തകർന്നടിയുന്ന ബോളിവുഡിന് ദക്ഷിണേന്ത്യയിൽനിന്നും പഠിക്കാനേറെയുണ്ട്
ഇന്ത്യയുടെ ജനപ്രിയ സംസ്കാരത്തിൽ സിനിമകൾ വൻതോതിൽ ആധിപത്യം പുലർത്തുന്നുണ്ട്. സിനിമ കാണുന്നതിൽ നിന്ന് ഒരു ശരാശരി ഇന്ത്യൻ സിനിമാപ്രേമിയെ തടയാൻ നിരോധനാഹ്വാനങ്ങൾക്കോ പൊതുജനാരോഗ്യ ആശങ്കകൾക്കോ ഒന്നും സാധിക്കില്ല. എന്നിട്ടും എന്തുകൊണ്ട് ബോളിവുഡ് സിനിമകൾ പരാജയപ്പെടുന്നു?
ഇന്ന് ബോളിവുഡ് അഭിമുഖീകരിക്കുന്നത് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മോശം വർഷത്തെയാണ്. ദുർബല കഥാസന്ദർഭങ്ങളും പുരുഷ കേന്ദ്രീകൃത ആഖ്യാനങ്ങളും 'സൽഗുണസമ്പന്നരായ' താരങ്ങളും ചേർന്ന് ഹിന്ദി ചലച്ചിത്ര വ്യവസായത്തെ അധോഗതിയിലെത്തിച്ചിരിക്കുന്നു. ഹിന്ദി ചലച്ചിത്രങ്ങളുടെ അസ്തിത്വം പോലും പ്രതിസന്ധിയിലാണിപ്പോൾ.
അക്ഷയ് കുമാർ, ആമിർ ഖാൻ, രൺബീർ കപൂർ തുടങ്ങി ഇന്ത്യയിലെ മെഗാസ്റ്റാറുകൾ അണിനിരന്ന ബിഗ് ബജറ്റ് സിനിമകൾ ഒന്നും ബാക്കിവെക്കാതെ മാഞ്ഞുപോയി. കുമാറിന്റെ ബച്ചൻ പാണ്ഡെ, കപൂറിന്റെ ഷംഷേര, ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായി വന്ന ഖാന്റെ ലാൽ സിംഗ് ഛദ്ദ - എന്നിവയെല്ലാം ഗംഭീര പരസ്യവുമായി റിലീസായിട്ടും തീയറ്ററുകളിൽ ചലനമുണ്ടാക്കാതെ കടന്നുപോയി.
ഡാവിഞ്ചി കോഡും മാർവൽ യൂണിവേസും തുന്നിച്ചേർത്ത രൺബീർ കപൂറിന്റെ 'ബ്രഹ്മാസ്ത്ര' ആദ്യദിനം തന്നെ പാളിയത് ഐനോക്‌സ്, പി.വി.ആർ എന്നീ പ്രമുഖ തിയറ്റർ കമ്പനികളുടെ ഓഹരികൾ ഇടിയുന്ന അവസ്ഥയിലേക്ക് എത്തിച്ചു. പിന്നീട് പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാൻ നിർമാതാക്കൾക്കും തിയറ്റർ ഉടമകൾക്കും ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയ്ക്കേണ്ടി വന്നു - ഒടുക്കം നിർമാണച്ചെലവ് തിരിച്ചുപിടിക്കാനായത് ആശ്വാസമായി.
ബോളിവുഡിന് ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?
കോവിഡിന് ശേഷം ആളുകൾ തിയറ്ററിലേക്ക് വരാത്തതൊന്നുമല്ല പ്രശ്നം. ഈ വർഷമിറങ്ങിയ ദക്ഷിണേന്ത്യൻ സിനിമകളുടെ അതിശയകരമായ വിജയം അതിന് അടിവരയിടുന്നു. തെലുങ്കിലിറങ്ങിയ ആർ.ആർ.ആർ, പുഷ്പ: ദി റൈസ് എന്നീ ആക്ഷൻ ചിത്രങ്ങൾ 2022ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകളാണ്. ലോകമെമ്പാടുമായി ഏകദേശം 160 മില്യൺ ഡോളർ നേടിയ ആർ.ആർ.ആർ, എക്കാലത്തെയും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡിട്ടു. കന്നഡ ചിത്രം കെ.ജി.എഫ് 2 ആണ് ഈ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയത്.
ഒരു തമിഴ് ക്ലാസിക് രചനയെ ആധാരമാക്കി മണിരത്‌നത്തിന്റെ സംവിധാനത്തിലിറങ്ങിയ പൊന്നിയിൻ സെൽവൻ 1, തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായും എക്കാലത്തെയും കൂടുതൽ കളക്ഷൻ നേടിയ പതിനാറാമത്തെ ഇന്ത്യൻ ചിത്രമായും മാറി. കന്നഡ ആക്ഷൻ ത്രില്ലറായ കാന്താര കന്നഡ ചരിത്രത്തിലെ എക്കാലത്തെയും വിജയങ്ങളിലൊന്നായി.
ഇന്ത്യൻ സിനിമകൾ ഇപ്പോൾ നേരിടുന്ന ബഹിഷ്‌കരണാഹ്വാനങ്ങൾ (പ്രത്യേകിച്ചും നരേന്ദ്ര മോദിയുടെ വലതുപക്ഷ സർക്കാരിനെ പിന്തുണയ്ക്കുന്നവരിൽ നിന്നുള്ളത്) പ്രേക്ഷകരെ അകറ്റി നിർത്തുന്നുണ്ടോ?- ഇല്ല എന്ന് പറയേണ്ടിവരും. നിലവിലെ ഭരണകൂടത്തെ ശക്തമായി പിന്തുണക്കുന്ന, ബഹിഷ്‌കരണാഹ്വാനങ്ങളൊന്നും നേരിടാത്ത അക്ഷയ് കുമാർ നായകനായുള്ള സിനിമകളും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
ബോളിവുഡിനെ ബാധിച്ചിരിക്കുന്ന ഈ ദൗർഭാഗ്യത്തിന്റെ കാരണം യഥാർഥത്തിൽ ലളിതമാണ്. കാമ്പുള്ള കഥകൾ ഇല്ലെന്നതുതന്നെ.
ഇന്ത്യ എന്നും സിനിമയോട് അടങ്ങാത്ത അഭിനിവേശമുള്ള രാജ്യമാണ്. അതിന്റെ ജനപ്രിയ സംസ്കാരത്തിൽ സിനിമകൾ - വിശേഷിച്ച് ബോളിവുഡ്, വൻതോതിൽ ആധിപത്യം പുലർത്തുന്നുണ്ട്. നല്ല ഒരു സിനിമ കാണുന്നതിൽ നിന്ന് ശരാശരി ഇന്ത്യൻ സിനിമാപ്രേമിയെ തടയാൻ നിരോധനാഹ്വാനങ്ങൾക്കോ പൊതുജനാരോഗ്യ ആശങ്കകൾക്കോ ഒന്നും കഴിയില്ല.
ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കു മുന്‍പ് ബോളിവുഡിന്റെ ഭൂരിഭാഗം നിക്ഷേപവും പോയിരുന്നത് പ്രശസ്തിയും ഗ്യാരണ്ടിയുമുള്ള താരങ്ങളെ വെച്ച് കുറേ ക്ലീഷേ സിനിമകൾ നിർമിക്കുന്നതിലേക്കായിരുന്നു. സിനിമ കാണാൻ തിയേറ്ററുകളിൽ പോകുന്നത് - അതേത് സിനിമയായാലും - ഒരു പതിവായിരുന്നു. പാശ്ചാത്യ നെറ്റ്‌വർക്കുകൾ ആസ്വദിക്കുന്ന തരത്തിലുള്ള വ്യൂവർഷിപ്പ് ബേസ് ഒരിക്കലും ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾക്ക് ഉണ്ടായിരുന്നില്ല. തിയേറ്ററിലെ ബിഗ്‌സ്‌ക്രീനായിരുന്നു എല്ലാം.
എന്നാലിപ്പോൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ വീഡിയോ പ്രൊഡക്ഷന ുകളുടെ വൈവിധ്യം അനന്തമാണ്. എച്.ബി.ഒയുടെ റെക്കോർഡുകൾ ഭേദിച്ച ടിവി സീരീസ് 'ഗെയിം ഓഫ് ത്രോൺസിന്റെ' പ്രീക്വലായി ഈയടുത്തിറങ്ങിയ ഹൗസ് ഓഫ് ദി ഡ്രാഗൺ പോലുള്ള മികച്ച അന്താരാഷ്ട്ര പ്രൊഡക്ഷന ുകൾ ഇന്ത്യൻ പ്രേക്ഷകന് ഒ.ടി.ടിയിലൂടെ അനായാസം കാണാനാകും. അത്തരം സാധ്യതകൾ ഉള്ളപ്പോൾ പ്രേക്ഷകർ പിന്നെ എന്തിന് മുല്യശൂന്യവും ഭാവനാരഹിതവുമായ സിനിമകൾ കാണാനായി മാത്രം തിയേറ്ററുകളിൽ പോകണം?
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ബോളിവുഡ് മുഖ്യധാരയ്ക്ക് വിലപ്പെട്ട പാഠങ്ങൾ നൽകുന്നത് അവിടെയാണ്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലുള്ള വൈവിധ്യവും സമ്പന്നവുമായ ശേഖരം വെറുതെ വായുവിൽ നിന്ന് ഉണ്ടായതൊന്നുമല്ല.
താരമൂല്യം കുറഞ്ഞ അതേസമയം പ്രതിഭയുള്ള അഭിനേതാക്കളുമായി ചേർന്ന് വിപുലമായ ശ്രേണിയിലുള്ള ആഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കാനുള്ള സാധ്യതകൾ ചലച്ചിത്ര പ്രവർത്തകർക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ നൽകുന്നു. പരമ്പരാഗത ബോളിവുഡ് അനുവദിച്ചിരുന്നതിനേക്കാൾ വിശാലമായ അവസരങ്ങളായിരുന്നു അത് തുറന്നുകൊടുത്തത്. വ്യവസായത്തിന്റെ ഈ ജനാധിപത്യവൽക്കരണം ബോളിവുഡിൽ നിലനിന്നിരുന്ന മോശം കഥപറച്ചിലിന് വലിയ തിരിച്ചടിയായി. ആഗോള കാഴ്ചാനുഭവങ്ങളുള്ള പുതിയ പ്രേക്ഷകർ ഇപ്പോൾ ഡിമാൻഡ് ചെയ്യുന്നത് നിലവാരമുള്ള പ്രൊഡക്ഷനാണ്. ഇത് റിലീസ് ചെയ്യുന്നവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിമിതികളെ മറികടക്കാനും സഹായിക്കുന്നു.
ന്യായമായ പ്രതിഫലവും സ്വാതന്ത്ര്യവും ലഭിക്കുന്നതിനാൽ പുതുതായി വളർന്നുവരുന്ന എഴുത്തുകാർ മുതൽ അഭിനേതാക്കൾ വരെയുള്ളവർക്ക് - പ്രത്യേകിച്ചും സ്ത്രീകൾ, ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സമൂഹങ്ങളിൽ നിന്നുള്ളവർക്ക്, മുമ്പ് അനിയന്ത്രിതമായ ഒരു വ്യവസായത്തിൽ നേരിട്ടിരുന്നതുപോലെയുള്ള ദുരിതങ്ങൾ ഇപ്പോൾ അനുഭവിക്കേണ്ടി വരുന്നില്ല. ഉദാഹരണത്തിന്, സിനിമാ ഇൻഡസ്ട്രിയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന എനിക്ക് പോലും ഇന്ന് ബോളിവുഡിലെ തലയെടുപ്പുള്ള വ്യക്തികളെ കാണാനും ചർച്ച ചെയ്യാനും അവരുമായി ചേർന്ന് പ്രവർത്തിക്കാനും അവസരങ്ങളുണ്ട്. അഞ്ച് വർഷം മുൻപ് ഇങ്ങനൊന്ന് സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല. ഒരു സ്ഥിരം ജോലിക്കായി കഷ്ടപ്പെടുമായിരുന്ന എണ്ണമറ്റ ചലച്ചിത്ര പ്രവർത്തകർക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വലിയ അവസരങ്ങൾ തുറന്നു.
വരാനിരിക്കുന മാസങ്ങളിലും വർഷങ്ങളിലും മുഖ്യധാരാ ബോളിവുഡ് തിയറ്റർ റിലീസുകൾക്ക് ദക്ഷിണേന്ത്യൻ സിനിമകളുടെ വിജയം നേടാൻ കഴിയില്ലെന്ന് ഇതിനർഥമില്ല. ബോളിവുഡിന്റെ പഴകിയ ഫോർമുല ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നുമാത്രം.
അനുഭവേദ്യമായി പറയാൻ കഴിയുന്ന ഒരു നല്ല കഥയാണ് പ്രധാനം. ദക്ഷിണേന്ത്യയിൽ നിന്നുള്ള എഴുത്തുകാരും സംവിധായകരും ചൂണ്ടിക്കാണിക്കുന്നത് അക്കാര്യമാണ്. സാധാരണക്കാരന്റെ ജീവിതത്തോട് ചേർന്നുനിന്നുകൊണ്ട് ജനങ്ങളിൽ വേരൂന്നാനുള്ള കഴിവ്. ഇന്ത്യൻ സിനിമ പരമ്പരാഗതമായി അവഗണിച്ചിരുന്ന ചരിത്ര സംഭവങ്ങളെ ആധാരമാക്കി നിർമിച്ച ബൃഹദ് ആഖ്യാനങ്ങളാണ് ആർ.ആർ.ആറും പൊന്നിയിൻ സെൽവനുമെല്ലാം. കർണാടകയുടെ തീരദേശ ഭാഗങ്ങളിൽ ഉള്ള അതീന്ദ്രിയ വിശ്വാസങ്ങളെയാണ് കാന്താര ഉയർത്തിക്കാട്ടുന്നത്. ഈ കഥകളൊക്കെയും ഭൂരിഭാഗം പ്രേക്ഷകർക്കും നവ്യാനുഭവമായിരുന്നു.
ഈ വർഷം പ്രേക്ഷകർ ഇരുക്കൈയ്യും നീട്ടി സ്വീകരിച്ച കഥകളിൽ നിന്ന് ഹിന്ദി സിനിമയ്ക്കും ഉത്തരം കണ്ടെത്താനാകും. വൈവാഹിക സംഘർഷത്തെ കേന്ദ്രീകരിച്ച് എടുത്തിട്ടുള്ള ജുഗ്ജുഗ് ജിയോ, ഒരു സമ്പൂർണ കോമഡി ഹൊററായി വന്ന ഭൂൽ ഭുലയ്യ 2, ഒരു മാഫിയാ നേതാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്രൈം ഡ്രാമയായ ഗംഗുബായി കത്തിയാവാഡി എന്നീ സിനിമകൾ ഇതിൽ പെടും. ഗംഗുബായി തായ്‌ലൻഡിൽ പോലും വലിയ ഹിറ്റായി.
അതിജീവനത്തിനായി ബോളിവുഡ് ഇനിയെങ്കിലും മാറ്റത്തിന്റെ പാത പിന്തുടരണം. പ്രേക്ഷകർ പറയുന്നത് കേൾക്കണം. കഥപറച്ചിലിന്റെ ൈവവിധ്യമായ ശൈലികളെ ഉൾക്കൊള്ളണം.
ആയിരക്കണക്കിന് വർഷങ്ങളിലെ വൈവിധ്യമാർന്ന കഥകൾ പറയാനുള്ള രാജ്യമാണ് ഇന്ത്യ. നല്ല കഥകളോടുള്ള ഒരു ശരാശരി ഇന്ത്യക്കാരന്റെ ഹൃദയാഭിലാഷത്തെ നാം മാനിക്കേണ്ടതുണ്ട് . രസകരവും അനുഭൂതിപരവും ഉദ്വേഗജനകവുമായി കഥ പറയേണ്ടതുണ്ട്. ബോളിവുഡിന് പ്രസക്തമായി തുടരാനും അതിജീവിക്കാനുമുള്ള ഒരേ ഒരു മാർഗമിതാണ്.
കടപ്പാട്: അൽ ജസീറ
സ്വതന്ത്ര വിവർത്തനം: മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ഡെസ്ക്