Begin typing your search above and press return to search.
proflie-avatar
Login

ആണത്ത ശരീരത്തിൽ നിന്നുള്ള കുതറലുകൾ

ആണത്ത ശരീരത്തിൽ  നിന്നുള്ള കുതറലുകൾ
cancel
camera_alt

‘കാതൽ ദ കോർ’ എന്നചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും

ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമ കാണുന്നു. ‘‘മമ്മൂട്ടിയെന്ന താരശരീരം മലയാള സിനിമക്ക് നൽകിയിട്ടുള്ളത് വ്യത്യസ്​തമായ കഥാപാത്രങ്ങളെയാണ്. അവയിലെല്ലാം മൗലികമായ അഭിനയമാണ് മമ്മൂട്ടി കാഴ്ചവെച്ചിട്ടുള്ളത്. ആ അർഥത്തിൽ പുതിയ കാലത്തെ മമ്മൂട്ടിയുടെ സെലക്ടിവ് വേഷങ്ങളെക്കുറിച്ച് മറ്റൊരു വിശദപഠനം ആവശ്യമാണെന്ന്​’’ ലേഖകൻ വാദിക്കുന്നു.

മാറുന്ന സാമൂഹികബന്ധങ്ങളുടെ/കാഴ്ചപ്പാടുകളുടെ മാനിഫെസ്റ്റോ എന്ന് ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമയെ ഒറ്റവാക്കിൽ വിലയിരുത്താനാകും. രണ്ടായിരം വർഷങ്ങൾക്കു മുമ്പു രൂപപ്പെട്ട യാഥാസ്​ഥിതിക നിർമിതിയെ ചോദ്യംചെയ്യുന്നതിനൊപ്പം മാറേണ്ട ഇടതു രാഷ്ട്രീയത്തി​ന്റെ സമകാലികതയിലേക്കും സിനിമ ചേർന്നുനിൽക്കുന്നു.

സ്വവർഗാനുരാഗികളെ മാനസികരോഗികളായും സാമൂഹിക​േദ്രാഹികളായും ചിത്രീകരിക്കുന്ന സമൂഹത്തിൽ ‘കാതൽ’ പ്രധാനമാണ്. ആ വിഷയത്തെ മാർപാപ്പ അംഗീകരിച്ചിട്ടും കേരളത്തിലെ ക്രിസ്​ത്യൻ യാഥാസ്​ഥിതികർ പിന്തുണക്കുന്നില്ല. ഈ സിനിമയോട് കേരളത്തിലെ പൊതുമണ്ഡലം എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് പരിശോധിച്ചാൽ ഇവിടത്തെ രോഗാവസ്ഥ തിരിച്ചറിയാനാകും. മാറ്റത്തെ അംഗീകരിക്കാത്ത ഒട്ടും അയവല്ലാത്ത സൊസൈറ്റി മാത്യൂ ദേവസിയെയും (മമ്മൂട്ടി), തങ്കനെയും (സുധി) എങ്ങനെയാണ് സ്വീകരിക്കുക.

ഗേ എന്ന പക്ഷത്തുനിന്നുകൊണ്ടുമാത്രം ഈ സിനിമയെ വിശകലനംചെയ്യേണ്ടതുമില്ല. ഭാര്യാഭർതൃ ബന്ധം, നായക​ന്റെ സാമൂഹിക ഇടപെടലുകൾ, അച്ഛനും മകളും തമ്മിലെ ബന്ധം, മതധ്രുവീകരണത്തി​ന്റെ അപകടം തുടങ്ങി നിരവധി അടരുകളിലേക്ക് പോകാവുന്ന തരത്തിലാണ് ‘കാതലി’ന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. അതി​ന്റെ പ്രധാന ഉദാഹരണമാണ് ത​ന്റെ പങ്കാളി ഗേ ആണെന്നറിയുമ്പോൾ ഓമന (ജ്യോതിക) അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങൾ.

സമൂഹത്തി​ന്റെ തുറസ്സിലേക്കുള്ള വഴിയായി സിനിമ നിൽക്കുമ്പോഴും കുടുംബം എന്നത് ആൺ-പെൺ വൈകാരികതയുടെ ഇടമാണെന്നും അവിടം ആൺ അധികാര കേന്ദ്രമാണെന്നും ‘കാതലി’ലൂടെ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയെന്ന നായകനെ കേന്ദ്രീകരിച്ചുള്ള സിനിമയുടെ നിൽപ് അതാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ നിരവധി തലങ്ങളിൽനിന്ന് ഈ സിനിമയെ വിശകലനം ചെയ്യാനാകും.

ക്വിയർ വ്യക്തി, സാമൂഹിക അനുഭവങ്ങളെ വൈകാരികത ചോർന്നുപോകാതെ എന്നാൽ വളരെ നിശ്ശബ്ദമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റ് സിനിമകളിൽനിന്നും ‘കാതലി’നെ വ്യത്യസ്​തമാക്കുന്നത്. പുതു സിനിമയിൽ സംഭവിക്കുന്ന പരീക്ഷണങ്ങളെയും നിരീക്ഷണങ്ങളെയും കൃത്യമായി മനസ്സിലാക്കിയാണ് മമ്മൂട്ടി അടുത്ത കാലത്തായി ത​ന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. ‘നൻപകൽ നേരത്തെ മയക്കം’ പോലുള്ള സിനിമകളിൽ ഇത് കാണാനാകും. ആണത്തശരീരത്തിൽനിന്നും കുതറുന്നയാളെയാണ് ഇപ്പോൾ മമ്മൂട്ടിയിൽ കാണാനാകുന്നത്. ഇവിടെ മലയാളി അബോധത്തിൽ സൂക്ഷിക്കുന്ന മമ്മൂട്ടി എന്ന താരത്തി​ന്റെ സാന്നിധ്യമാണ് ‘കാതലി’നെ സംവാദ മണ്ഡലത്തിൽ ​െകാണ്ടുവന്നതി​ന്റെ പ്രധാന കാരണം.

പലതരം ചർച്ചകൾക്കിടയിൽ ഇതൊരു ക്വിയർ വിരുദ്ധ സിനിമയാണെന്ന വിമർശനവും അത്തരം സമൂഹങ്ങളിൽനിന്നുള്ളവർ ഉയർത്തുന്നുണ്ട്. സ്വത്വത്തെ നിർണയിക്കുന്നത് അതത് വ്യക്തികളാണെന്നിരിക്കെ അതിന് പുറത്തുനിന്നുള്ള (നോൺ ക്വിയർ) അടയാളപ്പെടുത്തലുകൾക്ക് പരിമിതികളുണ്ട്. ഈ അർഥത്തിൽ അത്തരം വിമർശനങ്ങളെ സ്വീകരിക്കേണ്ടതുണ്ട്. ഒരാളുടെ സ്വത്വത്തെ നിർണയിക്കുന്നത് ബയോളജിക്കൽ മാത്രമല്ല, സാമൂഹികവുമാണ് എന്ന വിമർശനം അതിൽ പ്രധാനമാണ്.

‘കാതലി’ന്റെ കേന്ദ്രപ്രമേയം സ്വവർഗാനുരാഗത്തിൽ മാത്രം ഊന്നിനിൽക്കുന്നതല്ല. നേരത്തേ സൂചിപ്പിച്ചതുപോലെ പലതരം മാനങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. സ്​നേഹമാണ് ജീവിതത്തി​ന്റെ എല്ലാത്തരം അനുഭവങ്ങളിലും മനുഷ്യനെ ചേർത്തുനിർത്തുന്നത് എന്നത് ‘കാതലി’​ന്റെ മുഖ്യ സന്ദേശമാണ്. ഗേ വ്യക്തിയായ നായകൻ ടിപ്പിക്കൽ കുടുംബജീവിതം ഇഷ്​ടപ്പെടുന്നയാളാണ്. ഭാര്യയോടും മകളോടുമുള്ള സ്​നേഹം അതിതീക്ഷ്ണമായി അയാൾ പങ്കുവെക്കുന്നുമുണ്ട്.

ഡിവോഴ്സി​ന്റെ വിചാരണവേളയിലാണ് ത​ന്റെ സ്വത്വത്തെ തുറന്നുപറയാൻ മാത്യു തയാറാകുന്നത്. മകന്റെ സ്വത്വത്തെപ്പറ്റി മാത്യുവിന്റെ അച്ഛനാണ് കോടതിയിൽ വെളിപ്പെടുത്തുന്നത്/സാക്ഷി പറയുന്നത്. ത​ന്റെ ജൈവാവസ്​ഥയെ തിരിച്ചറിഞ്ഞിട്ടും എന്തിനാണ് സാമ്പ്രദായിക കുടുംബജീവിതത്തിന് തന്നെ േപ്രരിപ്പിച്ചത് എന്നാണ് അവൾ അച്ഛനോട്ചോദിക്കുന്നത്. ഇവിടെ പൊതുസമൂഹം നൽകുന്ന ഉത്തരംതന്നെയാണ് മകന് അച്ഛൻ നൽകുന്നത്.

പുരുഷനെ കല്യാണം കഴിപ്പിക്കുക എന്നാൽ അയാളെ നന്നാക്കിയെടുക്കുക എന്നത്. ലോകത്തെ പുരുഷന്മാരെയെല്ലാം നേർവഴിയിൽ നടത്തേണ്ടത് സ്​ത്രീകളാണ് എന്ന ബോധമാണ് അച്ഛനും ഇവിടെ പിന്തുടരുന്നത്. മാത്യൂസ്​ എല്ലാത്തരം പ്രിവിലേജും അനുഭവിക്കുന്നയാളാണ്. നാട്ടിൽ പഴയ റോമൻ കാത്തലിക് കുടുംബമെന്നനിലയിൽ ആവശ്യത്തിന് സ്വത്തുണ്ട്. സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കെ ജനങ്ങൾക്കായി മികച്ച പ്രവർത്തനം കാഴ്ചവെച്ചയാളുമാണ്. ഇടതു സ്വതന്ത്രനായി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവസരം ലഭിക്കുന്നത് അച്ഛ​ന്റെ കഴിഞ്ഞകാല അടിയന്തരാവസ്ഥാവിരുദ്ധ നിലപാടി​ന്റെ കൂടി ഭാഗമാണ്. അതിനുശേഷം അച്ഛൻ ഇടതുപക്ഷത്തി​ന്റെ ഭാഗമാവുകയുംചെയ്തു. മാറിയ രാഷ്ട്രീയ സമവാക്യങ്ങളും മാത്യൂസിന് അനുകൂലമാകുന്നുണ്ട്.

ഗേ എന്ന സ്വത്വത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയും വ്യക്തി ആക്ഷേപങ്ങളിലൂടെ മാത്യൂസിനെ പരാജയപ്പെടുത്തുകയുമാണ് വലതുപക്ഷക്കാരനായ എതിർസ്ഥാനാർഥി ശ്രമിക്കുന്നത്. രണ്ടുപേരും ഒരേ സമുദായത്തിൽപെട്ടവരാണെങ്കിലും ഇടവകയിൽ മുൻതൂക്കം ഇയാൾക്കാണ്. പള്ളിയുടെ പ്രദക്ഷിണം ഉൾപ്പെടെ പരിപാടികളിൽ മുഖ്യസ്​ഥാനത്ത് ഇയാളാണുള്ളത്. ഇവിടെ മതം ഒരു അധികാരകേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.

റോമൻ കാത്തലിക്കായ മാത്യൂസ് പള്ളിയിൽ കൃത്യമായി പോകുന്നയാളാണ്. മതത്തി​ന്റെ എല്ലാ ആചാരങ്ങളും അതേപോലെ പിന്തുടരുന്ന വ്യക്തിയുമാണ്. കേരളത്തിലെ രാഷ്ട്രീയം എത്രമാത്രം മതവത്കരിക്കപ്പെട്ടുവെന്നും അധികാരത്തിലെത്തുന്നതിന് സീറ്റ് ഉറപ്പിക്കൽ മാത്രമായി അത് ചുരുങ്ങിയിരിക്കുന്നുവെന്നുമാണ് ഇരു സ്ഥാനാർഥികളുടെയും അണികളുടെ പ്രവർത്തനം തെളിയിക്കുന്നത്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം സംഘടിത മതശക്തികൾക്ക് കീഴ്പ്പെടുന്നു എന്ന വിമർശനത്തെയാണ് സിനിമ പ്രശ്നവത്കരിക്കുന്ന മറ്റൊരു ഘടകം.

ഗേ ആയ ഒരു സ്ഥാനാർഥിയെയാണ് തങ്ങൾ രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന ബോധ്യത്തെ മറച്ചുവെക്കുകയാണ് ഇടതുപക്ഷം. അതായത് യാഥാസ്ഥിതികമായ സമൂഹത്തെ മാറ്റത്തിലേക്ക് നയിക്കാനുതകുന്ന തരത്തിൽ ഇടതുപക്ഷത്തെ വികസിപ്പിക്കുന്നതിനു പകരം വിജയം എന്നതിലേക്കു മാത്രമാണ് ഊന്നുന്നത്. ദേശകാല അവസ്ഥകൾക്കനുസരിച്ച് മാറേണ്ട ഇടതുപക്ഷത്തെ യാഥാസ്ഥിതികർക്ക് വിട്ടുകൊടുക്കുകയാണ് ഇവിടെ. സാമ്പ്രദായിക ഇടതുപക്ഷത്തെ വിമർശനപരമായി കാണാനുള്ള ശ്രമമാണ് സംവിധായകൻ ഇതിലൂടെ നടത്തുന്നത്.

കുടുംബത്തിനകത്ത് സ്​ത്രീ അനുഭവിക്കുന്ന ദുരിതങ്ങളും അസ്വാതന്ത്ര്യവും ഓമനയിലൂടെ വെളിപ്പെടുകയാണ്. ത​ന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം സ്​ത്രീകൾക്ക് ലഭിക്കാതിരിക്കുകയും പുരുഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തേ തിരിച്ചറിയപ്പെടാത്തതി​ന്റെ ദുരന്തവുമാണ് ഓമനയെ വേട്ടയാടുന്നത്. ത​ന്റെ പങ്കാളി ഗേയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ അവർ ശാരീരികവും മാനസികവുമായ വൈകാരിക അനുഭൂതികളെ അടക്കിവെച്ച് ജീവിക്കുകയാണ്.

ഡിവോഴ്സിനു കോടതിയിലെത്തി എതിർഭാഗം വക്കീലി​ന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് ഓമന സ്വകാര്യതകൾ വെളിപ്പെടുത്തുന്നത്. സ്​ത്രീ ആഗ്രഹിക്കുന്നതൊന്നും ഇരുപത് വർഷമായി ത​ന്റെ പങ്കാളിയിൽനിന്നും ലഭിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. ഗേ ആയ മാത്യൂസിനെപ്പോലെ സ്​ത്രീയായ തനിക്കും കർതൃത്വമുണ്ടെന്ന രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നതാണ് കോടതിയിൽ ഓമന നൽകുന്ന മറുപടികൾ. സ്​ത്രീ അവരുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുന്ന പുതുകാലത്തി​ന്റെ പ്രതിനിധിയാണ് ഓമന.

അഡ്വ. അമീര (മുത്തുമണി)യുടെ വിസ്​താരം അടുത്തകാലത്തുണ്ടായ സുപ്രീംകോടതി വിധികളെ മുൻനിർത്തിയുള്ളതാണ്. ഓമനയുടെ വക്കീലായാണ് അമീര എത്തുന്നത്. പല മലയാള സിനിമകളിലും കോടതിരംഗങ്ങൾ ഫലിത പശ്ചാത്തലത്തിലോ അതിവൈകാരികതയി​േലാ അതിഭാവുകത്വപരമായോ ആയിരിക്കും അവതരിപ്പിക്കുക. ഇവിടെ പക്വതയോടെ കോടതിരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. വാദങ്ങൾപോലും ക്ലാരിറ്റിയോടെ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. തിരക്കഥയുടെ മികവായി ഇതിനെ കാണാവുന്നതാണ്.

ജിയോ ബേബി

കുടുംബത്തിലെ പുരുഷൻ അവ​ന്റെ മാത്രം പ്രശ്നങ്ങളെ പർവതീകരിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനപ്പുറം സ്​ത്രീകൾക്കും നിരവധി കാര്യങ്ങളെ നേരിടേണ്ടിവരുന്നുണ്ട് എന്ന മറുപടി സിനിമ നൽകുന്നുണ്ട്. മാത്യൂസും ഓമനയും തമ്മിലെ സംസാരത്തിൽ ഇത്തരം വിഷയങ്ങൾ കടന്നുവരുന്നു. ജോലിക്ക് പോകുമ്പോഴും കുടുംബത്തിൽ പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന സ്​ത്രീകൾക്ക് എന്ത് പ്രശ്നമാണുള്ളത് എന്ന പൊതുസമൂഹ ചോദ്യത്തിന് മറുപടി നൽകാൻ ഓമനക്ക് കഴിയുന്നു. എല്ലാക്കാലവും പുരുഷ​ന്റെ അടിമയായി കഴിയേണ്ടവളല്ല സ്​ത്രീ എന്ന ബോധ്യവും സിനിമ മുന്നോട്ടുവെക്കുന്നു. എല്ലാവർക്കും അവരവരുടേതായ ശരികളുണ്ടെന്നാണ് ഓമനയുടെ പക്ഷം.

മാത്യൂസ്​ പദവികൾകൊണ്ടും കുടുംബസ്വത്തിനാലും ‘ഉയർന്നു’ നിൽക്കുന്നയാളാണ്. തങ്കൻ ൈഡ്രവിങ് സ്​കൂൾ നടത്തി ജീവിക്കുന്നു. ഇരുവരും ഗേ ആയിരിക്കുമ്പോഴും വർഗപരമായ ആക്ഷേപങ്ങൾ തങ്കന് പല സന്ദർഭങ്ങളിലും കേൾക്കേണ്ടിവരുന്നുണ്ട്. മാത്യൂസിന്റെയും തങ്ക​ന്റെയും വിഷയം അറിയുമ്പോൾ മേസ്​തിരിയായ സുഹൃത്ത് പറയുന്നത്, നിനക്കാണ് പോകാനുള്ളത്. ഇതൊക്കെ നാട്ടിലെല്ലാവരുമറിഞ്ഞാൽ സ്​ഥാപനത്തിലേക്കുപോലും ആരും വരില്ല. നേരെമറിച്ച് മാത്യൂസിനൊന്നും പോകാനില്ല. അയാൾ വലിയ സ്വത്തിന് ഉടമയാണ്. അതുകൊണ്ട് രക്ഷപ്പെടാനാകും.

ഇത് ഗൗരവതരമായ വിഷയമാണ്. തങ്കൻ സ്വന്തം ജീവിതത്തിൽ ഒന്നും നേടാതെ ബന്ധുക്കാരെ അകമഴിഞ്ഞു സഹായിക്കുന്നയാളാണ്. അയാൾ ഏറെ ഇഷ്​ടപ്പെടുന്നത് മാത്യൂസിനെയാണ്. സാമ്പ്രദായിക വിവാഹത്തിനുപോലും തയാറാകാതെ തങ്കൻ ത​ന്റെ ഇണയോടുള്ള പ്രണയം മാത്രം മനസ്സിൽ സൂക്ഷിച്ചാണ് ജീവിക്കുന്നത്. ഗേ ആയിരിക്കുമ്പോഴും വർഗപരമായ വിവേചനം നേരിടുന്ന തങ്കന് അതി​ന്റെ അപകർഷതയുമുണ്ട്. പല സന്ദർഭങ്ങളിലും അത് പുറത്തുവരുന്നുണ്ട്. മാത്യൂസ് വോട്ട് ചെയ്തശേഷം തിരിച്ചുവരുമ്പോൾ തങ്ക​ന്റെ മുഖഭാവത്തിൽനിന്നും അത് മനസ്സിലാക്കാനാകും.

‘കാതലി’ന്റെ അവസാനരംഗത്ത് കാറി​ന്റെ മിററിലൂടെ മാത്യൂസിനെ നോക്കിക്കൊണ്ട് വണ്ടി ഓടിച്ചുപോകുന്ന തങ്കനെ കാണാം. കാറ് അകലേക്കു നീങ്ങുമ്പോൾ മാത്യൂസിന് ചരിത്രവിജയം എന്ന് രേഖപ്പെടുത്തിയ ഉയരത്തിലുള്ള ഫ്ലക്സ്​ ബോർഡ് തെളിയുന്നതോടെ സിനിമ അവസാനിക്കുന്നു. കാറി​ന്റെ പതുക്കെയുള്ള ചലനംപോലെ ക്വിയർ സമൂഹത്തി​ന്റെ നാളത്തെ രാഷ്ട്രീയപ്രവേശനവും ‘കാതലി’ൽ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. മാത്യൂസി​ന്റെ വിജയാഹ്ലാദ ജാഥയിൽ ഗേ വ്യക്തികളും പങ്കെടുക്കുന്നു എന്നതാണ് ഈ മാറ്റത്തി​ന്റെ സൂചകങ്ങളാകുന്നത്.

മമ്മൂട്ടിയെന്ന താരശരീരം മലയാള സിനിമക്കു നൽകിയിട്ടുള്ളത് വ്യത്യസ്​തമായ കഥാപാത്രങ്ങളെയാണ്. ‘തനിയാവർത്തനം’, ‘മൃഗയ’, ‘സൂര്യമാനസം’, ‘ഒരു വടക്കൻ വീരഗാഥ’, ‘പൊന്തൻമാട’, ‘ഡാനി’, ‘വിധേയൻ’, ‘മതിലുകൾ’, ‘കറുത്ത പക്ഷികൾ’, ഭൂതക്കണ്ണാടി’, ‘പുഴു’, ‘നൻപകൽ നേരത്ത് മയക്കം’ (ലിസ്റ്റ് അപൂർണം) എന്നിവയിലെല്ലാം മൗലികമായ അഭിനയമാണ് മമ്മൂട്ടി കാഴ്ചവെച്ചിട്ടുള്ളത്. ആ അർഥത്തിൽ പുതിയകാലത്തെ മമ്മൂട്ടിയുടെ സെലക്ടിവ് വേഷങ്ങളെക്കുറിച്ച് മറ്റൊരു വിശദപഠനം ആവശ്യമാണ്.

Show More expand_more
News Summary - weekly culture film and theatre