ജാതി, പ്രണയം, ദുരഭിമാനം: പാ. രഞ്ജിത്തിന്റെ 'നച്ചത്തിരം നഗർഗിരത്' കാണുന്നു
പാ. രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗർഗിരത്’ എന്ന സിനിമ കാണുന്നു. എങ്ങനെയൊക്കെയാണ് സിനിമ ജാതിയെയും പ്രണയത്തെയും ദുരഭിമാനത്തെയും കൈകാര്യം ചെയ്യുന്നത് എന്ന് വിശദമാക്കുന്നു.
''കാതൽ വെറും കാതലല്ലിയേ... കാതൽ കാതലായ ഒരു പൊലിറ്റിക്കൽ വിഷയം...'' -(നച്ചത്തിരം സിനിമയിലെ നായിക റെനെയെന്ന തമിഴ്) പായുടെ 'രണം' കാതൽകൊല നടത്തുന്ന ജാതിക്കെതിരാണ്. ജാതിക്കും വർണാശ്രമത്തിനുമെതിരായി കോതമ പുത്തരെന്ന ഗോതമബുദ്ധർ നയിച്ച രണമാണദ്ദേഹത്തിനു പ്രചോദനം. മാരൻ മകൾ മോഹിനിയുമൊത്ത് പുത്തർക്കെതിരായി നയിച്ച രണമാണ് മാരണം.െവളുത്ത ബ്രാഹ്മണിക സ്ത്രീ ശരീരങ്ങളും ക്ഷുദ്രമായ പടയാളി, കൊലയാളി ഗോത്ര വടിവാൾ ആണത്തങ്ങളും കീഴടക്കിയ തമിൾ...
Your Subscription Supports Independent Journalism
View Plans''കാതൽ വെറും കാതലല്ലിയേ... കാതൽ കാതലായ ഒരു പൊലിറ്റിക്കൽ വിഷയം...''
-(നച്ചത്തിരം സിനിമയിലെ നായിക റെനെയെന്ന തമിഴ്)
പായുടെ 'രണം' കാതൽകൊല നടത്തുന്ന ജാതിക്കെതിരാണ്. ജാതിക്കും വർണാശ്രമത്തിനുമെതിരായി കോതമ പുത്തരെന്ന ഗോതമബുദ്ധർ നയിച്ച രണമാണദ്ദേഹത്തിനു പ്രചോദനം. മാരൻ മകൾ മോഹിനിയുമൊത്ത് പുത്തർക്കെതിരായി നയിച്ച രണമാണ് മാരണം.
െവളുത്ത ബ്രാഹ്മണിക സ്ത്രീ ശരീരങ്ങളും ക്ഷുദ്രമായ പടയാളി, കൊലയാളി ഗോത്ര വടിവാൾ ആണത്തങ്ങളും കീഴടക്കിയ തമിൾ തിരപ്പടത്തെ സത്യനീതികളാർന്ന പുത്തിയും പോതവുമാർന്ന പുത്തരിലേക്കു വീണ്ടും നയിക്കുകയാണ് ഇന്ന് പാ. രഞ്ജിത്ത് എന്ന ദലിത് ചലച്ചിത്രകാരൻ. മനുഷ്യലോകത്തെ നിലനിർത്തുന്ന പ്രേമമെന്ന കാതലിനെപോലും വർണം നോക്കി കൊല്ലുന്ന ജാതിയുടെ സൂക്ഷ്മ ചലച്ചിത്രണ വിമർശനത്തിലൂടെയാണ് പാ ഇതു സാധ്യമാക്കുന്നത്. അംബേദ്കറിസത്തെ സൂചിപ്പിക്കുന്ന നീലവും പ്രാചീന പ്രബുദ്ധമായ സംഘസംസ്കാരത്തെ തുയിലുണർത്തുന്ന യാഴും പായുടെ നിർമാതാക്കളും സംഘങ്ങളുമാകുന്നു. 'നച്ചത്തിരം നഗർഗിരത്' എന്ന 2022ലെ പാ. രഞ്ജിത്ത് സിനിമ പ്രേമത്തെയും ആ കാതലിനെ ജാതിമാത്രം നോക്കി കഴുത്തരിയുന്ന ജാതിക്കൊലയെയും കുറിച്ചുള്ളതാണ്. ഏറെ പ്രേക്ഷകശ്രദ്ധ സിനിമ നേടിക്കഴിഞ്ഞു. യുവതയെ മാറ്റുന്ന, മാറ്റത്തെ ഉൾക്കൊള്ളുന്ന ജനായത്തപരവും അനുകമ്പാപൂർണവുമായ ചലച്ചിത്രണമാണ് പാ നടത്തുന്നത്.
'മദ്രാസി'ലും 'കബാലി'യിലും 'കാലാ'യിലും 'സർപ്പട്ട പരമ്പര'യിലും കൂടി കടന്ന് പ്രബുദ്ധമായ തെന്നിന്ത്യൻ ദലിത ബഹുജന സംസ്കാര രാഷ്ട്രീയത്തിന്റെ കാരുണികവും മൈത്രീപൂർണവുമായ പുത്തൻപാതയെ കലാപരമായും നൈതികമായും വികസിപ്പിക്കുകയാണ് പാ. തന്റെ തികഞ്ഞ പക്വമായ ചലച്ചിത്രഭാഷയിലേക്കും ഭാഷണത്തിലേക്കും പാ കടന്നുകഴിഞ്ഞു. അദ്ദേഹത്തിന്റെ പോരാട്ടം അഥവാ ജീവിതരണം സഫലമാകുന്നു. മഹാകരുണയുടെ, നീതിയുടെ ചലച്ചിത്രണം അദ്ദേഹം സാധ്യമാക്കുന്നു.
ദുഷാര വിജയൻ എന്ന നടി അവതരിപ്പിക്കുന്ന തമിഴ് അഥവാ റെനെ എന്ന സ്ത്രീകഥാപാത്രത്തിലൂടെ പുതു ദലിത് പെൺമയുടെ ഉജ്ജ്വല മാതൃകയും വിമോചക ബിംബവും പാ യാഥാർഥ്യമാക്കി. കമ്യൂണിസ്റ്റോ നിങ്ങളെന്നു ചോദിക്കുന്ന സഹനടനായ കുലീന യുവാവിനോട് അല്ല അംബേദ്കറൈറ്റ് എന്നു ധൈര്യത്തോടെ പറയുന്ന, മൊരിച്ച മാട്ടിറച്ചി അഥവാ ബീഫു തിന്നുന്ന യുവതിയുടെ സ്ഥൈര്യവും മാനസികമായ ഉറപ്പും, സാന്ദർഭികവും സൗമ്യവുമായി കാഴ്ചപ്പെടുത്തുവാൻ പാക്ക് കഴിഞ്ഞിരിക്കുന്നു. മാട്ടുക്കറിയും പച്ചക്കറിയുമെല്ലാം മനുഷ്യരുടെ വൈവിധ്യപൂർണമായ ആഹാരമാണെന്നും സിനിമ മൊഴിയുന്നു.
പ്രേമത്തെ കുറിച്ചുള്ള നാടകവും അതിലെ ദുരഭിമാന കൊലയെന്ന ജാതിക്കൊലയുടെ പ്രതിനിധാനങ്ങളും പശ്ചാത്തലമാക്കുന്ന സിനിമയിൽ പോതിയെ അഥവാ ബോധിയെ വരച്ച വാതിലു തുറന്നു വെളിച്ചവുമായി വരുന്ന തമിഴ് എന്ന നടി, നർത്തകി സങ്കുചിത വംശവരേണ്യ ആണത്തങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വരേണ്യ യുവാക്കളെ കൂടുതൽ വിപുലമായ ലോകത്തേക്കും ലോകനീതിയിലേക്കും തട്ടിയുണർത്തുന്നു. ജാതിഹിന്ദു പശ്ചാത്തലത്തിൽനിന്നു വരുന്ന യുവാക്കൾക്കും മാനസിക പരിവർത്തനം ഉണ്ടാക്കുന്ന ജൈവികമായ ഇടപെടലാണിത്.
നാടക കാതലെന്നു വിളിക്കപ്പെട്ട തമിഴകത്തെ 'ലവ്ജിഹാദി'നെ പ്രശ്നവത്കരിച്ചു വിമർശിക്കുന്ന പ്രതിനിധാനങ്ങളും സംഭാഷണങ്ങളും ചിത്രത്തിലുണ്ട്. ചടുലമായ കൊറിയോഗ്രഫിയും സംഭാഷണങ്ങളും തിരപ്പടതാളത്തെ അനിത്യമായ കലയാക്കുന്നു. കബാലിയിലും മറ്റും അംബേദ്കറെയും വിവേകാനന്ദനെയും ബിംബതലത്തിൽ പശ്ചാത്തല താരതമ്യങ്ങളായി അവതരിപ്പിച്ച് ജനപ്രിയ വാണിജ്യ സിനിമയുടെ ചേരുവകളിലൂടെ പിടിച്ചുകയറിയ പാ, നച്ചത്തിരം നഗർഗിരുതുവിൽ പുത്തരെ തന്നെ നാടകശാലയുടെ ചുവരുകളിൽ വ്യക്തമായി കലാപരമായി അടയാളപ്പെടുത്തുന്നു. അജന്തയും ഈളപുരയും പെരിയകോവിലും അവിടത്തെ പുത്തപ്പടങ്ങളും നമ്മുടെ ഓർമയിലുണരും. പ്രബുദ്ധമായ നാഗരികത്തെ ഉണർത്തുന്ന തിരപ്പടമാണ് നച്ചത്തിരം.
കാലത്തിൻ ചുവരെഴുത്തു തിരിച്ചറിഞ്ഞു സംസ്കാര രാഷ്ട്രീയ മാറ്റത്തെ സത്യനീതി ബോധത്തോടെ അടയാളപ്പെടുത്തുന്ന കാലികമായ കലയായി ഈ മാറ്റത്തെയും യാഥാർഥ്യ ബോധത്തെയും പ്രേക്ഷകരും തിരിച്ചറിഞ്ഞാദരിക്കുന്നു. പുത്തരെന്ന വാതിൽ തുറന്നുവരുന്ന നർത്തകിയും നടിയുമായ തമിഴ് ആ വാതിലിനെ മറ്റുള്ളവർക്കായി തുറക്കുന്നതും അവരെയും മൈത്രീപൂർണമായ പാതയിലേക്കു നയിക്കുന്നതും ശ്രദ്ധേയമാണ്. ഡീപ് ഫോക്കസിലൂടെ മാഞ്ഞുമറഞ്ഞുപോയ പുത്തരുടെ പടം തെളിഞ്ഞുവരുന്നത് തികച്ചും സിനിമാറ്റിക്കും ചരിത്രപരവുമായിരിക്കുന്നു. ദൃശ്യപരിചരണങ്ങളും ചലനഛായകളും വമ്പിച്ച ഇന്റർകട്ടുകളും ഗൊദാർദിയൻ ഫ്രഞ്ചു നവതരംഗ ശൈലിയെ ആദ്യ കിടപ്പറരംഗങ്ങളിൽ ത്വരിപ്പിക്കുന്നതുമെല്ലാം തിരപ്പടപരമായി വമ്പിച്ച ചലനങ്ങളാണ്. തന്മയുടെ തെളിവാർന്ന സംഗീതവും എ. കിഷോർ കുമാറിന്റെ ചടുലമായ ഛായാഗ്രഹണവും സെൽവയുടെ കൃത്യതയുള്ള എഡിറ്റിങ്ങും പായുടെ പ്രയത്നത്തിനു മിഴിവേറ്റുന്നു. തികച്ചും സമ്യക്കായ ഒരു സമഗ്ര ചലച്ചിത്രാനുഭവമായി പായുടെ പടം മാറുന്നു.
സാമൂഹിക സ്വത്വബോധമുള്ള ഒരു പെണ്ണിനെ അവതരിപ്പിക്കുകയും അവളിലൂടെ ജാതിയെയും പ്രേമത്തെയും കൊലയെയും കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു നച്ചത്തിരം. നാടകത്തെയും നാട്ടിൻ ഉയിരകത്തേയും കുറിച്ചുള്ള സിനിമയുമാണിത്. പടത്തിനുള്ളിലെ നാടകവും അതിനകത്തെ നാടും പുറത്താക്കപ്പെടുന്നു.
കേവല പെൺവാദ ജാതിഹിന്ദു വാചാടോപത്തെ സമർഥമായി അപനിർമിച്ച് താനൊരു സാമൂഹിക യാഥാർഥ്യബോധമുള്ള സ്വത്വബോധമുള്ള പെണ്ണാണെന്നു പറയുന്ന ദുഷാറ വിജയൻ അവതരിപ്പിക്കുന്ന റെനെ യഥാർഥത്തിൽ അയ്യോതി താസരവർകൾ നയിച്ച തമിഴക റെനൈസൻസിനെ പ്രതിനിധാനംചെയ്യുന്നു.
ദ്രാവിഡ പ്രസ്ഥാനത്തിൻ വിമർശനം മദ്രാസിൽ വളരെ മിഴിവോടെ അവതരിപ്പിച്ച പാ അതിവിടെയും പറയാതെ പറയുന്നു. പെരിയോറെവിടെ എന്നു ചോദിക്കുന്നവരോട് നിങ്ങളുടെ സിനിമയിൽ പണ്ഡിതരവർകൾ എവിടെ എന്നു തിരിച്ചുചോദിക്കാതെ ചോദിക്കുന്നു. പുത്തരെവിടെ എന്നു പരോക്ഷമായി പ്രതീകാത്മകമായി തിരിച്ചു ചോദിക്കുന്നു ഈ സിനിമ. പുതുപുത്തരായി അഥവാ സംസ്കൃത മലയാണ്മയിൽ നവബുദ്ധരായി ബാബാസാഹബിനെതന്നെ കാവ്യാത്മകമായി സൂചിതമാക്കുകയാണ് ഓരോ ഫ്രെയിമിലും പാ. സാമൂഹിക പ്രാതിനിധ്യമില്ലാതെ അമിത പ്രാതിനിധ്യ കുത്തകയില്ലാതാക്കാതെ ജനായത്തമില്ല എന്ന സത്യനീതി പ്രഖ്യാപനവുമാകുന്നു ഈ നച്ചത്തിരം.
ഗദയുമായി വന്ന് യാഗം മുടക്കികളായ രാക്ഷസരെ അടിച്ച് ഒതുക്കുന്ന രാമഭക്ത ഹനുമാനെ അന്ത്യത്തിൽ അടിച്ചമർത്തപ്പെട്ട നാടകപ്രവർത്തകരും പ്രേക്ഷകരുമെല്ലാം ഒന്നായി വന്ന് ചെറുക്കുന്നത് തികച്ചും ആവേശകരമാണ്. രാമരാജ്യത്തെക്കാൾ ഭീകരമായ ദാസരാജ്യത്തേക്കുള്ള വിളയാട്ടങ്ങളെയാണ് പടം പപ്പടംപോലെ പൊടിക്കുന്നത്. ഗുരു പറഞ്ഞപോലെ ജാതിബോധമെന്ന പർപ്പടകം പൊടിയുമോ. മധ്യകാല തുടക്കത്തിൽ ബ്രാഹ്മണ്യത്തിനു ലൈംഗിക സൈനിക സേവനങ്ങൾ കൊടുത്തു വേഗത്തിൽ സവർണരും ശൂദ്രരുമായി ബ്രാഹ്മണ്യത്തിൻ നല്ലപിള്ള ചമഞ്ഞ പല കൂട്ടിക്കൊടുപ്പു കൊലയാളി കുപ്പിണി വിഭാഗങ്ങളും 'യജമാനരും ചിന്ന ഗൗണ്ടന്മാരും മറവന്മാരും തേവർമക്കളുമായി' വാണരുളിയ മണ്ഡലനന്തര തമിഴക തിരപ്പടത്തിലാണ് ഇപ്പോഴും വെള്ളം തൊടാനും പിറന്ന മണ്ണിൽ വഴിനടക്കാനും തുണിയുടുക്കാനും വാഹനമോടിക്കാനുംപോലും വിലക്കുള്ള ദലിതരുടെ കഥകളിലേക്കും ജീവിതസമരങ്ങളിലേക്കും നോട്ടപ്പാടുകളുയർത്തി മുഖ്യധാരാ സിനിമയിൽ മാറ്റമുണ്ടാക്കാൻ പാക്ക് കഴിഞ്ഞത്. ട്രാൻസ് സമുദായത്തിനും പ്രാതിനിധ്യം കൊടുക്കുന്ന പടമാണ് നച്ചത്തിരം. ട്രാൻസ് പ്രതിനിധാന രാഷ്ട്രീയത്തെ കുറിച്ച് വിമർശന ചർച്ചകളുമുണർത്തുന്നു പാ.
ദലിതാഭിമുഖ്യമുള്ള സാമൂഹികനീതിയിലൂന്നിയ ബഹുജന ഭൂമികയായി മുഖ്യധാരാ സിനിമയെ മാറ്റാനും ദലിതർക്കും ഭിന്നലൈംഗിക സ്വത്വങ്ങൾക്കും അൽപംകൂടി സ്വീകാര്യമായ ഇടങ്ങൾ തമിഴകത്തും സിനിമകളിലും കാണുന്ന ലോക പ്രവാസ കോണുകളിലും ഉണ്ടാക്കാനും ഈ കോസ് മോപൊളിറ്റൻ സിനിമക്കു കഴിഞ്ഞു. 'കബാലി'യിലൂടെതന്നെ ഇത്തരം തമിഴക പ്രവാസലോകങ്ങളെ താസരവർകളെയും പിന്നീട് പെരിയോറെയുംപോലെ അഭിവാദ്യം ചെയ്യാനും തൊട്ടുണർത്താനും പാ സിനിമക്ക് കഴിയുന്നു. അടിത്തട്ടിലും പ്രാന്തങ്ങളിലുമുള്ള ഇടങ്ങളിൽനിന്നു വരുന്ന ചലച്ചിത്രപ്രതിഭകളെ വിശ്വാസത്തിലെടുക്കുന്ന പ്രചോദനങ്ങൾകൂടിയായി പാ പടങ്ങൾ മാറുന്നു.
ആഫ്രിക്കനമേരിക്കൻ സംഗീതവുമായി പ്രത്യേകിച്ചും ഹാർലം നവോത്ഥാനവുമായി വളരെ ആഴത്തിലുള്ള സാംസ്കാരിക വിനിമയങ്ങളാണ് പാ പടങ്ങളെല്ലാം ഉണർത്തുന്നത്. മറാത്തി ദലിത് സാഹിത്യത്തിലെന്നപോലെ പാനിന്ത്യൻ ദലിത് സിനിമയിലും ആഫ്രോ അമേരിക്കൻ കലയും സാംസ്കാരിക നവോത്ഥാനവും വളരെ ആഴത്തിലുള്ള സ്വാധീനമായി വർത്തിക്കുന്നു. ഹിപ് ഹോപും റാപുമെല്ലാം പാ പടങ്ങളുടെ പാട്ടുകളെയും ആട്ടങ്ങളെയും മാനവികമായി സജീവമാക്കുന്നു. 'മദ്രാസ്' എന്ന ആദ്യകാല പടത്തിൽ പണിയെടുക്കുന്ന കീഴാളമായ ചെന്നൈയുടെ സിരകളെ ഉണർത്തുന്ന ഹിപ് ഹോപ് ദലിത കലാകാരന്മാരുടെ സാന്നിധ്യം പ്രകടമായിരുന്നു. വടക്കൻ ചെന്നൈയിലെ അടിയന്തരാവസ്ഥക്കാലത്തെ യുവതയുടെ പോരാട്ടവീര്യത്തെയാണ് സർപട്ട പരമ്പര അടുത്തകാലത്ത് അടയാളപ്പെടുത്തിയത്. കീഴാള യുവസംസ്കാരവുമായി പൊക്കിൾക്കൊടി ബന്ധമാണ് പാ പടങ്ങൾ പുലർത്തുന്നത്. ദുഷാര വിജയനെ വിജയകരമായി സ്ഥാപിച്ചെടുത്തതും പരമ്പരയിലൂടെയാണല്ലോ.
പരമ്പരാഗത തമിഴക സിനിമകളിലെ നായകവീരന്മാർ പെണ്ണുങ്ങളെ അടക്കുകയും പഠിപ്പിക്കുകയും രക്ഷശിക്ഷകളിൽ തളക്കുകയുംചെയ്യുമ്പോൾ ലോകത്തിനു മാതൃകയായ ശബ്ദനിർവാഹകത്തമുള്ള ബഹുജന സ്ത്രീകളെയാണ് പാ അവതരിപ്പിക്കുന്നത്. ദുഷാരയുടെ പാത്രങ്ങളാണ് ഉദാഹരണങ്ങൾ. കുലീന ആണത്തങ്ങളെയും പൊതു സമൂഹത്തെയും പഠിപ്പിക്കുന്ന നായികമാരെയാണ് പാ അവതരിപ്പിക്കുന്നത്. ബഹുജന ബോധകരായും നാഗരിക അംബാസഡർമാരായുമവർ മാറുന്നു. ലോകാധ്യാപകരായ മണിമേഖലയും മംഗളാദേവിയാകുന്ന ചിലപ്പതികാരത്തിലെ കണ്ണകിയും ഉയർന്നുവന്ന ചമണമായ ചങ്കഭൂമികയാണ് പാ പടങ്ങളുടെയും കലാചാരവാഴ്വും നിനവും. സമതയിലും കരുണയിലും മൈത്രിയിലും അടിയുറച്ച ഒരു നൈതിക ലാവണ്യശാസ്ത്രമാണ് പാ കരുപ്പിടിപ്പിക്കുന്നത്. വിഷലിപ്തമായ ആണത്ത ലിംഗാധീശ വംശീയ കാമനകളെയും ടോക്സിക് മസ്കുലൈനിറ്റികളെയും ഏറെ പണിപ്പെട്ട് തൂത്തുവാരുന്ന സാമൂഹിക ശുദ്ധീകരണ ധർമവും സംസ്കാര വിരേചന തലവും പായുടെ കലയുടെ ഭാഗമാണ്. രാഷ്ട്രീയ ശരികളെക്കുറിച്ച് പടത്തിലും നാടകത്തിലും പാഠാന്തരമായും വിഭജനാനന്തരമായും സമഗ്ര തത്ത്വവിചാരം ചെയ്യാനും പാ ധൈര്യപ്പെടുന്നു. പ്രേമജിഹാദ് എന്ന ബ്രാഹ്മണിക ജാതിഹിന്ദു ഭീതിയെ തലതിരിച്ചിട്ടുകൊണ്ട്, ദലിത് പെണ്ണ് ബ്രാഹ്മണിക ജാതിഹിന്ദു പുരുഷത്തങ്ങളെ ജാതിഹിന്ദു സനാതന വൈദിക വർണാശ്രമധർമ പദ്ധതിയിൽനിന്നു വിമോചിപ്പിക്കുന്ന ഒരു ബോധന, ബോധോദയ തലവും പാ സൂചിതമായി ഒരുക്കുന്നു. സ്നേഹത്തിൻ കഴുത്തറുക്കുന്ന ജാതിക്കൊലയായ ദുരഭിമാനക്കൊലകളെ രാഷ്ട്രീയ വിമർശന പ്രതിനിധാനത്തിലേക്കു നയിക്കുന്നു. ദലിത് യുവാക്കൾ സവർണ യുവതികളെ വഴി പിഴപ്പിക്കുന്നു എന്നു പഴിപറയുന്ന ഒരു പരമ്പരാഗത സമൂഹത്തിൽ ഇത് ജാതിചികിത്സാപരവും ജനായത്തപരമായി വിധ്വംസകവുമാണ്. നീലം പൺപാട്ടു മയ്യം എന്ന സാംസ്കാരിക വിദ്യാഭ്യാസ ചാലയും ചാലകമാക്കിയ പാ ലോക സമൂഹത്തെ തന്നെ മാറ്റിത്തീർക്കുന്ന സംസ്കാര പദ്ധതികളിലാണ് കലാനിക്ഷേപങ്ങൾ നടത്തുന്നത്. മാരി സെൽവരാജടക്കമുള്ള നിരവധി ദലിത് കലാപ്രവർത്തകരെ തമിഴ് സിനിമക്കു നൽകാനും പായുടെ കലാചാരവഴക്കങ്ങൾക്കു കഴിഞ്ഞു.
l