കമ്യൂണിസ്റ്റിന്റെ ഏഴു പതിറ്റാണ്ട്
കെ.പി.എ.സി ഒരുക്കിയ, ഗ്രാമങ്ങളിൽ ആവേശമായി മാറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന് എഴുപതു വയസ്സാകുന്നു. ആ നാടകത്തിന്റെ പിന്നണിയും മുന്നണിയും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.
അതൊരു അസാധാരണ കാഴ്ചയായിരുന്നു. അന്നാ രാത്രിയിൽ ആൾസഞ്ചാരമധികമില്ലാത്ത പൊതുനിരത്തിലൂടെ, പാട്ടും ബഹളവുമായി മുന്നോട്ട് നീങ്ങുകയായിരുന്നു ആ ഘോഷയാത്ര. ചെങ്കൊടി മുന്നിൽ കെട്ടിയ ഒരു നാടക വാനാണ് യാത്ര നയിക്കുന്നത്. അതിനു തൊട്ടുപിറകിൽ പൊലീസുകാർ തിങ്ങിനിറഞ്ഞ ഒരു ജീപ്പ്. ഏറ്റവും പിറകിലായിരുന്നു അവർ. ആവേശഭരിതരായി, എന്നാൽ അച്ചടക്കം കൈവിടാതെ നീങ്ങുന്ന ആ...
Your Subscription Supports Independent Journalism
View Plansഅതൊരു അസാധാരണ കാഴ്ചയായിരുന്നു. അന്നാ രാത്രിയിൽ ആൾസഞ്ചാരമധികമില്ലാത്ത പൊതുനിരത്തിലൂടെ, പാട്ടും ബഹളവുമായി മുന്നോട്ട് നീങ്ങുകയായിരുന്നു ആ ഘോഷയാത്ര. ചെങ്കൊടി മുന്നിൽ കെട്ടിയ ഒരു നാടക വാനാണ് യാത്ര നയിക്കുന്നത്. അതിനു തൊട്ടുപിറകിൽ പൊലീസുകാർ തിങ്ങിനിറഞ്ഞ ഒരു ജീപ്പ്. ഏറ്റവും പിറകിലായിരുന്നു അവർ. ആവേശഭരിതരായി, എന്നാൽ അച്ചടക്കം കൈവിടാതെ നീങ്ങുന്ന ആ വലിയ ജനാവലി. കോവളം എന്ന തീരപ്രദേശ ഗ്രാമത്തിൽനിന്ന് രാത്രിയേറെ വൈകി ആരംഭിച്ച ആ പ്രയാണം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള പാളയം പൊലീസ് സ്റ്റേഷനിൽ ചെന്നവസാനിച്ചപ്പോൾ നേരം അർധരാത്രിയോടടുത്തിരുന്നു.
അതൊരു രാഷ്ട്രീയ പാർട്ടിയുടെയോ ഏതെങ്കിലും സംഘടനയുടെയോ ശക്തിപ്രകടനമൊന്നുമായിരുന്നില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സർക്കാർ നിരോധിച്ച ഒരു നാടകം, വിലക്ക് കാറ്റിൽപറത്തി കളിച്ച കുറ്റത്തിന് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന കാഴ്ചയാണ് ആ രാത്രിയിൽ ചരിത്രം കണ്ടുനിന്നത്. ആ നാടകക്കാരെ അധികാരിവർഗത്തിന് വിട്ടുകൊടുക്കാൻ മനസ്സില്ലെന്നും ''ഞങ്ങളും നിങ്ങടെ കൂടെയുണ്ടെ''ന്നും നെഞ്ചിൽതട്ടി പ്രഖ്യാപിച്ചു രാത്രിയുടനീളം അനേകം മൈലുകൾ അക്ഷീണം നടന്നുവന്ന ആ ജനതതിയിലെ ബഹുഭൂരിപക്ഷം പേരും, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ കഴിഞ്ഞുകൂടിയിരുന്ന നിസ്വവർഗത്തിൽപ്പെട്ടവരായിരുന്നു.
രംഗം മാറുന്നു. മറ്റൊരു രാത്രി. എണ്ണയ്ക്കാട് എന്ന മധ്യ തിരുവിതാംകൂർ ഗ്രാമത്തിൽ അന്ന് നാടകം കളിച്ചുതീർന്നപ്പോൾ വടിയും കുത്തിപ്പിടിച്ചു ഒരു കർഷകത്തൊഴിലാളി വൃദ്ധ അണിയറയിലേക്ക് കയറിച്ചെന്നു. അവർക്ക് ഒരത്യാവശ്യം അറിയിക്കാനുണ്ടായിരുന്നു: ''ആ മാലേനേം കറമ്പനേം ഒന്ന് വിളി. നാളെ ഞാടെ വീട്ടിലെ കല്യാണം കഴിഞ്ഞിട്ട് പോയാ മതീന്ന് പറ.''
''ഏനെന്റെ മാലേനെ ഒന്ന് കണ്ടേച്ച് പോട്ട് '' എന്ന അവരുടെ പരിദേവനം കേട്ട്, മേക്കപ്പ് തുടച്ചുകൊണ്ടിരിക്കുകയായിരുന്ന 'മാല' അങ്ങോട്ടേക്ക് ചെന്നു. വയസ്സി പതുക്കെ അടുത്തേക്ക് ചെന്ന് ആ കവിളിൽ മൃദുവായി തലോടി. ''പോട്ടെ മക്കളേ, ആ ചെറുക്കൻ അങ്ങനെ ചെയ്തെന്നുംവെച്ച് എന്റെ പൊന്നുമോള് കരയുകേം സങ്കടപ്പെടുകേം ഒന്നുമരുത്. ഈ ആണുങ്ങയെല്ലാം അങ്ങനാ.'' ചെറുതായൊന്നു വിതുമ്പിക്കൊണ്ട് ആ മൂത്തപുലയി 'മാല'യുടെ തലയിൽ കൈവെച്ചനുഗ്രഹിച്ചപ്പോൾ അതു കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നനഞ്ഞു.
എഴുപത് വർഷങ്ങൾ പിന്നിടുന്ന ഒരു ഐതിഹാസിക യാത്രയുടെ ചരിത്രത്തിൽനിന്നുള്ള രണ്ട് ഏടുകളാണ് ഇവിടെ തുറന്നുവെച്ചത്. തോപ്പിൽ ഭാസി എഴുതി കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് ആയിരക്കണക്കിന് രാവുകളിൽ ഇടമുറിയാതെ അവതരിപ്പിച്ച 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' മലയാള സംസ്കൃതിയുടെ സുപ്രധാന ഈടുവെപ്പുകളിലൊന്നാണ്. ആ നാടകത്തിലെ പരമുപിള്ളയും മാലയും കറമ്പനും പപ്പുവും, മണ്ണിൽ പണിയെടുക്കുന്നവരുടെ ചേലും മണവും നിറഞ്ഞുനിൽക്കുന്ന അതിലെ പാട്ടുകൾ, അവ പാടിയ കെ.എസ്. ജോർജിന്റെയും കെ. സുലോചനയുടെയും ഭാവമധുരിമയാർന്ന ശബ്ദം... ലോകത്തിലാദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറുന്നതിന് ആക്കം കൂട്ടാൻ ഇപ്പറഞ്ഞതൊക്കെ നിർണായകഘടകങ്ങളായി മാറിയെന്ന് ചരിത്രം ചുവന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ടല്ലോ.
1952 ഡിസംബർ ആറിന് ചവറ തട്ടാശ്ശേരിയിലെ സുദർശനാ ടാക്കീസിൽ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അരങ്ങേറുമ്പോൾ ചരിത്രം ഒരു ചുവന്ന വട്ടം പൂർത്തിയാക്കുകയായിരുന്നു. അതിന് 17 വർഷങ്ങൾക്കു മുമ്പ് പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിച്ച കെ. ദാമോദരന്റെ 'പാട്ടബാക്കി', അതിനും കുറച്ചു വർഷങ്ങൾക്കപ്പുറത്ത് എടക്കുന്നി യോഗക്ഷേമ സഭയുടെ വാർഷികത്തിൽ കളിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്', അവക്കു പിറകെ വന്ന ഇടശ്ശേരിയുടെ 'കൂട്ടുകൃഷി', ചെറുകാടിന്റെ 'നമ്മളൊന്ന്', സാമുദായിക ശക്തികളെ പോരിന് വിളിച്ച കെ.ടി. മുഹമ്മദിന്റെയും പി.ജെ. ആന്റണിയുടെയും നാടകങ്ങൾ... നവോത്ഥാന നാടകപരമ്പര അർഥപൂർണമായ സാഫല്യത്തിലെത്തുകയായിരുന്നു, അന്നാ മഞ്ഞു വീണ ഗ്രാമീണ രാത്രിയിൽ.
നിയമ വിദ്യാർഥികൾ തുടങ്ങിയ നാടകസംഘം
എറണാകുളം ഗവൺമെന്റ് േലാ കോളജിലെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഏതാനും അവസാനവർഷ ബി.എൽ വിദ്യാർഥികൾ അവതരിപ്പിച്ച 'പൊരുതുന്ന കൊറിയ' എന്ന നിഴൽ നാടകത്തിൽനിന്നാണ് എല്ലാത്തിന്റെയും തുടക്കം. ആ വിദ്യാർഥി സംഘത്തിന്റെ നേതാവും നാടകത്തിന്റെ അവതാരകനും സംവിധായകനുമൊക്കെ ജി. ജനാർദനക്കുറുപ്പ് ആയിരുന്നു. തിരുവിതാംകൂർ സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ അണിചേർന്ന യുവനിരയുടെ നേതാവും വീറുള്ള പ്രസംഗകനും കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ എൻ. ശ്രീകണ്ഠൻ നായരുടെ അടുത്ത അനുയായിയുമൊക്കെ ആയിരുന്ന ജനാർദനക്കുറുപ്പ്, കെ.എസ്.പി രാഷ്ട്രീയമുപേക്ഷിച്ച് മദ്രാസിൽ ചെന്ന് നിയമം പഠിക്കാൻ തുടങ്ങി. നാഗർകോവിൽ ജയിലിൽനിന്നുള്ള ഐതിഹാസികമായ ജയിൽചാട്ടത്തിനു ശേഷം, മദ്രാസിലെത്തിയ എം.എൻ. ഗോവിന്ദൻ നായരാണ് കുറുപ്പിനെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് മാമോദീസ മുക്കിയത്. അധികം താമസിയാതെ എറണാകുളം േലാ കോളജിലേക്ക് മാറ്റം വാങ്ങി വന്ന കുറുപ്പിന് അവിടെ ഇളയ സഹോദരനെപ്പോലെ അടുപ്പമുള്ള ഒരു ചങ്ങാതിയെ കിട്ടി. പ്രഖ്യാപിത കമ്യൂണിസ്റ്റ് ആയതുകൊണ്ട് സർക്കാർ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട്, പൂജപ്പുരയിലെ ജയിൽവാസവും കഴിഞ്ഞ് നിയമം പഠിക്കാനെത്തിയ പുനലൂർ എൻ. രാജഗോപാലൻ നായർ. നിഴൽനാടകത്തിന്റെ ഗംഭീരവിജയത്തിൽനിന്ന് ഊർജംകൊണ്ട ആ ചെറുപ്പക്കാർ ഒരു കലാസമിതിയുണ്ടാക്കി 'കാരമസോവ് സഹോദരന്മാർ' നാടകമായി അവതരിപ്പിക്കാൻ പദ്ധതിയിട്ടെങ്കിലും അതൊന്നും നടന്നില്ല. കൂട്ടുകാർ പലവഴിക്ക് പിരിഞ്ഞുപോയി. 1951ന്റെ ഒടുവിലും 52ന്റെ തുടക്കത്തിലുമായി നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ പാർട്ടി കണ്ടെത്തിയത്, പുനലൂരെ ഒരു പ്രബല കുടുംബാംഗമായ രാജഗോപാലൻ നായരെയാണ്. എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടശേഷവും രാജഗോപാലൻ നായരിലെ കലാകാരൻ അടങ്ങിയിരിക്കാൻ കൂട്ടാക്കിയില്ല. ഒരു കലാസമിതി രൂപവത്കരിക്കാമെന്ന ആശയവുമായി കുറുപ്പുച്ചേട്ടനെ കാണാനെത്തി. തമ്പാനൂരിലെ സി.പി സത്രത്തിലും സേവിയേഴ്സിലുമൊക്കെയായി നടന്ന ചർച്ചകളിൽ അന്ന് പോൾസ് ട്യൂട്ടോറിയൽ കോളജിൽ പഠിപ്പിക്കുകയായിരുന്ന അഡ്വ. കെ.എസ്. രാജാമണിയും പങ്കുചേർന്നു. 1952ലെ ഒരു ത്രിസന്ധ്യയിൽ ആ ചങ്ങാതിമാർ രൂപംകൊടുത്ത കലാസമിതിക്ക് ജനാർദനക്കുറുപ്പ് ലക്ഷണമൊത്ത ഒരു പേരിട്ടു. 'കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്''. ചുരുക്കപ്പേരായി കെ.പി.എ.സി എന്നു വിളിക്കാം.
ജനാർദനക്കുറുപ്പ് സമിതിയുടെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു. രാജഗോപാലൻ നായർ സെക്രട്ടറിയായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉശിരുള്ള പ്രവർത്തകനായ കോട്ടയം ശ്രീനിയെയാണ് കൺവീനറുടെ ചുമതല ഏൽപ്പിച്ചത്.
എന്റെ മകനാണ് ശരി
തിരുവിതാംകൂറിൽ ദിവാൻ ഭരണത്തിനെതിരെ വീശിയടിച്ച ഉത്തരവാദിത്ത പ്രക്ഷോഭണത്തിന്റെ നാളുകൾ പശ്ചാത്തലമാക്കി ജനാർദനക്കുറുപ്പും രാജഗോപാലൻ നായരും ചേർന്ന് ഒരു നാടകമെഴുതി. സ്വാതന്ത്ര്യപ്പോരാളിയായ മകനെ വീട്ടിൽനിന്ന് അടിച്ചിറക്കുന്ന രാജഭക്തനായ കാരണവർ ഒടുവിൽ മകന്റെ നിലപാടാണ് ശരി എന്ന് തിരിച്ചറിയുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം. 'എന്റെ മകനാണ് ശരി' എന്നു പേരിട്ട ആ നാടകത്തിന്റെ അരങ്ങത്തും അണിയറയിലുമൊക്കെ മുഴുവനും പുതുമുഖങ്ങളായിരുന്നു. കാരണവരായി വന്ന ജനാർദനക്കുറുപ്പും അയാൾക്ക് ശരിയുടെ പാത ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന അനന്തരവനായി രാജഗോപാലൻ നായരും വേഷമിട്ടു. രാജാമണിയുടെ സഹായത്തോടെയാണ് അവർ നായികയെ കണ്ടെത്തിയത്. രാജാമണിയുടെ ജന്മനാടായ മാവേലിക്കരയിൽനിന്ന് തിരുവനന്തപുരത്തു വന്നു താമസിക്കുന്ന, ഒരു റിട്ടയേഡ് പൊലീസുകാരന്റെ മകൾ, നല്ലൊരു ഗായിക കൂടിയായ സുലോചന. അഡ്വ. എം.പി. കുട്ടപ്പൻ, ശ്രീനാരായണപിള്ള, ടി.എ. മൈതീൻ കുഞ്ഞ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. കമ്യൂണിസ്റ്റ് വിദ്യാർഥി ഫെഡറേഷന്റെ നേതാവായ ഒ. മാധവനും വിദ്യാർഥി പ്രവർത്തകനും നടനും ഒളിവിൽ കഴിയുന്ന ഒരു വിപ്ലവകാരിയുടെ ഇളയ സഹോദരനുമായ തോപ്പിൽ കൃഷ്ണപിള്ളയും അഭിനേതാക്കളുടെ സംഘത്തിൽ ചേർന്നു. സമിതിയുടെ മുഖ്യ ഗായകൻ, പുനലൂർ പേപ്പർ മില്ലിലെ ഒരു തൊഴിലാളിയായിരുന്നു -കെ.എസ്. ജോർജ്. അന്നത്തെ പോപുലർ ഹിറ്റുകളായ ഹിന്ദി, തമിഴ് പാട്ടുകളുടെ ഈണമൊപ്പിച്ച് പാട്ടെഴുതിയത് രാജഗോപാലൻ നായരുടെ ഒരു ശിഷ്യനായ പുനലൂർ ബാലനാണ്.
പ്രഫ. എം.പി. പോളിന്റെ ആശീർവാദത്തോടെ തിരുവനന്തപുരത്തെ പോൾസ് ട്യൂട്ടോറിയൽ കോളജിൽവെച്ചു നടന്ന റിഹേഴ്സലിനും മറ്റു പ്രവർത്തനങ്ങൾക്കും പിന്തുണയേകിക്കൊണ്ട് കാമ്പിശ്ശേരി കരുണാകരൻ എം.എൽ.എയും അന്ന് തിരുവനന്തപുരത്തെ ഒരു ട്യൂട്ടോറിയൽ കോളജ് അധ്യാപകനായിരുന്ന യുവകവി ഒ.എൻ.വി. കുറുപ്പും ഒപ്പം തന്നെയുണ്ടായിരുന്നു. തിരുവനന്തപുരം േലാ കോളജിൽ എഫ്.എല്ലിന് പഠിക്കുമ്പോൾ രാജഗോപാലൻ നായരുമായി കൂട്ടുചേർന്ന് 'ഇടതുപക്ഷം' എന്ന പ്രസിദ്ധീകരണം നടത്തിയിരുന്ന മലയാറ്റൂർ രാമകൃഷ്ണനാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്.
വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യപ്പെട്ട 'എന്റെ മകനാണ് ശരി'ക്ക് ഒരു നല്ല നാടകമായി പേരെടുക്കാൻ സാധിച്ചില്ല. മെച്ചപ്പെട്ട ഒരു നാടകത്തിന് വേണ്ടിയുള്ള കെ.പി.എ.സി അന്വേഷണത്തിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന തോപ്പിൽ ഭാസി നാടകം കാണാനെത്തുന്നത്.
മധ്യ തിരുവിതാംകൂറിലെ വള്ളികുന്നം എന്ന ഗ്രാമത്തിലെ ഒരു ജന്മികുടുംബത്തിൽ പിറന്ന്, ആത്മസുഹൃത്തായിരുന്ന കാമ്പിശ്ശേരി കരുണാകരനുമായി കൂട്ടുചേർന്ന് നാടകം കളിക്കുകയും കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്തിരുന്ന തോപ്പിൽ ഭാസ്കരൻ പിള്ള എന്ന തോപ്പിൽ ഭാസി സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയതും കൂട്ടുകാരനോടൊപ്പമാണ്. തിരുവനന്തപുരത്ത് വൈദ്യം പഠിക്കാൻ പോയ ഭാസി വിപ്ലവകാരിയായിട്ടാണ് മടങ്ങിവന്നത്. സ്വാതന്ത്ര്യം കിട്ടിയശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും കോൺഗ്രസുമായി പൂർണമായും തെറ്റിയ ഭാസിയും കാമ്പിശ്ശേരിയും സംസ്കൃത അധ്യാപകനായ കേശവൻ പോറ്റിയുമൊക്കെ പതുക്കെ ഇടതുപക്ഷത്തേക്ക് നീങ്ങി. ആർ. ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനുമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള അവരുടെ വഴികാട്ടികൾ.
ശൂരനാട് എന്നൊരു നാട്
പാടത്തും പറമ്പിലും മഴയും വെയിലുംകൊണ്ട് അടിമവേല ചെയ്തുപോന്ന അധഃസ്ഥിതവർഗക്കാർക്ക് കൂലിയായി കിട്ടിയിരുന്നത് അടിയും തൊഴിയും മാത്രമായിരുന്നു. ജന്മിയോട് ധിക്കാരം പറഞ്ഞതിന് പാവപ്പെട്ട കർഷകത്തൊഴിലാളികളെ ഒരൊറ്റ കയറിൽ വരിഞ്ഞുകെട്ടി പൊതുനിരത്തിലൂടെ നടത്തിച്ച സംഭവം അന്നത്തെ സാമൂഹികവ്യവസ്ഥയുടെ ക്രൂരമായ മുഖം വെളിപ്പെടുത്തുന്നു. ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനും തോപ്പിൽ ഭാസിയും ചേലക്കാട്ടേത്തു കുഞ്ഞുരാമനും മറ്റും ചേർന്ന് കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകവും തുടങ്ങി. ഇതിന് തൊട്ടു പിറകെയാണ് ശൂരനാട് സംഭവം അരങ്ങേറുന്നത്.
ഗ്രാമത്തിന്റെ പൊതുസ്വത്തായ ഉള്ളന്നൂർ കുളത്തിൽനിന്നാണ് അർധപട്ടിണിക്കാരായ നാട്ടുകാർ വിശപ്പടക്കാൻ മത്സ്യം പിടിച്ചിരുന്നത്. സ്വന്തം ആശ്രിതനെക്കൊണ്ട് കുളത്തിലെ മത്സ്യം മൊത്തം ലേലത്തിൽ പിടിച്ച ജന്മിമാരായ തെന്നലക്കാരുടെ വിലക്ക് ലംഘിച്ചുകൊണ്ട് നാട്ടുകാർ മീൻ പിടിച്ചു. അന്നു രാത്രി വീടുകളിൽ കയറി അതിക്രൂരമായ മർദനമഴിച്ചുവിട്ട പൊലീസുകാരുമായി നടന്ന സംഘട്ടനത്തിൽ സബ് ഇൻസ്പെക്ടർ മാത്യുവും നാല് പൊലീസുകാരും കൊല്ലപ്പെട്ടു.
1950 ജനുവരി ഒന്ന്. ശൂരനാട്ട് സന്ദർശിക്കാനെത്തിയ തിരുകൊച്ചി മുഖ്യമന്ത്രി പറവൂർ ടി.കെ. നാരായണ പിള്ള തെന്നലവീട്ടിൽവെച്ചു പ്രഖ്യാപിച്ചു, ''ശൂരനാട് എന്നൊരു നാടിനി വേണ്ട!''
സംഭവം നടക്കുമ്പോൾ അവിടെയില്ലാതിരുന്ന തോപ്പിൽ ഭാസിയെ പൊലീസ് മുഖ്യപ്രതിയാക്കി. തുടർന്നുള്ള രണ്ടു വർഷക്കാലം മധ്യ തിരുവിതാംകൂറിലെ ഗ്രാമപ്രദേശങ്ങളിലുള്ള പാവപ്പെട്ടവരുടെ വീടുകളിലും പുലമാടങ്ങളിലും ഒളിവിൽ കഴിഞ്ഞുകൊണ്ട് ഭാസി പാർട്ടിപ്രവർത്തനം തുടർന്നു. നിസ്വവർഗത്തിന്റെ കഷ്ടപ്പാടുകൾ നേരിൽ കണ്ടറിഞ്ഞ ഭാസിക്ക് അവയെ കുറിച്ചൊക്കെ എഴുതാതെ വയ്യ എന്നു തോന്നി. ചാത്തൻ പുലയനും ജന്മിത്തമ്പുരാനും തമ്മിലുള്ള സംഘർഷം പ്രമേയമാക്കിക്കൊണ്ടുള്ള 'മുന്നേറ്റം' എന്ന ഏകാങ്കം ജന്മംകൊള്ളുന്നത് അങ്ങനെയാണ്. അന്ന് എസ്.എൻ കോളജിലെ വിദ്യാർഥി ഫെഡറേഷൻ നേതാവും കോളജ് യൂനിയൻ സ്പീക്കറുമായിരുന്ന ഒ.എൻ.വി. കുറുപ്പ് മുൻകൈയെടുത്ത്, തിരുവനന്തപുരത്തുനിന്ന് പി.കെ. ശിവശങ്കരപ്പിള്ളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന 'വിശ്വകേരളം' വാരികയിൽ 'മുന്നേറ്റം' പ്രസിദ്ധീകരിച്ചു. പിന്നീട് അക്കാലത്തെ രാഷ്ട്രീയ സംഭവങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് ഭാസി അതൊരു മുഴുനീള നാടകമാക്കി വികസിപ്പിച്ചു. താൻ നേരിട്ട് കണ്ടറിഞ്ഞ ജീവിതസന്ദർഭങ്ങളും ഭാവനയും സമുചിതമായി ഇടകലർത്തി, കൂടുതൽ കഥാപാത്രങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് വിപുലീകരിച്ചെഴുതിയ നാടകത്തിന് ഭാസി പുതിയൊരു പേരിട്ടു.
'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'
ശൂരനാട് പ്രതികളുടെ കേസ് നടത്താനായി ശങ്കര നാരായൺ തമ്പി എന്ന തമ്പിസാറും കെ.കേശവൻ പോറ്റി എന്ന പോറ്റിസാറും മുൻകൈയെടുത്ത് രൂപംകൊടുത്ത ഡിഫൻസ് കമ്മിറ്റിക്ക് പണം കണ്ടെത്തിയത് 'സോമൻ' എഴുതിയ ആ പുസ്തകത്തിന്റെ വിൽപനയിൽനിന്നായിരുന്നു. ഭാസിയുടെ ആഗ്രഹപ്രകാരം ഒ.എൻ.വി എഴുതിയ രണ്ടു പാട്ടുകൾ കൂടിച്ചേർത്താണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ''എനിക്കീ കൊടിയൊന്ന് പൊക്കിപ്പൊക്കി പിടിക്കണം...''
തകർച്ചയെ നേരിടുന്ന പഴയൊരു നായർ തറവാട്ടിൽ, നഷ്ടപ്രതാപത്തിന്റെ ഓർമകളും അയവിറക്കി കഴിയുന്ന നശിച്ച ജന്മി പരമുപിള്ളയാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. ജന്മിത്തത്തിന് അറുതിവരുത്തിക്കൊണ്ട് നിസ്വവർഗത്തിന്റെ നേതൃത്വത്തിൽ പുതിയൊരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കാൻവേണ്ടി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റുകാരനാണ് പരമുപിള്ളയുടെ മകൻ ഗോപാലൻ. വിരുദ്ധ ധ്രുവങ്ങളിലുള്ള ഭർത്താവിന്റെയും മകന്റെയുമിടയിൽ കിടന്ന് വിമ്മിട്ടപ്പെടുന്ന കല്യാണിയമ്മയും പന്ത്രണ്ടുകാരിയായ മകൾ മീനാക്ഷിയുമാണ് ആ വീട്ടിലെ മറ്റ് രണ്ടംഗങ്ങൾ.
പരമുപിള്ളയുടെ സന്തത സഹചാരിയാണെങ്കിലും 'ഇവിടെ എന്തെങ്കിലുമൊന്ന് നടന്നുകാണാൻ' ആഗ്രഹിക്കുന്ന പാട്ടക്കാരൻ പപ്പു, കർഷക തൊഴിലാളികളെ സംഘടിപ്പിക്കാനായി ഗോപാലന്റെ തോളോട് തോളുരുമ്മി പ്രവർത്തിക്കുന്ന സഖാവ് മാത്യു എന്നിവർ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന കഥാപാത്രങ്ങളാണ്. സകല ക്രൂരതകളുടെയും പ്രതിരൂപമായ ജന്മി വലിയവീട്ടിൽ കേശവൻ നായരും അയാളുടെ ഇച്ഛ കണ്ടറിഞ്ഞു നടപ്പാക്കുന്ന കാര്യസ്ഥൻ വേലുച്ചാരുമാണ് പ്രതിനായക കഥാപാത്രങ്ങൾ. സ്വന്തം അഭീഷ്ടത്തിന് വഴങ്ങാത്തതുകൊണ്ട് കേശവൻ നായർ ഇടിച്ചും തൊഴിച്ചും കൊന്ന ഒരു കർഷകത്തൊഴിലാളിയുടെ ഭർത്താവ് കറമ്പനും മകൾ മാലയും നാടകത്തിലെ ഏറ്റവും ജീവസ്സുറ്റ കഥാപാത്രങ്ങളാണ്.
ചൊടിയും ചുണയുമുള്ള പുലക്കിടാത്തിയായ മാല ഗോപാലനെ മൂകമായി പ്രണയിക്കുന്നു. എന്നാൽ, അയാൾ ഇഷ്ടപ്പെടുന്നത് കേശവൻ നായരുടെ മകൾ സുമാവലിയെയാണ്. ആ വിവരമറിഞ്ഞപ്പോൾ ഉള്ളു നൊന്ത മാല, മാത്യുവിന്റെ വാക്കുകൾ ചെവിക്കൊണ്ട് വീറുള്ള കമ്യൂണിസ്റ്റുകാരിയായി മാറുന്നു. പരമുപിള്ളയുടെ ആകെയുള്ള സ്വത്തായ തറവാടും പറമ്പും വഞ്ചനയിലൂടെ തട്ടിയെടുത്ത കേശവൻ നായർ ആ കുടുംബത്തെ തെരുവിലേക്ക് ഇറക്കിവിടാൻ ഒരുമ്പെടുമ്പോഴാണ് കാരണവർക്ക് തിരിച്ചറിവുണ്ടാകുന്നത്. ജന്മിയുടെ ഗുണ്ടകൾ ഗോപാലനെ ആക്രമിച്ചതറിഞ്ഞു പൊട്ടിത്തെറിക്കുന്ന പരമുപിള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു പുതിയ മനുഷ്യനായി മാറുകയാണ്. മണ്ണിൽ പണിയെടുക്കുന്ന കർഷകരും കർഷകത്തൊഴിലാളികളുമൊരുമിച്ച് ചേർന്നു നടത്തുന്ന 'ജാത്താ'യിൽ പങ്കെടുക്കാൻ ചെങ്കൊടിയുമേന്തിവരുന്ന മാലയോട് അയാൾ ആവശ്യപ്പെടുന്നു.
''ആ കൊടിയിങ്ങു താ മോളേ, ഇതെനിക്കൊന്ന് പിടിക്കണം, ഇതെനിക്കൊന്ന് പൊക്കിപ്പൊക്കി പിടിക്കണം...''
ഒളിവിലായിരുന്ന ഭാസി ഒരുദിവസം 'എന്റെ മകനാണ് ശരി' കുണ്ടറയിലരങ്ങേറുമ്പോൾ നാടകം കാണാനെത്തി. പൊലീസിന്റെ വലയത്തിലായിരുന്ന കൊട്ടകയിൽനിന്ന് നാടകം തീരുന്നതിനു മുമ്പു തന്നെ, ഭാസി സ്ഥലം വിട്ടെങ്കിലും പോകുന്നതിനുമുമ്പ് ജനാർദനക്കുറുപ്പിനോടും രാജഗോപാലൻ നായരോടും തന്റെ മനസ്സിലുണ്ടായിരുന്ന ഒരു താൽപര്യമറിയിക്കാൻ മറന്നില്ല. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' കെ.പി.എ.സി അവതരിപ്പിക്കണമെന്നുള്ളതായിരുന്നു ആ ആഗ്രഹം.
നാൽപതു നാടകങ്ങൾക്കുശേഷം പുനലൂർ നടന്ന കളിയോടെ 'മകനാണ് ശരി'യുടെ അവതരണം നിർത്തിവെക്കാൻ കെ.പി.എ.സി തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാർട്ടി കായംകുളം ഡി.സിയുടെ ചുമതലക്കാരനായ എൻ. ശ്രീധരന്റെ അടുക്കൽനിന്ന് കമ്യൂണിസ്റ്റാക്കിയുടെ കോപ്പി സംഘടിപ്പിച്ചു വായിച്ച കുറുപ്പിനും രാജഗോപാലൻ നായർക്കും നാടകമിഷ്ടമായി. ജീവൻ തുടിച്ചുനിൽക്കുന്ന കഥാപാത്രങ്ങളും ഓണാട്ടുകരയുടെ തനിമ നിറഞ്ഞ സംഭാഷണങ്ങളും കാണികളെ പിടിച്ചിരുത്താൻ പോന്ന നാടകീയ സന്ദർഭങ്ങളുമുണ്ടെങ്കിലും ചില പോരായ്മകളും അവരുടെ ശ്രദ്ധയിൽപെടാതിരുന്നില്ല. നായിക രംഗത്ത് വരുന്നില്ല എന്നതാണ് അതിലേറ്റവും പ്രധാനം. പാട്ടുകളുടെ സന്ദർഭങ്ങൾ തീരെ കുറവായിരുന്നു. ചില കഥാപാത്രങ്ങൾക്ക് കുറച്ചൊരു കൃത്രിമത്വവുമുണ്ട്.
തന്റെ കടിഞ്ഞൂൽ സന്താനത്തെ കാണാനായി പല്ലനയുള്ള ഭാര്യവീട്ടിലെത്തിയ ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് അടൂർ ലോക്കപ്പിൽ അടച്ചത് ആ ഓണക്കാലത്തായിരുന്നു. കുറുപ്പും രാജഗോപാലൻ നായരും കൂടി ലോക്കപ്പിൽ ചെന്ന് ഭാസിയെ കണ്ട് തങ്ങളുടെ തീരുമാനമറിയിച്ചു. നായികയെ രംഗത്തുകൊണ്ടുവരുന്നതുൾപ്പെടെ നാടകത്തിൽ കാര്യമായ ചില മാറ്റങ്ങൾ വേണ്ടിവരുമെന്നുള്ള കാര്യവും. ഭാസി എല്ലാത്തിനും സമ്മതം മൂളി. എന്നാൽ, ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു, ''എന്റെ നാടകത്തിന്റെ പേര് മാറ്റരുത്. പിന്നെ എന്റെ കറമ്പനും മാലയ്ക്കും പപ്പുവിനും മാറ്റമൊന്നും വരുത്തരുത്.''
അക്കാര്യം സമ്മതിച്ച കെ.പി.എ.സി സാരഥികൾ പുനലൂർ ടി. ബിയിൽ താമസിച്ചുകൊണ്ട് നാടകത്തിന്റെ അഴിച്ചുപണി തുടങ്ങി. പുരോഗമനവാദിയായ ഒരു നായികയെ അരങ്ങത്ത് കൊണ്ടുവരുകയാണ് ആദ്യം ചെയ്തത്. അവൾക്ക് പാടാനുള്ള സന്ദർഭങ്ങളും ഉണ്ടാക്കി. നാടകത്തിന്റെ വൈകാരിക പിരിമുറുക്കമേറ്റാനുതകുന്ന ചില സന്ദർഭങ്ങൾ സൃഷ്ടിച്ചു. ജന്മി കേശവൻ നായരെ അയാളുടെ വിടത്വവും ക്രൂരതയുമൊക്കെ കുറച്ചുകൂടി സ്വാഭാവികതയുള്ളതാക്കി. സമകാലിക രാഷ്ട്രീയകാര്യങ്ങളെ പരാമർശിച്ചുകൊണ്ടുള്ള സംഭാഷണങ്ങൾ സന്ദർഭോചിതമായി കൂട്ടിച്ചേർത്തു. ഭാസിയുടെ രചനയുടെ ആത്മാവിനു കോട്ടം തട്ടാതെ നാടകത്തെ ആകപ്പാടെ ഒന്നുടച്ചു വാർക്കുകയാണ് ജനാർദനക്കുറുപ്പും രാജഗോപാലൻ നായരും ചെയ്തത്.
അരങ്ങൊരുക്കം തുടങ്ങുന്നു
ഇനി വേണ്ടത് ഓരോ വേഷത്തിനും യോജിച്ച നടീനടന്മാരെ കണ്ടെത്തുക എന്നതാണ്. പക്ഷേ, അതിനുമുമ്പ് മറ്റൊരു പ്രധാന കാര്യമുണ്ടായിരുന്നു. സമിതിക്ക് മുന്നോട്ടു പോകണമെന്നുണ്ടെങ്കിൽ സാമ്പത്തികമായി ബലിഷ്ഠമായ ഒരടിത്തറ ഉണ്ടാകണം. കെ.പി.എ.സി അപ്പോഴും പൂർണമായും കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു സമിതിയായിരുന്നില്ല. അങ്ങനെയാണ് കോടാകുളങ്ങര വാസുപിള്ള രംഗപ്രവേശം ചെയ്യുന്നത്. ചവറയിലെ പണവും പ്രതാപവുമുള്ള ഒരു നായർ കുടുംബത്തിലെ അംഗമായിരുന്ന കോടാകുളങ്ങര, കഥകളി സംഘങ്ങളെയും നാടക കമ്പനികളെയും മറ്റും കൊണ്ടുവന്ന് പരിപാടികൾ സംഘടിപ്പിക്കുന്ന ഒരു കരപ്രമാണിയായിരുന്നു. ഒ.എൻ.വി. കുറുപ്പിന്റെ ഒരടുത്ത ബന്ധുകൂടിയായ വാസുപിള്ള ധാരാളം അനുഭവപരിചയമുള്ള ഒരു സംഘാടകനായിരുന്നതുകൊണ്ടാണ് നാടകം നടത്തിപ്പിന്റെ ചുമതലയും കൺവീനർ സ്ഥാനവുമേൽപ്പിച്ചുകൊടുത്തത്. അവിവാഹിതനായ വാസുപിള്ള അമ്മയോടൊത്ത് താമസിക്കുന്ന ചവറയിലെ വീട്ടിൽവെച്ചുതന്നെയായിരുന്നു 'കമ്യൂണിസ്റ്റാക്കി'യുടെ അരങ്ങൊരുക്കങ്ങൾ.
നടീനടന്മാരെ നിശ്ചയിക്കുന്ന ഘട്ടമായി. സുമാവലിയെന്നു പേരിട്ട നായികയുടെ കാര്യത്തിലാണ് ആദ്യം തീരുമാനമായത്. 'എന്റെ മകനാണ് ശരി'യിലൂടെ നായികയും പ്രധാന ഗായികയുമായി കെ.പി.എ.സിയിലെത്തിയ കെ. സുലോചനയെ ആ വേഷത്തിൽ നിശ്ചയിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. നാടകത്തിലെ പ്രധാന പാട്ടുകളെല്ലാം സുമാവലിയാണ് പാടുന്നത്. 'മകനാണ് ശരി'യിൽ ചാത്തൻ പുലയനായി അഭിനയിച്ച തോപ്പിൽ കൃഷ്ണപിള്ളയെ കറമ്പന്റെ വേഷത്തിലേക്കും പരമുപിള്ളയുടെ സഹായിയും നാട്ടിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സന്നദ്ധനുമായ പാട്ടക്കാരൻ പപ്പുവായി ഒ. മാധവനെയും നിശ്ചയിച്ചു. ജന്മി വലിയവീട്ടിൽ കേശവൻ നായരുടെയും അയാളുടെ ശിങ്കിടി വേലുച്ചാരുടെയും വേഷങ്ങൾ അഭിനയിക്കാൻ കെ.പി.എ.സിയുടെ ഭാരവാഹികളായ അഡ്വ. ജി. ജനാർദനക്കുറുപ്പും അഡ്വ. എൻ. രാജഗോപാലൻ നായരും തയാറായി.
നായികയുടെ തുല്യപ്രാധാന്യമുള്ള കഥാപാത്രമാണ് മാല എന്ന പുലയ പെൺകൊടി. ഒരു നാടകക്കമ്പനിയിൽ അൽപനാളുകൾ അഭിനയിച്ചു പരിചയമുള്ള ഗോമതി എന്ന ഒരു സംഗീതാധ്യാപികയെയാണ് കോടാകുളങ്ങര വാസുപിള്ള അതിനുവേണ്ടി സമീപിച്ചത്. ആദ്യം അൽപം വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ സുധർമ എന്ന പുതിയൊരു പേര് സ്വീകരിച്ചുകൊണ്ട് ഗോമതി മാലയായി അഭിനയിക്കാൻ തയാറായി. പരമുപിള്ളയുടെ പന്ത്രണ്ട് വയസ്സുള്ള മകൾ മീനാക്ഷിയായി അഭിനയിക്കാൻ വേണ്ടി സുധർമയാണ് ആളെ കണ്ടെത്തിയത്. തന്റെ ഒരടുത്ത ബന്ധുവും ആർ.എസ്.പി യൂനിയനിൽപെട്ട കശുവണ്ടി തൊഴിലാളിയുമായ ഭാർഗവിയുടെ മകൾ വിജയമ്മ.
നായകനായ ഗോപാലന്റെ വേഷത്തിലേക്ക് ആളെ തേടിപ്പിടിച്ചത് കോടാകുളങ്ങരതന്നെയാണ്. ചവറക്കാരനും കൊല്ലം എസ്.എൻ കോളജിലെ വിദ്യാർഥി നേതാവുമായ വി. സാംബശിവൻ, കഥാപ്രസംഗകലയിൽ ഉദിച്ചുയർന്ന ഒരു പുതിയ താരമായിരുന്നു. തന്റെ പ്രിയപ്പെട്ട തട്ടകമായ കഥാപ്രസംഗം ഉപേക്ഷിക്കില്ലെന്ന കരാറിലാണ് സാംബൻ അഭിനയിക്കാനെത്തിയത്. ഗോപാലന്റെ അമ്മ കല്യാണിയമ്മയായി വേഷമിടാൻ പോറ്റി സാർ ആവശ്യപ്പെട്ടതനുസരിച്ച് കായംകുളത്തെ ഒരു പാർട്ടി സഖാവായ ഭാർഗവി തയാറായി. മാത്യുവായി കൊട്ടാരക്കരക്കടുത്തുള്ള വെളിയം എന്ന സ്ഥലത്തെ കലാകാരൻകൂടിയായ പാർട്ടി പ്രവർത്തകൻ ഭാസ്കരപ്പണിക്കരെയാണ് നിശ്ചയിച്ചത്.
നാടകത്തിലെ കേന്ദ്രകഥാപാത്രം പരമുപിള്ള ആണല്ലോ. വൃദ്ധനും അവശനുമായ ആ കാരണവരായി അഭിനയിക്കാൻ തോപ്പിൽ ഭാസി ഒരാളെ സങ്കൽപിച്ചിട്ടുണ്ടായിരുന്നു. അടൂർ ലോക്കപ്പിൽ വന്നു കണ്ട കെ.പി.എ.സിക്കാരോട് ഭാസി അതു പറയുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത് തന്നെ അരങ്ങത്തേക്ക് കൈപിടിച്ചു കയറ്റിയ ആത്മസുഹൃത്ത്, അന്ന് പുതുപ്പള്ളി എം.എൽ.എകൂടിയായ കാമ്പിശ്ശേരി കരുണാകരനായിരുന്നു ഭാസിയുടെ മനസ്സിലുണ്ടായിരുന്നത്. പോറ്റി സാറിന്റെ സൈക്കിളിന്റെ പിറകിലിരുന്ന് കാമ്പിശ്ശേരി ചവറ ക്യാമ്പിലേക്ക് വന്നു.
''നമ്മള് കൊയ്യും വയലെല്ലാം
നമ്മടെയാകും പൈങ്കിളിയേ''
കെ.പി.എ.സിയുടെ ആദ്യനാടകത്തിലെ ഗാനങ്ങൾ വാസ്തവത്തിൽ, സമിതിയുമായി തുടക്കം മുതൽക്കേ ഹൃദയബന്ധമുണ്ടായിരുന്ന ഒ.എൻ.വിയാണ് എഴുതേണ്ടിയിരുന്നത്. അങ്ങനെതന്നെ തീരുമാനിക്കപ്പെടുകയും ചെയ്തു. എന്നാൽ, പാട്ടുകൾക്ക് ഈണം പകരാനായി ഒ.എൻ.വി കൊണ്ടുവന്ന ആത്മസുഹൃത്ത് പരവൂർ ജി. ദേവരാജനെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. അപ്പോൾ ഒ.എൻ.വിയും വിട്ടുനിൽക്കാൻ തീരുമാനിക്കുകയാണുണ്ടായത്. എന്നാൽ, ഇത്തവണ ഗാനങ്ങളൊരുക്കേണ്ടത് ഒ.എൻ.വിയും ദേവരാജനും തന്നെയാകണം എന്ന് ജനാർദനക്കുറുപ്പും പോറ്റി സാറും നിശ്ചയിച്ചു. നേരത്തേ ദേവരാജൻ ചിട്ടപ്പെടുത്തി ചില വേദികളിൽ പാടിയ ''പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ'' എന്നു തുടങ്ങുന്ന ഒ.എൻ.വിയുടെ 'ഇരുളിൽനിന്നൊരു ഗാനം' എന്ന കവിത പ്രസിദ്ധി നേടിയിരുന്നു. ആ പാട്ട് ഏതായാലും കൂടിയേ തീരൂ എന്നാദ്യം തന്നെ നിശ്ചയിച്ചു. അതുകൂടാതെ പുതിയതായി സൃഷ്ടിച്ച ഗാനസന്ദർഭങ്ങൾക്കും രംഗങ്ങൾക്കിടയിലുള്ള ചെറിയ ഇടവേളകളിൽ പാടാനുമൊക്കെ പാട്ടുകൾ വേണം.
''നീലക്കുരുവീ നീലക്കുരുവീ നീയൊരു കാരിയം ചൊല്ലുമോ?'', ''ഇന്നലെ നട്ടൊരു ഞാറുകളല്ലോ പുന്നെൽക്കതിരിന്റെ പൊൻകുടം ചൂടി'', ''പൂത്തമരക്കൊമ്പുകള് കാത്തിരുന്ന കുയിലേ'', ''വെള്ളാരംകുന്നിലേ പൊന്മുളം കാട്ടിലെ, പുല്ലാങ്കുഴലൂതും കാറ്റേ വാ'', ''നേരം പോയ് നേരം പോയ് എല്ലാരും പോയല്ലാ കുഞ്ഞിക്കിളിയേ പൈങ്കിളിയേ വെക്കം വെക്കം ചെല്ലെന്നേ...'' ഇങ്ങനെ ഇരുപത്തിനാല് പാട്ടുകളാണ് ഒ.എൻ.വിയും ദേവരാജനുംകൂടി നാടകത്തിനുവേണ്ടി ചിട്ടപ്പെടുത്തിയത്. പ്രധാന ഗായകരായ കെ.എസ്. ജോർജിനും സുലോചനക്കും പുറമെ സുധർമയും ദേവരാജനും കൂടി ആ നവയുഗ വസന്തഗായകരുടെ കൂട്ടത്തിൽ ചേർന്നു.
ആ ഡിസംബർ 6
അന്ന് രാത്രി ഒമ്പതുമണിക്ക് ചവറയിലെ തട്ടാശ്ശേരി മൈതാനത്തെ സുദർശനാ ടാക്കീസിൽ സഖാവ് സോമൻ എഴുതിയ കെ. പി.എ.സിയുടെ രണ്ടാമത്തെ നാടകം 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' ആദ്യമായി അരങ്ങത്തെത്തുകയാണ്. ആഴ്ചകൾ നീണ്ടുനിന്ന ഒരുക്കങ്ങൾക്കും നാടക പരിശീലനത്തിനും ശേഷം, തട്ടിൽ കയറുമ്പോൾ കെ.പി.എ.സിക്കാർക്കും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർക്കുമൊക്കെ ഉള്ളിലൊരങ്കലാപ്പ് ഉണ്ടായിരുന്നു. പാർട്ടിയുടെ നിരോധനം നീങ്ങിയതിനുശേഷവും രാഷ്ട്രീയ ശത്രുക്കൾ -പ്രത്യേകിച്ച് കോൺഗ്രസുകാർ- കമ്യൂണിസ്റ്റുകാർക്കെതിരെയുള്ള വേട്ടയാടൽ അവസാനിപ്പിച്ചിരുന്നില്ല. ചവറപ്രദേശത്തെ പ്രധാന പാർട്ടി ഐക്യമുന്നണിയിലെ സഖ്യകക്ഷികൂടിയായ റെവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയാണ്. കമ്യൂണിസ്റ്റ് പാർട്ടിയും ആർ.എസ്.പിയും തമ്മിൽ കടലാവണക്കിന്റെ പത്തൽകൊണ്ട് പരസ്പരം പോരാടുന്ന 'പത്തൽ രാഷ്ട്രീയം' കൊടുമ്പിരിക്കൊണ്ട നാളുകൾ. രണ്ട് എം.എൽ.എമാർ അഭിനയിക്കുന്ന നാടകം അലങ്കോലപ്പെടുത്താനായി അവരാരെങ്കിലും ഒരുമ്പെടുമോ എന്നതായിരുന്നു ആശങ്ക.
നാടകം ഉദ്ഘാടനം ചെയ്തത് പുരോഗമന സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡി.എം. പൊറ്റക്കാടാണ്. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സങ്കേതത്തിലെഴുതിയ 'കത്തുന്ന കുരിശ്', 'വേദനയുടെ വെളിച്ചം', 'പുതിയ പാഠം' തുടങ്ങിയ ശ്രദ്ധേയമായ കഥകളെഴുതിയിട്ടുള്ള പൊറ്റക്കാട്. ഉദ്ഘാടനവേദിയിൽ കെ.പി.എ.സിയുടെ ഭാരവാഹികൾക്ക് പുറമെ വിശിഷ്ടാതിഥിയായി നാടകകൃത്തായ സോമന്റെ പിതാവ് തോപ്പിൽ പരമേശ്വരൻ പിള്ളയും സ്ഥാനം പിടിച്ചിരുന്നു.
''ദീപങ്ങൾ മങ്ങി കൂരിരുൾ തിങ്ങി/മന്ദിരമൊന്നതാ കാണ്മൂ മുന്നിൽ/നീറും നോവിൽ നീന്തി നീന്തി/നിർന്നിദ്രം നിൽപ്പതെന്തേ/നിർന്നിദ്രം നിൽപ്പതെന്തേ'' -കെ.എസ്. ജോർജിന്റെ ഭാവഗംഭീരമായ ശബ്ദത്തിൽ മുഴങ്ങുന്ന ഈരടികളോടൊപ്പം യവനിക ഉയരുമ്പോൾ കാണുന്നത് ഒരു കൊതുമ്പും കൈയിൽ പിടിച്ച്, ഓലമടലും വലിച്ചിഴച്ച് എന്തൊക്കെയോ തന്നത്താൻ പിറുപിറുത്തുകൊണ്ടുവരുന്ന ഒരു വയോവൃദ്ധനെയാണ്. തുടർന്നുള്ള ഏതാനും മണിക്കൂറുകൾ കാണികൾ മുഴുവനും ഏകാഗ്രതയോടുകൂടി സ്റ്റേജിലേക്ക് തന്നെ കണ്ണുംനട്ടിരിക്കുകയായിരുന്നു. നാടകത്തിന്റെ അവസാനഘട്ടത്തിൽ ജന്മിയുടെ കാര്യസ്ഥനും കൂലിക്കാരും ചേർന്ന് പരമുപിള്ളയുടെ മുറ്റത്തുള്ള തെങ്ങിൽനിന്നും തേങ്ങയിടാൻ കയറുന്ന രംഗമുണ്ട്. അപ്പോൾ പരമുപിള്ളയുടെ പരമസാധുവായ ഭാര്യ കല്യാണിയമ്മ ഒരു ഭദ്രകാളിയെപ്പോലെ കത്താളുമായി വന്ന് ''ഛീ ഇറങ്ങിനെടാ താഴോട്ട്... താഴോട്ടിറങ്ങാൻ! കാലുവെട്ടി ഞാൻ നിലത്തിടും!'' എന്ന് ഗർജിച്ചു. ഇതിനെ തുടർന്ന് കൊട്ടകക്ക് പുറത്തുനിന്ന് ആളുകൾ ഛടപടാ നിലത്തു ചാടുന്ന ശബ്ദം കേട്ടുതുടങ്ങി. കൊട്ടകക്കകത്ത് കയറാതെ പുറത്തുള്ള ഒരു മരത്തിൽ കയറിയിരുന്നുകൊണ്ട് സുഖമായി നാടകം കാണുകയായിരുന്ന ചിലർ തങ്ങളെയാണ് കല്യാണിയമ്മ ശകാരിക്കുന്നതെന്നു കരുതി നിലത്തേക്ക് ചാടുന്നതിന്റെ ഒച്ചയായിരുന്നു കേട്ടത്. അതുപോലെതന്നെ ജന്മിയുടെ പിണിയാളുകളുടെ മർദനമേറ്റ് രക്തത്തിൽ കുതിർന്ന ഗോപാലനെ സഖാക്കൾ എടുത്തുകൊണ്ടുവരുന്ന സന്ദർഭത്തിൽ സദസ്സിലിരുന്നുകൊണ്ട് ഒരു സ്ത്രീ ഉച്ചത്തിൽ നിലവിളിച്ചു. ഗോപാലനായി വേഷമിടുന്ന സാംബശിവന്റെ അമ്മ മേലൂട്ട് ശാരദയാണ് മകൻ ചോരയൊലിപ്പിച്ചുകൊണ്ട് വരുന്നതുകണ്ട് നിലവിട്ട് ഉറക്കെ കരഞ്ഞത്.
നാടകാവസാനം മാലയുടെ കൈകളിൽനിന്ന് പരമുപിള്ള ചെങ്കൊടിയേറ്റു വാങ്ങി മുകളിലേക്ക് ഉയർത്തിപ്പിടിക്കുമ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ''ഇൻക്വിലാബ് സിന്ദാബാദ്! കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്!''
അരങ്ങത്തും അണിയറയിലുമൊക്കെ നിന്നിരുന്ന അഭിനേതാക്കളും കെ.പി.എ.സി പ്രവർത്തകരും അതിയായ ആവേശത്തോടെ ആ മുദ്രാവാക്യമേറ്റു വിളിച്ചു. യവനിക വീണപ്പോൾ നിർത്താത്ത കരഘോഷം ദീർഘനേരം മുഴങ്ങി. സ്വന്തം നാട്ടിൻപുറത്ത്, താൻകൂടി ഭാഗഭാക്കായി ചരിത്രം അരങ്ങേറുന്ന അപൂർവ കാഴ്ചക്ക് ആവേശത്തോടെ സാക്ഷ്യം വഹിച്ച ഒ.എൻ.വി. കുറുപ്പ് ആ ദിനമോർമിക്കുന്നത് ഇങ്ങനെയാണ്.
''1952ലെ മഞ്ഞണിഞ്ഞ ഒരു ഡിസംബർ രാത്രിയിൽ, എന്റെ ഗ്രാമത്തിലെ തട്ടാശ്ശേരി മൈതാനത്തെ സുദർശൻ ടാക്കീസ് നിന്നിരുന്നിടത്ത് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം ആദ്യമായി അരങ്ങേറി. കാമ്പിശ്ശേരി കരുണാകരൻ എം.എൽ.എ എന്ന ചെറുപ്പക്കാരൻ മധ്യ തിരുവിതാംകൂറിലെ ഒരു തകർന്ന തറവാട്ടിലെ വയസ്സൻ കാരണവരെ പുനഃസൃഷ്ടിച്ചു. വിശ്വസ്ത സേവകനായ പപ്പുവായി ഒ. മാധവൻ സൂക്ഷ്മാഭിനയംകൊണ്ട് ശ്രദ്ധേയനായി. സുധർമയുടെ ''നീലക്കുരുവീ...'' പാടിക്കൊണ്ടും ഒരു പച്ചമരച്ചീനി കൊത്തിയരിഞ്ഞുകൊണ്ടുമുള്ള ആ വരവും, തോപ്പിൽ കൃഷ്ണപിള്ളയുടെ മാറ്റത്തിന് വിധേയനായിക്കൊണ്ടിരിക്കുന്ന തലപ്പുലയനായുള്ള അതുല്യാഭിനയവും കെ.എസ്. ജോർജിന്റെയും സുലോചനയുടെയും ശക്തിയും മാധുര്യവുമുള്ള ഗാനാലാപനവുമൊക്കെക്കൂടി കാണികൾ പ്രതീക്ഷിച്ചതിനപ്പുറത്തുള്ള നിലവാരത്തിലേക്ക് ആ നാടകമുയർന്നു. യവനിക ഉയരുമ്പോഴുള്ള ''ദീപങ്ങൾ മങ്ങി'' മുതൽ അവസാനത്തെ പാട്ടുവരെ അത്യപൂർവമായ ശ്രദ്ധകൊണ്ട് ജനങ്ങളാദരിച്ചു. എതിർക്കാനും കൊട്ടക പൊളിക്കാനും വന്നവർ നാടകത്തിൽ മുഴുകിയിരുന്നു. മധ്യ തിരുവിതാംകൂറിലെ ജീവിതത്തിന്റെ ഒരു പരിച്ഛേദമായിരുന്നു ആ നാടകം. തകർന്ന തറവാടുകളുടെ ദാരുണ ചിത്രങ്ങളും അനന്ത ദുരിതങ്ങളിൽനിന്നുള്ള കീഴാളരുടെ നവോത്ഥാനത്തിന്റെ മുഴക്കങ്ങളും അതിലുണ്ടായിരുന്നു. തിരികെ എന്റെ വീട്ടിലേക്ക് ദേവരാജനും ഞാനും നടന്നുപോകുമ്പോൾ നിലാവിന് തെളിച്ചമേറുന്നതായി തോന്നി.''
അശ്വമേധത്തിന്റെ തുടക്കം!
ആ രാത്രി തന്നെ മധ്യ തിരുവിതാംകൂറിന്റെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം നാടകം ബുക്ക് ചെയ്യപ്പെട്ടു. എന്നാൽ, ഒട്ടും വൈകാതെ നാടകത്തിനെതിരെയുള്ള പ്രതിഷേധവും ശക്തമായി. എ.ജെ. ജോൺ മന്ത്രിസഭ നാടകം നിരോധിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആദ്യത്തെ സംഭവമായിരുന്നു അത്. നിയമസഭയിൽ ഈ പ്രശ്നം ഉന്നയിച്ച കാമ്പിശ്ശേരി ''ബഹുമാനപ്പെട്ട സ്പീക്കർ അനുവദിക്കുന്ന പക്ഷം നാടകം ഇതിനകത്ത് കളിക്കാ''മെന്നു പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുകൊച്ചി കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ എം.എൻ. ഗോവിന്ദൻ നായർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ നാടകത്തിനെതിരെ ഭരണകൂടം നടത്തിയ ഇടപെടലുകൾ ഓരോന്നായി തുറന്നു കാണിച്ചു. ഡ്രമാറ്റിക് പെർഫോമൻസ് ആക്ടിനെതിരെ കെ.പി.എ.സി കൊടുത്ത കേസിൽ ഹൈകോടതി അനുകൂലമായി വിധിച്ചതോടെ വർധിതവീര്യത്തോടെ നാടകം വീണ്ടും അരങ്ങേറാൻ തുടങ്ങി. ബോംബെയിൽ നടന്ന ഇന്ത്യൻ പീപ്പിൾസ് തിയറ്റേഴ്സ് അസോസിയേഷന്റെ സമ്മേളനത്തിൽ 'കമ്യൂണിസ്റ്റാക്കി'ക്ക് വലിയ സ്വീകരണം ലഭിച്ചെങ്കിലും, ബോംബെ സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിൽ നാടകം കളിക്കാൻ മൊറാർജി ദേശായിയുടെ സർക്കാർ അനുമതി നൽകിയില്ല. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യുമായി മലബാറിൽ പര്യടനത്തിന് ചെന്ന കെ.പി.എ.സി സംഘത്തിന് ലഭിച്ചത് അത്യുജ്ജ്വലമായ വരവേൽപ്പായിരുന്നു. എന്നാൽ, മറ്റു പലയിടത്തും കെ.പി.എ.സി നാടകമവതരിപ്പിച്ചത് രാഷ്ട്രീയശത്രുക്കളും മത പൗരോഹിത്യശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും അഴിച്ചുവിട്ട ശാരീരികമായ ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ടാണ്.
പ്രശ്നങ്ങൾ, പ്രതിസന്ധികൾ
ചവറ മധുസൂദനൻ പിള്ള കൊലക്കേസിൽ പ്രധാന പ്രതിയായ കോടാകുളങ്ങര വാസുപിള്ളയെ തൂക്കിലേറ്റാൻ വിധിച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു. 1957ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യംചെയ്തത് കോടാകുളങ്ങരയുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. മാത്യുവിന്റെ വേഷമഭിനയിച്ചുകൊണ്ടിരുന്ന വെളിയം ഭാസ്കരപ്പണിക്കർ പെട്ടെന്ന് അസുഖംമൂലം മരണമടഞ്ഞത് കെ.പി.എ.സി പ്രവർത്തകരെ മാത്രമല്ല, കലാസ്നേഹികളെ ആകെ ദുഃഖത്തിലാഴ്ത്തി. രോഗബാധിതനായി അവധിയെടുത്ത കാമ്പിശ്ശേരിക്ക് പകരം പി.ജെ. ആന്റണിയും പിന്നീട് ഒ. മാധവനും പരമുപിള്ളയായി അരങ്ങത്ത് വന്നു. കഥാപ്രസംഗവേദിയിലെ തിരക്കുമൂലം സാംബശിവൻ സമിതി വിട്ടുപോയപ്പോൾ രാജഗോപാലൻ നായരും കുമരകം ശങ്കുണ്ണിമേനോനും വൈക്കം ചന്ദ്രശേഖരൻ നായരും ഒടുവിൽ കെ.എസ്. ജോർജും ഗോപാലന്റെ വേഷമഭിനയിച്ചു. സുധർമ സമിതിയിൽനിന്ന് മാറിയപ്പോൾ ആദ്യം ബിയാട്രീസും പിന്നീട് ലീലയും മാലയുടെ റോളെടുത്തു. മാത്യുവായി തോപ്പിൽ ഭാസിയും പപ്പുവായി സി.ജി. ഗോപിനാഥും വേഷമിട്ടപ്പോൾ ജന്മിയുടെ വേഷം മുടിയിൽത്തറ ഭാസ്കറും വേലുച്ചാരായി ശ്രീനാരായണപിള്ളയും അഭിനയിച്ചു.
എതിർപ്പുകൾ, വിമർശനങ്ങൾ
രാഷ്ട്രീയ എതിരാളികളുടെ കഠിനമായ എതിർപ്പുകൾ ആദ്യം മുതൽക്കുതന്നെ ഏറ്റുവാങ്ങിയ നാടകത്തിന്റെ ചില പോരായ്മകൾ ആദ്യം ചൂണ്ടിക്കാട്ടിയത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. ''ദൈനംദിന സമരങ്ങൾ നടത്തുന്ന ബഹുജനങ്ങളുടെ കൂടെനിന്ന്, അവരുടെ ജീവിതം സൂക്ഷ്മമായി പഠിച്ച് അവരിലോരോ സന്ദർഭങ്ങളിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കി, അവരുടെ ഇടയിൽനിന്ന് കഥാപാത്രങ്ങൾ നിർമിക്കാൻ ശ്രമിച്ച''തിന്റെ പേരിൽ തോപ്പിൽ ഭാസിയെ അഭിനന്ദിക്കുമ്പോൾതന്നെ കമ്യൂണിസ്റ്റുകാരെ ചിത്രീകരിക്കുന്നതിൽ സംഭവിച്ച പരാജയത്തിന് ഇ.എം.എസ് കുറ്റപ്പെടുത്തുന്നുമുണ്ട്.
''പരമുപിള്ളയും കറമ്പനും മാലയും യഥാർഥ ജീവിതത്തിന്റെ കണ്ണാടികളാണെങ്കിൽ – അവരിലൂടെ തകർന്നുകഴിഞ്ഞ ജന്മികുടുംബങ്ങളും ജന്മിത്താധിപത്യത്തിനെതിരായി പടവെട്ടുന്ന കർഷകത്തൊഴിലാളികളും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ – ജീവനുള്ള കമ്യൂണിസ്റ്റുകാരുമായി യാതൊരു പൊരുത്തവുമില്ലാത്ത പാവകളാണ് ഗോപാലനും മാത്യുവും.
അച്ചടിഭാഷയിൽ രാഷ്ട്രീയവും തിയറിയും പ്രസംഗിക്കാൻവേണ്ടി ജനിച്ചൊരു ജീവിയാണ് മാത്യു. ഗോപാലനാകട്ടെ അതോടൊപ്പം പ്രേമിക്കുകകൂടി ചെയ്യുന്നുണ്ട്. ഇങ്ങനെ അച്ചടിഭാഷയിൽ പ്രസംഗിക്കാനും പ്രേമിക്കാനും മാത്രമറിയാവുന്ന – അതും മാലയെപ്പോലൊരു ഉശിരത്തി പെൺകിടാവിന്റെ പ്രേമം മനസ്സിലാക്കാനുള്ള സാമാന്യബോധം പോലുമില്ലാത്ത – ആളുകളാണ് കമ്യൂണിസ്റ്റുകാരെങ്കിൽ അവർക്കിത്ര വമ്പിച്ച പ്രസ്ഥാനം സൃഷ്ടിക്കാൻ കഴിയുമോ?'' ('പാട്ടബാക്കി മുതൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി വരെ' ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജനയുഗം വിശേഷാൽപ്രതി 1954).
കമ്യൂണിസത്തിൽനിന്ന് കമ്യൂണിസ്റ്റ് വിരുദ്ധതയിലേക്ക് കൂടുമാറിയ സി.ജെ. തോമസ്, വിമോചനസമരകാലത്ത് കമ്യൂണിസ്റ്റ് സർക്കാറിനെ ആക്രമിക്കാനെഴുതിയ 'വിഷവൃക്ഷം' 'കമ്യൂണിസ്റ്റാക്കി'യുടെ പ്രതിനാടകമായിരുന്നു. സഖാവ് ഗോപാലൻ കമ്യൂണിസ്റ്റ് മന്ത്രിയും ജന്മി കേശവൻ നായർ പാർട്ടിയുടെ എം.എൽ.എയും പരമുപിള്ള പാർട്ടി അനുഭാവിയുമാകുന്ന നാടകത്തിൽ സുമാവലിയാണ് നാടകകൃത്തിന്റെ ശബ്ദമാകുന്നത്. മാല വെടിയേറ്റ് രക്തസാക്ഷിയാകുമ്പോൾ സഖാവ് മാത്യു മനംമടുത്ത് പാർട്ടിക്കാർഡ് തിരികെയേൽപിക്കുകയാണ്.
കമ്യൂണിസ്റ്റാക്കിയെഴുതി രണ്ടു പതിറ്റാണ്ടുകൾക്കുശേഷം, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പിന്റെ പശ്ചാത്തലത്തിൽ തോപ്പിൽ ഭാസി എഴുതി കെ.പി.എ.സി അവതരിപ്പിച്ച നാടകമാണ് 'ഇന്നലെ ഇന്ന് നാളെ'. നാടകത്തിന്റെ യവനിക ഉയരുന്നത് അവശനായ കറമ്പനെയും കൂട്ടി മാല തോപ്പിൽ ഭാസിയെ കാണാനെത്തുന്നിടത്താണ്. എന്നാൽ, താൻ സൃഷ്ടിച്ച ആ 'ലെജൻഡറി' കഥാപാത്രങ്ങളെ അഭിമുഖീകരിക്കാൻ കുറ്റബോധംകൊണ്ട് നാടകകൃത്ത് തയാറാകുന്നില്ല. പിന്നീട് 'നിങ്ങളാരെ കമ്യൂണിസ്റ്റാക്കി' എന്ന പേരിൽ സിവിക് ചന്ദ്രനെഴുതിയ മറ്റൊരു പ്രതിനാടകംകൂടി ഉണ്ടായി.