സിനിമ തീരുമ്പോൾ ഒരു വാനമ്പാടി പറക്കുന്നു
എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് എഴുതി സംവിധാനം ചെയ്ത ‘നളിനകാന്തി’ എന്ന ചലച്ചിത്രം കഥാകൃത്ത് ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി വെള്ളിത്തിരയിലേക്ക് പകർത്തുന്നു. കഥാകൃത്ത് കൂടിയായ ലേഖകൻ ആ ചലച്ചിത്രം കണ്ടതിന്റെ അനുഭവം എഴുതുന്നു.കഴിഞ്ഞ ഏഴര പതിറ്റാണ്ട് കാലമായി മലയാള ചെറുകഥയെ ഒരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന ഒരാൾ. ചെറുകഥ എന്ന സാഹിത്യരൂപത്തെ ഏറെ ഇഷ്ടത്തോടെ ഉപാസിക്കുക മാത്രമല്ല...
Your Subscription Supports Independent Journalism
View Plansഎഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് എഴുതി സംവിധാനം ചെയ്ത ‘നളിനകാന്തി’ എന്ന ചലച്ചിത്രം കഥാകൃത്ത് ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി വെള്ളിത്തിരയിലേക്ക് പകർത്തുന്നു. കഥാകൃത്ത് കൂടിയായ ലേഖകൻ ആ ചലച്ചിത്രം കണ്ടതിന്റെ അനുഭവം എഴുതുന്നു.
കഴിഞ്ഞ ഏഴര പതിറ്റാണ്ട് കാലമായി മലയാള ചെറുകഥയെ ഒരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന ഒരാൾ. ചെറുകഥ എന്ന സാഹിത്യരൂപത്തെ ഏറെ ഇഷ്ടത്തോടെ ഉപാസിക്കുക മാത്രമല്ല അതിന് അർഹമായ കസേരകളും വേദികളും കിട്ടുന്നതിന് ഉഗ്രമായി ആഗ്രഹിക്കുകയും അതിനായി നിരന്തരം പോരാട്ടം നടത്തുകയും ചെയ്യുന്നു ഈ എഴുത്തുകാരൻ. നവതി പിന്നിട്ട ടി. പത്മനാഭൻ എന്ന മലയാള ചെറുകഥയിലെ ആ ഒറ്റയാൾമരത്തിന് ഭാഷയിലെ മറ്റൊരു എഴുത്തുകാരന് കൊടുക്കാവുന്ന ഏറ്റവും പരമോന്നതമായ ബഹുമതി എന്താണ്? അതിനുത്തരമാണ് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് എഴുതി സംവിധാനം ചെയ്ത ‘നളിനകാന്തി’ എന്ന ചലച്ചിത്രം. ടി. പത്മനാഭൻ കഥകളുടെ കാവ്യഭംഗിയോടെ വെള്ളിത്തിരയിൽ ആ രചനകളുടെ പിന്നാമ്പുറ ജീവിതവും അവതരിപ്പിക്കുന്നു എന്നതാണ് ഈ ചലച്ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.കുറച്ചു ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തുന്ന കാർത്തികിലൂടെയാണ് സിനിമ തുടങ്ങുന്നത്. കൂട്ടുകാരിയായ നജ്മയാണ് അവന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്.
എന്നാൽ, വീട്ടിലെത്തി മുറിക്കകത്ത് അടച്ചിരിക്കുന്ന കാർത്തിക് താമസിയാതെ പ്രഖ്യാപിക്കുന്നു: അവധിയെടുത്തുള്ള തന്റെ ഈ വരവിന്റെ ഒരേ ഒരു ലക്ഷ്യം ഇതാണ് –ടി. പത്മനാഭൻ എന്ന എഴുത്തുകാരന്റെ എല്ലാ ചെറുകഥകളും വായിക്കുക! ഏറെ സന്തോഷത്തോടെയാണ് നജ്മ ഈ വെളിപ്പെടുത്തൽ കേൾക്കുന്നത്. കാർത്തിക് ആകെ വായിച്ചിട്ടുള്ളത് ടി. പത്മനാഭന്റെ കഥകളുടെ ഇംഗ്ലീഷ് വിവർത്തനമാണ്. ആ എഴുത്തുകാരന്റെ എല്ലാ മലയാള രചനകളും ടി. പത്നനാഭേന്റതായി വിവിധ പത്ര- മാഗസിനുകളിൽ വന്ന കവർസ്റ്റോറികളും അഭിമുഖങ്ങളും ഈ ചെറുപ്പക്കാരനുവേണ്ടി അവൾ സമാഹരിക്കുന്നു.
ഈ കഥ കൊച്ചിയിൽ നടക്കുമ്പോൾതന്നെ ഇതിനു സമാന്തരമായി വടക്കേ മലബാറിലെ കണ്ണൂരിൽ, പള്ളിക്കുന്നിൽ ടി. പത്മനാഭൻ എന്ന കഥാകൃത്തിന്റെ ദിനസരികൾ നടക്കുന്നുണ്ട്. ഒരർഥത്തിൽ ടി. പത്മനാഭൻ എന്ന എഴുത്തുകാരനെ, അദ്ദേഹത്തിന്റെ ഒരു ദിവസത്തെ/ പല ദിനചര്യകളെ വെള്ളിത്തിരയിൽ കഥക്കൊപ്പം നെയ്തു ചേർക്കുകയാണ് സുസ്മേഷ്. ഒരു മകനെപ്പോലെ കൂടെ നടക്കുന്ന സന്തതസഹചാരി രാമചന്ദ്രൻ, ഹോം നഴ്സായ പത്മാവതി എന്നിവരാണ് ടി. പത്മനാഭ ജീവിതകഥക്ക് സ്വാനുഭവങ്ങളിലൂടെ ജീവൻ കൊടുക്കുന്നത്.
ആദ്യകാലം മുതലുള്ള ഓർമകളെ എഴുത്തുശീലവുമായും തന്റെ ചെറുകഥകളുമായും ചേർത്തുവെക്കുകയാണ് കഥയുടെ കുലപതി. താൻ പൊരുതി നേടിയതാണ് ഇതെല്ലാമെന്ന് അദ്ദേഹം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നുമുണ്ടല്ലോ. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’, ‘കടൽ’, ‘മഖൻസിങ്ങിന്റെ മരണം’, ‘പൂച്ചക്കുട്ടികളുടെ വീട്’, ‘നിധി ചാല സുഖമാ’, ‘നളിനകാന്തി’... തുടങ്ങിയ ഏറെ ചർച്ചചെയ്യപ്പെട്ട പത്മനാഭൻ കഥകളുടെ ഹ്രസ്വകഥാവിഷ്കാരങ്ങളും ഇടയിൽ വരുന്നുണ്ട്.
‘നിധി ചാല സുഖമാ’ എന്ന കഥയിലെ രാമനാഥൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എൻ. സ്വാമിയാണ്. ‘നളിനകാന്തി’യിലെ കഥാനായകൻ പത്മനാഭന് സുമേഷ് സി.എന്നും. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരും ചിത്രകാരികളുമായ സചീന്ദ്രൻ കാറഡുക്ക, കന്നി എം, ശ്രീജ പള്ളം, സുധീഷ് വേലായുധൻ എന്നിവരുടെ പെയിന്റിങ്ങുകളും രേഖാചിത്രങ്ങളും സിനിമയുടെ കഥാഗതിയുടെ നിർണായക ഭാഗമായി പ്രവർത്തിക്കുന്നു.
‘‘ഇന്നു ജീവിച്ചിരിക്കുന്ന മലയാളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിലൊരാൾ. ഈ മനുഷ്യൻ തൊണ്ണൂറ്റിമൂന്നാം വയസ്സിലും വർഷത്തിൽ അഞ്ചോ ആറോ കഥകൾ എഴുതിക്കൊണ്ടിരിക്കുന്നു, എഴുത്തിൽ സജീവമായി നിൽക്കുന്നു. പക്ഷേ, ആ മനുഷ്യനെപ്പറ്റി പി.ആർ.ഡിയിൽനിന്നുപോലും ഇതുവരെയും ഒരു ഡോക്യുമെന്ററിപോലും ഉണ്ടായിട്ടില്ലെന്നത് അത്ഭുതമാണ്!’’, ‘നളിനകാന്തി’യിലേക്കെത്തിയ വഴി സുസ്മേഷ് ചന്ത്രോത്ത് പറയുന്നു. ജീവിതത്തിലും ദിനചര്യയിലും അദ്ദേഹം പുലർത്തുന്ന അച്ചടക്കമാണ് ടി. പത്മനാഭനെ എഴുത്തിലും ഉത്സാഹിയായി നിർത്തുന്നതെന്നും ഇതുകൂടി രേഖപ്പെടുത്താനാണ് തന്റെ സിനിമയിലൂടെ ശ്രമിച്ചതെന്നും സുസ്മേഷ് കൂട്ടിച്ചേർക്കുന്നു. ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി വെള്ളിത്തിരയിൽ വരുന്നു എന്നതാണ് ‘നളിനകാന്തി’യെ ശ്രേദ്ധയമാക്കുന്നത്.
ടി.കെ. പത്മിനി (1940 - 1969) എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവിതകഥ ‘പത്മിനി’ എന്ന പേരിൽ സിനിമയാക്കിയതിനു ശേഷമാണ് കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് തന്റെ രണ്ടാമത്തെ സംവിധാനസംരംഭമായി ‘നളിനകാന്തി’ ഒരുക്കുന്നത്. ടി. പത്മനാഭനൊപ്പം സിനിമയിൽ നജ്മയായി പ്രമുഖ ചലച്ചിത്ര താരം അനുമോളും കാർത്തിയായി നടൻ കാർത്തിക് മണികണ്ഠനും എത്തുന്നു. രാമചന്ദ്രൻ, പത്മാവതി, ശ്രീകല മുല്ലശ്ശേരി എന്നിവരും ‘നളിനകാന്തി’യിൽ ഒന്നിക്കുന്നു.
പ്രശസ്ത കഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യിലെ പെൺകുട്ടി, കഥ പ്രസിദ്ധീകരിച്ച് എഴുപത് വർഷത്തിനു ശേഷം ടി. പത്മനാഭന്റെ ഹോം നഴ്സും മകളുമായി മാറിയ പത്മാവതിയാണെന്ന് സുസ്മേഷ് പറയാതെ പറയാൻ ശ്രമിക്കുന്നുണ്ട്. ആ ഭാഗം കുറച്ചുകൂടി മിഴിവുറ്റ ടെയിൽ എൻഡാക്കി മാറ്റാമായിരുന്നു എന്നു തോന്നി.
കഥകൾ മാത്രമെഴുതി മലയാള സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ടി. പത്മനാഭന്റെ അനേകം കഥകൾ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത്. കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി സംസ്ഥാന സർക്കാറിന്റെ പരമോന്നത പുരസ്കാരമായ കേരളജ്യോതിയും എഴുത്തച്ഛൻ പുരസ്കാരവുംവരെ നേടിയ സർഗധനനായ എഴുത്തുകാരനാണ് ടി. പത്മനാഭൻ. ജീവിതത്തിൽ ധിക്കാരിയെന്നും നിഷേധിയെന്നും പേരു കേൾപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ജീവിതത്തിലെ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും ‘നളിനകാന്തി’യിലൂടെ പ്രേക്ഷകസമക്ഷത്തിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മൂന്നു വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് സുസ്മേഷ് ചന്ത്രോത്ത് ഈ ചിത്രം പൂർത്തിയാക്കുന്നത്.
‘പത്മിനി’ സിനിമയുടെ നിർമാതാവായ ടി.കെ. ഗോപാലനാണ് കൊൽക്കത്ത കൈരളിസമാജത്തിന്റെ ബാനറിൽ ‘നളിനകാന്തി’ നിർമിച്ചിരിക്കുന്നത്. വലിയൊരു സാംസ്കാരിക പ്രവർത്തനമാണ് ഇതിലൂടെ അദ്ദേഹം നിർവഹിച്ചിരിക്കുന്നത്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടുതവണ നേടിയ മനേഷ് മാധവൻ ഛായാഗ്രഹണവും മികച്ച ശബ്ദരൂപകൽപനക്കുള്ള സംസ്ഥാന പുരസ്കാരം മൂന്ന് തവണ നേടിയ രംഗനാഥ് രവി ശബ്ദരൂപകൽപനയും നിർവഹിച്ചു.
പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി എഴുതിയ അഞ്ച് ഗാനങ്ങൾ പത്മനാഭൻ കഥകളിലെ ഭാവഗീതംപോലെ ‘നളിനകാന്തി’യെ ദീപ്തമാക്കുന്നുണ്ട്. ‘‘സത്യത്തിലിക്കാണും ലോകവും നമ്മളും നിത്യവിസ്മൃതിയിൽ അലിഞ്ഞു പോകും, അവധൂതൻ അവധൂതൻ അവധൂതൻ ആകാശ ദേശത്തിലൂടെ അലയുന്ന ഏകനാം അവധൂത മേഘം നീ, താനേ വിരിഞ്ഞു കൊഴിഞ്ഞു പോകാറുള്ള പൂവ്...’’ എന്നിങ്ങനെ ഷിബു ചക്രവർത്തിയുടെ വരികൾ ടി. പത്മനാഭൻ കഥകൾക്കും എഴുത്തുജീവിതത്തിനും അർച്ചനയർപ്പിക്കുന്നു. ദീപ പാലനാട്, അനഘ ശങ്കർ, സുദീപ് പാലനാട് എന്നീ ഗായകർ ഇവ മനോഹരമായി ആലപിച്ചു.
വർഷങ്ങൾക്കു മുമ്പ് മാധ്യമപ്രവർത്തകനായ മോൻസി ജോസഫ് നടത്തിയ അഭിമുഖത്തിൽ ടി. പത്മനാഭൻ പറയുന്നുണ്ട്: ഓരോ കഥ എഴുതിത്തീരുമ്പോഴും താൻ കൈകൾ വീശി ഒരു വാനമ്പാടി പറക്കുംപോലെ സ്വതന്ത്രനായി നടക്കുമായിരുന്നു എന്ന്. ‘നളിനകാന്തി’ സുസ്മേഷ് ചന്ത്രോത്ത് അവസാനിപ്പിക്കുന്നതും സ്വതന്ത്രനായി ആകാശത്തേക്ക് തലയുയർത്തി ഒരു വാനമ്പാടിയെപ്പോലെ പറക്കാൻ വെമ്പിനിൽക്കുന്ന ടി. പത്മനാഭനെ കാണിച്ചുകൊണ്ടാണ് ; അടുത്ത ചെറുകഥയിലേക്കെന്നപോലെ.