Begin typing your search above and press return to search.
proflie-avatar
Login

ദി ബാഡ് ജീനിയസ്

ദി ബാഡ് ജീനിയസ്
cancel

പരീക്ഷകളിലെ ചോദ്യങ്ങൾ ആ പെൺകുട്ടിയെ അലോസരപ്പെടുത്തിയില്ല. ചോദ്യക്കടലാസിനു മുന്നിൽ കണ്ണിൽ ഇരുട്ടുകയറി സഹപാഠികളെല്ലാം വിയർത്തുകുളിക്കുമ്പോൾ അവൾക്കതെല്ലാം വെറും കുട്ടിക്കളി മാത്രമായിരുന്നു. കാരണം അവളുടെ പ്രതിഭ ധാരാളിത്തത്തിനു മുന്നിൽ ആ ചോദ്യങ്ങൾ ഒന്നുമല്ലായിരുന്നു. എന്നാൽ, മറ്റു കുട്ടികളിൽനിന്ന് പണം വാങ്ങി അവരെ പരീക്ഷ കടക്കാൻ സഹായിക്കുന്ന ഘട്ടമെത്തിയാലോ. യഥാർഥ സംഭവത്തെ ആസ്പദമാക്കി 2017ൽ പുറത്തിറങ്ങിയ തായ് ചലച്ചിത്രമാണ് 'ദി ബാഡ് ജീനിയസ്'. ഒരു സ്കൂളും കുറച്ചു വിദ്യാർഥികളുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഏഷ്യൻ ബോക്സ് ഓഫിസിൽ തരംഗമായ ഈ സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസക്കുപാത്രമായി. അസാധാരണമായ പ്രതിഭയായ വിദ്യാർഥിനി പരീക്ഷയിൽ മറ്റു വിദ്യാർഥികൾക്കായി തന്റെ ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്നതാണ് സിനിമയുടെ കഥ. ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ഇൗ സിനിമ ഓരോ പ്രേക്ഷകനുമായും സംവദിക്കും. ആദ്യ 15 മിനിറ്റ് കഴിയുമ്പോഴേക്കും പ്രേക്ഷകൻ സിനിമയിൽ എൻഗേജ്ഡ് ആകും. ടെൻഷനും പിരിമുറുക്കവും ആവോളം പ്രേക്ഷകനിൽ കുത്തിവെച്ചുകൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്.

സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ലീൻ എന്ന മിടുക്കി സ്കൂളിൽ പുതുതായി അഡ്മിഷൻ നേടുകയാണ്. അവിടെനിന്ന് പഠനത്തിനും സ്കൂൾ ഫീസിനും മറ്റു ചെലവുകൾക്കുമായി കാശ് കണ്ടെത്താനായി വേറിട്ടൊരു വഴി സ്വീകരിക്കുകയാണ് ലീൻ. ഗ്രേസ് എന്ന കൂട്ടുകാരിക്കു വേണ്ടി ആദ്യം കളത്തിലിറങ്ങുന്ന ലീൻ ക്രമേണ വലിയ പരീക്ഷകളിലേക്കും കൂടുതൽ വിദ്യാർഥികളിലേക്കുമെത്തുന്നു. കോപ്പിയടിക്കാൻ വേണ്ടി ആരും ചിന്തിക്കാത്ത വഴികളിലൂടെയാണ് നായികയുടെ യാത്ര. കൃത്യമായ ആസൂത്രണത്തിലൂടെയും സമയക്രമം ചിട്ടയായി പാലിച്ചും നായികയുടെ സഹായത്തോടെ നിരവധി പേരാണ് ഉയർന്ന മാർക്ക് വാങ്ങുന്നത്. പരീക്ഷ ഹാളിലെ നായികയുടെ പ്രകടനമൊക്കെ ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ കണ്ടിരിക്കാനാവൂ. പ്രേക്ഷകരെ പിരിമുറുക്കത്തിന്റെ പരകോടിയിലെത്തിക്കുന്ന രംഗങ്ങൾ ഏറെയുണ്ട് സിനിമയിൽ. അവസാനമായി യൂനിവേഴ്‌സിറ്റി പ്രവേശനത്തിനായുള്ള അന്തർദേശീയ STIC (SAT) പരീക്ഷയിൽ വിജയം നേടാൻ അവരെ സഹായിക്കണം. അതിന് പ്രതിഫലമായി ദശലക്ഷക്കണക്കിന് പണം ലഭിക്കും. ഈ ദൗത്യം വിജയത്തിലെത്തുമോ?.

സാധാരണ ത്രില്ലറുകളിൽനിന്ന് വളരെ വ്യത്യസ്തമായ അനുഭവം. കോപ്പിയടിയെ ഉദാത്തവത്കരിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ല ഈ സിനിമ. കിടയറ്റ തിരക്കഥയും പുതുമുഖങ്ങളുടെ അഭിനയവുമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. മാത്രമല്ല, പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും മികച്ചു നിൽക്കുന്നു. നല്ലാൽ പൂമ്പിരിയ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നായികയായെത്തുന്നത് ഷുറ്റ്മോൻ ഷുംഗെ ഷാരെൻസ്കിയാണ്.

Show More expand_more
News Summary - The Bad Genius