പൊതുബോധം തിരിച്ചറിയാത്ത/അറിയേണ്ട അന്തരം -‘അന്തരം’ കാണുന്നു
പി. അഭിജിത്ത് കഥ എഴുതി സംവിധാനം നിർവഹിച്ച സിനിമ ‘അന്തരം’ കാണുന്നു. മുഖ്യധാര എന്ന പേരിൽ കച്ചവടസിനിമ സൃഷ്ടിച്ച കപട ട്രാൻസ്ജെൻഡർ ജീവിതത്തിന്റെ യഥാർഥ പരിസരം അടയാളപ്പെടുത്തുകയാണ് സിനിമയെന്ന് ലേഖകൻ.ലോകം നിരന്തരം നിമിഷവേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന സവിശേഷ ഘട്ടമാണിത്. കേവല സൗന്ദര്യസൃഷ്ടി എന്നതിനപ്പുറം രാഷ്ട്രീയ ശരികളിലേക്ക്...
Your Subscription Supports Independent Journalism
View Plansപി. അഭിജിത്ത് കഥ എഴുതി സംവിധാനം നിർവഹിച്ച സിനിമ ‘അന്തരം’ കാണുന്നു. മുഖ്യധാര എന്ന പേരിൽ കച്ചവടസിനിമ സൃഷ്ടിച്ച കപട ട്രാൻസ്ജെൻഡർ ജീവിതത്തിന്റെ യഥാർഥ പരിസരം അടയാളപ്പെടുത്തുകയാണ് സിനിമയെന്ന് ലേഖകൻ.
ലോകം നിരന്തരം നിമിഷവേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന സവിശേഷ ഘട്ടമാണിത്. കേവല സൗന്ദര്യസൃഷ്ടി എന്നതിനപ്പുറം രാഷ്ട്രീയ ശരികളിലേക്ക് കാഴ്ചയെ ഉയർത്തുന്നു എന്നതാണ് നവ സിനിമയുടെ പുതുപാഠം. ‘പോസ്റ്റ് ഹ്യൂമൻ ഏജ്’ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ നിർമിതബുദ്ധി (എ.ഐ) ചിന്തയെയും ഭാവനയെയും സാമൂഹിക മാറ്റങ്ങളെയും സ്വാധീനിക്കുന്നു എന്നതും ഇന്ന് സിനിമയുടെ ആന്തരിക ഇളക്കങ്ങൾക്ക് കാരണമാകുന്നുണ്ട്.
നാളിതുവരെയുള്ള ആശയധാരകളിൽ പലതിനും കാണാൻ കഴിയാത്ത, തിരിച്ചറിയാനാകാത്ത തരത്തിൽ ‘മാനവസമൂഹം’ മാറുമ്പോൾ മനുഷ്യനെന്നത് ‘ആണും പെണ്ണും’ എന്ന കർതൃത്വത്താൽ നിർമിക്കപ്പെടുന്ന/ നിർണയിക്കപ്പെടുന്ന ഒന്നല്ലെന്നും വിവിധതരം മനുഷ്യരുടെ സംഘാതമാെണന്നും ചലിക്കുന്ന സമൂഹത്തിന്റെ പ്രതിനിധാനമെന്നും തിരിച്ചറിയുന്നിടത്താണ് ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ രാഷ്ട്രീയം പറയുന്ന പി. അഭിജിത്ത് കഥ എഴുതി സംവിധാനം നിർവഹിച്ച ‘അന്തരം’ പ്രസക്തമാകുന്നത്. മലയാള സിനിമയിൽ സൃഷ്ടിപരമായ വ്യതിയാനമാണ് ഈ സിനിമ നടത്തുന്നത്. ആദ്യമായി ഒരു ട്രാൻസ് വുമണും (നേഹ) ട്രാൻസ്മാനായ വിഹാൻ പീതാംബറും കർതൃത്വപരമായി സിനിമയിൽ അടയാളപ്പെടുന്നു എന്നതാണ് ‘അന്തര’ത്തിന്റെ ചരിത്രമൂല്യം. പൊതുസമൂഹത്തിന്റെ അടഞ്ഞ/ പഴകിത്തേഞ്ഞ ദർശനത്താൽ വിശകലനംചെയ്താൽ ‘അന്തര’ത്തിനുള്ളിലെ സൂക്ഷ്മരാഷ്ട്രീയത്തെ മനസ്സിലാക്കാൻ കഴിയില്ല. വിഷ്വലിന്റെ സാധ്യതകൾക്കൊപ്പം പരിഗണിക്കപ്പെടാത്ത/ മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ഈ സിനിമ.
‘അന്തര’ത്തിനു മുമ്പും ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ജീവിതത്തെ ആവിഷ്കരിക്കുന്ന സിനിമകൾ ഉണ്ടായിട്ടുണ്ട്. ഇത്തരം മനുഷ്യരെ കോമാളികളായും പരിഹസിക്കാനുള്ള ഉപകരണങ്ങളായുമാണ് പല സിനിമകളും അവതരിപ്പിച്ചത്. പൊതു ഇടത്തിലേക്ക് പ്രവേശിക്കുന്നവരെ പ്രത്യേകം പേരുകളിൽ വിളിച്ച് ആക്ഷേപിക്കുന്നതിനും അത് അവരുടെ യഥാർഥജീവിതമായി തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കാനുമാണ് കച്ചവട സിനിമകളിലധികവും ശ്രമിച്ചത്. അതിനായി ചില ബിഹേവിയർ പാറ്റേണുകൾ രൂപപ്പെടുത്തി. സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ നിഗമനങ്ങളെ പൊതുബോധമാക്കി മാറ്റാനുള്ള ശ്രമം നടത്തി. ജനപ്രിയത എന്ന പ്രൊപഗാൻഡ സൃഷ്ടിച്ചാണ് ഇത്തരമൊരു നിർമിതിയെ സാധ്യമാക്കിയത്.
ലാൽജോസ് സംവിധാനംചെയ്ത ‘ചാന്തുപൊട്ട്’ (2005), ‘മായാമോഹിനി’ (ജോസ് തോമസ് -2012), ‘ഞാൻ മേരിക്കുട്ടി’ (രഞ്ജിത്ത് ശങ്കർ -2018), ഈ അർഥത്തിൽ ട്രാൻസ്ജെൻഡർ സമൂഹത്തെ പരിഹസിക്കുന്നതായിരുന്നു ഈ സിനിമകൾ. പുരുഷന്മാരെ സ്ത്രീവേഷമണിയിച്ച് ട്രാൻസ്ജെൻഡറുകളാക്കുന്ന കാഴ്ചാനിർമിതി സാധിച്ചെടുത്തതിലൂടെ ഇത്തരം സിനിമകൾ ജനപ്രിയമായി മാറുകയും ചെയ്തു. അതായത് പുരുഷശരീരത്തെ പെൺശരീരമാക്കി മാറ്റുന്ന പ്രക്രിയ മാത്രമാണ് ഇവിടെ നടക്കുന്നത്. േപ്രക്ഷകനിൽ ചിരി പടർത്തുന്ന തരത്തിലുള്ള ശരീരചലനങ്ങളും സംഭാഷണ ശൈലികളുമാണ് ഇത്തരം സംവിധായകർ പ്രചരിപ്പിച്ചത്. അടുത്തകാലത്ത് ട്രാൻസ്ജെൻഡർ പഠനങ്ങൾ ഉയർന്നുവന്നതോടെ അത്തരം സമൂഹത്തിൽനിന്നുള്ളവർതന്നെ ഈ സിനിമകൾക്കെതിരെ നിലപാടുകൾ സ്വീകരിച്ചു. ഇന്ന് ട്രാൻസ്ജെൻഡർ എന്ന വാക്ക് പൊതുസമൂഹത്തിന് അപരിചിതമല്ല. എൽ.ജി.ബി.ടി ക്വീർ വരെ വളർന്നുകഴിഞ്ഞ സമൂഹമാണിത്. കർതൃത്വത്തെ പ്രഖ്യാപിക്കുന്ന തരത്തിൽ ഇവിടെനിന്നും വികാസം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
എൽ.ജി.ബി.ടി സമൂഹത്തെ പ്രതിനിധാനപരമായി (വിമർശനങ്ങൾ ചേർത്തുവെച്ച്) അടയാളപ്പെടുത്തിയ ആദ്യത്തെ സിനിമയായി കണക്കാക്കാവുന്നത് വി.ടി. നന്ദകുമാറിന്റെ നോവലിനെ മുൻനിർത്തി അതേ പേരിൽ മോഹൻ സംവിധാനംചെയ്ത ‘രണ്ടു പെൺകുട്ടികൾ’ (1978) എന്ന സിനിമയാണ്. കൗമാരക്കാരായ രണ്ട് പെൺകുട്ടികളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന പത്മരാജൻ സംവിധാനംചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ (1986) എന്ന സിനിമ എൽ.ജി.ബി.ടി പഠനങ്ങൾ പുറത്തുവരുംമുമ്പ് വന്ന സിനിമയാണ്. പെൺസൗഹൃദത്തിന്റെ അതുവരെ കാണാത്ത അനുഭവമാണ് ഈ സിനിമ മുന്നോട്ടുവെച്ചത്. സമീപകാലത്ത് ഈ സിനിമയെ ട്രാൻസ്ജെൻഡർ കാഴ്ചപ്പാടുകളെ മുൻനിർത്തി പഴയതും പുതിയതുമായ സിനിമകളെ പഠിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ‘അർധനാരി’ (സന്തോഷ് സൗപർണിക -2012), ‘മുംബൈ പോലിസ്’ (റോഷൻ ആൻഡ്രൂസ് -2013), ‘പാപ്പിലിയോ ബുദ്ധ’ (ജയൻ ചെറിയാൻ -2013) എന്നീ സിനിമകൾ ഇത്തരത്തിൽ പഠനത്തിന് വിധേയമായിട്ടുണ്ട്.
‘അന്തരം’: മുഖ്യധാരയും യാഥാർഥ്യവും
മുഖ്യധാര എന്ന പേരിൽ കച്ചവട സിനിമ സൃഷ്ടിച്ച കപട ട്രാൻസ്ജെൻഡർ ജീവിതത്തിന്റെ യഥാർഥ പരിസരം അടയാളപ്പെടുത്തുക എന്നത് ഏറെ ക്ലേശകരമായ കാര്യമാണ് എന്നതാണ് ‘അന്തരം’ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളിൽ പ്രധാനം. ആൺകോയ്മയിൽ അധിഷ്ഠിതമായി നിലനിൽക്കുന്ന ടിപ്പിക്കൽ കുടുംബജീവിതത്തിന്റെ അനുഭവങ്ങൾ ഈ സിനിമയും പങ്കുവെക്കുന്നുണ്ട്. പുരോഗമനമെന്ന് നിരന്തരം ആവർത്തിക്കുന്ന സമൂഹത്തിലും ട്രാൻസ്ജെൻഡറുകളോടുള്ള സമീപനത്തിൽ ജനാധിപത്യം പ്രവർത്തിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ട്രാൻസ്വുമൺ തന്റെ ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളും ഒടുവിൽ അവർ സ്വന്തം കർതൃത്വത്തെ തിരിച്ചറിയുന്ന ഇടത്തിൽ അഭയം തേടുന്നതുമാണ് ‘അന്തരം’ ആവിഷ്കരിക്കുന്നത്. ഹരി (കണ്ണൻ നായർ) എന്ന ‘പൊതു ആൺ മനുഷൻ’ രണ്ടാമത് തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന സ്ത്രീയാണ് അഞ്ജലി (നേഹ). ട്രാൻസ്വുമണായ ഇവർ സ്നേഹയുടെ രണ്ടാനമ്മയാണ്. നഗരത്തിലെ ഒരു ബുക്ക്സ്റ്റാളിലെ ജീവനക്കാരനാണ് ഹരി. ആദ്യഘട്ടത്തിൽ പുരോഗമനപരമായ നിലപാടുകളാണ് ഹരി സ്വീകരിക്കുന്നത്. തെരുവിൽ ലൈംഗിക തൊഴിലെടുത്ത് ജീവിതം നയിച്ചിരുന്ന അഞ്ജലിയെ ഹരി ആദ്യം കണ്ടുമുട്ടുന്നത് തന്റെ ശാരീരിക ആവശ്യങ്ങളുടെ പൂർത്തീകരണത്തിനായിരുന്നു. തന്റെ ഉള്ളിലെ ‘പുരോഗമനക്കാരനെ’ തിരിച്ചറിയുന്ന ഹരിക്ക് അഞ്ജലിയോട് ഇഷ്ടം തോന്നുന്നു. അത് പ്രണയമായി വളരുകയും അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമാണ്. ആദ്യമൊക്കെ സന്തോഷത്തോടെ മുന്നോട്ടുപോയിരുന്ന ‘കുടുംബമില്ലാത്ത കൂട്ടുജീവിതം’ ഹരിയുടെ അമിത മദ്യപാനത്താലും ചീട്ടുകളിയാലും തകർക്കപ്പെടുകയാണ്. ഈ സമയത്താണ് കുടുംബത്തിൽനിന്നും ഹരി മകളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ആദ്യമൊക്കെ രണ്ടാനമ്മയെ കാര്യമായി പരിഗണിക്കാതിരുന്ന സ്നേഹ ഹരിയുടെ വഴിവിട്ട പോക്കിൽ അമ്മയിൽ ആശ്വാസം കണ്ടെത്തുന്നു. ഹരിയുടെ അമിതമദ്യപാനവും സുഖകരമല്ലാത്ത പെരുമാറ്റവും അഞ്ജലിയെ ശാരീരികമായും മാനസികമായും തളർത്തുന്നതോടെ തന്റെ ട്രാൻസ്മെൻ ഭർത്താവിന്റെ അരികിലേക്ക് അഞ്ജലി പോകുന്നു. ഹരിയോടൊത്ത് താമസിക്കുമ്പോഴും തന്റെ യഥാർഥ ഭർത്താവുമായി അഞ്ജലിക്ക് ബന്ധമുണ്ടായിരുന്നു. വീടുവിട്ടിറങ്ങിയ ഹരിയും മകളും അന്വേഷിച്ച് ചെല്ലുമ്പോഴാണ് ഭർത്താവുമൊത്തുള്ള അഞ്ജലിയുടെ യഥാർഥ ജീവിതം അവർ തിരിച്ചറിയുന്നത്. അഞ്ജലിക്ക് ഹരിയോടും മോളോടും നിറഞ്ഞ സ്നേഹമാണുള്ളത്. അവിടെനിന്നും മടങ്ങുന്ന ഹരിയും മകളും പിന്നീട് എവിടേക്കു പോയി എന്ന ചോദ്യം ബാക്കിയാക്കിയാണ് സിനിമ അവസാനിക്കുന്നത്.
കുമാരനാശാന്റെ ‘കരുണ’യിലെ വാസവദത്തയെപ്പോലെ താൻ സ്നേഹത്തിനായി കൊതിക്കുന്നവളാണെന്ന് പല സന്ദർഭങ്ങളിലും അഞ്ജലി കാട്ടിക്കൊടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഹരി അത് സ്വീകരിക്കുന്നില്ല. അയാൾ മലയാളിയുടെ പൊതുബോധത്താൽ പാകപ്പെട്ട ആൺ അധികാര കേന്ദ്രമാണ്. പുരോഗമന കാഴ്ചപ്പാടിന്റെ ഭാഗമായാണ് അഞ്ജലിയെ വിവാഹം കഴിച്ചതെന്ന് തുടക്കത്തിൽ ഇയാൾ പറയുന്നു. തുടർന്ന് കണ്ടവന്മാരുടെ കൂടെ കിടക്കുന്ന തേവിടിശ്ശിയായ നിന്നെ ഞാൻ ജീവിതത്തിലേക്ക് രക്ഷിച്ചെടുക്കുകയായിരുന്നു എന്നും വിശദീകരിക്കുന്നുണ്ട്. സമൂഹം എത്ര മാറിയാലും തന്റെ അബോധത്തിൽ കിടക്കുന്ന ആൺകോയ്മയുടെ രാഷ്ട്രീയം മാഞ്ഞുപോകുന്നില്ലെന്ന് തെളിയിക്കുന്ന കഥാപാത്രമാണ് ഹരിയുടേത്. ഇയാൾ മലയാളി സോക്കോൾഡ് പുരുഷന്മാരുെട പ്രതിനിധിയാണ്. മുഖ്യധാര സൃഷ്ടിച്ച ട്രാൻസ്ജെൻഡർ സമൂഹത്തിലെ സ്റ്റീരിയോടൈപ് കഥാപാത്രങ്ങളെ േബ്രക്ക് ചെയ്യുന്നു എന്നതാണ് ‘അന്തര’ത്തിന്റെ മറ്റൊരു സവിശേഷത. ട്രാൻസ്വുമണായ ചെന്നൈ സ്വദേശിനി നേഹ തന്നെ നായികയായി എത്തുന്നു എന്നതാണ് ‘അന്തര’ത്തിന്റെ ഏറ്റവും പ്രധാനമായ സവിശേഷത. അതിന് ഉദാഹരണമാണ് മുഴുവൻ സമയ കഥാപാത്രമായി നേഹയുടെ സാന്നിധ്യം.
ട്രാൻസ്ജെൻഡർ സമൂഹങ്ങളെ ശരീരമായി മാത്രം കാണുന്ന പൊതു ആണുങ്ങളുടെ പ്രതിനിധിയാണ് അരവിന്ദൻ എന്ന കഥാപാത്രം. ഹരിയെപ്പോലെ ഇയാളും അഞ്ജലിയുടെ ഭൂതകാലത്തെക്കുറിച്ചു പറയുന്നുണ്ട്. സ്ത്രീകളുടെ പ്രത്യേകിച്ചും ട്രാൻസ്വുമണിന്റെ ഭൂതകാലം ഇന്നും നിരന്തരം അത്തരം മനുഷ്യരെ വേട്ടയാടുന്നുണ്ട്. ഇത്തരത്തിൽ ട്രാൻസ്ജെൻഡർ ജീവിതത്തെ ചരിത്രത്തിലേക്ക് ചേർത്തുവെക്കാനുള്ള ശ്രമമാണ് ഈ സിനിമ. ട്രാൻസ്ജെൻഡർ സമൂഹത്തെ പുറത്തുനിന്നും കാണാതെ അവരുടെ ജീവിതത്തിന്റെ അടരുകളിലേക്ക് പ്രവേശിക്കാൻ സംവിധായകനു കഴിഞ്ഞിരിക്കുന്നു.
അരവിന്ദൻ എന്ന കഥാപാത്രം അവതരിപ്പിച്ച രാജീവൻ വെള്ളൂർ ദീപൻ ശിവരാമൻ സംവിധാനംചെയ്ത ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകത്തിലൂടെ പ്രശസ്തനായ നടനാണ്. ഹരി (കണ്ണൻ നായർ) റോട്ടർഡാം ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ ‘എസ്. ദുർഗ’ (സനൽകുമാർ ശശിധരൻ) എന്ന സിനിമയിലെ നായകനാണ്. നക്ഷത്ര മനോജ് (സ്നേഹ) ‘രക്ഷാധികാരി ബൈജു’ (2016) എന്ന സിനിമയിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ‘ദ ട്രൂത്ത് എബൗട്ട് മീ’ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും അഭിനേത്രിയുമായ എ. രേവതിയും ട്രാൻസ്മാനായ വിഹാൻ പീതാംബറും അതിഥിതാരങ്ങളായി പ്രത്യേക വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ കാവ്യ, ലയ, ദീപാറാണി, സിയാ പവൽ, പൂജ എന്നീ ട്രാൻസ് വ്യക്തികളും അഭിനയിച്ചിട്ടുണ്ട്. ‘അന്തര’ത്തിലെ അഭിനയത്തിന് സ്ത്രീ–ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം നേഹക്ക് 2021ൽ ലഭിച്ചു.
‘അന്തരം’ സൗത്ത് ഏഷ്യയിലെ പ്രമുഖമായ മുംബൈ കാഷിഷ് ഇന്റർനാഷനൽ ക്വീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ജയ്പൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ബാംഗ്ലൂർ ക്വീർ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ മേളകളിൽ ചിത്രം ഇതുവെര പ്രദർശിപ്പിച്ചു. തിരക്കഥയും സംഭാഷണവും എം.എം. ഷാനവാസാണ് നിർവഹിച്ചിരിക്കുന്നത്. ‘ഉടലാഴം’, ‘മതിലുകൾ’, ‘ലൗ ഇൻ ദ ടൈം ഓഫ് കൊേറാണ’ എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ എ. മുഹമ്മദാണ് ‘അന്തര’ത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അമൽജിത്ത് എഡിറ്റിങ്ങും വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്റ് എന്നിവർ സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നു. ഗാനരചന അജീഷ് ദാസനും സംഗീതം രാജേഷ് വിജയ് യും പാടിയത് സിതാര കൃഷ്ണകുമാറുമാണ്. ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാനൂർ, ജോമിൻ വി. ജിയോ, രേണുക അയ്യപ്പൻ, എ. ഷോബില എന്നിവരാണ് നിർമാതാക്കൾ.