പുതിയ പ്രേക്ഷകലോകവും പഴയ/പുതിയ ‘സ്ഫടിക’വും
27 വർഷത്തിനുശേഷം ‘സ്ഫടികം’ വീണ്ടും തിയറ്ററുകളിലെത്തുേമ്പാൾ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ‘പരിഷ്കരിക്കപ്പെട്ട’ മർദകവ്യവസ്ഥയെത്തന്നെയാണോ സിനിമ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്? 1995ലെ ചാക്കോ മാഷിൽനിന്നും പ്രകൃതത്തിൽ വളരെയൊന്നും മാറാത്ത, എന്നാൽ സ്വഭാവത്തിൽ കുറെക്കൂടി സോഫിസ്റ്റിക്കേറ്റഡായ രക്ഷാകർതൃത്വത്തിലേക്കുള്ള ദൂരംതന്നെയല്ലേ, ‘സ്ഫടികം’ രണ്ടാം വരവിൽ കൃത്യമായി അടയാളപ്പെടുത്തുന്നത്? -...
Your Subscription Supports Independent Journalism
View Plans27 വർഷത്തിനുശേഷം ‘സ്ഫടികം’ വീണ്ടും തിയറ്ററുകളിലെത്തുേമ്പാൾ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ‘പരിഷ്കരിക്കപ്പെട്ട’ മർദകവ്യവസ്ഥയെത്തന്നെയാണോ സിനിമ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്? 1995ലെ ചാക്കോ മാഷിൽനിന്നും പ്രകൃതത്തിൽ വളരെയൊന്നും മാറാത്ത, എന്നാൽ സ്വഭാവത്തിൽ കുറെക്കൂടി സോഫിസ്റ്റിക്കേറ്റഡായ രക്ഷാകർതൃത്വത്തിലേക്കുള്ള ദൂരംതന്നെയല്ലേ, ‘സ്ഫടികം’ രണ്ടാം വരവിൽ കൃത്യമായി അടയാളപ്പെടുത്തുന്നത്? - ലേഖകർ ചോദിക്കുന്നു.
‘‘We don't need no education
We don't need no thought control
No dark sarcasm in the classroom
Teacher, leave them kids alone
Hey, teacher, leave them kids alone
All in all, it's just another brick in the wall
All in all, you're just another brick in the wall.’’
(Pink Floyd, 1979)
1979ൽ പുറത്തിറങ്ങിയ പിങ്ക് േഫ്ലായിഡിെൻറ ‘അനദർ ബ്രിക്ക് ഇൻ ദ വോൾ’ എന്ന റോക്ക് ആൽബത്തിലെ സുന്ദരമായ പ്രതിഷേധവാക്കുകളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. കണക്കുക്ലാസിൽ നോട്ട്ബുക്കിൽ കവിത കുത്തിക്കുറിച്ച വിദ്യാർഥിയെ ശിക്ഷിക്കുന്ന അധ്യാപകനെയും, ഒരേ നിരയിൽ അണിനിരന്ന് അവസാനം ഒരു യന്ത്രത്തിലേക്കു വീഴുന്ന വിദ്യാർഥികൾ പൊടിച്ചരക്കപ്പെട്ട് എന്തോ വസ്തുവായി മാറുന്നതും, രോഷാകുലരായ വിദ്യാർഥികൾ സ്കൂളിനു തീയിട്ടു നശിപ്പിക്കുന്നതും അധ്യാപകനെ കൈകാര്യംചെയ്യുന്നതുമാണ് ഈ ഗാനത്തിന്റെ വിഡിയോയിൽ കാണുന്നത്. ഞങ്ങൾക്ക് വിദ്യാഭ്യാസം ആവശ്യമില്ല, ഞങ്ങൾക്ക് ചിന്താനിയന്ത്രണം ആവശ്യമില്ല, ക്ലാസ് മുറിയിൽ ഇരുണ്ട പരിഹാസങ്ങൾ വേണ്ട. ടീച്ചറെ, കുട്ടികളെ വെറുതെ വിടൂ, ഇങ്ങനെ പോകുന്നു ഈ പ്രതിഷേധഗാനത്തിലെ വരികൾ. നിങ്ങൾ അധ്യാപകരെല്ലാം ഈ ഭിത്തിയിലെ ഇഷ്ടികകൾ മാത്രമാണെന്നും ഞങ്ങളെ നിങ്ങൾ സ്വതന്ത്രരായി വിടൂ എന്നുമാണ് ഇതിലെ വരികൾ കത്തിക്കയറുന്നത്.
ഈ ആൽബത്തിന്റെ 16 വർഷങ്ങൾക്കുശേഷം റിലീസ് ചെയ്ത ‘സ്ഫടിക’മെന്ന ചലച്ചിത്രത്തിൽ തന്റെ പരീക്ഷണ നിരീക്ഷണങ്ങളെയും ഭാവനയെയും സർഗാത്മകതയെയും തകർത്തെറിഞ്ഞ തോമസ് ചാക്കോ എന്ന വിദ്യാർഥിയുടെ ദയനീയ അവസ്ഥയെയാണ് ചിത്രീകരിക്കുന്നത്. 28 വർഷങ്ങൾക്കുശേഷം വീണ്ടും തിയറ്ററിലെത്തിയ ‘സ്ഫടികം’ നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ‘പരിഷ്കരിക്കപ്പെട്ട’ മർദകവ്യവസ്ഥയെത്തന്നെയാണ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്. മാറിയ സാമൂഹിക ലോകത്തിൽനിന്ന് ഈ ചലച്ചിത്രം കാണുന്ന പ്രേക്ഷകർ ഇതിന്റെ പുത്തൻവായന നടത്തുമ്പോൾ, പൗലോ ഫ്രയർ വർഷങ്ങൾക്കുമുമ്പ് മുന്നോട്ടുവെച്ച ‘മർദിതരുടെ ബോധനശാസ്ത്രം’ (Pedagogy of the oppressed) എന്ന ആശയം ഒന്നുകൂടി പരിശോധിക്കേണ്ടതാണ്. തന്റെ ജ്ഞാനംകൊണ്ട് അടിച്ചമർത്തുന്ന അധ്യാപകനെയും, അതേ ജ്ഞാനത്തെ അപ്പാടെ പകർത്തിവെക്കുന്ന വിദ്യാർഥിയെയുംതന്നെയല്ലേ, ഇന്നും നമ്മുടെ നാട്ടിൽ കാണുന്നത്? ചാക്കോ മാഷിന്റെ പരിഷ്കരിക്കപ്പെട്ട പതിപ്പുകളിലേക്കുള്ള ദൂരം വെറും 28 വർഷങ്ങൾ മാത്രം.
1995ൽ റിലീസ് ചെയ്ത ഒരു ചലച്ചിത്രം 27 വർഷങ്ങൾക്കുശേഷം പുത്തൻ ശബ്ദ/ദൃശ്യ സാങ്കേതിക മികവിൽ റീമാസ്റ്റർ ചെയ്യപ്പെടുമ്പോൾ ഉയർന്നു വന്നേക്കാവുന്ന, ചിലരെങ്കിലും ചോദിക്കുന്ന ചോദ്യം, ഇങ്ങനെയൊരു പുതിയ എഡിഷൻ ആവശ്യമുണ്ടായിരുന്നോ എന്നുതന്നെയാണ്. സാധാരണ രീതിയിൽ ഈ ചോദ്യം വരുന്നതിൽ തെറ്റില്ല. പക്ഷേ, 27 വർഷങ്ങൾക്കു മുമ്പിറങ്ങിയ, നൂറു ദിവസത്തിനപ്പുറം പ്രദർശിപ്പിച്ച ഒരു ചലച്ചിത്രം വീണ്ടുമിറക്കാൻ ചങ്കൂറ്റം കാണിച്ച സിനിമയുടെ സ്രഷ്ടാക്കളുടെ മനോധൈര്യത്തിനു പിന്നിൽ പ്രവർത്തിച്ച കാരണങ്ങൾ എന്തായിരിക്കണം? ഈ ചലച്ചിത്രം തിയറ്ററിൽ വീണ്ടും കാണാൻ താൽപര്യം പ്രകടിപ്പിച്ചവർ, ഇതിലെ ഉശിരൻ സംഭാഷണങ്ങളും സംഘട്ടന സൗന്ദര്യവും അതുല്യമായ അഭിനയ ഉത്സവങ്ങളുമൊക്കെയായിരിക്കണം ചില കാരണങ്ങൾ. അതിനപ്പുറത്ത് ഈ ചലച്ചിത്രത്തിന് സാക്ഷര കേരളത്തിനോട് എന്തോ സംവേദിക്കുവാനുണ്ട്, അതുതന്നെയാണ് ഈ ചലച്ചിത്രത്തിന്റെ രണ്ടാം വരവിന്റെ രാഷ്ട്രീയം. 1995ലെ ചാക്കോ മാഷിൽനിന്നും പ്രകൃതത്തിൽ വളരെയൊന്നും മാറാത്ത, എന്നാൽ സ്വഭാവത്തിൽ കുറെക്കൂടി സോഫിസ്റ്റിക്കേറ്റഡായ രക്ഷാകർതൃത്വത്തിലേക്കുള്ള ദൂരംതന്നെയല്ലേ, ‘സ്ഫടികം’ രണ്ടാം വരവിൽ കൃത്യമായി അടയാളപ്പെടുത്തുന്നത്? സിനിമ കാണുന്ന സമൂഹം പഴയ സ്ഫടികം പുതിയ സാങ്കേതിക ലോകത്തെന്നതിനെക്കാൾ അതിനെ സമകാലിക സാംസ്കാരിക ലോകത്തുനിന്നാണ് കാണുന്നത്.
ടോക്സിക് പാരന്റിങ്: അന്നും ഇന്നും
കുട്ടികളുടെ പഠനകാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ് സാക്ഷര കേരളത്തിലെ ഒട്ടുമിക്ക രക്ഷിതാക്കളും. 1995ലെ ‘സ്ഫടികം’ ചാക്കോ മാഷും അങ്ങനെതന്നെയാണ്. കുട്ടികൾ തന്റെ മനോഗതിക്ക് അനുസരിച്ച് രൂപപ്പെടുത്തേണ്ട വസ്തുക്കളാണെന്ന ചിന്തയുള്ള അദ്ദേഹം ഒരുതരത്തിലുള്ള ഹിസ്റ്റീരിക് പാരന്റിങ്ങിലേക്ക് മാറിയതായിരിക്കണം. ചാക്കോ മാഷിന്റെ ജീവിതത്തിലും ഇത്തരത്തിലൊരു മനസ്സിനെ രൂപപ്പെടുത്തിയ കുട്ടിക്കാലവും വിദ്യാഭ്യാസ ആശയരൂപവത്കരണ കാലവും ഉണ്ടായിരുന്നിരിക്കാം, അദ്ദേഹത്തെ അത് ശക്തമായി സ്വാധീനിച്ചുമിരിക്കണം. അടിച്ചും ഇമ്പോസിഷനെഴുതിയുമൊക്കെ പഠിച്ചുവളർന്ന ഒരു ഭൂതകാലവും സിനിമയിലെ ചാക്കോ മാഷിനുണ്ടാവണം. അങ്ങനെയൊരു മാനസിക പരുവപ്പെടുത്തലിൽ പട്ടാളച്ചിട്ടക്കാരനും ഒരു പരിധി വരെ ക്രൂരനുമായ ഒരു അധ്യാപകനായി ചാക്കോ മാഷ് മാറിയിരിക്കണം. പ്രത്യേകിച്ചും ഗണിതശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ മാഷ്, ജീവിതത്തെ വലിയ കണക്കുപുസ്തകമാക്കി മാറ്റുകയും വിദ്യാഭ്യാസത്തിന്റെ ഫലങ്ങൾ കൃത്യതയുള്ള കണക്കുകളെ സൃഷ്ടിക്കേണ്ട വ്യവസ്ഥയാണെന്ന ധാരണയിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തു. വിഷയത്തോടുള്ള ഭ്രാന്തമായ അഭിനിവേശത്തിനു മേൽ, ഗുണകരമായ വിജയങ്ങൾക്ക് ഗണിതശാസ്ത്രത്തിന്റെ പ്രസക്തി ലോകത്തിന് നിരന്തരം കാണിച്ചുകൊടുക്കേണ്ടത് തന്റെ അധ്യാപക ധർമമാണെന്ന ധാരണയിൽ ചാക്കോ മാഷിനെ എത്തിക്കുന്നു. ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതശാസ്ത്രത്തിലധിഷ്ഠിതമായതാണെന്ന് ചലച്ചിത്രത്തിൽ അദ്ദേഹം കൂടക്കൂടെ ശക്തമായി പറയുന്നുമുണ്ട്. ശരിയായ ഒറ്റ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ഗണിതയുക്തിയുടെ പിടിവാശിയാണ് ഒരേസമയം അധ്യാപകനും രക്ഷാകർത്താവുമായ ചാക്കോ മാഷിനുള്ളത്. പിതാവിന്റെ നിർബന്ധബുദ്ധിക്കും കഠിന ശാരീരിക ശിക്ഷാമുറകൾക്കും വിധേയപ്പെട്ടുപോകുമ്പോഴും തന്റെ അഭിരുചി ഉപേക്ഷിക്കാൻ തോമസ് ചാക്കോ തയാറാവുന്നില്ല. എന്നാൽ, ഒരു ഘട്ടത്തിൽ തന്റെ സർഗശേഷിക്ക് അധികാരരൂപമായ പിതാവിന്റെ മുന്നിൽ വിലയില്ലെന്ന് കാണുന്നതോടെ അയാൾ ഒളിച്ചോടുകയാണ്.
തുടർന്നുള്ള ചാക്കോ മാഷിന്റെ കഥാപാത്ര പുരോഗതിയിൽ കണക്കിലധിഷ്ഠിതമായ വിദ്യാഭ്യാസം തന്റെ കുട്ടികളെ എൻജിനീയർമാരാക്കുവാൻ സഹായിക്കുമെന്നും വിശ്വസിക്കുന്നു. തന്റെ മകളെ വിവാഹം കഴിക്കാൻ പോകുന്നയാൾ ബ്രിട്ടീഷ് കമ്പനിയിൽ എൻജിനീയറാണെന്ന കാര്യം വലിയ അഭിമാനത്തോടെ മറ്റുള്ളവരുമായി അദ്ദേഹം പങ്കിടുന്നുമുണ്ട്. സംസ്ഥാനത്തിന്റെചീഫ് സെക്രട്ടറി തന്റെ ശിഷ്യനാണെന്നു പറയുക വഴി ഐ.എ.എസ് പരീക്ഷ ജയിച്ച തന്റെ വിദ്യാർഥിയിൽ അഭിമാനംകൊള്ളുകയുംചെയ്യുന്നു. മിടുക്കരായ വിദ്യാർഥികൾ എൻജിനീയറോ ഐ.എ.എസുകാരോ ഡോക്ടറോ ഒക്കെ ആകണമെന്ന കടുത്ത വിശ്വാസത്തിലകപ്പെട്ട ഒരു കാർക്കശ്യക്കാരനായ അധ്യാപകൻ, സ്വാഭാവികമായും അതേ ആശയമുള്ള ഒരു രക്ഷാകർത്താവും കൂടി ആയി മാറുന്നതാണ് ‘സ്ഫടിക’ത്തിൽ കാണുന്നത്. ബി.എസ്സി ഗണിതശാസ്ത്ര പരീക്ഷയിൽ സർവകലാശാലയിൽ ഒന്നാം റാങ്ക് കിട്ടിയ മകളുടെ സ്വർണമെഡൽ അവൾക്ക് വിവാഹാലോചനയുമായി വന്ന ചെറുക്കനെ എടുത്തു കാണിക്കുമ്പോൾ, തന്റെ പട്ടാളച്ചിട്ടയിൽ വളർന്ന മകളിലുള്ള അഭിമാനം ആ മുഖത്തു നിഴലിക്കുന്നുണ്ട്. ഒരു സൈനികമേധാവി കണക്കെ നിൽക്കുന്ന ചാക്കോ മാഷിന് അധ്യയനം മത്സരാത്മകതയുടെയും പോരടിക്കേണ്ട യുദ്ധതന്ത്രങ്ങളുടെയും ഇടമാണ്. കുറയുന്ന ഓരോ മാർക്കും തന്റെ യുദ്ധതന്ത്രങ്ങളുടെ പാളിച്ചയായി അയാൾ കരുതുന്നു. സമഭാവനയോ അപരബഹുമാനമോ അവിടെയില്ല. ബാലു എന്ന മുഴുവൻ മാർക്ക് വാങ്ങുന്ന വിദ്യാർഥിയെപ്പറ്റി മറ്റുള്ളവരോട് പറയുമ്പോൾ അവൻ കേവലം ഒരു പൊലീസുകാരന്റെ മകനാണ് എന്ന് ചാക്കോ മാഷ് പ്രത്യേക ഊന്നൽ നൽകിയാണ് സംസാരിക്കുന്നത്. ഒരു സാധാരണ പൊലീസുകാരന്റെ മകന് ഉയർന്ന മാർക്ക് ലഭിക്കുന്നത് അദ്ദേഹത്തിന് അംഗീകരിക്കാനാവുന്നില്ല, അല്ലെങ്കിൽ അതിലെന്തോ പിശക് കണ്ടെത്തുകയാണ്. അതേസമയം, തന്റെ പട്ടാളച്ചിട്ടയിൽ വളർന്നുവന്ന മകൻ നിഷേധിയായി ഒരു തെമ്മാടിയായപ്പോൾ അയാൾക്കവൻ ചെകുത്താനായി മാറി. ഇങ്ങനെ നിഷേധികളായി ചെകുത്താന്മാരാകുന്ന മക്കളുടെ സാമൂഹികപ്രശ്നമാണ് ‘സ്ഫടികം’ ചലച്ചിത്രപ്രമേയമാക്കിയത്. അതുകൊണ്ടുതന്നെ 2023ലും ഈ ചലച്ചിത്രത്തിന്റെ സാമൂഹിക പ്രസക്തി, ഒരു പടിയെങ്കിലും കടന്നുനിൽക്കുന്നുണ്ട്.
കരിയർ ഫാക്ടറികൾ
കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന പ്രഖ്യാപനം നടത്തിയ തൊണ്ണൂറുകളുടെ ആരംഭത്തിൽതന്നെയാണ് രാജ്യം തീവ്ര കമ്പോള സൗഹൃദത്തിലേക്കും നീങ്ങിയത്. ആഭ്യന്തര ഉൽപാദനശേഷിയുടെ വളർച്ചക്ക് സംരക്ഷണവും പ്രാധാന്യവും നൽകിയ ക്ഷേമരാഷ്ട്ര സങ്കൽപത്തിൽനിന്ന് പിന്നാക്കംപോയി കടുംവെട്ട് ലാഭക്കമ്പോള യുക്തിയിലേക്ക് നീങ്ങിയ ഇതേ തൊണ്ണൂറുകളിൽതന്നെയാണ് ‘സ്ഫടികം’ ആദ്യ പ്രദർശനത്തിന് എത്തുന്നതും. തദ്ദേശീയ ഉൽപാദനശേഷിയുടെ വികസനത്തിന് പ്രാധാന്യം നൽകുന്ന നെഹ്റുവിയൻ സാമൂഹിക-സാമ്പത്തിക നയങ്ങളുടെ കാലത്തുനിന്നും കമ്പോളം നിശ്ചയിക്കുന്ന നൈപുണ്യ നിലവാരം ആർജിക്കാൻ നിർബന്ധിക്കപ്പെടുന്ന കാലംകൂടിയാണിത്. അറിവ്, വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ച് പുതിയ നിലപാടുതറകൾ ഈ സമയത്ത് രൂപപ്പെടുകയും ചെയ്തു. മെരുങ്ങാത്ത വിദ്യാർഥികളെയും തൊഴിലാളികളെയും മെരുക്കുക എന്നതായിരുന്നു ആഗോളതലത്തിൽതന്നെയുള്ള മുഖ്യ അജണ്ടകളിലൊന്ന്. എഴുപതുകളിൽ സർവകലാശാലകൾക്ക് നൽകുന്ന ഗ്രാന്റും ഫീസിളവുകളും വെട്ടിക്കുറച്ച് പണമുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന പടിഞ്ഞാറൻ നാടുകളിൽ ആരംഭിച്ച മെരുക്കലിന്റെ യുക്തി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കയറ്റി അയക്കപ്പെട്ടു. നിലവിലുള്ള വിദ്യാഭ്യാസ മാതൃകകളെ ചോദ്യംചെയ്ത് അറുപതുകൾ മുതൽ ഉയർന്നുവന്ന വിദ്യാർഥി അരാജകക്കൂട്ടങ്ങളെ പരുവപ്പെടുത്തി മെരുക്കുന്ന പുതിയ വിദ്യാഭ്യാസ മാതൃക മൂന്നാം വ്യവസായിക വിപ്ലവത്തിന്റെ തൊഴിൽപടയെ നിർമിക്കാൻ വേണ്ടിയുള്ളതായിരുന്നു. പ്രത്യക്ഷത്തിൽ അയഞ്ഞതെന്ന് തോന്നുമ്പോഴും ഭാവനയും സർഗാത്മകതയുടെ പ്രയോഗവും നല്ല ശീലങ്ങൾ അല്ലെന്നും അനുസരണയാണ് വരുംകാല ജീവിതത്തെ സുരക്ഷിതമാക്കുന്നതെന്നുമുള്ള കമ്പോള ചിന്താസംഭരണികളുടെ പ്രചാരണത്തിന് വലിയ ജനപ്രിയതയും തുടർന്നുള്ള കാലത്ത് ലഭിക്കുകയുണ്ടായി. നൽകുന്ന നിർദേശങ്ങൾ തെറ്റുകൂടാതെ അനുസരിക്കുന്ന യന്ത്രങ്ങളും നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സങ്കേതങ്ങളും ഉള്ള കാലമാണ് നമ്മുടേത്. പ്രോഗ്രാം ചെയ്യുമ്പോൾ നൽകിയ നിർദേശങ്ങൾ അതുപോലെ അനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രം ഏറ്റവും മികച്ചതാവുന്നതുപോലെ നൽകുന്ന നിർദേശങ്ങൾ തെറ്റുകൂടാതെയും മറു ചോദ്യങ്ങൾ കൂടാതെയും അനുസരിക്കുന്ന തൊഴിലാളി ഈ പുതിയ ഉൽപാദന ക്രമത്തിൽ അവശ്യഘടകമാണ്. ഇത്തരത്തിൽ മറുചോദ്യമില്ലാതെ പ്രയോജനപരതയിൽ മാത്രം ശ്രദ്ധവെക്കുന്ന വ്യവസായ ലാഭത്തിനായി ഉൽപാദനം നടത്താൻ തൊഴിലാളികൾക്ക് പരിശീലനം നൽകേണ്ട ഇടങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് ഈ കാലത്ത് വിഭാവനം ചെയ്യപ്പെട്ടു.
വിദ്യാഭ്യാസ നയവും കണക്കുയുക്തിയും
സംഖ്യാഗണിതത്തിന്റെ യുക്തിയിൽ സകലതിനെയും അളക്കുന്ന രീതിയിലേക്ക് ആകപ്പാടെയുള്ള വിദ്യാഭ്യാസ പരിപാടിയുടെ ഫല അന്വേഷണം മാറിയിട്ടുണ്ട്. അറിവിനെ അക്കങ്ങളായി ചുരുക്കുകയും അതുപയോഗിച്ച് വിദ്യാർഥികളെ തരംതിരിക്കാനും തുലനംചെയ്യാനും പാകത്തിൽ ഈ സംഖ്യവത്കരണം ഉപയോഗിക്കുന്നു. ‘സ്ഫടിക’ത്തിന്റെ അതേ തൊണ്ണൂറുകളിൽ ആരംഭിച്ച നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ ഏജൻസി) മുതലായ ഏജൻസികൾ നവ ഉദാരീകരണ ആഗോളമാതൃക പിൻപറ്റി അധ്യാപകർ, സ്ഥാപനങ്ങൾ, സർവകലാശാല തുടങ്ങിയവയെ ചില പൊതു സംഖ്യാമാനകങ്ങളാൽ ഏകീകരിക്കാനാണ് ശ്രമിച്ചത്. പ്രാദേശികവും വൈയക്തികവുമായ വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ട് ചില പൊതുമാനകങ്ങളിലേക്ക് വിദ്യാഭ്യാസത്തെ മുഴുവനും ചുരുക്കുകയാണ് ഇവിടെ ഉണ്ടായത്. വ്യവസായിക ഉൽപന്നമെന്നതിലേക്ക് പരിവർത്തനം ചെയ്യേണ്ട അസംസ്കൃത വസ്തു എന്നനിലക്കാണ് മനുഷ്യരെ പരിഗണിക്കുന്നതുപോലും.
കമ്പോളത്തിന്റെ അടിസ്ഥാന സാമ്പത്തിക പ്രവൃത്തിയായ കൈമാറ്റ വിനിമയത്തിന് സൗകര്യമാകുംവിധം വ്യത്യസ്തങ്ങളായ മൂല്യങ്ങളുള്ള വസ്തുക്കളെയും ശേഷികളെയും ഏകാത്മകമാക്കുകയും ഒറ്റരീതിയിലുള്ള അളക്കൽ വ്യവസ്ഥക്ക് പാകപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ജ്ഞാനപരമായ അക്രമത്തിലൂടെ മാത്രമേ വൈവിധ്യങ്ങളെ പരിഗണിക്കാതെ ഏകതാനമായ ഒറ്റച്ചക്കിൽ കെട്ടിവലിപ്പിക്കാൻ സാധിക്കൂ. വിദ്യാഭ്യാസ പ്രവർത്തനത്തിലെ പങ്കുകാരായ വിദ്യാർഥികൾ, അധ്യാപകർ, സ്ഥാപനങ്ങൾ, രക്ഷാകർത്താക്കൾ എന്നിവരുടെ പ്രാദേശികവും സാമൂഹികവുമായ സാഹചര്യങ്ങളും ബഹുമുഖശേഷികളെയും പരിഗണിക്കാതെ ഉത്തമമെന്ന പൂർവനിശ്ചയത്തോടെ തീർത്തും അന്യമായ മറ്റൊരു മൂല്യവ്യവസ്ഥ അവശ്യമാക്കി അവതരിപ്പിക്കുകയാണ് മിക്കവാറും.
1995ൽനിന്ന് ‘സ്ഫടികം’ 2023ലെ കേരളത്തിലെത്തുമ്പോൾ ചാക്കോ മാഷിന്റെ രീതികളിൽനിന്നും ഒരു മാറ്റവുമില്ലാത്ത വിദ്യാഭ്യാസ മേഖലയെയാണ് നാം കാണുന്നത്. അതേസമയം, കഠിനഹൃദയനും ക്രൂരനുമായ ചാക്കോ മാഷിൽനിന്നും പ്രത്യക്ഷഭാവത്തിലും രൂപത്തിലും വളരെ മാറ്റമുള്ള കരിയർ ഫാക്ടറികളെയാണ് കാണുന്നത്. ഗണിതശാസ്ത്രവും മറ്റു ശാസ്ത്രവിഷയങ്ങളും ചിട്ടയായി പഠിപ്പിച്ച്, നിരന്തര പരീക്ഷകളിലൂടെയും ചില സൂത്രപഠനരീതികളിലൂടെയും വിദ്യാർഥിയെ കോച്ച് ചെയ്ത് എൻജിനീയറും ഡോക്ടറുമാക്കുന്ന കരിയർ ഫാക്ടറികൾ. ചാക്കോ മാഷിൽനിന്നും വ്യത്യസ്തമായി ഓറിയന്റേഷനുകളിലൂടെയും വ്യക്തിഗത കൗൺസലിങ്ങുകളിലൂടെയും ഈ കഠിനപഠനത്തെ ജീവിതവിജയത്തിന്റെ പുതിയ സാംസ്കാരിക മന്ത്രമായി ഇവർ മാറ്റുന്നു. വിജയത്തിന്റെ മാറ്റ് പരിശോധിക്കാനുള്ള ഉരകല്ലായി പിൽക്കാലത്ത് തൊഴിലിൽ നേടുന്ന സാമ്പത്തികവിജയം മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്.
കോച്ചിങ്ങല്ല, ടീച്ചിങ്
കോവിഡ് എന്ന ആരോഗ്യ മഹാമാരിക്കുശേഷം രാജ്യം കടന്നുപോകുന്ന മറ്റൊരു മഹാവ്യാധിയാണ് കോച്ചിങ് കേന്ദ്രങ്ങളുടെ കൂൺപോലുള്ള മുളച്ചുപൊങ്ങൽ. മെഡിക്കൽ-എൻജിനീയറിങ്, സിവിൽ സർവിസ് ലക്ഷ്യങ്ങളോടെ രക്ഷാകർത്താക്കൾ പ്രൈമറി തലം മുതലുള്ള കുട്ടികളെ ആവർത്തന വിരസവും യാന്ത്രികവുമായ ട്യൂഷൻ കേന്ദ്രങ്ങളിലേക്ക് തള്ളിവിടുകയാണ്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരമേഖലയിൽ, പ്രത്യേകിച്ചും മധ്യവർഗത്തിന് ഇടയിൽ ഈ പ്രവണത അനുദിനം ഏറിവരുകയാണ്. 2016ൽ പ്രസിദ്ധീകരിച്ച ദേശീയ സാമ്പിൾ സർവേ പ്രകാരം രാജ്യത്ത് ആകമാനം സുമാർ ഏഴുകോടി പത്തുലക്ഷം കുട്ടികളെങ്കിലും സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങളെ ആശ്രയിക്കുന്നുണ്ട്. ബാല്യത്തിന്റെ ലാവണ്യമെല്ലാം നഷ്ടപ്പെടുന്നതിനോടൊപ്പംതന്നെ വലിയ സമ്മർദത്തിനും കുട്ടികൾ അടിപ്പെടുകയാണിവിടെ. കഴിഞ്ഞ നാളുകളിൽ ഈ മേഖലയിലുണ്ടായ വമ്പൻ പണമൊഴുക്ക് ഒരു സമാന്തര സമ്പദ്വ്യവസ്ഥയെതന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2015ൽ യൂനിയൻ സർക്കാറിന്റെ മാനവശേഷി വികസന മന്ത്രാലയം നിയമിച്ച വിദഗ്ധ സമിതി പഠനപ്രകാരം ഇരുപത്തിനാലായിരം കോടി രൂപയുടെ വലുപ്പമുണ്ട് ഇന്ത്യയിലെ കോച്ചിങ് വ്യവസായത്തിന്. കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈനായി ആരംഭിച്ച കോച്ചിങ് കേന്ദ്രങ്ങളിൽ റെക്കോഡ് വർധനയാണുണ്ടായത്. മൂന്നാം ലോകരാജ്യത്തിന്റെ തൊഴിൽ സാമ്പത്തിക പരിമിതികൾ മനസ്സിലാക്കിയ ഏറ്റവും സാധാരണക്കാർ വരെ തങ്ങളുടെ വരുമാനത്തിന്റെ ഒരു വലിയ പങ്ക് കുട്ടികളെ കോച്ചിങ് കേന്ദ്രങ്ങളിലേക്ക് വിടാൻ മാറ്റിവെക്കാൻ തയാറാവുന്നുണ്ട്. ആഗോള ഗവേഷകരായ ഇൻഫിയത്തിന്റെ കണക്കുപ്രകാരം നിലവിൽ അമ്പത്തെണ്ണായിരം കോടി രൂപയുടെ കോച്ചിങ് വ്യവസായം ഇന്ത്യയിൽ നടക്കുന്നുണ്ട്. അവരുടെ തന്നെ കണക്കുപ്രകാരം 2028ഓടെ ഈ സംഖ്യ ഒരുലക്ഷത്തി നാൽപതിനായിരം കോടിയാവുമത്രേ.
കോവിഡ് കാലത്തിനുശേഷം എൻട്രൻസ് പരീക്ഷകൾ പുനരാരംഭിച്ചതോടെ കോച്ചിങ് കേന്ദ്രങ്ങളും വിദ്യാർഥികളെ വലയെറിയുന്നതിൽ മുന്നിലുണ്ട്. പതിറ്റാണ്ടുകളായി അവരവരുടെ പ്രദേശങ്ങളിൽ വീടുകളിലോ രണ്ടോ മൂന്നോ മുറികളിലോ പരിശീലകർ ഒറ്റക്കും കൂട്ടമായും നടത്തിയിരുന്ന ചെറുകിട സ്ഥാപനങ്ങളിൽനിന്നും വ്യത്യസ്തമായി വൻകിട കോർപറേറ്റ് കമ്പനികളാണ് ഇപ്പോൾ ഈ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്തവരായിരിക്കും ബോധനപ്രക്രിയയിൽ പങ്കെടുക്കുന്നവർ. സ്ക്രീനിൽ കാണുകയും തന്നെ കേൾക്കുകയും ചെയ്യുന്ന വിദ്യാർഥിയുടെ അഭിരുചിയോ ശേഷിയോ ഒരുതരത്തിലും അധ്യാപകനെ ബാധിക്കുന്നില്ല. കോച്ചിങ് കേന്ദ്രത്തിൽ നൽകുന്നത് എന്താണെകിലും അത് മനഃപാഠമാക്കുന്നതിലാണ് വിദ്യാർഥിയുടെ മുഴുവൻ കഴിവും ഇവിടെ വിലയിരുത്തുന്നത്. രക്ഷാകർത്താക്കളുടെ അമിത പ്രതീക്ഷയുടെ ഭാരവും പേറിയാണ് ഭൂരിപക്ഷം വിദ്യാർഥികളും ഇത്തരം പരിശീലനകേന്ദ്രങ്ങളിൽ എത്തുന്നത്. കോച്ചിങ് സെന്ററുകളുടെ കേന്ദ്രങ്ങൾ വിദ്യാർഥികളുടെ ആത്മഹത്യക്കും കുപ്രസിദ്ധമാണ്. രാജസ്ഥാനിലെ കോട്ടപോലുള്ള കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലെ വിദ്യാർഥി ആത്മഹത്യകൾ അന്നാട്ടിലെ സർക്കാറിനെ കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കാനുള്ള നിയമം പാസാക്കാൻ നിർബന്ധിക്കുന്ന തലം വരെയെത്തുകയുണ്ടായി.
2021 സെപ്റ്റംബറിൽ സമർപ്പിച്ച ജസ്റ്റിസ് എ.കെ. രാജൻ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് വൈദ്യപഠനത്തിനുള്ള നീറ്റ് എൻട്രൻസ് പരീക്ഷയുടെ വരവോടെ തമിഴ്നാട്ടിൽ മാത്രം 2016 മുതൽ 2021 വരെ നാലായിരത്തിലേറെ എൻട്രൻസ് കോച്ചിങ് കേന്ദ്രങ്ങൾ തുടങ്ങുകയുണ്ടായി. നീറ്റ് പ്രവേശനപരീക്ഷക്കു മാത്രമുള്ള പരിശീലനകേന്ദ്രങ്ങൾ മാത്രം കണക്കിലെടുത്താൽ ഏകദേശം 5750 കോടി രൂപയുടെ വൻ വ്യവസായമാണിത്. അറിവിന്റെ കാപ്സ്യൂൾ വിഴുങ്ങലുകളായ ഒരു മാസത്തെ ക്രാഷ് കോഴ്സുകൾക്ക് മുപ്പത്തെണ്ണായിരം വരെയും, വർഷം ഒന്നര ലക്ഷം വരെയും ഫീസ് ഈടാക്കുന്ന ഇത്തരം പരിശീലനകേന്ദ്രങ്ങൾ ശരാശരി പതിനാല് കോടി രൂപക്കടുത്ത് വാർഷിക വരുമാനം നേടുന്നുണ്ട് എന്ന് അറിയുമ്പോഴാണ് ഈ എൻട്രൻസ് വ്യവസായത്തിന്റെ വലുപ്പം അറിയുന്നത്. അഭിരുചി ഉണ്ടെങ്കിൽപോലും ഉയർന്ന പരിശീലന ചെലവ് താഴ്ന്ന വരുമാന സാഹചര്യത്തിൽനിന്ന് വരുന്ന വിദ്യാർഥികളെ വൈദ്യപഠന മേഖലയിൽനിന്നുതന്നെ പുറംതള്ളുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
പീഡനമുറകളില്ലാതെ വളരെ ആകർഷകമായ രീതിയിൽ എ.സി ക്ലാസ് റൂമുകളിൽ അധ്യാപകർ പഴയ ചാക്കോ മാഷിന്റെ അതേ അടവുതന്ത്രങ്ങൾ പ്രയോഗിക്കുന്നു. ശാരീരിക ശിക്ഷകൾ കുറക്കുകയും മാനസികമായി തളർത്തുന്ന ശിക്ഷകളുടെ അളവ് കൂടുകയും ചെയ്യുന്ന രീതിയാണത്. സ്കൂൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർ ഉന്നംവെച്ച ലക്ഷ്യം കാണുവാൻ മുറിവേറ്റ ഒരു തലമുറ വിദ്യാർഥികളെയാണ് ഇവിടെ സൃഷ്ടിക്കുന്നത്. അപമാനവീകരിക്കപ്പെട്ട വിദ്യാർഥി കാലത്തിനുശേഷം തൊഴിൽ, അക്കാദമിക മേഖലയിൽ എത്തുന്നവർ ഇതിലും രൂക്ഷമായിട്ടായിരിക്കും തങ്ങളുടെ അടുത്ത തലമുറയോടും സഹപ്രവർത്തകരോടും തങ്ങളുടെതന്നെ മക്കളോടും പെരുമാറുക. വിദ്യാർഥികളെ മാർക്ക് വാങ്ങുന്ന യന്ത്രങ്ങളായി കരുതുന്ന കോച്ചിങ് കേന്ദ്രങ്ങളും പഠനപ്രവർത്തനവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്നു കൂടി ഓർക്കണം. ധാരാളം തോമസ് ചാക്കോമാർ ഈ നോർമലൈസ്ഡ് ചാക്കോ മാഷ് ഇഫക്ടിൽ തങ്ങളുടെ ഇഷ്ടങ്ങളെ ത്യജിച്ച് ഒരു യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികന്റെ മനോഭാവത്തിൽ തന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ ജാഗരൂകരായി മാറുകയും ചെയ്യുന്നു. തോമസ് ചാക്കോക്ക് ‘സ്ഫടിക’ത്തിൽ സംഭവിച്ച വിപ്ലവകരമായ മാറ്റം, സാമൂഹിക സംവിധാനങ്ങളെ വിമർശിക്കുന്ന, അധാർമികതയിൽ ധാർമികത കാണുന്ന, നിഷേധിയുടെ വീരത്വം കൈവരിച്ച് ചാക്കോ മാഷിനെ നേരിടാനുള്ള ധൈര്യം ഇന്നത്തെ തോമസ് ചാക്കോമാരിൽ ഇല്ലാതാവുന്ന അവസ്ഥയും സ്ഫടികം 2023 നമ്മോടു സംവേദിക്കുന്നുണ്ട്. ഇവിടെയാണ് സ്ഫടികം റീമാസ്റ്റേർഡ് പുതിയ സ്ഫടികമായി മാറുന്നത്.
അപമാനവീകരിക്കപ്പെട്ട അധ്യാപകർ
തങ്ങൾ ദിനേന കൈകാര്യംചെയ്യുന്ന പാഠഭാഗങ്ങളും പഠനപ്രവർത്തനങ്ങളും ഏതെന്ന് നിർണയിക്കുന്നതിൽ അതിലെ അനുദിന പങ്കുകാരായ അധ്യാപകർക്കോ വിദ്യാർഥികൾക്കോ ഉള്ള പങ്ക് തുച്ഛമാണ്. നിർമിച്ചും നിർണയിച്ചും നൽകിയ മാതൃകകളെ കേമപ്പെട്ടതെന്ന് കരുതി ഏതാണ്ട് മാറ്റമില്ലാത്ത വിധിയെന്നോണം രണ്ടാമതൊന്ന് ആലോചിക്കാതെ സ്വീകരിക്കാൻ വിധേയപ്പെട്ടിരിക്കുന്നവരാണ് അവരിലേറെയും. അധ്യാപകരിലൂടെ സ്കൂളുകളിൽ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം ചൂഷണത്തെ നീതീകരിക്കുന്നതിലും ചോദ്യംചെയ്യാതെ ഫാക്ടറി ലൈനുകളിൽ പണിയെടുക്കുന്നതരം തൊഴിൽ സംസ്കാരത്തെ നിർമിക്കുന്നതിലും ഗൂഢാലോചനപരമായ പങ്കുവഹിക്കുന്നുണ്ട്. ക്രിയാത്മകതക്ക് വിലങ്ങിടുന്നതും ദേഹശരീരങ്ങളെ മെരുക്കിനിർത്തുന്നതും പരസ്പര പൂരകങ്ങളാണ്. വിദ്യാർഥിയായിരിക്കുന്ന തന്റെ മകനെയും മറ്റു വിദ്യാർഥികളെയും സ്ഥിരമായി ശാരീരികവും മാനസികവുമായി ഉപദ്രവമേൽപിക്കുന്ന അധ്യാപകനായാണ് ചാക്കോ മാഷ് ഒട്ടുമിക്ക സീനിലും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. കസേരയിൽ കീഴിൽ കിടത്തി അടിച്ചും ഉപ്പുകല്ലിൽ മുട്ടുകുത്തി നിർത്തിയും അന്ന് ചാക്കോ മാഷ് നടത്തിയ മെരുക്കൽ പരാക്രമങ്ങൾ മറ്റൊരു വിധത്തിൽ വളരെ വടിയെടുക്കാതെയും മുട്ടുകുത്തി നിർത്താതെയും ഇന്ന് ചെയ്യുന്നുണ്ട്.
ഹൈസ്കൂൾ മുതൽ മേലോട്ടുള്ള സ്കൂൾ വിദ്യാഭ്യാസത്തിൽ മെഡിക്കൽ -എൻജിനീയറിങ് മാത്രമാണ് ബോധനത്തിന്റെ ലക്ഷ്യമെന്ന രീതിയിലുള്ള പാഠ്യസമീപനമാണ് ഒന്നുകിൽ സ്വീകരിക്കുന്നത് അല്ലെങ്കിൽ സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുന്നത്. വിദ്യാർഥിയുടെ അഭിരുചിയേക്കാൾ ചില വിഷയങ്ങളിലുള്ള സവിശേഷ പ്രാഗല്ഭ്യം അധ്യാപകരുടെ ആത്മാഭിമാനത്തിന്റെയും നിലനിൽപിന്റെയും വിദ്യാർഥിയുടെ ബൗദ്ധികശേഷിയുടെയും ഉരകല്ലായി മാറുകയാണ്. വിദ്യാർഥികൾക്ക് പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് തന്റെതന്നെ വിലയിരുത്തലായി കാണാൻ അധ്യാപകർ പ്രേരിപ്പിക്കപ്പെടുകകൂടിയാണിവിടെ. വിദ്യാർഥികൾക്ക് ലഭിക്കുന്ന മാർക്കും പ്ലെയ്സ്മെന്റും അധ്യാപകരുടെ ബോധനനിപുണതയുടെ ലിറ്റ്മസ് ടെസ്റ്റുകളായി വിലയിരുത്തുന്ന വ്യവസ്ഥ ഏതാണ്ട് രൂപപ്പെട്ടിട്ടുണ്ട്. അധ്യാപകന്റെ കഴിവും പ്രാപ്തിയും അളക്കുന്നത് അയാളുടെ വിഷയത്തിൽ വിദ്യാർഥികൾക്ക് എത്ര മാർക്ക് ലഭിച്ചു എന്നതിനെ മാത്രം അടിസ്ഥാനമാക്കിയാവുമ്പോൾ ഗുണത്തിൽനിന്ന് ഗണത്തിലേക്കുള്ള മാറ്റവും, ബോധനപ്രക്രിയയെതന്നെ ഊഷരമാക്കി സംഖ്യാവത്കരിക്കുകയുമാണ്. മകന്റെ മാർക്ക് കുറയുന്നത് അധ്യാപകൻ എന്ന നിലക്കുള്ള തന്റെതന്നെ പരാജയമായി ചാക്കോ മാഷ് അന്ന് കരുതിയെങ്കിൽ ഇന്നത് വ്യവസ്ഥാപരമായിതന്നെ അങ്ങനെ ആക്കുവാൻ ചട്ടപ്പടി ഏജൻസികളുണ്ട്.
തുറന്ന ജയിലുകളിലെ വാർഡൻ എന്നമട്ടിലുള്ള ചുമതല ഏറ്റെടുക്കേണ്ടിവരുന്ന അധ്യാപകർ വാസ്തവത്തിൽ സർഗാത്മകത നഷ്ടമായി അന്യവത്കരിക്കപ്പെടുകയാണ്. താനൊരു മാതൃകാ അധ്യാപകനാണെന്ന് ചാക്കോ മാഷ് കൂടക്കൂടെ അഭിമാനത്തോടെ പറയുന്നത് അത് അദ്ദേഹത്തിന്റെ വിദ്യാർഥികളുടെ സ്നേഹപൂർണമായ ഇടപെടൽ അനുഭവിച്ചല്ല, മറിച്ച് രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ചുവരിൽ തൂക്കിയ ഫോട്ടോയിലേക്ക് വിരൽചൂണ്ടിയാണ്. ഔപചാരികമായിതന്നെ പ്രകടനപരതയും മത്സരസ്വഭാവവും പ്രദർശിപ്പിക്കുന്ന ഇടങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും മാറി. അധ്യാപകന്റെ കഴിവ് മുഴുവനും നല്ല അധ്യാപകൻ എന്ന മുൻനിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നയാൾ എന്ന സംഗ്രഹിത അർഥത്തിലേക്ക് മാറിയിട്ടുണ്ട്. ആരോ വെട്ടിയ വഴിയിൽ വേഗം കൂട്ടി ഓടുവാൻ നിർബന്ധിക്കപ്പെട്ട ഈ അധ്യാപകരെ സംബന്ധിച്ചിടത്തോളം പുതുവഴി വെട്ടുന്നത് പോയിട്ട്, തളരുമ്പോൾ ഒന്ന് നിന്ന് വിശ്രമിക്കാൻപോലും സാധിക്കുന്നുമില്ല.
തൊഴിൽ സാഹചര്യത്തോട് ഇണങ്ങുവാൻ വയ്യാതെ ജോലിതന്നെ ഉപേക്ഷിച്ചുപോയ മറ്റൊരു അധ്യാപകനും ഈ സിനിമയിലുണ്ട്. മകനെ തോൽപിക്കണമെന്ന സഹപ്രവർത്തകനായ അധ്യാപകന്റെ പിടിവാശിക്ക് വഴങ്ങി ഉത്തരക്കടലാസിലെ ശരിയുത്തരത്തെ തെറ്റെന്ന് രേഖപ്പെടുത്തിയതിനെ ചോദ്യംചെയ്ത വിദ്യാർഥിക്ക് മുന്നിൽ പകച്ചുനിൽക്കുന്ന അധ്യാപകൻ പിറ്റേ ദിവസം തന്റെ അധ്യാപകവൃത്തിതന്നെ ഉപേക്ഷിക്കുകയാണ്. ഈ ജോലി ഉപേക്ഷിച്ചാൽ അദ്ദേഹത്തിന് ജീവിക്കാൻ മറ്റു വഴികൾ ഉണ്ടോയെന്ന് സിനിമയിൽ പ്രത്യക്ഷത്തിൽ വ്യക്തമല്ല. എങ്കിലും തന്റെ മകളെ പഠിപ്പിച്ച് താൻ ഒരിക്കൽ ജോലി ഉപേക്ഷിച്ചുപോയ സ്കൂളിൽതന്നെ അധ്യാപികയാക്കി മാറ്റാൻ അയാൾക്ക് സാധിക്കുന്നുണ്ട്. തൊഴിൽസുരക്ഷിതത്വം എന്ന പരിരക്ഷക്ക് വെളിയിലേക്ക് പോകാൻതക്ക ധൈര്യം കാണിച്ച രാവുണ്ണി മാഷിന്റെ തന്റേടം പിൽക്കാല അധ്യാപകർക്ക് കൈനഷ്ടം ആവുന്നുണ്ട്. സ്വകാര്യമേഖലയിലും കോച്ചിങ് കേന്ദ്രങ്ങളിലും ദിവസം ആറു മണിക്കൂർ മേലെ നിന്ന് പഠിപ്പിച്ച്, കാൽവേദനയും തുച്ഛവേതനവുമായി തൊഴിൽ അവകാശങ്ങൾ ഓരോന്നായി നഷ്ടമായ അധ്യാപകരാണ് ഇപ്പോൾ നമുക്കു ചുറ്റിലും.
വീണ്ടും വീണ്ടും തെളിഞ്ഞുവരുന്ന സ്ഫടികം
പുതിയ സിനിമാ സാങ്കേതികവിദ്യയുടെ സഹായത്താൽ ‘സ്ഫടിക’ത്തിന്റെ തിയറ്റർ അനുഭവരസത്തിന് പുതിയ മാനങ്ങൾ നൽകിയിട്ടുണ്ട്. ദൃശ്യ ശബ്ദ സംവിധാനങ്ങളുടെ മികവ് ഈ കാലത്ത് ചലച്ചിത്രങ്ങളുടെ ആസ്വാദനനിലവാരം പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. ഈ അനുഭവരസത്തിനൊക്കെ എത്രയോ മേലെയാണ് ഈ ചിത്രം കാണുന്നതിലൂടെ പ്രേക്ഷകർക്കുണ്ടാകേണ്ട സാമൂഹിക ബോധവത്കരണം. എല്ലാ വർഷവും സ്കൂളുകളിൽ നടത്തുന്ന പി.ടി.എ യോഗങ്ങളിൽ പ്രദർശിക്കപ്പെടേണ്ട ചലച്ചിത്രമാണ് ‘സ്ഫടികം’ എന്നു ഞങ്ങൾ പറയും. റേഡിയോയും മണിയടിക്കുന്ന അത്ഭുത കൈയും കണ്ടുപിടിച്ച തോമസ് ചാക്കോ, നിയമപരിപാലനം നടത്തേണ്ട പൊലീസ് ഉദ്യോഗസ്ഥരെ തന്റെ ഉടുതുണി പറിച്ചടിക്കേണ്ട അവസ്ഥയിലാക്കിയവർ ആരാണ്? തന്റെ ശരീരത്തിന്റെ നഗ്നത പൊതു ഇടത്തിൽ പ്രദർശിപ്പിച്ച്, തന്റെതന്നെ അഭിമാനം കെടുത്തേണ്ട നിലയിലേക്ക് അവനെ തള്ളിവിട്ടത് നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളും രീതികളുംതന്നെയല്ലേ? ബാങ്കിങ് അധ്യാപന രീതികൾ തുടരുന്ന നമ്മുടെ അധ്യാപകരെ നിരന്തരം പഠിപ്പിക്കുന്ന, പരീക്ഷ നടത്തുന്ന യന്ത്രങ്ങളാക്കി മാറ്റിയത് നമ്മുടെ വിദ്യാഭ്യാസ നയങ്ങൾതന്നെയല്ലേ? ബി.എ ചരിത്രമെടുത്ത വിദ്യാർഥിയോട് അതെന്താ മറ്റൊരു വിഷയവും കിട്ടിയില്ലേ എന്ന ചോദ്യം ഇന്നും ചോദിക്കുന്നവർ ഗണിത/ശാസ്ത്ര/സാങ്കേതിക വിദ്യാഭ്യാസം മാത്രമേ സാമൂഹികനന്മക്ക് ഉപകരിക്കൂ എന്ന കോർപറേറ്റ് ബാങ്കിങ് വിദ്യാഭ്യാസ യുക്തിയുടെ ഇരകളല്ലേ? കോച്ചിങ് ക്ലാസുകളിൽ തടവുകാരായി വിധിക്കപ്പെട്ട വിദ്യാർഥികളിൽ ഭൂരിഭാഗവും ഈ മെക്കാനിക്കൽ വിദ്യാഭ്യാസരീതികളുടെ ഇരകളല്ലേ? ഇങ്ങനെ നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ചലച്ചിത്ര ഗുണപാഠമാണ് ‘സ്ഫടികം’.
ഒരു ചലച്ചിത്രത്തിന്റെ ആധികാരികതയെന്നു പറയുന്നത് അത് കൈകാര്യംചെയ്യുന്ന വിഷയത്തിന്റെ സാമൂഹിക പ്രസക്തി വരുംകാലങ്ങളിൽ എത്രമാത്രം നിലനിൽക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കും. ഈ െബഞ്ച്മാർക്ക് വെച്ചു നോക്കുമ്പോൾ ‘സ്ഫടികം’ ഇരുപത്തെട്ട് വർഷങ്ങൾക്കുശേഷവും വളരെയേറെ പ്രസക്തിയുള്ള വിഷയം കൈകാര്യംചെയ്യുന്നു. വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ഇന്നത്തെ പോക്ക് തുടർന്നാൽ വീണ്ടുമൊരു ഇരുപത്തെട്ട് വർഷങ്ങൾക്കുശേഷവും ‘സ്ഫടികം’ കൂടുതൽ തിളക്കത്തോടെ നിലനിൽക്കും. 2050ഓടുകൂടി ഉപയോഗശൂന്യമായ മാനവരാശിയെ മാത്രമായിരിക്കും നമുക്കു കാണാൻ സാധിക്കുകയെന്ന ഹരാരി പ്രവചനം സഫലീകരിച്ചാൽ ‘സ്ഫടിക’ത്തിന്റെ റീമാസ്റ്ററിങ് അനിവാര്യമായി മാറും. ഒരു ചലച്ചിത്രത്തിന്റെ സാമൂഹിക പ്രസക്തി നിരന്തം വർധിച്ചുകൊണ്ടിരിക്കുന്നത് അതു കൈകാര്യംചെയ്ത വിഷയത്തിന്റെ ശക്തിതന്നെയാണ്. പ്രയോജനകരമായ വിദ്യാഭ്യാസം തന്നെയാണ് മികച്ചതെന്നും അതിനു സഹായകരമാകുന്ന ഗണിത-ശാസ്ത്ര വിഷയങ്ങളുടെ മിലിട്ടറൈസ്ഡ് പഠനം മാത്രമാണ് എല്ലാക്കാലത്തും വേണ്ടതെന്ന ധാരണ ‘സ്ഫടിക’ത്തിന്റെ തെളിമ വർധിപ്പിച്ചുകൊണ്ടേയിരിക്കും, പാറുക്കുട്ടിക്ക് നാൾക്കുനാൾ ചെല്ലുംതോറും യൗവനം കൂടുന്നതുപോലെ. ഇന്ന്, വേട്ടയാടപ്പെട്ട മനോഭാവവുമായി യഥാർഥ ജീവലോകത്ത് തോമസ് ചാക്കോമാർ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നു, സിനിമയിലെ സ്ഫടികം തോമസ് ചാക്കോ അരങ്ങുതകർത്ത് തുണി പറിച്ചടിച്ചു തകർക്കുന്നു.
♦