പണ്ഡിറ്റ് രാം നാരായൻ: സാരംഗിയെ വീണ്ടെടുത്ത സംഗീതജ്ഞൻ
സംഗീതലോകത്തുനിന്ന് അപ്രത്യക്ഷമാകും എന്ന് തോന്നിച്ച ഒരു ഘട്ടത്തിൽ പണ്ഡിറ്റ് രാം നാരായനാണ് (Pandit Ram Narayan)സാരംഗിയെ വീണ്ടെടുക്കുന്നത്. മുദ്രകുത്തലുകളിൽനിന്ന് ഒരു സംഗീത ഉപകരണത്തെയും സംഗീതെത്തയും വീണ്ടെടുത്ത, 95 വയസ്സാകുന്ന, രാം നാരായനെക്കുറിച്ചാണ് ഇൗ എഴുത്ത്.
സാരംഗിയെ പോലെ നിരന്തരം പ്രതിസന്ധികളിലൂടെ കടന്നുപോയ മറ്റൊരു സംഗീതോപകരണം ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉണ്ടാകാനിടയില്ല. രാജഭരണങ്ങളുടെ സുവർണകാലത്തിൽനിന്ന് തവായിഫുകളുടെ ഭവനങ്ങളിലേക്ക് ഒതുങ്ങിപ്പോയ ഈ സംഗീതോപകരണം നേരിട്ടത് ദാസീനൃത്തങ്ങൾക്ക് അകമ്പടി പോകുന്ന ഉപകരണം എന്ന ദുഷ്പേരായിരുന്നു. അതിൽനിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ സംഗീത കച്ചേരികളിൽ സാരംഗിക്ക് ഭീഷണിയായി ഹാർമോണിയത്തിെൻറ കടന്നുവരവുണ്ടായി. മാത്രമല്ല, പുതുതായി പഠിക്കാൻ വിദ്യാർഥികളെ കിട്ടാതിരിക്കുന്ന അവസ്ഥയും വന്നു. ഇങ്ങനെ സാരംഗി സംഗീതലോകത്തുനിന്ന് അപ്രത്യക്ഷമാകും എന്ന് തോന്നിച്ച ഒരു ഘട്ടത്തിൽ ണ് അതിനെ നിലനിർത്താനും നഷ്ടപ്രതാപം വീണ്ടെടുക്കാനും സഹായിച്ചത്. അദ്ദേഹത്തിെൻറ ഈ രംഗത്തുള്ള നിരന്തരമായ പരിശ്രമങ്ങളാണ് ദേശീയമായും അന്തർദേശീയമായും സാരംഗിയുടെ അസ്തിത്വം ഉറപ്പിച്ചത്. ഷെഹനായിക്ക് ബിസ്മില്ലാഖാനും സന്തൂറിന് ശിവകുമാർ ശർമയും ബാൻസുരിക്ക് ഹരിപ്രസാദ് ചൗരസ്യയും പോലെയാണ് സാരംഗിക്ക് പണ്ഡിറ്റ് രാം നാരായൻ.
റാണാപ്രതാപിെൻറയും മീരാഭായിയുടെയും നാടായിരുന്ന രാജസ്ഥാനിലെ ഉദയപൂരിൽ 1927 ഡിസംബർ 25നാണ് രാം നാരായൻ ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോൾ പൊട്ടിക്കിടന്ന ഒരു സാരംഗി മരക്കമ്പുകൊണ്ട് വായിക്കാൻ ശ്രമിക്കുന്നത് അച്ഛെൻറ ശ്രദ്ധയിൽപ്പെട്ടു. ദിൽരുബയും എസ്രാജും വായിച്ചിരുന്ന അച്ഛൻ മകനെ സാരംഗി അഭ്യസിപ്പിക്കാൻ തീരുമാനിച്ചു. ഭാവിയിൽ വളർന്നു വടവൃക്ഷമാകാൻ പോകുന്ന വലിയൊരു ആൽമരത്തിന് വിത്തുകൾ പാകുകയായിരുന്നു താനെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.
രാം നാരായൻ സാരംഗി അതിവേഗം പഠിച്ചെടുത്തു. കൂടുതൽ പഠിക്കാൻ ഉദയപൂരിൽ നല്ല സാരംഗിവാദകരെ തേടിയെങ്കിലും അനുയോജ്യനായ ഒരു ഗുരുവിനെ കണ്ടെത്താനായില്ല. അന്വേഷണം മൈഹറിലെ മാധവ് പ്രസാദിെൻറ അടുത്ത് എത്തിച്ചു. അദ്ദേഹത്തിെൻറ കീഴിലാണ് രാം നാരായെൻറ കഴിവുകൾ വികസിച്ചുതുടങ്ങിയത്. ഉസ്താദ് വഹീദ് ഖാെൻറ അടുത്ത് എത്തുമ്പോഴേക്കും രാം നാരായെൻറ സംഗീതപഠനം കുറച്ചു ദൂരം മുന്നോട്ട് പോയിരുന്നു. സാരംഗിയുടെ കടൽ താണ്ടാൻ രാം നാരായനെ പ്രാപ്തനാക്കിയത് കിരാന ഘരാനയിലെ ഇതിഹാസകാരനായ ഈ സംഗീതകാരനാണ്. അറിയപ്പെടാത്ത സാരംഗിയുടെ വൻകരകൾ അദ്ദേഹം കാണിച്ചു തന്നു. സാരംഗി എന്ന അകമ്പടി ഉപകരണത്തിൽനിന്ന് ഒരു ഏകവാദ്യം എന്ന നിലയിൽ അവതരിപ്പിക്കാനുള്ള ഊർജവും ആത്മവിശ്വാസവും രാം നാരായന് കൈവന്നു.
ഇന്ത്യാ വിഭജനം മറ്റ് പല കലാകാരന്മാരെയുംപോലെ രാം നാരായെൻറ ജീവിതത്തെയും ബാധിച്ചു. അദ്ദേഹം നഗരം വിടാൻ നിർബന്ധിതനായി. ലാഹോർ മധുരമായ ഒരോർമ മാത്രമായി അവശേഷിച്ചു. വിഭജനത്തിനുശേഷം ഡൽഹിയിലെത്തിയ നാരായൻ അവിടെനിന്ന് അവസരങ്ങളുടെ നഗരമായ മുംബൈയിലേക്ക് പോയി. രാം ചന്ദ് ബോറൽ, നൗഷാദ് അലി, സലിൽ ചൗധരി, മദൻമോഹൻ, ഒ.പി. നയ്യാർ, ശങ്കർ ജയ് കിഷൻ, റോഷൻ എന്നിങ്ങനെ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി വായിച്ചു.
പന്ത്രണ്ടാം വയസ്സിൽതന്നെ ഉദയപൂരിലെ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ അവസരം കിട്ടി. സ്കൂൾപഠനം അവസാനിപ്പിച്ച രാം നാരായൻ അതൊരു അംഗീകാരമായി കണ്ടു. പക്ഷേ ഗുരുവിന് അതിനോട് താൽപര്യമില്ലായിരുന്നു. അത് ശിഷ്യെൻറ തുടർന്നുള്ള വളർച്ചക്ക് തടസ്സമാകും എന്ന് അദ്ദേഹം പറഞ്ഞപ്പോൾ രാംനാരായൻ മറ്റൊന്നും ആലോചിക്കാതെ കിട്ടിയ അവസരം ഉപേക്ഷിക്കാൻ തയാറായി.
രാം നാരായന് പതിനേഴാം വയസ്സിൽ ലാഹോറിലെ ആകാശവാണി നിലയത്തിൽ ജോലി കിട്ടി. വലിയ കലാകാരന്മാർ അവിടെ ഉണ്ടായിരുന്നു. അവരിൽനിന്ന് വ്യത്യസ്തമായ ഘരാന ശൈലികൾ സ്വായത്തമാക്കാൻ സാധിച്ചു. പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂർ, പണ്ഡിറ്റ് കൃഷ്ണ റാവു, ശങ്കർ പണ്ഡിറ്റ് തുടങ്ങിയ മികച്ച സംഗീതജ്ഞരോടൊപ്പം സാരംഗി വാദകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആകാശവാണിയിലെ ജോലി മികച്ച അവസരമായിരുന്നു. ഈ കാലയളവിലുടനീളം കൂടുതൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു. തെൻറ അറിവ് പരിമിതമാണെന്ന് രാം നാരായന് തോന്നി. ഒരു സംഗീതകാരനെന്ന നിലയിൽ വളരണമെങ്കിൽ പുതിയ സാധ്യതകൾ ആരായേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞു.
ഇന്ത്യാ വിഭജനം മറ്റ് പല കലാകാരന്മാരെയുംപോലെ രാം നാരായെൻറ ജീവിതത്തെയും ബാധിച്ചു. അദ്ദേഹം നഗരം വിടാൻ നിർബന്ധിതനായി. ലാഹോർ മധുരമായ ഒരോർമ മാത്രമായി അവശേഷിച്ചു. വിഭജനത്തിനുശേഷം ഡൽഹിയിലെത്തിയ നാരായൻ അവിടെനിന്ന് അവസരങ്ങളുടെ നഗരമായ മുംബൈയിലേക്ക് പോയി. രാം ചന്ദ് ബോറൽ, നൗഷാദ് അലി, സലിൽ ചൗധരി, മദൻമോഹൻ, ഒ.പി. നയ്യാർ, ശങ്കർ ജയ് കിഷൻ, റോഷൻ എന്നിങ്ങനെ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി വായിച്ചു. അവരുടെ പാട്ടുകളെ രാം നാരായെൻറ വായന ധന്യമാക്കി. രാം നാരായെൻറ കഴിവുകൾ തിരിച്ചറിയാൻ മറ്റുള്ളവർക്ക് കിട്ടിയ അവസരംകൂടിയായിരുന്നു മുംബൈ ദിനങ്ങൾ. പക്ഷേ, സിനിമാ സംഗീതമായിരുന്നില്ല, അതിനുമപ്പുറം വേദികളിൽ അകമ്പടി ഉപകരണമായി അവഗണിക്കപ്പെട്ട സാരംഗിയെ ഒരു ഏകവാദ്യമായി വളർത്തിക്കൊണ്ടുവരുകയായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. അതിനുവേണ്ടിയുള്ള ചിട്ടയായ സാധകത്തിെൻറ ദിനങ്ങളായിരുന്നു പിന്നീട് തുടർന്നത്. സംഗീതവേദികളിൽ സാരംഗിക്ക് കിട്ടുന്ന താഴ്ന്ന സ്ഥാനത്തിന് ഒരു മാറ്റം ഉണ്ടാക്കണമെന്ന അദ്ദേഹത്തിെൻറ ദൃഢനിശ്ചയത്തിന് ഫലം കാണുമോ എന്ന് സുഹൃത്തുക്കളിൽ ചിലർ സംശയിച്ചിരുന്നു. പക്ഷേ ലക്ഷ്യത്തിൽനിന്ന് പിൻവാങ്ങാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മുംബൈയിലെ തിരക്കേറിയ റെക്കോഡിങ്ങിനിടയിലും കഠിനമായ പരിശീലനം തുടർന്നു. സാരംഗിയിൽ ചില മാറ്റങ്ങൾ വരുത്തി. ഉപകരണത്തിലും വാദനരീതിയും അഴിച്ചുപണി നടത്തി. വായ്പ്പാട്ടിെൻറ ചില രീതികൾ സാരംഗിയിൽ പരീക്ഷിച്ചു. ഉയർന്ന പിച്ച് ഉണ്ടായിരുന്നത് കുറച്ചു. നല്ല നാദം കിട്ടാൻ വേണ്ടി കമ്പികളും ബോയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിച്ചു.
സോളോ വായന ആദ്യം തണുപ്പൻ പ്രതികരണമാണ് കിട്ടിയതെങ്കിലും ക്രമേണ സ്ഥിതിയിൽ മാറ്റം വന്നുതുടങ്ങി. രാഗവിസ്താരം നടത്താൻ പറ്റിയ ഒരു ഉപകരണമാണ് സാരംഗി എന്ന് ആസ്വാദകർക്ക് ബോധ്യമായി. സംഗീതവൈവിധ്യവും മെലഡിയും ഉള്ള ഒരു ഉപകരണമാണ് സാരംഗിയെന്ന് തെളിയിച്ചു കൊടുക്കാൻ രാം നാരായന് സാധിച്ചു. പൊട്ടിയ സാരംഗി കമ്പിയിൽ കമ്പനം തീർത്ത അഞ്ചു വയസ്സുകാരെൻറ നിയോഗം അതായിരുന്നു.
എച്ച്.എം.വി റെക്കോഡ് ചെയ്ത ആദ്യകാല സംഗീതജ്ഞരിൽ രാം നാരായനും ഉണ്ടായിരുന്നു. അദ്ദേഹത്തിെൻറ വായന ഇന്ത്യ മുഴുവനുള്ള സംഗീതാസ്വാദകർ ഇഷ്ടപ്പെട്ടു. കർണാടക സംഗീതത്തിലെ കുലപതികളായ പലരും രാം നാരായെൻറ കൂടെ ജുഗൽബന്ദി ചെയ്യുന്നത് ഒരു അംഗീകാരമായി കരുതി. ആദ്യം റേഡിയോവിലും പിന്നീട് ടെലിവിഷനിലും അദ്ദേഹത്തിെൻറ സോളോ പരിപാടികൾ വന്നുതുടങ്ങി.
പാശ്ചാത്യ ദേശത്തും നല്ല സ്വീകാര്യത കിട്ടി. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം സ്വീകരണം കിട്ടിയത്. വിയന മ്യൂസിക് ഫെസ്റ്റിവലിൽ നാല് പരിപാടികൾ അവതരിപ്പിച്ചു. ചുവന്ന ദേവദാരു മരത്തിൽനിന്ന് കൊത്തിയെടുത്ത ലളിതമായ ഒരു ഉപകരണം ഒരാൾ വായിക്കുന്നതും അതിന് മനുഷ്യ ശബ്ദത്തെ ഒരുവിധത്തിൽ അനുകരിക്കാനുള്ള കഴിവുണ്ട് എന്ന് കാണുകയും ചെയ്തപ്പോൾ ലോകപ്രശസ്ത വയലിനിസ്റ്റ് യെഹൂദി മെനുഹിൻ ആവേശഭരിതനായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''സാരംഗി രാം നാരായെൻറ കൈകളിൽ ഇന്ത്യൻ വികാരങ്ങളുടെയും ചിന്തയുടെയും ആത്മാവിനെ പ്രകടിപ്പിക്കുന്നു. രാം നാരായനിൽനിന്ന് സാരംഗിയെ വേർതിരിക്കാനാവില്ല. അത്രയും അഭേദ്യമാണ് ഇരുവരും. അതിനാൽ അവ എെൻറ ഓർമയിൽ മാത്രമല്ല, സംഗീതത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട മഹാന്മാരായ സംഗീതജ്ഞരുടെ ഓർമയിൽപോലും ഈ ഉപകരണം പഴയതാകില്ല. കാരണം അതുല്യമായ രീതിയിൽ അദ്ദേഹം അതിനെ സംസാരിപ്പിച്ചിരിക്കുന്നു.''
വലിയ നേട്ടങ്ങൾക്കിടയിലും ചില സ്വകാര്യ ദുഃഖങ്ങൾ രാം നാരായെൻറ ജീവിതത്തെ ഏറെക്കാലം മഥിച്ചിരുന്നു. ഇരുപത് വർഷം മുമ്പാണ് ഭാര്യ ഷീല അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്. സന്തതസഹചാരിയായിരുന്ന സഹോദരൻ ചതുർലാലിെൻറ അകാലത്തിലുള്ള വേർപാട് അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു. രാം നാരായനെ സാരംഗിയിൽ അകമ്പടി സേവിക്കാനായിരുന്നു ചതുർ ലാൽ തബല പഠിച്ചിരുന്നത്. രവിശങ്കർ, അലി അക്ബർ ഖാൻ എന്നിവർക്ക് വേണ്ടി വിദേശ പരിപാടികളിൽ തബല വായിച്ച ചതുർ ലാൽ പ്രശസ്തനായിരുന്നു. സഹോദരെൻറ മരണ ശേഷം വേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ രാം നാരായൻ ഏറെ ബുദ്ധിമുട്ടി. ആ നിരാശ കുറച്ചു നാൾ മദ്യപാനത്തിലേക്ക് നയിച്ചു. രണ്ട് വർഷത്തിനകം അതിൽനിന്ന് മോചിതനായി പരിപാടികളിലേക്ക് തിരിച്ചു വന്നു. സാരംഗിയിൽ തുടർന്നാൽ ഭാവി ശുഭകരമാവില്ല എന്ന് തെറ്റിദ്ധരിച്ച് ശിഷ്യരിൽ കുറച്ചു പേർ മറ്റു ഉപകരണങ്ങളെ തേടി പോയതും മകൻ ബ്രിജ് നാരായൻ സാരംഗിക്ക് പകരം സരോദ് തിരഞ്ഞെടുത്തതും അദ്ദേഹത്തെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്. അതിനുള്ള കടം വീട്ടിയത് മകൾ അരുണ നാരായൻ കാലെയെ സാരംഗി പഠിപ്പിച്ചുകൊണ്ടാണ്. ഉസ്താദ് അലാവുദ്ദീൻ ഖാന് ശേഷം തെൻറ പെണ്മക്കളെ സംഗീതം പഠിപ്പിച്ച അപൂർവം ഹിന്ദുസ്ഥാനി സംഗീതജ്ഞരിൽ ഒരാളാണ് അദ്ദേഹം. രാജ്യത്ത് ആദ്യമായി പ്രഫഷനലായി സാരംഗി വായിച്ച സ്ത്രീ എന്ന ബഹുമതി അരുണ നാരായൻ കാലെക്കാണ്. അരുണയിലൂടെയും പേരക്കുട്ടി ഹർഷ് നാരായനിലൂടെയും സാരംഗിയുടെ പ്രതാപകാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
താങ്കളുടെ ഏറ്റവും വലിയ നേട്ടമെന്ന് ഏതിനെ വിളിക്കും? ഒരു പത്രപ്രവർത്തകൻ ചോദിച്ചു. ''തവായിഫ് ഭവനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണമായി എല്ലാവരും തള്ളിക്കളഞ്ഞ സാരംഗിക്ക് സാമൂഹിക സ്വീകാര്യതയും മാന്യതയും കൊണ്ടുവരുന്നതിൽ ഞാൻ വിജയിച്ചു. അവഗണിക്കപ്പെട്ട ഒരു സംഗീത ഉപകരണത്തിന് പുനർജന്മം ലഭിച്ചത് ഞാൻ കാരണമാണെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്.''
നിരവധി വർഷങ്ങളായി ശവസംസ്കാര ചടങ്ങുകളിൽ നിലവിളിയായിരുന്നു സാരംഗി. രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ മരിക്കുമ്പോൾ റേഡിയോവിലും ദൂരദർശനിലും സാരംഗി മുഴങ്ങും. 'ചാവ് ഉപകരണം' എന്ന കളങ്കത്തിൽ നിന്ന് സാരംഗി പുറത്തു കടന്നത് രാം നാരായെൻറയും പിന്നീട് വന്ന സുൽത്താൻ ഖാെൻറയും സംഗീത പരിപാടികളിലൂടെയായിരുന്നു. 1990ൽ മെഹ്ദി ഹസെൻറ കൂടെ ലണ്ടനിലെ റോയൽ കോളജ് ഓഫ് മ്യൂസിക്കിൽ നടന്ന ഗസൽ പരിപാടിയിൽ സാരംഗി വായിച്ചിരുന്നത് ഉസ്താദ് സുൽത്താൻ ഖാനായിരുന്നു. ആ പരിപാടിയുടെ കാസറ്റുകൾ കേട്ട ഗസൽ ആരാധകരിൽ ഭൂരിഭാഗം പേരും സുൽത്താൻ ഖാെൻറ സാരംഗി വാദനത്തിൽ ആകൃഷ്ടരായി. അത് സാധാരണക്കാരായ സംഗീത ആസ്വാദകരെ സാരംഗി എന്ന ഉപകരണത്തെ ശ്രവിക്കാൻ തെല്ലൊന്നുമല്ല സഹായിച്ചത്.
''അവാർഡുകൾ വരുന്നു, പോകുന്നു, പക്ഷേ ഇത് വായിക്കാൻ എനിക്ക് കഴിയുന്നു എന്നത് വലിയ സംതൃപ്തി നൽകുന്നു. ഞാൻ ഇനിയും ഈ ഭൂമിയിൽ ജനിക്കും. നിങ്ങളുടെ മുന്നിൽ സാരംഗിയുമായി വരും''- 'മ്യൂസിക് മേക്കേഴ്സ്' എന്ന പുസ്തകത്തിന് വേണ്ടി അജയ് റോയുമായി നടത്തിയ അഭിമുഖത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു