മഞ്ഞിെന്റ മണമുള്ള ശതതന്ത്രി വീണ
മേയ് 10ന് വിടപറഞ്ഞ സന്തൂർ വാദകനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ എങ്ങനെയൊക്കെയാണ് ഒാർമിക്കപ്പെടുക? അദ്ദേഹംആസ്വാദകർക്ക് നൽകിയ സംഗീതം എത്തരത്തിലുള്ളതായിരുന്നു?പണ്ഡിറ്റ് ശിവ്കുമാർ ശർമക്ക് പതിനാല് വയസ്സുള്ളപ്പോൾ അച്ഛൻ ഉമാദത്ത് ശർമ മസ്ലിൻ തുണിയിൽ പൊതിഞ്ഞ ഒരു ബോക്സ് നൽകി. ആകാംക്ഷയോടെ തുറന്ന് നോക്കിയപ്പോൾ അതൊരു സന്തൂറായിരുന്നു. ശതതന്ത്രികളുള്ള ആ സംഗീതോപകരണത്തെ ശിവ്കുമാർ ശർമ അവിശ്വസനീയതോടെയും തെല്ല് അത്ഭുതത്തോടെയും...
Your Subscription Supports Independent Journalism
View Plansമേയ് 10ന് വിടപറഞ്ഞ സന്തൂർ വാദകനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ എങ്ങനെയൊക്കെയാണ് ഒാർമിക്കപ്പെടുക? അദ്ദേഹംആസ്വാദകർക്ക് നൽകിയ സംഗീതം എത്തരത്തിലുള്ളതായിരുന്നു?
പണ്ഡിറ്റ് ശിവ്കുമാർ ശർമക്ക് പതിനാല് വയസ്സുള്ളപ്പോൾ അച്ഛൻ ഉമാദത്ത് ശർമ മസ്ലിൻ തുണിയിൽ പൊതിഞ്ഞ ഒരു ബോക്സ് നൽകി. ആകാംക്ഷയോടെ തുറന്ന് നോക്കിയപ്പോൾ അതൊരു സന്തൂറായിരുന്നു. ശതതന്ത്രികളുള്ള ആ സംഗീതോപകരണത്തെ ശിവ്കുമാർ ശർമ അവിശ്വസനീയതോടെയും തെല്ല് അത്ഭുതത്തോടെയും നോക്കി നിന്നു. ''ഇതിെന്റ പേരിലായിരിക്കും ഇനി മുതൽ നീ അറിയപ്പെടാൻ പോകുന്നത്.'' കശ്മീരിലെ സൂഫി സംഗീത സദസ്സുകളിൽ മാത്രം വായിച്ചിരുന്ന സന്തൂറിെന്റ വിധി മാറ്റി എഴുതിയത് ഉമാദത്ത് ശർമയുടെ ഈ വാചകങ്ങളായിരുന്നു.
ഉമാദത്ത് ശർമ പ്രശസ്തനായ ഒരു വായ്പാട്ടുകാരനും തബല വാദകനുമായിരുന്നു. ബനാറസിലെ ബഡെ രാംദാസ് ജിയുടെ കീഴിൽ പരിശീലനം നേടിയ അദ്ദേഹം ചെറുപ്പത്തിൽ തന്നെ ബഡെ ഗുലാം അലിഖാെന്റ പരിപാടികളിൽ പങ്കെടുത്തു. ജമ്മുവിലെയും ശ്രീനഗറിലെയും റേഡിയോയിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹം സന്തൂർ സൂഫിയാന ശൈലിയിൽ വായിക്കുന്നത് ശ്രദ്ധിച്ചു. അപൂർവമായ സംഗീത ഉപകരണങ്ങളിൽ താൽപര്യം ഉള്ളതിനാൽ അദ്ദേഹം സന്തൂറിലേക്ക് ആകർഷിക്കപ്പെട്ടു. അതിനെ ക്ലാസിക്കൽ സംഗീതത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാൻ പറ്റുമെന്ന് തോന്നി. അതീവ ഹൃദ്യമായ സ്വരമാധുരിയും അതിെന്റ സംഗീത സാധ്യതകളുമായിരുന്നു അങ്ങനെ ചിന്തിക്കാൻ കാരണം.
ജമ്മുവിലെ ദോഗ്രിയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1938 ജനുവരി 13നാണ് ശിവ്കുമാർ ശർമ ജനിച്ചത്. ഉമാദത്ത് ശർമ മകനെ അഞ്ചു വയസ്സ് മുതൽ വായ്പ്പാട്ടിലും തബലയിലും പരിശീലനം നൽകി. ശിവ്കുമാർ കുട്ടിക്കാലത്ത് തബലയിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത്. സംഗീതത്തോടൊപ്പം അക്കാദമിക യോഗ്യത നേടാനും അച്ഛൻ മകനെ പ്രോത്സാഹിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ശിവ് കുമാർ ശർമ ബിരുദം നേടി. അതിനിടെ ഒരു തബലവാദകനെന്ന നിലയിൽ പാട്ടുകാർക്ക് അകമ്പടിയായി വായിക്കാറുമുണ്ടായിരുന്നു.
സന്തൂറിന്റെ ഉദ്ഭവത്തെ പറ്റി പല കഥകളുണ്ട്. പേർഷ്യൻ നാടോടി ഉപകരണമായ സന്തൂർ ഹിമാലയം വഴി കശ്മീരിൽ എത്തിയതാണെന്ന് ചില പണ്ഡിതന്മാർ പറയുന്നു. ശതതന്ത്രി വീണ പുരാതന കാലം മുതൽക്കേ ഇന്ത്യയിൽ ഉള്ളതായി പ്രാചീന ഗ്രന്ഥങ്ങളിൽ കാണാം. കശ്മീരിൽ സൂഫികൾ വായിച്ചിരുന്ന ഒരു സംഗീതോപകരണം എന്നത് മാത്രമാണ് ഇതിനെ കുറിച്ച് കൃത്യമായി പറയാൻ കഴിയുന്ന ഏക കാര്യം. ഇറാനിലും ഗ്രീസിലും ചൈനയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലുമെല്ലാം ഇതിന് സമാനമായ ഉപകരണങ്ങൾ കാണാം. ഗ്രീസിൽ സന്തൂരി എന്ന് വിളിച്ചിരുന്നു. ചുറ്റികകൊണ്ട് അടിക്കുന്ന ഒരു നാടൻ തന്ത്രിവാദ്യം എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്.
പിതാവിെന്റ പ്രചോദനം ഉൾക്കൊണ്ട് ശിവ്കുമാർ ശർമ ഉപകരണത്തിെന്റ രൂപകൽപനയിലും വാദനത്തിലും ചെറുതും വലുതുമായ പരീക്ഷണങ്ങൾ നടത്തി. ശാസ്ത്രീയ സംഗീതത്തിെന്റ സൂക്ഷ്മതകൾ ഏറ്റെടുക്കുന്നതിന് പെട്ടിയുടെ വലുപ്പം മാറ്റി. കമ്പികളുടെ എണ്ണം, കമ്പിക്കായി ഉപയോഗിച്ച വസ്തുക്കൾ എന്നിവയിൽ മാറ്റം വരുത്തി. പത്തുവർഷത്തെ കഠിനമായ ഗവേഷണത്തിനും പരീക്ഷണത്തിനും ശേഷം സംഗീതത്തിെന്റ വ്യാപ്തി മെച്ചപ്പെടുകയും ശബ്ദത്തിെന്റ മുഴക്കം വർധിപ്പിക്കുകയും ചെയ്തു. ശുദ്ധമായ സ്വരകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന കമ്പികൾ വലതു വശത്തേക്ക് നീക്കി. കൂടാതെ കോമൾസ്വരകൾ സൃഷ്ടിക്കുന്നതിന് ഇടത്തേക്ക് നീക്കി വായിക്കാൻ സൗകര്യമൊരുക്കി. സൂഫി ദർഗകളിൽ വായിച്ചിരുന്ന പരമ്പരാഗതമായ ഉപകരണത്തിൽനിന്ന് വലിയ മാറ്റങ്ങൾ വരുത്തി. സങ്കീർണമായ രാഗങ്ങളെ വായിക്കാൻ പറ്റുന്ന രീതിയിൽ സന്തൂറിനെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നൂറു തന്ത്രികൾ ഉണ്ടായിരുന്ന പഴയ സന്തൂറിന് മധ്യസ്ഥായിലെ ഷഡ്ജം മുതൽ താരസ്ഥായിലെ ഗാന്ധാരം വരെ മാത്രമേ റേഞ്ച് ഉണ്ടായിരുന്നുള്ളൂ. ആ പരിമിതിയെ മറികടക്കാൻ നൂറു തന്ത്രികൾക്ക് പകരം നൂറ്റി പതിനാറ് തന്ത്രികളായി പരിഷ്കരിച്ചു.
നാടോടി ഉപകരണത്തെ ശാസ്ത്രീയ സംഗീത ഉപകരണമാക്കി മാറ്റാനുള്ള ശ്രമങ്ങളെക്കാൾ പ്രയാസമേറിയതായിരുന്നു അതിനെ പരിഹസിച്ച നിരൂപകരും സുഹൃത്തുക്കളുമായി നടത്തേണ്ടിവന്ന യുദ്ധം. 1950കളിൽ അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന നിന്ദകളും നേരിടേണ്ടിവന്ന മുൻവിധികളും അത്രക്ക് കഠിനമായിരുന്നു. 1955ൽ ബോംബെയിൽ നടന്ന ഒരു സുപ്രധാന സംഗീത കച്ചേരിയിൽ, സംഗീതപ്രേമികളും പ്രശസ്തരായ നിരൂപകരും ഉൾെപ്പടെയുള്ള ശ്രോതാക്കൾ ശിവ്കുമാറിന്റെ പ്രതിഭയെയും സന്തൂറിെന്റ സ്വരമാധുര്യത്തെയും അംഗീകരിക്കാൻ നിർബന്ധിതരായി. മോഹൻനാദ് കർണിയെപ്പോലെ ഒരു വിഖ്യാത സംഗീത നിരൂപകന് ഈ പുതിയ ഉപകരണത്തിെന്റ സംഗീത സാധ്യതകളും അത് വായിക്കുന്ന ആളുടെ സൃഷ്ടിപരമായ പ്രേരണകളും അംഗീകരിക്കേണ്ടി വന്നു. സന്തൂർ കൂടുതൽ മികച്ചതാക്കാനും കച്ചേരിക്ക് യോഗ്യമാക്കാനും ശിവ്കുമാറിന് അഞ്ചു വർഷംകൂടി വേണ്ടിവന്നു. 1960കളിലും 1970കളുടെ തുടക്കത്തിലും രാജ്യത്തെ മുൻനിര വായനക്കാരിൽ ഒരാളായി അദ്ദേഹം ഉയർന്നു.
1960ൽ ശിവ്കുമാറിെന്റ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടായി. റേഡിയോ ജമ്മുവിൽ മ്യൂസിക് പ്രൊഡ്യൂസറായി ജോലി കിട്ടി. എന്നാൽ ജോലി കിട്ടിയതായിരുന്നില്ല, അത് ഉപേക്ഷിച്ചതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. സാമ്പത്തിക സുരക്ഷിതത്വം തരുമെന്നതിനാൽ ജോലി ഏറ്റെടുക്കണം എന്ന് അച്ഛൻ ആവശ്യപ്പെട്ടു. പത്തുമണി മുതൽ അഞ്ചുമണിവരെയുള്ള ജോലി അത് സംഗീതവുമായി ബന്ധപ്പെട്ടത് ആണെങ്കിൽ പോലും ഏറ്റെടുക്കാൻ ശിവ്കുമാർ ശർമക്ക് താൽപര്യമുണ്ടായിരുന്നില്ല. നിർബന്ധം കൂടിവന്നപ്പോൾ അദ്ദേഹം വീട് വിട്ടിറങ്ങി. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ റേഡിയോ നിലയത്തിെന്റ ചുവരുകൾക്കുള്ളിൽ തെന്റ ജീവിതം തളയ്ക്കപ്പെട്ടുപോകുമായിരുന്നു എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
കാൾ ഓഫ് ദ വാലി എന്ന ആൽബത്തിലൂടെയാണ് സന്തൂർ സാധാരണ ശ്രോതാക്കൾക്കിടയിൽ അറിയപ്പെട്ടുതുടങ്ങിയത്. ഇന്ത്യയിൽ മാത്രമല്ല അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട സംഗീത ആൽബമായിരുന്നു. ശിവ്കുമാർ ശർമയുടെ സന്തൂറും ഹരിപ്രസാദ് ചൗരസ്യയുടെ ബാൻസുരിയും ബ്രിജ് ഭൂഷൺ കാബ്രയുടെ ഹവായിയൻ ഗിത്താറും ചേർന്നുള്ള ഒരപൂർവ ശ്രവ്യാനുഭൂതി. 1967ൽ ഇറങ്ങിയ ആൽബം വിദേശത്തെ സംഗീത ആസ്വാദകരുടെ ഇടയിൽ വലിയ പ്രചാരം നേടി. ജോർജ് ഹാരിസണും പോൾ മെക്കാർട്ടിനിയും ബോബ് ഡിലനുമൊക്കെ ഇതിെന്റ ആരാധകരായി മാറി. കശ്മീർ താഴ്വരയിലെ ആട്ടിടയെന്റ ഒരു ദിവസത്തെ ജീവിതമായിരുന്നു അതിെന്റ പ്രമേയം. കാസെറ്റും ഓൺ ചെയ്തുവെച്ച് കണ്ണടച്ചിരുന്നാൽ ഹിമാലയത്തിെന്റ താഴ്വരകളും മഞ്ഞു മൂടിക്കിടക്കുന്ന പർവതനിരകളും അവിടെ വീശുന്ന കാറ്റിനെയും അനുഭവിക്കാനാവും. ആഹിർഭൈരവിനും ദേശിനും പഹാഡിക്കും പീലുവിനും ഭൂപിനും നാടോടി സംഗീതത്തിെന്റ മണം അനുഭവപ്പെടും. ശാസ്ത്രീയ സംഗീത ആൽബമാണ് എന്ന തോന്നൽപോലും ഉണ്ടാകില്ല.
വായ്പാട്ടിലും ഉപകരണ സംഗീതത്തിലുമുള്ള അവഗാഹം ദ്രുപദ്-അംഗ്, സിത്താർ -ബാജ് എന്നിവ സന്തൂറിലേക്ക് കൊണ്ടുവരാൻ സഹായിച്ചു. പരിഷ്കരിച്ച ഉപകരണത്തിെന്റ ചട്ടക്കൂടിൽ സരോദ്, സിത്താർ വാദകർ പിന്തുടർന്ന അലാപ്-ജോഡ്-ജാല രീതികൾ സന്തൂറും പിന്തുടർന്നു. തന്ത്കരി-അംഗിന് ആവശ്യമായ സങ്കീർണതകളെക്കുറിച്ച് അറിയാവുന്നവർ നാടോടി ഉപകരണത്തെ ഇങ്ങനെ പരിവർത്തിപ്പിച്ചത് കണ്ട് ശിവ്കുമാർ ശർമയുടെ മുന്നിൽ അന്തം വിട്ട് നിന്നു. സന്തൂർ ഉപയോഗിച്ച് അദ്ദേഹം നേടിയ നേട്ടത്തിന് പിന്നിൽ വർഷങ്ങളുടെ പരീക്ഷണത്തിെന്റയും കഠിനമായ അധ്വാനത്തിെന്റയും കഥകളുണ്ടായിരുന്നു. അതിനെ കുറിച്ച് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു: ''അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്തൂര്‍ കശ്മീര്‍ താഴ്വരക്ക് അപ്പുറം അറിയപ്പെട്ടിരുന്നില്ല. വേനൽക്കാല തലസ്ഥാനമായ ജമ്മുവില്പോലും വേണ്ടത്ര പ്രചാരം നേടിയിരുന്നില്ല. പല ആളുകളും സന്തൂര്‍ കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല. ഞാന്‍ അത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അവഗണിക്കാന്‍ തുടങ്ങി. മറ്റൊരു സംഗീതജ്ഞനും ഈയൊരവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. ചില ആളുകള്‍ പറഞ്ഞു, ശാസ്ത്രീയ സംഗീതം ഈ ഉപകരണത്തില്‍ വായിക്കുക അസാധ്യം. സുഹൃത്തുക്കളായ ഗായകര്‍ എന്നോട് പറഞ്ഞു: നിങ്ങള്‍ നല്ല പരിശീലനം നേടിയ സംഗീതജ്ഞനാണ്. ബുദ്ധിമാനാണ്. പക്ഷേ തിരഞ്ഞെടുത്ത ഉപകരണം തെറ്റിപ്പോയി. മാറി ചിന്തിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങള്‍ക്ക് കിട്ടിയ സംഗീത പരിശീലനംകൊണ്ട് സിത്താറോ സരോദോ വായിച്ചാല്‍ ചിലപ്പോൾ കൂടുതല്‍ പ്രശസ്തി കിട്ടിയേക്കും. എന്നാല്‍ ഈ ഉപകരണം കൊണ്ട് അത് പറ്റില്ല. ഇതായിരുന്നു അപ്പോഴത്തെ എെന്റ അവസ്ഥ. ഇന്ന് സന്തൂര്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.''
സിനിമ സംഗീതത്തിലും ശിവ്കുമാർ ശർമ തെന്റ പ്രതിഭയുടെ കരുത്ത് തെളിയിച്ചു. 1955ൽ മുംബൈയിൽ ഒരു പരിപാടിയിൽ ശിവ്കുമാർ ശർമ വായിച്ചുകൊണ്ടിരിക്കുന്നത് വിഖ്യാത സിനിമ സംവിധായകനായ ശാന്താറാം ശ്രദ്ധിച്ചു. അദ്ദേഹത്തിെന്റ ജനക് ജനക് പായൽ ബാജെ എന്ന സിനിമയിൽ വായിക്കാൻ ക്ഷണിച്ചു. വസന്ത് ദേശായിയുടെ കീഴിലായിരുന്നു ശിവ്കുമാർ ശർമ ജോലി ചെയ്തിരുന്നത്. വസന്ത് ദേശായിക്ക് സന്തൂറിെന്റ സാങ്കേതികതയൊന്നും വശമില്ലാത്തതുകൊണ്ട് ശിവ്കുമാർ ശർമ ഉദ്ദേശിക്കുന്നത് പോലെ വായിക്കാൻ അനുവദിച്ചു. അടുത്ത സിനിമയിലേക്ക് ശാന്താറാം വിളിച്ചപ്പോൾ തനിക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം സ്നേഹപൂർവം അത് നിരസിച്ചു. അതുപോലെ കെ.എ. അബ്ബാസ് 'സാത്ത് ഹിന്ദുസ്ഥാനി'യിൽ (1969 ) വാഗ്ദാനം ചെയ്ത റോളും അദ്ദേഹം നിരസിച്ചിരുന്നു. തെന്റ സംഗീതപഠനം പൂർത്തിയായിട്ടില്ല എന്ന ബോധ്യമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്.
ശിവ്കുമാർ ശർമയുടെ സിനിമയിലേക്കുള്ള രണ്ടാം വരവ് എൺപതുകളുടെ തുടക്കത്തിലായിരുന്നു. യാഷ് ചോപ്രയുടെ ക്ഷണപ്രകാരം 'ശിവ് -ഹരി' എന്ന തൂലികാനാമത്തിൽ ഹരിപ്രസാദ് ചൗരസ്യക്കൊപ്പം ഈണം കൊടുത്ത പാട്ടുകൾ വലിയ വിജയമായിരുന്നു. സിൽസില (1981), ഫാസിലെ (1985), വിജയ് (1988), ചാന്ദിനി (1989), ലമഹെ (1991), പരമ്പര (1993), സാഹിബാൻ (1993), ഡർ (1993) എന്നിവയിലെ പാട്ടുകൾ ശാസ്ത്രീയ സംഗീതകാരന്മാർക്ക് ജനകീയ സംഗീതവും വഴങ്ങും എന്നതിെന്റ മികച്ച തെളിവായിരുന്നു. ചെയ്ത പാട്ടുകളിൽ ഭൂരിഭാഗവും യാഷ് ചോപ്രയുടെ സിനിമകൾക്ക് വേണ്ടിയായിരുന്നു. ഫോക് സംഗീതത്തിന്റെ ഘടനയിൽ തീർത്ത സുന്ദരമായ പാട്ടുകളായിരുന്നു നല്ലൊരു ഭാഗവും. 'ദേഖാ ഏക് ഖാബ് തോ' ജമ്മുവിലെ നാടോടി ഗാനത്തെയും 'രംഗ് ബർസെ' ഉത്തർപ്രദേശിലെ നാടോടി ഗാനത്തെയും അടിസ്ഥാനപ്പെടുത്തി ചെയ്തതായിരുന്നു. 1993ന് ശേഷം അവർ സിനിമ സംഗീതം മതിയാക്കാൻ തീരുമാനിച്ചു. യാഷ് ചോപ്രയുമായി നല്ല സൗഹൃദം ഉണ്ടായിട്ടുകൂടി 1997ൽ 'ദിൽ തൊ പാഗൽ ഹെ'യിൽ സംഗീതസംവിധാനം ചെയ്യാനുള്ള ഓഫർ ഇരുവരും നിരസിച്ചു. അപ്പോൾ ശിവ്കുമാർ ശർമ പരിപാടികളുമായി യൂറോപ്പിലായിരുന്നു. ചൗരസ്യയാകട്ടെ ജർമനിയിൽ റോട്ടർടാം സംഗീതമേളയുടെ തിരക്കിലും. സിനിമാ സംഗീതത്തിലേക്ക് മടങ്ങുന്നില്ലേ എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ''സിനിമാ സംഗീതത്തിന് വേണ്ടി ക്ലാസിക്കൽ സംഗീതത്തെ ബലികഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.''
ശിവ്കുമാർ ശർമ തെന്റ സംഗീത ജീവിതത്തിലെ രണ്ടു പ്രധാന അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് . ''ഒരിക്കല്‍ ലൈവ് റേഡിയോ പരിപാടി അവതരിപ്പിക്കാന്‍ എെന്റ ഗ്രാമമായ ജമ്മുവില്‍ പോയി. അവിടെ സ്റ്റുഡിയോയില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഗുജ് രി തോഡി വായിക്കാന്‍ തുടങ്ങി. ശോകഭാവം ഉണര്‍ത്തുന്ന രാഗമായിരുന്നു. അത് രണ്ടു പേരിലും രണ്ടു രീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടാക്കിയത്. ആദ്യത്തെ സ്ത്രീ ഒരു ഗായികകൂടിയായിരുന്നു. രണ്ടാമത്തെ ആള് സംഗീതത്തില്‍ വലിയ അറിവൊന്നുമില്ലാത്ത ഒരു സാധാരണ ആസ്വാദകയായിരുന്നു. പാട്ടുകാരിയായ സ്ത്രീ തലകുലുക്കി ഗംഭീരമായി എന്ന മട്ടില്‍ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ മറ്റേ സ്ത്രീയില്‍നിന്ന് ഒരു പ്രതികരണവും കണ്ടില്ല. എങ്കിലും അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരേ രാഗം രണ്ട് വ്യക്തികള്‍ രണ്ടു വിധത്തില്‍ ആസ്വദിക്കുകയായിരുന്നു.''
ശിവ്കുമാർ ശർമയുടെ ജീവിതത്തിലെ മറക്കാനാവാത്ത മറ്റൊരനുഭവം ഇങ്ങനെ: ''ഒരിക്കല്‍ ദ്രുപദ് ഗായകനായ ഉസ്താദ് റഹീമുദ്ദീന് ഖാന് ഒരു പരിപാടി അവതരിപ്പിക്കാന്‍ വന്നു. വിശിഷ്ട വ്യക്തികള്‍ എല്ലാവരും തന്നെ എത്തിച്ചേര്‍ന്ന ഒരു ചെറിയ സദസ്സായിരുന്നു. അദ്ദേഹം പാടുന്നതിന് മുമ്പ് കുറച്ചു നേരം സന്തൂര്‍ വായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. എല്ലാവരും താങ്കളുടെ പരിപാടിയെ കേള്‍ക്കാനാണ് വന്നത് എന്ന് ഞാന്‍ പറഞ്ഞു. ഒടുവില്‍ അദ്ദേഹത്തിെന്റ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ സന്തൂര്‍ വായിക്കാന്‍ തുടങ്ങി. ഒരു തബലപോലും ഉണ്ടായിരുന്നില്ല. ഒരു പക്കവാജ് മാത്രം. ഞാന്‍ യമന്‍ രാഗം ഒരു മണിക്കൂറോളം വായിച്ചു. ഏതോ പ്രചോദനമെന്നപോലെ ഞാന്‍ ആനന്ദത്തിെന്റ കൊടുമുടിയിൽ എത്തി. എെന്റ വായന അദ്ദേഹത്തെ സന്തോഷിപ്പിച്ചു. എെന്റ മനസ്സും നിറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിക്കുകയും ഇനി പാടുന്നില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഞാന്‍ നടുങ്ങിപ്പോയി.''
ഒരു ദേശത്തിെന്റയും ജനതയുടെയും സംഗീതം സന്തൂറിൽ ആവിഷ്കരിച്ച ശിവ്കുമാർ ശർമ വിടവാങ്ങുന്നത് രാജ്യത്തെയും വിദേശങ്ങളിലെയും കച്ചേരികളിൽ സന്തൂറിനെ സിത്താറിനും സരോദിനും സാരംഗിക്കും ഒപ്പം എത്തിച്ചുകൊണ്ടാണ്. ദാൽ തടാകത്തിലെ ജലത്തിന്റെ മർമരവും ചിനാർ ഇലകളിൽ കാറ്റിന്റെ മൂളക്കവും പൈൻമരങ്ങളിൽ മഞ്ഞ് വീഴുന്ന അതിസൂക്ഷ്മനാദവുമെല്ലാം ശ്രോതാവിനെ അനുഭവിപ്പിച്ച പണ്ഡിറ്റ് ശിവ്കുമാർ ശർമ ഇനി അനാദിയായ ഓർമ മാത്രം.