സ്വർണമീനിന്റെ ചേലൊത്ത പാട്ടുകൾ
ജനുവരി 15ന് വിടവാങ്ങിയ സംഗീതസംവിധായകൻ കെ.ജെ. േജായിയെ ഒാർമിക്കുന്നു. മലയാള സിനിമക്ക്, സംഗീതാസ്വാദകർക്ക് എന്താണ് ജോയ് നൽകിയത്?പഴയ കൂട്ടുകാരനെ ഒന്ന് ഫോണിൽ വിളിച്ചുതരാമോ എന്ന് ജോയിയുടെ ചോദ്യം. ബിച്ചു തിരുമലയുടെ നമ്പർ ഡയൽ ചെയ്ത് മൊബൈൽ ഫോണ് കാതിൽ വെച്ചുകൊടുത്തപ്പോൾ ഹലോ പോലും പറയാതെ കിടന്ന കിടപ്പിൽ ജോയ് പാടി: ‘‘എൻ സ്വരം പൂവിടും ഗാനമേ... ഈ വീണയിൽ നീ അനുപല്ലവി... ഓർമയുണ്ടോ ബിച്ചൂ ഈ പാട്ട്. വർഷങ്ങൾക്കു മുമ്പ് നമ്മൾ ചെയ്തതാണ്. ഇനിയും ഇങ്ങനത്തെ പാട്ടുകൾ ചെയ്യണം. ഒരു പ്രണയഗാനത്തിന്റെ...
Your Subscription Supports Independent Journalism
View Plansജനുവരി 15ന് വിടവാങ്ങിയ സംഗീതസംവിധായകൻ കെ.ജെ. േജായിയെ ഒാർമിക്കുന്നു. മലയാള സിനിമക്ക്, സംഗീതാസ്വാദകർക്ക് എന്താണ് ജോയ് നൽകിയത്?
പഴയ കൂട്ടുകാരനെ ഒന്ന് ഫോണിൽ വിളിച്ചുതരാമോ എന്ന് ജോയിയുടെ ചോദ്യം. ബിച്ചു തിരുമലയുടെ നമ്പർ ഡയൽ ചെയ്ത് മൊബൈൽ ഫോണ് കാതിൽ വെച്ചുകൊടുത്തപ്പോൾ ഹലോ പോലും പറയാതെ കിടന്ന കിടപ്പിൽ ജോയ് പാടി: ‘‘എൻ സ്വരം പൂവിടും ഗാനമേ... ഈ വീണയിൽ നീ അനുപല്ലവി... ഓർമയുണ്ടോ ബിച്ചൂ ഈ പാട്ട്. വർഷങ്ങൾക്കു മുമ്പ് നമ്മൾ ചെയ്തതാണ്. ഇനിയും ഇങ്ങനത്തെ പാട്ടുകൾ ചെയ്യണം. ഒരു പ്രണയഗാനത്തിന്റെ ആശയവും ട്യൂണും ഇപ്പോൾ എന്റെ ഉള്ളിലുണ്ട്. വരികൾ മാത്രമേ വേണ്ടൂ ഇനി. ബിച്ചു വിചാരിച്ചാൽ നടക്കും. ഫോണിലൂടെ എത്രയോ പാട്ടിന്റെ വരികൾ ബിച്ചു എനിക്ക് മൂളിത്തന്നിട്ടില്ലേ? ഇതും അങ്ങനെ മതി...’’
ഫോണിന്റെ മറുതലക്കൽ നിമിഷനേരത്തെ മൗനം. പഴയ കൂട്ടുകാരന്റെ ശബ്ദം ബിച്ചുവിനെ വികാരാധീനനാക്കിയത് സ്വാഭാവികം. മൗനത്തിനൊടുവിൽ അത്ഭുതവും ആഹ്ലാദവും കലർന്ന വാക്കുകളിൽ ബിച്ചു പറഞ്ഞു: ‘‘ജോയ് വളരെ വളരെ നോർമലാണെന്ന് ഇപ്പൊ എനിക്ക് ബോധ്യമായി. ഈശ്വരന് നന്ദി ... പഴയ ജോയിയെ തിരിച്ചു കിട്ടിയപോലെ...’’
വളരെ പ്രയാസപ്പെട്ട് ജോയ് ഒരു ഈണം മൂളുന്നു. ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരീണം. പക്ഷാഘാതമേൽപ്പിച്ച തളർച്ചയാൽ ഇടക്കിടെ മുറിയുന്നുണ്ടായിരുന്നു ശബ്ദം. മനസ്സിലുദ്ദേശിച്ച അനായാസതയോടെ ഈണം പുറത്തു വരാതിരുന്നപ്പോൾ ജോയിയുടെ കണ്ണുകൾ നനയുന്നു. എങ്കിലും ട്യൂണിനൊത്ത വരി മൂളിക്കൊടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ബിച്ചു. വർഷങ്ങൾക്ക് ശേഷമുള്ള ആ പുനഃസമാഗമം വികാരവായ്പോടെ കേട്ടുനിന്നു ഞങ്ങൾ. ജോയിയേട്ടനുമായുള്ള അവസാന കൂടിക്കാഴ്ചയിലെ വികാരനിർഭരമായ മുഹൂർത്തം.
1970കളിലെ കാമ്പസുകളുടെ ഹരമായിരുന്ന ബിച്ചു തിരുമല -കെ.ജെ. ജോയ് ടീമിന്റെ ഗാനങ്ങൾ ഒന്നൊന്നായി മനസ്സിലേക്ക് ഇരമ്പിക്കയറിയെത്തുന്നു: ‘‘എൻ സ്വരം പൂവിടും’’, ‘‘സ്വർണമീനിന്റെ’’, ‘‘കുങ്കുമ സന്ധ്യകളോ’’, ‘‘കുറുമൊഴീ കൂന്തലിൽ’’, ‘‘മിഴിയിലെന്നും നീ ചൂടും’’, ‘‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ’’, ‘‘എവിടെയോ കളഞ്ഞുപോയ കൗമാരം’’, ‘‘ലളിതാ സഹസ്ര നാമജപങ്ങൾ’’, ‘‘താളം താളത്തിൽ താളമിടും...’’, ‘ആരാധന’യിലെ ‘‘ആരാരോ ആരിരാരോ അച്ഛന്റെ മോൾ ആരാരോ’’ എന്ന താരാട്ടിൽനിന്ന് തുടങ്ങിയ ജൈത്രയാത്ര. ബിച്ചു തിരുമലയുടെ വിയോഗവാർത്ത അറിയിക്കാൻ ജോയിയേട്ടനെ വിളിച്ചത് ഓർമയുണ്ട്. ഫോണിന്റെ മറുതലക്കൽ പടർന്ന ദീർഘമായ മൗനവും.
‘‘എക്കോഡിയൻ ആണ് എന്റെ ജീവവായു. സിനിമയും പാട്ടുമൊക്കെ അത് കഴിഞ്ഞേ വരൂ’’, ജോയ് പറയും. ‘‘സിനിമാ പാട്ടുണ്ടാക്കുക അത്ര പ്രയാസമുള്ള കാര്യമല്ല ഇന്ന്. വിവരമുള്ള ഒരു അസിസ്റ്റന്റ് ഉണ്ടെങ്കിൽ ആർക്കുമാകാം അത്. പക്ഷേ എക്കോഡിയനെ പോലൊരു വാദ്യോപകരണത്തെ ചൊൽപ്പടിക്ക് നിർത്തണമെങ്കിൽ ഏകാഗ്രവും കഠിനവുമായ പരിശീലനം വേണം. എക്കോഡിയൻ സ്വയം പഠിച്ചെടുത്തതാണ് ഞാൻ. എന്തുകൊണ്ടോ ആ ഉപകരണത്തോട് ചെറുപ്പത്തിലേ ഒരു ആകർഷണം തോന്നി. പക്ഷേ, പഠിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. വാടകക്കെടുത്ത എക്കോഡിയനിൽ ദിവസം പതിനാലു മണിക്കൂർ ഏകാഗ്രമായി പരിശീലിച്ചു. ആ കഠിനാധ്വാനമാണ് ജോയ് എന്ന മ്യുസിഷ്യനെ വാർത്തെടുത്തത്...’’
തൃശൂർ നെല്ലിക്കുന്നിലാണ് ജനനമെങ്കിലും ജോയ് വളർന്നത് ചെന്നൈയിലാണ്. ട്രാൻസ്പോർട്ട് ബിസിനസിൽ സജീവമായിരുന്നു അച്ഛൻ കുഞ്ഞാപ്പി ജോസഫ്. പക്ഷേ, പണം സമ്പാദിച്ചു കൂട്ടുന്നതിനേക്കാൾ ദാനധർമാദികളിലായിരുന്നു അദ്ദേഹത്തിനു താൽപര്യം. എന്റെ കുട്ടിക്കാലത്ത് അഗതികൾ നിരനിരയായി വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു പോകുന്നതിന്റെ മങ്ങിയ ചിത്രം മനസ്സിലുണ്ട് -ജോയ് പറയുന്നു. സ്വാഭാവികമായും പിതാവിന്റെ വരുമാനം കുറഞ്ഞുവന്നു. സിനിമയിൽ ജോയ് എക്കോഡിയൻ വായിച്ചുതുടങ്ങുന്നത് ആ കാലത്താണ്. ആ വഴി ലഭിക്കുന്ന പ്രതിഫലം വീട്ടിലെ ചെലവുകൾക്ക് ഉപകരിക്കുമല്ലോ എന്നൊരു ചിന്ത കൂടിയുണ്ടായിരുന്നു അതിനു പിന്നിൽ.
തുടക്കം എം.എസ്.വിക്കൊപ്പം
1960കളുടെ മധ്യത്തിൽ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചുതുടങ്ങുമ്പോൾ പ്രായം പതിനെട്ട്. എം.എസ്. വിശ്വനാഥനാണ് ജോയിയെ സിനിമയിൽ എക്കോഡിയനിസ്റ്റായി അവതരിപ്പിച്ചത്. ‘‘വെറുമൊരു സംഗീതസംവിധായകനായിരുന്നില്ല എം.എസ്.വി. ഒരു സർവകലാശാല തന്നെയായിരുന്നു. ബഹുമുഖപ്രതിഭ എന്നൊക്കെ പറയാവുന്ന മനുഷ്യൻ. സിനിമയിൽ എന്റെ എല്ലാ വളർച്ചക്കും ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.’’ സിനിമയിൽ ചുവടുറപ്പിക്കാൻ തീരുമാനിച്ചതിനു പിന്നിൽ ഒരു വാശിയുടെ കഥ കൂടിയുണ്ട്. ‘പെണ് എൻട്രാൽ പെണ്’ എന്ന പടത്തിൽ സുശീലാമ്മയുടെ ‘‘തേടി തേടി കാത്തിരുന്തേൻ’’ എന്ന പാട്ടിന്റെ പിന്നണിയിലാണ് ആദ്യം വായിച്ചത്.
വലിയൊരു ആഘോഷമാണ് എം.എസ്.വി സാറിന്റെ റെക്കോഡിങ്. വാടകക്കെടുത്ത എക്കോഡിയനുമായി ശാരദ സ്റ്റുഡിയോയിൽ ചെന്നപ്പോൾ പരിചയസമ്പന്നരായ ഉപകരണ സംഗീതജ്ഞർ നിരന്നിരിക്കുന്നു അവിടെ. ഞാനാണ് കൂട്ടത്തിൽ പയ്യൻ. വളരെ ബുദ്ധിമുട്ടി അന്ന്. നാലരക്കട്ട ശ്രുതിയിൽ വായിക്കേണ്ടി വന്നു; നൊട്ടേഷൻ നോക്കി വായിക്കാൻ പഠിച്ചിട്ടില്ല; അതിനൊട്ട് താൽപര്യവുമില്ല. പ്രയാസപ്പെട്ടു വായിച്ചുതീർത്ത് കാശ് വാങ്ങാൻ ചെന്നു നിന്നപ്പോൾ കൂടെ വായിച്ചവർക്ക് പരിഹാസം. ഒരുത്തനിതാ എൽ -ബോർഡ് വെച്ച് വായിക്കാൻ വന്നിരിക്കുന്നു എന്ന് മുറുമുറുത്തു അവർ. അപമാനത്തെക്കാൾ വാശിയാണ് അപ്പോൾ തോന്നിയത്. എന്നെ ഇവിടെ വരെ എത്തിച്ചതും ആ വാശി തന്നെ’’ -ജോയ് പറയുന്നു.
അഞ്ഞൂറോളം ചിത്രങ്ങളിൽ എം.എസ്.വിയോടൊപ്പം പ്രവർത്തിച്ചു ജോയ്. ഹിന്ദിയിൽ ആദ്യം വായിച്ചത് ആർ.ഡി. ബർമന് വേണ്ടിയാണ് -തീസ് രി മൻസിലിലെ ഗാനങ്ങളിൽ. പിന്നീടങ്ങോട്ട് എത്രയോ െലജൻഡുകൾക്കൊപ്പം സഹകരിക്കാൻ ഭാഗ്യമുണ്ടായി -നൗഷാദ് , ശങ്കർ ജയകിഷൻ, മദൻമോഹൻ, സലിൽ ചൗധരി, രവീന്ദ്ര ജെയിൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, ബപ്പി ലാഹിരി എന്നിങ്ങനെ. മലയാളത്തിൽ ജോയിയുടെ എക്കോഡിയൻ പ്രാഗല്ഭ്യം കടമെടുക്കാത്ത ആരും ഉണ്ടായിരുന്നില്ല അക്കാലത്ത് -ബാബുരാജ്, ദേവരാജൻ, രാഘവൻ, ദക്ഷിണാമൂർത്തി, അർജുനൻ... ‘‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’’, ‘‘മല്ലികപ്പൂവിൻ മധുരഗന്ധം’’ തുടങ്ങിയ പാട്ടുകൾ ഓർക്കുക.
അറുപതുകളുടെ അവസാനം കീബോർഡ് രംഗത്തെത്തിയതോടെ മലയാള ഗാനങ്ങളുടെ രൂപഭാവങ്ങൾ വീണ്ടും മാറി. ‘‘ശങ്കർ ജയകിഷന്റെ ഓർക്കസ്ട്രയിലെ ഒരു അംഗത്തിന്റെ കൈയിൽനിന്ന് ഞാൻ പണം കൊടുത്ത് വാങ്ങിയ യമഹ വൈസി 30 ആണ് തെന്നിന്ത്യൻ സിനിമയിലെ ആദ്യകാല കീബോർഡുകളിൽ ഒന്ന്. അന്നതിന് ഇരുപതിനായിരം രൂപ കൊടുത്തു. ആയിടെ വാങ്ങിയ കാർ പണയംവെച്ച് സംഘടിപ്പിച്ച പണമായിരുന്നു.’’
1975ൽ പുറത്തുവന്ന ‘ലൗ ലെറ്റർ’ ആണ് സംഗീതസംവിധായകൻ എന്ന നിലയിൽ ജോയിയുടെ ആദ്യ ചിത്രം. ‘‘സത്യം പറഞ്ഞാൽ കമ്പോസറുടെ റോൾ ഏറ്റെടുക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല. എക്കോഡിയൻ വായനയിൽനിന്ന് തന്നെ നല്ല വരുമാനം ഉണ്ടായിരുന്നു. പിന്നെ സ്വന്തമായി സ്റ്റുഡിയോയും തുടങ്ങി. പക്ഷേ, പടത്തിന്റെ നിർമാതാവും സംവിധായകനുമായ ഡോ. ബാലകൃഷ്ണൻ നിർബന്ധിച്ചപ്പോൾ മറുത്തു പറയാനായില്ല.’’ വിൻസന്റും സുധീറും വിധുബാലയും അഭിനയിച്ച ആ ചിത്രത്തിൽ പുതിയൊരു ഗാനരചയിതാവിനെ കൂടി ഡോ. ബാലകൃഷ്ണൻ അവതരിപ്പിച്ചു -സത്യൻ അന്തിക്കാട്. സത്യൻ എഴുതിയ ആദ്യ ഗാനം -‘‘സ്വർണമാലകൾ വിണ്ണിൽ വിതറി’’- തന്നെയാണ് ജോയിയുടെ ആദ്യ ഗാനവും.
പിന്നീട് എണ്ണമറ്റ ഹിറ്റ് ഗാനങ്ങൾ. ‘‘കസ്തൂരിമാൻ മിഴി’’, ‘‘അക്കരെയിക്കരെ നിന്നാൽ എങ്ങനെ’’, ‘‘എൻ സ്വരം പൂവിടും’’, ‘‘ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ’’, ‘‘രാജമല്ലിപ്പൂ വിരിഞ്ഞൂ’’, ‘‘ആയിരം മാതളപ്പൂക്കൾ’’, ‘‘കാമുകിമാരെ കന്യകമാരെ’’, ‘‘സ്വർണമീനിന്റെ’’, ‘‘മണിയാൻ ചെട്ടിക്കു’’, ‘‘പരിപ്പുവട പക്കവട’’, ‘‘മറഞ്ഞിരുന്നാലും’’, ‘‘ഈ ജീവിതമൊരു പാരാവാരം’’, ‘‘കാലിത്തൊഴുത്തിൽ പിറന്നവനെ’’, ‘‘ലളിതാ സഹസ്ര നാമജപങ്ങൾ’’, ‘‘എവിടെയോ കളഞ്ഞുപോയ കൗമാരം’’... യേശുദാസും ജയചന്ദ്രനും കത്തിനിന്ന കാലത്ത് വ്യത്യസ്തമായ ശബ്ദങ്ങളെ സിനിമയിൽ പരീക്ഷിക്കാനും മടിച്ചില്ല ജോയ്. ആ പാട്ടുകൾ, അവ പാടിയ ഗായകർക്ക് സംഗീതജീവിതത്തിൽ വഴിത്തിരിവാകുകയും ചെയ്തു. ‘സ്നേഹയമുന’ എന്ന ചിത്രത്തിലെ ‘‘നീലയമുനേ സ്നേഹയമുനേ’’ (കെ.സി. വർഗീസ്), ‘മുക്കുവനെ സ്നേഹിച്ച ഭൂത’ത്തിലെ ‘‘ആഴിത്തിരമാലകൾ’’ (ഇടവാ ബഷീർ, വാണി ജയറാം), ‘ശക്തി’യിലെ ‘‘മിഴിയിലെന്നും നീ ചൂടും നാണം’’ (ഗോപൻ, ജാനകി) എന്നീ ഗാനങ്ങൾ ഓർക്കുക.
അപശ്രുതികളുടെ വരവ്
ശ്രുതിഭംഗങ്ങൾ ജോയിയുടെ ജീവിതത്തെ വേട്ടയാടിത്തുടങ്ങുന്നത് മലേഷ്യയിൽ െവച്ചാണ്. അവിടെ ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടിയിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു. വിരുന്നിന്റെ ഏതോ ഘട്ടത്തിൽ ശബ്ദഘോഷങ്ങൾ പെട്ടെന്ന് നിലച്ചപോലെ ഒരു തോന്നൽ; കണ്ണിൽ ഇരുട്ട് കയറിയപോലെയും. പക്ഷാഘാതമായിരുന്നു അതെന്നറിഞ്ഞത് ആശുപത്രിക്കിടക്കയിൽ െവച്ച് ഓർമ വീണ്ടെടുത്തപ്പോഴാണ്. വിവരമറിഞ്ഞ് പിറ്റേന്ന് തന്നെ മൂത്തമകൻ അശോക് ചെന്നൈയിൽനിന്ന് പറന്നെത്തി -അച്ഛനെ നാട്ടിലേക്ക് കൊണ്ടുപോകാൻ.
ജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷണഘട്ടമായിരുന്നു പിന്നെ. ശരീരത്തിന്റെ വിവശത ഒരുവശത്ത്; മനസ്സിന്റെ തളർച്ച മറുവശത്ത്; ഓർമ നഷ്ടപ്പെട്ടില്ല എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം. നാലു വർഷത്തെ വിദഗ്ധ ചികിത്സക്കും ഫിസിയോതെറപ്പിക്കും ഒടുവിൽ ആത്മവിശ്വാസം വീണ്ടെടുത്ത് സാഹചര്യങ്ങളോട് മെല്ലെ പൊരുത്തപ്പെട്ടു വരുമ്പോൾ, അതാ വരുന്നു തെല്ലും നിനച്ചിരിക്കാതെ മറ്റൊരു ആഘാതം; ഇത്തവണ രക്തധമനികളെ ബാധിക്കുന്ന ഒരു അപൂർവ രോഗത്തിന്റെ രൂപത്തിൽ. ഇടതുകാലിലേക്കുള്ള രക്തപ്രവാഹം പൂർണമായി നിലച്ചതോടെ ആ കാൽ പകുതിക്കുവെച്ച് മുറിച്ചുമാറ്റുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ഡോക്ടർമാർക്ക്. ‘‘ഇത്രയും വേദനകൾ അനുഭവിച്ചിട്ടും ഡാഡി മാനസികമായി തകർന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം. സംഗീതമാണ് അദ്ദേഹത്തിന് ശക്തി പകരുന്നതെന്ന് തോന്നിയിട്ടുണ്ട് ’’ -മകൾ പറഞ്ഞു.
എല്ലാ വേദനയും മറയ്ക്കാൻ പോന്ന ഒരു ചിരിയിലൂടെ മകളുടെ വാക്കുകൾ ശരിയെന്ന് സാക്ഷ്യപ്പെടുത്തുന്നു ജോയ്. ‘‘എന്റെ ഈ കിടപ്പ് കാണുമ്പോൾ നിങ്ങൾക്ക് സങ്കടം തോന്നുന്നുണ്ടാകും അല്ലേ? പക്ഷേ, എനിക്ക് ദുഃഖമൊന്നും ഇല്ല. ഒരു ആയുഷ്കാലംകൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട് ഞാൻ. എത്രയോ സിനിമകൾക്ക് എക്കോഡിയൻ വായിച്ചു; എത്രയോ ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തി. ജീവിതം പരമാവധി ആസ്വദിച്ചു. മക്കളെല്ലാം നല്ലനിലയിൽ ജീവിക്കുന്നു. ആരുടെയും മുന്നിൽ തല കുനിക്കാതെ നേടിയ സമ്പാദ്യങ്ങളാണ് ഇതെല്ലാം. പോരേ ഒരു പുരുഷായുസ്സ് അർഥപൂർണമാകാൻ?’’ -ഉറച്ച ശബ്ദത്തിൽ ജോയിയുടെ ചോദ്യം. ‘‘കുറച്ചാഗ്രഹങ്ങളേ ഇനി ബാക്കിയുള്ളൂ.
മനസ്സ് നിറയെ ട്യൂണുകൾ ഉണ്ട് ഇപ്പോഴും. ഇവിടെ കിടക്കുമ്പോഴും എന്റെ മനസ്സ് അവ മൂളിക്കൊണ്ടേയിരിക്കുന്നു. പറ്റിയ വരികൾ കിട്ടണം ഇനി. ആരുടെയും സഹായമില്ലാതെ ഞാൻ അവ റെക്കോഡ് ചെയ്യും. പണ്ടും എനിക്ക് സഹായികൾ ഉണ്ടായിരുന്നില്ല. എല്ലാം സ്വന്തമായി ചെയ്തതാണ്. കമ്പോസിങ്ങും ഓർക്കസ്ട്രേഷനും റെക്കോഡിങ്ങും എല്ലാം...’’
പ്രിയപ്പെട്ട പ്രണയിനിയെപ്പോലെ കീബോർഡിനെ എന്നും കൂടെ കൊണ്ടുനടന്നു ജോയ്; ഹൃദയത്തോട് ചേർത്തുവെച്ചു. കാറുകളായിരുന്നു മറ്റൊരു ദൗർബല്യം. ചെന്നൈ സാന്തോം ഹൈറോഡിലെ കൊട്ടാരസദൃശമായ കൽപനാ ഹൗസിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ജോയിയുടെ പുത്തൻ ബെൻസ് ജനം സാകൂതം നോക്കിനിന്നിരുന്ന കാലമുണ്ടായിരുന്നു. ‘‘ഒരു കാലത്ത് കാറുകളോടായിരുന്നു എനിക്ക് കമ്പം’’ -ജോയ് പറഞ്ഞു. ‘‘ഭംഗിയും വേഗതയുമുള്ള കാറുകൾ. ആദ്യം സ്വന്തമാക്കിയത് ഫിയറ്റ് ആണ്. പിന്നെ അത് കൊടുത്ത് പ്ലിമത്ത് വാങ്ങി. അത് കഴിഞ്ഞു ബെൻസ്. ഏറ്റവും പുതിയ ബ്രാൻഡേ വാങ്ങൂ. ഡ്രൈവിങ് ഒരു ഹരമായിരുന്നു അന്ന്. ഗോവയിലേക്ക് സ്വയം കാർ ഓടിച്ചുപോയിട്ടുണ്ട്. അതൊരു കാലം.’’
‘‘കുറച്ച് ആഗ്രഹങ്ങളേ ഇനി ബാക്കിയുള്ളൂ’’ -മുകളിൽ വിശ്രമമില്ലാതെ കറങ്ങിക്കൊണ്ടിരുന്ന ഫാനിൽ കണ്ണുനട്ട് ജോയ് പറയുന്നു. ‘‘മനസ്സ് നിറയെ ട്യൂണുകളാണ്. മോക്ഷം കിട്ടാത്ത ട്യൂണുകൾ. ഇവിടെ കിടക്കുമ്പോഴും എന്റെ മനസ്സ് അവ മൂളിക്കൊണ്ടേയിരിക്കുന്നു. ഇനി അവക്ക് പറ്റിയ വരികൾ വേണം. ആരുടേയും സഹായമില്ലാതെ ഞാൻ അവ റെക്കോഡ് ചെയ്യും. പണ്ടും എനിക്ക് സഹായികൾ ഉണ്ടായിരുന്നില്ല. എല്ലാം സ്വന്തമായി ചെയ്തതാണ്. കമ്പോസിങ്ങും ഓർക്കസ്ട്രേഷനും റെക്കോഡിങ്ങും എല്ലാം...’’
ജോയിയുടെ എക്കോഡിയൻ വാദനം ആൽബമാക്കി പുറത്തിറക്കിയ ടിപ്സ് ഓഡിയോസ് ആ സമാഹാരത്തിനു നൽകിയ പേരാണ് ഓർമവന്നത് -മാജിക്കൽ ഫിംഗേഴ്സ്. ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് കൊരുത്തെടുത്തു തന്ന ആ മാന്ത്രികവിരലുകൾ ഇനി ചരിത്രത്തിന്റെ ഭാഗം.