ഒരു ജാതി സംവരണം!

പ്രശാന്ത് ഈഴവൻ സംവിധാനംചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ കാണുന്നു. ആ സിനിമ സവർണ സംവരണത്തെ എങ്ങനെയൊക്കെ ചോദ്യംചെയ്യുന്നു എന്ന് വിശദമാക്കുകയാണ് ലേഖകൻ. ‘‘ഇന്റർവ്യൂവിൽ നമ്മൾ ഒന്നിച്ചായിരുന്നു... എന്നെക്കാൾ മാർക്ക് കുറവായിരുന്നിട്ടും തനിക്ക് ഈ ജോലി കിട്ടി. സവർണനായിരുന്നതുകൊണ്ട് എന്നെ തട്ടിപ്പോയി. സത്യത്തിൽ ഒരു നായരായി ജനിച്ചതിൽ അന്നാണ് എനിക്ക് ദുഃഖം തോന്നിയത്.’’ടി. ദാമോദരൻ തിരക്കഥയെഴുതിയ ‘അടിവേരുകൾ’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ബാലകൃഷ്ണൻ എന്ന നായക കഥാപാത്രം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മുഖത്തുനോക്കി പറയുന്ന സംഭാഷണമാണ് മുകളിൽ ചേർത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ (മുകേഷ്)...
Your Subscription Supports Independent Journalism
View Plansപ്രശാന്ത് ഈഴവൻ സംവിധാനംചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ കാണുന്നു. ആ സിനിമ സവർണ സംവരണത്തെ എങ്ങനെയൊക്കെ ചോദ്യംചെയ്യുന്നു എന്ന് വിശദമാക്കുകയാണ് ലേഖകൻ.
‘‘ഇന്റർവ്യൂവിൽ നമ്മൾ ഒന്നിച്ചായിരുന്നു... എന്നെക്കാൾ മാർക്ക് കുറവായിരുന്നിട്ടും തനിക്ക് ഈ ജോലി കിട്ടി. സവർണനായിരുന്നതുകൊണ്ട് എന്നെ തട്ടിപ്പോയി. സത്യത്തിൽ ഒരു നായരായി ജനിച്ചതിൽ അന്നാണ് എനിക്ക് ദുഃഖം തോന്നിയത്.’’
ടി. ദാമോദരൻ തിരക്കഥയെഴുതിയ ‘അടിവേരുകൾ’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ബാലകൃഷ്ണൻ എന്ന നായക കഥാപാത്രം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മുഖത്തുനോക്കി പറയുന്ന സംഭാഷണമാണ് മുകളിൽ ചേർത്തത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥൻ (മുകേഷ്) ബാലകൃഷ്ണനെ കാണുന്ന മാത്രയിൽ ഒരു കള്ളനെപ്പോലെ പരുങ്ങുന്ന രംഗം സിനിമ സൃഷ്ടിക്കുന്നുണ്ട്. ഈ പരുങ്ങലിന്റെ കാരണമായിട്ടാണ് സംവരണത്തിൽ ജോലി നേടി എന്ന അതിവിചിത്രമായ കുറ്റം ആ കഥാപാത്രത്തിൽ ആരോപിക്കപ്പെടുന്നത്. ദേവസ്വം ബോർഡിന്റെ എയ്ഡഡ് കോളജിൽ അമ്പതിനായിരം രൂപ കൈക്കൂലി കൊടുത്ത് അധ്യാപക പോസ്റ്റിൽ കയറിപ്പറ്റാൻ ബാലകൃഷ്ണൻ ചട്ടംകെട്ടുന്ന രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. കോഴപ്പണം സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ, തറവാട്ടിലെ ആനയെ വില നിശ്ചയിച്ച് ദേവസ്വം ബോർഡിൽ നടയിരുത്തുന്നു. എന്നാൽ, ആനയെ ഉപേക്ഷിക്കാൻ വൈകാരികമായി കഴിയാത്ത അവസ്ഥയിലാണ് അഭിജാത തറവാട്ടുകാരനായ ബാലകൃഷ്ണൻ വനത്തോടു ചേർന്നുള്ള തടിക്കൂപ്പിൽ ആനക്കാരനായി തൊഴിലിനെത്തുന്നത്. പ്രേക്ഷകരുടെ സിംപതി മൊത്തമായും കഥാപാത്രത്തിലേക്ക് ഒഴുകിച്ചേരാൻ ഇത്രയുമൊക്കെ ധാരാളം. അതുകൊണ്ടാണ് ആ കഥാപാത്രം വഴി പുറംചാടുന്ന സംവരണവിരുദ്ധ ജൽപനങ്ങൾ ആൾക്കൂട്ടമപ്പാടെ തൊണ്ടതൊടാതെ വിഴുങ്ങിപ്പോകുന്നത്.
നാട്ടിലുണ്ടാകുന്ന എല്ലാത്തരം പുരോഗമനങ്ങളും സവർണ ജീവിതത്തിന് ദുരന്തമാകുന്നു എന്ന നിരന്തരമായ പറച്ചിൽ മലയാള സിനിമയുടെയും സാഹിത്യത്തിന്റെയും നടപ്പുദീനമാണ്. ഇതേ സാംക്രമികദീനം ‘അടിവേരുകൾ’ എന്ന മോഹൻലാൽ സിനിമയും ആദർശമാക്കുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന മുകേഷിന്റെ കഥാപാത്രത്തെ ചൂണ്ടി കുതിരവട്ടം പപ്പു അവതരിപ്പിക്കുന്ന ആനക്കാരൻ പറയുന്ന സംഭാഷണത്തിൽ മലയാള സിനിമയുടെ ജാതിവെറിയും സംവരണ വിരുദ്ധതയും കൂടുതൽ വ്യക്തമാണ്. ആ ഉദ്യോഗസ്ഥൻ പുലയൻ ചാത്തന്റെ മകനാണെന്നും അവനിപ്പോൾ ക്രിസ്ത്യാനിയാണെന്നും അവരുടേത് നന്ദിയില്ലാത്ത ജാതിയാണെന്നുമൊക്കെ കുതിരവട്ടം പപ്പുവിന്റെ ടിപ്പിക്കൽ കഥാപാത്രം ‘അടിവേരുകൾ’ എന്ന സിനിമയിൽ ചീത്ത വിളിക്കുന്നുണ്ട്. അഭിജാത ചിന്തകളിലുള്ള സാമുദായിക സംവരണ വെറുപ്പെന്ന അബോധത്തിന്റെ ഫാബ്രിക്കേഷൻ കൃത്യമായും ഈ സിനിമ പേറുന്നു.
ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ ജനാധിപത്യവത്കരണത്തിൽ സംവരണത്തിന്റെ ചരിത്രവും പ്രാധാന്യവും അൽപംപോലും മനസ്സിലാക്കാൻ മെനക്കെടാതെ തികച്ചും വൈകാരികമായി എഴുതിയ സംവരണ വിരുദ്ധമായ ആ സംഭാഷണം കഥാസന്ദർഭം സൃഷ്ടിച്ച പിരിമുറുക്കത്താൽ എല്ലാവരും സത്യംപോലെ വിശ്വസിച്ചുപോകുന്നു.
സാമുദായിക സംവരണത്തോടുള്ള സവർണ എതിർപ്പിനെ മുഴുവൻ മനുഷ്യരിലേക്കും സമൃദ്ധമായി ഒളിച്ചുകടത്തുക എന്ന ദുഷ്ടലാക്കാണ് അത്തരം സിനിമകളുടെ സംവിധാനം ലക്ഷ്യമിടുന്നത്.
തന്റെ മകൾക്ക് കോളജിൽ അഡ്മിഷൻ കിട്ടാത്തത് സംബന്ധിച്ച് ‘മയൂഖം’ എന്ന സിനിമയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്ന ഡയലോഗും സവർണ ലോകം ആധിപത്യം പുലർത്തുന്ന മലയാള സിനിമയുടെ സംവരണ വിരുദ്ധ മനസ്സിനെയാണ് അടിവരയിടുന്നത്.
‘‘ഫസ്റ്റ് ക്ലാസ് ഉണ്ടായിട്ട് എന്താ, ജാതിയിൽ തോറ്റുപോയില്ലേ?’’ എന്ന് നെടുമുടി വേണു അവതരിപ്പിക്കുന്ന തറവാട്ടച്ഛൻ കഥാപാത്രം രോഷാകുലനാകുമ്പോഴും സാമുദായിക സംവരണത്തോടുള്ള സവർണ വിരോധം കാഴ്ചക്കാരിലേക്ക് ഒളിച്ചുകടക്കുന്നുണ്ട്.
‘ഗുരു’, ‘ആര്യൻ’, ‘നാടോടിക്കാറ്റ് ’, ‘വിയറ്റ്നാം കോളനി’, ‘ഇവിടെ’, ‘ഏയ് ഓട്ടോ’, ‘ഏഴാം അറിവ്’, ‘അദ്വൈതം’ തുടങ്ങി മലയാള സിനിമ ആഘോഷമാക്കിയ ഒട്ടനവധി സിനിമകളുടെ സ്രഷ്ടാക്കൾ സാമുദായിക സംവരണം എന്ന രാഷ്ട്രീയ പ്രക്രിയയെ അൽപംപോലും മനസ്സിലാക്കാതെ അതിനെ അവഹേളിക്കാനാണ് അവസരം മുതലെടുത്തത്. സവർണമായ ജാതി മേൽക്കോയ്മയെ വീണ്ടെടുക്കുകയും വാഴ്ത്തിപ്പാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംവിധാനം ചെയ്യപ്പെട്ടതാണ് ഏറെയും മലയാള സിനിമകൾ.
ജാതീയമായ എക്സ് ക്ലൂഷനെതിരെ രൂപപ്പെട്ട രാഷ്ട്രീയ ഇടപെടലായ സംവരണത്തെ അധിക്ഷേപിക്കാൻ അത്തരം സിനിമകൾ നിരന്തരം ശ്രമിക്കുന്നതും വരേണ്യബോധം മുച്ചൂടും പേറുന്നതുകൊണ്ടുതന്നെയാണ്. നവോത്ഥാനത്തിൽനിന്നും പിന്തിരിഞ്ഞു നടക്കാനും പഴയ ജാതിയെ അനക്കമില്ലാതെ പേറാനും ഒരു ജനതയെ ആഹ്വാനംചെയ്യുന്ന ജനപ്രിയ സിനിമകൾ ഫ്യൂഡൽ തറവാടുകളെയും അത്തരം തറവാടുകളുടെ ജാതി അധികാരത്തെയും പുനഃസ്ഥാപിക്കാനാണ് ശ്രമം നടത്തിയിട്ടുള്ളത്.
സവർണ കുടുംബങ്ങളിലെ ദാരിദ്ര്യത്തെ നിരന്തരം പെരുപ്പിച്ചു കാണിക്കുക വഴി സാമുദായിക സംവരണം തെറ്റാണെന്നും, സാമ്പത്തികമാകണം സംവരണത്തിന്റെ മാനദണ്ഡമെന്ന് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊതുബോധവും സാഹിത്യവും സിനിമയും അഭിജാത നേതൃത്വമുള്ള രാഷ്ട്രീയ പ്രവർത്തനവും കൂട്ടുചേർന്ന് സാമ്പത്തിക സംവരണത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുകയാണ് ചെയ്തത്. തുടർന്ന് സാമ്പത്തിക സംവരണം എന്ന് പേരിട്ട് സവർണ സംവരണം നടപ്പാക്കുകയുംചെയ്തിരിക്കുന്നു. എന്നാൽ, സവർണ സംവരണം സമൂഹത്തിൽ ഉണ്ടാക്കിയ ആഘാതം എന്താണെന്ന് സത്യസന്ധമായി പഠിക്കുകയോ വിശകലനംചെയ്യുകയോ ചെയ്തിട്ടില്ല.
ആ സാഹചര്യത്തിൽ സാമ്പത്തിക സംവരണം എന്ന പേരിൽ ഉണ്ടായ സവർണ സംവരണം സാമൂഹികനീതിയല്ലെന്ന് ഉദാഹരണസഹിതം സ്ഥാപിക്കുന്ന സിനിമയാണ് പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ.
കൗമാരക്കാരായ വിദ്യാർഥികളുടെ സൗഹൃദ ലോകത്തെ മുൻനിർത്തി മലയാളത്തിൽ നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘വിനോദം’, ‘പ്രേമലു’ തുടങ്ങിയ സിനിമകൾ അത്തരത്തിൽ ഏറെ വിജയിച്ചതുമാണ്. പ്രണയം, സൗഹൃദം, അടിച്ചുപൊളി, സെന്റിമെന്റ്സ് തുടങ്ങിയ സ്ഥിരം ചേരുവകൾക്കപ്പുറം പ്രത്യേകിച്ച് ആശയലോകമൊന്നും അത്തരം സിനിമകൾ തുറന്നിടുന്നില്ല എന്നത് പരിമിതിയാണ്. അത്തരം സിനിമകൾ നിത്യമായി പറയുന്നത് വിദ്യാലയ സമൂഹം തുറന്ന സൗഹൃദത്താൽ മതിലില്ലാ മനസ്സുകൾ എന്നൊക്കെയാണ്. എന്നാൽ, സിനിമകൾ തെറ്റിദ്ധരിപ്പിക്കുംപോലെ വിദ്യാർഥികൾ എന്നത് ഒറ്റ സംവർഗമല്ല. വിദ്യാർഥികൾ എന്ന സാമാന്യ നാമത്തിൽ വ്യത്യസ്ത കാറ്റഗറികൾ നിലനിൽക്കുന്നുണ്ട്. വിദ്യാലയങ്ങളിലെ രജിസ്റ്റർ ബുക്കിൽ ആ വസ്തുതകൾ വ്യക്തവുമാണ്.
‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമയിൽ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പോളിടെക്നിക് കോളജിൽ അഡ്മിഷൻ പ്രതീക്ഷിച്ചിരിക്കുന്ന നാല് കൂട്ടുകാരുടെ കഥയാണ് പറയുന്നത്. അവരുടെ കാറ്റഗറി കൃത്യമായി സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. ഈഴവരും മുസ്‍ലിംകളും ദലിതരും സംവരണം ഉള്ളതുകൊണ്ട് വലിയ മാർക്കില്ലെങ്കിലും അഡ്മിഷൻ നേടിയെടുക്കുമെന്നതാണ് കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പൊതുബോധം. സംവരണം ഉള്ളതുകൊണ്ട് അർഹതപ്പെട്ടതിനേക്കാൾ വിദ്യാഭ്യാസ/തൊഴിൽ അവസരങ്ങളും സംവരണീയ സംവിധായവിഭാഗങ്ങൾ കൈയടക്കി എന്ന നുണപ്രചാരണവും സിനിമകളും സാഹിത്യസൃഷ്ടികളും വഴി കേരളത്തിൽ ശക്തമാണ്.
ഉണ്ണി മുകുന്ദൻ എന്ന സിനിമാനടൻ സാമുദായിക സംവരണത്തിനെതിരെ സംസാരിക്കുന്ന വിഡിയോ അനേകലക്ഷങ്ങൾ ഷെയർ ചെയ്തു കണ്ടുവെന്നത് സംവരണവിരുദ്ധമായ പൊതുബോധത്തെയാണ് വ്യക്തമാക്കുന്നത്. സാമുദായിക സംവരണത്തോട് വെറുപ്പുൽപാദിപ്പിക്കാൻ ബോധപൂർവം കെട്ടിച്ചമച്ച സെലക്ട് പബ്ലിക് ഒപ്പീനിയൻ വിഡിയോയും കണ്ടവരുടെയും ഷെയർ ചെയ്തവരുടെയും ആധിക്യവും വ്യക്തമാക്കുന്നത് കലാസൃഷ്ടികളിലൂടെ പൊളിച്ചുകിടത്തിയ സവർണരുടെ സംവരണ വിരുദ്ധ അജണ്ട സവർണ ഫലം കണ്ടു എന്നതുതന്നെയാണ്.
മാറ്റിനിർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പൊതുജീവിതത്തിലേക്കുള്ള പ്രവേശനം, ദേശരാഷ്ട്രത്തിന്റെ വിഭവത്തിൽ മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം തുടങ്ങിയ സംവരണം സംബന്ധിച്ച സത്യങ്ങളെ കണക്കിലെടുക്കാതെ സംവരണമെന്നാൽ അനർഹരുടെയും കഴിവില്ലാത്തവരുടെയും പ്രവേശനം എന്ന ചർച്ചയാണ് കേരളത്തിൽ എക്കാലത്തും മുന്നിട്ടുനിന്നത്.
സാമുദായിക സംവരണത്തിന് എക്കാലത്തും എതിര് നിന്നിട്ടുള്ള മാർക്സിസ്റ്റ് ലിബറൽ ചിന്തകൾക്കുള്ള ജനപ്രിയതയും സംവരണം സംബന്ധിച്ച സത്യാന്വേഷണങ്ങൾക്ക് വിഘാതം സൃഷ്ടിച്ചിട്ടുണ്ട്. ആദ്യം സാമ്പത്തിക സംവരണം എന്ന വാദം ഉയർത്തിയത് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. എന്നിട്ടും അന്ധമായ ആരാധനയും അതുവഴി നിർമിച്ച മിത്തുവത്കരണവും മൂലം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സംവരണ വിരുദ്ധതയെ കേരള സമൂഹം പിൽക്കാലത്ത് ചർച്ചചെയ്യാതെ പോയി എന്നതാണ് യാഥാർഥ്യം. എന്നാൽ, പിന്നാക്കരേക്കാൾ, ദലിതരേക്കാൾ മാർക്ക് കുറഞ്ഞ സവർണർ EWS വഴി സർവിസിൽ കയറുമ്പോൾ എഫിഷ്യൻസി കുറയും എന്ന ചർച്ച ഇപ്പോൾ എങ്ങും ഉയർന്നില്ല എന്നതും ചർച്ചയായിട്ടില്ല. ഇ.എം.എസിന്റെ സ്വപ്നമായ സാമ്പത്തിക സംവരണം ഇപ്പോൾ നടപ്പായിട്ടുണ്ട്. എന്നാൽ, എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ അത് കേവലമായ സാമ്പത്തിക സംവരണമല്ല. മറിച്ച് സവർണ ജാതിസംവരണമാണ്. ഈ യാഥാർഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് സാമ്പത്തിക സംവരണം (EWS) എന്ന ഒളിപ്പേര് സ്ഥാപനവത്കരിച്ചിട്ടുള്ളതും.
സവർണരിലെ ദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡത്തിന്റെ പരിഹാസ്യതയും പോളിടെക്നിക് അഡ്മിഷൻ ഡെസ്കിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തിൽ രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയിൽ 75 സെന്റും കോർപറേഷനിൽ 50 സെന്റും ഭൂമിയുള്ള സവർണരും ദരിദ്രരായി പരിഗണിക്കപ്പെടും എന്ന ഡയലോഗ് പരിഹാസ്യമായിതന്നെയാണ് സിനിമയിൽ ഉയരുന്നത്. ദരിദ്രരെ കണ്ടെത്താനുള്ള സവർണരിലെയും അവർണരിലെയും മാനദണ്ഡത്തിന്റെ വ്യത്യാസത്തെ സിനിമ സൂക്ഷ്മമായി കാണിക്കുന്നുണ്ട്. വിവേക് മേനോൻ എന്ന, ഇ.ഡബ്ല്യൂ.എസ് കാറ്റഗറിയിൽ അഡ്മിഷൻ നേടിയ കുട്ടിയുടെ വീടിനെ പലതരത്തിലുള്ള തൊഴിലിന് ആശ്രയിക്കുന്നവരാണ് അഡ്മിഷനിൽനിന്നും പുറത്തായ ദലിത്/പിന്നാക്ക കുട്ടികളുടെ മാതാപിതാക്കൾ.
‘അടിവേരുകളി’ലെ മോഹൻലാലിന്റെ ഡയലോഗിനെ, ‘‘എന്നെക്കാൾ മാർക്ക് കുറവായിരുന്നിട്ടും ഇ.ഡബ്ല്യൂ.എസ് എന്ന സവർണ സംവരണമുള്ളതുകൊണ്ട് നിനക്ക് അഡ്മിഷൻ കിട്ടി. പിന്നാക്കക്കാരനായതുകൊണ്ട് എന്നെ തട്ടിപ്പോയി... സത്യത്തിൽ ഒരു പിന്നാക്ക സമുദായത്തിൽ ജനിച്ചതിൽ അന്നാണ് എനിക്ക് ദുഃഖം തോന്നിയത്’’ എന്ന് തിരുത്തിയെഴുതുന്ന യാഥാർഥ്യങ്ങളെയാണ് ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ സൃഷ്ടിച്ചിട്ടുള്ളത്. യഥാർഥ സംഭവങ്ങളും പത്രവാർത്തകളും സിനിമയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഡോക്യുഫിക്ഷന്റെ സ്വഭാവം നിലനിൽക്കുമ്പോഴും രസംചോരാതെ കണ്ടിരിക്കാനുള്ള സംവിധാന വൈഭവവും സിനിമയുടെ സവിശേഷതയാണ്.
സവർണ വിഭാഗങ്ങൾക്ക് ഭൂതകാലം അതിസമ്പന്നതയുടെയും അപ്രമാദിത്വങ്ങളുടേതുമായിരുന്നു എന്ന് ഭൂതകാലത്തെ ഗ്ലോറിഫൈ ചെയ്ത് അത്തരം ലോകം ആധുനികതയിൽ നഷ്ടമായത് വലിയ ഗൃഹാതുരതയായി അവതരിപ്പിക്കാനാണ് മലയാള സിനിമയും എക്കാലത്തും തുനിഞ്ഞിട്ടുള്ളത്.
സവർണ സംവിധായകരും സവർണ സംവിധായകരെ അരാഷ്ട്രീയമായി അനുകരിക്കുന്ന അവർണ സംവിധായകരും ഒക്കെ ചേർന്നുണ്ടാക്കിയ മലയാള സിനിമകൾ ചെയ്തത് –‘ആര്യൻ’, ‘ആറാം തമ്പുരാൻ’, ‘വിയറ്റ്നാം കോളനി’ തുടങ്ങിയ സിനിമകളിലെല്ലാം തറവാടുകളുടെ പോയകാല പ്രതാപം തിരിച്ചെടുക്കാനുള്ള സവർണരുടെ അദമ്യമായ ആഗ്രഹങ്ങൾ വ്യക്തപ്പെട്ടു കിടക്കുന്നു. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കാവ്യത്തിൽ പറയുന്ന പുലയരുടെ അവസ്ഥയെക്കാൾ കഷ്ടമാണ് ഇപ്പോൾ നമ്പൂതിരിമാരുടെ അവസ്ഥ എന്ന മട്ടുള്ള വസ്തുതാവിരുദ്ധമായ ഡയലോഗാണ് ‘ആര്യനെ’ന്ന സവർണ സിനിമയിലുള്ളത്. അത്തരം സിനിമകളെല്ലാം തന്നെ സംവരണ സമുദായങ്ങളെ ബോധപൂർവം അവസരം ക്രിയേറ്റ്ചെയ്ത് ചീത്തവിളിക്കുന്നതിലാണ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുള്ളത്.
എഴുത്തിലൂടെയും രാഷ്ട്രീയ നിലപാടിലൂടെയും അവർണപക്ഷം ഇത്തരം സവർണസാംസ്കാരികതയെ പ്രതിരോധിച്ചിട്ടുണ്ടെങ്കിലും, സിനിമയെന്ന അതേ നാണയത്തിലൂടെ തന്നെ പ്രതികരിക്കാൻ പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമക്ക് കഴിഞ്ഞിരിക്കുന്നു. വിദ്യാലയ പ്രവേശനങ്ങളിലും തൊഴിൽ പ്രവേശനങ്ങളിലും സവർണ സംവരണത്തിലൂടെ കയറിക്കൂടുന്നവരുടെ റാങ്ക് പിന്നാക്കക്കാരേക്കാളും ദലിതരേക്കാളും താഴെയാണ് എന്ന വസ്തുത ‘മാധ്യമം’, ‘കേരള കൗമുദി’ തുടങ്ങിയ പത്രങ്ങളിൽ മുഖ്യ വാർത്തയായി വന്നിരുന്നു. അത്തരം വാർത്തകൾ ഡോക്യുഫിക്ഷൻ സ്വഭാവത്തിൽ ഉൾപ്പെടുത്താനും ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.
സിനിമയിൽ ഈഴവ വിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന കുടുംബവും ദലിത് വിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന കുടുംബവും കേരളത്തിലെ പ്രബലമായ ഇരു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെയും സജീവ പ്രവർത്തകരായാണ് അവതരിപ്പിക്കുന്നത്. അവരുടെ വീട്ടു ചുവരിൽ ഇ.എം.എസും എ.കെ.ജിയുമല്ലാതെ മറ്റൊരുമില്ലെന്നത് ഹിഡൻ ഡീറ്റെയിൽസായി സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. സാമ്പത്തിക സംവരണം നിലവിലെ സംവരണീയ വിഭാഗങ്ങളുടെ അവസരങ്ങൾ കുറക്കും എന്ന ചർച്ച ഉയരുമ്പോഴും നമ്മുടെ പാർട്ടി എല്ലാം പരിഹരിക്കുമെന്ന പരമ്പരാഗതമായ അന്ധവിശ്വാസം ദലിത് വിഭാഗത്തിൽപെട്ട രക്ഷാകർത്താവ് ഉന്നയിക്കുന്നുണ്ട്.

പ്രശാന്ത് ഈഴവൻ
സിനിമാ നിർമാണം മാത്രമല്ല സിനിമ കാണിക്കലും സിനിമ കാണലുമെല്ലാം കലാപ്രവർത്തനത്തോടൊപ്പം തികഞ്ഞ രാഷ്ട്രീയ പ്രവർത്തനവുമായി പ്രശാന്ത് ഈഴവൻ എന്ന സംവിധായകൻ കരുതുന്നു. സാമ്പത്തിക സംവരണം സമൂഹത്തിൽ ഏൽപിക്കുന്ന പ്രത്യാഘാതങ്ങളെ സത്യസന്ധമായി വിളിച്ചുപറയുക എന്നതാണ് ഈ സിനിമയുടെ ഉദ്ദേശ്യം. ആ ദൗത്യം വിജയിപ്പിക്കുന്നതിൽ സിനിമയുടെ തിരക്കഥയും സംവിധാനവും വിജയം കൈവരിച്ചിട്ടുണ്ട്. ഭരണനിർവഹണത്തിലും അധികാരത്തിലുമുള്ള സവർണ ഒളിഗാർക്കിയെ സിനിമ തുറന്നുപറയുന്നു.
ഈഴവരും മുസ്‍ലിംകളും ദലിതരും മത്സ്യത്തൊഴിലാളി സമുദായങ്ങളും വിശ്വകർമജരും ആദിവാസികളും ഉൾപ്പെടുന്ന സംവരണ സമുദായങ്ങളുടെ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തുന്നതിനുള്ള സാംസ്കാരിക ആയുധമായി ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ ഇനിയും തുടർച്ച നേടുകതന്നെ ചെയ്യും.