നൻപകൽ നേരത്തെ ദാർശനിക പ്രശ്നങ്ങൾ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ കാണുന്നു. ആ കാഴ്ചയുടെ പശ്ചാത്തലത്തിൽ മയക്കം, സ്വപ്നം എന്ന യാഥാർഥ്യങ്ങളെ സാംസ്കാരികവും സാമൂഹികവുമായി പരിശോധിക്കുന്നു. മയക്കത്തിനും ഉണർച്ചക്കുമിടയിൽ സംസ്കാരവിനിമയത്തിന്റെ അദൃശ്യമേഖലകൾ കണ്ടെത്താനാവുമെന്ന് ഇൗ സിനിമ നമ്മെ ഓർമിപ്പിക്കുന്നുവെന്ന് ലേഖകർ.‘‘അസുഖകരമായ സ്വപ്നങ്ങളിൽനിന്നും ഒരു പുലർച്ചെ ഗ്രഗോർ സാംസ ഉണർന്നപ്പോൾ അയാൾ ഒരു...
Your Subscription Supports Independent Journalism
View Plansലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ കാണുന്നു. ആ കാഴ്ചയുടെ പശ്ചാത്തലത്തിൽ മയക്കം, സ്വപ്നം എന്ന യാഥാർഥ്യങ്ങളെ സാംസ്കാരികവും സാമൂഹികവുമായി പരിശോധിക്കുന്നു. മയക്കത്തിനും ഉണർച്ചക്കുമിടയിൽ സംസ്കാരവിനിമയത്തിന്റെ അദൃശ്യമേഖലകൾ കണ്ടെത്താനാവുമെന്ന് ഇൗ സിനിമ നമ്മെ ഓർമിപ്പിക്കുന്നുവെന്ന് ലേഖകർ.
‘‘അസുഖകരമായ സ്വപ്നങ്ങളിൽനിന്നും ഒരു പുലർച്ചെ ഗ്രഗോർ സാംസ ഉണർന്നപ്പോൾ അയാൾ ഒരു ഭീകരപ്രാണിയായി കിടക്കയിൽ രൂപാന്തരപ്പെട്ടു എന്ന് കണ്ടു.’’ ഒരു ഉറക്കം ഉണരുമ്പോൾ സംഭവിച്ചേക്കാവുന്ന അവസ്ഥാന്തരങ്ങൾ സൃഷ്ടിക്കുന്ന വിഭ്രമങ്ങളെക്കുറിച്ചും ആകുലതകളെക്കുറിച്ചും സംസാരിച്ച കൃതിയാണ് കാഫ്കയുടെ ‘Metamorphosis’. സ്വത്വബോധം അപരബന്ധങ്ങളുമായി എങ്ങനെ ഇണങ്ങിനിൽക്കുന്നു എന്ന് ശൂന്യമാക്കുന്ന ഏകാന്ത അനുഭവങ്ങളിലൂടെ കാഫ്ക വരച്ചുകാട്ടുന്നു. ഞാൻ ആരാണ്? എന്ന പ്രധാന ചോദ്യം ഉത്തരങ്ങൾ തിരയുന്ന ഇത്തരം കാഴ്ചകൾ ലോകസാഹിത്യത്തിലും സിനിമയിലും അനേകമുണ്ട്.
മയക്കത്തിന്റെ സാമൂഹികത
ഞാൻ ആരാണ്? എന്ന ചോദ്യത്തിന് ‘‘നിങ്ങൾ അല്ലാത്തതാണ് നിങ്ങൾ’’ എന്നനിലക്ക് ലകാൻ ഒരുത്തരം രൂപപ്പെടുത്തുന്നുണ്ട്. നിങ്ങൾ ഒരിക്കലും 'നിങ്ങൾ' മാത്രമല്ല. നിങ്ങളിൽ അധികമായി എന്തൊക്കെയോ നിങ്ങളിൽ ഉണ്ട് എന്ന് ലകാൻ കരുതുന്നു (The Four Fundamental Concepts of Psychoanalysis). ഒരു വ്യക്തിയെക്കാൾ അധികമായും ഉപരിയായും ഉള്ളവയെ എല്ലാം മറച്ചുപിടിക്കുമ്പോഴാണ് പലർക്കും പലപ്പോഴും സ്വൈരജീവിതം സാധിക്കുന്നത്. സമൂഹത്തിന്റെ കാര്യവും ഇങ്ങനെതന്നെയാണ്. അസ്വസ്ഥമാക്കുന്ന നൈതികതയെയും പ്രായോഗികതയെ എതിർക്കുന്ന ധാർമികതയെയും ആധിക്യങ്ങളായി കണക്കാക്കി മറച്ചുപിടിച്ചുകൊണ്ടാണ് നമ്മുടെ ലോകം ചലിക്കുന്നത്. ഇങ്ങനെ ‘അധികം’ ആയുള്ളവയെ ഒഴിവാക്കിക്കൊണ്ടുള്ള പ്രകടനങ്ങളാണ് പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്നതും. ‘അധിക’ങ്ങളെ മറച്ചുപിടിച്ചുകൊണ്ട്, അവ അവിടെ ഇല്ലെന്ന വിധമുള്ള നാട്യങ്ങളെയാണ് സമൂഹം പ്രായോഗികത എന്ന് വിളിക്കുന്നത്. നാം ഇഷ്ടപ്പെടാത്തവയെയും നമ്മുടെ ക്രമങ്ങളെ അലോസരപ്പെടുത്തുന്ന സാന്നിധ്യങ്ങളെയും യാഥാർഥ്യങ്ങളെയും 'അധിക'ങ്ങളായി നിർവചിച്ചു മാറ്റിനിർത്തുകയും മറച്ചുപിടിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് സാമൂഹിക ക്രമം സാധ്യമാകുന്നതെന്നു നാം കരുതുന്നു. എന്നാൽ, മറച്ചുപിടിച്ചതുകൊണ്ടോ ശ്രദ്ധതിരിച്ചതുകൊണ്ടോ ‘അധികം’ എന്ന് കരുതുന്ന പ്രശ്നം ഇല്ലാതെയാകുന്നില്ല, പരിഹരിക്കപ്പെടുന്നില്ല. ഒരു സാമൂഹിക അബോധമായി അത് എപ്പോഴും നിലനിൽക്കും. അവസരം ലഭിക്കുമ്പോഴെല്ലാം അത് സാന്നിധ്യം അറിയിക്കുകയും വെളിപ്പെടുകയും ചെയ്യും. പ്രശ്നങ്ങൾ എന്ന് കരുതുന്നവയെ അഭിമുഖീകരിച്ചു പരിഹരിക്കാതെ അവയെ അവഗണിക്കുന്നതിന്റെ അപകടം സമൂഹം ഇങ്ങനെ അനുഭവിക്കും. ഈ ഗൗരവമേറിയ യാഥാർഥ്യത്തിൽനിന്നുമുള്ള ഗതിമാറ്റങ്ങളും വ്യതിചലനങ്ങളും മാത്രമായി നമ്മുടെ സാമൂഹികതയും സാംസ്കാരികതയും വിദ്യാഭ്യാസവും എല്ലാം അധഃപതിച്ചിരിക്കുന്നു. മറഞ്ഞിരിക്കുന്നതാണ് യാഥാർഥ്യമെന്നും അത് ‘അധികം’ അല്ല മറിച്ച് ഉണ്മയാണെന്നുമുള്ള തിരിച്ചറിവും പ്രവൃത്തിയും ഉണ്ടാകണം. ‘അധിക’ങ്ങൾ എന്ന് മുദ്രകുത്തി നാം ഒഴിപ്പിക്കുവാനും ഒളിപ്പിക്കുവാനും ശ്രമിക്കുന്നവയെല്ലാം, അൽപം നേരത്തേക്കുപോലും മടങ്ങിവന്നാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. ‘അധിക’ങ്ങളായി നിർവചിച്ച് ഒതുക്കപ്പെടുന്നവയിലേക്ക് മറ്റു പലതുംകൂടെ കൂട്ടംകൂടി ചേർന്നേക്കാം എന്ന അപകടസാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം കൂട്ടംചേരലുകളെ ‘അദൃശ്യമായവയുടെ പെരുക്ക സാന്നിധ്യം’ (metonymies of presence) എന്ന് ഹോമി കെ. ബാബയുടെ വാക്കുകൾ കടമെടുത്തുകൊണ്ടു വിശേഷിപ്പിക്കാം (The Location of Culture). മനഃപൂർവമായോ അല്ലാതെയോ നാം തമസ്കരിക്കുന്നവയുടെ ഘനീഭാവമാണിത്. നാം അറിയുന്നു എന്ന് നാം തിരിച്ചറിയാത്ത അവസ്ഥയാണിത് (unknown known) എന്ന് സിസേക്ക് പറയും (Organs without Body). നമ്മുടെ അറിവുകൾ സ്വയം തിരിച്ചറിയാത്ത പ്രഹേളിക. ലളിതമായി പറഞ്ഞാൽ അറിവുകളെ കാര്യമായെടുക്കുവാൻ തുനിയാതെ മുന്നോട്ടുപോകുവാൻ ശ്രമിക്കുന്നതിലെ അബദ്ധം. അറിവുകളെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഇല്ലാതെപോകുന്നത് അപകടകരമാണ്. ഇത്തരം ഒരു അബോധത്തെപ്പറ്റി സൂചനകൾ നൽകുന്ന സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. അബോധത്തിലെ അറിവുകളാണ് അതിന്റെ ഇതിവൃത്തം എന്ന് പറയാം. അതേസമയം ബാഹ്യമായ കഥാതന്തു അവിടെ ഉണ്ടുതാനും. വേളാങ്കണ്ണി സന്ദർശിച്ചു മടങ്ങുന്ന ഒരു മലയാളി കുടുംബത്തിന്റെ ബസ് യാത്രക്കിടയിലെ അസാധാരണ സംഭവമാണ് പ്രതിപാദ്യം. യാത്രക്കാർ മയക്കത്തിലാണ്. ബസ് ഒരു ചോളവയലിന്റെ മധ്യത്തിലെത്തുമ്പോൾ ജയിംസ് വണ്ടി നിർത്താനാവശ്യപ്പെടുന്നു. ജയിംസ് വയൽവരമ്പിലൂടെ നടന്നു നടന്ന് ഒരു ഗ്രാമത്തിലെ വീട്ടിലെത്തി വേഷം മാറി അവിടത്തെ അംഗത്തെപ്പോലെ പെരുമാറുന്നു. ‘‘ഇതു യാര്?’’ എന്ന് അവരൊക്കെ ആശ്ചര്യപ്പെടുന്നുണ്ട്. ജയിംസാകട്ടെ ആ വീട്ടിലെ നഷ്ടപ്പെട്ട മകനിലേക്ക് (സുന്ദരത്തിലേക്ക്) പ്രവേശിക്കുകയാണ്. ഒന്നാംതരം തമിഴ് സംസാരിക്കുകയും സുന്ദരത്തിന്റെ ടൂ വീലർ എടുത്ത് ജോലിക്കു പോവുകയും ഒക്കെ ചെയ്യുന്നു. വളരെ നേരമായിട്ടും തിരികെ എത്താതിരുന്ന ജയിംസിനെ തേടി ഭാര്യയും മകനുമുൾപ്പെട്ട സഹയാത്രികർ അന്വേഷിച്ചു വരുന്നുണ്ട്. പക്ഷേ ജയിംസ് അവരെ തിരിച്ചറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. എന്നാൽ, ഏതാനും ദിവസങ്ങൾക്കു ശേഷം മയങ്ങിയുണരുന്ന സുന്ദരം പഴയ ജയിംസായി അവരോടൊപ്പം മടങ്ങുകയും ചെയ്യുന്നു. കഥയുടെ പരിണാമത്തിലുള്ള കൗതുകത്തിലേക്ക് ചലച്ചിത്രകാരൻ പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നില്ല. അതേസമയം, നമ്മിൽ ഉണ്ടെന്നു നാം തിരിച്ചറിയാതെ പോകുന്ന അറിവുകൾ പലതാണെന്നു സിനിമ പറഞ്ഞുവെക്കുന്നുണ്ട്. ഇതൊരു ഫാന്റസി മാത്രമല്ല, സാമൂഹിക വിമർശനംകൂടിയാണെന്ന് മനസ്സിലാക്കണം. അദൃശ്യമായവ പെരുകുന്ന ഇടമാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം(ങ്ങൾ). ഒന്നിന് പകരം മറ്റൊന്ന് വരുന്നതല്ല, മറിച്ചു ഒന്നിനോടൊന്ന് ചേർന്ന് പെരുകുന്ന കൂട്ടംചേരലാണ് മെറ്റനിമി. യഥാർഥമായത് അവിടെ മറഞ്ഞിരിക്കും. അതുകൊണ്ടാണതു മറഞ്ഞിരിക്കുന്നതിന്റെ സാന്നിധ്യമാകുന്നത്. ജെയിംസും സുന്ദറും ഇങ്ങനെ അസാന്നിധ്യങ്ങളുടെ സാന്നിധ്യമായിത്തീരുന്നു. ജയിംസിന്റെ തിരിച്ചറിയാതെപോയ അറിവാണ് സുന്ദരം. അഥവാ, ജയിംസിന്റെ അബോധംതന്നെയാണ് സുന്ദരം. ജയിംസിന്റെ ഉള്ളിലെ തിരിച്ചറിയാതെ കിടന്ന അറിവാണത്. അയാളുടെ ആധിക്യമാണ് സുന്ദരം. അതുകൊണ്ടുതന്നെ അതിനു സ്വീകാര്യത കുറവാണ്. ചിത്രത്തിൽ സ്വീകാര്യത ആപേക്ഷികമാനത്തിലാണ് പ്രകടമായിരിക്കുന്നത്. സുന്ദരത്തിന്റെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം ജയിംസിന്റെ സാന്നിധ്യം അഭാവത്തിന്റെ പൂരണമാണ്. യഥാർഥ സുന്ദരമല്ല അതെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവർ അയാളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്. സുന്ദരത്തെ മടക്കി ജയിംസാക്കി മാറ്റുന്നതിനാണ് സഹയാത്രികർ ശ്രമിക്കുന്നത്. നാം അംഗീകരിക്കാതെ പോകുന്ന അറിവുകളുടെ മടങ്ങിവരവുകൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് സിനിമയുടെ പ്രതിപാദ്യ വിഷയം. ഇവിടെയാണ് സിനിമയുടെ സാമൂഹിക പ്രസക്തി മനസ്സിലാക്കേണ്ടത്.
ഭൂമിയുടെയും വിഭവങ്ങളുടെയും ഉപയോഗത്തെക്കുറിച്ചുള്ള സൂക്ഷ്മതാവിചാരങ്ങൾ മുമ്പു സൂചിപ്പിച്ച വിധത്തിലുള്ള ഒരുതരം ആധിക്യമാണ്. പ്രകൃതിസംരക്ഷണത്തിനുള്ള മുറവിളികളും സമരങ്ങളും അങ്ങനെ തന്നെ. ഇവയെല്ലാം സാമൂഹിക പുരോഗതിക്കും ജീവിതനിലവാരത്തിന്റെ ഉയർച്ചക്കും പ്രായോഗിക ജീവിതത്തിനും തടസ്സങ്ങളാണെന്നു വിചാരിക്കുന്നവർ അനേകരുണ്ട്. സ്വീകാര്യത കുറഞ്ഞ ആധിക്യങ്ങളാണവയെല്ലാം. എന്നാൽ, നാം അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സുരക്ഷാവിചാരങ്ങളും മുറവിളികളും സമരങ്ങളും മൂല്യവിചാരങ്ങളുമെല്ലാം കേരളത്തെ മുക്കിക്കളഞ്ഞ പ്രളയത്തിന്റെ സാഹചര്യത്തിൽ കൂട്ടംചേർന്ന് ചോദ്യശരങ്ങൾ ഉതിർത്തത് നാം മറന്നുപോകരുത്. നൈതിക-ധാർമിക ചിന്തകളെ ആധിക്യങ്ങളായി കരുതുന്ന ആപേക്ഷികതാവാദത്തിന്റെ പ്രായോഗികതക്കാണ് ഇന്ന് വിപണനമൂല്യം ഉള്ളത്. ചിന്ത ഇവിടെ അപ്രസക്തമാണ്. ബോധ്യങ്ങളും ബോധവും ആധിക്യങ്ങളായിത്തീർന്നിരിക്കുന്നു. അബോധങ്ങളിലേക്കു നിഷ്കാസിതമാകുന്ന അറിവുകളാണവ. എന്നാൽ, ഇത്തരത്തിൽ മറഞ്ഞിരിക്കുന്നതാണ് യാഥാർഥ്യം എന്ന തിരിച്ചറിവുകളിലേക്കു നാം എത്തേണ്ടതുണ്ട് എന്ന് സിനിമ നമ്മെ ഓർമിപ്പിക്കുന്നു. മറഞ്ഞിരുന്ന, അവഗണിക്കപ്പെട്ട, തിരിച്ചറിയാതിരുന്ന അറിവായ സുന്ദരം മടങ്ങിവന്നാൽ സമൂഹം എങ്ങനെ പ്രതികരിക്കും എന്നത് ഒരു പ്രശ്നംതന്നെയാണ്. തിരിച്ചറിയാത്ത അറിവുകളാണ് നമ്മെ ബാധിക്കുന്നവ എന്ന് സിനിമ ഓർമിപ്പിക്കുന്നു. ഇങ്ങനെ, വകവെക്കാതെ, അവഗണിക്കുന്ന അറിവുകൾ സമൂഹത്തിന് ഏൽപിക്കുന്ന ആഘാതങ്ങൾ വലുതാണ്. എന്നാൽ, സമൂഹം ഇന്നും ഇതു സംബന്ധിച്ച് നിരാസത്തിലാണ് (denial). അപ്രിയമായവയെ നിരസിച്ചതുകൊണ്ടുമാത്രം അവ ഇല്ലാതെയാവുന്നില്ല. ഫ്രോയിഡിന്റെ പ്രശസ്തമായ ‘കെറ്റിൽ യുക്തി’ (kettle logic) പോലെയാണത്. കടം വാങ്ങിയ നല്ല പാത്രം പൊട്ടലുള്ളതായി തിരികെ നൽകിയ വ്യക്തിയെ അയാളുടെ അയൽക്കാരൻ ചോദ്യംചെയ്യുകയാണ്. എന്നാൽ, അയാൾ മൂന്നുതരം വാദങ്ങൾ നിരത്തി തന്നെത്തന്നെ ന്യായീകരിക്കാൻ ശ്രമിക്കുന്നു: 1) പാത്രം പൊട്ടാതെയാണ് താൻ തിരികെ നൽകിയത്. 2) കടം വാങ്ങുമ്പോഴേ പാത്രം പൊട്ടിയിരുന്നു. 3) താൻ പാത്രം കടം വാങ്ങിയിട്ടേയില്ല. ഇവിടെ ന്യായീകരണങ്ങൾ എത്ര ബലമുള്ളവയോ ഇല്ലാത്തവയോ ആയിരുന്നാലും പാത്രം പൊട്ടിയിട്ടുണ്ടെന്ന അവസ്ഥക്ക് മാറ്റം വരുന്നില്ല. പക്ഷേ പലപ്പോഴും വാദ-പ്രതിവാദത്തിന്റെ ആകർഷണീയതയിൽ യഥാർഥ പ്രശ്നം മറയ്ക്കപ്പെടുന്നു. ചിന്തിക്കാതിരിക്കുന്ന, ചിന്തകൾക്ക് വിധേയപ്പെടാത്ത അത്തരം അബോധ ഇടങ്ങളാണ് യഥാർഥത്തിൽ ഏറ്റവും പ്രാധാന്യമേറിയവ. അലക്ഷ്യമാക്കുന്ന അറിവുകളുടെ നിരാസത്തിൽ ജീവിക്കുന്ന സമൂഹത്തിന്റെ പ്രതിനിധാനങ്ങൾ സിനിമയിൽ അനേകമുണ്ട്. സുന്ദരം എങ്ങനെ വന്നു എന്നതിനുള്ള അതിവിശിഷ്ടങ്ങളായ അനേകം വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും സാധ്യമാകുമ്പോഴും പ്രധാന പ്രശ്നം അതല്ലെന്നു നാം മനസ്സിലാക്കണം. സുന്ദരം മടങ്ങി വന്നു എന്നതാണ് യഥാർഥ പ്രശ്നം. ഇത്തരം ചില മടങ്ങിവരവുകൾ സാധ്യമാണ്. അങ്ങനെയുള്ള അബോധ അറിവുകളുടെ മടങ്ങിവരവുകളെ നമ്മുടെ സമൂഹം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് സിനിമയുടെ ചോദ്യം. സുന്ദരത്തിന്റെയും ജയിംസിന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങൾ നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ കൂടി പ്രശ്നമാണെന്നതാണ് സിനിമയുടെ ബോധ്യതലം. എന്നാൽ, ബോധപൂർവമായ അജ്ഞത അവയെ വെളിപ്പെടാനോ ചർച്ച ചെയ്യാനോ അനുവദിക്കുകയില്ല. ആഭിജാത്യം പ്രശ്നവത്കരിക്കപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം പൂർവധാരണകളുടെ സംരക്ഷണത്തിനാണ് പ്രശ്നപരിഹാരത്തേക്കാൾ ഊന്നൽ ലഭിക്കുന്നത്. യഥാർഥ പ്രശ്നം അപരിഹാര്യമായി തുടരുകയും ചെയ്യും. സിനിമയിലെ നാട്ടുകാരും തീർഥാടകരുമെല്ലാം നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ്.
മയക്കത്തിന്റെ പ്രത്യയശാസ്ത്രം
മയക്കം ഒരു പ്രത്യയശാസ്ത്രമാണ്. ഒരു കപടബോധം (false consciousness) എന്ന് പ്രത്യയശാസ്ത്രത്തെ നിർവചിക്കുന്ന ധാരണകളിൽ, പ്രബലമായ അധികാര ഘടനകളെ ന്യായീകരിക്കുന്ന വ്യവഹാരങ്ങളാണ് അവ എന്ന നിർവചനമുണ്ട്. യാഥാർഥ്യത്തെ മറയ്ക്കുന്ന വ്യവഹാരമാണ് അവിടെ പ്രത്യയശാസ്ത്രം. ഇങ്ങനെയാണ് മയക്കം ഒരു പ്രത്യയശാസ്ത്രം ആയിത്തീരുന്നത്. ബോധം മറയുന്ന അവസ്ഥ മയക്കത്തിലുണ്ട്. അവിടെ അബോധം പ്രവർത്തിക്കുന്നുണ്ട് എന്നും ഓർക്കണം. സുന്ദരം ജയിംസിന്റെ അബോധമാണെന്നു മുമ്പ് സൂചിപ്പിച്ചല്ലോ. ജയിംസിന്റെ ബോധം മറയ്ക്കുന്ന മയക്കം എന്ന പ്രത്യയശാസ്ത്രം സുന്ദരം എന്ന അബോധത്തെ ഉണർത്തുന്നുവെന്നു മാത്രമല്ല, അത് ബോധാബോധങ്ങളിലൂന്നിയ വ്യക്തിനിർണയങ്ങളെക്കൂടി ഇല്ലാതെയാക്കുന്നു. ജയിംസിന്റെയും സുന്ദരത്തിന്റെയും വ്യക്തിനിർണയങ്ങൾ സാധ്യമാകുന്നത് അവരവരുടെ ചിന്തകളിലൂടെയല്ല, മറിച്ച് സാമൂഹിക-സാംസ്കാരിക അംഗീകാരങ്ങളിലൂടെയാണെന്നു വരുന്നു. ഇരുകൂട്ടരുടെയും സമൂഹങ്ങളിൽനിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളിൽനിന്നും ഇത് വ്യക്തമാണ്. സ്വയം നിർണയശേഷി നഷ്ടമാകുന്ന മനുഷ്യനെയാണ് സിനിമ ചിത്രീകരിക്കുന്നത്. ‘‘ഞാൻ ചിന്തിക്കുന്നതിനാൽ ഞാൻ ആകുന്നു’’ എന്ന വ്യക്തിബോധ സമവാക്യം ഞാൻ ചിന്തിക്കാത്തിടത്തു ഞാനാകുന്നു എന്നതിലേക്ക് വഴിമാറുന്നതായി സിനിമയിൽ കാണാം. മനസ്സിന്റെ വ്യവഹാരങ്ങളായ ചിന്തയും ബോധവും അബോധവുമെല്ലാം കൈവിടപ്പെടുന്നു. ജയിംസിനെയും സുന്ദരത്തിനെയും നിർവചിക്കുന്നത് ചുറ്റുമുള്ളവരാണ്. കാണാതായ (മറഞ്ഞിരിക്കുന്ന) സുന്ദരം ഒരു ബോധവും ബോധ്യവുമായി മടങ്ങിയെത്തുമ്പോൾ, വെളിപ്പെടുമ്പോൾ കുടുംബം അയാളെ സംശയത്തോടെ കാണുന്നു. അയാൾ അവർക്ക് പൂർണമായി സ്വീകാര്യനാകുന്നില്ല. ശരീരവ്യതിയാനമാണ് കാരണം. തെളിവായ സുന്ദരത്തിന്റെ ബോധത്തേക്കാൾ അയാളുടെ മറഞ്ഞിരിക്കുന്ന ശരീരത്തെയാണ് അവർ ആഗ്രഹിക്കുന്നതെന്ന് തോന്നും. ജയിംസിനെ സംബന്ധിച്ചും അയാളുടെ ശരീരത്തിലാണ് കുടുംബത്തിന്റെ താൽപര്യം എന്ന് മനസ്സിലാക്കണം. സുന്ദരം ജയിംസിന്റെ ദ്വന്ദ്വം (double) ആണെന്ന് ഇവിടെ പറയേണ്ടിയിരിക്കുന്നു. അബോധ സ്വത്വത്തിന്റെ പ്രക്ഷേപണമാണ് ദ്വന്ദ്വം എന്ന് റാൾഫ് ടിം (Ralph Tymm) നിരീക്ഷിക്കുന്നുണ്ട് (Doubles in Literary Psychology). ബോധം സുന്ദരത്തിന്റേതാണെങ്കിലും ജയിംസിന് എന്തോ സംഭവിച്ചു എന്നാണ് ആളുകൾ ചിന്തിക്കുന്നത്. അതായത്, സുന്ദരത്തിന്റെ ബോധത്തെ (ജയിംസിന്റെ അബോധം) അവർ അവഗണിക്കുകയാണ്. ജയിംസിന്റെ ശരീരം ഉള്ളതിനാൽ അത് അവർക്ക് ജയിംസ് തന്നെയാണ്. അയാൾക്ക് എന്തോ വിഭ്രമം വന്നിട്ടുണ്ടെന്ന് മാത്രം അവർ സമ്മതിക്കുന്നു. ഈ രണ്ടു കുടുംബങ്ങളിലും ഒരുവിധത്തിൽ ബോധം/ബോധ്യം അവഗണിക്കപ്പെടുന്നു. ചിന്തയല്ല, ശരീരമാണ് അവിടെ പ്രധാനം. കർതൃത്വം മനസ്സിനല്ല, ശരീരത്തിനാണ് കൽപിക്കപ്പെടുന്നതെന്നു കാണാം. ശരീരം കർതൃത്വ സ്ഥാനത്തേക്ക് ഉയരുകയും കർതൃത്വബോധം മറയ്ക്കപ്പെടുകയും ചെയ്യുന്നു. സിനിമ വ്യക്തിബോധത്തെ പ്രശ്നവത്കരിക്കുമ്പോൾതന്നെ സ്വത്വബോധത്തെ നിഷ്പ്രഭമാക്കുന്ന സാമൂഹിക-രാഷ്ട്രീയ ഘടനകൾക്കു നേരെ വിമർശനവും ഉയർത്തുന്നു. ഒരു വ്യക്തി അയാളുടെ ബോധമാണോ ശരീരമാണോ എന്ന ചോദ്യമാണ് സിനിമ ചോദിക്കുന്നത്. തോമസ് മാൻന്റെ (Thomas Mann) ‘ദി ട്രാൻസ്പോസ്ഡ് ഹെഡ്സിനും (The Transposed Heads) ഗിരീഷ് കർണാടിന്റെ ‘ഹയവദന’ക്കും ആധാരമായിരിക്കുന്നതും ഇതേ ചോദ്യംതന്നെയാണ്. കെട്ടുപിണഞ്ഞ സ്വത്വബോധ സങ്കീർണതകളെക്കുറിച്ചു സിനിമ ചിന്തിക്കുന്നത് വേളാങ്കണ്ണി തീർഥയാത്രയുടെ പശ്ചാത്തലത്തിലാണെന്നുള്ളത് ശ്രദ്ധേയമാണ്. മാതാവിന്റെ പലതരത്തിലുള്ള പ്രതിമകൾ വിൽപനക്കു നിരത്തിയിരിക്കുന്നത് സിനിമയുടെ തുടക്കത്തിൽ കാണാം. ഒരേ ബോധത്തിന്റെ പല പ്രത്യക്ഷപ്പെടലുകളിൽ ഒന്നാണ് വേളാങ്കണ്ണിയിലേത്. വന്ദിക്കപ്പെടുന്ന വ്യക്തിയുടെ രൂപങ്ങൾ മാറുമ്പോഴും ബോധത്തെ അംഗീകരിക്കുന്ന ഭക്തർക്ക്, അതേ രീതിയിൽ ഒരു മനുഷ്യന്റെ ബോധാബോധങ്ങളെ അംഗീകരിക്കുവാൻ സാധിക്കുന്നില്ല. ഒരു നാടകത്തിന്റെ പശ്ചാത്തലവും സിനിമയിലുണ്ട്. അവിടെയും പല കഥാപാത്രങ്ങൾക്ക് പിന്നിൽ ഒരു ബോധം തന്നെയാണെന്നോർക്കണം. മഹാപ്രസ്ഥാനത്തെ ഓർമിപ്പിക്കുംവിധം ഒരു നായുടെ സാന്നിധ്യവും സിനിമയിലുണ്ട്. ധർമബോധത്തെ പ്രതിനിധാനംചെയ്യുന്ന, മഹാപ്രസ്ഥാനത്തിലെ നായ് തന്നെയാവും സിനിമയിലും എന്ന് ചില പ്രേക്ഷകരെങ്കിലും കരുതാനിടയുണ്ട്. അങ്ങനെ നോക്കുമ്പോൾ ബോധാബോധങ്ങളുടെ പ്രാധാന്യം വീണ്ടും അനുസ്മരിക്കപ്പെടുകയാണ്. സുന്ദരം വീണ്ടും ജയിംസായി മടങ്ങുമ്പോൾ ബസിനു പിന്നാലെ ഓടുന്ന നായെ വളർത്തുനായുടെ സ്നേഹപ്രകടനമായി കാണുന്നതിനും ഒരു തടസ്സവുമില്ല. മനുഷ്യനോടൊപ്പം അതിപ്രാചീന കാലത്തുതന്നെ ചങ്ങാത്തംകൂടിയ വന്യമൃഗം എന്ന നിലയിൽ നായുടെ സാന്നിധ്യത്തിന് ആദിമഭാവനയുമായി ബന്ധപ്പെട്ട മറ്റൊരു പ്രതീകതലവുമുണ്ട്. മലയാളത്തിന്റെ പ്രാക്തനഘട്ടം തമിഴിനോട് കൂടുതൽ അടുപ്പമുള്ളതാണ്. മൂലദ്രാവിഡ കുടുംബത്തിൽനിന്നും അവസാനമാണ് മലയാളം പിരിഞ്ഞത്. ഭാഷയുമായി ബന്ധപ്പെട്ട ഈ ആനുവംശികബോധ്യത്തിന്റെ അടിസ്ഥാനത്തിലും ആ രംഗം വിശകലനം ചെയ്യാവുന്നതാണ്. ദേശസ്വത്വവും ഭാഷാസ്വത്വവും പരിഗണിക്കാതെ സുന്ദരത്തിലേക്കുള്ള ജയിംസിന്റെ പരിവൃത്തിയെ പൂർണമായി മനസ്സിലാക്കാനാവില്ല.
‘അധികങ്ങൾ’, ‘ആധിക്യങ്ങൾ’ എന്നിങ്ങനെ സമൂഹം നിർണയിച്ചിട്ടുള്ള ഘടകങ്ങളുടെ മടങ്ങിവരവിന്റെ സാധ്യതകളെയും അനന്തര ഫലത്തെയും മത-സാംസ്കാരിക പശ്ചാത്തലത്തിൽ ദാർശനികമായി പ്രശ്നവത്കരിക്കുന്നുണ്ട് ‘നൻപകൽ നേരത്ത് മയക്കം’. മയക്കത്തിന് ഒരു രാഷ്ട്രീയമുണ്ട്. മറയ്ക്കുവാനും ഉണർത്തുവാനും സാധിക്കുന്നതാണത്. ഇത്തരത്തിലുള്ള സാമൂഹികഭാഷ്യം സിനിമക്കുണ്ട്. ഒരു മയക്കത്തിനൊടുവിൽ സുന്ദരവും ജയിംസും ഉണരുന്ന കാഴ്ച മലയാളിയുടെ മറഞ്ഞിരിക്കുന്ന പല സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മയക്കങ്ങളിലേക്കു വിരൽ ചൂണ്ടുന്നു. ആ മയക്കങ്ങളിൽ സൗകര്യപൂർവം മറച്ചുവെക്കാൻ ശ്രമിച്ച പല സാമൂഹിക-സാംസ്കാരിക-പ്രകൃതി-വിശ്വാസ വിരുദ്ധതകൾ നമ്മുടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നാളുകളാണിത്. നമ്മുടെ മയക്കങ്ങൾ ഉണർത്തിവിടുന്നത് എന്തിനെയെല്ലാമാണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സുന്ദരമായിത്തീർന്ന ജയിംസ് മറ്റൊരു മയക്കത്തിലൂടെ ജയിംസായി പരിവർത്തിച്ച അത്ര എളുപ്പത്തിൽ നമ്മുടെ മയക്കങ്ങൾ സമൂഹത്തിൽ ഉണർത്തിവിടുന്നവയെ എല്ലാം തിരിച്ചു പിടിക്കുവാൻ സാധ്യമായേക്കില്ല. തൊഴിലുമായി ബന്ധപ്പെട്ട ദുരഭിമാനങ്ങൾ വരെ അവിടെ നിയാമകമാണ്. പാൽ വിൽപനക്കാരനാവാനും താഴ്ത്തപ്പെട്ടവരുടെ കൂട്ടങ്ങളിൽ ഇടപഴകാനും വെള്ളമുണ്ട് ധരിക്കുന്ന മലയാളി ജയിംസിനു ബുദ്ധിമുട്ടാണെങ്കിൽ കള്ളിമുണ്ടുടുക്കുന്ന സുന്ദരത്തിന് അത് അനായാസം കഴിയും. ഇത് സിനിമ മുന്നോട്ടുവെക്കുന്ന പ്രധാന പ്രശ്നപരിസരമാണ്. ‘ചുരുളി’യിലെ തടിപ്പാലത്തിന്റെ സ്ഥാനമാണ് സുന്ദരത്തിന്റെ വസ്ത്രത്തിന് ഈ സിനിമയിലുള്ളത്. ‘ചുരുളി’യിൽ തടിപ്പാലം കടക്കുന്നതോടെയാണ് ജൈവപ്രകൃതി പുറത്തുവരുന്നത്. ‘നൻപകൽ നേരത്ത് മയക്ക’ത്തിൽ കള്ളിമുണ്ടുടുക്കുമ്പോഴാണ് ജയിംസിന്റെ സ്വത്വപരിവൃത്തി ആരംഭിക്കുന്നത്.
മയക്കം: ഭാഷ, വംശീയത
ഭാഷയും വംശീയതയുമൊക്കെ ചരിത്രാഖ്യാനമാകുമ്പോൾ അത് അക്കാദമിക് വ്യവഹാരമായി ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ ചലച്ചിത്രാഖ്യാനമാകുമ്പോൾ അത് അറിവിനെ കൂടുതൽ ജനകീയമാക്കുന്നു. ‘നൻപകൽ നേരത്ത് മയക്ക’ത്തിൽ മയക്കം അത്തരത്തിലുള്ള ഇടപെടലാണ് നിർവഹിക്കുന്നത്. മുഖ്യകഥാപാത്രമായ ജയിംസിന്റെ മയക്കവും ഉണർച്ചയുമെല്ലാം പ്രാതിനിധ്യസ്വരൂപത്തിൽ ഉൾക്കൊള്ളാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന തരത്തിൽ ദേശസ്വത്വപരമായ ദൃശ്യസൂചനകൾ സിനിമയിൽ സമൃദ്ധമായുണ്ട്. സിനിമയുടെ പ്രാരംഭത്തിൽ മലയാളത്തെയും തമിഴിനെയും ചരിത്രപരമായി പരിചയപ്പെടുത്തുന്ന വരികൾ സ്ക്രീനിൽ കാണാം. പ്രേക്ഷകനുമായുള്ള ചലച്ചിത്രകാരന്റെ സംവാദം തുടങ്ങുകയാണവിടെ. കേരളത്തിലെ ഭാഷ മലയാളവും തമിഴ്നാട്ടിലേത് തമിഴും ആണെന്ന് പരസ്യപ്പെടുത്തുന്നതിലെ ഔചിത്യം സാംസ്കാരിക സ്വത്വവുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ വിവരപ്രസ്താവനയുടെ നില അതിനില്ല.
കഥയുടെ തുടക്കത്തിൽ തമിഴ് പേശുകളാൽ മുഖരിതമായ വേളാങ്കണ്ണിയാണ് അവതരിപ്പിക്കപ്പെടുന്നത്. ഏതാനും ഷോട്ടുകൾകൊണ്ടുതന്നെ ദേശത്തനിമയുടെ ദൃശ്യാവിഷ്കാരം നിർവഹിക്കപ്പെടുന്നുണ്ട്. ഉറങ്ങുന്നവരെ വിളിച്ചുണർത്തുന്ന രംഗവും അതോടൊപ്പം ശ്രദ്ധേയമാകുന്നു. മൂവാറ്റുപുഴക്കാരാണ് വേളാങ്കണ്ണി കാണാനെത്തിയ മലയാളിക്കൂട്ടമെന്ന് ഒറ്റ ഡയലോഗിലൂടെ പ്രേക്ഷകനെ ബോധ്യപ്പെടുത്താനും ചലച്ചിത്രകാരൻ മറന്നില്ല. ചങ്ങനാശ്ശേരിക്കാരുടെ സ്വഭാവവും പണ്ടൊരു യാത്രക്കിടയിൽ തൃപ്രയാറിൽവെച്ചുണ്ടായ തമാശയും എല്ലാം സംഭാഷണത്തിലൂടെ സൂചിതമാകുന്നുണ്ട്. അല്ലാതെ കേരളം സ്ഥലപരമായി സിനിമയിൽ നേരിട്ട് കടന്നുവരുന്നില്ല. വേളാങ്കണ്ണിയിൽനിന്നുള്ള അവരുടെ മടക്കയാത്രയിൽ ബസിൽ തമിഴ് പാട്ടു മുഴങ്ങുമ്പോൾ മലയാളം പാട്ട് വെക്കാൻ ആവശ്യപ്പെടുന്ന ജയിംസിന്റെ സ്വത്വപരമായ പരിവൃത്തി മയക്കത്തിനും ഉണർച്ചക്കുമിടയിലെ അസാധാരണത്വമാണെങ്കിലും അത് അവതരിപ്പിച്ചിരിക്കുന്നത് തികഞ്ഞ സ്വാഭാവിക പരിണതിയുടെ മട്ടിലാണ്. സാധാരണ ലിജോ ചിത്രങ്ങളിൽ ഭൂപ്രകൃതി കഥാപാത്രംപോലെ പ്രധാനപ്പെട്ടതാണെങ്കിൽ ഈ സിനിമയിൽ മനുഷ്യപ്രകൃതി കേന്ദ്രമാകുന്നു. മനുഷ്യമുഖങ്ങൾ നിരവധി പ്രാവശ്യം ക്ലോസ്അപ് ഷോട്ടുകളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. തുടക്കത്തിൽ ഒരു മുഖത്തുനിന്നും മറ്റൊരു മുഖത്തേക്കാണ് കാമറയുടെ സഞ്ചാരം. മലയാളിയുടെ വംശസ്മൃതിയിൽ തമിഴ് സ്വത്വം തെളിഞ്ഞുവരുന്നതിന്റെ ദൃശ്യപാഠമാണ് മലയാളി പ്രേക്ഷകന് ഈ ദൃശ്യഖണ്ഡങ്ങളിലൂടെ നൽകുന്നത്.
തമിഴകത്തിന്റെ സാംസ്കാരിക മുദ്രകൾ പങ്കിടുന്ന ധാരാളം മലയാള സിനിമകളുണ്ട്. തുളു-കന്നട സംസ്കാരത്തെ സ്വാംശീകരിക്കുന്ന ചിത്രങ്ങളെക്കാളും എണ്ണത്തിൽ കൂടുതൽ അവയാണ്. ‘സന്ദേശം’, ‘മേലേപ്പറമ്പിൽ ആൺവീട്’, ‘ഒരു യാത്രാമൊഴി’, ‘മലയാളി മാമനു വണക്കം’, ‘കറുത്ത പക്ഷികൾ’, ‘നാടോടിക്കാറ്റ്’, ‘മദ്രാസ് മെയിൽ’ തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്. കഥാപരിസരത്തിന്റെ ഭാഗമായും സംസ്കാരസങ്കലനത്തിന്റെ ഭാഗമായും എല്ലാം പലതരത്തിലാണ് ഇത്തരം പ്രാതിനിധ്യങ്ങൾ സിനിമകളിൽ കാണുന്നതെങ്കിലും ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലാണ് വംശസ്മൃതിയുടെ സ്വപ്നാടനസദൃശമായ ദൃശ്യാവിഷ്കാരം എന്നനിലയിൽ തമിഴിന്റെ പ്രാതിനിധ്യം ശക്തമായി നിലകൊള്ളുന്നത്. ജയിംസ് വേഷം മാറി മടങ്ങുമ്പോൾ സുന്ദരത്തിന്റെ അമ്മയുടെ കണ്ണിൽനിന്നും ഉതിരുന്ന കണ്ണുനീരിന് ദ്വിമാന സ്വഭാവമുണ്ട്. അത് പുത്രനഷ്ടത്തിന്റെ മാതൃവിലാപം മാത്രമല്ല. മൊഴിവഴിപിരിയലിൽ ദ്രാവിഡമാതാവിനുണ്ടാകുന്ന നഷ്ടബോധം നിറഞ്ഞ പ്രതികരണംകൂടിയാണ്. ദേശസ്വത്വവും ഭാഷാസ്വത്വവും അത്രമാത്രം തീവ്രമായി ജയിംസിൽ പകരപ്പെടുന്നുണ്ട്.
മയക്കം: പ്രകടനം, പ്രകടനപരത
‘നൻപകൽ നേരത്ത് മയക്ക’ത്തെ സിനിമക്കുള്ളിലെ നാടകം എന്നു വിശേഷിപ്പിക്കാൻ പ്രേരകമാകുന്ന തരത്തിലുള്ള പ്രകടനപരത ഒരു വശത്തു പരിഗണിക്കുമ്പോഴും നാടകം ഏതാണ്? ജീവിതം ഏതാണ്? എന്ന സന്ദിഗ്ധത ചലച്ചിത്രകാരൻ സജീവമാക്കി നിർത്തുന്നുണ്ട്. ജയിംസിന്റെ വേഷംമാറലിൽ തുടങ്ങുന്നതാണോ നാടകം അതോ വേഷപ്പകർച്ചക്കു വെളിയിലുള്ളതാണോ നാടകം എന്ന പര്യാലോചന സംഗതമാകുന്ന തരത്തിൽ സ്റ്റേജിനെ വിശാലമാക്കുകയാണ് ചലച്ചിത്രകാരൻ എന്നും പറയാം. പശ്ചാത്തലങ്ങളെ അൽപനേരത്തേക്ക് ഫ്രീസ് ചെയ്ത് നാടകപ്രതീതി സൃഷ്ടിക്കുന്ന സമീപനം ഈ ചിത്രത്തിൽ പലയിടത്തും കാണാം. നാടകത്തിലെ തിരശ്ശീലയെയാണ് അത് പലപ്പോഴും അനുസ്മരിപ്പിക്കുന്നത്. സാധാരണയായി ചലച്ചിത്രകാലത്തെയും പ്രേക്ഷകന്റെ അനുഭവകാലത്തെയും തമ്മിൽ പൊരുത്തപ്പെടുത്തുക ഏതൊരു ചലച്ചിത്രകാരനും വെല്ലുവിളിയാണ്. സിനിമകളിൽ ബാഹ്യസംഗീതം പലപ്പോഴും അതിനുള്ള ഉപാധിയാണ്. എന്നാൽ, ഈ സിനിമയിൽ അത് സാധ്യമായിരിക്കുന്നത് നാടകത്തിന്റെ ചില ഘടകങ്ങൾ സ്വാംശീകരിച്ചുകൊണ്ടാണ്. ജയിംസിൽ അതിദ്രുത വ്യതിയാനമാണ് സംഭവിക്കുന്നത്. നാടകത്തിൽ വേഷം മാറുന്ന അനായാസതയാണ് അതിന്റെ മുഖമുദ്ര. അതിഭൗതികമായി ഒന്നും ആരോപിക്കാതെ തന്നെ ഈ മാറ്റം പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയുന്നു എന്നത് അവതരണകാലത്തെയും യഥാർഥ കാലത്തെയും ഇടർച്ചയില്ലാതെ ഇണക്കുന്ന സവിശേഷ ചലച്ചിത്രഭാഷയുടെ ഫലമാണ്. റിയാലിറ്റിയും ഫാന്റസിയും സമ്മർദരഹിതമായും അതേസമയം നർമഭാവനയോടെയും ലയിപ്പിക്കുന്നതിൽ അനിതരസാധാരണമായ ഐക്യം തിരക്കഥാകൃത്തും സംവിധായകനും അഭിനേതാക്കളും എല്ലാം പുലർത്തിയിട്ടുണ്ട്. വീക്ഷണകോണുകളുടെ ബഹുത്വംപോലും പ്രേക്ഷകനുമായി സമരസപ്പെടുന്ന തരത്തിലുള്ള നാടകീയാനുഭവവും ഈ സിനിമയുടെ പ്രത്യേകതയാണ്. നാടകീയാനുഭവം ഇവിടെ സിനിമ എന്ന മാധ്യമത്തെ ലഘൂകരിക്കുകയല്ല മറിച്ച് ഒരു സിനിമാറ്റിക് ടൂൾ ആയി അത് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.
ബസിലുണ്ടായിരുന്ന സഹയാത്രികരുടെ വീക്ഷണവും സുന്ദരത്തിന്റെ വീക്ഷണവും സുന്ദരത്തിന്റെ ബന്ധുക്കളുടെ വീക്ഷണവും പ്രേക്ഷകന്റെ വീക്ഷണവും നാട്ടുകാരുടെ പ്രതികരണവും എല്ലാം സന്തുലിതമാകുന്ന തരത്തിലുള്ള ദൃശ്യാഖ്യാനമാണ് എന്നത് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ ദൃശ്യാഖ്യാനത്തിന്റെ സാംസ്കാരിക മൂല്യം മുമ്പു സൂചിപ്പിച്ച തരത്തിലുള്ള സംസ്കാരസമന്വയ മാതൃകയുമായി ബന്ധപ്പെട്ടതാണ്. ആര്യഭാഷകളിൽ ദ്രാവിഡസ്വാധീനവും ദ്രാവിഡഭാഷകളിൽ ആര്യഭാഷാ സ്വാധീനവും എല്ലാം ഭാഷാശാസ്ത്ര പഠനങ്ങളിൽ മുഖ്യവിഷയമാണ്. ദേശീയതയെ ഏകശിലാരൂപമാക്കാൻ രാഷ്ട്രീയനേതൃത്വം താൽപര്യപ്പെടുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രമേയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ബോധപൂർവമായ ഒട്ടേറെ മറച്ചുവെക്കലുകളാണ് പരിഷ്കൃതരെന്ന് അഭിമാനിക്കുന്നവരുടെ ചരിത്രമെന്ന് ഓർമിപ്പിക്കാൻ ഈ സിനിമക്ക് അനായാസം കഴിയുന്നുണ്ട്. ജയിംസിന്റെ തമിഴാഭിമുഖ്യം ബോധപൂർവം സംഭവിക്കുന്നതല്ലെന്ന് സിനിമയിൽ സൂചനയുണ്ട്. ബസിൽ തമിഴ് പാട്ട് വെക്കുമ്പോൾ അത് നിർത്താനാവശ്യപ്പെടുകയും മലയാളം പാട്ട് വെക്കാൻ താൽപര്യപ്പെടുകയും ചെയ്യുന്ന രംഗം ഇവിടെയും പ്രസക്തമാണ്. ജനനമരണങ്ങളുമായി ഉറക്കത്തെയും ഉണർച്ചയെയും സാധർമ്യപ്പെടുത്തുന്ന തിരുക്കുറൾ പരാമർശവും സിനിമയിൽ സൂചിതമാകുന്നുണ്ട്. അമൂർത്തമായ ആശയങ്ങൾ നിമിഷനേരംകൊണ്ട് നിരവധി ഫ്രെയിമുകൾ മിന്നിമറയുന്ന ഒരു മാധ്യമത്തിലൂടെ ആവിഷ്കരിക്കുക ദുഷ്കരമാണ്. എങ്കിലും മരണത്തിന്റെയും ഉയിർപ്പിന്റെയും പ്രതീതി പ്രേക്ഷകനിൽ ഉണ്ടാക്കുന്ന തരത്തിലുള്ള ചില നിശ്ശബ്ദവിനിമയങ്ങളും സിനിമയിലുണ്ട്. ജയിംസിന്റെ പരകായപ്രവേശനത്തിന്റെ രണ്ടറ്റങ്ങളിലും നിശ്ശബ്ദതയാണ് എടുത്തുപറയാവുന്ന സാഹചര്യം. അല്ലാതെ കെട്ടുറപ്പുള്ള കഥയുടെ സഹായത്താലല്ല അവിടെ കാഴ്ചകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അവിടത്തെ അസംബന്ധമാണ് വാസ്തവത്തിൽ മേൽപറഞ്ഞ അമൂർത്ത ആശയങ്ങളെ സന്നിവേശിപ്പിക്കാനുള്ള സാധ്യതയൊരുക്കിയിരിക്കുന്നത് എന്നും നിരീക്ഷിക്കാവുന്നതാണ്. ജയിംസിനെ അന്വേഷിച്ചുള്ള യാത്രകൾ സ്വപ്നത്തിലെ യാത്രകളുടെ ആയങ്ങളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൈയെത്തും ദൂരത്തുനിന്ന് കൈവിട്ടുപോകുന്നത് ഉദാഹരണമാണ്. താരതമ്യേന വേഗത കുറഞ്ഞ വാഹനമായ സൈക്കിളിലുള്ള അന്വേഷണവും ശ്രദ്ധേയമാണ്. അനായാസം സാധ്യമാകുന്നത് അസാധ്യമാകുന്നതും അസാധ്യമായത് എളുപ്പം സാധിക്കുന്നതുമെല്ലാം സ്വപ്നത്തിലെ ക്രിയകളുടെ പ്രത്യേകതയാണ്. ‘നൻപകൽ നേരത്ത് മയക്കം’ അതുകൊണ്ട് ആരുടെയോ സ്വപ്നവും ആകാം.
ഒരു മയക്കത്തിനും ഉണർച്ചക്കുമിടയിൽ സംസ്കാരവിനിമയത്തിന്റെ അദൃശ്യമേഖലകൾ കണ്ടെത്താനാവുമെന്നും ഈ ചിത്രം നമ്മെ ഓർമിപ്പിക്കുന്നു. തമിഴും മലയാളവും ഇവിടെ ഒരു മാതൃക മാത്രമാണ്. മയക്കമാണ് ഇവിടത്തെ സാർവലൗകിക പ്രതിഭാസം. മലയാളത്തിൽ മയങ്ങുന്ന തമിഴ് എന്ന ആശയത്തോടൊപ്പംതന്നെ സ്വത്വത്തിന്റെ രാഷ്ട്രീയത്തിനും ഇവിടെ ചലച്ചിത്രഭാഷ്യം നൽകപ്പെട്ടിരിക്കുന്നു. വർണാധിഷ്ഠിതമായ വർഗീകരണങ്ങൾ ലോകചരിത്രത്തിന്റെ ഭാഗമാണ്. അതിനുള്ള സാംസ്കാരിക ശസ്ത്രക്രിയക്ക് മയക്കം അനിവാര്യമാണ്. ജയിംസിന്റെ പ്രശ്നം പരിഹരിക്കാൻ മെഡിക്കൽ സ്റ്റോറിനെ ആശ്രയിക്കുന്ന നഴ്സിങ് വിദ്യാർഥിയെ സിനിമയിൽ അവതരിപ്പിക്കുന്നുമുണ്ട്. മയക്കം അങ്ങനെ നോക്കുമ്പോൾ ചികിത്സയുടെ ഭാഗംകൂടിയാണ്. സുന്ദരത്തിന്റെ അമ്മയുടെ അന്ധതക്കുപോലും വർണാതീതമായ ഉൾക്കൊള്ളലുകളുടെ പ്രാതിനിധ്യമുണ്ട്. അഭാവങ്ങളുടെ പൂരിപ്പിക്കലുകൾ നമ്മുടെ സമൂഹത്തിൽ മറ്റൊരു തരത്തിൽ സാധ്യമാണെന്ന സൂചനയും സിനിമയുടെ ബഹുപാഠങ്ങളിലൊന്നാണെന്ന് സുന്ദരത്തിന്റെ ഗാർഹിക പശ്ചാത്തലം മുൻനിർത്തി പറയാം. സുന്ദരം ആയിത്തീർന്ന ജയിംസ് വീട്ടുസാമാനങ്ങളുമായെത്തുന്നതും അച്ഛന് പണം നൽകുന്നതും അമ്മക്ക് മുറുക്കാൻ കൊടുക്കുന്നതും ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. സുന്ദരത്തിന്റെ സൗഹൃദക്കൂട്ടങ്ങളിലും ജയിംസിന്റെ സാന്നിധ്യം ആഹ്ലാദപ്രദമാണ്. രോഗാതുരമായ സാമൂഹികബോധത്തിനുള്ള ചികിത്സ കൂടിയാണ് ‘നൻപകൽ നേരത്ത് മയക്കം’. മയക്കം എന്ന പ്രതിഭാസത്തെ സാമൂഹിക രാഷ്ട്രീയ ദാർശനിക മാനങ്ങളുള്ള ഒട്ടേറെ ജാഗ്രതകളിലേക്ക് പരിവർത്തിപ്പിക്കുന്ന കലാപൂർണതയെന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.