പാട്ടുകളുടെ ചക്രവർത്തി
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ‘‘ഓ ദുനിയാ കേ രഖ് വാലെ...’’ എന്ന പാട്ടിന് 70 വയസ്സ്. ആ പാട്ടിന്റെ പിറവിക്കു മുമ്പും പിമ്പും എന്ത് സംഭവിച്ചെന്ന് എഴുതുന്ന േലഖകൻ ആ പാട്ട് സൃഷ്ടിച്ച മായാജാലങ്ങളെക്കുറിച്ചും പറയുന്നു.
പാട്ടുകളുടെ പാദുഷ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ ജോണിക്ക്: ''ഓ ദുനിയാ കേ രഖ് വാലെ...'' എഴുത്തിലൂടെ പരിചയപ്പെട്ടതാണ് ജോണിയെ. അടിയുറച്ച റഫി ഭക്തൻ. ജീവിതത്തിലെ നിരാശകളും വേദനകളും തീരാനഷ്ടങ്ങളുമെല്ലാം മുഹമ്മദ് റഫിയുടെ ശബ്ദസൗഭഗത്തിലും ആലാപനചാരുതയിലും അലിയിച്ചുകളയുന്നവൻ. 'ബൈജു ബാവ്ര'യിലെ ദർബാരി രാഗസ്പർശമുള്ള റഫി ക്ലാസിക് ആണ്...
Your Subscription Supports Independent Journalism
View Plansപാട്ടുകളുടെ പാദുഷ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ ജോണിക്ക്: ''ഓ ദുനിയാ കേ രഖ് വാലെ...''
എഴുത്തിലൂടെ പരിചയപ്പെട്ടതാണ് ജോണിയെ. അടിയുറച്ച റഫി ഭക്തൻ. ജീവിതത്തിലെ നിരാശകളും വേദനകളും തീരാനഷ്ടങ്ങളുമെല്ലാം മുഹമ്മദ് റഫിയുടെ ശബ്ദസൗഭഗത്തിലും ആലാപനചാരുതയിലും അലിയിച്ചുകളയുന്നവൻ.
'ബൈജു ബാവ്ര'യിലെ ദർബാരി രാഗസ്പർശമുള്ള റഫി ക്ലാസിക് ആണ് ജോണിയുടെ ഹൃദയഗീതം. ലോകത്തെ ഏത് പാട്ടുകാരന്റേയും കഴിവുകൾ, അയാൾ മൈക്കൽ ജാക്സണോ ജസ്റ്റിൻ ബീബറോ യേശുദാസോ ഹരിഹരനോ അർജിത് സിങ്ങോ ഏത് കൊലകൊമ്പനോ ആകട്ടെ, ജോണി അളക്കുക ''ഓ ദുനിയാ കേ രഖ് വാലെ...'' എന്ന ഒരൊറ്റ പാട്ടുവെച്ചാണ്. ''നിങ്ങൾക്കൊക്കെ കക്ഷി ഗംഭീര ഗായകനായിരിക്കാം. എനിക്ക് അംഗീകരിക്കാൻ പറ്റില്ല. രഖ് വാലെ പാടിക്കേട്ടാൽ അറിയാം റേഞ്ച്'' –ജോണി പറയും.
ഒരുപാട് ഐതിഹ്യങ്ങൾ ആ പാട്ടിനെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട് അയാൾ. പലതും അവിശ്വസനീയമായി തോന്നുന്നവ. പല കഥകളും വിവരിക്കുമ്പോൾ വികാരാധീനനാകും ജോണി. റഫിയോടുള്ള കറകളഞ്ഞ ഭക്തിയുടെ പാരമ്യത്തിൽ ശബ്ദം ഇടറും.
വേദിയിൽ ഒരിക്കൽ ഈ പാട്ട് പാടുമ്പോൾ റഫിയുടെ തൊണ്ട പൊട്ടി ചോരവാർന്നതാണ് കഥകളിലൊന്ന്. റെക്കോഡിൽ പാട്ടിന്റെ അവസാനം വഴിക്കുവഴിയായി നാല് തവണ രഖ് വാലേ എന്ന് മനം നൊന്തു വിളിക്കുന്നുണ്ട് റഫി. താരസ്ഥായിയിലൂടെ പടിപടിയായി മേൽപ്പോട്ടുള്ള സഞ്ചാരം. ഒരുതവണ ലൈവ് ഷോയിൽ ''അതുക്കും മേലെ'' പോയത്രേ റഫി. ആറാമത്തെ രഖ് വാലേ പാടുമ്പോഴാണ് തൊണ്ടപൊട്ടി ചോരയൊലിച്ചത്. കേട്ടുകേൾവിയാണെങ്കിലും രംഗം കണ്മുന്നിൽ കണ്ടപോലെയാണ് ജോണിയുടെ വിവരണം. ആരും വിശ്വസിച്ചുപോകും.
സ്റ്റേജിൽ റഫി രഖ് വാലെ ആവർത്തിച്ചു പാടുമ്പോൾ ഓർക്കസ്ട്രയിൽ തബല വായിച്ചിരുന്ന ആൾ ബോധംകെട്ടു വീണത് മറ്റൊരു ക്ലാസിക് കഥ. ''ഇതൊന്നും നിങ്ങൾ വിശ്വസിക്കില്ല എന്നെനിക്കറിയാം. എന്തുചെയ്യാം. എന്റെ ൈകയിൽ തെളിവൊന്നുമില്ലല്ലോ ഹാജരാക്കാൻ. അന്ന് ആ പരിപാടി കണ്ടവർ പറഞ്ഞുകേട്ടുള്ള അറിവാണ്. എനിക്ക് സംശയമൊന്നുമില്ല.''
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ആ പാട്ടിന് 70 തികയുമ്പോൾ ജോണിയെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഒറ്റപ്പെട്ട ഉദാഹരണമല്ല ജോണി. ആയിരക്കണക്കിന് ജോണിമാർ വേറെയുമുണ്ടാകുമെന്ന് ഉറപ്പ്.
മലയാളിയുടെ ഭഗവാൻ
മലയാളികൾക്ക് ഈ ഗാനത്തോടുള്ള ഭ്രമം അനുഭവിച്ചറിഞ്ഞു തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായി. ഒരൊറ്റ റഫി സ്മൃതിയും ''ദുനിയാ കേ രഖ് വാലെ'' കൂടാതെ പൂർണമാകാറില്ല ഇന്നും. മിക്ക ഗായകരും ആ ഗാനം പരിപാടിയുടെ ക്ലൈമാക്സിനായാണ് കരുതിവെക്കുക. എന്നാലേ ആളുകൾ ആകാംക്ഷയോടെ ഗാനമേളയുടെ അവസാനംവരെ കാത്തിരിക്കൂ എന്ന് അവർക്കറിയാം.
'ബൈജു ബാവ്ര' പുറത്തിറങ്ങിയതും ''ദുനിയാ കേ രഖ് വാലെ...'' ഹിറ്റ് പട്ടികയിൽ ഇടംനേടിയതും ഒരുമിച്ചാണെങ്കിലും സാധാരണക്കാരായ മലയാളികൾ ആ ഗാനം ഹൃദയത്തോടു ചേർത്തുവെച്ചു തുടങ്ങിയത് 1980കളുടെ തുടക്കത്തോടെയാവണം. 1970കളിലെ ഗൾഫ്ബൂമിന് പിറകെ കടൽകടന്ന് കേരളത്തിലെത്തിയ റഫിയുടെ 'ലൈവ് എറൗണ്ട് ദ വേൾഡ്' എന്ന ഓഡിയോ കാസറ്റിൽനിന്ന് (ലണ്ടൻ, ന്യൂയോർക്, ടൊറന്റോ, സാൻഫ്രാൻസിസ്കോ തുടങ്ങിയ നഗരങ്ങളിൽ അവതരിപ്പിച്ച ഗാനമേളകളുടെ ശബ്ദലേഖനം) നേരെ ജനമനസ്സുകളിൽ കുടിയേറുകയായിരുന്നു ''ദുനിയാ കേ രഖ് വാലെ''. റെക്കോഡിൽ കേട്ട് മനസ്സിൽ പതിഞ്ഞ പാട്ടിന് വ്യത്യസ്തമായ മാനം നൽകി വരികളുടെ ആത്മാവിൽ അലിഞ്ഞൊഴുകുന്ന റഫിയെ ആദ്യമായി കേൾക്കുകയായിരിക്കണം പലരും. എങ്കിലെന്ത്? ആ ആദ്യകേൾവി ഒന്ന് മതിയായിരുന്നു മലയാളിയെ രായ്ക്കുരാമാനം റഫിഭക്തരാക്കി മാറ്റാൻ.
ഇന്നും ആ ആരാധനക്ക് തരിമ്പുമില്ല മങ്ങൽ. ടെലിവിഷനിൽ, റേഡിയോയിൽ, യൂട്യൂബിൽ ''ഭഗവാൻ'' എന്ന് റഫി സാഹിബ് പാടിത്തുടങ്ങുന്നതോടെ സകല ചരാചരങ്ങളും നിശ്ചലമാകുന്നു. ആത്മവിസ്മൃതിയുടെ അപാരതീരത്തേക്ക് മനസ്സുകൊണ്ട് യാത്രയാകുന്നു ശ്രോതാക്കൾ. ഒരു പാട്ടിന് മാത്രം കഴിയുന്ന ജാലവിദ്യ.
അരനൂറ്റാണ്ടോളം മുമ്പ് കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്ത് റഫി സാഹിബ് ആ പാട്ടു പാടിക്കേട്ടതിന്റെ ഓർമകൾ നഗരത്തിലെ പ്രമുഖ സംഘാടകനായ അരങ്ങിൽ വാസുദേവൻ പങ്കുവെച്ചതോർക്കുന്നു: ''ആറുമണിക്ക് തുടങ്ങാനിരുന്ന പരിപാടി, റഫി സാഹിബ് എത്താന് വൈകിയതുമൂലം ആരംഭിച്ചത് രാത്രി എട്ടര കഴിഞ്ഞ്. മറ്റേതെങ്കിലും ഗായകനായിരുന്നെങ്കില് മാനാഞ്ചിറ മൈതാനിയില് തടിച്ചുകൂടിയ ജനം ക്ഷോഭംകൊണ്ട് പൊട്ടിത്തെറിച്ചേനെ. പേക്ഷ, റഫി സാഹിബിനുവേണ്ടി എത്രനേരവും ക്ഷമയോടെ കാത്തിരിക്കാൻ ഒരുക്കമായിരുന്നു അവര്. എല്ലാവരും കാതോർത്തിരുന്നത് ''ദുനിയാ കെ രഖ് വാലെ...'' കേൾക്കാനാണ്. ഭഗവാൻ എന്ന് റഫി സാഹിബ് പാടിത്തുടങ്ങിയതും കാതടപ്പിക്കുന്ന ൈകയടികളാൽ മുഖരിതമായി അന്തരീക്ഷം. ഗാനത്തിനൊടുവിലെ ''രഖ് വാലേ'' എന്ന ഭാഗം ഉച്ചസ്ഥായിയില് റഫി ആവര്ത്തിച്ചു പാടിയപ്പോള് മുളഗാലറി വിട്ട് വേദിക്ക് മുന്നിലേക്ക് ജനം ഇരച്ചുകയറി. റഫി സാഹിബിനെപ്പോലും അമ്പരപ്പിച്ചു ആ ആവേശം എന്നു തോന്നി. തൊഴുകൈയോടെ കോഴിക്കോട്ടുകാർക്ക് നന്ദി പറഞ്ഞു അദ്ദേഹം...''
സാക്ഷാൽ മുഹമ്മദ് റഫിയെ നേരിട്ട് കേൾക്കാൻ പിന്നീടൊരിക്കലും കോഴിക്കോട്ടുകാർക്ക് ഭാഗ്യമുണ്ടായില്ലെങ്കിലും അഭിനവ റഫിമാർ ഉദിച്ചുയർന്നുകൊണ്ടേയിരുന്നു ഇവിടെ. എല്ലാ വർഷവും റഫിയുടെ ജന്മദിനത്തിനും ഓർമദിനത്തിനും റഫി ഗാനാഞ്ജലികൾ കോഴിക്കോട്ടുകാർക്ക് നിർബന്ധം. ടാഗോർ ദാസ്, മുഹമ്മദ് അസ്ലം, കൊച്ചിൻ ആസാദ്, ഫഹദ്, അനിൽ ബാജ്പേയി, ശ്രീകാന്ത് നാരായണൻ, പ്രസന്നറാവു... റഫിയാരാധകരായ ഗായകരുടെ ആ പരമ്പര തലമുറകൾ കടന്ന് ഇന്ത്യയൊട്ടുക്കും പ്രശസ്തനായ സൗരവ് കിഷൻ എന്ന കൗമാരപ്രതിഭയിൽ എത്തിനിൽക്കുന്നു. സംഗീതാസ്വാദന രീതികൾ വിപ്ലവാത്മകമായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തും പുത്തൻ തലമുറയിൽനിന്ന് റഫിമാർ ഉദിച്ചുയർന്നുകൊണ്ടിരിക്കുന്നു എന്നത് വിസ്മയകരമല്ലേ?
സിനിമാ സംഗീതത്തെ കുറിച്ച് അതുവരെ നിലനിന്ന പല സങ്കൽപങ്ങളും തിരുത്തിക്കുറിച്ച ''ദുനിയാ കേ രഖ് വാലെ''യുടെ ശിൽപികളാരുമില്ല ഇന്ന് നമുക്കൊപ്പം. പാട്ടെഴുതിയ ശക്കീൽ ബദായൂനി, ഈണമൊരുക്കിയ നൗഷാദ്, പാടിയ റഫി, പാട്ടിനൊത്ത് ചുണ്ടനക്കിയ ഭരത് ഭൂഷൺ, ചിത്രീകരിച്ച സംവിധായകൻ വിജയ് ഭട്ട്... എല്ലാവരും ഇന്ന് ചരിത്രത്തിന്റെ ഭാഗം.
നായകൻ ഭരത് ഭൂഷന്റേതായിരുന്നു ഏറ്റവും വേദനാജനകമായ അന്ത്യം. സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ട പഴയ ഇതിഹാസ നായകനെ അവസാനകാലത്ത് ബസ് സ്റ്റോപ്പിലെ ക്യൂവിൽ കണ്ട് പകച്ചുപോയ അനുഭവം അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. നിർമിച്ച പടങ്ങൾ പലതും ബോക്സ്ഓഫിസിൽ മൂക്കുകുത്തി വീണതാണ് ഭരത് ഭൂഷണ് വിനയായത്. മുംബൈ നഗരവീഥിയിലൂടെ കാറിൽ സഞ്ചരിക്കേ പുറത്തെ പൊരിവെയിലിൽ ബസ് കാത്തു നിൽക്കുന്ന പഴയ ചോക്ലറ്റ് ഹീറോയുടെ കാഴ്ച ഹൃദയഭേദകമായിരുന്നു അമിതാഭിന്. നാളെ തനിക്കും ഇതേ ഗതി വരാം എന്ന തിരിച്ചറിവ് നൽകി ആ അനുഭവമെന്ന് പിൽക്കാലത്ത് എഴുതിയിട്ടുണ്ട് അമിതാഭ്. (പിതാവിന്റെ ദാരിദ്ര്യം വെറുമൊരു കൽപിത കഥയാണെന്ന വിശദീകരണവുമായി ഭരത് ഭൂഷന്റെ മകൾ പിന്നീട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതും ഓർക്കുന്നു).
അഭിനയിച്ച വിഖ്യാത ഗാനരംഗങ്ങളിലൂടെയാണ് ഇന്ന് ഭരത് ഭൂഷൺ ഓർക്കപ്പെടുന്നത് എന്നത് വിധിനിയോഗമാകാം. ''ദുനിയാ കേ രഖ് വാലെ''ക്ക് പുറമെ ''സുർ നാ സജാ'' (ബസന്ത് ബഹാർ), ''മൻ തഡ്പത് ഹരി ദർശൻ കോ'' (ബൈജു ബാവ്ര), ''ദിൽ എ നാദാൻ തുജേ' (മിർസാ ഗാലിബ്), ''ആ ലൗട്ട് കെ ആജാ മേരാ മീത്'' (റാണി രൂപ്മതി), ''സിന്ദഗി ഭർ നഹി ഭൂലേഗി'' (ബർസാത് കി രാത്), ''ഫിർ വൊഹി ശാം'' (ജഹനാര), ''ജബ് ജബ് ബഹാർ ആയേ'' (തക് ദീർ), ''തും ബിൻ ജാവൂം കഹാം'' (പ്യാർ കി മൗസം)... അങ്ങനെ ഒരുപിടി അനശ്വര ഗാനങ്ങൾ.
ശിലയെപ്പോലും കരയിച്ച പാട്ട്
''ശിലാഹൃദയംപോലും അലിയിക്കാൻ പോന്നതായിരിക്കണം ആലാപനം'', ''ഓ ദുനിയാ കേ രഖ് വാലെ'' പാടിപ്പഠിപ്പിക്കും മുമ്പ് നൗഷാദിന് റഫിയോട് പറയാനുണ്ടായിരുന്നത് അത്രമാത്രം. ആഴ്ചകളുടെ ഏകാഗ്ര പരിശീലനത്തിനുശേഷം റെക്കോഡിങ്ങിനെത്തുമ്പോൾ ഗാനവും ഗായകനും ഹൃദയംകൊണ്ട് ഒന്നായിക്കഴിഞ്ഞിരുന്നു. ''ദുനിയാ കേ രഖ് വാലെ'' 21 ദിവസമാണ് റഫി പാടി പരിശീലിച്ചത് – നൗഷാദ് എഴുതുന്നു. ''ഇൻസാൻ ബനോയുടെ റിഹേഴ്സൽ 17 ദിവസവും ''മൻ തഡ്പതി''ന്റേത് 14 ദിവസവും നീണ്ടു. പൂർണതക്കു വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമായിരുന്നു ആ തീവ്ര പരിശീലനം. അത്രയും വെല്ലുവിളി ഉയർത്തുന്ന ഗാനങ്ങൾ അതിനു മുമ്പ് പാടിയിരുന്നില്ല റഫി.''
സിനിമയിൽ അത്യന്തം വികാരനിർഭരമായ മുഹൂർത്തത്തിലാണ് ''ദുനിയാ കേ രഖ് വാലെ''യുടെ വരവ്. മരണശയ്യയിൽ സ്വന്തം പിതാവിന് നൽകിയ വാഗ്ദാനം പാലിക്കാനായി മഹാ സംഗീതജ്ഞൻ മിയാൻ താൻസനുമായി മത്സരിക്കാൻ ഒരുങ്ങുന്ന ബൈജുവിനെ ഗുരുവായ സ്വാമി ഹരിദാസ് ഉപദേശിക്കുന്നിടത്തു നിന്നാണ് രംഗത്തിന്റെ തുടക്കം. ''പകയും പ്രതികാര ചിന്തയും വെടിയുക. പകരം ഉള്ളിൽ സ്നേഹം വളർത്തുക. ആത്മാർഥമായ സ്നേഹത്തിൽനിന്നേ ഹൃദയവേദന പിറക്കൂ. മനംനൊന്ത് പാടിയാലേ ശിലയുടെ മനസ്സുപോലും അലിയൂ.''
ഗുരുവിന്റെ ഉപദേശം യാദൃച്ഛികമായി കേൾക്കാനിടയായ ബൈജുവിന്റെ പ്രണയിനി ഗൗരി (മീനാകുമാരി) അതോടെ ഒരു കാര്യം നിശ്ചയിച്ചുറക്കുന്നു; കാമുകനു വേണ്ടി ജീവൻ വെടിയുക. ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുടെ വേർപാടിന്റെ വേദന ഉൾക്കൊണ്ട് പാടിയാലേ കാമുകന് മത്സരം ജയിക്കാനാകൂ. അതിനുവേണ്ടി സ്വയം സർപ്പദംശനമേൽപിച്ച് ആത്മഹത്യചെയ്യാൻ ശ്രമിക്കുന്നു ഗൗരി. ബൈജുവിനെ ആകെ പിടിച്ചുലച്ചു ആ സാഹസം. തൊട്ടടുത്ത ശിവക്ഷേത്രത്തിലെത്തി ആത്മവേദനയിൽ ചാലിച്ച ആലാപനത്തിലൂടെ ഈശ്വരനോടുള്ള തന്റെ എല്ലാ പരിഭവവും പാടിത്തീർക്കുകയാണ് പിന്നെ ബൈജു.
''ആശ് നിരാശ് കേ ദോ രംഗോം സേ ദുനിയാ തൂ നേ സജായി, നൈയാ സംഗ് തൂഫാൻ ബനായാ മിലൻ കെ സാഥ് ജൂദായീ, ജാ ദേഖ് ലിയാ ഹർ ജായീ, ഓ ലുട്ട് ഗയി മേരെ പ്യാർ കി നഗരി, അബ് തോ നീർ ബഹാലെ...'' ആശയുടെയും നിരാശയുടെയും നിറങ്ങളാൽ ലോകം അലങ്കരിച്ചവനാണ് നീ. തോണിക്കൊപ്പം കൊടുങ്കാറ്റിനും ജന്മം നൽകിയവൻ; ഒത്തുചേരലിന്റെ ആഹ്ലാദവും വേർപാടിന്റെ വേദനയും സൃഷ്ടിച്ചവൻ. ഇനി പൊയ്ക്കൊള്ളൂ, ഈ വഞ്ചന ഞാൻ തിരിച്ചറിയുന്നു. എന്റെ പ്രേമനഗരം കൊള്ളയടിക്കപ്പെട്ടുകഴിഞ്ഞു. ഇത്തിരി കണ്ണീർ പൊഴിച്ചുകൂടെ എനിക്കായി'' എന്നാണ് ഈശ്വരനോടുള്ള ബൈജുവിന്റെ അശ്രുപൂരിതമായ ചോദ്യം.
ശിവവിഗ്രഹത്തിന്റെ പോലും കണ്ണ് നിറക്കാൻ പോന്ന ആലാപനം. അമിത നാടകീയത നിറഞ്ഞ ഈ രംഗത്തിന് വിശ്വാസ്യത വരുത്തുന്നത് ശക്കീലും നൗഷാദും റഫിയും ചേർന്ന് സൃഷ്ടിക്കുന്ന അഭൗമമായ സംഗീതാന്തരീക്ഷംതന്നെ. ''മെഹൽ ഉദാസ് ഔർ ഗലിയാം സൂനി, ചുപ് ചുപ് ഹേ ദീവാരേം, ദിൽ ക്യാ ഉജ്ഡാ ദുനിയാ ഉജഡീ രൂട്ട് ഗയി ഹേ ബഹാരേ, ഹം ജീവൻ കൈസേ ഗുസാരേ, ഓ മന്ദിർ ഗിർതാ ഫിർ ബൻ ജാത്താ, ദിൽ കോ കോൻ സംഭാലേ...'' എന്ന ഭാഗമെത്തുമ്പോഴേക്കും ബൈജുവിന്റെ ആലാപനം പ്രാർഥനയുടെ വിശുദ്ധിയിലേക്കുയരുന്നു. ''അമ്പലം തകർന്നുവീണാൽ പകരമൊന്നു പടുത്തുയർത്താം, പക്ഷേ ഹൃദയം തകർന്നാലോ'' എന്ന ചോദ്യത്തിൽ ഗായകന്റെ മനസ്സിലെ വികാരസാഗരം മുഴുവനുണ്ട്. ശക്കീൽ ബദായുനിക്ക് നന്ദി.
മറ്റൊരു കൗതുകമുള്ള കഥ കൂടിയുണ്ട് ഈ ഗാനത്തിന്റെ പിറവിക്കു പിന്നിൽ. ചലച്ചിത്ര സംഗീതചരിത്രകാരൻ രാജു ഭരതൻ പങ്കുവെച്ച ഓർമ. 'ബൈജു ബാവ്ര'യിലെ ഈ കഥാമുഹൂർത്തത്തിനു വേണ്ടി നൗഷാദ് ആദ്യം ചിട്ടപ്പെടുത്തിയതും റഫി ആദ്യം പാടി പരിശീലിച്ചതും ഇന്ന് നമ്മൾ കേൾക്കുന്ന ഈണമല്ല. ഇത്രത്തോളം വിഷാദഭരിതമല്ലാത്ത മറ്റൊരീണമാണ്. സംവിധായകൻ വിജയ് ഭട്ടിന്റെ അഭ്യർഥന മാനിച്ച് ആ ഈണം മാറ്റിച്ചെയ്യുകയായിരുന്നുവത്രേ നൗഷാദ്. എങ്കിലും നേരത്തേ സൃഷ്ടിച്ച ഈണം ഉപേക്ഷിക്കാൻ മനസ്സുവന്നില്ല നൗഷാദിന്. നാല് പതിറ്റാണ്ടിനുശേഷം പുറത്തുവന്ന ''ആവാസ് ദേ കഹാം ഹേ'' (1990) എന്ന ചിത്രത്തിൽ അതേ ട്യൂൺ മുഹമ്മദ് അസീസിന്റെയും അനുരാധ പോഡ്വാളിന്റെയും ശബ്ദത്തിൽ പുനരവതരിപ്പിച്ചു നൗഷാദ്: ''രുലാനെ കോ ആൻസൂ ജലാനെ കോ നാലേ യേ ക്യാ ദേ ദിയാ സിന്ദഗി ദേനെവാലേ...''
''ദുനിയാ കേ രഖ് വാലെ'' ഇത്രയേറെ സ്വീകരിക്കപ്പെടാനും ആഘോഷിക്കപ്പെടാനും ഇതിഹാസ പരിവേഷമാർജിക്കാനും എന്താവണം കാരണം – രചനയോ സംഗീതമോ ആലാപനമോ അതോ ദർബാരി രാഗത്തിന്റെ വശ്യതയോ? എല്ലാം ചേരുമ്പോഴത്തെ ഇന്ദ്രജാലം എന്ന് പറയും ലോകമെങ്ങുമുള്ള വേദികളിൽ റഫി സാഹിബ് ആ ഗാനം ആലപിക്കുന്നത് വിസ്മയത്തോടെ കണ്ടും കേട്ടും നിന്നിട്ടുള്ള ഗായിക ഉഷ തിമോത്തി. ''ഓരോ തവണയും വ്യത്യസ്ത മാനങ്ങൾ നൽകിയാണ് റഫി സാഹിബ് ആ ഗാനം പാടുക. അദ്ദേഹത്തിന്റെ ഉള്ളിൽ പ്രതിഭാശാലിയായ ഒരു സംഗീത സംവിധായകൻകൂടി ഒളിഞ്ഞിരിപ്പുണ്ട്. നൗഷാദ് സാഹിബ് സൃഷ്ടിച്ച ഗാനത്തിന് സ്വന്തം മനോധർമമനുസരിച്ച് ആലാപനത്തിലൂടെ നിരവധി വർണങ്ങൾ പകർന്നുനൽകും അദ്ദേഹം. ചെറിയ ഹാളുകളിലാകട്ടെ, വലിയ സ്റ്റേഡിയങ്ങളിലാകട്ടെ, റഫി സാഹിബ് ആ ഗാനം പാടുമ്പോൾ സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദതയായിരിക്കും സദസ്സിൽ. എന്റെ കാതുകളിൽ ഇതാ ഈ നിമിഷവുമുണ്ട് ആ ശബ്ദം...'' ഇംഗ്ലണ്ട്, നെതർലൻഡ്സ്, അമേരിക്ക, വെസ്റ്റിൻഡീസ്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റഫിക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട് ഉഷ.
ഇതിഹാസങ്ങൾ ഒരുമിച്ച സിനിമ
ശൂന്യതയിൽനിന്ന് പിറവിയെടുത്ത സിനിമയാണ് 'ബൈജു ബാവ്ര' എന്നെഴുതി ഒരിക്കൽ നൗഷാദ്: ''ബാബുൽ സിനിമക്ക് പാട്ടുകൾ ഒരുക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിജയ് ഭട്ടിന്റെ ഫോൺകോൾ. കടുത്ത നിരാശ കലർന്നിരുന്നു ആ ശബ്ദത്തിൽ. നിരവധി ഹിറ്റ് പടങ്ങൾ എടുത്ത അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനി പ്രകാശ് പിക്ചേഴ്സ് പൂട്ടാൻ പോകുന്നു. തുടർച്ചയായ സാമ്പത്തിക പരാജയങ്ങളാണ് കാരണം. പൂട്ടുന്നതിന്റെ ഭാഗമായി ഒരു വിടവാങ്ങൽ ചടങ്ങുണ്ട്. അതിൽ ഞാനും പങ്കെടുക്കണം. അതാണ് ആവശ്യം...''
വേദനാജനകമായി തോന്നി നൗഷാദിന് ആ ക്ഷണം. സിനിമാജീവിതത്തിന്റെ തുടക്കത്തിൽ തനിക്കൊരു ബ്രേക്ക് തന്ന ബാനറാണ്. ആദ്യത്തെ ബോക്സോഫിസ് ഹിറ്റായ 'സ്റ്റേഷൻ മാസ്റ്റർ' നിർമിച്ചതും പ്രകാശ് പിക്ചേഴ്സ് തന്നെ. കടുത്ത തീരുമാനങ്ങൾ എടുക്കാൻ വരട്ടെ എന്ന് ഭട്ടിനെ ഉപദേശിക്കാനാണ് അപ്പോൾ തോന്നിയതെന്ന് നൗഷാദ്. ഒപ്പം, സംഗീതപ്രധാനമായ ഒരു ചിത്രം നിർമിക്കാൻ സുഹൃത്തിനെ ഉപദേശിക്കുകകൂടി ചെയ്തു അദ്ദേഹം.
''താൻസന്റെ ജീവിതകഥ മുമ്പും സിനിമക്ക് വിഷയമായിട്ടുണ്ട്. എക്കാലവും ആളുകളെ ആകർഷിക്കുന്ന കഥയാണത്. പതിവു ഫോർമുല പിന്തുടരാത്ത ഒരു താൻസൻ കഥയായിരുന്നു എന്റെ മനസ്സിൽ. അങ്ങനെയാണ് താൻസന്റെ സമകാലികനായ ബൈജുനാഥ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി കടന്നുവന്നത്. താൻസനെ പാടിത്തോൽപിക്കുന്ന, അല്പം കിറുക്കുള്ള സാധാരണക്കാരനായ ഒരു സംഗീതജ്ഞൻ. അതായിരുന്നു ബൈജു.''
മനസ്സില്ലാമനസ്സോടെയാണ് പ്രിയസുഹൃത്തിന്റെ നിർദേശം വിജയ് ഭട്ട് സ്വീകരിച്ചത്. അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു ഭട്ടിന് ആ സിനിമ. ഇതുകൂടി പൊളിഞ്ഞാൽ പിന്നെ സിനിമയിലേക്കില്ല എന്നുറച്ചുകൊണ്ട് ബൈജു ബാവ്ര ചെയ്യാനൊരുങ്ങുമ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചവർ നിരവധി. ശാസ്ത്രീയ സംഗീത പ്രധാനമായ പടം കാണാൻ യുവതലമുറയെ പ്രതീക്ഷിക്കേണ്ട എന്നായിരുന്നു ഭട്ടിന്റെ സഹോദരൻ ശങ്കറിന്റെപോലും ഉപദേശം. പക്ഷേ, നൗഷാദിന്റെ ഉറച്ച പിന്തുണയോടെ രണ്ടും കൽപിച്ച് സിനിമ പിടിക്കാനിറങ്ങുന്നു ഭട്ട്.
ബൈജു ബാവ്രയിൽ മുഖ്യ കഥാപാത്രങ്ങളായി ദിലീപ് കുമാർ-നർഗീസ് ജോടിയെ പരീക്ഷിക്കാനായിരുന്നു വിജയ് ഭട്ടിന്റെ ആദ്യ പ്ലാൻ. അന്നത്തെ ഏറ്റവും തിരക്കേറിയ താരങ്ങളാണ് ഇരുവരും. ചുരുങ്ങിയ ബജറ്റിൽ പടം തീർക്കുന്ന ശീലക്കാരനായ ഭട്ടിന് അവരുടെ പ്രതിഫലം താങ്ങാനാവില്ലെന്ന് വന്നപ്പോൾ രണ്ടാം നിര നായകൻ ഭരത് ഭൂഷണെ പരീക്ഷിക്കാൻ തയാറാകുന്നു അദ്ദേഹം. നായികയെ നിശ്ചയിക്കാൻ ഇരുവട്ടം ചിന്തിക്കേണ്ടി വന്നില്ല ഭട്ടിന്. ബാലനടിയായിരുന്ന കാലം തൊട്ടേ മീനാകുമാരിയെ അറിയാം. മെഹ്ജബീൻ ബാനുവിന് ബേബി മീന എന്ന ഓമനത്തമുള്ള പേര് നൽകിയതും ഭട്ട് തന്നെ.
സിനിമയുടെ അവസാന ഘട്ടത്തിൽ താൻസനും ബൈജുവുമായൊരു സംഗീതമത്സരമുണ്ട്. ഗായകൻകൂടിയായ സുരേന്ദ്രയാണ് താൻസന്റെ റോളിൽ. നടൻ ഗായകൻകൂടിയാകുമ്പോൾ മറ്റൊരാളെ പിന്നണി ഗായകനായി കണ്ടെത്തേണ്ട കാര്യമില്ല. എന്നാൽ നൗഷാദിന്റെ വീക്ഷണം വ്യത്യസ്തമായിരുന്നു. അത്ര വലിയ റേഞ്ച് ഉള്ള ഗായകനല്ല സുരേന്ദ്ര. താൻസനാകട്ടെ മഹാജ്ഞാനിയായ സംഗീതകാരൻ. സുരേന്ദ്രയെക്കൊണ്ട് താൻസന് വേണ്ടി പാടിക്കുന്നത് ആത്മഹത്യാപരമാകുമെന്ന് നന്നായി അറിയാമായിരുന്നു നൗഷാദിന്. പകരം അതിപ്രഗല്ഭനായ ഒരാളെതന്നെ അതിനായി കണ്ടെത്തണം. ആ അന്വേഷണമാണ് ഉസ്താദ് അമീർ ഖാനിലെത്തിച്ചേർന്നത്. മടിയൊന്നും ഉണ്ടായിരുന്നില്ല ഖാൻ സാഹിബിന് സിനിമയുമായി സഹകരിക്കാൻ.
ബൈജുവിനുവേണ്ടി പാടാൻ റഫിയെ അല്ലാതെ മറ്റാരെയും പരിഗണിച്ചുപോലുമില്ല നൗഷാദ്. അന്നേ നൗഷാദിന്റെ പ്രിയഗായകനാണ് റഫി. എന്നാൽ, ശാസ്ത്രീയ സംഗീതമത്സരത്തിൽ ബൈജുവിന് വേണ്ടി പാടുന്നത് അസ്സൽ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ തന്നെയാവണം എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു നൗഷാദിന്. മത്സരത്തിൽ അന്തിമവിജയം നേടേണ്ടത് ബൈജുവാണ്. അമീർ ഖാന്റെ താൻസനുമായി ആലാപനത്തിൽ ബലാബലം നിൽക്കാൻ പോന്ന ഒരാളാവണം അത്.
ആദ്യം ചെന്നുകണ്ടത് ഉസ്താദ് ബഡെ ഗുലാം അലി ഖാനെ. പക്ഷേ, ഖാൻ സാഹിബിന് സിനിമയിൽ പാടാൻ താൽപര്യമില്ല അന്ന്. വിഖ്യാത സംഗീതജ്ഞൻ വിഷ്ണു ദിഗംബർ പലുസ്കാറിന്റെ മകനും ശിഷ്യനുമായ ഡി.വി. പലുസ്കാറിന്റെ ഊഴമായിരുന്നു അടുത്തത്. പലുസ്കാറിന്റെ പേര് നിർദേശിച്ചത് പണ്ഡിറ്റ് നാരായൺ റാവു വ്യാസ്. ''ആദ്യ കേൾവിയിൽതന്നെ ആ ആലാപനം എന്നെ കീഴടക്കിക്കളഞ്ഞു. ഇതാ എന്റെ ബൈജു എന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിച്ച പോലെ'' –നൗഷാദിന്റെ വാക്കുകൾ. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വാശിയേറിയ സംഗീത 'യുദ്ധ'ത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു. അമീർഖാനും പലുസ്കറും തമ്മിലുള്ള ആ മത്സരം ഇന്ന് ചരിത്രത്തിന്റെ ഭാഗം.
പടത്തിലെ മുഖ്യ ആകർഷണമായ ആ ഗാനത്തിന്റെ റെക്കോഡിങ് ഓർമകൾ നൗഷാദ് പങ്കുവെച്ചതിങ്ങനെ: ''വിളംബിത താളത്തിൽ തുടങ്ങി ദ്രുത താളത്തിലേക്ക് മുന്നേറുകയാണ് മത്സരം. ഒരു ഘട്ടത്തിൽ താൻസന്റെ തംബുരുവിലെ തന്ത്രികളിലൊന്ന് അപ്രതീക്ഷിതമായി തകരുന്നു. അതോടെ പാട്ട് നിർത്തുകയാണ് താൻസൻ. ബൈജു മത്സരം ജയിക്കുകയും ചെയ്യുന്നു. റെക്കോഡിങ്ങിനിടെ ഉസ്താദ് അമീർ ഖാൻ സാഹിബിനെപ്പോലെ ഒരു മഹാഗായകനോട് പാട്ട് പൊടുന്നനെ നിർത്താൻ എങ്ങനെ ആവശ്യപ്പെടും എന്നായിരുന്നു എന്റെ വേവലാതി. എന്നാൽ, തരിമ്പുപോലും പരിഭവം പ്രകടിപ്പിച്ചില്ല അദ്ദേഹം. ഞാൻ നിർദേശിച്ചയിടത്തുവെച്ച് ഖാൻ സാഹിബ് പാട്ടു നിർത്തി. സിനിമയിലാണെങ്കിൽപോലും മത്സരം തോറ്റുകൊടുക്കാൻ അദ്ദേഹം തയാറായി എന്നത് ആ മനസ്സിന്റെ വലുപ്പം.''
എല്ലാ പാട്ടും ക്ലാസിക്
ബൈജു ബാവ്ര എന്ന അത്ര അസാധാരണത്വമൊന്നുമില്ലാത്ത, ചരിത്രവും കൽപിതകഥകളും കെട്ടുപിണഞ്ഞുകിടക്കുന്ന മെലോഡ്രാമ ഇന്നോർക്കപ്പെടുന്നത് ഗാനങ്ങളുടെ പേരിൽ മാത്രമാവണം. കവി പ്രദീപിനെക്കൊണ്ട് പാട്ടുകൾ എഴുതിക്കണം എന്നാണ് വിജയ് ഭട്ട് ആഗ്രഹിച്ചത്. നൗഷാദുമായി പിണങ്ങി പ്രദീപ് സ്ഥലംവിട്ടതോടെ, ഗാനരചനയുടെ ചുമതല ശക്കീലിനെ തേടിയെത്തുന്നു. 'ദുലാരി' (1949) യിലെ ''സുഹാനി രാത് ഡൽ ചുകി'' എന്ന സൂപ്പർഹിറ്റ് ഗാനത്തിൽ തുടങ്ങിയ ശക്കീൽ-നൗഷാദ്-റഫി സഖ്യത്തിന്റെ വിജയഗാഥ 'ബൈജു ബാവ്ര'യിലൂടെ പൂർണതയാർജിക്കുന്നതാണ് പിന്നീട് സിനിമാലോകം കണ്ടത്.
ഇസ്ലാം മത വിശ്വാസികളായ ഈ മൂന്നുപേർ ചേർന്ന് സൃഷ്ടിച്ച 'ബൈജു ബാവ്ര'യിലെ ''മൻ തഡ്പത് ഹരി ദർശൻ കോ'' എന്ന മാൽക്കോസ് രാഗാധിഷ്ഠിതമായ ഹിന്ദു ഭജൻ, ഇന്ത്യൻ സിനിമയിലെ മതാതീത സങ്കൽപങ്ങളുടെ ഉദാത്ത പ്രതീകമായി ഇന്നും നിലകൊള്ളുന്നു. ആ ഗാനരംഗം വിഡിയോയിൽ ആവർത്തിച്ചു കാണുന്ന മുത്തച്ഛന്റെ ചിത്രം ഇന്നുമുണ്ട് വിജയ് ഭട്ടിന്റെ പേരമകൾ പൗരവ് ഭട്ടിന്റെ ഓർമയിൽ. ''ബൈജുവിന്റെ പാട്ട് കേട്ട് ഗുരു ഹരിദാസ് രോഗശയ്യയിൽനിന്ന് എഴുന്നേറ്റ് നടന്നുവരുന്ന ദൃശ്യം കാണുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറയും. സിനിമയിലെ ഏറ്റവും വികാരഭരിതമായ മുഹൂർത്തം അതാണെന്ന് പറയുമായിരുന്നു മുത്തച്ഛൻ.''
കടുത്ത പനി അവഗണിച്ചാണ് ലത മങ്കേഷ്കർ ഭൈരവ് രാഗസ്പർശമുള്ള ''മൊഹെ ഭൂൽ ഗയേ സാവരിയ'' എന്ന ഗാനം പാടി റെക്കോഡ് ചെയ്തതെന്ന് വെളിപ്പെടുത്തുന്നു പൗരവി. വേദനയിൽനിന്നാണ് ഏറ്റവും മനോഹര ഗാനങ്ങൾ പിറക്കുക എന്ന സ്വാമി ഹരിദാസിന്റെ കാഴ്ചപ്പാട് പൂർണമായി ഉൾക്കൊള്ളുകയായിരുന്നു താനെന്ന് പിന്നീട് ലതാജി പറഞ്ഞു. ''ബച്ച്പൻ കി മൊഹബത് കോ'' എന്ന മാൺഡ് രാഗാധിഷ്ഠിത ഗാനത്തിലുമുണ്ട് ലതയുടെ ശബ്ദത്തിലെ നേർത്ത ഗദ്ഗദം. തോണി തുഴഞ്ഞുപോകുന്ന കാമുകിയെ നോക്കി കാമുകൻ പാടുന്ന ''തൂ ഗംഗാ കി മൗജ് മേ'' (റഫി, ലത) എന്ന യുഗ്മഗാനത്തിന്റെ ചിത്രീകരണത്തിനിടെ മീനാകുമാരി കഷ്ടിച്ച് മരണത്തിൽനിന്ന് രക്ഷപ്പെട്ടത് മറ്റൊരു മറക്കാനാവാത്ത അനുഭവം.
ഇതേ ഗാനത്തിന്റെ പേരിലാണ് നൗഷാദ് മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടിയത് എന്നുകൂടി അറിയുക. പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ''ദുനിയാ കേ രഖ് വാലെ.'' മൂന്നാമത് 'അനാർക്കലി'യിൽ സി. രാമചന്ദ്ര ചിട്ടപ്പെടുത്തിയ ''യെ സിന്ദഗി ഉസീ കി ഹേയും.'' മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത് മീനാകുമാരിക്ക്. ഗായകനും ഗായികക്കുമുള്ള ബഹുമതികൾ സമ്മാനിച്ചു തുടങ്ങിയിരുന്നില്ല അന്ന്. മറ്റൊരു കൗതുകംകൂടിയുണ്ട്. ബൈജു ബാവ്ര പുറത്തിറങ്ങുന്ന കാലത്ത് ഓൾ ഇന്ത്യ റേഡിയോ ചലച്ചിത്ര ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നില്ല. വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ബി.വി. കേസ്കർ മുൻകൈയെടുത്ത്, സാമൂഹിക വിരുദ്ധമെന്ന് മുദ്രകുത്തി ചലച്ചിത്ര ഗാനങ്ങൾ റേഡിയോയിൽനിന്ന് നിരോധിച്ച കാലം. സ്വാഭാവികമായും നല്ലൊരു വിഭാഗം ജനങ്ങൾക്ക് ആ ചിത്രത്തിലെ മനോഹരഗാനങ്ങൾ കേൾക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. അവശേഷിച്ചവർക്കാകട്ടെ പാട്ടു കേൾക്കാൻ ഗ്രാമഫോൺ റെക്കോഡ് പോലുള്ള ഉപാധികൾ തേടിപ്പോകേണ്ടിവന്നു. എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച് ''ദുനിയാ കേ രഖ് വാലെ'' ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും പാട്ടുകൾക്കിടയിലെ സുവർണതാരമായി ജ്വലിച്ചുനിൽക്കുന്നു എന്നത് കാലത്തിന്റെ നിയോഗമാകാം.
ജോണി അവസാനമായി വിളിച്ചത് മൂന്നു വർഷം മുമ്പൊരു പുലർച്ചെയാണ്; റഫിക്ക് പ്രണാമമർപ്പിച്ചുകൊണ്ട് അവതരിപ്പിച്ച 'ചക്കരപ്പന്തൽ' പരിപാടി കണ്ടതിന്റെ സന്തോഷം പങ്കുവെക്കാൻ. ഇനിയെന്നെങ്കിലും ''ദുനിയാ കേ രഖ് വാലെ'' എന്ന പാട്ടിനെക്കുറിച്ച് മാത്രമായി എഴുതണം താങ്കൾ. എത്ര എഴുതിയാലും തീരാത്ത, എത്ര വായിച്ചാലും തീരാത്ത അനുഭവമായിരിക്കും അത്...''
വൈകിയാണെങ്കിലും ആ വാഗ്ദാനം നിറവേറ്റുമ്പോൾ വായിക്കാൻ, അനുഭവിക്കാൻ ജോണി ഇല്ലല്ലോ എന്നത് എന്റെ സ്വകാര്യ ദുഃഖം. രണ്ടു വർഷം മുമ്പ് കോവിഡ് ബാധിച്ച് ജോണി മരിച്ച വാർത്ത അദ്ദേഹത്തിന്റെ സഹോദരൻ ഫോണിൽ വിളിച്ചറിയിച്ചപ്പോൾ വിശ്വസിക്കാനാവാതെ നിന്നത് ഓർമയുണ്ട്.
കാതുകളിൽ റഫി സാഹിബ് പാടിക്കൊണ്ടേയിരിക്കുന്നു; അജ്ഞാതരായ ഒരുപാട് ജോണിമാർക്കുവേണ്ടി: ''ചാന്ദ് കോ ഡൂൺഡേ പാഗൽ സൂരജ്, ശാം കോ ഡൂൺഡേ സവേരാ, മേ ഭി ഡൂംഡൂം ഉസ് പ്രീതമ് കോ ഹോ ന സകാ ജോ മേരാ, ഭഗവാൻ ഭലാ ഹോ തേരാ, കിസ്മത് ഫൂട്ടി ആസ് ന ടൂട്ടി, പാവ് മേ പഡ് ഗയേ ചാലേ...''