ഡിജിറ്റല്‍ ഭാവനയിൽ പിറന്ന സിനിമ
മിഥുന് മുരളിയുടെ ‘കിസ് വാഗണ്‍’ എന്ന പുതിയ സിനിമ കാണുന്നു. ഇൗ സിനിമയെ ഡിജിറ്റല്‍ ഭാവനയിൽ പിറന്ന സിനിമ എന്ന് വിശേഷിപ്പിക്കാമെന്നും കാമറയാണ്, അല്ലെങ്കില്‍ സിനിമാറ്റോഗ്രഫിയാണ് സിനിമ എന്ന നമ്മുടെ വിശ്വാസത്തെ ഈ സിനിമ ഇല്ലാതാക്കുന്നുവെന്നും നിരൂപകൻകൂടിയായ ലേഖകൻ എഴുതുന്നു.
1895 ഡിസംബർ 28ന് പാരിസിൽ ലൂമിയര്‍ സഹോദരന്മാർ ആദ്യ സിനിമയായ ‘The Arrival of The Train’ ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോൾ ഒരു യഥാർഥ ട്രെയിൻ തങ്ങളുടെ നേരെ ഓടിവരുന്നതായി അനുഭവപ്പെട്ടതിനാൽ പ്രേക്ഷകരില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചു, അപ്പോള്‍ അവര്‍ നിലവിളിച്ച് ഒാടിപ്പോയത്രേ. എന്നാല്‍, ഇന്ത്യയിൽ ആദ്യമായി മുംബൈയില്‍ ഇതേ സിനിമ പ്രദര്‍ശിപ്പിച്ചപ്പോൾ അങ്ങനെയൊന്നും സംഭവിച്ചില്ല. കാരണം, ഇതിനൊക്കെ മുമ്പ് നിഴല്പാവ പ്രകടനങ്ങളുടെ ദൃശ്യ-ശ്രവ്യാനുഭവം, നിശ്ചല ദൃശ്യങ്ങളുടെ ചലനത്തിലൂടെ സൃഷ്ടിച്ച ചലനത്തിന്റെ മായികത നമുക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലൂമിയര്‍ ഷോ ഇന്ത്യക്കാരനെ പാരിസിലെ പ്രേക്ഷകനെ എന്ന പോലെ പേടിച്ച് ഓടിപ്പോകാൻ അനുവദിക്കാതിരുന്നത്.
ഈ രീതിയിലുള്ള സിനിമാ പൂർവ (Pre-cinema) കലകളുടെ വലിയ പാരമ്പര്യമുള്ള നമ്മുടെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ നിഴല്പാവ നാടകത്തിന്റെ സങ്കേതം ഫലപ്രദമാവുമെന്ന ചിന്തയായിരിക്കും മിഥുന് മുരളിയെ തന്റെ ‘കിസ് വാഗണ്‍’ എന്ന ഏറ്റവും പുതിയ സിനിമയില്‍ ഈ കലാരൂപത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്. കാമറ ഉപയോഗിക്കാതെ, യഥാർഥ അഭിനേതാക്കൾ ഇല്ലാതെ നിഴല്‍ നാടകങ്ങളുടെ രൂപഘടനയില്‍ നിർമിച്ച ഈ സിനിമ ഒരു ആനിമേഷൻ സിനിമയല്ല. ആനിമേഷനില്‍ നമുക്ക് രൂപങ്ങളെ വ്യക്തമായി കാണാന്‍ പറ്റുമല്ലോ.
എന്നാല്‍, ഈ സിനിമയില്‍ കറുത്ത രൂപങ്ങളെയാണ് നാം കാണുന്നത്. ഷൂട്ടിങ് ഒഴിവാക്കി കമ്പ്യൂട്ടര്‍ എഡിറ്റിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഈ മൂന്നു മണിക്കൂർ ദൈര്‍ഘ്യമുള്ള സിനിമയിൽ മുപ്പത്-നാല്പത് ദൃശ്യങ്ങള്‍ അടുക്കിയടുക്കിയാണ് ഒരു ഷോട്ട് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് അകമ്പടിയായി പല ശബ്ദങ്ങളും സംഭാഷണങ്ങളും നരേഷനും. ഇതിനെ കോമ്പോസിറ്റ് സിനിമ, മള്‍ട്ടിമീഡിയ നരേറ്റിവ് സിനിമ എന്നൊക്കെ വിളിക്കാമെന്നു തോന്നുന്നു. സിനിമയുടെ ആനിമേഷനും എഡിറ്റിങ്ങും സൗണ്ട് ഡിസൈനും മ്യൂസിക്കും കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന് തന്നെയാണ്. തന്റെ ക്രിയാത്മക-രചനാ പങ്കാളിയായ ഗ്രീഷ്മ രാമചന്ദ്രനോടൊപ്പം രണ്ടു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു നവീന സിനിമ തന്റെ കമ്പ്യൂട്ടറില്‍ മിഥുൻ സൃഷ്ടിച്ചത്. ഇതിനെ ഡിജിറ്റല്‍ ഭാവനയിൽ പിറന്ന സിനിമ എന്ന് വിശേഷിപ്പിക്കാം.
കാമറയാണ്, അല്ലെങ്കില്‍ സിനിമാറ്റോഗ്രഫിയാണ് സിനിമ എന്ന നമ്മുടെ വിശ്വാസത്തെ ഈ സിനിമ ഇല്ലാതാക്കുന്നു. ഇക്കഴിഞ്ഞ റോട്ടര്‍ഡാം രാജ്യാന്തര മേളയിൽ ഈ സിനിമ രണ്ടു പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. മേളയിലെ ടൈഗര്‍ മത്സര വിഭാഗത്തിലെ ഏക ഇന്ത്യൻ സിനിമയായിരുന്നു ‘കിസ് വാഗണ്‍’.
സാങ്കേതിക വിദ്യയുടെ വലിയതോതിലുള്ള പുരോഗതി സിനിമയിൽ പലതും സാധ്യമാക്കുന്നു. ഒരുകാലത്ത് മെയിന്‍സ്ട്രീം സിനിമയിൽ ഗാനരംഗം ലൊക്കേഷനില്‍ ചിത്രീകരിക്കാതെ, സ്റ്റുഡിയോയില്‍ ബാക്ക് പ്രൊജക്ഷനിലൂടെ ചിത്രീകരിക്കുകയായിരുന്നു. കാലം പോകവെ, ലൊക്കേഷനെയും ഗാനരംഗത്തെയും കമ്പ്യൂട്ടറിൽ മിക്സ് ചെയ്ത് സൃഷ്ടിച്ചു. തുടര്‍ന്ന് പുതുതായൊന്നും ഷൂട്ട് ചെയ്യാതെ, ആര്‍ക്കൈവ് ദൃശ്യങ്ങളെ എഡിറ്റ് ചെയ്ത് സിനിമകള്‍ ഉണ്ടാക്കിത്തുടങ്ങി. അത്തരമൊരു സിനിമയാണ് ഴാന്‍-ലുക് ഗൊദാര്‍ദിന്റെ Historie(s) du cinema. ഈയടുത്തകാലത്ത് അലക്സാണ്ടര്‍ സൊക്കുറോവ് ഡീപ് ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച സിനിമയാണ് ‘ഫെയറി ടെയ്ൽ’. എന്നാല്‍, മിഥുന്റെ സിനിമ ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്.
സിനിമ കളറിലാണ് ആരംഭിക്കുന്നത്. ആമുഖത്തിനുശേഷം സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിലേക്ക് മാറുന്നു (ഇവിടെ ഒരു കൈ ആപ്പിള്‍ പറിക്കുന്ന ദൃശ്യമുണ്ട്. ആദിപാപത്തെ കുറിച്ചുള്ള ബിബ്ലിക്കല്‍ സ്മരണ ഉയര്‍ത്തുന്ന ഈ ദൃശ്യം ഉൽപത്തിയെ സൂചിപ്പിക്കുകയായിരിക്കാം. ആപ്പിള്‍ തിന്നതോടുകൂടി ആദത്തിനും ഹവ്വക്കും നഗ്നതയെ കുറിച്ച ബോധമാണ് ഉണ്ടായതെങ്കില്‍ ഇവിടെ ഇരുൾ നിറയുകയാണ്). ഇതിനിടയിലൂടെയാണ് പ്രധാന ആഖ്യാനത്തിലെ ഐല എന്ന ഡെലിവറി ഗേള്‍ ഒരു പാര്‍സൽ ഡെലിവറി ചെയ്യാനായി യാത്രചെയ്യുന്നത്. മിലിട്ടറി ഭരിക്കുന്ന ഈ പ്രദേശത്ത് സര്‍ക്കാറും അതിന്റെ അടിച്ചമര്‍ത്തലും നിയന്ത്രണങ്ങളുമുണ്ട്.
മതവും അവരുടെ പ്രബോധനങ്ങളും ആഘോഷവുമുണ്ട്. പല രീതിയിലുള്ള ചൂഷണങ്ങള്‍ നിലനില്ക്കുന്നു. ഈ സിനിമയിലെ ‘കിസ് വാഗണ്‍’ എന്ന സിനിമതന്നെ നിരോധിക്കുന്നുണ്ട്. സിനിമ പിന്നീട് അണ്ടര്ഗ്രൗണ്ടിൽനിന്നെന്നപോലെ പുറത്തുവരുന്നുണ്ട്. ഐലയെ പലരും പിന്തുടരുന്നുണ്ട്, അത് ഭരണകൂടത്തിന്റെയോ മതത്തിന്റെയോ ആളുകള്‍ ആയിരിക്കാം. ഡെലിവറി ചെയ്യാനായി ഐലക്ക് കിട്ടുന്ന പാര്‍സലിൽ ചുംബനമാണ് ഉള്ളതത്രെ!
ഇനിയും ധാരാളം വിഷയങ്ങളും കഥാപാത്രങ്ങളുമുണ്ട്. ഐലയുടെയും മറ്റുള്ളവരുടെയും മുന്‍കാല ജീവിതശകലങ്ങൾ നാം കേള്‍ക്കുന്നു. എന്നാല്‍, ഇവയൊക്കെയും നേര്‍രേഖയിലല്ല, പലപ്പോഴും പിരിയുകയും കൂടിച്ചേരുകയും വീണ്ടും പിരിയുകയും ചെയ്യുന്നു. വ്യക്തിചരിത്രം മാത്രമല്ല, ലൈംഗികതയെയും ജെൻഡറിനെയും കുറിച്ച് വിരുദ്ധാശയങ്ങൾ അവതരിപ്പിക്കുന്നു. സ്വതന്ത്ര സിനിമയുടെ ഭാവിയെക്കുറിച്ചും മുഖ്യധാരാ സിനിമയുടെ സ്വഭാവത്തെക്കുറിച്ചും നിർമാതാക്കൾ സംസാരിക്കുന്നു. ഒരേ മാതൃകയിലുള്ള നിരവധി ആത്മഹത്യകള്‍.
പൊലീസ് ലൈൻ, ക്രൈം സോൺ, വില്ലുകൾ, അമ്പുകൾ, കത്തികൾ, തോക്കുകൾ, ബോംബുകൾ, ചേസ്, ക്രാഷ്, രക്ഷാപ്രവർത്തനം, സ്കൈ ഡൈവ്, ഷൂട്ടൗട്ട് –ഇത്തരം വാക്കുകൾ സിനിമയില്‍ പലപ്പോഴായി പ്രത്യക്ഷപ്പെടുന്നു.
മതപരമായ ആഘോഷങ്ങള്‍ക്ക് പിന്നിൽ പ്രവര്‍ത്തിക്കുന്ന ക്യാപ്റ്റനാണ് ഐല ഈ പാര്‍സൽ എത്തിക്കേണ്ടത്. ബൈബിള്‍ ധ്വനിയുള്ള ഒരു പേടകം തുറക്കാനുള്ള പാസ് വേഡ് ആണ് പാര്‍സലിൽ അടങ്ങിയിരിക്കുന്ന ചുംബനം. പേടകം തുറക്കുന്നതിലൂടെ പുറത്തുവരുന്ന അതിമാനുഷ അവതാരത്തിലൂടെ ക്യാപ്റ്റന്‍ ആളുകളെ അത്ഭുതപ്പെടുത്തണം. അതിനുള്ള തയാറെടുപ്പാണ് നിർമിതികളും ആര്‍ക്കിടെക്ചറും ആഘോഷങ്ങളും, അതില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് ആളുകളും – എല്ലാം സ്പെക്ടക്കിള്പോലെയാണ്. എന്നാല്‍, പേടകം തുറക്കുമ്പോൾ അതിനു വിരുദ്ധമായി നാം കാണുന്നത് ക്യാപ്റ്റന്റെ ആളുകൾ കൊന്നുകൂട്ടിയ മനുഷ്യരുടെ അസ്ഥികൂടങ്ങളാണ്. അവിടെ െവച്ച് ഐല കൊലചെയ്യപ്പെടുകയാണ്. കാലാന്തരേണ അവള് ഒരു ദൈവമായി അറിയപ്പെട്ടേക്കാം.
ഈ സ്പെക്റ്റക്കിളിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഒരു ഫിലിംമേക്കറിന് ഉണ്ട്. അതായത്, മറ്റൊരു കലാരൂപത്തിലും സാധിക്കാത്തവിധത്തില്‍ വലിയ തിരശ്ശീലയിൽ ധാരാളം സ്പീക്കറുകളും മറ്റും ഉപയോഗിച്ച് (മറ്റൊരു സ്പെക്റ്റക്കിൾപോലെ) ധാരാളം ആളുകളിലേക്ക് തന്റെ ആശയങ്ങൾ എത്തിക്കാന്‍ പറ്റും. അത്തരത്തിലുള്ള ഒന്നാണ് സിനിമക്കുള്ളിലെ സിനിമയായ ‘കിസ് വാഗണി’ലൂടെ ശ്രമിക്കുന്നത് (സിനിമ ഈ സിനിമയിലെ പ്രധാന വിഷയമാണ്. ‘കിസ് വാഗണ്‍’ എന്ന പേര് നിരവധിതവണ പ്രത്യക്ഷപ്പെടുന്നു. ഈ സിനിമയെ film-within-the-film-with-the-same-title എന്ന് വിശേഷിപ്പിക്കാം).
സിനിമ അവസാനിക്കുമ്പോള്‍ ചുംബനത്തിന്റെ ദൃശ്യമാണ്. അപ്പോള്‍ സിനിമ കളറിലേക്ക് മാറുന്നു. രണ്ടുപേര്‍ ചുംബിക്കുമ്പോൾ ലോകം നിറങ്ങളില്‍ കുളിക്കുന്നു. ചുംബനത്തിലൂടെ, സ്നേഹത്തിലൂടെ വീണ്ടെടുക്കപ്പെടുന്ന മാനുഷികത. ഈ പ്രധാന കഥാതന്തുകൂടാതെ ധാരാളം സബ് പ്ലോട്ടുകളും സിനിമയിലുണ്ട്. സിനിമയില്‍ ഒരു പ്രധാന ആഖ്യാനം ഉണ്ടെങ്കിലും സിനിമ പുരോഗമിക്കവെ പല ആഖ്യാനങ്ങൾ കടന്നുവരുന്നു, ഒരു വൃക്ഷത്തിന്റെ ശാഖകളും ഉപശാഖകളുംപോലെ. ഈ രീതിയില്‍ നിരവധി ഉപ ആഖ്യാനങ്ങള്‍ വരുമ്പോൾ പ്രേക്ഷകർ ആശയക്കുഴപ്പത്തിലാവുന്നു.
പാബ്ലോ എസ്കോബാർ, റെബേക്ക ഹംപ്, റോജർ ബവൽസൺ, ടോട്ടോ, ഫിഫി. ഈ കഥാപാത്രങ്ങള്‍ ചരിത്രസ്മൃതി ഉണര്‍ത്തുന്നു. ഈ ലോകത്തിലെ അന്യഗ്രഹജീവികളായ സോനും ക്വാവും എല്ലാ പ്രവർത്തനത്തിനും സാക്ഷ്യം വഹിക്കുകയും എല്ലാ ആഖ്യാനങ്ങളെയും ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ ഭരണത്തിനും മതത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘവും ഉണ്ട്, അവർ അണ്ടര്‍ഗ്രൗണ്ട് ഫിലിം ക്ലബുകൾ വഴി സിനിമകൾ പ്രദര്‍ശിപ്പിക്കുന്നു, സര്‍ക്കാറിന്റെ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നു, അവരുടെ ആയുധങ്ങളെ നിര്‍വീര്യമാക്കാൻ ശ്രമിക്കുന്നു. സിനിമക്ക് ഒരു ആമുഖവും ഉപസംഹാരവും ഉണ്ട്, കൂടാതെ The Egg, The Larva, The Pupa എന്നീ അധ്യായങ്ങളുമുണ്ട്.
സിനിമ ഉത്തരങ്ങളെക്കാള്‍ കൂടുതൽ നമ്മില്‍ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. ഇത് ഇതിഹാസ പുരാണങ്ങളിലെ ആഖ്യാനരീതിയെ ഓർമിപ്പിക്കുന്നു. ഒരു സ്ഥലത്ത് എത്താനായി ഇതിഹാസങ്ങളിൽ ധാരാളം ഉപകഥകള്‍ ഉപയോഗിക്കുന്നു. ഈ രീതിയിലുള്ള അനേകതയെ ദൃശ്യങ്ങളുടെ വേഗവും ധാരാളിത്തവും കൂടുതല്‍ സങ്കീർണമാക്കുന്നു.
അനേകത വായ്മൊഴി പാരമ്പര്യത്തിന്റെ പ്രത്യേകതയാണ്. വാമൊഴി പാരമ്പര്യം ഭാഷയുടെ താളത്തിനും ആവർത്തനത്തിനും വളരെയധികം ഊന്നൽ നൽകുന്നു. വാസ്തവത്തിൽ, ആവർത്തനവും താളവും വാമൊഴി കഥപറച്ചിലിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പരസ്പരബന്ധിതവുമായ രണ്ട് സവിശേഷതകളാണ്. കഥ പറയുന്നവർ പലപ്പോഴും വാക്കുകൾ, വാക്യങ്ങൾ, ശബ്ദങ്ങൾ, മുഴുവൻ വരികളും, ഖണ്ഡങ്ങളും ആവർത്തിക്കുന്നു. അതുകൊണ്ടുതന്നെ സിനിമ പ്രത്യക്ഷതാ എളുപ്പത്തില്‍ മനസ്സിലാക്കാന്‍, ഗ്രഹിക്കാന്‍ കഴിയുന്നില്ല. പ്രേക്ഷകരുടെ ഭാവനക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്.
ചിലത് പെട്ടെന്ന് വെളിപ്പെട്ടുവരും. മറ്റു ചിലത് അങ്ങനെയല്ല. ഓരോ വസ്തുവിന്റെയും രൂപങ്ങളുടെയും ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും തനതായ ഭംഗിക്കപ്പുറം ഓരോരുത്തര് കാണുന്ന സൗന്ദര്യം അവരുടെ മനസ്സിൽ എന്നോ പതിഞ്ഞ ആകാരങ്ങളുടെ, കണ്ടുവളര്‍ന്ന രൂപങ്ങളുടെ, ഉള്ളില്‍ പതിഞ്ഞ ഭാവങ്ങളുടെ, സങ്കൽപങ്ങളുടെ, അതുണ്ടായ, അതുണ്ടാക്കിയ സാഹചര്യങ്ങളുടെ പ്രതിഫലനംകൂടി അനുസരിച്ചാവും. അതുവരെ കണ്ടിട്ടില്ലാത്തവയും സുന്ദരമാണെങ്കിൽ അവയുടെ അഴകുപോലും അറിയുന്നത് മനസ്സില്‍ എന്നേയുള്ള സൗന്ദര്യസങ്കൽപങ്ങളുമായി മാറ്റുരച്ചാണ്.
ചിലവ കാണുമ്പോള്‍ മനസ്സിൽ സുപ്തമായി കിടക്കുന്ന ഓർമകളുടെ ചെപ്പ് തുറക്കും. കലയില്‍ അത് ഭാവസ്ഥിരങ്ങളായ ജനനാനന്തര സൗഹൃദങ്ങളുടെ ഓർമപ്പെടുത്തലാണ്. മസ്തിഷ്കത്തെ കുറിച്ച് പഠിക്കുന്നവര്‍ ജനിതക ഓർമകളെ കുറിച്ച് പറയുന്നുണ്ട്. ഇതിന് ഒരു ഉദാഹരണം പൂമ്പാറ്റകളുടെ ദേശാടനമാണ് (‘ഞാന്‍ എന്ന ഭാവം’, ഡോ. കെ. രാജശേഖരന് നായര്‍).
സിനിമ കമ്പ്യൂട്ടറിലെ Functions - Rewind, fast forward, pause, loading, ടെക്സ്റ്റിന്റെ പല രീതിയിലും വേഗതയിലുമുള്ള ചലനങ്ങള്‍, ബീപ് ശബ്ദങ്ങൾ മുതലായവ ഉപയോഗിച്ചിട്ടുണ്ട്. സിനിമ വിഡിയോ ഗെയിമിനെ ഓർമിപ്പിക്കുന്നു, പ്രത്യേകിച്ച് ലിംബോ വിഡിയോ ഗെയിമിനെ. ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലുള്ള ഈ ഗെയിം ഹൊറർ വിഭാഗവുമായി ബന്ധപ്പെട്ട വിചിത്രമായ അന്തരീക്ഷം സൃഷ്ടിക്കാൻ ലൈറ്റിങ്, ഫിലിം ഗ്രെയ്ൻ ഇഫക്ടുകൾ, മിനിമല്‍ ആമ്പിയന്റ് സൗണ്ട് എന്നിവ ഉപയോഗിക്കുന്നു. ഈ ഇരുണ്ട അവതരണം ഫിലിം നോയറിനോടും ജർമൻ എക്സ്പ്രഷനിസത്തോടും താരതമ്യപ്പെടുത്താവുന്ന സൃഷ്ടിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് പത്രപ്രവർത്തകർ പ്രശംസിച്ചു. അതിന്റെ സൗന്ദര്യശാസ്ത്രത്തെ അടിസ്ഥാനമാക്കി, നിരൂപകർ ലിംബോയെ ഒരു കലാരൂപമെന്ന നിലയിലുള്ള വിഡിയോ ഗെയിമായി വിശേഷിപ്പിച്ചു.
ഈ സിനിമയില്‍ യഥാർഥ അഭിനേതാക്കളില്ല, അനിമേഷനില്‍ ഉള്ളതുപോലെ മനുഷ്യരൂപങ്ങളില്ല, സംഭാഷണങ്ങളോ, കഥയുടെ രേഖീയമായി പുരോഗമിക്കുന്ന ആഖ്യാനമോ ഇല്ല. അനിമേഷനില്പോലും മുഖത്തിന്റെ ക്ലോസപ്പിൽ ഭാവങ്ങള്‍ കാണിക്കാം. എന്നാല്‍, ഈ സിനിമയിൽ നിഴല്രൂപങ്ങളായതിനാൽ അതൊന്നും ഇല്ല (ക്ലോസപ്പില്‍ കാണിക്കുന്ന മുഖം വികാരങ്ങളുടെ പടനിലമാണ്).
മിഥുന് മുരളിയെ പോലെ കാമറകൊണ്ട് ചിത്രീകരിക്കാതെ സിനിമയുണ്ടാക്കുന്ന രീതിതന്നെയാണ് അമിത് ദത്തയും അവലംബിക്കുന്നത്. എന്നാല്‍ അദ്ദേഹം അനിമേറ്ററായ ഭാര്യ ഐശ്യര്യ ശങ്കരനാരായണന്റെ സഹായത്തോടെ നിർമിച്ച Wittgenstein Plays Chess With Marcel Duchamp, or How Not To Do Philosophy കട്ടൗട്ട് അനിമേഷന്‍ സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സിനിമയുടെ മൂലധനം, സ്വതന്ത്രത, ഓതര്‍ഷിപ് മുതലായ വശങ്ങളെക്കുറിച്ചുള്ള ചിന്തകള്‍കൂടി അവതരിപ്പിക്കുന്നു.
ഡിജിറ്റല്‍ വന്നിട്ടും സിനിമ ആ രീതിയിൽ മാറിയില്ല, നാം അതിനായി ശ്രമിച്ചില്ല. നാം ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നു എന്നല്ലാതെ, ബാക്കിയെല്ലാം സെല്ലുലോയ്ഡില്‍ ചെയ്തതുപോലെത്തന്നെയായിരുന്നു – അഭിനേതാക്കൾ, ക്രൂ, ചിത്രീകരണം, സെറ്റുകള്‍, സംഭാഷണം, സംഗീതം എല്ലാം പഴയതുപോലെത്തന്നെ തുടര്‍ന്നു (മലയാളത്തില്‍ ചിന്തിച്ച് ഇംഗ്ലീഷിൽ സംസാരിക്കുന്നതുപോലെയാണ് നാം ഡിജിറ്റലില്‍ സിനിമയുണ്ടാക്കുന്നത്). എന്നാല്‍, ഡിജിറ്റലിലൂടെ മറുവഴി അന്വേഷിക്കുകയാണ് അമിത് ദത്തയെ പോലെ മിഥുൻ മുരളിയും.
നിലവിലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘സ്വയം പര്യാപ്ത സിനിമ’ എന്ന ആശയമാണ് ദത്ത മുന്നോട്ട് വെക്കുന്നത്. എല്ലാം സ്വയംതന്നെ ചെയ്യുക, ഒരു പരമ്പരാഗത കരകൗശല വിദഗ്ധൻ പ്രവര്‍ത്തിക്കുന്നതുപോലെ. പുണെയിലും അഹമ്മദാബാദിലും െവച്ച് വളരെക്കാലം സിനിമകള്‍ സംവിധാനംചെയ്തതിന് ശേഷം അദ്ദേഹം ഇപ്പോള്‍ തന്റെ ജന്മനാടായ ജമ്മുവിന് വളരെ അടുത്തുള്ള കാംഗ്ര താഴ് വരയിൽ സ്ഥിരതാമസമാക്കി വ്യക്തിഗത ഇലക്ട്രോണിക് മീഡിയയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ സിനിമാ നിർമാണം കൂടുതൽകൂടുതൽ വ്യക്തിപരവും അടുപ്പമുള്ളതും ആവുന്നു. അദ്ദേഹത്തിന്റെ സിനിമകളുടെ എഴുത്തുകാരനും സംവിധായകനും എഡിറ്ററും സൗണ്ട് ഡിസൈനറും അദ്ദേഹം തന്നെയാണ്.
അജ്ഞാത ജീവിതം നയിക്കുന്ന ഒരു പരമ്പരാഗത കരകൗശല വിദഗ്ധനെപ്പോലെയാണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സമാനമായ ആശയമാണ് മിഥുന് തന്റെ സിനിമയിൽ പിന്തുടരുന്നത്. മിഥുൻ പറയുന്നു: ‘‘ആര്‍ട്ട് സിനിമയിലായാലും മെയിന്‍സ്ട്രീം സിനിമയിലായാലും സംവിധായകൻ പലരുടെയും സർഗാത്മകയാൽ ബന്ധിതനാണ്. എല്ലാവരുടെയും സംഭാവനക്കു ശേഷം ഒപ്പ് ചാര്‍ത്തുന്ന ഒരാളാവരുത് സംവിധായകൻ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഓഡിയോ, വിഡിയോ എല്ലാം ഞാന്‍ സൃഷ്ടിച്ചതാണ്, എന്റെ പാര്‍ട്ണറും ഒപ്പമുണ്ട്.
പല മേഖലകളിൽ വിദഗ്ധരായ കലാകാരന്മാർ, എന്റെ സിനിമയുടെ ലുക്കും ഫോമും മാറിയേക്കാം. അപ്പോള്‍ എനിക്ക് കര്‍തൃത്വത്തെ സംബന്ധിക്കുന്ന സംതൃപ്തി ലഭിക്കില്ല. അവരെ ഉപയോഗിക്കാത്തതുകൊണ്ട് എന്റെ സിനിമ മോശമായിക്കോട്ടെ.’’ സിനിമ ഓഡിയോ-വിഷ്വല്‍ മാത്രമല്ല എന്നാണ് പ്രാതിഭാസിക വിജ്ഞാനം പറയുന്നത്. സിനിമ ശാരീരിക അനുഭവങ്ങള്‍ കൂടി ഉണ്ടാക്കുന്നുണ്ട്. അതായത്, സിനിമാക്കാഴ്ചയിൽ ശരീരം കൂടി ഉൾച്ചേരുന്നു. സിനിമാറ്റിക് അനുഭവത്തില്‍ ശരീരവും ഉത്തേജിതമാവുന്നുണ്ട് -കാഴ്ചക്ക് ശ്രവ്യസുഖവും കേള്‍വിക്ക് മധുരവും തൊടലിന് ദൃശ്യാനുഭവവും.
എന്നാല്‍, നമ്മുടെ സിനിമകള്‍ക്ക് പൊതുവെ ഒരു കഥ ആഖ്യാനംചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. നമ്മെ സംബന്ധിച്ച് സിനിമയുടെ സ്ക്രിപ്റ്റ്, സംഭാഷണം, സാമൂഹികവശം, പൊളിറ്റിക്കല്‍ കറക്റ്റ്നസ് എന്നിവയൊക്കെ മാത്രമാണ് വിഷയം. സിനിമയില്‍ അർഥം മാത്രം അന്വേഷിക്കുമ്പോള്‍ സിനിമ പകരുന്ന അനുഭൂതി നഷ്ടപ്പെടുന്നു. അർഥം ഉൽപാദിപ്പിക്കുന്ന യന്ത്രമല്ലല്ലോ സിനിമ.