ക്രൗൺ ടാക്കീസിൽനിന്ന് ഇറങ്ങിനടന്ന കൗബോയ്
‘‘ക്രൗൺ ടാക്കീസിന്റെ വെള്ളിത്തിരയിൽനിന്ന് ക്ലിന്റ് ഈസ്റ്റ് വുഡിനെ ആവാഹിച്ച് സിദ്ദീഖ് കാരപ്പറമ്പിലേക്ക് കൊണ്ടുപോയി. അതൊരു ചരിത്രസംഭവമായിരുന്നു. കുതിരപ്പുറത്ത്, മോട്ടോർ ബൈക്കിൽ നഗരപ്രാന്തത്തിലൂടെ പുറപ്പെട്ട് മിഠായിത്തെരുവിലൂടെ സവാരി നടത്തിയ സിദ്ദീഖ് അങ്ങനെ ചരിത്രമായി’’-സുഹൃത്തും സിനിമാമോഹിയുമായ സിദ്ദീഖിനെ ഓർക്കുന്നു.ക്രൗൺ ടാക്കീസിന് 100 വയസ്സാവുകയാണ്. കോഴിക്കോടിന്റെ, മാനാഞ്ചിറയുടെ, മിഠായിത്തെരുവിന്റെ ഇതിഹാസമാണത്. ഒരു ജനതയുടെ...
Your Subscription Supports Independent Journalism
View Plans‘‘ക്രൗൺ ടാക്കീസിന്റെ വെള്ളിത്തിരയിൽനിന്ന് ക്ലിന്റ് ഈസ്റ്റ് വുഡിനെ ആവാഹിച്ച് സിദ്ദീഖ് കാരപ്പറമ്പിലേക്ക് കൊണ്ടുപോയി. അതൊരു ചരിത്രസംഭവമായിരുന്നു. കുതിരപ്പുറത്ത്, മോട്ടോർ ബൈക്കിൽ നഗരപ്രാന്തത്തിലൂടെ പുറപ്പെട്ട് മിഠായിത്തെരുവിലൂടെ സവാരി നടത്തിയ സിദ്ദീഖ് അങ്ങനെ ചരിത്രമായി’’-സുഹൃത്തും സിനിമാമോഹിയുമായ സിദ്ദീഖിനെ ഓർക്കുന്നു.
ക്രൗൺ ടാക്കീസിന് 100 വയസ്സാവുകയാണ്. കോഴിക്കോടിന്റെ, മാനാഞ്ചിറയുടെ, മിഠായിത്തെരുവിന്റെ ഇതിഹാസമാണത്. ഒരു ജനതയുടെ കാഴ്ചാസംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ക്രൗൺ ടാക്കീസ് വഹിച്ച പങ്ക് പല ഗവേഷണ പ്രബന്ധങ്ങൾക്കും ചരിത്രപുസ്തകങ്ങൾക്കുമുള്ള വിഷയമാണ്.
എഴുപതുകളിൽ മലബാർ ക്രിസ്ത്യൻ കോളജ് സ്കൂളിലെ പഠനകാലത്ത് ഉച്ചക്ക് ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് ഓടാൻ പഠിപ്പിച്ചത് ക്രൗൺ തിയറ്ററാണ്. അതായിരുന്നു ഞങ്ങളുടെ ദൃശ്യപാഠശാല. ക്രൗണിലെ വെള്ളിത്തിരയിൽനിന്ന് പുറത്തേക്കിറങ്ങി നടന്നുവരുന്നപോലെ, സഞ്ചരിക്കുന്ന ഒരു താരനായകനെ വെള്ളിത്തിരക്ക് പുറത്ത് കണ്ടുമുട്ടുന്നത്. ശബ്ദമുണ്ടാക്കി പറക്കുന്ന ഹോളിവുഡ് സ്റ്റൈൽ ബുള്ളറ്റിൽ ഹോളിവുഡ് താരനായകന്മാരെപ്പോലെ അയാളും സിനിമകൾ കാണാനെത്തുമായിരുന്നു. എല്ലാവർക്കും ഒരു കാഴ്ചതന്നെയായിരുന്നു ആ വരവും പോക്കും.
1966ലാണ് ലോക സിനിമയിലെ കൾട്ട് ക്ലാസിക്കായ ‘ദ ഗുഡ്, ദ ബാഡ് ആൻഡ് ദ അഗ്ലി’ പുറത്തെത്തുന്നത്. കുറച്ചു വൈകി, എഴുപതുകളുടെ തുടക്കത്തിൽ അത് ക്രൗണിലുമെത്തി. അതൊരു സിനിമാദൈവത്തെ സൃഷ്ടിച്ചു: ക്ലിന്റ് ഈസ്റ്റ് വുഡ്. പിൽക്കാലത്ത് ക്ലിന്റ് ഈസ്റ്റ് വുഡ് പലതരം സിനിമകളിൽ അഭിനയിക്കുകയും പലതരം സിനിമകൾ സംവിധാനംചെയ്യുകയും ഒക്കെ ചെയ്തെങ്കിലും ‘ദ ഗുഡ്, ദ ബാഡ് ആൻഡ് ദ അഗ്ലി’ സൃഷ്ടിച്ച തരംഗം എക്കാലത്തേക്കുമുള്ളതായിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും അത് ലഹരി പടർത്തി. മലയാളിയുടെ സാംസ്കാരിക ചരിത്രത്തിലെ ലക്ഷണമൊത്ത ഒരു കൗബോയിയുടെ പിറവിക്ക് അത് വഴിയൊരുക്കി. അതാണ് കോഴിക്കോട് കാരപ്പറമ്പിലെ ആദ്യത്തെയും അവസാനത്തെയും കൗബോയ് ആയ സിദ്ദീഖ്.
കോഴിക്കോട് മാനാഞ്ചിറ സർക്കിളിലെ ക്രൗൺ ടാക്കീസാണ് തലമുറകളായി മലയാളിയിൽ ഹോളിവുഡ് സ്വപ്നങ്ങൾ മുളപ്പിച്ചത്. 1920കളുടെ മധ്യത്തിലത് തുടങ്ങുന്നുണ്ട്. 1924 എന്നാണ് ക്രൗൺ തിയറ്ററിന്റെ സമൂഹമാധ്യമ പേജിൽ രേഖപ്പെടുത്തപ്പെട്ട തുടക്കം. നാൽപതുകളിൽ അത് മാനാഞ്ചിറയുടെ തീരത്തെ തിയറ്റർ സംസ്കാരം തന്നെയായി മാറി. സിദ്ദീഖും ആ സംസ്കാരത്തിൽ പിച്ചവെച്ചു. എഴുപതുകളുടെ യൗവനത്തിൽ അങ്ങനെ ക്ലിന്റ് ഈസ്റ്റ് വുഡ് പടർന്നുപിടിച്ചു.
അക്കാലത്തെ ക്ലിന്റ് ഈസ്റ്റ് വുഡ് പ്രണയം ക്രൗൺ തിയറ്റർ പാർട്ണർ എ.ആർ. വിനോദ് തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഓർത്തെടുക്കുന്നുണ്ട്: “കുട്ടിക്കാലത്ത് അക്കാലത്തെ മിക്ക ആൺകുട്ടികളെയും പുരുഷന്മാരെയുംപോലെ ക്ലിന്റ് ഈസ്റ്റ് വുഡിനെ എനിക്ക് ഇഷ്ടമായിരുന്നു. ക്ലിന്റിനെപ്പോലെ നടക്കാനും സംസാരിക്കാനും ചുരുട്ട് ചവക്കാനും അവനെപ്പോലെ കുതിരപ്പുറത്ത് കയറാനും അവനെപ്പോലെ വെടിവെക്കാനും ആഗ്രഹിച്ചു. ആദ്യമായി സ്ക്രീനിൽ കണ്ടപ്പോൾ എന്റെ സഹോദരൻ പ്രകാശ് ക്ലിന്റിന്റെ ആരാധകനായി മാറിയിരുന്നു.’’
ക്രൗൺ ടാക്കീസിന്റെ വെള്ളിത്തിരയിൽനിന്നും ക്ലിന്റ് ഈസ്റ്റ് വുഡിനെ ആവാഹിച്ച് സിദ്ദീഖ് കാരപ്പറമ്പിലേക്ക് കൊണ്ടുപോയി. അതൊരു ചരിത്രസംഭവമായിരുന്നു. കുതിരപ്പുറത്ത്, മോട്ടോർ ബൈക്കിൽ നഗരപ്രാന്തത്തിലൂടെ പുറപ്പെട്ട് മിഠായിത്തെരുവിലൂടെ സവാരി നടത്തിയ സിദ്ദീഖ് അങ്ങനെ ചരിത്രമായി. ആറടിയിലധികം ഉയരം, ഒത്ത ശരീരം, ജീൻസ് പാന്റും ഷർട്ടും ബൂട്ടും എല്ലാം കൂടി ക്ലിന്റ് ഈസ്റ്റ് വുഡിനെ ആവാഹിക്കുകയായിരുന്നു സിദ്ദീഖ്. ഹിപ്പികളും ബൊഹീമിയൻസും വ്യവസ്ഥാവിരുദ്ധരായ അരാജകവാദികളുമെല്ലാം ചരിത്രത്തിലേക്ക് നടന്നുകയറിയ കാലംകൂടിയായിരുന്നു സിദ്ദീഖിന്റേത്.
‘ദ ഹൈവേ മാൻ’ എന്ന വിഖ്യാത കവിത അന്നത്തെ കാമ്പസിന്റെ പാഠ്യവിഷയം മാത്രമായിരുന്നില്ല, വികാരം കൂടിയായിരുന്നു. നൂറുകണക്കിന് പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ആരാധനാവിഗ്രഹമായി മാറിയ സിദ്ദീഖിന്റെ യാത്രകൾ നഗരത്തിനാകെ കൗതുകമുണർത്തിയ ഒരു കാഴ്ചതന്നെയായിരുന്നു. കുതിരപ്പുറത്ത് സവാരി ചെയ്യുന്ന കൗബോയ് സിദ്ദീഖ് എഴുപതുകളുടെ ആദ്യപാദത്തിൽ സിനിമയിലെ താരനായകന്മാരേക്കാൾ വലിയ സെൻസേഷനായിരുന്നു. കെ.എസ്. സേതുമാധവന്റെ ‘കന്യാകുമാരി’യിലൂടെ കമൽഹാസനൊക്കെ അന്ന് ഇറങ്ങുന്നേയുള്ളൂ. സിദ്ദീഖ് ഒരു ‘കൗണ്ടർ ഇമേജ്’ ആയിരുന്നു. സ്വാഭാവികമായും അവൻ ചെന്നുചേർന്നത് അന്നത്തെ കോഴിക്കോടിന്റെ സമാന്തര പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ചെലവൂർ വേണു ഏട്ടന്റെ ബീച്ച് റോഡിലുള്ള അലങ്കാർ ലോഡ്ജിലെ ‘സൈക്കോ’യിലായിരുന്നു.
നടനായും സംവിധായകനായും സിനിമതന്നെയായിരുന്നു സിദ്ദീഖിന്റെയും സ്വപ്നം. അവൻ ‘കപ്പിത്താൻ’ എന്നൊരു കടൽ സിനിമ അക്കാലത്ത് സ്വപ്നം കണ്ടിരുന്നു എന്ന് മാധ്യമപ്രവർത്തകനും സിദ്ദീഖിന്റെ സന്തതസഹചാരിയുമായ ശ്രീകുമാർ നിയതി ഓർക്കുന്നുണ്ട്. സിനിമാ സ്വപ്നങ്ങൾ സിദ്ദീഖ് കോടമ്പാക്കത്തേക്ക് നീട്ടിവിതച്ച കാലത്തുതന്നെയാണ് ഹരിഹരന്റെ ‘പഞ്ചമി’യിലൂടെ (1976) ഒരു പൊടിവേഷത്തിൽ പ്രേംനസീറിന്റെ വില്ലനായി ജയൻ മലയാള സിനിമയിൽ കാലുകുത്തുന്നത്.
ഒരു മാച്ചോ ഹീറോ ആയി മലയാള സിനിമയിൽ അവതരിക്കാനുള്ള സിദ്ദീഖിന്റെ സാധ്യതകൾക്കാണ് ജയന്റെ വരവോടെ മങ്ങലേറ്റത്. കോഴിക്കോട്ടെ ചെലവൂർ വേണു ഏട്ടന്റെ സൈക്കോ ഗ്യാങ്ങിൽ സ്ഥിരപ്രതിഷ്ഠ നേടിയ സിദ്ദീഖിന് ഭൂമിയിലേക്കിറങ്ങി വരുന്നതിന് ഒരു പരിധിയുണ്ടായിരുന്നു. ‘സൈക്കോ’യിൽനിന്നും ചെലവൂർ വേണു ഏട്ടനും അക്കാലത്ത് സംവിധായകനാകാൻ കോടമ്പാക്കത്ത് ചെന്ന് മടങ്ങുന്നുണ്ട്. പി.എ. ബക്കർ, ജോൺ എബ്രഹാം, സലാം കാരശ്ശേരി, നിലമ്പൂർ ബാലൻ, പവിത്രൻ, രവീന്ദ്രൻ, ശശികുമാർ, ടി.വി. ചന്ദ്രൻ തുടങ്ങിയ പേരുകൾ സംവിധായക പദവിയിലേക്ക് പിച്ചവെച്ചപ്പോൾ കൊഴിഞ്ഞുപോയ ഇലകളിൽ സിദ്ദീഖിനെപ്പോലുള്ള എത്രയോ പേരുകളുമുണ്ട്. ‘കബനീ നദി ചുവന്നപ്പോൾ’, ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’, ‘യാരോ ഒരാൾ’, ‘ചുവന്ന വിത്തുകൾ’, ‘ചാരം’, ‘ഒരേ തൂവൽ പക്ഷികൾ’, ‘ആലീസിന്റെ അന്വേഷണം’... സിദ്ദീഖ് ഒപ്പം സഞ്ചരിച്ച സിനിമകൾ നിരവധിയാണ്. പക്ഷേ, അതൊന്നും അവന്റെ ഹോളിവുഡ് ഡ്രീംസ് സാക്ഷാത്കരിക്കാൻ ഉതകുന്നതായിരുന്നില്ല. എല്ലാത്തിലും ഒരു പൊടിവേഷത്തിൽ ഒതുങ്ങി മലയാളത്തിന്റെ വെള്ളിത്തിരയിൽ സിദ്ദീഖ് കാണപ്പെടാതെ ഇരുട്ടിലേക്ക് മറഞ്ഞു.
ഞാൻ നേരിൽ കാണുമ്പോഴേക്കും സിദ്ദീഖ് കുറെയൊക്കെ ഭൂമിയിലേക്കിറങ്ങിയിരുന്നു. 1978 കാലത്താണത്. മധുമാഷ് ‘അമ്മ’ നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങിയ കാലത്ത് അതിൽ ഒരു ചെറുവേഷത്തിൽ അഭിനയിക്കാനാണ് സിദ്ദീഖ് മഹാരാജാ പാലസിലെ റിഹേഴ്സൽ ക്യാമ്പിലെത്തിയത്. ഹോളിവുഡ് സ്വപ്നം വിട്ട് പുറത്തെത്തിയ അസ്തിത്വദുഃഖ ബാധിതനായ ഒരു ക്ലിന്റ് ഈസ്റ്റ് വുഡ് ആയിരുന്നു സിദ്ദീഖ് അപ്പോൾ. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ രവിയെ ഉള്ളിൽപ്പേറുന്ന മറ്റൊരു മനുഷ്യനായിരുന്നു സിദ്ദീഖ് അപ്പോൾ. റിഹേഴ്സൽ ക്യാമ്പിലെ ആഘോഷങ്ങളിൽ ഒരേകാകിയായിരുന്നു സിദ്ദീഖ്. ഒരു മൂലക്ക് ഒറ്റക്ക് ആകാശം നോക്കി പകച്ചിരിക്കുന്ന സിദ്ദീഖ് വേദനിപ്പിക്കുന്ന ഓർമയാണ് ഇന്ന്.
ആജാനുബാഹുവായ സിദ്ദീഖ് ‘അമ്മ’ നാടക ടീമിന് ഒരു മുതൽക്കൂട്ടായിരുന്നു. മധുമാഷിന്റെ ഒരു വിനീതവിധേയ ശിഷ്യനായി സിദ്ദീഖ് ടീമിന് ഒപ്പം നിന്നു. ഒരൊറ്റ സീനേ സിദ്ദീഖിനുണ്ടായിരുന്നുള്ളൂ. അമ്മയെ പൊലീസുകാർ മർദിക്കുമ്പോൾ “അമ്മയെ തല്ലരുത്’’ എന്ന് ഗർജിച്ച് കടന്നുവരുന്ന കരുത്തനായ തൊഴിലാളി സഖാവ്. സിദ്ദീഖ് അത് ഗംഭീരമാക്കി. വലിയ ഡയലോഗുകൾ സിദ്ദീഖിന് വഴങ്ങില്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാം ആറ്റിക്കുറുക്കി ഒറ്റ ഡയലോഗിൽ ഒരുക്കി മധുമാഷ്. ബാക്കി ആ ശരീരംകൊണ്ട് അമ്മയെ ആക്രമിക്കാൻ വന്ന പൊലീസുകാർക്ക് എതിരെ പ്രതിരോധത്തിന്റെ മതിലായി ഉയർന്നുനിന്നു.
അമ്മ നാടകസംഘത്തോടൊപ്പം ജനകീയ സാംസ്കാരിക വേദിയുടെ ഉണർച്ചക്ക് അങ്ങനെ സിദ്ദീഖും കൊടിപിടിച്ചു നടന്നു. 1978-81 കാലത്ത് കഷ്ടിച്ച് രണ്ടു വർഷം. അത് പെട്ടെന്നു കത്തിത്തീർന്നു. സിദ്ദീഖ് വീണ്ടും അദൃശ്യനായി. അതിനിടയിലാണ് 1979ൽ ഹരിഹരന്റെ ‘ശരപഞ്ജര’വും 1980ൽ ‘അങ്ങാടി’യും തിയറ്ററുകളിൽ എത്തുന്നത്. ജയൻ മലയാള സിനിമയിലെ ആദ്യത്തെ മാച്ചോ ഹീറോ ആയി ഉയർന്നു. സിദ്ദീഖ് സമാന്തരത്തിൽനിന്ന് കൂടുതൽ സമാന്തരത്തിലേക്ക് നീങ്ങി.
സാംസ്കാരിക വേദിക്കാലത്തുതന്നെ സ്വന്തമായി ആക്ടിവിസംകൊണ്ട് സിദ്ദീഖ് കോഴിക്കോടിനെ ഞെട്ടിച്ച ഒരു ചരിത്രസംഭവം ഉണ്ടായിട്ടുണ്ട്. അത് തലശ്ശേരി ചൂതാട്ടവിരുദ്ധ സമരത്തിൽ സഖാവ് രമേശൻ രക്തസാക്ഷിയായതിനെ തുടർന്ന് കേരളമൊട്ടുക്കും പലതരം ചൂതാട്ടങ്ങൾക്കുമെതിരെ പ്രതിഷേധം ശക്തമായ കാലത്താണ് സംഭവിച്ചത്. കോഴിക്കോട്ട് മിഠായിത്തെരുവിലെ ഹലുവപ്പീടികകൾക്ക് മുകളിലുള്ള ക്വീൻസ് ബാറിലെ കാബറെ നിർത്തിച്ചതും ആ പ്രക്ഷോഭത്തിന്റെ തുടർചലനമായിരുന്നു.
1986ലായിരുന്നു അത് എന്നാണോർമ. ഞാൻ ‘മാതൃഭൂമിയിൽ’ റിപ്പോർട്ടറാണ്. സഖാവ് കെ.ടി. കുഞ്ഞിക്കണ്ണനും ഗാന്ധിയൻ പി.ജെ. സെബാസ്റ്റ്യനും എന്റെ ജ്യേഷ്ഠൻ പൊറ്റങ്ങാടി കിഷൻചന്ദുമൊക്കെ കാബറെ എന്ന മൂല്യച്യുതിക്കെതിരെ ക്വീൻസിന് മുന്നിൽ പ്രക്ഷോഭം നടത്തി. ഒടുവിൽ കാബറെ നിരോധിച്ചു. സമരം ജയിച്ചു. അപ്പോഴാണ് ഞെട്ടിച്ചുകൊണ്ട് സിദ്ദീഖിന്റെ ചരിത്രപരമായ ഇടപെടൽ. കാബറെ നർത്തകിമാരെ സംഘടിപ്പിച്ച് പ്രസ് ക്ലബിൽ സിദ്ദീഖ് പത്രസമ്മേളനം വിളിച്ചുകൂട്ടി. അവരുടെ തൊഴിൽ അവകാശത്തിനായി ശബ്ദിച്ചു. ഞങ്ങൾ ‘വേശ്യകളല്ല’, ഞങ്ങൾ കാബറെ നൃത്തം തൊഴിലാക്കി ജീവിക്കുന്ന തൊഴിലാളികളാണ്, ഞങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട് എന്ന വാദം കാബറെ നർത്തകിമാർ ഉയർത്തി. അതൊരു ചരിത്രസംഭവം തന്നെയായിരുന്നു. ആ വാദമുഖങ്ങളോട് ധാർമിക കേരളം അന്ന് കണ്ണടച്ചു. കാബറെ തിരിച്ചുവന്നില്ല. അത് സിനിമകളിൽ മാത്രമായി.
കാബറെ നർത്തകിമാർ അവരുടെ കൊച്ചുകുട്ടികളെയും അന്ന് പത്രസമ്മേളനത്തിൽ ഹാജരാക്കിയിരുന്നു എന്നാണോർമ. ജയശ്രീയും മൈത്രേയനും ലൈംഗിക തൊഴിലാളികളുടെ സംഘടനാ അവകാശവുമായി രംഗത്തുവരുന്നതിന് എത്രയോ മുമ്പാണ് ഈ സംഭവം. നളിനി ജമീല അപ്പോൾ ആത്മകഥ എഴുതിത്തുടങ്ങിയിട്ടില്ല. ആ സമരം സിദ്ദീഖിനെ ഒരു വിവാദ പുരുഷനാക്കി മാറ്റി. എന്നാൽ, ആ സമരം പരാജയപ്പെട്ടതോടെ സിദ്ദീഖ് പിൻവാങ്ങി. മുഖ്യധാരയിൽനിന്നും അപ്രത്യക്ഷനായി. ഇന്ന് ലൈംഗിക തൊഴിലാളികൾക്ക് എന്നപോലെ അന്ന് കാബറെ നർത്തകിമാർക്ക് പിന്തുണ നൽകാൻ പൊതുസമൂഹം തയാറായതുമില്ല. കാലത്തിനു മുമ്പേ സംഭവിച്ച ഇടപെടലായി അത് വേരുപിടിക്കാതെ പോയി.
എൺപതുകളിൽ ജോൺ കോഴിക്കോട്ടെത്തിയ ഒഡേസകാല യാത്രകളിൽ സിദ്ദീഖിനെ കണ്ട ഓർമയില്ല. പരാജയപ്പെട്ട കയ്യൂരിന്റെ കാലത്തും ‘അമ്മ അറിയാനി’ലെ ശവഘോഷയാത്രയിലും അങ്ങനെ അവൻ പങ്കാളിയല്ലാതെ പോയി. ജീവിതം മറ്റെവിടെയോ പരീക്ഷിക്കുകയായിരുന്നിരിക്കണം അക്കാലത്ത്. ചില കാലങ്ങളിൽ ചിലർ എവിടെയായിരുന്നു എന്ന് ഓർമിക്കാൻ പറ്റാത്ത തരത്തിലുള്ള മറവി പിൽക്കാലം ഓർമയിൽ പ്രഹേളികയായി വരും. സിദ്ദീഖ് അങ്ങനെ അപ്രത്യക്ഷനായ കാലങ്ങൾ എന്റെ ജീവിതത്തിൽ നിരവധിയാണ്. ‘മാതൃഭൂമി’യിൽ എത്തിയതോടെ ജീവിതത്തിന്റെ മറ്റു വഴികളിൽ മതിമറന്ന ഞാനും അവനെ മറന്നു. അവൻ എവിടെയാണെന്ന് ഓർത്തതുപോലുമില്ല.
പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു രാത്രി സിദ്ദീഖ് എന്നെത്തേടി ‘മാതൃഭൂമി’ ഓഫിസിന്റെ പടികൾ കയറി വന്നു. വെളിച്ചത്തിൽ നിൽക്കാൻ ഭയമാണെന്നപോലെ െഡസ്കിനും റിപ്പോർട്ടിങ്ങിനും ഇടയിലെ നീണ്ട വരാന്തയിലെ അരണ്ട വെളിച്ചത്തിൽനിന്ന് അവൻ എന്നോട് അഭ്യർഥിച്ചു: “ഞാനല്ലേ മലയാള സിനിമയിൽ ശരിക്കുമുള്ള സിദ്ദീഖ്? ഞാനല്ലേ അവിടെ ആദ്യമെത്തിയത്? ഇപ്പോൾ എന്റെ പേരിൽ മറ്റൊരു സിദ്ദീഖിനെ നിങ്ങളൊക്കെക്കൂടി കൊണ്ടാടുന്നത് ശരിയാണോ? എന്നെയൊന്ന് രക്ഷിക്കണം.
ഞാനാണ് ശരിക്കുമുള്ള സിദ്ദീഖ്. അവൻ വേണമെങ്കിൽ വേറെ പേരിടട്ടെ. ഞാനാണ് ശരിക്കുള്ള സിദ്ദീഖ് എന്ന് നീയൊന്ന് എഴുതണം. ഇതൊരു ആർട്ടിസ്റ്റിന്റെ റിക്വസ്റ്റാണ്’’ -വേദനകൊണ്ട് സിദ്ദീഖ് പുളയുകയായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ കാലം വ്യക്തമാണ്: 1990ന്റെ അവസാനം, സിദ്ദീഖ്- ലാൽ സംവിധാനംചെയ്ത ‘ഇൻ ഹരിഹർ നഗർ’ കേരളത്തിൽ തരംഗമായ കാലം. സിദ്ദീഖ്, മുകേഷ്, ജഗദീഷ്, അശോകൻ ടീം പൊടുന്നനെ ഒരു കൊടുങ്കാറ്റായി താരപ്രതിച്ഛായകളിൽ ആഞ്ഞുവീശിയ കാലം. ഒന്നാം സിദ്ദീഖ് രണ്ടാം സിദ്ദീഖിന്റെ വരവിൽ ഹൃദയം നുറുങ്ങി മുന്നിൽനിന്നു.
ഞാൻ നിസ്സഹായനായിരുന്നു. കൂട്ടുകാരനായ സിദ്ദീഖാണ് ശരിക്കുള്ള സിദ്ദീഖ് എന്നും മറ്റൊരു സിദ്ദീഖ് മറ്റൊരു പേരിലേക്ക് മാറണം എന്നൊരു എഴുത്ത് ‘മാതൃഭൂമി’യിൽ എങ്ങനെ എഴുതുമെന്നത് എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത ഒരധ്യായമായി മുന്നിൽനിന്നു. ആ അധ്യായം കാരപ്പറമ്പിലെ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ജീവിതത്തെ മലയാളത്തിന്റെ വെള്ളിത്തിരയിൽനിന്നും കൂടുതൽ ഓരങ്ങളിലേക്ക് പുറന്തള്ളി.
എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ലെ ഗസ്തോൻ സായ്വിനെപ്പോലെ സിദ്ദീഖ് കാരപ്പറമ്പിലെ തന്റെ വീട്ടിലെ മുറിയുടെ ഏകാന്തതയിലേക്ക് പിന്മാറി. ഒരൊറ്റയൊരിക്കലേ ഞാനവിടെ പോയിട്ടുള്ളൂ. അത് 80കളുടെ തുടക്കത്തിൽ സിദ്ദീഖിന്റെ പ്രതാപകാലത്തായിരുന്നു. കാരപ്പറമ്പിലെ പ്രമുഖ വ്യാപാരിയായ ഹുസൈൻ ഹാജിയാണ് സിദ്ദീഖിന്റെ ബാപ്പ. നിരവധി സഹോദരങ്ങളുള്ള ആ വലിയ മുസ്ലിം തറവാട്ടിലെ സമ്പൂർണ ‘ഔട്ട്സൈഡറാ’യായിരുന്നു സിദ്ദീഖ്, അതുപോെല ആ മുറിയും ജീവിതവും. പഴയ പാട്ടുകൾ കേൾപ്പിക്കാൻ കൊണ്ടുപോയതായിരുന്നു. പഴയ പാട്ടുകൾ അവന്റെ വീക്നെസായിരുന്നു. ഇല്ലാതായിപ്പോയ ഏതോ നഷ്ടകാലത്തെന്നപോലെ അവൻ ഓർമകളിൽ ജീവിച്ചു.
വീട്ടിലേക്ക് പിന്മാറിയതിൽ പിന്നെ സിദ്ദീഖ് ആരെയും കാണാതായി. അക്കാലത്ത് ഒരിക്കൽ സിദ്ദീഖിനെ സന്ദർശിച്ച സുഹൃത്ത് നിയതി ശ്രീകുമാറിന് അവനെ തിരിച്ചറിയാൻ പോലുമായില്ല. മുടികൊഴിഞ്ഞ് മെലിഞ്ഞ് ചടച്ച സിദ്ദീഖ് ഇത് ഞാൻ തന്നെയാടാ എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച ഒരോർമ ശ്രീകുമാറിനുണ്ട്. പിന്നെ കണ്ടിരിക്കാനുള്ള ശേഷി ശ്രീകുമാറിനുമുണ്ടായില്ല. ആത്മമിത്രം അബൂബക്കർ അപ്പോൾ ഗൾഫിലായിരുന്നു. ആളും ആരവവും അടങ്ങിയപ്പോൾ സിദ്ദീഖ് പൂർണമായും കൂട്ടമറവിയിലേക്ക് അപ്രത്യക്ഷനായി. 42ാം വയസ്സിൽ 1996 ഏപ്രിൽ 11ന് ആ ഹ്രസ്വജീവിതം അവസാനിച്ചു.
ഒരു തെരുവിന്റെ കഥയിൽനിന്നും അവൻ പിൻവാങ്ങിയിട്ട് എത്ര കാലമായെന്നുപോലും കൂട്ടുകാർ മറന്നിരുന്നു. അവസാനം അവൻ എന്തു ചിന്തിച്ചുവെന്ന് അവന്റെ കൂട്ടുകാരായ ആർക്കുമറിയില്ല. അവസാനത്തെ ആത്മമിത്രമായ അബൂബക്കർ അപ്പോൾ ഗൾഫിലായിരുന്നു. 1996 ഏപ്രിൽ 12ാം തീയതിയിലെ പത്രങ്ങളിൽ ചരമം പേജിൽ ഒരു ഒറ്റക്കോളം വാർത്തയായി അവൻ വീണ്ടും ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു.
സിദ്ദീഖിന്റെ മരണത്തീയതി ഈ ഓർമ എഴുതാനായി അബൂബക്കർ വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ചു തന്നതാണ്. സിദ്ദീഖിന്റെ മരണശേഷം ഗൾഫിൽനിന്നും തിരിച്ചെത്തിയ അബൂബക്കർ കൂട്ടുകാരനുവേണ്ടി ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ കേരളം മുഴുവനും ഓടിനടന്നു. ഞാനും ഒപ്പം നിന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. സംവിധായകൻ ടി.വി. ചന്ദ്രൻ, ചിന്ത രവീന്ദ്രൻ, ഒ.കെ. ജോണി, യു.എ. ഖാദർ, ചെലവൂർ വേണു, സേതു, ശ്രീകുമാർ നിയതി... സൈക്കോ ഗ്യാങ്ങിൽ ഓരോ കാലത്ത് വന്നുപെട്ടവരെല്ലാം അവിടെ ഒത്തുകൂടി.
പക്ഷേ, ആർക്കും ഓർമയില്ലായിരുന്നു സിദ്ദീഖ് എന്നാണ് മരിച്ചതെന്ന്. അതുതന്നെ ആ ഓർമച്ചടങ്ങിൽ എല്ലാവരുടെയും സംസാരവിഷയവുമായി. മരിച്ചിട്ട് രണ്ടര വർഷം മുതൽ പതിനൊന്നര വർഷം വരെ ഓരോരുത്തരായി കണക്കുകൂട്ടി. ഒടുവിൽ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ എടുത്ത ചിന്ത രവീന്ദ്രൻ സ്വയം മുറിവേൽപിക്കും മട്ടിൽ കുറച്ച് വിഷമത്തോടെ പറഞ്ഞു: “ഒരിക്കൽ മരിച്ചിട്ടുണ്ട്, അതറിയാം.’’
മരണത്തിന്റെ ഏഴാം വർഷത്തിൽ, 2003 ഡിസംബർ 5 നായിരുന്നു ‘സ്നേഹനിനവ്’ എന്ന് പേരിട്ട ആ പരിപാടി. പഴയ പാട്ടുകളുടെ കോഴിക്കോടൻ ഇതിഹാസം കെ.ആർ. വേണുവും സംഘവും ഓർമപ്പാട്ടുകൾ പാടി. ഇന്നും ആ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ചിലപ്പോൾ സിദ്ദീഖിന്റെ ഓർമകൾ പൊട്ടിമുളക്കും. സ്ഥലവും കാലവും തെറ്റിപ്പിറന്ന ഒരേകാന്ത സഞ്ചാരിയുടെ യാത്രാപഥം ഒരു ഗുരുദത്ത് സിനിമപോലെ മനസ്സിൽ നിറയും.