Begin typing your search above and press return to search.
proflie-avatar
Login

അനുഷ്ഠാനങ്ങളുടെ ഒങ്കാറ

onkara
cancel
രാജേഷ് തില്ലങ്കേരി തിരക്കഥയെഴുതി നവാഗത സംവിധായകൻ ഉണ്ണി കെ.ആർ ഒരുക്കിയ ‘ഒങ്കാറ’ എന്ന ചലച്ചിത്രം കാണുന്നു. ഗോത്രവർഗക്കാരുടെ ജീവിതംപോലെതന്നെ ലാളിത്യവും തെളിമയുമുള്ള രചനയാണിതെന്ന്​ നിരൂപകൻകൂടിയായ ലേഖകൻ.

സവിശേഷതകൾ നിറഞ്ഞ പടമാണ് ‘ഒങ്കാറ’. സിനിമാ ചരിത്രത്തിലാദ്യമായി ‘മർക്കോടി’ ഭാഷയിൽ എടുത്ത ചിത്രമാണിത്. ഗോത്രവർഗ കഥയായ ‘ഒങ്കാറ’ പറയുന്നത് ‘മാവിലാൻ’ സമുദായത്തെക്കുറിച്ചാണ്. കാടുതന്നെയാണ് ഇവർക്ക് വീടും നാടും. സുധീർ കരമന വേഷമിട്ട ‘ഒങ്കാറ’യാണ് പ്രധാന കഥാപാത്രം. മുഴുനീളം കാടുകളിൽ വെച്ച് ചിത്രീകരിച്ച പടമാണിത്. ഗോത്രവർഗ ജീവിതത്തിന്റെ നേർക്കാഴ്ചപോലെ സത്യസന്ധമായ അവതരണം.

രാജേഷ് തില്ല​ങ്കേരി തിരക്കഥയെഴുതി നവാഗത സംവിധായകൻ ഉണ്ണി കെ.ആർ ഒരുക്കിയ ‘ഒങ്കാറ’ ​െകാൽക്കത്ത, മുംബൈ, ബംഗളൂരു തുടങ്ങിയ രാജ്യാന്തര മേളകളിൽ പ്രദർശിപ്പിക്കുകയും അനുമോദനം നേടുകയും ചെയ്തിരുന്നു. ഗോത്രവർഗക്കാരുടെ ജീവിതംപോലെ തന്നെ ലാളിത്യവും തെളിമയുമുള്ള രചനയാണിത്. സാധാരണ പ്രേക്ഷകന് അന്യമായ, അജ്ഞാതമായ ജീവിതമേഖലയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ‘ആചാരോപചാരനിരതമായ’ ജീവിതമാണ് മാവിലാൻ വർഗക്കാരുടേത്. മറ്റു ഗോത്രവർഗക്കാരുടെ രീതിയും സമാനമായതു തന്നെയെന്ന് പറയാം.

അനുഷ്ഠാനങ്ങളിലും ദൈവകാര്യങ്ങളിലും പൂർണ ശ്രദ്ധ പതിപ്പിക്കുന്ന തെയ്യം കലാകാരനാണ് ഒങ്കാറ. അർപ്പണ മനോഭാവത്തോടെയാണ് ഒങ്കാറ തെയ്യം കെട്ടിയാടുന്നത്. ഭൗതികകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാതെയുള്ള സമർപ്പണം അതിവിരളമായി മാത്രം സംഭവിക്കുന്നതാണ്. അനുഷ്ഠാനത്തെ, തെയ്യത്തെ ഉപജീവന മാർഗമായോ വരുമാന മാർഗമായോ അയാൾക്ക് കാണാനാകുന്നില്ല. ദൈവത്തിന്റെ പ്രതിരൂപമായ തെയ്യമായി മാറുന്ന ഒങ്കാറയായുള്ള പകർന്നാട്ടം അതീവ ശ്രദ്ധയോടെയും ആർജവത്തോടെയുമാണ് അഭിനേതാവായ സുധീർ കരമന നിർവഹിക്കുന്നത്. നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ ബുദ്ധിമുട്ടുമ്പോഴും പട്ടിണിയും പരിവട്ടവുമാകുമ്പോഴും ദൈവവഴിയിൽനിന്ന് ഒങ്കാറ ഒരിക്കലും വ്യതിചലിക്കുന്നില്ല.

ആദിമ ഗോത്രങ്ങൾക്കും ഗിരിവർഗക്കാർക്കും മൂപ്പന്മാരുണ്ടാകും. മൂപ്പൻ അവരുടെ കിരീടംവെക്കാത്ത രാജാവുതന്നെയാണ്. ഊരു മൂപ്പനാണ് ഏതു കാര്യത്തിനും അവസാന വാക്കാകുന്നത്. മാവിലാൻ ഗോത്രത്തിനുമുണ്ട് ഒരു മൂപ്പൻ –അവരുടെ വിധികർത്താവ്! ഗോത്ര ദൈവ നാമത്തിൽ അധികാരം കൈയാളുന്ന മൂപ്പൻ തീരുമാനിക്കുന്നതെന്തും ഗോത്രക്കാർ ശിരസ്സാ വഹിക്കുന്നു. സാധാരണ ഗതിയിൽ, പ്രത്യേകിച്ച് സ്ഥാപിത താൽപര്യമൊന്നുമില്ലാത്തവരായിരിക്കും ഗോത്ര മൂപ്പന്മാർ. നീതിയുക്തമായ നടപടികൾ സ്വീകരിക്കുന്നവരും. ഗോത്രങ്ങളുടെ നിത്യജീവിതത്തിലും സുഖദുഃഖങ്ങളിലും നിർണായക പങ്കാണ് മൂപ്പൻ നിർവഹിക്കുന്നത്.

കാസർകോടും പരിസരങ്ങളിലുമാണ് മാവിലാൻ ട്രൈബുകളുള്ളത്. അവരുടെ ലിപിയില്ലാത്ത ഭാഷ ‘മർക്കോടി’ വെറും വാമൊഴിയാണെങ്കിലും മലയാള ഭാഷയുമായുള്ള ആദാന പ്രദാനംകൊണ്ട് ചില മലയാള വാക്കുകളും അവർ ഉപയോഗിക്കുന്നതായി കാണാം. ക​ർണാടക അതിർത്തിയിലെ വനമേഖലയാണ് മാവിലാൻ ട്രൈബിന്റെ ജന്മദേശം. നൂറ്റാണ്ടുകളായി അവിടെ വസിക്കുന്ന അവർ തങ്ങളുടെ മർക്കോടി ഭാഷ വാമൊഴിയായി തലമുറകളിൽനിന്ന് തലമുറകളിലേക്കു പകരുന്നു. വേഷഭൂഷാദികളിൽ മാറ്റം വരുമ്പോഴും ഭാഷ അവരുടെ സ്വകാര്യ സ്വത്തായി തുടരുന്നു.

ഉണ്ണി കെ.ആർ,രാജേഷ് തില്ല​േങ്കരി

ആദിവാസി ഗോത്ര സമുദായങ്ങളെക്കുറിച്ച് പല ഭാഷകളിലായി പല സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവരുടെ തന്നെ ഭാഷയിൽ ഒരു പടം വെളിച്ചം കാണുന്നത് ചരിത്രത്തിൽ ഇദംപ്രഥമമാണ്. തിരക്കഥാകൃത്തും സംവിധായകനും അതിനായി നടത്തിയ കഠിനയത്നങ്ങൾ ഫലപ്രാപ്തി നേടിയതായി കാണാം. മാവിലാൻ ഗിരിവർഗക്കാരെ കൂടി പ​ങ്കെടുപ്പിച്ചുകൊണ്ടുള്ള പടമായിരിക്കെ അവരുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‍കാരമായി മാറുന്നുണ്ട്. നിബിഡ വനത്തിലാണ് പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ ഗോത്രഗാനങ്ങൾ തന്നെ ചേർത്തിരിക്കുന്നു.

ഒങ്കാറയുടെ ജീവിതം പകർത്തിക്കൊണ്ട് ഗോത്രസംസ്കാരത്തിലേക്കും ജനന, മരണ, വിവാഹ ചടങ്ങുകളിലേക്കും വെളിച്ചം വീശുകയാണ് സംവിധായകൻ. പെൺകുട്ടി പ്രായപൂർത്തിയാകുമ്പോഴും പ്രത്യേക ആചാരങ്ങളുണ്ട് മാവിലാൻ ഗോത്രവിഭാഗത്തിന്. കാലപ്പഴക്കംകൊണ്ട് അവരുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കു​റെ മാറ്റങ്ങൾ സംഭവിച്ചിരിക്കാമെങ്കിലും പഴമയുടെ പാതയിലൂടെതന്നെയാണ് ഇന്നും അവരുടെ പ്രയാണം.

പുനം കൃഷിയും മൃഗങ്ങളെ വേട്ടയാടലും കാട്ടുവിഭവങ്ങൾ ശേഖരിക്കുന്നതും കൂടാതെ ഇവർ ഉപജീവനത്തിനായി മുളക്കൊ​ട്ടകൾ നെയ്തെടുക്കുന്നതും പതിവാണ്. തെയ്യം കലാകാരനായ ഒങ്കാറയും കുടുംബവും ഒഴിവു വേളകളിൽ കൊട്ടകൾ മെടയുന്നു. അതിന്റെ വിപണനം ജീവിതാവശ്യങ്ങൾ പൂർത്തീകരിക്കുവാൻ അവർക്ക് അത്യന്താപേക്ഷിതമാണ്.

നാട്ടിലെ വ്യാപാരികളാലും പൊരുത്തുകാരാലും ചൂഷണംചെയ്യപ്പെടുന്ന ഗോത്രവിഭാഗങ്ങളിൽ ഇവരും ഉൾപ്പെടുന്നു. അടിമത്തത്തിൽനിന്നും അസ്വാതന്ത്ര്യത്തിൽനിന്നും മോചനം നേടിയിട്ടുണ്ടെങ്കിലും ഏതെല്ലാമോ അദൃശ്യകരങ്ങളാൽ ഇന്നും അവർ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നതായി കാണാം. മാവിലാൻ ഗോത്രക്കാരുടെ അതിജീവനത്തിന്റെയും ജീവിതസമരത്തിന്റെയും നേർക്കാഴ്ചയാണ് ‘ഒങ്കാറ’. വിപരീത പരിസ്ഥിതികളോട് മല്ലിട്ടുകൊണ്ടാണ് അവർ നിലനിൽക്കുന്നതെന്ന് സ്പഷ്ടം.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്ര സംസ്കൃതിയുടെ വീണ്ടെടുപ്പുപോലെ, അതിന്റെ തനിമയും ആധികാരികതയും രേഖപ്പെടുത്തുകയുംകൂടിയാണ് ‘ഒങ്കാറ’. പൊതുവെ എല്ലാ കഥാപാത്രങ്ങളും പറയുന്നത് മർക്കോടി ഭാഷ തന്നെ. നാട്ടിൽനിന്ന് കച്ചവടത്തിനായി കാട്ടുവഴികളിൽ സഞ്ചരിക്കുന്നവരടക്കം. മാവിലാൻ ഗോത്രക്കാരുടെ നൃത്തങ്ങളും പരമ്പരാഗത പാട്ടുകളും തന്നെയാണ് പടത്തിൽ ചേർത്തിരിക്കുന്നത്. അവരുടെ തെയ്യവും നാട്ടു തെയ്യവും തമ്മിൽ സാജാത്യ വൈജാത്യങ്ങളുണ്ട്. തെയ്യം കെട്ടിയാടുന്ന ഒങ്കാറ ഒരു പരകായപ്രവേശമാണ് സാധിക്കുന്നത്. ചമയങ്ങൾ അഴിക്കുന്നതോടെ അയാൾ സാധാരണക്കാരനായി മാറുന്നു.

മാവിലാൻ ഗോത്രക്കാരുടെ ജനന-മരണവും വിവാഹവും എല്ലാംതന്നെ മൂപ്പന്റെ നേതൃത്വത്തിലും സാന്നിധ്യത്തിലുമാണ് നടക്കുന്നത്. ഒങ്കാറയുടെ വിവാഹവും കുടുംബജീവിതവുമെല്ലാം കൈയൊതുക്കത്തോടെയാണ് സംവിധായകൻ ഉണ്ണി കെ.ആർ പകർത്തുന്നത്. പട്ടിണിയിലും ഇല്ലായ്മയിലും ഒരുമയുടെ, സംതൃപ്തിയുടെ ജീവിതം നയിക്കുന്ന ഒങ്കാറക്ക് രണ്ടു പെൺകുട്ടികൾ ജനിക്കുന്നു. ഭാര്യയുടെ മരണവും തുടർന്ന് പെൺമക്കളു​മൊത്തുള്ള ഏകാന്ത ജീവിതവും വിരസതയില്ലാതെ പറഞ്ഞിട്ടുണ്ട്. കുട്ടികളെ കരുതി ഒങ്കാറ വീണ്ടും വിവാഹിതനാകുന്നു. രണ്ടാനമ്മ സ്നേഹവതിയെങ്കിലും അവൾക്കൊരു സ്വകാര്യ ജീവിതമുണ്ട് –രതിനിർവേദത്തിന്റെ ആശാപൂരണത്തിന്റെ നിഗൂഢജീവിതം. ഒങ്കാറയിൽനിന്ന് ലഭിക്കാത്തത് അവൾ പരപുരുഷനിൽനിന്ന് നേടുന്നു.

‘ഒങ്കാറ’

ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് കുറത്തിയമ്മ. കാട്ടുവഴികളിലും വീട്ടുമുറ്റത്തും ക്ഷേത്രാങ്കണത്തിലുമെല്ലാം സമയാസമയങ്ങളിൽ കുറത്തിയമ്മ പ്രത്യക്ഷപ്പെടുന്നു. അതീന്ദ്രിയ ശക്തിയുണ്ടെന്നപോലെ ഭാവി പ്രവചനവും നടത്തുന്നു –ഒരു മിസ്റ്റിക് കഥാപാത്രം! സന്ദിഗ്ധഘട്ടങ്ങളിൽ കുറത്തിയമ്മയുടെ സാന്നിധ്യം കാണാം. ഒങ്കാറയുടെ പ്രായപൂർത്തിയായ മൂത്തമകൾ സുന്ദരിയും വടിവൊത്ത ശരീരത്തി​ന്റെ ഉടമയുമാണ്.

യുവതിയായ ഗോത്രസുന്ദരിയെ മാലയും വളയും സുഗന്ധ ദ്രവ്യങ്ങളും നൽകി ആകർഷിച്ച് വലയിലാക്കുവാൻ നഗരത്തിൽ നിന്നെത്തുന്ന വ്യാപാരിയായ യുവാവിന് കഴിയുന്നു. ആദിവാസി ഗോത്രങ്ങളിലെ എട്ടും പൊട്ടും തിരിയാത്ത യുവതികൾ നാഗരികതയുടെ ആ​ക്രമണത്തിന് വിധേയരാകുന്നതിന്റെ നേർച്ചിത്രം തന്നെയാണിത്. യുവതി കച്ചവടക്കാരനൊപ്പം ഒളിച്ചോടുന്നത് ഒങ്കാറക്ക് വലിയ അഭിമാനക്ഷതമായി, ശാപമായിത്തീരുന്നു. കാട്ടുവഴികളിലൂടെ ഏകനായി നടക്കുന്ന ഒങ്കാറയുടെ ഹൃദയഭാരം വ്യക്തമാണ്. എന്തുചെയ്യണമെന്നറിയാതെ അയാൾ അലയുന്നു.

കുലദൈവങ്ങളെ തന്നെയാണ് അപ്പോഴും ഒങ്കാറ ആശ്രയിക്കുന്നത്. അരുളപ്പാടിനായി അയാൾ കാതോർക്കുന്നു. ദുഃസ്വപ്നങ്ങളിലെ ഭീകരരൂപികൾ അയാളെ വേട്ടയാടുന്നു. അതിനിടെ സംഭവിക്കുന്ന മൂപ്പന്റെ മരണം ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അടുത്ത മൂപ്പനായി ഒങ്കാറയെ അവരോധിക്കുന്നത് തടയാനുള്ള നീക്കങ്ങളും നടക്കുന്നു. പെണ്ണ് ചോദിച്ച് വന്നപ്പോൾ ജാതിയും വരുമാനവും വിലയും നിലയും പറഞ്ഞ് പുറന്തള്ളിയ യുവാവിന്റെ അച്ഛനാണ് ഒങ്കാറക്കെതിരായ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഗോത്രത്തിനകത്ത് കലാപക്കൊടിയുയരുന്നത് തടയുവാൻ കുറത്തിയമ്മയും ശ്രമിക്കുന്നു. ഒങ്കാറ തന്നെ മൂപ്പനാകണമെന്നതാണ് അവരുടെ ആഗ്രഹം.

പശ്ചാത്താപവിവശയായി തിരിച്ചെത്തുന്ന ഒങ്കാറയുടെ പുത്രി ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത് അയാളെ തളർത്തുകയും തകർക്കുകയും ചെയ്യുന്നു. തെയ്യം കെട്ടിയാടുന്ന തന്നെ ഗോത്രദൈവങ്ങൾ കൈവിടുകയാണോ എന്നയാൾ സംശയിക്കുന്നു. എന്തിനായിരുന്നു ത​ന്റെ ജീവിതയാത്ര? അസ്തിത്വ ദുഃഖവും പേറി അലയാൻ വിധിക്കപ്പെട്ടവനാണോ താനെന്ന് അയാൾ സംശയിക്കുന്നു. നിരാശതാബോധം അയാളെ സ്വയം ഹനനത്തിലേക്ക് നയിക്കുന്നു. ഗോത്ര നിയമങ്ങളും ദൈവങ്ങളും ആചാരങ്ങളുമൊന്നും അയാളുടെ രക്ഷക്കെത്തുന്നില്ല.

നാശോന്മുഖമായ, ആദിമ ഗോത്ര സംസ്കാരത്തെ അതിന്റെ തനിമയിലും ഇനിമയിലും അടയാളപ്പെടുത്തുക എന്ന ദൗത്യംകൂടിയാണ് തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിയും സംവിധായകൻ ഉണ്ണി കെ.ആറും നിർവഹിക്കുന്നത്. ഒങ്കാറയായി മാറാൻ സുധീർ കരമനയെ തിരഞ്ഞെടുത്തത് ഉചിതമായി. ഛായാഗ്രാഹകർ വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ, എഡിറ്റർ സിയാൻ ശ്രീകാന്ത് തുടങ്ങിയവരും സംവിധായകന് മികച്ച പിന്തുണ നൽകുന്നു. സിനിമയെന്നത് കൂട്ടായ യത്നത്തിന്റെ വിജയംകൂടിയാണ്.

വ്യത്യസ്തമായ രചനയാണ് ‘ഒങ്കാറ’. ഭാഷകൊണ്ടും അവതരണംകൊണ്ടും ഇത് വേറിട്ടുനിൽക്കുന്നു. പ്രകൃതിയും കാടും എല്ലാംതന്നെ കഥാപാത്രങ്ങളുടെ മിഴിവ് നേടുന്നുണ്ട് ‘ഒങ്കാറ’യിൽ. നിബിഡമായ വനാന്തരങ്ങളിലൂടെയുള്ള ഒരു സഞ്ചാരംകൂടിയാണ് ഈ ചിത്രം. വിവിധ ഗോത്രങ്ങളും ഗിരിജനങ്ങളും മറ്റ് ആദിമ വിഭാഗങ്ങളും അനുഭവിക്കുന്ന അധികാര-അധീശത്വ വെല്ലുവിളികൾ പ്രതിഫലിപ്പിക്കുന്ന സൃഷ്ടിയാണ് ‘ഒങ്കാറ’.

Show More expand_more
News Summary - weekly culture film and theatre