ഗൃഹാതുര സിനിമയുടെ കമ്പോളയുക്തികള്‍
സാഹിത്യത്തിലായാലും സിനിമയിലായാലും ഗൃഹാതുരത വലിയ വിൽപനച്ചരക്കാണ്. മലയാള സിനിമയിലെ ഗൃഹാതുരതയെ പഠനവിധേയമാക്കുകയാണ് ഇൗ ലേഖനം. എന്തുതരം ഗൃഹാതുരതകളാണ് മലയാള സിനിമ ഇന്നുവരെ കാണികളുമായി പങ്കുെവച്ചത്? സിനിമയും ഗൃഹാതുര വികാരപരിസരങ്ങളും തമ്മിലുള്ള വിപണികേന്ദ്രിത അന്തര്‍ധാര എന്താണ്?
മധ്യവര്‍ഗ മലയാളിയുടെ വൈകാരികസ്മൃതികളുടെ ഭാഗമായി നിലനില്‍ക്കുന്ന അനേകം ഘടകങ്ങളുണ്ട്. 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്നിന്നുകൊണ്ട് ഗതകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ മലയാളിയെന്ന അബോധത്തെ രൂപപ്പെടുത്തിയ ഇത്തരം നിരവധി ചേരുവകള്‍ കണ്ടെത്താനാകും. വിവര സാങ്കേതികവിദ്യയുടെയും...
Your Subscription Supports Independent Journalism
View Plansമധ്യവര്‍ഗ മലയാളിയുടെ വൈകാരികസ്മൃതികളുടെ ഭാഗമായി നിലനില്‍ക്കുന്ന അനേകം ഘടകങ്ങളുണ്ട്. 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്നിന്നുകൊണ്ട് ഗതകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ മലയാളിയെന്ന അബോധത്തെ രൂപപ്പെടുത്തിയ ഇത്തരം നിരവധി ചേരുവകള്‍ കണ്ടെത്താനാകും. വിവര സാങ്കേതികവിദ്യയുടെയും ആധുനിക മാധ്യമങ്ങളുടെയും വികാസത്തിനുമുമ്പ് മലയാളികളുടെ മധ്യാഹ്നമയക്കങ്ങളെ പൂരിപ്പിച്ചിരുന്ന ആകാശവാണിയില്‍നിന്ന് സംപ്രേഷണം ചെയ്തിരുന്ന ചലച്ചിത്രഗാനങ്ങള്‍, ദൂരദര്‍ശനിലെ 'ചിത്രഗീതം', 'ജംഗിള്‍ ബുക്ക്', 'ശക്തിമാന്', പുരാണ സീരിയലുകള്‍ തുടങ്ങിയവ ഇന്നത്തെ ഒരുവിഭാഗം മലയാളികളുടെ ഗൃഹാതുരസ്മരണകളുടെ ഭാഗമാണ്. വിനോദവ്യവസായത്തിന്റെ ധാരാളിത്തം പ്രകടമാകുന്ന ഇക്കാലത്ത് ജനപ്രിയ വിഭവങ്ങളുടെ ലഭ്യത താരതമ്യേന പരിമിതമായിരുന്ന 80കളിലെയും തൊണ്ണൂറുകളിലെയും അനുഭൂതികള്‍ പുനരാനയിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം? സമകാലിക ജനപ്രിയാഖ്യാനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന ഇത്തരം ഗൃഹാതുരതകളെക്കുറിച്ചുള്ള അന്വേഷണം മധ്യവര്‍ഗ മലയാളിയുടെ സാംസ്കാരിക പരിസരത്തെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ നോട്ടത്തിന് സാധ്യത നല്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നഗര-ഗ്രാമ വ്യത്യാസങ്ങള്‍ക്കപ്പുറമുള്ള ശ്രോതാക്കളെ ലക്ഷ്യംെവച്ച് എഫ്.എം സ്റ്റേഷനുകളില്‍നിന്ന് പ്രക്ഷേപണം ചെയ്യപ്പെടുന്ന തൊണ്ണൂറുകളിലെ ചലച്ചിത്ര ഗാനങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ജനരഞ്ജകമായി തുടരുന്നുവെന്നതും ഗൃഹാതുര സ്മരണകളെ അഭിസംബോധന ചെയ്യുന്നുവെന്നതും സജീവമായി പരിഗണിക്കേണ്ടതുണ്ട്. വൈയക്തികമായ അനുഭവതലം എന്നതിനപ്പുറം ഒരു ജനതയുടെ സഞ്ചിത സ്മൃതികളെ രൂപവത്കരിക്കുന്നതിലും നിയന്ത്രിക്കുന്നതിലും മുതലാളിത്ത വ്യവസ്ഥയുടെ വേഷപ്പകര്‍ച്ചകള്‍ കാരണമാകുന്നു.
മധ്യവര്‍ഗ മലയാളിയുടെ ഗൃഹാതുരതകളെ സാക്ഷാത്കരിക്കുന്ന വാണിജ്യസിനിമകളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനുമുമ്പ് ഓര്മ, ഗൃഹാതുരത എന്നീ സങ്കല്പനങ്ങള് തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കേണ്ടതുണ്ട്. പ്രാഥമികതലത്തില്‍ ഗൃഹാതുരതയെന്ന വൈകാരികതയില്‍ ഓര്‍മകള്‍ ഉള്ളടങ്ങിയിരിക്കുന്നതായി മനസ്സിലാക്കാം. എന്നാല്‍, മനുഷ്യന്റെ എല്ലാ തരത്തിലുള്ള ഓര്‍മകളും ഗൃഹാതുരമാകണമെന്നില്ല. ഇവിടെ ഇവയുടെ സാംസ്കാരിക പരിസരങ്ങളുടെ ഉള്‍പ്പിരിവുകള്‍ പ്രസക്തമാകുന്നു. ഓര്മ/ സ്മൃതി എന്ന പ്രതിഭാസം ഒരേസമയം ജൈവികവും സാംസ്കാരികവുമായ തലങ്ങള്‍ ഉള്ളടങ്ങുന്നതാണ്. മനുഷ്യമസ്തിഷ്കത്തിലെ ന്യൂറോണുകളുടെ സന്തുലിതമായ പ്രവര്‍ത്തനങ്ങളും മാനസികാരോഗ്യവും ഓര്‍മയെന്ന ശാരീരികാവസ്ഥയുടെ ഒരു വശമാകുന്നു. എന്നാല്‍, സാംസ്കാരികമായ പരിസരങ്ങളില്‍ ഓര്‍മയെന്നത് ചരരാശിയിലുള്ള സംഭവങ്ങളുടെ/ അനുഭവങ്ങളുടെ ചരിത്രപരമായ അനുഭൂതിയാകുന്നു. ഇത്തരമൊരു പരിസരത്തില്‍നിന്നും തികച്ചും ഭിന്നമായ അനുഭവമണ്ഡലമായാണ് ഗൃഹാതുരത നിലനില്‍ക്കുന്നത്. സമകാലിക സാഹചര്യങ്ങളില്‍നിന്നുകൊണ്ട് ജഡികാവസ്ഥയിലുള്ള ഇന്നലെകളിലേക്കുള്ള പിന്‍മടക്കമാണത്. പൂർവകാല ചരിത്രസംഭവങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സമഗ്രമായി പ്രവര്‍ത്തിക്കുന്നില്ല. അതിനാൽതന്നെ, ദുരിതപൂര്‍ണവും ദുഃഖഭരിതവുമായ തിക്തസ്മരണകള്‍ ഗൃഹാതുര ചിന്തകളുടെ ആഖ്യാനപരിസരങ്ങളില്‍ ഉള്‍പ്പെടുന്നില്ല. അതായത്, പ്രകൃതിക്ഷോഭങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും മനുഷ്യസമൂഹത്തിന്റെ ഓര്‍മകളുടെ ഭാഗമായും ചരിത്രമായും അവശേഷിക്കുമ്പോള്‍, അരിച്ചെടുക്കപ്പെടുന്ന തരളവും ദീപ്തവുമായ ഭൂതകാലക്കുളിര് മാത്രമാണ് ഗൃഹാതുര സ്മരണകളായി വ്യവച്ഛേദിക്കപ്പെടുക.
ത്വരിതഗതിയില്‍ നീങ്ങുന്ന ജീവിതാവസ്ഥകള്ക്കിടയില് ലഭിക്കുന്ന സ്വകാര്യവും വ്യക്തിപരവുമായ ചിതറിയ നിമിഷങ്ങളെ നഷ്ടസ്വപ്നങ്ങള്‍ എന്ന ഏകമാനത്തിലേക്ക് ചുരുക്കുവാനാകുന്നുവെന്നത് വിനോദവ്യവസായ മേഖല ആര്‍ജിച്ചെടുത്ത സ്വാധീനത്തിന്റെ ഫലമാണ്. സമൂഹത്തിന്റെ യാന്ത്രികമായ കുതിപ്പിന് തടസ്സം സൃഷ്ടിക്കാതെ തന്നെ ജൈവികമായ ചോദനകളില്‍ അഭിരമിക്കാനുള്ള അതിവൈകാരികമായ ക്ഷണമാണ് ഗൃഹാതുരതയുടെ വകഭേദങ്ങളിലൂടെ നടപ്പാകുന്നത്. മുതലാളിത്ത വ്യവസ്ഥിതി ഗൃഹാതുരതയെ പരിചരിക്കുന്നത് ഇത്തരത്തിലാണ്. മനുഷ്യന്റെ വിഭവശേഷിയുടെ പിന്‍ബലത്തില്‍ മാത്രം സാധ്യമാകുന്ന ഉല്പാദനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായതരത്തില്‍ കോർപറേറ്റ് വിനോദവ്യവസായ ശൃംഖല ഉൽപാദിപ്പിക്കുകയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്ന മായിക പ്രപഞ്ചമാണ് ഗൃഹാതുരത. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സിനിമയും ഗൃഹാതുര വികാരപരിസരങ്ങളും തമ്മിലുള്ള വിപണികേന്ദ്രിത അന്തര്‍ധാരയെക്കുറിച്ചുള്ള ആലോചനകള്‍ പ്രസക്തമാകുന്നത്.
ഉത്തരാധുനിക വ്യവസ്ഥിതിയും ഗൃഹാതുര സിനിമയും
ഉത്തരാധുനിക വ്യവസ്ഥിതിയെ പില്ക്കാല മുതലാളിത്തത്തിന്റെ (Late Capitalism) സാംസ്കാരിക യുക്തിയെന്ന നിലയില്‍ നിര്‍വചിച്ചത് നവ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ ഫ്രഡറിക് ജെയിംസണ് ആയിരുന്നു. കൂടാതെ, ഉത്തരാധുനികതയുടെ സവിശേഷതകള്‍ പരിശോധനാ വിധേയമാക്കുന്ന 'Post modernism and Consumer Society' എന്ന ലേഖനത്തില്‍ പാസ്റ്റീഷ്, പാരഡി എന്നീ സങ്കേതങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഭൂതകാല സാംസ്കാരിക പ്രവണതകളെ ഹാസ്യരൂപേണ അനുകരിക്കുന്ന പ്രവണതയെയാണ് പാരഡി എന്നതുകൊണ്ട് അദ്ദേഹം അടയാളപ്പെടുത്തുന്നത്. എന്നാല്‍, ഹാസ്യാത്മകമായ അനുകരണം എന്നതിലുപരി ഗതകാല രൂപങ്ങളെ പലമട്ടില്‍ പുനരാനയിക്കുന്ന പ്രവണതയാണ് പാസ്റ്റീഷ് എന്ന് െഫ്രഡറിക് ജെയിംസണ് നിര്‍വചിക്കുന്നു. മാത്രവുമല്ല, പാസ്റ്റീഷ് സമ്പ്രദായത്തിന് ഉദാഹരണമെന്ന നിലയില്‍ അദ്ദേഹം ഗൃഹാതുര സിനിമയെ (Nostalgia Film) കണ്ടെത്തുകയും ചെയ്യുന്നു. പ്രാഥമികതലത്തില്‍തന്നെ ഗൃഹാതുര സിനിമകളെന്ന് വിശേഷിപ്പിക്കാവുന്ന ജോര്‍ജ് ലൂക്കാസിന്റെ 'അമേരിക്കന്‍ ഗ്രഫിറ്റി' (1950കളിലെ അമേരിക്കന്‍ ജീവിതത്തെ ആസ്പദമാക്കി 1973ല്‍ പുറത്തുവന്ന ചിത്രം), റോമാന്‍ പൊളാന്‍സ്കിയുടെ 'ചൈന ടൗണ്‍' (1974), ബര്‍ണാഡോ ബെര്ട്ടലുച്ചിയുടെ 'ദ കണ്‍ഫോര്‍മിസ്റ്റ്' (1970) എന്നീ ചിത്രങ്ങളെ ജെയിംസണ് പ്രസ്തുത ലേഖനത്തില്‍ അടയാളപ്പെടുത്തുന്നു. എന്നാല്‍, വിശാലമായ തലത്തിലേക്ക് നീളുന്ന ഗൃഹാതുര സിനിമയെക്കുറിച്ചുള്ള സംവാദത്തില്‍ ജോര്‍ജ് ലൂക്കാസിന്റെ 'സ്റ്റാര്‍ വാര്‍സ്' (1977), ലോറന്‍സ് കാസ്ഡന്റെ 'ബോഡി ഹീറ്റ്' (1981) തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്.
ഭൂതകാലത്തെ പുനഃസൃഷ്ടിക്കുന്ന പ്രവണത പ്രത്യക്ഷത്തില്‍ ഇരു ചിത്രങ്ങളിലും പ്രകടമാകുന്നില്ലെങ്കിലും, അവയില്‍ അന്തര്‍ലീനമായിരിക്കുന്ന സാംസ്കാരിക പശ്ചാത്തലം 1970കളുടെ അന്ത്യത്തിലെ അമേരിക്കന്‍ ജനതയില്‍ ഗൃഹാതുരബോധം സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നുവെന്ന് ജെയിംസണ് നിരീക്ഷിക്കുന്നു. 'സ്റ്റാര്‍ വാര്‍സ്' എന്ന ചിത്രത്തിന്റെ പ്രമേയപരിസരം 1930- 50കളില്‍ ജനപ്രിയമായിരുന്ന 'ബക്ക് റോജേഴ്സ്' സീരിയല്‍ പശ്ചാത്തലത്തെ ഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ജെയിംസണ് നിരീക്ഷിക്കുന്നു. സമാനമായി, 'ബോഡി ഹീറ്റ്' എന്ന ചിത്രം സാങ്കേതികമായി ഗൃഹാതുര ചിത്രമെന്ന വിശേഷണത്തിന് അനുയോജ്യമല്ലെങ്കിലും ഫ്ലോറിഡയിലെ ഒരു ചെറിയ ഗ്രാമപ്രദേശത്ത് അരങ്ങേറുന്ന കഥ 1980കളിലെ സാങ്കേതിക പരിസരങ്ങളെ നിരാകരിക്കുകയും 1940കളെ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരത്തില്‍, അനിര്‍വചനീയമായ ഒരു ഗൃഹാതുര ഭൂതകാല പരിസരത്തിലാണ് പ്രസ്തുത സിനിമ ആവിഷ്കൃതമാകുന്നതെന്ന് ജെയിംസണ് കണ്ടെത്തുന്നു. സമാനമായി, മലയാളത്തില്‍ വിവിധ ഉദ്ദേശ്യങ്ങളോടെ നിര്‍മിക്കപ്പെട്ട സിനിമകളിലെ ഗൃഹാതുരതയുണര്‍ത്തുന്ന ഘടകങ്ങളെ ഇഴപിരിച്ചെടുക്കുക സാധ്യമാണ്. അപ്രകാരം, മധ്യവര്‍ഗ മലയാളിയെന്ന പൊതുബോധത്തെ അഭിസംബോധന ചെയ്യാനും പ്രസ്തുത നിര്‍മിതിയില്‍ ഉള്ളടങ്ങിയിരിക്കുന്ന പില്ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി തിരിച്ചറിയാനും സാധിക്കുന്നതാണ്.
ഗൃഹാതുര സിനിമകളുടെ ഘടനയും രാഷ്ട്രീയവും
ഗൃഹാതുര സിനിമകളെ മുന്‍നിര്‍ത്തിയുള്ള സവിശേഷ പഠനങ്ങളില്‍ പ്രധാനമായും അവയുടെ ഘടനയെയും രാഷ്ട്രീയത്തെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇത്തരം ചിത്രങ്ങളെ ഘടനാപരമായി പരിശോധിക്കുമ്പോള്‍ രണ്ട് തരം ആഖ്യാനപരിസരങ്ങള് ശ്രദ്ധയര്‍ഹിക്കുന്നു. അവയിലൊന്ന് ചലച്ചിത്രങ്ങളുടെ കഥാപരിചരണ രീതിയും പ്രമേയപരിസരങ്ങളുമാണ്. മറ്റൊന്ന്, ഗൃഹാതുരമായ അന്തരീക്ഷം നിര്‍മിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്ന സാങ്കേതികവശങ്ങളാണ്. ഗൃഹാതുരത്വം പ്രത്യക്ഷമായി അവതരിപ്പിക്കപ്പെടുന്ന സിനിമയിലെ പ്രമേയപരിസരങ്ങളെ പൊതുവില്‍ മൂന്നായി ഇനം തിരിക്കാം: 1. നഷ്ടപ്പെട്ട സവര്‍ണ ഭൂതകാലത്തോടുള്ള ആസക്തി, 2. സത്താപരമായി അന്യവത്കരണം അഭിമുഖീകരിക്കുന്ന പ്രവാസജീവിത സാഹചര്യങ്ങള്‍, 3. കാലപ്രവാഹത്തില്‍ മറഞ്ഞുപോയ ബാല്യ-കൗമാര ജീവിതവും സ്കൂള്‍-കോളജ് കാല പ്രണയ-സൗഹൃദ അന്തരീക്ഷവും. ഇവയെ ഫലപ്രദമായി ഉള്‍ച്ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്ന ചലച്ചിത്ര സാക്ഷാത്കാരങ്ങള്‍ക്ക് വിപണിമൂല്യമേറുന്നു. നഷ്ടപ്പെട്ട രാജഭരണത്തിന്റെയും തറവാടിത്തഘോഷണത്തിന്റെയും സുവര്‍ണകാല ഓര്‍മകളുമായി കഴിയുകയും ജാതിപ്രാമാണ്യത്തിന്റെ അവശിഷ്ടങ്ങള്‍ പേറുകയും ചെയ്യുന്ന സവര്‍ണ ജീവിതങ്ങളെ തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ കണ്ടെത്താനാകും. മമ്മൂട്ടി- മോഹന്‍ലാല്‍ താരദ്വന്ദ്വത്തിലധിഷ്ഠിതമായിരുന്ന പ്രസ്തുത കാലഘട്ടത്തിലെ മലയാള സിനിമാ വ്യവസായം വലിയൊരളവോളം ഇത്തരം നഷ്ടപ്രതാപങ്ങളുടെ വാഴ്ത്തുപാട്ടുകളായി നിലനില്ക്കുന്നു. 'അടിവേരുകള്‍' (1986), 'സന്മനസ്സുള്ളവര്ക്ക് സമാധാനം' (1986), 'ഭൂമിയിലെ രാജാക്കന്മാര്' (1987), 'ആര്യന്' (1988), 'ധ്രുവം' (1993), 'വാത്സല്യം' (1993) 'ദേവാസുരം' (1993), 'ആറാം തമ്പുരാന്' (1997) തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഗതകാല പ്രൗഢിയുടെ കെട്ടുകാഴ്ചകളുമായി കഴിയുന്ന വാര്‍പ്പുമാതൃകാ കഥാപാത്രങ്ങളെ കണ്ടെത്താനാകും.
ഉദാഹരണമായി, ജോഷി സംവിധാനം ചെയ്ത 'ധ്രുവം' പരിശോധിക്കാം. ജനാധിപത്യവ്യവസ്ഥിതിയിലെ ദുഷിച്ച രാഷ്ട്രീയ ഇടപെടലുകളില്‍ മനംമടുത്ത് തന്റെ സുഹൃത്തായ നരസിംഹ മന്നാടിയാരെ (മമ്മൂട്ടി) കാണാനായി ജോസ് നരിമാനോടൊപ്പം (സുരേഷ് ഗോപി) ഡി.ഐ.ജി മാരാര്‍ (ജനാർദനന്) കാറില്‍ യാത്ര പുറപ്പെടുന്നു. യാത്രയിലുടനീളം മാരാര്‍ സംസാരിക്കുന്നത് മൂന്ന് തലമുറകള്‍ക്ക് മുമ്പ് നാട്ടുരാജ്യമായിരുന്ന കാമാക്ഷിപുരത്തെക്കുറിച്ചും നരസിംഹ മന്നാടിയാരുടെ ആശ്രിതവാത്സല്യത്തെക്കുറിച്ചുമാണ്. കാമാക്ഷിപുരത്ത് എത്തിച്ചേര്‍ന്ന ജോസ് നരിമാനോട് അവിടെ ഇക്കാലത്തും പാലിച്ചുപോരുന്ന ആചാരങ്ങളെക്കുറിച്ച് കാര്യസ്ഥനും വിശദീകരിക്കുന്നു (ഇവിടെ ജോസ് നരിമാന് എന്ന പൊലീസ് കഥാപാത്രം കാമാക്ഷിപുരത്തേക്ക് പ്രവേശനം ലഭിക്കുന്ന ചലച്ചിത്രാസ്വാദകനായ പ്രേക്ഷകനെ പ്രതിനിധാനം ചെയ്യുന്നു). ചുരുക്കത്തില്‍, ആധുനിക ജനാധിപത്യരാജ്യമായി ഇന്ത്യ പരിഷ്കരിക്കപ്പെട്ടിരിക്കുന്ന കാലത്തും രാജവാഴ്ചയുടെ വര്‍ണനകളും വിധേയത്വവുമാണ് ആവിഷ്കാരം നേടുന്നത് ('ദില്ലിവാല രാജകുമാരന്,' 'നാറാണത്ത് തമ്പുരാന്,' 'കിലുകില് പമ്പരം,' 'നാടോടി മന്നന്' തുടങ്ങിയ പില്ക്കാല ചിത്രങ്ങളിലും സമാനമായി രാജഭരണ വ്യവസ്ഥിതിയോടുള്ള ആഭിമുഖ്യവും ഭൂതകാലാഭിരതിയും ആവര്‍ത്തിക്കപ്പെടുന്ന പ്രമേയങ്ങളാകുന്നു).
ഗൃഹാതുരതയുമായി ബന്ധപ്പെട്ട മറ്റൊരു ചലച്ചിത്ര പശ്ചാത്തലം പ്രവാസവുമായാണ് ചേര്ന്നുനില്ക്കുന്നത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, ക്ഷയിക്കുന്ന തറവാടുകള്‍ എന്നിവയുടെ ഫലമായുണ്ടാകുന്ന തൊഴില്‍ തേടിയുള്ള ആഭ്യന്തര-വൈദേശിക പ്രവാസങ്ങള്‍ക്ക് കേരളം പശ്ചാത്തലമായിട്ടുണ്ട്. അപ്രകാരം, അന്യദേശങ്ങളില്‍ കഴിയേണ്ടിവരുന്നവരുടെ വിഹ്വലതകളും പ്രതീക്ഷകളും ഒരുപറ്റം മലയാള സിനിമകള്‍ക്ക് വിഷയവുമായിരിക്കുന്നു. 'വരവേല്‍പ്പ്' (1989), 'മാമ്പഴക്കാലം' (2004), 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' (2016) തുടങ്ങിയ ചിത്രങ്ങളില്‍ പ്രമേയപരമായും മറ്റനേകം ചിത്രങ്ങളില്‍ ഗാനപശ്ചാത്തലമായും പ്രവാസിയുടെ ഗൃഹാതുര സ്മരണകള്‍ ആവിഷ്കരിച്ചിരിക്കുന്നു. മറുനാട്ടിലെ മലയാളികള്‍ക്ക് വിദൂരത്തിലുള്ള കേരളത്തെ ഭാവനചെയ്യാനും സ്വകാര്യതയിലെങ്കിലും നാട് പുനഃസൃഷ്ടിക്കാനുമുള്ള പ്രചോദനം സിനിമയടക്കമുള്ള വിനോദവ്യവസായ സംരംഭങ്ങളിലെ ചിത്രീകരണങ്ങള്‍ നല്കുന്നു. 'വരവേല്‍പ്പ്' എന്ന ചിത്രത്തില്‍ ഗള്‍ഫില്‍നിന്നും നാട്ടിലെത്തിച്ചേര്‍ന്ന മുരളി (മോഹന്‍ലാല്‍) തന്റെ പൂര്‍വകാല സ്മരണകളെ ഉണര്‍ത്തുന്നുണ്ട്. പല്ലുതേക്കുന്നതിനായി ഉമിക്കരിയും ഈര്‍ക്കിലും ഉപയോഗിച്ചും അമ്പലക്കുളത്തില്‍ മുങ്ങിക്കുളിച്ചും മഷിത്തണ്ട് പൊട്ടിച്ചു നടന്ന ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കിയുമെല്ലാം അയാള്‍ ഭൂതകാലത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട് അയാളില്‍ ഭൂതകാലത്തെ ഉണര്‍ത്തുന്നത് പുട്ടും കടലയുമാണ്. ഇപ്രകാരം, നാട്ടിലേക്കുള്ള പിന്മടക്കത്തില് 'കേരളീയ' ഓര്‍മകളും രുചികളും അയാള്‍ വീണ്ടെടുക്കുകയാണ്. പ്രവാസത്തിന്റെ തിക്താനുഭവങ്ങളെ അതിജീവിക്കാനുള്ള ചാലകശക്തിയായി അയാള്‍ നിലനിര്‍ത്തിയിരുന്നത് തന്റെ നാടുമായുള്ള ഭൂതകാല ബന്ധമാണ്.
സ്കൂള്‍/ കലാലയങ്ങളാണ് ഗൃഹാതുര ബോധത്തെ തൊട്ടുണര്‍ത്തുന്ന ഇതര ചലച്ചിത്ര പ്രമേയങ്ങള്‍. സൗഹൃദങ്ങളും നഷ്ടപ്രണയങ്ങളും നിര്‍വചിക്കുന്ന ബാല്യ-കൗമാര കാലങ്ങളെ ജീവിതത്തിന്റെ മധ്യാഹ്നത്തിലും സായാഹ്നത്തിലും പിന്തിരിഞ്ഞ് നോക്കുന്ന പ്രമേയങ്ങള്‍ നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട്. തമിഴ് സിനിമകളായ 'ഓട്ടോഗ്രാഫ്' (2004), '96' (2018), തെലുഗു ചിത്രമായ 'ഹാപ്പി ഡെയ്സ്' (2007) തുടങ്ങിയവയും സമാനപ്രമേയങ്ങളോടെ പുറത്തുവന്നവയും കേരളത്തില്‍ തരംഗമായവയുമാണ്. 'ക്ലാസ് മേറ്റ്സ്' (2006), 'നോട്ട് ബുക്ക്' (2006), 'പ്രേമം' (2015), 'ജൂണ്‍' (2019), 'ലോനപ്പന്റെ മാമ്മോദീസ' (2019), 'ഹൃദയം' (2022) തുടങ്ങിയ മലയാള ചിത്രങ്ങള്‍ വിപണിവിജയം നേടിയതും കൃത്യമായ ചേരുവയെന്ന നിലയില്‍ ഗൃഹാതുര സ്മരണകളെ ചലച്ചിത്രാഖ്യാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടു മാത്രമാണ്. പൂര്‍വവിദ്യാർഥി സംഗമത്തില്‍ സഹപാഠികളെ കാണുന്നതിനായി പുറപ്പെടുന്ന ലോനപ്പന് (ജയറാം/ ലോനപ്പന്റെ മാമ്മോദീസ) തന്റെ സഹോദരിമാരോട് പലഹാരങ്ങള്‍ ഉണ്ടാക്കി നൽകാന് ആവശ്യപ്പെടുന്നു. തന്റെ സഹപാഠികളായിരുന്നവരുടെ മുന്നില്‍ അപകര്‍ഷബോധത്തോടെ ഇരിക്കുമ്പോഴും ലോനപ്പന്റെ മനസ്സില്‍ ബാല്യകാല സ്കൂള്‍ ജീവിതം ഒളിമങ്ങാതെ നില്ക്കുന്നു. കഥ പറയുവാനുള്ള അയാളുടെ കഴിവുപോലും സിനിമാപരിസരത്തില് തിരിച്ചറിയപ്പെടുന്നത് അത്തരമൊരു പശ്ചാത്തലത്തിലൂടെയാണ്. സമാനമായ പരിചരണം 'ഹൗ ഓൾഡ് ആര് യു' (2014) എന്ന ചിത്രത്തിലും പ്രകടമാണ്. സുഹൃത്തിനോടൊപ്പം കലാലയത്തിലേക്കുള്ള നിരുപമയുടെ (മഞ്ജു വാര്യര്‍) പിന്മടക്കം ജീവിതത്തിന്റെ വഴിമാറിനടത്തത്തിന് ഊര്ജമാകുന്നതായി പ്രസ്തുത ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
പ്രമേയപരിസരങ്ങളിലേക്കുള്ള ഗൃഹാതുര സ്മരണകളുടെ സന്നിവേശത്തോടൊപ്പം സാങ്കേതികമായി ഇവ എപ്രകാരം സംവദിക്കുന്നുവെന്നതും പ്രസക്തമാണ്. ഫ്ലാഷ്ബാക്ക് സങ്കേതവും കളര്ചിത്രങ്ങളിലെ കറുപ്പിലും വെളുപ്പിലുമുള്ള രംഗങ്ങളും ഭൂതകാലത്തേക്കുള്ള പിന്മടക്കത്തെ സാങ്കേതികമായി സൂചിപ്പിക്കുന്നു. ഇവയില്‍നിന്ന് വ്യത്യസ്തമായി, സെപിയ കളര്‍ ടോണുകളുടെ ഉപയോഗം വഴിയും സവര്‍ണമായ ഭൂതകാലാഭിരതി മലയാള ചിത്രങ്ങളില്‍ നിര്‍മിക്കപ്പെടുന്നു. സിനിമകളിലെ നിറങ്ങളുടെ രാഷ്ട്രീയം പഠനവിധേയമാക്കിയ അജു കെ. നാരായണന്, ചെറി ജേക്കബ് കെ എന്നിവരുടെ നിഗമനങ്ങളില്‍ വരേണ്യമായ ദേശീയ കാല്പനിക ബിംബങ്ങളെ പുനരാനയിക്കാന്‍ സെപിയ കളര്‍ ടോണുകള്‍ ഉപയോഗപ്പെടുത്തുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ആധുനിക കാലത്ത് പൈതൃകം, പാരമ്പര്യം, സവര്‍ണത എന്നിവയിലധിഷ്ഠിതമായ ഗൃഹാതുരമൂല്യങ്ങളുടെ ചിത്രീകരണം സാധ്യമാക്കാന്‍ നവീന സാങ്കേതിക സാധ്യതകള്‍ ബോധപൂര്‍വം പ്രയോജനപ്പെടുത്തുന്ന പ്രവണത മലയാള സിനിമയില്‍ നിലനില്ക്കുന്നു.
മലയാള സിനിമയില്‍ ഗൃഹാതുരമായ അന്തരീക്ഷത്തിന്റെ വിപണന സാധ്യതയെ നിര്‍മിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തെല്ലാമായിരിക്കും? ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിലൂടെ റദ്ദാക്കപ്പെട്ട രാജഭരണവ്യവസ്ഥിതി, ഭൂപരിഷ്കരണ നിയമങ്ങള്‍ വഴി വിഭവങ്ങളിന്മേല് സവര്‍ണ സമുദായങ്ങള്‍ക്ക് ലഭ്യമായിരുന്ന അവകാശങ്ങള്‍ അസ്ഥിരമാക്കപ്പെടുന്ന അവസ്ഥ തുടങ്ങിയവ കേരളീയ പൊതുബോധത്തിലേൽപിച്ച ആഘാതം പിന്നീട് നഷ്ടബോധങ്ങളായി പരിണമിച്ചു. സമാനമായി, കാല-ദേശ സമവാക്യങ്ങളെ അഭിസംബോധന ചെയ്തു വന്ന പ്രവാസം, ആഗോളീകരണം തുടങ്ങിയവ ഉയര്‍ത്തിയ മലയാളീ സ്വത്വബോധ നഷ്ടവും ഇത്തരമൊരു സാമൂഹിക സാഹചര്യത്തിന് അനുകൂലമായി ഭവിച്ചു. ആഗോളീകരണത്തോടെ സംഭവിച്ച അന്താരാഷ്ട്ര വിപണിയുടെ കടന്നുവരവ് തദ്ദേശീയ നിര്‍മിതികളെ ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തി. ഉദാഹരണമായി, ഇന്ത്യന്‍ നിരത്തുകളില്‍ തൊണ്ണൂറുകള്‍ വരെ സുരക്ഷയുടെയും ഒരു പരിധിവരെ പ്രൗഢിയുടെയും ചിഹ്നമായിരുന്ന അംബാസഡര്‍ കാറുകള്‍ വിദേശ കാര്‍ നിര്‍മാതാക്കളുടെ വരവോടെ വിപണിയില്‍നിന്ന് പിന്‍വാങ്ങി.
ഇത്തരമൊരു സവിശേഷ സാഹചര്യത്തിലാണ് ആഗോള മുതലാളിത്തത്തിന്റെ സവിശേഷ ശ്രദ്ധ ഇന്ത്യന്‍ ഭൂതകാലങ്ങളിലേക്ക് തിരിയുന്നത്. പഴമയുടെ ഗരിമയില്‍ അഭിരമിച്ചിരുന്ന ജനതയെ ആഗോളീകരണത്തിലൂടെ പുതുസാധ്യതകള്‍ പരിചയപ്പെടുത്തിയതുപോലെ, തനിമകളെ തിരിച്ചറിയാനും മുതലാളിത്ത വ്യവസ്ഥിതി അനുശീലിപ്പിച്ചു. വിനോദ വ്യവസായ പദ്ധതികളുടെ ഭാഗമായി ഉയര്‍ന്നുവന്ന പൈതൃക വ്യവസായ പദ്ധതികള്‍ ഗൃഹാതുരമായ ഇന്നലെകളെ വിപണികേന്ദ്രിതമായി പുനഃസ്ഥാപിക്കുന്ന ബൃഹത് പദ്ധതിയാണ്. സവര്ണഭൂതകാലത്തിന്റെ സൂചകങ്ങളായിരുന്ന കോവിലകങ്ങള്‍, ഓട്ടുപാത്രങ്ങള്‍, കോളാമ്പി, ഗ്രാമഫോണ്‍, ഓട്ടുവിളക്ക്, വെറ്റിലച്ചെല്ലം, ആഭരണപ്പെട്ടികള്‍ എന്നിവ ഇപ്രകാരം പുനഃപ്രതിഷ്ഠിക്കപ്പെട്ടു. ഉപയോഗശൂന്യമായ പഴയവ പലതും സ്വീകരണമുറിയിലെ പ്രൗഢി വർധിപ്പിക്കുന്ന അലങ്കാരവസ്തുക്കളായി മാറി. മധ്യവര്‍ഗ മലയാളിയുടെ ഗൃഹാതുര ഭാവനയെ പിന്‍പറ്റിയാണ് ഹെറിറ്റേജ് ടൂറിസത്തിന്റെ സാധ്യതകള്‍ ഇന്ന് നിലനില്‍ക്കുന്നത്. ഇത്തരത്തിലുള്ള പുരാവസ്തുക്കളുടെ മൂല്യം മോഹവിലയായി മാറുന്നതും 'വിന്റെജ്' എന്ന സങ്കല്പം നിര്‍മിക്കപ്പെടുന്നതും പൈതൃക വ്യവസായത്തിന്റെ വാണിജ്യയുക്തിയില്‍ അധിഷ്ഠിതമായാണ്.
പൈതൃക വ്യവസായവുമായി ബന്ധപ്പെട്ട വ്യാജനിര്‍മിതികളെ അഭിസംബോധനചെയ്ത സമകാലിക മലയാള സിനിമയാണ് 2022ല്‍ പുറത്തുവന്ന 'തീര്‍പ്പ്.' മോന്സണ് മാവുങ്കല്‍ നിര്‍മിച്ച കപട പൈതൃക വ്യവസായത്തെ പശ്ചാത്തലത്തിലാവിഷ്കരിച്ച ചിത്രമെന്ന നിലയില്‍കൂടിയാണ് 'തീര്‍പ്പ്' ശ്രദ്ധ നേടിയത്. പൈതൃകവസ്തുക്കളുമായി ബന്ധപ്പെട്ട വ്യാജവാദങ്ങളെ യുക്തികൊണ്ടോ ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലോ വ്യവച്ഛേദിക്കാന്‍ കഴിയാത്ത വിധത്തില്‍ ഭൂതകാലാഭിരതി പുലര്‍ത്തുന്ന പൊതുബോധത്തെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രംകൂടിയായിരുന്നു അത്. മുതലാളിത്ത വ്യവസ്ഥിതിയോട് കലഹിക്കുന്ന പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചിഹ്നവ്യവസ്ഥയെപ്പോലും ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യാജമായ ഗൃഹാതുരസ്മരണകളെ നിര്‍മിക്കാനും നിലനിർത്താനും മുഖ്യധാരാ മലയാള സിനിമകള്‍ക്ക് ഇന്ന് സാധിക്കുന്നുണ്ട് ('ലാല്‍സലാം' മുതല്‍ 'സഖാവ്,' 'ഒരു മെക്സിക്കന്‍ അപാരത,' 'സി.ഐ.എ' വരെയുള്ള നിരവധി ചിത്രങ്ങള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാനാകും). കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിക്കുന്ന മുദ്രാവാക്യങ്ങള്‍, വിപ്ലവഗാനങ്ങള്‍, അടയാള വാക്യങ്ങള്‍ തുടങ്ങിയവ സന്നിവേശിപ്പിച്ച് കാല്പനികമായ ഒരു വിപ്ലവ ഗൃഹാതുരത നിര്‍മിക്കുവാന്‍ ഇത്തരം സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയ സിനിമ ചര്‍ച്ചകളില്‍ ഉയരുന്ന താരനായകന്മാരുടെ മുന്‍കാലങ്ങളിലെ അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളെ സംബന്ധിച്ച ആലോചനകള്‍ ഇത്തരമൊരു പരിപ്രേക്ഷ്യത്തില്‍ പ്രസക്തമാകുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ ക്ലാസിക്കല്‍, വിന്റെജ് അഭിനയ ശൈലികള്‍ വാഴ്ത്തുന്നതിൽപോലും ഗൃഹാതുരതയുമായി ബന്ധപ്പെട്ട അനുരണനങ്ങളാണ് വെളിവാകുന്നത്. സമകാലിക ചിത്രങ്ങളില്‍ പ്രസ്തുത താരങ്ങള്‍ നേരിടുന്ന വിപണി പരാജയവും ആവര്‍ത്തന വിരസമായ അഭിനയ ശൈലിയും വലിയൊരളവോളം ന്യായീകരിക്കപ്പെടുന്നത് അവരുടെ പൂര്‍വകാല അഭിനയ മുഹൂര്‍ത്തങ്ങളെ മുന്‍നിര്‍ത്തി സജീവമാകുന്ന സംവാദങ്ങളിലൂടെയാണ്.
ഇന്നത്തെ സമൂഹമാധ്യമങ്ങള്‍ കാലം, ദേശം എന്നിവക്ക് അതീതമായതും സവിശേഷ സാംസ്കാരിക പശ്ചാത്തലം പിന്‍പറ്റുന്നതുമായ മലയാളികളെ പ്രതീതി യാഥാർഥ്യ ലോകത്തിലെ കൂട്ടങ്ങളായി നിലനിര്‍ത്തുന്നവയാണ്. ഇത്തരം കൂട്ടങ്ങളെ സക്രിയമാക്കുന്നത് അവര്‍ പൊതുവില്‍ പങ്കുെവക്കുന്നുവെന്ന് അവകാശപ്പെടുന്ന ഗൃഹാതുര സ്മരണകളാണ്. അതിനാൽതന്നെ, മലയാളി സ്വത്വം ആഘോഷിക്കപ്പെടുന്ന ഓണം, വിഷു, കേരളപ്പിറവി തുടങ്ങിയവയുടെ സന്ദര്‍ഭങ്ങളില്‍ താൽക്കാലികത്വത്തിലധിഷ്ഠിതമായതും പ്രതീതി ജനിപ്പിക്കുന്നതുമായ വേഷം, ഭക്ഷണക്രമം, ആചാരമര്യാദകള്‍ എന്നിവ പാലിക്കപ്പെടുന്നു. ''ഏതു ധൂസര സങ്കല്പങ്ങളില് വളര്‍ന്നാലും/ ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും/ മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് വെളിച്ചവും/ മണവും മമതയും ഇത്തിരി കൊന്നപ്പൂവും'' എന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'വിഷുക്കണി'യിലെ വരികള്‍ക്കും അതിലെ സങ്കല്പങ്ങള്ക്കും ഇത്തരം ആഘോഷവേളകളില്‍ ലഭിക്കുന്ന സ്വീകാര്യതയും പ്രചാരവും അദൃശ്യമായി വിരല്‍ചൂണ്ടുന്നത് മലയാളിയുടെ ഗൃഹാതുരബോധമെന്ന താൽക്കാലിക നിര്‍മിതിയിലേക്കും പൈതൃക വ്യവസായത്തിന്റെ സ്വാധീനതയിലേക്കുമാണ്.
(തുടരും)
സൂചനകള്‍
Jameson, Fredric. 'Postmodernism and Consumer Society', The Cultural Turn. London: Verso, 1998.
ഷീബ എം. കുര്യന്. 'ആഗോളീകരണകാലത്തെ ഗൃഹാതുര സിനിമകള്‍', ഫോക്കസ് സിനിമാപഠനങ്ങള്‍. തൃശൂര്‍: ഗയ പുത്തകച്ചാല, 2021.
അജു കെ. നാരായണന്, ചെറി ജേക്കബ് കെ, 'സിനിമയിലെ നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങള്‍', സിനിമ മുതല്‍ സിനിമ വരെ. കോട്ടയം: എസ്.പി.സി.എസ്, 2016.
സന്തോഷ്, ഒ.കെ, 'ദളിത് ഭൂതകാലവും വരേണ്യ ഫെറ്റിഷിസവും', utharakalam.com.