Begin typing your search above and press return to search.
proflie-avatar
Login

ഈ സിനിമകൾ നിങ്ങൾ കാണുകതന്നെ വേണം

ഈ സിനിമകൾ നിങ്ങൾ  കാണുകതന്നെ വേണം
cancel

അടുത്തിടെ സമാപിച്ച ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച വനിതാ സംവിധായകരുടെ ചിത്രങ്ങൾ കാണുകയാണ്​ കവികൂടിയായ ലേഖിക. സിനിമാ സംവിധാന ചരിത്രം വഴിമാറിത്തുടങ്ങിയെന്നും പുതുവഴി തെളിച്ച് വനിതകൾ മുന്നേറുകയാണെന്നും അവർ എഴുതുന്നു.പുരുഷ മേധാവിത്വത്തിനു കീഴിലായിരുന്ന സിനിമാ മേഖലയിലേക്ക് വനിതാ സംവിധായകരുടെ കടന്നുവരവ് സംഭവിച്ചിട്ട് അധികകാലമായില്ലെങ്കിലും ഇന്ന് ചലച്ചിത്രമേഖലയുടെ ഗതിനിർണയത്തിൽ അവരുടെ പങ്ക് വളരെയേറെ പ്രകടവും ഒഴിവാക്കാൻ പറ്റാത്തതുമായിക്കഴിഞ്ഞു. ഹോളിവുഡിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ഓസ്കറിന്റെ 96 വർഷത്തെ ചരിത്രത്തിൽ ഇതുവരെ കാതറിൻ ബിഗെലോ (യു.എസ്,) ക്ലോ ഷാവോ...

Your Subscription Supports Independent Journalism

View Plans
അടുത്തിടെ സമാപിച്ച ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച വനിതാ സംവിധായകരുടെ ചിത്രങ്ങൾ കാണുകയാണ്​ കവികൂടിയായ ലേഖിക. സിനിമാ സംവിധാന ചരിത്രം വഴിമാറിത്തുടങ്ങിയെന്നും പുതുവഴി തെളിച്ച് വനിതകൾ മുന്നേറുകയാണെന്നും അവർ എഴുതുന്നു.

പുരുഷ മേധാവിത്വത്തിനു കീഴിലായിരുന്ന സിനിമാ മേഖലയിലേക്ക് വനിതാ സംവിധായകരുടെ കടന്നുവരവ് സംഭവിച്ചിട്ട് അധികകാലമായില്ലെങ്കിലും ഇന്ന് ചലച്ചിത്രമേഖലയുടെ ഗതിനിർണയത്തിൽ അവരുടെ പങ്ക് വളരെയേറെ പ്രകടവും ഒഴിവാക്കാൻ പറ്റാത്തതുമായിക്കഴിഞ്ഞു. ഹോളിവുഡിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ഓസ്കറിന്റെ 96 വർഷത്തെ ചരിത്രത്തിൽ ഇതുവരെ കാതറിൻ ബിഗെലോ (യു.എസ്,) ക്ലോ ഷാവോ (ചൈന), ജെയ്ൻ കാംപിയൻ (ന്യൂസിലൻഡ്) എന്നിവർക്ക് മാത്രമാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഓസ്‌കർ നാമനിർദേശപ്പട്ടിക വരെ എത്താറുണ്ടെങ്കിലും ഒടുവിൽ തഴയപ്പെടുന്നതിനെതിരെ #OscarSoMale # OscarSoWhite എന്നീ ഹാഷ് ടാഗുകളിൽ സോഷ്യൽ മീഡിയ വഴി പ്രതിഷേധമുയർന്നത് രണ്ടു വർഷം മുമ്പാണ്. വർഷംതോറും വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുന്ന വനിതാ സംവിധായകരുടെ ചിത്രങ്ങൾ പരിശോധിച്ചാൽ ശക്തമായ പ്രമേയങ്ങളും മേക്കിങ്ങിലെ പുതുമകളുമായി ഒട്ടേറെ സിനിമകൾ പുറത്തിറങ്ങുന്നുണ്ട് എന്നു കാണാം. ഇതിൽ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള മിക്ക ചിത്രങ്ങളും ലോക സിനിമാ പട്ടികയെടുത്താൽ മുൻനിരയിലാണ്.

ഓസ്കർ മാത്രമല്ല ചിത്രത്തിന്റെ മൗലികത അളക്കുന്നതിനുള്ള മാനദണ്ഡം എന്നിരിക്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വനിതാ സംവിധായകർ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നുണ്ടെങ്കിലും സംവിധാനരംഗത്തേക്കുള്ള പൂർണമായ കടന്നുവരവിനെ അസാധുവാക്കുന്ന ചില ഇടപെടലുകൾ പരോക്ഷമായെങ്കിലും ഉണ്ടാവുന്നു എന്നത് തള്ളിക്കളയാനാവില്ല.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ലോകമൊട്ടാകെ നടന്ന ചലച്ചിത്രമേളകൾ പരിശോധിച്ചാൽ പ്രമേയങ്ങളിലെ വൈവിധ്യവും മേക്കിങ്ങിലെ പുതുമയും മുൻനിർത്തി സിനിമക്ക് അങ്ങനെയൊരു വേർതിരിവിന്റെ ആവശ്യമേ വരുന്നില്ല എന്ന് സമർഥിക്കേണ്ടി വരും. ഈ വർഷം ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച വനിതാ സംവിധായകരുടെ ചിത്രങ്ങളെയും വേറിട്ട് നിർത്തിയത് പ്രമേയങ്ങളിലുള്ള തിരഞ്ഞെടുപ്പും മേക്കിങ്ങിലുള്ള പുതുമയുമാണ്. സ്ത്രീസംബന്ധ വിഷയങ്ങളാണ് കലാ സാഹിത്യ രംഗങ്ങളിലുള്ള സ്ത്രീകൾ ആവിഷ്‌കരിക്കുന്നത് എന്ന ആൺവാദങ്ങൾ സിനിമാ രംഗത്തും ഏറക്കുറെ പ്രകടമാണെന്നിരിക്കെ അതിനെ പൂർണമായും അസാധുവാക്കുന്ന പ്രമേയങ്ങളുള്ള ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനുണ്ടായിരുന്നത്.

അഭയാർഥികളുടെ ജീവിതത്തിന്റെ നിറം പകർത്തിയ പോളിഷ് ചിത്രം ‘ഗ്രീൻ​ ബോർഡർ’ ഒരു മികച്ച ചിത്രമായിത്തീരുന്നത് സംവിധായികയുടെ ഉറച്ചനിലപാടുകൊണ്ടുകൂടിയാണ്. അഗ്‌നെനെസ്‌ക ഹോളണ്ട് സംവിധാനം ചെയ്ത ചിത്രത്തിൽ മനുഷ്യരെന്ന ഒരു പരിഗണനയും ലഭിക്കാതെ അതിർത്തികളിൽ ക്രൂരമായി വേട്ടയാടപ്പെടുന്ന അഭയാർഥികളെ അധികാരിവർഗത്തിന്റെ കാവലാളുകൾ നിഷ്‍കരുണം ചൂഷണംചെയ്ത് രസിക്കുന്ന കാഴ്ച അത്യന്തം ഭീകരമാണ്.

പോളണ്ട്-ബെലറൂസ് അതിർത്തിയിലൂടെ യൂറോപ്യന്‍ യൂനിയനിലേക്ക് അഭയം തേടി എത്തുന്ന വിവിധ രാജ്യക്കാരാണ് ചിത്രത്തിലെങ്കിലും റഷ്യ-യുക്രെയ്ൻ യുദ്ധാനന്തരമുള്ള പോളണ്ടിലേക്കുള്ള പലായനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പൂർണ ഗർഭിണിയെ വലിച്ചെറിയുന്നതും വയോധികർക്കും കുട്ടികൾക്കും നേരെയുള്ള ക്രൂരതകളുമെല്ലാം ഫ്രെയിമിൽ നിൽക്കാതെ കാണികൾക്കൊപ്പം ഇറങ്ങിപ്പോന്ന് നിരന്തരം വേട്ടയാടുന്നത് സംവിധായികയുടെ ക്രിയാത്മകതയും –സിനിമ പോളണ്ട് ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടും –തന്റെ നിലപാടിൽ ഉറച്ചുനിന്ന മനുഷ്യസ്നേഹിയുടെ ആർജവവുമാണ്.

അവർ നിരന്തരം ലോകത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചരിത്രമായവയെ കുഴിച്ചെടുത്ത് അതിലെ നീതിയെ, നീതിയില്ലായ്‌മയെ കൂടുതൽ തിളക്കുകയും ചെയ്യുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് മേളയിൽ പ്രദർശിപ്പിച്ച ജർമൻ സംവിധായിക സ്റ്റെഫി നീഡർസോളിന്റെ ‘സെവൻ വിന്റേഴ്‌സ് ഇൻ തെഹ്റാൻ’ എന്ന ഹ്രസ്വചിത്രം.

പീഡനശ്രമത്തിനിടെ സ്വരക്ഷക്കായി അക്രമിയെ കൊലചെയ്യേണ്ടി വന്ന കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന റെയ്ഹാന ജബ്ബാരി എന്ന 26കാരിയുടെ ജീവിതവും കാഴ്ചപ്പാടുകളും അനാവരണം ചെയ്യുന്നതോടൊപ്പം ജുഡീഷ്യറിയെപ്പോലും കാൽക്കീഴിലാക്കിയ ഇറാനിലെ മതാധിഷ്ഠിത വ്യവസ്ഥകൾക്കെതിരെ ശബ്ദമുയർത്തുകയുമാണ് സംവിധായിക. പീഡന നിയമങ്ങൾ പുരുഷന്മാർക്ക് മാത്രമായി എഴുതപ്പെട്ടതാണ് എന്നുറക്കെ പ്രഖ്യാപിക്കാൻ അവർ ആരെയും ഭയക്കുന്നില്ല. ‘He can't foget She can’t remember’ എന്ന ടാഗ് ലൈനോടെ ഒരു ചിത്രം തിരശ്ശീലയിലെത്തിക്കുമ്പോൾ അതിനു മാനങ്ങളേറെയാണ്. ഓർമ മനുഷ്യന്റെ വിജയവും മറവി തോൽവിയുമാണെന്ന ധാരണയെ തിരുത്തി എഴുതുമ്പോൾ ഇവിടെ അതിന് ചരിത്രപരമായ/സാംസ്കാരികമായ മാനം കൈവരുന്നു.

ആസ്‌ട്രേലിയൻ നടിയും സംവിധായികയുമായ മെഡലിൻ ബ്ലാക്ക് വെൽ ഈ ധാരണയെ തിരുത്തുന്നത് അനുഭവങ്ങളുടെ നേരറിവുകൾകൊണ്ടാണ്. അവരുടെ ‘ഡാമേജ്’ എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ വായനയിൽ കാൽപനികതയിൽ പൊതിഞ്ഞ കഥാപരിസരമാണെന്ന് തോന്നുമെങ്കിലും ഭരണകൂട ഭീകരതക്ക് ഇരയാക്കപ്പെട്ട് ജർമനിയിലേക്ക് പലായനം ചെയ്യേണ്ടിവന്ന ഒരു ഇറാഖി പൗരനും 80കാരിയായ ഒരു ജർമൻ പൗരയുമാണ് ഫ്രെയിമിൽ. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് വ്യാജ ആരോപണം നേരിട്ട് ജയിലിലായിരുന്ന അലി ഇപ്പോൾ ജർമനിയിൽ അഭയം തേടിയെങ്കിലും അഞ്ചു വർഷത്തോളമായി അഭയാർഥികൾക്കുള്ള തടങ്കൽപാളയത്തിലായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് അലി ഒരു സുഹൃത്തിന്റെ ലൈസൻസ് ഉപയോഗിച്ച് ടാക്സി ഓടിക്കാൻ തുടങ്ങിയത്. ഏതു സമയവും പിടിക്കപ്പെടാമെന്ന ഭയത്തിലാണ് അയാൾ ജീവിക്കുന്നത്.

അലിയുടെ വാഹനത്തിൽ രാത്രി അവിചാരിതമായി എസ്തർ എന്ന ഡിമെൻഷ്യ ബാധിച്ച സ്ത്രീ കയറുകയാണ്. പോകേണ്ട സ്ഥലം എവിടേക്കെന്ന് മറന്നുപോവുന്ന അവർ അലിയോട് അയാളുടെ ഭൂതകാലത്തെക്കുറിച്ച് ചോദിച്ചറിയുന്നുണ്ട്. പല ചോദ്യങ്ങൾക്കൊടുവിൽ നിങ്ങൾ എന്തിനാണ് ഞങ്ങളുടെ രാജ്യത്തേക്ക് വന്നത് എന്ന ഒടുവിലത്തെ ചോദ്യത്തിലാണ് ചിത്രത്തിന്റെ കാതൽ എന്നുപറയാം. ഡിമെൻഷ്യ ലോകത്തെ മുഴുവനായി ബാധിച്ച കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ചിത്രം അടിവരയിടുന്നു. യുദ്ധവും പീഡനങ്ങളും നിറഞ്ഞ ഓർമകളിൽ ഒന്നും മറക്കാനാവാതെ അലിയും ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒന്നും ഓർക്കാനാവാതെ എസ്തറും നിശ്ശബ്ദരാവുന്നു.

 

അഗ്‌നെനെസ്‌ക ഹോളണ്ട്,ജസ്റ്റിന്‍ ട്രയറ്റ്,സ്റ്റെഫി നീഡർസോൾ

അഗ്‌നെനെസ്‌ക ഹോളണ്ട്,ജസ്റ്റിന്‍ ട്രയറ്റ്,സ്റ്റെഫി നീഡർസോൾ

യാത്രയിലുടനീളം നിരീക്ഷണ കാമറകൾ അവരുടെ യാത്രയെ പിന്തുടരുന്നു എന്നതും ഇന്നത്തെ ലോകത്തിന്റെ മറ്റൊരു മുഖമാണ് വരച്ചുകാണിക്കുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചതിനുശേഷം ബ്ലാക്ക് വെൽ നിർമാതാക്കളെ സമീപിച്ചെങ്കിലും എല്ലാവരും കൈയൊഴിഞ്ഞതിനെ കുറിച്ച് അവർ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ആസ്‌ട്രേലിയൻ കൾചറൽ ഫണ്ടിന്റെ സഹായത്തോടെ അഞ്ചു വർഷംകൊണ്ട് ചിത്രത്തിന് ആവശ്യമായ ഫണ്ട് സമാഹരിച്ചാണ് ചിത്രം സംവിധാനംചെയ്തത്. ബ്ലാക്ക് വെല്ലിന്റെ ആദ്യ ചിത്രമാണിത്. ലോകത്തെല്ലായിടത്തും വനിതാ സംവിധായകർ നേരിടുന്ന പ്രതിസന്ധിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

യൂറോപ്പിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നും ആസ്‌ട്രേലിയയിൽ എത്തിച്ചേരുന്ന അഭയാർഥികളുമായുള്ള നിരന്തര സമ്പർക്കമാണ് ഇങ്ങനെയൊരു കഥാപരിസരത്തിലേക്ക് ബ്ലാക്ക്‌വെല്ലിനെ എത്തിച്ചത്. ഇതൊന്നുമല്ല അവരുടെ യഥാർഥ ജീവിതമെന്നും കള്ളക്കടത്തിലേക്കും ഭിക്ഷാടനത്തിലേക്കും വരെ എത്തിപ്പെടുന്ന നിലയിലേക്ക് അവരുടെ ജീവിതം ചുരുക്കപ്പെടുകയാണെന്നും സംവിധായിക വ്യക്തമാക്കുന്നു. ചില ഇറാൻ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കാമറ ആംഗിളുകളും ചിത്രത്തെ വേറിട്ട അനുഭവമാക്കുന്നു. കവിതയോട് അടുക്കുന്ന സിനിമാനുഭവങ്ങൾക്ക് മേക്കിങ്ങിലുള്ള പങ്ക് വലുതാണ്. അത്തരത്തിലുള്ള ഒരനുഭവമാണ് ‘ഫോർ ഡോട്ടേഴ്സ്’ എന്ന തുനീഷ്യൻ ഡോക്യുമെന്ററി തരുന്നത്.

ഒരു യഥാർഥ സംഭവത്തെ സംവിധായിക കൗതർ ബെൻ ഹാനിയ അരങ്ങിലെത്തിക്കുമ്പോൾ സത്യവും മിഥ്യയും ഏതെന്നു വേർതിരിക്കാനാവാത്ത വിധത്തിൽ യഥാർഥ കഥാപാത്രങ്ങളും സിനിമക്കുള്ളിലെ സിനിമാഭിനയക്കാരും ഇടകലർന്നുപോവുന്നു. അവർ ഇടക്ക് കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് ജീവിതത്തിലാണോ സിനിമയിലാണോ അതോ സിനിമക്കുള്ളിലെ സിനിമയിലാണോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

യഥാർഥ സംഭവങ്ങൾ സിനിമക്ക് വിഷയമാകുന്നത് അതത് സമൂഹത്തിൽ/ കുടുംബത്തിൽ അവ ഏൽപിച്ച ആഘാതത്തെ കണക്കിലെടുത്തുകൊണ്ട് കൂടിയായിരിക്കാം. ഓൾഫ എന്ന തുനീഷ്യൻ സ്ത്രീയുടെ നാല് പെൺമക്കളിൽ രണ്ടുപേർ പെട്ടെന്ന് അപ്രത്യക്ഷരാവുന്നത് അവർ ഇസ്‍ലാമിക് സ്റ്റേറ്റിൽ ചേർന്നു എന്ന വാർത്തയുമായി ബന്ധപ്പെട്ടാണ്. അത് അവളുടെ കുടുംബത്തിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. അവരുടെ അഭാവം നികത്താൻ ബെൻ ഹാനിയ പ്രഫഷനൽ നടിമാരെ ക്ഷണിക്കുകയും ഓൾഫയുടെയും അവളുടെ പെൺമക്കളുടെയും ജീവിതകഥ ചുരുളഴിക്കുകയും ചെയ്യുന്നു. രാജ്യത്ത് ഇസ്‍ലാമിക മത മൗലികവാദം ആഴത്തിൽ വേരോടാൻ തുടങ്ങിയപ്പോൾ അതിൽ ആകൃഷ്ടരായി ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരുന്ന പെൺകുട്ടികളെ കുറിച്ചാണ് ചിത്രം. ലോകമെമ്പാടുമുള്ള മത രാഷ്ട്രങ്ങളിൽ സ്ത്രീ സ്വാതന്ത്ര്യവും യാഥാസ്ഥിതിക ചിന്തയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ സാധാരണമാവുമ്പോൾ അതിനു ബലിയാടാവേണ്ടിവരുന്നത് വളർന്നുവരുന്ന തലമുറയാണെന്നും സംവിധായിക സാക്ഷ്യപ്പെടുത്തുന്നു.

2013 ഏപ്രിലിനും 2018 ജൂണിനും ഇടയിൽ ഇറാഖിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 41,490 വിദേശ പൗരന്മാരിൽ 4761 പേർ സ്ത്രീകളാണെന്ന് കണക്കുകൾ പറയുന്നു. ഇതിൽ 4640 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഡോക്യുമെന്ററി എന്ന ലേബലിൽ ഒതുങ്ങാത്ത മികച്ച ആഖ്യാന രീതിയുള്ള ചിത്രത്തിന് കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ ഐ പുരസ്‌കാരം ലഭിച്ചിരുന്നു. മേക്കിങ്ങിലുള്ള പുതുമ അനുഭവിക്കാൻ കഴിഞ്ഞ മറ്റൊരു ചിത്രമാണ് ‘അനാട്ടമി ഓഫ് എ ഫാൾ’. ഫ്രഞ്ച് സംവിധായിക ജസ്റ്റിന്‍ ട്രയറ്റ് തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയും യാഥാർഥ്യങ്ങളും സങ്കൽപങ്ങളും ഇടകലർത്തി ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. കോടതി വിചാരണകളിൽ പുരോഗമിക്കുന്ന ചിത്രത്തിലെ സൂക്ഷ്മത അത്ഭുതപ്പെടുത്തും. സൈക്കോ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ചിത്രം ‘പാം ദി ഓര്‍’ പുരസ്കാരമുൾപ്പെടെയുള്ളവ നേടിയിട്ടുണ്ട്.

ചരിത്രത്തെ വീണ്ടും പുറത്തെടുത്ത് മിനുക്കുകയും ചിലപ്പോൾ തിരുത്തിക്കുറിക്കുകയും ചെയ്യുക എന്ന ധർമം കൂടി സിനിമാ പ്രവർത്തകർ നിർവഹിക്കുന്നുണ്ട്. അത്തരത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തെ 21 ഷോട്ടുകളിലൂടെ അടയാളപ്പെടുത്തുകയാണ് വേര എഗ്വിറ്റോ സംവിധാനംചെയ്ത ബ്രസീലിയൻ ചിത്രം ‘ദി ബാറ്റിൽ’. 1968 ഒക്ടോബറിൽ ബ്രസീൽ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴിലായിരുന്ന കാലത്ത് ഇടതു-വലതുപക്ഷ അനുകൂലികളായ സർവകലാശാലാ വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിനു വേദിയായത് ബ്രസീലിയൻ നഗരമായ സാവോപോളോയിലെ റുവാ മരിയ അന്റോണിയയാണ്. മാരകായുധങ്ങൾക്ക് പകരം നാടൻ ബോംബ്, കല്ല്, വടി തുടങ്ങിയവയാണ് അവർ ഉപയോഗിക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഈ ഏറ്റുമുട്ടലിനെ അതേ പടി പുനർനിർമിക്കാൻ ശ്രമിക്കുകയാണ് സംവിധായിക. അതിൽ അധ്യാപക-വിദ്യാർഥി ബന്ധങ്ങളും പ്രണയവും പകയും എല്ലാം ഉൾപ്പെടുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ‘ദി ബാറ്റിൽ’. മേളയിലെ ക്ലോസിങ് ചിത്രമായിരുന്ന കാറ്റലിൻ മോൾഡോവയുടെ ഹംഗേറിയൻ ചിത്രം ‘വിത്തൗട്ട് എയർ’, മംഗോളിയൻ ചിത്രമായ ‘ഇഫ് ഒാൺലി ഐ കുഡ് ഹൈബർനേറ്റ്’ എന്നിവ കൈകാര്യംചെയ്യുന്ന വിഷയവും സാമൂഹിക പ്രസക്തിയുള്ളതാണ്.

 

‘ഇഫ് ഒാൺലി ഐ കുഡ് ഹൈബർനേറ്റ്’ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നവുമായി കഴിയുന്ന മംഗോളിയയിലെ ഒരു വിഭാഗം വിദ്യാർഥി സമൂഹത്തെ കുറിച്ചാവുമ്പോൾ ‘വിത്തൗട്ട് എയർ’ മതാധിഷ്ഠിത അധികാരകേന്ദ്രങ്ങൾ കലാലയങ്ങളിൽ ഇടപെട്ട് അധ്യാപകരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതിനെ കുറിച്ചാവുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിതും. മേളയിൽ പ്രദർശിപ്പിച്ച യു.എസ് ചിത്രം ‘ഗേൾ’, മൊറോക്കൻ ചിത്രം ‘മദർ ഓഫ് ഓൾ ലൈസ്’ തുടങ്ങിയ ചിത്രങ്ങളും മികച്ച ദൃശ്യാനുഭവം നൽകുന്നതായിരുന്നു. മേക്കിങ്ങിലും പ്രമേയത്തിലും പുതുമ പരീക്ഷിച്ച് വനിതാ സംവിധായകർ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കുകയാണ് ഓരോ ചിത്രവും.

News Summary - weekly culture film and theatre