ശ്യാമസംഗീതത്തിന്റെ അമ്പത് വർഷങ്ങൾ
മലയാള സിനിമയിൽ സംഗീത സംവിധായകനായി ശ്യാം അമ്പതു വർഷം പൂർത്തിയാക്കുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുകയാണ് ഇൗ കുറിപ്പ്.
മലയാള സിനിമാ പിന്നണിഗാന ആലാപനരംഗം ഒരുകാലത്ത് അടക്കിവാണിരുന്നത് മറുഭാഷക്കാരാണ്. പി. ലീല എന്ന മലയാളി തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് പി. സുശീല, എസ്. ജാനകി, ബി. വസന്ത, പി. മാധുരി തുടർന്ന് വാണി ജയറാം എന്നിവരാണ് ഗായികമാരായി നിലനിന്നത്. അധികം പാട്ടുകൾ പാടാതെ രംഗം വിട്ടുപോയ കുറെ മലയാളി ഗായികമാരെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. എന്നാൽ, ഗായകരിൽ എ.എം. രാജ മാത്രമാണ് നീണ്ടകാലം മലയാളത്തിൽ പാടിയത്. യേശുദാസിന്റെ വരവോടുകൂടി അന്യഭാഷാ പുരുഷ ഗായകർ തീർത്തും അപ്രസക്തരായി. എന്നാൽ, ഗായികമാർ അപ്പോഴും നിലനിന്നു. എൺപതുകളിൽ ചിത്രയുടെ വരവോടുകൂടിയാണ് അന്യഭാഷാ ഗായികമാരുടെ കാലം കഴിഞ്ഞത്.
എന്നാൽ, സംഗീതസംവിധാന രംഗത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു. തുടക്കം മുതൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു ഈ മേഖലയിൽ. ആദ്യത്തെ ശബ്ദസിനിമയായ ‘ബാലനി’ൽ, ആദ്യ പിന്നണിഗാനം പിറന്ന ‘നിർമല’യിൽ ഒക്കെ സംഗീതംകൊടുത്തത് മലയാളികൾ തന്നെയായിരുന്നു. അവരെ പിന്തുടർന്ന് ചിദംബരനാഥും ദക്ഷിണാമൂർത്തിയും ബ്രദർ ലക്ഷ്മണുമൊക്കെ രംഗത്തുവന്നു. തുടർന്ന് രാഘവൻ മാഷും ദേവരാജൻ മാഷും ബാബുരാജും അർജുനൻ മാഷും. വല്ലപ്പോഴും അന്യഭാഷക്കാരായ സലിൽ ചൗധരിയും ഇളയരാജയുമൊക്കെ വന്നുപോയിരുന്നെങ്കിലും ഈ രംഗം ഏറക്കുറെ മലയാളികൾതന്നെയാണ് കൈയടക്കിവെച്ചിരുന്നത്. ഇതിനൊരപവാദമായി വന്നത് ശ്യാം ആയിരുന്നു.
1974ൽ ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്നു. അമ്മ മലയാളിയായതുകൊണ്ട് പാതി മലയാളി എന്ന് പറയാം. പക്ഷേ, ജനിച്ച് വളർന്നത് തമിഴ്നാട്ടിൽ. തമിഴ് വേരുകൾ ശക്തമായിട്ടും അദ്ദേഹം തിളങ്ങിയത് മലയാളത്തിലായിരുന്നു. ഇരുന്നൂറിലധികം ചിത്രങ്ങൾക്കായി എഴുന്നൂറിൽ കൂടുതൽ പാട്ടുകൾ അദ്ദേഹം ചെയ്തു. അതിൽ നിരവധി ജനപ്രിയ ഗാനങ്ങൾ.
സാമുവൽ ജോസഫ് അച്ഛന്റെ കർശനമായ ആഗ്രഹത്തിന് വിരുദ്ധമായിട്ടാണ് സംഗീതരംഗത്തെത്തുന്നത്. അമ്മ കീ ബോർഡ് വായിക്കുമായിരുന്നെങ്കിലും നന്നായി പഠിച്ച് സർക്കാർ ജോലി നേടുക എന്നതായിരുന്നു അച്ഛന്റെ നിർദേശം. വീട്ടിൽ ഒരു റേഡിയോപോലുമുണ്ടായിരുന്നില്ല. അടുത്തുള്ള ചായക്കടയിലെ റേഡിയോവിലൂടെയാണ് സിനിമാ പാട്ടുകൾ കേൾക്കുന്നതും ഇഷ്ടംതോന്നുന്നതും. സംഗീതത്തോടുള്ള ഇഷ്ടം ഒടുവിൽ എത്തിച്ചത് വയലിൻ പരിശീലനത്തിൽ. അപ്പോഴും ഞായറാഴ്ചകളിൽ സംഗീതപഠനം പാടില്ല ബൈബിൾ മാത്രം മതിയെന്ന് അച്ഛന്റെ കർശന നിയന്ത്രണമുണ്ടായിരുന്നു. പഠിച്ച് ജോലി നേടുക എന്ന അച്ഛന്റെ നിർദേശം പാലിക്കാൻ സാമുവൽ ജോസഫ് തിരഞ്ഞെടുത്തത് ലോ കോളജ്. ക്ലാസ് കട്ട് ചെയ്തും വയലിൻ പഠനം തുടരാമെന്നതായിരുന്നു ലോ കോളജിൽ ചേരാനുള്ള പ്രചോദനം.
വയലിൻ പഠിച്ചുവന്നതോടെ പല പരിപാടികളിലും വായിക്കാൻ അവസരം കിട്ടി. ഒരിക്കൽ എം.എസ്.വിയെ കാണാൻ പോയതാണ് വഴിത്തിരിവായത്. ഒരു കൊട്ട പഴങ്ങളുമായാണ് പോയത് എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. എം.എസ്.വി മാസശമ്പളത്തിന് അദ്ദേഹത്തെ നിയമിക്കുന്നു. അന്ന് പല സംഗീതസംവിധായകർക്കും റെക്കോഡിങ് സ്റ്റുഡിയോകൾക്കും മാസശമ്പളത്തിന് സംഗീതജ്ഞരെ നിയമിക്കുന്ന രീതി ഉണ്ടായിരുന്നു. പക്ഷേ, സിനിമ റിലീസ് ആയാലേ ശമ്പളം കിട്ടൂ. സിനിമ പൂർത്തിയാകാതെ വന്നാലോ റിലീസ് ചെയ്യപ്പെടാതെയിരുന്നാലോ അത്രനാളും ജോലിചെയ്തത് വെറുതെയാകും എന്ന അവസ്ഥ ഉണ്ടായിരുന്നു.
ഇത് മാറിയത് എം.ബി. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സിനി മ്യൂസിഷ്യൻസ് അസോസിയേഷൻ രൂപവത്കരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിനുശേഷം. അന്ന് എം.ബി.എസിന്റെ കൂടെ ശക്തമായി നിന്നത് ശ്യാം ആയിരുന്നു. അവരുടെ നിരന്തര പ്രതിഷേധങ്ങൾ ഒടുവിൽ ഫലം കണ്ടു. സിനിമ തീരുന്നതുവരെ കാത്തിരിക്കാതെ പ്രതിഫലം അപ്പപ്പോൾ കിട്ടണമെന്ന അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടു.
എം.എസ്.വി, സാമുവൽ ജോസഫ് എന്ന നീണ്ട പേര് വിളിക്കാനാവാതെ സാം എന്ന് വിളിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ ശീലമായിരുന്നു, തന്റെ ട്രൂപ്പിലുള്ളവരെ എളുപ്പത്തിൽ വായിൽ വരുന്ന പേര് വിളിക്കുക എന്നത്. സാം കേരളത്തിലെത്തിയപ്പോൾ ശ്യാം ആയി. എം.എസ്.വിയാണ് വെസ്റ്റേൺ രീതിയിൽ വയലിൻ വായിക്കുന്ന ശ്യാമിനെ കർണാട്ടിക് പഠിക്കാൻ അയക്കുന്നത്. ശ്യാം എത്തിപ്പെട്ടത് ലാൽഗുഡി ജയരാമന്റെ അടുത്ത്. ബ്രാഹ്മണരെ അല്ലാതെ ആരെയും പഠിപ്പിക്കാത്ത ലാൽഗുഡിയുടെ ഇഷ്ടപ്പെട്ട ശിഷ്യനായി ശ്യാം പിന്നീട് മാറി.
അദ്ദേഹത്തിന്റെ പൂജാമുറിയിൽ ഇരുന്ന് വായിക്കാൻവരെ സ്വാതന്ത്ര്യം ശ്യാമിന് കിട്ടി. ലാൽഗുഡിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു, ശ്യാം ലാൽഗുഡിക്കൊപ്പം ഒരു വേദിയിൽ വയലിൻ വായിക്കുക എന്നത്. അത് സംഭവിക്കുകതന്നെ ചെയ്തു. ലാൽഗുഡിയുടെ ഒരു കച്ചേരിക്ക് തില്ലാന ചെയ്തത് ശ്യാം. കച്ചേരിയുടെ തുടക്കത്തിലും അവസാനത്തിലും. ലാൽഗുഡിയുടെഅച്ഛന് ഏറെ ഇഷ്ടപ്പെട്ടു പരിപാടി എന്ന് ഗുരുഭക്തിയോടെ അദ്ദേഹം ഓർത്തെടുത്തു.
ഇന്ത്യയിലെ ഒട്ടുമിക്ക സംഗീത സംവിധായകരുടെയും കൂടെ അദ്ദേഹം വയലിൻ വായിച്ചിട്ടുണ്ട്. ഹിന്ദിയിൽ സി. രാമചന്ദ്ര, മദൻ മോഹൻ, നൗഷാദ്, സലിൽ ചൗധരി, ആർ.ഡി. ബർമൻ, മലയാളത്തിൽ ദക്ഷിണാമൂർത്തി, ജി. ദേവരാജൻ തുടങ്ങിയവർക്കൊക്കെ. ഏറെനാൾ സലിൽ ചൗധരിയുടെ സഹായിയായിരുന്നു ശ്യാം. അതിനുശേഷമാണ് സ്വന്തമായി സംഗീതം ചെയ്യാൻ അദ്ദേഹം എത്തുന്നത്.
മലയാളത്തിലെ ആദ്യകാല സംഗീതസംവിധായകർ പശ്ചാത്തലസംഗീതം ചെയ്യുന്നതിൽ അത്ര പ്രഗല്ഭരായിരുന്നില്ല. ദേവരാജൻ മാഷ് ചില സിനിമകൾക്ക് ചെയ്തിട്ടുണ്ട്. 1992ൽ പുറത്തുവന്ന, ഭരത് ഗോപി സംവിധാനംചെയ്ത ‘യമനം’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം കിട്ടിയിട്ടുമുണ്ട്. എന്നാൽ, അതൊരു ഒറ്റപ്പെട്ട സംഭവം മാത്രം. ഒരിക്കലും മനസ്സിൽനിന്ന് മാഞ്ഞുപോകാത്ത നിരവധി പാട്ടുകൾ തന്ന ആദ്യകാല സംഗീതസംവിധായകർ മിക്കവരും പാട്ടുകളിൽ മാത്രം ശ്രദ്ധ ചെലുത്തി. ഇതിനൊരപവാദമായിരുന്നു ശ്യാം. പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുപോലെ അദ്ദേഹത്തിന് വഴങ്ങി. ശേഷം വന്നവർ ഒക്കെ പാട്ടുകളെ പോലെത്തന്നെ പശ്ചാത്തല സംഗീതത്തിലും മികവ് പുലർത്തി. തുടക്കം കുറിച്ചത് ശ്യാം ആണെന്ന് പറയാം.
‘സി.ബി.ഐ ഡയറിക്കുറിപ്പി’ലെ സേതുരാമ അയ്യരുടെ ചലനങ്ങൾക്കുള്ള അകമ്പടിസംഗീതം അദ്ദേഹത്തിന്റെ പ്രാഗല്ഭ്യത്തിന് ഏറ്റവും നല്ല ഉദാഹരണം. ആ സംഗീതശകലം ഒരിക്കൽ കേട്ടാൽ മതി സേതുരാമ അയ്യർ മനസ്സിന്റെ സ്ക്രീനിൽ തെളിയുകയായി. അതുപോലൊന്ന് മലയാളത്തിലെന്നല്ല ഇന്ത്യയിൽതന്നെ വേറെയില്ല. പരമ്പരയിലെ ആദ്യ സിനിമ തൊട്ട് അടുത്ത് ഇറങ്ങിയ അഞ്ചാമത്തെ സിനിമ വരെ ആ തീം സംഗീതം തുടരുന്നു. സംഗീത ഉപകരണങ്ങളിലും ചടുലതയിൽ മാറ്റം വന്നുവെങ്കിലും സംഗീതം അത് തന്നെ. ആദ്യ സിനിമയിൽ വളരെ മൃദുവായി പിയാനോയിൽ വായിച്ചതായിരുന്നു. സേതുരാമ അയ്യർ നിരവധി തെളിയാ കേസുകൾ തെളിയിച്ച് അതിമാനുഷനായി മാറിയപ്പോൾ അദ്ദേഹത്തോടൊപ്പമോ അതിനേക്കാൾ വലുതായോ ഈ സംഗീതശകലം വളർന്നു.
ശ്യാം വയലിനിസ്റ്റ് ആയി നിറഞ്ഞുനിന്നിരുന്ന കാലത്ത് ഹെൻ റി മൻസീനിയുടെ കടുത്ത ആരാധകനായിരുന്നു. ‘ഹതാരി’ എന്ന സിനിമയിലെ കുട്ടി ആനകളുടെ നടത്തത്തിന് അകമ്പടി ആയി മൻസീനി ചെയ്ത സംഗീതശകലം കേട്ടതിന്റെ ആവേശത്തിൽ മൻസീനിക്ക് എഴുത്തെഴുതി ശ്യാം. തനിക്ക് മൻസീനിക്ക് ശിഷ്യപ്പെടണം എന്നതായിരുന്നു ആവശ്യം. വീട്ടിലെ വേലക്കാരനായി നിൽക്കാനും തയാറാണെന്നായിരുന്നു, അദ്ദേഹം എഴുതിയത്. മൻസീനി ആവട്ടെ കത്തിന് കൃത്യമായ മറുപടി എഴുതി. തന്റെ ‘സൗണ്ട്സ് ആൻഡ് സ്കോർസ്’ എന്ന പുസ്തകത്തിന്റെ കോപ്പി അയച്ചുകൊടുത്തു.
ശ്യാം, മൻസീനിയുമായുള്ള എഴുത്തുകുത്തുകൾ തുടർന്നു. മിക്കവാറും ക്രിസ്മസ് സന്ദേശങ്ങളും ഉപഹാരങ്ങളും അയച്ചുകൊടുക്കാറുണ്ടായിരുന്നു, അദ്ദേഹം എന്ന് ശ്യാം ആരാധനയോടെ ഓർമിക്കുന്നു. ഒരു വിദേശപര്യടനത്തിന്റെ ഭാഗമായി അമേരിക്കയിൽ പോയപ്പോൾ മൻസീനിയെ കാണാൻ വേണ്ടി അദ്ദേഹത്തിന്റെ ഓഫിസിൽ വരെ പോയി ശ്യാം. പക്ഷേ, നിർഭാഗ്യത്തിന് അദ്ദേഹം ഉണ്ടായിരുന്നില്ല. സിനിമ സംഗീതജ്ഞരുടെ സംഘടനയുടെ സെക്രട്ടറി സെറീന വില്യംസിനെ കാണാനേ പറ്റിയുള്ളൂ. മൻസീനിയെ കാണാൻ കഴിയാത്തത് ഇന്നും സങ്കടമായി അദ്ദേഹം ഉള്ളിൽ കൊണ്ടുനടക്കുന്നു.
പാട്ടുകളുടെ കാര്യത്തിൽ ആദ്യകാല സംഗീത സംവിധായകരുടെ രീതിയിൽനിന്ന് ഒരു വിടുതൽ അദ്ദേഹം സാധിച്ചു. അദ്ദേഹത്തിന്റെ വരവിന് മുമ്പുള്ളവർ ഏറക്കുറെ ഒരേ രീതിയിലുള്ള മെലഡികളാണ് പ്രധാനമായും ചെയ്തത്. ജീവിതത്തിനും അതിന്റെ പ്രതിഫലനമായ സിനിമക്കും വേഗത കുറവായിരുന്നു. അത്തരം സിനിമകൾക്ക് വേണ്ട സംഗീതവും അതുപോലെതന്നെ. എഴുപതുകളോടെയാണ് സിനിമക്ക് വേഗത കൂടിത്തുടങ്ങുന്നത്. റെക്കോഡിങ് സ്റ്റീരിയോ ആകുന്നതും ഇക്കാലത്താണ്. കീ ബോർഡ് തുടങ്ങിയ ഉപകരണങ്ങൾ വ്യാപകമായി രംഗത്തെത്തുന്നതും ഇക്കാലത്ത് തന്നെ. ആ സമയത്താണ് ശ്യാം രംഗത്തെത്തുന്നത്. സംഗീതരംഗത്ത് ഒരു പുതിയ സംസ്കാരംതന്നെ നിലവിൽ വന്നു. പുതിയതരം സംഗീതം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.
ആ വെല്ലുവിളി മലയാളത്തിൽ ഏറ്റെടുത്തത് ശ്യാമും കെ.ജെ. ജോയിയും ആയിരുന്നു. മാറ്റത്തിന് നേതൃത്വം കൊടുക്കാൻ കഴിഞ്ഞു എന്നതാണ് ശ്യാമിന്റെ പ്രത്യേകത. അതദ്ദേഹം വളരെ കൃത്യമായി ചെയ്തു. ശ്യാമിനെ അതിന് പ്രാപ്തനാക്കിയത് തീർച്ചയായും അദ്ദേഹത്തിന്റെ ഗുരുക്കന്മാർതന്നെയായിരുന്നു. ശ്യാം ഏറെക്കാലം ജോലിചെയ്തത് എം.എസ്.വിക്കും സലിൽ ചൗധരിക്കുമൊപ്പമായിരുന്നു. മലയാളത്തിൽ സലിൽദായുടെ സഹായിയായിരുന്നു അദ്ദേഹം. എം.എസ്.വി എന്തിലും പരീക്ഷണം നടത്താൻ ധൈര്യം കാണിച്ചയാളായിരുന്നു. സലിൽദാ ആകട്ടെ മലയാളികൾക്ക് തീരെ പരിചയമില്ലാത്ത ബംഗാളി-അസമീസ് നാടോടി രീതികൾ കൊണ്ടുവന്നു. ഇതും മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുമതന്നെയായിരുന്നു.
ഈ പാരമ്പര്യം പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ശ്യാം സാറിന് ധൈര്യം കൊടുത്തു എന്ന് വേണം കരുതാൻ. ഉപകരണ സംഗീതത്തിലെ പാശ്ചാത്യ സ്വാധീനം, നൃത്തച്ചുവടുകൾക്ക് സാധ്യതയുള്ള ഈണങ്ങൾ ഒക്കെ വന്നു. തന്റെ ആദ്യത്തെ മലയാള സിനിമയിൽതന്നെ ഓർക്കസ്ട്രേഷന്റെ പുതുമ അദ്ദേഹം പരീക്ഷിക്കുന്നുണ്ട്. ഒരു ഹിപ്പി സങ്കേതത്തിൽ നടക്കുന്ന ഒരു പാർട്ടിയിലെ പാട്ടാണ് ‘‘ഹാ സംഗീത മധുര നാദം’’ എന്നത്. രചന ബിച്ചു തിരുമല. ഹിപ്പികളെ അക്കാലത്ത് അവതരിപ്പിച്ചിരുന്നത് പ്രത്യേക പ്രിന്റുകളുള്ള, അയഞ്ഞ കുപ്പായവും, നീണ്ട താടിയും മുടിയും, കൈയിലൊരു ഗിറ്റാറും. പാട്ടിലെ ലീഡ് ഉപകരണം ഗിറ്റാറാണെന്നത് യാദൃച്ഛികമല്ല.
ഒരു തലമുറയെ മൊത്തം നൃത്തം ചെയ്യിച്ച പാട്ടായിരുന്നു, ‘കാണാമറയത്ത്’ എന്ന സിനിമയിലെ ‘‘ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ’’ എന്നത്. രചന ബിച്ചു തിരുമല തന്നെ. ഇന്നും പാട്ടിന്റെ ഈണവും സംഗീതവും ആളുകളെ തുള്ളിക്കാൻ പര്യാപ്തമാണ്. ഒരുകാലത്ത് വൈറലായ പാട്ടായിരുന്നു, ‘‘ദേവതാരു പൂത്തു’’ എന്ന് തുടങ്ങുന്ന ‘എങ്ങിനെ നീ മറക്കും’ എന്ന സിനിമയിലെ പാട്ട്. രചന ചുനക്കര രാമൻകുട്ടി. ‘അങ്ങാടി’ എന്ന സിനിമയിലെ ‘‘പാവാട വേണം’’ എന്ന് തുടങ്ങുന്ന പാട്ടാണ് മറ്റൊന്ന്. രചന ബിച്ചു തിരുമല.
എന്നാൽ, തികഞ്ഞ മെലഡികൾ ധാരാളം അദ്ദേഹം ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ മെലഡികൾ ഇല്ലാതെ നിലനിൽക്കാൻ കഴിയുകയേ ഇല്ല. തന്റെ ആദ്യത്തെ മലയാള സിനിമ ‘മാന്യശ്രീ വിശ്വാമിത്രനി’ൽ തന്നെയുണ്ട് മികച്ചൊരു യുഗ്മഗാനം. ‘‘കനവ് നെയ്തൊരു കൽപിതകഥയിലെ’’ എന്ന പാട്ട് പി. ഭാസ്കരൻ രചിച്ച് ബ്രഹ്മാനന്ദനും എസ്. ജാനകിയും ചേർന്ന് പാടിയിരിക്കുന്നു. നല്ല പാട്ടായിട്ടും വേണ്ടത്ര നമ്മൾ ശ്രദ്ധിക്കാതെ പോയൊരു പാട്ടാണിത്. ‘‘ശ്രുതിയിൽനിന്നുയരും നാദശലഭങ്ങളേ’’, ‘‘മൈനാകം കടലിൽനിന്നുയരുന്നുവോ’’ ‘തൃഷ്ണ’ -ബിച്ചു തിരുമല, ‘‘സന്ധ്യ തൻ അമ്പലത്തിൽ’’ ’അഭിനിവേശം’ -ശ്രീകുമാരൻ തമ്പി, ‘‘പൂമാനമേ’’ ‘നിറക്കൂട്ട്’ -പൂവച്ചൽ ഖാദർ തുടങ്ങിയവയൊക്കെ ഇന്നും നമ്മൾ മൂളിനടക്കുന്ന പാട്ടുകൾതന്നെ. ‘അക്ഷരങ്ങൾ’ എന്ന സിനിമയിലെ ‘‘തൊഴുതു മടങ്ങും’’ എന്ന പാട്ട്, ഒ.എൻ.വിയുടെ രചന, ‘ഡെയ്സി’ എന്ന സിനിമക്കുവേണ്ടി പി. ഭാസ്കരൻ രചിച്ച ‘‘ഓർമ തൻ വാസന്ത നന്ദനതോപ്പിൽ’’ ഒക്കെ മികച്ച മെലഡികൾ.
‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ ‘‘വൈശാഖസന്ധ്യേ’’ -യൂസഫലി കേച്ചേരിയുടെ രചന, ‘‘ഹൃദയംകൊണ്ടെഴുതുന്ന കവിത’’ ‘അക്ഷരത്തെറ്റ്’ -ശ്രീകുമാരൻ തമ്പി ഒക്കെ മികച്ച പാട്ടുകൾതന്നെ. ‘ഞാവൽപഴങ്ങൾ’ എന്ന ചിത്രത്തിലെ മുല്ലനേഴി രചിച്ച ‘‘കറുകറുത്തൊരു പെണ്ണാണ്’’ എന്ന പാട്ട്, ‘രാധ എന്ന പെൺകുട്ടി’ എന്ന ചിത്രത്തിൽ ദേവദാസ് രചിച്ച ‘‘കാട്ടുകുറിഞ്ഞി പൂവ് ചൂടി’’ എന്ന പാട്ടും അവയിലെ നാടൻശീലുകൊണ്ട് ശ്രദ്ധേയമായവയാണ്.
പ്രേതകഥകളും അവയിലെ പാട്ടുകളും ഒരുപാട് മലയാള സിനിമകളിൽ വന്നിട്ടുണ്ട്. വരികൾകൊണ്ടും സംഗീതംകൊണ്ടും ആലാപനമികവ് കൊണ്ടും ഇന്നും നമ്മൾ ഓർക്കുന്ന പാട്ടാണ് ‘കള്ളിയങ്കാട്ട് നീലി’ എന്ന സിനിമയിലെ ‘‘നിഴലായ് ഒഴുകിവരും ഞാൻ’’ എന്ന പാട്ട്. ബിച്ചു തിരുമലയുടെ വരികളും ശ്യാമിന്റെ സംഗീതവും എസ്. ജാനകിയുടെ ആലാപനവും.
1974ൽ അരങ്ങേറ്റം കുറിച്ച ശ്യാം 1997 വരെയാണ് മലയാളത്തിൽ സജീവമായി ഉണ്ടായിരുന്നത്. 700ൽ കൂടുതൽ പാട്ടുകൾ ഈ കാലയളവിൽ അദ്ദേഹം ചെയ്തു. ഇതിൽതന്നെ നാൽപതോളം സിനിമകൾ ഐ.വി. ശശിയുടേതായിട്ടുണ്ട്. ഐ.വി. ശശി ചെയ്ത നൂറിൽപരം സിനിമകളിൽ 40 സിനിമകളിൽ സംഗീതം ചെയ്തത് ശ്യാം ആയിരുന്നു. അദ്ദേഹത്തിനു മുമ്പ് അദ്ദേഹത്തിന്റെ സിനിമകൾ ഏറെയും ചെയ്തത് ജി. ദേവരാജനും എ.ടി. ഉമ്മറും ആയിരുന്നു. എന്നാൽ, ശ്യാമിന്റെ വരവോടുകൂടി കാര്യം മാറി. ഐ.വി. ശശിയുടെ വീട്ടിൽ ഓരോ പിറന്നാളിനും പോകാറുണ്ടായിരുന്നു, എന്നും അദ്ദേഹം. അത്ര ആത്മബന്ധം രണ്ടുപേർക്കുമുണ്ടായിരുന്നു.
താൻ ചെയ്ത ഒരു പാട്ട് കേട്ടിട്ട് തന്റെ ഗുരുവായ എം.എസ്.വി തന്നെ വിളിച്ച് അഭിനന്ദിച്ചതിനെ കുറിച്ച് ശ്യാം പറഞ്ഞു. ‘റൗഡി രാമു’ എന്ന ചിത്രത്തിലെ ‘‘മഞ്ഞിൻ തേരേറി ഓ കുളിര്‌ണ് കുളിര്‌ണ്’’ എന്ന് തുടങ്ങുന്ന പാട്ട്. പാട്ട് എഴുതിയത് ബിച്ചു തിരുമല. എസ്. ജാനകിയും വാണിജയറാമും ചേർന്നാണ് പാട്ട് പാടിയത്. ഇതേ ട്യൂൺ ശ്യാം തന്നെ പിന്നീട് ‘മനിതരിൽ ഇത്തനൈ നിറങ്ങളാ’ എന്ന തമിഴ് സിനിമയിൽ ഉപയോഗിച്ചു. തമിഴിൽ വരികൾ എഴുതിയത് കണ്ണദാസൻ. ട്യൂണിന്റെ രസം കേട്ട് വിവരം കണ്ണദാസൻ എം.എസ്.വിയോട് ‘‘തന്റെ ശിഷ്യൻ ഒരു ഗംഭീര പാട്ട് മലയാളത്തിൽ ചെയ്തിട്ടുണ്ട്’’ എന്ന് പറഞ്ഞുകൊണ്ട് അതിന്റെ തമിഴ് വരികൾ എഴുതിയതിനെ കുറിച്ചും പറഞ്ഞു. അപ്പോഴാണ് എം.എസ്.വി വിവരം തന്നെ വിളിച്ചു പറഞ്ഞത് എന്ന് അദ്ദേഹം ഓർമയിൽനിന്നെടുത്ത് പറഞ്ഞു. 1983ലും 84ലും കേരള സംസ്ഥാന പുരസ്കാരം അദ്ദേഹത്തിനായിരുന്നു. ‘ആരൂഢം’, ‘കാണാമറയത്ത്’ എന്നീ ചിത്രങ്ങൾക്ക്.
ഒരിക്കൽ ഗായിക ചിത്രയോട് ഒരു ഇന്റർവ്യൂവിൽ ഒരു ചോദ്യമുണ്ടായിരുന്നു. തന്റെ പിന്നണിഗാന ജീവിതത്തിൽ പാടാൻ ഏറ്റവും വിഷമം തോന്നിയ പാട്ടേത് എന്നതായിരുന്നു ആ ചോദ്യം. ചിത്രയുടെ ഉത്തരം ‘അധിപൻ’ എന്ന സിനിമയിലെ ‘‘ശ്യാമ മേഘമേ’’ എന്ന പാട്ടായിരുന്നു. പാട്ട് ചെയ്തത് ശ്യാം. രചന ചുനക്കര രാമൻ കുട്ടി.
1974ൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശ്യാം ഈ വർഷം തന്റെ അമ്പതാം വർഷത്തിലാണ്. മാർച്ച് 19 അദ്ദേഹത്തിന്റെ ജന്മനാൾകൂടിയാണ്. ചുരുക്കം ചില ഭക്തിഗാനങ്ങളും ചില സാമൂഹികപ്രവർത്തനങ്ങളുമായി അദ്ദേഹം സന്തുഷ്ടനാണ്. എല്ലാ ക്രിസ്മസ് ദിനത്തിലും ഭിന്നശേഷിക്കാർക്കായി സംഗീതപരിപാടികൾ നടത്താറുണ്ട്, ശ്യാം. യേശുദാസ്, സുശീല, വാണിജയറാം തുടങ്ങി എല്ലാവരും സൗജന്യമായി വന്ന് പാടാറുണ്ടെന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.