മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ
മാധ്യമപ്രവർത്തകനായ കെ.എ. ഷാജി സംവിധാനം ചെയ്ത മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ അഥവാ ‘സ്റ്റോളൻ ഷോർലൈൻസ്’ എന്ന ഡോക്യുമെന്ററി കാണുന്നു. തിരുവനന്തപുരത്ത് തീരദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടാവസ്ഥയെയാണ് ഹ്രസചിത്രം വെളിപ്പെടുത്തുന്നത്.
തിരുവനന്തപുരത്ത് കടലേറ്റത്തെ തുടർന്ന് വീടുകൾ നശിച്ച് അഭയാർഥികളായി ക്യാമ്പുകളിൽ കഴിയുന്ന നിരവധി കുടുംബങ്ങളുടെ ദുരവസ്ഥയാണ് കെ.എ. ഷാജി സംവിധാനംചെയ്ത 'മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ' അഥവാ 'സ്റ്റോളൻ ഷോർലൈൻസ്' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം. സർക്കാർ ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റിൽനിന്നും വെറും അഞ്ചു കി.മീ. അകലെ വലിയതുറ എന്ന തീരപ്രദേശത്താണ് സർക്കാർ സ്കൂളിലും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലുമായി ഈ കുടുംബങ്ങൾ കഴിയുന്നത്....
Your Subscription Supports Independent Journalism
View Plansതിരുവനന്തപുരത്ത് കടലേറ്റത്തെ തുടർന്ന് വീടുകൾ നശിച്ച് അഭയാർഥികളായി ക്യാമ്പുകളിൽ കഴിയുന്ന നിരവധി കുടുംബങ്ങളുടെ ദുരവസ്ഥയാണ് കെ.എ. ഷാജി സംവിധാനംചെയ്ത 'മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ' അഥവാ 'സ്റ്റോളൻ ഷോർലൈൻസ്' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം. സർക്കാർ ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റിൽനിന്നും വെറും അഞ്ചു കി.മീ. അകലെ വലിയതുറ എന്ന തീരപ്രദേശത്താണ് സർക്കാർ സ്കൂളിലും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലുമായി ഈ കുടുംബങ്ങൾ കഴിയുന്നത്. ഇവരുടെ അവസ്ഥ നിരവധി ദൃശ്യ വാർത്താ മാധ്യമങ്ങൾ ഇതിനകം ചിത്രീകരിച്ച് സംപ്രേഷണം ചെയ്തിട്ടുള്ളതാണ്.
ഷാജിയുടെ ഈ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്നാമത്തേത്, തീരശോഷണം (Coastal erosion) എന്ന പ്രശ്നത്തിന്റെ ഗൗരവവും അതിന്റെ യഥാർഥ കാരണവും തിരിച്ചറിയാൻ പ്രേക്ഷകരെ സഹായിക്കുന്നു എന്നതാണ്. തിരുവനന്തപുരം ജില്ലയിൽ തീരശോഷണം സംഭവിക്കുന്നത് പ്രകൃതിയുടെ വിളയാട്ടമോ കാലാവസ്ഥാ വ്യതിയാനമോ നിമിത്തമല്ല, മറിച്ച് ഇതൊരു മനുഷ്യനിർമിതിയാണെന്ന് ഈ ഹ്രസ്വചിത്രം വെളിവാക്കുന്നു. 1970കളുടെ ആരംഭം മുതൽ വിഴിഞ്ഞത്ത് ഒരു കൃത്രിമ മത്സ്യബന്ധന തുറമുഖം നിർമിച്ചശേഷം അതിന് വടക്കുവശത്ത് തീരശോഷണവും തെക്കുവശത്ത് തീരംവെപ്പും (Coastal deposition) സംഭവിക്കാൻ തുടങ്ങിയെന്നത് ഒരു വസ്തുതയാണ്. ഈ അനുഭവം തിരിച്ചറിഞ്ഞശേഷവും അതിനേക്കാൾ പതിന്മടങ്ങ് വലുപ്പമുള്ള ഒരു കൃത്രിമ വാണിജ്യ തുറമുഖം വിഴിഞ്ഞത്ത് നിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ നമ്മുടെ മിക്ക മാധ്യമങ്ങളും അതിനെ സ്വപ്നപദ്ധതി എന്നു പാടിപ്പുകഴ്ത്തുകയാണ് ചെയ്തത്. അദാനി എന്ന വമ്പൻ കോർപറേറ്റ് വിഴിഞ്ഞത്ത് തുറമുഖ നിർമാണം (കടൽ കുഴിക്കലും റിക്ലമേഷനും പുലിമുട്ടും) തുടങ്ങിയപ്പോൾ മുതൽ അതിന് വടക്കുള്ള തീരങ്ങളിൽ തീരശോഷണവും പതിന്മടങ്ങ് വർധിക്കുകയാണുണ്ടായത്. ഈ ഹ്രസ്വ ചിത്രത്തിൽ കാണിക്കുന്ന അഭയാർഥി കുടുംബങ്ങളധികവും വിഴിഞ്ഞത്ത് അദാനിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ച 2016 മുതൽ പുതുതായി കടലേറ്റത്തിൽ വീടുകൾ നശിച്ച വലിയതുറ മുതൽ കൊച്ചുതോപ്പ് വരെയുള്ള തീരദേശത്തെ നിവാസികളാണ്. അങ്ങനെ മനുഷ്യനിർമിതവും ഒപ്പം കോർപറേറ്റ് അത്യാർത്തിയുടെ ഫലവുമാണ് വിഴിഞ്ഞത്തിന് വടക്കായി കൂടുതൽ തീരങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന തീരശോഷണം എന്ന് മനസ്സിലാക്കാൻ ഈ ഹ്രസ്വചിത്രം പ്രേക്ഷകരെ സഹായിക്കുന്നുണ്ട് എന്നു മാത്രമല്ല, ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങൾ കൂടുതൽ മനസ്സിലാക്കാനുള്ള ആഗ്രഹം ജനിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തിന്റെ വിശ്വപൗരൻ എന്നു കൂടി അറിയപ്പെടുന്ന പാർലമെന്റംഗമായ ഡോ. ശശി തരൂർ പലപ്പോഴും കടലേറ്റത്താൽ കഷ്ടപ്പെടുന്ന ഈ തീരദേശവാസികളുടെ അവസ്ഥ സഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഈ പ്രശ്നത്തെ വെറും പ്രകൃതിദുരന്തം മാത്രമായി ബോധപൂർവം ഒതുക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ഇത്തരമൊരു പൊതുബോധ നിർമിതിയുടെ ഭാഗത്തുനിന്നുകൊണ്ട് അദ്ദേഹത്തെപോലെയുള്ളവർ ഇടപെടൽ നടത്തുമ്പോഴാണ്, യഥാർഥ അവബോധം സൃഷ്ടിക്കുന്ന ജനപക്ഷത്ത് ഷാജിയുടെ ഹ്രസ്വചിത്രം പ്രസക്തമാകുന്നത്. ഇവിടെ കടലാക്രമണമല്ല, മറിച്ച് കടൽത്തീരത്തുള്ള മണൽ ഓരോ വർഷവും നീങ്ങിപ്പോകുകയും തിരിച്ചു വരാതിരിക്കുകയുമാണ് സംഭവിക്കുന്നതെന്ന് ശംഖുംമുഖം ബീച്ചിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഈ കാര്യങ്ങൾ വർഷങ്ങളായി ഈ തീരദേശത്ത് സാമൂഹികപ്രവർത്തനം നടത്തുന്നവരുടെ അനുഭവസാക്ഷ്യങ്ങളായി ഹ്രസ്വ ചിത്രത്തിൽ വിവരിക്കുന്നുണ്ട്.
ഷാജിയുടെ ഹ്രസ്വചിത്രം വളരെ ശ്രദ്ധേയമാകുന്നതിന്റെ രണ്ടാമത്തെ പ്രധാന കാരണം തീരശോഷണത്തിന്റെ ഇരകളായിട്ടുള്ള മനുഷ്യർ ഇത് ഉൾക്കൊള്ളുകയും ഒപ്പം കൂട്ടായ പോരാട്ടങ്ങൾക്ക് മുന്നോട്ടുവരാൻ പ്രേരകമാകുകയും ചെയ്യുന്നു എന്നതാണ്. മലയാളത്തിലേക്ക് മൊഴിമാറ്റിയ ഈ ഹ്രസ്വചിത്രം ആദ്യമായി തിരുവനന്തപുരത്ത് വെട്ടുകാട് എന്ന തീരപ്രദേശത്ത് പ്രദർശിപ്പിച്ചപ്പോൾ അവിടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വീടുകൾ കടലേറ്റത്തിൽ നശിച്ച കുടുംബങ്ങളിലുള്ളവരും കാണാൻ എത്തിയിരുന്നു. ഇവിടെ മാത്രം ഇരുപതോളം വീടുകളാണ് പൂർണമായോ ഭാഗികമായോ നശിച്ചത്. ഈ കുടുംബങ്ങളിലുള്ളവർ ബന്ധുവീടുകളിലോ വാടകവീടുകളിലോ കഴിയുകയാണ്. ഇവിടെ വലിയതുറയിലെന്നപോലെ അഭയാർഥി ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. വരും വർഷങ്ങളിൽ ഇവിടെ തീരശോഷണം വർധിക്കാനാണ് സാധ്യത. പ്രദർശനത്തിനുശേഷം നടന്ന ചർച്ചകളിൽ ആ കുടുംബങ്ങളിലെ നിരവധി സ്ത്രീകൾ പങ്കെടുക്കുകയുണ്ടായി. ഈ ഹ്രസ്വചിത്രത്തിലെ മുഴുവൻ കാര്യങ്ങളും പ്രത്യേകിച്ച് തീരശോഷണം ഒരു മനുഷ്യനിർമിതിയാണെന്നും കോർപറേറ്റ് അത്യാർത്തിയുടെ ഇരകളാണ് തങ്ങളെന്നും അവർ തിരിച്ചറിയുന്നുണ്ട് എന്നാണ് അവരുടെ പ്രതികരണങ്ങളിൽനിന്നും അതിൽ പങ്കെടുത്ത എനിക്ക് മനസ്സിലായത്. ഇവിടെയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സാമൂഹിക പ്രസക്തി.
മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ എന്ന ഹ്രസ്വ ചിത്രം മറ്റു നിരവധി സന്ദേശങ്ങളും നൽകുന്നുണ്ട്. തീരശോഷണം എന്ന പ്രശ്നം സമീപഭാവിയിൽ കൂടുതൽ ഗുരുതരമാകാനും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനും പോകുന്ന ഒരു പ്രശ്നം കൂടിയാണ്. ഇത് വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങളിൽ തുടങ്ങി അവിടെ മാത്രം ഒതുങ്ങാൻ പോകുന്ന പ്രശ്നമല്ല. പ്രകൃതിയിലെ സ്വാഭാവിക മണൽനീക്ക പ്രതിഭാസത്തിന് വിഘാതമുണ്ടാക്കുന്ന വൻകിട പോർട്ട് നിർമാണങ്ങൾ നടക്കുന്ന മിക്ക ഇടങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. തമിഴ്നാട്ടിലെ അദാനിയുടെ കാട്ടുപ്പള്ളി തുറമുഖം, മഹാരാഷ്ട്രയിലെ നിർദിഷ്ട വാധവാൻ തുറമുഖം തുടങ്ങിയ ഇടങ്ങളിലും ഈ പ്രശ്നം തീരദേശവാസികൾ അനുഭവിക്കുന്നുണ്ട്. അവിടെയെല്ലാം അവർ പോരാട്ടത്തിലുമാണ്. വിഴിഞ്ഞത്തെന്നപോലെ അവിടെയും തീരശോഷണത്തിന്റെ യഥാർഥ കാരണം അംഗീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. കോർപറേറ്റുകൾക്ക് അധികാരികളും കൂട്ടുനിൽക്കുന്ന സമീപനമാണ് അവിടെയും കാണുന്നത്. കെ.എ. ഷാജിയുടെ ഈ ഹ്രസ്വചിത്രം ഇങ്ങനെ ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെ പോരാട്ടങ്ങളെ കൂട്ടിയിണക്കാനും ഒപ്പം പൊതുബോധം അവർക്ക് അനുകൂലമായി ഉണ്ടാകുന്നതിനും ഇത്തരം കൂടുതൽ ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്നതിന് ഈ രംഗത്തുള്ളവരെ പ്രേരിപ്പിക്കാനും ഇടയാക്കട്ടെ എന്നാശിക്കുന്നു.