സിനിമയുടെ ബദൽ സൗന്ദര്യധാര ആവശ്യമില്ലേ?
മലയാളത്തിൽ സമാന്തര സ്വതന്ത്ര സിനിമകളുടെ സ്ഥാനം എവിടെയാണ്? പുതിയകാലത്ത് കുറഞ്ഞ മൂലധനം ഉപയോഗിച്ച് വളരെ റിയലിസ്റ്റിക്കും കലാപരമായും നിർമിക്കുന്ന സിനിമകളെക്കൂടി ഉൾക്കൊള്ളുന്ന കാഴ്ചപ്പാട് വളരേണ്ടതല്ലേ? എന്താണ് ഇൗ സമാന്തര സിനിമകളുടെ സാധ്യതകൾ?മലയാള ചെറുകഥാ സാഹിത്യത്തിന്റെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി. പത്മനാഭനെ കുറിച്ച് ഈയടുത്തകാലത്ത് വന്ന സ്വതന്ത്ര സിനിമയുടെ ഭാഗമാവാൻ സാധിച്ചത് ഹൃദ്യമായ ഒരനുഭവമായിരുന്നു. ടി. പത്മനാഭന്റെ ജീവിതകഥ പറയുന്ന ഈ സ്വതന്ത്രസിനിമ 90 മിനിറ്റ് ദൈർഘ്യമുള്ളതാണ്. മലയാളത്തിൽ അറിയപ്പെടുന്ന ചെറുകഥാകൃത്താണ് ഈ സിനിമ സംവിധാനം ചെയ്തത് എന്ന സവിശേഷതകൂടിയുണ്ട്....
Your Subscription Supports Independent Journalism
View Plansമലയാളത്തിൽ സമാന്തര സ്വതന്ത്ര സിനിമകളുടെ സ്ഥാനം എവിടെയാണ്? പുതിയകാലത്ത് കുറഞ്ഞ മൂലധനം ഉപയോഗിച്ച് വളരെ റിയലിസ്റ്റിക്കും കലാപരമായും നിർമിക്കുന്ന സിനിമകളെക്കൂടി ഉൾക്കൊള്ളുന്ന കാഴ്ചപ്പാട് വളരേണ്ടതല്ലേ? എന്താണ് ഇൗ സമാന്തര സിനിമകളുടെ സാധ്യതകൾ?
മലയാള ചെറുകഥാ സാഹിത്യത്തിന്റെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി. പത്മനാഭനെ കുറിച്ച് ഈയടുത്തകാലത്ത് വന്ന സ്വതന്ത്ര സിനിമയുടെ ഭാഗമാവാൻ സാധിച്ചത് ഹൃദ്യമായ ഒരനുഭവമായിരുന്നു. ടി. പത്മനാഭന്റെ ജീവിതകഥ പറയുന്ന ഈ സ്വതന്ത്രസിനിമ 90 മിനിറ്റ് ദൈർഘ്യമുള്ളതാണ്. മലയാളത്തിൽ അറിയപ്പെടുന്ന ചെറുകഥാകൃത്താണ് ഈ സിനിമ സംവിധാനം ചെയ്തത് എന്ന സവിശേഷതകൂടിയുണ്ട്. ഇതു പോലെ സാഹിത്യവും എഴുത്തുമൊക്കെ മുഖ്യവിഷയമാക്കുന്ന സിനിമകൾ മലയാളത്തെ സംബന്ധിച്ച് അപൂർവത കൂടിയാണ്.
എഴുത്തുകാരെ സംബന്ധിയായ സിനിമകൾ അധികവും അവർ മരിച്ചശേഷമാണ് നിർമിക്കപ്പെടുന്നത് കണ്ടിട്ടുള്ളത്. ടി. പത്മനാഭൻ ജീവിച്ചിരിക്കുമ്പോൾതന്നെ ജീവിതം സിനിമയാക്കുന്നത് വളരെ പ്രസക്തമായി തോന്നി. അതുകൊണ്ട് തന്നെ ഞാനും വളരെ ആവേശത്തോടെ ആ സിനിമയിൽ അഭിനയിച്ചു. 1948 മുതൽ കഥ എഴുതിത്തുടങ്ങിയ ടി. പത്മനാഭൻ അദ്ദേഹത്തിന്റെ 95ാമത്തെ വയസ്സിലും കഥ എഴുതിക്കൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾതന്നെ എഴുത്തുകാരന് തന്റെ ജീവിതം വെള്ളിത്തിരയിൽ കാണാൻ സാധിക്കുക ആഹ്ലാദപ്രദമാണ്.
ഇരുട്ടിന്റെ സൗന്ദര്യത്തിൽ വെള്ളിത്തിരയിൽ ഓരോ ആളും മറ്റൊരാളായി ഓരോ ആൾക്കും തോന്നാം. ഒരു കാണിയുടെ സീറ്റിൽതന്നെ പ്രതിഷ്ഠിച്ചു തന്റെ ജീവിതം കാണുന്ന എഴുത്തുകാരൻ തന്റെ ഉള്ളിലെ മറ്റൊരാളെ കാണുകയാവാം. ഒരു റിയൽ ആയ തന്നെ ഭാവനാനുഭൂതിജീവിതത്തിൽ തന്റെ ഉള്ളം തിരഞ്ഞുപിടിക്കുന്ന മറ്റൊരാളെ പോലെ അയാൾ ആസ്വദിക്കുന്നുണ്ടാവാം. ടി. പത്മനാഭൻ എന്ന എഴുത്തുകാരനുമായി കുറേ കാലമായി അടുത്ത് പരിചയപ്പെടാൻ അവസരമുണ്ടായ എനിക്ക് അദ്ദേഹം സിനിമയിൽ തന്റെ ഉള്ളിലുള്ള തന്നെ കണ്ട് സംതൃപ്തി അടഞ്ഞതായി തോന്നിപ്പിച്ചു എന്ന് പറഞ്ഞാൽ അധികമാവില്ല. സിനിമ കണ്ടിറങ്ങിയതിനുശേഷം സംഗീതത്തിന്റെയും മഴയുടെയും നേർത്ത താളം അനുഭവവേദ്യമായിരുന്നു. ടി. പത്മനാഭന്റെ വായനക്കാരാണ് കൂടുതൽ പ്രേക്ഷകരും.
മറ്റെല്ലാ സമാന്തര സ്വതന്ത്ര സിനിമകളെയുംപോലെ ഈ സിനിമക്കും പ്രദർശനഭാഗ്യം ലഭിക്കാൻ തിയറ്റർ വാടകക്കെടുക്കേണ്ടിവന്നു. കാഴ്ചക്കാരുടെ എണ്ണവും വളരെ പരിമിതമായിരുന്നു. ഇത്തരം സ്വതന്ത്ര സിനിമകൾ നിർമിക്കുന്നതും കാണികളിലേക്ക് എത്തിക്കുന്നതും സാമ്പത്തികനഷ്ടവും മറ്റനേകം അലച്ചിലുകൾക്കും ഇടയാക്കും എന്ന കാര്യം ഉൗഹിക്കാമല്ലോ. അതുകൊണ്ട് തന്നെ ഈ വക സിനിമകളുടെ നിർമാണവും കാഴ്ചയുമെല്ലാം ഒരു സാംസ്കാരികപ്രവർത്തനമോ രാഷ്ട്രീയ പ്രവർത്തനമോ ഒക്കെയായി മാത്രമേ പരിഗണിക്കാനാവൂ.
സ്വതന്ത്ര സിനിമകളുടെയും സമാന്തര സിനിമകളുടെയും ആസ്വാദനം മുഖ്യധാരാ സിനിമകളുടെ ആസ്വാദന സമവാക്യങ്ങളുമായി വളരെ വലിയ ദൂരമുള്ളതുകൊണ്ടായിരിക്കാം പ്രേക്ഷകർ പരിമിതമാകുന്നത്. സിനിമ ഇറങ്ങിയതിനു ശേഷം ഒന്നോ രണ്ടോ റിവ്യൂ സിനിമയെക്കുറിച്ച് വായിക്കാനിടയായി. ആ സിനിമക്കുശേഷം ഇറങ്ങിയ മറ്റൊരു സിനിമയായിരുന്നു ലിജോ ജോസ് െപല്ലിശ്ശേരിയുടെ ‘മലൈക്കോട്ടെ വാലിബൻ’. കഥപറച്ചിലിന്റെ രീതികൊണ്ടും പ്രമേയംകൊണ്ടും കാഴ്ചയുടെ വ്യത്യസ്തമായ അനുഭൂതികൊണ്ടും സിനിമയുടെ സ്ഥിരം ആസ്വാദനങ്ങൾക്ക് എതിരായിരുന്നതുകൊണ്ടും പോസിറ്റിവും നെഗറ്റിവുമായ റിവ്യൂകൾകൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞു.
എന്തുകൊണ്ട് സമാന്തര സിനിമകൾക്ക് റിവ്യൂ ഉണ്ടാകുന്നില്ല, എന്തുകൊണ്ട് മുഖ്യധാരാ സിനിമകൾക്ക് റിവ്യൂ ഉണ്ടാകുന്നു, എന്താണ് സ്വതന്ത്ര സിനിമ? സിനിമക്ക് എന്തിനാണ് വിഭജനം, നല്ല സിനിമയും ചീത്ത സിനിമയും എന്ന രണ്ട് വിഭാഗമേ ഉള്ളൂ എന്നൊക്കെയുള്ള ചൂടേറിയ ചർച്ച സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഈ വിഷയത്തെ കുറിച്ചുള്ള വിശകലനത്തിൽ സിനിമയുടെ വിഭജനചരിത്രത്തിനെതന്നെ പ്രതിപാദിക്കേണ്ടതുണ്ട്. ആത്യന്തികമായി സിനിമ മറ്റേതൊരു കലയെ പോലെ കാഴ്ചക്കാരന്റെ കലയാണ്. ഏതൊരു കലാരൂപത്തെ നാം അവലോകനം ചെയ്യുമ്പോഴും അതിൽ വായനക്കാരൻ/ കാഴ്ചക്കാരൻ ഒരു അവിഭാജ്യ ഘടകമാണ്.
അമേരിക്കൻ പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് ഹില്ലിസ് മില്ലർ അദ്ദേഹത്തിന്റെ ‘എത്തിക്സ് ഓഫ് റീഡിങ്’ എന്ന് പറയുന്ന വളരെ ഹ്രസ്വമായ പ്രബന്ധത്തിൽ ട്രയലോഗ് ഓഫ് റീഡിങ്ങിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. വായന പ്രവർത്തിക്കുന്നത് എഴുത്തുകാരൻ - കൃതി - വായനക്കാരൻ എന്നീ മൂന്ന് തലത്തിലാണ് എന്നാണ്. പക്ഷേ ഇത് പൂർണമായും അന്വർഥമാകുന്നത് സിനിമ എന്ന കലാരൂപത്തിലാണ് എന്ന് ഉറപ്പിച്ചുപറയാൻ കഴിയും. പ്രേക്ഷകൻ ഇല്ലാതെ ഒരു സിനിമയും ജനിക്കുന്നില്ല. അതേസമയം ഒരു ടെക്സ്റ്റ് ജനിക്കാൻ എഴുത്തുകാരനും ഭാഷയും മാത്രം മതി.
ഒരു പക്ഷേ സാഹിത്യം എന്ന് പറയുമ്പോൾ സ്വത്വത്തിന്റെ ആവിഷ്കാരമായി നിലകൊള്ളാൻ കഴിയുന്നതാണ് സാഹിത്യത്തിന്റെ ലോകം. അതിൽനിന്നും വ്യത്യസ്തമായി സിനിമ ആവിഷ്‍കാര നിമിഷം തന്നെ കാഴ്ചക്കാരനിൽ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. സാഹിത്യം ഭാഷ എന്ന മാധ്യമത്തിലൂടെ വിനിമയംചെയ്യുമ്പോൾ സിനിമ ഭാഷ ആവശ്യമില്ലാതെ തന്നെ ദൃശ്യങ്ങൾ വഴിയും വിനിമയം ചെയ്യപ്പെടുന്നു. ഭാഷ വരുന്നതോടുകൂടി സിനിമയുടെ ലോകം ചുരുങ്ങുന്നു.
അതുകൊണ്ട് തന്നെ സിനിമ ആത്യന്തികമായി പ്രേക്ഷകവ്യൂഹത്തിന്റെ പരിസരത്തിൽ മാത്രം ഊട്ടപ്പെട്ടതാണ്. സാഹിത്യത്തിന്റെ ചരിത്രം എന്ന് പറയുമ്പോൾ സാഹിത്യനിർമാണത്തിന്റെ ചരിത്രമാണ്. സിനിമയുടെ ചരിത്രപരതയെ കുറിച്ച് അന്വേഷിക്കുമ്പോൾ കാഴ്ചക്കാരനെ മാറ്റിനിർത്തിയ എല്ലാ വിശകലനങ്ങളോടും നമ്മുടെ ധൈഷണികത റദ്ദ് ചെയ്യേണ്ടതുണ്ട്. സിനിമയുടെ ചരിത്രത്തോടൊപ്പം ജനിക്കുന്നതാണ് കാഴ്ചക്കാരന്റെ ചരിത്രവും.
ഒരുകാലത്ത് ഗ്രാമങ്ങളിലെ സിനിമാശാലകളിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ ആ പ്രദേശത്തുള്ള എല്ലാ വിഭാഗത്തിൽനിന്നുമുള്ള ജനങ്ങൾ കാഴ്ചക്കാരായി എത്താറുണ്ട്. പലപ്പോഴും പാടവും പുഴയും തോടും കുളവുമുള്ള ഗ്രാമപ്രദേശങ്ങളിലെ റോഡിൽക്കൂടി ഉച്ചഭാഷിണിയിലൂടെ സിനിമയുടെ പേരും നടീനടന്മാരുടെ പേരും ഉറക്കെ വിളിച്ചുപറഞ്ഞ് ചെറിയ നോട്ടീസുകൾ വിതരണം ചെയ്താണ് സിനിമാശാലകളിലേക്ക് കാഴ്ചക്കാർ എത്തിത്തുടങ്ങുക. പലപ്പോഴും ഈ ദൃശ്യം പല സിനിമയിൽക്കൂടി നമ്മൾ കണ്ടിട്ടുമുണ്ട്. ജനങ്ങളെക്കൊണ്ട് നിറഞ്ഞ സിനിമാശാലകളായിരുന്നു അതെല്ലാം.
പൊതുബോധത്തിന്റെ സാംസ്കാരിക സാമൂഹിക സദാചാര കണക്കുകൂട്ടലുകൾക്ക് അനുസരണമായതിനാൽ അത്തരം സിനിമകൾ കാണാൻ സിനിമാശാലകളിൽ കാഴ്ചക്കാർ തിങ്ങിനിറഞ്ഞു. ഇക്കണോമിക് ലിബറലൈസേഷന് ശേഷം മുതലാളിത്തത്തിന്റെ കടന്നുവരവ് ആഘോഷിച്ചുകൊണ്ടാണ് സിനിമ നഗരകേന്ദ്രങ്ങളിലെ ബിസിനസ് മാളുകളിലേക്ക് പറിച്ചുനടപ്പെട്ടത്. ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്കും പൊതു ഇടങ്ങളിൽനിന്നും വരേണ്യവർഗത്തിലേക്കും സിനിമ പലായനം ചെയ്തതിന്റെ അടയാളമായിരുന്നു അത്.
പതിനേഴാം നൂറ്റാണ്ടിൽ പാശ്ചാത്യ സമൂഹത്തിൽ വന്നിട്ടുള്ള ബൗദ്ധികധാരയായ ജ്ഞാനോദയം ഇതിന് ആക്കം കൂട്ടി. ജ്ഞാനോദയം പുരോഗമനവും യുക്തിചിന്തയും മുന്നോട്ടുവെച്ചുകൊണ്ട് സമൂഹത്തെ സാംസ്കാരികമായും സാമൂഹികമായും പരിവർത്തനം ചെയ്യിപ്പിച്ചിട്ടുണ്ട് എന്ന് പറയാമെങ്കിലും അത് പൂർണമായും പാശ്ചാത്യകേന്ദ്രീകൃതമായിരുന്നു. പാശ്ചാത്യ സമൂഹത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജ്ഞാനമാണ് ലോകത്തിന്റെ ആധാരമെന്നുമുള്ള പ്രചാരണം നടത്തുകയും ചെയ്തു. അതിലുപരി ജ്ഞാനോദയത്തിന്റെ ഫലം കൊളോണിയലിസം ആയിരുന്നു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ അധീശ്വത്വം സ്ഥാപിച്ചുകൊണ്ട് അവിടത്തെ ജനങ്ങളുടെ സാംസ്കാരികതയെയും ബൗദ്ധികതയെയും തരംതാഴ്ന്നത് എന്നരീതിയിൽ ഭാവാത്മകമായ കഥകൾ നെയ്തെടുത്തു. ഫലസ്തീനിയൻ അമേരിക്കൻ അക്കാദമിഷ്യനും ക്രിട്ടിക്കുമായ എഡ്വേഡ് സൈദ് അദ്ദേഹത്തിന്റെ മൗലിക കൃതിയായ ഓറിയന്റലിസം മുന്നോട്ടുവെച്ചത് പാശ്ചാത്യ സംസ്കാരത്തിന്റെ അധീശത്വത്തിനെ കുറിച്ചുള്ള പുതിയ അറിവുതന്നെയായിരുന്നു. വെസ്റ്റ് എങ്ങനെയാണ് ഓക്സിഡന്റ് ആവുന്നത് എന്നും അധീശത്വം എങ്ങനെയാണ് ഈസ്റ്റിനെ ഓറിയന്റ് നരേറ്റിവ് ആയി രൂപപ്പെടുത്തിയത് എന്നും അദ്ദേഹം ആ കൃതിയിലൂടെ വ്യക്തമാക്കുന്നുണ്ട്.
ജ്ഞാനോദയത്തിന്റെ വികസനപരതയുടെയും യുക്തിചിന്തയുടെയും ഇടയിൽ ചിതറിത്തെറിച്ച ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ പൊതു ഇടങ്ങളെ തിരിച്ചുപിടിക്കാനാണ് പോസ്റ്റ് കൊളോണിയൽ ചിന്തകൾ ലോകത്ത് ഉരുത്തിരിഞ്ഞത്. ജ്ഞാനോദയത്തിനെ മാസ് ഡിസെപ്ഷൻ എന്ന് അധിക്ഷേപിച്ചത് അമേരിക്കൻ വിമർശകരായ തിയോഡർ അഡോർണോയും മാർക്സ് ഹോക്കൈമറുമാണ്.
ജ്ഞാനോദയത്തിന് വികസനമുണ്ടായിട്ടുണ്ട്, യുക്തിചിന്ത കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്, പക്ഷേ അതൊക്കെയും പ്രാപ്യമായ ഒരു ജനക്കൂട്ടത്തിന് മാത്രമായിരുന്നു. ഇതൊന്നും അപ്രാപ്യമായ ജനതയുടെ ജീവിതമാണ് ഇതിൽനിന്നും പുറന്തള്ളപ്പെട്ടത്. ഈ ഒരു പശ്ചാത്തലത്തിൽനിന്നുമാണ് സംസ്കാര പഠനം എന്ന ചിന്താധാര ഉടലെടുത്തത്. ഇവിടെയാണ് പ്രശസ്ത കനേഡിയൻ സാംസ്കാരിക സൈദ്ധാന്തികനായ റെയ്മണ്ട് വില്യംസിന്റെ ‘‘culture is ordinary’’ എന്ന പ്രസ്താവന പ്രസക്തമാകുന്നത്.
ലോകത്ത് നടന്നിട്ടുള്ള ഏതൊരു അധീശത്വത്തിന് എതിരെയും ബദൽ സംവിധാനങ്ങൾ അതത് കാലങ്ങളിൽ അതത് സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും സിനിമ എന്ന കലാരൂപത്തിലെ അധീശത്വത്തിന് ബദൽ എന്ന ആശയത്തിനെയാണ് സമാന്തര സ്വതന്ത്ര സിനിമകൾ അഡ്രസ് ചെയ്യുന്നത്. ഫാഷിസം എന്ന സമഗ്രാധിപത്യ ആശയത്തിന്റെ പ്രതിലോമകരമായ മനോഭാവം എന്ന നിലയിൽ വളരെ സൗന്ദര്യാത്മകമായി നിർവചിക്കപ്പെട്ട ജനാധിപത്യംപോലെ തന്നെയാണ് സൗന്ദര്യാത്മകമായ രീതിയിൽ സമാന്തര സ്വതന്ത്ര സിനിമകൾ ഈ ലോകത്ത് ഉണ്ടായിട്ടുള്ളത്.
അതുകൊണ്ട് തന്നെ സമാന്തര സ്വതന്ത്ര സിനിമകളെ ആൾട്ടർനേറ്റിവ് എസ്തെറ്റിക്സ് എന്ന തലത്തിൽനിന്നും കാണാൻ കഴിയേണ്ടതാണ്. സമാന്തര സിനിമയുടെ പ്രമേയം എക്കാലവും മുഖ്യധാര സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും ബഹിഷ്കരിച്ച, പാർശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളാണ്. മൂലധനത്തിന്റെ പ്രഭാവമില്ലാതെ കമ്പോളതാൽപര്യങ്ങൾ ഇല്ലാതെ പരിമിതമായെങ്കിലും ജനങ്ങളിലേക്ക് എത്തിക്കാൻ ചലച്ചിത്ര സംഘടനകളും ഫിലിം ക്ലബുകളും ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ സമാന്തര സിനിമയുടെ ലോകം ഉയർത്തിപ്പിടിക്കുന്നത് ഉൾെക്കാള്ളലിന്റെ (inclusiveness) രാഷ്ട്രീയമാണ്.
ആദ്യകാലത്ത് മുഖ്യധാരാ സിനിമകൾ കൂടുതൽ മൂലധനം മുടക്കി സങ്കീർണമായ ടെക്നോളജികൾ ഉപയോഗിച്ച്, കോടികൾ മുടക്കി താരമൂല്യമുള്ള അഭിനേതാക്കളെ ഉപയോഗിച്ചുകൊണ്ട് കച്ചവടം മാത്രം ലക്ഷ്യമാക്കിക്കൊണ്ടാണ് എന്റർടെയ്ൻമെന്റ് സിനിമകൾ ചെയ്യുന്നതെങ്കിൽ ഇന്ന് അത്തരം സിനിമകൾ സമാന്തര സിനിമയുടെ സമവാക്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് അത് വിൽക്കുന്നത്. 80കളിലും 90കളിലും ഹിറ്റായ പല മുഖ്യധാര സിനിമകളും പൊതുബോധത്തിന്റെ സൗന്ദര്യ, സാമൂഹിക സദാചാര മാനദണ്ഡങ്ങളെ സംതൃപ്തിപ്പെടുത്തുകയും അതിൽ അന്തർലീനമായ സ്ത്രീവിരുദ്ധതയുടെയും മനുഷ്യത്വ വിരുദ്ധതയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കപ്പെടുകയും മനുഷ്യ സംസ്കാരത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു.
മനുഷ്യജീവിതത്തിന്റെ സർവതലത്തിലും സിനിമയിലൂടെ അധീശത്വപരമായ സാംസ്കാരിക പരിസരം സൃഷ്ടിച്ചെടുത്ത മുഖ്യധാരയുടെ ബദൽ എന്ന നിലയിൽ പ്രേമയപരമായും രാഷ്ട്രീയമായും ചരിത്രപരമായും മനുഷ്യജീവിതത്തോട് നീതിപുലർത്തുന്ന സിനിമകൾ ആവശ്യമായി വന്നപ്പോൾ സ്വാഭാവികമായും അത്തരം സിനിമകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സത്യജിത് റായി, മൃണാൾ സെൻ, അടൂർ ഗോപാലകൃഷ്ണൻ എന്നീ പ്രതിഭകളിലൂടെ സിനിമയുടെ നിർമാണത്തിൽ സ്വാധീനിക്കപ്പെടുകയും ചെയ്തു.
പക്ഷേ, ഇവിടെയും കാഴ്ചക്കാർ പരിമിതമായിരുന്നുവെങ്കിലും ശരാശരി തിയറ്ററുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾക്ക് കാഴ്ചക്കാരും തിയറ്ററുകളും കിട്ടിയത് മുഖ്യധാരയുടെ താരമൂല്യങ്ങളെ ഉപയോഗിച്ചതുകൊണ്ടും മുഖ്യധാര എഴുത്തുകാരുടെ കഥകൾ പ്രമേയമാക്കി കലാപരമായും രാഷ്ട്രീയമായും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ നിർമിച്ചതുകൊണ്ടുംകൂടിയാണ്. അടൂരിന്റെ ‘നാല് പെണ്ണുങ്ങൾ’ വ്യത്യസ്ത വിഭാഗത്തിൽനിന്നുമുള്ള അടിച്ചമർത്തപ്പെട്ട സ്ത്രീ ജീവിതങ്ങളെ അവതരിപ്പിച്ചുകൊണ്ടും കെ.ജി. ജോർജിന്റെ ‘ആദാമിന്റെ വാരിയെല്ല്’ സ്ത്രീപക്ഷ രാഷ്ട്രീയം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടുമാണ് ജനഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്.
ഇതിനെ തുടർന്ന് ഒരുപിടി സമാന്തര സിനിമകളുടെ ചുവടുവെപ്പിന്റെ കാലമായിരുന്നു. പക്ഷേ പലപ്പോഴും അത് ജനങ്ങളിലേക്ക് എത്തിക്കുന്നത് ചലച്ചിത്ര സംഘടനകളും ഫിലിം ക്ലബുകളും ഒക്കെ വഴിയാണ്. ജോൺ എബ്രഹാമിന്റെ ജനകീയ സിനിമ എന്ന ആശയം സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്തുകയും ജനകീയമായി സിനിമ നിർമിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും ചെയ്തിരുന്നു.
സിനിമ നിർമിക്കണമെങ്കിൽ ഉയർന്ന മൂലധനം, സങ്കീർണമായ സാങ്കേതികത, താരമൂല്യമുള്ള അഭിനേതാക്കൾ എന്നീ മാനദണ്ഡങ്ങൾ വേണം. ഇവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് മുഖ്യധാര സിനിമകളുടെ സാംസ്കാരിക സാമ്പത്തിക അധീശത്വത്തിന്റെ ബദൽ എന്ന നിലക്ക് കുറഞ്ഞ ചെലവിൽ സിനിമ നിർമിക്കുന്നത്. കൂടുതൽ കാഴ്ചക്കാരിലേക്ക് എത്തുക എന്ന ആശയത്തിൽനിന്നാണ് സ്വതന്ത്ര സിനിമ എന്ന ആശയം കടന്നുവരുന്നത്.
ഫ്രഞ്ച് നവതരംഗ ധാരയുടെ വക്താവായ ഴാങ് ലുക് ഗൊദാർദ് ആണ് സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ, കാഴ്ചയെ പുതുക്കിപ്പണിതുകൊണ്ട് ‘‘ഒരു എഴുത്തുകാരൻ പേന കൊണ്ടുനടക്കുന്നതുപോലെ ഒരു വായനക്കാരന് കാമറയുംകൊണ്ട് നടക്കാൻ കഴിയണം’’ എന്ന് ഉറക്കെ പ്രഖ്യാപിച്ചത്. സിനിമയെ വെറും ഒരു എന്റർടെയ്ൻമെന്റ് എന്ന തലത്തിൽ കാണുകയും കച്ചവടവത്കരണത്തിന്റെ വാണിജ്യ സമവാക്യങ്ങളിൽനിന്ന് മോചിപ്പിക്കാൻ കല എന്നനിലയിൽ അവതരിപ്പിക്കാനും ഇത്തരത്തിലുള്ള ബദൽ ആശയങ്ങളിലൂടെ കഴിയും എന്ന ചിന്താഗതിയിൽനിന്നാണ് പുതുമുഖ സംവിധായകർ, അഭിനേതാക്കൾ, നിർമാതാക്കൾ എന്നിവരുടെ പരസ്പര ആശ്രിതത്വത്തിലൂടെയും വ്യക്തിഗതമായും ക്രൗഡ് ഫണ്ടിങ്ങിലൂടെയും സ്വതന്ത്ര സിനിമകൾ കേരളത്തിലൊക്കെ നിർമിക്കപ്പെടാൻ ആരംഭിച്ചത്.
സ്വതന്ത്രസിനിമകൾ എത്ര മാത്രം സ്വതന്ത്രമാണ് എന്ന് പരിശോധിക്കുമ്പോഴും സ്വതന്ത്ര സിനിമകൾ സിനിമയുടെ പലതരത്തിലുള്ള സ്ഥാപനവത്കരണത്തിന്റെയും ഭാഗമാകുന്നില്ല എന്ന ഒരൊറ്റ കാരണംകൊണ്ട് തന്നെ സ്വാതന്ത്ര്യം തന്നെയാണ് സ്വതന്ത്ര സിനിമകളുടെ മൂലധനം. അതുകൊണ്ടുതന്നെ പുതിയ കാലത്തിൽ സ്വതന്ത്ര സിനിമകളുടെ വ്യാപനം സിനിമയുടെ സംസ്കാരത്തെയും സിനിമാ നിർമാണത്തിന്റെ സംസ്കാരത്തെയും സിനിമയുടെ കാഴ്ചയെയുമാണ് മാറ്റിപ്പണിയുന്നത്. മികച്ച കലാമൂല്യമുള്ള പല സ്വതന്ത്ര സിനിമകളും ശ്രദ്ധിക്കപ്പെടാറുണ്ട്. സുദേവൻ, പ്രിയന്ദൻ, പ്രതാപ് ജോസഫ്, അശോകൻ, ശ്രുതി ശരണ്യം എന്നിവരൊക്കെയും സ്വതന്ത്ര സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ്. മൊബൈൽ ഫോണിലെടുത്ത സിനിമക്കും ഷോർട്ട് ഫിലിമിനും പലപ്പോഴായി കൂടുതൽ പ്രേക്ഷകരെ നേടിയെടുക്കാനായത് ഇതിന്റെ ഉദാഹരണങ്ങളാണ്.
ഇനി സ്വതന്ത്ര സിനിമയുടെ കാഴ്ച വിശകലനം ചെയ്യുമ്പോൾ സമാന്തര സ്വതന്ത്ര സിനിമകൾ ജനകീയമാക്കാൻ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞുവെന്ന് പറയാം. പക്ഷേ, അവിടെയും കൂടുതൽ കാഴ്ചക്കാരെ നേടിയെടുത്തത് കുറച്ച് സിനിമകൾ മാത്രമാണ്. ഒ.ടി.ടി ഇന്ന് നിത്യജീവിതത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കാണ്. പക്ഷേ, ഈ പദത്തിന് അനുയോജ്യമായ മലയാളത്തിലുള്ള വാക്ക് ഏത് എന്ന അന്വേഷണങ്ങൾക്ക് പ്രത്യേകിച്ച് അർഥമൊന്നുമില്ല എന്നായിരുന്നു മറുപടികൾ.
ചില ഇംഗ്ലീഷ് പദങ്ങൾ മലയാളംപോലെ ഉപയോഗിക്കുന്നതുപോലെ നമ്മുടെ സമൂഹം അത് ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ‘ഉയരങ്ങൾക്ക് അതീതമായി’ എന്ന് വാക്കർഥം വേണമെങ്കിൽ പറയാം. എന്നാൽ, അത് വെറും ഒരു ഭാവനാധിഷ്ഠിതവും അർഥരഹിതവുമായി തോന്നിപ്പിക്കുന്നു എന്ന് മാത്രം. സിനിമയുടെ ജനാധിപത്യവത്കരണം ഒ.ടി.ടിയിലൂടെയാണ് എന്ന് പറയുമ്പോഴും അതിന് എത്രമാത്രം ജനാധിപത്യസ്വഭാവമുണ്ട്?, ജനാധിപത്യത്തിന്റെ പൊതുസ്വഭാവമായ ‘ഉൾക്കൊള്ളൽ’ ഒ.ടി.ടിയിൽ ഉണ്ടോ? എന്നൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു.
സിനിമയുടെ തട്ടകങ്ങളിൽ സ്വതന്ത്ര സിനിമകളും സമാന്തര സിനിമകളുമൊക്കെ കാണുന്ന പ്രേക്ഷകർ കുറവായിരുന്നല്ലോ. മാത്രമല്ല, എല്ലാ കാലത്തും അവ അരികുവത്കരണത്തിന് വിധേയവുമായിരുന്നു എന്ന് കാണാം. സമാന്തര സ്വതന്ത്ര സിനിമകൾ തിയറ്ററിൽനിന്ന് ഒ.ടി.ടിയിലേക്ക് എത്തിയാൽ കൂടുതൽ കാഴ്ചക്കാരിലേക്ക് എത്തുമെന്ന് തോന്നുന്നു. പക്ഷേ, ഇത്തരം സമാന്തര സ്വതന്ത്ര സിനിമകളെ ഒ.ടി.ടി സ്വീകരിക്കുന്നതും മുഖ്യധാരയുടെ കണ്ണുകളിലൂടെയാണ്. അടുത്തകാലത്ത് നടന്നിട്ടുള്ള സിനിമയുടെ ചർച്ചകളിൽനിന്നും കേട്ടത് സ്വതന്ത്ര സിനിമകൾ പ്രദർശിപ്പിക്കാൻ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം ആജീവനാന്ത റൈറ്റാണ് ചോദിച്ചത് എന്നാണ്.
അത് അത്തരം സിനിമകൾ നിർമിക്കുന്നവരെ തീർത്തും പ്രതിസന്ധിയിലാക്കുന്നു. അതേസമയം, വളരെ സെലക്ടിവ് ആയ ചില സമാന്തര സിനിമകളും സ്വതന്ത്ര സിനിമകളും ഒ.ടി.ടിയിലൂടെ ജനകീയമായിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഇതിന് ഒരുദാഹരണമാണ്. കേരളത്തിന്റെ സാംസ്കാരിക സാമൂഹിക മണ്ഡലത്തിൽനിന്ന് എക്കാലവും അപ്രത്യക്ഷമായ അടുക്കളജീവിതം ജീവിച്ചുതീർക്കേണ്ട സ്ത്രീകളുടെ ജീവിതം ഒ.ടി.ടി വഴി ജനങ്ങളിൽ എത്തിയപ്പോൾ ഓരോരുത്തർക്കും അത് തങ്ങളുടെ ജീവിതമാണ് എന്ന് തോന്നിപ്പിക്കാൻ ആ സിനിമക്ക് കഴിഞ്ഞിരുന്നു.
പക്ഷേ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് ടെലിവിഷൻ കാഴ്ചയുടെ അതേ സ്വഭാവം നിലനിൽക്കുന്നതിനാൽ സിനിമ വിരസമാകുമ്പോൾ അടുത്ത കാഴ്ചയിലേക്ക് പോകുകയും ചെയ്യും എന്നൊരു പോരായ്മയും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒ.ടി.ടിയിൽ സബ് ടൈറ്റിലിങ് വഴി ഭാഷയെ മറികടക്കാൻ കഴിയുന്നു എന്ന ഒരു പ്രത്യേകതയുണ്ട്. അതുകൊണ്ട് സിനിമക്ക് ഭാഷയെയും സ്ഥലകാലങ്ങളെയും കടന്ന് സഞ്ചരിക്കാൻ സാധിക്കും.
ഇതൊക്കെയാണെങ്കിലും ഇന്ന് അത്തരത്തിലുള്ള നവ മാധ്യമ പ്ലാറ്റ്ഫോമുകൾ ഒക്കെയും മുഖ്യധാര ചലച്ചിത്ര വ്യവസായം കൈയടക്കിവെച്ചിരിക്കയാണ്. ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള വൻകിട കുത്തകകൾ ബോക്സ് ഓഫിസ് ഹിറ്റ് സിനിമകളാണ് കൂടുതൽ പ്രദർശിപ്പിക്കുന്നത്. പുതിയകാലത്ത് സമാന്തര സിനിമകളുടെ ഫോർമുല പല വാണിജ്യ സിനിമകളിൽ പരീക്ഷിക്കുന്നത; കാരണം പലപ്പോഴും സമാന്തര സിനിമകളെ തിരിച്ചറിയാൻ പറ്റാത്തവിധം സങ്കീർണമാക്കുന്നു.
ചലച്ചിത്ര ഉത്സവങ്ങൾ, വുമൺ ഫിലിം ഫെസ്റ്റിവൽ, റീജനൽ ഫിലിം ഫെസ്റ്റിവൽ എന്നിവയൊക്കെയും സമാന്തര സ്വതന്ത്ര സിനിമകളെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സഹായിച്ചിട്ടുണ്ട് എന്നത് വളരെ ശുഭപ്രതീക്ഷ നൽകുന്നുണ്ടെങ്കിലും IFFKയിൽ ഉൾപ്പെടെ എത്ര സ്വതന്ത്ര മലയാള സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട് എന്നുള്ളത് ഗൗരവമായി കാണേണ്ടതാണ്. മാറ്റിനിർത്തലിന്റെ രാഷ്ട്രീയം എല്ലാ കാലത്തും അനുഭവിക്കേണ്ടിവരുന്നവരാണ് സമാന്തര സിനിമാ പ്രവർത്തകർ. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള അരാഷ്ട്രീയതയോട് ബദൽധാര എന്നനിലക്ക് സമാന്തര സ്വതന്ത്ര സിനിമകൾ ജനകീയമാക്കാൻ കഴിയും.
നമ്മുടെ സാമൂഹിക സാംസ്കാരിക പരിണാമത്തിൽ പ്രധാന പങ്കുവഹിച്ചത് ഗ്രാമങ്ങളിലും നഗരകേന്ദ്രങ്ങളിലുമുള്ള വായനശാലകളാണ്. അതുകൊണ്ടു തന്നെ സർക്കാർ മുൻകൈയെടുത്തുകൊണ്ട് വായനശാലകൾ വഴി, ചലച്ചിത്ര സംഘടനകൾ വഴി കലാമൂല്യമുള്ള സമാന്തര സ്വതന്ത്ര സിനിമകളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക. പുതിയകാലത്ത് കുറഞ്ഞ മൂലധനം ഉപയോഗിച്ചുകൊണ്ട് വളരെ റിയലിസ്റ്റിക്കും കലാപരമായും നിർമിക്കുന്ന സിനിമകളെ കൂടി ഉൾക്കൊള്ളുന്ന കാഴ്ചപ്പാട് സിനിമയുടെ നിലവിലുള്ള കാഴ്ചയിൽ കടന്നുവരണം.
അതിലൂടെ മാത്രമേ, സിനിമ കാണിക്കലിലും സിനിമയുടെ കാഴ്ചയിലും ചില തിരുത്തലുകൾ സാധ്യമാകൂ. അങ്ങനെയേ സർഗാത്മകതയുടെയും അതുണ്ടാക്കുന്ന അനുഭൂതിയുടെയും യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയൂ. നമ്മുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളും മറ്റു ഫിലിം ഫെസ്റ്റുകളും അക്കാദമിക് ലോകവും മറ്റും ഇത്തരം സിനിമകൾക്കുള്ള ഇടമായി മാറിയാൽ അതൊരു പിന്തുണയായിത്തീരുമായിരിക്കും.