പണ്ഡിറ്റ് രവിശങ്കർ: സംഗീതത്തിന്റെയും പ്രണയത്തിന്റെയും തോഴൻ
സംഗീതത്തോളംതന്നെ പ്രണയവും മനസ്സിൽ കോരിനിറച്ചുകൊണ്ടുനടന്നയാളാണ് പണ്ഡിറ്റ് രവിശങ്കർ. "ഓരോ കടവിലും എനിക്ക് ഒരു പ്രണയിനി കാത്തുനിൽപ്പുണ്ടായിരുന്നു, ചിലപ്പോൾ ഒന്നിൽക്കൂടുതലും" എന്ന മട്ടിൽ ഒരു ആത്മസ്വഭാവപ്രകാശനം അദ്ദേഹം തന്നെ നടത്തിയിട്ടുണ്ട്. "ഞാൻ ഒരു ചിത്രശലഭംതന്നെയായിരുന്നു. പൂവുകളിൽനിന്നും പൂവുകളിലേക്ക് ഞാൻ പാറിപ്പറന്നു." മറയില്ലാതെ പറഞ്ഞു അദ്ദേഹം. ലോകം മുഴുവൻ സംഗീതസുഖം പകരാനായെത്തിയ ഈ സ്നേഹദീപത്തിന്റെ വെളിച്ചം പ്രണയത്തിൽ നിന്നുള്ള സന്തോഷവും സംതൃപ്തിയും നിർവൃതിയും ആണെങ്കിൽ അതിൽ ആശ്വസിക്കാനേ ഉള്ളൂ. അനേകം പേരെ ഒരേസമയം പ്രണയിച്ച ഈ നിത്യകാമുകനെ അങ്ങോട്ടും പരസ്പരം കാലുഷ്യമോ അസൂയയോ...
Your Subscription Supports Independent Journalism
View Plansസംഗീതത്തോളംതന്നെ പ്രണയവും മനസ്സിൽ കോരിനിറച്ചുകൊണ്ടുനടന്നയാളാണ് പണ്ഡിറ്റ് രവിശങ്കർ. "ഓരോ കടവിലും എനിക്ക് ഒരു പ്രണയിനി കാത്തുനിൽപ്പുണ്ടായിരുന്നു, ചിലപ്പോൾ ഒന്നിൽക്കൂടുതലും" എന്ന മട്ടിൽ ഒരു ആത്മസ്വഭാവപ്രകാശനം അദ്ദേഹം തന്നെ നടത്തിയിട്ടുണ്ട്. "ഞാൻ ഒരു ചിത്രശലഭംതന്നെയായിരുന്നു. പൂവുകളിൽനിന്നും പൂവുകളിലേക്ക് ഞാൻ പാറിപ്പറന്നു." മറയില്ലാതെ പറഞ്ഞു അദ്ദേഹം. ലോകം മുഴുവൻ സംഗീതസുഖം പകരാനായെത്തിയ ഈ സ്നേഹദീപത്തിന്റെ വെളിച്ചം പ്രണയത്തിൽ നിന്നുള്ള സന്തോഷവും സംതൃപ്തിയും നിർവൃതിയും ആണെങ്കിൽ അതിൽ ആശ്വസിക്കാനേ ഉള്ളൂ. അനേകം പേരെ ഒരേസമയം പ്രണയിച്ച ഈ നിത്യകാമുകനെ അങ്ങോട്ടും പരസ്പരം കാലുഷ്യമോ അസൂയയോ ഇല്ലാതെ സ്ത്രീകൾ ഒരേസമയത്ത് പ്രേമിക്കുകയും സഹവസിക്കുകയും ചെയ്തു എന്നത് സ്ത്രീ സാമാന്യസ്വഭാവത്തിന് അത്ര യോജിക്കുന്നതല്ല, അത്ഭുതാവഹവുമാണ്. എല്ലാ പ്രണയിനിമാരെയും കൂട്ടിയിണക്കിയിരുന്നത് പൊതുവായ ഒന്നാണ് -രവിശങ്കറിനോടുള്ള അഗാധപ്രേമം. അത് പല വിട്ടുവീഴ്ചകൾക്കും ഈ പ്രണയിനിമാരെ പ്രേരിപ്പിക്കാൻ തക്കവണ്ണം ശക്തിയേറിയതായിരുന്നു എന്നത് അപൂർവമായ മനോനിലദൃഷ്ടാന്തമാണ്.
ആ തേജസ്സിന്റെ പ്രഭാവലയത്തിൽ ആകർഷിക്കപ്പെട്ടവർക്ക് പരസ്പരം കാലുഷ്യമോ അസൂയയോ തോന്നാതെപോയത് അൽപനേരമെങ്കിലും ആ മദനസംഗീതമോഹനന്റെ സാമീപ്യം അനുഭവിച്ചാൽ മാത്രം മതി എന്ന ആവേശമായിരുന്നിരിക്കണം.
ഒരു മീഡിയക്കും കിംവദന്തികൾ ഉണ്ടാക്കാൻ സാധ്യമാവാത്തവിധം സുതാര്യമായിരുന്നു രവിശങ്കറിെൻറ പ്രണയങ്ങളും സ്ത്രീസഹവാസങ്ങളും. അല്ലെങ്കിലും വിശ്വപൗരനും സർവോപരി ഉന്നതകലാകാരനുമായിക്കഴിഞ്ഞ അദ്ദേഹത്തെ തൊട്ടുകളിക്കാൻ ആരും ഒരുമ്പെടുകയില്ലായിരുന്നു എന്നതും സത്യമാണ്, അദ്ദേഹം തെല്ലും കൂസിയിരുന്നുമില്ല. തന്റെ പുസ്തകങ്ങളിൽ പലതും തുറന്നെഴുതി, ഇന്റർവ്യൂകളിൽ നിസ്സങ്കോചം സത്യകഥകൾ പറഞ്ഞു. സദാചാരം എന്ന ആപേക്ഷികമായ വമ്പൻ കള്ളത്തരത്തെ പൊളിച്ച്, സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാൻ വെമ്പുന്നവരെ ഇല്ലാതാക്കി, തന്റെ കാര്യത്തിലെങ്കിലും. സഖികളായി വന്നുകയറിയവരോടും ഒന്നും മറച്ചുെവച്ചില്ല, ഒളിച്ചുകളിയിൽ ഏർപ്പെട്ടില്ല. പരിപൂർണവും നിസ്സീമവും നിർമലവുമായ പ്രേമം ഉദ്ഘോഷിക്കുകയായിരുന്നു തന്റെ വൈവിധ്യമിയന്ന ബന്ധങ്ങളിലൂടെ. പൂർവകാമുകികളെ ഒരിക്കലും വിട്ടുകളഞ്ഞിരുന്നില്ല അദ്ദേഹം എന്നതുതന്നെയാണ് സ്വഭാവഗുണം എന്ന് അവസാനത്തെ സഖി സുകന്യ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് പിന്നീട്. എപ്പോഴും മനുഷ്യർക്കിടയിൽ തന്നെ ജീവിക്കണം എന്ന നിശ്ചയദാർഢ്യക്കാരൻ, വീട്ടിൽ താമസക്കാർ എന്നും ധാരാളം എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. അവർക്കുവേണ്ടി പണം ധാരാളം ചെലവഴിക്കുകയും ചെയ്തിരുന്നു. പ്രണയം പലപ്പോഴും രഹസ്യമയം ആയിരുന്നില്ല, ഒരിക്കലും ജാള്യതയോ ലജ്ജയോ അമ്പരപ്പോ പ്രകടിപ്പിച്ചിരുന്നില്ല ഇക്കാര്യത്തിൽ. നിരവധി ബന്ധങ്ങൾ ഉണ്ടായിരുന്ന മലയാളകവികളെ നമുക്ക് നന്നായറിയാം. പക്ഷേ, അവരുടേതുമായി ഒരു താരതമ്യവും ഇല്ലാത്ത ജീവിതമായിരുന്നു പണ്ഡിറ്റ്ജിയുടേത്. ആരെയും ചതിക്കാനും ഉദ്ദേശ്യമില്ലായിരുന്നു. പ്രണയവല്ലരികൾ പൂത്ത കടവുകളിലൊക്കെ തോണി അടുപ്പിച്ചു. പ്രണയിനികൾ ഇത് അറിഞ്ഞിരുന്നു, അംഗീകരിച്ചിരുന്നു.
ഔപചാരികമായി ഒരു വിവാഹമേ കഴിച്ചിട്ടുള്ളൂ പണ്ഡ്റ്റ് ജി. 21ാം വയസ്സിൽ ഗുരുവായ അല്ലാവുദ്ദീൻ ഖാന്റെ മകൾ അന്നപൂർണാദേവി എന്ന രോഷനാരയെ.
1941ൽ ഗുരുവിന്റെ 'മയ്ഹറി'ൽ െവച്ച്. അന്നപൂർണക്ക് അന്ന് 14 വയസ്സ്. മൂത്തമകൾക്ക് സംഗീത താൽപര്യം അശേഷമില്ലാത്ത ഭർത്താവിനെയാണ് കിട്ടിയതെന്നതുകൊണ്ട് ആ വിവാഹബന്ധം ദുരിതത്തിലായിപ്പോയതിനാൽ രോഷനാരയെ ഒരു സംഗീതശേഷിയെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ അല്ലാവുദ്ദീൻ ഖാൻ തീരുമാനിച്ചിരുന്നു. ഹിന്ദുവായ ശിഷ്യൻ രവിശങ്കറിനെ ഇതിനു തിരഞ്ഞെടുക്കാൻ തുറന്നമനസ്സിന്റെ ഉടമയായ അദ്ദേഹത്തിനു പ്രയാസമേറെയുണ്ടായില്ല. 1941 മേയ് 14ന് രാവിലെ രോഷനാര ഹിന്ദുവായി മാറി, അന്നപൂർണ എന്ന പേരും സ്വീകരിച്ചു. അന്നു വൈകുന്നേരം ഹിന്ദു ആചാരപ്രകാരം വിവാഹവും നടന്നു. 1942ൽ ശുഭേന്ദ്ര ശങ്കർ ജനിച്ചു, 1944 മുതൽ ബോംബെയിൽ താമസമാക്കി അവർ. രണ്ട് ഉജ്ജ്വലപ്രതിഭകളുടെ സംഗമം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവം ആണെങ്കിലും 1944ൽത്തന്നെ അവർ തമ്മിലുള്ള ബന്ധത്തിൽ അപശ്രുതികൾ ഉണർന്നുകേട്ടിരുന്നു.
ജ്യേഷ്ഠൻ ഉദയ് ശങ്കറിന്റെ ട്രൂപ്പിൽ നർത്തകനായി ലോകം ചുറ്റുമ്പോഴാണ് അല്ലാവുദ്ദീൻ ഖാനുമായി രവി എന്ന ചെറുപ്പക്കാരൻ പരിചയത്തിലാകുന്നത്. ഫ്രാൻസിലെ ഒരു പരിപാടിയിൽ പ്രത്യേകിച്ചും. നൃത്തം വിട്ട് അല്ലാവുദ്ദീൻ ഖാനിന്റെ 'മയ്ഹറി'ൽ ചെന്ന് താമസിക്കാൻ ഖാൻ സാഹിബിന്റെ പ്രേരണയുമുണ്ടായി. ഉദയ് ശങ്കറിനു രവി നൃത്തം വിട്ടത് അത്ര രസിച്ചില്ല. മാസംതോറും കൊടുക്കാറുള്ള അലവൻസും നിർത്തലാക്കി, ജ്യേഷ്ഠൻ ഉദയ്. എങ്കിലും പതിനെട്ട് വയസ്സുകാരൻ രവി സംഗീതംതന്നെ തന്റെ വഴി എന്ന് തീരുമാനിക്കുകയായിരുന്നു. അൽമോരയിൽ ഉദയ് ശങ്കർ നൃത്താലയം തുടങ്ങിയിട്ടുണ്ടെന്നതിനാൽ അവിടെ നിത്യസന്ദർശകനായിരുന്നു. അന്ന് അവിടെയുള്ള രണ്ടു പ്രസിദ്ധ സഹോദരിമാരിലായിരുന്നു രവിശങ്കറിന്റെ പ്രധാന ശ്രദ്ധ. പ്രസിദ്ധ മുസ്‍ലിം കുടുംബത്തിലെ സോറ ബീഗവും ചേച്ചി അസ്രാ ബീഗവും. യാഥാസ്ഥിതിക മുസ്‍ലിം പാരമ്പര്യ കെട്ടുപാടുകളൊക്കെ പൊട്ടിച്ച് നൃത്തത്തിനുതന്നെ എത്തിയവരാണിവർ. രണ്ടുപേരും പിന്നീട് തിയറ്ററിൽ ശ്രദ്ധകേന്ദ്രീകരിച്ചു. (സോറ 'സോറ സെഹ്ഗൾ' (Zora Sehgal) ആയി ഹിന്ദി/ഇംഗ്ലീഷ് സിനിമകളിൽ പേരെടുത്തു, അസ്ര 'അസ്ര ബട്ട്' (Azra Butt) എന്ന പേരിൽ തിയറ്ററിലും) അസ്രയെയാണ് രവിശങ്കറിന് ഇഷ്ടപ്പെട്ടത്. ബാബയുമൊത്ത് അവിടെപ്പോകുമ്പോൾ അസ്രയുമൊത്ത് കേളീവിലാസങ്ങളിലാണ് രവിയുടെ താൽപര്യം. അന്നപൂർണയുമായി വിവാഹം നിശ്ചയിച്ചുകഴിഞ്ഞിരുന്നുവെങ്കിലും. "എനിക്ക് എന്നെ പിടിച്ചുനിർത്താൻ പറ്റിയിരുന്നു. ഇല്ല; ഞാൻ വിശന്നുവലഞ്ഞവനായിരുന്നു, മയ്ഹറിൽ ബ്രഹ്മചാരിയെപ്പോലെ കഴിഞ്ഞതിനാൽ" എന്ന് രവി തന്റെ ആത്മകഥാപുസ്തകത്തിൽ രേഖപ്പെടുത്തുന്നു. അന്നപൂർണയുമായി വിവാഹം തീരുമാനിക്കപ്പെട്ടിരിക്കയാണ്, ''ഇതാ ഇവിടെ ഞാൻ, മാനസികമായും ശാരീരികമായും ഒരാളുമായി തീവ്രബന്ധത്തിൽ, അതേസമയം മറ്റൊരാളുമായി വിവാഹം! I felt like hell'' -രവിശങ്കർ തുറന്നെഴുതുന്നു.
എന്നാൽ, രവി എന്ന സംഗീതകാരന്റെ ഹൃദയത്തിൽ പ്രണയമധു ഏറെ നിറച്ചത് കമല എന്ന സുന്ദരിക്കുട്ടിയാണ്. അൽമോറയിൽ നൃത്തം പഠിക്കാനെത്തിയതാണ് സരസ്വതി എന്ന കമല. പിന്നീട് രവിശങ്കറിന്റെ പ്രധാന കാമുകിയും സഹചാരിയും അയി മാറിയ കമല ശാസ്ത്രി. കമലക്ക് 13 വയസ്സുള്ളപ്പോൾതന്നെ രവിശങ്കർ കമലയെ കണ്ടിട്ടുണ്ട്. ഹൃദയം ചെറുതായി കോർത്തുവലിഞ്ഞിട്ടുണ്ട് 1940ൽ അൽമോറയിൽെവച്ചുതന്നെ. ഉദയ് ശങ്കറിന്റെ ട്രൂപ്പിലെ നർത്തകിയാണവൾ. കമലയുമായുള്ള ഉൽക്കടപ്രണയം തിരിച്ചറിയുന്നത് 1944ൽ ബോംബെയിൽ എത്തിയപ്പോഴാണ്. അല്ലാവുദ്ദീൻ ഖാന്റെ കീഴിലുള്ള സംഗീതാഭ്യാസം പൂർത്തിയാക്കി 'ഇപ്റ്റ'യി (Indian Peoples' Theatre Association) ൽ കമ്പോസറായി ജോലി ചെയ്യുകയാണ് പണ്ഡിറ്റ്ജി അന്ന്. സംഗീതലോകത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചും കഴിഞ്ഞു. ഇന്നു കേൾക്കുന്ന "സാരെ ജഹാം സെ അച്ഛാ" എന്ന ട്യൂൺ അന്ന് രവിശങ്കർ ചിട്ടപ്പെടുത്തിയതാണ്. കമലയുടെ ചേച്ചി ലക്ഷ്മി രവിശങ്കറിന്റെ ചേട്ടൻ രാജേന്ദ്ര ശങ്കറിനെ കല്യാണം കഴിച്ചിരുന്നു 'ലക്ഷ്മി ശങ്കർ' എന്ന പേരു സ്വീകരിച്ചതോടെ 'ശങ്കർ' കുടുംബത്തിലെ ഒരാൾതന്നെയായി അവർ, പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞയായി പേരെടുത്തു പിന്നീട്.
ലക്ഷ്മിയും ഉദയ് ശങ്കറിന്റെ ട്രൂപ്പിൽ നർത്തകി ആയിരുന്നു. തമിഴ്നാട്ടുകാരൻ ആർ.വി. ശാസ്ത്രിയുടെ മക്കളാണ് ലക്ഷ്മിയും സരസ്വതിയും. ഗാന്ധിജിയുടെ 'ഹരിജൻ' മാസികയുടെ എഡിറ്ററാണ് ശാസ്ത്രി. ലക്ഷ്മിയെയും സരസ്വതിയെയും ഉദയ് ശങ്കറിന്റെ ശിക്ഷണത്തിൽ ആക്കുകയാണ് ശാസ്ത്രി ചെയ്തത്. ലക്ഷ്മിയാകട്ടെ, നൃത്തത്തെക്കാൾ സംഗീതത്തിലാണ് പ്രാവീണ്യം തെളിയിച്ചത്. മാത്രമല്ല, പ്ല്യൂറസി എന്ന അസുഖം കാരണം നൃത്തംചെയ്യാനും പ്രയാസം. ഉദയ് ശങ്കറിന്റെ തന്നെ അഭിപ്രായപ്രകാരം ലക്ഷ്മി പാട്ടിന്റെ വഴി തിരഞ്ഞെടുത്തു, തലമുറകളായ കർണാടകസംഗീതപാരമ്പര്യം വിട്ട് ഹിന്ദുസ്ഥാനിയിൽ അഭ്യസ്തയും നിപുണയുമായി. സരസ്വതിയെ കമല എന്നു വിളിച്ചുപോന്നു. പിന്നീട് ഈ പേർ സ്ഥിരമായി. ലക്ഷ്മി ശങ്കർ ഉദയ് ശങ്കർ-രവിശങ്കർ കുടുംബത്തിലെ അംഗമായി മാറിയിരുന്നതുകൊണ്ട് സരസ്വതി എന്ന കമലയും ഇങ്ങനെ കുടുംബസദസ്സുകളിലെ സ്ഥിരസാന്നിധ്യമായി. 'കമല ശാസ്ത്രി' എന്ന പേരിൽ പ്രസിദ്ധിയാർജിച്ച നർത്തകിയായി അവർ. രവിശങ്കറിനാകട്ടെ, ഹൃദയതാളത്തിൽ നർത്തനം ചെയ്യുന്നവളും. "അസ്രയുമായി ഉണ്ടായിരുന്നതുപോലെ ശാരീരികബന്ധം കമലയുമായി ഇല്ലായിരുന്നു"-രവിശങ്കർ തുറന്നെഴുതുന്നു.
നൃത്തവും സംഗീതവും ഡി.എൻ.എയിൽ ഉൾച്ചേർന്നവരുടെ കുടുംബത്തിൽത്തന്നെ രവിയുടെ ജനനം. രവിശങ്കർ പിറക്കുമ്പോൾത്തന്നെ മൂത്ത ജ്യേഷ്ഠൻ ഉദയ് ശങ്കർ നൃത്തം ചവിട്ടിത്തുടങ്ങിയിരുന്നു. അച്ഛൻ ശ്യാം ശങ്കർ ചൗധരിക്ക് ഉദയ്, രാജേന്ദ്ര, ദേവേന്ദ്ര, ഭൂപേന്ദ്ര, രവീന്ദ്ര എന്നീ മക്കൾ. ഹേമാംഗിനീദേവി ഇവരുടെ അമ്മ. "രൊബീന്ദ്രോ ഷൊങ്കർ ചൗധരി" എന്ന് ബംഗാളിമട്ടിലാണ് പേരുകൾ. അച്ഛൻ തന്നെ എല്ലാ മക്കളുടെയും പേരുകൾ സംസ്കൃതത്തിലാക്കി. അങ്ങനെ രവിശങ്കർ ചൗധരി എന്ന ലളിതനാമം ഉടലെടുത്തു. പെർഫോമിങ് ആർട്സിലും മറ്റും അതീവ തൽപരനായ ശ്യാം ശങ്കർ ഇംഗ്ലണ്ടിൽ കുടിയേറി. അവിടെ ഒരു ഇംഗ്ലീഷുകാരിയുമായി സഹവാസവുമുണ്ട്. അച്ഛൻതന്നെ രവിയെ കാണുന്നത് രണ്ടാം ഭാര്യയുമായി വന്നപ്പോൾ, രവിക്ക് 8 വയസ്സുള്ളപ്പോഴാണ്. മൂത്ത ചേട്ടൻ ഉദയ് ആണ് അനുജന്മാർക്ക് തുണ. ഉദയ് ശങ്കറിന്റെ നൃത്ത ട്രൂപ്പിൽ അംഗമായി ബാല്യത്തിൽത്തന്നെ ലോകം ചുറ്റിത്തുടങ്ങിയിരുന്നു രവിശങ്കർ. സ്വഭാവരൂപവത്കരണകാലങ്ങളിൽ ഒക്കെ പാരിസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഒക്കെ വളർന്ന്, ലോക കലകളുമായി അടുത്ത പരിചയം സിദ്ധിച്ച്, അനായാസം ഫ്രഞ്ച് സംസാരിക്കുന്നവനുമായി മാറിയ രവിശങ്കർ ഒരു വിശ്വപൗരനായി മാറപ്പെടുകയായിരുന്നു സാംസ്കാരികമായും അനുഭവപരമായും. ഹോളിവുഡിൽ െവച്ച് ദത്തെടുക്കപ്പെട്ട് അവിടത്തുകാരനായി എന്നെന്നേക്കുമായി മാറാൻ ഒരു സാധ്യതയുമുണ്ടായിരുന്നു. യഥാർഥ കുടുംബാനുഭവം നഷ്ടപ്പെട്ടിരുന്നു എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രേമം, കാമം, സ്നേഹം എന്നിവയെക്കുറിച്ചൊക്കെ ഉദാരമായ ധാരണകളും കാഴ്ചപ്പാടുകളും സ്വാംശീകരിക്കപ്പെട്ടത് പാശ്ചാത്യരീതികളുടെ സ്വാധീനം ചെറുപ്പകാലത്തുതന്നെ വന്നുഭവിച്ചതുകൊണ്ടുമാകണം.
1940ൽ അൽമോറയിൽ കമലയെ കണ്ട പരിചയം 1944ന്റെ ആദ്യകാലത്ത് ഒന്നു പുതുക്കിയിരുന്നു രവി. കൽക്കട്ടയിൽ െവച്ച്. കമലക്ക് വയസ്സ് പതിനേഴ്. പ്രസിദ്ധ സിതാർ നിർമാതാക്കളായ കനൈയ്യാ ലാലിന്റെ കടയിൽനിന്നും പുതിയ സിതാർ എടുക്കാൻ ചെന്നതാണ് രവി. ഏറ്റവും നീണ്ടകാലത്തെ പ്രണയം ഉടലെടുക്കാനുള്ള അവസരമായിരുന്നു അത് എന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1944ൽ തന്നെ കമല ബോംബെയിൽ എത്തിയിരുന്നു, കുടുംബത്തിലെ മിക്കവരും അവിടെയാണ്. ഒരിക്കൽ രവി ഒരു കടുത്ത പനിയിൽനിന്നും മോചിതനാകുന്ന വേളയിൽ കമലയാണ് ശുശ്രൂഷ. കിടപ്പിലായ സുന്ദരനായ ചെറുപ്പക്കാരന്റെ ആശ്വാസം. പക്ഷേ, പനി പ്രണയത്തിന്റേതുമാണെന്ന് ഇരുവരും ഉടൻ അറിഞ്ഞു. കമല നൃത്തത്തോടൊപ്പം കച്ചേരികളിൽ തംബുരു മീട്ടാറുണ്ട്. ആകെ സംഗീതമയമായ ഈ വീട്ടിലേക്ക് രവി തുടർച്ചയായി പോകുന്നത് അന്നപൂർണക്ക് സന്തോഷംതന്നെ. പക്ഷേ, പതുക്കപ്പതുക്കെ സംഗീതത്തിലപ്പുറം ചില അടുപ്പം ഈ നിത്യസന്ദർശനത്തിനു പിറകിൽ ഉണ്ടെന്ന് അവർക്ക് അറിവായി. തന്റെ അച്ഛനോ താനോ ധരിച്ചുവെച്ച വ്യക്തി അല്ല രവിശങ്കർ എന്ന സത്യം അന്നപൂർണ മനസ്സിലാക്കുന്ന വേള. അനുതാപത്തിലേക്ക് വഴുതിവീണ ഒരു ദുസ്സഹജീവിതത്തിന്റെ ആരംഭമായിരുന്നു അത് എന്ന് ആരും ചിന്തിച്ചുകാണുകയില്ല.
കമലയെ ഉടൻ കല്യാണം കഴിപ്പിക്കുകയാണ് പോംവഴി, രവി-അന്നപൂർണ ബന്ധം രക്ഷിക്കാൻ വേണ്ടി, ശങ്കർ കുടുംബം പര്യാലോചിച്ചു. അവർക്ക് പരിചയമുള്ള അനുയോജ്യൻ അവിടെത്തന്നെയുണ്ട്. അമിയോ ചക്രവർത്തി എന്ന ബംഗാളി സിനിമാ പ്രൊഡ്യൂസർ/സംവിധായകൻ. അഭിനയിക്കാൻ വേണ്ടി ബോംബെയിൽ എത്തിയെങ്കിലും സംവിധാനത്തിൽ പ്രാഗല്ഭ്യം തെളിയിച്ച ആൾ. 'ബസന്ത്', 'പതിത', 'സീമ' മുതലായ ഹിറ്റ്സിനിമകൾ അമിയോയുടേതായിട്ടുണ്ട്. ലക്ഷ്മിയും കമലയും തമിഴ് കുട്ടികൾ എന്ന പരിവേഷം വിട്ട് പൊതുഭാരതീയർ എന്ന പ്രതിച്ഛായയിലേക്ക് പ്രവേശിച്ചിരുന്നു. ബംഗാളി വരൻ അതുകൊണ്ട് പ്രശ്നമല്ല. അമിയോ ആകട്ടെ കമല ശാസ്ത്രി എന്ന പേരിൽ പ്രസിദ്ധയായ ആ നർത്തകിയുടെ ആരാധകൻ ആണു താനും. ലക്ഷ്മി ശങ്കറിന്റെ ഭർത്താവ് രാജേന്ദ്ര ശങ്കർ അമിയോയുടെ സിനിമകളിലെ സംഗീതവുമായി സഹകരിച്ചിട്ടുണ്ട്, സ്നേഹിതരാണ്. 1945 സെപ്റ്റംബർ 7ന് കമലയും അമിയോയുമായുള്ള വിവാഹം നടന്നു. പക്ഷേ, കമല തന്റെ പ്രണേതാവിനെ മറന്നില്ല. രവിശങ്കറും കമലയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചുകഴിഞ്ഞിരുന്നു. കമലയുടെ ദാമ്പത്യജീവിതം 12 കൊല്ലത്തോളമേ നീണ്ടുനിന്നുള്ളൂ. 1957ൽ 44ാം വയസ്സിൽ അമിയോ ആകസ്മികമായി മരിച്ചു. "ദേഖ് കബിരാ രോയാ" എന്ന വൻ ഹിറ്റ് സിനിമ സംഭാവന ചെയ്ത കൊല്ലംതന്നെ. കമല രവിശങ്കറിന്റെ പ്രണയിനിയായിത്തന്നെ തുടർന്നു. 1967ലാണ് അന്നപൂർണ വിവാഹമോചനം അനുവദിച്ചത്. അതിനും മുമ്പേതന്നെ കമലയും രവിയും ഒന്നിച്ചായി ജീവിതം. എല്ലാ കച്ചേരിക്കും കമല തംബുരുവുമായി ഉണ്ട്. എന്നാൽ, രവിയുടെ തോണി പ്രേമയമുനാതീരങ്ങളിലെ പല കടവുകളിലും അടുത്തുകൊണ്ടിരുന്നു. നിരന്തരമായ യാത്രകൾ. ആരാധികമാർ എന്തിനും തയാറായി ഈ പാറിപ്പറക്കുന്ന ശലഭത്തിനു പൂന്തേനുമായി വിടർന്നുനിന്നു. ഇഷ്ടംപോലെ വാരിക്കൊടുക്കാൻ ആവോളം പ്രണയവുമുണ്ട് ആരെയും ആകർഷിക്കുന്ന രവിയുടെ ഹൃദയത്തിൽ.
1944ൽ തന്നെ കമലയുമായി പ്രണയത്തിലാണെന്ന് അന്നപൂർണയോട് രവി പറഞ്ഞിരുന്നു. "എന്നാൽ നിങ്ങൾ എന്തിനെന്നെ വിവാഹം കഴിച്ചു? നിങ്ങൾക്ക് അവളെ പണ്ടേ അറിയാം. എന്നിട്ടും? എന്റെ അച്ഛനുമായി ഏറ്റവും നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ മാത്രമോ?" ഏതു ഭാര്യയും ചോദിക്കുന്ന ചോദ്യമാണ് അന്നപൂർണ ചോദിച്ചത്. പക്ഷേ, ഒരു ഭർത്താവിന് സാധാരണ പറയാനുള്ള മറുപടിയോ അതിനുള്ള മാനസികനിലയോ അല്ല രവിക്കുണ്ടായിരുന്നത്. "അദ്ദേഹത്തിന് അറിവില്ല. അദ്ദേഹത്തിനു തീർച്ചയില്ല. അദ്ദേഹത്തിനു കല്യാണമോ കമലയോടുള്ള അടുപ്പമോ വിശദീകരിക്കാൻ പറ്റിയില്ല." അന്നപൂർണയുടെ ശിഷ്യൻ സ്വപൻ കുമാർ ബന്ദോപാധ്യായ പിന്നീട് എഴുതി. ''വഴക്കിനു ശേഷം അവർ രണ്ടു മുറികളിൽ കിടന്നു. അവരുടെ പ്രിയങ്കര വളർത്തുനായ് മുന്ന ഏതു മുറിയിൽ പോകണമെന്നറിയാതെ നടുവിൽ സങ്കടത്തോടെ കിടന്നു.'' ബന്ദോപാധ്യായ അന്നപൂർണാദേവിയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു. ഇത് സംഭവിക്കേണ്ടിയിരുന്നതുതന്നെ, ഭർത്താവും ഭാര്യയും ഒരേ ജീവിതവൃത്തിക്കാരായാൽ എന്ന് ബന്ദോപാധ്യായ സമർഥിക്കുന്നു. "അത് ആൺ ഇൗഗോ തന്നെ. രവിശങ്കറിനാകട്ടെ ഇത് കൂടുതൽ പ്രശ്നകാരിയാണ്. അതിയായി ഉൽകർഷേച്ഛുവും അഹന്താനിഷ്ഠനുമായിരുന്നു അദ്ദേഹം, മറ്റാരും സ്വന്തം ലോകം ഭരിക്കാൻ അദ്ദേഹം അനുവദിക്കുകയില്ല. യഥാർഥമായും അദ്ദേഹം സൂര്യൻതന്നെ ആയിരുന്നു, തനിയേ ആകാശത്ത് പ്രോജ്ജ്വലിക്കാൻ താൽപ്പര്യപ്പെടുന്നവൻ. അതുകൊണ്ട് ഒരുപക്ഷേ അന്നപൂർണയെ പൊതു സംഗീതാവതരണങ്ങളിൽനിന്ന് മാറ്റിനിർത്താൻ അദ്ദേഹം തീരുമാനിച്ചുകാണണം." സുർബഹാർ എന്ന ക്ലിഷ്ടമായ തന്ത്രിവാദ്യത്തിൽ നിപുണയായ അവർ ആദ്യകാലങ്ങളിൽ, വെറും മൂന്നോ നാലോ കൊല്ലങ്ങൾ മാത്രം, അതും രവിശങ്കറോടൊത്ത് മാത്രം കച്ചേരികൾക്ക് പ്രത്യക്ഷപ്പെട്ടു. അന്നപൂർണയുടെ സുർബഹാർ വാദനം രവിശങ്കറുടെ പ്രകടനത്തെ നിഷ്പ്രഭമാക്കിയെന്നും ഇതിൽ അസൂയാലുവായ രവിശങ്കർ അന്നപൂർണയെ സുർബഹാർ വാദനത്തിൽ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നുമാണ് പൊതുവിശ്വാസം. നേർവിപരീതമുള്ള ജീവിതശൈലി തിരഞ്ഞെടുക്കുകയായിരുന്നു അന്നപൂർണ. സ്വയം ഒതുങ്ങിക്കൂടി ബോംബെയിലുള്ള ഒരു ഫ്ലാറ്റിൽ തനിയെ. പിന്നീട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ വിസമ്മതിച്ചു. ചുരുക്കം ചില ശിഷ്യർക്കു മാത്രം ആ വീട്ടിൽ പ്രവേശനം അനുവദിച്ചു. ഇപ്രകാരമുള്ള ഈഗോ പ്രശ്നങ്ങളിലേക്ക് നയിച്ച് വേർപെട്ടുപോകുന്ന സംഗീതജ്ഞരുടെ കഥ ചമച്ച 'അഭിമാൻ' എന്ന സിനിമ (അമിതാഭ് ബച്ചൻ, ജയ ഭാദുരി) രവിശങ്കർ-അന്നപൂർണ ജീവിതസംഭവം ആണെന്നൊരു ശ്രുതിയുണ്ട്.
ബന്ദോപാധ്യായ തന്റെ പുസ്തകത്തിൽ അന്നപൂർണയുടെ ഭാഗത്തുനിന്നുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്. ശുഭേന്ദ്ര ശങ്കർ എന്ന മകൻ പിറന്നശേഷം രവിയും അന്നപൂർണയും ശരിക്കും വിരുദ്ധ ധ്രുവങ്ങളിൽ വ്യാപരിച്ചു. ശുഭേന്ദ്ര ഈ സംഘർഷത്തിനു നടുവിൽ നന്നേ ബുദ്ധിമുട്ടി. രവിശങ്കറും അന്നപൂർണയും ബോംബെയിൽ ആയിരുന്നപ്പോൾ ശുഭേന്ദ്രയെ ('ശുഭോ' എന്ന് വിളിപ്പേര്) പെയിന്റിങ് സ്കൂളിലാണ് രവിശങ്കർ ചേർത്തത്. 1956ൽ രവിശങ്കർ ലോകപര്യടനങ്ങളിൽ വ്യാപൃതനായി, ഭർത്താവ് മരിച്ച കമലയുമായി കൂടുതൽ അടുപ്പത്തിലുമായി. 1967ൽ രവിശങ്കർ അമേരിക്കക്ക് പോയപ്പോൾ കമലയും കൂടെ ഉണ്ടായിരുന്നു. അന്നപൂർണ സ്വന്തം ഫ്ലാറ്റിലേക്ക് ശുഭോയുമൊപ്പം മാറി. 1970ൽ ശുഭോയെ രവിശങ്കർ യു.എസിലേക്ക് കൊണ്ടുപോയത് അന്നപൂർണക്ക് നിത്യ ഏകാന്തതാദുഃഖം സമ്മാനിച്ചു. അതിനുമുമ്പ് ശുഭോയുടെ ഒരു ആത്മഹത്യാശ്രമവും അന്നപൂർണയെ തകർത്തിരുന്നു. 1982ൽ അവർ ശിഷ്യനായ രൂഷികുമാർ പാണ്ഡ്യയെ വിവാഹം ചെയ്തെങ്കിലും തന്റെ സ്വകാര്യജീവിതം തുടരുകയാണുണ്ടായത്.
1967ൽ ലോസ് ആഞ്ജലസിൽ കിന്നര സ്കൂളിന്റെ ബ്രാഞ്ച് സ്ഥാപിച്ചുകഴിഞ്ഞിരുന്നു രവിശങ്കർ. 1970ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിന്റെ ഡിപ്പാർട്മെന്റ് ഓഫ് ഇന്ത്യൻ മ്യൂസിക്കിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. കമല ഒപ്പമുണ്ട് കാലിഫോർണിയയിൽ. ഈ സമയം തന്നെ ന്യൂയോർക്കിൽ സ്യു ജോൺസ് എന്ന സംഗീതജ്ഞയും കലാപ്രവർത്തകയുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു രവിശങ്കർ. കമല ഇത് അറിഞ്ഞില്ലെന്നല്ല.
1972ലാണ് ഇംഗ്ലണ്ടിൽ സുകന്യ രാജൻ എന്ന 18 വയസ്സുകാരി രവിശങ്കറിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സുഹൃത്തുക്കൾ നിർദേശിച്ചതനുസരിച്ച് രവിശങ്കറിന്റെ കച്ചേരിക്ക് തംബുരു മീട്ടാൻ എത്തിയതാണ് സുകന്യ. പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ഈ കുസൃതിക്കാരി മനസ്സിൽ പതിയാൻ അധികനേരം വേണ്ടിവന്നില്ല രവിക്ക്. സുകന്യയെ സംബന്ധിച്ചിടത്തോളം ഗാഢപ്രണയം പൊട്ടിത്തുടങ്ങുകയായിരുന്നു. മലയാളിവേരുകളുള്ള, വീട്ടിൽ തമിഴ് സംസാരിക്കുന്ന സുകന്യ പാട്ട് പഠിച്ചിട്ടുണ്ട്. പിന്നീട് പല കച്ചേരികൾക്കും സുകന്യയായി രവിശങ്കറിനു തംബുരു മീട്ടാൻ. 1973ൽ സുകന്യയെ നരേന്ദ്ര കോടിയൻ എന്നൊരാൾ കല്യാണം കഴിച്ചു. നരേന്ദ്ര ഒഫ്താൽമോളജി ഉപരിപഠനത്തിനു വേണ്ടി ലണ്ടനിൽ എത്തിയതാണ്, 1957ൽത്തന്നെ. ഫ്രഞ്ച്/റഷ്യൻ നൃത്തത്തിൽ പ്രാവീണ്യം നേടിയ ആളാണ്, യൂറോപ്പിൽ അറിയപ്പെട്ട കലാകാരനുമാണ്. സംഗീതത്തിൽ പ്രാവീണ്യമുണ്ട് എന്നുമാത്രമല്ല, രവിശങ്കറുമായി അടുത്ത പരിചയവുമുണ്ട്. പല കച്ചേരികൾക്കും തംബുരു വായിച്ചിട്ടുണ്ട് നരേന്ദ്ര. ഇവർ ഒരുമിച്ച് ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുമുണ്ട്. സുകന്യയുമായി നേരത്തേ പരിചയവുമുണ്ട്. വിവാഹം എളുപ്പം നടന്നു. ലണ്ടനിൽ കച്ചേരിക്ക് വരുമ്പോഴൊക്കെ രവിശങ്കറിനു തംബുരു മീട്ടുന്നത് സുകന്യതന്നെ. ആകർഷണം തീക്ഷ്ണമായി. നരേന്ദ്രയുമായി മാനസികമായി സുകന്യ അകലുന്നതോടൊപ്പം രവിശങ്കർ എന്ന കാമുകൻ മാത്രമായി സുകന്യക്ക്. സുകന്യ "അങ്കിൾ (കാകു)'' എന്നു വിളിച്ചിരുന്ന ആൾതന്നെയാണ് കാമുകനായി മാറുന്നത്. പ്രണയത്തിലായ നാളുകളിൽത്തന്നെ രവി സാധാരണ മറ്റ് പ്രണയിനിമാരോട് ആദ്യം പറയാറുള്ളതുപോലെ അറിയിച്ചു "എനിക്ക് വേറെ ധാരാളം പ്രണയിനിമാരുണ്ട്." അറിയാം, പ്രശ്നമില്ല എന്ന മട്ടിൽ സുകന്യയും. ഒരു ദിവസത്തെ പ്രണയം, സാമീപ്യം അത്രയെങ്കിൽ അത്രമാത്രം എന്ന് സുകന്യ. ലണ്ടനിൽ വരുമ്പോഴൊക്കെ പ്രണയം പുതുക്കാൻ രവി മറന്നില്ല. ഒരിക്കൽ കണ്ടാൽ പിന്നെ എന്നാണു കാണുന്നതെന്ന് സുകന്യക്ക് അറിവില്ല. ആറുമാസം കഴിഞ്ഞ് കാണുമോ? ഒരുകൊല്ലം കഴിഞ്ഞ്? 70കളുടെ പകുതിയോടെ ഇരുവരും പരസ്പരം പ്രണയിക്കാതെ സാധ്യമല്ലെന്ന രീതിയിലാവുകയാണ്. ന്യൂയോർക്കിൽ സ്യൂ ജോൺസുമായി ഗാഢപ്രണയത്തിലാണ് രവി ഇക്കാലത്ത് എന്നത് എല്ലാവർക്കും അറിയാം. രവിയില്ലാത്ത ജീവിതം ദുസ്സഹമെങ്കിലും സുകന്യ എന്നും കാത്തിരുന്നു. 1970കളിൽ കാലിഫോർണിയയിൽ കമലയും ന്യൂയോർക്കിൽ സ്യൂ ജോൺസും ലണ്ടനിൽ സുകന്യയുമായി രവിശങ്കറിന്റെ പ്രേയസികൾ.
സുകന്യയെ ആർക്കും പരിചയപ്പെടുത്തിയില്ല രവിശങ്കർ. എന്നാൽ, സ്യൂ ജോൺസ് പ്രഖ്യാപിത പ്രേയസി തന്നെ ആയിരുന്നു. പലതവണ െകാൽക്കത്തയിലും ഇന്ത്യയിൽ ശങ്കർ കുടുംബത്തിന്റെ ബന്ധുക്കാരുടെയും സുഹൃത്തുക്കളുടെയും വീടുകളിലും അവർ സന്ദർശകയായി, രവിയോടൊപ്പം. അമേരിക്കയിൽ സ്യൂ ജോൺസ് അല്ലാതെ മറ്റു കാമുകിമാരും ഉണ്ടായിരുന്നു ഇക്കാലത്ത് എന്ന് സുകന്യ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നെക്കാളും പ്രായം കുറഞ്ഞവൾ കാമുകിയായി വന്നിട്ടുണ്ടോ? സുകന്യ രവിശങ്കറിനോട്. ''ഉണ്ട്, പക്ഷേ പറയില്ല'' എന്ന് അദ്ദേഹം. 1978 ആയപ്പോഴേക്കും സുകന്യയും രവിയും 'പ്രണയവേഴ്ച' എന്ന നിർവചനത്തിൽ പെടുത്താവുന്ന അവസ്ഥയിൽ ആയി. ഇതേസമയം, സ്യൂ ജോൺസുമായി തീവ്രമായ ബന്ധത്തിലാണു താനും. 1979ൽ ആണ് ന്യൂയോർക്കിൽ സ്യൂ ജോൺസ് ഒരു പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. 'ഗീതാലി' എന്ന ബംഗാളിപ്പേരാണ് സ്യൂവും രവിയും ഈ ഓമനപുത്രിക്ക് പേരിട്ടത്. പിന്നീട് 'നോറ' എന്ന് മാറ്റുകയായിരുന്നു പേർ. 'നോറ ജോൺസ്' എന്ന പ്രസിദ്ധ പാട്ടുകാരിയായി മാറിയ നോറ തന്നെ.
''അങ്ങയുടെ ഒരു കുഞ്ഞിനെ എനിക്കു പ്രസവിക്കണം", സുകന്യ പറഞ്ഞു. ''ശരി, പക്ഷേ എനിക്ക് ആ കുഞ്ഞുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ല. ഞാൻ ഒരു അച്ഛൻപോലും ആയിരിക്കില്ല." രവി തീർത്തു പറഞ്ഞു. പക്ഷേ, സുകന്യക്ക് അതിൽ പരാതിയില്ല. 1981ൽ അനുഷ്ക പിറക്കുന്നത് അങ്ങനെയാണ്. അനുഷ്ക ഹെമ്പെൽ എന്ന ലണ്ടനിലെ പ്രസിദ്ധ ഇന്റീരിയർ ഡിസൈനറും നടിയും ഹോട്ടൽ ബിസിനസുകാരിയും സുകന്യയെ ആകർഷിച്ചിരുന്നു. കുഞ്ഞിന് ആ പേര് ഇട്ടു. കുഞ്ഞാകട്ടെ, രവിയുടെ തനിപ്പകർപ്പ്. നരേന്ദ്ര തന്റെ കുഞ്ഞല്ല ഇത് എന്ന് അറിഞ്ഞില്ല എന്ന് പരാതിപ്പെട്ടിട്ടുണ്ട് പിൽക്കാലത്ത്. അദ്ദേഹത്തിനു തീർച്ചയായും അറിയാമായിരുന്നു എന്ന് സുകന്യ പിന്നീട് പറഞ്ഞിട്ടുണ്ട്. ബാങ്കിൽ ചെറിയ ജോലിയേ ഉള്ളൂ സുകന്യക്ക്. കുഞ്ഞുമായി ഒറ്റക്കു തുഴയുന്ന ജീവിതം. രവിശങ്കറിന്റെ അതേ മുഖച്ഛായയുള്ള കുഞ്ഞ്. ആർക്കും എളുപ്പം സത്യം പിടിച്ചെടുക്കാം. എന്നാൽ, സുകന്യക്ക് പുറത്തുപറയാനും വയ്യ. പിന്നീട് അവർ എഴുതി: ''At first Ravi was not ready to accept her. She was a secret. I couldn't take her anywhere because they look so much like one another. I would take her to meet him privately in hotels, usually twice a year. They first met when she was three months old.''
രവിശങ്കറെ കൊല്ലത്തിൽ ഒരിക്കലെങ്കിലും കണ്ടെങ്കിലായി. എന്നാലും അനുഷ്കക്ക് മൂന്നുമാസം പ്രായമുള്ളപ്പോൾ ഒരിക്കൽ വന്നു എന്ന് സുകന്യ ഓർത്തെടുക്കുന്നു. അദ്ദേഹം കുഞ്ഞിനെ തൊട്ടിലാട്ടി. പെട്ടെന്ന് ഡിന്നർ തയാറാക്കുകയായിരുന്നു സുകന്യ. വല്ലപ്പോഴും വീണുകിട്ടുന്ന ധന്യനിമിഷം. കുഞ്ഞ് ഒരു രഹസ്യമായിത്തന്നെ തുടരണമെന്നായിരുന്നു രവിശങ്കറിന്റെ ആഗ്രഹം. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമല്ലാതെ സത്യം അറിയാനും പറ്റിയിട്ടില്ല. ഒരിക്കലും പൊതുവേദിയിൽ സുകന്യയെ അറിയുമെന്നുപോലും നടിച്ചില്ല പണ്ഡിറ്റ്ജി.
1981ൽ മറ്റ് രണ്ടു കാമുകിമാരിൽ ഓരോ കുഞ്ഞുവീതം ആയിക്കഴിഞ്ഞ പ്രിയനെ കമല വിട്ടൊഴിയാൻ തീരുമാനിച്ചു. കമലക്ക് കുഞ്ഞുങ്ങളുമില്ല. പക്ഷേ, അത് ഒരു കാരണം ആയിരിക്കണമെന്നില്ല. ആരോടും പരിഭവമില്ലാതെ കമല തിരിച്ച് ബോംബെക്ക് പോയി. 38 വർഷത്തോളം നീണ്ട പ്രണയവും 25ഓളം കൊല്ലത്തെ സഹവാസവും അവസാനിപ്പിച്ചു അവർ. സുകന്യയും കുഞ്ഞും പിന്നെ രവിയെ കാണുന്നത് അനുഷ്കക്ക് 4 വയസ്സുള്ളപ്പോഴാണ്. 1985ൽ പിറന്നാൾ ദിവസം 4 കുഞ്ഞുടുപ്പുകളുമായി രവി എത്തി എന്ന് സുകന്യ സാക്ഷ്യപ്പെടുത്തുന്നു. ആയിടക്ക് ആദ്യമായി രവി സുകന്യയെ പരസ്യമായി അംഗീകരിച്ചു "This is my fiance" എന്ന് അദ്ദേഹം കൂട്ടുകാർക്ക് പരിചയപ്പെടുത്തിയപ്പോൾ സുകന്യ ഞെട്ടി. അവസാനം രവിശങ്കറിന്റെ ജീവിതത്തിലെ ഒരു രഹസ്യം മാത്രമല്ല താനും കുഞ്ഞും എന്നതിൽ അത്യാഹ്ലാദം പൂണ്ടു.
നരേന്ദ്ര കൂടെയില്ല, കുഞ്ഞിനെ തന്നെയാണ് വളർത്തിയത് എന്ന് സുകന്യ പ്രസ്താവിച്ചതിനെപ്പറ്റി വളരെ പിന്നീട് നരേന്ദ്ര എഴുതുകയുണ്ടായി. കുഞ്ഞനുഷ്കയെ പരിചരിച്ചതും കഥകൾ വായിച്ച് കൊടുത്തതും ഒക്കെ താൻ തന്നെയാണ്, രവിശങ്കർ അവിടെയെങ്ങും ഇല്ലായിരുന്നല്ലോ എന്ന് പരിതപിച്ചിട്ടുമുണ്ട്. പിന്നീട് വർഷങ്ങളോളം അനുഷ്ക ഗ്രീറ്റിങ് കാർഡുകൾ അയച്ചുകൊണ്ടിരുന്നു എന്നും നരേന്ദ്ര എഴുതിയിട്ടുണ്ട്. 1985ൽ അനുഷ്കക്ക് നാലു വയസ്സുള്ളപ്പോഴാണ് നരേന്ദ്രയും സുകന്യയും ഔപചാരികമായി വിവാഹമോചിതരാവുന്നത്.
1981ൽ കമല വിട്ടുപോയതിനു ശേഷം രവിശങ്കർ സ്യൂ ജോൺസിനോടൊപ്പം ന്യൂയോർക്കിൽ താമസമായി. എന്നാൽ, ആ ബന്ധത്തിൽ വിള്ളൽ വീണുതുടങ്ങിയിരുന്നു. 1986ൽ സ്യൂ ജോൺസ് രവിശങ്കറുമായി അകന്നു. നോറയെ കാണരുതെന്ന് അവർ ശഠിച്ചു, നിയമവഴികൾ തേടി. മിക്കപ്പോഴും സുകന്യയോടൊപ്പം ലണ്ടനിൽ താമസമായി രവിശങ്കർ. 1989ലാണ് സുകന്യയെ പണ്ഡിറ്റ് ജി വിവാഹം ചെയ്യുന്നത്. പത്തുകൊല്ലത്തോളമുള്ള വേഴ്ചക്കു ശേഷം. അതിൽക്കൂടുതൽ നാളത്തെ പ്രണയത്തിനും ശേഷം, 8 വയസ്സുള്ള മകളുമുള്ളപ്പോൾ. അന്ന് പണ്ഡിറ്റ് ജിക്ക് വയസ്സ് 69ഉം സുകന്യക്ക് 34ഉം. ഹൈദരാബാദിലെ ഒരു ചെറിയ അമ്പലത്തിൽ ലളിതമായ ചടങ്ങുകളോടെയുള്ള വിവാഹം. കമലയാണ് അദ്ദേഹത്തെ ഈ വിവാഹത്തിനു പ്രോത്സാഹിപ്പിച്ചത് എന്നത് അത്ര വിചിത്രമായി തോന്നുകയില്ല ഈ കഥാപശ്ചാത്തലത്തിൽ. "കമല അക്കാ എന്നും എന്നെ സ്നേഹത്തോടെ തുണച്ചിരുന്നു" -സുകന്യ ഒരിക്കൽ പറഞ്ഞു. "രവിജിയുടെ 90ാം പിറന്നാളിനു സ്യൂ യും നോറയും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. നോറ അപൂർവമായി അവളുടെ അച്ഛനോടും അമ്മയോടും ഒരുമിച്ച്. അത് എന്നെ അതീവ സന്തോഷവതിയാക്കി" -സുകന്യ പറയുന്നു.
ജീനിയസ് ആയിട്ടുള്ളവരെ സാധാരണക്കാരെ അളക്കുന്ന കോലുെവച്ച് അളക്കരുതെന്നു പറഞ്ഞത് മാധവിക്കുട്ടിയാണ്. ആറാമത് ഒരു വിരലുള്ളവരാണത്രെ അവർ. രവിശങ്കർ എന്നും ഓർമിക്കപ്പെടുന്നത് കളങ്കമറ്റ സംഗീതശിൽപി ആയിട്ടാണ്. മാന്ത്രികമായ നാദവീചികൾ ഉളവാക്കിയത് കൈവിരലുകൾ കൊണ്ടല്ല, ഹൃദയംകൊണ്ടാണ്. ആ ഹൃദയത്തോട് സ്വന്തം ഹൃദയം ചേർത്തുവെക്കാൻ അത്യഭിലാഷം പൂണ്ട കാമിനിമാർ സ്വാഭാവികമായി മുളച്ചുപൊന്തും. രവിശങ്കറിന്റെ ആകർഷകമായ മുഖഭാവവും സ്നേഹമസൃണവും മൃദുലവുമായ സംഭാഷണരീതികളും ഇതിന് ആക്കംകൂട്ടിയിട്ടുണ്ടാകാം. കുടുംബബന്ധം, സ്നേഹം, പ്രണയം ഇവയൊക്കെ സാർവലൗകികമാനങ്ങളിലായാണ് അദ്ദേഹത്തിന്റെ ദർശനവിധികൾ ഒരുക്കപ്പെട്ടത്. കലയെ ഉപാസിക്കുന്നവരെ ആണ് പണ്ഡിറ്റ്ജി സ്നേഹിച്ചത്. മിക്ക പ്രണയിനികളും കലാകാരികൾ തന്നെ ആയിരുന്നു.
''രവിജിക്ക് ഒരിക്കലും ശരിക്കുള്ള ഒരു കുടുംബജീവിതം ഇല്ലായിരുന്നു. ആദ്യവിവാഹം കഴിക്കുമ്പോൾ അദ്ദേഹം വളരെ ചെറുപ്പമായിരുന്നു. കാര്യങ്ങൾ തകർന്നടിയുമ്പോൾ, മനോപീഡനങ്ങൾ വന്നുഭവിക്കുമ്പോൾ വിദേശങ്ങളിൽ ചുറ്റിക്കറങ്ങി സംഗീതത്തിൽ ലയിക്കുന്നത് ആശ്വാസം നൽകിയിരുന്നു. അദ്ദേഹം ഒരു ജിപ്സി ആയിരുന്നു. തീർച്ചയായും കമല ആന്റി അദ്ദേഹത്തിനു വേണ്ടി നിലകൊണ്ടിരുന്നു, മുഴുവൻ സ്വാതന്ത്ര്യവും നൽകിക്കൊണ്ടുതന്നെ. ''I wanted to give him the home he never had.'' എന്ന് സുകന്യ. സുകന്യയുടെ തന്ത്രം ഇതായിരുന്നു: പണ്ഡിറ്റ്ജിക്ക് ഇഷ്ടമുള്ള എന്തിനെയും ഇഷ്ടപ്പെടുക. സ്യൂ ജോൺസിനെയും നോറയെയും ശുഭേന്ദ്രയുടെ മക്കൾ കാവേരി, സോം എന്നിവരെയും ആദരവോടെ സ്വീകരിക്കാനുള്ള ഉദാരത ഇങ്ങനെയാണ് ഉളവായത്.
രവിശങ്കർ അതിരുകളില്ലാത്ത ലോകത്തിലാണ് വളർന്നത്. ഉദയ്ശങ്കറിനോടൊപ്പം ലോകം ചുറ്റിയ ആൾ. 20 വയസ്സ് ആയപ്പോഴേക്കും യൂനിവേഴ്സൽ പൗരൻ ആയിക്കഴിഞ്ഞിരുന്നു. ചെറുപ്രായത്തിൽതന്നെ പലേ സംസ്കാരങ്ങളുമായി പരിചയിച്ചും സ്വാംശീകരിച്ചും വലിയ കലാകാരന്മാരെ പരിചയപ്പെട്ട് അവരുമായി ആവിഷ്കാരങ്ങളിൽ പങ്കുകൊണ്ടും സ്വതവേ തുറന്ന മനസ്സുള്ള വ്യക്തിത്വം അതിനും മേൽ വികാസം പ്രാപിച്ചതായിരിക്കണം. എന്നും യാത്രയിൽ ആയിരുന്ന ആൾ. ലോകവും അദ്ദേഹത്തെ സ്വീകരിച്ചത് വിശ്വപൗരൻ എന്ന നിലക്കാണ്. കുടുംബം എന്നത് ലോകം തന്നെ എന്ന് നേരത്തേ മനസ്സിലാക്കിയ സംഗീതകാരൻ. കുടുംബത്തെയും ബന്ധങ്ങളെയും പറ്റിയുള്ള ധാരണകൾ ഭാരതീയ മൊറാലിറ്റിയുടെ നിർവചനങ്ങളിൽ ഒതുങ്ങുന്നതല്ലായിരുന്നു എന്നുവേണം കരുതാൻ. ധർമാചരണനിഷ്ഠകളോടോ നീതിശാസ്ത്രനിയമങ്ങളോടോ അദ്ദേഹം കലഹിച്ചു എന്ന് കരുതേണ്ടതുമില്ല. അല്ലെങ്കിൽ ആ ഉജ്ജ്വലപ്രതിഭാവെളിച്ചത്തിൽ ഇവയെല്ലാം മാഞ്ഞുപോയതുമായിരിക്കാം.
കുടുംബത്തെപ്പറ്റിയുള്ള അവബോധം, കുടുംബബന്ധം, അച്ഛൻ പ്രതീകം എന്നിവയെക്കുറിച്ചുള്ള ധാരണകൾ ഒക്കെ സ്വന്തം അനുഭവങ്ങളിൽ നിന്ന് ആയിരിക്കണം രവിശങ്കർ മനസാ സ്വരൂപിച്ചെടുത്തത്. അച്ഛൻ നേരത്തേ രണ്ടാം കല്യാണവുമായി വേർപെട്ട് പോയിരുന്നു. രവിയുടെ എട്ടാം വയസ്സിലാണ് അച്ഛനെ കാണുന്നതുതന്നെ. അച്ഛൻ, ഭാര്യ, ഭർത്താവ് സങ്കൽപങ്ങളിലെ സ്വാധീനഘടകങ്ങളിൽ ചിലത് ഇങ്ങനെയായിരിക്കണം ഉരുത്തിരിഞ്ഞുവന്നത്. സ്വന്തം ഹൃദയം ചലിക്കുന്ന ദിശയിൽ അദ്ദേഹം സഞ്ചരിക്കുകയാണുണ്ടായത്, സ്ഥാപിച്ചതെല്ലാം ഊഷ്മളബന്ധങ്ങൾതന്നെ. പക്ഷേ, അതേ ഹൃദയം അന്നപൂർണയുടെ ഉൾത്തുടിപ്പിന്റെ പ്രകമ്പനാവൃത്തിയോട് മാത്രം സമരസപ്പെട്ടില്ല എന്നതും സത്യമാണ്. രവിശങ്കർ സ്വയം നിർമിച്ചെടുത്ത പ്രത്യേക ധാർമികലോകത്തിൽ എത്തപ്പെടാൻ അവർക്ക് സാധിച്ചുമില്ല. സംഗീതലോകത്തിനു വലിയ നഷ്ടംതന്നെയായിരുന്നു അവരുടെ പിൻവാങ്ങൽ എന്നത് സത്യമായി അവശേഷിക്കുന്നു.