‘പല ജോൺ’; ജോൺ എബ്രഹാമിനെ ഓർക്കുന്നു
ജോൺ എബ്രഹാം വിടപറഞ്ഞിട്ട് മേയ് 31ന് 36 വർഷമാകുന്നു. മരിക്കാത്ത നക്ഷത്രമായി ജോൺ ഇന്നും ജീവിക്കുന്നുവെന്ന് ജോണിനെക്കുറിച്ച് സിനിമ സംവിധാനംചെയ്ത ലേഖകൻ എഴുതുന്നു. എല്ലാവർക്കുമുണ്ട് അവരവരുടെ ജോൺ. എനിക്കും. ഇതിഹാസങ്ങൾ അങ്ങനെയാണ്, ഒറ്റവ്യാഖ്യാനത്തിൽ ഒതുങ്ങില്ല. പലതാണത്.ജോണിനെ അവസാനമായി കാണുന്നത് കോഴിക്കോട്ട് മിഠായിത്തെരുവിൽെവച്ചാണ്. മരണത്തിലേക്ക് വീഴുന്നതിന് തൊട്ടു മുമ്പ് 1987 മേയിലെ കടുത്ത വേനൽച്ചൂടിന്റെ അന്ത്യത്തിൽ....
Your Subscription Supports Independent Journalism
View Plansജോൺ എബ്രഹാം വിടപറഞ്ഞിട്ട് മേയ് 31ന് 36 വർഷമാകുന്നു. മരിക്കാത്ത നക്ഷത്രമായി ജോൺ ഇന്നും ജീവിക്കുന്നുവെന്ന് ജോണിനെക്കുറിച്ച് സിനിമ സംവിധാനംചെയ്ത ലേഖകൻ എഴുതുന്നു.
എല്ലാവർക്കുമുണ്ട് അവരവരുടെ ജോൺ. എനിക്കും. ഇതിഹാസങ്ങൾ അങ്ങനെയാണ്, ഒറ്റവ്യാഖ്യാനത്തിൽ ഒതുങ്ങില്ല. പലതാണത്.
ജോണിനെ അവസാനമായി കാണുന്നത് കോഴിക്കോട്ട് മിഠായിത്തെരുവിൽെവച്ചാണ്. മരണത്തിലേക്ക് വീഴുന്നതിന് തൊട്ടു മുമ്പ് 1987 മേയിലെ കടുത്ത വേനൽച്ചൂടിന്റെ അന്ത്യത്തിൽ. മിഠായിത്തെരുവിലപ്പോൾ തെരുവിന്റെ ഇതിഹാസകാരൻ എസ്.കെ. പൊറ്റെക്കാട് പ്രതിമയായി ഉയർന്നിട്ടില്ല. റോഡിൽ കരിങ്കല്ല് പാകി വാഹനങ്ങൾ വിലക്കിയിട്ടില്ല. കോട്ടപ്പറമ്പിലേക്ക് തിരിയുന്നിടത്ത് നഗരത്തിന്റെ ചാരായഷാപ്പുണ്ട്. ആൾക്കൂട്ടത്തിനിടയിൽനിന്നും ജോൺ മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
‘‘ഈ നക്സലൈറ്റുകൾക്കൊക്കെ മാസ്റ്റർബേഷന്റെ കൾച്ചറാണ്. നമുക്ക് വേണ്ടത് ഫക്കിങ് കൾച്ചറാണ്.’’
അതൊരടിയായിരുന്നു. ഏതോ ഒരേറ്റുമുട്ടലിന്റെ ബാക്കിയായിരുന്നു അത്. ആകെ രോഷാകുലനായിരുന്നു ജോൺ. ആരോടോ ഉള്ള വാഗ്വാദം കഴിഞ്ഞാണ് അവിടെ എത്തിയതെന്ന് വ്യക്തമായിരുന്നു. മറുത്തൊന്നും പറഞ്ഞില്ല. ഒന്ന് കൈപിടിച്ച് ആൾക്കൂട്ടത്തിലേക്ക് തെന്നിമാറി.
‘അമ്മ അറിയാൻ’ ഇറങ്ങിയിട്ട് കഷ്ടിച്ച് ഒരഞ്ചു മാസമേ ആയിട്ടുള്ളൂ അപ്പോൾ. നഗരത്തിൽ അതിന് വിമർശകർ എറെയായിരുന്നു. സിനിമയിലെ ആദ്യത്തെ ജനകീയ സംരംഭം ആഗ്രഹിച്ച പോലെയായില്ല എന്ന വികാരവും ശക്തമായിരുന്നു. നക്സലൈറ്റുകളുടെ മാത്രം പ്രശ്നമായിരുന്നില്ല അത്. മധു മാഷിന്റെ ‘അമ്മ’യും കെ.ജെ. ബേബിയുടെ ‘നാടുഗദ്ദിക’യുമൊക്കെ കണ്ടു വളർന്നവരിൽ ‘അമ്മ അറിയാൻ’ നിരാശ പടർത്തിയിരുന്നു.
ചിന്തയിൽ ഫെമിനിസം പിച്ചെവച്ച കാലമാണത്. അജിതയും ഗംഗയും അംബുജവും ജെ. ഗീതയുമൊക്കെ ‘ബോധന’യുമായി രംഗത്തുവന്നു കഴിഞ്ഞിട്ടുണ്ട്. 1977-82 കാലത്തിനിടയിൽ ആളിക്കത്തി കെട്ടടങ്ങിയ ജനകീയ സാംസ്കാരിക വേദി എന്ന പ്രതിഭാസത്തിന്റെ കാലത്ത് ഉണ്ടായിരുന്നിട്ടില്ലാത്ത ഒന്നാണ് സ്ത്രീവാദം. ആണുങ്ങളുടെ രാഷ്ട്രീയത്തിന്റെ തുടർച്ചയായിരുന്നില്ല അത്. ‘അമ്മ അറിയാനി’ൽ അമ്മ എവിടെ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. ചലച്ചിത്രചിന്തയിൽ ചിന്ത രവീന്ദ്രന്റെ ‘സിനിമയുടെ രാഷ്ട്രീയം’ അപ്പോഴേക്കും പടർന്നുപിടിച്ചിരുന്നു. സിനിമയെ ഇഴകീറി പരിശോധിക്കുന്ന പ്രത്യയശാസ്ത്ര വിമർശനം സ്വന്തം സിനിമക്കു നേരെ തിരിഞ്ഞത് ജോണിനെ മുറിവേൽപിച്ചു.
മധു മാഷിന്റെ ശിഷ്യനായിരുന്നതിന്റെ ഒരു കരുതൽ ജോൺ എന്നും എനിക്കു തന്നിരുന്നു. ‘അമ്മ’ നാടകചരിത്രത്തിലെഴുതിയ മധു മാഷെ ജോൺ നെഞ്ചിലേറ്റിയിരുന്നു. കോഴിക്കോട്ടെ പുതിയമ്പലത്തിന് പിറകിലെ ഇടവഴിയിലുള്ള മഹാരാജാ പാലസിന്റെ തട്ടുമ്പുറത്ത് തുടക്കമിട്ട ‘അമ്മ’യുടെ റിഹേഴ്സൽ ക്യാമ്പിൽ എത്തിച്ചേരുകയെന്നത് ഒരു ഉണർച്ചയെ കാണാനെത്തുന്നതുപോലെയായിരുന്നു. ജോൺ അടക്കമുള്ള പ്രതിഭാസങ്ങൾ അതുവഴി നിർത്താതെ ഒഴുകി.
1978ലെ ‘അമ്മ’യിൽനിന്നും 1986ലെ ജോണിന്റെ ‘അമ്മ അറിയാനി’ലേക്ക് ഒരു കാണാച്ചരടുണ്ട്. അമ്മയും കമ്യൂണിസ്റ്റ് ഇന്റർനാഷനലുമാണത്. ‘അമ്മ’യെ ഒരു ശക്തിയായി ആ കാലത്തേക്ക് കൊണ്ടുവരുന്നത് മധു മാഷാണ്. അതിൽ മാക്സിം ഗോർക്കിയുടെ ‘അമ്മ’യും ബ്രെഹ്തിന്റെ അമ്മയും ഒക്കെയുണ്ടെങ്കിലും അതിലൊരു മധു മാസ്റ്റർ സ്പർശമുണ്ട്. കമ്യൂണിസ്റ്റ് ഇന്റർനാഷനൽ വീര്യം ചോരാതെ മലയാളത്തിലെത്തുന്നത് അതിലൂടെയാണ്. സച്ചിദാനന്ദന്റേതായിരുന്നു പരിഭാഷ. പാടാനുള്ള സൗകര്യാർഥം അതിൽ താളബദ്ധമായ ചില പരിഷ്കാരങ്ങൾ രാമചന്ദ്രൻ മൊകേരി വരുത്തിയിരുന്നു എന്നാണോർമ. പുരന്തരദാസായിരുന്നു സംഗീതം. തപ്പു കൊട്ടിയും ചൂരല്‍ മരത്തിലടിച്ചും സംഗീതം പണിയുന്ന പുരന്തരന്റെ വിദ്യ ചോര തിളപ്പിക്കുന്നതായിരുന്നു. രണചേതനയുടെ ദരിദ്രനാടകവേദി അവതരിപ്പിച്ച ‘അമ്മ’ കേരളമൊട്ടുക്കും പടർന്നുപിടിച്ചു. കമ്യൂണിസ്റ്റ് ഇന്റർനാഷനൽ ഓരോ തെരുവിലും മുഴങ്ങി.
‘‘ഉണരുവിൻ ഉയരുവിൻ
പട്ടിണിയുടെ തടവുകാരേ
നിങ്ങളുണരുവിൻ ഉയരുവിൻ... ഇതന്ത്യസമരമാം ഉറച്ചുനിൽക്ക പോർക്കളിലേ വരും അഖിലലോക ഗാനമാം സകലജനതയും...
നാളെ നമ്മൾ നമ്മൾ
നമ്മളാം സമസ്തവും
അഖില ലോക ഗാനമാം
സകല ജനതയും’’
ആവേശം കൊടുമുടിയിൽ എത്തുമായിരുന്നു അതു കേൾക്കുമ്പോൾ. വിപ്ലവം അടുത്തെത്തിയെന്ന തോന്നൽ ജനിപ്പിച്ച കാലം. അനീതിക്കെതിരെയുള്ള കലാപം ന്യായമാെണന്ന് ജനകീയ വിചാരണകളും തെരുവുനാടകങ്ങളും കവിതകളുംകൊണ്ട് കേരളം സംസാരിച്ച കാലം. അതിന്റെ മലവെള്ളപ്പാച്ചിലുകൾ ചെന്നുനിൽക്കുന്നത് വയനാട്ടിലെ മഠത്തിൽ മത്തായി വധത്തിലാണ്. പാർട്ടിയുമായുള്ള രണ്ടു ലൈൻ സമരത്തിൽ തോറ്റ കവിയൂർ ബാലന്റെ നേതൃത്വത്തിലുള്ള വേദിയുടെ സംസ്ഥാന കമ്മിറ്റി ഒന്നടങ്കം രാജിെവച്ചു. പുതിയ കമ്മിറ്റി വന്നെങ്കിലും വേദിയുടെ തീ പതുക്കെ കെട്ടടങ്ങി. പഴയ ഊർജം ഒരിക്കലും തിരിച്ചുവന്നില്ല.
ജനകീയ സാംസ്കാരിക വേദിയുടെ പതനത്തിനു ശേഷമുള്ള ശൂന്യത ബാക്കിെവച്ചത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘മാപ്പുസാക്ഷി’യിലെ ‘‘ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദംപോലെ പായുന്ന ജീവിത’’ങ്ങളായിരുന്നു. യുവകവി സനിൽദാസിന്റെ ആത്മഹത്യ സച്ചിദാനന്ദനെക്കൊണ്ട് ‘വേനൽമഴ’ (1981) എഴുതിപ്പിച്ചു.
ആ ശൂന്യത നീണ്ടപ്പോൾ അതെങ്ങനെ മറികടക്കാമെന്ന ആലോചനകൾ പലതലത്തിൽ ഉണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു കൊടുങ്ങല്ലൂരിൽ ടി.എൻ. ജോയിയും ടി.കെ. രാമചന്ദ്രനും കോഓഡിനേറ്റർമാരായി രൂപംകൊണ്ട സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസും അതിന്റെ ആഭിമുഖ്യത്തിൽ മൈത്രേയന്റെ ആലപ്പുഴയിലെ ചിങ്ങോലി കേന്ദ്രമാക്കിയുണ്ടായ അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും. മൈത്രേയൻ നിത്യചൈതന്യയതിയുടെ ശ്രീനാരായണ ഗുരുകുലം വിട്ട് പുറത്തുവന്നിട്ട് അധികകാലമായിരുന്നില്ല. ഞാനടക്കം സ്വാമി എന്നായിരുന്നു മൈത്രേയനെ വിളിക്കാറ്. സച്ചിദാനന്ദൻ, ബി. രാജീവൻ, സേതു, കവിയൂർ ബാലൻ, ബാസുരേന്ദ്ര ബാബു, മൈത്രേയൻ, കെ. രാജീവൻ എന്നിങ്ങനെ ഒരു ഉന്നതാധികാര സമിതിയും സൊസൈറ്റിക്ക് ഉണ്ടായിരുന്നു. ഒട്ടാകെ 30-33 പേർ ഉണ്ടായിരുന്നു എന്നാണോർമ. എല്ലാവരും ആണുങ്ങൾ. ഏക സ്ത്രീ പ്രതിനിധിയായി അജിതയെ ഉൾപ്പെടുത്തണം എന്ന ആലോചനയിൽ മാത്രം ചിങ്ങോലിയിലെ ആ ആൺകമ്യൂണിൽ തീരുമാനമായില്ല. ഒരു സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസ് സംരംഭം എന്ന നിലക്കാണ് സച്ചിദാനന്ദന്റെ പത്രാധിപത്യത്തിൽ ‘ഉത്തരം’ എന്ന ദ്വൈമാസിക ഉണ്ടാകുന്നത്. ജോൺ എബ്രഹാമും പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു. സേതുവും ജോണുമായിരുന്നു സിനിമ കൈകാര്യം ചെയ്യാമെന്നേറ്റത്. ജി. അരവിന്ദന്റെ ‘പോക്കുവെയിലി’നെക്കുറിച്ച് സേതു ആദ്യ ലക്കത്തിൽ പഠനമെഴുതുകയും ചെയ്തു.
ഇടതുപക്ഷത്തിന്റെ അപചയം എന്ന പൊതുധാരണയെ മുൻനിർത്തി അതിനെ മറികടക്കാനുള്ള സൈദ്ധാന്തിക പ്രയോഗത്തിനായുള്ള കൂട്ടായ്മയായിരുന്നു അത്. ആർക്കും ശരി എന്ന് വിളിക്കുന്ന ഒരു പാർട്ടി പരിപാടി ഇല്ലാത്തതുകൊണ്ടുതന്നെ ഇടതുപക്ഷ ഐക്യത്തിന് തുരങ്കംവെക്കുന്ന നിലപാടുകൾ ആരും എടുക്കരുത് എന്നും ധാരണയുണ്ടായിരുന്നു. അത് മുന്നോട്ടുപോകുമ്പോഴാണ് സൊസൈറ്റി അംഗമായ സുബ്രഹ്മണ്യദാസിന്റെ ആത്മഹത്യ സംഭവിക്കുന്നത്, 1982 ജൂൈല 14ന്. ‘‘നാം ഒരു തോറ്റ ജനതയാണ്’’ എന്നു ചരിത്രത്തിൽ കുറിച്ചിട്ട ദാസിന്റെ വേർപാട് ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിനെ ഒരു ചുഴിയിലാഴ്ത്തി.
തൃശൂരിൽ ‘ഉത്തര’ത്തിനായി ചേർന്ന ഒരു കൂടിയാലോചനായോഗത്തിലാണ് സുബ്രഹ്മണ്യദാസിനെ അവസാനമായി കാണുന്നത്. തിളക്കുന്ന അവന്റെ കണ്ണുകൾ മറക്കാനാവില്ല. അടുത്തിരുന്ന രാമചന്ദ്രൻ മൊകേരി മാഷും അത് ശ്രദ്ധിച്ചു, ‘‘അവനെ സൂക്ഷിക്കണം, അവൻ എന്തോ ചെയ്തേക്കും’’ –മൊകേരി അടക്കം പറഞ്ഞു. ഒരാത്മഹത്യയുടെ മുന്നറിയിപ്പായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. നേട്ടത്തിന്റെ ഏത് പിരമിഡുകളിലേക്ക് നോക്കിയാലും വീണ്ടും വീണ്ടും തോൽപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ അതിനടിയില്‍ കാണാം. ആ വേദനയിലാണ് സുബ്രഹ്മണ്യദാസ് റെയില്‍പ്പാളത്തിലൂടെ നടന്നുപോയത്.
ജീവിതരേഖയില്‍ കെ.ജി. സുബ്രഹ്മണ്യദാസ് 1958ല്‍ തൃശൂരിലെ കൊടുങ്ങല്ലൂര്‍ താലൂക്കിൽപെട്ട പെരിഞ്ഞനത്ത് കൂടക്കര ഗോപാലകൃഷ്ണന് എന്ന ജവാന്റെയും പെരിഞ്ഞനത്തെ അയ്യപ്പന് മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ അധ്യാപിക പാര്‍വതി ടീച്ചറുടെയും മകനായി പിറന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബി.എസ്സിക്ക് പഠിക്കുമ്പോള്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം വരവില്‍ വീടുവിട്ട് 1978ല്‍ സി.പി.ഐ (എം.എല്‍) പാര്‍ട്ടിയില്‍ ചേര്‍ന്നു. 1981ല്‍ വയനാട് ജില്ല സെക്രട്ടറിയായിരിക്കെ പാര്‍ട്ടിവിട്ട് വീട്ടിലേക്ക് മടങ്ങി. മരിക്കുംവരെയും എഴുത്തും വായനയും സംവാദങ്ങളും തുടര്‍ന്നു.
‘വിദ്യാഭ്യാസം എന്ന ഗൂഢാലോചന’ എന്ന പ്രമേയത്തില്‍ 1978ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ കോളജ് മാഗസിന് ചര്‍ച്ച ഇന്നും നമ്മുടെ രാഷ്ട്രീയകേരളത്തിന് എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലുള്ള വിദ്യാഭ്യാസ സ്വപ്നങ്ങളാണ്. ഗുരുകൂടിയായ കവി സച്ചിദാനന്ദനോടൊപ്പം ദാസ് എഡിറ്റ് ചെയ്ത ചര്‍ച്ചയായിരുന്നു അത്. ലാറ്റിനമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനും വിപ്ലവകാരിയുമായ പൗലോ ഫ്രെയറിന്റെ ചിന്തകളുടെ തീര്‍ത്തും കേരളീയസന്ദര്‍ഭത്തിലുള്ള ഒരു സൈദ്ധാന്തിക പ്രയോഗമായിരുന്നു അത്.
പാര്‍ട്ടിക്കാലം സുബ്രഹ്മണ്യദാസിനെ സംബന്ധിച്ചിടത്തോളം സമര്‍പ്പണത്തിന്റെ കാലമായിരുന്നു. അക്കാലത്ത് വയനാട്ടിൽ നടന്ന രണ്ട് ഉന്മൂലന സമരത്തെ തുടർന്ന് പാര്‍ട്ടിക്കുള്ളിൽ നടന്ന ആശയ സമരത്തെത്തുടര്‍ന്നാണ് ദാസ് പാർട്ടി വിടുന്നത്. പാര്‍ട്ടിക്കകത്ത് അവസാനനാളുകളില്‍ തുടങ്ങിവെച്ച അന്വേഷണങ്ങള്‍ മലയാളി മാര്‍ക്സിസങ്ങളിലെ ഇരുണ്ട മേഖലകളിലാണ് വെളിച്ചം വീശിയത്. ‘ഒരു രീതിക്കായുള്ള അന്വേഷണം’ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
സ്വയം കാണാന്‍ എല്ലാവര്ക്കും മടിയാണെന്ന് ദാസ് എഴുതി. സ്വന്തം ഉള്ളിലേക്കും സ്വന്തം ജനതയുടെ മൗനത്തിലേക്കും അവൻ ധീരമായി നോക്കി. പത്മരാജൻ- മോഹൻ ടീമിന്റെ ‘ഇടവേള’യെക്കുറിച്ച് ‘ഈ കുറ്റബോധത്തെ നിങ്ങൾ എന്തുചെയ്യും’ എന്ന് ‘പ്രേരണ’യിൽ ലേഖനമെഴുതി.
ദാസിന്റെ എഴുത്തുകളുടെ സമാഹാരമായ ‘സുബ്രഹ്മണ്യദാസ് ഇന്നും' എന്ന പുസ്തകം സമര്‍പ്പിച്ചത് കേരളത്തിന്റെ പുതിയ യൗവനത്തിനായിരുന്നു. ദാസിനോടൊപ്പം വീടുവിട്ടിറങ്ങി പാര്‍ട്ടിയിലേക്കുപോയ ദാസിന്റെ ആത്മമിത്രമായ പി.കെ. അശോക് കുമാറാണ് ഈ സ്വപ്നം സാക്ഷാത്കരിച്ചത്. ‘ഉത്തര’ത്തിന്റെ ആദ്യ ലക്കത്തിനായി ഒന്നും ചെയ്യാനാവാത്തതിന്റെ വിഷമത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ തന്റെ പേരുവെക്കരുതെന്ന് ദാസ് നിര്‍ദേശിച്ചിരുന്നു. മരിക്കുമ്പോള്‍ ദാസിന്റെ കീശയിലുണ്ടായിരുന്ന ‘അധികാരവ്യവസ്ഥയിലെ വര്‍ഗസമരം’ എന്ന ലേഖനംതന്നെ ഇന്ന് തിരിഞ്ഞുനോക്കുമ്പോഴും ഒരു ആത്മബലിയുടെ ഒസ്യത്തായി തോന്നുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ മനുഷ്യത്വരഹിതമായ അധികാരഘടനയുടെ ഭാഗമായിത്തീരുന്നതോടെ രൂപംകൊള്ളുന്ന മൗനത്തെ എങ്ങനെ അതിജീവിക്കാനാവുമെന്ന അന്വേഷണമായിരുന്നു ആലേഖനം.
‘‘മനുഷ്യത്വരഹിതമായ ഈ വ്യവസ്ഥാപിത പ്രാകൃതത്വത്തില്‍ത്തന്നെ സ്വന്തം പ്രകൃതിയെ കണ്ടെത്തുന്നതോടെ അയാള്‍ സ്വന്തം മൗനത്തെ അതിജീവിക്കുന്നു’’ എന്ന് ദാസ് അവസാനലേഖനത്തിന് അടിക്കുറിപ്പ് എഴുതിവെച്ചു. ഈ ലേഖനത്തിന്റെ അരികുകളിലാണ് ‘‘കേരളീയര്‍ ഒരു തോറ്റ ജനതയാണ്’’ എന്ന് കുറിച്ചിട്ടത്. അടിയന്തരാവസ്ഥക്കുശേഷം വന്ന ഒരു തലമുറയുടെ പ്രതീക്ഷയായി ഉയര്‍ന്ന ജനകീയ സാംസ്കാരികവേദിയുടെ തോറ്റയുദ്ധത്തിന്റെ ബാക്കിപത്രമായിരുന്നു ആ ചിന്ത.
ദാസിന്റെ മരണം കവി സച്ചിദാനന്ദനെക്കൊണ്ട് വീണ്ടും എഴുതിച്ച ‘ഒഴിഞ്ഞമുറി’യിലെ ‘‘ഒരമ്മയുടെ കണ്ണീരിന് കടലുകളില്‍ ഒരു രണ്ടാം പ്രളയമാരംഭിക്കാന്‍ കഴിയും’’ എന്ന വരികള്‍ എഴുതിപ്പിച്ചു. അതൊരു ആഗ്രഹചിന്തയായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ല. അമ്മമാർ വീണ്ടും പ്രളയങ്ങളുണ്ടാകാത്ത, കണ്ണുനീർ പൊഴിച്ചു കൊണ്ടേയിരിക്കുന്ന കേരളമാണ് ഇവിടെ നിൽക്കുന്നത്.
തൃശൂരിൽെവച്ച് നടന്ന ദാസിന്റെ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പുസ്തക പ്രകാശനച്ചടങ്ങിന് അവന്റെ അമ്മ പാര്‍വതി ടീച്ചര്‍ സാക്ഷിയായി എത്തിയിരുന്നു. ദാസിന്റെ കൂട്ടുകാര്‍ക്ക് ചരിത്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കാവ്യനീതിയായിരുന്നു ആ സമഗ്ര പതിപ്പ്. അമ്മ അറിയാന്‍, അമ്മയെ അറിയാന്‍ പുറപ്പെട്ടു പോയി തിരിച്ചെത്താത്ത മക്കളുടെ ഓർമയിൽ ജീവിക്കുന്ന ഒരമ്മ അനുഭവമായിരുന്നു ആ ചടങ്ങ്.
രാജന് നീതികിട്ടാന്‍ ഈച്ചരവാര്യര്‍ കാത്തിരുന്നതുപോലുള്ള കാത്തിരിപ്പായിരുന്നു ദാസിന്റെ അമ്മ പാർവതി ടീച്ചറുടെ കാത്തിരിപ്പ് എന്ന് തോന്നി. പിന്നെ അവരും ദൗത്യങ്ങൾ അവസാനിപ്പിച്ച് ഈ ലോകത്തുനിന്നും തിരിച്ചുപോയി. കൊടുങ്ങല്ലൂരിലെ സൂര്യകാന്തിയില്ലാക്കാലത്ത് ടി.എൻ. ജോയിയും നജ്മൽ എൻ. ബാബുവായി മരണത്തിലേക്ക് തിരിച്ചുപോയി. തോറ്റ ജനത എന്ന പേരിനേക്കാളും യോജിക്കുന്ന മറ്റൊരു പേര് നമ്മുടെ ജനതക്ക് ഇനിയും കിട്ടിയിട്ടില്ല.
അമ്മ അറിയാൻ
ജോൺ എബ്രഹാം ‘അമ്മ അറിയാൻ’ എന്ന സിനിമയിലേക്ക് എത്തിയതിന് പല കൈവഴികളുണ്ട്. സാംസ്കാരിക വേദിക്കാലം ബാക്കിെവച്ച കേസിന്റെ പിൽക്കാല യാത്രകൾക്കിടയിലെ കണ്ടുമുട്ടലുകൾക്കിടയിൽ ടി.എൻ. ജോയ്, സച്ചിദാനന്ദൻ, ടി.കെ. രാമചന്ദ്രൻ, സേതു, ബി. രാജീവൻ, കവിയൂർ ബാലൻ എന്നിവർ പല ദിക്കുകളിലായി നടത്തിയ ചർച്ചകളാണ് അതിന്റെ ഒരു കൈവഴി. കാസർകോട് ഫിലിം സൊസൈറ്റിയുടെ മറ്റൊരു കൈവഴിയും ഇതിലുണ്ട്. വത്സൻ മാഷും ശശി മാഷും (എൻ. ശശിധരൻ) ഒക്കെ ഭാഗഭാക്കായ ഒന്ന്. ഒരു ചരിത്രവും ഒറ്റക്കൈവഴിയാൽ നിറയുന്നതല്ല.
കോഴിക്കോട്ട് ജോയ് മാത്യുവും ടി.പി. യാക്കൂബും ചേർന്ന് സൊസൈറ്റി ഇനിഷ്യറ്റിവിൽ തുടക്കമിട്ട ബോധി ബുക്സിനോടു ചേർന്നുള്ള ബോധി ലെന്റിങ് ലൈബ്രറിയിൽെവച്ച് നടന്ന നീണ്ട പാതിരാ ചർച്ചകളടെ തുടർച്ചയായാണ് ഒടുവിൽ ജോൺ കോഴിക്കോട്ടെത്തുന്നത്. സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെ ആ സിനിമാ സംരംഭത്തിന് നേതൃത്വം നൽകാൻ മൂന്ന് പേരുകളാണ് ചർച്ചയിൽ ഉയർന്നുവന്നത്. കെ.പി. കുമാരൻ, ജോൺ എബ്രഹാം, സേതു. സേതുവിനായിരുന്നു മുൻതൂക്കം. പുതിയൊരു കാലത്തിന്റെ രാഷ്ട്രീയ സിനിമ ചെയ്യുമ്പോൾ തികഞ്ഞ രാഷ്ട്രീയബോധമുള്ള ഒരാൾതന്നെ വേണം അത് ചെയ്യാൻ എന്നതായിരുന്നു പൊതുവികാരം. ഞങ്ങളുടെ കൂട്ടത്തിൽ സിനിമയുമായും സിനിമാക്കാരുമായും അക്കാലത്ത് നേരിട്ട് ബന്ധമുണ്ടായിരുന്ന ഏക വ്യക്തിയും സേതുവായിരുന്നു. കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’യടക്കമുള്ള നിരവധി സിനിമകളിലെ നടനായിരുന്ന സേതു മലയാള സിനിമയിൽ ഒരു താരമായി ഉയർന്നു വരുന്ന അവസ്ഥയിലാണ് അത് വിട്ട് ‘അമ്മ’ നാടകത്തിൽ നടനായും ജനകീയ സാംസ്കാരിക വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലക്കുള്ള മുഴുനീള രാഷ്ട്രീയ പ്രവർത്തകനായും മാറുന്നത്. സൊസൈറ്റിയുടെ ‘ഉത്തരം’ മാസികാ സംരംഭത്തിലേക്ക് ജോണിനെ കൊണ്ടുവരുന്നതും സേതുവാണ്. എന്നാൽ, ഒരു സിനിമ സംവിധാനം ചെയ്യുക എന്ന നിർദേശത്തിൽനിന്നും സേതു സ്വയം പിന്മാറിയപ്പോൾ ചർച്ച പിന്നീട് കെ.പി. കുമാരൻ അല്ലെങ്കിൽ ജോൺ എന്നനിലയിൽ എത്തി. കെ.പി. കുമാരന്റെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിന് മുൻതൂക്കം നൽകിയിരുന്നു. ജോണിന്റെ അനാർക്കിസം പലർക്കും ഒരു പ്രശ്നമായിരുന്നു താനും. എന്നാൽ, ഒടുവിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പശ്ചാത്തലം ഒരു മികവായി കണക്കാക്കപ്പെട്ട് തീരുമാനം ജോണിലേക്ക് എത്തി. കൂടാതെ, ‘ഉത്തരം’ അടക്കമുള്ള സൊസൈറ്റി സംരംഭങ്ങളിൽ ജോൺ സഹകരിക്കുന്നത് തികഞ്ഞ രാഷ്ട്രീയബോധ്യത്തോടെയാണെന്നും വിലയിരുത്തപ്പെട്ടു.
പിറക്കാതെ പോയ ‘കയ്യൂർ’ സംരംഭത്തിന്റെ തുടക്കമായിരുന്നു അത്. ജോൺകൂടി പങ്കെടുത്ത കയ്യൂർ പദ്ധതിയുടെ ആദ്യ കോഴിക്കോടൻ കൂടിയാലോചന നടക്കുന്നത് കോഴിക്കോട് ഫറോക്കിലുള്ള സഖാവ് ഫറൂഖ് സോമന്റെ ഫറൂഖ് ആർട്സ് എന്ന ട്യൂട്ടോറിയൽ കോളജിൽ െവച്ചായിരുന്നു. സോമന്റെ ട്യൂട്ടോറിയൽ പങ്കാളികൂടിയായ അമ്മതും അതിന്റെ ഭാഗമായിരുന്നു. ടെലിഫോൺസിൽ സേതുവിന്റെ സഹപ്രവർത്തകനും സുഹൃത്തുമായ അമ്മതിനെയായിരുന്നു പദ്ധതി നടത്തിപ്പിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല ഏൽപിച്ചത്. സമ്പൂർണ അനാർക്കിസ്റ്റുകൾക്ക് നടുവിൽ വിട്ടുവീഴ്ചയില്ലാത്ത സാമ്പത്തിക കാർക്കശ്യംകൊണ്ട് എൻജിനീയർ അമ്മത് ഒഡേസ അമ്മതായി മാറിയ മറ്റൊരു ചരിത്രം അവിടെ തുടങ്ങുന്നു. അമ്മതിന്റെ കാർക്കശ്യം പലരെയും ആ പ്രസ്ഥാനത്തിൽനിന്നും അകറ്റിയിരുന്നുവെങ്കിലും അത് നടന്നുപോയത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലായ്മകൊണ്ടു മാത്രമാണ്. പക്ഷേ, കയ്യൂർ പിറക്കാതെ പോയി. അത് മറ്റൊരു ചരിത്രം.
1980കളുടെ മധ്യത്തിൽ ‘അമ്മ അറിയാൻ’ പ്രസ്ഥാനത്തിന് ഒഡേസ തുടക്കമിടുമ്പോൾ, അതിൽ ജനകീയ സാംസ്കാരിക വേദിയുടെ പതനകാലം രേഖപ്പെടുത്തപ്പെടും എന്നായിരുന്നു ഒപ്പം നിന്നവരുടെ പൊതുവികാരം. സനിൽദാസ് മുതൽ സുബ്രഹ്മണ്യദാസ് വരെയുള്ള ആത്മാഹുതിയും അതിൽ രേഖപ്പെടുത്തപ്പെടുകതന്നെ ചെയ്യും എന്ന വികാരത്തെ ജോൺ സ്പർശിച്ചിരുന്നു.
അമ്മമാർ പലരും ‘അമ്മ അറിയാനി’ൽ വരുന്നുണ്ട്. ഓരങ്ങളിൽ അവർ നിശ്ശബ്ദരായി നിൽക്കുന്നു.
‘‘കഷ്ടം, ഈ ചെറുപ്പക്കാരൊക്കെ ആത്മഹത്യ ചെയ്യുന്നല്ലോ’’ എന്നും ‘‘എന്തിനാണ് വാല്യക്കാരിങ്ങനെ ചെയ്യുന്നത്’’ എന്നുമൊക്കെ പ്രതികരിച്ച് നോക്കിനിൽക്കുന്ന അമ്മമാർ. ഒടുവിൽ മകന്റെ മരണവിവരം പറയാൻ വന്നവർക്കൊപ്പം നടന്നുനീങ്ങുന്നു അമ്മ.
ഹരിയുടെ മരണവിവരം അവന്റെ അമ്മയെ അറിയിക്കാനുള്ള ഒരു യാത്രയാണ് സിനിമ. അതിനിടയിൽ പല ചരിത്രങ്ങളിലൂടെയും പലരുടെ ഓർമകളിലൂടെയും സിനിമ യാത്ര പോകുന്നു. മുന്നോട്ടും പിന്നോട്ടുമുള്ള യാത്ര.
നിലമ്പൂർ ബാലേട്ടനെ അവതരിപ്പിക്കുന്ന രണ്ട് മദ്യപാന രംഗങ്ങൾ അക്കാലത്ത് ചർച്ചയായിരുന്നു. ‘‘ഈ മാർക്സിസത്തേക്കാൾ നല്ലത് തടിക്കച്ചോടാ’’ എന്നൊരാൾ പറയുമ്പോൾ നിലമ്പൂർ ബാലൻ ശരിയെന്ന മട്ടിൽ മുരളും. ഒപ്പമുള്ള വേണു മേനോൻ പ്രതികരിക്കും. ‘‘It's true, it's true.’’ മറ്റൊരു രംഗത്ത് മാർക്സിസവും മദ്യപാനവും തമ്മിലുള്ള ബന്ധമെന്താണ് എന്നായിരുന്നു ചോദ്യം. ‘‘മദ്യം എന്റെയൊരു ആവശ്യമാണ്. മാർക്സിസം എന്റെ ദർശനവും... അത് ഇവിടെ പ്രാവർത്തികമാക്കുന്ന രൂപങ്ങളോടുണ്ടല്ലോ എനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. പിന്നെ മദ്യപാനം അത് ഇന്റെയൊരു ഇതാണ്.’’
ബുദ്ധിജീവിയായ സഖാവ് വാസുവിന്റെ അടുത്തേക്ക് പോകും മുമ്പ് ഗ്വാട്ടമാലൻ കവിയും വിപ്ലവകാരിയുമായ റെനേ കാസ്റ്റിലോയുടെ വരികൾ സിനിമ മുഴക്കുന്നുണ്ട്. ‘‘ഒരുദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യംചെയ്യപ്പെടു’’മെന്ന്.
വാസുവിനെ കാത്ത് വീടിന്റെ ഉമ്മറത്തിരിക്കുന്ന ഹരിയുടെ കൂട്ടുകാരൻ കേൾക്കുന്നത് വാസുവിന്റെ അമ്മ ഒരു കൈനോട്ടക്കാരിയുടെ പ്രവചനങ്ങൾ കേട്ടുകൊണ്ടേയിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിലുടനീളം ലോകചരിത്രത്തിലെ വിപ്ലവങ്ങളുടെയും ദുരന്തങ്ങളുടെയും നിശ്ചലദൃശ്യങ്ങൾ കാണാം. ബുദ്ധിജീവിയായ വാസു ഗ്രാംഷിയെക്കുറിച്ചുള്ള പുസ്തകവും ൈകയിലേന്തിയാണ് വരുന്നത്. അയാൾ യാത്രാസംഘത്തിനൊപ്പം പോകാൻ വിസമ്മതിക്കുന്നു.
ഫോർട്ട് കൊച്ചിയിലെ പഴയ പണക്കാർ താമസിക്കുന്ന പഴയ ബ്രിട്ടീഷ് ബംഗ്ലാവിലാണ് ഹരിയുടെ കുടുംബം. മരണവിവരമറിയിക്കാൻ പുറപ്പെട്ട സംഘം അവിടെ എത്തുമ്പോൾ അവന്റെ അച്ഛൻ അവരെ അപമാനിച്ചുവിടുകയാണ്. അമ്മയാകട്ടെ പള്ളിയിൽ നടക്കുന്ന മാമോദീസക്ക് പോയതുമാണ്. ആത്മഹത്യാ വിവരം അറിഞ്ഞ് അമ്മ മകന്റെ കൂട്ടുകാർക്കൊപ്പം നടക്കുകയാണ്.
‘അഗ്രഹാരത്തിൽ കഴുൈത’യും ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും’ ഉണർത്തിയ തരംഗം ‘അമ്മ അറിയാന്‍’ ഉയർത്താൻ കഴിഞ്ഞില്ല എന്നത് വാസ്തവമായിരുന്നു. വിമർശനങ്ങളിൽ പുകഞ്ഞ ജോണായിരുന്നു മിഠായിത്തെരുവിൽ ‘‘നമുക്ക് മാസ്റ്റർബേഷന്റെ കൾചറല്ല, ഫക്കിങ് കൾചറാണ് വേണ്ടത്’’ എന്ന് പറഞ്ഞ് പ്രത്യക്ഷപ്പെട്ടത്.
ജോൺ സിനിമ
അമ്മ അറിയാൻ എന്ന സിനിമയേക്കാൾ ആ സിനിമാസംരംഭമാണ് ചരിത്രം. മൂലധനത്തിന്റെ ആധിപത്യത്തെ നിരാകരിച്ചും ഒരു സിനിമ സാധ്യമാണ് എന്നതിന്റെ ചലച്ചിത്ര മാതൃക. അതിന് ജോൺ എബ്രഹാം നിമിത്തമാവുകയായിരുന്നു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും അതിന് അവകാശികളുണ്ട്.
ജോണിനെക്കുറിച്ച് ഒരു സിനിമയോ? മേഘത്തെയും കടലിനെയും കുപ്പിയിലടയ്ക്കാനാകുമോ എന്ന ചോദ്യം എനിക്ക് മുന്നിൽ ഉയർന്നിരുന്നു. ജോണിന്റെ ജീവിതത്തിൽ ആയിരക്കണക്കിന് ദിവസങ്ങളും ആയിരക്കണക്കിന് മനുഷ്യരുമുണ്ടായിട്ടുണ്ട്. ഈ ലോകജീവിതത്തിൽ ഒട്ടനവധി കാര്യങ്ങൾ ചെയ്ത് കടന്നുപോയ മനുഷ്യനാണ്. ഒരുവിധം അടുപ്പമുള്ളവർക്കൊക്കെ അവരവരുടെ സ്വന്തം ജോൺ ഓർമയുണ്ട്. ബഷീർ എന്നപോലെ.
‘ജോൺ’ സിനിമ കാലാനുക്രമത്തിലുള്ള ഒരു ജോൺ എബ്രഹാം ജീവിതകഥയല്ല. അത്രമാത്രം.
ജോണിനെ വിഗ്രഹവത്കരിക്കാനാണോ പുറപ്പാട് എന്ന ചോദ്യവും മുന്നിലുണ്ട്. അതിന്റെ മറുപടി ജോൺ ‘അഗ്രഹാരത്തിൽ കഴുൈത’യിലൂടെ പറഞ്ഞുകഴിഞ്ഞു. ജോണിനെ വിഗ്രഹവത്കരിക്കാനാകില്ല. ജോൺ ഇതുവഴി കടന്നുപോയിട്ട് 36 വർഷം പിന്നിടുന്നു. ഒരു പ്രതിമയും ഇല്ലാതെ ഒരാൾ ഓർക്കപ്പെടുന്നു എന്നുണ്ടെങ്കിൽ അത് ആ മനുഷ്യൻ നമ്മുടെ സമൂഹികബോധമനസ്സിൽ വീഴ്ത്തിയ പാടുകൾ കാരണമാണ്. ആ കാരണങ്ങളിൽ ജീവിക്കുന്നവരിലൂടെയാണ് ‘ജോൺ’ എന്ന സിനിമയും കടന്നുപോകുന്നത്. എന്തിന് ഇങ്ങനെയൊരു സിനിമ എന്ന് ഞാനും സ്വയം ചോദിച്ചിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ടവർ മരിച്ചിട്ടും നമ്മൾ പിന്നെയും തുടർന്നു ജീവിക്കുന്നു എന്നതാണല്ലോ മഹാഭാരതം നമ്മോട് പറഞ്ഞു തന്ന ജീവിതത്തിലെ ഏറ്റവും വലിയ മഹാത്ഭുതം. എന്റെ ജീവിതത്തിൽ എന്തെങ്കിലും അടയാളങ്ങളുണ്ടാക്കിയ മനുഷ്യരിൽ ഏറ്റവും വലിയ ആഘാതമുണ്ടാക്കിയ മരണങ്ങളിലൊന്ന് ജോൺ എബ്രഹാമിന്റേതായിരുന്നു.
1986ൽ ‘അമ്മ അറിയാൻ’ ഇറങ്ങിയപ്പോഴേക്കും ഞാൻ ‘മാതൃഭൂമി’ കോഴിക്കോട് ബ്യൂറോയിൽ ലേഖകനായെത്തിയിട്ടുണ്ട്. ജോണിന്റെ കോഴിക്കോടൻ താവളങ്ങളിലൊന്നായിരുന്നു ‘മാതൃഭൂമി’. അന്നത്തെ മുഖ്യധാര സിനിമയിൽ ശക്തമായി നിന്നിരുന്ന ‘ചിത്രഭൂമി’യിൽ ജോണിന്റെ ‘അമ്മ അറിയാൻ’ തിരക്കഥ പ്രസിദ്ധീകരിച്ചത് ഒരു സംഭവംതന്നെയായിരുന്നു. ഈ കോഴിക്കോടൻ യാത്രയുടെ അപ്രതീക്ഷിതമായ അന്ത്യമാണ് 1987 മേയ് 30ന് രാത്രി മിഠായിത്തെരുവിലെ ഒയാസീസ് കോമ്പൗണ്ടിലെ പണിതീരാത്ത ഒരു കെട്ടിടത്തിൽനിന്നുള്ള വീഴ്ച. തൊട്ടടുത്ത ദിവസം രാവിലെ മുതൽ 31ന് യാത്രയയക്കുന്നതു വരെ ജോണിന്റെ മരണം റിപ്പോർട്ട് ചെയ്യാനുള്ള ‘മാതൃഭൂമി’ ലേഖകരുടെ സംഘത്തിൽ ഞാനുമുണ്ടായിരുന്നു. എന്റെ റിപ്പോർട്ടിങ് അടയാളപ്പെടുത്തിയത് ജോണിന്റെ അവസാനത്തെ കോഴിക്കോടൻ ദിവസങ്ങളിലൂടെയുള്ള ഒരു യാത്രയായാണ്. മാതൃഭൂമി ദിനപത്രം, ആഴ്ചപ്പതിപ്പ്, ചിത്രഭൂമി എന്നിവയിലായി അത് ചിതറിക്കിടക്കുന്നു.
അവസാനത്തെ വീഴ്ചക്ക് തൊട്ടുമുമ്പുള്ള ഒരു പാതിരാത്രിയിൽ ഹരിയുടെ മീഞ്ചന്തയിലുള്ള വീട്ടിൽ ജോൺ എത്തിയിരുന്നു. ഉറക്കത്തിൽനിന്നും ഹരിയെ മുട്ടിവിളിച്ചുണർത്തി ജോൺ പറഞ്ഞുകൊടുത്ത് എഴുതിച്ച മൂന്നുപേജ് വരുന്ന മൂന്ന് തിരക്കഥാ സ്വപ്നങ്ങൾ ബാക്കിെവച്ചാണ് ജോൺ അവിടെനിന്ന് ഇറങ്ങിപ്പോയത്. പിറ്റേന്ന് ജോൺ മരിച്ച വാർത്തയറിഞ്ഞ് മൃതദേഹം തിരിച്ചറിയാൻ മോർച്ചറിയിലേക്കോ അവസാന യാത്രയയക്കാൻ ട്രെയ്നിങ് കോളജ് ഓഡിറ്റോറിയത്തിലേക്കോ ഹരി വന്നിരുന്നില്ല. ‘‘മരിക്കാത്ത ജോൺ മനസ്സിലുണ്ട്, അതുമതി തനിക്ക്’’ എന്ന് പറഞ്ഞു ഹരി വീട്ടിൽ അടച്ചിരുന്നു. ആ ഓർമ പരിഭാഷപ്പെടുത്താൻ ആ കടലാസു ചുരുളുകൾ എന്നെ ഏൽപിച്ചു. അതായിരുന്നു 1987 ജൂണിലെ ‘ചിത്രഭൂമി’ ജോൺ സ്പെഷലിൽ വന്ന ‘അവസാനത്തെ തിരക്കഥ അവസാനത്തെ മൂന്നു ദിവസങ്ങൾ’ എന്ന ഫീച്ചർ. അതിൽ പത്രഭാഷയിൽ ‘എക്സ് ക്ലൂസിവ്’ എന്നു പറയാവുന്ന ഒന്ന്. അതെഴുതി 30 വർഷങ്ങൾക്കുശേഷം അതേ കടലാസുചുരുളുകൾ ഓർമപ്പെട്ടിയിൽനിന്നും വീണ്ടും ൈകയിൽ തടഞ്ഞപ്പോൾ ഉണ്ടായ വികാരമാണ് ‘ജോൺ’ എന്ന സിനിമ. 2013ലായിരുന്നു അത്. ഞാനും ദീദിയും ആ കടലാസു സ്വപ്നങ്ങളുമായി ഹരിയെ ചെന്നു കണ്ടപ്പോൾ അവൻ ആവേശത്തോടെ ഉണർന്നു.
‘‘ഇതിനൊക്കെ വേണ്ടിയല്ലെങ്കിൽ ഞാനൊക്കെ എന്തിനാ ജീവിച്ചിരിക്കുന്നത്’’ എന്ന്.
അവസാനമായി വാതിൽക്കൽ മുട്ടിവിളിച്ചുണർത്തിയ മുട്ട് താനിപ്പോഴും കേൾക്കാറുണ്ടെന്ന് ഹരി പറഞ്ഞു. അതായിരുന്നു ദീദി എഴുതിയ ‘ജോണി’ന്റെ തിരക്കഥയുടെ തുടക്കം. മരിച്ചും മരിക്കാതെ ജീവിച്ചിരിക്കുന്നവരുടെ വാതിൽക്കൽ മുട്ടിവിളിക്കുന്ന ജോൺ.
‘അമ്മ അറിയാനി’ൽ ജോണിനൊപ്പം യാത്രചെയ്ത ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, ശോഭീന്ദ്രൻ മാസ്റ്റർ, ഷുഹൈബ് എന്നിവർക്കൊപ്പം മധു മാസ്റ്റർ, ജീവൻ തോമസ്, ജോണിന്റെ പ്രിയ സഹോദരി ശാന്ത, പ്രകാശ് ബാരെ, അനിത, കരുണാകരൻ, ദീപക് നാരായണൻ, ആർട്ടിസ്റ്റ് മദനൻ, ജോൺസ് മാത്യു, ചെലവൂർ വേണു, നന്ദകുമാർ, ഷാനവാസ് കോനാരത്ത്, രാജഗോപാൽ, വിജീഷ്, യതീന്ദ്രൻ കാവിൽ, അരുൺ പുനലൂർ, ഷാജി, വിഷ്ണു, ഒ.പി. സുരേഷ്, ശിവപ്രസാദ്, ജീജോ, പ്രദീപ് ചെറിയാൻ തുടങ്ങി നിരവധി പേർ ‘ജോണി’നൊപ്പം നടന്നു. ജോണിന്റെ സഹപാഠിയും സഹപ്രവർത്തകനുമായ പ്രശസ്ത ഛായാഗ്രാഹകൻ കെ. രാമചന്ദ്രബാബുവിന് പുറമെ എം.ജെ. രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ അക്കോട്ട് തുടങ്ങി അഞ്ചു ഛായാഗ്രാഹകർ ചിത്രീകരണത്തിൽ പങ്കാളികളായി. അപ്പു ഭട്ടതിരിയാണ് എഡിറ്റിങ്, ദുന്ദു കലാസംവിധാനവും ചെയ്തു. മകൾ മുക്തയാണ് നിർമാതാവും ക്രിയേറ്റിവ് ഡയറക്ടറും.
ജോണിനെ ഇന്നും മരിക്കാതെ ഉള്ളിൽ കൊണ്ടുനടക്കുന്ന മനുഷ്യർ, മരിക്കാത്ത ജോൺ അവരിൽ ജീവിക്കുന്നു. അത്രയേ ഉള്ളൂ ഈ സിനിമ. എല്ലാ സിനിമാസ്വപ്നവും പോലെ ഇതും ഒരു സാഹസികയാത്രയായിരുന്നു. 10 വർഷം നീണ്ട യാത്ര. 2013ൽ തുടങ്ങി 2023ൽ അവസാനിച്ചു. കെ.എസ്.ഡി.സി ചെയർമാന്റെ കസേരയിലിരുന്ന് നീ ചെയ്യ് എന്ന് പറഞ്ഞ് പിന്തുണയേകിയ അശരീരിയായ പ്രിയ സംവിധായകൻ ലെനിൻ രാജേന്ദ്രനെയും പിന്നാലെ വന്ന ചെയർമാൻ ഷാജി എൻ. കരുണിനെയും അവിടത്തെ ജീവനക്കാരെയും നന്ദിയോടെ ഓർക്കുന്നു. മഹാമാരിയിലും ആ സിനിമ അവിടെ കാത്തുസൂക്ഷിച്ചതിന്.
സംവിധായകൻ എന്ന പദവി ഒരധികാരമാണ്. ‘‘I am the Hitler of my cinema’’ എന്ന് പണ്ട് ജോൺ എബ്രഹാം പറഞ്ഞത് വിമർശിച്ചു നടന്ന തലമുറയിലാണ് ഞാൻ വളർന്നത്. ‘ജോൺ’ ഞാനൊരു സംവിധായകനായി ചെയ്ത സിനിമയല്ല. ഞാൻ ഇതിന്റെ പണിപ്പുരയിൽ ഒരിടത്തും ഇതിന്റെ സംവിധായകനായി അഭിനയിച്ചിട്ടുമില്ല.
‘‘സ്റ്റാർട്ട് ആക്ഷൻ കട്ട്’’ എന്നു ഞാൻ പറഞ്ഞ ഒരു സീനും ഈ സിനിമയിൽ ഉണ്ടായിട്ടില്ല. എല്ലാം ലൊക്കേഷനിൽ സംഭവിക്കുകയായിരുന്നു. ഒരു കൊച്ചു സ്വപ്നത്തിന്റെ കൂടെനിന്നവർ എല്ലാവരും ഇത് തീർക്കാൻ ഭാഗഭാക്കായി. ഓരോരുത്തരും ഓരോ നിമിഷവും. എല്ലാ അർഥത്തിലും ഇതൊരു പരീക്ഷണം മാത്രം. മൂലധനമില്ലാത്ത സർഗാത്മക പരീക്ഷണം. തലമുതിർന്ന ഛായാഗ്രാഹകൻ രാമചന്ദ്രബാബു മുതൽ പ്രഫഷനൽ നടനായ പ്രകാശ് ബാരെ വരെ ആരും പ്രതിഫലം കൈപ്പറ്റിയല്ല സഹകരിച്ചത്. എല്ലാവരും ജോൺ ഓർമയിൽ കൂട്ടുനിന്നു.
എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. എന്നാൽ, എവിടെയുമെത്താത്ത സ്വപ്നങ്ങളോടെ ഈ ലോകം വിട്ടുപോകേണ്ടി വരുക എന്ന ഖേദപൂർണമായ അവസ്ഥയിലാണ് മഹാഭൂരിപക്ഷത്തിന്റെയും ജീവിതം. സിനിമയിൽ ഏറ്റവും വലിയ വില്ലൻ പണംതന്നെ, മൂലധനം. പണം അസാധ്യമാക്കിയ ചലച്ചിത്ര സ്വപ്നങ്ങളുടെ പ്രളയത്തിനകത്താണ് കേരളംപോലുള്ള ഒരു കൊച്ചു സ്ഥലത്തെ മിക്കവാറും ചലച്ചിത്ര പ്രേമികളുടെയും ജീവിതം. ഈ സിനിമ അവർക്കാണ് സമർപ്പിക്കുന്നത്.
ജോൺ ഈ അവസ്ഥയോട് മറ്റാരെക്കാളും നന്നായി പോരാടിയ മനുഷ്യനായിരുന്നു. പണവും സർഗാത്മകതയും തമ്മിലുള്ള ശാശ്വത വൈരത്തിൽ ശിഥിലമായ ജീവിതമാണ് ജോണിന്റേത്. ഒഡേസ ആ പോരാട്ടത്തിന്റെ സ്മാരകമാണ്. അതിൽ ആയിരങ്ങളുടെ സ്വപ്നമുണ്ട്; എന്റെയും. ഇതിലാർക്കും ‘ജോണി’നെ എടുക്കാം. ഓരോരുത്തർക്കും അവകാശപ്പെട്ട പാരമ്പര്യമാണത്. നീയാരാ ഇത് ചെയ്യാൻ എന്ന ചോദ്യത്തോട് ശ്രീനാരായണ ഗുരുവിന്റെ ഒരാശയം കടമെടുത്തു പറഞ്ഞാൽ ‘‘നിങ്ങളുദ്ദേശിക്കുന്ന നമ്പൂതിരി ശിവനല്ല ഇത്’’ എന്നേ എനിക്ക് പറയാനുള്ളൂ: ഇത് ഈഴവ ശിവനാണ്. ഞാനടക്കമുള്ള പിന്നിട്ട ഒരു കാലത്തിന്, ജീവിച്ചുതീരാത്ത മോഹങ്ങൾക്ക് ഒരു സമർപ്പണം. അത്ര മാത്രം. അങ്ങനെയും വേണമല്ലോ ചില ഇഷ്ടങ്ങൾ.
അടിക്കുറിപ്പ്: ഇത്രയും പറഞ്ഞിട്ടും ‘ജോൺ’ സിനിമയിൽ ആരാണ് ജോൺ എന്ന് പറഞ്ഞില്ലല്ലോ എന്നു ചോദിക്കാം. നമ്മൾ ആഗ്രഹിക്കുന്നതല്ല സിനിമ, നടക്കുന്നതെന്തോ അതാണ്. അത് മറ്റൊരു കഥയാണ്.