Begin typing your search above and press return to search.
proflie-avatar
Login

ക്വാ​റ​​ൻ​റീ​ൻ കാ​ല​ത്തെ വ്യക്തി അ​വ​സ്​​ഥ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന സണ്ണി -ആ​സ്വാ​ദ​നം

ക്വാ​റ​​ൻ​റീ​ൻ കാ​ല​ത്തെ വ്യക്തി അ​വ​സ്​​ഥ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന സണ്ണി -ആ​സ്വാ​ദ​നം
cancel

ഇതുവരെ നാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള ഏകാന്തവാസങ്ങള്‍ക്ക് ചില പൊതുസ്വഭാവങ്ങളുണ്ടായിരുന്നു. ജയില്‍വാസമാണ് അതില്‍ പ്രധാനം. ചില പ്രമുഖരുടെ ആത്മകഥകളിലൂടെയും മറ്റും ഒളിവുജീവിതത്തിലെ ഏകാന്തവാസങ്ങളെപ്പറ്റിയും നാം വായിച്ചറിഞ്ഞിട്ടുണ്ട്. സിനിമകളിലും അതൊക്കെ ഒട്ടേറെത്തവണ പ്രമേയങ്ങളായിട്ടുണ്ട്. ഏകാന്തജീവിതത്തിലെ ഭ്രമങ്ങളും വിഭ്രമങ്ങളും മലയാളി കണ്ടതിലേറെയും അത്തരം കഥകളിലൂടെയായിരുന്നു.

ആൻറണ്‍ ചെക്കോവിെൻറ, 1889ല്‍ പുറത്തുവന്ന 'ദ ബെറ്റ്' എന്ന ചെറുകഥയും അതിനെ അടിസ്ഥാനമാക്കി ഏതാനും വര്‍ഷം മുമ്പ് കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രം അരങ്ങിലെത്തിച്ച 'ഏകാന്തം' എന്ന നാടകവും ഏകാന്തവാസത്തെ അര്‍ഥസമ്പുഷ്ടമായി വിശകലനംചെയ്യുന്നുണ്ട്. ഒരു പന്തയത്തെ തുടര്‍ന്ന് പുറംലോകവുമായി ബന്ധമില്ലാതെ പതിനഞ്ചു വര്‍ഷം സ്വയം തടവറ ഏറ്റുവാങ്ങുന്ന യുവ അഭിഭാഷകെൻറ കഥയാണത്. ഏകാന്തവാസക്കാലത്തെ വായനയും ചിന്തകളും ആ അഭിഭാഷകനെ ജ്ഞാനിയും പരിത്യാഗിയുമാക്കി മാറ്റിയെന്നാണ് ചെക്കോവ് പറയുന്നത്. ഇന്ന്, ഈ കോവിഡ് കാലത്ത് നമ്മില്‍ പലരും ദീര്‍ഘമല്ലെങ്കിലും പലതരത്തില്‍ ഇത്തരം ഏകാന്തവാസം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഏകാന്തവാസങ്ങളെപ്പറ്റിയുള്ള നമ്മുടെ എല്ലാ ചിന്താഗതികളെയും മാറ്റിമറിക്കുകയാണ് കോവിഡും 'ക്വാറൻറീന്‍' എന്ന സുപരിചിത ഏകാന്തവാസവും. ആ ഏകാന്തവാസങ്ങള്‍ നമ്മില്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടാകണം.


'സണ്ണി'യിലെ നായകെൻറ ഏകാന്തവാസം പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലാണ്. അയാളുടെ ഏകാന്തതയെ മൊബൈല്‍ ഫോണ്‍ അപ്പാടെ നിയന്ത്രിക്കുകയും ചെയ്യുന്നു. സണ്ണിയുടെ ഉള്ളിലെ സംഘര്‍ഷങ്ങളുടെയെല്ലാം കടിഞ്ഞാണ്‍ അയാളെത്തേടിയെത്തുന്ന ഫോണ്‍കോളുകളിലാണ്


ഏതൊരു കാലവും കലാസൃഷ്ടികളിലൂടെ അടയാളപ്പെടുത്തപ്പെടുമ്പോള്‍ ക്വാറൻറീനും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. ആദ്യ ലോക്ഡൗണ്‍ കാലത്ത് ഇതിനുവേണ്ടിയൊരു ശ്രമം സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയിരുന്നു. കോവിഡ്കാലത്തെ ഏകാന്തവാസവും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി അക്കാദമി ഒരു ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരം സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട പത്തു തിരക്കഥകള്‍ ദൃശ്യവത്കരിക്കപ്പെട്ട് പുറത്തുവന്നത് കോവിഡിെൻറ രണ്ടാം തരംഗത്തിലെ ലോക്ഡൗണ്‍ കാലത്താണ്. അപ്പോഴേക്കും ക്വാറൻറീന്‍ രീതികള്‍ അപ്പാടെ മാറി. നേരനുഭവത്തിെൻറയും സമയത്തിെൻറയും പരിമിതികള്‍കൊണ്ടാകാം, ഏകാന്തജീവിതത്തിെൻറ അര്‍ഥവ്യാപ്തികള്‍ അതേപടി ഉള്‍ക്കൊള്ളുന്ന സൃഷ്ടികളൊന്നും അതിലുണ്ടായിരുന്നില്ല.

കോവിഡ് കാല ഏകാന്തവാസത്തെ സമഗ്രമായി പ്രതിപാദിക്കുന്ന രണ്ടു സിനിമകള്‍ മലയാളത്തില്‍ ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. ചെറുകഥാകൃത്തും നോവലിസ്റ്റുമായ അന്‍വര്‍ അബ്ദുള്ള രചനയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷം ചെയ്ത 'മതിലുകള്‍- ലവ് ഇന്‍ ദ ടൈം ഓഫ് കൊറോണ' ആയിരുന്നു ആദ്യത്തേത്. കോവിഡ് മഹാമാരി പിടിമുറുക്കിയ ആദ്യകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 2020 ഏപ്രില്‍ മാസത്തില്‍ വിദേശത്തുനിന്ന് കേരളത്തിലെത്തുന്ന പ്രവാസിയുടെ ഏകാന്തവിഭ്രമങ്ങളാണ് ആ സിനിമ പരിശോധിച്ചത്. 2020 ഏപ്രില്‍ ഒന്‍പതിലേതായിരുന്നു ഈ സിനിമയില്‍ കാണിക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

അതിനുശേഷം കര്‍ശന ലോക്ഡൗണ്‍ ഏതാണ്ട് രണ്ടു മാസത്തിലേറെ കേരളത്തില്‍ തുടര്‍ന്നു. പിന്നീട് പതിയെ ഇളവുകള്‍ അനുവദിച്ചുതുടങ്ങി. ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ട, ഏറക്കുറെ സ്വതന്ത്രമായിക്കൊണ്ടിരുന്ന നവംബറിലാണ് രണ്ടാമത്തെ ക്വാറൻറീന്‍ സിനിമയായ, രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷം ചെയ്ത 'സണ്ണി' നടക്കുന്നത്. ഈ സിനിമയില്‍ കാണിക്കുന്ന ചാനല്‍ വാര്‍ത്തയില്‍ പറയുന്നത് 2021 നവംബര്‍ ഏഴിലെ കോവിഡ് കണക്കുകളാണ്. ലോകമെമ്പാടും ഒന്നാം തരംഗത്തിലെ ലോക്ഡൗണില്‍ ഇളവുകള്‍ വരുകയും വിദേശത്തുനിന്ന് ആളുകള്‍ വ്യാപകമായി മടങ്ങിയെത്തുകയും ചെയ്തിരുന്ന സമയമാണത്.

പതിവുപോലെ നായകകേന്ദ്രീകൃതമായ സിനിമയായതിനാലാകാം 'സണ്ണി'യിലും കാണുന്നത് പുരുഷെൻറ ഏകാന്തതയും പ്രശ്നങ്ങളും മാത്രമാണ്. സണ്ണി ക്വാറൻറീനില്‍ കഴിയുന്ന മുറിയുടെ മുകളില്‍ സമാനമായ രീതിയില്‍ ഏകാന്തവാസം അനുഷ്ഠിക്കുന്ന അതിഥി എന്ന യുവതി തെൻറ ഏകാന്തത നന്നായി എന്‍ജോയ് ചെയ്യുന്നുവെന്നാണ് സിനിമ പറയുന്നത്.

കേരളത്തിനു പുറത്തുനിന്നോ വിദേശത്തുനിന്നോ വന്നവരെക്കൂടാതെ കോവിഡ് രോഗികള്‍, രോഗം സംശയിക്കുന്നവര്‍, പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ അങ്ങനെ പലവിധത്തില്‍ വിശാലവും വ്യത്യസ്തവുമായിരുന്നു കോവിഡ് കാലത്തെ ക്വാറൻറീന്‍ ലോകം. ആശുപത്രിയിലെ മുറികളില്‍, സി.എഫ്.എൽ.ടി.സികളിലെ മുറികളിലും വാര്‍ഡുകളിലും, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍, വീടുകളില്‍, വീടുകളിലെ മുറികളില്‍ എന്നിങ്ങനെ ക്വാറൻറീന്‍ പശ്ചാത്തലങ്ങളും വ്യത്യസ്തമാണ്. ഇപ്പോഴാകട്ടെ രോഗികള്‍ക്കുപോലും ഒരാഴ്ചയേ ക്വാറൻറീനുള്ളൂ. വീട്ടിലാണെങ്കില്‍ ഏകാന്തതയൊന്നും ഒരു പ്രശ്നമേയല്ലതാനും. അതേസമയം ഫ്ലാറ്റിലോ വീടുകളിലോ ഒറ്റക്കു കഴിയുന്ന മുതിര്‍ന്നവര്‍ റിവേഴ്സ് ക്വാറൻറീന്‍ എന്ന പേരില്‍ അനന്തമായ ഏകാന്തതയിലേക്ക് തളച്ചിടപ്പെടുന്നുമുണ്ട്.

രോഗികളുടെ ക്വാറൻറീനും മറ്റുള്ളവരുടെ ക്വാറൻറീനും തമ്മില്‍ അനുഭവത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പല പ്രായത്തിലുള്ളവര്‍ക്കും അത് പലതായിരുന്നു. സ്മാര്‍ട് ഫോണൊന്നും ഉപയോഗിച്ചു ശീലമില്ലാത്ത പ്രായമേറിയവരുടെ രോഗാവസ്ഥയും ഏകാന്തതയും ആയിരുന്നില്ല ചെറുപ്പക്കാരുടേത്. ആശുപത്രി മുറിയില്‍ കഴിയുന്നവരുടേതല്ല വീട്ടിലെ മുറിയില്‍ കഴിയുന്നവരുടേത്. ഇതില്‍ തന്നെ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഏകാന്തതകള്‍ക്കും വ്യത്യാസമുണ്ട്.


'സണ്ണി'യില്‍ ബോധപൂർവമോ അല്ലാതെയോ പല കഥാപാത്രങ്ങളും പുലര്‍ത്തുന്ന ശാരീരിക അകലം ഒരിക്കലും അനാവശ്യമായിരുന്നില്ലെന്ന് സിനിമയുടെ അവസാനം ബോധ്യമാകും. ലക്ഷണങ്ങളില്ലാത്തവരെ എന്തിന് ക്വാറൻറീനില്‍ പാര്‍പ്പിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് 'സണ്ണി' തുറന്നുവെക്കുന്നത്

'സണ്ണി'യിലെ നായകെൻറ ഏകാന്തവാസം പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലാണ്. അയാളുടെ ഏകാന്തതയെ മൊബൈല്‍ ഫോണ്‍ അപ്പാടെ നിയന്ത്രിക്കുകയും ചെയ്യുന്നു. സണ്ണിയുടെ ഉള്ളിലെ സംഘര്‍ഷങ്ങളുടെയെല്ലാം കടിഞ്ഞാണ്‍ അയാളെത്തേടിയെത്തുന്ന ഫോണ്‍കോളുകളിലാണ്. ശബ്ദമായി വന്നുപോകുന്ന 'സണ്ണി'യിലെ കഥാപാത്രങ്ങള്‍ അതിലെ ഏകാന്തതയെ ലഘൂകരിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ പുറംലോകവുമായി നിരന്തരം ബന്ധപ്പെടുന്ന, അതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായ എന്നാല്‍ നേരിട്ടുള്ള സമ്പര്‍ക്കമില്ലായ്മയും മദ്യംപോലുള്ള ചില സാധനങ്ങളുടെ ലഭ്യതക്കുറവും മാത്രം ഏകാന്തത സൃഷ്ടിക്കുന്ന കഥാപാത്രമാണ് സണ്ണി.

പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരുക്കുന്ന ഭക്ഷണസമൃദ്ധിക്കു നടുവിലാണ് നായകെൻറ ഏകാന്തത. കോവിഡ് കാലത്ത് ഏറ്റവും സാധാരണമായി മാറിയത് സാമൂഹിക അടുക്കളകളായിരുന്നു. ക്വാറൻറീനിലേക്ക് ജനം തള്ളിയിടപ്പെട്ടപ്പോള്‍ ഏറ്റവുമധികം പ്രശ്നങ്ങള്‍ നേരിട്ടതും ഭക്ഷണകാര്യങ്ങളിലാണ്. ലോക്ഡൗണ്‍മൂലം ചിലയിടത്ത് പെട്ടുപോയവര്‍ക്ക് നാട്ടുകാരും സന്നദ്ധ സംഘടനകളും ഭരണസംവിധാനങ്ങളും എത്തിച്ചുകൊടുക്കുന്ന ഭക്ഷണം മാത്രമായിരുന്നു ഏതാണ്ട് രണ്ടുമാസക്കാലത്തോളം ആശ്രയം. അത്തരമൊരു അവസ്ഥയില്‍നിന്ന് മോചനം കിട്ടിയശേഷമുള്ള സാമൂഹികാന്തരീക്ഷമാണ് 'സണ്ണി'യിലേതെന്നതിനാല്‍ സാമൂഹിക അടുക്കളകള്‍ പോലുള്ള വിഷയങ്ങള്‍ സിനിമ പരാമര്‍ശിക്കാത്തതിനെ തെറ്റുപറയാനുമാകില്ല.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒക്ടോബറോടെ കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ അനുവദിക്കപ്പെട്ടിരുന്നു. എങ്കിലും വിമാനത്തിലെത്തുന്നവര്‍ക്കുള്ള ക്വാറൻറീന്‍ തുടരുകയും പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ അത്തരത്തിലുള്ളവരെ നിരീക്ഷിക്കുകയും ചെയ്യുന്നതിന് കുറവുവന്നിരുന്നില്ല. സണ്ണിയെ നിരന്തരം വിളിക്കുന്ന പൊലീസുകാരന്‍ ആ സംവിധാനത്തിെൻറ പ്രതിനിധിയായാണ് ശബ്ദസാന്നിധ്യമായെത്തുന്നത്. കോവിഡ് രോഗംമൂലമല്ലാതെ കുടുംബപ്രശ്നങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും മാനസികമായി കടുത്ത പ്രശ്നങ്ങളെ നേരിടുന്ന സണ്ണിക്ക് ഫോണിലൂടെയെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാകുന്നത് കോവിഡ് സജ്ജമാക്കിയ സാമൂഹികസംവിധാനത്തിെൻറ ഭാഗമായിട്ടാണ്.

അപ്പോഴും, മുറിക്കു മുന്നിലെ ഇടനാഴിയില്‍ ഭക്ഷണം കൊണ്ടുവന്ന് െവച്ചശേഷം വേഗത്തില്‍ മടങ്ങിപ്പോകുന്ന ഹോട്ടല്‍ ജീവനക്കാരനെ സിനിമയില്‍ കാണാം. കോവിഡിനോടുള്ള പൊതുസമൂഹത്തിെൻറ ഭയത്തിെൻറ പ്രതിനിധികളിലൊരാളാണ് അയാള്‍. പുറത്ത് കൈമെയ് മറന്ന് ആളുകള്‍ ഇടപഴകുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ അടച്ചിട്ട പ്രവാസിയില്‍നിന്ന് നിശ്ചിത അകലംപാലിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.

സണ്ണിയുടെ ഏകാന്തതയിലേക്ക് ആദ്യം കാല്‍ച്ചിലമ്പിെൻറ താളത്തിലും പിന്നെ ഒഴുകിപ്പറക്കുന്ന ഒരു വസ്ത്രത്തിെൻറ സൗന്ദര്യത്തിലുമാണ് അതിഥി എന്ന നായിക കടന്നുവരുന്നത്. യഥാര്‍ഥത്തില്‍ സിനിമയിലെയും സണ്ണിയെന്ന കഥാപാത്രത്തിെൻറ ജീവിതത്തിലേയും അതിഥിതന്നെയാണ് അത്. ഭാഗിക മുഖദൃശ്യങ്ങളിലൂടെ മാത്രമാണ് സണ്ണിക്ക് മുന്നില്‍ അതിഥി പ്രത്യക്ഷപ്പെടുന്നത്. ഒരണു അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാനാകാത്ത സാമീപ്യത്തിലൂടെയാണ് അവരിരുവരും സംവദിക്കുന്നത്. ശ്രമിച്ചാല്‍പോലും അവര്‍ക്ക് ആ തടസ്സം നീക്കാനാകില്ല. കാണുന്നു, സംസാരിക്കുന്നു, മനസ്സിലാക്കുന്നു എന്നിടത്തുനിന്ന് അതൊക്കെ അപൂര്‍ണമോ ഭാഗികമോ ആകുന്ന സാഹചര്യംകൂടി കോവിഡ് കാല ക്വാറൻറീന്‍ സൃഷ്ടിക്കുന്നതിനെ സിനിമ നല്ലരീതിയില്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. ചിലപ്പോഴെങ്കിലും അവര്‍ക്കൊന്ന് മുഖാമുഖം കാണാനായിരുന്നെങ്കിലെന്ന് പ്രേക്ഷകനെക്കൊണ്ട് തോന്നിപ്പിക്കാനും ഈ ലക്ഷ്മണരേഖകള്‍ക്ക് സാധിക്കുന്നു.

ജീവിതപ്രശ്നങ്ങള്‍ക്കിടയില്‍ മറന്നുെവച്ച നായകനിലെ സംഗീതജ്ഞനെ ഉണര്‍ത്തുന്നത് അതിഥിയുടെ സാന്നിധ്യമാണ്. ഏകാന്തതയെ സര്‍ഗാത്മകമാക്കാന്‍ സാധിക്കുമെന്നതിെൻറ മറ്റൊരുദാഹരണം. ഏകാന്തതയുടെ വിഭ്രമങ്ങളെക്കാള്‍ സണ്ണിയെ അലോസരപ്പെടുത്തുന്നത് ജീവിതപ്രശ്നങ്ങളായിരുന്നുവെന്നതിനാല്‍ സിനിമയിലെ ഈ ഘടകത്തെ വെറുതേ തള്ളിക്കളയാനാകില്ല. ഈ ക്വാറൻറീനും ഏകാന്തതയും അവിടത്തെ സാന്നിധ്യങ്ങളുമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സണ്ണി ആ പ്രാരബ്ധങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും നടുവിലൊടുങ്ങുന്ന ഒരു സാധാരണ പ്രവാസി മാത്രമായി മാറിപ്പോകുമായിരുന്നു. കോവിഡ്കാലം ഒട്ടേറെപ്പേര്‍ക്ക് നഷ്ടപ്പെട്ട ബന്ധങ്ങള്‍ തിരിച്ചുകൊടുത്തിട്ടുണ്ട്. അത് പലതരത്തിലുള്ള പുനര്‍ചിന്തനങ്ങള്‍ക്ക് പലരേയും പ്രേരിപ്പിച്ചിട്ടുമുണ്ടെന്ന യാഥാര്‍ഥ്യത്തോട് ഈ കഥാസന്ദര്‍ഭത്തെ കൂട്ടിവായിക്കണം.

'സണ്ണി'യില്‍ ബോധപൂർവമോ അല്ലാതെയോ പല കഥാപാത്രങ്ങളും പുലര്‍ത്തുന്ന ശാരീരിക അകലം ഒരിക്കലും അനാവശ്യമായിരുന്നില്ലെന്ന് സിനിമയുടെ അവസാനം ബോധ്യമാകും. ലക്ഷണങ്ങളില്ലാത്തവരെ എന്തിന് ക്വാറൻറീനില്‍ പാര്‍പ്പിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് 'സണ്ണി' തുറന്നുവെക്കുന്നത്. ലേഖനത്തിെൻറ തുടക്കത്തില്‍ സൂചിപ്പിച്ച, 2014ല്‍ എബോളയുടെ കാലത്ത് വിദേശരാജ്യത്തൊരിടത്ത് മൊബൈല്‍ ഫോണോ മറ്റു സാമീപ്യങ്ങളോ ഒന്നുമില്ലാതെ ഏകാന്തതയില്‍ കഴിയേണ്ടി വന്ന ഒരു ഡോക്ടര്‍ എബോള വൈറസിെൻറ ഭീതിദമായ കാല്‍പ്പെരുമാറ്റങ്ങള്‍ കേട്ടുകിടന്ന ഏകാന്തവാസക്കാലത്തു നിന്ന് എത്രമാത്രം കോവിഡ് കാലത്തെ ഏകാന്തവാസം മാറിക്കഴിഞ്ഞുവെന്നും 'സണ്ണി' മനസ്സിലാക്കിത്തരുന്നുണ്ട്.

2014ല്‍ ആഫ്രിക്കയിലെ സിയറാ ലിയോണില്‍ എബോള പടര്‍ന്നുപിടിച്ചപ്പോള്‍ അവിടെ സന്നദ്ധദൗത്യവുമായി എത്തിയ അസ്ഥിശസ്ത്രക്രിയാ വിദഗ്ധനും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഇപ്പോഴത്തെ ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. എസ്.എസ്. സന്തോഷ് കുമാര്‍ സേവനശേഷമുള്ള 21 ദിവസത്തെ തെൻറ ക്വാറൻറീന്‍ കാലത്തെപ്പറ്റി ഒരു ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ''പത്തുദിവസംകൊണ്ട് ശസ്ത്രക്രിയകൾ പൂർത്തീകരിച്ചെങ്കിലും അതു കഴിഞ്ഞുള്ള ഇരുപത്തിയൊന്ന് ദിവസത്തെ ക്വാറൻറീന്‍ ആയിരുന്നു ദുർഘടം. ആരും സംസാരിക്കാൻപോലുമില്ലാതെ അടച്ചിട്ട ഒറ്റമുറിയിലെ ഏകാന്ത ദിനങ്ങള്‍. മരണമണി മുഴക്കി എബോള വൈറസ് നടന്നടുക്കുന്ന ശബ്ദം കാതില്‍ വന്നുപതിച്ചുകൊണ്ടിരുന്നു. ഒരിക്കലും മറക്കാനാവില്ല ആ ദിനങ്ങൾ...''

ചുറ്റിനും എബോള വൈറസാണ്. പിടിപെട്ടാല്‍ മരണ സാധ്യത അറുപതു മുതല്‍ എണ്‍പതുശതമാനംവരെയാണ്. സ്വദേശത്തുനിന്ന് കാതങ്ങള്‍ അകലെ മാരകമായ ഒരു വൈറസിനോട് പടവെട്ടി ജോലിയുടെ ഭാഗമായി ഏകാന്തവാസം അനുഭവിക്കേണ്ടി വന്നപ്പോള്‍ ഇന്നത്തേതുപോലെ വാട്സാപ്പോ മറ്റു സൗകര്യങ്ങളോ ഒന്നും ലഭ്യമായിരുന്നില്ല. സൗകര്യങ്ങളുടെ വര്‍ധനകൊണ്ടുതന്നെ അക്കാലത്തെ ക്വാറൻറീനുകളേക്കാള്‍ എത്രയോ ഭേദമായിട്ടുണ്ട് ഇന്ന്. പക്ഷേ, അനുഭവങ്ങള്‍ക്ക് ഓരോ കാലത്തും ഓരോ തരത്തിലുള്ള ആഴവും വ്യാപ്തിയുമാണുള്ളത്. അതില്‍ ചെറിയൊരു ഭാഗത്തുമാത്രമേ 'സണ്ണി' എന്ന സിനിമ സ്പര്‍ശിച്ചുപോകുന്നുള്ളൂവെന്നുമാത്രം.

കോവിഡും ലോക്ഡൗണും തുറന്നിട്ട അനുഭവങ്ങളുടേയും കഥകളുടേയും ലോകം അതിവിശാലമാണ്. രോഗം വന്നവരും ക്വാറൻറീനില്‍ കഴിഞ്ഞവരും സന്നദ്ധപ്രവര്‍ത്തകരും ഡോക്ടര്‍മാരും നഴ്സുമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പലയിടത്തായി പങ്കുെവച്ചിട്ടുണ്ട്. അവയില്‍ പലതും ഓരോരോ സിനിമകളുടെ പ്രമേയപരിസരങ്ങളാണ്. അതില്‍ അതിജീവനവും കീഴടങ്ങലുകളും ക്ഷമയും സഹനവും പൊട്ടിത്തെറികളുമുണ്ട്. അവയൊക്കെ വരുംകാല സിനിമകളില്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ പ്രതിഫലിക്കുമെന്ന് കരുതാം. കോവിഡ്കാല ഏകാന്തവാസത്തെ അര്‍ഥവത്തായി വിശകലനം ചെയ്യുന്ന, അതിനോടു പൂര്‍ണമായും നീതിപുലര്‍ത്തുന്ന ഒരു കലാസൃഷ്ടിയോ സാഹിത്യസൃഷ്ടിയോ പക്ഷേ, ഇനിയും ഉണ്ടാകാനിരിക്കുന്നതേയുള്ളൂ.

Show More expand_more
News Summary - sunny movie review