറ്റല്ലാത്തതെല്ലാം ശരിയാണോ എന്നൊരു വലിയ ചോദ്യം ചിത്രം മുന്നോട്ടുവെക്കുന്നുമുണ്ട് ഈ അവസരത്തിൽ.
ഒരു വ്യക്തിയുടെ മനഃസാക്ഷിയും സമൂഹ മനഃസാക്ഷിയും വെവ്വേറെയായും പിന്നീട് ഒരുമിച്ചും ചിന്തിക്കുന്നത് എത്ര വ്യത്യസ്തമാണെന്ന് സന്യാസിയുടെ ആൾക്കൂട്ട വിചാരണ കാട്ടിത്തരുന്നു. ആൽമരച്ചുവട്ടിൽ ഇരിക്കുന്ന സന്യാസിയെ കാണുമ്പോൾതന്നെ ഭക്തജന കമ്മിറ്റിയുടെ സ്വീകരണവും പ്രഭാഷണവും മറ്റും മനസ്സിൽ കണക്കുകൂട്ടുന്ന മല്ലിക സുകുമാരന്റെ കഥാപാത്രം യുവസന്യാസിയുടെ മുഖത്തെ തേജസ്സ് കാണാനാവുന്നതായി പ്രഖ്യാപിക്കുന്നു. ഇതേ കഥാപാത്രം സന്യാസിയെ കണ്ടപ്പോൾതന്നെ ഒരു കള്ളലക്ഷണം തോന്നിയതായി അടുത്ത ക്ഷണത്തിൽതന്നെ പറയുന്നുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായം മാറ്റുന്ന മത-രാഷ്ട്രീയ നേതാക്കന്മാരെ ഒരു നിമിഷം മനസ്സിൽ കാണുന്ന പ്രേക്ഷകൻ സ്വയമറിയാതെ ഒന്ന് പുഞ്ചിരിക്കാതിരിക്കില്ല.
മറുവശത്ത്, എരിവും പുളിയും കലർത്തി നിമിഷങ്ങൾക്കുള്ളിൽ ഊതിവീർപ്പിക്കുന്ന കുറ്റപത്രങ്ങൾ! ദുർബലമായ സാഹചര്യങ്ങളുടെ പേരിൽ ക്രൂശിക്കപ്പെടുന്ന മധുവിനെയോ വിശ്വനാഥനെയോ കുറ്റാരോപിതനായ സന്യാസിയിൽ കാണാൻ ശ്രമിക്കുകയുമാകാം. ശ്രദ്ധിക്കേണ്ടത് മറ്റൊന്നാണ്. പ്രത്യേകിച്ച് ഒരു തെളിവും ഇല്ലാതെ സന്യാസി കുറ്റക്കാരനാണ് എന്ന് വിശ്വസിക്കുന്ന വക്കീൽ തുടക്കത്തിൽ പരിഹാസത്തോടുകൂടിയാണ് സന്യാസിയെ നേരിടുന്നതെങ്കിൽ ജഡ്ജി അപ്പോൾ ഒരു പക്ഷവും ചേരുന്നില്ല. ന്യായത്തോടൊപ്പം നിലകൊള്ളുന്നയാൾ എന്നനിലക്ക് പ്രേക്ഷകൻ മനസ്സുകൊണ്ട് അപ്പോൾ പരമോന്നതമായ നീതിപീഠത്തിനൊപ്പമാകുന്നു.
ഇനി ഒരു സാധാരണ പ്രേക്ഷകന് ദഹിക്കാത്ത ഭാഗം ആരംഭിക്കുകയാണ്. പഴയകാലം പഴയ നീതി തേടി പുതിയ കോടതിമുറിയിൽ എത്തുകയാണ്. ഇത്തരമൊരു സംഭവം നടന്നത് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല എന്നമട്ടിൽ കോടതിമുറിയും ജഡ്ജിയും നിയമവും കാലഭേദമില്ലാതെ ഇഴചേർന്ന് പിരിയുന്നു. എന്തുകൊണ്ട് ഈ സമയം ആരും അത്ഭുതപ്പെടുന്നില്ല? എന്തുകൊണ്ട് പഴയകാലത്തിന്റെ ഈ കടന്നുകയറ്റത്തിൽ ആരും അതിശയം രേഖപ്പെടുത്തുന്നില്ല? ഇവിടെയാണ് പറയാതെ പറഞ്ഞുവെച്ച കാലത്തിന്റെ ഇഴകൾ ചേർത്തു തുന്നിയ ചിത്രം വ്യക്തമാകേണ്ടത്. പലരും ഇതിനെ ടൈം ട്രാവൽ എന്നും മറ്റുമാണ് വ്യാഖ്യാനിക്കുന്നത്. ഒരു ഫാന്റസി എന്നനിലക്ക് തീർച്ചയായും പ്രേക്ഷകന് സ്വന്തം വിശകലനങ്ങൾ സാധ്യമാണെന്നിരിക്കിലും ഇതിന് മറ്റൊരു വശമുണ്ട് എന്ന തോന്നൽ എന്നിൽ ശക്തമാണ്.
ഇവിടെ നിവിൻ പോളി അവതരിപ്പിക്കുന്ന അപൂർണാനന്ദ ആരാണ്? കാലം എന്നല്ലാതെ അതിനു മറ്റൊരുത്തരമില്ല. ആദിമധ്യാന്തമില്ലാത്ത കാലം. അപൂർണമായ കാലം. ഇന്നലെകൾക്കും ഇന്നിനും സാക്ഷിയായ കാലം. ഭൂതവും ഭാവിയും വർത്തമാനവും ചുറ്റിനും പേറുന്ന, സ്ഥായിയായ കാലം. എല്ലാറ്റിനും മറുപടിയുണ്ടെങ്കിലും നേരിട്ട് ന്യായാന്യായങ്ങളിൽ കൈകടത്താത്ത, വാദിയെ പ്രതിയാക്കുന്നത് മൗനമായി കണ്ടുനിൽക്കേണ്ടി വന്ന കാലം. ഒപ്പം കാലം മറ്റൊന്നിനും കൂടി സാക്ഷിയാവുന്നുണ്ട്, ഒരു സമയത്ത് നിയമവിധേയമായി പ്രവർത്തിച്ചിരുന്നവർപോലും അധികാരവർഗത്തിന് മുന്നിൽ മുട്ടുമടക്കുന്ന നിയമസംവിധാനത്തിന്റെ ചട്ടുകങ്ങളായി മാറുന്നതിന്.
ഇതിനിടയിൽ ശ്രദ്ധേയമായ മറ്റു ചില കാര്യങ്ങളും സംഭവിക്കുന്നുണ്ട്. പുരാതനമായ ഉത്തരേന്ത്യൻ വേഷവിധാനത്തോടെയുള്ള ഭരണകാലഘട്ടത്തിൽ പുരാതനമായ ഭാഷാപ്രയോഗങ്ങളും നൂതനമായ ഭാഷയുടെ ചേരുവകളും കഥാപാത്രങ്ങളുടെ സംസാരത്തിൽ ഇടകലർത്തി ഉപയോഗിച്ചിരിക്കുന്നത് കാണാം. കാലം അഥവാ സമയം എന്ന ആശയത്തിനെ ശാസ്ത്രത്തിലെ വൈരുധ്യങ്ങൾ വിശകലനംചെയ്യുന്ന പുതിയ ശാഖകളിലെ ചർച്ചകളിൽ പറയുന്നതുപോലെ ആപേക്ഷികമായി, ഉണ്ടെന്നും ഇല്ലെന്നും തോന്നിക്കുന്ന പ്രതിഭാസമായി കാണാവുന്നതാണ്. ഒപ്പം ഇന്നലത്തെ നിയമങ്ങൾ ഇന്നെത്ര പരിഹാസ്യമാണ് എന്ന് അതത് കാലത്തെ നിയമസംവിധാനങ്ങളെ പരിഹസിച്ചുകൊണ്ടുതന്നെ തുറന്നുകാണിക്കുന്നുണ്ട് പലയിടത്തും. ഇന്നത്തെ നിയമം നാളത്തെ കോമാളിത്തരം ആയിക്കൂടെന്നില്ല എന്നു പരോക്ഷമായി പറയുകയായിക്കൂടെ?
സാധാരണക്കാരന്റെ കണ്ണുനീരാണ് അധികാരവർഗത്തിന്റെ രോഗശാന്തിക്ക് വേണ്ടുന്ന ഒരേയൊരു മരുന്ന്! എത്ര ബൃഹത്തായ ആശയമാണ് ചിത്രം പറയുന്നത്? ഇതൊക്കെ പറയുമ്പോൾ തന്നെ ‘ഒരാത്മാവിനെയും കീഴടക്കാനാവില്ല അധികാരത്തിന്റെ ചാട്ടയാൽ’ എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അതിഗംഭീരമായ അഭിനയമുഹൂർത്തങ്ങൾ സിനിമയിൽ ഉടനീളം കാണാം. നല്ല സിനിമകളും മോശം സിനിമകളുമുണ്ട്. അവയെന്നും ഉണ്ടാവുകതന്നെ ചെയ്യും. പക്ഷേ, മോശം സിനിമകളിൽപോലും സ്വന്തം കഥാപാത്രത്തെ രാജകീയമായി ഒപ്പുവെക്കുന്ന ഒരാൾ മലയാള സിനിമയുടെ സ്വന്തമാണ് എന്ന് അഭിമാനത്തോടെ പറയാനാകും. നടൻ സിദ്ദിഖിന്റെ കഥാപാത്രം -ന്യായാധിപൻ- ഈ സിനിമയിൽ പലയിടത്തും അതിശയിപ്പിക്കുന്ന അഭിനയം കാഴ്ചവെക്കുന്നു. ഒരുപക്ഷേ ഇതിനുമുമ്പ് ജഗതി മാത്രമാകും സിനിമക്കു മുകളിലേക്ക് കഥാപാത്രങ്ങൾക്ക് വളരാൻ ഇത്തരത്തിൽ വിരൽത്തുമ്പുകളെപ്പോലും വിട്ടുകൊടുത്തത്. പഴയ കാലത്തിന്റെ നാടകീയത അതിമനോഹരമായി സമന്വയിപ്പിച്ച അഭിനയവുമായി ലാൽ രണ്ടാം ഭാഗത്ത് നിറഞ്ഞുനിൽക്കുന്നുണ്ട്. സിനിമയിലുടനീളം ഗൗരവത്തോടെ, എന്നാൽ കാര്യമാത്രപ്രസക്തമായ നർമ മുഹൂർത്തങ്ങളിലൂടെ നിവിൻ പോളി കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലെ ഒരു കഥാപാത്രത്തിനോട് നീതി പുലർത്തുന്നു. ലാലു അലക്സ് പതിവുപോലെ തന്റെ കഥാപാത്രം ശക്തമായ സാന്നിധ്യമാക്കി മാറ്റി. ആസിഫ് അലി കറ തീർന്ന കലാകാരനാണ്. സൂക്ഷ്മമായി വായിച്ചാൽ സ്വാർഥ താൽപര്യങ്ങളുടെ വിളനിലമാണ് ഈ കഥാപാത്രം എന്ന് കാണാം. എങ്കിൽപോലും ചിലയിടങ്ങളിൽ രാജഭക്തിയുടെ, സത്യസന്ധതയുടെ, തന്റെ കാലത്തെ നിയമസംവിധാനങ്ങളിലെ പാണ്ഡിത്യത്തിന്റെ മുഖമായി മാറുന്നത് പ്രേക്ഷകർ വിശ്വസിച്ചു പോകുന്നു. ഒടുക്കം നിലവറയിൽ ഒളിപ്പിച്ച രഹസ്യം മൗനിയായ കാലം പ്രേക്ഷകന് മുന്നിൽ തുറന്നുകാട്ടും വരെ.
പുതുമകളേ ഇതിലേയിതിലേ…
ഓരോ തവണയും കാണുമ്പോൾ ഓരോ കുടന്ന കോരി കുടിക്കുവാൻ വീണ്ടും അർഥതലങ്ങൾ അവശേഷിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ ഇനിയും ജനിക്കേണ്ടതുണ്ട്. ഇത്തരം ചിത്രങ്ങൾ പരാജയപ്പെടുന്നതിന് കാരണം പലതാകാം. പരീക്ഷണങ്ങളെ അതത് കാലങ്ങളിൽ കൈനീട്ടി സ്വീകരിക്കാൻ നമുക്കുള്ള വിമുഖതയിൽ തുടങ്ങി ഇത്തരം സിനിമകൾ പ്രേക്ഷകർക്കുള്ളിൽതന്നെ ലക്ഷ്യംവെക്കുന്ന പ്രായത്തിലോ ഉപസമൂഹത്തിലോ കടന്നുചെല്ലാനുള്ള പ്രചാരണത്തിലെ പാകപ്പിഴ, തുടക്കത്തിൽ കണ്ടിറങ്ങുന്ന ഒരുവിഭാഗം ആളുകളുടെ പ്രചാരണം എന്നിങ്ങനെ എന്തുമാകാം പരാജയകാരണം. പക്ഷേ, ഇതിന്റെയൊക്കെ പരിണിതഫലമായി എന്താണ് സംഭവിക്കുക? ഇനിയും പരീക്ഷണങ്ങൾ ഉണ്ടാകുമോ? ഇത്തരമൊരു പരീക്ഷണം അതിന്റേതായ അർഥത്തിൽ സ്വീകരിക്കാൻ പ്രേക്ഷകർ മടിക്കുമ്പോൾ നമ്മിൽ വിശ്വസിച്ച് പണവും സമയവും നഷ്ടപ്പെടുത്തിയ എബ്രിഡ് ഷൈനെപ്പോലെയും നിവിൻ പോളിയെപ്പോലെയുമുള്ള പ്രതിഭയുള്ള ചെറുപ്പക്കാർ വീണ്ടുമതിനു മുതിരുമോ? ഇല്ലെങ്കിൽ ഇനിയും മലയാളത്തിൽ ക്ലാസിക്കുകൾ പിറക്കാൻ മടിക്കും. ഇനിയൊരു പത്മരാജനും ഉണ്ടാകാതെ പോകും. ലോകഭാഷാ ചിത്രങ്ങളിൽ ഇൻസെപ്ഷനും ഇന്റർ സ്റ്റെല്ലാറും രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്ക് സ്വന്തം ഭാഷയിൽനിന്നും അങ്ങനെയൊന്ന് സ്വീകാര്യമാകാതെ പോകുന്നുവെങ്കിൽ അത് ആരുടെ ഉത്തരവാദിത്തമാണ്? നോക്കാത്തതുകൊണ്ട് മാത്രം കാണാതെ പോകുന്ന ചില കാഴ്ചകളാണ് മലയാള സിനിമക്കും പറയാനുള്ളത്. കാലാകാലങ്ങളായി വിനോദവും ഉല്ലാസവും വിജ്ഞാനവും സാമൂഹിക സന്ദേശങ്ങളും പ്രദാനംചെയ്ത സിനിമക്കുവേണ്ടി പ്രേക്ഷകരും ചിലത് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ ഒരുവശത്തേക്ക് മാത്രം സഞ്ചരിക്കുന്ന പാലങ്ങൾ നിർമിച്ച് മടക്കമില്ലാത്ത യാത്രകളിലേക്ക് മാത്രം കണ്ണും നട്ടിരിക്കേണ്ടതായി വരും.
പ്രതീക്ഷ കൈവിടേണ്ടതില്ല. സിനിമയെ ഹൃദയത്തോടെ ചേർത്തുനിർത്തുന്ന യുവപ്രേക്ഷകർക്കും ഒരുപാട് ആശയങ്ങൾ പങ്കുവെക്കാനുണ്ട്. സിനിമയുടെ കഥകളിൽ തുടങ്ങി പ്രചാരണത്തിലും അവലംബിക്കാവുന്ന നൂതനമായ മാർഗങ്ങൾ പങ്കുവെക്കാൻ അവർ സദാ തയാറാണ്. ഒരുപക്ഷേ ശരിയായ രീതിയിൽ നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്താതെ പോയത് എന്തുകൊണ്ടെന്ന് ഏറ്റവും നന്നായി അറിയുന്നവരെന്നനിലക്ക് ആ കുറവ് പരിഹരിക്കാൻ പ്രേക്ഷകരിൽനിന്നും ആശയങ്ങൾ നേരിട്ടു സ്വീകരിക്കുന്ന രീതി പാശ്ചാത്യ രാജ്യങ്ങളിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു പരിധിവരെ ഇത്തരം രീതികൾ പൈറസിപോലുള്ള കുറ്റകൃത്യങ്ങൾക്ക് വരെയും പരിഹാരം കണ്ടെത്തിയിട്ടുമുണ്ട്.
‘പാസഞ്ചറി’ൽ തുടങ്ങി ‘ട്രാഫിക്കി’നെയും ‘ചാർലി’യെയും പോലെ അനേകം ട്രെൻഡ് സെറ്റർ സിനിമകൾ നെഞ്ചിലേറ്റിയവർക്ക് എക്കാലവും മുഖംതിരിക്കാനാവില്ല. നെഗറ്റിവ് പ്രചാരണങ്ങൾക്കുമുപരിയായി വിവേകമതികൾ ആത്യന്തികമായി ഉത്കൃഷ്ടമായ കലക്കൊപ്പമാണ് എന്നും നിലകൊള്ളുന്നത്. ഓർസൻ വെല്ലിസ് ചൂണ്ടിക്കാട്ടുന്ന കവിത അഭ്രപാളികളിൽ കണ്ടെത്താനുള്ള അന്വേഷണത്തിൽ സിനിമക്കൊപ്പം മലയാളിയുമുണ്ട്.