Begin typing your search above and press return to search.
proflie-avatar
Login

ആ​റ്റ​ങ്ങ​ളു​ടെ സം​ഗീ​തം കേ​ട്ട​തി​​ന്റെ വി​ഹ്വ​ല​ത

ആ​റ്റ​ങ്ങ​ളു​ടെ സം​ഗീ​തം   കേ​ട്ട​തി​​ന്റെ വി​ഹ്വ​ല​ത
cancel
ഒ​ാപൺ​ഹൈ​മറിന്​ ഏഴ്​ ഒാസ്​കർ അവാർഡുകളാണ്​ ലഭിച്ചത്​. ഇൗ സിനിമ എന്ത്​ കാഴ്​ചയാണ്​ മുന്നോട്ടുവെക്കുന്നത്​? ഒ​ാപൺ​ഹൈ​മറു​ടെ ജീ​വി​തം പ​ക​ർ​ത്തു​ക​യോ അ​ദ്ദേ​ഹ​ത്തി​​ന്റെ ക​ണ്ടുപി​ടി​ത്തം വി​നാ​ശ​കാ​രി​യാ​യി​ത്തീ​ർ​ന്ന​തി​​ന്റെ ആ​ഖ്യാ​ന​മോ അ​ല്ല ഈ ​സി​നി​മയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.

ഓസ്കർ അ​വാ​ർ​ഡ് ഒ​രുപ​റ്റം ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പു മാ​ത്ര​മാ​ണെ​ങ്കി​ലും ലോ​കം മു​ഴു​വ​ൻ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഏ​റ്റ​വും മ​ഹ​ത്ത്വ​പൂ​ർ​ണമാ​യ അം​ഗീ​കാ​ര​മാ​ണെ​ന്നാ​ണ് പൊ​തു​ബോ​ധം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തി​നോ​ട് യോ​ജി​ക്കാ​ത്ത ന​മ്മ​ളി​ൽ മി​ക്ക​വ​രും ‘ഗാ​ന്ധി’ സി​നി​മ ഈ ​അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ​പ്പോ​ൾ, എ.ആ​ർ. റ​ഹ്മാ​നും മ​ര​ക​ത​മ​ണി​ക്കും അ​വാ​ർ​ഡ് കി​ട്ടി​യ​പ്പോ​ൾ ആ​ഹ്ലാ​ദ​ചി​ത്ത​രാ​യ​വ​ർ ആ​ണെ​ന്നു​ള്ള സ​ത്യം മ​റ​ക്കേ​ണ്ട​ത​ല്ല. അ​ക്കാ​ദ​മി ക​മ്മ​ിറ്റി​ക്കാ​ർ ഏ​ഴ് അ​വാ​ർ​ഡു​ക​ളാ​ണ് ‘ഒ​ാപൺ​ഹൈ​മർ’ സി​നി​മ​ക്ക് ചാ​ർ​ത്തി​ക്കൊ​ടു​ത്ത​ത്.

ഏ​റ്റ​വും ന​ല്ല ചി​ത്രം, ഏ​റ്റ​വും ന​ല്ല സം​വി​ധാ​യ​ക​ൻ, ന​ല്ല ന​ട​ൻ, എ​ന്ന​തൊ​ന്നും മാ​ത്ര​മ​ല്ല, സം​ഗീ​ത​ത്തി​നും എ​ഡി​റ്റി​ങ്ങി​നും സി​നി​മ​ാറ്റോ​ഗ്ര​ഫിക്കും സ​ഹ​ന​ട​നും സ​മ്മാ​ന​ങ്ങ​ളു​ണ്ട്. ഒ​ാപൺ​ഹൈ​മറു​ടെ ജീ​വി​തം പ​ക​ർ​ത്തു​ക​യോ അ​ദ്ദേ​ഹ​ത്തി​​ന്റെ ക​ണ്ടുപി​ടി​ത്തം വി​നാ​ശ​കാ​രി​യാ​യി​ത്തീ​ർ​ന്ന​തി​​ന്റെ ആ​ഖ്യാ​ന​മോ അ​ല്ല ഈ ​സി​നി​മ, പ്ര​ത്യു​ത അ​ദ്ദേ​ഹ​ത്തി​​ന്റെ ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളു​ടെ നോ​ല​ൻ രീ​തി​യി​ലു​ള്ള, തി​ക​ച്ചും നോ​ല​ൻ കാ​ഴ​്ചപ്പാ​ടു​ക​ളി​ലു​ള്ള ആ​ഖ്യാ​ന​മാ​ണി​ത്. ഗാ​ല​ക്സി​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും നെ​ബു​ല​ക​ളും ഒ​ാപൺ​ഹൈ​മറു​ടെ വി​ഹ്വ​ല​ത​ക​ൾ​ക്ക് ദൃ​ശ്യം​ ച​മ​ച്ചുകൊ​ണ്ട് സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​ക്കാ​ണ് സം​വി​ധാ​യ​ക​ൻ ക​ഥ വി​രി​യി​ച്ചെ​ടു​ക്കു​ന്ന​ത്.

സ്വ​യം നി​ർ​മിച്ച മാ​ര​കാ​യു​ധ​ത്തെ പി​ന്നീ​ട് നി​രാ​ക​രി​ച്ചുകൊ​ണ്ടും ഒ​രു യു​ദ്ധോ​പ​ക​ര​ണ​മാ​യി മാ​റി​യ​തി​ൽ പ​രി​ത​പി​ച്ചുകൊ​ണ്ടും സ്വ​യം ഇ​ല്ലാ​താ​ക​ലി​ലേ​ക്ക് ന​ട​ന്നുനീ​ങ്ങു​ന്ന ഒ​ാപൺ​ഹൈ​മർ ആ​ണ് ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. ശാ​സ്ത്ര​വും ധാ​ർ​മി​ക​ബോ​ധ​വും നേ​ർ​ക്കുനേ​ർ പൊ​രു​തു​ന്ന​തും അ​വ ത​മ്മി​ലു​ള്ള സ​മ​തു​ലി​താ​വ​സ്ഥ എ​പ്ര​കാ​രം ത​കർക്കു​മെ​ന്നും സ​ത്യ​മാ​യ ലോ​ക​ച​ര്യ​ക​ളെ ഇ​ത് എ​ങ്ങ​നെ ദു​ഷി​പ്പി​ക്കു​ന്നു എ​ന്നും സി​നി​മ വ്യ​ക്ത​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ത​​ന്റെ ക​മ്യൂ​ണി​സ്റ്റ് ചാ​യ്വ് അ​ദ്ദേ​ഹ​ത്തെ ത​ട​ങ്ക​ലി​ൽപെ​ടു​ത്തു​ന്ന​തി​​ന്റെ വ്യ​ഥ​ക​ളും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

ഒ​രു ശാ​സ്ത്ര​ജ്ഞ​​ന്റെ ജീ​വി​തം ഒ​ട്ടും നാ​ട​കീ​യ​ത ക​ല​ർ​ന്ന​തോ അ​ത്ഭു​ത​ക​ര​മാ​യ പ​രി​ണാ​മ​ഗു​പ്തി​ക​ൾ വ​ന്നു​ഭ​വി​ക്കു​ന്ന​തോ ആ​യി​രി​ക്കാ​റി​ല്ല. അ​വ​രു​ടേ​ത് മി​ക്ക​വാ​റും മ​ടു​പ്പു​ള​വാ​ക്കു​ന്ന ജോ​ലി​യാ​ണ്, മ​റ്റു​ള്ള​വ​ർ​ക്ക് വി​ര​സ​ത തോ​ന്നാ​നാ​ണ് അ​വ​രു​ടെ ജീ​വി​താ​ഖ്യാ​ന​ങ്ങ​ൾ വ​ഴി​വെ​ക്കാ​റ്. ശാ​സ്ത്ര​ജ്ഞ​രു​ടെ വ്യ​ക്തി​ജീ​വി​തം പ്ര​ത്യേ​ക​ത ഉ​ൾ​ച്ചേ​ർ​ന്ന​തോ സ്വ​കാ​ര്യ​സം​ഭ​വ​ങ്ങ​ൾ അ​സാ​മാ​ന്യ​മാ​യ​തോ വി​ചി​ത്ര​മോ ആ​യാ​ൽ മാ​ത്ര​മേ അ​തി​ൽ നാ​ട​കീ​യ​ത ക​ല​ർ​ത്തി സി​നി​മാ​റ്റി​ക് ആ​ക്കാ​നോ തി​യ​റ്റ​ർ അ​നു​ഭ​വ​മാ​ക്കാ​നോ സാ​ധി​ക്കൂ. എ​ങ്കി​ലും പ​ലേ ശാ​സ്ത്ര​ജ്ഞ​രു​ടെ ജീ​വി​തം ചി​ല സി​നി​മ​ക​ൾ​ക്ക് ഉ​പോ​ദ്ബ​ല​കം ആ​യി​ട്ടു​ണ്ട്.

പ​ക്ഷേ, എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത അ​വ​രി​ൽ ഉ​ണ്ടാ​യി​രി​ക്കും, അ​തി​നെ ആ​ഖ്യാ​ന​കേ​ന്ദ്ര​മാ​യാ​യി​രി​ക്കും ക​ഥ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​ത്. നൊബേ​ൽ ജേ​താ​വാ​യ ജോ​ൺ നാ​ഷി​​ന്റെ ജീ​വി​തം ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ എ​ന്ന പേ​രി​ൽ സി​നി​മയായ​ത് അ​ദ്ദേ​ഹ​ത്തി​​ന്റെ മാ​ന​സി​ക​പ്ര​ശ്ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടാ​ണ്. ‘The Theory of Everything’ സ്റ്റീ​ഫൻ ഹോക്കിങ്ങി​​ന്റെ ബ​യോ​പി​ക് ആ​ണ്. അ​ദ്ദേ​ഹ​ത്തി​​ന്റെ എ.എ​ൽ.എ​സ് (A.L.S) അ​സു​ഖ​മാ​ണ് സി​നി​മ​ക്ക് പ്ര​ത്യേ​ക​ത ന​ൽ​കു​ന്ന​ത്. ശാ​രീ​രി​ക​മാ​യ അ​പ​ക​ർ​ഷ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് മു​ന്നേ​റു​ന്ന​വ​രു​ടെ ദീ​പ്ത​മാ​യ ജീ​വി​ത​മാ​ണ് ഈ ​ര​ണ്ടു സി​നി​മ​ക​ളി​ൽ​ക്കൂ​ടി​യും വ​ര​ച്ചി​ട​പ്പെ​ടു​ന്ന​ത്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ത്ര​മേ ആ​റ്റം ബോം​ബി​​ന്റെ ഉ​പ​ജ്ഞാ​താ​വാ​യ ഒ​ാപൺഹൈ​മ​റി​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ ഉ​രു​ത്തി​രി​ച്ചെ​ടു​ത്ത​തി​നെ വി​ശ​ക​ല​നം ചെ​യ്യാ​നാ​വൂ. മേ​ൽ​പ​റ​ഞ്ഞ ശാ​സ്ത്ര​ജ്ഞ​രു​ടെ മാ​ന​സി​ക/​ ശാ​രീ​രി​ക​ പ്ര​ശ്ന​സ​മൃ​ദ്ധ ജീ​വി​ത​മൊ​ന്നും ഒ​ാപ​ൺഹൈ​മ​റി​നു അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ല. വി​വാ​ഹ​ത്തി​നു ശേ​ഷ​വും കാ​മാ​തു​ര​നാ​യി ആ​ദ്യ​സ​ഖി​യെ പ്രാ​പി​ച്ചി​രു​ന്നു എ​ന്ന​ത് അ​ത്ര വ​ലി​യ അ​സാ​മാ​ന്യ ജീ​വി​ത​വി​ശേ​ഷം ഒ​ന്നു​മ​ല്ല. പ​ക്ഷേ, ക​ഠി​ന​മാ​യ ആ​ന്ത​രി​ക​സം​ഘ​ർ​ഷം അ​നു​ഭ​വി​ച്ചി​രു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം. ത​​ന്റെ ശാ​സ്ത്രാ​വി​ഷ്കാ​രം ലോ​ക​ത്തി​​ന്റെ സ​ർ​വ​നാ​ശ​ത്തി​നു വ​ഴി​തെ​ളി​ക്കു​ന്ന​താ​ണെ​ന്നു​ള്ള പ​ര​മ​സ​ത്യം മ​ന​സ്സി​ലാ​ക്ക​ൽ ആ​ത്മ​ശോ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ക​യാ​ണ്.

ഹൈ​ഡ്ര​ജ​ൻ ബോം​ബ് നി​ർ​മാണ​ത്തെ എ​തി​ർ​ത്ത​ത് അ​തു​വ​രെ അ​ഭ്യു​ദ​യ​കാം​ക്ഷി​യാ​യി​രു​ന്ന ലൂ​യി​സ് സ്ട്രോസി​നെ പ്ര​കോ​പി​പ്പി​ക്കു​ക​യും ക​ഠി​ന വി​ചാ​ര​ണ​യി​ലേ​ക്ക് ഒ​ാപ​ൺഹൈ​മ​ർ ത​ള്ളി​യി​ട​പ്പെ​ടു​ക​യും ചെ​യ്തു. ക​മ്യൂണി​സ്റ്റ് ചാ​യ്വ് എ​ന്ന​ത് അ​ദ്ദേ​ഹ​ത്തെ ത​ല്ലാ​നു​ള്ള വ​ടിയായി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​ൻ ഗ​വ​ൺമെന്റ്; റ​ഷ്യ​ൻ ചാ​ര​ൻ എ​ന്ന സം​ശ​യ​ത്തി​നു വ​രെ ഇ​ട​വ​രു​ത്തു​ക​യും ചെ​യ്തു. ഇ​ത് ന​ൽ​കി​യ ക്ലിഷ്ട​ത ക​ഠി​ന​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് ഒ​ാപൺഹൈ​മ​റെ.

സി​നി​മ​യു​ടെ ആ​ഖ്യാ​ന​ത്തി​​ന്റെ കാ​ത​ലും ഇ​തുത​ന്നെ. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ അ​സു​ഖ​ങ്ങ​ൾ യാ​ത​ന​ക​ളേ​ൽ​പ്പി​ച്ച സ്വ​രൂ​പ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. ഉ​റ്റ​വ​രേ​ക്കാ​ൾ തി​യ​റ​റ്റി​ക്ക​ൽ ഫി​സി​ക്സി​നെ പ്ര​ണ​യി​ച്ച വി​കാ​ര​ജീ​വി. സം​ഹാ​രം എ​ന്ന ക​ർ​മം താ​ൻ അ​റി​യാ​തെ ത​ന്നി​ൽ ഏ​ൽ​പിക്ക​പ്പെ​ട്ട​പ്പോ​ൾ –അ​ത് നേ​ര​ത്തേത​ന്നെ അ​റി​യു​ന്നു​മു​ണ്ട് – അ​തി​​ന്റെ വി​ഹ്വ​ല​നി​സ്സ​ഹാ​യ​ത​യി​ൽ മ​ന​സ്സ് ശി​ഥി​ല​മാ​യ​വ​ൻ. എ​ന്നാ​ൽ, കാ​മാ​തു​ര​ത അ​ദ്ദേ​ഹ​ത്തെ വ​ല​ച്ചി​രു​ന്നു, കു​റ്റ​ബോ​ധം ഒ​രു കൂ​ട​പ്പി​റ​പ്പെ​ന്നപോ​ലെ പി​ന്തുട​ർ​ന്നി​രു​ന്നു. സി​നി​മ വ​ര​ച്ചി​ടു​ന്ന​തും ഇ​ത്ത​രം ചി​ല മാ​ന​സി​ക​ വ്യാ​പാ​ര​ വ്യ​തി​ച​ല​ന​ങ്ങ​ളാ​ണ്.

ആ​റ്റം ബോം​ബ് നി​ർ​മി​ക്കു​ക എ​ന്ന​ത് ഒ​രു കൊ​ടുംപാ​ത​ക​മാ​ണെ​ന്ന് തോ​ന്നി​ത്തു​ട​ങ്ങു​മ്പോ​ൾ ആ ​സം​ഘ​ർ​ഷ​ങ്ങ​ളി​ൽ​ക്കൂ​ടി ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ക​ട​ന്നു​പോ​യി എ​ന്ന​ത് ചി​ത്രീ​ക​രി​ക്കു​ന്ന​തി​ലാ​ണ് നോ​ല​ൻ ഊ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​ആ​കു​ല​ത​ക​ളു​ടെ പ​ശ്ചാ​ത്ത​ലം ഉ​രു​ത്തി​രി​ഞ്ഞ​തി​​ന്റെ ച​രി​ത്ര​വും വ്യ​ക്ത​മാ​യി ക​ഥാ​ഗ​തി​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓപൺഹൈ​മ​റു​ടെ ജീ​വി​ത​മു​ഹൂ​ർ​ത്ത​ങ്ങ​ൾ മു​ന്നോ​ട്ടും പി​ന്നോ​ട്ടും പാ​യു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രാ​ഖ്യാ​നം; മ​റ്റു പ​ല ശാ​സ്ത്ര​ജ്ഞ​രു​ടെ ബ​യോ​പി​ക് സി​നി​മ​ക​ളു​മാ​യി അ​തു​കൊ​ണ്ട് ഒ​രു സാ​മ്യ​വു​മി​ല്ല. അ​പ​രി​മേ​യ വി​സ്തൃ​തി​യി​ൽ അ​ന​ന്ത​കോ​ടി ന​ക്ഷ​ത്ര​ങ്ങ​ൾ ഭ്ര​മ​ണം ചെ​യ്യു​ന്ന ഭ്ര​മാ​ത്മ​ക പ്ര​പ​ഞ്ച​വും ഒ​രു വ​ൻ മി​ന്ന​ലോ​ടെ അ​ത് ഇ​ടി​ഞ്ഞി​ല്ലാതാ​കു​ന്ന​തും ഒ​രു വെ​ളി​പാ​ടു​പോ​ലെ സ്വ​പ്ന​ത്തി​ൽ വ​ന്ന​ണ​യു​ന്ന​ത് ദൃ​ശ്യ​പ്പെ​ടു​ത്തി​യാ​ണ് ഓപൺഹൈമറു​ടെ ക​ഥ ആ​രം​ഭി​ക്കു​ന്ന​തുത​ന്നെ.

ഒാപൺഹൈമർ -ചിത്രീകരണ വേള

ക്ലിഷ്ട​മാ​യ ഈ ​ക​ഥാ​പാ​ത്ര അ​വ​ത​ര​ണം മി​ഴി​വോ​ടെ, വി​ശ്വ​സ​നീ​യ​ത ജ​ന്യ​മാ​ക്കുംവി​ധം പ്ര​ക​ട​മാ​ക്കി​യ കി​ലി​യ​ൻ മ​ർ​ഫി​ക്ക് ന​ല്ല​ ന​ട​നു​ള്ള സ​മ്മാ​നം കി​ട്ടി​യെ​ങ്കി​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല. പ​ക്ഷേ, ലൂ​വി​സ് സ്ട്രാ​സ് എ​ന്ന സ​മ​ർ​ഥൻ കൗ​ശ​ല​ക്കാ​ര​​ന്റെ– ഇ​ദ്ദേ​ഹ​മാ​ണ് ഓപൺഹൈമറെ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ത​ല​വ​നാ​ക്കി​യ​തും പി​ന്നീ​ട് ഓപൺഹൈമറെ ഒ​രി​ക്ക​ലും പൊ​ങ്ങാ​തെ അ​ടി​ച്ച​മ​ർ​ത്തി​യ​തും – പാ​ത്ര​സൃ​ഷ്ടി​യാ​ണ് ഗം​ഭീ​ര​മാ​യ​ത്. റോ​ബ​ർ​ട്ട് ബ്രൗ​ണി ജൂ​നിയ​റിനു സ​ഹ​ന​ട​ൻ അ​വാ​ർ​ഡ് കി​ട്ടി​യ​തി​നു പി​ന്നി​ൽ അ​ന​ന്യ​മാ​യ ഈ ​ക​ഥാ​പാ​ത്ര​സൃ​ഷ്ടി​ക്കാ​ണ് പ്ര​ധാ​ന പ​ങ്ക്.

ഹി​രോ​ഷി​മ/​ നാ​ഗ​സാ​ക്കി എ​വി​ടെ?

പ​ല പ്രേ​ക്ഷ​ക​ർ​ക്കും –സി​നി​മാ​നി​രൂ​പ​ക​ർ ഉ​ൾ​പ്പെ​ടെ – ഈ ​സി​നി​മ​യി​ൽ ഓപൺഹൈമറു​ടെ ക​ണ്ടു​പി​ടി​ത്തം നാ​ശ​കാ​രി​യാ​കു​ന്ന​ത് ദൃ​ശ്യ​പ്പെ​ടു​ത്തി​യി​ല്ല, അ​ദ്ദേ​ഹ​ത്തെ വെ​ളു​പ്പി​ച്ചെ​ടു​ക്കാ​ൻ നി​ർ​മിച്ച സി​നി​മത​ന്നെ ഇ​തെന്ന് അ​ഭി​പ്രാ​യ​മു​ണ്ട്. ഈ ​സി​നി​മ​യു​ടെ ഉ​ദ്ദേ​ശ്യമോ പ​ശ്ചാ​ത്ത​ല​മോ നി​ർ​മിച്ചെ​ടു​ക്കു​ന്ന വാ​താ​വ​ര​ണ​ത്തി​​ന്റെ ആ​ന്ത​രി​ക​മോ ബാ​ഹ്യ​മോ ആ​യ ചാ​രു​ത​യോ ഉ​ൾ​ച്ചേ​ർ​ന്ന വ്യ​ക്തി​സ​ത്ത​യു​ടെ അ​ന്വേ​ഷ​ണ​ത്വ​ര​യോ മ​ന​സ്സി​ലാ​ക്കാ​തെ പോ​യ​തി​​ന്റെ ദൃ​ഷ്ടാ​ന്ത​മാ​ണി​ത്. അ​ണു​ബോം​ബ് സ്ഫോ​ട​ന​ത്തി​​ന്റെ ദു​ര​ന്ത​ചി​ത്രീ​ക​ര​ണം ലാ​ക്കാ​ക്കി എ​ടു​ത്ത യു​ദ്ധ സി​നി​മ (war movie) ആ​ണി​ത് എ​ന്നൊ​രു തെ​റ്റി​ദ്ധാ​ര​ണ​യും വ​ന്നു ഭ​വി​ച്ചി​ട്ടു​ണ്ട്.

ഒ​രു ശാ​സ്ത്ര​ജ്ഞ​നും അ​യാ​ളു​ടെ/​ അ​വ​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ത്തി​​ന്റെ ഫ​ല​പ്രാ​പ്തി​ക്കും (ദു​രു) ഉ​പ​യോ​ഗ​ത്തി​നു ബാ​ധ്യസ്ഥ​ര​ല്ലെ​ന്നു​ള്ള അ​വ​ശ്യം അ​റി​വ് ഇ​ല്ലാ​തെപോ​യ​താ​ണ് ഈ ​ചി​ന്ത​യു​ടെ ആ​ധാ​രം. റൈ​റ്റ് സ​ഹോ​ദ​ര​ന്മാർ വി​മാ​നം പ​റ​ത്താം എ​ന്ന് ക​ണ്ടു​പി​ടി​ച്ച​തോ​ടെ സ​ർ​വസം​ഹാ​ര​ത്തി​നു കോ​പ്പു​കൂ​ട്ടു​ന്ന പെ​ന്റഗ​ൺ അ​പ്പോ​ൾ​തന്നെ അ​വ​കാ​ശ​ങ്ങ​ൾ എ​ഴു​തിവാ​ങ്ങി. മു​ക​ളി​ൽനി​ന്ന് ബോം​ബ് വ​ർ​ഷി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ളെ കൊ​ല്ലാ​മ​ല്ലോ എ​ന്നാ​യി​രു​ന്നു പെ​ന്റഗ​ണി​​ന്റെ ക​ണ​ക്കുകൂ​ട്ട​ൽ. ഇ​ത് അ​വ​ർ സാ​ധി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

പ​ക്ഷേ, ലോസ് അലാമോ​സി​ലെ വി​സ്ഫോ​ട​ന​ പ​രീ​ക്ഷ​ണം ഓപൺഹൈമറു​ടെ കാ​ർ​മിക​ത്വ​ത്തി​ൽ ന​ട​ന്ന​താ​ണ്, വ​ൻ കൂ​ട്ട​ക്കൊ​ല​ക്കു​ള്ള ത​യാ​റെ​ടു​പ്പാ​ണ് എ​ന്ന് അ​റി​ഞ്ഞി​രു​ന്ന​തു​മാ​ണ്. വ​ൻദു​ര​ന്ത​ത്തി​​ന്റെ മു​ന്നോ​ടി​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു വെ​ളി​പാ​ടു​ണ്ടാ​കു​ന്ന വി​ധ​മാ​ണ് സി​നി​മ​യി​ൽ രം​ഗ​ങ്ങ​ൾ ദൃ​ശ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​റ്റോ​മി​ക് ഫി​ഷ​ൻകൊ​ണ്ട് ഓപൺഹൈമർ മ​നു​ഷ്യ​സം​ഹാ​ര​ത്തി​നു വേ​ണ്ടി മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച​തല്ല അ​ണു​ബോം​ബ് എ​ന്ന​തും ഹി​രോ​ഷി​മ​യി​ൽ എ​ങ്ങ​നെ അ​ത് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു എ​ന്ന​തി​​ന്റെ എ​ല്ലാ പി​ന്നാ​മ്പു​റ ക​ഥ​ക​ളും സി​നി​മ​യി​ൽ വി​ദി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ശാ​സ്ത്ര​ജ്ഞ​ൻ, ധാ​ർ​മിക​സ​ത്യം, കു​റ്റ​ബോ​ധം

ഭ​ര​ണ​കൂ​ട​വും ശാ​സ്ത്ര​ജ്ഞ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ വി​ചാ​ര​ണ​ചെ​യ്യു​ന്ന​ത് സി​നി​മ​യു​ടെ ഒ​രു ഉ​ദ്ദേ​ശ്യംത​ന്നെ എ​ന്ന് വ്യ​ക്ത​മാ​ക്ക​പ്പെ​ടു​ന്നു​ണ്ട് പ​ലേ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും. ഓപൺഹൈമറു​ടെ വ്യ​ഥ​ക​ൾ പ​ല​തും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്; വി​ഹ്വ​ല​ത​ക​ൾ തീ​ക്ഷ്ണ​മാ​ക്ക​പ്പെ​ട്ട​തും. ഒ​ാപൺഹൈ​മർ പ​ല വി​ചാ​ര​ണ​ക​ൾ​ക്കും വ​ശം​വ​ദ​ന​ായി​ട്ടു​ണ്ട്, സി​നി​മ​യി​ൽ ഈ ​വി​ചാ​ര​ണാ​വേ​ള​ക​ൾ ദീ​ർ​ഘ​മേ​റി​യ​താ​ണ്. അ​തി​ലെ ചോ​ദ്യ​ങ്ങ​ൾ ഓപൺഹൈമറു​ടെ മാ​ന​സി​കാ​വ​സ്ഥ​യും അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ​ജ​ട​ില​ത​യും വെ​ളി​വാ​ക്ക​പ്പെ​ടു​ന്ന​താ​ണ്.

സി​നി​മ​യി​ൽ പ​ല​യി​ട​ത്താ​യി​ട്ടാ​ണ് ഈ ​വി​ചാ​ര​ണ​ക​ൾ നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ക​ഥ വി​ദി​ത​മാ​ക്കു​ന്ന​തു നി​ർത്തി​യി​ട്ട് ഈ ​വി​ചാ​ര​ണാ​വേ​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ്. അ​ല്ലെ​ങ്കി​ൽ ഈ ​വി​ചാ​ര​ണ​ക​ൾ ക​ഥാ​നാ​യ​ക​​ന്റെ ആ​ന്ത​രി​ക​വ്യ​ഥ​ക​ളെ തു​റ​ന്നു​കാ​ട്ടാ​നു​ള്ള​വ​യാ​ണ്.

സ്ഫോ​ട​നം ന​ട​ന്നയുട​ൻ അ​നു​മോ​ദ​ന മീ​റ്റി​ങ് വേ​ള​യി​ൽ സം​ഹാ​ര​ത്തി​​ന്റെ എ​ല്ലാ ക​രാ​ള​ദു​ര​ന്താ​നു​ഭ​വ​ങ്ങ​ളും വി​ഹ്വ​ല​ത​യോ​ടെ മ​ന​സ്സി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന​ത് പ്ര​തീ​കാ​ത്മ​ക​മാ​യാ​ണ് അ​വ​ത​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി കൈ​യടി​ക്കു​ന്ന​വ​ർ ഒ​രു നി​മി​ഷംകൊ​ണ്ട് ഇ​ല്ലാ​താ​കു​ന്ന​ത് അ​ദ്ദേ​ഹം നേ​രി​ൽ ക​ണ്ട് അ​നു​ഭ​വി​ക്കു​ന്ന​താ​യി​ട്ടാ​ണ് രം​ഗ​ചി​ത്രീ​ക​ര​ണം. ലോ​സ് അ​ലാ​മോ​സി​ലെ സ്ഫോ​ട​നം ദു​ര​ന്ത​ത്തി​​ന്റെ തു​ട​ക്ക​മാ​ണെ​ന്ന് വ്യ​ഞ്ജി​ക്ക​പ്പെ​ട്ട​തു​പോ​ലെ ദൃ​ശ്യ​ങ്ങ​ൾ ആ​കെ വെ​ളു​പ്പി​ച്ചാ​ണ് റേ​ഡി​യേ​ഷ​ൻ പ​ര​ക്കു​ന്ന​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്രസി​ഡ​ന്റി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന വേ​ള​യി​ൽ “എ​​ന്റെകൈക​ളി​ൽ ചോ​രപു​ര​ണ്ടി​രി​ക്കു​ന്നു” എ​ന്ന് സ്വ​യം സ​മ്മ​തി​ക്കു​ന്ന ഓപൺഹൈമർ​ക്ക് ഒ​രു ചെ​റി​യ തൂ​വാ​ല ന​ൽ​കി അ​തുമ​തി ആ ​കു​റ്റ​ബോ​ധം തു​ട​ച്ചുക​ള​യാ​നെന്ന് ക​ളി​യാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന ഭ​ര​ണ​കൂ​ട നേ​താ​വി​നെയാണ് നേ​രി​ടേ​ണ്ടിവ​രു​ന്ന​ത്.

ക്രിസ്റ്റഫർ നോളൻ

ഭ​ഗ​വ​ദ്ഗീ​ത​യെ സാ​ക്ഷ്യ​പ്പെ​ടു​ത്തി താ​ൻ സ​ർ​വസം​ഹാ​രി​യാ​ണെ​ന്ന് മ​തി​ഭ്ര​മ​വി​ഹ്വ​ല​ത​യോ​ടെ തി​രി​ച്ച​റി​യു​ന്ന രം​ഗ​ങ്ങ​ൾ ഒ​ന്നി​ല​ധി​കമു​ണ്ട്. ത​​ന്റെ ജീ​വി​ത​വും വി​ശ്വാ​സ​സം​ഹി​ത​ക​ളും പാ​ടേ തെ​റ്റു​ക​ളു​ടെ കൂ​മ്പാ​ര​മാ​ണെ​ന്നും ആ​ത്മ​വീ​ര്യം വേ​ണ്ട​വ​ന​ല്ലെ​ന്നും മ​റ്റു​മു​ള്ള കു​റ്റ​ബോ​ധ​മാ​ണ് മ​ന​സ്സി​നെ എ​പ്പോ​ഴും മ​ഥി​ക്കു​ന്ന​ത് എ​ന്ന​ത് ആ​വ​ർ​ത്തി​ച്ചു​റ​പ്പി​ക്കു​ന്നു​ണ്ട് ക​ഥാ​രം​ഗ​ങ്ങ​ൾ. പ്ര​ണ​യി​നി​യു​ടെ ആ​ത്മ​ഹ​ത്യാ​വേ​ള​യി​ൽ ഇ​ത് ഉ​ൽ​ക്ക​ട​മാ​കു​ന്നു​ണ്ട്, ഭാ​ര്യ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​തി​ൽനി​ന്നും പു​റ​ത്തു​ക​ട​ത്താ​ൻ ഉ​ദ്യ​മി​ക്കു​ന്ന​ത്. ഇ​ത് ത​ക്ക​വ​ണ്ണം ദൃ​ശ്യ​പ്പെ​ടു​ത്താ​നെ​ന്ന വ​ണ്ണ​മാ​ണ് വി​ചാ​ര​ണാ​രം​ഗ​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ത​​ന്റെ ഉ​ന്മ​ത്ത​മാ​യ ര​ത്യോ​ന്മു​ഖ​ത സ്വ​യം വെ​ളി​പ്പെ​ടു​ത്തി വി​ചാ​ര​ണ​യി​ൽ അ​തി​​ന്റെ കു​റ്റം ഏ​റ്റു​വാ​ങ്ങു​ന്നപോ​ലെ ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട ഒ​രു രം​ഗ​മു​ണ്ട്.

ഭാ​ര്യ നോ​ക്കിനി​ൽ​ക്കു​മ്പോ​ഴാ​ണ് പൂ​ർ​വ​പ്ര​ണ​യി​നി​യു​മാ​യു​ള്ള ഈ ​സ്വ​പ്ന​സ​മാ​ന​മാ​യ, ആ​സ​ക്തി​പൂ​രി​ത​മാ​യ ഈ ​ര​തി​ലീ​ല. സ്വ​യം വി​ചാ​ര​ണ​യു​ടെ വേ​ളത​ന്നെ ഇ​ത്. പ​രാ​ജ​യ​ങ്ങ​ളു​ടെ മു​റി​വു​ക​ൾ ത​​ന്റെ ആ​ന്ത​രി​ക​മാ​യ വിജ​യ​ങ്ങ​ളു​ടേ​താ​ക്കി സ്വ​യം ക​ൽ​പി​ച്ചെ​ടു​ത്തു അ​ദ്ദേ​ഹം. ലോ​സ് അ​ല​ാമോ​സ് ലാ​ബ് പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം അ​വി​ട​ത്തെ ത​ന​ത് അ​മേ​രി​ക്ക​ൻ ഇ​ന്ത്യക്കാ​ർ​ക്ക് (ന​വാ​ഹോ ഇ​ന്ത്യൻ​സ് Navajo Indians) വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് വാ​ദി​ച്ചു അ​ദ്ദേ​ഹം. ഭ​ര​ണ​കൂ​ട​ത്തെ തെ​ല്ല​ല്ല ഇ​ത് ചൊ​ടി​പ്പി​ച്ച​ത്.​ ന്യൂ​ക്ലിയ​ർ ആ​യു​ധ​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തു​ന്ന​തും ആ​വ​ശ്യം ക​ഴി​ഞ്ഞ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​രെ കൈയൊ​ഴി​യു​ന്ന​തും സാ​ധാ​ര​ണ​മാ​ണെ​ന്നും അ​ത് സം​ഭ​വി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും സാ​ക്ഷാ​ൽ ഐ​ൻ​സ്റ്റൈ​ൻത​ന്നെ അ​ദ്ദേ​ഹ​ത്തെ ധ​രി​പ്പി​ക്കു​ന്നു​ണ്ട്.

ആ ​സം​ഗീ​തം കേ​ൾ​ക്കു​ന്നു​ണ്ടോ?

വെ​റു​തെ ആ​ൽ​ജി​ബ്ര പ​ഠി​ച്ച് അ​തി​ലെ അ​ക്ഷ​ര​ങ്ങ​ളി​ലും അ​ക്ക​ങ്ങ​ളി​ലും ഭ്ര​മി​ച്ചുവ​ശാ​യാ​ൽ മ​തി​യോ? പോ​രാ. അ​തി​നു​ള്ളി​ൽനി​ന്ന് ഒ​രു സം​ഗീ​തംകേ​ട്ട് തു​ട​ങ്ങ​ണം. ശാ​സ്ത്ര​ത്തി​നു​ള്ളി​ലെ ര​ഹ​സ്യ​മ​യ​മാ​യ എ​ന്നാ​ൽ അ​ലൗ​കി​ക​മ​യ സം​ഗീ​തം ഉ​ള്ളി​ൽ ആ​വാ​ഹി​ക്കു​ന്ന​വ​നാ​ണ് യ​ഥാ​ർ​ഥ ശാ​സ്ത്ര​ജ്ഞ​ൻ. ഓപൺഹൈമർ​ക്ക് ഗു​രു​തു​ല്യ​നാ​യ സാ​ക്ഷാ​ൽ നീ​ൽ​സ് ബോ​ർ (Niels Bohr) ബോ​ധി​പ്പി​ക്കു​ന്ന​ത് ശാ​സ്ത്ര​ത്തി​​ന്റെ ഉ​ള്ളി​​ന്റെയുള്ളി​ൽ തു​ടി​ക്കുന്ന സം​ഗീ​തം കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് –ഉ​പ​രി​പ്ലവ​മാ​യ ആ​ശ​യ​ങ്ങ​ളെ​ക്കാ​ൾ മ​നു​ഷ്യ​ത്വം ക​ല​ർ​ന്ന, ഭാ​വി​യി​ലേ​ക്കും ഭൂ​ത​ത്തിലേ​ക്കും നീ​ളു​ന്ന ആ​ന്ത​രി​കാ​ർ​ഥവും പ്ര​പ​ഞ്ച​വു​മാ​യു​ള്ള സൗ​ന്ദ​ര്യാ​ത്മ​ക​ ബ​ന്ധ​പ്പെ​ട​ലും ആ​സ്വ​ദി​ച്ച​റി​യ​ണം എ​ന്നാ​ണ്. ശാ​സ്ത്ര​ജ്ഞ​ർ കൗ​തു​ക​ത്താ​ൽ ഓ​രോ ക​ല്ല് പൊ​ക്കു​ക​യാ​ണ്. അ​തി​ന​ടി​യി​ൽ സ​ർ​പ്പം ക​ണ്ടേ​ക്കാം എ​ന്ന ബോ​ധം വേ​ണ്ടി​യി​രി​ക്കു​ന്നു, ആ ​സ​ർ​പ്പ​ത്തെ തു​റ​ന്നുവി​ടു​ന്ന​തി​​ന്റെ വ​രുംവ​രാ​യ്ക​ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തു​മു​ണ്ട് എ​ന്നൊ​ക്കെ ധ​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് അ​വ​സാ​നം ഐ​ൻ​ൈസ്റ്റനോ​ട് തു​റ​ന്നുപ​റ​യു​ന്നു​ണ്ട് ഒാ​പ​ൺ​ഹൈ​മ​ർ.

ഉ​ട​നീ​ളം സം​ഗീ​ത​നി​ബ​ന്ധ​ന​യാ​ൽ ആ​ഖ്യാ​നം വേ​റി​ട്ട​താ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട് നോ​ല​ൻ. സ​ങ്കീ​ർ​ണ​മാ​യ വ​യ​ലി​ൻ പ്ര​യോ​ഗ​ങ്ങ​ളാ​ണ് ഒ​ാപൺഹൈ​മ​റു​ടെ മാ​ന​സി​ക​നി​ല​യു​ടെ പ്ര​തി​ബിം​ബ​മാ​യി വി​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​​ന്റെ ഏ​കാ​ന്ത​ത​യും വി​ഹ്വ​ല​ത​ക​ളും വ​യ​ലി​ൻ പ്ര​യോ​ഗ​ങ്ങ​ളി​ൽ പു​തു​മ​ക​ളേ​റ്റി സം​ഗീ​ത​സം​വി​ധാ​യ​ക​ൻ Ludwig Goransson പ്ര​ക​ട​നാ​ത്മ​ക​ത സ​ന്നി​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വീ​ഡി​ഷ് സം​ഗീ​ത​ജ്ഞ​നാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ ഇ​തി​നുമു​മ്പ് ര​ണ്ട് എ​മി അ​വാ​ർ​ഡും മൂ​ന്ന് ഗ്രാ​മി അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റ്റ​ങ്ങ​ൾ ത​മ്മി​ൽ ഇ​ട​യു​ന്ന​തും ഊ​ർ​ജ​ത്തി​​ന്റെ മ​ഹാ​പ്ര​വാ​ഹം ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന​തും അ​ന​ന്ത​വി​ഹാ​യ​സ്സി​ൽ അ​തീ​ന്ദ്രി​യാ​നു​ഭ​വം ന​ൽ​കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളു​ടെ പ്രോ​ജ്വ​ല​ന​വും ഉ​ചി​ത​മാ​യ വ​യ​ലി​ൻ പ്ര​യോ​ഗ​ങ്ങ​ളാ​ലാ​ണ് ഗാം​ഭീ​ര്യ​മി​യ​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് വി​ശ്വ​സ​നീ​യ​ത കൈവ​രു​ത്തു​ന്ന​ത്. ക്വാ​ണ്ടം ഫി​സി​ക്സ് സം​ഗീ​ത​മാ​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഓപൺഹൈമർ സിനിമയിൽനിന്നൊരു രംഗം

പ​ല​പ്പോ​ഴും വി​സ്ഫോട​ന​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത തെ​ര്യ​പ്പെ​ടു​ത്താ​ൻ നൂ​ത​ന ട്രി​ക്കു​ക​ൾ​ക്ക് അ​ദ്ദേ​ഹം തു​നി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടു മി​നി​റ്റിനു​ള്ളി​ൽ 21 ടെ​മ്പോ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ക്ലി​ഷ്ട​ത​ര​മാ​യ പ്ര​യോ​ഗ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.​ ശാ​സ്ത്ര​കൗ​തു​ക​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്ന് അ​തി​​ന്റെ അ​ഗാ​ധ​ത​യി​ൽ സം​ഗീ​തം കേ​ൾ​ക്കു​ന്ന​ത് പ്ര​മേ​യ​മാ​യി വ​രു​മ്പോ​ൾ അ​തി​നു ഉ​ചി​ത​മാ​യി വ​യ​ലി​ൻ പ്ര​യോ​ഗ​ങ്ങ​ൾ കൊ​ണ്ടുവ​രാ​ൻ ഏ​റെ പ​ണി​പ്പെ​ട്ടുവെന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കുന്നു​ണ്ട്. ഓപൺഹൈമറും കൂ​ട്ട​രും അ​ന​ന്ത​വി​ഹാ​യ​സ്സു നോ​ക്കിനി​ൽ​ക്കു​മ്പോ​ൾ അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ വ​ന്നി​റ​ങ്ങു​ന്ന പ്ര​തീ​തി ഉ​ണ​ർ​ത്തു​ന്ന സം​ഗീ​തം വ​ഴി​ഞ്ഞൊ​ഴു​കു​ന്നു​ണ്ട്. അ​ല​ർ​ച്ച​യു​ടെ സ്വ​ഭാ​വ​ത്തി​ൽനി​ന്ന് വ്യ​തി​ച​ലി​ച്ച് സ്വ​ച്ഛ​ന്ദാ​നു​ഭൂ​തി​യു​ടെ മേ​ഖ​ല ത​ഴു​കി ചെ​വി​യി​ലോ​തു​ന്ന ര​ഹ​സ്യ​മെ​ന്നപോ​ലെ മ​ന്ദ്ര​ത​ര​മാ​കു​ന്ന​തൊ​ക്കെ ഗോ​ര​ൻ​സ​ൺ അ​നു​ഭ​വ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

എ​ഡി​റ്റി​ങ് രീ​തി​ക​ൾ

ജ​ലോ​പ​രി​ത​ല​ത്തി​ലെ ഓ​ള​വ​ല​യ​ങ്ങ​ൾ ആ​ദ്യ​വ​സാ​നം ഐ​ൻ​സ്റ്റൈ​നു​മാ​യുള്ള കൂ​ടി​ക്കാ​ഴ്ച​യി​ലും നി​ബ​ന്ധി​ച്ച് സൗ​കു​മാ​ര്യമു​ള​വാ​ക്കാ​ൻ ശ്ര​ദ്ധവെ​ച്ചി​ട്ടു​ണ്ട് സം​വി​ധാ​യ​ക​ൻ. വ​ള​രെ ചെ​റി​യ സീ​ക്വൻ​സു​ക​ൾ (ക​ട്ടു​ക​ൾ) ത​ല​ങ്ങും വി​ല​ങ്ങും നി​ജ​പ്പെ​ടു​ത്തി​യാ​ണ് ക​ഥ​യു​ടെ സൂ​ക്ഷ്മാം​ശ​ങ്ങ​ൾ വെ​ളി​വാ​ക്കു​ന്ന​ത്. ഒ​രു സം​ഭ​വ​ത്തി​നിട​യി​ൽ മ​റ്റൊ​ന്ന് മു​റി​ച്ചു ചേ​ർ​ക്കു​ന്ന​ത് പ​ല ഇ​ട​ങ്ങ​ളി​ലു​മു​ണ്ട്. ഇ​വ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ അ​തി​സൂ​ക്ഷ്മ​മാ​യ കാ​ഴ്ച പ്രേ​ക്ഷ​ക​നി​ൽനി​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു​മു​ണ്ട്. രേ​ഖീ​യ​മാ​യ കാ​ല​മാ​റ്റ​ത്തി​ന​നു​സ​രി​ച്ച​ല്ല പ​ല​പ്പോ​ഴും ഈ ​ചെ​റി​യ സം​ഭ​വാം​ശ​ങ്ങ​ൾ ക​ട​ന്നുവ​രു​ന്ന​ത്. ചി​ല​പ്പോ​ൾ നേ​ര​ത്തേ പ്രേ​ക്ഷ​ക​നു പി​ടികി​ട്ടാ​ത്ത​തോ വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തോ ആ​യ വ​ഴി​ത്തി​രി​വു​ക​ൾ ഇ​പ്ര​കാ​ര​മാ​ണ് ബോ​ധ്യ​പ്പെ​ട്ടുവ​രു​ന്ന​ത്.

ചി​ല​പ്പോ​ൾ പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തോ​ന്നു​ന്ന, മൂ​ന്നോ നാ​ലോ രം​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു വെ​ച്ചി​ട്ടു​ണ്ട് നോ​ല​ൻ. പെ​ട്ടെ​ന്ന് മി​ന്നി​മ​റ​യു​ന്ന വി​ഹ്വ​ല​ത​ക​​േളാ ഭ്ര​മാ​ത്മ​ക​ചി​ന്ത​ക​ളോ പ്ര​പ​ഞ്ച​ത്തി​ൽ എ​വി​ടെ​യോ ന​ട​ക്കു​ന്ന വി​സ്ഫോ​ട​ക​ങ്ങ​ളോ ന​ക്ഷ​ത്ര​പ്പ​ക​ർ​ച്ച​ക​ളോ നെ​ബു​ലാ​വി​ന്യാ​സ​ങ്ങ​ളോ ഒ​ക്കെ​യാ​യാ​ണ് നാ​യ​ക​​ന്റെ അ​വ​ബോ​ധ​ത്തി​ൽ​ക്കൂ​ടി​ ക​ട​ന്നുപോ​ക​ുന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സം​വി​ധാ​യ​ക​ൻ ശ്ര​ദ്ധവെ​ച്ചി​ട്ടു​ണ്ട്. പ്രോട്ടോണു​ക​ളു​ടെ​യും ഇലക്ട്രോണു​ക​ളു​ടെ​യും സം​ഗീ​തം ശ്ര​വി​ക്കു​ന്ന​വ​നെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​വ.

കിലിയൻ മർഫി,ജെ. റോബർട്ട് ഓപൺഹൈമർ

ചി​ത്ര​ത്തി​ൽ അ​നു​സ്യൂ​തം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വി​ചാ​ര​ണ ന​മ്മ​ൾ കാ​ണു​ന്ന​ത്, ഒാപൺ​ഹൈ​മ​ർ കാ​ണു​ന്ന​തും അ​നു​ഭ​വി​ക്കു​ന്ന​തും സം​വി​ധാ​യ​ക​ൻ കാ​ണു​ന്ന​ത്/​ കാ​ണി​ക്കുന്ന​ത് ഇ​ങ്ങ​നെ മൂ​ന്നു രീ​തി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​വ​സാ​നം ഓപൺഹൈമറു​ടെ പ​രാ​ജ​യ​ങ്ങ​ൾ ദൃ​ശ്യ​പ്പെ​ടു​ത്തു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ൽനി​ന്ന് മാ​റി​നി​ന്നു​ള്ള നോ​ട്ട​ങ്ങ​ളാ​ലു​മാ​ണ്. ത​ടാ​ക​ക്ക​ര​യി​ൽ ഐ​ൻ​സ്റ്റൈനു​മൊ​ത്തു​ള്ള രം​ഗം ര​ണ്ടു ത​വ​ണ, ര​ണ്ട് വീ​ക്ഷ​ണ​കോ​ണു​ക​ളി​ൽനി​ന്ന് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ആ​ദ്യ​ത്തേ​ത് ലിവി​സ് സ്ട്രോ​സി​ന്റെ ​വീ​ക്ഷ​ണ​മാ​ണെ​ങ്കി​ൽ ര​ണ്ടാ​മ​ത്തേ​ത് ഓപൺഹൈമറു​ടെ ഏ​റ്റുപ​റ​ച്ചി​ലി​​ന്റെ രം​ഗ​മാ​ണ്.

സി​നി​മ തു​ട​ങ്ങു​മ്പോ​ഴു​ള്ള ദൃ​ശ്യ​മാ​യ കു​ള​ത്തി​ലെ ഓ​ള​വ​ല​യ​ങ്ങ​ൾ ഒ​ന്നോ​ടൊ​ന്നു ചേ​രു​ന്ന​ത് അ​വ​സാ​ന​വും എ​ത്തു​ന്നു​ണ്ട്. ഒ​രു ആ​റ്റം മ​റ്റൊ​ന്നി​നെ ചെ​ന്നി​ടിക്കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ‘ചെ​യി​ൻ റി​യാ​ക്ഷ​ൻ’കൊ​ണ്ട് സ​ർ​വ​നാ​ശം സം​ഭ​വി​ക്കു​ന്ന​തി​നെ ദ്യോ​തി​പ്പി​ക്കാ​നാ​ണി​ത് എ​ന്ന​താ​ണ് വ്യ​ത്യാ​സം. ന​മ്മു​ടെ ത​ല​ക്കു മീ​തെ ശൂ​ന്യാ​കാ​ശമ​ല്ലെ​ന്നും ഓപൺഹൈമറു​ടെ ആ​ത്മ​പ​രി​ശോ​ധ​ന​യെ മു​ൻനിർ​ത്തി അ​റ്റോ​മി​ക്/​ ഹൈ​ഡ്ര​ജ​ൻ ബോം​ബു​ക​ളു​ടെ സ​ർ​വസം​ഹാ​ര​ശ​ക്തി അ​വി​ടെ ഘ​നീ​ഭ​വി​ച്ച് തൂ​ങ്ങു​ന്നു എ​ന്നും ദ്യോ​തി​പ്പി​ക്കാ​നാ​ണ് ക്രി​സ്റ്റ​ഫ​ർ നോ​ല​ന് ഔ​ത്സുക്യം.

ഇ​ത് വൃ​ത്തി​യാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള സ്ക്രി​പ്റ്റ് നോ​ല​ൻത​ന്നെ ച​മ​ച്ച​താ​ണ്. പ​ല​പ്പോ​ഴും ഓപൺഹൈമറി​നു പ​റ​യാ​നു​ള്ള ക​ഥപോ​ലെ​യാ​ണ് അ​വ​ത​ര​ണം. പ്രേ​ക്ഷ​ക​രോ​ട് നേ​രി​ട്ട് ത​​ന്റെ ഹി​പ്നോ​ട്ടി​ക് ചി​ന്ത​ക​ളും ഭാ​വ​ങ്ങ​ളും സം​വ​ദി​ക്കു​ന്ന​വി​ധം മു​ഖ​ത്തി​​ന്റെ ക്ലോ​സ്അ​പ് ഷോ​ട്ടുക​ൾ ധാ​രാ​ള​മു​ണ്ട്. ന്യൂ​ക്ലി​യർ ബോം​ബ് പൊ​ട്ടി​ക്കുമെ​ന്ന് പേ​ടി​പ്പി​ക്കുന്ന വ്ലാ​ദിമി​ർ പു​ടി​​െന്റ​യും വ​ട​ക്ക​ൻ കൊ​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ഭീ​ഷ​ണി​ക​ൾ മു​ഴ​ങ്ങു​ന്ന ഇ​ക്കാ​ല​ത്തോ​ടാ​ണ് ഒ​ാപൺഹൈ​മ​ർ സം​വ​ദി​ക്കു​ന്ന​തെന്ന് തോ​ന്ന​ത്ത​ക്ക​വി​ധം ഈ ​നേ​രി​ട്ടു​ള്ള സം​വേ​ദ​നം ക​ഥ​യി​ൽ കോ​ർ​ത്തുവെ​ച്ചു എ​ന്ന​ത് നോ​ല​​ന്റെ വൈ​ദ​ഗ്ധ്യം മാ​ത്ര​മ​ല്ല ഉ​ദ്ദേ​ശ്യവു​മാ​ണ്. ഒ​ാപൺഹൈ​മ​ർ ഭ​യ​പ്പെ​ട്ടവി​ധം ഒ​രു പു​തി​യ ലോ​ക​ക്ര​മം സം​ഭ​വി​ച്ചി​രി​ക്ക​യാ​ണ്, 1947ൽ അ​ദ്ദേ​ഹം ഇ​ത് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ങ്കി​ൽ അ​ത് ഒ​ന്നുകൂ​ടി ഓ​ർ​മി​പ്പി​ക്കാ​നാ​ണ് നോ​ല​​ന്റെ ശ്ര​മം.

Show More expand_more
News Summary - weekly culture film and theatre