ഫാഷിസ്റ്റ് കാലത്തെ രോഗാതുരമായ ചലച്ചിത്രക്കാഴ്ചകള്‍
ആദ്യം തിയറ്ററിലും പിന്നീട് ഒ.ടി.ടിയിലും (നെറ്റ്ഫ്ലിക്സ്) പ്രദര്‍ശിപ്പിക്കപ്പെട്ട തമിഴ് ചിത്രം ‘അന്നപൂരണി: ദി ഗോഡ്സ് ഓഫ് ഫുഡി’ന് നേരെ ഹിന്ദുത്വവാദികൾ ഉയർത്തിയ പ്രതിഷേധം എന്തിന്റെ സൂചനയാണ്? ചലച്ചിത്രങ്ങളെ കലാവിഷ്കാരമായി തിരിച്ചറിയാനുള്ള ശേഷി പ്രേക്ഷകസമൂഹം ആർജിക്കുന്നതുവരെ അവയെ വിദ്വേഷപ്രചാരണായുധങ്ങളാക്കി വിലപേശുന്ന ഹീന രാഷ്ട്രീയതന്ത്രങ്ങള്‍ തുടരുമോ?
ചലച്ചിത്ര മാധ്യമത്തിന്റെ വിപണിവിജയത്തെയും ജനസ്വീകാര്യതയെയും വലിയൊരളവോളം നിര്‍ണയിക്കുന്നത് പ്രദര്‍ശനത്തിനു മുമ്പും ശേഷവും നടക്കുന്ന ജനസഞ്ചയവുമായുള്ള വിനിമയങ്ങളാണ്. പരസ്യങ്ങളുടെയും കാണിക്കൂട്ടങ്ങളുടെയും പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് തിയറ്ററിലോ ഒ.ടി.ടി വേദികളിലോ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. മറ്റേതൊരു കലാമാധ്യമത്തെക്കാളുമുപരി വിപണിയോട് നേരിട്ട് ബന്ധപ്പെടുന്നതിനാല്‍ വിമര്‍ശനങ്ങളോട് വേഗത്തില്‍ സമരസപ്പെടേണ്ട സാഹചര്യം സിനിമയുടെ ഭൂരിഭാഗം അണിയറ പ്രവര്ത്തകര്ക്കുമുണ്ടാകുന്നു.
അതിനാല്‍ത്തന്നെ, ഒരു നിർദിഷ്ട സമൂഹത്തെ അലോസരപ്പെടുത്താനിടയുള്ളതെന്തും ജനപ്രിയ സിനിമയുടെ വിപണിവിജയത്തെ ഏത് ഘട്ടത്തിലും ബാധിക്കാവുന്ന സാഹചര്യം നിലനില്ക്കുന്നു. സിനിമയുടെ ചിത്രീകരണ സന്ദര്‍ഭത്തിലുണ്ടായ ചില മുന്‍വിധികള്‍ ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് നശിപ്പിക്കുന്നതിലേക്ക് നയിച്ചത് ഏറെക്കാലം മുമ്പല്ല. സിനിമ പ്രദര്‍ശനത്തിനെത്തും മുമ്പ് യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ച ഗാനരംഗത്തിലെ വസ്ത്രഭാഗത്തിന്റെ നിറമാണ് ‘പത്താന്’ എന്ന ഹിന്ദിച്ചിത്രത്തെ പൊല്ലാപ്പുകളിലേക്ക് വലിച്ചിട്ടത്. ‘ഹൃദയം’ എന്ന ചിത്രത്തിലെ “നകുമോ...” എന്ന ഗാനരംഗത്തില്‍ പൊറോട്ടയും ബീഫും കഴിക്കുന്ന നായികാനായകന്മാരുണ്ടായതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളും ചെറുതല്ല.
ഇത്തരത്തില്‍ വസ്ത്രം, നിറം, ഭക്ഷ്യവസ്തു എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സിനിമകളില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍, അവ വിദൂരമായെങ്കിലും ഏതെങ്കിലും ജാതി-മത-വര്‍ഗ-സമുദായ-കക്ഷിരാഷ്ട്രീയ സമവാക്യങ്ങളെ പ്രതിനിധാനംചെയ്യുന്നുവെന്ന ധാരണ അനുദിനം വർധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആദ്യം തിയറ്ററിലും പിന്നീട് ഒ.ടി.ടിയിലും (നെറ്റ്ഫ്ലിക്സ്) പ്രദര്‍ശിപ്പിക്കപ്പെട്ട തമിഴ് ചിത്രമായ ‘അന്നപൂരണി: ദി ഗോഡസ് ഓഫ് ഫുഡു’മായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയം വീണ്ടും പ്രസക്തമാകുന്നു.
സിനിമകളിലെ പ്രതിനിധാനവുമായി ബന്ധപ്പെട്ട് രണ്ട് തരത്തിലുള്ള പ്രചാരണങ്ങളാണ് നിലവില്‍ വ്യാപകമായിട്ടുള്ളത്. അവയിലൊന്ന്, ബഹിഷ്കരണാഹ്വാനങ്ങളിലേക്ക് നയിക്കുന്നവയാണെങ്കില്, മറ്റൊന്ന് ബഹിഷ്കരണത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ആള്‍ക്കൂട്ടങ്ങളെ സിനിമാക്കാഴ്ചയിലേക്ക് ആകര്‍ഷിക്കുന്ന പ്രവണതയാണ്. ഈ രണ്ടുതരം പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ക്ഷിപ്രവും ക്ഷണികവുമായ സാധ്യതകള്‍ക്കുള്ളില്‍ മാത്രമാണ് പലപ്പോഴും സംഭവിക്കുക. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന സിനിമയെ ബാധിക്കത്തക്ക വിധത്തില്‍ പൊതുബോധരൂപവത്കരണം നടത്തുന്നതിന് നിലവില്‍ ഫലപ്രദമായ മാധ്യമം അത് മാത്രമാണെന്നതാവാം ഇതിനു കാരണം.
ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ബഹിഷ്കരണാഹ്വാനവും സ്വീകരണാഹ്വാനവും ആരോഗ്യകരമായ സാമൂഹികസാഹചര്യമല്ല സൃഷ്ടിക്കുന്നത്. മാത്രവുമല്ല, സിനിമയുടെ ഉള്ളടക്കമോ കലാമൂല്യമോ ഇത്തരം കോലാഹലങ്ങളില്‍ ചര്‍ച്ചക്കു വരുന്നതുമില്ല. ഒരു വിഭാഗം എതിര്‍ക്കുന്നുവെന്ന കാരണംകൊണ്ട് എതിർചേരിയിലുള്ള മറ്റൊരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്ന സാഹചര്യമാണിതിന്റെ പിന്നിലുള്ളത്. അതിനാല്‍ത്തന്നെ സംവാദങ്ങളല്ല, വിവാദങ്ങളും വിദ്വേഷവുമാണ് ഇരുകൂട്ടരും അഭിലഷിക്കുന്നത്.
ആരോഗ്യകരമായ തുറന്ന സംവാദങ്ങള്‍ക്ക് സാധ്യതയില്ലാത്ത അടഞ്ഞയിടങ്ങളാണ് ആത്യന്തികമായി സമൂഹമാധ്യമങ്ങളിലെ ചേരിതിരിവുകളിലൂടെ സമീപകാലത്ത് തുടര്‍ച്ചയായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, കലാരൂപങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന പ്രക്രിയയും മറുക്രിയയും ഇരുതലവാളുപോലെ അപകടകരമാകുന്നു.
കലാപ്രവര്‍ത്തനവും ആവിഷ്കാരസ്വാതന്ത്ര്യവും
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള മുറവിളികള്‍ സമീപകാലത്ത് മാത്രം അരങ്ങേറുന്ന പ്രത്യേക പ്രതിഭാസമല്ല. വ്യത്യസ്ത കാലയളവുകളില്‍ തീവ്രതയുടെ ഏറ്റക്കുറച്ചിലുകളിലൂടെ ലോകമെമ്പാടും സമാനമായ സംഗതികള്‍ നടന്നിരുന്നു. ചലച്ചിത്രങ്ങള്‍ മാത്രമല്ല, സാഹിത്യരൂപങ്ങളും നാടകങ്ങളും ചിത്രകലയും നിരോധനത്തിനും ബഹിഷ്കരണത്തിനും വിധേയമായവയുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു. കലാവിഷ്കരണം നടത്തിയതിന്റെ പേരില്‍ കലാകാരന്മാരെയും പിന്നണിപ്രവര്ത്തകരെയും പിന്തുടര്ന്ന് വേട്ടയാടിയ സംഭവങ്ങളും നിരവധിയാണ്.
മത-സാമുദായിക സംഘടനകളും ഭരണകൂടങ്ങളും നിരോധനമേര്‍പ്പെടുത്തിയ സാഹിത്യകൃതികള്‍ക്ക് ആഗോളസന്ദര്‍ഭത്തില്‍ ഉദാഹരണങ്ങളേറെ. ജോര്‍ജ് ഓര്‍വലിന്റെ ‘അനിമല്‍ ഫാം’ (1945), നിക്കോസ് കസാൻദ്സാക്കിസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ (1955), സല്മാന് റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ (1988) തുടങ്ങിയവ വ്യത്യസ്ത കാലയളവില്‍ വിവിധ രാജ്യങ്ങളില്‍ നിരോധനങ്ങള്‍ക്ക് വിധേയമായ സാഹിത്യാവിഷ്കാരങ്ങളാണ്. സമാനമായി, എം.എഫ്. ഹുസൈന്റെ വിവിധ ചിത്രങ്ങള്‍ ഇന്ത്യയില്‍ ചെറുതും വലുതുമായ നിരോധനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കൈനിക്കര പത്മനാഭപിള്ള എഴുതിയ ‘കാല്‍വരിയിലെ കല്‍പ്പപാദപം’ (1938) എന്ന നാടകം മതസംഘടനകളില്‍നിന്ന് എതിര്‍പ്പ് നേരിട്ടിരുന്നു. ശ്രീനാരായണഗുരുവിനെ മുന്‍നിര്‍ത്തി റിയാസ് കോമു രൂപപ്പെടുത്തിയ പ്രതിഷ്ഠാപന കലാരൂപം ‘ഭാഷാപോഷിണി’ മാസികയുടെ മുഖചിത്രമായി വന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളും കേരളീയ പശ്ചാത്തലത്തില്‍ താരതമ്യേന പുതിയതാണ്.
‘ഭാഷാപോഷിണി’യില്‍ പ്രസിദ്ധീകരിച്ച സി. ഗോപന്റെ ‘മൃദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന നാടകത്തിന് ടോം വട്ടക്കുഴി വരച്ച അന്ത്യത്താഴത്തിന്റെ സൂചനയുള്‍ക്കൊള്ളുന്ന ചിത്രവും കോളിളക്കങ്ങളുണ്ടാക്കി. എം.എം. ബഷീര്‍ ‘മാതൃഭൂമി’ ദിനപത്രത്തില്‍ രാമായണത്തെ അടിസ്ഥാനമാക്കി എഴുതിയിരുന്ന പംക്തി (“രാമായണം ജീവിതസാരാമൃതം”/2015) അവസാനിപ്പിക്കാനും എസ്. ഹരീഷിന്റെ നോവലായ മീശ പിന്‍വലിക്കാനും (2018) കാരണമായത് വര്‍ഗീയ സംഘടനകള്‍ നടത്തിയ ഇടപെടലുകളാണ്. ഇത്തരത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യവും സങ്കുചിത കാഴ്ചപ്പാടുകളും പരസ്പരം കൊരുക്കുന്ന സാഹചര്യങ്ങള്‍ സമകാലിക സന്ദര്‍ഭത്തിലും നിര്‍ബാധം തുടരുന്നു.
വ്യത്യസ്ത സംഘടിതശക്തികളില്നിന്നുണ്ടാകുന്ന വിമര്‍ശനങ്ങളുടെയും നിരോധനാഹ്വാനങ്ങളുടെയും അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ കലാരൂപങ്ങളുടെ ആസ്വാദനം കൂടുതല്‍ സങ്കീര്‍ണമായ വിഷയമാണെന്ന് വരുന്നു. ഓരോ കലാരൂപവും അനുശീലനം ലഭിച്ച ആസ്വാദകനോട് സംവദിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. എന്നാല്‍, അനുശീലനം ലഭിക്കാത്തവരെ സംബന്ധിച്ചിടത്തോളം അതേ കലാരൂപം സംവദിക്കാനിടയുള്ളത് തികച്ചും വ്യതിരിക്തമായ അർഥപരിസരത്തിലായിരിക്കാൻ സാധ്യതയേറെയാണ്. പരമ്പരാഗതമായ രീതിപദ്ധതികള്‍ പിന്തുടരുന്ന ആവിഷ്കാരസങ്കേതങ്ങളുടെ ഗണത്തിലാണ് സാഹിത്യം, ചിത്രകല, ശില്പകല തുടങ്ങിയ മാധ്യമങ്ങള്‍ ഉള്‍പ്പെടുന്നത്.
എന്നാല്‍, കാഴ്ചാനുശീലനം ലഭിക്കാത്ത കാണികളോടും സംവദിക്കാന്‍ സാധിക്കുന്ന മാധ്യമമെന്ന നിലയില്‍ ചലച്ചിത്രം വേറിട്ടുനില്ക്കുന്നു. അതേസമയം, കലാവിഷ്കാരത്തിന്റെ രീതികളെക്കുറിച്ച് ധാരണകളില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ യാഥാർഥ്യത്തിന്റെ നേരിട്ടുള്ള മുദ്രണം എന്ന നിലയില്‍ ചലച്ചിത്രങ്ങളെ സമീപിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍നിന്ന് കണ്ടെടുക്കാനാവും.
ചലച്ചിത്രങ്ങളില്‍ ദൈവികവേഷങ്ങളില് പ്രത്യക്ഷപ്പെട്ടവര്‍ തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതും ആവര്‍ത്തിച്ച് ‘ഏഴൈതോഴന്‍’ വേഷങ്ങള്‍ അവതരിപ്പിക്കുന്ന നായകന് ക്രമേണ ജനനായകനാകുന്നതും ഈ പ്രവണതക്ക് ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചലച്ചിത്രങ്ങളിലവതരിപ്പിക്കപ്പെടുന്ന നിറങ്ങളും ഭക്ഷണവസ്തുക്കളും കൊടികളും കലാപരമായ ആഖ്യാനമെന്ന നിലയിലോ ആവിഷ്കാരസ്വാതന്ത്ര്യമായോ പരിഗണിക്കപ്പെടണമെന്നില്ല. തങ്ങള്‍ക്ക് പരിചിതമായ ഏറ്റവും ചുരുങ്ങിയ നിത്യജീവിത സൂചനയിലേക്ക് കാണികള്‍ ചലച്ചിത്ര സന്ദര്‍ഭങ്ങളെ ചേര്‍ത്ത് വ്യാഖ്യാനിച്ചു എന്നുവരാം.
ചലച്ചിത്രങ്ങളിലെ പ്രതിനിധാനങ്ങളുമായി ബന്ധപ്പെട്ട് രണ്ടായിരാമാണ്ടിനുശേഷം മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ശക്തിയാര്‍ജിച്ച നിലപാടുകള്‍ പ്രതിനിധാന സ്വഭാവത്തോടെ മാത്രം ചലച്ചിത്രങ്ങളെ സമീപിക്കുന്ന കാഴ്ചാപദ്ധതിക്ക് ആക്കം കൂട്ടിയെന്നതും സമാന്തരമായി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. രാഷ്ട്രീയമായ ശരി (Political Correctness) എന്ന ഏകകത്തിലേക്ക് ചുരുങ്ങാന്‍ നിര്‍ബന്ധിതമാകുന്ന ചലച്ചിത്രാഖ്യാനങ്ങള്‍ ഇതിന്റെ ബാക്കിപത്രമാകുന്നു.
മുറിവേല്‍ക്കുന്ന സിനിമകള്‍
വിമര്‍ശിക്കപ്പെടുകയും നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്ത സിനിമകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആഗോളതലത്തില്‍ത്തന്നെ ഉദാഹരണങ്ങളേറെ. അമേരിക്കയിലെ ആദ്യകാല നിശ്ശബ്ദചിത്രങ്ങളിലൊന്നായ ഡി.ഡബ്ല്യു. ഗ്രിഫിത്തിന്റെ ‘ദി ബെര്‍ത്ത് ഓഫ് എ നേഷന്‍’ (1915) എന്ന ചിത്രം അതിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരെ ഹീനമായി ചിത്രീകരിച്ചതിന്റെ പേരിലാണ് പ്രസ്തുത സിനിമ വിമര്‍ശിക്കപ്പെട്ടത്. ‘കൂ ക്ലക്സ് ക്ലാന്’ എന്ന വംശീയ സംഘടനയുടെ നിലപാടുകള്‍ ഗ്രിഫിത്ത് പ്രസ്തുത ചിത്രത്തില്‍ സന്നിവേശിപ്പിച്ചിരുന്നു.
കലാകാരനെന്ന നിലയിലുള്ള സംഭാവനകളോടൊപ്പം ഗ്രിഫിത്ത് പിന്തുടര്‍ന്ന വംശീയ നിലപാടുകളും സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രതിനിധാനത്തിന്റെ പേരിലുള്ള ബഹിഷ്കരണാഹ്വാനത്തേക്കാള് വംശീയനിലപാടുകള്‍ പിന്തുടര്‍ന്ന സംവിധായകന്റെ ആഖ്യാനത്തിന്റെ രാഷ്ട്രീയവും ചലച്ചിത്ര മാധ്യമത്തെ പുതുക്കിയ അദ്ദേഹത്തിന്റെ കലാമികവും സംവാദസ്വഭാവത്തിലാണ് സിനിമാചരിത്രം ഉള്‍ക്കൊണ്ടിട്ടുള്ളത്. മാര്ട്ടിന് സ്കോര്‍സെയുടെ ‘ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ (1988) സമാനമായല്ലെങ്കിലും ക്രിസ്ത്യൻ മതസംഘടനകളുടെ ശക്തമായ വിയോജിപ്പിനും ആക്രമണങ്ങള്‍ക്കും വിധേയമായ മറ്റൊരു ചിത്രമാണ്.
അതത് ഭരണകൂടങ്ങളുടെ പരിശോധനകള്‍ക്കു ശേഷമാണ് ഓരോ സിനിമയും പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുക. സെന്‍സര്‍ ബോര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ ശാക്തീകരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളില്നിന്നുണ്ടാകുന്ന പരസ്യ വിചാരണകളെയും ഇന്നത്തെ സിനിമാ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഇന്ത്യന്‍ സാഹചര്യം പരിശോധിക്കുമ്പോള്‍ മൂന്ന് തരം സെന്‍സര്‍ഷിപ്പുകള്‍ സിനിമകള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബാധകമാണെന്ന് കാണാം.
1. സെന്‍സര്‍ ബോര്‍ഡ്, സര്‍ക്കാര്‍, കോടതികള്‍ എന്നിവ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍
2. മത-സാമുദായിക-ജാതി സംഘടനകള്‍ പൊതുബോധരൂപവത്കരണത്തിലൂടെ നടത്തുന്ന ബഹിഷ്കരണാഹ്വാനവും നിയന്ത്രണവും
3. രാഷ്ട്രീയ കക്ഷികളുടെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകള്‍
മുകളില്‍ സൂചിപ്പിച്ച മൂന്നു തരം നിയന്ത്രണങ്ങള്‍ക്കും വിധേയമായ സിനിമകള്‍ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. ‘ആന്ധി’ (സംവിധാനം: ഗുല്‍സാര്‍), ‘കിസാ കുര്‍സി കാ’ (സംവിധാനം: അമൃത് നഹത) എന്നിവ അടിയന്തരാവസ്ഥക്കാലത്ത് നിര്‍മിക്കപ്പെടുകയും ഇന്ദിര ഗാന്ധി സര്‍ക്കാറില്‍നിന്ന് നിയന്ത്രണങ്ങള്‍ നേരിടുകയും ചെയ്ത ചിത്രങ്ങളാണ്. ഇന്ദിര ഗാന്ധിയുടെ ഛായയുള്ള നായികാ കഥാപാത്രമായിരുന്നു ‘ആന്ധി’യില്‍ ചിത്രീകരിക്കപ്പെട്ടത്. സമാനമായി, രാഷ്ട്രീയ ഉള്ളടക്കം പിന്തുടര്‍ന്ന ‘കിസാ കുര്‍സി കാ’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുകയും പകര്‍പ്പുകള്‍ നശിപ്പിക്കപ്പെടുകയുംചെയ്തു. ഇന്ന് യൂട്യൂബില്‍ ലഭ്യമായ പ്രസ്തുത ചിത്രങ്ങളുടെ പകര്‍പ്പുകള്‍ അടിയന്തരാവസ്ഥക്കു ശേഷം പുനര്‍നിര്‍മിച്ചവയാണ്.
സമീപകാലത്തും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ‘ഉട്താപഞ്ചാബ്’ (2016) എന്ന ഹിന്ദി ചിത്രത്തിലെ നിരവധി രംഗങ്ങള്‍ നീക്കംചെയ്യാനുള്ള നിർദേശം സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, കോടതിയിടപെടലിലൂടെ നീക്കം ചെയ്യേണ്ടുന്ന രംഗങ്ങളില്‍ ഇളവ് നേടാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. തമിഴ് ചിത്രമായ ‘ജിപ്സി’ (2020) രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിശിതമായ നിയന്ത്രണത്തിന് വിധേയമായതും (അഞ്ച് സീനുകള്‍ നീക്കം ചെയ്തു) സമീപകാലത്താണ്. നിര്‍ണായകമായ അനേകം രംഗങ്ങള്‍ ഒഴിവാക്കിയ ശേഷം തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ പ്രസ്തുത ചിത്രത്തിന് അതിന്റെ രാഷ്ട്രീയ ഉദ്ദേശ്യം വീണ്ടെടുക്കാനായില്ല എന്നത് വാസ്തവമാണ്.
മത-സാമുദായിക-ജാതി സംഘടനകളുടെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണക്കും വിധേയമായ ചിത്രങ്ങളുടെ നീണ്ടനിര രണ്ടായിരത്തിനു ശേഷമുണ്ട്. ‘വാട്ടര്‍’ (2005), ‘വിശ്വരൂപം’ (2013), ‘പത്മാവത്’ (2018) തുടങ്ങിയ ചിത്രങ്ങളും ‘എ സ്യൂട്ടബിള്‍ ബോയ്’ (2020), ‘താണ്ഡവ്’ (2021) തുടങ്ങിയ വെബ് സീരീസുകളും ഇവയില്‍ ചിലതാണ്. രാഷ്ട്രീയ കക്ഷികളുടെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകള്‍ നേരിട്ട ചിത്രങ്ങളുടെ ഗണത്തിലാണ് ‘മദ്രാസ് കഫെ’ (2013), ‘പത്താന്’ (2023) തുടങ്ങിയവയുള്പ്പെടുന്നത്.
ശ്രീലങ്കന്‍ തമിഴ് പുലികളെ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് നാം തമിഴര്‍ കട്ചി, പാട്ടാളി മക്കള്‍ കട്ചി, എം.ഡി.എം.കെ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ‘മദ്രാസ് കഫെ’ എന്ന ചിത്രത്തിന്റെ നിരോധനത്തിനുവേണ്ടി വാദിക്കാന്‍ കാരണമായതെങ്കില്‍, ‘പത്താന്’ എന്ന ചിത്രത്തിലെ നായികയുടെ വസ്ത്രധാരണവും കാവിനിറവുമാണ് ഹിന്ദുത്വശക്തികളുടെ വിയോജിപ്പിലേക്ക് നയിച്ചത്. ‘ലൂസിഫര്‍’ (2019), ‘കേശു ഈ വീടിന്റെ നാഥന്’ (2021), ‘ഈശോ’ (2022) എന്നീ ചിത്രങ്ങളുടെ പേരുകള്‍ മതസൂചനകളുള്ക്കൊള്ളുന്നവയാണെന്നതിന്റെ അടിസ്ഥാനത്തിലും ‘കാതല്‍ ദി കോര്‍’ (2023) എന്ന ചിത്രം പ്രതിനിധാനത്തിന്റെ അടിസ്ഥാനത്തിലും ക്രൈസ്തവ പശ്ചാത്തലമുള്ള സംഘടനകളില്‍നിന്ന് എതിര്പ്പുകളേറ്റുവാങ്ങി.
എന്നാല്‍, ഇതിന് വിപരീതമായി ഭരണത്തിലിരിക്കുന്ന സര്‍ക്കാറുകളുടെ രാഷ്ട്രീയം ആഖ്യാനത്തിലുള്‍പ്പെടുത്തുന്ന തരം ചലച്ചിത്രങ്ങളെ നികുതിയിളവു നല്‍കിയും പ്രഖ്യാപിത പിന്തുണ നല്‍കിയും സംരക്ഷിക്കുന്ന പ്രവണതകളും പ്രകടമാണ്. ‘ദി കാശ്മീര്‍ ഫയല്‍സ്’ (2022), ‘ദി കേരളാ സ്റ്റോറി’ (2023) എന്നിവയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ സമീപകാലത്ത് പ്രദര്‍ശന വിജയം നേടിയ ചിത്രങ്ങള്‍.
തിരശ്ശീലയിലെ വിഭവങ്ങളും ഫാഷിസ്റ്റ് രാഷ്ട്രീയവും
സമീപകാലത്ത് ഇന്ത്യന്‍ സിനിമാവ്യവസായത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ ഏറ്റവും പുതിയത് നയന്‍താര മുഖ്യകഥാപാത്രമായി വന്ന ‘അന്നപൂരണി’ എന്ന ചിത്രം നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ടതാണ്. തമിഴ് ബ്രാഹ്മണകുടുംബത്തില്‍നിന്നുള്ള അന്നപൂരണിയെന്ന യുവതി മാംസാഹാരം പാചകം ചെയ്യുന്നതും ഭക്ഷിക്കുന്നതും ഹൈന്ദവ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണമുന്നയിച്ചുകൊണ്ട് ചിത്രത്തിലെ നായികക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ ചില ഹിന്ദു സംഘടനകള്‍ കേസുമായി മുന്നോട്ടുപോകുമെന്ന നിലവന്നപ്പോഴാണ് നെറ്റ്ഫ്ലിക്സ് പ്രസ്തുത ചിത്രം നീക്കം ചെയ്തത്.
കൂടാതെ, രാമനും സീതയും വനവാസകാലത്ത് മാംസം ഭക്ഷിച്ചിരുന്നുവെന്നുള്ള സിനിമയിലെ പരാമര്‍ശവും വിമര്‍ശനങ്ങളേറ്റുവാങ്ങി. ചിത്രത്തിലെ പ്രണയവുമായി ബന്ധപ്പെട്ട പ്രമേയം ലവ് ജിഹാദിന്റെ സ്വഭാവമുള്ക്കൊള്ളുന്നതായിരുന്നുവെന്ന വാദമുന്നയിച്ചുകൊണ്ടായിരുന്നു ചിത്രത്തിനെതിരെ പ്രക്ഷോഭമുയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് നയന്‍താരയും നിര്‍മാണപങ്കാളികളായ സീ സ്റ്റുഡിയോയും പരസ്യമായി മാപ്പുപറഞ്ഞ് ഖേദം പ്രകടിപ്പിച്ചു.
വിപണി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനപ്രിയ സിനിമാവ്യവസായം പ്രബലമായ മത-സാമുദായിക സംഘടനകളുടെ ആജ്ഞകളോട് സമരസപ്പെടുകയെന്നുള്ളത് അത്ര ആശ്ചര്യമുണര്‍ത്തുന്ന വിഷയമല്ല. തന്റെ താരപദവിയും ജനസ്വീകാര്യതയും ഇല്ലാതാക്കി വിപ്ലവകരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ നയന്‍താര തയാറാകുന്നില്ലായെന്നത് കോർപറേറ്റ് മുതലാളിത്ത വ്യവസ്ഥിതിയുടെയും ഫാഷിസത്തിന്റെയും കാലത്തെ ലളിതയുക്തിയാണ്. ആഗോളീകരണാനന്തര കാലത്ത് വലിയൊരളവോളം ജനത തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് തങ്ങള്‍ തുടര്‍ന്നിരുന്ന പരമ്പരാഗതമായ ജാതി-മത-സമുദായ-ആചാര ശീലങ്ങളില്‍ മാറ്റം വരുത്തുവാന്‍ നഗരപരിസരങ്ങളില്‍ തയാറാകുന്നു.
‘അന്നപൂരണി’ എന്ന ചിത്രത്തിലെ നായിക ഇന്ത്യയിലെ മികച്ച ഷെഫാകണമെന്ന തന്റെ ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടിയാണ് മാംസാഹാരം പാകം ചെയ്യുന്നതും അത് രുചിക്കുന്നതും. തൊഴില്‍ നൈപുണി ആവശ്യമായ വിനോദസഞ്ചാര-ഹോസ്പിറ്റാലിറ്റി മേഖലയില്‍ വൈവിധ്യമുള്ള ആഹാരസാധനങ്ങള്‍ പാകംചെയ്യുകയും പലപ്പോഴും അവ ഉപയോഗിക്കുകയും ചെയ്യേണ്ടതായി വരുന്നു. ഇത്തരം പ്രമേയങ്ങള്‍ അവതരിപ്പിക്കുന്ന ചലച്ചിത്ര രംഗങ്ങള്‍ മതാചാരങ്ങളുടെ കാഴ്ചപ്പാടില്‍ മാത്രം പരിശോധിക്കേണ്ടതുമില്ല.
2023 ഡിസംബര്‍ ആദ്യവാരം തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ‘അന്നപൂരണി’യെന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനുശേഷം മാത്രമാണ് വിവാദങ്ങളുയര്‍ന്നത്. ഒ.ടി.ടി പ്രദര്‍ശനത്തോടെ തമിഴ്നാടിന് പുറത്തുള്ള കാണികളിലേക്ക് ചിത്രമെത്തിച്ചേര്ന്നതാണ് വിവാദത്തിന്റെ പശ്ചാത്തലമെന്നും കാണാവുന്നതാണ്. ഒരു നിർദിഷ്ട സാംസ്കാരികാന്തരീക്ഷത്തിന് പുറത്തേക്ക് അതിരുകള്‍ ഭേദിച്ചിറങ്ങുന്ന ചിത്രങ്ങള്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ‘വരനെ ആവശ്യമുണ്ട്’ (2020) എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം (മേജര്‍ ഉണ്ണികൃഷ്ണന്) താന്‍ വളര്‍ത്തുന്ന നായയെ ‘പ്രഭാകരാ...’ എന്ന് വിളിക്കുന്ന സന്ദര്‍ഭമുണ്ട്.
‘പട്ടണപ്രവേശം’ എന്ന മുന്‍കാല മലയാള ചിത്രത്തിലെ തിലകന്റെ അഭിസംബോധനയുമായി ബന്ധപ്പെടുത്തിയാണ് പ്രസ്തുത പേരുവിളിക്ക് ‘വരനെ ആവശ്യമുണ്ട്’ എന്ന മലയാള സിനിമയില്‍ അർഥം ലഭിക്കുന്നത്. എന്നാല്‍, തമിഴ്നാട്ടില്‍ പ്രദര്ശനത്തിനെത്തിയപ്പോള് പ്രസ്തുത അഭിസംബോധനയിലൂടെ എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ അവഹേളിക്കുന്നുവെന്ന തരത്തിലാണ് തമിഴ് കാണികള്‍ക്കിടയില്‍ അർഥം രൂപവത്കൃതമായത്. ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു.
ചിത്രത്തിന്റെ നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്റെ മാപ്പുപറച്ചിലോളം നീണ്ട പ്രതികരണമുളവാക്കുവാന് പ്രസ്തുത വാദത്തിനാവുകയും ചെയ്തു. ‘തല്ലുമാല’ (2022) എന്ന ചിത്രത്തിലെ ബീഫുമായി ബന്ധപ്പെട്ട പരാമര്‍ശവും സമാനമായി ഭാഷയുടെ അതിരുകള്‍ ഭേദിക്കുമ്പോള്‍ മാറിമറിയുന്നു. സിനിമയുടെ ആരംഭത്തില്‍ ഒരു കല്യാണവീടിന്റെ പശ്ചാത്തലത്തില്‍ ബീഫിന്റെ രുചി വര്‍ണിക്കപ്പെടുന്ന സന്ദര്‍ഭമുണ്ട്. നെറ്റ്ഫ്ലിക്സിലെ സിനിമയുടെ തമിഴ്, തെലുഗു പകര്‍പ്പുകളില്‍ പ്രസ്തുത വാചകങ്ങള്‍ അതേമട്ടില്‍ മൊഴിമാറ്റുമ്പോള്‍ കന്നടയില്‍ ബീഫിനു പകരം മട്ടന്‍ എന്ന് ഏകപക്ഷീയമായി പ്രയോഗിക്കുന്നു. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന ഗോവധ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സിന്റെ ഈ നടപടി മനസ്സിലാക്കേണ്ടത്.
‘അന്നപൂരണി’യിലേതിന് സമാനമായ പരാമര്‍ശങ്ങള്‍ ഫുഡ് ഇന്‍സ്പെക്ടറായി ജയറാം വേഷമിട്ട ‘പട്ടാഭിരാമന്’ (2019) എന്ന ചിത്രത്തിലും വരുന്നു. തൊഴിലിന്റെ ഭാഗമായി മത്സ്യ-മാംസാദികള്‍ ഭക്ഷിക്കുന്നതിനെ ന്യായീകരിക്കുന്ന തമിഴ് ബ്രാഹ്മണ സമുദായാംഗമായാണ് പട്ടാഭിരാമനെ പ്രസ്തുത ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ‘ഗോദ’ (2017) എന്ന ചിത്രത്തിലും വടക്കേ ഇന്ത്യയിലെത്തിച്ചേര്‍ന്ന ശേഷം അവിടെ ബീഫ് അന്വേഷിക്കുന്ന തെന്നിന്ത്യന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഇത്തരം രംഗങ്ങള്‍ വിവാദങ്ങളുയര്ത്തുന്നതിന് കാരണമായിട്ടില്ല. സങ്കുചിതമായി ചിന്തിക്കുന്ന വീട്ടകങ്ങളിലേക്കും അന്യഭാഷാ പരിസരങ്ങളിലേക്കും ഒ.ടി.ടി വേദികളിലൂടെ ഇത്തരം ചിത്രങ്ങള്‍ പ്രവേശിക്കുമ്പോള്‍ മാത്രമാണ് ‘അന്നപൂരണി’ക്ക് സമാനമായ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ചലച്ചിത്രങ്ങളെ കലാവിഷ്കാരമായി തിരിച്ചറിയാനുള്ള ശേഷി പ്രേക്ഷകസമൂഹം ആർജിക്കുന്നതുവരെ അവയെ വിദ്വേഷപ്രചാരണായുധങ്ങളാക്കി വിലപേശുന്ന ഹീനരാഷ്ട്രീയതന്ത്രങ്ങള് തുടര്‍ന്നുകൊണ്ടിരിക്കും എന്നതില്‍ തര്‍ക്കമില്ല.